പണ്ടു പണ്ടു് ഒരു വേടരാജാവുണ്ടായിരുന്നു. രാജാവിന്റെ പ്രധാന പൂജാരിയുടെ പുത്രൻ രാജകന്യകയിൽ അനുരക്തനായി. പരദേവതയുടെ കോപശാന്തിക്കുവേണ്ടി കുമാരിയെ കുരുതികഴിക്കണമെന്നു വന്നപ്പോൾ ആ യുവാവു് ഈശ്വരഭക്തിക്കെതിരായി ആയുധമേന്തി. ഈശ്വരൻ പ്രതികാരം നടത്തി. മല പൊട്ടി. വേടന്മാരും വേടത്തികളും ജലപ്രവാഹത്തിൽ ഒഴുകിപ്പോയി. ഇങ്ങനെയൊരു പഴങ്കഥയാണു് ‘നീണ്ട കവിതകളി’ൽ ഒന്നാമത്തേതിന്റെ വിഷയം. പിന്നീടുള്ളതു് ആന ചത്ത ഒരാനക്കാരനും തലമറന്നു് എണ്ണ തേയ്ക്കുന്ന ഒരു കുറവനുമാണു്. അടുത്തതായി ക്രിസ്ത്യാനികളുടെ ഒരു കഥയും മറ്റും. ഇങ്ങനെയുള്ള വിഷയങ്ങളെപ്പറ്റി കവിതയെഴുതിയാൽ അതിലെന്താണു് അനുമോദനാർഹമായിട്ടുള്ളതെന്നു് ഒരു ചോദ്യമുണ്ടാകും. ഇന്നു കവിതയെഴുതുന്നതുകൊണ്ടു് എന്തെങ്കിലും പ്രയോജനമുണ്ടാകണമെങ്കിൽ വിഷയം പുരോഗമനപരമായിരിക്കണം; ജനകീയമായിരിക്കണം. ഈ കവിതകളിലാകെ, സാധാരണയായി പുരോഗമനമെന്നു കരുതപ്പെടുന്ന വിഷയങ്ങൾ ഒന്നും കാണുന്നുമില്ല. പിന്നെയെന്തു പ്രയോജനമാണു് ഈ കവിതകൾകൊണ്ടുള്ളതു്? അഥവാ അവയിൽ പുരോമനപരമായി എന്തെങ്കിലും ഉണ്ടോ?
ഉണ്ടു്. പുരോഗമനമെന്നതു മനുഷ്യ ജീവിതത്തിന്റെ ഉപരിതലത്തിൽ ദിനംതോറും ഉണ്ടായിക്കൊണ്ടിരിക്കുന്ന വെടിക്കെട്ടുകളിൽ മാത്രം ഒതുങ്ങി നില്ക്കുന്നില്ല. കുറച്ചു് ആഴത്തിലും പരപ്പിലും ചിന്തിക്കുവാൻ കഴിവുള്ളവർക്കു കാലത്തോടൊപ്പം മനുഷ്യവർഗ്ഗം മാറിക്കൊണ്ടിരിക്കുന്നതിന്റെ അടിസ്ഥാനഗതിയാണു് പുരോഗതി. ആ മൗലികമായ പുരോഗതി, നീണ്ട കവിതകളിൽ പ്രതിഫലിച്ചു കാണുന്നുണ്ടു്.
വേടരാജാവിന്റെ കഥ രണ്ടായിരം വർഷങ്ങൾക്കുമുമ്പുതന്നെ എഴുതപ്പെടാം. പക്ഷേ, വാര്യരെഴുതിയതുപോലെയല്ലെന്നു മാത്രം. ഈ കൃതിയിലെ ‘പഴയ പാട്ടു്’ കാറൽ മാർക്സിനു ശേഷമേ എഴുതപ്പെടൂ. അധികം മഴയുള്ള മലകളിൽ ‘ഉരുൾപൊട്ടുക’ എന്നതു് ഒരു സാധാരണ സംഭവമാണു്. പക്ഷേ, ഈ പ്രകൃതിക്ഷോഭം ആദ്യമായി കാണുന്ന പ്രാകൃതമനുഷ്യൻ അതിന്റെ ശാസ്ത്രീയമായ കാരണം കണ്ടുപിടിക്കാൻ കഴിവില്ലാതെ അത്ഭുതപ്പെടും. അടുത്തുതന്നെ കുപിതയായ ഏതോ ഒരു ഈശ്വരിയുടെ ‘പ്രത്യക്ഷ’മായി വ്യാഖ്യാനിക്കുകയും ചെയ്യും. വാര്യർ കഥയിൽ മാറ്റമൊന്നും വരുത്തുന്നില്ല. പക്ഷേ, അക്കഥതന്നെ വാര്യരുടെ കൈയിൽ മതത്തിന്റെയും അന്ധവിശ്വാസത്തിന്റെയും ഉത്ഭവരീതിയെ കാണിക്കുന്ന ഒരുപകരണമായിട്ടാണു് തീർന്നിരിക്കുന്നതു്. ഒരു യുക്തിവാദിയുടെ ഭാഷയുടെ കാർക്കശ്യമില്ലാതെ മനുഷ്യനെ ശാസ്ത്രീയചിന്താഗതിയിലേക്കുയർത്തുവാൻ വാര്യർക്കു കഴിയുന്നുണ്ടു്. ദേവിയെപ്പോലും വകവെയ്ക്കാതെ അനീതിക്കെതിരായി ഖഡ്ഗമൂരിയ ആ വേടയുവാവു് അന്ധവിശ്വാസത്തിനെതിരായി സമരം ചെയ്തു മനുഷ്യസംസ്കാകാരത്തിന്റെ അടിത്തറപാകിയ മനുഷ്യവർഗ്ഗത്തിന്റെ പ്രതിനിധിയാണു്. ചുരുക്കിപ്പറഞ്ഞാൽ ‘പഴയപാട്ടു്’ മനുഷ്യവർഗ്ഗചരിത്രത്തിന്റെ സംഗ്രഹിച്ച ഒന്നാമദ്ധ്യായമാണു്. ശ്രീ. വാര്യരുടെ ആനക്കാരനും ചരിത്രപരമായ ഒരുഭാഗം അഭിനയിക്കാനുണ്ടു്. താൻ സ്നേഹിച്ച വസ്തു ആശയ്ക്കിടമില്ലാത്ത തരത്തിൽ നഷ്ടപ്പെട്ടുപോയ സന്ദർഭത്തിലുള്ള സങ്കടമാണു് കവിതാവിഷയം. പക്ഷേ, മറ്റൊരുതരത്തിൽ അതിപ്രധാനമായ ഒന്നാണു് ആ കഥയുടെ പശ്ചാത്തലം. ആ ആനക്കാരനു തന്റെ തൊഴിലിനോടും ആനയോടും ഉള്ള സ്നേഹം ഫ്യൂഡൽകാലഘട്ടത്തിന്റെ അടിസ്ഥാനസ്വഭാവമാണു്. വ്യക്തിപരമായ ലാഭമെന്നതാണല്ലോ മുതലാളിത്തകാലത്തിന്റെ ആദർശം. ഈ കച്ചവടമനസ്ഥിതി വളരുന്നതിനുമുമ്പു ഫ്യൂഡൽകാലഘട്ടത്തിൽ സ്ഥാനമനുസരിച്ചുള്ള പരസ്പരസ്നേഹവിശ്വാസങ്ങളിന്മേലായിരുന്നു സമുദായം കെട്ടിപ്പടുത്തിരുന്നതു്. പുറകോട്ടുനോക്കാൻ പ്രത്യേകം വാസനയുള്ള ചിലർ ഈ സമ്പ്രദായത്തിന്റെ വൈകാരികപ്പുറംപൂച്ചു കണ്ടു മയങ്ങിപ്പോകുന്നുണ്ടു്. പക്ഷേ, അതിന്റെ അവസാനം ആ ആനക്കാരന്റെതും അമ്മയെത്തല്ലി ഓടിപ്പോയ മകന്റേതുമാണു്. രംഗത്തുവരാത്ത ഒരു ചൂഷകനുവേണ്ടി ആനയും ആനക്കാരനും പണിയെടുക്കുന്നു. അവർ തുല്യദുഃഖിതരാണു്; സഖാക്കളാണു്. അവർക്കു പരസ്പരസ്നേഹമല്ലാതെ സമ്പാദ്യമില്ല. അങ്ങനെയിരിക്കുമ്പോൾ ഒരാൾ പോയാൽ പിന്നെ മറ്റെയാളിന്റെ ജീവിതം അനാവശ്യമാണു്. അതുകൊണ്ടു് ആനക്കാരനും മരിച്ചുപോകുന്നു. ആ കാലഘട്ടം കഴിഞ്ഞു് ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള അന്തരം കുറേക്കൂടി വർദ്ധിച്ചിരിക്കുന്ന ഒരു കാലഘട്ടത്തെയാണു് ‘തീവണ്ടിയിലെ പാട്ടു്’ ചിത്രപ്പെടുത്തുന്നതു്. ധനികനും ദരിദ്രനും തമ്മിലുള്ള വൈരുദ്ധ്യത്തെ ഒരു പ്രേമബന്ധംകൊണ്ടു കീഴ്‌വരയിട്ടിരിക്കുകയാണു്. ചെട്ടിയാരുടെ മകളുടെ സൗന്ദര്യവും കുറവന്റെ സംഗീതവും തമ്മിലിടയുമ്പോൾ സമുദായം അവരിരുവരെയും ചുടലയിലേക്കു വഴിനടത്തുന്നു. ആ രമണനും മരിക്കുകതന്നെ വേണം. വാര്യർ ഒരു കഥപറയുക മാത്രമേ ചെയ്യുന്നുള്ളു. പക്ഷേ, പ്രേമിക്കാൻ പോലും സ്വാതന്ത്ര്യമില്ലാത്ത സമുദായഘടനയെ വായനക്കാരൻ വെറുക്കുകകൂടി ചെയ്യുന്നുണ്ടു്.
കാലം പിന്നെയും കഴിഞ്ഞു. സാമ്രാജ്യത്വം കോളണികളിൽ കൊള്ളനടത്തുകയാണു്. ഭൗതികവിഭവങ്ങൾ കൊണ്ടുമാത്രം വെള്ളക്കാരൻ സംതൃപ്തനായില്ല. പൂനിലാവിൽ കണ്ട കുടകുകാരിയുടെ പരിശുദ്ധിയും അയാൾ അപഹരിച്ചു. കൊടിയ പ്രതികാരത്തിന്റെ ഒരു കഥകൊണ്ടു വാര്യർ അക്കാര്യവും പറയുന്നു. അതിൽ ഒന്നു മാത്രമാണു് ശ്രദ്ധിക്കാനുള്ളതു്. ആ കുടകുകാരനെ ‘അഹിംസാ പരമോ ധർമ്മഃ’ എന്ന രോഗം ബാധിച്ചിട്ടില്ലായിരുന്നുവെന്നു്, അഥവാ, അയാൾ കപടസന്യാസിയല്ലായിരുന്നുവെന്നു്, വേദാന്തം പ്രസംഗിച്ചുകൊണ്ടു മാറു തുളയ്ക്കുകയും മാനഭംഗം ചെയ്കയും ചെയ്യുന്നവന്റെ മുൻപിൽ വാലാട്ടിനിന്നു ശിങ്കിടിപാടുന്ന ഫിലോസഫിയിൽ ശ്രീ. വാര്യർ വിശ്വസിക്കുന്നില്ല.
ഒരിക്കൽകൂടി മതം കവിതാവിഷയമായിത്തീരുന്നുണ്ടു്. ഇക്കുറിമതവും ലൈംഗികവികാരവും തമ്മിലുള്ള ബന്ധത്തെയാണു് വാര്യർ പരിശോധിക്കുന്നതു്. ക്രിസ്തുവിനു മൂന്നു ശതാബ്ദം കഴിഞ്ഞതിനുശേഷം ക്രിസ്തുമതത്തിൽ ബ്രഹ്മചര്യത്തിനു വലിയ പ്രാബല്യം സിദ്ധിച്ചു. കുറെ ശതാബ്ദങ്ങളിലേയ്ക്കു യൂറോപ്പിലും പാലസ്തീനിലും ഇതു് ഒരുതരം ഭ്രാന്തായിത്തീർന്നു. വെറും ബ്രഹ്മചര്യംതന്നെ സ്വർഗ്ഗത്തിലേക്കുള്ള വഴിയായി ഗണിക്കപ്പെട്ടു. വിവാഹിതർ ബ്രഹ്മചര്യംപാലിക്കുന്നതു് ഏറ്റവും ഉത്കൃഷ്ടമായ ഭക്തിമാർഗ്ഗവുമായി. കുട്ടികളെ സ്നേഹിക്കുകയും കുടുംബത്തെ അനുഗ്രഹിക്കുകയും വേശ്യകളോടൊത്തു ജീവിക്കുകയുംചെയ്ത ഒരു മഹാന്റെ അനുയായികൾ ജീവിതത്തെ വെറുത്തു മനുഷ്യാത്മാവിനെ മുരടിപ്പിക്കുന്ന ഇത്തരമൊരു വൈകല്യത്തിനു് എങ്ങനെ അടിമപ്പെട്ടുവെന്നു പലരും ചിന്തിച്ചിട്ടുണ്ടു്. സെമിറ്റിക് വർഗ്ഗങ്ങൾക്കു പൊതുവായി കാണപ്പെടുന്ന സ്ത്രീവിദ്വേഷമാണു് ഇതിനു കാരണം എന്നു ചിലർ അഭിപ്രായപ്പെട്ടിട്ടുണ്ടു്. ശ്രീ. വാര്യർ കുറെക്കൂടി അടിസ്ഥാനപരമായ ഒരു കാരണമാണു് കാണുന്നതു്. ഭക്തിയും കാമാസക്തിയും ഒരു വികാരംതന്നെയാണു്. രണ്ടാമത്തേതിന്റെ സബ്ലിമേറ്റഡ് രൂപമാണു് ആദ്യത്തേതു്. പിന്നെയെങ്ങനെയാണു് മതം ബ്രഹ്മചാരിത്വത്തിനു കാരണമായിത്തീരുന്നതു്? അതിങ്ങനെയാണു്: രണ്ടു ശക്തികൾ ഒരു മനസ്സിനെ കൈവശപ്പെടുത്താൻ ശ്രമിക്കുമ്പോൾ അവ തമ്മിൽ ഒരു പരസ്പരമാത്സര്യം സംജാതമാകുന്നു. അതിശക്തിയായ കാമാസക്തിയുള്ള പുരുഷനും സ്ത്രീയും ഒന്നുകിൽ ഇണയെ വെറുത്തു മതത്തിലെത്തും. അല്ലെങ്കിൽ, സർവ്വവും മറന്നു ഭോഗേച്ചയിൽത്തന്നെ കഴിയും. ഇതിൽ, രണ്ടാമത്തെ വർഗ്ഗമാണു് എണ്ണത്തിൽ കൂടുതൽ. പക്ഷേ, അവർ സാധാരണയായതുകൊണ്ടു് അവരെ നാം ഗൗനിക്കുന്നില്ല. ഒന്നാമത്തെ കൂട്ടർ തലകുത്തിനില്ക്കുകയാണു്. അതുകൊണ്ടു് അവർ നമ്മുടെ ശ്രദ്ധയെ പിടിച്ചുപറ്റുന്നു. സ്ത്രീയെ വെറുക്കുന്ന പുണ്യവാളനും, ബ്രഹ്മചാരിയായ കാപാലികനും, ഇഷ്ടദേവത കന്യകാമറിയയും ദുർഗ്ഗയുമാണെന്നു് ഓർമ്മിക്കണം. ഈ ന്യൂറോസിസ് ബാധിച്ച ഒരു നല്ല മനുഷ്യനാണു് അലെക്സിസ്സു്. അദ്ദേഹം അവസാനമായി ഭാര്യയുടെ അടുത്തു താമസിക്കാൻ ഇഷ്ടപ്പെടുന്നതു് സബ്ലിമേറ്റ് ചെയ്ത കാമത്തെയാണു് കാണിക്കുന്നതു്. മർദ്ദിതവികാരങ്ങൾ കൊടുമ്പിരികൊണ്ടു നില്ക്കുന്ന ആ ചിത്രം ശ്രീ. വാര്യരുടെ കവിതയിലാണോ, ശ്രീ. കെ. സി. എസ്. പണിക്കരുടെ ചിത്രത്തിലാണോ മികച്ചുനില്ക്കുന്നതെന്നു തീർത്തുപറയാൻ നിവൃത്തിയില്ല. പശ്ചാത്തലനിർമ്മിതിയിലും ശ്രീ. വാര്യർ വിജയിച്ചിട്ടുണ്ടു്. മറ്റൊരു രാജ്യത്തിൽ, അടുത്തു പരിചയമില്ലാത്ത ഒരു മതത്തിലെ കാര്യമെടുത്തു പ്രതിപാദിക്കുമ്പോൾ പശ്ചാത്തലം നന്നാക്കുകയെന്നു പറയുന്നതു ശ്രമകരമായ ഒരു ജോലിയാണു്. പരിത്യക്തയായ ആ ഭാര്യയെയും വാര്യർ ചിത്രീകരിക്കുന്നു. ജീവിതകാലമെല്ലാം ഒരു ബ്രാഹ്മണവിധവയെപ്പോലെ കഴിയേണ്ടിവരുന്ന ഒരു സാധുസ്ത്രീക്കു മതം പുണ്യവതിപ്പട്ടം കൊടുത്തതായിട്ടറിവില്ല. അവർ ഈ അതിരുകടന്ന ഭക്തിയൊന്നും ചോദിച്ചുവാങ്ങിയതല്ല. അവർക്കു വിവാഹമോചനം കൊടുക്കാനും മതം തയ്യാറില്ല. ഇതാണു് മനുഷ്യനെ തല്ലി സ്വർഗ്ഗത്തിൽ കയറ്റുന്ന ഏർപ്പാടു്. വേണ്ടകാലത്തു വിവാഹംചെയ്യാതെ, പണിയെടുക്കാതെ, മനുഷ്യരെ സ്നേഹിക്കാൻ കഴിവില്ലാതെ, തലതിരിഞ്ഞുപോയ കിഴവൻപുരോഹിതന്മാരുടെ കൈയിൽ ഒരു നല്ല തത്ത്വം ലഭിച്ചാൽ അവർ അതിനോടു് എന്തുചെയ്യുമെന്നു വാര്യർ കാണിച്ചിട്ടുണ്ടു്.
അവസാനമായി വാര്യർ പാടുന്നതു് ഇന്നത്തെ ഇന്ത്യയുടെ ദേശീയഗാനമാണു്. തൊഴിലുതെണ്ടി പട്ടണത്തിലെത്തുന്ന പട്ടിണിക്കാരൻ കാണുന്ന യാഥാർത്ഥ്യങ്ങൾ. തിരുവാഴിത്താൻ രാജാവിനെ നഗ്നനാക്കി ഘോഷയാത്ര നടത്തിയെന്നൊരു കഥയുണ്ടു്. തിരുവാഴിത്താനൊരു വസ്ത്രമുണ്ടാക്കി. അതു വളരെ നേർത്തതായിരുന്നത്രേ. അവനവന്റെ ജോലിക്കു് അപ്രാപ്തരായവർക്കു് അതുകാണാൻ കഴിവുണ്ടായിരിക്കുകയില്ല. തിരുവാഴിത്താൻ രാജാവിനെ വസ്ത്രമുടുപ്പിച്ചു. തനിക്കു് അതു കാണാൻ വയ്യായെന്ന രഹസ്യം രാജാവു് ഒളിച്ചു. രാജ്യത്തുള്ള മറ്റുള്ളവരുടെയും കഥയതുതന്നെ. ഒരു കൊച്ചുകുട്ടി മാത്രം വിളിച്ചുപറഞ്ഞു: ‘അയ്യോ! രാജാവു മുണ്ടുടുത്തിട്ടില്ലേ!’ ഒന്നുമറിഞ്ഞുകൂടാത്ത ആ കുട്ടിയാണു് കൃഷ്ണവാര്യർ. ആഗസ്റ്റ് പതിനഞ്ചു കഴിഞ്ഞു. കൊടിയിലെ ചായം മഴയിലൊലിച്ചുപോയി. ഇപ്പോൾ രാജ്യം ഭരിക്കുന്നതു നമ്മൾ തന്നെയാണു്. കാര്യമെല്ലാം സുഭിക്ഷമായി. പക്ഷേ, കുട്ടിയുടെ അഭിപ്രായം രാജാവു മുണ്ടുടുത്തിട്ടില്ലെന്നാണു്. ഇന്നും നാട്ടുകാരനു പട്ടിണിയും തൊഴിലില്ലായ്മയുമാണു്. നൃത്തവും മദ്യവും സായ്പിനാണു്. ഇന്നും ഇന്ത്യാക്കാരൻ തൊഴിലാളിയാണു്. സായ്പാണു് കമ്പനിയുടമസ്ഥൻ. പക്ഷേ, അതൊന്നും അധികം വിവരിക്കുവാൻ ഈ കാലാവസ്ഥ നന്നല്ല. അവതാരികയെഴുത്തു് ആരോഗ്യത്തെ അപകടപ്പെടുത്തരുതല്ലോ.
അപ്പോൾ, വാര്യരുടെ കവിതാവിഷയങ്ങൾ എല്ലാം കൂട്ടിച്ചേർത്താൽ ഒരു മനുഷ്യചരിത്രസംഗ്രഹമായി. നീണ്ടുനീണ്ട ആ കഥയിലെ പ്രധാനമായ ചില ഏടുകൾ. വിഷയങ്ങൾ പുരോഗമനപരമാണു്. അതിനാരും ബഹളം കൂട്ടണ്ട. പക്ഷേ, ഇതിനുമുമ്പും പല കവികളും പുരോഗമനവിഷയങ്ങളെ പ്രതിപാദിച്ചിട്ടുണ്ടു്. അവ വേണ്ടത്ര ജനകീയമായിരുന്നില്ല. ‘നീണ്ട കവിതകൾ’ മലയാളത്തിലെ ഏറ്റവും നല്ല കവിതകളാണെന്നു് എനിക്കഭിപ്രായമില്ല. എങ്കിലും, അവ മലയാളത്തിലെ ഒരു പുതിയ കവിതാപ്രസ്ഥാനത്തിനു പ്രായം തികഞ്ഞുവെന്നു വിളിച്ചറിയിക്കുന്നു. എന്താണു് ഈ കവിതകൾക്കുള്ള സവിശേഷത?
പറയാം. അതൊരു രൂപഭദ്രതാപ്രശ്നമാണു്. വാളിനു് നല്ല ഉരുക്കു മാത്രം പോരാ, മൂർച്ചയും ഉണ്ടായിരിക്കണമെന്നു കോഡ്വെൽ പറഞ്ഞിട്ടുണ്ടല്ലോ, സജ്ജാദ് സഹീറും.
പഴയ വീഞ്ഞു് പുതിയ തുരുത്തിയിൽ ഒഴിച്ചാൽ തുരുത്തി പൊട്ടി വീഞ്ഞും തുരുത്തിയും നഷ്ടപ്പെടുമെന്നു ക്രിസ്തു ഒരിക്കൽ പറഞ്ഞു. അതിന്റെ അർത്ഥം മഹാകവി വള്ളത്തോൾ പറഞ്ഞതു പോലെ പാത്രവും ഉള്ളടക്കവും തമ്മിൽ ബന്ധമില്ലെന്നല്ല, നേരെമറിച്ചാണു്. പഴയ വീഞ്ഞിനു ശക്തികൂടും. അതിനു പഴയ പാത്രംതന്നെ വേണം. പുതിയ ആശയങ്ങൾക്കു ശക്തി കൂടും, അവയ്ക്കു പുതിയ കലാരൂപങ്ങൾ കൂടിയേ തീരു. ‘ഹിറ്റ്ലർ വധം’ കഥകളി വിജയകരമാകാത്തതിന്റെ കാരണം, കവി വത്തിക്കാന്റെ ഏജന്റായതല്ല, ആ വിഷയത്തിനു കഥകളിരൂപം പറ്റുകയില്ലെന്നതാണു്. കുറെക്കാലമായി കവിത ജനകീയമാക്കിത്തീർക്കുവാൻ ബോധപൂർവ്വമായ പല പരിശ്രമങ്ങളും നടന്നിട്ടുണ്ടു്. കെടാമംഗലത്തിന്റെ കടത്തുവഞ്ചിയും, ചങ്ങമ്പുഴയുടെ വാഴക്കുലയും, ഭാസ്കരന്റെ വയലാറും, വാര്യരുടെ എലികളും ആ പരിശ്രമത്തിന്റെ ഉത്തമസൃഷ്ടികളാണു്. ആമ്പലും ചന്ദ്രികയും കവിതാവിഷയമല്ലെന്നു് ഇനി കവികളോടു് ഉപദേശിക്കേണ്ട ആവശ്യമില്ല. ‘കുചകുലാചലങ്ങളും’ ‘വരാരോഹങ്ങളും’ തപ്പി നടക്കുന്ന വയസ്സുന്മാരാരും ഇനി സോഷ്യലിസ്റ്റായിത്തീരുമെന്നു് ആശിക്കേണ്ടതുമില്ല. ഉള്ളടക്കം ജനകീയമായിക്കഴിഞ്ഞു. കവിത ജനകീയമായിത്തീർന്നിട്ടില്ലതാനും. എന്തോ ഒരു കൃത്രിമത്വം അതിൽതങ്ങിനിന്നു. എങ്ങനെയോ തപ്പിത്തടഞ്ഞു് ഈ കൃത്രിമത്വം രൂപത്തെ സംബന്ധിക്കുന്നതാണെന്നു ശ്രീ. വാര്യർ മനസ്സിലാക്കി. ചൂണ്ടിക്കാണിച്ച കവിതകളെല്ലാം ബൂർഷ്വാകാലത്തെ കലാസങ്കേതങ്ങളനുസരിച്ചുള്ളതാണു്. വിഷയം ജനങ്ങൾക്കു രസമുള്ളതാണെങ്കിലും ടെക്നിക് അവർക്കു ദഹിക്കുന്നതല്ല. അതുതന്നെയാണു് അവയ്ക്കു വേണ്ടത്ര പ്രചാരം ലഭിക്കാത്തതിന്റെ കാരണവും. നാട്ടുകാർക്കു നാടൻ ടെക്നിക് ആവശ്യമാണു്, അതായതു നാടോടിപ്പാട്ടു്. ഈ രീതിയിൽ ആദ്യമായി ഉണ്ടായ കവിതകളിൽ ഏറ്റവും ഗണ്യമായതു് വാര്യരുടെ ‘പഴയ പാട്ടു്’ ആണു്. അതു വായിച്ചുകിട്ടിയ പ്രചോദനമാണു് ശ്രീ. ഭാസ്കരനെ ക്കൊണ്ടു് ‘പയനയും കൊന്നയും പരണയും പൂക്കുന്ന പരിയാരംകുന്നിന്റെ ചോട്ടിൽ’ എന്നു തുടങ്ങുന്ന പാട്ടെഴുതിച്ചതു്. അതിനുശേഷം ചങ്ങമ്പുഴയുടെ തുകിലുണർത്തു പാട്ടു് (രാക്കിളികൾ) എഴുതപ്പെട്ടു. ഇങ്ങനെ നമ്മുടെ യുവകവികൾ ഇന്നത്തെ കാലത്തിനുവേണ്ട കവിതാരീതിയിലെത്തി. അങ്ങനെ മലയാളത്തിൽ രണ്ടാമതും ഫോക്ക് പോയട്രി ഉണ്ടായി. ഫോക്ക് പോയട്രി യെന്നു കേൾക്കുമ്പോഴേയ്ക്കും അതു കൂടിയേ തീരുവെന്ന് ആർത്തു വിളിക്കുന്നവരുണ്ടു്. പക്ഷേ, പലർക്കും അതിന്റെ രൂപമെന്താണെന്നു വ്യക്തമായിട്ടറിവില്ല. ഫോക്ക് പോയട്രിയുടെ സ്വഭാവം കവിതയുടെയും പൊതുവേലയുടെയും ചരിത്രം കൊണ്ടുമാത്രമേ ഗ്രഹിക്കാൻ കഴിയു.
എല്ലാ കലകളുടെയും ഉത്ഭവം ജനകീയമാണു്. മനുഷ്യന്റെ വിശ്രമാവസരങ്ങളിൽ തന്റെ അനുഭൂതികൾക്കു പ്രകടനം നല്കിയ ഉപാധികളാണു് കലാരൂപങ്ങൾ. ആ അനുഭൂതികൾ സമുദായത്തിന്റെ പൊതുവായ അനുഭൂതികളായിരുന്നു. യാതൊരു കൃത്രിമത്വവും അവയുടെ പ്രകടനത്തിൽ ഉണ്ടായിരുന്നില്ല. ജീവിതാനന്ദത്തെ പൊതുവെയും യഥാർത്ഥസംഭവങ്ങളെ പ്രതേകിച്ചും അവ പ്രതിഫലിപ്പിച്ചിരുന്നെങ്കിലും, രസിക്കുകയെന്നതിൽ കവിഞ്ഞു് അവയ്ക്കു് ഒരുദ്യോഗമുണ്ടായിരുന്നില്ല. വിശ്രമവേളകൾ ചുരുങ്ങിയിരുന്നതുകൊണ്ടു കലാസൃഷ്ടി വലുപ്പത്തിലും കുറവായിരുന്നു. കാലക്രമത്തിൽ ഉപകരണം, യന്ത്രം മുതലായവയുടെ വളർച്ചകൊണ്ടു വിശ്രമത്തിനുള്ള അവസരം വർദ്ധിച്ചു. പക്ഷേ, അതോടൊപ്പം സമുദായഘടനയുടെ രൂപവും മാറി. ഒരു ഭൂരിപക്ഷത്തിനു വിശ്രമമില്ലാത്ത വേലയും ഒരു ന്യൂനപക്ഷത്തിനു വേലയില്ലാത്ത വിശ്രമവും എന്ന നിലയിലെത്തി. അതോടുകൂടി ഭൂരിപക്ഷത്തിനു കലാസൃഷ്ടിക്കും ആസ്വാദനത്തിനുമുള്ള അവസരം നിഷേധിക്കപ്പെട്ടു. അവർ മൃഗങ്ങളുടെ അവസ്ഥയിലേക്കു താണു. യഥാർത്ഥ ജനകീയകലയായ നാടോടിപ്പാട്ടുകൾ കുറഞ്ഞുകുറഞ്ഞു് ഇല്ലാതായിത്തീർന്നു. ന്യൂനപക്ഷത്തിനാകട്ടെ കലയില്ലെങ്കിൽ നേരംപോക്കാൻ നിവൃത്തിയില്ലായിരുന്നു. അവർ വളരെയധികം കലാസൃഷ്ടി ചെയ്തു. ആ സൃഷ്ടികൾ അവയുടെ സ്രഷ്ടാക്കളുടെ ജീവിതത്തെ പ്രതിഫലിപ്പിച്ചു. ഉത്സാഹപൂർണ്ണമായ ജീവിതത്തിന്റെ ആനന്ദം കവിതകളിൽനിന്നു മാഞ്ഞു. പലതരം തത്ത്വചിന്തകളും കലാവിഷയമായി. മതപരമായ ആശയങ്ങളാണു് ഇക്കാലത്തെ പ്രധാന കലാവസ്തു. ഒന്നാമത്തെ കാലഘട്ടത്തിൽനിന്നു് ഈ കാലഘട്ടത്തിനുള്ള പ്രത്യേകതകൾ മൂന്നാണു്. ഒന്നാമതായി കല ജനസാമാന്യത്തോടു ബന്ധമില്ലാത്തതായി. ഒരു ചെറുവിഭാഗത്തിന്റെ വിനോദോപാധിയായിത്തീർന്നു. അതുകൊണ്ടു് അതിന്റെ ഉള്ളടക്കം യഥാർത്ഥ സമുദായം പ്രതിഫലിക്കാത്തതായിത്തീർന്നു. രണ്ടാമത്തെ മാറ്റം ആദ്യത്തേതിന്റെ ഫലമായിട്ടുണ്ടായതാണു്. കലാവിഷയം സമുദായത്തിനു പൊതുവായതല്ലാത്തതുകൊണ്ടു് കലയുടെ സ്വാഭാവികത്വം നശിച്ചു. കലാസങ്കേതങ്ങൾ കൃത്രിമമായി. ഫ്യൂഡൽകലയുടെ സാങ്കേതികമാർഗ്ഗമായ ക്ലാസ്സിസിസവും ബൂർഷ്വാസങ്കേതമായ റൊമാന്റിസിസവും ഈ കൃത്രിമത്വത്തിന്റെ ഉദാഹരണങ്ങളാണു്. അവ ഉള്ളടക്കത്തിൽ മനുഷ്യനെവിട്ടു കാടുകയറി, രൂപത്തിൽ യഥാർത്ഥത്തെ വിട്ടു സ്വപ്നങ്ങളിലെത്തുകയും ചെയ്തു. മൂന്നാമത്തെ മാറ്റം, ഈ കാലഘട്ടത്തിലാണു് കല ഒരു ഉപകരണമായിത്തീർന്നതെന്നാണു്. ആദ്യകാലത്തെ ജനകീയകലയ്ക്കു രസമെന്നതിൽക്കവിഞ്ഞു ബോധപൂർവ്വമായ ലക്ഷ്യമൊന്നുമില്ലായിരുന്നു. രണ്ടാമത്തെ കാലഘട്ടത്തിലാകട്ടെ, കല കലയ്ക്കുവേണ്ടിയെന്നു വാദിച്ചവർകൂടി, കലയെ ഒരു പ്രചരണോപകരണമായിട്ടുപയോഗിച്ചു. ഇന്നു മനുഷ്യൻ സോഷ്യലിസത്തിലേയ്ക്കു കുതിച്ചുകയറുകയാണു്. അതിനനുസരിച്ചു കലാസങ്കേതം റിയലിസത്തിന്റെ പല പടികളിൽകൂടി കടന്നുപോകുന്നു. ഈ പശ്ചാത്തലത്തിലാണു് നാളത്തെ (ഇന്നത്തെയും) കവിത എന്തായിരിക്കണമെന്നു് ആലോചിക്കേണ്ടതു്. കവിത സാമാന്യജനങ്ങളിലേക്കു തിരിച്ചുവരണം; തീർച്ച. അതിനു് ആദ്യമായി വിഷയം ജനങ്ങളുടെ ജീവിതമായിത്തീരണം. പക്ഷേ, ഫ്യൂഡലിസ്റ്റ്-ബൂർഷ്വാ കാലഘട്ടങ്ങൾ കലയിൽ വരുത്തിയ ചില മാറ്റങ്ങളെ നമുക്കു സ്വീകരിക്കാതെ നിവൃത്തിയില്ല. ഒന്നാമതു്, കലയ്ക്കു താത്ത്വികമായ ഒരു സ്ഥാനം കൊടുക്കുകയെന്നതു്. രണ്ടാമതു്, ബോധപൂർവ്വം അതിനെ ഉപകരണമാക്കുകയെന്നതു്. ഇനിയത്തെ കല ആദിമകലപോലെ ലക്ഷ്യരഹിതമായിരിന്നുകൂടാ. ആദിമകലയിൽനിന്നു നമുക്കു പഠിക്കാനുള്ളതു് അതിന്റെ രൂപഭദ്രതയാണു്. ജനഹൃദയങ്ങളെ കവരാൻ എന്തു ഗുണങ്ങൾകൊണ്ടാണു് നാടോടിപ്പാട്ടുകൾക്കു കഴിഞ്ഞതു് എന്നു പഠിച്ചു് അവയെ അനുകരിച്ചു കവിതയെഴുതുകയാണു വേണ്ടതു്. അനുകരിച്ചു് എന്നു പറഞ്ഞതു കരുതിക്കുട്ടിയാണു്. ഇന്നു ഫോക്കു് കവിതയുണ്ടാക്കണമെന്നു പറഞ്ഞാൽ അതിന്റെയർത്ഥം പഴയ പാട്ടുകൾ ‘ഉദ്ധരിക്കണ’മെന്നല്ല. അതു പുരാണവസ്തുഗവേഷകന്മാരുടെ ജോലിയാണു്. കണ്ണടച്ചു പകർത്തണമെന്നുമല്ല. മനുഷ്യൻ ശതാബ്ദങ്ങൾകൊണ്ടു വളരെ വളർന്നുപോയിട്ടുണ്ടല്ലോ. കല ഇക്കാര്യത്തിൽ ചരിത്രംപോലെയാണു്. ചരിത്രം ആവർത്തിക്കുന്നു. പക്ഷേ, ഒരിക്കൽ കഴിഞ്ഞതിന്റെ വെറുമൊരു ആവർത്തനമല്ല; കുറെക്കൂടി ഉന്നതമായ ഒരു വൃത്തത്തിലേയ്ക്കു പിരിയൻ കോവണിപോലെ കയറിപ്പോകുന്ന ഒരു ഗതിയാണു്. ജനങ്ങളുടെ പൊതുകലാസമ്പത്തായിത്തീരാൻ പഴയ പാട്ടുകൾക്കു് എന്തെല്ലാം ഗുണവിശേഷങ്ങളുണ്ടായിരുന്നു? പ്രാഥമിക വികാരങ്ങളും (സ്നേഹം, പ്രതികാരം മുതലായവ) സാർവ്വജനീനമായ വിഷയങ്ങളും, നേരിട്ടുള്ള പ്രതിപാദനം, ലളിതമായ ഭാഷ, ഉൾനാടനുപമകൾ, പാടാവുന്ന രാഗം, ഒരു കഥയ്ക്കു വേണ്ടത്ര നീളം—ഇവയാണു് പ്രധാനമായവ. ഇവയെല്ലാം ശ്രീ. വാര്യരുടെ കവിതകളിലുണ്ടു്. ഇതിനും പുറമെ ഏറ്റവും പുരോഗമനപരമായ ഒരു ലക്ഷ്യവുമുണ്ടു്. ‘നീണ്ടകവിതകൾ’ പഴയപാട്ടുകളുടെ ഒരു വെറും ഓർമ്മക്കുറിപ്പല്ല, നവജീവൻ തുളുമ്പുന്ന പുനരുത്ഥാനമാണു്.
സെപ്തംബർ 1948.