images/The_Black_Pigs.jpg
The Black PigsThe Black Pigs, a paintinga painting by Paul GauguinPaul Gauguin (1848–19031848–1903).
മന്ദസ്മിതപ്രസ്ഥാനം
സി ജെ തോമസ്

“കേഴ്‌വിക്കാർക്കു് രസം തോന്നിയില്ലെങ്കിലും അവൻ അന്നു കണ്ടവരോടൊക്കെ കിണറ്റിൽ വെള്ളം കണ്ട കഥ പറഞ്ഞു.” ശുദ്ധഹൃദയനായ ഉതുപ്പാൻ ഒഴിവുള്ള സമയങ്ങളിലെ (പാർത്ഥനയും ഒഴിവില്ലാത്ത പണിയും കഴിഞ്ഞു് മിച്ചമുണ്ടാക്കിയ സമയം കൊണ്ടു് പണിതുണ്ടാക്കിയ കിണറിന്റെ വിജയമാണതു്. എത്രനാളത്തെ പരിശ്രമം. എത്രനാളത്തെ ബുദ്ധിമുട്ടു്. എത്രനാളത്തെ ആദർശഭരിതമായ ആകാംക്ഷ. ഉതുപ്പാൻ കിണറു പണിയിക്കുന്നതു് അതിന്റെ മതിലിൽ “ഉതുപ്പാൻവക” എന്നു് കൊത്തിവെക്കാനല്ല. ഉദാരശിരോമണിയാകാൻവേണ്ടിയുമല്ല. അന്യർ ജോലിചെയ്ത പണമല്ല അവനതിനു മുടക്കുന്നതു്. സാധു മിണ്ടാപ്രാണികളുടെ ദാഹശാന്തിയാണു് അവന്റെ ലക്ഷ്യം. പക്ഷേ, ഉതുപ്പാനു് അതിനു കിട്ടുന്ന പ്രത്യുപകാരം നീരാശാവഹമാണു്. കിഴവി പറയുന്നു “ആ തെമ്മാടി വഴിയുടെ വക്കിനൊരു കിണറു കുഴിച്ചിട്ടിരിക്കുന്നു. പശുവിനെ അഴിച്ചുവിട്ടാൽ കൂടെക്കൂടെ നോക്കണേ പിള്ളേരേ.” “ഉദരത്തിന്റെ പരാതി ഉറക്കുപാട്ടായി” വളർന്നുവന്ന ഉതുപ്പാൻ പണത്തിന്റെ വിലയറിയാത്തവനല്ല. എങ്കിലും ഒരു ധനതത്ത്വശാസ്ത്രജ്ഞൻ അഭിപ്രായപ്പെടുന്നു, കുടിലുകെട്ടി പൂട്ടും പഴവും വില്ക്കുകയായിരുന്നുനല്ലതെന്നു്. ആദർശവും ജീവിതയാഥാർത്ഥ്യങ്ങളുമായിട്ടുള്ള ഈ പരസ്പര വൈരുദ്ധ്യമാണു് ഉതുപ്പാന്റെ പരാജഭയം. ഉതുപ്പാൻ ഒരു കിണറു കുഴിച്ചു. സ്വന്തമാവശ്യത്തിനല്ല. മനുഷ്യരും മൃഗങ്ങളുമടങ്ങുന്ന ജീവരാശിക്കുവേണ്ടി. പക്ഷേ, ലോകപുരോഗതി നല്ലതെന്നും ചീത്തയെന്നും ഉള്ള വിവേചനം കൂടാതെ നിഷ്ക്കരുണം ഉതുപ്പാന്റെ സൃഷ്ടിയേയും ഞെരിച്ചുകൊണ്ടു് അതിന്റെ ജൈത്രയാത്ര തുടരുത്തുന്നു. പുരോഗതിയുടെ കിങ്കരന്മാർ പറയുന്നതു് അക്ഷരം പ്രതിശരിയാണു്. കുഴൽകിണറുകളാണു നല്ലതു്. അവയുണ്ടായിക്കഴിഞ്ഞാൽ ഉതുപ്പാന്റെ കിണർ അനാവശ്യവും, അപകടകരവുമാണു്. പക്ഷേ, ശാസ്ത്രം ആ വ്രണിതഹൃദയത്തിന്റെ വിലാപനത്തെ തോല്പിക്കുന്നില്ല. ഉതുപ്പാന്റെ ആദർശത്തിന്റെ ഭൗതികരൂപമായ ആ കിണർ നശിപ്പിക്കപ്പെട്ടു. പക്ഷേ, ആ ആദർശം വിശ്വോത്തരമായി ചിത്രീകരിക്കുവാൻ ശ്രീ. കാരൂരിനു കഴിഞ്ഞിട്ടുണ്ടു്. ഉതുപ്പാൻ യഥാർത്ഥത്തിൽ വിജയിച്ചു. പുരോഗതിയും യാഥാർത്ഥ്യങ്ങളുമായിട്ടുള്ള സംഘട്ടനങ്ങൾ വേദനാജനകമാണു്. പലപ്പോഴും പഴയതിൽ അത്യധികമായ ആത്മാർത്ഥതയുണ്ടായിരിക്കും. പക്ഷേ, അവയും നശിക്കണം. അതു പ്രകൃതിയുടെ അനിവാര്യമായ നിയമമാണു്. ആ വേദന പുതിയ ഓരോന്നിന്റെയും ഈറ്റുനോവാണു്. അങ്ങിനെ പുരോഗതിയും വിജയിക്കുന്നു. ശ്രീ. കാരൂരിന്റെ ഈ കഥകാണുമ്പോൾ കേഴ്‌വിക്കാർക്കിഷ്ടമില്ലെങ്കിലും “ഉതുപ്പാന്റെ കിണർ വായിച്ചോ, വായിച്ചോ?” എന്നു ചോദിച്ചുകൊണ്ടു നടക്കാൻ തോന്നിപ്പോകുന്നുണ്ടു്.

ഭർത്താവിന്റെ അസൂയ ഷേക്സ്പിയറിനു് ഒരു വലിയ വിഷയമായി. “ഒഥെല്ലൊ” ഹൃദയത്തെ ഇളക്കിമറിക്കുന്ന ഒരു നാടകമാണു്. ഏതാണ്ടു് “ഒഥെല്ലൊ”യിൽ സാധിക്കുന്നതുതന്നെയാണു് ശ്രീ. കാരൂർ “മേൽവിലാസ”ത്തിൽ സാധിച്ചിരിക്കുന്നതു്. ശ്രീ. കാരൂരിന്റെ മൃദുലത മുഴുവനും അതിൽ ഉണ്ടെന്നുമാത്രം. അദ്ദേഹത്തിന്റെ കഥാനായകൻ നാടക ശാസ്ത്രത്തിലെ നിർദ്ദേശമനുസരിക്കുന്ന വീരനൊന്നുമല്ല. ഒരു വെറും ആശുപത്രി ശിപായി. പക്ഷേ, അവനിലും ഉണ്ടു് ആ അസൂയയുടെ വിഷബീജം. അവൻ കോപാന്ധനായി സ്വഭാര്യയെ വധിക്കുന്നില്ല. എങ്കിലും, അവന്റെ അവിശ്വാസം കുടുംബജീവിതത്തെ അലങ്കോലപ്പെടുത്തുന്നുണ്ടു്. അവന്റെ ഭാര്യ ഒരു ധനികയോ സുന്ദരിയോ അല്ല. വിചിത്രപണികൾ ചെയ്ത കൈലേസുമല്ല, കാരണം ഒരു മേൽവിലാസമെഴുതിയ കവർ മാത്രം. സാധാരണക്കാരന്റെ ജീവിതത്തിന്റെ എത്ര യഥാർത്ഥമായ ഒരു ചിത്രമാണതു്. സാമുദായിക സൗഭാഗ്യത്തിനു് അക്കഥ എത്ര ആവശ്യവുമാണു്.

പറഞ്ഞാലനുസരിക്കാത്ത അടുക്കളക്കാരനെപ്പറ്റി കൊച്ചമ്മയ്ക്കു വളരെയധികം പരാതികളുണ്ടു്. അവൻ കട്ടുതിന്നും, കടയിൽ പോയാൽ താമസിക്കും. ഇതിലൊക്കെ ഭയങ്കരമായ ഒരു പാപവും അവനുണ്ടു്. അവൻ ബീഡിവലിക്കും. ആകെപ്പാടെ അവനെക്കൊണ്ടു് ഒരു പൊറുതിയുമില്ല. ഒന്നു വഴക്കുപറയാമെന്നുവെച്ചാൽ അവൻ പോകും. ശിക്ഷിച്ചാലോ എതിരുപറയും. എങ്ങനെയായാലും വേലക്കാരൻ പയ്യൻ കൊച്ചമ്മയെ ഒരു ദോഷൈകദൃക്കായിത്തീർക്കുന്നു. കുടുംബമായി ജീവിക്കുന്നവനെല്ലാം നേരിടുന്ന ഒരു വിഷമമാണിതു്. ഒറ്റയാന്മാരായി തത്ത്വവും പ്രസംഗിച്ചു ഹോട്ടലിലുണ്ടു നടക്കുന്നവർക്കു് ഇതിന്റെ വിഷമമറിയാമോ എന്നാണു് കൊച്ചമ്മയുടെ ചോദ്യം. ശ്രീ. കാരൂരിനു് ഒരു മറുപടിയുണ്ടു്; ആ പയ്യന്റെ ആശകളുടെയും വീക്ഷണഗതിയുടെയും ഒരു സംഗ്രഹം. ഭൃത്യനായിട്ടല്ല അവൻ ജനിച്ചതു്. പ്രകൃതി അവനിലും കൊച്ചമ്മയുടെ ഓമനസന്താനത്തിനു കൊടുത്ത ആശകൾ കുത്തിവെച്ചു. യജമാനൻ അതു കുറെകൂടി മനസ്സിലാകും. അടുപ്പിന്റെ പുകയിൽ മുഴുകിയിരിക്കുന്ന ആ സ്ത്രീശിരസ്സിനകത്തേക്കു് അതു കടക്കുകയില്ല. ശ്രീ. കാരൂരിന്റെ ഭൃത്യൻ കൊച്ചമ്മയുടെ കണ്ണുതുറപ്പിച്ചാലും ഇല്ലെങ്കിലും സഹൃദയന്മാർക്കു് അദ്ദേഹം വേദനിപ്പിക്കുന്ന ഒരു പരമാർത്ഥം വളരെ മൃദുവായി മനസ്സിലാക്കിക്കൊടുത്തുകഴിഞ്ഞു.

ശ്രീ. കാരുരിന്റെ കഥകൾക്കൊരു പ്രത്യേകതയുണ്ടു്. അദ്ദേഹത്തിന്റെ വിഷയങ്ങൾ അഗാധങ്ങളെങ്കിലും അവ തീവ്രമാണെന്നു പറയുവാൻ നിവൃത്തിയില്ല. അവയുടെ ചിത്രണരീതിയും ഒട്ടും നിർദ്ദയമല്ല. മോപ്പസാങ്ങിനെപ്പോലെയുള്ള യൂറോപ്യൻ സാഹിത്യകാരന്മാരെ ഇംഗ്ലീഷ് എഴുത്തുകാരിൽനിന്നു വേർതിരിക്കുന്ന ഒരു സ്വഭാവവിശേഷമാണിതു്. സ്ട്രാൻഡ് മുതലായ മാസികകളിൽ കാണുന്ന ചെറുകഥകൾക്കു സാധാരണയായി മൃദുലതയും സൗന്ദര്യവും കൂടുതലായിക്കാണും. ആ ഇനം ചെറുകഥയെഴുത്തുകാർ മലയാളത്തിൽ കുറവാണു്. അതിനു കാരണവുമുണ്ടു്. ഒരു രാഷ്ട്രത്തിന്റെ സാമ്പത്തിക. രാഷ്ട്രീയ, സാമുദായിക ജീവിതങ്ങളുടെ പ്രതിഫലനമാണു് അതിന്റെ സാഹിത്യം. ഇംഗ്ലണ്ടിന്റെ സ്ഥിതി താരതമ്യേന സുരക്ഷിതവും ആയാസരഹിതവും പൊതുവെ സുഖകരവുമായതുകൊണ്ടായിരിക്കാം ആ രാജ്യത്തെ സാഹിത്യത്തിനു് ഈ സ്വഭാവമുണ്ടോയതു്. ഭാരതത്തിന്റെ യാതനകളുടെയും സ്മരണകളുടെയും നിറം ഭാരതീയസാഹിത്യത്തിലും കലർന്നിരിക്കും: അതു നമ്മുടെ സാഹിഹ്യകാരന്മാർ കൂടുതൽ തീവ്രമായ ഭാഷയിൽ സാഹിത്യരചന ചെയ്യുന്നതു്. കേരളത്തിൽ സാഹിത്യകാരന്മാർ പൊതുവെ ഇത്തരക്കാരാണു്. ശ്രീ. കാരൂർ ഒരു അസാധാരണക്കാരനാണു്. പോരെങ്കിൽ അദ്ദേഹം ബഹളങ്ങളിൽ നിന്നെല്ലാം ഒഴിഞ്ഞു നില്ക്കുകയും ചെയ്യുന്നു. ഈ രീതിയിലുള്ള സാഹിത്യത്തിൽ ആരെങ്കിലും അദ്ദേഹത്തെ കവച്ചുവെയ്ക്കുമോ എന്നു സംശയമാണു്.

ഇതുതന്നെയാണു് ശ്രീ. കാരൂരിന്റെ പരാജയവും. അദ്ദേഹത്തെപ്പോലുള്ള ഒരു എഴുത്തുകാരൻ പറ്റിയതല്ല “ആനന്ദമഠം” എന്ന കഥയുടെ വിഷയം. മതത്തിന്റെ മറപിടിച്ചു നടത്തുന്ന നീചസംരംഭങ്ങളെ നിർദ്ദയമായി വിമർശിക്കുവാൻ മാത്രം അദ്ദേഹത്തിന്റെ തൂലികയ്ക്കു് രൂക്ഷതയില്ല. റാസ്പുടിൻമാരും, ലേഖരാജമാരും, മോസ്കോയിലും കറാച്ചിയിലും മാത്രമല്ല ഉള്ളതു്. അവർ നമ്മുടെ നാട്ടിലുമുണ്ടു്. “ആനന്ദമഠം” യഥാർത്ഥ സംഭവത്തെ ആസ്പദിച്ചു് എഴുതിയതായിട്ടും വരാം. അതൊക്കെ ശരിതന്നെ. പക്ഷേ, ശ്രീ. കാരൂരിന്റെ സാഹിത്യത്തിൽ അതിനു സ്ഥാനമില്ല. അതിനു ശ്രീ. പൊൻകുന്നം വർക്കിയോ, ശ്രീ. ബഷീറോ ആണു് യോജിച്ചതു്.

കാരൂർ കഥകളിലെ സംഭാഷണരീതിയുടെ സ്വാഭാവികതയെപ്പറ്റി വളരെ പറയേണ്ട ആവശ്യമുണ്ടെന്നു തോന്നുന്നില്ല. സാഹിത്യലോകത്തിൽ സ്ഥിരപ്രതിഷ്ഠ ലഭിച്ചുകഴിഞ്ഞ ഒന്നാണതു്. ഭാഷ ചിന്താരീതിയുടെ പ്രതിഫലനമാണല്ലൊ. അല്പം ഫലിതസമ്മിശ്രമായി ലളിതമോഹനമായ ഭാഷയാണു് ശ്രീ. കാരൂരിന്റേതു്. അതു് ആസ്വദിക്കാൻ കഴിവില്ലായ്ക വായനക്കാരന്റെ ഉത്തരവാദിത്വം മാത്രമായിരിക്കും.

വിലയിരുത്തൽ 1951.

സി ജെ തോമസിന്റെ ലഘു ജീവചരിത്രം

Colophon

Title: Mandasmithaprasthanam (ml: മന്ദസ്മിതപ്രസ്ഥാനം).

Author(s): CJ Thomas.

First publication details: Sayahna Foundation; Trivandrum, Kerala; 2022-01-24.

Deafult language: ml, Malayalam.

Keywords: Article, CJ Thomas, Mandasmithaprasthanam, സി ജെ തോമസ്, മന്ദസ്മിതപ്രസ്ഥാനം, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: January 21, 2022.

Credits: The text of the original item is copyrighted to the author. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-NC-SA 4​.0). Commercial use of the content is prohibited. Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: The Black PigsThe Black Pigs, a paintinga painting by Paul GauguinPaul Gauguin (1848–19031848–1903). The image is taken from Wikimedia Commons and is gratefully acknowledged.

Production history: Data entry: the author; Proofing: Abdul Gafoor; Typesetter: LJ Anjana; Editor: PK Ashok; Encoding: LJ Anjana.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.