images/Rabindranath_Tagore_Two_Figures01.jpg
Two Figures, a painting by Rabindranath Tagore (1861–1941).
പ്രോക്രസ്റ്റസിന്റെ കട്ടിൽ
സി ജെ തോമസ്
images/Prokroustes.jpg
തീസസും പ്രോക്രസ്റ്റസും, ബി. സി. 470–460.

പണ്ടു് പ്രോക്രസ്റ്റസ് എന്നു പേരായി ഒരു രാക്ഷസനുണ്ടായിരുന്നു. അയാൾക്കു് ഒരു കട്ടിലുണ്ടായിരുന്നു. അയാൾ വഴിപോക്കരെ പിടിച്ചുകൊണ്ടുപോയി തന്റെ കട്ടിലിൽ കിടത്തും. വഴിപോക്കനു കട്ടിലിനെക്കാൾ നീളം കുറവാണെങ്കിൽ അവനെ അയാൾ വലിച്ചുനീട്ടിക്കൊല്ലും. നീളം കൂടുതലാണെങ്കിൽ രണ്ടറ്റവും ഛേദിച്ചുകളയും. കട്ടിലിന്റെ നീളം കൃത്യമായിരുന്ന ഹെർക്കുലീസ് അയാളെ കൊന്നു എന്നു യവനപുരാണം. അങ്ങനെ സമത്വത്തിന്റെ ആദ്യത്തെ രക്തസാക്ഷിയുണ്ടായി.

സമത്വം

സമത്വമെന്ന ആശയം അഥവാ ആദർശം ദാർശനികമായി അയഥാർത്ഥമാണു്. ഓരോ മനുഷ്യശക്തിയും മറ്റുള്ളവരെപ്പോലെ പരിഗണന അർഹിക്കുന്നു എന്നാണർത്ഥമെങ്കിൽ, ആ ലക്ഷ്യം ആദരണീയമാണു്. എന്നാൽ ഈ അർത്ഥത്തിലല്ല, സമത്വം സാധാരണയായി മനസ്സിലാക്കപ്പെടുന്നതു്, പ്രചരിക്കപ്പെടുന്നതും. സമത്വം, തുല്യത എന്നെല്ലാം പറയുന്നതു് ഏകീഭാവത്തെയോ സർവ്വതോന്മുഖമായ സമത്വത്തെയോ ഉദ്ദേശിച്ചായിരിക്കാനിടയില്ലല്ലോ. വ്യവഹാരത്തിൽ അങ്ങനെയൊരർത്ഥം കടന്നുകൂടിയതു രാഷ്ട്രീയചരണവൈകല്യത്തിന്റെ ഫലമാണെന്നു തോന്നുന്നു. രാഷ്ട്രീയജനാധിപത്യമായാലും, സാമ്പത്തികസമത്വമായാലും, സർവ്വതോന്മുഖമായ സമത്വം കൂടാതെ നീതീകരിക്കപ്പെടാവുന്നതാണു്. ഏതു പൗരനും പ്രധാനമന്ത്രിയാകാനുള്ള അവകാശമുണ്ടെന്നു് പറയുന്നവരാരും ആ മിഥ്യയിൽ വിശ്വസിക്കുന്നില്ല. സമത്വമെന്നതു് അന്യായമായ അധികാരത്തിൽനിന്നും കൈയടക്കത്തിൽനിന്നും സാധാരണമനുഷ്യനെ രക്ഷിക്കാനുള്ള ഒരു മറയാണു് — ആദർശപരമായ ഒരു മറ. അതിലപ്പുറം അർത്ഥം അതിനു വ്യാഖ്യാനിച്ചുണ്ടാക്കുമ്പോൾ വരുന്ന ഭവിഷ്യത്തുകൾ ഇന്നത്തെ ലോകം ഒട്ടേറെ അനുഭവിക്കുന്നുണ്ടു്. സമത്വം സഹിഷ്ണുതയുടെ മാതാവാണു്. പക്ഷേ, അതു തലതിരിഞ്ഞുപോയാൽ സഹിഷ്ണുതയല്ല, മൃഗീയമായ മർദ്ദനമായിരിക്കും ഫലം; ശക്തന്മാരിൽനിന്നു ബലഹീനരെ രക്ഷിച്ചുകൊണ്ടിരുന്നതു സഹിഷ്ണുതയാണു്. ഇന്നു ബലവാനാണു് സഹിഷ്ണുതകൊണ്ടാവശ്യം. ബലഹീനരുടെ ശക്തി അത്രയ്ക്കധികം വർദ്ധിച്ചിട്ടുണ്ടു്. ശക്തന്മാർ ചിലപ്പോൾ കാണിക്കാറുള്ള മര്യാദ ബലഹീനൻ കാണിക്കാനുള്ള ഭാവവും കാണുന്നില്ല.

images/Hercules.jpg
ഹെർക്കുലീസ്.

സമത്വം ജനാധിപത്യത്തിന്റെ അടിസ്ഥാനവിശ്വാസമാണു്. എങ്കിലും, ജനാധിപത്യവാദികൾ ഇതിനെപ്പറ്റി വളരെയധികം ഒച്ചപ്പാടുണ്ടാക്കുന്നില്ല. എല്ലാ കഴുതകളും കള്ളന്മാരും ദുഷ്ടന്മാരും ബുദ്ധതുല്യരാണെന്ന വിശ്വാസം പ്രചരിപ്പിക്കുന്നതിലും അതു് ഏറ്റവും അനുചിതമായ സ്ഥലത്തു പ്രായോഗികമാക്കുന്നതിലും ജാഗരൂകരായിരിക്കുന്നതു മറ്റു ചിലരാണു്. അതു് എന്തെല്ലാം ഭവിഷ്യത്തുകൾ വരുത്തിവെച്ചാലെന്തു്, ജനസ്വാധീനത്തിനു് അതേറ്റവും നല്ല കൈക്കൂലിയായിരിക്കുന്നിടത്തോളം കാലം ആ പരിപാടി നടക്കുകതന്നെ ചെയ്യും. അല്പംകൂടി വ്യക്തമായി പറഞ്ഞാൽ, സമത്വത്തെപ്പറ്റിയുള്ള തെറ്റിദ്ധാരണ അറിയാതെ വന്നുകൂടിയ ഒരു പിശകല്ല, ബോധപൂർവ്വം പുലർത്തപ്പെടുന്ന ഒരു വിഷച്ചെടിയാണു്.

ഒരു പ്രായോഗിക കർമ്മശാസ്ത്രം

രാഷ്ട്രീയജീവികൾക്കു് ഇക്കാര്യത്തിൽ ചില ന്യായങ്ങളും പറയാനുണ്ടു്. മനുഷ്യർ ഭിന്നരാണെന്ന അടിസ്ഥാനത്തിൽ യാതൊരു മതവും രാഷ്ട്രവും കെട്ടിപ്പടുക്കാൻ സാദ്ധ്യമല്ല. മനുഷ്യർക്കു് പൊതുവായ സ്വഭാവഗതികളും താല്പര്യങ്ങളുമുണ്ടു്; അവയാണു് സാമൂഹ്യഘടനയുടെ അടിസ്ഥാനം. വൈവിദ്ധ്യം സമൂഹത്തെ ശിഥിലീകരിക്കുന്ന ഘടകമാണു്; അവയെ മുഴുപ്പിച്ചു കാണിക്കുകയല്ല, അവഗണിക്കുകയാണു് വേണ്ടതു് — അങ്ങനെ പോകുന്നു ആ വാദഗതി. ഈ ചിന്താഗതിയിൽ ഒട്ടേറെ വാസ്തവങ്ങൾ അടങ്ങിയിട്ടുണ്ടു്. പ്രായോഗികമായ ഒരു കർമ്മശാസ്ത്രമാണുതാനും അതു്. പക്ഷേ, ഈ പ്രായോഗികമതം ആത്യന്തികസത്യമായി അവരോധിക്കുമ്പോഴാണു് കുഴപ്പമാരംഭിക്കുന്നതു്. ശരാശരിയോടു് ചേരാത്ത മനുഷ്യൻ നശിച്ചതുതന്നെ. പൊതുവാണെന്നു സങ്കൽപിക്കപ്പെട്ടിരിക്കുന്ന ഏതെങ്കിലും ഒരു മാനദണ്ഡമനുസരിച്ചു മനുഷ്യ വ്യക്തികളെ നീട്ടാനും കുറുക്കാനും തുടങ്ങുമ്പോൾ ആരംഭിക്കുന്നതു സമത്വമല്ല, സഹിഷ്ണുതയല്ല, മർദ്ദനമാണു്!

മേല്പറഞ്ഞ ആവശ്യത്തെ എടുത്തുപറഞ്ഞു സഹിഷ്ണുതാവാദികളെ പുച്ഛിക്കുന്ന മതിമാന്മാരുണ്ടു്. അവരുടെ കണ്ണിൽ സഹിഷ്ണുതാവാദികൾ അഹങ്കാരികളായ അല്പന്മാരാണു്, സ്വാർത്ഥമതികളാണു്. അങ്ങനെ പലതുമാണു്. ആവട്ടെ, യൂറോപ്പിലെ ‘ഇൻക്വിസിഷ’നു നീതീകരണം കണ്ടുപിടിച്ച ‘നിസ്വാർത്ഥന്മാർ’ ഉണ്ടായിരുന്നല്ലോ. ഇങ്ങനെ വാദിക്കുന്ന സമത്വ പ്രവാചകന്മാരോടും സഹിഷ്ണുത പാലിക്കുക തന്നെ.

വൈവിധ്യങ്ങൾ

വൈവിധ്യം ഒരു വൈകൃതമല്ല. അതു പരിണാമത്തിന്റെ ആത്മാവാണു്. ഒരേ രൂപത്തിലുള്ള ഏകാണുജീവികളിൽനിന്നു പരിണമിച്ചതാണു് ഇന്നത്തെ ജീവിലോകം എന്നാണല്ലോ ശാസ്ത്രം പറയുന്നതു്. പുഴുവും പുഷ്പവും ഗാന്ധിയും കുരങ്ങുമെല്ലാം ഏകരൂപമല്ല. മനുഷ്യരിൽത്തന്നെയാണെങ്കിൽ ശാരീരികമായി എത്ര സാമ്യമുണ്ടെങ്കിലും മനുഷ്യനെ മനുഷ്യനാക്കിത്തീർക്കുന്ന കാര്യങ്ങളിൽ ഗണ്യമായ വൈവിധ്യമുണ്ടു്. പരിണാമം ശാരീരികം മാത്രമല്ല. രുചി, യുക്തി, കാഴ്ചപ്പാടു്, ആവശ്യങ്ങൾ, ഭീതികൾ, വികാരങ്ങൾ എന്നിങ്ങനെ പലതും പരിണമിക്കുന്നുണ്ടു്. ഇവയൊന്നും മനുഷ്യവർഗ്ഗത്തിനു പൊതുവായിട്ടില്ല. സൗന്ദര്യ ബോധം തീണ്ടാതെ ജീവിച്ചു മരിക്കാൻ കഴിയുന്നവരുണ്ടായിരിക്കാം. മിസ്റ്റിക്കുകൾക്കു യുക്തികൊണ്ടൊരു കാര്യവും നേടാനില്ല. ശരീരമെന്നതൊഴിച്ചു നോക്കിയാൽ ഓരോ മനുഷ്യനും ഓരോ പ്രത്യേക പ്രപഞ്ചമാണെന്നു തോന്നത്തക്ക വൈവിധ്യം കാണാനുണ്ടു്. സമത്വമെന്നും സഹിഷ്ണുതയെന്നും നീതിയെന്നും ഒക്കെപ്പറഞ്ഞതൊന്നും ശാരീരികമല്ലല്ലോ. ഈ വക കാര്യത്തിൽ സാമ്യത്തെക്കാളധികം വൈരുദ്ധ്യമാണു് കാണുന്നതെങ്കിൽ അതിലത്ഭുതപ്പെടാനില്ല. അതാണു പ്രപഞ്ചത്തിന്റെ സൗന്ദര്യം. ഓരോ വ്യക്തിക്കും ഓടാനുള്ള റെയിലുകൾ അവന്റെ സ്വന്തമായിട്ടുണ്ടു്. സകലരും ഓടേണ്ട സാർവത്രിക റെയിലുകൾ നിരത്തുമ്പോൾ മർദ്ദനത്തിന്റെ കളമൊരുക്കൽ കഴിഞ്ഞു. പക്ഷേ, ഇതൊന്നും സാമ്യവാദി അനുവദിച്ചുതരികയില്ല. പള്ളിക്കൂടം വിട്ടു കുട്ടികൾ നാലുപാടും ചിതറുന്നതു് അവനു ദുസ്സഹമാണു്. രണ്ടുലക്ഷം പട്ടാളക്കാർ ഒരൊറ്റയന്ത്രംപോലെ കവാത്തെടുക്കുന്നതിലാണവൻ സൗന്ദര്യം കാണുന്നതു്. വളഞ്ഞ വരകളെല്ലാം വൈകൃതമാണു്. നേർവരകളും ചതുരങ്ങളുമാണു് സുന്ദരം. അവന്റെ കണ്ണിൽ മനുഷ്യസമുദായം ഒരു ഭീമജീവിയാണു്. ഈ ജീവിയുടെ അംഗങ്ങൾ തമ്മിലോ അവയുൾക്കൊള്ളുന്ന ഘടകങ്ങൾ തമ്മിലോ വൈചിത്ര്യമുണ്ടാകാൻ പാടില്ല. അവ ഏകയോഗക്ഷേമമായി വളരണമെങ്കിൽ പരിപൂർണ്ണസാമ്യമുണ്ടായിരിക്കണം. സാമ്യമല്ലാതെ ശരീരത്തിലെന്തെങ്കിലും കണ്ടാൽ അതു രോഗാണുവായിരിക്കും. അതിനെ നശിപ്പിക്കുന്നതു് ഒരു വിശുദ്ധകർമ്മവുമാണു്. പക്ഷേ, ഇവിടെ ഒന്നാലോചിക്കാനുണ്ടു്. സ്വയം വിവേചനശക്തിയുള്ള വ്യക്തികൾ എങ്ങനെ ഒരു അണുവായിത്തീരും? അതു് ആശാസ്യമാണെന്നിരുന്നാൽത്തന്നെ നടപ്പുള്ളതല്ല. ഒരു കയ്യോ, കാലോ സ്വയം ചിന്തിക്കുന്നില്ല. പക്ഷേ, മനുഷ്യർ കൂട്ടമായിട്ടല്ല വ്യക്തികളായിട്ടാണു് ചിന്തിക്കുക. അതിനെ തുടർന്നു് അനന്തമായ വൈവിധ്യങ്ങളുമുണ്ടാവുന്നു. പക്ഷേ, ഈ വൈവിധ്യം ചുണ്ടിക്കാണിക്കുന്നതു് അല്പം കുഴപ്പം പിടിച്ച സംഗതിയാണു്. “നിങ്ങൾക്കു് ഈശ്വരവിശ്വാസം ആവശ്യമായിരിക്കാം. പക്ഷേ, എനിക്കു് അതു കൂടാതെതന്നെ ജീവിക്കാൻ വേണ്ട മനക്കരുത്തുണ്ടു്” എന്നു പറയാൻ ആർക്കാണു് ധൈര്യമുണ്ടാവുക? “ഈ നോവൽ നിങ്ങളെ രസിപ്പിക്കുന്നുണ്ടായിരിക്കാം. പക്ഷേ, അതു വെറും ഓടസാഹിത്യമാണു്” എന്നു് ആരെങ്കിലും പറയുമോ? അവിടെയെല്ലാം മറ്റുള്ളവരെ ഇടിച്ചുതാഴ്ത്തി എന്നൊരാരോപണമുണ്ടാകും. കാര്യം സത്യമാണെങ്കിലും അതു പറയാൻ ആർക്കും ഇഷ്ടമില്ല. വൈവിധ്യം യഥാർത്ഥമാണെങ്കിലും അതംഗീകരിക്കുന്നതുകൊണ്ടു ചില പ്രായോഗികവൈഷമ്യങ്ങൾ ഉണ്ടാകും. വ്യക്തികൾ തമ്മിലുള്ള വ്യത്യാസം ഉയർച്ചയോ താഴ്ചയോ ആയി എടുക്കേണ്ട. വെറും വ്യത്യാസം എന്നുമാത്രം വ്യവഹരിച്ചാൽ ഈ പറഞ്ഞ കുഴപ്പത്തിൽ നിന്നു കുറച്ചൊക്കെ രക്ഷ നേടാം. പക്ഷേ, ഇങ്ങനെ ഒരു രുചിഭേദം വകവെച്ചുകൊടുക്കുന്നതു് ഒരു വക ബുദ്ധിപരമായ അരാജകത്വമാണെന്നാണു് വെപ്പു്. ജീവിതത്തിൽ താന്തോന്നിത്തം കാണിക്കാനുള്ള ഒരു മൂടുപടമായിട്ടാണത്രെ സഹിഷ്ണുത ഉപയോഗിക്കപ്പെടുന്നതു്. വണ്ടിച്ചക്രംപോലെ ആദർശങ്ങൾ കറങ്ങിത്തിരിയുന്നവരും സഹിഷ്ണുതയ്ക്കെതിരാണു്! ആത്മാർത്ഥതയുള്ള അസഹിഷ്ണുക്കൾ ഇല്ലെന്നല്ല. ഉണ്ടു്, വളരെയേറെ. പക്ഷേ, അവർ മതാന്ധന്മാരാണു്. അവനു ലഭിച്ച രക്ഷാമാർഗ്ഗം മറ്റുള്ളവർക്കു വിതരണം ചെയ്യാനുള്ള വ്യഗ്രതയിൽ, എല്ലാവർക്കും അതു വേണ്ടായിരിക്കാം എന്നവൻ മറന്നുപോകുന്നു. മറ്റുള്ളവരെ സ്നേഹിക്കാനും സഹായിക്കാനുമായിട്ടാണവർ പുറപ്പെടുന്നതു്. പക്ഷേ, അവനു വേണ്ടത്ര സ്വീകരണം ലഭിക്കാതെ വരുമ്പോൾ അവൻ മനുഷ്യരെ വെറുക്കാൻ തുടങ്ങുന്നു. മനുഷ്യവിദ്വേഷിയായ ഒരു മർദ്ദകനായിത്തീരാൻ പിന്നെ സമയമധികം വേണ്ട. പിന്നെ അവൻ മനുഷ്യരെ അവരുടെ ഇഷ്ടത്തിനെതിരായി ‘സഹായിക്കാൻ’ തുടങ്ങുന്നു. ലക്ഷം ഭ്രാന്തന്മാരെ ചികിത്സിക്കുന്ന ഒരു വൈദ്യൻ!

സമുദായം ഒരു കരടിക്കൂടാവുന്നു

ഈ അപ്പോസ്തലന്മാരാരും അമ്പിളിയെ പിടിച്ചുകൊടുക്കാനാവശ്യപ്പെടുന്ന കുട്ടിയെ ശിക്ഷിക്കുകയില്ല. പിന്നെയെന്തിനു മറ്റു മനുഷ്യരെ ബലം പ്രയോഗിച്ചു് സ്വർഗ്ഗത്തിലേറ്റണം — രാഷ്ട്രീയമോ മതപരമോ ആയ സ്വർഗ്ഗത്തിൽ? അവനേയും ഒരു ശിശുവായി ഗണിച്ചു് പഠിപ്പിക്കാൻ ശ്രമിച്ചാൽ പോരേ? ബലം പ്രയോഗിച്ചാണു് ആശയങ്ങൾ പ്രചരിപ്പിക്കേണ്ടതെങ്കിൽ, ഇന്നു് ഉൽകൃഷ്ടമെന്നു് ഗണിക്കപ്പെടുന്ന ആശയങ്ങളുടെ ഗുരുക്കന്മാർ എത്ര മുമ്പുതന്നെ വധിക്കപ്പെടുമായിരുന്നു. ഈ സമ്പ്രദായം മിഷ്യനറിവേലയുടെ “സ്പിരിറ്റ്” കുറെ കുറച്ചേക്കുമെന്നുള്ളതു സത്യമാണു്. പക്ഷേ, അതോടൊപ്പം കൂട്ടക്കൊലയുടെ കലവറയും നശിക്കും. മനുഷ്യനെ വെറുക്കാതെ അവനെ നന്നാക്കാൻ ശ്രമിക്കുന്നവൻ മാത്രമേ വിജയം വരിക്കുകയുള്ളു. മതാന്ധന്മാർ പലപ്പോഴും മനസ്സാക്ഷിയെ കൂട്ടു പിടിക്കാറുണ്ടു്. എല്ലാവരുടേയും മനസ്സാക്ഷി ഒരുപോലെയായിരിക്കുമെന്നാണവരുടെ പക്ഷം. മനസ്സാക്ഷി പരിതസ്ഥിതികളനുസരിച്ചു കുറെയൊക്കെ ഭിന്നമായിരിക്കും. അതുകൊണ്ടു സംസാരിക്കുന്നവൻ മനസ്സാക്ഷി മറച്ചുവെച്ചുകൊണ്ടു സംസാരിക്കുകയാണെന്നു ഗണിക്കേണ്ട. ഇതു് അവഗണിച്ചു പ്രവർത്തിക്കുന്നതുകൊണ്ടാണു് സമുദായം ഒരു കരടിക്കൂടായിത്തീരുന്നതു്.

മതവും രാഷ്ട്രീയഘടകങ്ങളുമാണു് അസഹിഷ്ണുതയുടെ കുത്തകക്കാർ. അനേകകാലമായി ഇവർ മനുഷ്യനെ വലിച്ചുനീട്ടിയും ചെത്തിക്കുറുക്കിയും അവരുടെ ഭരണം സാധിച്ചുപോരുന്നുണ്ടു്. മനുഷ്യന്റെ വളർച്ചയോടുകൂടി സഹിഷ്ണുതയുടെ ആവശ്യം കൂടുതലായി ബോദ്ധ്യപ്പെട്ടിട്ടുമുണ്ടു്. എങ്കിലും, ഇന്നു് പരിഷ്കരിച്ച മർദ്ദന മുറകൾ കണ്ടുപിടിക്കപ്പെട്ടിട്ടുളളതുകൊണ്ടു സഹിഷ്ണുത കൂടുതൽ അപകടത്തിലായിരിക്കയാണു്. പണ്ടൊക്കെ ബലപ്രയോഗവും ഭീഷണിയുമായിരുന്നു മർദ്ദനായുധങ്ങൾ. ഇന്നാകട്ടെ അതിനേക്കാൾ ശക്തി കൂടിയ ചിലതാണു്.

ഇന്നത്തെ മർദ്ദകൻ മനുഷ്യവൈവിധ്യം ശരിയായി മനസ്സിലാക്കുന്നുണ്ടു്. അടുത്തപടി ഈ വൈവിധ്യമില്ലാതാക്കിത്തീർക്കാനാണു്. എല്ലാ മനുഷ്യരും പട്ടാളക്കാരായിത്തീർന്നാൽ സാമ്യഭാവം വർദ്ധിച്ചിരിക്കും. അതുകൊണ്ടു സമുദായത്തിൽ പൊതുവെ പട്ടാളച്ചിട്ട ഏർപ്പെടുത്തുക. പ്രവർത്തിക്കുന്നതു മാത്രമല്ല ചിന്തിക്കുന്നതും ഒരുപോലെയാക്കിത്തീർക്കുവാനാണു യത്നം. ഇതിനുള്ള ആയുധം മനശ്ശാസ്ത്രമാണു്. ജനങ്ങളെ മെരുക്കി എടുക്കുവാൻ ജർമ്മനിയിലും റഷ്യയിലും ഈ ആയുധം ഉപയോഗിക്കപ്പെട്ടു. പാവ്ലോവിന്റെ ഗവേഷണങ്ങൾ ഈ പ്രസ്ഥാനത്തിനു വേണ്ടത്ര ശാസ്ത്രജ്ഞാനവും നല്കി. ഇത്തരം അഭ്യസനത്തിന്റെ ഫലം കഴിഞ്ഞ യുദ്ധത്തിലെ ജർമ്മൻ പട്ടാളക്കാരുടെ പെരുമാറ്റം കൊണ്ടറിയാമല്ലോ (ജർമ്മൻകാരെ കുറ്റപ്പെടുത്തിയാലാർക്കും പരാതിയില്ല). ഈ പദ്ധതിയിൽ ഒരു കുഴപ്പമേയുള്ളു. ജനസാമാന്യത്തെ ഇടിച്ചുതാഴ്ത്തി നിരപ്പാക്കുവാനേ ഇതിനു കഴിവുള്ളു. ഒരു ജനതയെ മുഴുവനും മൃഗങ്ങളാക്കിത്തീർക്കാൻ കഴിഞ്ഞേക്കാം. പക്ഷേ, പാവ്ലോവിന്റെ മുഴുവൻ ശക്തിയും പ്രയോഗിച്ചാലും മറ്റൊരു പാവ്ലോവിനെ സൃഷ്ടിക്കാൻ കഴിയില്ല. വളരാനുള്ള പരിതഃസ്ഥിതിയുണ്ടാക്കിക്കൊടുക്കുക മാത്രമാണു് കർത്തവ്യം. ഒന്നോ രണ്ടോ പേർ കൂടുതൽ വളരുന്നെങ്കിൽ വളരട്ടെ. അസൂയപ്പെടേണ്ട. പരിണാമത്തെ മാറ്റി ഫാക്ടറി ഉല്പാദനം ആരംഭിക്കുന്നതു യുക്തിയുക്തമായിരിക്കുകയില്ല.

സഹിഷ്ണുത ജീവകാരുണ്യപരമായ ഔദാര്യമല്ല. ശാസ്ത്രസമ്മതിയുള്ള ഒരു തത്ത്വംകൂടിയാണു് എന്നു് തെളിയിക്കാനാണു് ഞാനിതുവരെ ശ്രമിച്ചതു്.

മാതൃഭൂമി വാരിക 24 ജനുവരി 1954.

ധിക്കാരിയുടെ കാതൽ 1955.

സി ജെ തോമസിന്റെ ലഘു ജീവചരിത്രം

Colophon

Title: Procrastinte kaṭṭil (ml: പ്രോക്രസ്റ്റസിന്റെ കട്ടിൽ).

Author(s): Thomas CJ.

First publication details: Mathrubhumi Weekly; Kozhikode, Kerala; 1954-01-24.

Deafult language: ml, Malayalam.

Keywords: Article, Thomas CJ, Procrastinte kattil, സി ജെ തോമസ്, പ്രോക്രസ്റ്റസിന്റെ കട്ടിൽ, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: October 10, 2021.

Credits: The text of the original item is in public domain. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By ShareAlike 4​.0 International License (CC BY-SA 4​.0). Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: Two Figures, a painting by Rabindranath Tagore (1861–1941). The image is taken from Wikimedia Commons and is gratefully acknowledged.

Production history: Typesetter: LJ Anjana; Editor: PK Ashok; Digitizer: KB Sujith; Encoding: JN Jamuna.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download PDF.