
വളരെക്കാലമായി മുടങ്ങിക്കിടന്നിരുന്ന ഒരു കർത്തവ്യം നിർവഹിക്കുകയാണു് ഞാനിവിടെ ചെയ്യുന്നതു്. ശ്രീ. പുളിമാന പരമേശരൻപിള്ള, അദ്ദേഹത്തിന്റെ “സമത്വവാദി” എന്ന നാടകം അച്ചടിച്ചുകൊണ്ടിരുന്നപ്പോൾ, അതിനെപ്പറ്റി ഒരു നിരൂപണമെഴുതണമെന്നു എന്നോടു് ആവശ്യപ്പെട്ടു. ആ കൃതിയിൽ അദ്ദേഹം പ്രതിപാദിച്ചിട്ടുള്ള വിഷയങ്ങളെ സംബന്ധിച്ചു കുറെയൊക്കെ അദ്ദേഹം എന്നോടു സംസാരിക്കുകയുണ്ടായി. കഥാവസ്തു എന്നെ അതിയായി ആകർഷിച്ചതുകൊണ്ടു ഞാൻ അദ്ദേഹത്തിനു വാക്കുകൊടുത്തു. അച്ചടി കഴിഞ്ഞ ഉടനെ പുസ്തകം എനിക്കയച്ചു തരുകയുംചെയ്തു. പക്ഷേ, ഞാൻ എന്റെ വാഗ്ദാനം നിറവേറ്റിയില്ല. അതിനു കാരണം എന്റെ ഭീരുത്വം മാത്രമായിരുന്നു. ഞാൻ ആ പുസ്തകം പല സ്നേഹിതന്മാരേയും കാണിച്ചു. അവരെല്ലാം അതിനെ പുച്ഛിച്ചു. ചിലരോടു ഞാൻ അതിനെപ്പറ്റി അല്പം പ്രശംസിച്ചു പറഞ്ഞു. അവരിൽനിന്നു രക്ഷപ്പെടാൻവേണ്ടി, ഞാൻ “സമത്വവാദി”യെ തള്ളിപ്പറയേണ്ടതായും വന്നുകൂടി. അത്ര ഭയങ്കരമായിരുന്നു, അവരുടെ ഖണ്ഡനം. ചുരുക്കിപ്പറഞ്ഞാൽ അന്നു യാതൊരാളും “സമത്വവാദി”യെ സ്വാഗതം ചെയ്തില്ല. ആർക്കും വേണ്ടാത്ത ഒന്നിനെ താങ്ങി നിറുത്തുവാൻ മാത്രം എന്റെ ചുമലിനു ബലവുമുണ്ടായിരുന്നില്ല. വാഗ്ദത്തലംഘനത്തിനു സ്വന്തം അജ്ഞത ഒരു ഉപായമാക്കി ഞാൻ സ്വയം നീതീകരിച്ചു. ഞാൻ “സമത്വവാദി” പിന്നേയും പിന്നേയും വായിച്ചു. നാടകം നല്ലതാണെന്ന ബോധം എന്നിൽ ശക്തിപ്പെട്ടുവന്നു. ചുരുക്കം ചില സ്നേഹിതന്മാർ അതിന്റെ മേന്മയെ മനസ്സിലാക്കുകയും ചെയ്തു. മുമ്പുചെയ്ത വാഗ്ദാനം പാലിക്കണമെന്നു ഞാൻ തീരുമാനിച്ചു. പിന്നീടു് ഓരോ കാരണങ്ങളാൽ അക്കാര്യം നീണ്ടുനീണ്ടു പോയി. വിധിവൈപരീത്യത്താൽ, അദ്ദേഹം യശഃശരീരനായിത്തീർന്നതിനുശേഷമാണു് ആ തീരുമാനം പ്രയോഗത്തിൽ വരുത്താൻ കഴിഞ്ഞിരിക്കുന്നതു്. ഭീരുത്വംകൊണ്ടുചെയ്ത അപരാധത്തിനു് അദ്ദേഹം എനിക്കു മാപ്പുനല്കട്ടെ.
ശ്രീ. പുളിമാന സംതൃപ്തനായിട്ടല്ല മരിച്ചതെന്നാണു ഞാനൂഹിക്കുന്നതു്. യൗവ്വനത്തിൽത്തന്നെ ആ അത്യാഹിതം സംഭവിച്ചതുകൊണ്ടല്ല ഞാനിതു പറയുന്നതു്. അദ്ദേഹം ഏറ്റവും സ്നേഹിച്ചകൃതി “സമത്വവാദി”യായിരുന്നു. വളരെയധികം ഗഹനചിന്തകൾ അതിൽ അദ്ദേഹം അടക്കം ചെയ്തിട്ടുണ്ടു്. അദ്ദേഹത്തിന്റെ പുരോഗമനേച്ഛ മുഴുവനും “സമത്വവാദി” പ്രതിഫലിപ്പിക്കുന്നുണ്ടു്. ആ ചിന്തകൾക്കൊന്നിനും നാടകത്തിൽ വ്യക്തമായ രൂപം ലഭിച്ചിട്ടില്ലെന്നു് ഒരു വാദം ഉന്നയിക്കപ്പെട്ടേക്കാം. ഇല്ലായിരിക്കാം. അതുകൊണ്ടുതന്നെയാണു് ഈ വിമർശനം എഴുതേണ്ടി വന്നിരിക്കുന്നതും. അദ്ദേഹം എന്തുദ്ദേശിച്ചുവെന്നു് ഒന്നു വിശദീകരിക്കുകയാണു് എന്റെ ചുമതല. ചോദ്യോത്തരരൂപത്തിൽ ഒരു ചിന്താവിഷയം വിശദീകരിക്കുന്ന ഏർപ്പാടു് നാടകമാവുമെന്നു ശ്രീ. പുളിമാന ധരിച്ചിട്ടുമില്ലായിരുന്നു. പ്രകടനരീതി, എങ്ങിനെയുമിരിക്കട്ടെ. “സമത്വവാദി”യുടെ വിഷയത്തെക്കുറിച്ചാണു തൽകർത്താവിനു് ഏറ്റവും വേദനയുണ്ടായിരിക്കാവുന്നതു്. വിഷയം പുരോഗമനപരമാണെങ്കിലും പുരോഗമനവാദികൾ അതിനെ അംഗീകരിച്ചില്ല എന്നതാണു് “സമത്വവാദിയുടെ നിർഭാഗ്യം.” അന്നു ഞാൻ അതിനു കാരണമായിക്കണ്ടതു പ്രകടനരീതിയുടെ കഴിവില്ലായ്മയാണു്. എന്നാൽ, വായിച്ചവരുടെ ആസ്വാദനശക്തിയുടെ കുറവാണു് അതിനു കാരണമെന്നു പിന്നീടു മനസ്സിലായി. കഥാബീജത്തിന്റേയും, അനർഘനിമിഷത്തിന്റേയും, ശബ്ദങ്ങളുടേയും അനുഭവങ്ങൾ എന്റെ ധാരണയെ ദൃഢീകരിച്ചു. സാധാരണയിൽനിന്നു ഭിന്നമായ കലാരൂപങ്ങൾക്കെല്ലാം, പിക്കാസോയുടെ ചിത്രമായാലും ഓമറിന്റെ കവിതയായാലും മാധവന്റെ നൃത്തമായാലും, ആസ്വാദനത്തിനു് അല്പം വിശദീകരണം കൂടിയേ തീരു. “സമത്വവാദി”യാണെങ്കിൽ പലതരത്തിലും അസാധാരണമായ ഒരു നാടകവുമാണു്. അതുകൊണ്ടു് അതു് അത്രയ്ക്കുവേഗം മനസ്സിലാകുന്നതല്ല, നമ്മുടെ ചില പേരെടുത്ത സാഹിത്യ വിമർശകന്മാർക്കുപോലും.
എന്താണു് “സമത്വവാദി”യിലെ കഥാവസ്തു? സാമൂഹ്യവിപ്ലവ പ്രവാഹത്തിൽപെട്ടു് തകർന്നുപൊടിയുന്ന പ്രഭുവർഗ്ഗത്തിലെ ഒരു കുടുംബം. ആ കുടുംബത്തിന്റെ ഘടനയും അതിലെ അംഗങ്ങളും മാത്രമല്ല മാറുകയും തകരുകയും ചെയ്യുന്നതു്. അവരുടെ ജീവിതരീതിയും, വിശ്വാസപ്രമാണങ്ങളും, കടപ്പാടുകളും എല്ലാം അപ്രതിഹതമായ പരിവർത്തനത്തിനിരയാകുന്നുണ്ടു്. “സമത്വവാദി”യിൽ കാണുന്ന പ്രഭുത്വം ഫ്യൂഡലിസത്തിനോ മുതലാളിത്തത്തിനോ പ്രതിനിധീഭവിക്കുന്നതെന്നു് ഒരു ചോദ്യത്തിനവകാശമുണ്ടു്. അതു വ്യക്തമായി കാണിക്കാൻ കഴിഞ്ഞിട്ടില്ലെന്നുള്ള ഒരു തെറ്റു തീർച്ചയായും ഈ നാടകത്തിലുണ്ടു്. ‘പ്രതിശ്രുതനായ കാമുകനും’ മറ്റു് അനുസാരികളുമായി ചിത്രീകരിക്കപ്പെട്ടിരിക്കുന്ന ആ കുടുംബം ഒരു ഇംഗ്ലീഷ് പ്രഭുകുടുംബത്തോടു് അന്യാദൃശമായ സാമ്യം വഹിക്കുന്നുണ്ടെന്നുള്ളതു പരമാർത്ഥമാണു്. ബുർഷ്വാകുടുംബത്തിന്റെ അവശ്യസ്വഭാവഗതികൾ പലതും അവിടെ കാണുന്നില്ലെന്നും പറയേണ്ടിയിരിക്കുന്നു. എങ്കിലും, നശിക്കുന്ന ആ വ്യവസ്ഥയോടു പോരടിക്കുന്നതു് ഒരു “സമത്വവാദി”യായതുകൊണ്ടു് (നാമമാത്രമെങ്കിലും) ഈ നാടകത്തിലെ പ്രഭു മുതലാളിത്തത്തിന്റെ സിംബലായാണു് നാം ഗണിക്കേണ്ടതു്. പ്രത്യേകിച്ചും മലയാളനാട്ടിലെ പ്രത്യേകപരിതസ്ഥിതികളും ഓർമ്മിക്കേണ്ടതാണു്. ഇവിടെ ഫ്യൂഡലിസവും, കാപ്പിറ്റലിസവും ഒരു കുടുംബത്തിൽതന്നെ കൂടിക്കുഴഞ്ഞുകിടക്കുന്നുണ്ടു്. ആ നിലയ്ക്കു പണത്തിന്റേയും പ്രതാപത്തിന്റേയും കുത്തകക്കാരായ ന്യൂനപക്ഷത്തിന്റെ പ്രതിനിധിയായി രംഗപ്രവേശം ചെയ്യുന്ന പ്രഭു, അതും ഒരു എക്സ്പ്രഷനിസ്റ്റ് നാടകത്തിൽ ബാങ്കറോ, നമ്പൂതിരി ജന്മിയോ എന്നു തിട്ടപ്പെടുത്താൻ കഴിയാതെവരുന്നെങ്കിൽ അതിലത്ഭുത്തിനവകാശമില്ല.
നശിക്കുന്ന ശക്തിയെ ചൂണ്ടിക്കാണിച്ചിട്ടുണ്ടെങ്കിലും, ഉയരുന്നതെന്താണെന്നു പ്രഖ്യാപിച്ചിട്ടില്ല എന്നതാണു് പലരും “സമത്വവാദി”യെപ്പറ്റി കൊണ്ടുവരുന്ന ആരോപണം. മാത്രമല്ല, ശ്രീ. പുളിമാന ഉയരുന്ന ഒന്നിലും വിശ്വസിക്കാത്ത ഒരു വിഷാദാത്മകനാണെന്നുകൂടി ചിലർ അഭിപ്രായപ്പെട്ടു. സമത്വവാദിയുടെ ആ ഹാസ്യചിത്രത്തിൽ പ്രതിഷേധിക്കുകയും ചെയ്തു. ഈ ചാർജജ് ഷീറ്റുതന്നെയാണു് ശ്രീ. പുളിമാനയ്ക്കുള്ള പ്രശംസാപത്രം. അദ്ദേഹം തൊഴിലാളിവർഗ്ഗത്തിന്റെ വിപ്ലവസ്വഭാവം ഗ്രഹിച്ചിരുന്നോ എന്നെനിക്കറിഞ്ഞുകൂടാ പക്ഷേ, മുതലാളിത്തത്തിനു് അവശേഷിക്കുവാൻ കഴിയുകയില്ല, അതിനു് അവകാശമില്ല, എന്നു് അദ്ദേഹംതന്നെ പറഞ്ഞിട്ടുണ്ടു്. അദ്ദേഹം ഒന്നുകൂടി വിശ്വസിച്ചിരുന്നു; പ്രഭുവർഗ്ഗത്തിന്റെ ചങ്ങലക്കൂട്ടിൽ കിടന്നു ലഹളയുണ്ടാക്കുന്ന ആദർശശാലികളായ യുവാക്കന്മാരുടെ കൈയിലല്ല ഭാവിയുടെ ഉത്തരവാദിത്വം എന്നു്. അവരിൽ ഭൂരിഭാഗവും പരാജയമടയുമെന്നതുതന്നെയാണു് “സമത്വവാദി’യിലെ പ്രധാന പ്രമേയം. പോക്കറ്റിൽകൂടി പുറത്തേയ്ക്കുന്തിനില്ക്കുന്ന കൈത്തോക്കുമായി ഭാവിശ്വശുരനെ വധിച്ചു് മുതലാളിത്തത്തെ നശിപ്പിക്കാൻ പുറപ്പെട്ടിരിക്കുന്ന ആ “സമത്വവാദി” ഒരു വിപ്ലവകാരിയല്ല; ആണെന്നു നാടകകൃത്തു് ഒരിക്കലും സങ്കല്പിച്ചിട്ടില്ല. ആദർശശാലികളായ ഒട്ടേറെ യുവാക്കന്മാർ മുതലാളിവർഗ്ഗത്തിൽ ഉണ്ടാകാറുണ്ടു്. പക്ഷേ, സാധാരണയായി അവരിൽ മുക്കാൽപങ്കും, ഉദ്യോഗം, വിവാഹം എന്ന പടികൾ കടക്കുമ്പോഴേയ്ക്കും കക്ഷിമാറുന്നു. പിന്നേയും അവശേഷിക്കുന്നവരും ശാസ്ത്രീയമായ രാഷ്ട്രീയതത്ത്വചിന്തയിലെത്തുകയോ വിപ്ലവപ്രവർത്തനത്തിലേർപ്പെടുകയോ ചെയ്യാറില്ല. ചുരുക്കം ചിലരൊഴിച്ചു മറ്റുള്ളവർ സ്വപ്നഭ്രമക്കാരായോ ഭീകരപ്രസ്ഥാനക്കാരായോ തീരുന്നു. അവരെ ഭരിക്കുന്നതു തലച്ചോറല്ല, വികാരങ്ങളാണു്. അതിന്റെ തീക്ഷ്ണതയും, ഉപരിപ്ലവസ്വഭാവവും, ഭോഷത്തവും എല്ലാം അവരിൽ കാണാം. അവരുടെ പരാജയത്തിന്റെ ഒരു പ്രതിരൂപമാണു് ഈ നാടകത്തിലെ “സമത്വവാദി”. പ്രഭുവിന്റെ ചൂഷണമവസാനിപ്പിക്കാൻ അയാൾ കണ്ടുപിടിക്കുന്ന മാർഗ്ഗം അയാളെ വെടിവെച്ചു കൊല്ലുകയെന്നതാണു്. അതേസമയം ആ കൃത്യം നിർവഹിക്കാനുള്ള ചങ്കുറപ്പു് ആ സാധുവിനില്ല. അങ്ങിനെ പ്രയോജനശൂന്യമായ ഒരു ലക്ഷ്യം, അതു നിർവഹിക്കേണ്ടിവരുമ്പോഴുള്ള അസ്ഥിരത, അതെല്ലാം കഴിഞ്ഞു് ഏതാണ്ട് ഭ്രാന്തിന്റെ അവസ്ഥയിൽ ആ ഹീനകൃത്യം ചെയ്യുക, ഉടനെ പശ്ചാത്തപിക്കുക, അവസാനം ദയനീയമായി അധഃപതിക്കുക, ഇങ്ങനെ ഓരോ പടിയിലും ഒരു സമത്വവാദി ചെയ്യാത്തതുതന്നെയാണു് ഈ നാടകത്തിലെ നാമധാരി ചെയ്യുന്നതു്. അയാൾ വിപ്ലവകാരിയാണെന്നു സ്വയം ഭ്രമിക്കുന്നുണ്ടെങ്കിലും അതിനു് അയാൾക്കു കഴിവില്ലെന്ന സ്ഥാപിക്കുകയാണു് നാടകകൃത്തിന്റെ ഉദ്ദേശ്യം. അതിനുവേണ്ടിത്തന്നെയാണു് പ്രഭുവിനെ വധിക്കുന്ന സംഭവത്തിനു് ഇത്രയധികം പ്രാധാന്യം കൊടുത്തിരിക്കുന്നതും. വേണ്ടിവന്നാൽ കൊലയ്ക്കുപോലും കൈവിറയ്ക്കാത്ത ഹൃദയസ്ഥിരത തന്നെ ഒരു വിപ്ലവകാരിക്കുണ്ടായിരിക്കണമെന്നും, അതിനു് അത്യഗാധമായ പ്രചോദനമുണ്ടായിരിക്കണമെന്നും നാടകകൃത്തു് മനസ്സിലാക്കിയിരുന്നു. അതോടൊപ്പം തന്നെ ഒരു പ്രഭുകുമാരനു് അതുണ്ടാവുകയില്ലെന്നും അദ്ദേഹത്തിനുതോന്നി. വർഗ്ഗബോധമെന്ന പദം ശ്രീ. പുളിമാന ഉപയോഗിച്ചു ഞാൻ കേട്ടിട്ടില്ല. എങ്കിലും, വർഗ്ഗബോധത്തിന്റെ അടിസ്ഥാനമായ മാനസികപശ്ചാത്തലം അദ്ദേഹം മനസ്സിലാക്കിയിരുന്നു. സ്നേഹവും വെറുപ്പും ഒരു നാണയത്തിന്റെ ഇരുവശങ്ങളാണെന്നു മനസ്സിലാക്കിയ ചുരുക്കം ചിലരിലൊരാളായിരുന്നു അദ്ദേഹം. വെറുക്കാൻകഴിയാത്തവനു സ്നേഹിക്കാൻ കഴിയുകയില്ല. ഉദാഹരണം വേണമെങ്കിൽ യെറുശലേം ദേവാലയത്തിലേയ്ക്കു നോക്കു. സ്നേഹത്തിന്റെ പ്രവാചകർ ചമ്മട്ടിയുമായിനിന്നു ചിതറുന്നതു് അവിടെ കാണാം. മനുഷ്യനോടു സ്നേഹമുണ്ടെന്നു ഭാവിക്കുന്നവന്റെ ആത്മാർത്ഥതയെ അളക്കുന്നതു് അവൻ മനുഷ്യന്റെ രക്തം കുടിച്ചു ചീർക്കുന്ന കണ്ണട്ടകളെ വെറുക്കുന്നുണ്ടോ എന്നു നോക്കിയിട്ടാണു്. പുളിമാനയുടെ സമത്വവാദിക്കു് ഇങ്ങനെ വെറുക്കുവാനുള്ള ശക്തിയില്ല. അതുകൊണ്ടുതന്നെ അയാളുടെ സമത്വവാദവും അവശേഷിക്കുവാനുള്ള അവകാശവും പരാജയപ്പെടുന്നു. ഇത്രയുമെല്ലാം മനസ്സിലാക്കിയ നാടകകൃത്തു് വിപ്ലവത്തിന്റെ യഥാർത്ഥരൂപവും, വിപ്ലവാനന്തരലോകസൃഷ്ടിയിൽ തൊഴിലാളിവർഗ്ഗത്തിന്റെ കർമ്മകർത്തവ്യങ്ങളും ഗ്രഹിച്ചിരിക്കുമെന്നാണെന്റെ അഭ്യൂഹം.
ശ്രീ. പുളിമാന, പരിവർത്തനത്തിന്റെ സാമൂഹ്യസ്വഭാവം മാത്രമല്ല കണ്ടതു്. അതിന്റെ താത്ത്വികപ്രതിഫലങ്ങളും അദ്ദേഹത്തിനു വ്യക്തമായിരുന്നു. ഒരു പുതിയ വ്യവസ്ഥിതിക്കു ഒരു പുതിയ സന്മാർഗ്ഗബോധമുണ്ടു്. അതു സ്വീകരിക്കാൻ കഴിവില്ലാതെ വരുന്നതും പരാജയത്തിന്റെ കാരണമാണു്. “സമത്വവാദി” പഴയതിനും പുതിയതിനും മദ്ധ്യേ വീഴുകയാണു്. മറ്റൊരു രംഗത്താണെങ്കിലും; മൂത്തമകളും തഥൈവ. പഴയലോകത്തിലെ കടപ്പാടുകൾവെച്ചുപുലർത്താനാണു് ആ യുവതി പരിശ്രമിക്കുന്നതു്. ആദർശശാലിയായ കമിതാവിനോടുള്ള സ്നേഹവും, പിതൃഭക്തിയും തമ്മിൽ ഇടയുന്നു. ഒടുവിൽ ഒന്നും സാധിക്കാതെ ഒരു മുഷിപ്പൻ ജീവിതത്തിലേയ്ക്കു് ഇഴഞ്ഞിറങ്ങുന്നു. ആചാരം, മതം, പ്രണയം ഇവയിലെല്ലാം മൂത്തമകൾ മരിച്ച ഒരു ലോകത്തിൽ വിശ്വസിക്കുകയും, മറ്റൊരു ലോകത്തിൽ ജീവിക്കുകയും ചെയ്യുന്നു. അതുകൊണ്ടു് അവൾക്കു് എല്ലാംവിട്ടു കാമുകനെ സ്നേഹിക്കാൻ കഴിയുന്നില്ല സമത്വവാദി ഒരു വിപ്ലവകാരിയാണെന്നു സ്വയം ഭ്രമിക്കുന്നു. മൂത്തമകൾ പ്രേമവതിയാണെന്നു സ്വയം വ്യാമോഹിക്കുകയും ചെയ്യുന്നു: രണ്ടുപേർക്കും പരാജയം അലംഘനീയമായ പ്രതിഫലമാണു്.
ഇത്രയും പറഞ്ഞതുകൊണ്ടു കഥയിൽ അവശേഷിക്കുന്ന ഇതരപാത്രങ്ങൾ ആണു ജയിക്കുന്നതെന്നു് ആരും വിചാരിക്കേണ്ടതില്ല. അവരെയൊന്നും ആദർശപാത്രങ്ങളാക്കത്തക്ക മൗഢ്യം നാടകകൃത്തിനുണ്ടായിരുന്നില്ല. പോരെങ്കിൽ ആ ബാരിസ്റ്ററും, ഇളയമകളും, പ്രതിശ്രുതനുമെല്ലാം ചില മാതൃകകളാണു്. യാതൊരു ആദർശവുമില്ലാതെ പ്രായോഗികജീവിതത്തിൽ വിജയികളാകുന്ന അനേകർ സമുദായത്തിലുണ്ടു്. ഭർത്താക്കന്മാരെ സമ്പാദിക്കാൻ കഴിവുള്ള യുവതികളും ഭാര്യാദാസന്മാരായി കഴിവാനിഷ്ടപ്പെടുന്ന സുന്ദരവിഡ്ഢികളും, ഭർത്താവുദ്യോഗത്തിനു് അപേക്ഷയുമായി നടക്കുന്ന കേസില്ലാവക്കീലന്മാരും എല്ലാം ശ്രീ. പുളിമാന കണ്ടിട്ടുള്ള രൂപങ്ങളാണു്. അവരാരും വിജയിക്കുന്നില്ല. കിട്ടിയതുകൊണ്ടു തൃപ്തിപ്പെട്ട സമുദായത്തിന്റെ ചവിട്ടുമെത്തകളായി അവർ അവശേഷിക്കുക മാത്രമാണു്.
മറ്റൊന്നുകൂടി പറയുവാൻ ശ്രീ. പുളിമാന ആഗ്രഹിച്ചു. അതു് അദ്ദേഹം വളരെ വിജയപ്രദമായി നിർവഹിക്കുകയും ചെയ്തു. ദുരന്തങ്ങളെല്ലാം വ്യക്തിപരമാണെന്നതാണതു്. ഗാന്ധിജി മരിച്ചാലും പ്രകൃതിയുടെ യാതൊരു ചടങ്ങും മുടങ്ങുന്നില്ല. അതു നിർവിഘ്നം നടന്നുകൊണ്ടിരിക്കും. “സമത്വവാദി”ക്കെന്തെങ്കിലും സംഭവിക്കട്ടെ. മറ്റുള്ളവർ, നിരങ്ങിയാണെങ്കിലും മുന്നോട്ടുതന്നെ നീങ്ങിക്കൊണ്ടിരിക്കും.
“സമത്വവാദി”യുടെ റ്റെക്നിക്കിനെപ്പറ്റിയും ഒന്നു മനസ്സിലാക്കേണ്ടതുണ്ടു്. ഇതൊരു റിയലിസ്റ്റ് നാടകമല്ല. ആണെന്നുള്ള തെറ്റിദ്ധാരണയിൽനിന്നാണു പല വിമർശനങ്ങളും പുറപ്പെട്ടിട്ടുള്ളതു്. ഇതൊരു എക്സ്പ്രഷനിസ്റ്റ് നാടകമാണു്. ഒരു പാത്രത്തിനും പേരുകൾ കൊടുത്തിട്ടില്ലെന്നുള്ളതു പ്രത്യേകം ഓർമ്മിക്കേണ്ടതാണു്. അവരെല്ലാം ഓരോ ആശയത്തിന്റെ പ്രതിരൂപങ്ങളാണു്, സാധാരണവ്യക്തികളല്ല. അതുകൊണ്ടു് അവരിൽ പ്രത്യേക വ്യക്തിത്വത്തിന്റെ സ്വഭാവങ്ങൾ ഒന്നും കാണുകയില്ല. ഒരു ആശയത്തിന്റെ പ്രധാനഘടകങ്ങളായിരിക്കും അവരിൽ നിഴലിക്കുന്നതും. അതുതന്നെയായിരിക്കും അവരുടെ സംഭാഷണങ്ങളിൽ പ്രകടിപ്പിക്കപ്പെടുന്നതും. ഇതുകൊണ്ടു് ഒരു ഗുണവും ഒരു ദോഷവും ഉണ്ടായിട്ടുണ്ടു്. മെലോഡ്രാമാ അല്പം കൂടുതലായിപ്പോയി എന്നതാണു് ദോഷം. പക്ഷേ, ഇത്തരത്തിലുള്ള ഒരു നാടകത്തിൽ മെലോഡ്രാമാ അല്പമധികമായാലും വലിയ തെറ്റില്ല. ഗുണമെന്നു പറഞ്ഞതു് അതിലെ സംഭാഷണരീതിയുടെ മെച്ചമാണു്. അർത്ഥഗർഭമായ ചെറിയ ചെറിയ വാചകങ്ങൾ മണിനാദംപോലെ പ്രതിദ്ധ്വനിക്കുന്നുണ്ടു്. ഇക്കാര്യത്തിൽ ശ്രീ. പുളിമാനയുടെ വിജയം മലയാളത്തിൽ മറ്റൊരു നാടകകൃത്തിനും ലഭിച്ചിട്ടില്ലെന്നു നിസ്സംശയം പറയാം. പറഞ്ഞതിന്റെ പത്തിരട്ടി ഗ്രഹിക്കുവാനുള്ള സംഭാഷണമാണു സമത്വവാദിയിലേതു്. ധ്വന്യാത്മകത്വം ദഹിക്കാത്തവർക്കു് അവയെല്ലാം നിരർത്ഥകജല്പനങ്ങളുമായിരിക്കും. അതു ശ്രീ. പുളിമാനയുടെ പരാജയമല്ല, വിജയമാണു്. ശ്രീ. പുളിമാന ഒരു കവിയുംകൂടിയായിരുന്നുവെന്നു “സമത്വവാദി”യിലെ പല ഭാഗങ്ങളും തെളിയിക്കുന്നുണ്ടു്. റിയലിസ്റ്റിന്റെ വീക്ഷണകോണത്തിൽനിന്നു “സമത്വവാദി”യെ പരിശോധിക്കരുതെന്നു പറയുന്നതിന്റെ പ്രധാന കാരണം, ആ പ്രേതത്തിന്റെ പ്രവേശനമാണു്. ആദ്യം മുതല്ക്കേ വിങ്ങിനില്ക്കുന്ന അന്തരീക്ഷത്തിൽ തീപിടിപ്പിക്കുന്ന ഒരു ദീപശിഖയാണു് ആ പ്രേതം. അതുതന്നെയാണു് ആ നാടകത്തിന്റെ മർമ്മവും. “സമത്വവാദി”യുടെ വഴിപിഴച്ച പ്രവർത്തനങ്ങളുടെ പരാജയത്തിന്റെ സിംബലാണു് ആ പ്രേതം.
സമത്വവാദിയിലെ ചിന്താഗതി അതിഗഹനവും വിസ്തൃതവുമാണു്. ജീവിതത്തിന്റെ ആത്യന്തികപ്രശ്നങ്ങളിലേയ്ക്കു് എത്തിനോക്കൽ ശ്രീ. പുളിമാന നിർവഹിച്ചിരിക്കുന്നു. ഈ ഗംഭീരമായ പശ്ചാത്തലത്തിന്റെ അന്തസ്സിനു യോജിച്ച ഫലിതം പ്രയോഗിക്കാൻ കഴിഞ്ഞുവെന്നതു് നാടകകൃത്തിന്റെ മറ്റൊരു വിജയമാണു്. അവയിൽ ചിരിക്കാനുണ്ടു്. പക്ഷേ, ആ ചിരിയൊന്നും ഒരു വിഡ്ഢിയുടെ പൊട്ടിച്ചിരിയായിരിക്കുകയില്ല. നേരേമറിച്ചു കണ്ണീരിൽ കുളിച്ച ശാന്തമായ പുഞ്ചിരികളായിരിക്കും. സമത്വവാദിയിലെ പ്രേമകഥയുടെ സവിശേഷമായ ശ്രദ്ധയെ ആകർഷിക്കുന്നുണ്ടു്. പ്രേമത്തെപ്പറ്റി ബാരിസ്റ്ററുടെ നിർവികാരമായ പ്രസംഗങ്ങൾ യാഥാർത്ഥ്യത്തിന്റ പുളി നിറഞ്ഞ നെല്ലിക്കകളാണു്. മൂത്തമകളും ഇളയമകളും സമത്വവാദിയും ബാരിസ്റ്ററുടെ പ്രേമലാബറട്ടറിയിലെ പരീക്ഷണവസ്തുക്കളുമാണു്. അതോടൊപ്പംതന്നെ സമത്വവാദിയിലെ പ്രേമകഥയ്ക്കു് അതിരുകവിഞ്ഞ പ്രാധാന്യം കൊടുക്കാതിരിക്കുവാനും നാടകകൃത്തു് പരിശ്രമിച്ചിട്ടുണ്ടു്. അതു പ്രധാനപ്രമേയത്തിൽ കൂടുതൽ വ്യക്തമായി കാണിക്കാൻ ഉപകരിക്കുകയും ചെയ്യുന്നുണ്ടു്. ചുരുക്കിപ്പറഞ്ഞാൽ വായിക്കാനും അഭിനയിക്കാനും മാതമല്ല, ചിന്തിക്കാൻകൂടി കൊള്ളാവുന്ന ഒരു നാടകമാണു് “സമത്വവാദി.”
ശ്രീ. പുളിമാന മരിച്ചുപോയി. “സമത്വവാദി”യെങ്കിലും മരിക്കാതിരിക്കട്ടെ.
മംഗളോദയം ഫെബ്രുവരി 1942.
വിലയിരുത്തൽ 1951.