images/silk_cotton_tree.jpg
Kapok or silk cotton tree growing by a village in Surinam, a coloured lithograph by P. Lauters .
കുറുക്കുവഴികൾ
സി. ജെ. തോമസ്

ലൈംഗിക കർമ്മത്തിൽ ബലാൽപ്രയോഗം ഉപേക്ഷിച്ചതു് പ്രായോഗിക വിജയത്തെ പ്രതിയല്ലെന്നു കാണാമല്ലോ, മനുഷ്യൻ പുരോഗമിക്കുന്നു എന്ന പ്രസ്താവന വാസ്തവമാണെങ്കിൽ, അവന്റെ സ്വഭാവത്തിൽ സാന്മാർഗ്ഗികമായ ഒരു പരിവർത്തനം വന്നു എന്നതാണതിനു കാരണം.

മനുഷ്യസംസ്കാരത്തിന്റെ അടിസ്ഥാനപുരോഗതി ഉത്തരോത്തരം ഉൽകൃഷ്ടമായിക്കൊണ്ടിരിക്കുന്ന ലക്ഷ്യത്തിലേക്കുള്ള ഗതിയാണു്. സ്വന്തം വിശപ്പുമാറ്റുക, ലൈംഗികകർമ്മം നടത്തുക എന്നീ മൃഗപരമായ ലക്ഷ്യങ്ങളിൽനിന്നു മനുഷ്യൻ ഉയർന്നു; സ്വന്തം ഭക്ഷണത്തിനു പുറമെ തന്റെകൂടെ നടക്കുന്ന സ്ത്രീക്കും, കുറെക്കൂടി കഴിഞ്ഞു്, ആ സ്ത്രീ പ്രസവിച്ച കുട്ടികൾക്കും ഭക്ഷണം സമ്പാദിക്കുകയെന്ന ലക്ഷ്യംവരെ അവൻ ഉയർന്നു. ലൈംഗികകാര്യം തന്നെ, ബലാൽക്കാരത്തിൽ നിന്നു സ്ത്രീയുടെ സമ്മതത്തോടുകൂടി രമിക്കുന്നതിലേക്കു് ഉയർന്നു; അവിടെനിന്നു നീണ്ട ഒരു കാലഘട്ടത്തിനുശേഷം പ്രണയത്തിലേയ്ക്കും. വെറും ലൈംഗികകർമ്മത്തിനു നൂറുശതമാനം പ്രാധാന്യമുണ്ടായിരുന്ന അവസ്ഥ മാറി, ഒരു പ്രധാനപങ്കു് കേവല സൗഹാർദ്ദത്തിനു നീക്കി വെച്ചുകിട്ടിയപ്പോൾ സ്ത്രീപുരുഷബന്ധം മൃഗങ്ങളുടെതിൽനിന്നു് അടിസ്ഥാനപരമായി വ്യത്യാസപ്പെട്ടു. വ്യക്തിയുടെ സ്വാർത്ഥം കുടുംബത്തിന്റെ സ്വാർത്ഥതയായിത്തീർന്നു. അടുത്തപടിയായി അതു് കുറെക്കൂടി വിശാലമായി, വർഗ്ഗത്തിന്റെ സ്വാർത്ഥതയിലെത്തി. മനുഷ്യന്റെ സാമൂഹ്യസ്വഭാവം എന്നു വ്യവഹരിക്കപ്പെടുന്ന ഈ ഗതി ഇന്നത്തെ ദേശീയത്വം വരെ ഉയർന്നുകഴിഞ്ഞിട്ടുണ്ടു്. ഇതാണു് ലക്ഷ്യങ്ങൾ മേൽക്കുമേൽ ഉത്തമങ്ങളായിക്കൊണ്ടിരിക്കുന്നു എന്നു പറഞ്ഞതിന്റെ അർത്ഥം.

കള്ളവോട്ടുകൊണ്ടു ജയിച്ചവൻ നിയമസഭയിൽ സത്യത്തിനുവേണ്ടി നില്ക്കുംപോലും! അതിന്റെ സന്മാർഗ്ഗ ശാസ്ത്രപരമായ വശം അവിടെ കിടക്കട്ടെ. അനുഭവം മാത്രം മതി ഈ ചിന്താഗതിയെ നിഷേധിക്കുവാൻ.

ക്രമേണയുള്ള ഈ വളർച്ചയിൽ ഒരു പ്രത്യേകലക്ഷ്യത്തിന്റെ ആവിർഭാവം പ്രത്യേകപരിഗണന അർഹിക്കുന്നുണ്ടു്. മറ്റു ലക്ഷ്യങ്ങൾക്കു പുറമേ, മനുഷ്യൻ തന്റെ ലക്ഷ്യത്തിലെത്താൻ സ്വീകരിക്കുന്ന മാർഗ്ഗങ്ങൾ ഉത്തമമായിരിക്കണമെന്നൊരു ലക്ഷ്യം ഉണ്ടായി. തെറ്റായ മാർഗ്ഗം തെറ്റായ ലക്ഷ്യത്തിൽ മാത്രമേ ചെന്നെത്തുകയുള്ളൂ എന്ന അനുഭവപാഠമായിരിക്കാം മനുഷ്യനെ ഈ ലക്ഷ്യം അംഗീകരിക്കാൻ പ്രേരിപ്പിച്ച കാരണങ്ങളിലൊന്നു്. പക്ഷേ, അതുമാത്രമാണതിനു കാരണമെന്നും വിശ്വസിക്കുക വയ്യ. ലൈംഗിക കർമ്മത്തിൽ ബലാൽപ്രയോഗം ഉപേക്ഷിച്ചതു് പ്രായോഗിക വിജയത്തെ പ്രതിയല്ലെന്നു കാണാമല്ലോ, മനുഷ്യൻ പുരോഗമിക്കുന്നു എന്ന പ്രസ്താവന വാസ്തവമാണെങ്കിൽ, അവന്റെ സ്വഭാവത്തിൽ സാന്മാർഗ്ഗികമായ ഒരു പരിവർത്തനം വന്നു എന്നതാണതിനു കാരണം.

എനിക്കും കുറെ നാൾ ഭരിക്കണം, ‘എന്റെ ശത്രുക്കളോടെല്ലാം പക വീട്ടിയിട്ടു മരിക്കണം’, ഇതാണു പുതിയ മുദ്രാവാക്യം. അഥവാ, കോപത്തിന്റെ ചൂടിൽ ആദർശങ്ങൾ ആവിയായി പോയിക്കഴിഞ്ഞിരിക്കുന്നു.

ഈ മൗലികസത്യം മറന്നിട്ടാണു് നമ്മുടെ പാർട്ടികളും പ്രസ്ഥാനങ്ങളും ഇന്നു പ്രവർത്തിക്കുന്നതു്. തിരഞ്ഞെടുപ്പിൽ കള്ളവോട്ടു ചെയ്യിക്കുന്നതിലും ഭീഷണിപ്പെടുത്തുന്നതിലും മറ്റു ക്രമക്കേടുകൾ കാണിക്കുന്നതിലും ആത്മാർത്ഥമായ എതിർപ്പുള്ള യാതൊരു പാർട്ടിയും ഇന്ത്യയിലില്ല. എതിർകക്ഷി അങ്ങനെ ചെയ്യുന്നതിനെപറ്റി മാത്രമേ പ്രതിഷേധമുള്ളു. എങ്ങനെയെങ്കിലും ജയിച്ചു നിയമസഭയിൽ ചെന്നാൽ പിന്നെ കണ്ണല്ലാത്തതെല്ലാം പൊന്നാക്കിക്കൊള്ളാമെന്നാണു് ധാരണ. കള്ളവോട്ടുകൊണ്ടു ജയിച്ചവൻ നിയമസഭയിൽ സത്യത്തിനുവേണ്ടി നില്ക്കുംപോലും! അതിന്റെ സന്മാർഗ്ഗ ശാസ്ത്രപരമായ വശം അവിടെ കിടക്കട്ടെ. അനുഭവം മാത്രം മതി ഈ ചിന്താഗതിയെ നിഷേധിക്കുവാൻ. ഇന്നു രാഷ്ട്രീയ നേതാക്കന്മാരൊഴിച്ചു് ആരോടും അക്കാര്യത്തെപ്പറ്റി തർക്കിക്കേണ്ട കാര്യമില്ല. നിർഭാഗ്യവശാൽ ഇന്നു സകല രാഷ്ട്രീയ പ്രസ്ഥാനങ്ങളും ഈ തെറ്റുചെയ്യുന്നുണ്ടു്. ഭീഷണിയും, കൊലയും, വഞ്ചനയും, ആഭാസത്തരവും, അപവാദവുമെല്ലാം അംഗീകൃതരാഷ്ട്രീയായുധങ്ങളായിത്തീർന്നിരിക്കുകയാണു്. അധികാരത്തിലിരിക്കുന്നവനെ മറിച്ചിടാനും അധികാരി സ്വസ്ഥാനം നിലനിറുത്തുവാനും ഈ കുറുക്കുവഴികൾ പ്രയോഗിക്കുന്നു. ആദർശശാലികളായ പലരും പ്രായോഗികപ്രവർത്തനരംഗത്തെത്തുമ്പോൾ ഈ ബലഹീനതയ്ക്കു് അടിമപ്പെടുന്ന കാഴ്ചയും സാധാരണയായിത്തീർന്നിട്ടുണ്ടു്. എന്താണിതിനു കാരണം? എന്താണിതുകൊണ്ടുള്ള ഭവിഷ്യത്തു്? എന്താണിതിനു പരിഹാരം?

കാരണം പ്രത്യേകിച്ചൊന്നുമല്ല. ബലഹീനതമാത്രം. സാമൂഹ്യവ്യവസ്ഥിതിയെ മാറ്റിമറിക്കുകയെന്നതു കുറെ ശ്രമകരമായ ജോലിയാണു്. പ്രായേണ അതു് അപകടം നിറഞ്ഞതുമാണു്. എന്നല്ല, അക്കാര്യം വിജയത്തിലെത്തുവാൻ ഒരു ദീർഘകാല പ്രവർത്തനം വേണ്ടിവന്നേയ്ക്കാം. കുറെക്കാലത്തെ സമരത്തിനുശേഷവും ചിലപ്പോൾ താൻ ലക്ഷ്യത്തിൽ നിന്നു വളരെ ദൂരെയാണെന്നു തോന്നുന്നു അപ്പോൾ ക്ഷമകേടു്, കോപം മുതലായവ തോന്നുകയായി. വിജയ സാധ്യതയെപ്പറ്റിത്തന്നെ ഒരു സംശയവും. പിന്നെ അവിടെനിന്നു കീഴോട്ടിറങ്ങാൻ അധികം കാലതാമസം വേണ്ട. ബലഹീനന്മാർ ക്ഷീണിച്ചുതുടങ്ങും. എനിക്കും കുറെ നാൾ ഭരിക്കണം, ‘എന്റെ ശത്രുക്കളോടെല്ലാം പക വീട്ടിയിട്ടു മരിക്കണം’, ഇതാണു പുതിയ മുദ്രാവാക്യം. അഥവാ, കോപത്തിന്റെ ചൂടിൽ ആദർശങ്ങൾ ആവിയായി പോയിക്കഴിഞ്ഞിരിക്കുന്നു. വലിയ ചൂടു വികാരത്തിനു വളമാണു്, അവിടെ ശാന്തമായ ചിന്തയോ സത്യമോ വളരുകയില്ല.

കുറുക്കുവഴികൾ ഇന്നു കോൺഗ്രസ്സിനെ എവിടെയാണു് കൊണ്ടെത്തിച്ചിരിക്കുന്നുവെന്നുമാത്രം നോക്കുക. കമ്മ്യുണിസ്റ്റ് പ്രസ്ഥാനവും ഈ തെറ്റിൽനിന്നു വിമുക്തമല്ല. കമ്മ്യൂണിസ്റ്റ് വിരോധികളും ചില കമ്മ്യൂണിസ്റ്റനുഭാവികളും കമ്മ്യൂണിസ്റ്റാദർശത്തെ വളരെ തെറ്റിദ്ധരിച്ചിട്ടുണ്ടു്.

ഒരു പ്രത്യേകലക്ഷ്യത്തിലെത്തണം എന്ന ലക്ഷ്യം, എങ്ങനെയെങ്കിലും ജയിക്കണം എന്ന ലക്ഷ്യമായി രൂപാന്തരം പ്രാപിക്കുന്നു. പിന്നെ മാർഗ്ഗത്തെപ്പറ്റി നോക്കുന്നില്ല. കണ്ണുമടച്ചു മുന്നോട്ടു് ഓടുകയായി. അങ്ങനെ ഓടിയാൽ കുറെയങ്ങുപോകും. പക്ഷേ, എത്തുന്ന സ്ഥലം ഉന്നംവെച്ചതുതന്നെ ആയിരിക്കുകയില്ല. ഇതു ചിലരെ നിരാശപ്പെടുത്തിയില്ലെന്നു വരാം. ലക്ഷ്യത്തിനുവേണ്ടി ഏതു കുറുക്കുവഴിയും സ്വീകരിക്കാൻ തയ്യാറുള്ളവൻ, അവസരമനുസരിച്ചു് ലക്ഷ്യത്തെ വെച്ചുമാറ്റാനും മടിക്കുന്നവനായിരിക്കുകയില്ല. എന്തെങ്കിലും മാർഗ്ഗത്തിൽ അധികാരം കൈവശപ്പെടുത്തുന്നവനു ഭൂലോകസ്വർഗ്ഗം സൃഷ്ടിക്കാൻ കഴിയുകയില്ലെന്നുമാത്രമല്ല, അവനു് ഉത്തമമായ ഒരു വ്യവസ്ഥിതിയെ വിഭാവനം ചെയ്യുവാൻതന്നെ കഴിയുകയില്ല. അവനെ സംബന്ധിച്ചിടത്തോളം അതു് സ്വർഗ്ഗമായിരുന്നേക്കാം. പക്ഷേ, അതിനുവേണ്ടി മറ്റുള്ളവരുടെ ജീവൻ പണയപ്പെടുത്തേണ്ട കാര്യമില്ലല്ലോ. സന്മാർഗ്ഗമൂല്യങ്ങൾ ലക്ഷ്യത്തിനും മാർഗ്ഗത്തിനും ഒന്നാണു്. അതു് ഒന്നാമത്തെ പടിയിൽ തകർന്നാൽ അവസാനരംഗം വരെ തകരുകതന്നെ ചെയ്യും. ഈ വിഷയത്തിൽ കോൺഗ്രസ്സിന്റെ അനുഭവങ്ങളെപ്പറ്റി പരാമർശിച്ചിട്ടു കാര്യമില്ല. ആ പ്രസ്ഥാനത്തിനു് എന്നെങ്കിലും എന്തെങ്കിലും ആദർശമുണ്ടായിരുന്നെന്നു പറഞ്ഞാൽ അതു വിശ്വസിക്കാൻ ആളുണ്ടാവുകയില്ല. എങ്കിലും, അതൊരു സത്യമാണു്. കുറുക്കുവഴികൾ ഇന്നു കോൺഗ്രസ്സിനെ എവിടെയാണു് കൊണ്ടെത്തിച്ചിരിക്കുന്നുവെന്നുമാത്രം നോക്കുക. കമ്മ്യുണിസ്റ്റ് പ്രസ്ഥാനവും ഈ തെറ്റിൽനിന്നു വിമുക്തമല്ല. കമ്മ്യൂണിസ്റ്റ് വിരോധികളും ചില കമ്മ്യൂണിസ്റ്റനുഭാവികളും കമ്മ്യൂണിസ്റ്റാദർശത്തെ വളരെ തെറ്റിദ്ധരിച്ചിട്ടുണ്ടു്. രണ്ടുകൂട്ടരും ഒരുപോലെ വിശ്വസിക്കുന്നതു്, അധികാരം സമ്പാദിക്കാൻ വേണ്ടി കമ്മ്യൂണിസ്റ്റുകാർ എന്തു മാർഗ്ഗവും അംഗീകരിക്കുമെന്നാണു്. പ്രായോഗികമായി പറഞ്ഞാൽ, അങ്ങനെ അംഗീകരിച്ചേക്കാം; പക്ഷേ, കമ്മ്യൂണിസത്തിനു മാർക്സുമായി എന്തെങ്കിലും ബന്ധമുണ്ടെങ്കിൽ അങ്ങനെ ചെയ്തുകൂടാ. എന്തു മാർഗ്ഗവും അംഗീകരിക്കാം എന്നു വിശ്വസിക്കുന്നവരിൽ തികഞ്ഞ ആത്മാർത്ഥതയുള്ളവർ ഉണ്ടായിരിക്കും. ശരിയായി ചിന്തിക്കാത്തതുകൊണ്ടും അനുഭവങ്ങൾ കുറഞ്ഞിരിക്കുന്നതുകൊണ്ടും അങ്ങനെ വരാവുന്നതാണു്. ലക്ഷ്യത്തിന്റെ പ്രഭാപൂരത്തിൽ കണ്ണഞ്ചിപ്പോകുമ്പോൾ മാർഗ്ഗംതന്നെ അദൃശ്യമായിത്തീരും. എത്ര ആത്മാർത്ഥതയോടെയായാലും വഴിക്കു നോക്കാതെ നടന്നാൽ കല്ലിൽ തട്ടി വീഴും. എഴുന്നേറ്റാൽത്തന്നെയും കണ്ണഞ്ചിച്ചുകളഞ്ഞ ലക്ഷ്യത്തെ ശപിക്കുകയും ചെയ്യും. പിന്നെ അവൻ ഫാസിസ്റ്റ് വൈതാളികത്വത്തിനു പറ്റിയ ആയുധമാകാൻ കാലവിളംബമുണ്ടാകില്ല. ഈ ദുരന്തം സംഭവിക്കാതിരിക്കണമെങ്കിൽ ലക്ഷ്യം സ്വീകരിക്കുന്നതുതന്നെ വളരെ ആലോചിച്ചതിനുശേഷം വേണം. ആ ലക്ഷ്യത്തിലേക്കുള്ള പ്രയാണത്തിൽ അനേകം പരീക്ഷകൾ വരും; അപകടങ്ങളും. അതോടുകൂടി കുറുക്കുവഴികൾ സ്വീകരിക്കാനുള്ള ആഗ്രഹവും വർദ്ധിക്കും. അവയെ എല്ലാം തിരസ്കരിക്കാത്തപക്ഷം, ഈജിപ്തിൽനിന്നു കനാൻനാട്ടിലെത്താൻ നാല്പതുവർഷം വേണ്ടിവന്ന യഹൂദജനതയുടെ അനുഭവമായിരിക്കും ഫലം. ഒന്നാമതു്, നേരെയുള്ള വഴിയേക്കാൾ നീളം കുറഞ്ഞ കുറുക്കുവഴി ഇല്ല. രണ്ടാമതു്, നിങ്ങളെത്തുന്ന ലക്ഷ്യം തെറ്റാണെങ്കിൽ തിരിഞ്ഞുനടക്കാൻ പ്രപഞ്ചം നിങ്ങളെ അനുവദിക്കുകയില്ല. അങ്ങെത്തിക്കഴിഞ്ഞു് എല്ലാം സാധിച്ചുകൊള്ളാം എന്നു നിങ്ങൾ വിചാരിക്കുന്നു. അങ്ങനെയെങ്കിൽ കൂലിയും കൈക്കൂലിയും കൊടുത്തു മതത്തിൽ ആളുകളെ ചേർക്കുന്നവരെപ്പറ്റി നിങ്ങൾ എന്തുപറയുന്നു? അങ്ങനെ മതത്തിലെത്തുന്നവനും എത്തിക്കുന്നവനും നന്നാകുമെന്നു് നിങ്ങൾ വിശ്വസിക്കുന്നില്ലെങ്കിൽ, മറ്റു വിശ്വാസങ്ങളുടെ കഥയും അതുതന്നെയെന്നു മനസ്സിലാക്കാമല്ലോ. ഇതു് നിങ്ങൾക്കു് ഒരു സാധനാപാഠമായിരിക്കട്ടെ; സ്വാർത്ഥതാൽപര്യങ്ങളോ, മുൻവിധികളോ തീണ്ടാത്ത ഒരുനല്ല സാധനാപാഠം. കൈക്കൂലി വാങ്ങി ക്രിസ്ത്യാനിയാകുന്നവൻ ക്രിസ്തുവിന്റെ മാർഗ്ഗത്തിൽ നടക്കുകയില്ലെങ്കിൽ അനീതിയും അസത്യവുംകൊണ്ടു് അധികാരം കയ്യടക്കുമ്പോൾ നിങ്ങളുടെ ചങ്ങാതികൾ മര്യാദരാമന്മാരായി, ആദർശവാന്മാരായി, പെരുമാറുമെന്നു് എന്താണുറപ്പു്? അല്ല, നിങ്ങൾതന്നെ നീതിമാനായിരിക്കുമെന്നു് എങ്ങനെ നിങ്ങൾതന്നെ വിശ്വസിക്കും?

ഒന്നാമതു്, നേരെയുള്ള വഴിയേക്കാൾ നീളം കുറഞ്ഞ കുറുക്കുവഴി ഇല്ല. രണ്ടാമതു്, നിങ്ങളെത്തുന്ന ലക്ഷ്യം തെറ്റാണെങ്കിൽ തിരിഞ്ഞുനടക്കാൻ പ്രപഞ്ചം നിങ്ങളെ അനുവദിക്കുകയില്ല. അങ്ങെത്തിക്കഴിഞ്ഞു് എല്ലാം സാധിച്ചുകൊള്ളാം എന്നു നിങ്ങൾ വിചാരിക്കുന്നു. അങ്ങനെയെങ്കിൽ കൂലിയും കൈക്കൂലിയും കൊടുത്തു മതത്തിൽ ആളുകളെ ചേർക്കുന്നവരെപ്പറ്റി നിങ്ങൾ എന്തുപറയുന്നു?

വ്യവസ്ഥിതി! വിപ്ലവപരമായി പുനഃസ്സംവിധാനം ചെയ്യപ്പെട്ട വ്യവസ്ഥിതി സമത്വത്തിന്റെയും നീതിയുടെയും അടിസ്ഥാനത്തിൽ പടുത്തുയർത്തപ്പെട്ട ഒരു സാമൂഹ്യഘടന! ആ ഉത്തരം ഉടനെ ഉണ്ടാകും. എന്നു വെച്ചാൽ, ഒരു സുപ്രഭാതത്തിൽ ലോകം മുഴുവനും നീതിപരമാക്കാൻ നിങ്ങൾ ആശ്രയിക്കുന്നതു് ഒരു പദ്ധതിയെയാണെന്നു്; അഥവാ ഒരു ഭരണഘടനയെ, കുറെ നിയമങ്ങളെ. ഇതു കേട്ടാൽതോന്നും, ഇതുവരെ ലോകത്തിലുണ്ടായ കുഴപ്പമെല്ലാം ഭരണഘടനകൾ എഴുതിയതിലെ അക്ഷരപ്പിശകുകൾ കൊണ്ടുണ്ടായവയാണെന്നു്. മനുഷ്യരെഴുതുന്ന ഏതു ഭരണഘടനയ്ക്കും മറുമരുന്നു കണ്ടുപിടിക്കാൻ മനുഷ്യൻ മതി. പശു ഏട്ടിലല്ല; പയറ്റിലാണു നില്ക്കുന്നതു്. നീതിയെ പരാജയപ്പെടുത്തേണ്ട ആവശ്യംതന്നെ അന്നുണ്ടായിരിക്കുകയില്ല എന്നു നിങ്ങൾ മറുപടി പറഞ്ഞേയ്ക്കാം. അങ്ങനെയൊരു കാലമുണ്ടാകേണ്ടതാണു്. പക്ഷേ, അതുവരെയോ? നീതി ഭരിക്കുന്ന ഒരു വ്യവസ്ഥിതി നടപ്പിലാക്കുന്നതുവരെ എന്തുചെയ്യും? അതു കെട്ടിപ്പടുക്കേണ്ടവർതന്നെ അവസരവാദികളും ആദർശഹീനന്മാരുമാണെങ്കിലോ? ഇതിനു തത്ത്വത്തെക്കാൾ വ്യക്തമായ ഉദാഹരണങ്ങൾ ഉണ്ടു്. സോവിയറ്റ് രാഷ്ട്രത്തിന്റെ സ്ഥാപനം കഴിഞ്ഞു് മുപ്പതുവർഷമെത്തിയാലെങ്കിലും വ്യക്തിയുടെ സ്വാർത്ഥതയ്ക്കു് ഒരറുതി വരേണ്ടതാണല്ലോ. പിന്നെയെങ്ങനെയാണു കഴിഞ്ഞ മഹായുദ്ധത്തിൽ അവിടെ ജർമ്മൻപക്ഷത്തു ചേർന്ന രാജ്യദ്രോഹികൾ ഉണ്ടായതു്? മുപ്പതുവർഷത്തിനിടയിൽ സാധിക്കാത്ത ഒരു കാര്യം ഒരു ദിവസംകൊണ്ടു സാധിക്കുമെന്നുള്ളതു് ഒരു വ്യാമോഹം മാത്രമാണു്.

സോവിയറ്റ് രാഷ്ട്രത്തിന്റെ സ്ഥാപനം കഴിഞ്ഞു് മുപ്പതുവർഷമെത്തിയാലെങ്കിലും വ്യക്തിയുടെ സ്വാർത്ഥതയ്ക്കു് ഒരറുതി വരേണ്ടതാണല്ലോ. പിന്നെയെങ്ങനെയാണു കഴിഞ്ഞ മഹായുദ്ധത്തിൽ അവിടെ ജർമ്മൻപക്ഷത്തു ചേർന്ന രാജ്യദ്രോഹികൾ ഉണ്ടായതു്?

പീഡയുടേയും പരാജയത്തിന്റേയും ഉമിത്തീയിൽനിന്നുകൊണ്ടു് ദുസ്സഹമായ ഹൃദയവേദനയോടെ ‘മര്യാദയും മറ്റും വിപ്ലവം കഴിഞ്ഞിട്ടാകാം’ എന്നു നിലവിളിച്ച നല്ലവനായ ഡാങ്കെയും ഇതോർമ്മിക്കുന്നതുകൊള്ളാം; അദ്ദേഹം രാഷ്ട്രീയപ്രവർത്തനമാരംഭിച്ച കാലത്തെ ആദർശഭക്തി ഇതിനകം മറന്നുകഴിഞ്ഞിട്ടില്ലെങ്കിൽ.

വാസ്തവമിതാണു്. യാതൊരു പുതിയ വ്യവസ്ഥിതിയും സംവിധാനം ചെയ്യുന്നതു കടലാസ്സിലല്ല. മനുഷ്യാത്മാക്കളെക്കൊണ്ടാണതു കെട്ടിപ്പടുക്കുന്നതു്.

അനീതിയേയും സ്വാർത്ഥതയേയും നശിപ്പിക്കാൻ മനുഷ്യനു മാത്രമേ കഴിയൂ. നിയമത്തിനു കഴിയുകയില്ല. അന്യായം ചെയ്യുന്നതിനുള്ള ആവശ്യം മാത്രം പോയാൽ പോരാ, അതിനുള്ള ആകാംക്ഷയും പോകണം. മനുഷ്യന്റെ പരിശുദ്ധി നശിപ്പിച്ചു് അവനെക്കൊണ്ടു് പണിയിക്കുന്ന ആദർശലോകം ഒരു ലോകം തന്നെയായിരിക്കും;

നിയമത്തിനും ആദർശത്തിനും ആത്യന്തികമായ ഉറപ്പു് ഒന്നു മാത്രമാണു്—മനുഷ്യൻ. അനീതിയേയും സ്വാർത്ഥതയേയും നശിപ്പിക്കാൻ മനുഷ്യനു മാത്രമേ കഴിയൂ. നിയമത്തിനു കഴിയുകയില്ല. അന്യായം ചെയ്യുന്നതിനുള്ള ആവശ്യം മാത്രം പോയാൽ പോരാ, അതിനുള്ള ആകാംക്ഷയും പോകണം. മനുഷ്യന്റെ പരിശുദ്ധി നശിപ്പിച്ചു് അവനെക്കൊണ്ടു് പണിയിക്കുന്ന ആദർശലോകം ഒരു ലോകം തന്നെയായിരിക്കും; പക്ഷേ, ആദർശത്തിനവിടെ പ്രസക്തിയുണ്ടായിരിക്കയില്ല ‘നട്ടതു വെള്ളരി, മുളച്ചതു പാവലു്!’

മംഗളോദയം 1949

ഇവൻ എന്റെ പ്രിയപുത്രൻ 1953

സി. ജെ. തോമസിന്റെ ലഘു ജീവചരിത്രക്കുറിപ്പു്.

Colophon

Title: Kurukkuvazhikal (ml: കുറുക്കുവഴികൾ).

Author(s): C. J. Thomas.

First publication details: Sayahna Foundation; Trivandrum, Kerala; 2021-02-10.

Deafult language: ml, Malayalam.

Keywords: Article, C. J. Thomas, Kurukkuvazhikal, സി. ജെ. തോമസ്, കുറുക്കുവഴികൾ, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: November 29, 2022.

Credits: The text of the original item is copyrighted to the author. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-NC-SA 4​.0). Commercial use of the content is prohibited. Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: Kapok or silk cotton tree growing by a village in Surinam, a coloured lithograph by P. Lauters . The image is taken from Wikimedia Commons and is gratefully acknowledged.

Production history: Data entry: the author; Typesetter: JN Jamuna; Editor: PK Ashok; Encoding: JN Jamuna.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.