images/Umberto_Boccioni_-_Laughter.jpg
Laughter, a painting by Umberto Boccioni (1882–1916).
കഥയാണു് കാര്യം
സി. ജെ. തോമസ്

‘ബാല്യകാലസഖി’ ഒരു ഫിലിംകഥയാക്കി നന്നാക്കുവാൻവേണ്ടി തെക്കെ ഇന്ത്യയിലെ അത്യുന്നതനായ ഒരു ഡയറക്ടർ മൂന്നു നിർദ്ദേശങ്ങൾ നൽകുകയുണ്ടായി; ഒന്നു്, പാത്രങ്ങളൊന്നും മുസ്ലീമായിരിക്കരുതു്. ഹിന്ദുവായിരിക്കണമെന്നുമാത്രമല്ല, യാതൊരു പ്രത്യേക ജാതി ഹിന്ദുവായിരുന്നും കൂടാ. രണ്ടു്, സംഭാഷണങ്ങളെല്ലാം മലയാളസംഗീതനാടകങ്ങളിലെപ്പോലെ മാറ്റി എഴുതണം. മൂന്നു്, കഥ ശുഭപര്യവസായി ആയിരിക്കണം. ഇങ്ങനെ ബാല്യകാലസഖിക്കു് ഒരു രൂപാന്തരം വരുത്തിയാൽ അതൊരൊന്നാന്തരം സിനിമാക്കഥയാകുമത്രേ! കഷായത്തിൽ മേമ്പൊടിയെന്നോണം, “നിങ്ങൾക്കൊന്നും ഇതിന്റെ ടെക്നിക്കറിഞ്ഞുകൂടാ” എന്നൊരു താക്കീതും.

എന്താണിങ്ങനെയൊരു ദുരവസ്ഥ തെക്കെ ഇന്ത്യയിലെ ചലച്ചിത്രലോകത്തിനു വന്നു ഭവിക്കാൻ കാരണം? പതിവുപോലെ അതിനുള്ള ഉത്തരവാദിത്വവും സാധാരണക്കാരന്റെ മുതുകത്തുതന്നെയാണു വീഴുന്നതു്. സകലകലാവല്ലഭനായ ഡയറക്ടറദ്ദേഹം വിശദീകരിക്കുകയുണ്ടായി: “കേട്ടോ, ഇതൊന്നും നിങ്ങൾക്കു മനസ്സിലാവുകയില്ല. സ്റ്റാർ വാല്യു, സെക്സപ്പീൽ, കാമറാകട്ട് അങ്ങനെ എന്തെല്ലാം കാര്യങ്ങൾ ഉണ്ടെന്നു നിങ്ങൾക്കറിയാമോ? ഫിലിം ഒരു വ്യവസായമാണു്, മിഷണറിവേലയല്ല. ബോക്സ് ഓഫീസ് പരിഗണനയാണു് ചിത്രനിർമ്മാണത്തിന്റെ വിധാതാവു്.” ചുരുക്കിയങ്ങുപറഞ്ഞാൽ സാധാരണജനങ്ങൾക്കു് ഈ ചെറുകഥകൾ മാത്രമേ രസിക്കൂ എന്നാണു വാദം (ഡയറക്ടർക്കു് യഥാർത്ഥ കലാബോധമുണ്ടു്! അതാരും സംശയിച്ചുകൂടാ) നല്ല ചിത്രങ്ങൾ നിർമ്മിച്ചാൽ സാമ്പത്തിക പരാജയമായിപ്പോകും, ആളുകൾക്കു ബുദ്ധിയില്ല. അങ്ങനെയാണു് ആ തത്ത്വശാസ്ത്രത്തിന്റെ പോക്കു്.

സിനിമ ഒരു വ്യവസായമാണെന്നതു സമ്മതിക്കാം. ജനങ്ങളുടെ പണം വാങ്ങുവാൻവേണ്ടി അതു് അവർക്കു രുചിക്കുന്ന രീതിയിൽ നിർമ്മിക്കുകയും വേണം. പക്ഷേ, എങ്ങനെയും പണമുണ്ടാക്കിയാൽ മതിയെങ്കിൽ കള്ളനോട്ടടിക്കാം, കരിഞ്ചന്ത നടത്താം, കവർച്ചയുമാകാം. ഫിലിമിന്റെ കാര്യം ഈ ബിസിനസ്സുകളിൽനിന്നു ഭിന്നമാണല്ലൊ. ഇതു പരസ്യമായി നടത്തുന്ന ഒരേർപ്പാടാണു്. ജനസാമാന്യത്തിന്റെ മാനസികനിലയേയും സാമ്പത്തികസ്ഥിതിയേയും സാരമായി ബാധിക്കുന്ന ഈ തൊഴിൽ വെറും ‘ദീപസ്തംഭം’ തത്ത്വത്തിന്മേൽ നടത്താൻ അവർക്കവകാശമില്ലെന്നും, നടത്താൻ കഴിയുകയില്ലെന്നും അവർ മനസ്സിലാക്കുന്നതു വ്യവസായത്തിന്റെ ഭാവിക്കു നന്നു്. അവരുടെ അവകാശം അതിരറ്റതെങ്കിൽ കുറെ സ്ത്രീകളെ പൂർണ്ണനഗ്നകളാക്കി ചിത്രത്തിൽ കാണിച്ചുനോക്കട്ടെ. നല്ല ബോക്സോഫീസായിരിക്കും. നിസ്സഹായരായ കാണികളുടെ നേരെ കൊഞ്ഞനം കാണിക്കുകയും പണംപിടുങ്ങുകയും ചെയ്യുന്ന ഇവർ നഗ്നതക്കെതിരായ നിയമങ്ങളേയും ഒന്നു മാറ്റിനോക്കട്ടെ. കുറെ കാലത്തേക്കു തുടർച്ചയായി അറുവഷളൻചിത്രങ്ങൾ പ്രദർശിപ്പിച്ചു ജനങ്ങളുടെ മനഃസ്ഥിതി അധഃപതിപ്പിച്ചാൽ തീർച്ചയായും കുറെ പണമുണ്ടാക്കാൻ കഴിയും. പക്ഷേ, ഈ കച്ചവടം ദീർഘായുസ്സാണെന്നു ധരിക്കുന്നതു ബുദ്ധിശുന്യമാണു്. ഇപ്പോൾതന്നെ ഈ സമ്പ്രദായം പൊളിഞ്ഞുതുടങ്ങി എന്നതിനു വ്യക്തമായ തെളിവുണ്ടു്. ഒരു കോടീശ്വരൻ (ഹിന്ദു വിശേഷാൽപ്രതി) എഴുതിയിരിക്കുന്നതായി കണ്ടു. വിമർശകന്മാരുടെ പ്രവൃത്തി വെറും ഈച്ചകടിയല്ല. മടിശ്ശീലയെ കരളുന്ന പ്രവൃത്തിയാണെന്നു് നിർമ്മാതാക്കൾക്കു് അനുഭവജ്ഞാനം ഉണ്ടായിരിക്കുന്നുവെന്നാണതിന്റെ അർത്ഥം. കുറെ നഗ്നഭാഗങ്ങൾ കാണിക്കുകയും രണ്ടു മനുഷ്യജന്തുക്കളുടെ മുതുകൂത്തു് കാട്ടുകയും ചെയ്താൽ കുറെ അധികം ആളുകൾ അതു കണ്ടേക്കാം എന്നു ഞാനും സമ്മതിക്കുന്നു. അനേകചിത്രങ്ങളുടെ ആൾപ്പെരുപ്പം കണ്ടു് എന്റെ ജനാധിപത്യമനഃസ്ഥിതിക്കുതന്നെ ഉടവുതട്ടിയിട്ടുണ്ടു്. പക്ഷേ, നല്ല ചിത്രങ്ങൾ ആളുകൾ കാണുകയില്ലെന്നും അവ സാമ്പത്തിക പരാജയമാകുമെന്നും ഉള്ള വാദം സ്വീകരിക്കാൻ നിവൃത്തിയില്ല. ഇവിടെ ‘ഭിന്നരുചിർഹി ലോകഃ’ എന്നാരെങ്കിലും അട്ടഹസിക്കുമെന്നെനിക്കറിയാം. ലോകാരംഭം മുതലുള്ള സകല ‘അമ്മേത്തല്ലി’കളുടേയും മുദ്രാവാക്യമാണതു്. രുചികൾ ഭിന്നമാണു്. പക്ഷേ, അനേകം കാര്യങ്ങളിൽ പൊതുതത്ത്വങ്ങളുണ്ടു്. ഭ്രാന്തനോടു ഭിന്നരുചിതത്ത്വമനുസരിച്ചല്ലല്ലൊ നാം പെരുമാറുന്നതു്. പിന്നെ നല്ലചിത്രങ്ങൾ ഭൂരിപക്ഷം മനുഷ്യരും വെറുക്കുമെന്നാണു് വാദമെങ്കിൽ, രാമായണം മുതൽ രമണൻ വരെയുള്ള കലാസൃഷ്ടികൾ രസിക്കുന്ന സാധാരണക്കാരനു ഫിലിമിന്റെ കാര്യത്തിൽ മാത്രം എന്താണു കുഴപ്പം? ഒന്നുകിൽ ‘നല്ല ചിത്രം’ എന്ന പ്രയോഗംകൊണ്ടു് ഇവർ അർത്ഥമാക്കുന്നതു് രാജമുക്തിയും വെള്ളിനക്ഷത്രവുമായിരിക്കും. അല്ലെങ്കിൽ അവർ പറയുന്നതു വെറും ‘സത്യമല്ലാത്തതു്’ മാത്രമാണു്. അത്ര വിശേഷപ്പെട്ടവയല്ലെങ്കിലും ചില ചിത്രങ്ങളുടെ കാര്യം ഒന്നെടുത്തു ചോദിച്ചുകൊള്ളട്ടെ. ‘തമിഴ് ശാകുന്തളം’ സമ്പത്തികപരാജയമായിരുന്നോ? തനി ഈശ്വരവിരുദ്ധമായ ‘വേലക്കാരി’ നിർമ്മിക്കാൻ കേരളത്തിലെ ഒരു നിർമ്മാതാവിനു ചങ്കുറപ്പുണ്ടാകുമോ? അതും സാമ്പത്തിക പരാജയമാണോ? തെലുങ്കറിയാൻ പാടില്ലാത്ത ഈ നാട്ടിൽ ദേവത മുതലായ ചിത്രങ്ങൾക്കു് എങ്ങനെയാണു പ്രചാരം ലഭിച്ചതു്? ‘അമൂല്യഘടികാരം’ മുതലായ ചിത്രങ്ങൾ ജനങ്ങൾ സ്വീകരിച്ചില്ലേ? ഇത്രയും ഉദാഹരണങ്ങൾ മതിയല്ലോ, നല്ല ചിത്രങ്ങൾ സാമ്പത്തിക വിജയങ്ങളായിരിക്കുമെന്നു തെളിയിക്കാൻ. അതുകൊണ്ടു ഫിലിമിലെ കഥകൾ മോശമാകുന്നതു് ഉൽപാദകർ ജനങ്ങളുടെ പുറകെ പോകേണ്ടിവരുന്നതുകൊണ്ടാണെന്ന ഒഴികഴിവു് ഇനിയെങ്കിലും ആവർത്തിക്കാതിരിക്കുക.

പിന്നെവിടെയാണു കുഴപ്പം? തുറന്നങ്ങു പറഞ്ഞാൽ, ഉൽപാദകനു് അവന്റെ തൊഴിൽ അറിഞ്ഞുകൂടാ എന്നുമാത്രം. കുറച്ചു ഫോട്ടോഗ്രാഫി (അതും ശരിയായിട്ടല്ല), ചില രംഗങ്ങളെപ്പറ്റി അല്പം മുറിവൈദ്യം ഇത്രയും ഉണ്ടെന്നല്ലാതെ ചിത്രനിർമ്മാണത്തിന്റെ ഒരൊറ്റ ശാസ്ത്രീയവശമെങ്കിലും അറിയാവുന്ന ഡയറക്ടർമാർ തെക്കേഇൻഡ്യയിലുണ്ടെന്നു് ഇതുവരെ കണ്ട ചിത്രങ്ങളിൽനിന്നു വിശ്വസിക്കാൻ കഴിയുന്നില്ല. ഉണ്ടായിരിക്കാം. പക്ഷേ, അതൊന്നും ഇതുവരെ പ്രയോഗിച്ചില്ലെന്നെങ്കിലും പറയാതെ നിവൃത്തിയില്ല. സാഹിത്യത്തെപ്പറ്റി ജ്ഞാനമില്ലാതെ ഒരുത്തനും ഡയറക്ടറാകാൻ കഴിയില്ല. കഥയാണു് ചിത്രത്തിന്റെ അടിസ്ഥാനം. അതിനെപ്പറ്റി ശരിയായി അറിഞ്ഞിരിക്കുക എന്നതാണു് അടിസ്ഥാനനിയമം. ഇതറിയാത്തതാണു് സകല മലയാളചിത്രങ്ങളുടേയും പരാജയകാരണം. കഥയെഴുതുന്നതു മറ്റാരെങ്കിലുമാണെന്നു പറഞ്ഞു് ഡയറക്ടർ ഒഴിഞ്ഞുകളഞ്ഞേക്കാം. എങ്കിലും, അങ്ങനെ രക്ഷപ്പെടാൻ ഇവിടെ നിവൃത്തിയില്ല. ഒന്നുകിൽ തൊഴിലറിയാത്ത എഴുത്തുകാരനെ നിയമിച്ചു; അല്ലെങ്കിൽ ഡയറക്ടറുടെ അജ്ഞത എഴുത്തുകാരന്റെമേൽ കെട്ടിവെച്ചു. ഇതെല്ലാം കഴിച്ചിട്ടും പിന്നെയും ഒന്നോ രണ്ടോ കഥകൾ (ശാകുന്തളം പോലെ) ഫിലിമിൽ പ്രവേശിച്ചിട്ടുണ്ടെങ്കിൽ അതിനുത്തരവാദി നിർമ്മാതാവിന്റെ സാഹിത്യരസികത്തമല്ല, കഥയുടെ പ്രചാരമാണു്.

വിമർശനങ്ങൾ സൃഷ്ടിപരമല്ല എന്നാണല്ലോ ഒരു പരാതി. തികച്ചും സൃഷ്ടിപരമായി ചിലതു പറയാം. എങ്ങനെയാണു ചിത്രനിർമ്മാണത്തിനുവേണ്ടി ഒരു കഥ തിരഞ്ഞെടുക്കുന്നതു്? അതു് എങ്ങനെയാണു് ഒരു സിനിമാക്കഥയാക്കി രൂപപ്പെടുത്തുന്നതു്?

രസകരമായ ഏതു കഥയും ചിത്രത്തിനു കൊള്ളാമെന്നു പറഞ്ഞാൽ വലിയ അതിശയോക്തി ഉണ്ടായിരിക്കയില്ല. പുരാണകഥകൾ നിഷിദ്ധമാണെന്നുള്ള വാദം അത്രയ്ക്കു ശരിയല്ല. ‘രാമരാജ്യം’ കണ്ടുകഴിഞ്ഞു് ആരും പുരാണകഥകളെ അടച്ചു് ആക്ഷേപിക്കുകയില്ല. ഒന്നാമതു്, കഥയുടെ ലക്ഷ്യം മനസ്സിലാക്കണം. ശീലാവതിപോലുള്ള വൃത്തികെട്ട കഥകളാണു് തമിഴിൽ കാണാറുള്ളതു്. ഭർത്താവു് വേശ്യകളുടെ പുറകെ പോവുക, വേണ്ടിടത്തോളം സുഖിച്ചു് മടങ്ങിവരുന്നതുവരെ ഭാര്യ കാത്തിരിക്കുക. ഇത്രയും പറഞ്ഞാൽ അവ കഥകളുടെ സംക്ഷേപമായി. അവയല്ലാതെ പുരാണങ്ങളിൽ കഥകളുണ്ടു്. രണ്ടാമതു്, ദേവന്മാരെ നായ്ക്കന്മാരും കുളംകോരികളുമാക്കരുതു്; ദേവികൾ നെഞ്ചു കുലുക്കുന്നതിനൊരതിരുവേണം. മൂന്നാമതു്, അത്ഭുതങ്ങളുടെ എണ്ണം കുറഞ്ഞിരിക്കണം. ചരിത്രകഥകൾ നല്ലതാണു്. പക്ഷേ, തല്ക്കാലം നമുക്കതിനു വേണ്ട സാങ്കേതികജ്ഞാനം ഇല്ല. സാമൂഹ്യകഥകളാണു് ഏറ്റവും ലാഭകരവും സുന്ദരവും എങ്കിലും അവയുടെ ഇന്നത്തെ നില തൃപ്തികരമല്ല. പ്രധാനമായി പറ്റുന്ന തെറ്റു് ഏതെങ്കിലുമൊരു കഥ ഫിലിമിനുവേണ്ടി മാറ്റി എഴുതുമ്പോൾ സംഭവിക്കുന്നതാണു്. അതിനു ലളിതമായ ചില നിയമങ്ങളുണ്ടു്.

സിനിമാക്കഥ, നോവലോ ചെറുകഥയോ നാടകമോ അല്ല. ഇവ മൂന്നിന്റെയും ചില ഘടകങ്ങൾ തള്ളി, മറ്റു ചിലതു സ്വീകരിച്ചാണു് സിനിമാക്കഥ സൃഷ്ടിക്കുന്നതു്. ഒരു നോവലിന്റെ ദൈർഘ്യവും, ഇഴഞ്ഞ ഗതിയും, എണ്ണമറ്റ രംഗങ്ങളും മനഃശാസ്ത്രവിശദീകരണങ്ങളും വർണ്ണനകളും സിനിമാക്കഥയിൽ വന്നുകൂടാ. ഏതാണ്ടു് രണ്ടുമണിക്കൂർ മാത്രമാണു് ഫിലിമിന്റെ നീളം. അതുകൊണ്ടു് ഒരു നോവൽ സിനിമയാകുമ്പോൾ ഒരു നോവലെറ്റിനോളമാക്കി ചുരുക്കണം. വിട്ടുകളയുന്ന സംഭവങ്ങളും പാത്രങ്ങളും കഥയുടെ മൂലതന്തുവിൽനിന്നു് ഏറ്റവും അകന്നുനിൽക്കുന്നവയായിരിക്കണമെന്നതു് എടുത്തുപറയേണ്ടതില്ലല്ലോ. മനഃശാസ്ത്രചർച്ചകളും മറ്റും വിട്ടുകളയണം. ഉപന്യാസം വായിക്കുന്നതു കേൾക്കാനല്ല കാണികൾ വന്നിരിക്കുന്നതു്. മാനസികാപഗ്രഥനത്തിന്റെ ഫലം കാണികളിൽ ഉണ്ടാക്കത്തക്കരീതിയിൽ കഥ സംവിധാനംചെയ്യുകയാണു വേണ്ടതു്. വർണ്ണനയുടെ കാര്യവും തഥൈവ. സുന്ദരമായ ഒരു രംഗം തിരശ്ശീലയിൽ കാണിച്ചിട്ടു് അതിനെ വർണ്ണിച്ചു പാട്ടുപാടുന്ന ഏർപ്പാടു് ദുസ്സഹമാണു്. ചിത്രം കണ്ടപ്പോൾതന്നെ കാണികൾ അതിലെ ആമ്പലും ചന്ദ്രികയുമെല്ലാം കണ്ടുകഴിഞ്ഞു. ഇനി അതിന്റെ ലിസ്റ്റ് വായിച്ചുകേൾക്കണമെന്നില്ല. ഇങ്ങനെയെല്ലാമുള്ള മാറ്റങ്ങൾ ചെയ്യേണ്ടിവരുമെങ്കിലും നോവലാണു് സാധാരണയായി നല്ല സിനിമാക്കഥകൾ.

ചെറുകഥയും സിനിമാക്കഥയുമായി ചില സാമ്യങ്ങളെല്ലാമുണ്ടു്. ചെറുകഥയിലെ കോൺസെൻട്രേഷൻ ഫിലിമിലും അത്യാവശ്യമാണു്. ഉപകഥകളും ബന്ധമില്ലാത്ത സംഭവങ്ങളും ചെറുകഥയിലെന്നതുപോലെ ഫിലിമിലും വർജ്ജ്യമാണു്. ചെറുകഥയിൽനിന്നു് സിനിമാക്കഥയുണ്ടാക്കാൻ സാധിക്കും. പക്ഷേ, അതു വളരെ വിഷമംപിടിച്ച പണിയാണു്. ചെറുകഥകൾക്കു നീളം പോരാ. രംഗങ്ങൾ തീരെ കുറവായിരിക്കും. ഒരു ഫിലിമിനു വേണ്ടത്ര പാത്രങ്ങളും ചെറുകഥയിൽ ഉണ്ടായിരിക്കുക സാധാരണമല്ല. ഒരു തികഞ്ഞ സാഹിത്യകാരൻ ഡയറക്ടു് ചെയ്യുമ്പോൾ മാത്രമേ ചെറുകഥയിൽനിന്നു ഫിലിമെടുക്കാൻ കഴിയൂ.

നാടകത്തിന്റെ ഫോട്ടോ എടുക്കുന്നതാണു് ഫിലിം എന്നു ധരിച്ചുവച്ചിട്ടുള്ളവർ അനേകമുണ്ടു്. നിർമ്മാതാക്കളുടെ ഇടയിലും. നാടകത്തിന്റെ അടിസ്ഥാനം ഒരു സംഘട്ടനമാണു്. ഈ ഘടകം ഉണ്ടായിരുന്നില്ലെങ്കിൽ ഫിലിമിന്റെ ശക്തി പൂജ്യമായിരിക്കും. മറ്റൊന്നുകൂടി നാടകത്തിലേതുപോലെ ആകാവുന്നതുണ്ടു്. നാടകത്തിലും ഫിലിമിലും പാത്രങ്ങളെ അല്പം അതിശയോക്തിയോടുകൂടി ചിത്രീകരിക്കാം. സംഭാഷണത്തിലും പെരുമാറ്റത്തിലുമല്ല, അവരുടെ അടിസ്ഥാനസ്വഭാവത്തെ സംബന്ധിച്ചിടത്തോളം. സംഭാഷണം ഒരിക്കലും നാടകീയമാകരുതു്. നേരിട്ടു രംഗത്തു വന്നു് നീണ്ട ഒരു ഹാളിലിരിക്കുന്ന കേൾവിക്കാരോടു പറയുന്നതുപോലെ കൃത്രിമമായി ഫിലിമിൽ സംസാരിക്കേണ്ട ആവശ്യമില്ല. സംഭാഷണത്തെ അതുപടി പകർത്തിയെടുത്തു് കൊട്ടകയിലെ എല്ലാ മൂലയിലും എത്തിക്കാൻ കഴിവുള്ള ശാസ്ത്രീയ കഴിവുകൾ ഉള്ളപ്പോൾ വെറും സ്വാഭാവികമായ സംഭാഷണം മാത്രമാണു് ആവശ്യം. രംഗങ്ങളായി മുറിക്കുന്ന പതിവും നാടകത്തിന്റേതാണു്. സിനിമയിലാകട്ടെ അനേക രംഗങ്ങൾ ഉണ്ടെങ്കിലും അവയെല്ലാം ചേർത്തു് ഒരു പ്രവാഹമെന്നപോലെ കഥ പറഞ്ഞുപോവുകയാണു വേണ്ടതു്. ഇതു സാധിക്കണമെങ്കിൽ രംഗങ്ങൾ ചെറുതായിരിക്കുകയും. ഓരോ രംഗവും അതിനടുത്തതിലേക്കു ക്രമേണ അലിഞ്ഞുചേരുകയും വേണം. കഥയുടെ ഒരു ചരടിൽനിന്നു് മറ്റൊന്നിലേക്കു മാറിയേതീരൂ എന്നു വരുന്ന സന്ദർഭങ്ങൾ ഏറ്റവും കുറയ്ക്കണം.

ഇങ്ങനെ എഴുതുന്ന സിനിമാക്കഥ എങ്ങനെയിരിക്കും? ശ്രദ്ധയെ ആകർഷിക്കുന്ന ഒരു സംഭവത്തിൽ ആരംഭിച്ചു്, കാണികളെ സാവധാനത്തിൽ കഥയിലേക്കു പ്രവേശിപ്പിച്ചു്, ക്രമേണ അവരുടെ ചിന്താഗതിയെ കഥാകൃത്തിന്റെ ഭാവനയോടു യോജിപ്പിച്ചു്, ചില ആകാംക്ഷകളും ആശകളും ആശങ്കകളും അവരിൽ അങ്കുരിപ്പിച്ചുകൊണ്ടു്, അവസാനത്തോടുകൂടി കഥാകഥനം ത്വരിതപ്പെടുത്തി, വേഗതയുടെയും വികാരാധിക്യത്തിന്റെയും മൂർദ്ധന്യത്തിൽ ഒപ്പമെത്തി, അവസാനം കൊടുംപിരി അഴിച്ചുകൊണ്ടവസാനിപ്പിക്കുകയാണു് സിനിമാക്കഥയുടെ സാധാരണ സമ്പ്രദായം. പക്ഷേ, അവസാനഭാഗത്തെ ആകാംക്ഷ വർദ്ധിപ്പിക്കുവാൻവേണ്ടി ഉന്നയിക്കുന്ന സ്തംഭനങ്ങൾ അധികം നീണ്ടു പോകാതിരിക്കാൻ നിഷ്ക്കർഷിക്കേണ്ടതാണു്. ഉദാഹരണത്തിനു്, നായികയെ രക്ഷിക്കാൻ നായകൻ ഓടിവരുന്നുവെന്നിരിക്കട്ടെ. സ്തംഭനത്തിനുവേണ്ടി അയാൾ അരമണിക്കൂർ താമസിച്ചാൽ അപ്പോഴേക്കും കാണികളുടെ ക്ഷമ അസ്തമിച്ചിരിക്കും. വിയർത്തൊലിച്ചു കയറിവരുന്ന ആ നായകനെ കാണികൾ സ്വാഗതംചെയ്യുന്നതു വികാരാധിക്യത്തോടു കൂടിയായിരിക്കുകയില്ല. ഇതു വെറും കഥയാണല്ലോ എന്ന തണുത്തു മരവിച്ച വേദാന്തവുമായിട്ടായിരിക്കും.

ഇതിനോടു ബന്ധമുള്ള മറ്റൊരു കാര്യമാണു് കഥയിലെ ഭിന്നഭാഗങ്ങൾ തമ്മിലുള്ള വലുപ്പവ്യത്യാസങ്ങൾ (Proportion). നോവലിനു ബാധകമായ സാങ്കേതികനിയമങ്ങൾ സിനിമാക്കഥയ്ക്കും ബാധകമാണു്. നൃത്തം, സംഗീതം, ഫലിതം എന്നിവയ്ക്കുവേണ്ടി ചില ഭാഗങ്ങൾ കുറെ വലുതാക്കേണ്ടി വരും. പക്ഷേ, അതിനും ഒരു കണക്കൊക്കെയുണ്ടു്. മൂലകഥയിൽ കാണികൾക്കു രസിക്കയില്ലെന്ന മൂഢബുദ്ധി കൊണ്ടു് നൃത്തം, ഫലിതം, പ്രകൃതിചിത്രണം, യുദ്ധം മുതലായി കുറെ വസ്തുക്കൾകൊണ്ടു് ചിത്രം കുത്തിനിറച്ചാൽ ഒട്ടകത്തിനു കൂടാരത്തിൽ തലവെയ്ക്കാൻ സ്ഥലം കൊടുത്തതുപോലെയായിരിക്കും ഫലം. അവസാനം കഥയ്ക്കു സ്ഥലം കാണുകയില്ല. ഇങ്ങനെ കാലിനും കൈയ്ക്കും മന്തുപിടിച്ച ചിത്രങ്ങൾ നിരവധിയാണു്. ഹിന്ദിചിത്രങ്ങൾക്കു നൃത്തവും, തമിഴിനു സംഗീതവുമാണു ബാധിക്കുന്നതു്. ഈ അലങ്കാരങ്ങളെല്ലാം വെച്ചുകെട്ടി പെണ്ണിനെ പുറത്തിറക്കിയാൽ, ആഭരണബാഹുല്യം കൊണ്ടു പെണ്ണിനെ കാണാൻ വയ്യ എന്ന സ്ഥിതിയാകും. പെണ്ണു് കണ്ണുകുഴിഞ്ഞു്, കവിളൊട്ടി കഷണ്ടിയായതാണെങ്കിൽ മാത്രമേ ഈ പരിപാടി നീതീകരിക്കാനാവൂ.

സിനിമാക്കഥ ലളിതവും ഋജുവും ആയിരിക്കണം. സങ്കീർണ്ണമായ ആശയഗതികളും കെട്ടുപിണഞ്ഞ ഇതിവൃത്തങ്ങളും ഫിലിമിൽ കൊണ്ടുവന്നാൽ ആർക്കും ഒരു ചുക്കും മനസ്സിലാവുകയില്ല. അഥവാ വല്ലതും മനസ്സിലായാൽ അതു കഥയുടെ കാതലായ ഭാഗവുമായിരിക്കയില്ല. ഭാഷയറിഞ്ഞുകൂടാത്തവർക്കും കഥ മനസ്സിലാകണമെന്ന ലക്ഷ്യത്തോടുകൂടി ചിത്രം നിർമ്മിച്ചാൽ ഇക്കാര്യത്തിൽ വളരെ വിജയമുണ്ടാകും.

ഇതിലെല്ലാം പ്രധാനമായി കഥാകൃത്തു് അറിഞ്ഞിരിക്കേണ്ട ഒന്നുണ്ടു്. ഫിലിമിൽ കഥ പറയുന്ന രീതിയുടെ പ്രത്യേകസ്വഭാവമാണിതു്. ഇവിടെ കഥ പറയുകയല്ല, വായിക്കുകയല്ല, അഭിനയിക്കുകയല്ല, കഥ കാണിക്കുകയാണു്. നടനും കാണികളുമായി നടന്നിരുന്ന ഒരേർപ്പാടിന്നിടയ്ക്കു് രണ്ടു വസ്തുക്കൾ വന്നുകൂടിയിട്ടുണ്ടു്. ഒന്നു്, കാമറ, രണ്ടു്, മൈക്രോഫോൺ. അതിവിദൂരരംഗങ്ങൾ, രംഗത്തു് ഒരിക്കലും സാദ്ധ്യമല്ലാത്ത സംഭവങ്ങൾ മുതലായതെല്ലാം കാമറയുടെ സഹായത്തോടുകൂടി കാണിക്കാൻ കഴിയും. ഒരു കൊടുങ്കാറ്റോ, ഭൂകമ്പമോ കഥയിൽ നിന്നു മാറ്റേണ്ടതില്ല. അങ്ങനെ കാമറയുടെ മുഴുവൻ കഴിവുകൾ ഉപയോഗപ്പെടുത്താവുന്ന രീതിയും സൂക്ഷിക്കേണ്ടതാണു്. ഒരു ക്ലോസ് അപ്പ് (close up) തന്നെ നോക്കുക. വിസ്തൃതമായ തിരശ്ശീലയിൽ ഒരു തല മാത്രമാണു് കാണിക്കുന്നതു്. അവിടെ ഓവർ ആക്ടിംഗ് വന്നാലത്തെ കഥ എന്താണു്? ഒരു തമഴ്‌നടൻ കോപം അഭിനയിക്കുന്നതിന്റെ ക്ലോസ് അപ്പ് എടുത്താൽ എത്ര വിനോദമായിരിക്കും അതു്. ശബ്ദത്തിന്റെ കാര്യവും ഇങ്ങനെതന്നെ. ദീർഘനിശ്വാസം ചെയ്യാനും രഹസ്യം പറയാനുമെല്ലാം ഇവിടെ സൗകര്യമുണ്ടു്. പക്ഷേ, അതെല്ലാം കഥയിൽ നിന്നു് കടന്നു് ഡയറക്ഷനിലെത്തുന്ന കാര്യമാണു്. സിനിമാക്കഥ എഴുതുന്ന ആൾക്കു് അതിനെപ്പറ്റിയെല്ലാം ഒരു പൊതുജ്ഞാനമുണ്ടായിരിക്കണമെന്നേയുള്ളൂ.

ഇനി ഈ മുഴക്കോലുകൊണ്ടു ബാല്യകാലസഖിയെ ഒന്നളന്നു നോക്കൂ. ഇന്നത്തെ ഫിലിം നിർമ്മാണത്തിന്റെ കുത്തകക്കാരുടെ സാഗരസമാനമായ സാങ്കേതികജ്ഞാനം നമുക്കിനിയും നല്ല സമ്മാനങ്ങൾ തരുമെന്നതിനെന്തെങ്കിലും സംശയമുണ്ടോ?

സി ജെ തോമസിന്റെ ലഘു ജീവചരിത്രം

Colophon

Title: Kadhayanu karyam (ml: കഥയാണു് കാര്യം).

Author(s): CJ Thomas.

First publication details: Sayahna Foundation; Trivandrum, Kerala; 2022-07-04.

Deafult language: ml, Malayalam.

Keywords: Article, CJ Thomas, Kadhayanu karyam, സി. ജെ. തോമസ്, കഥയാണു് കാര്യം, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: July 4, 2022.

Credits: The text of the original item is copyrighted to the author. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-NC-SA 4​.0). Commercial use of the content is prohibited. Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: Laughter, a painting by Umberto Boccioni (1882–1916). The image is taken from Wikimedia Commons and is gratefully acknowledged.

Production history: Data entry: the author; Typesetter: LJ Anjana; Editor: PK Ashok; Encoding: LJ Anjana.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download PDF.