images/Disappointed.jpg
Disappointed, a painting by Jogesh Chandra Seal (1895–1926).
കാഴ്ചക്കാർ
സി ജെ തോമസ്

രാഷ്ട്രീയനേതാക്കന്മാർ എന്തുതന്നെ പറഞ്ഞാലും, കലയ്ക്കു് ഒരു സാമൂഹ്യലക്ഷ്യമുണ്ടെന്നുള്ളതു ജനസാമാന്യം സമ്മതിക്കുന്ന വസ്തുതയല്ല. ഈ അഭിപ്രായം പൊതുജനവിദ്വേഷമാണെന്നോ പിന്തിരിപ്പത്തമാണെന്നോ മുദ്രയടിച്ചു തള്ളിയതുകൊണ്ടു കാര്യമായില്ല. വിപ്ലവകാരിയായാലും സാമൂഹ്യപരിഷ്കർത്താവായാലും ഒരുവൻ തന്റെ ചുറ്റിലുമുള്ള സമുദായത്തിന്റെ യഥാർത്ഥ മാനസികനിലവാരം മനസ്സിലാക്കിയിരിക്കണം. ജനസാമാന്യത്തിനു പൊതുവെ എന്തെങ്കിലും ഒരു കുറവുണ്ടെന്നു പറയുന്നതു് ഒരു പിന്തിരിപ്പൻ ആശയമല്ല. അതു ജനങ്ങളെ അവഹേളിക്കുകയുമല്ല. സമുദായത്തിനു സാംസ്കാരികമായി ഉയരേണ്ട ആവശ്യമില്ലെന്നുവന്നാൽ പുരോഗമനം തന്നെ അനാവശ്യമായിത്തീരും. പരിവർത്തനം നിരർത്ഥകവും. ഇന്നത്തെ സാമൂഹ്യവ്യവസ്ഥിതിയുടെയും പരമ്പരാഗതമായ ഇതര ഘടകങ്ങളുടെയും ഫലമായി സമുദായത്തിന്റെ സാംസ്കാരികനിലവാരം ഏറ്റവും അധഃപതിച്ചിരിക്കുന്നുവെന്നതാണു സത്യം. ഭൂരിപക്ഷത്തിനും ഭക്ഷണത്തിനു മാർഗ്ഗമില്ലാത്ത ഒരു വ്യവസ്ഥിതിയിൽ അവർ കലാസ്വാദനം നടത്തുന്നില്ലെങ്കിൽ അതിലത്ഭുതമില്ല. ഇരതേടുന്ന ബഹളത്തിനിടയിൽ കലയെ മറന്നുപോകുന്നതു് അവരുടെ ഉത്തരവാദിത്വമല്ല. ഇന്നു സാധാരണക്കാരൻ നാടകപ്രസ്ഥാനത്തിന്റെ ശത്രുവായിത്തീരാൻ പ്രത്യേക കാരണമുണ്ടു്. ഉയർന്നവർഗ്ഗക്കാർ കലയെ ഒരു കുത്തകയായി ഗണിക്കുന്നുവെന്നതുപോകട്ടെ, സാധാരണക്കാരൻ തന്റെ ജീവിതസമരത്തിനിടയിൽ അപൂർവ്വമായി ലഭിക്കുന്ന അവസരങ്ങൾ ഉല്ലാസത്തിനുവേണ്ടി ചെലവാക്കാൻ ആഗ്രഹിക്കുന്നു. നാടകംപോലെ കൂടുതൽ ബുദ്ധിപരമായ കാര്യങ്ങൾ മനസ്സിലാക്കുവാനോ രസിക്കുവാനോ അവനു കഴിവില്ല. അവനെ ആരും അതിലേക്കു ക്ഷണിച്ചിട്ടില്ല. മദ്യവും മറ്റുചിലതുമാണു് ഇന്നു് അവനു രസംകൊടുക്കുന്നതു്. അവയോടു് ഏറ്റവും അടുത്തുനിൽക്കുന്ന പ്രകടനങ്ങളേ അവനെ രസിപ്പിക്കുന്നുള്ളു. ഉത്സവത്തിനോ സർക്കസ്സിനോ പോകുന്നതിന്റെ ലക്ഷ്യം തന്നെയാണു് നാടകത്തിനും അവൻ കാണുന്നതു്—ഒരുവക മേളം. ശബ്ദകോലാഹലം നിറഞ്ഞ കുറെ പാട്ടും മെലോഡ്രാമയും കൃത്രിമ സ്ത്രീ സൗന്ദര്യവും ഇവയാണു് അവൻ ഇന്നൊരു നാടകത്തിൽനിന്നു പ്രതിക്ഷിക്കുന്നതു്. ഇവയെല്ലാം വേണ്ടുവോളം വിളമ്പിക്കൊടുക്കുന്ന നാടകങ്ങളെ അവൻ അംഗീകരിക്കും. വേലക്കാരൻ സെമിന്ദാരുടെ മകളെ കല്യാണം കഴിക്കുന്ന കഥയാണവനിഷ്ടം. സംഘട്ടനപരമായ കഥയും, കഥയുടെ സ്വാഭാവികതയും പാത്രസൃഷ്ടിയും അഭിനയവും ഒന്നും അവനു മനസ്സിലാകുന്നില്ല. ഉണർത്തുകയും ചിന്തിപ്പിക്കുകയും ചെയ്യുന്നതു കലയുടെ ലക്ഷ്യമായി അവനു തോന്നിയിട്ടില്ല. നാടകമാണെങ്കിൽ കാഴ്ചക്കാരുടെ ഉള്ളഴിഞ്ഞ സഹകരണമില്ലാതെ വിജയിക്കാൻ കഴിയാത്ത ഒരു കലയാണു്. സാമ്പത്തികമായിട്ടും കലാപരമായിട്ടും അതങ്ങനെയാണു്.

സാധാരണക്കാരന്റെ മനസ്സിനെ ആകർഷിക്കുന്ന നാടകങ്ങൾ രചിക്കേണ്ടതാണെന്നു പറയുന്നതു ശരിയാണു്. യാതൊരു സാങ്കേതികജ്ഞാനവും കൂടാതെത്തന്നെ നാടകത്തിനു് രസിപ്പിക്കുവാനും കഴിയും. അവന്റെ ജീവിതപ്രശ്നങ്ങളെപ്പറ്റി പ്രതിപാദിക്കുന്ന കഥകൾ പ്രദർശിപ്പിച്ചാൽ ഏതു പാമരനും അതിന്റെ ആത്മാവിലേക്കു പ്രവേശിക്കുമെന്നു പറയുന്നതിലും കുറെ വാസ്തവമുണ്ടു്. പക്ഷേ, നമ്മുടെയിടയിൽ കാളിദാസന്മാർ ഇല്ലാതിരിക്കുന്നിടത്തോളംകാലം നാടകം സാവധാനത്തിലേ വളരുകയുള്ളൂ. അത്ര ഉത്തമമായ നാടകങ്ങൾ രചിക്കാൻ മാത്രം നമ്മുടെ കലാകാരന്മാർ വളർന്നിട്ടില്ല. നാടകം നന്നായി അഭിനയിക്കപ്പെടുകയും ആസ്വദിക്കപ്പെടുകയും ചെയ്യുന്നതുകൊണ്ടുമാത്രമേ നാടകസാഹിത്യവും വളരാനിടയുള്ളു. നാടകപ്രസ്ഥാനത്തിന്റെ ഒരംശം മാത്രമായി പുരോഗമിക്കുകയില്ല. പരിപൂർണ്ണമല്ലാത്ത നാടകങ്ങളെ കാഴ്ചക്കാർ പിച്ചിക്കീറുന്നതിന്റെ ഫലം അർത്ഥഗർഭമായ നാടകങ്ങൾ എഴുതുന്ന പണിയിൽനിന്നു സാഹിത്യകാരനെ ഓടിച്ചുകളയുക എന്നതു മാത്രമായിരിക്കും. സാധാരണക്കാരന്റെ പ്രശ്നങ്ങൾ എടുത്തുകാണിക്കുവാൻവേണ്ടി എഴുതപ്പെടുന്ന നാടകങ്ങൾ, ‘മനസ്സിലാകുന്നില്ല’ എന്നു പറഞ്ഞു് ഇന്നു തല്ലിത്തകർക്കുന്നതു സാധാരണക്കാരൻ തന്നെയാണു്. പണമുള്ളവരെല്ലാം നല്ല കലാസ്വാദകരാകണമെന്നില്ല. ചില പ്രമാണിമാരുടെ നാട്ടിൽ നാടകം കളിക്കാൻതന്നെ സാദ്ധ്യമല്ല. എങ്കിലും നാടകപ്രസ്ഥാനത്തിൽ അവരെ അവഗണിക്കാം. സാധാരണക്കാരന്റെ രക്ഷാധികാരമാണു് നാടകവേദിയുടെ ഭൗതികസ്വത്തു്. എന്നാൽ, നിർഭാഗ്യമെന്നു പറയട്ടെ. സാധാരണക്കാരന്റെ കലയെപ്പറ്റിയുള്ള അടിസ്ഥാനബോധംതന്നെ തെറ്റാണു്. കലയെന്നു പറയുന്നതു് ഒരു വെറും ഒളിച്ചോട്ടമല്ലെന്നും അതു് ഏകകാലത്തിൽ വിജ്ഞാനവും രസവും നൽകുന്ന ഒരുപാധിയാണെന്നും അതു് മുഖ്യമായി അവന്റെ താല്പര്യത്തിനുവേണ്ടി നിലകൊള്ളുന്നുവെന്നും അവൻ മനസ്സിലാക്കിയേ തിരൂ. പുരോഗമനപരമായ നാടകങ്ങൾ ഇന്നു നിലനിർത്തിക്കൊണ്ടിരിക്കുന്നതു് ഇടത്തരക്കാരും ചിന്താശീലന്മാരുമാണു്. സാധാരണക്കാരനാകട്ടെ ഇന്നു് നല്ല നാടകങ്ങളെ സ്വാഗതംചെയുന്നില്ലെന്നു മാത്രമല്ല. പലപ്പോഴും കൂക്കുവിളിയും ബഹളവുംകൊണ്ടു് നാടകശാല ഒരു മദ്യശാലയാക്കിത്തീർക്കുകയും ചെയുന്നുണ്ടു്. ‘നാടകക്കാർ’ എന്ന വാക്കിനു് ഒരു അവജ്ഞാപരമായ അർത്ഥംതന്നെ ഇന്നുണ്ടായിട്ടുണ്ടു്. നാടകപ്രസ്ഥാനത്തെപ്പറ്റിയുള്ള മനോഭാവത്തിന്റെ പ്രതിഫലനമാണതു്. ഈ ദുഃസ്ഥിതി അനേകം ഉത്തമകലാകാരന്മാരെ രംഗവേദിയിൽനിന്നു പിന്തിരിയാൻ പ്രേരിപ്പിച്ചിട്ടുണ്ടു്. പിന്നെ അവശേഷിക്കുന്നതോ, പണത്തിനുവേണ്ടി എന്തും ചെയ്യാൻ മടിയില്ലാത്ത ഒരു വകക്കാർ മാത്രം. നാടകപ്രസ്ഥാനം അവരുടെ കുത്തകയായിത്തീരുകയും ചെയ്യും.

കലാകാരനും സാധാരണക്കാരനും പരസ്പരം സഹകരിക്കുന്നതിലാണു് നാടക പ്രസ്ഥാനത്തിന്റെ ഭാവി നിലനിൽക്കുന്നതു്. സാധാരണക്കാരൻ കലാസ്വാദനത്തിലും പെരുമാറ്റമര്യാദയിൽത്തന്നെയും ഉയർന്നാൽ മാത്രമേ നാടകകലകൾ അഭിവൃദ്ധിപ്പെടുകയുള്ളു. ഇതുണ്ടാകണമെങ്കിൽ ബോധപൂർവ്വമായ ഒരു പരിശ്രമം സാധാരണക്കാരൻതന്നെ നടത്തേണ്ടിയിരിക്കുന്നു ഇക്കാര്യത്തിൽ കുറെയൊക്കെ പരിശ്രമങ്ങൾ നടന്നിട്ടുണ്ടു്. എങ്കിലും വളരെ വിജയിച്ചിട്ടില്ല. ചില രാഷ്ട്രീയ നേതാക്കന്മാർ ഇക്കാര്യത്തിൽ ഒരു മഹാദ്രോഹം ചെയ്യുന്നുണ്ടു്. തുറന്നടിച്ചു് കുറെ മുദ്രാവാക്യങ്ങൾ പ്രഖ്യാപനം ചെയ്യുന്ന കലകളൊഴിച്ചു് സകലതിനേയും അവർ നിഷേധിക്കുന്നു. അങ്ങനെ ചെയ്യുവാൻ അനുയായികളെ പ്രേരിപ്പിക്കുകയും ചെയ്യുന്നു. അതിപ്രധാനപ്രശ്നങ്ങൾ അങ്ങനെ പച്ചവെള്ളംപോലെ പറഞ്ഞുതീർക്കാവുന്നതല്ലെന്നു് അവർ മനസ്സിലാക്കുന്നില്ല. പ്രശ്നനാടകങ്ങളും ആശയനാടകങ്ങളും എപ്പോഴും കുറച്ചു ഗഹനമായിരിക്കും. സാമൂഹ്യപരിവർത്തനത്തിനു സഹായിക്കുന്ന നാടകങ്ങൾ എല്ലാം ഇത്തരത്തിലുള്ളവയായതുകൊണ്ടു് അവയെ മനസ്സിലാക്കുവാനുള്ള ഒരു യത്നത്തിലാണു് അവരെ പ്രേരിപ്പിക്കേണ്ടതു്. അല്പമൊരു പരിശ്രമമുണ്ടെങ്കിൽ അതു സാധിക്കുകയും ചെയ്യും. പൊതുവെ പറഞ്ഞാൽ കേരളത്തിലെ കാഴ്ചക്കാരുടെ കലാബോധം ഉയർന്നിട്ടുണ്ടെന്നു പറയാം. നിരന്തരമായ പരിശ്രമംകൊണ്ടു് അതിനിയും ഉയരും. ഉയർത്തുകയും വേണം.

സി ജെ തോമസിന്റെ ലഘു ജീവചരിത്രം

Colophon

Title: Kazhchakar (ml: കാഴ്ചക്കാർ).

Author(s): CJ Thomas.

First publication details: Sayahna Foundation; Trivandrum, Kerala; 2022-03-30.

Deafult language: ml, Malayalam.

Keywords: Article, CJ Thomas, Kazhchakar, സി ജെ തോമസ്, കാഴ്ചക്കാർ, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: March 29, 2022.

Credits: The text of the original item is copyrighted to the author. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-NC-SA 4​.0). Commercial use of the content is prohibited. Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: Disappointed, a painting by Jogesh Chandra Seal (1895–1926). The image is taken from Wikimedia Commons and is gratefully acknowledged.

Production history: Data entry: JS Aswathy; Proofing: Abdul Gafoor; Typesetter: LJ Anjana; Editor: PK Ashok; Encoding: LJ Anjana.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.