
“ഗവണ്മെന്റിന്റെ നിയമങ്ങൾക്കു ധനശാസ്ത്രതത്ത്വങ്ങളോടു പൊരുതി ജയിക്കാൻ കഴിഞ്ഞില്ല”, ശ്രീ. കെ. ദാമോദര ന്റെ ‘ഉറുപ്പിക’ എന്ന പുസ്തകത്തിൽ കാണുന്ന ഒരു വാചകമാണിതു്. ഈ ഒറ്റവാചകത്തിൽ ആധുനികലോകത്തിലെ ഏറ്റവും മൗലികമായ വൈരുദ്ധ്യത്തിന്റെ സ്വഭാവം സംഗ്രഹിച്ചിരിക്കുന്നു.
അരിസ്റ്റോട്ടിലുംചാണക്യനും മറ്റും അർത്ഥശാസ്ത്രത്തെ പ്പറ്റി പഠനങ്ങൾ നടത്തിയെന്നു ചരിത്രം ഘോഷിക്കുന്നുണ്ടെങ്കിലും അവയൊന്നും ഇന്നത്തെ സാമ്പത്തിക ഘടനയെപ്പറ്റി പഠിക്കുവാൻ ഉതകുന്നവയല്ല. ലോകത്തിന്റെ ആറിൽ അഞ്ചുഭാഗങ്ങളിൽ ഇന്നു നിലവിലിരിക്കുന്ന സാമ്പത്തികരീതി മുതലാളിത്തമാണു്. മുതലാളിത്തം ഉണ്ടായതുതന്നെ പതിനെട്ടാം നൂറ്റാണ്ടോടുകൂടി മാത്രമാണു്; അതും അല്പാല്പമായി യൂറോപ്പിൽ മാത്രം. അത്തരം ഒരു സമ്പ്രദായത്തെ സംബന്ധിച്ചിടത്തോളം ക്രിസ്തുവിനുമുമ്പു നടത്തിയ പൗരാണികപര്യവേക്ഷണങ്ങൾ പ്രയോജനകരമായിരിക്കാൻ മാർഗ്ഗമില്ലല്ലോ. മുതലാളിത്തകാലത്തിന്റെ പ്രഥമധനശാസ്ത്രജ്ഞൻ ആഡം സ്മിത്താ ണു്. ‘രാഷ്ട്രങ്ങളുടെ സമ്പത്തു് ’ എന്ന പുസ്തകത്തിൽ അദ്ദേഹം നിലവിലുണ്ടായിരുന്ന സാമ്പത്തികഘടനയെയും, അതു തകർന്നു് മുതലാളിത്തം ഉയർന്നുവരുന്ന രീതിയെയും വിശകലനം ചെയ്തു. മുതലാളിത്തം, ഫ്യൂഡലിസ(നാടുവാഴിപ്രഭുത്വം)ത്തിൽ നിന്നുള്ള സാമ്പത്തിക വിപ്ലവമായിരുന്നു. അതുകൊണ്ടു് അന്നത്തെ സ്ഥിതിയെ സംബന്ധിച്ചിടത്തോളം ആ ഗ്രന്ഥത്തിലെ അനുമാനങ്ങൾ ശരിയായിരുന്നു. ഇതിനെ തുടർന്നു് ഇംഗ്ലണ്ടിൽ ശാസ്ത്രീയമായ ധനശാസ്ത്രപഠനം തുടർന്നുവന്നു. ഇതുകൊണ്ടാണു് ഇംഗ്ലണ്ട് ധനശാസ്ത്രത്തിന്റെ മാതാവായിത്തീർന്നതു്. റിക്കാർഡോ മുതലായ ഫ്രഞ്ച് ചിന്തകന്മാരും ഈ ശാസ്ത്രത്തെ പോഷിപ്പിച്ചിട്ടുണ്ടു്. എന്നാൽ, ആഡംസ്മിത്തിന്റെയും റിക്കാർഡോയുടെയും ധനശാസ്ത്രത്തെ വ്യഭിചരിപ്പിക്കേണ്ട ഒരു കാലമുണ്ടായി. ലോകചരിത്രത്തിലെ ഇതര സാമ്പത്തിക

സമ്പ്രദായങ്ങളെപ്പോലെ മുതലാളിത്തത്തിലും കാലാന്തരത്തിൽ ചില പ്രശ്നങ്ങൾ ഉത്ഭവിച്ചു. നാടുവാഴിയും അടിമയും തമ്മിലുള്ള വർഗ്ഗവിരോധത്തെ ഉപയോഗിച്ചാണു് വ്യവസായിയും കച്ചവടക്കാരനും മുതലാളിത്തവിപ്ലവം നടത്തിയതു്. രാഷ്ട്രീയമായും സാമ്പത്തികമായും ഒരു പുതിയ വ്യവസ്ഥിതി നിലവിൽ വന്നു. രാജാവിന്റെ സ്ഥാനത്തു പ്രസിഡന്റും ജന്മിയുടെ സ്ഥാനത്തു മുതലാളിയും സ്ഥാനാരോഹണം ചെയ്തപ്പോൾ അടിമയുടെ സ്ഥാനത്തു തൊഴിലാളിയും വന്നുചേർന്നു. വർഗ്ഗസമരം മറ്റൊരു രൂപത്തിൽ തുടർന്നു. മുതലാളിത്തത്തിന്റെ അഭിവൃദ്ധിയുടെ ഈ കാലഘട്ടത്തിൽ വർഗ്ഗവൈരുദ്ധ്യം ഒരു വലിയ പ്രശ്നമായിരുന്നില്ല. ശാസ്ത്രം കോട്ടിവളയ്ക്കേണ്ട ആവശ്യവും ഉണ്ടായിരുന്നില്ല. പക്ഷേ, മുതലാളിത്തത്തിന്റെ അനുസ്യൂതമായ പുരോഗതി കുറെക്കാലം കഴിഞ്ഞുനിലച്ചു. സാമ്പത്തികഘടനയിൽ ഒരു പരിവർത്തനംകൂടി വരേണ്ടതു് ആവശ്യമായിത്തീർന്നു. വർഗ്ഗവൈരുദ്ധ്യം മൂർദ്ധന്യാവസ്ഥയെ പ്രാപിച്ചതും തൊഴിലാളിവർഗ്ഗം അനന്തരവിപ്ലവത്തിനു കോപ്പുകൂട്ടിത്തുടങ്ങിയതും ഇതിന്റെ ലക്ഷണങ്ങളാണു്. ഇതോടുകൂടി മുമ്പിലത്തെ വിപ്ലവത്തിന്റെ നേതാക്കൾ പിന്തിരിപ്പൻ ശക്തികളായിത്തീർന്നു. കൈയിൽ കിട്ടിയ ശക്തി കൈവിട്ടുകളയാൻ അവർ തയ്യാറായിരുന്നില്ല. സാമ്പത്തിക ജീവിതത്തിന്റെ സ്വാഭാവികഗതിയെ തടയുകയല്ലാതെ അവർക്കും ഗത്യന്തരമില്ലെന്നുവന്നു. അതോടുകൂടിത്തന്നെ സാമ്പത്തിക ശാസ്ത്രത്തെയും ദുഷിപ്പിക്കേണ്ടിവന്നു. അന്നുമുതൽ സാമ്പത്തിക ശാസ്ത്രത്തിൽ രണ്ടു പ്രസ്ഥാനങ്ങളുണ്ടു്. റിക്കാർഡോയെ അനുഗമിച്ചു്, സ്വാർത്ഥ താല്പര്യത്തെ നോക്കാതെ ശാസ്ത്രസത്യം മാത്രം ലക്ഷ്യമാക്കി വളർത്തിയ സാമ്പത്തിക ശാസ്ത്രമാണു് മാർക്സിയൻ ധനശാസ്ത്രം. വില, കൂലി, സ്ഥലവാടക, മിച്ചവില മുതലായവയെല്ലാം മാർക്സ് റിക്കാർഡോയിൽനിന്നു പകർത്തിയതാണു്. അവയെല്ലാം കുറെക്കൂടി വിശദീകരിച്ചുവെന്നുമാത്രം. പക്ഷേ, ഇതിന്റെയെല്ലാം അന്തിമാനുമാനം മുതലാളിത്തഘടന വർഗ്ഗസമരം മൂലം തകർന്നു് തൊഴിലാളി അധിപതിയാകുന്ന ഒരു സമ്പ്രദായം ഉണ്ടാവുമെന്നും തന്മൂലം വർഗ്ഗഭിന്നത തന്നെ ഇല്ലാതായിത്തീരുമെന്നും ആയിരുന്നു. ഇതു മുതലാളിവർഗ്ഗത്തിന്റെ താല്പര്യത്തിനു വിരുദ്ധമായിരുന്നതുകൊണ്ടു് അവർക്കു് ഇതിനെ എതിർക്കേണ്ടിവന്നു. ഇടത്തരക്കാരായ ശാസ്ത്രജ്ഞന്മാരിൽ ഒരു വിഭാഗം എപ്പോഴും അധികാരവർഗ്ഗത്തിന്റെ താളത്തിനു തുള്ളുന്നവരാണല്ലോ. ഈ വിഭാഗത്തെ കൂട്ടുപിടിച്ചു് ഒരു പുതിയ ധനശാസ്ത്രം അവർ സൃഷ്ടിച്ചു. ഇതു് അനുമാനങ്ങൾ ആദ്യമേ ഉണ്ടാക്കിയിട്ടു് അതിനുവേണ്ടി വാദങ്ങൾ സമ്പാദിക്കുന്ന സമ്പ്രദായമായിരുന്നു. പ്രത്യക്ഷത്തിൽ ഈ ചിന്താഗതി തെറ്റാണെന്നു മനസ്സിലാക്കാൻ വിഷമമില്ല. പക്ഷേ, രാഷ്ട്രീയാധികാരം മുതലാളിവർഗ്ഗത്തിന്റെ കൈയിലായതുകൊണ്ടു് ഇതു യഥാർത്ഥ വിജ്ഞാനമായി ജനതയുടെമേൽ വെച്ചുകെട്ടാൻ അവർക്കു ബുദ്ധിമുട്ടുണ്ടായില്ല. കലാലയങ്ങളിൽ ഈ തലതിരിഞ്ഞ ധനശാസ്ത്രം മാത്രമാണു് പഠിപ്പിക്കാൻ പാടുള്ളതു്. ഗവണണ്മെന്റുദ്യോഗത്തിനും കമ്പനികളിലെ ഉദ്യോഗത്തിനും ‘അംഗീകൃത’ കലാശാലകളുടെ സാക്ഷിപത്രം ആവശ്യമാണല്ലോ. ഇങ്ങിനെ തെറ്റായ ഒരു ശാസ്ത്രത്തെ നിർബ്ബന്ധം കൊണ്ടു പ്രചരിപ്പിക്കാനുള്ള യത്നമാണു് ആധുനിക ലോകത്തിൽ കാണുന്നതു്. ഇതിന്റെ ഫലമായി നമ്മുടെ വിദ്യാർത്ഥികൾ പഠിക്കുന്നതു ധനശാസ്ത്രമല്ല. നേരെമറിച്ചു്, തകരുന്ന മുതലാളിത്തത്തിന്റെ നില്ക്കക്കള്ളിയില്ലാത്ത നീതീകരണങ്ങളാണു്. അദ്ധ്യാപകന്മാരും ഈ ബുദ്ധിമുട്ടറിയുന്നുണ്ടു്.

ഇക്കാലമത്രയും പട്ടിണിയും ദുരിതവും അനുഭവിച്ച ചില പണ്ഡിതന്മാർ യഥാർത്ഥ ധനശാസ്ത്രത്തിന്റെ ദീപത്തെ കാത്തുപോന്നു. സംഘടിതതൊഴിലാളിവർഗ്ഗം അതിനെ സ്വീകരിച്ചു. സമരത്തിനുള്ള നിർദ്ദേശങ്ങളും ഭാവിയെപ്പറ്റി നശിക്കാത്ത ഒരു പ്രത്യാശയും അവർക്കതു പ്രദാനം ചെയ്തു. 1931-ലെ സാമ്പത്തികക്കുഴപ്പം പഴയ അനുമാനങ്ങളെ തെറ്റെന്നു തെളിയിച്ചപ്പോൾ സോവിയറ്റിലെ പഞ്ചവത്സരപദ്ധതി മാർക്സിയൻ ധനശാസ്ത്രത്തെ നീതീകരിച്ചു. ഈ ശാസ്ത്രം കേരളീയർക്കു പരിചിതമാക്കിക്കൊടുത്ത പ്രഥമചിന്തകനാണു് ശ്രീ. കെ. ദാമോദരൻ. ഈ ചിന്താഗതിയിൽ എഴുതപ്പെട്ടിട്ടുള്ള രണ്ടു ഗ്രന്ഥങ്ങളാണു് ‘നാണയപ്രശ്നവും’ ‘ഉറുപ്പികയും’. നാണയത്തിന്റെ ഉദ്ദേശ്യവും അതിന്റെ ഉത്ഭവവും അനന്തരഗതികളുമാണു് നാണയ പ്രശ്നത്തിലെ ഉള്ളടക്കം. സമുദായത്തിൽ കൊള്ളക്കൊടുക്കകൾക്കു് ഒരു മദ്ധ്യവർത്തി ആവശ്യമായിത്തീർന്നപ്പോൾ സൃഷ്ടിച്ച ഘടകമാണു് പണം. ആദിമകാലങ്ങളിൽ ഇതു് ഏതെല്ലാം രൂപങ്ങൾ കൈക്കൊണ്ടുവെന്നു ശ്രീ. ദാമോദരൻ വിവരിക്കുന്നു. പിന്നീടു് സമുദായത്തിന്റെ സാമ്പത്തികഘടന കൂടുതൽ കൃത്രിമമായിത്തീർന്നതോടുകൂടി ഉത്ഭവിച്ച നാണയ പ്രശ്നങ്ങളെ പരാമർശിക്കുന്നു. നാണയമടിക്കുന്ന ലോഹവും ഒരു വില്പനച്ചരക്കാണു്. അതുകൊണ്ടു് ലോഹവിലയനുസരിച്ചു നാണയത്തിന്റെ വിലയും മാറിക്കൊണ്ടിരുന്നു. വിലയെസ്സംബന്ധിച്ചു് ഒരു സ്ഥിരതവേണമെന്നു് ആഗ്രഹിച്ച സമുദായം വലിയ ഇളക്കം തട്ടാത്ത ഒരു നാണയത്തിനുവേണ്ടി പരിശ്രമിച്ചു. ഈ ലക്ഷ്യം ഒരു സോഷ്യലിസ്റ്റ് സാമ്പത്തികരീതിയിൽ മാത്രമേ സാദ്ധ്യമാവുകയുള്ളൂ. എങ്കിലും, കഴിയുന്നത്ര സ്ഥിരമായ ഒരു നാണയവ്യവസ്ഥയ്ക്കുവേണ്ടിയുള്ള പരിശ്രമത്തിന്റെ കഥ ശ്രീ. ദാമോദരൻ സംഗ്രഹിച്ചിട്ടുണ്ടു്. പണവും സമുദായത്തിന്റെ സാമ്പത്തികസ്ഥിതിയും തമ്മിൽ അഭേദ്യമായ ഒരു ബന്ധമുണ്ടു്. ചരക്കുകളുടെ വിലമാറ്റം, നോട്ടിന്റെ വർദ്ധനവു്, വിദേശവ്യാപാരവും പണവുമായിട്ടുള്ള ബന്ധം മുതലായവയെല്ലാം വിശദമായി ഈ പുസ്തകത്തിൽ പ്രതിപാദിക്കപ്പെട്ടിട്ടുണ്ടു്. പണത്തിന്റെ വിലയിൽനിന്നു ജനങ്ങളുടെ ജീവിതത്തോടു് മനസ്സിലാക്കുവാൻ കണ്ടുപിടിച്ചിരിക്കുന്ന സൂചകസംഖ്യയെപ്പറ്റിയും ശ്രീ. ദാമോദരൻ എടുത്തുപറഞ്ഞിരിക്കുന്നു.

ഇതിന്റെ വെളിച്ചത്തിൽ നമ്മുടെ പ്രധാനനാണയമായ രൂപയുടെ കഥ വിശദമായി പറയുന്ന ഗ്രന്ഥമാണു് ‘ഉറുപ്പിക.’ ഇന്ത്യയിലെ പ്രാചീന നാണയങ്ങൾ, 1742, 1818, 1823, 1835 ഈ വർഷങ്ങളിൽ ബ്രിട്ടീഷുകാർ ഇന്ത്യയിൽ നടപ്പിൽ വരുത്തിയ നാണയക്രമങ്ങൾ മുതലായവയെല്ലാം ഈ പുസ്തകത്തിൽ വിവരിച്ചിട്ടുണ്ടു്. അന്നുമുതൽ ഇന്നുവരെയുള്ള ഉറുപ്പികയുടെ ചരിത്രം ശാസ്ത്രത്തെ തോല്പിക്കാനുള്ള പരിശ്രമങ്ങളുടെ കഥയാണു്. നാണയവ്യവസ്ഥയിൽ നിന്നുതന്നെ ഇന്ത്യയിൽ നിന്നു് ഒരു ഭീമമായ സംഖ്യചൂഷണം ചെയ്യുക എന്നതായിരുന്നു ബ്രിട്ടന്റെ പരിപാടി. പക്ഷേ, ധനശാസ്ത്രതത്ത്വങ്ങൾ ഇതിനെ എതിർത്തു. അഥവാ സമുദായത്തിന്റെ യഥാർത്ഥ സാമ്പത്തികജീവിതത്തിന്റെ മുമ്പിൽ ഈ പരിശ്രമങ്ങൾ ഗോഷ്ഠികളായി പരിണമിച്ചു. വെള്ളിമാനം, ദ്വിലോഹനാണ്യവ്യവസ്ഥ, സ്വർണ്ണവിനിമയമാനം മുതലായ ഒട്ടനവധി പരീക്ഷണങ്ങൾ ഇന്ത്യൻ നാണയവ്യവസ്ഥയിൽ ബ്രിട്ടൻ നടത്തിയിട്ടുണ്ടു്. ഇതോരോന്നും ശാസ്ത്രത്തിനെതിരായിരുന്നു. ഇവയിലെല്ലാം തന്നെ നഗ്നമായ ചൂഷണം വ്യക്തമായി കാണാമായിരുന്നു. ചരക്കുകളുടെ വിലയിടിവും, വിലക്കയറ്റവും ഒരുപോലെ ഇന്ത്യയ്ക്കു ഹാനികരമാകത്തക്ക ഒരു നാണ്യനയമാണു് സാമ്രാജ്യത്വം സ്വീകരിച്ചിരുന്നതു്. ഇതിനെയെല്ലാം ഇന്ത്യാക്കാർ എതിർത്തു. അത്തരം സന്ദർഭങ്ങളിലെല്ലാം ഓരോ അന്വേഷകസമിതിയെ നിയമിച്ചു് ബ്രിട്ടൻ സംതൃപ്തിയടഞ്ഞു. ഈ കമ്മറ്റികൾതന്നെ വിദേശ്യമായിരുന്നെങ്കിലും അവയുടെ നിർദ്ദേശങ്ങൾപോലും ഗവണ്മെന്റു കൂട്ടാക്കിയില്ല. 1866-ലെ മാൻസ്ഫീൽഡ് കമ്മീഷൻ സ്വർണ്ണമാനത്തെ ശുപാർശ ചെയ്തെങ്കിലും ഗവണ്മെന്റ് അതു സ്വീകരിച്ചില്ല. 1892-ൽ നിയമിച്ച ഹെർഷൽ കമ്മറ്റിയിലെ ഏക ഇന്ത്യൻ അംഗമായ ദാദാബായി നവറോജി ഗവണ്മെന്റിന്റെ നയത്തെ എതിർത്തു. 1898-ൽ നിയമിതമായ ഫൌളർ കമ്മറ്റിയുടെ ശുപാർശകളെപ്പോലും ഗവണ്മെന്റ് അവഗണിച്ചു. ഇതെല്ലാം ഇന്ത്യയുടെ സാമ്പത്തികനിലയെ സാരമായി ബാധിച്ചു. പക്ഷേ, ഗവണ്മെന്റ് അവരുടെ ചൂഷണം തുടർന്നു കൊണ്ടിരുന്നു. ഒന്നാം ലോകമഹായുദ്ധത്തോടുകൂടി സ്ഥിതിഗതികൾ കൂടുതൽ വഷളായി. ബേബിംഗ്ട്ടൻ സ്മിത്തു് കമ്മറ്റി, ഹിൽട്ടൻയങ് കമ്മീഷൻ എന്ന രണ്ടു സമിതികൾ നിയമിക്കപ്പെട്ടെങ്കിലും ഇന്ത്യയ്ക്കു പ്രതികൂലമായ വിനിമയനിരക്കുകളോ നാണയവ്യവസ്ഥയോ മാറ്റപ്പെട്ടില്ല. ഈ നയത്തിനു മകുടം ചാർത്തിയതു റിസർവ് ബാങ്കാണു്. ഈ ബാങ്ക് ഇന്ത്യയുടെ കേന്ദ്രബാങ്കാണെങ്കിലും അതിന്റെ മൂലധനത്തിൽ അധികപങ്കും ഇംഗ്ലണ്ടിലാണു്. അതിന്റെ ഘടനയും നയവും സാമ്രാജ്യത്വത്തിനു് അനുകൂലവുമാണു്. അതുകൊണ്ടാണു് രണ്ടാംലോകമഹായുദ്ധത്തിൽ ഇംഗ്ലണ്ടിൽ കണക്കെഴുതി, ഇന്ത്യയ്ക്കു പണമൊന്നും കൊടുക്കാതെ ഇന്ത്യയിൽനിന്നു് ഒട്ടേറെ ചരക്കുകൾ ഇംഗ്ലണ്ടിൽ വാങ്ങാൻ കഴിഞ്ഞതു്. ഈ കണക്കാണു് ഇന്നു സ്റ്റെർലിംഗ് മിച്ചം എന്നു പറയുന്നതു്. ആ തുക മടക്കിത്തരാൻ ഇംഗ്ലണ്ടിനു ഭാവമില്ല. ഇത്രയും കൊണ്ടു്, സാമ്രാജ്യത്വം ഇന്ത്യയിൽ ആരംഭിച്ചു നടത്തിപ്പോന്ന നാണ്യനയം ഇന്ത്യയ്ക്കു് എത്രമാത്രം ഹാനികരമാണെന്നു തെളിയുന്നുണ്ടല്ലോ. ഇതെല്ലാം സവിസ്തരം വിവരിക്കുകയും വ്യക്തമായി വിശദീകരിക്കുകയുമാണു് ശ്രീ. ദാമോദരൻ ‘ഉറുപ്പിക’യിൽ ചെയ്തിരിക്കുന്നതു്.

ഈ രണ്ടു പുസ്തകങ്ങൾക്കും ഒരു പ്രത്യേകതയുണ്ടു്. മുതലാളിത്ത ധനശാസ്ത്രം ഇന്നു പരമാബദ്ധങ്ങൾ പ്രചരിപ്പിക്കുകയാണെന്നു പറഞ്ഞല്ലോ. ഈ വൈരുദ്ധ്യം ഗവണ്മെന്റിന്റെ നയത്തിൽ ഉടനീളം കാണുന്നുമുണ്ടു്. അതു ശ്രീ. ദാമോദരൻ ചുണ്ടിക്കാണിച്ചിട്ടുമുണ്ടു്. അത്തരമൊരു ഗ്രന്ഥം പാഠ്യപുസ്തകമായിത്തീരുക സാദ്ധ്യമല്ല. എങ്കിലും, ഈ പുസ്തകങ്ങളുടെ കഥ വേറെയാണു്. ഗവണ്മെന്റിന്റെ നാണ്യനയം ഇന്ത്യൻ മുതലാളിവർഗ്ഗത്തിനും ഹാനികരമായിരുന്നു. അവരോടു് ഒട്ടിച്ചേർന്നു നിന്നിരുന്ന ഇന്ത്യൻ ധനശാസ്ത്രജ്ഞന്മാരും ഈ വിഷയത്തെ സംബന്ധിച്ചിടത്തോളം സത്യാവസ്ഥകൾ മറച്ചുവെച്ചിട്ടില്ല. അതുകൊണ്ടു ശ്രീ. ദാമോദരന്റെ ഈ പുസ്തകങ്ങളും ‘അംഗീകൃത’ ധനശാസ്ത്രഗ്രന്ഥങ്ങളും തമ്മിൽ വലിയ ഭിന്നതയില്ല. വളരെ ദുർഘടമായ ഒരു വിഷയമാണിതു്, സാധാരണ ധനശാസ്ത്രവിദ്യാർത്ഥികൾ പണത്തെ പരാമർശിച്ചുള്ള ചോദ്യങ്ങൾ വിട്ടുകളയുകയാണു് പതിവു്. അതുപോലുള്ള ഒരു വിഷയത്തെപ്പറ്റി മലയാളത്തിൽ ഇത്ര വിശദമായി രണ്ടു ഗ്രന്ഥങ്ങൾ ചമയ്ക്കുക എന്നതു് അനിതരസാധാരണമായ ഒരു വിജയമാണു്. ഇന്ത്യയ്ക്കു സ്വാതന്ത്യം കിട്ടിക്കഴിഞ്ഞ ഇക്കാലത്തെങ്കിലും ലണ്ടൻ സ്കൂളിന്റെ തലതിരിഞ്ഞ ധനശാസ്ത്രം പഠിപ്പിക്കുന്നതിനു പകരം ശ്രീ. ദാമോദരന്റെ ഗ്രന്ഥങ്ങൾ സർവ്വകലാശാലകൾ ഉപയോഗിക്കേണ്ടതാണു്. ധനശാസ്ത്രം ഇംഗ്ലീഷിലേ പഠിപ്പിക്കൂ എന്നു വല്ല ശാഠ്യവുമുണ്ടെങ്കിൽ ഈ പുസ്തകങ്ങൾ ഇംഗ്ലീഷിലേയ്ക്കു പരിഭാഷപ്പെടുത്തിയാൽ മതി. ഇന്ത്യൻ നാണയ പ്രശ്നത്തെപ്പറ്റി ഇത്രനല്ല കൃതികൾ ഇംഗ്ലീഷിലും ഉള്ളതായി ഈ വിമർശകനു് അറിവില്ല. ഇന്നു് എത്ര തലകാഞ്ഞു പഠിച്ചിട്ടും നാണയവ്യവസ്ഥയെന്ന ഭാഗം വിദ്യാർത്ഥികൾക്കു മനസ്സിലാകുന്നില്ല. ഒരു ശാസ്ത്രം മനഃപൂർവ്വം കുഴച്ചുമറിച്ചിട്ടിട്ടു പഠിച്ചാൽ വ്യക്തമാകുവാൻ മാർഗ്ഗമില്ലല്ലോ. എല്ലാം മലയാളത്തിലേ പഠിപ്പിക്കൂ എന്നു നിർബ്ബന്ധം തുടങ്ങിയിരിക്കുന്ന തിരുവിതാംകൂർ സർവ്വകലാശാലയ്ക്കെങ്കിലും ശ്രീ. ദാമോദരന്റെ ഗ്രന്ഥങ്ങൾ പാഠ്യപുസ്തകങ്ങളായി നിശ്ചയിക്കാം. ശാസ്ത്രവിജ്ഞാനത്തെയെങ്കിലും വ്യഭിചരിക്കാതിരിക്കുവാനുള്ള അവസരം അദ്ധ്യാപകാദ്ധ്യേതാക്കൾക്കില്ലെങ്കിൽ സ്വാതന്ത്ര്യവും, ഉത്തരവാദഭരണവുമെല്ലാം കിലുക്കാംപെട്ടികൾ മാത്രമായിരിക്കും.
വിലയിരുത്തൽ 1951.