സദാചാരത്തെ തട്ടിമുട്ടിയിട്ടു മനുഷ്യർക്കു വഴിയിലൂടെ നടക്കാൻ വയ്യാതായിരിക്കുന്ന ഒരു കാലഘട്ടത്തിൽ അത്യാവശ്യമായി വായിക്കേണ്ട ഒരു പുസ്തകമാണു് ശ്രീ. വെട്ടൂർ രാമൻനായരുടെ ‘ദേവദാസി.’ ഇതൊരു ചെറുകഥാസമാഹാരമാണു്. ആറു കഥകളുണ്ടു്. അതിൽ മൂന്നെണ്ണം സന്മാർഗ്ഗം പ്രതിപാദിക്കുന്നു. അവയിൽ ഗ്രന്ഥകാരനു് അതിപ്രധാനമായിത്തോന്നിയതു ദേവദാസിയുടെ കഥയാണു്. പുസ്തകത്തിനു് ആ പേരുതന്നെ കൊടുത്തിരിക്കുന്നതും അതുകൊണ്ടാവാം.
ഈയിടെ ഏതു പത്രമെടുത്താലും—അതു കമ്മ്യൂണിസ്റ്റുകാരോ കോൺഗ്രസ്സുകാരോ നടത്തുന്നതായിക്കൊള്ളട്ടെ—അതിലെല്ലാം ചർച്ചചെയ്യപ്പെടുന്ന വിഷയം ഒന്നുതന്നെയാണു്, സദാചാരം. തെരുവുപ്രസംഗക്കാരനായ ഒരു ഉപദേശിയുടെ ‘എരിവോടു കൂടിയാണുതാനും അതു പറയുന്നതു്. രാഷ്ട്രീയമായി വിരുദ്ധകോണുകളിൽ നില്ക്കുന്നവരാണെങ്കിലും അവർ പാടുന്ന പല്ലവി ഒന്നുതന്നെയാണു്. ഭാരതത്തിനു പുരാതനമായ ഒരു സാംസ്കാരികപാരമ്പര്യമുണ്ടു്. കേരളത്തിനു് ഒരു പ്രത്യേക സൗന്ദര്യബോധമുണ്ടു്. ‘നമുക്കു് ഒരു പ്രത്യേകത എന്തോ ഒക്കെയുണ്ടു്. എന്താണു് ഈ എന്തൊക്കെ? ആരൊക്കെയാണു് ഈ ‘നമുക്കു്’ എന്നവാക്കിൽ ഉൾക്കൊണ്ടിരിക്കുന്നതു് ആ ‘നമുക്കു്’ പ്രയോഗത്തിലാണു് കുഴപ്പം തങ്ങിനില്ക്കുന്നതു്. അതിൽ നമ്പൂതിരിയും നസ്രാണിയും ഉണ്ടോ? നായരേയും ഉൾപ്പെടുത്തുന്നുണ്ടോ? പാക്കിസ്ഥാനിലേക്കു ഓടിപ്പോകാത്ത മുസ്ലീമിനും ഈ സന്മാർഗ്ഗഭാണ്ഡത്തിലും സൗന്ദര്യബോധത്തിലും അതിന്റെയൊക്കെ ആകെത്തുകയായ ഭാരതീയ സാംസ്കാരികപാരമ്പര്യത്തിലും എന്തെങ്കിലും പങ്കുണ്ടോ? ഉണ്ടെങ്കിൽ വിവാഹം വെറും കോൺട്രാക്ട് മാത്രമായ മുസ്ലീമിനും, സംബന്ധപ്രിയനായ നമ്പൂരിക്കും, കൂട്ടുകുടുംബക്കാരനായ നായർക്കും, ദമ്പതികൾ തമ്മിലുള്ള ലൈംഗികബന്ധത്തെപ്പോലും അസന്മാർഗ്ഗികമായി ഗണിക്കുന്ന നസ്രാണിക്കും തമ്മിൽ പൊതുവായിട്ടുള്ളതെന്താണാവോ! ഇതെല്ലാംകൂടി എടുത്തു താരതമ്യപഠനം ചെയ്യുന്നയാളിനു ലഭിക്കുന്ന ഏകതത്ത്വം സദാചാരത്തെപ്പറ്റി പൊതുവായ യാതൊരു തത്ത്വവുമില്ലെന്നതു മാത്രമാണു്. ഈ ഉപദേശികളുടെ കണ്ണിൽപ്പെടാനുള്ള ചില പരമാർത്ഥങ്ങളാണു് ശ്രീ. വെട്ടൂർ ഈ കഥകളിൽ കൊടുത്തിരിക്കുന്നതു്.
‘ദേവദാസി’ തന്നെ ആദ്യമെടുക്കാം. ശ്രീരംഗത്തെ കഥയാണതു്. ഈശ്വരന്റെ രക്ഷാധികാരത്തിൽ അവിടെ നടത്തപ്പെടുന്ന ഇറച്ചിക്കച്ചവടം വെറും ദാരിദ്രത്തിന്റെ ഫലമെന്നു പറഞ്ഞു് തള്ളിക്കൂടാ. കരിങ്കല്ലിൽ രതിവൈകൃതങ്ങളുടെ ചിത്രങ്ങൾ കൊത്തിവെയ്ക്കുന്നതു ദാരിദ്ര്യംകൊണ്ടല്ലല്ലോ. പോരാ, വിവാഹമെന്ന ആശയം ശ്രീരംഗത്തെ ഒരു വേശ്യയ്ക്കു് എത്ര പാപകരമായി തോന്നുന്നുവെന്നു ശ്രീ. വെട്ടൂരിന്റെ കഥയിൽനിന്നു മനസ്സിലാക്കുക. ഇതും ഉയർത്തിപ്പിടിക്കപ്പെടുന്ന ആ സാംസ്കാരികപാരമ്പര്യത്തിന്റെ അവശ്യഘടകമാണു്. ഇക്കാര്യങ്ങളും അതുപോലെ ഒരു നൂറു പരമാർത്ഥങ്ങളും മുമ്പിലിരിക്കുമ്പോൾ പുരോഗാമികളും പശ്ചാൽ ഗാമികളും ഒരുപോലെ ഈ ചീത്ത പാരമ്പര്യം ചുമന്നുനടക്കുന്നതിന്റെ രഹസ്യമെന്തു്? കടംവാങ്ങിച്ച കൊടിയും, കട്ടെടുത്ത മുദ്രാവാക്യവും പുതിയ ഒരു ജീവിതവീക്ഷണത്തെ സൃഷ്ടിക്കുകയില്ലെന്നതുതന്നെ. അവർക്കു സ്വന്തം പാരമ്പര്യത്തിൽനിന്നു ഉയരാൻ കഴിഞ്ഞിട്ടില്ല. അതു അവരും സമ്മതിക്കും. പക്ഷേ, ആ പാരമ്പര്യം നല്ലതോ ചീത്തയോ എന്നതിനെപ്പറ്റിയാണു് അഭിപ്രായഭിന്നത.
ദേവദാസിയെപ്പറ്റി ശ്രീ. വെട്ടൂർ കൊടുത്ത ചിത്രം തെറ്റിദ്ധരിക്കപ്പെട്ടേക്കാം—ഒരു സന്മാർഗ്ഗപ്രസംഗമായിട്ടു്. അങ്ങിനെ സംഭവിച്ചാൽ ‘അവിവാഹിതനും’, ‘ഭർത്താവിന്റെ ത്യാഗ’വും വായിക്കണം. അലെക്ക്സിസ് പുണ്യവാളന്റെ അഭിപ്രായക്കാരനല്ല ശ്രീ. വെട്ടൂർ. ജീവിതം മുഴുവൻ അവിവാഹിതനായി കഴിച്ചു മാന്യൻ എന്ന സ്ഥാനത്തോടുകൂട്ടി പെൻഷൻ പറ്റുന്ന ഒരാളുടെ ഹൃദയത്തിന്റെ ആഴത്തിലേയ്ക്കു വെട്ടൂർ ഇറങ്ങിനോക്കുന്നു. അവിടെ ഒരു ശ്മശാനമാണു്. മരിച്ച പ്രേതങ്ങളുടെ പ്രേതങ്ങളും അമർത്തപ്പെട്ട വികാരങ്ങളുടെ എല്ലാംകൂടി അവിടെക്കാണുന്നതു്, ഒരു ‘ദുർമ്മാർഗ്ഗി’യുടെ പുറവശത്തേക്കാൾ നൂറിരട്ടി ബീഭത്സമായ ഒരു രംഗമാണു്. ശരീരത്തിന്റെ സഹജമായ ഒരു പ്രചോദനത്തെ മതത്തിനു വേണ്ടിയായാലും മാന്യതയ്ക്കു വേണ്ടിയായാലും തടഞ്ഞുനിറുത്തുന്നതു് ആരോഗ്യകരമല്ല—ശരീരത്തിനെന്നല്ല, മനസ്സിനും, ഇതാണു്, ശ്രീ. രാമൻനായരുടെ നിഗമനം. ഇക്കഥ പുരുഷന്റേതു മാത്രമല്ല. സ്ത്രീയുടെ കഥയും മേപ്പടിയാണു്. ഭാര്യയുടെ ജീവൻ അപകടത്തിലാകുമെന്നു കരുതിയാണു് ശുദ്ധഗതിക്കാരനായ ഹരീന്ദ്രൻ സ്വയം നിയന്ത്രിക്കുന്നതു്. പക്ഷേ, ഒന്നു പ്രസവിക്കാൻവേണ്ടി മരണത്തെ നേരിടുകയെന്നതു് അത്ര കാര്യമായി കണക്കാക്കാത്തവളാണു് സ്ത്രീ. സദാചാരബോധവും, നീണ്ട ഒരു വന്ധ്യജീവിതത്തിനുള്ള അവസരവും അവളെ ഗർഭവതിയാക്കുന്നതിൽനിന്നു തടയുവാൻ ശക്തമാകുന്നില്ല. ഇതൊക്കെ ഈ നാട്ടിൽ നടക്കുന്ന കാര്യങ്ങളാണു്. അവയുടെ നേരെ കണ്ണടച്ചിട്ടും അവയെ ചിത്രീകരിക്കാൻ ധൈര്യപ്പെടുന്ന റിയലിസ്റ്റ് സാഹിത്യകാരെന്മാരെ പുലഭ്യം പറഞ്ഞിട്ടും കാര്യമില്ല. ‘ഇതെല്ലാം തെറ്റാണു്. ഇതെല്ലാം മാറണം എന്നു് ഒഴുക്കൻമട്ടിൽ പറയുന്നതുകൊണ്ടും നാം എവിടേയും എത്തുന്നില്ല. ഇതൊന്നും ശരിയല്ലെങ്കിൽ മറ്റെന്താണു് ശരിയെന്നാലോചിക്കണം. ആ പരിശ്രമത്തിനു സാമ്പത്തിക കാരണങ്ങൾ മാത്രം അന്വേഷിച്ചാൽ പോരാ. മനുഷ്യനു മാനസികമായി കൂടി ഒരു പരിവർത്തനം ആവശ്യമാണു്. ഇതു മതത്തിന്റെ മാനസാന്തരമല്ല. ജീവിതവീക്ഷണത്തിലുള്ള ഒരു സമൂലപരിവർത്തനമാണു്. പാരമ്പര്യഭാണ്ഡം തലയിൽനിന്നിറക്കിവച്ചിട്ടു ചിന്തിച്ചാൽ മാത്രമേ അതു കഴിയൂ. പുതിയ സന്മാർഗ്ഗമൂല്യമെന്തെന്നു ശ്രീ. രാമൻനായർ പറയുന്നില്ല. അതെന്തുതന്നെയായാലും, അവഗണിക്കാൻ കഴിയാത്ത ചില വാസ്തവങ്ങളെ ചൂണ്ടിക്കാണിച്ചിട്ടുണ്ടു്. ഒന്നാമതു്, ലൈംഗികത്വം മനുഷ്യജീവിയുടെ അടിസ്ഥാനസ്വഭാവമാണു്. രണ്ടാമതു്, ഈ വിഷയത്തെ സംബന്ധിച്ചു ശാശ്വതവും സാർവലൗകികവുമായ യാതൊരു തത്ത്വവും ഇന്നുവരെയുണ്ടായിട്ടില്ല. മൂന്നാമതു്, ഉണ്ടായേടത്തോളം ആചാരങ്ങളെല്ലാം (തത്ത്വങ്ങളല്ല) സമൂഹത്തിന്റെ പൊതുഗുണത്തിനുവേണ്ടി സൃഷ്ടിക്കപ്പെട്ടിട്ടുള്ളതാണു്. നാലാമതു്, അടിസ്ഥാനമായ സാമൂഹ്യ നിലവാരം മാറുന്നതോടുകൂടി അതിന്റെ മുകളിലുള്ള സദാചാരരീതികൾകൂടി മാറുകതന്നെ വേണം. ഇതെല്ലാം ഒരു തത്ത്വസംഹിതയിൽനിന്നു് അനുമാനിച്ചതല്ല. ചുറ്റും കണ്ട ജീവിതരംഗത്തിൽ പ്രതിഫലിച്ചു കണ്ടതു മാത്രമാണു്. ഈ ആധുനികകാലഘട്ടത്തിൽ അങ്ങിനെയുള്ള രംഗങ്ങൾ ഒട്ടുവളരെ കാണാനുണ്ടു്. സമൂലപരിവർത്തനത്തിന്റെ കാലമായതുകൊണ്ടാണതു്. ഈ പരിവർത്തനത്തിന്റെ രാഷ്ട്രീയ—സാമ്പത്തികവശങ്ങൾ പലരും കാണുന്നുണ്ടു്. പക്ഷേ, അതിന്റെ സാംസ്കാരികമായ വശം അധികമാരും കാണുന്നില്ല. ഇന്നുവരെ ശരിയെന്നുവെച്ചിരുന്ന പലതും തകരുകയാണു്. ഭൗതികവസ്തുക്കൾ മാത്രമല്ല, ആദ്ധ്യാത്മികഭാവങ്ങളും. ഇതു കണ്ണുതുറന്നു കാണുവാൻ ചങ്കുറപ്പില്ലാത്ത പുരോഗമനവാദികൾ കുറേനാൾ ചുറ്റിത്തിരിയും, പിന്നെ തലപൊക്കിനോക്കുമ്പോൾ മനസ്സിലാകും, പുരോഗതിയുടെ വണ്ടിതെറ്റിയെന്നു്.
ശ്രീ. വെട്ടൂർ ജീവിതത്തിന്റെ ഭൗതികരംഗത്തു വന്നുകൊണ്ടിരിയ്ക്കുന്ന മാറ്റത്തെ കാണുന്നില്ലെന്നോ ഗൗനിക്കുന്നില്ലെന്നോ ഇതുകൊണ്ടർത്ഥമാക്കേണ്ടതില്ല. “ബന്ധുഗൃഹത്തിൽ” എന്ന കഥ അതിനുമതിയായ തെളിവാണു്. തിരുവിതാംകൂറിലെ നായർ സമുദായത്തിന്റെ സാമ്പത്തികവും സാമൂഹ്യവുമായ തകർച്ച ചിത്രീകരിക്കുന്ന കഥകളിൽ ഇത്ര നല്ല ഒന്നു് ഇതുവരെ കണ്ടിട്ടില്ല. ദാരിദ്ര്യത്തെ നേരിട്ടു് വരച്ചുകാണിച്ചല്ല വെട്ടൂരിതു സാധിക്കുന്നതു്. ജീവശ്വാസമായി അവർ ഗണിക്കുന്ന അഭിമാനത്തെപ്പോലും അടക്കിനിറുത്തിക്കൊണ്ടാണു് അവർ പട്ടാളത്തിൽനിന്നു് പിരിഞ്ഞുവന്ന ബന്ധുവിനോടു് പണത്തിനു യാചിക്കുന്നതു്. വ്യസനകരമായ ആ രംഗങ്ങൾക്കു് വെളിച്ചം കൊടുത്തിട്ടാണു് അവരുടെ ദാരിദ്ര്യത്തെ നമുക്കു് മനസ്സിലാക്കിത്തരുന്നതു്. ഇതെല്ലാം വളരെ സൂക്ഷ്മമായ ഫലിതത്തോടുകൂടിയാണു് അദ്ദേഹം പറഞ്ഞൊപ്പിക്കുന്നതെന്നതിൽനിന്നു് ശ്രീ. വെട്ടൂരിന്റെ കഥാകഥനപാടവം കാണാം. ലഘ്വാക്ഷേപരീതിയിലാണു് അതിന്റെയടുത്ത കഥയും എഴുതിയിരിക്കുന്നതു്. സാമുദായികസംഘടനയുടെ ഗുണത്തിനെന്നു് പറഞ്ഞു പാവപ്പെട്ട നായരുടെ അവസാന ചില്ലികൾ മോഷ്ടിക്കുന്ന ഒരേർപ്പാടു് കുറെനാളായി തിരുവിതാംകൂറിൽ നടന്നുവരുന്നുണ്ടു്. അതാണു് ‘ഭക്തസംഘം’ എന്ന കഥയുടെ വിഷയം.
ശ്രീ. വെട്ടൂരിന്റെ കഥകളുടെ വിജയത്തിനു് രണ്ടു കാരണങ്ങൾ ഉണ്ടു്. അദ്ദേഹം ഒരു സാധാരണക്കാരനാണെന്നതാണതിലൊന്നു്. “ജനങ്ങളുടെ ഇടയിലേക്കിറങ്ങിച്ചെല്ലൂ” എന്നും മറ്റും വെട്ടൂരിനോടു് വിളിച്ചു കൂവേണ്ട. അദ്ദേഹം അവിടെയാണു് ജനിച്ചതു്. നില്ക്കുന്നതും അവിടെത്തന്നെ. അവിടെ നിന്നുകൊണ്ടു് കാണുന്നതെല്ലാം ജീവനുള്ളതായിരിക്കും. മറ്റൊരു കാരണം വെട്ടൂരിന്റെ സുന്ദരമായ ശൈലിയാണു്. അതിനു് തികഞ്ഞ രൂപഭദ്രതയുണ്ടു്.
വിലയിരുത്തൽ 1951.