images/camargolancret.jpg
Marie Camargo, a painting by Nicolas Lancret (1690–1743).
മകളുടെ മകൾ
സി ജെ തോമസ്

തകഴിയുടെ കഥകൾക്കെല്ലാമുള്ളതാണു് ആ സ്വഭാവം— ബൃഹദ്ഗ്രന്ഥത്തിലടങ്ങേണ്ട കാര്യങ്ങളെല്ലാംകൂടി വാറ്റിയെടുത്തു ഗുളികപ്രായമാക്കി മധുരവും ചേർത്തു് ചെറുകഥയാക്കി വിളമ്പുകയെന്നതു്. ഈ സമാഹാരത്തിലെ ഒമ്പതു കഥകളെക്കുറിച്ചും ഈ പ്രസ്താവന അന്വർത്ഥമാണു്. എല്ലാറ്റിനേയും സ്പർശിച്ചു് ഒരു നിരൂപണമെഴുതിയാൽ അതു വലിപ്പംകൊണ്ടു് എ. ബാലകൃഷ്ണപ്പിള്ളയുടെ അവതാരികകളെയും ലജ്ജിപ്പിക്കും. പ്രായോഗികമായിട്ടുള്ളതു് ഒന്നോ രണ്ടോ കഥകളെടുത്തു് അവയിലെ പ്രതിപാദ്യവിഷയത്തെ പരിശോധിക്കുക എന്നതുമാത്രമാണു്.

ഇതിലെ ‘തങ്കമ്മ’ എന്ന കഥ വായിച്ചു നോക്കുമ്പോൾ വായനക്കാരൻ പുസ്തകത്തിന്റെ ആദ്യത്തെ പുറം ഒന്നു മറിച്ചുനോക്കിപ്പോകും. ഗ്രന്ഥകാരന്റെ പേരിനെ സംബന്ധിച്ച വല്ല അച്ചടിപ്പിഴകളും വന്നിട്ടുണ്ടോ എന്ന സംശയമാണതിനു കാരണം. പക്ഷേ, തെറ്റൊന്നുമില്ല. പുസ്തകം പൊൻകുന്നം വർക്കിയുടേതല്ല, തകഴിയുടേതു തന്നെയാണു്. കന്യകാമാത്തിന്റെ കരിങ്കൽഭിത്തിക്കുള്ളിൽ ഞരങ്ങിയും ഇഴഞ്ഞും കഴിയുന്ന സചേതനപ്രേതങ്ങളുടെ ദുരന്തം വർക്കിക്കു മാത്രം മനസ്സിലാക്കാവുന്ന ഒരു പരമാർത്ഥം. സ്ത്രീത്വത്തിന്റെ മഹിമ അമ്മ പെറ്റമക്കൾക്കെല്ലാം അറിവുള്ളതാണല്ലോ. മാതൃത്വം നിരോധിക്കപ്പെട്ട സ്ത്രീജന്മത്തിന്റെ അഭിശപ്തത കണ്ണുള്ളവനു കാണാനും പ്രയാസമില്ല. കൃത്രിമവും പ്രകൃതിവിരുദ്ധവുമായ ഒരു ജീവിതരീതി തെറ്റിദ്ധാരണകളുടെ സഹകരണത്തോടുകൂടി മതം മനുഷ്യന്റെമേൽ കെട്ടിവെയ്ക്കുമ്പോൾ വ്യക്തിക്കുണ്ടാകുന്ന അധഃപതനവും വർക്കിക്കെന്നപോലെ തകഴിക്കും മനസ്സിലാകുന്ന ഒന്നാണു്. സ്വതസ്സിദ്ധമായ കലാചാതുരിയോടെ തകഴി അതു പ്രകടിപ്പിച്ചിരിക്കുന്നു എന്നുമാത്രം.

തങ്കമ്മ ഒരനിയത്തിയാണു്. ചേട്ടത്തിയുടെ വിവാഹജീവിതത്തിലെ കഷ്ടതകൾ അവൾ കാണുന്നുണ്ടു്. സ്ത്രീത്വത്തിന്റെ സ്പർശമേൽക്കാത്ത ആ കൊച്ചുകുട്ടി വിവാഹത്തെ ഭയപ്പെടുകയും ചെയ്യുന്നു. സാഹചര്യങ്ങൾ അവളുടെ ആശങ്കകളെ ബലപ്പെടുത്തുന്നു. വിവാഹത്തിനുമുമ്പുതന്നെ അതിന്റെ ആനന്ദം അറിയുവാൻ കഴിവില്ലാത്തതുകൊണ്ടു് ഈ ചിത്രത്തിന്റെ മറുവശം അവൾ കാണുന്നുമില്ല. വാലുപോയ കുറുക്കനെ അനുകരിച്ചുകൊണ്ടു് ഫ്രാൻസിസ്ക്കാമ്മ ആ പാവം പെണ്ണിനെ കൽത്തുറുങ്കിന്റെ അന്ധകാരത്തിലേക്കു വലിച്ചിഴയ്ക്കുന്നു. അജ്ഞതയുടെയും തെറ്റിദ്ധാരണയുടെയും ഫലമായി അങ്ങനെ തങ്കമ്മ ഒരു തീരുമാനത്തിൽ എത്തിച്ചേരുന്നു—അതാണു വിവാഹം വേണ്ടയെന്നതു്. സ്വന്തം സൗന്ദര്യക്കുറവിനെപ്പറ്റിയുള്ള ബോധവും ഈ തീരുമാനത്തിനു് ഉപോൽബലകമാണു്.

പക്ഷേ, പ്രകൃതിക്കൊരു വഴിയുണ്ടു്. മനുഷ്യ നിർമ്മിതമായ നീതിയും നിയമവും മതവും മാമൂലും വകവെക്കാതെ അതു് അതിന്റെ ജൈത്രയാത്ര തുടരും. വിവാഹത്തെ എതിർക്കാനുള്ള ധൈര്യം സമ്പാദിക്കുന്നതിനുവേണ്ടി പ്രാർത്ഥനയിലേർപ്പെട്ട തങ്കമ്മയ്ക്കു പ്രകൃതി സമ്മാനിക്കുന്നതു് അതിനുനേരെ വിരുദ്ധമായ ഒരു ധൈര്യമാണു്. തരളിത ഹൃദയത്തോടെ അവൾ ഉണ്ണിയേശുവിന്റെ പ്രതിമ കാണുന്നു. വികാരം വികാരത്തിനു വഴിതെളിച്ചു. തങ്കമ്മയിൽ സ്ത്രീത്വം ഉണർന്നു. അവൾ കണ്ട രൂപം ഈശ്വരന്റെയോ ചെകുത്താന്റെയോ എന്നു് അവൾ ആലോചിച്ചില്ല. അതൊരു ശിശുവിന്റെ രൂപമായിരുന്നു എന്നതായിരുന്നു അവൾക്കു പ്രധാനം. അവൾ ശിശുവിനെ വാരിയെടുക്കുവാൻ മുന്നോട്ടാഞ്ഞു. മതനിബന്ധനകളുടെ കൊടുമ്പിരിക്കൊണ്ടു് തത്ത്വാഭാസങ്ങൾ ഓടിയൊളിച്ചു. മാതൃത്വത്തിന്റെ പാവനസ്വപ്നങ്ങൾ അവളുടെ ഹൃദയത്തിൽ അങ്കുരിച്ചു. ഇതുപോലെയുള്ള ശിശുക്കളെ ലഭിക്കുന്ന സമ്പ്രദായം എത്ര പൂരിതമായിരുന്നാലും കാമ്യമാണു്. വിവാഹം തടുക്കേണ്ടതല്ല. തഴുകേണ്ടതാണെന്നു് തങ്കമ്മയ്ക്കു തോന്നി. വർഷങ്ങളും രണ്ടുമൂന്നു കഴിഞ്ഞിരുന്നല്ലോ. ഫ്രാൻസിസ്ക്കാമ്മ ആശിച്ചതിൽനിന്നു ഭിന്നമായ ലക്ഷ്യത്തോടെ അവൾ വീട്ടിലേക്കു തിരിച്ചു.

പല്ലുപൊങ്ങിയ തങ്കമ്മയ്ക്കു ചെറുക്കനുണ്ടായി. അവളുടെ അപ്പന്റെ പണത്തിനു് ആ കുറവിനെ മറയ്ക്കത്തക്ക ഉയരമുണ്ടായിരുന്നു. പക്ഷേ, പിന്നെയും വിധി ഒന്നിടപെട്ടു. ഭർത്താക്കന്മാരുടെ സംശയദൃഷ്ടി എന്ന അത്ഭുതം തങ്കമ്മയെ അലട്ടി. പെണ്ണിനെ പിടിച്ചില്ല എന്ന കിംവദന്തി അവളെ നിരാശപ്പെടുത്തി. ഫ്രാൻസിസ്ക്കാമ്മയുടെ മൂത്തുനരച്ച വിദ്വേഷം തന്നെ ജയിച്ചു. ജീവിക്കാനും മരിക്കാനും ഒരുപോലെ അസാദ്ധ്യമായ ആ കല്ലറയിലേക്കു തങ്കമ്മ ഇഴഞ്ഞുകയറി. അതോടുകൂടി ഈശ്വരൻ സ്ത്രീയെ സൂക്ഷിച്ചതിന്റെ പരമോദ്ദേശ്യവും അവൾ കൈവെടിഞ്ഞു. അവളുടെ പ്രവൃത്തി തന്നെ സൗന്ദര്യമില്ലാത്തവളായി സൃഷ്ടിച്ച ദൈവത്തോടുള്ള പ്രതികാരമാണോ, ഈശ്വരാരാധനയ്ക്കുള്ള മാർഗ്ഗമാണോ എന്നു് അവൾക്കു തന്നെ നിശ്ചയമുണ്ടാകാൻ മാർഗ്ഗമില്ല.

ജീവശാസ്ത്രപരമായ ഒരു നിയമത്തെ ലംഘിച്ചു മാനസികമായും ശാരീരികമായും അധഃപതിക്കുന്ന ഒരു രീതിയിൽ ജീവിക്കുന്നതു് ഈശ്വരാരാധനയാണെന്നു പറഞ്ഞുപോലും നീതീകരിക്കാൻ കഴിയാത്ത ഒരു പാതകമാണു്. സൃഷ്ടികർത്താവെന്നു സകല മതങ്ങളും ഉദ്ഘോഷിക്കുന്ന ഈശ്വരന്റെ മഹത്വത്തിനു സൃഷ്ടിയുടെ സ്വാഭാവികഗതിയെ തടഞ്ഞു നിർത്തി പാവപ്പെട്ട സ്തീകളെ വീർപ്പുമുട്ടിക്കുന്നതും ആവശ്യമായിരിക്കാനിടയില്ലല്ലോ.

ദുഷിച്ച ഈ സമ്പ്രദായത്തിന്റെ മാനസിക—സാന്മാർഗികവശങ്ങൾ മാത്രമല്ല തകഴിയെ ആകർഷിക്കുന്നതു്. അതിന്റെ സാമ്പത്തിക പ്രത്യാഘാതങ്ങളും അദ്ദേഹം ചിത്രീകരിക്കുന്നുണ്ടു്. ‘അവന്റെ മുതൽ മുഴുവനും നമുക്കല്ലേ’ എന്ന ഒരു ചോദ്യം തകഴി കൊണ്ടുവരുന്നു. സഹോദരന്മാരെയും സഹോദരികളെയും പുരോഹിതന്മാരും കന്യാസ്ത്രീകളുമാക്കി വിട്ടിട്ടു് അവരുടെ നശ്വരമായ ഇഹലോകസമ്പത്തു കൈവശപ്പെടുത്തുന്ന ജനം തകഴിയോടു പിണങ്ങിയേക്കും. പലപ്പോഴും സ്ത്രീധനം കൊടുത്തു വിവാഹംചെയ്യാൻ നിവൃത്തിയില്ലാത്ത യുവതികളെയാണു് ഇങ്ങനെ കുരുതികഴിക്കേണ്ടിവരുന്നതു്. സ്ത്രീധനത്തിനു വേണ്ട തുകയിൽനിന്നു വളരെ കൂടുതലായ ഒരുസംഖ്യ പലതവണകളായി മഠാധിപതികൾ ഈടാക്കിക്കൊള്ളുമെന്നതു് സാധുവായ പിതാവു ശങ്കിച്ചിരിക്കാത്ത കാര്യമാണു്.

‘തെണ്ടിച്ചെറുക്കൻ’ എന്ന കഥയിൽ വളരെ കുഴഞ്ഞ ഒരു പ്രശ്നത്തിന്റെ ഉത്തരം പറയാനാണു് തകഴി ശ്രമിക്കുന്നതു്; അതു് ഒട്ടൊക്കെ സാധിക്കുന്നുണ്ടുതാനും. ലോകത്തിലെ അവശരെ കാണുകയും അത്തരം കൃമികളെ സൃഷ്ടിക്കുന്ന സമുദായവ്യവസ്ഥിതിയെ അപലപിക്കുകയും ചെയ്യുന്ന സഹൃദയാലുക്കളുടെ മുമ്പിലേക്കു് അന്ധരായ ചിലർ വലിച്ചിഴച്ചുകൊണ്ടു ചെല്ലുന്ന ചോദ്യചിഹ്നമാണു് തെണ്ടി. അവൻ ജോലിചെയ്യാൻ ഇഷ്ടപ്പെടുന്നില്ല. അവൻ തരംകിട്ടിയാൽ മോഷ്ടിക്കും; ചുരുക്കത്തിൽ തെറ്റെന്നു വിളിക്കാവുന്നവയെല്ലാം അവൻ ചെയ്യും. അവനും കള്ളനും ഒരു വർഗ്ഗത്തിന്റെ രണ്ടു വിഭാഗങ്ങൾ മാത്രമാണു്. നമ്മുടെ നാട്ടിലെ ഒരു വിഭാഗക്കാർ സാമ്പത്തികസമത്വവാദികളുടെ മുമ്പിൽചെന്നു് ഈ വർഗ്ഗത്തെ ചൂണ്ടിക്കാണിച്ചുകൊണ്ടു് സർവജ്ഞഭാവത്തിൽ ചോദിക്കുകയാണു്, ‘ഈ കള്ളന്മാർക്കുവേണ്ടിയാണോ നിങ്ങൾ വാദിക്കുന്നതു്’ എന്നു്. ഉത്തരം പറയാൻ പലരും വിഷമിച്ചേക്കും. തകഴി ആ വർഗ്ഗത്തിലൊന്നിനെ എടുത്തു പരിശോധിക്കുന്നു. അവൻ കള്ളനാണു്. തെണ്ടി ജീവിക്കുന്നതാണു്, ജോലിചെയ്യുന്നതിനേക്കാൾ അവനിഷ്ടം. അവൻ പലിശയ്ക്കു കൊടുക്കുന്ന വർഗ്ഗമാണു്. അവൻ വഴക്കാളിയാണു്. കോടതിയിൽ കയറി പണമുണ്ടാക്കുന്നതും അവനു രസമാണു്. ഇക്കാലത്തിനിടയ്ക്കു് അവനിൽ കാര്യമായ വ്യത്യാസങ്ങൾ ഒന്നും വരുന്നില്ല. തെണ്ടലും നേരിട്ടുള്ള മോഷണവും അവൻ നിർത്തി. ഇപ്പോൾ പുതിയ മാർഗ്ഗങ്ങളാണു്. പക്ഷേ, അടിസ്ഥാനപരമായി അവന്റെ ജീവിതതത്ത്വം പഴയതുതന്നെയാണു്—ധനസമ്പാദനം. തകഴിയുടെ ശ്രമം അവന്റെ അച്ഛനാരെന്നു കണ്ടുപിടിക്കാനായിരുന്നു. ഇത്രയുമായപ്പോഴേക്കു് ആ തെണ്ടിച്ചെറുക്കന്റെ തന്ത മുതലാളിത്തമാണെന്നു തെളിഞ്ഞു. തെണ്ടിയേയും കള്ളനേയും മടിയനേയും സൃഷ്ടിക്കുന്നതും അവരുടെ ചിന്താഗതി രൂപീകരിക്കുന്നതും മുതലാളിത്തമാണെന്നു തെളിഞ്ഞു. സമത്വവാദിയുടെ മുമ്പിൽ കൊണ്ടുവരപ്പെട്ടിരിക്കുന്ന ആ ചോദ്യം, കൊണ്ടുവന്ന ആളിന്റെ സന്താനമാണു്. അതുകൊണ്ടു് അവനു ധൈര്യമായി പറയാം. ‘ഇവനു വേണ്ടിയല്ല ഞാൻ വാദിക്കുന്നതു്. ഇവൻ നിന്റെ സന്താനമാണു്. ഇവനും നീയും ഇല്ലാതാകുവാനാണു്, ഇവനെയും നിന്നെയും പുലർത്തുവാനല്ല ഞാൻ പണിയെടുക്കുന്നതു്!’ വളരെ കുഴഞ്ഞ ഒരു പ്രശ്നത്തിനു് തകഴി ഉത്തരം നൽകിക്കഴിഞ്ഞു. ‘മകളുടെ മകൾ’ എന്ന നിർദ്ദോഷമായ പേരിട്ടിരിക്കുന്ന കഥ തകഴിയുടെ ആവനാഴിയിലെ പാശുപതമാണെന്നു തോന്നുന്നു. ഇത്രയും ഹൃദയഭേദിയായ മറ്റൊരു കഥ തകഴി എഴുതിയിട്ടുണ്ടെന്നു തോന്നുന്നില്ല. പല പരിശുദ്ധന്മാരും കലികൊണ്ടു വിറയ്ക്കുന്നുണ്ടായിരിക്കും. പക്ഷേ, ആ കഥയുടെ ഫലമെന്താണെന്നു് ആലോചിച്ചു നോക്കാനുള്ള ബുദ്ധിയും ശാന്തതയുമുള്ളവർക്കു വേറൊരു അഭിപ്രായമാണു് തോന്നാവുന്നതു്. ആ അച്ഛനും മകളും അനുഭവിക്കുന്ന ഹൃദയവ്യഥയുടെ ഭയങ്കരത്വം വായനക്കാരന്റെ ഹൃദയത്തിൽ പതിയുന്നു. അയാളുടെ തെറ്റിന്റെ ഗൗരവം മനസ്സിലാക്കുന്നതിൽ കൂടുതലായി നല്ല ഒരുപദേശം കൊടുക്കാനില്ലല്ലോ. അതിൽ തകഴി പരിപൂർണ്ണമായി വിജയിച്ചിട്ടുണ്ടു്. ഈ കഥയിലെ സാങ്കേതികമാർഗ്ഗമാണെന്നു തോന്നുന്നു ആ വിജയത്തിന്റെ മുഖ്യകാരണം.

കണ്ണുള്ള ഒരു വായനക്കാരനു് പലവുരു വായിച്ചാലും മതിവരാത്ത ഒമ്പതു കഥകൾ അടങ്ങിയ ഈ സമാഹാരത്തിനു വിജയമാശംസിക്കാനേ കഴിയൂ.

പ്രസന്നകേരളം, 6 സെപ്തംബർ 1946.

സി. ജെ. വിചാരവും വീക്ഷണവും 1985.

സി ജെ തോമസിന്റെ ലഘു ജീവചരിത്രം

Colophon

Title: Makalude makal (ml: മകളുടെ മകൾ).

Author(s): CJ Thomas.

First publication details: Prasannakeralam; Kerala; 06-09-1946.

Deafult language: ml, Malayalam.

Keywords: Article, CJ Thomas, Makalude makal, സി ജെ തോമസ്, മകളുടെ മകൾ, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: September 24, 2022.

Credits: The text of the original item is copyrighted to the author. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-NC-SA 4​.0). Commercial use of the content is prohibited. Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: Marie Camargo, a painting by Nicolas Lancret (1690–1743). The image is taken from Wikimedia Commons and is gratefully acknowledged.

Production history: Data entry: JS Aswathy; Proofing: Abdul Gafoor; Typesetter: LJ Anjana; Editor: PK Ashok; Encoding: LJ Anjana.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download PDF.