സി ജെ തോമസിന്റെ ലേഖനങ്ങൾ എപ്പോഴും സമകാലികമാവാനുള്ള ഒരു ശേഷി പ്രകടിപ്പിയ്ക്കുന്നു. തിരഞ്ഞെടുക്കുന്ന വിഷയങ്ങളുടെ സവിശേഷതകൾകൊണ്ടു മാത്രമല്ല അതു്, ഭാഷയുടെ ചൊടികൊണ്ടുകൂടി അവ നമ്മെ ഇന്നും ആകർഷിക്കുന്നു. ‘സായാഹ്ന’ അവ പുനഃപ്രകാശിപ്പിക്കുന്നതിന്റെ ഒരു കാരണവും അതത്രെ. എങ്കിലും, ഈ ലേഖനങ്ങളിൽ ചിലപ്പോഴെങ്കിലും കാണാറുള്ള ലിംഗപരവും വംശീയപരവുമായ ഭാഷാ പ്രയോഗങ്ങൾ, നിർദോഷമല്ലാത്ത കളിയാക്കലുകൾ, ഞങ്ങളും ശ്രദ്ധിക്കുന്നു. പക്ഷേ, അവ അതേപോലെ തിരുത്താതെ പ്രസിദ്ധീകരിയ്ക്കുന്നു. നീതിയുടെ തെളിച്ചത്തിലേക്കു് എഴുത്തുകാരും സമൂഹവും എത്തുന്നതിലെ കാലതാമസം മറച്ചു വെയ്ക്കണ്ടതുമല്ലല്ലോ. മാന്യ വായനക്കാർ ഇതെല്ലാം കാണുന്നുണ്ടാകുമെന്നുതന്നെ ഞങ്ങൾ കരുതുന്നു.
സായാഹ്ന പ്രവർത്തകർ.
“സ്ത്രീ വേശ്യയാണു്.”
അതിശയോക്തി നിറഞ്ഞ തന്റെ അഭിപ്രായങ്ങൾ സന്ദർഭം നോക്കാതെ തട്ടിമൂളിക്കുന്നതിൽ കുപ്രസിദ്ധിയാർജ്ജിച്ച ആ ചെറുപ്പക്കാരൻ പറഞ്ഞു. അതിനു മറുപടിയെന്നോണം ആ സംഘത്തിൽനിന്നുയർന്ന പ്രതിഷേധം അയാളെ ഒട്ടൊന്നു ഭയപ്പെടുത്തിയെന്നു മാത്രമല്ല, താനറിയാതെ ഏതോ ഒരു മഹത്തത്ത്വം താൻ പ്രഖ്യാപിച്ചു പോയിയെന്നു് അയാളെക്കൊണ്ടു് ചിന്തിപ്പിക്കുകയും ചെയ്തു.
ആ പ്രതിഷേധ പ്രളയത്തിലെ മുഖ്യ ഇനങ്ങളുടെ പട്ടിക നീണ്ട ഒന്നാണു്—വളരെ നീണ്ടതു് (വിഷയവുമായി കാര്യമായ ബന്ധമൊന്നുമില്ലെങ്കിലും). ഈയാൾ ഒരു സ്ത്രീവിദ്വേഷിയാണു്! അതാണു് ഒന്നാമത്തേതു്. ശരി. അതിനു് വിരോധമില്ല. പിന്നെ? ഈയാളെ ഏതോ ഒരു പെണ്ണു് കുരുക്കിലാക്കിയിട്ടുണ്ടു്! അങ്ങനെയെങ്കിൽ അതു വാദത്തിനു് ഉപോൽബലകമായ ഒരു വസ്തുതമാത്രം (മറ്റെല്ലാവരും സ്ത്രീയിൽ നിന്നു് മുക്തി നേടിയവരാണെന്നു് സങ്കല്പിച്ചാൽ തന്നെയും) ഈയാൾ ഒരു സ്ത്രീസ്വാതന്ത്ര്യവിരോധിയാണു്. ആ ആരോപണവും സ്വീകാര്യമാണു്. ഇപ്പോൾതന്നെ ആവശ്യത്തിലധികം സ്വാതന്ത്ര്യമവർക്കുണ്ടെന്നാണയാളുടെ പക്ഷം. അങ്ങനെ നീണ്ടുപോകുന്ന ആ പട്ടികയുടെ അവസാനത്തേതു് “ഈയാൾ ഒരു അധഃപതനവാദിയാണു്!” എന്നാണു്. അതിന്റെ അർത്ഥം മനസ്സിലായില്ല. അതുകൊണ്ടു് അതു തള്ളുന്നുമില്ല. കൊള്ളുന്നുമില്ല.
“വേശ്യ” എന്ന പദത്തിനു് യാതൊരധമത്വവും കല്പിച്ചുകൊണ്ടല്ല ആ ചെറുപ്പക്കാരൻ സംസാരിച്ചതു്. ഒരു ദിവസത്തെ ഭക്ഷണത്തിനുവേണ്ടി പുരുഷനെ തേടിനടക്കുന്ന സ്ത്രീയും, തന്റെയും തന്റെ കുട്ടികളുടെയും ആജീവനാന്ത സംരക്ഷണത്തിനുവേണ്ടി പുരുഷനെ വേട്ടയാടുന്ന സ്ത്രീയും മനഃശാസ്ത്രപരമായി ഒന്നുതന്നെയാണെന്നു് മാത്രമാണയാൾ പറഞ്ഞതു്. അതിനു ക്ഷോഭിക്കാനൊന്നുമില്ല. ഇക്കാര്യത്തെപ്പറ്റി വിശ്വസാഹിത്യകാരൻമാരുടെ അഭിപ്രായഗതി ഒന്നു പരിശോധിക്കാം.
അതാ വരുന്നു രണ്ടുപേർ. കാലഗണനയനുസരിച്ചു് അവർ തമ്മിൽ ഏകദേശം രണ്ടായിരം വർഷം അന്തരമുണ്ടു്. പക്ഷേ, ആശയപരമായി അവർ സഹജരാണു്. ഒരാൾ അനേക വേശ്യാലയങ്ങളുമായി നിരന്തരസമ്പർക്കം പുലർത്തിയിരുന്നെന്നാണു് ഐതിഹ്യം. ഏതു് സന്യാസാശ്രമത്തിൽ വളർത്തിയാലും, “മന്മഥകഥാഗന്ധം” ഗ്രഹിക്കാതിരുന്നാലും, സ്ത്രീ ഒന്നു പ്രസവിച്ചേ അടങ്ങുകയുള്ളൂ എന്നാണദ്ദേഹത്തിന്റെ പ്രമേയം. അപരൻ ചെമ്പിച്ച തലമുടിയും നീണ്ട താടിയുമുള്ള ഒരു ഐറിഷ്യാക്കാരനാണു്. ഇപ്പോഴും ജീവിച്ചിരിക്കുകയും ചെയ്യുന്നു. അദ്ദേഹം “മനുഷ്യനും അതിമാനുഷനും” എന്നൊരു നാടകം രചിച്ചു. അതിമാനുഷനായിരുന്നിട്ടുപോലും അതിലെ നായകനെ ഒരു സ്ത്രീ ഓടിച്ചിട്ടുകെട്ടി.
ഡോൺജുവാനെ പ്പറ്റി (യൂറോപ്യൻ സാഹിത്യത്തിലെ ഒരു സുപ്രസിദ്ധ വിടൻ) ഒരു നാടകമെഴുതണമെന്നു് ഒരു സ്നേഹിതൻ ബർനാഡ് ഷാ യോടു് ആവശ്യപ്പെട്ടു. നിസ്സഹായരായ സ്ത്രീകളെ വഞ്ചിച്ചു് ചാരിത്ര്യമപഹരിക്കുക എന്നതു് ഡോൺജുവാനു് ഒരു പതിവു മാത്രമാണു്. ഈ സ്വഭാവത്തെയാണല്ലോ നാടകത്തിൽ അപഗ്രഥിക്കേണ്ടതു്. ഷാ വളരെ തലപുകഞ്ഞാലോചിച്ചു് നാടകമെഴുതിത്തീർത്തു. സ്ത്രീകളെ വേട്ടയാടുന്ന ഒരു പുരുഷനെ ചിത്രീകരിക്കുന്ന നാടകം എഴുതിത്തീർന്നു കഴിഞ്ഞപ്പോൾ നായകനു് ലിംഗഭേദം വന്നിരിക്കുന്നു! എന്താണതിന്റെ കാരണം? അദ്ദേഹം തന്നെ വിശദീകരിക്കട്ടെ:
“…അതിന്റെ ഫലമായി, ലൈംഗികഗുസ്തിയിൽ പുരുഷൻ ഡോൺ ജുവാനെപ്പോലെ വിജയി ആകുന്ന കാലം കഴിഞ്ഞിരിക്കുന്നു.”
അഥവാ, പുരുഷൻ സ്ത്രീയെ വേട്ടയാടുന്ന കാലം കഴിഞ്ഞിരിക്കുന്നു. ഇന്നു് സ്ത്രീ പുരുഷനെ വേട്ടയാടുകയാണു് പതിവു്. അതു അദ്ദേഹം കാണുന്നുണ്ടു്.
“…അവൻ എന്നെങ്കിലും വിജയി ആയിരുന്നോ എന്നുതന്നെ സംശയമാണു്. ഏതായാലും സ്ത്രീയ്ക്കു് ഇക്കാര്യത്തിൽ സഹജമായിട്ടുള്ള ശ്രേഷ്ഠത്വം കൂടുതൽ കൂടുതൽ ശക്തിമത്തായിത്തീരുകയാണു്.”
സാധാരണ ഒരു സ്ത്രീയുടെ പ്രധാനതൊഴിൽ വിവാഹം കഴിക്കുക എന്നതാണെന്നു് ഷാ പറയുന്നു. അതുതന്നെയാണവളുടെ മതം, സന്മാർഗ്ഗം, തത്ത്വശാസ്ത്രം, ദേശാഭിമാനം, പേർ, പെരുമ, അഭിമാനം—എല്ലാം. വിവാഹത്തിലേക്കും സന്തത്യുല്പാദനത്തിലേക്കും എത്തിക്കുന്ന എന്തും അവൾക്കു് സത്യമാണു്, സന്മാർഗ്ഗമാണു്. അതിനു പുറമെയുള്ളതെല്ലാം മായ. സ്ത്രീ പുരുഷനെ വേട്ടയാടുകയാണു് ചെയ്യുന്നതെന്നതിനു് ഷാ ഉദ്ധരിക്കുന്ന തെളിവുകൾ ഗണനീയമാണു്:
“ഷേക്സ്പിയറു ടെ നാടകങ്ങളിൽ സ്ത്രീയാണു് എപ്പോഴും മുൻകൈ എടുക്കുന്നതു്. അദ്ദേഹത്തിന്റെ പ്രശ്നനാടകങ്ങളിലും പോപ്പുലർ നാടകങ്ങളിലും ഒരുപോലെ ശൃംഗാര രസം പുരുഷനെ സ്ത്രീ വേട്ടയാടിപ്പിടിക്കുന്നതിന്റെ രസം തന്നെയാണു്. ചിലപ്പോൾ, റോസാലിൻഡി നെപ്പോലെ അവനെ മയക്കിയായിരിക്കും, ചിലപ്പോൾ, മറിയാനായേ പ്പോലെ സൂത്രം കൊണ്ടും. പക്ഷേ, എല്ലാ കഥയിലും ആണും പെണ്ണും തമ്മിലുള്ള നില ഒന്നുതന്നെ. അവളാണു് പ്ലാനിടുന്നതും വേട്ടയാടുന്നതും. അവനാണു് വേട്ടയാടപ്പെടുന്നതും കശാപ്പുചെയ്യപ്പെടുന്നതും. അവൾ പരാജിതയായാൽ ഒഫീലിയായേ പ്പോലെ ഭ്രാന്തുപിടിക്കുകയും ആത്മഹത്യചെയ്കയും ചെയ്യും. പുരുഷനോ, ശവസംസ്കാരവും കഴിഞ്ഞു് നേരെ ഒരു വാൾപയറ്റിനു് പോവും!”
ഇത്ര ലഘുവായ ഒരേർപ്പാടാണെന്നും ഷാ ഗണിക്കുന്നില്ല.
“പ്രകൃതിയുടെ ഏറ്റവും പ്രധാനകർമ്മം നടത്തുവാൻ അവൾക്കു് അവനെക്കൊണ്ടുള്ള ആവശ്യം, അവന്റെ എതിർപ്പു് അവളുടെ ഊർജ്ജസ്വലതയെ ഉച്ചകോടിയിലെത്തിച്ചു് പതിഭക്തി, പ്രേമം മുതലായ മാമൂൽ ചൂഷണങ്ങൾ വലിച്ചെറിഞ്ഞു് അവരുടെ വ്യക്തിപരവും മർത്ത്യപരവുമായ ലക്ഷ്യങ്ങളെ അതിലംഘിക്കുന്ന ഒരുയർന്ന ലക്ഷ്യത്തിനുവേണ്ടി പ്രകൃതിയുടെ പേരിൽ അവൾ അവനെ അവകാശപ്പെടുന്നതുവരെ വിജയിക്കുന്നില്ല.”
ഈ ലക്ഷ്യത്തിനു വേണ്ടി സ്ത്രീ ചെയ്യുന്ന പ്രവൃത്തികളെപ്പറ്റി വളരെ വെറുപ്പോടുകൂടി സംസാരിക്കുന്നവരെപ്പറ്റി ഷായ്ക്കു് ചിലതു് പറയുവാനുണ്ടു്:
“സാന്മാർഗ്ഗികമായോ ശാരീരികമായോ പുരുഷന്മാരെപ്പോലെ ശുദ്ധിഭ്രമക്കാരായിരുന്നാൽ മനുഷ്യവർഗ്ഗം അവസാനിച്ചു പോകുമെന്നതു് അവൾ കാണുന്നില്ല. അവശ്യമായ ജോലികൾ മറ്റുള്ളവരുടെമേൽ ഏറ്റിവച്ചിട്ടു് അതിനെ വൃത്തികെട്ടതും ഹീനവുമാണെന്നുപറഞ്ഞു് അപഹസിക്കുന്നതിൽപരം നീചത്വമെന്താണു്?”
ആരാണു് മുൻകൈ എടുക്കുന്നതു് എന്നതു് ഷാ പിന്നെയും പരിശോധിക്കുന്നുണ്ടു്.
“സ്ത്രീ മുൻകൈ എടുക്കുന്നില്ലെന്നുള്ള അഭിനയം ഈ പ്രഹസനത്തിന്റെ ഒരു ഭാഗമാണു്. എന്തു്, ലോകം മുഴുവനും പെണ്ണുങ്ങൾക്കു് ആണുങ്ങളെ പിടിക്കാനുള്ള കുടുക്കുകളും, കത്രികകളും, പൂട്ടുകളും, കുഴികളുംകൊണ്ടു് നിറഞ്ഞിരിക്കുകയാണു്. സ്ത്രീ പ്രേമിക്കപ്പെടുന്നതുവരെ നിശ്ചലയായി കാത്തുനില്ക്കണമെന്നാണു് വെയ്പു്. മാത്രമല്ല, അവൾ നിശ്ചലയായി നില്ക്കുന്നുമുണ്ടു്. അങ്ങനെയാണു് ചിലന്തി ഈച്ചയെ നോക്കിയിരിക്കുന്നതും. പക്ഷേ, ചിലന്തി വല കെട്ടുന്നുണ്ടു്. എന്റെ കഥാനായകനെപ്പോലെ ഈച്ച സ്വയം രക്ഷപ്പെടുവാൻ തക്ക ഒരു ശക്തി പ്രദർശിപ്പിച്ചാൽ കാണാം, അവളുടെ വിനയഭാവം എത്ര വേഗം അവൾ ഉപേക്ഷിച്ചു ഒന്നിനു പുറകെ ഒന്നായി ചരടുകൾ എറിഞ്ഞു അവനെ എന്നേയ്ക്കുമായി ബന്ധനസ്ഥനാക്കുന്നതു്.”
ഈ ഉദ്ധാരണങ്ങൾ എല്ലാം ഷായുടെ സ്വന്തം അവതാരികയിൽ നിന്നാണു്. കാളിദാസന്റെ കാലത്തു സ്വന്തം കാവ്യങ്ങൾ വിശദീകരിച്ചു കൊണ്ടു് തൽകർത്താക്കൾ അവതാരികയെഴുതുന്ന ഏർപ്പാടു് തുടങ്ങിയിരുന്നില്ല. ഉണ്ടായിരുന്നെങ്കിൽ ഈ ഉപന്യാസത്തിന്റെ കുറെ ഭാഗങ്ങൾ (കുറെക്കൂടി നല്ല ഭാഷയിൽ) കുമാരസംഭവ ത്തിന്റെ അവതാരികയിൽ കാണുമായിരുന്നു. എങ്കിൽ, ലൈംഗികാസക്തി കൊടുമ്പിരികൊണ്ട ഭക്തിവിഷയക്കാർക്കു് ആദരപൂർവ്വം പാരായണം ചെയ്യുവാനുള്ള ഒരു ഗ്രന്ഥമായി കുമാരസംഭവം അധഃപതിക്കുകയും ചെയ്യുമായിരുന്നില്ല.
കുമാരസംഭവത്തിന്റെ ഇതിവൃത്തം കുമാരസംഭവമാണു്. അതിൽ പുനരുക്തി ഒന്നുമില്ല. കുമാരൻ എന്ന പേർ സുബ്രഹ്മണ്യനു് കുത്തകയല്ലല്ലോ. ഭൂമിയിലെ സകല കുമാരന്മാരും ഭൂജാതരാകുന്നതു് സുബ്രഹ്മണ്യൻ ജനിച്ച രീതിയിൽത്തന്നെയാണു്. സുബ്രഹ്മണ്യൻ ജനിക്കുന്നതു് ഒരു അത്യാവശ്യമാണു്. വ്യക്തിപരമായി കൂടിയേ തീരൂ എന്നില്ല. സുബ്രഹ്മണ്യൻ ജനിച്ചില്ലെങ്കിലും ലോകം നടക്കും. പക്ഷേ, കുമാരന്മാർ ജനിച്ചില്ലെങ്കിൽ മനുഷ്യവർഗ്ഗം അവസാനിച്ചുപോകും. “അസുരന്മാരെ കൊല്ലാൻ” എന്നു് കാളിദാസൻ ഒരനുബന്ധം കൂട്ടിച്ചേർത്തതു് പുരാണത്തെയും അന്നത്തെ ജനതയുടെ വിശ്വാസങ്ങളെയും ആദരിച്ചു മാത്രമായിരുന്നു. ലോകഗതിയുടെ മൂലതന്തു ജനനമാണു്. ആ സംഭവം നടത്താൻ ചുമതലപ്പെട്ടവരിൽ ഒന്നാം പേരുകാരിയാണു് സ്ത്രീ. എന്നാൽ, പരസഹായം കൂടാതെ അവൾക്കു് അക്കാര്യം കഴിവില്ല. അതുകൊണ്ടു്, അവൾ ഒരു പുരുഷനെ തേടിനടക്കുന്നു. അല്പനേരത്തേയ്ക്കു മാത്രമേ അവൾക്കു് ഈ പരാധീനതയുള്ളു! പിന്നീടുള്ള ചുമതലകളെല്ലാം അവൾ സ്വയം നിർവ്വഹിച്ചുകൊള്ളും. തേനീച്ചക്കൂട്ടിലാണെങ്കിൽ ഈ ആവശ്യം നിർവ്വഹിച്ചുകഴിഞ്ഞാൽ പുരുഷവർഗ്ഗത്തെ മുഴുവനും അവർ കൊന്നുകളയുന്നു.
“ഇരുപത്തേഴു കുഴൈന്തകളുള്ള” കുചേലന്മാർ ചിലപ്പോൾ പറഞ്ഞേക്കാം, ഇതെല്ലാം തെറ്റാണെന്നു്. ഇക്കാര്യത്തിനു് പുരുഷനെ അത്രയധികം പ്രേരിപ്പിക്കേണ്ട ആവശ്യമില്ല എന്നാണവരുടെ പക്ഷം. ലൈംഗിക കർമ്മത്തിനു് പുരുഷൻ വിമുഖനാണെന്നു് ഇവിടെ വാദമില്ല. എങ്കിലും, താരതമ്യേന അവൻ സ്ത്രീയേക്കാൾ ഇക്കാര്യത്തിൽ ചുമതല കുറഞ്ഞവനാണെന്നു മാത്രമേയുള്ളു. സന്തത്യുല്പാദനം പുരുഷനു് ഒരു വലിയ ഭ്രാന്തല്ല. സ്വയരക്ഷ, ആഹാരാന്വേഷണം ഇവയാണു് അവന്റെ പ്രാഥമിക പരിഗണനകൾ, മനുഷ്യവർഗ്ഗത്തിന്റെ പുരോഗതിയോടുകൂടി വിജ്ഞാനപോഷണവും ഇക്കൂട്ടത്തിലുൾപ്പെടും. ലൈംഗികകാര്യങ്ങൾ അവനെ വളരെ ചുരുങ്ങിയ കാലംകൊണ്ടു് സംതൃപ്തനാക്കുന്നു. (സാധാരണക്കാരന്റെ കാര്യം മാത്രമാണിവിടെ പറയുന്നതു്.) സ്ത്രീയുടെ കാര്യമാണെങ്കിൽ നേരെ മറിച്ചാണു്. അവളുടെ യഥാർത്ഥ ലക്ഷ്യം മാതൃത്വമാണു്. ഈ ജന്മവാസനയുടെ പ്രേരണ ഉപബോധമനസ്സിലായിരിക്കാം കൂടുതലായി കാണുന്നതു്. എങ്കിലും, ബോധപൂർവ്വമായാലും അല്ലെങ്കിലും. വർഗ്ഗസന്ധാരണം അവളുടെ ചുമതലയാണെന്നൊരു അവ്യക്തചിന്തയും അതു് നിർവ്വഹിക്കാനുള്ള ഒരു സ്ഥിരനിശ്ചയവും അവളിലുണ്ടു്. അതിനുവേണ്ട ഉപകരണങ്ങൾ (മാനസികവും ഭൗതികവും) പ്രകൃതി അവൾക്കു് ദാനം ചെയ്തിട്ടുമുണ്ടു്. ഇക്കാര്യത്തിൽ പരാജയപ്പെടുകയെന്നതാണു് സ്ത്രീയുടെ നിത്യനരകം. അതുകൊണ്ടുതന്നെയാണു് പ്രായമേറിയിട്ടും സന്താനസുഖം ലഭിക്കാത്ത സ്ത്രീകൾ (പ്രത്യേകിച്ചും അവിവാഹിതർ) ശാരീരികമായും മാനസികമായും അധഃപതിക്കുന്നതു്. ഇതിനെല്ലാം പുറമെ സ്ത്രീ അശുദ്ധയാണെന്നു പറഞ്ഞു് അകറ്റി നിർത്തുന്ന ഒരു പതിവും പുരുഷനുണ്ടു്. ആർത്തവം, പ്രസവം മുതലായവകൊണ്ടായിരിക്കാം പുരുഷൻ ഇങ്ങനെയൊരു കുറവു് ആരോപിക്കാൻ ഇടകിട്ടിയതു്. മനഃശാസ്ത്രപരമായി പുരുഷൻ ലൈംഗികവിഷയത്തിൽ അസ്ഥിരചിത്തനാണെന്നതുതന്നെയാണു് കാരണം. സ്ത്രീയ്ക്കു് ആത്മാവില്ലെന്നു് വിശ്വസിക്കുന്ന മതങ്ങളും ഗർഭിണികളെ പശുത്തൊഴുത്തിൽ താമസിപ്പിക്കുന്ന ആചാരങ്ങളുമെല്ലാം ഈ വെറുപ്പിന്റെ സന്താനങ്ങളാണു്. ഇങ്ങനെ സ്ത്രീ പുരുഷനെ വേട്ടയാടിപ്പിടിക്കേണ്ട ഒരവസ്ഥ വന്നു ചേരുകയാണു്. സംസ്കാരത്തിന്റെ വളർച്ചയോടുകൂടി തന്നെയും കുഞ്ഞിനെയും സാമ്പത്തികമായി സംരക്ഷിക്കുക എന്നൊരു ചുമതലയും പുരുഷന്റെമേൽ വെച്ചുകെട്ടാൻ അവൾക്കു് ഭാവമുണ്ടു്. അങ്ങനെ ശാരീരികമായും സാമ്പത്തികമായും പുരുഷനെ വേട്ടയാടാൻ നടക്കുകയാണു് സ്ത്രീയുടെ ജീവിതവൃത്തി. അതെ, അവൾ വേശ്യയാണു്.
ഇതു് സ്ത്രീവർഗ്ഗത്തെ മുഴുവനും അടച്ചാക്ഷേപിക്കുകയല്ലേ? ഷാ പറഞ്ഞതുപോലെ, ചുമതല ചെയ്തു തീർക്കുക എന്നതു് ആക്ഷേപാർഹമാണെങ്കിൽ ഇതു് ആക്ഷേപം തന്നെയാണു്. ഇതൊന്നും കാപട്യത്തിലും അഭിനയത്തിലും അടിയുറച്ച നമ്മുടെ സന്മാർഗ്ഗനിയമങ്ങൾക്കനുസരണമല്ലായിരിക്കാം. മനുഷ്യ നിർമ്മിതമായ യാതൊരു നിയമവും, ശുചിത്വബോധവും സ്ത്രീയെ അവളുടെ കർമ്മത്തിൽനിന്നു് വിരമിപ്പിക്കുകയില്ല.
ഉമയെത്തന്നെ നോക്കുക. കാടുകയറി നടന്ന ഒരു പെൺകുട്ടി (അഥവാ പർവ്വതപുത്രി) യുവാവായ ഒരു മുനിയെ കണ്ടെത്തുന്നു. ഈ വർഗ്ഗത്തോളം സ്ത്രീകൾ വെറുക്കുന്നതായി ലോകത്തിൽ മറ്റൊരു വസ്തുവില്ല. മടിയനായി, സ്ത്രീവിദ്വേഷിയായി, ഉപയോഗ ശൂന്യനായി ഇരിക്കുന്ന ഈ മനുഷ്യൻ ഭക്ഷണം മാത്രമാണു് ജീവിതലക്ഷ്യം (ടാഗോറി ന്റെ സന്ന്യാസിയെ നോക്കുക. പ്രകൃതി അയാളോടു് പകവീട്ടിയിട്ടേ അടങ്ങുന്നുള്ളു). ആരോഗ്യവാനായ ഈ സന്ന്യാസിയെ സ്ത്രീ വർഗ്ഗത്തോടുതന്നെ ഒരു വെല്ലുവിളിയായി പാർവ്വതി ഗണിച്ചിരിക്കാം. അവളാണെങ്കിൽ പ്രകൃതിയുടെ പ്രചോദനം അനിഷേദ്ധ്യമായി പ്രകടമാക്കുന്നുമുണ്ടു്. ഇതൊന്നും കാളിദാസൻ ഉദ്ദേശിച്ചിട്ടില്ലെന്നു പറഞ്ഞു് അദ്ദേഹത്തെ അവമാനിക്കുന്നതു കഷ്ടമാണു്. ഒന്നാം രംഗത്തിൽതന്നെ പാർവ്വതിയെ ദിഗംബരയാക്കി നിർത്തി ഒരു വർണ്ണന നടത്തുന്നതു് വെറും സരസത്തത്തിനുവേണ്ടിയാണെന്നു വിശ്വസിക്കാൻ പ്രയാസം. പോരെങ്കിൽ അവിടെ തുറന്നുപറഞ്ഞിട്ടുണ്ടല്ലോ, പാർവ്വതി പരമേശ്വരനെ വശീകരിക്കുവാൻ കച്ചകെട്ടിയിരിക്കുകയാണെന്നു്. സ്ത്രീയുടെ ആവനാഴിയിൽ ചരിത്രാതീതകാലം മുതൽ കാണാറുള്ള പല ആയുധങ്ങളും പാർവ്വതി പ്രയോഗിക്കുന്നുണ്ടു്. ആദ്യത്തെ അമ്പു് വളരെ ലഘുവായ ഒന്നാണു്. മമത. അടുത്തുചെന്നു് പൂജയ്ക്കുവേണ്ട പുഷ്പങ്ങളും മറ്റും ഇറുത്തുകൊടുത്തു് സ്നേഹം സമ്പാദിക്കുക. അങ്ങനെ ഒരു ദാസീഭാവം അഭിനയിച്ചു് വശീകരിക്കാനാണു് ഭാവം. ഇത്രയുംകൊണ്ടുതന്നെ ഒരു സാധാരണക്കാരന്റെ മനസ്സിളകുമെന്നും കാമചേഷ്ടകൾ കാണിച്ചുതുടങ്ങുമെന്നും അവൾ വിചാരിച്ചുകാണും. പക്ഷേ, പരമേശ്വരൻ സാധാരണക്കാരനായിരുന്നില്ല. തീയുടെ മുമ്പിൽ വെണ്ണയുരുകുന്നതുപോലെ ആരോഗ്യവാന്മാർക്കു് സ്ത്രീ സാമീപ്യത്തിൽ ലൈംഗികത്വം ജൃംഭിക്കുകയില്ല. പാർവ്വതി പരാജിതയായി. പക്ഷേ, പിന്മാറിയില്ല. അതവരുടെ വർഗ്ഗത്തിനേ ഇല്ലാത്ത ഒരേർപ്പാടാണു്. അവൾ അടുത്ത അടവെടുക്കുകയായി. പാശ്ചാത്യ മനഃശാസ്ത്രജ്ഞന്മാർ ഇതിനു് ‘എക്സിബിഷനിസം’ എന്നാണു് പേരിട്ടിരിക്കുന്നതു്. ഇതു് വളരെ പ്രചാരമുള്ള ഒന്നാണത്രേ. ഏറ്റവും ‘ലജ്ജാലു’ക്കളായ സ്ത്രീകൾക്കാണു് ഇതിന്റെ കുത്തകാവകാശം. ലജ്ജയാണിതിന്റെ പ്രധാന ചടങ്ങു് തങ്ങളുടെ സൗന്ദര്യം അന്യർ കാണുന്നതു ദുസ്സഹമാണെന്നവർ അഭിനയിക്കും. പക്ഷേ, എന്തെങ്കിലും ‘യാദൃച്ഛിക’മായി സംഭവിച്ചുപോയാൽ അതിൽ തങ്ങൾ നിരപരാധികളാന്നെന്നു സ്ഥാപിക്കാൻ അവർ നിഷ്കർഷിക്കും. സന്ന്യാസിയുടെ തേവാരവും, വനതടിനികളും, ഒന്നാം രംഗത്തിലെ വർണ്ണനയും എല്ലാംകൂടി നോക്കിയാൽ പാർവ്വതിയുടെ നാണം അപകടത്തിലായതായിട്ടാണു് ഗണിക്കേണ്ടതു്. ഇത്തവണ പാർവ്വതിയുടെ ആയുധം ഫലിച്ചു. കാമദേവന്റെ അസ്ത്രം വന്നു തറച്ചു. അഥവാ പരമശിവൻ ആകെയൊന്നു് കോരിത്തരിച്ചു. മാംസം കണ്ട നായെപ്പോലെ നാക്കും പുറത്തിട്ടു്, തപസ്സുമിട്ടെറിഞ്ഞുവരുന്ന ആ ജഡാധാരിയെ ‘കാമദഹനം’ നൃത്തം കണ്ടിട്ടുള്ളവരാരും മറക്കുകയില്ല. പക്ഷേ, കാര്യം അല്പം അതിരുകടന്നുപോയി. ഇളിഭ്യനായ ഭാവത്തിൽ പരമേശ്വരൻ ശുണ്ഠിപിടിച്ചിരുപ്പായി. പാർവ്വതിയുടെ കാര്യം പിന്നെയും കുഴപ്പത്തിൽ. ഉള്ള നാണവും മാനവും കൈവിട്ടുപോയി. ഒരു പുരുഷന്റെ പുറകേ നടന്നിട്ടു് പുറകോട്ടു പോകാമോ? പുരുഷനാണെങ്കിൽ കാമദേവനെ ചുട്ടുകരിച്ചിട്ടു് മുറുമുറുത്തുകൊണ്ടിരിക്കുന്നു. സംബന്ധക്കാര്യത്തിൽ ഒരു ശ്രദ്ധയുമില്ലെന്നു തോന്നും, പാർവ്വതിയുടെ തലയ്ക്കു തീ പിടിച്ചു. സത്യാഗ്രഹവും ആരംഭിച്ചു.
കരഞ്ഞു കാര്യംനേടുകയെന്നതു് പണ്ടേ പതിവാണല്ലോ. പാർവ്വതിയാണെങ്കിൽ ഒരസാധാരണക്കാരിയാണു്. തപസ്സു് ശിവന്റെ തപസ്സിനേക്കാൾ കടുകട്ടി. അതുപോലുള്ള സ്ഥിരനിശ്ചയം ഒരിക്കലും പരാജയപ്പെടാറില്ല. തപസ്സുകൊണ്ടു മെലിഞ്ഞുണങ്ങിയ ആ ശരീരം ഗർഭത്തോടുകൂടി മാത്രമാണു് പുഷ്ടി പ്രാപിക്കുന്നതു്. നശീകരണത്തിന്റെ ദൃശ്യരൂപമായ സന്ന്യാസിത്തം തകർന്നു. ജീവനും പ്രകൃതിയും വിജയിച്ചു. കുമാരൻ ജനിച്ചു. സാധാരണഭാഷയിൽ പറഞ്ഞാൽ ഒരു കുട്ടിയുണ്ടായി. അങ്ങനെ നിരവധി ദുർഘടങ്ങളെ സ്ത്രീയുടെ സഹകരണത്തോടുകൂടി തരണം ചെയ്തു പ്രകൃതി മുന്നോട്ടുപോകുന്നു. കുമാരസംഭവ കഥ സമാപ്തമായി.
പക്ഷേ, സ്ത്രീ അവിടെ നിറുത്തുന്നില്ല. നായാട്ടു് അവളുടെ തൊഴിലാണു്. അവൾ പിന്നെയും പുരുഷനെത്തേടി മുമ്പോട്ടുതന്നെ!
ഇവൻ എന്റെ പ്രിയപുത്രൻ 1953.