1935 മുതൽക്കുള്ള തുടർച്ചയായ പ്രവർത്തനത്തിന്റെയും സംഘടനാ പ്രവർത്തനത്തിന്റെയും സമരത്തിന്റെയും ഫലമായി ഇൻഡ്യയിലെ ഒരു സംസ്ഥാനത്തിൽ നിങ്ങൾക്കു് ഭരണാധികാരം ലഭിച്ചു. ഒരുവശത്തു് നിങ്ങൾക്കു് ആഹ്ലാദിക്കാം, നിങ്ങളെത്തന്നെ അഭിനന്ദിക്കാം. മറുവശത്താകട്ടെ ഇതര രാഷ്ട്രീയപാർട്ടികളിൽനിന്നു് ശക്തിയായ എതിർപ്പിനെ നേരിടുകയും സ്വന്തം നിലനിൽപിനു് അനിവാര്യമായിത്തീർന്ന ഒരവസ്ഥയും സംജാതമായിട്ടുണ്ടു്. ഈ സന്ദർഭത്തിൽ ആരു പറയുന്നതും, എന്തു പറയുന്നതും ശാന്തമായി ശ്രദ്ധിച്ചു വിലയിരുത്താൻ വിഷമമുണ്ടായിരിക്കും. സ്വയം നീതീകരണം മനുഷ്യസഹജമായ ഒരു വാസന മാത്രമാണല്ലോ. ഈ വാസ്തവം പൂർണ്ണബോദ്ധ്യമുള്ളതുകൊണ്ടു് രണ്ടു കാര്യങ്ങൾ ഉപക്രമമായി പറയേണ്ടതു് ആവശ്യമാണെന്നു തോന്നുന്നു. ഒന്നാമതു്, ഒരു തത്ത്വശാസ്ത്രമെന്ന നിലയ്ക്കും രാഷ്ട്രീയ പ്രസ്ഥാനമെന്ന നിലയ്ക്കും കമ്മ്യൂണിസത്തോടു് എനിക്കെത്ര വിയോജിപ്പുണ്ടെങ്കിലും വ്യക്തിപരമായി അനേകം നല്ല മനുഷ്യർ നിങ്ങളുടെ ഇടയിലുണ്ടെന്നു് എനിക്കുറപ്പുണ്ടു്. അവരുടെ ഉദ്ദേശ്യശുദ്ധിയെ ഞാൻ മാനിക്കുന്നു അവർക്കു് സ്വന്തം അഭിപ്രായങ്ങൾ പുലർത്താനുള്ള അവകാശത്തെ ഞാൻ ആദരിക്കുന്നു. രണ്ടു്, ഈ ലേഖനകർത്താവു്, ഒരു നാട്ടുകാരൻ എന്നതിൽ കവിഞ്ഞ യാതൊരവകാശവും വച്ചുകൊണ്ടല്ല ഇതെഴുതുന്നതു്. രാഷ്ട്രീയമായോ മറ്റെന്തെങ്കിലും സംബന്ധിച്ചോ സനാതനമായ യാതൊരു സിദ്ധാന്തവും എനിക്കറിയാമെന്നു് ഞാൻ അഭിമാനിക്കുന്നില്ല. നാട്ടിൽ നടക്കുന്ന കാര്യങ്ങൾ കണ്ടിട്ടു് തോന്നുന്ന ചില കാര്യങ്ങൾ നിങ്ങളുടെ മുമ്പിൽ സമർപ്പിക്കുക മാത്രമാണു് ചെയ്യുന്നതു്. സ്വീകാര്യമെങ്കിൽ കൊള്ളാം, അല്ലെങ്കിൽ തള്ളാം, അതു് നിങ്ങളുടെ സ്വാതന്ത്ര്യം.
ഗ്രന്ഥങ്ങളിലെന്തു പറഞ്ഞാലും, നിങ്ങളിൽ ഭൂരിഭാഗവും ഈ പ്രസ്ഥാനത്തിൽ വന്നുകൂടിയതു് ഡയലറ്റിക്കൽ മെറ്റീരിയലിസം മൂലമല്ല. സ്വന്തം ജീവിതത്തെ ഏതോ ജർമ്മൻ ഫിലോസഫിയുടെ രൂപത്തിൽ (അതെത്ര ശരിയായിരുന്നാലും) കരുപ്പിടിക്കുവാൻ മാത്രം ദാർശനിക ബുദ്ധിയുള്ളവർ ഈ നാട്ടിൽ വളരെയേറെയില്ലെന്നു് നിങ്ങളും സമ്മതിച്ചേക്കും. പിന്നെയെന്താണു് ഇങ്ങനെയൊരു പ്രസ്ഥാനം ഈ നാട്ടിൽ ഉണ്ടായിത്തീരുവാനും അതു വളരെയേറെപ്പേരെ ആകർഷിക്കുവാനും കാരണം? തീർച്ചയായും ജീവകാരുണ്യപരമായ മനുഷ്യസ്നേഹമായിരിക്കണം അതിനു പ്രചോദനം. ജീവകാരുണ്യത്തെ പുച്ഛിക്കുകയും, യഥാർത്ഥവിപ്ലവകാരികൾ തൊഴിലാളി സർവ്വാധിപത്യത്തിനുവേണ്ടി പടവെട്ടുന്നവരായിരിക്കണമെന്ന ആശയം ആവർത്തിക്കുകയും പാർട്ടിയുടെ ചർച്ചാസമിതികളിൽ ബോധപൂർവ്വം നടക്കുന്നുണ്ടെന്ന കാര്യമെനിക്കറിയാം. സ്വന്തതാല്പര്യത്തിനുവേണ്ടിയാണെന്നു പറയുന്നതിൽപോലും തെറ്റില്ലെന്നും, ദീനദയാലുത്വമാണു് നട്ടെല്ലില്ലാത്ത, പൊള്ളയായ ബൂർഷ്വാസെന്റിമെന്റലിസമെന്നും പറയുക അസാധാരണമല്ലല്ലോ. മാർക്സിയൻ പ്രമേയമനുസരിച്ചു് സിദ്ധാന്തമങ്ങനെയായിരിക്കും. പക്ഷേ, സഹജീവികളുടെ പട്ടിണിയും ദാരിദ്ര്യവും കണ്ടു് മനസ്സുനൊന്തു്, സാമ്പത്തികനീതിയും രാഷ്ട്രീയ-സാമൂഹ്യസ്വാതന്ത്ര്യവും കൈവരുത്തുവാൻ വേണ്ടി ഇറങ്ങിത്തിരിച്ചവരല്ലേ നിങ്ങളിലധികംപേരും? മാനിഫെസ്റ്റോയും ലെനിനിസത്തിന്റെ അടിസ്ഥാന തത്ത്വങ്ങളുമെല്ലാം കുറെയേറെക്കാലത്തെ പാർട്ടിപ്രവർത്തനത്തിനുശേഷമല്ലേ രംഗപ്രവേശം ചെയ്യുന്നതു്? പ്രാഥമികമായ പ്രേരണ സഹജീവികളോടുള്ള സ്നേഹമല്ലേ? വെറും തൊഴിലാളിവർഗ്ഗതാല്പര്യങ്ങൾ മാത്രമാണെങ്കിൽ പാർട്ടിനേതൃത്വത്തിൽ തൊണ്ണൂറുശതമാനവും ഇടത്തട്ടുകാരും, കൃഷിക്കാരുടെ സന്താനങ്ങളും, ഉയർന്ന വർഗ്ഗക്കാരുമായിത്തീരാനിടയില്ല. ഇനി ഈ വാസ്തവങ്ങളൊന്നും നിങ്ങൾക്കു സ്വീകാര്യമല്ലെങ്കിൽത്തന്നെ, വിപ്ലവാനന്തരം ഈ കാർഷികരാജ്യത്തു്, ജനസംഖ്യയുടെ ഒന്നോ രണ്ടോ ശതമാനം വരുന്ന വ്യവസായത്തൊഴിലാളികളുടെ സുഖം മാത്രമായിരിക്കുകയില്ലല്ലോ നിങ്ങൾ വിഭാവനചെയ്തതു്.
മനുഷ്യനെ സ്നേഹിക്കുവാനും അവന്റെ ജീവിതസാഹചര്യങ്ങൾ ഉയർത്തുവാനുമായി മാർഗ്ഗം തേടിപ്പോയ നിങ്ങൾ ഒരു പ്രസ്ഥാനത്തിൽ ചെന്നെത്തി കുറെക്കാലം പ്രവർത്തിച്ചു. ഈ പ്രവർത്തനംകൊണ്ടു് നിങ്ങൾ ലക്ഷ്യത്തിലേക്കു് എത്ര കണ്ടു് അടുത്തിട്ടുണ്ടെന്നു് ഒന്നാലോചിക്കുന്നതിൽ അപാകതയൊന്നുമില്ലല്ലോ. ലോകചരിത്രത്തിൽ പല പ്രസ്ഥാനങ്ങളും ആരംഭദശയിലെ ആദർശത്തിൽനിന്നു് വ്യതിചലിക്കുകയോ പ്രതികൂലസാഹചര്യങ്ങളുടെ സമ്മർദ്ദം ഹേതുവായി പരാജയപ്പെടുകയോ ചെയ്തിട്ടുണ്ടെന്നു് നിങ്ങൾക്കറിയാം. സ്വന്തം പ്രസ്ഥാനത്തിനു് അങ്ങിനെ എന്തെങ്കിലും ദൗർഭാഗ്യം സംഭവിച്ചിട്ടുണ്ടോ എന്നാരായുന്നതു് പുരോഗതിക്കു് സഹായകമാകും: ഈ ലക്ഷ്യത്തോടുകൂടി സ്വന്തം നാടിനേയും വിദേശനാടുകളേയും ഒന്നു് സൂക്ഷിച്ചുനോക്കൂ.
രണ്ടുവർഷത്തെ ഭരണംകൊണ്ടു് കേരളത്തെ നിങ്ങൾ സ്വർല്ലോകമാക്കിത്തീർത്തില്ല എന്നല്ല പറയുന്നതു് (ആകാത്തതിനു് നിങ്ങളുടെ വക്താക്കൾ പറയുന്ന ന്യായങ്ങൾ സ്വീകരിക്കാൻ വിഷമമാണു്. എന്തെന്നാൽ ആവക ന്യായങ്ങളിൽ കഴമ്പുണ്ടെന്നു നിങ്ങൾ സമ്മതിച്ചാൽ കോൺഗ്രസ്സ് ഭരണം ഇൻഡ്യയിൽ തുടങ്ങി രണ്ടുവർഷം തികയുന്നതിനുമുമ്പേ ഈ പരാതി അവരെപ്പറ്റി പറയാൻ നിങ്ങൾക്കെങ്ങനെ അവകാശം ലഭിച്ചു എന്നു് ചോദിക്കേണ്ടിവരും. പോരെങ്കിൽ, കോൺഗ്രസ്സിനു് അധികാരം കിട്ടുന്നതിനു് എത്ര ദശാബ്ദങ്ങൾ മുമ്പുതന്നെ ആ പ്രസ്ഥാനത്തെ നിങ്ങൾ താഴ്ത്തിക്കെട്ടിയിരുന്നു). കാര്യമായിട്ടെന്തെങ്കിലും ചെയ്യാൻ രണ്ടുവർഷം പോരാ. പക്ഷേ, ഇത്രകാലവും നടന്നതു് മുന്നോട്ടോ പിന്നോട്ടോ എന്നു് അന്വേഷിച്ചേ പറ്റു. ചെറിയകാര്യങ്ങൾ മാത്രമേ ഇത്തരുണത്തിൽ നോക്കേണ്ടതുള്ളൂ. അതിലാണു് സാധാരണക്കാരന്റെ താല്പര്യം—ഉപഗ്രഹങ്ങളും മൃതസഞ്ജീവിനികളുമെല്ലാം നല്ലതുതന്നെ. പക്ഷേ, നിങ്ങൾ ആർക്കുവേണ്ടി, ആരെ അടിസ്ഥാനമാക്കി ഒരു പുതിയ സാമൂഹ്യക്രമം പടുത്തുയർത്തുവാൻ ശ്രമിച്ചുവോ അവർക്കു് അതൊന്നുമല്ല അടിയന്തിരാവശ്യം.
നിങ്ങൾ ഭൗതികവാദികളാണല്ലോ. അതുകൊണ്ടു് അരിയുടെ സ്ഥിതിതന്നെ എടുക്കാമാദ്യം. അരി ഉൽപ്പാദനം വർദ്ധിച്ചോ, അരിയുടെ വില താണോ, അരിവിതരണം ക്രമപ്പെടുത്തിയോ, ഈ മൂന്നു ചോദ്യങ്ങൾക്കും ഉത്തരം നമ്മുടെ നാട്ടുകാർക്കറിയാം. ഇതെല്ലാം നടത്തിയെടുക്കാൻ വളരെ ബുദ്ധിമുട്ടുകളുണ്ടു്, എന്നു നിങ്ങൾ പറയും. വാസ്തവം, പക്ഷേ, നെല്ലിന്റെ ഉല്പാദനം കുറഞ്ഞാണുവരുന്നതു്. അതിനുകാരണം നിങ്ങളുടെ കർഷകവിരുദ്ധ നടപടികളാണെന്നുകൂടി ഓർമ്മിക്കുക. അവിടെ ചെയ്യാത്തതിന്റെ ചുമതലയല്ല, ഉള്ളതുംകൂടി നശിപ്പിച്ചതിന്റെ കുറ്റമാണു് നിങ്ങളുടെമേൽ ഇരിക്കുന്നതു്. ഭൂനയബില്ലെന്നു പറഞ്ഞതു് ഒരു രാഷ്ട്രീയപ്രചാരണയുദ്ധം മാത്രമല്ലേ? ഇന്ത്യയുടെ മറ്റു പല ഭാഗങ്ങളിലും കാണുന്നതുപോലെയുള്ള ഒരു ജന്മിസമ്പ്രദായം നമ്മുടെ നാട്ടിലുണ്ടോ? ഉള്ള അപൂർവ്വജന്മികൾക്കു് നിങ്ങളുടെ പരിപാടികൾ സ്വീകാര്യവും സാധാരണ സാധുകർഷകനു് അസ്വീകാര്യവുമായിത്തീരാൻ കാരണമെന്തു്? ഉദ്യോഗസ്ഥന്റെയും വ്യവസായത്തൊഴിലാളിയുടെയും ജീവിതനിലവാരം വെച്ചു നോക്കിയാൽ അർദ്ധപട്ടിണിയിൽ കഴിയുന്ന കൃഷിക്കാരനെയല്ലേ നിങ്ങൾ പിന്നേയും ചവുട്ടിത്താഴ്ത്തുന്നതു്? കടലോര ഭാഗങ്ങളിൽ വ്യവസായത്തൊഴിലാളിയെപ്പോലും ഭൂനയകാര്യത്തിൽ കൃഷിക്കാരനെന്നു പേരു വിളിക്കുന്ന നിങ്ങൾ കിഴക്കൻഭാഗങ്ങളിൽ ഒന്നും ഒന്നരയും ഏക്കർ ഭൂമിയുമായി കഴിയുന്ന യഥാർത്ഥ കൃഷിക്കാരനെ പിൻതിരിപ്പൻ ജന്മി എന്നല്ലേ മുദ്രയടിക്കുന്നതു്? കേരളത്തിൽ എത്രയെല്ലാം രൂപത്തിൽ ഭൂവുടമകളുണ്ടു്, എന്തെല്ലാം നീതികളും അനീതികളും അവ സംബന്ധിച്ചു് നിലവിലുണ്ടു് എന്ന കാര്യം നിഷ്കർഷമായി പഠിക്കാതെ പരിഷ്ക്കാര പ്രമേയങ്ങൾ അവതരിപ്പിക്കുന്നതുകൊണ്ടു് ആരെയും ഉപദ്രവിക്കാതെ കല്ലും കാടും മലയും ഇടിച്ചു നിരത്തി മണ്ണുണ്ടാക്കി നിങ്ങളെ തീറ്റിപ്പോറ്റിയ സാധുക്കളുടെ കിടപ്പാടത്തിനു് വില താഴ്ത്താൻ കഴിഞ്ഞുവെന്നതിൽ കവിഞ്ഞു് എന്തുഗണമാണു് ഈ രാജ്യത്തെ കൃഷിക്കാരനുണ്ടായതു്? അരിയുൽപാദനം വർദ്ധിക്കുന്നതിനുള്ള മാർഗ്ഗമല്ലിതു്. സമയത്തു് അരി വരുത്തി സംഭരിക്കാതിരിക്കുകയും ജനങ്ങളുടെ പട്ടിണി കേന്ദ്ര ഗവർമെന്റിനേയും കോൺഗ്രസ്സിനേയും അടിക്കാനുള്ള വടിയായി കൊണ്ടുകൊടുക്കുകയും ചെയ്യുന്നതിനു് നിങ്ങൾക്കെന്തു് സമാധാനം പറയാനുണ്ടു്? അതിന്റെയൊന്നും ഉത്തരവാദിത്വത്തിൽനിന്നു് ഒഴിഞ്ഞുമാറാൻ നിങ്ങൾക്കാവില്ല.
എന്താണിങ്ങനെയൊക്കെ സംഭവിക്കാൻ കാരണം? നിങ്ങൾ നിഷ്കളങ്കന്മാരായ മനുഷ്യരായതുകൊണ്ടാണെന്നെനിക്കഭിപ്രായമില്ല, അഭിപ്രായപ്രകടനസ്വാതന്ത്ര്യമില്ലാത്ത ഒരു പാർട്ടിയിൽ ചേർന്നുനിന്നു് ഇതരപാർട്ടികളോടു സമരംചെയ്യുന്നതൊഴിച്ചു് എല്ലാതാൽപ്പര്യങ്ങളുടേയും നേരെ കണ്ണടയ്ക്കുന്ന സമ്പ്രദായം വശമാക്കിയതിന്റെ ഭവിഷ്യത്താണിതു്. സ്വന്തം അന്ധവിശ്വാസത്തിന്റെ പ്രചരണത്തിനും, എതിരാളികളെപ്പറ്റിയുള്ള കുപ്രചരണത്തിനുംമാത്രം സമയവും ബുദ്ധിയും ചെലവാക്കിയ നിങ്ങളുടെ നേതാക്കന്മാർ കോൺഗ്രസ്സുകാരെ നിഷ്കാസനം ചെയ്തു് സിംഹാസനാരൂഢരായി അവരേക്കാൾ മോശപ്പെട്ട ഭരണകർത്താക്കളാണെന്നു് സ്വയം തെളിയിച്ചു. വ്യക്തിപരമായ കഴിവുകേടാണു് ഈ ദുരന്തത്തിന്റെ മൂലമെന്നു് തോന്നുന്നില്ല. സാമൂഹ്യപ്രശ്നങ്ങൾ സംബന്ധിച്ചു് നിങ്ങളുടെ വിശ്വാസപ്രമാണത്തിലുള്ള പിശകുകളാണു് ഈ വിന വരുത്തിവെച്ചതു്. ആരംഭകാലത്തെ ആദർശധീരതയുടെ അംശമെങ്കിലും അവശേഷിച്ചിട്ടുണ്ടെങ്കിൽ ഒന്നാലോചിച്ചുനോക്കൂ. 1917 മുതൽ റഷ്യയിൽനടത്തിയ ചരിത്രപ്രസിദ്ധമായ പരിശ്രമങ്ങളെല്ലാം എവിടെയാണു് കലാശിച്ചതു് ? ഇന്ത്യയിലെപ്പോലെ ഒരു ഭരണഘടനയുടേയോ കോൺഗ്രസ്സിന്റേയോ പ്രതിബന്ധം അവിടെ ഉണ്ടായിരുന്നില്ലല്ലോ. കോടിക്കണക്കിനു കൃഷിക്കാർ കൊല്ലപ്പെട്ടു. പക്ഷേ, കൃഷി നന്നായില്ല. സഖാവു് ക്രൂഷ്ചേവിന്റെ ഏറ്റവും പുതിയ പ്രസ്താവന വായിച്ചുനോക്കു, കാർഷികരംഗത്തെ പരാജയം (44 വർഷം കഴിഞ്ഞിട്ടും) കാണണമെങ്കിൽ. ചൈനയിലേയും കഥ മറിച്ചല്ല. അവിടത്തെ കമ്മ്യൂൺ പ്രശ്നവും മാവോയുടെ മലക്കംമറികളും എല്ലാം ഈ ദുർഘടം സംബന്ധിച്ചുള്ളതാണു്. യൂഗോസ്ലോവിയായും സ്റ്റാലിനും തമ്മിലുള്ള ഭിന്നതകളിൽ പ്രധാനപ്പെട്ട ഒന്നു് ഇതുതന്നെയായിരുന്നു. തങ്ങളുടെ വേദപ്രമാണം കൃഷിക്കു പറ്റിയതല്ല, അതുപേക്ഷിച്ചേ തീരൂ.
നിങ്ങൾ ക്ഷമിക്കുമെങ്കിൽ അല്പമൊരു വിശദീകരണവും പറയാം. കൃഷിയും വ്യവസായവും തമ്മിൽ അടിസ്ഥാനപരമായ ചില വ്യത്യാസങ്ങളുണ്ടു്. ചിലതുമാത്രം ഇതാ:
വ്യവസായത്തിലെ ശാസ്ത്രീയപുരോഗതിപോലെ കൃഷിയിൽ പുരോഗതി സാദ്ധ്യമല്ല. സംശയം തോന്നുന്നുണ്ടെങ്കിൽ ഇൻഓർഗാനിക് കെമിസ്ട്രിയും, ഓർഗാനിക് കെമിസ്ട്രിയും തമ്മിലുള്ള വ്യത്യാസം ആരോടെങ്കിലും ചോദിച്ചുനോക്കു. റഷ്യയിലെ എല്ലാ സ്പുട്ട്നിക്കുകളും ഒന്നിച്ചുചേർന്നാലും ഒരു പുൽക്കൊടിയുണ്ടാകയില്ലെന്നും, അതുണ്ടാക്കുന്ന വസ്തുവല്ല, വളരുന്ന വസ്തുവാണെന്നും ഓർമ്മിക്കണം. കാഞ്ഞിരപ്പള്ളിയിലെ റബ്ബറുകാരനെപറ്റിയും, പാലായിലെ മുളകുകാരനെപ്പറ്റിയും, ചേർത്തലയിലെ തേങ്ങാക്കാരനെപറ്റിയുമെല്ലാം നിരുത്തരവാദപരമായി അതും ഇതും വിളിച്ചുകൂവുമ്പോൾ അവരുടെ ഉൽപന്നങ്ങൾക്കു പുറകിൽ എട്ടും പത്തും പതിനഞ്ചും വർഷത്തെ പ്രയത്നവും ക്ഷമാശീലവുമുണ്ടെന്നു ഓർമ്മിക്കുക. ഉടമസ്ഥൻ സ്വയം കൃഷിചെയ്താലും തൊഴിലാളിയെക്കൊണ്ടു കൃഷിചെയ്യിച്ചാലും തെങ്ങിനു് കായ് ഉണ്ടാകുവാൻ കാലദൈർഘ്യം ഒന്നു തന്നെ, എന്നല്ല, നിരന്തരശുശ്രൂഷയും ശ്രദ്ധയും ഈ തൊഴിലിനു് ആവശ്യമാണു്. ഇത്തരം ഒരു ജോലിചെയ്യുന്ന വിഭാഗത്തിന്റെ ചിന്താഗതി, എട്ടു മണിക്കൂർ ജോലിയെടുത്തു കൂലിയും വാങ്ങി, യാതൊരു ചുമതലയുമില്ലാതെ പുറത്തിറങ്ങി നടക്കുന്ന വ്യവസായത്തൊഴിലാളിയുടേതിൽനിന്നും ഭിന്നമായിരിക്കും. അവർക്കുള്ള പ്രശ്നങ്ങൾ വേറെയാണു്, ഈ കാര്യങ്ങൾ ലോകകമ്മ്യൂണിസത്തിന്റെ തത്ത്വസംഹിതയിൽ അനുഭാവപൂർവ്വം ഉൾപ്പെടുത്തിയിട്ടില്ല. അതിനു കാരണമുണ്ടു്. അവികസിതരാജ്യങ്ങൾക്കുവേണ്ടി വ്യവസായോൽപന്നങ്ങൾ നിർമ്മിക്കുന്ന ഇംഗ്ലണ്ടിനും, ജർമ്മനിക്കും വേണ്ടിയാണു് മാർക്സ് നിയമമെഴുതിയതു്. ഭൂരിപക്ഷമാളുകളും വ്യവസായത്തൊഴിലാളികളാകുന്ന ഒരു നിലപാടു് കണ്ടുകൊണ്ടാണു് അന്നത്തെ തൊഴിലാളി സർവ്വാധിപത്യസിദ്ധാന്തം ജനിച്ചതു്. പക്ഷേ, ലോകചരിത്രത്തിലൊരുകാലത്തും ലോകജനതയുടെ ഭൂരിഭാഗവും വ്യവസായത്തൊഴിലാളികളായിത്തീരുകയില്ല. എന്നും ഭൂരിപക്ഷം കൃഷിക്കാരായിരിക്കും. ഏതു സാമൂഹ്യക്രമവും നീതിപൂർവ്വകമായിരിക്കണമെങ്കിൽ കൃഷിക്കാരനെക്കൂടി സംരക്ഷിക്കുന്നതായിരിക്കണം. കണ്ണുതുറന്നു് അതു കാണാതെ, പുസ്തകത്തിലെ ചതുരരൂപമനുസരിച്ചു് മനുഷ്യനെ മാറ്റിത്തീർക്കാൻ ശ്രമിച്ചതുകൊണ്ടാണു് ചൈനയിലെ 170 ലക്ഷം കൃഷിക്കാരെ ബലികഴിച്ചിട്ടും കാർഷികപ്രശ്നം പഴയതുപോലെ തന്നെ അവശേഷിക്കുന്നതു്. കൺമുമ്പിൽ നടക്കുന്ന ഈ വൈരുദ്ധ്യം കാണാൻ നമുക്കുകഴിയണം. നൂറ് വർഷങ്ങൾക്കുമുമ്പു് എഴുതിവെച്ച ഒരു ഗ്രന്ഥത്തിലെ വാചകങ്ങൾക്കുവേണ്ടി ഇന്ത്യയിലെ കൃഷിക്കാരെയും ഈ നരകത്തിലേക്കു വലിച്ചിഴക്കണമോ എന്നു ചിന്തിച്ചേ കഴിയൂ. മാർക്സ് എഴുതിയ പുസ്തകത്തെ വേദമാക്കാനോ, ലെനിന്റെ സാമ്രാജ്യത്തിനുവേണ്ടി നീതീകരണം സൃഷ്ടിക്കുവാനോ, അല്ലല്ലോ നിങ്ങൾ കച്ചകെട്ടി പുറപ്പെട്ടതു്. സ്വന്തം നാട്ടിലെ ഉച്ചനീചത്വങ്ങൾ ഉച്ചാടനം ചെയ്യുക മാത്രമായിരുന്നില്ലേ ലക്ഷ്യം? അതിനു ഉതകുന്ന മാർഗ്ഗമേതെന്നു അന്വേഷിക്കുമ്പോൾ പരാജയപ്പെടുകയും മനുഷ്യവർഗ്ഗത്തിനു് നരകം സൃഷ്ടിക്കുകയും ചെയ്ത മാർഗ്ഗങ്ങൾ വർണ്ണിക്കുന്നതു്, ദുരഭിമാനത്തിനു ചേരാത്തതാണെങ്കിലും ചെയ്യേണ്ടൊരു കടമയല്ലേ? തീർച്ചയായും ഇൻഡ്യയിൽ ഭൂപരിഷ്ക്കരണമാവശ്യമാണു്. പക്ഷേ, എന്തെങ്കിലും കാട്ടികൂട്ടുകയാണോ വേണ്ടതു്? കോൺഗ്രസ്സുകാർ എന്തെങ്കിലും ചെയ്യുന്നുവെന്നതോ, ചെയ്യുന്നില്ലായെന്നതോ ഒരു യുക്തിപൂർവ്വമായ ന്യായമാണോ? നാടു് മുഴുവൻ പണ്ടാരവകയാക്കി, കൂട്ടുകൃഷികേന്ദ്രങ്ങളാക്കണമെന്നാണു് പ്ലാനെങ്കിൽ എന്തിനാണു് ഈ വിതരണപ്രസ്ഥാനം? വിതരണപ്രസ്ഥാനംകൊണ്ടു ജന്മിത്വം നശിപ്പിക്കാനും, ഭൂമിയില്ലാത്തവനു തെല്ലൊരാശ്വാസം കൊടുക്കാനുമാണു് പ്ലാൻ എങ്കിൽ ഇന്നുള്ള ചെറുകിടക്കാരെ സംരക്ഷിക്കുകയല്ലേ വേണ്ടതു്? ഇതെല്ലാം ചേർത്തു വെച്ചാലോചിച്ചാൽ വിവേകശൂന്യമായ നടപടികൾ പാടില്ലെന്നു ബോദ്ധ്യമാകും. കഥയെന്തന്നറിയാതെ ആട്ടംകാണുന്ന കുറെ കർഷക സന്തതികൾ (അവർ കൃഷിചെയ്യുന്നവരല്ല) കൂട്ടത്തിലുണ്ടെന്നതുകൊണ്ടുമാത്രം നമ്മുടെ കൃഷിക്കാർ എന്തും സഹിച്ചുകൊള്ളുമെന്നു ധരിക്കുന്നതു പിശകാണു്. കൃഷിക്കാരെ ദ്രോഹിക്കുന്നതിൽ പ്രത്യേകിച്ചു് ഒരു പാപമുള്ളതുകൂടി ചൂണ്ടിക്കാണിക്കാനുള്ളതു് പട്ടണങ്ങളിലെ വ്യവസായത്തൊഴിലാളികളെപ്പോലെ രാഷ്ട്രീയപ്രസ്ഥാനങ്ങൾക്കു പണംകൊടുക്കാൻ അവർക്കു കഴിവില്ല. അവർ കൊടുക്കാറുമില്ല. എങ്കിലും, നിങ്ങൾക്കു് ഒളിവിൽ കഴിയേണ്ടിവന്നിട്ടുള്ളപ്പോഴെല്ലാം അവരുടെ സഹായമാണു് നിങ്ങൾക്കു് പ്രയോജനപ്പെട്ടിട്ടുള്ളതു്. അങ്ങിനെയുള്ള ഒരു വിഭാഗത്തിന്റെ സുസ്ഥിതിയെപ്പറ്റി പ്രത്യേകം ശ്രദ്ധിക്കാതിരിക്കുന്നതു് രാഷ്ട്രീയമായ തെറ്റിനും പുറമെ നന്ദികേടുകൂടിയാണു്.
കാർഷികരംഗത്തിലെന്നതു പോലെ മറ്റനേകം രംഗങ്ങളിലും മാരകമായ പാകപ്പിഴകൾ ചുണ്ടിക്കാണിക്കുവാനുണ്ടു്. പക്ഷേ, അങ്ങനെ ഓരോന്നു് എണ്ണിയെണ്ണി പറഞ്ഞു് ഒരു കുറ്റപത്രം തയ്യാറാക്കുകയല്ല ഈ കത്തിന്റെ ലക്ഷ്യം. രാഷ്ട്രീയപ്രവർത്തനത്തിലെതെറ്റുകൾ സാധാരണഗതിയിൽ കുറ്റങ്ങളല്ല. വ്യക്തികളുടെ പ്രവർത്തനത്തിലെന്നതുപോലെ സംഘടിത സാമൂഹ്യപ്രവർത്തനങ്ങളിലും തെറ്റുകൾ സംഭവിക്കാം. ഒരിക്കലും തെറ്റാത്ത ഒരു നയം ആർക്കും രൂപീകരിക്കുക ശക്യമല്ല. എന്തുകൊണ്ടാണു് തെറ്റുകൾ സംഭവിക്കുകയെന്നും അവയെ ഒഴിവാക്കാൻ എന്തു ചെയ്യാൻ കഴിയുമെന്നും ചൂണ്ടിക്കാണിക്കുകമാത്രമാണു് എന്റെ കർത്തവ്യം ഇക്കാര്യം പറയുമ്പോൾ ഞാൻ നിങ്ങളുടെ നീതീകരണമായി പറഞ്ഞതു് ഒന്നുകൂടി ആവർത്തിക്കേണ്ടിവരും. യാതൊരു മനുഷ്യനും, അതു് മാർക്സോ, ലെനിനോ ആയിക്കൊള്ളട്ടെ കല്പാന്തകാലം നിലനില്ക്കുന്ന ഒരു രാഷ്ട്രീയ തത്ത്വസംഹിത രചിക്കാൻ സാദ്ധ്യമല്ല. ഭൗതികവാദികളായ നിങ്ങൾക്കു് അറിവുള്ളതാണക്കാര്യം: പിന്നെയെന്താണു് നൂറു വർഷത്തിലേറെ പഴക്കമെത്തിയ ഒരു സിദ്ധാന്തത്തെ നിങ്ങൾ മതമായിട്ടെടുക്കുന്നതു്? നിങ്ങളുടെ വിശ്വാസമനുസരിച്ചു് സാഹചര്യങ്ങളുടെ മാത്രം സൃഷ്ടിയായി മനുഷ്യൻ മാറുന്നു: ആ സാഹചര്യങ്ങളും മാറുന്നു. ആ സ്ഥിതിക്കു് മനുഷ്യന്റെ വ്യക്തിപരവും സാമൂഹ്യവുമായ പ്രവർത്തനങ്ങളും മാറുമല്ലോ. ഇതനുസരിച്ചു് പ്രത്യയശാസ്ത്രത്തിലും മാറ്റങ്ങളുണ്ടായിരുന്നെങ്കിൽ ഈ ബ്രാഹ്മണമതത്തെക്കാൾ പഴകി ദ്രവിച്ച ഒരു ബാലിതത്ത്വശാസ്ത്രം ഉപേക്ഷിക്കേണ്ട കാലം അതിക്രമിച്ചില്ലേ? യാഥാർത്ഥ്യങ്ങളോടു് യാതൊരു പൊരുത്തവുമില്ലാത്ത മന്ത്രങ്ങൾ ജപിക്കുന്നതു് അന്ധവിശ്വാസത്തിന്റെ രൂപമല്ലേ? മനുഷ്യനെ മാർക്സിസത്തിനുവേണ്ടി സൃഷ്ടിച്ചതല്ല; കഥ നേരെ മറിച്ചാണു്. അതുകൊണ്ടു് മനുഷ്യൻ മരിച്ചാലും മാർക്സിസം പുലരണം എന്ന ചിന്താഗതി കൈവെടിയുകതന്നെ വേണം. അങ്ങിനെ ചെയ്താൽ നിങ്ങളുടെ കണ്ണിൽനിന്നു് ഒരു മൂടുപടം വീണുപോകും. രാഷ്ട്രീയവേദാന്തപ്രമാണങ്ങളിൽനിന്നും മുക്തിനേടി കുറെ വാസ്തവങ്ങൾ കാണാൻ കഴിയും. ഉദാഹരണമായി, വ്യക്തിസ്വാതന്ത്ര്യത്തെ ഹനിക്കാതെതന്നെ അസമത്വവും ദാരിദ്ര്യവും ഉച്ചാടനം ചെയ്യാൻ കഴിയുമെന്നു് മനസ്സിലാകും. മുതലാളിത്തമെന്നു് പറയപ്പെടുന്ന വ്യവസ്ഥിതിയിലും ഇംഗ്ലണ്ടിലെപ്പോലെ തൊഴിലാളിസംരക്ഷണവും, ഇന്ത്യയിലെപ്പോലെ പുരോഗതിയും അസാദ്ധ്യമാണെന്നു് മനസ്സിലാകും. ഏഷ്യയിലെ സപ്തവൽസരപദ്ധതിയല്ല, ഇന്ത്യയിലെ പഞ്ചവത്സരപദ്ധതിയാണു് നമുക്കു് അടിയന്തിരാവശ്യം എന്നു കാണാനും കഴിയും. ഇതൊന്നും ചെയ്യാതെ ഗാന്ധി ജനിച്ച നാട്ടിൽ ലെനിൻദിനം കൊണ്ടാടി, ബുദ്ധ്യോപദേശദർശനത്തിനും, മോസ്കോക്ക് തീർത്ഥാടനങ്ങളും നടത്തി ചൈനയെ—അതു മണ്ണോ ചുണ്ണാമ്പോ എന്നറിയാതെ ബഹുജനങ്ങളോടു് ‘ചൈനാമാർഗ്ഗം നമ്മുടെ മാർഗ്ഗം’ എന്ന മുദ്രാവാക്യങ്ങളും മുഴക്കി, സ്വദേശത്തു് ദോഷൈകദൃക്കുകളായ വിദേശികളാക്കിത്തീർക്കാനുള്ള കാരണം സാമൂഹ്യപ്രശ്നങ്ങളോടുള്ള സമീപനത്തിന്റെ അടിസ്ഥാനവൈകല്യമാണു്.
ജീവൻകൊടുത്തും സഹജീവികൾക്കു് സ്വാതന്ത്ര്യം നേടിക്കൊടുക്കും എന്നു് ദൃഢവ്രതമെടുത്ത ആ കാലങ്ങളിലേയ്ക്കു തിരിഞ്ഞുനോക്കുക. ദീർഘകാലത്തെ ഇടുങ്ങിയ പാർട്ടിപ്രവർത്തനം കൊണ്ടു് കുത്സിതമായിത്തീർന്ന ഹൃദയത്തിൽ സത്യത്തിന്റെ അല്പംവെളിച്ചം വീശും. വർക്കിയിസം കൊണ്ടോ, ചാക്കോയിസംകൊണ്ടോ മാത്രമേ ജനസേവനം ചെയ്യൂ എന്നു് അന്നു് ശപഥം ചെയ്തിട്ടുണ്ടായിരുന്നില്ലല്ലോ. കണ്ണു തുറന്നുകൊണ്ടു്, സ്വാതന്ത്ര്യത്തെ നിഷേധിക്കാതെ, രക്തം ചിന്താതെ, സ്വരാജ്യത്തെ അന്യാധീനപ്പെടുത്താതെ സമുദായത്തെ ഉയർത്താനുള്ള അവസരങ്ങൾ ഇന്നു തെളിഞ്ഞുവന്നിട്ടുണ്ടു്. സ്വന്തം പാർട്ടിയിൽനിന്നുകൊണ്ടു് ആ കർമ്മം നിറവേറ്റുന്നതിനുവേണ്ടി, പാർട്ടിയെത്തന്നെയും മാറ്റിത്തീർക്കൂ. അല്പം വിനയം ആർക്കും അപകടം ചെയ്യില്ല.
സ്നേഹപൂർവ്വം നിങ്ങളുടെ,
സി. ജെ. തോമസ്
ദീനബന്ധു 1959.