ലോകത്തിലേക്കും നാണംകെട്ട വേശ്യ റോയിട്ടറാ ണെന്നു് സരസനായ ഒരു സ്നേഹിതൻ പേർഷ്യയിലെ സോവിയറ്റുസേനയുടെ പിന്മാറ്റത്തെപ്പറ്റി സംസാരിച്ചുകൊണ്ടിരുന്നപ്പോൾ പറയുകയുണ്ടായി. ആദ്യമൊക്കെ ഇടവിട്ട ദിവസങ്ങളിൽ സോവിയറ്റു സേനപിന്മാറിയെന്നും ഇല്ലെന്നുമുള്ള വർത്തമാനങ്ങൾ വന്നുകൊണ്ടിരുന്നു. പിന്നീടു് ഒരു ദിവസത്തെ വർത്തമാനത്തിൽതന്നെ ഈ രണ്ടു വിരുദ്ധ വർത്തമാനങ്ങളും ഒരുമിച്ചു വന്നുതുടങ്ങി. ഇതുപോലെ യുഗോസ്ലാവിയ, ചൈന മുതലായ പല രാജ്യങ്ങളിൽനിന്നും വരുന്ന വർത്തമാനത്തിന്റെ വൈരുദ്ധ്യങ്ങളാണു് ഈ അഭിപ്രായ പ്രകടനത്തിനു കാരണം. ഈ വൈരുദ്ധ്യങ്ങളുടെ പ്രത്യേകത അവ സാധാരണഗതിയിൽ സംഭവിക്കാവുന്ന പിശകുകളല്ലെന്നും ജനസാമാന്യത്തെ തെറ്റിദ്ധരിപ്പിക്കാൻവേണ്ടി കരുതിക്കൂട്ടി ചെയ്യുന്ന തന്ത്രങ്ങളാണെന്നുമാണു്. അങ്ങനെ പൊതുജനങ്ങളുടെ ഒരു ആവശ്യം നിറവേറ്റുന്നതിനു് അവരിൽനിന്നു് പ്രതിഫലം പറ്റുന്ന ഒരു സംഘടന ഏതോ താല്പര്യങ്ങളുടെ പ്രചരണയന്ത്രമായിത്തീരുന്നു. ഈ അനാശാസ്യനയം അസോസിയേറ്റഡ് പ്രസ്സിനെപ്പറ്റിയുമുണ്ടായിട്ടുണ്ടു്. 1114-ലെ തിരുവിതാംകൂർ സമരകാലത്തു് ആ വാർത്താവിതരണസംഘടനയെ ചുറ്റി തിരുവിതാംകൂറുകാർക്കുണ്ടായിരുന്ന പ്രതിഷേധം എത്രയായിരുന്നുവെന്നു പ്രസിദ്ധമാണല്ലോ.
പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ പല വഴികളാണു് ഉപയോഗിക്കാറുള്ളതു്. പച്ചക്കള്ളംതന്നെ, അതു ചെലവാകുമെന്നു ബോദ്ധ്യമുണ്ടെങ്കിൽ അഴിച്ചുവിടും. 1931-ൽ ഇന്ത്യൻ സ്വാതന്ത്ര്യസമരത്തെപ്പറ്റിയും 1927-ൽ സോവിയറ്റു യൂണിയനെപ്പറ്റിയും പരത്തിക്കൊണ്ടിരുന്ന വാർത്തകൾ ഈ ഇനത്തിൽപ്പെടുന്നവയാണു്. സാധാരണ ഇവ ഉടമസ്ഥനില്ലാതെയാണു് ഉത്ഭവിക്കുന്നതു്. ചിലപ്പോൾ ചില പ്രത്യേകതരത്തിലുള്ള പേരുകാരും അതിൽ പിതൃത്വം വഹിക്കാനുണ്ടാകും. ഏറ്റവും കൂടുതൽ പ്രചാരത്തിലുള്ള തന്ത്രം പച്ചക്കള്ളമല്ല. യഥാർത്ഥമായ ഒരു വസ്തുതയെ തിരിച്ചുമറിച്ചു പറയുന്നതാണു്. മഞ്ച്യൂറിയായിലെ സ്ഥിതിഗതികളെപ്പറ്റി നമുക്കു കിട്ടുന്ന വർത്തമാനങ്ങൾ ഇങ്ങനെ ‘തഴവായിൽനിന്നു വന്നതിൽ പിന്നെ മോഷ്ടിച്ചിട്ടില്ല’ എന്നു പറഞ്ഞ രീതിയിലുള്ള പരമാർത്ഥങ്ങളാണു്. പല വർത്തമാനങ്ങളും അപ്പടി വിട്ടുകളയുക എന്നതും സാധാരണ കണ്ടുവരാറുള്ള ഒരു മാർഗ്ഗമാണു്.
അമേരിക്കയിലും ഇംഗ്ലണ്ടിലും വാർത്താവിതരണ ഏജൻസികളും ഒരുപോലെ ഈ തൊഴിൽ നടത്തുന്നുണ്ടു്. ആ നാടുകളിൽ സ്വതന്ത്രമായിട്ടൊറ്റ പത്രം പോലുമില്ലെന്നാണു് പറയപ്പെടുന്നതു്. ഇംഗ്ലണ്ടിലെ വ്യവസായങ്ങളുടെ ശരിയായ നില മനസ്സിലാക്കിയിരുന്നാൽ ഓരോ പത്രത്തിന്റെ മുഖപ്രസംഗം എന്തായിരിക്കുമെന്നു മുൻകൂട്ടി പറയാൻ കഴിയുമത്രെ. ശ്രീമതി വിജയലക്ഷ്മി പണ്ഡിറ്റ് അമേരിക്കയിൽ വളരെ പ്രസംഗങ്ങൾ നടത്തിയിട്ടും അവിടത്തെ പത്രങ്ങൾ ആ വിവരങ്ങളൊക്കെത്തന്നെ വിട്ടുകളയുകയാണു ചെയ്തതു്. ഈ ബാധ ഇന്ത്യയെ സംബന്ധിച്ചിടത്തോളം വളരെയൊന്നുമില്ലായിരുന്നു. പക്ഷേ, വളർന്നുവരുന്ന ഇന്ത്യൻ മുതലാളിത്തത്തിന്റെ ഫലമായിട്ടോ എന്തോ, ഇന്നു് ഇന്ത്യൻ പത്രങ്ങളുടെ ഗതിയും അഭിനന്ദനാർഹമല്ലാതായിത്തീർന്നിട്ടുണ്ടു്. അതിപ്രധാനമായ ചില കുറവുകൾ മാത്രം പരിശോധിക്കാം.
ഇന്നു ദേശീയപത്രങ്ങളെന്നു് എണ്ണപ്പെടുന്ന മിക്ക പത്രങ്ങളുടെയും പ്രധാനതെറ്റു് മുസ്ലീംവിരുദ്ധനയമാണു്. അവയുടെ അധിപന്മാരുടെ ദേശാഭിമാനത്തെ ചോദ്യം ചെയ്യാതെത്തന്നെ അവയുടെ പ്രവർത്തനം തനി ദ്രോഹമാണെന്നു പറയാൻ കഴിയും. വർത്തമാനപത്രങ്ങളുടെ യഥാർത്ഥ ചുമതല യഥാർത്ഥ സ്ഥിതിഗതികളും സംഭവങ്ങളും ജനസാമാന്യത്തെ അറിയിക്കുക എന്നതാണു്. അഭിപ്രായപ്രകടനങ്ങളും ഉപദേശം കൊടുക്കലും താരതമ്യേന അപ്രധാനമായ ചുമതലയാണു്. എന്നാൽ, കോൺഗ്രസ്സും ലീഗും തമ്മിലുള്ള വടംവലിയെപ്പറ്റി ഇവർ കൊടുക്കുന്ന വർത്തമാനങ്ങൾ തികച്ചും ദ്രോഹപരമാണു്. മി. ജിന്നയുടെ വാദഗതികൾ ശരിയല്ലെന്നു വിശ്വസിക്കുന്ന ഭൂരിപക്ഷം ഇന്ത്യയിലുണ്ടു്. അഭിപ്രായം പ്രചരിപ്പിയ്ക്കുവാൻ അതു വിശ്വസിക്കുന്നവർക്കു് അവകാശമുണ്ടു്. പാക്കിസ്ഥാൻവാദം തെറ്റാണെന്നു പ്രചരിപ്പിക്കാം. പക്ഷേ, ജിന്നയുടെവാദത്തെ ഭൂരിപക്ഷം മുസ്ലീങ്ങളും എതിർക്കുന്നുവെന്നു വാദിക്കുകയും ലീഗിന്റെ പ്രവർത്തനങ്ങളെ ‘ബ്ലാക്ഔട്ട്’ ചെയ്യുകയും ചെയ്യുന്നതു ദേശാഭിമാനികളുടെ ഇടയിൽ മിഥ്യാബോധം ഉളവാക്കാൻമാത്രമേ ഉപകരിക്കുകയുള്ളു. ഈ ദേശീയപത്രങ്ങൾ പതിവായിവായിക്കുന്ന ഒരുവൻ മുസ്ലീംലീഗിനു് ഒരു പിൻബലമുണ്ടെന്നു വിശ്വസിക്കുക പ്രയാസമാണു്. അതുകൊണ്ടാണു് ഒരു മുസ്ലീം വർത്തമാന പത്രലോകം തന്നെ ഇന്ത്യയിൽ ഉദയം ചെയ്തതു്. യഥാർത്ഥത്തിൽ ലീഗിനുള്ള ശക്തി ഇങ്ങനെ ഇരുട്ടുകൊണ്ടു മറയ്ക്കുന്നതിന്റെ ഫലം സാധാരണ ദേശാഭിമാനി തെറ്റായ ചില അടിസ്ഥാനങ്ങളിന്മേൽ ചിന്തിക്കാൻ ഇടവരുന്നുവെന്നതാണു്. കഴിഞ്ഞ തെരഞ്ഞെടുപ്പുകാലത്തു കേന്ദ്ര അസംബ്ലി തെരഞ്ഞെടുപ്പിൽ ലീഗിന്റെ സ്ഥാനാർത്ഥികളിൽ നൂറുശതമാനവും ജയിച്ചിട്ടും ദേശീയപത്രങ്ങളുടെ ഭാവം ലീഗിനു പറയത്തക്ക ഒരു വിജയവും കിട്ടിയില്ല എന്നായിരുന്നു. ഇങ്ങനെ തലതിരിഞ്ഞ ദേശാഭിമാനം കൊണ്ടായിരിക്കണം ബോംബെയിലെ ഒരു ദിനപത്രം ഗാന്ധി-ജിന്നാ കത്തുകൾ ഗാന്ധിജിയുടെ പ്രകടമായ ആജ്ഞയ്ക്കെതിരായി പ്രസിദ്ധീകരിച്ചതു്. പ്രത്യേകിച്ചു അവ മോഷ്ടിച്ചാണു് പ്രസിദ്ധീകരിച്ചതെന്നും ഓർക്കേണ്ടതുണ്ടു്. അതേപത്രംതന്നെ പിന്നീടു ജിന്നായും ഇന്ത്യാ സെക്രട്ടറിയുമായി നടന്നതെന്നു പറഞ്ഞു് കുറെ കള്ളയെഴുത്തുകൾ പ്രസിദ്ധീകരിച്ചു. ഈ രീതിയിലുള്ള പ്രചാരണംകൊണ്ടു് മുസ്ലീം ജനത കോൺഗ്രസ്സിലേക്കു വരികയില്ല. കോൺഗ്രസ്സിനുള്ളിലുള്ള മുസൽമാൻമാർ ലീഗിലേക്കു പോകയാണെന്നുള്ള പരമാർത്ഥം പോലും മറന്നു് ഇവർ ഈ പ്രവർത്തനം തുടരുന്നതു കാണുമ്പോൾ അവരുടെ ആത്മാർത്ഥതയിലുള്ള വിശ്വാസവും നശിക്കുന്നു. ഈ ദേശീയ പത്രങ്ങളുടെ ഉടമസ്ഥത ധനികരായ ഹിന്ദുക്കളുടെ കൈയിലാണുള്ളതെന്നും ഈ സംശയത്തിനു ബലം കൊടുക്കുന്നു. പ്രശസ്തമായ ദേശീയപാരമ്പര്യമുള്ള ‘മോഡേൺ റിവ്യു’ ഇന്നു വായിക്കുന്ന ഒരാൾ സനാതനിയിൽ കുറഞ്ഞവനായിരുന്നാൽ ആ മാസികയുടെ അധഃപതനം മനസ്സിലാക്കാതിരിക്കയില്ല. പ്രചാരണത്തിനായി വാർത്താവിതരണത്തിൽ കളവുചെയ്യുന്നതിന്റെ ഫലം ഇന്ത്യൻ പത്രലോകം പരസ്പരവിരോധത്തോടുകുടിയ രണ്ടു ചേരികളായി തിരിയുമെന്നതാണു്. ഇരുചേരികളും ഈ അനാശാസ്യനടപടികൾ പിന്തുടരുകയും ചെയ്യും.
മറ്റൊരു പതിവു കമ്മ്യൂണിസ്റ്റ് വിരോധമാണു്. ഇതിൽ ഒരു കാര്യം ആദ്യമേ വ്യക്തമാക്കേണ്ടതുണ്ടു്. 1942-ലെ കമ്മ്യുണിസ്റ്റ് നയത്തെ എതിർക്കുന്നുവെന്ന ഭാവേനയാണു് മിക്ക പത്രങ്ങളും ഈ തൊഴിൽനടത്തുന്നതു്. വായനക്കാരിൽ ഭൂരിപക്ഷവും ഈ പ്രചരണത്തിൽ പെട്ടുപോകുന്നതും അവർക്കു് 1942-ലെ കമ്മ്യൂണിസ്റ്റ് നയത്തോടുള്ള എതിർപ്പുകൊണ്ടാണു്. പക്ഷേ, ഒന്നു തീർച്ചയാണു്. ഇന്ത്യൻപത്രങ്ങളിലൊന്നുപോലും അങ്ങനെയല്ല. അവർ ഒരിക്കലും കമ്മ്യൂണിസ്റ്റ് അനുഭാവികളായിരുന്നിട്ടില്ല. അവർ 1942-ലെ കമ്മ്യൂണിസ്റ്റു നയത്തെയല്ല ഭയപ്പെടുന്നതു്. അവരുടെ താല്പര്യങ്ങൾക്കു് അപകടകരമായി ആ കക്ഷി വളരുന്നതിനെയാണു്.
1943 ജനുവരിയിൽ രാഷ്ട്രീയരംഗത്തുള്ളവരെല്ലാം വ്യാജനിർമ്മിതമാണെന്നു സമ്മതിച്ച ജോഷി സർക്കുലർ 1945-ൽ ബോംബെയിലെ ഫ്രീ പ്രസ്സിലും, നെഹ്റുവിന്റെ നാഷണൽ ഹെറാൾഡിലും, മാതൃഭൂമിയിലും പ്രസിദ്ധീകരിക്കുന്നതു നീതിബോധത്തിന്റെ പാരമ്യമായിരിക്കുകയില്ലല്ലോ. കെ. ബി. ഗോൾവാലയുടേയും ഇന്ത്യൻ സീമെൻസ് യൂണിയൻ (Indian Seamen’s Union) സെക്രട്ടറിയുടെയും കൊലപാതകത്തിനു് ഈ ദേശീയപത്രങ്ങൾ ഒരു പ്രാധാന്യവും കാണാതിരുന്നിട്ടാണോ പ്രസിദ്ധീകരിക്കാതിരുന്നതു്? അതോ പ്രാധാന്യം കണ്ടിട്ടുതന്നെയായിരിക്കുമോ? കോൺഗ്രസ്സുകാർ നടത്തിയ യോഗങ്ങളിൽ കമ്മ്യൂണിസ്റ്റുകൾ ബഹളമുണ്ടാക്കി എന്നു പത്രറിപ്പോർട്ടുകൾ മാതൃഭൂമി പത്രത്തിൽ പ്രസിദ്ധീകരിച്ചിട്ടുണ്ടു്. ഈ പ്രചാരണത്തിനു കാണുന്ന പ്രത്യേകത 1942 ആരംഭിക്കാതിരുന്നിട്ടും പിന്നീടു് ഉത്തരവാദിത്തം ഏറ്റെടുത്ത കോൺഗ്രസ്സിന്റെ പത്രങ്ങളും 1942-നെ എതിർത്ത ലീഗിന്റെ പത്രങ്ങളും ഇക്കാര്യത്തിൽ ഒരു കൈയാണെന്നുള്ളതാണു്. അന്തർദ്ദേശീയ രംഗത്താണു നമ്മുടെ പത്രങ്ങളുടെ മറ്റൊരു രോഗം. ഇക്കുറി ഇവ റോയിട്ടറെയും തോല്പിക്കുന്നുണ്ടു്. വിദേശരാജ്യങ്ങളെപ്പറ്റിയുള്ള വർത്തമാനങ്ങൾ സ്വന്തമായി കെട്ടിവലിക്കുക എന്നതു് ഈ നാട്ടിലെ പത്രങ്ങൾക്കില്ലാതിരുന്ന ഒരു രോഗമാണു്. ഇതിന്റെ അടിസ്ഥാനം സോവിയറ്റ് വിരോധമാണു്. അതത്ര കാര്യമാക്കാനില്ല. ഗോയങ്കേയും പിഷാരടിയും സാക്ഷ്യപത്രമെഴുതാത്തതുകൊണ്ടു് സോവിയറ്റ് വളരെ ദുരിതമനുഭവിക്കേണ്ടിവരികയില്ല. ഈ നയം നമ്മെ എവിടെ എത്തിക്കുന്നുവെന്നതാണു പ്രധാനം. ഗ്രീസിന്റെ കാര്യത്തിലാണെങ്കിൽ ഗ്രീസിലെ റീജന്റിനേയും സ്കോബിയേയും അതുവഴി ചർച്ചിലി നേയും നീതീകരിക്കേണ്ടിവരുന്നു. യുഗോസ്ലേവിയയിലാണെങ്കിൽ തെരഞ്ഞെടുപ്പു നടത്തിയിട്ടു് അതിന്റെ യാതൊരു വിവരവും നമുക്കു കിട്ടിയില്ല. പോളണ്ടിന്റെ കാര്യം നമ്മെ ചേമ്പർലൈൻ പക്ഷപാതികളാക്കിത്തീർക്കുന്നു. പേർഷ്യയെപ്പറ്റിയുള്ള വർത്തമാനങ്ങളുടെ സ്ഥിതിയും ഇതുതന്നെ. ചുരുക്കത്തിൽ സോവിയറ്റ് വിരോധം സാർവ്വലൗകികരംഗത്തു നമ്മെ ബ്രിട്ടീഷ് സാമ്രാജ്യത്തത്തിന്റെ സ്തുതിപാഠകന്മാരാക്കുവാൻ നിർബ്ബന്ധിക്കുന്നു. എത്രയൊക്കെയായാലും ബ്രിട്ടനെ നീതികരിക്കുവാൻ കഴിയില്ലെന്നു വിചാരിക്കുന്ന ഒരു വിഭാഗം അമേരിക്കയാണു സ്വർഗ്ഗം എന്ന പ്രചരണം തുടങ്ങേണ്ടിവരുന്നു. ഇതിലൊക്കെ നിർഭാഗ്യകരമായിട്ടുള്ളതു് ഫ്രാങ്കോ യുടെ ഭരണത്തെ നീതീകരിക്കുക എന്നുള്ളതാണു്. ചൈനയുടെ കാര്യം പ്രത്യേകം എടുത്തു പറയേണ്ടതുണ്ടു്. സൺയെത്സെൻ കെട്ടിപ്പൊക്കിയ ജനാധിപത്യസൗധത്തിന്മേൽ ഏകാധിപത്യക്കൊടി നാട്ടിയ അമേരിക്കൻപാവ ചിയാങ്ങിന്റെ പ്രവൃത്തികളെ ഉൽഘോഷിക്കുകയാണു നമ്മുടെ പത്രങ്ങൾ ചെയുന്നതു്. കമ്മ്യൂണിസത്തോടും ചൈനയിലെ കമ്മ്യൂണിസ്റ്റ് പാർട്ടിയോടും സോവിയറ്റു ഗവണ്മെന്റിനോടുമുള്ള വിദ്വേഷം ഒരു അടിമരാജ്യത്തെ എത്രമാത്രം അധഃപതിപ്പിക്കുന്നുവെന്നു നോക്കുക. എഡ്ഗാർ സ്നോ യും കോൺഗ്രസ്സ് മെഡിക്കൽ മിഷനും വെൻഡൽ വില്ക്കിയും അങ്ങനെ കമ്മ്യൂണിസ്റ്റുകളല്ലാത്ത മറ്റുള്ളവരും നൽകിയ അറിവുകൾ നമ്മുടെ പത്രാധിപന്മാരുടെ കണ്ണുതുറപ്പിച്ചിട്ടില്ല.
യഥാർത്ഥവർത്തമാനങ്ങൾ ജനതയ്ക്കു കൊടുക്കണമെന്ന പത്രധർമ്മത്തെ അടിസ്ഥാനപ്പെടുത്തിയല്ല ഇത്രയും പറഞ്ഞതു്. ദേശീയമെന്നു സ്വയം അഭിമാനിക്കുന്ന പത്രങ്ങൾ വരുത്തിക്കൂട്ടുന്ന വിപത്തിനെ മാത്രമാണു് ഇവിടെ ചുണ്ടിക്കാണിക്കുന്നതു്. അമേരിക്കയിലെ ബാങ്കുകാരും ഇംഗ്ലണ്ടിലെ പ്രഭുക്കന്മാരും നമ്മുടെ സ്വാതന്ത്രരസമരത്തിനു സഹായികളാവുകയില്ല. ഫ്രാങ്കോയും സ്മട്ട്സും ഇന്ത്യയെ സഹായിക്കുകയില്ല. നമുക്കു സാർവ്വലൗകികമായി ആശിക്കാവുന്ന സഹായം പുരോഗമനശക്തികളിൽനിന്നു മാത്രമാണു്. ചിയാങ്ങിനെയും ട്രൂമാനെയും നീതീകരിക്കാൻ വെമ്പൽകൊള്ളുന്ന ഒരു രാഷ്ട്രമാണു നാമെന്നാണു നമ്മുടെ ദേശീയ പത്രങ്ങൾ ചിത്രീകരിക്കുന്നതു്. ഫാസിസത്തിനും സമ്രാജ്യത്വത്തിനും കൂട്ടുനില്ക്കുന്ന ഒരു കൊളോണിയൽ ജനതയ്ക്കു പുരോഗമന പ്രസ്ഥാനങ്ങളുടെ വിശ്വാസം സമാർജ്ജിക്കാമെന്നു് ആശിക്കുന്നതു കുറെ അതിരുകടന്നതാണു്. സാർവ്വലൗകികകാര്യങ്ങളിൽ ശത്രുവിനേയും ബന്ധുവിനേയും നമുക്കു തിരിച്ചറിയാൻ പാടില്ലാതാക്കിത്തീർക്കുന്ന പ്രചാരണം ആത്മാർത്ഥതയുടെ പേരിലായാലും ക്ഷന്തവ്യമല്ല.
ഇന്ത്യയുടെ സ്ഥിതിതന്നെ എടുത്താലും ഇതുതന്നെയാണു ഗതി. ലീഗും കമ്മ്യൂണിസ്റ്റ് കക്ഷിയും ഇവിടെ ശക്തികളായി ഉറച്ചു കഴിഞ്ഞു. ഇനി ആ കക്ഷികളെപ്പറ്റി വിദ്വേഷം പരത്തി ഭിന്നിപ്പുണ്ടാക്കുകയല്ല, രാജ്യക്ഷേമകരമായ പരിപാടി. തൊഴിലാളി, കമ്മ്യൂണിസ്റ്റുകാരെ വിട്ടുപോകുമെന്നാശിക്കാൻ ഒരു മാർഗ്ഗവും കാണുന്നില്ല. അവരോടുചേർന്നു് ഒരു യോജിപ്പുണ്ടാക്കിക്കൊണ്ടു പോവുകയാണു വേണ്ടതെന്നു ദേശീയപത്രങ്ങളും അതുപോലെ ലീഗ്-കമ്മ്യൂണിസ്റ്റ് പത്രങ്ങളും ധരിച്ചിരുന്നെങ്കിൽ നന്നായിരുന്നു.
(പ്രസന്നകേരളം, 6 ഒക്ടോബർ 1946.)