
ഇതു ചരിത്രത്തിലെ സുപ്രധാനമായ ഒരു പ്രതിസന്ധിഘട്ടമാണു്. ലോകത്തിലെഴുതപ്പെട്ടിട്ടുള്ള സകല രാഷ്ട്രീയലേഖനങ്ങളുടെയും ആദ്യത്തെ വാചകമാണീ പല്ലവി എന്നറിഞ്ഞുകൊണ്ടുതന്നെയാണു് അതിവിടെ ആവർത്തിക്കുന്നതു്. രണ്ടാംലോകമഹായുദ്ധത്തിനു ശേഷം മൂക്കിനു മുമ്പിൽ ഒരടിയെങ്കിലും മുന്നോട്ടുകാണാൻ യാതൊരു രാഷ്ട്രീയപ്രസ്ഥാനത്തിനും കഴിഞ്ഞിട്ടില്ലെന്നുള്ളതു് ഒരുപരമാർത്ഥമാണു്. അതിനുദാഹരണങ്ങളാണു് കൊറിയയിൽ അമേരിക്ക തലയിട്ടതും, ബർലിൻ കുഴപ്പവും, യുഗോസ്ലോവിയൻ പ്രശ്നവും, പേർഷ്യയിലെ എണ്ണത്തർക്കവും, അറ്റ്ലാന്റിക് സന്ധിയും മറ്റും. ഇൻഡ്യൻ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ കൽക്കട്ടാപ്രമേയവും അങ്ങനെതന്നെ ജന്മമെടുത്ത വിശ്വാമിത്രസൃഷ്ടിയാണു്. യുദ്ധത്തിലെ വിജയത്തിനുവേണ്ടി അമേരിക്കയും ബ്രിട്ടനും സോവിയറ്റിന്റെ ചേരിയിൽ ചേർന്നു. പക്ഷേ, മൗലികമായ ലക്ഷ്യവൈരുദ്ധ്യം നിലനിൽക്കുന്നിടത്തോളം കാലം ആ സഖ്യം നിലനിൽക്കുവാൻ നിവൃത്തിയുണ്ടായിരുന്നില്ല. യുദ്ധത്തിനിടയ്ക്കുതന്നെ അവർ പരസ്പരം അവിശ്വസിക്കുകയും ദ്രോഹിക്കുകയും ചെയ്തു. സോവിയറ്റു യൂണിയനെ കഴിയുന്നത്ര ബലഹീനമാക്കുവാൻ വേണ്ടി ചർച്ചിൽ രണ്ടാം സമരമുഖം അപകടകരമാംവണ്ണം നീട്ടിക്കൊണ്ടുപോയി. സോവിയറ്റു യൂണിയനാകട്ടെ അക്കാലത്തുതന്നെ മുതലാളിത്തരാഷ്ട്രങ്ങളിൽ വിപ്ലവത്തിന്റെ സന്ദേശം പ്രചരിപ്പിച്ചു. യുദ്ധത്തിന്റെ അവസാനത്തോടുകൂടി പൊതുശത്രുവായ ജർമ്മനിയുടെയും ജപ്പാന്റെയും ഭീഷണി അവസാനിച്ചു. മദ്ധ്യസ്ഥന്റെ തൊഴിൽ നോക്കിയിരുന്ന റൂസ് വെൽറ്റ് മരിക്കുകയും ചെയ്തു. അതുവരെ ചിറകെട്ടി നിറുത്തിയിരുന്ന വിദ്വേഷവും വൈരുദ്ധ്യവും അണപൊട്ടി ഒഴുകാൻ തുടങ്ങി. യുദ്ധം ചെയ്യുവാൻമാത്രം വിദ്വേഷം ഇരുകൂട്ടർക്കും ഉണ്ടായിരുന്നെങ്കിലും അവരതിനു തുനിഞ്ഞില്ല. അതിനുപകരം ഇരുകൂട്ടരും അംഗീകരിച്ച തന്ത്രങ്ങളാണു് ഇന്നു ലോകത്തെ ഇത്രയ്ക്കു കുഴപ്പമേറിയ ഒരു നിലയിലെത്തിച്ചതു്.

എന്താണിന്നത്തെ നില? അമേരിക്കയ്ക്കു് എങ്ങനെയെങ്കിലും ലോകം മുഴുവൻ പിടിച്ചടക്കണം. യുദ്ധകാലത്തു കണക്കില്ലാതെ വർദ്ധിച്ച അവരുടെ ഉല്പാദനശക്തി വിറ്റഴിക്കുവാൻ കഴിഞ്ഞില്ലെങ്കിൽ 1930-ലെ പോലുള്ള സാമ്പത്തികക്കുഴപ്പമാണു് അമേരിക്കയ്ക്കു നേരിടേണ്ടതു്. അതു് വിപ്ലവത്തിലേയ്ക്കുള്ള രാജപാതയായിരിക്കുകയും ചെയ്യും. അതുകൊണ്ടു് യുദ്ധം ചെയ്തിട്ടായാലും ലോകത്തിലെ മാർക്കറ്റുകൾ പിടിച്ചടക്കിയേ അമേരിക്കയ്ക്കു് കഴിയൂ. അതിനു പ്രയോജനകരമെന്നു് അമേരിക്ക ഗണിച്ച നയമാണു് അവർ ഇന്നുവരെ തുടർന്നുവന്നിരുന്നതു്. ഈ നയത്തിന്റെ പ്രതീകമാണു് മക്കാർതർ.

അതിനുവേണ്ടിയാണു് അവർ കൊറിയയിൽ കൈകടത്തിയതു്. അതിനുവേണ്ടിയാണു് അവർ ഐക്യരാഷ്ട്രസംഘടനയെ മരപ്പാവയാക്കിത്തീർത്തതു്. അതിനുവേണ്ടിതന്നെയാണു് അവർ ചിയാങ്ങിനെ മുട്ടിട്ടു നിറുത്തുന്നതും യൂറോപ്പിൽ സൈനികകേന്ദ്രങ്ങൾ സ്ഥാപിക്കുന്നതിനും ആ നയത്തിനു് ഇൻഡ്യയുടെയും പാക്കിസ്ഥാന്റെയും പിൻബലം സമ്പാദിക്കുവാൻ വേണ്ടിയാണു് അവർ കശ്മീർ പ്രശ്നത്തിൽ ശരിയായ തീരുമാനമെടുക്കുന്നതിൽനിന്നു യൂനോയെ തടഞ്ഞുനിറുത്തുന്നതും. പക്ഷേ, ഇന്നവർക്കു മനസ്സിലായിരിക്കുന്നു ഈ നയം വന്ധ്യമാണെന്നു്. അമേരിക്കയിലെ ചെറുപ്പക്കാരെ കൊറിയയിൽ കുരുതികഴിക്കുന്നതുകൊണ്ടു് ഏഷ്യൻ നവോത്ഥാനത്തെ തടഞ്ഞുനിറുത്താൻ കഴിയുകയില്ലെന്നു് അവർക്കു് മനസ്സിലായിരിക്കുന്നു. ആ നയം അവർ മാറ്റുകയാണെന്നതിന്റെ പ്രത്യക്ഷലക്ഷ്യമാണു് മക്കാർതറുടെ അന്തർദ്ധാനം. ഇൻഡ്യ ഒരമേരിക്കൻ കോളനിയാക്കാമെന്ന അവരുടെ വ്യാമോഹവും ഇതിനകം നിലച്ചുകാണണം. അല്ലെങ്കിൽ, ഇൻഡ്യയ്ക്കു് ഭക്ഷണസാധനം വിൽക്കുവാൻ അവർ പറയുന്ന വൃത്തികെട്ട നിബന്ധനകൾകൊണ്ടുവരുവാൻ ന്യായമില്ല. ആരും വായിക്കാത്ത അമേരിക്കൻ പ്രചരണക്കടലാസ്സുകൾക്കുവേണ്ടി അവർ ഒരാഴ്ചയിൽ ചെലവാക്കുന്ന പണത്തിന്റെ വിലയില്ല അവർ നമുക്കു തരാമെന്നു നീട്ടിക്കാണിക്കുന്ന ഭക്ഷണസാധനങ്ങൾക്കു്. അമേരിക്കൻ ആധിപത്യത്തോടു് ബ്രിട്ടനിലും എതിർപ്പു് വർദ്ധിച്ചുവരുന്നുവെന്നതു് ബെവാന്റെ രാജി കൊണ്ടു തെളിയുന്നുണ്ടു്. ആകെക്കൂടി പറഞ്ഞാൽ യുദ്ധത്തിനുശേഷം അമേരിക്ക ഇരുട്ടിൽ തപ്പിത്തടഞ്ഞുകൊണ്ടിരിക്കുകയായിരുന്നു. അവരുടെ തന്ത്രങ്ങളെല്ലാം പരാജയപ്പെട്ടിരിക്കുന്നു. ഇനി അവർ സ്വയം രക്ഷയ്ക്കുവേണ്ടി ഇതരമാർഗ്ഗങ്ങൾ ആരാഞ്ഞേ കഴിയൂ. അധികാരത്തിന്റെയും ശക്തിയുടെയും ഭാഷ വിഫലമാകുമ്പോൾ മര്യാദയുടെ സമ്പ്രദായം അംഗീകരിക്കുകയാണു് സാധാരണ മനുഷ്യന്റെ പതിവു്. അങ്ങനെ അമേരിക്ക ഇനി രാജിക്കും സമാധാനത്തിനും വേണ്ടി പരിശ്രമിക്കുവാൻ നിർബന്ധിതമായിത്തീരും.

സോവിയറ്റു ചേരിയുടെയും കഥ ഇതുതന്നെ. വിപ്ലവത്തിന്റെ പഴയ മാർഗ്ഗങ്ങൾ ഇനി എത്രമാത്രം പ്രയോജനകരമാണെന്നു് അവർക്കുതന്നെ സംശയം തുടങ്ങിയിരിക്കുകയാണു്. ബാലറ്റുപെട്ടിയിൽകൂടിയും സോഷ്യലിസം സ്ഥാപിക്കാമെന്ന നിലയോടു ബ്രിട്ടീഷ് കമ്മ്യൂണിസ്റ്റ് പാർട്ടിയും ഇൻഡ്യൻ കമ്മ്യൂണിസ്റ്റ് പാർട്ടിയും അടുത്തടുത്തുവരികയാണു്. യുഗോസ്ലാവിയൻ കുഴപ്പം കമ്മ്യൂണിസത്തിനകത്തുതന്നെ ഉണ്ടാകാവുന്ന വൈരുദ്ധ്യങ്ങളുടെ ഒരു നാന്ദിയാണു്. പോരെങ്കിൽ റഷ്യയെക്കാളും വലിയ ഒരു രാഷ്ട്രം കമ്മ്യൂണിസത്തിന്റെ ചേരിയിൽ ചേർന്നിരിക്കുന്നു. ഷാങ്ങ്ഹായുടെ പതനത്തോടുകൂടി ലോകകമ്മ്യൂണിസത്തിന്റെ തലസ്ഥാനം റഷ്യയിൽനിന്നു ചൈനയിലേയ്ക്കു മാറിയെന്നു ഗണിക്കുന്നതിലും വലിയതെറ്റില്ല. യുദ്ധാനന്തരം കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം ലോകത്തിൽ പലേടത്തും അംഗീകരിച്ച തന്ത്രങ്ങളും പരാജയപ്പെട്ടു. അല്ലെങ്കിൽ കൽക്കട്ടാപ്രമേയം തിരുത്തിയെഴുതേണ്ടിവരികയില്ലായിരുന്നല്ലോ. അവരും അവരുടെ തെറ്റുകൾ കണ്ടു് തിരുത്തിക്കൊണ്ടിരിക്കുകയാണു്. അങ്ങനെ അമേരിക്കയും സോവിയറ്റുചേരിയും ഒരു നയമാറ്റത്തിന്റെ നാൽക്കവലയ്ക്കലെത്തിയിരിക്കുകയാണു്. കാണുന്നവരോടെല്ലാം അവർ ചോദിക്കാറുണ്ടായിരുന്നു. “ഏതു ചേരിയിൽ?” എന്നു്. യുദ്ധവിരോധിയായ ഒരു മൂന്നാം ചേരിയെപ്പറ്റി ഇരുകൂട്ടർക്കും പുച്ഛമായിരുന്നു. ഇന്നാകട്ടെ അവരുടെ ചേരിചോദ്യം ഒട്ടൊക്കെ കുറഞ്ഞിട്ടുണ്ടു്. ഒരു മൂന്നാം ചേരിക്കുമാത്രമേ യുദ്ധത്തെ തടയാൻ കഴിയൂ എന്ന വിശ്വാസവും വളർന്നിട്ടുണ്ടു്. അങ്ങനെ മക്കാർതറുടെ ഡിസ്മിസ്സലും ഇൻഡ്യൻ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ 34 പോയിന്റുകളും ഒരുമിച്ചു് പ്രത്യക്ഷപ്പെടുന്ന പശ്ചാത്തലത്തിലാണു് 1951-ലെ മേയ് ദിനം സമാഗതമാകുന്നതു്. യുദ്ധത്തിനുശേഷം ഇന്നുവരെ രാഷ്ട്രങ്ങളും രാഷ്ട്രീയപാർട്ടികളും അനുവർത്തിച്ചിരുന്ന നയപരിപാടികളും വിപ്ലവകരമായ ഒരു മാറ്റം പ്രതീക്ഷിക്കാവുന്ന ഒരു കാലമാണിന്നു്. അതുകൊണ്ടാണു് ഈ മേയ് ദിനം ചരിത്രത്തിലെ ഒരു പ്രധാന പ്രതിസന്ധിഘട്ടമാണെന്നു പ്രസ്താവിച്ചതു്.

പക്ഷേ, മറ്റു സാമൂഹ്യകാര്യങ്ങളിലെന്നതുപോലെ ഇതിലും മനുഷ്യന്റെ ബോധപൂർവ്വമായ സഹകരണം വിജയത്തിനു് അത്യന്താപേക്ഷിതമാണു്. ചരിത്രം അന്ധമായ ഒരു യാന്ത്രികഗതിയല്ല; മനുഷ്യന്റെ ബോധപൂർവ്വമായ സാമൂഹ്യസൃഷ്ടിയാണു്. ഇന്നു സൃഷ്ടിക്കേണ്ടിയിരിക്കുന്നതു് സമാധാനവും സോഷ്യലിസവുമാണു്. അതിനുവേണ്ടത്ര അനുകൂലമായ പരിതസ്ഥിതികളാണു് നാം കാണുന്നതു്. ഇക്കാര്യത്തിൽ തൊഴിലാളിവർഗ്ഗത്തിന്റെ കടമയെന്താണെന്നാണു് മേയ് ദിനത്തിന്റെ ആലോചനാവിഷയം.

അടിസ്ഥാനപരമായി നോക്കിയാൽ ലോകത്തിലെ തൊഴിലാളിപ്രസ്ഥാനം പലപ്പോഴും കാടുകയറിയിട്ടുണ്ടു്. കടുത്ത ദേശീയത്വം, അപക്വമായ വിപ്ലവപ്രസക്തി, അനൈക്യം, അവസരസേവകത്വം എന്നിങ്ങനെ പല തെറ്റുകളും തൊഴിലാളിവർഗ്ഗത്തിനു പലപ്പോഴായി പറ്റിപ്പോയിട്ടുണ്ടു്. ഇവയോരോന്നും അവരുടെ ശത്രുക്കളെ ബലപ്പെടുത്തുകയായിരുന്നുവെന്നു് അവർ മനസ്സിലാക്കണം. രണ്ടുകാര്യങ്ങളിൽ ലോകതൊഴിലാളിവർഗ്ഗം നയവ്യതിയാനം വരുത്തുമെങ്കിൽ ഈ മേയ് ദിനം ചരിത്രത്തിലെ ഒരു മോഹനാദ്ധ്യായത്തിന്റെ ആരംഭദിനമായിരിക്കും. ഒന്നു്, തൊഴിലാളിവർഗ്ഗം സോവിയറ്റു യൂണിയന്റെ വിദേശനയത്തിനനുസരിച്ചു് മാർക്സിസം തിരുത്തിയെഴുതാതിരിക്കുക. രണ്ടു് സ്വന്തം വർഗ്ഗതാല്പര്യങ്ങളെ പ്രതിയെങ്കിലും തൊഴുത്തിൽ കുത്തവസാനിപ്പിക്കുക.
ഇൻഡ്യയെ സംബന്ധിച്ചിടത്തോളം തൊഴിലാളിസർവ്വാധിപത്യമെന്ന പ്രയോഗം അർത്ഥശൂന്യമാണു്. ചൈനയ്ക്കും അങ്ങനെതന്നെ. എന്നല്ല, സകല ഏഷ്യൻ രാഷ്ട്രങ്ങളുടെയും കഥ അങ്ങനെയാണു്. ഏഷ്യൻരാഷ്ട്രങ്ങളിൽ കൃഷിക്കാരോടും ബുദ്ധിജീവികളായ ഇടത്തരക്കാരോടും പങ്കാളിത്തം ചേർന്നുള്ള രാഷ്ട്രീയാധികാരം മാത്രമേ തൊഴിലാളിയ്ക്കു് പ്രതീക്ഷിക്കുവാനുള്ളു. വ്യവസായ പ്രമുഖമായ യൂറോപ്യൻ രാഷ്ട്രങ്ങൾക്കുവേണ്ടി എഴുതപ്പെട്ട പുസ്തകങ്ങളിൽ എന്തോ കണ്ടെന്നുവെച്ചു് ഇവിടെയും തൊഴിലാളി സർവ്വാധിപത്യത്തിനുവേണ്ടി പരിശ്രമിക്കുന്നെങ്കിൽ അതു മറ്റൊരുതരം വർഗ്ഗമേധാവിത്വമായിരിക്കും. അതിൽനിന്നു പിൻമാറി ഇൻഡ്യയെ യുദ്ധത്തിൽ നിന്നകറ്റി നിറുത്തുവാനും ജനാധിപത്യപരവും സോഷ്യലിസ്റ്റുമായ ഒരു പരിവർത്തനം ഇൻഡ്യൻ സാമൂഹ്യവ്യവസ്ഥിതിയിലുണ്ടാക്കുവാനും ഇൻഡ്യൻ തൊഴിലാളിവർഗ്ഗം പരിശ്രമിക്കട്ടെ എന്നാണു് ഈ മേയ് ദിനത്തിൽ എനിക്കു പറയുവാനുള്ളതു്.
ഡെമോക്രാറ്റ് 5 മേയ് 1951.