യുദ്ധം വൃത്തികെട്ട ഒരേർപ്പാടാണെന്നു പറഞ്ഞാൽ മിക്കയാളുകളും ഉടനെ സമ്മതംമൂളും, അടുത്ത നിമിഷത്തിൽ റിക്രൂട്ടിങ്ങാപ്പീസിൽ ചെന്നു പേരെഴുതിക്കുകയും ചെയ്യും. ഇതു് അതിശയോക്തിപരമായ പ്രസ്താവനയൊന്നുമല്ല. യുദ്ധത്തെ വെറുക്കുക എന്നതു് തൊലിപ്പുറമേയുള്ള ഒരു സെന്റിമെന്റു മാത്രമാണു്. മനുഷ്യൻ ഇന്നും അടിസ്ഥാനപരമായി കാപ്പിരിയായതുകൊണ്ടാണോ, യുദ്ധമെന്ന ആശയത്തിലുൾക്കൊള്ളുന്ന എണ്ണമറ്റ ദുരിതങ്ങളെ വിഭാവനം ചെയ്യുവാനുള്ള കഴിവില്ലായ്മകൊണ്ടാണോ എന്നെനിക്കു നിശ്ചയമില്ല.

ഏതായാലും യുദ്ധത്തെപ്പറ്റി വേണ്ടത്ര ഗൗരവമായി ചിന്തിക്കാത്തതുകൊണ്ടാണു് യുദ്ധങ്ങൾ ഉണ്ടാവുന്നതെന്നു വിചാരിക്കാൻ ന്യായമുണ്ടു്. പലരും യുദ്ധത്തെപ്പറ്റി ചിന്തിച്ചിട്ടുണ്ടെന്നുള്ളതു സത്യമാണു്. അതിനെ തടയുവാനായി സാർവ്വലൗകികസംഘടനകളുമുണ്ടാകാറുണ്ടു്. തൽപ്രവർത്തകരിൽ പലരും വളരെ ആത്മാർത്ഥതയോടെ പ്രവർത്തിക്കുന്നവരുമാണു്. പക്ഷേ, ഇതൊക്കെ പ്രശ്നത്തിന്റെ സമീപത്തെങ്ങും എത്തുന്നില്ലെന്നു വളരെ വിനീതമായി അഭിപ്രായപ്പെട്ടുകൊള്ളട്ടെ. യുദ്ധം എന്നു കേൾക്കുമ്പോൾ ഇക്കൂട്ടർക്കു പലതരം തെറ്റിദ്ധാരണകൾ തലയിൽ കടന്നുകൂടുന്നുണ്ടു്. അവയെല്ലാം എണ്ണിപ്പറയുക സാദ്ധ്യമല്ല. പൊതുവെ പറഞ്ഞാൽ കാണേണ്ടതൊന്നും കാണുന്നില്ലെന്നുമാത്രം പറയാം. അവരുടെ അഭിപ്രായത്തിൽ യുദ്ധം ഭയങ്കരമാണു്, വൃത്തികേടല്ല. യുദ്ധം ഗംഭീരമാണു്, ഭ്രാന്തല്ല. യുദ്ധം നീതീകരിക്കത്തക്ക ലക്ഷം സന്ദർഭങ്ങൾ അവർക്കു കണ്ടുപിടിക്കാൻ കഴിയും. സംഭവ്യമോ അസംഭവ്യമോ ആയ സകല സന്ദർഭങ്ങളിലും യുദ്ധം നിഷിദ്ധമാണു് എന്നവർ സമ്മതിച്ചു തരികയില്ല. സ്വന്തം രാജ്യത്തിന്റെ സംരക്ഷണത്തിനു് യുദ്ധം ആകാം, ഒരു പുതിയ സാമൂഹ്യഘടനയെ കെട്ടിപ്പടുക്കുന്നതിനു യുദ്ധം ആകാം, അതാണവരുടെ പക്ഷം. സ്വന്തം രാജ്യമെന്ന വാക്കിന്റെ അർത്ഥമെന്തു്, അതിന്റെ അലംഘനീയമായ അതിർത്തിവരമ്പുകൾ ഏതു്, ഈശ്വരൻ നിയോഗിച്ചു എന്നൊന്നും ആലോചിക്കാൻ അവർ നിൽക്കുന്നില്ല. യുദ്ധംകൊണ്ടു് സൃഷ്ടിക്കുന്ന നവവ്യവസ്ഥിതി യുദ്ധത്തിന്റെ സന്താനമാകയാൽ അതിനു് പൈതൃകസ്വഭാവമുണ്ടായിരിക്കുമെന്നും മറ്റും അവർ കാണുന്നില്ല. മനുഷ്യനെ കൊന്നിട്ടു് നിലനിറുത്തേണ്ടതായ എന്തോ മാനുഷികമൂല്യങ്ങൾ ഉണ്ടെന്നാണു് അവരുടെ ധാരണ. പിന്നെ ആർക്കുവേണ്ടിയാണു് ഈ മൂല്യം, മനുഷ്യനെക്കാൾ വലിയ മൂല്യമെന്താണു്, ഈ പ്രശ്നങ്ങളൊന്നും അവർക്കു തലവേദനയുണ്ടാക്കുന്നില്ല. കാര്യം മറിച്ചായിരുന്നെങ്കിൽ ഐക്യരാഷ്ട്രസംഘടനയുടെ മുക്കാൽപങ്കും യുനെസ്കോ പ്രവർത്തനമായിരുന്നേനെ.

മനുഷ്യർക്കു് യുദ്ധത്തെപ്പറ്റി ഭയമല്ല വേണ്ടതു്, ലജ്ജയാണു്. യുദ്ധംചെയ്യുക എന്നതു് നാണിക്കേണ്ട അവമതിയാണു്. അതിനുപകരം ഇന്നു് അതൊരു മാന്യമായ തൊഴിലാണു്, മഹിമയേറിയ സാധനമാണു്. ചട്ടുകാലൻ ടൈമുറിനെ ഇന്നും നാം ഓർമ്മിക്കുന്നുണ്ടു്. അക്കാലത്തു് കവിതയെഴുതിയവരുമുണ്ടായിരിക്കാം. പക്ഷേ, ചരിത്രകാരന്റെ ദൃഷ്ടിയിൽപ്പെട്ടതു് ആ കശാപ്പുകാരൻ മാത്രമാണു്. ചരിത്രത്തിലെപ്പോഴും ഈ കൊലയാളികളെയാണു് പുകഴ്ത്തിയിരിക്കുന്നതു്. നെപ്പോളിയനും അലക്സാണ്ടറുമെല്ലാം ചരിത്രത്തിലെ ഓടകളാണെന്നു് മനസ്സിലാക്കാത്തിടത്തോളം കാലം മനുഷ്യൻ മൃഗമായിരിക്കും—അതും വളരെ താഴ്‌ന്നനിലയിലുള്ള ഒരു മൃഗം. പണ്ടത്തെ കൊലയാളികളെപ്പറ്റി കഥയെഴുതിയാൽ ഒരിക്കലും അവസാനിക്കയില്ല. അതെഴുതാനും മനുഷ്യരുണ്ടു്. വായിക്കാനുമുണ്ടു്. എന്നിട്ടു പരാതി പറയുകയാണു്, യുദ്ധങ്ങൾ ഉണ്ടാകുന്നെന്നു്. മാർക് റ്റ്വൈയിൻ ഒരിക്കൽ പറഞ്ഞു, സർ വാൾട്ടർ സ്കോട്ട് അനേകം കുട്ടികളെ വഷളാക്കിയെന്നു്. ലോകചരിത്രത്തിലെ മഹത്തായ സംഭവങ്ങളിലൊന്നാണു് ആ പ്രസ്താവന. യുദ്ധത്തെപ്പറ്റി അദ്ദേഹത്തിന്റെ അഭിപ്രായങ്ങൾ അറിയാൻ A Conneticut Yankee in King Arthur’s Court എന്ന പുസ്തകം വായിച്ചുനോക്കുക. ആ പുസ്തകത്തോളം മഹത്തായതാണു് ‘ഡോൺ ക്വിക്സോട്ടിന്റെ വീരകൃത്യങ്ങൾ’. ഈ പുസ്തകം എഴുതിക്കഴിഞ്ഞു ശതാബ്ദങ്ങളായിട്ടും പട്ടാള ഉദ്യോഗസ്ഥന്മാർക്കു് ലഭിക്കുന്ന ബഹുമതിയും ശമ്പളവും സെർവാന്റീസ് കാണാൻ ഇടവരുന്നെങ്കിൽ അദ്ദേഹം തന്റെ പുസ്തകത്തെ ശപിക്കും. ഒരു കൊച്ചുകുട്ടിക്കു കളിപ്പാട്ടമായി കളിത്തോക്കു വാങ്ങിച്ചുകൊടുക്കുന്ന പിതാവു് ആ കുട്ടിയെ ഞെക്കിക്കൊല്ലുകയാണു് ചെയ്യേണ്ടതു്. സ്വതേ കാപാലികന്മാർ നിറഞ്ഞ മനുഷ്യസമുദായത്തിൽ ഒരു നരഭോജിയെകൂടി ഉണ്ടാക്കുക! ഇതെല്ലാം പറയുമ്പോൾ ഒരു ഉപദേശി പ്രസംഗത്തിന്റെ ഛായ തോന്നും. അത്രയധികം രൂഢമൂലമായിട്ടുണ്ടു്, മനുഷ്യരെ കൊല്ലുക എന്ന ആശയത്തിന്റെ സൗന്ദര്യം! സോവിയറ്റുറഷ്യയിലെ സാഹിത്യം കൂടുതൽ കൂടുതൽ സമരസാഹിത്യമായിത്തീർന്നുകൊണ്ടിരിക്കുന്നുവെന്നതു് അഭിമാനത്തോടെയാണു് ചിലർ വീക്ഷിക്കുന്നതു്. ക്ഷാത്രവീര്യം, വീരസ്വർഗ്ഗം, സമരപാരമ്പര്യം, യുദ്ധവീരൻ അങ്ങനെ എത്ര മൗഢ്യങ്ങളാണു് മാന്യസ്ഥാനങ്ങളെ അപഹരിച്ചിരിക്കുന്നതു്. ‘ശിലാപുഷ്പം’ എന്ന റഷ്യൻ ഫിലിമിന്റെകൂടെ ഒരു ചിത്രം പ്രദർശിപ്പിക്കപ്പെട്ടു. പട്ടാളക്കാരും മറ്റും ഡ്രിൽ ചെയ്യുന്നതും മറ്റും കാണിക്കുന്നതായിരുന്നു അതു്. ഭീമാകാരമായ ഏതോ ഒരു വികൃതജന്തുവിന്റെ അംഗങ്ങളെപ്പോലെ മനുഷ്യർ കാടരാണെന്നു കാണിക്കുന്ന ആ ബീഭത്സതയായിരുന്നു എന്റെ അടുത്തിരുന്ന സകല മനുഷ്യർക്കും കൂടുതലായി രസിച്ചതു്. അമേരിക്കയുടേയും റഷ്യയുടേയും കടലാസുകളിൽ ഏറ്റവും വിശിഷ്ടവസ്തുവായി ചിത്രീകരിക്കാറുള്ളതു് തോക്കുകളെയാണു്. ഒന്നല്ലെങ്കിൽ മറ്റൊരു മുഖംമൂടിയുടെ പുറകിൽ എപ്പോഴും യുദ്ധമനഃസ്ഥിതിയെ വാഴ്ത്തുന്ന സാഹിത്യമാണു് ഇന്നു മിക്ക ഭാഷകളിലുമുള്ളതു്. ഒട്ടനവധി പ്രാവശ്യം യാതൊരു മറവുമില്ലാതെതന്നെ ഈ പൈശാചികത്വം അംഗീകരിക്കപ്പെടുന്നുമുണ്ടു്. യുദ്ധമെന്നു പറയുമ്പോൾ ഓരൊരുത്തനും അവനവൻ ജയിക്കുകയും എതിരാളി തോല്ക്കുകയും ചെയ്യുന്ന ഒരു സമ്പ്രദായത്തെയാണോർക്കുന്നതു്. അതുകൊണ്ടാണു് യുദ്ധത്തിന്റെ ഭീകരത ഓർമ്മിക്കാത്തതു്. ഇതിനെ നിതീകരിക്കാൻ ധീരത എന്നൊരു വാക്കിനെ അസ്ഥാനത്തെല്ലാം വലിച്ചുകൊണ്ടു വരികയും ചെയ്യും. സാഹിത്യകാരൻ വാളെടുക്കണമത്രെ. അല്ലെങ്കിൽ അവൻ ഭീരുവാണു്! വല്ലവന്റെയും ബയണറ്റുവിഴുങ്ങാൻ കഴിയാതെ പോകുന്നതു് അത്ര ആഭാസമൊന്നുമല്ല. തന്റെ തോക്കു് മറ്റൊരു മനുഷ്യജീവിയുടെ ഹൃദയത്തിലേക്കു് നിറയൊഴിക്കാൻ കഴിയായ്ക അത്ര അവമാനമായ കാര്യവുമല്ല. ഒന്നുകൂടിയുണ്ടു്. മറ്റൊരുതരത്തിലും അന്യരുടെമേൽ തനിക്കുള്ള മേന്മ കാണിക്കാൻ വഴിയില്ലാത്ത ബുദ്ധിശൂന്യരാണു് ഗുസ്തികൊണ്ടു് അങ്ങനെ ചെയ്യാമെന്നു വിചാരിക്കുന്നതു്. ആരാണു് സാധാരണയായി യുദ്ധത്തൊഴിൽകൊണ്ടു മിടുക്കന്മാരാകുന്നതു്? സമുദായത്തിലെ ഏറ്റവുംതാണവിഭാഗങ്ങൾക്കേ അവിടെ സ്ഥാനമുള്ളൂ. യുദ്ധരംഗത്തിലായാലും നാട്ടിലായാലും അതു ശരിയാണു്. നാട്ടിൽ കൊള്ളുകയില്ലാത്ത ചെറുപ്പക്കാർക്കു് ഉയർന്ന ശമ്പളം കൊടുത്തു കൊമ്പത്തിരുത്തുന്ന ഒരു വ്യവസായമാണു് യുദ്ധം. പക്ഷേ, ഇക്കാര്യമെല്ലാം ശരിയാണെന്നു സമ്മതിക്കണമെങ്കിൽ മനുഷ്യനെ മനുഷ്യൻ കൊല്ലുന്നതു് ചീത്തയാണെന്നു് ആദ്യം സമ്മതിക്കണം. കൊലയുടെ എണ്ണം കൂട്ടിയാൽ കൊലക്കുറ്റത്തിനു നീതീകരണം ലഭിക്കുമെന്നുള്ള ഒരവസ്ഥയാണിന്നുള്ളതു്. യുദ്ധം തർക്കശാസ്ത്രത്തിലെ ഒരംഗീകൃതശാഖയായിത്തീർന്നിരിക്കുന്നു. അതുകൊണ്ടാണു് യുദ്ധം നിറുത്തുവാൻ പ്രാവു് സംഘടനകളും മറ്റും കൊണ്ടുനടക്കുന്നതു്. “സമരത്തിനുവേണ്ടി സമാധാനം”, “സമാധാനത്തിനുവേണ്ടി സമരം” ഇവയാണു് നമ്മുടെ മുദ്രാവാക്യങ്ങൾ. സമാധാനം ഉണ്ടാക്കാൻ സമരം നടത്തുന്നവർ കാണുന്നതു് ഓരോ യുദ്ധത്തിനുശേഷവും സമുദായം കുറെക്കൂടി വഷളായിരിക്കുകയാണെന്നാണു്. എന്നിട്ടവർ നോക്കിനിന്നു് അത്ഭുതപ്പെടുന്നു. അതു യുദ്ധത്തിന്റെ സ്വഭാവമാണെന്നു് മനസ്സിലാക്കാതെ പിന്നെയും അവർ സമാധാനമുണ്ടാക്കാൻവേണ്ടി യുദ്ധംചെയ്യുവാൻ പുറപ്പെടുന്നു. ഒരിക്കൽക്കൂടി പറയട്ടെ, യുദ്ധത്തിന്റെ യഥാർത്ഥസ്വഭാവമെന്തെന്നു വ്യക്തമായി മനസ്സിലാക്കാത്തിടത്തോളം കാലം യുദ്ധം അവസാനിക്കുകയില്ല.

യുദ്ധം അവസാനിപ്പിക്കുന്നതിനുവേണ്ടി ഇന്നു് നടത്തപ്പെടുന്ന സകല പരിശ്രമങ്ങളും പരാജയമടയും. കാരണം മേൽപ്പറഞ്ഞതുതന്നെ. നാം കൊല്ലപ്പെടുന്ന വെടിയുണ്ടയുടെ വലുപ്പം നിയന്ത്രിച്ചുകൊണ്ടു് നമുക്കെന്തെങ്കിലും പ്രയോജനമുണ്ടെന്നു് ഗണിച്ചുകൂടല്ലോ. ആറ്റംബോംബ് നിരോധിച്ചതുകൊണ്ടു് എന്തു ഗുണമാണുള്ളതു് ? മനുഷ്യർ വ്യക്തികളായിട്ടാണു് മരിക്കുന്നതു്. രണ്ടുലക്ഷം ആളുകൾ മരിക്കുന്നതു് അന്യരെ സംബന്ധിച്ചിടത്തോളം ഒരു മരണത്തേക്കാൾ ഭയങ്കരമാണു്. പക്ഷേ, ആ രണ്ടു ലക്ഷത്തിലെ ഓരോ വ്യക്തിക്കും സ്വന്തമായി ഓരോ ജീവനുണ്ടു്. അവർ ഓരോരുത്തരായിട്ടോ ഒരുമിച്ചോ മരിച്ചുവെന്നതു് അവരെ സംബന്ധിച്ചിടത്തോളം പ്രസക്തമല്ല. മറ്റൊരുതരം യുദ്ധനിയന്ത്രണമുണ്ടു്. ചിലരുടെ അഭിപ്രായത്തിൽ സോവിയറ്റ് തോക്കുകൾകൊണ്ടു് നടത്തുന്ന കൊലയെല്ലാം നല്ലതാണു്. മറ്റുചിലർ അമേരിക്കൻ ആയുധങ്ങൾകൊണ്ടു മരിക്കാൻ ഇഷ്ടപ്പെടുന്നു. ഇക്കൂട്ടർ യുദ്ധത്തെ നിയന്ത്രിക്കുന്നില്ലെന്നുമാത്രമല്ല, ലോകത്തിലെ ഏറ്റവും ഭയങ്കരമായ യുദ്ധപ്രചരണം നടത്തുന്നുമുണ്ടു്. മനുഷ്യനെ കൊല്ലുവാൻ ഉത്തമന്യായങ്ങൾ അന്വേഷിച്ചുനടക്കുന്നവരാണു് ഏറ്റവും ഭയങ്കരപിശാചുക്കൾ, സർവ്വരാജ്യസംഘടനകൾ, സോഷ്യലിസം, അറ്റോമിക് ശക്തി നിരോധനം മുതലായ കുറുക്കുവഴികളിലൂടെ സമാധാനത്തിലെത്താമെന്നു് കരുതുന്നവർ, മൂഢന്മാരല്ലെങ്കിൽ, വഞ്ചകന്മാരാണു്. അവരവരുടെ സ്വന്തം യുദ്ധങ്ങൾ ജയിക്കുവാൻവേണ്ടി ശത്രുവിനെ നിരായുധരാക്കുന്നതിനുവേണ്ടിയുള്ള പ്രചരണം മാത്രമാണു് അവരുടെയൊക്കെ സമാധാന പ്രസ്ഥാനം. രാഷ്ട്രീയശക്തികളുടെ പ്രവർത്തനംകൊണ്ടു് സമാധാനം ഉണ്ടാവുകയെന്നതു് അസാദ്ധ്യമാണു്. സാധാരണ മനുഷ്യൻ കൂലിക്കു കൊല്ലാൻ തയ്യാറാവുന്നിടത്തോളംകാലം അവരെ വാടകയ്ക്കെടുക്കാൻ അധികാരദുർമ്മോഹികളുണ്ടായിരിക്കും (സകല രാഷ്ട്രീയവിഷയത്തിന്റേയും അടിസ്ഥാനമായ, അധികാരപ്രമത്തതയെപ്പറ്റി മറ്റൊരവസരത്തിൽ പറയാമെന്നു് വിചാരിക്കുന്നു). യുദ്ധം, തൊഴിലല്ലാതായിത്തീരണമെങ്കിൽ മനുഷ്യവർഗ്ഗം ഒരു മാനസിക പരിവർത്തനം അനുഭവിക്കണം. അതിനു് കാലം കുറെ കഴിയേണ്ടിവരും. പക്ഷേ, അതുവരെ കാക്കുകയല്ലാതെ ഗത്യന്തരമില്ല.

എങ്കിലും, ആ കാലം മനുഷ്യപ്രയത്നംകൊണ്ടു് കുറെക്കൂടി അടുത്തുകൊണ്ടുവരാൻ കഴിയുമെന്നു് തോന്നുന്നു. ശാസ്ത്രജ്ഞന്മാർ, കലാകാരന്മാർ, ചിന്തകന്മാർ എന്നിവരുടെ മേലാണു് ഈ ഭാരിച്ച ചുമതല വീഴുന്നതു്. ഇക്കൂട്ടരിൽ ഭൂരിപക്ഷവും ഇന്നു് വാടകവണ്ടികളാണെന്ന കാര്യം ഞാൻ മറന്നിട്ടില്ല. അവരിൽനിന്നു് ഇടയ്ക്കിടയ്ക്കു് റ്റോൾസ്റ്റോയിമാരും, ഷാമാരും ഉണ്ടാകാറുണ്ടു്. യുദ്ധത്തെ വെറുത്ത ഒരൊറ്റ രാഷ്ട്രീയനേതാവുപോലും ലോക ചരിത്രത്തിലുണ്ടായിട്ടുമില്ല. ആ തൊഴിലിന്റെ നൈസർഗ്ഗിക സ്വഭാവംതന്നെ യുദ്ധത്തിനു പ്രേരകമാണു്. വിഷവായു ഉണ്ടാക്കി ഭരണകൂടങ്ങൾക്കു് വില്ക്കുന്ന ശാസ്ത്രജ്ഞന്മാർ ഇനിയും ഉണ്ടായിരിക്കും. സമരഗാനങ്ങൾ എഴുതുന്ന കവികളും ഉണ്ടാകും. പക്ഷേ, മനുഷ്യവർഗ്ഗത്തിന്റെ വളർച്ച അവർക്കെതിരായിട്ടായിരിക്കുമെന്നു് നമുക്കാശിക്കാം. നാളെ അനേകമനേകം സെർവാന്റീസുമാർ ഉണ്ടാകുമെന്നു് പ്രതീക്ഷിക്കാം. യുദ്ധമെന്നതു് പൊതുസ്ഥലങ്ങളിൽവെച്ചു് ഉച്ചരിക്കാൻ കൊള്ളാത്ത ഒരു പദമായിത്തീരട്ടെ. ഇതെല്ലാം സംഭവിക്കുമെന്നു യാതൊരുറപ്പും തരാൻ ഞാൻ തയ്യാറില്ല. മനുഷ്യൻ വളരുകയാണോ നശിക്കുകയാണോ എന്ന പ്രശ്നത്തിനു് ഉത്തരം പറയാൻ എനിക്കു് കഴിവില്ല. പെനിസിലിനും ആറ്റംബോബും ഒരുമിച്ചുണ്ടാക്കിയ മനുഷ്യവർഗ്ഗത്തെപ്പറ്റി അങ്ങനെ എന്തെങ്കിലും തീർത്തുപറയുവാനുള്ള അവിവേകം എനിക്കില്ല. എന്നുമാത്രമല്ല, വളരുകയോ തളരുകയോ എന്ന പ്രശ്നംതന്നെ യുക്തിവിരുദ്ധമാണെന്നും വരാം. അതുകൊണ്ടു്, നാളെ ഇന്നതു് സംഭവിക്കും എന്നു് ഇവിടെ പറയുന്നില്ല. ഇന്നതു സംഭവിച്ചാൽ കൊള്ളാമായിരുന്നു എന്നു് ആഗ്രഹിക്കുക മാത്രമാണു്. അതു സംഭവിപ്പിക്കാൻ വേണ്ടി ചിലതെല്ലാം ചെയ്യാനും കഴിയും. ചെയ്യേണ്ട കാര്യങ്ങളുടെ ഒരു പട്ടിക ഇവിടെ കൊടുക്കാൻ നിവൃത്തിയില്ല. യുദ്ധത്തെ മാന്യമായ ഒരേർപ്പാടായിഗണിക്കുന്ന സകല ചിന്തകളും മനുഷ്യവർഗ്ഗത്തിൽനിന്നു മാറ്റിക്കളയാൻ വേണ്ടതു സകലതും ചെയ്യുക എന്നുമാത്രം പൊതുവിൽ പറയാം. ഇന്നു് നാം വെറുക്കുന്നതു് ശത്രുവിനെയാണു്. അതിനുപകരം യുദ്ധത്തെത്തന്നെ വെറുക്കാൻ കഴിയണം എന്നുമാത്രം. യുദ്ധത്തെ വാഴ്ത്തുന്ന സാഹിത്യകാരന്മാരെപ്പോലും വെട്ടിക്കൊല്ലരുതെന്നാണെന്റെ പക്ഷം, അവരെ ഭ്രാന്താലയത്തിൽ പൂട്ടിയിട്ടാൽ മതി.
ധിക്കാരിയുടെ കാതൽ 1955.