ദൈവങ്ങളെക്കൊണ്ടു് ഉപദ്രവമില്ല. അവയുടെ സോൾ ഏജന്റുമാരാണു് വിഷമക്കാർ.
പണ്ടു് മതത്തിലെ പുരോഹിതന്മാരെക്കൊണ്ടായിരുന്നു പൊറുതികേടു്. ഇപ്പോൾ രാഷ്ട്രീയപുരോഹിതന്മാരെക്കൊണ്ടു്. എവിടെയായാലും ഇവർക്കു് അപ്പോസ്തോലിക പിൻതുടർച്ചയും തെറ്റില്ലാ വരവും ഉണ്ടു്. രണ്ടുകൂട്ടരും കുരിശുയുദ്ധങ്ങൾക്കു് മനുഷ്യരെ കണ്ണടച്ചു് ബലികഴിക്കും. സകലതും കഴിയുമ്പോൾ കണ്ണുനീരോടെ ശവസംസ്ക്കാരപ്രസംഗവും നടത്തും. രണ്ടുകൂട്ടരും ദൈവത്തെക്കാണുന്നുണ്ടു്. മനുഷ്യനോടാണു് വെറുപ്പു്, കാണാവുന്ന മനുഷ്യനെ വെറുത്തു് കാണാത്ത ദൈവത്തെ പൂജിക്കുന്ന വർഗ്ഗം ദൈവത്തെ പലപ്പോഴും ഒരു ഊന്നുവടിയായി ഉപയോഗപ്പെടുത്തും—പ്രത്യേകിച്ചും ശിശുമനഃസ്ഥിതിക്കാർക്കും നട്ടെല്ലില്ലാത്തവർക്കും. പുരോഹിതനാകട്ടെ, സിൻബാദിന്റെ പിടലിക്കു് കയറിയ കടൽമനുഷ്യനെപ്പോലെ കാലു് കഴുത്തിൽ ഇടുകയും ചുമക്കുന്നവന്റെ തലയിൽ താളംപിടിക്കുകയും ചെയ്യും. ദൈവമില്ലെങ്കിലും ഈ ജന്തു ഉണ്ടായിരിക്കും. നിരീശ്വരമതങ്ങൾക്കും പുരോഹിതന്മാരുണ്ടു്. വേണ്ടിവന്നാൽ, ബുദ്ധമതത്തിലെപ്പോലെ ദൈവമില്ലെന്നു വന്നാൽ, മരിച്ചുപോയ പുരോഹിതനെ അവർ ദൈവമായി വാഴിക്കും. എന്നല്ല, മതം തന്നെയില്ലെങ്കിലും പുരോഹിതനുണ്ടു്, അവൻ അനശ്വരനാണു്, മത്സ്യകൂർമ്മ… എന്നു പറഞ്ഞതുപോലെ പല രൂപത്തിൽ പലപ്പോഴായി ഇവ യുഗാനുസാരം അവതരിക്കുന്നു.
പൊതുവെ ഒരു സ്വഭാവം മാത്രമേ ഇവയ്ക്കുള്ളൂ മനുഷ്യനു വേണ്ട യാതൊരു വേലയും ചെയ്യാതെ സുഖമായി ഭക്ഷണം കഴിക്കുക; പുതിയ സകലതിനേയും എതിർക്കുക; പുതിയതിനു് ശക്തി ലഭിക്കുന്ന ഉടനെ പഴയ സകലതിനേയും എതിർക്കുക; അങ്ങനെ എപ്പോഴും ഭൂരിപക്ഷത്തിന്റെ മറപറ്റിനിന്നു് ന്യൂനപക്ഷത്തിനെ പീഡിപ്പിക്കുക. സാമ്രാജ്യവാദി, കാപാലികൻ, ബ്രാഹ്മണൻ, മഹർഷി, ലേവ്യക്കാരൻ, പാതിരി മുതലായവരോടൊപ്പം ഒരു കുടുംബത്തിലെ അംഗങ്ങളാണു്. ഈ വർഗ്ഗത്തിന്റെ ചരിത്രം വളരെ രസാവഹമാണു്, നീണ്ടതും.
ഭൂതകാലാന്ധകാരത്തിലേക്കു് ചുഴിഞ്ഞുനോക്കിയാൽ ഒരു അഗ്നികുണ്ഡത്തിനകത്തേക്കു എന്തോ ഒക്കെയിട്ടു് പുകയുണ്ടാക്കി, നിരർത്ഥകമായ പദങ്ങളും മന്ത്രിച്ചുകൊണ്ടിരിക്കുന്ന ഒരു വികൃത രൂപത്തെ കാണാം. മരണത്തിന്റേയും ഇടിവെട്ടുന്നതിന്റേയും, മാംസം വേവുന്നതിന്റേയും രഹസ്യം അവനറിയാമത്രെ! അവൻ സകലരോഗവും ഭേദമാക്കും. മറ്റുളളവർക്കറിഞ്ഞുകൂടാത്തതെല്ലാം അവനറിയാം. അവനാണു് സകല പുരോഹിതന്മാരുടേയും വല്യപ്പൂപ്പനായ മന്ത്രവാദി. അവന്റെ ജീവിതതത്ത്വം ഇതാണു്. അറിയാൻ പാടില്ലാത്തതു് എല്ലാം മഹത്താണു്. സകലമതങ്ങളുടേയും അടിസ്ഥാനം ഇതാണു്. നിർവ്വാണരഹസ്യവും കുർബ്ബാനരഹസ്യവും എല്ലാം ഇതുതന്നെ—അന്ധനും അജ്ഞനുമായ മനുഷ്യനെ ഭയപ്പെടുത്തി ഭരിക്കുവാനുള്ള തന്ത്രം. മന്ത്രവാദിയുടെ സന്താനപരമ്പരയിൽ നരബലിക്കാരനായ കാപാലികനും അഹറോന്റെ അനുയായികളും വന്നുകൂടി. ബ്രാഹ്മണമതം ആരംഭകാലത്തിൽ എന്തായിരുന്നാലും നാമറിയുന്ന കാലത്തു് നമ്പൂതിരിയുടെ കൂടെ ലൈംഗികകർമ്മം നടത്തുന്ന—അന്യജാതിസ്ത്രീകൾക്കു മോക്ഷവിതരണം ചെയ്യാനുള്ള ഒരേജൻസിയായിത്തീർന്നിരുന്നു. ക്രിസ്തുവിന്റെ പുറകെ വരുന്നവരുടെ കഥ അതിലും രസകരമാണു്. അവരുടെ പ്രധാനവിഷയങ്ങൾ പരിച്ഛേദനം വേണോ വേണ്ടയോ, ഏകത്വത്തിൽ ത്രിത്വമോ, ത്രിത്വത്തിൽ ഏകത്വമോ എന്നൊക്കെയായിരുന്നു. അതുകൊണ്ടു്, പിൽക്കാലങ്ങളിൽ പാളിച്ചയും പിളർപ്പും, റഷ്യയിലെ പുരോഹിതന്റെ ‘പ്രഥമരാത്രി അവകാശ’വുമൊക്കെ വന്നുചേർന്നു.
ഗാന്ധിജിയും ഒരു മതം ആരംഭിച്ചിട്ടുണ്ടു്. അദ്ദേഹത്തെക്കൊണ്ടു് വലിയ വിഷമമൊന്നുമില്ലായിരുന്നു. അഭിപ്രായങ്ങൾ മാറ്റുന്നതിനും തെറ്റുസമ്മതിക്കുന്നതിനും അദ്ദേഹത്തിനു വലിയ മടിയുണ്ടായിരുന്നില്ല. അദ്ദേഹത്തിന്റെ ശിഷ്യന്മാരാണു് യഥാർത്ഥ പുരോഹിതന്മാർ.
കമ്മ്യൂണിസത്തിലും ഉണ്ടു് പുരോഹിതന്മാർ. രാഷ്ട്രീയപുരോഹിതൻ ഇതര പുരോഹിതന്മാരിൽനിന്നു് ഉത്തമനോ അധമനോ അല്ല. ഒന്നുകിൽ, അവൻ ഭൂരിപക്ഷം ജനങ്ങൾ അംഗീകരിക്കുന്ന ഒരു ദൈവത്തിന്റെ പൂജാരിയായി പ്രത്യക്ഷപ്പെടും. അല്ലെങ്കിൽ, അവൻ ഒരു ദൈവത്തെ സ്വയം സൃഷ്ടിച്ചു് അതിന്റെ പരസ്യപ്പലകയായിത്തീരും. അതുമല്ലെങ്കിൽ സ്വയം ഒരു കുട്ടിദൈവമായി മറ്റു പുരോഹിതന്മാരെ ശാന്തിക്കു നിയമിക്കും.
പാരമ്പര്യം പറയുക സകല പുരോഹിതന്മാരുടേയും പതിവാണു്. ക്രിസ്ത്യാനിയുടെ പുരോഹിതൻ പറയും അവൻ വിശുദ്ധ പത്രോസ് മുതലുള്ള നൽവരമുണ്ടെന്നു്. ഏതാനും കോടി സഹസ്രാബ്ദങ്ങൾ പുറകോട്ടുനടന്നാൽ ബ്രഹ്മാവിന്റെ മുഖത്തുതന്നെ ചെന്നെത്താമെന്നാണു് ബ്രാഹ്മണന്റെ പക്ഷം, അവരുടെ അധികാരപട്ടയം ഇവിടെയാരും കൊടുത്തതാണെന്നു് അവർ അവകാശപ്പെടുകയില്ല. അതിനു തെളിവൊന്നുമില്ലല്ലോ. കമ്മ്യൂണിസ്റ്റ് നേതാവു് പറയും, മാർക്സ് മുതലുള്ള പാരമ്പര്യം ലെനിൻ വഴി ഇങ്ങെത്തിയിട്ടുണ്ടെന്നു്. ഖദർകാരനും പറയും, താൻ പണ്ടു് വെള്ളരിക്കായും പച്ചവെള്ളവും ഭുജിച്ചുകൊണ്ടു് ഗാന്ധിയുടെ കൂടെ ഉപ്പുകാച്ചിയിട്ടുണ്ടെന്നു്. ഈ പാരമ്പര്യം പലപ്പോഴും ‘നത്തുരാമ’നു് ഗാന്ധിയുടെ പാരമ്പര്യം ലഭിച്ചതുപോലെയിരിക്കും. പുരോഹിതന്മാരെ എതിർത്ത ഒരു മരപ്പണിക്കാരനെ അവർ കൊന്നു. പക്ഷേ, കൊന്നുകഴിഞ്ഞ ഉടനെ അവർ അദ്ദേഹത്തെ പകുതി ദൈവവും പകുതി പുരോഹിതനുമാക്കി. കയാഫാസ് തന്നെ പിന്നീടു ക്രിസ്തുവിനെ ആരാധിച്ചു കാണണം. അതിനു ന്യായങ്ങളുണ്ടു്. ഒന്നാമതു്, ആ ശവം പുരോഹിതന്മാരെ പിന്നീടു് ചീത്തപറയുകയില്ല. രണ്ടാമതു്, പഴയ പെട്ടകത്തിനകത്തെ ദൈവത്തേക്കാൾ ആളുകൂട്ടാൻ നല്ലതാണു്, കുരിശിൽ തുങ്ങിക്കിടക്കുന്ന ദൈവം. മൂന്നാമതു്, ആ ശവത്തിന്മേൽ വീഴുന്ന കാണിക്ക അവർക്കെടുക്കാം. നട്ടുച്ചയ്ക്കു സൂര്യനെ തുറിച്ചുനോക്കിയാൽ കണ്ണഞ്ചുമെന്നു കണ്ടുപിടിച്ചു ലക്ഷക്കണക്കിനു രൂപാ പിരിക്കുന്ന പുരോഹിതന്മാർ ഇക്കാര്യത്തിൽ പുറകോട്ടുനിൽക്കാൻ വഴിയില്ലല്ലോ.
ഒരു പുരോഹിതനുണ്ടായാൽ മതി ഒരു താവഴി ആരംഭിക്കാൻ. അയാൾ പറയുന്ന വിഡ്ഢിത്തമെല്ലാം എഴുതിവെച്ചു് അതിനെ വേദവാക്യമാക്കാം. പിന്നീടു കാണുന്ന വാസ്തവങ്ങൾക്കെതിരായി അവ ഉദ്ധരിക്കും. ഉദ്ധരണങ്ങളിൽ വൈരുദ്ധ്യം വന്നാൽ ഉടനെ കുതർക്കക്കസർത്തുകൾ തുടങ്ങുകയായി. മതപുരോഹിതനും രാഷ്ട്രീയ പുരോഹിതനും അവരുടെ ആടുകളെ കുരിശുയുദ്ധങ്ങൾക്കു ബലികഴിക്കാം. വീരസ്വർഗ്ഗം കൺട്രോൾ വിലയ്ക്കു് അവർ വിതരണം ചെയ്യുന്നുണ്ടു്. ചിലർ അതിനു വിശ്വാസ സംരക്ഷണം എന്നു പറയും, മറ്റുള്ളവർ ദേശാഭിമാനം. രണ്ടുകൂട്ടരും കാലന്റെ റിക്രൂട്ടിംഗ് ഏജന്റന്മാരാണു്. ഇവയിലെല്ലാം വിശ്വാസവിരോധികളുണ്ടു്, മുടക്കമുണ്ടു്, പീഡയുണ്ടു്, സെൻട്രൽ കമ്മറ്റിയുണ്ടു്.
മതത്തിലെ പുരോഹിതന്മാരെ കണ്ടുപേടിച്ചോടിയ ഒരാൾക്കു ഗാന്ധിമതത്തിലേയും കമ്മ്യൂണിസ്റ്റു മതത്തിലേയും പുരോഹിതന്മാരെ കാണുമ്പോൾ പേടിക്കാതെ നിവൃത്തിയില്ല. ക്രൂരതയിലും നീതിയില്ലായ്മയിലും ഇവരെല്ലാം സമന്മാരാണു്. ശത്രുവെന്നു് അവർ സങ്കല്പിക്കുന്നവരെ നശിപ്പിക്കാൻ എന്തായുധവും ആകാമെന്നാണവരുടെ വിശ്വാസം. ഒരു വനത്തോളം മുദ്രാവാക്യങ്ങൾക്കോ തർക്കശാസ്ത്രപ്രവാഹത്തിനോ ഈ വസ്തുതയെ മറയ്ക്കാൻ കഴികയില്ല. തെറ്റുസമ്മതിക്കാത്തവനും, മനുഷ്യനെ സ്നേഹിക്കാത്തവനും മനുഷ്യരല്ല.
പുരോഗതി ഒരിക്കലും യാഥാസ്ഥിതികത്വത്തിൽനിന്നു വരികയില്ല. വിശ്വാസവിപരീതമാണു് സകല പുരോഗതിയുടേയും അടിസ്ഥാനം. അനുസരണക്കേടാണു് ഏറ്റവും നല്ല സ്വഭാവം. ഇതു് എതിർപ്പിനു വേണ്ടിയുള്ള എതിർപ്പല്ല. പുതിയതിന്റെ പേറ്റുനോവാണു്.
പക്ഷേ, ഇതൊക്കെ പറഞ്ഞാലും രാഷ്ട്രീയനേതാവു് കുറേക്കാലത്തേക്കു് കൂടിയേ തീരു. അവൻ പുരോഹിതനായിത്തീരുന്നെങ്കിൽ അവൻ മാത്രമല്ല അതിനുത്തരവാദി. അവനെ അനുഗമിക്കുന്നവരും കുറ്റവാളികളാണു്. പഞ്ചപുച്ഛമടക്കി മുണ്ടുമരയ്ക്കുകെട്ടി ‘റാൻ’ പറഞ്ഞുകൊണ്ടു് കുറേപ്പേർ പുറകേ കൂടിയാൽ ഏതു നേതാവിന്റേയും തല തിരിഞ്ഞുപോകും. അതിനെ തടയുവാനുള്ള ചുമതല പുരോഹിതന്റേതല്ല, വിശ്വാസിയുടേതാണു്.
ധിക്കാരിയുടെ കാതൽ 1955.