ഈ ലേഖനം കമ്മ്യൂണിസ്റ്റുകാരെ ആക്ഷേപിക്കാനെഴുതുന്നതല്ല. പക്ഷേ, ആർക്കെങ്കിലും അങ്ങനെ ദുർവ്യാഖ്യാനം ചെയ്യണമെന്നുണ്ടെങ്കിൽ എനിക്കു വിരോധവുമില്ല. കീഴ്‌നടപടിയനുസരിച്ചുള്ള പുലഭ്യാദികളും സ്വാഗതം തന്നെ. യഥാർത്ഥത്തിൽ ഇവിടെ ഒരു ഉദ്ദേശ്യമേയുള്ളൂ: ഒരാദർശത്തിന്റെ നീതീകരണമായി ‘യാതന’ പൊക്കിപ്പിടിക്കുന്ന സമ്പ്രദായം ന്യായമല്ലെന്നു ചൂണ്ടിക്കാണിക്കുക മാത്രമാണതു്. കമ്മ്യൂണിസത്തിന്റെ തത്ത്വങ്ങളോടു്, അല്ലെങ്കിൽ പ്രവൃത്തികളോടു്, അതുമല്ലെങ്കിൽ സോവിയറ്റു റഷ്യയോടു്, എന്തെങ്കിലും, അഭിപ്രായഭിന്നതയുള്ളവരെ തോല്പിക്കാൻ പറ്റിയ ഒരു ഉപകരണമായിട്ടാണു് മേല്പറഞ്ഞവയ്ക്കുവേണ്ടി മരിച്ചവരുടെ ശവങ്ങൾ ഉപയോഗിക്കപ്പെടുന്നതു്. ഈ സമ്പ്രദായത്തിനു പല ഗുണങ്ങളുണ്ടു്. ഒന്നു്: മരിച്ചവർ നമ്മുടെ വാദഗതിക്കു് എതിരായി യാതൊന്നും പറയുകയില്ല. ആദ്യം ശവം കൈയിൽ കിട്ടുന്നവനു് അതിന്റെ മേൽവിലാസത്തിൽ എന്തും പറയാം. രണ്ടു്: ഒരു രക്തസാക്ഷിയുടെ പേരു പറഞ്ഞുകഴിഞ്ഞാൽ പിന്നെ അന്തരീക്ഷം ക്ഷുഭിതമായി. അവിടെപ്പിന്നെ യുക്തിക്കു സ്ഥാനമൊന്നുമില്ല. വികാരഭരിതമായ ആ സന്ദർഭത്തിൽ പോക്കറ്റടിക്കുകയോ, പോക്കറ്റിൽ പാമ്പിനെ ഇടുകയോ ചെയ്യാം. മര്യാദയെക്കരുതിയെങ്കിലും നാം മൗനം ദീക്ഷിച്ചേപറ്റൂ. മൂന്നു്: എന്തെങ്കിലും എതിരുപറഞ്ഞാൽ നാം ആ ശവത്തെ കുത്തുന്നതായി ചിത്രീകരിക്കപ്പെടാൻ എളുപ്പമാണു്.
ചരിത്രപ്രസിദ്ധമായ സകല ബഹുജനപ്രകടനങ്ങളിലും ശവങ്ങൾ അഭിനയിച്ച ഭാഗം അതിപ്രധാനമാണു്. ന്യായവാദംകൊണ്ടും വാചാലതകൊണ്ടും എത്രതന്നെ പരിശ്രമിച്ചാലും ഇളകാത്ത ഒരു ജനക്കൂട്ടം, ചോരയൊലിപ്പിച്ചുകൊണ്ടു പ്രവേശിക്കുന്ന ഒരു ശവത്തിന്റെ മുമ്പിൽ കൊടുമ്പിരിക്കൊള്ളും. ഷേക്സ്പിയറുടെ ‘ജൂലിയസ് സീസർ’ എന്ന നാടകത്തിനു് ആ പേരിട്ടതു് ശരിയായില്ലന്നൊരു വാദമുണ്ടു്. നേരത്തെതന്നെ അദ്ദേഹം മരിക്കുന്നതുകൊണ്ടാണിങ്ങനെ പറയുന്നതു്. പക്ഷേ, അവർ മറന്നുപോകുന്നു, കഥയുടെ ബാക്കിഭാഗം മുഴുവനും സീസറുടെ ശവമാണു ഭരിക്കുന്നതെന്നു്. ആന്റണിയുടെ പ്രസംഗം മുഴുവനും സീസറുടെ ശവത്തിന്മേൽനിന്നാണു്. സത്യംപറഞ്ഞാൽ ഇക്കാര്യത്തിൽ കമ്മ്യൂണിസ്റ്റുകാർ ശുണ്ഠിയെടുക്കേണ്ട കാര്യമില്ല. കമ്മ്യൂണിസത്തിന്റെ മാത്രമല്ല, മറ്റു മതങ്ങളുടേയും വില്പനച്ചരക്കു് ശവംതന്നെയാണു്. ക്രിസ്തുമതം ക്രിസ്തുവിന്റെയും പുണ്യവാളന്മാരുടേയും ശവങ്ങളിന്മേലാണു് പണിതിരിക്കുന്നതു്. ഓരോ പ്രത്യേക ക്രിസ്തീയവിഭാഗത്തിനും സ്വന്തമായി ഓരോ ശവക്കൂമ്പാരങ്ങളുണ്ടു്. അവരുടെ ത്യാഗത്തിന്റെ മഹിമയാണു് വിശ്വാസത്തിനു നിറംപിടിപ്പിക്കുന്നതു്. ജീവൻവരെ ഒരാളെക്കൊണ്ടു ത്യജിപ്പിക്കാൻ കഴിയുന്ന ഒരു തത്ത്വം സത്യമായിരിക്കണം എന്നാണു് വിശ്വാസം. ഇതിനുംപുറമേ ശവത്തിനു് എന്തോ ഒരു മാസ്മരശക്തിയുണ്ടെന്നു് ഒരു ധാരണയുണ്ടു്. ചിലപാലങ്ങളുടെ കാലുറയ്ക്കാൻ ആരെയെങ്കിലും ‘കുരുതി’ കഴിക്കേണ്ടതാണെന്നു് ഒരു വിശ്വാസം എത്രകാലമായി നടപ്പിലുള്ളതാണു്! ഈ സ്വഭാവത്തിനു മതപരമായ ഒരു കാതലുണ്ടു്. ബലികഴിക്കുന്നതിനെപ്പറ്റിയുള്ള വിശ്വാസമാണതു്. ഒരു ക്രൈസ്തവസഭയുടെ വിശ്വാസം നോക്കുക: ‘സൃഷ്ടിയുള്ള കാലമെല്ലാം ബലിയർപ്പണമുണ്ടായിരിക്കണം.’ ‘രക്തച്ചൊരിച്ചിൽ കൂടാതെ പാപമോചനമില്ല.’ ബലിമൃഗത്തിന്റെ ശവം ഈശ്വരനു നിവേദ്യമാണു്. അതു പുരോഹിതൻ ഭക്ഷിക്കുകയും വേണം. ഇതൊക്കെയാണു് ശവത്തിന്റെ അതുല്യസിദ്ധികൾ.
ഈ കച്ചവടത്തിൽ രണ്ടു പങ്കാളികളുണ്ടു്: ശവം വിൽക്കുന്നവനും, ശവവും. ഈ രണ്ടുകൂട്ടരുടേയും മാനസികാവസ്ഥകൾ പരിശോധിക്കേണ്ടതാണു്. ആദ്യത്തെ കൂട്ടർ സാധാരണക്കാരാണു്. അവർക്കു് അധികാരമോ, അങ്ങനെ എന്തെങ്കിലുമോ വേണം. അതിനുവേണ്ടി മറ്റാളുകളെ കരുക്കളായിട്ടുപയോഗിക്കുന്നു. സ്വയം അതിൽനിന്നും മാറിനിൽക്കുന്നതു് നയതന്ത്രപരമായ കാരണങ്ങൾകൊണ്ടാണു്. തല അപകടത്തിലാക്കിയെങ്കിലും സോവിയറ്റു ഭരണത്തെ തകർക്കണമെന്നു സോവിയറ്റിൽ ജീവിക്കുന്ന വിശ്വാസികൾക്കു് സോവിയറ്റിനു പുറത്തുജീവിക്കുന്ന മതാദ്ധ്യക്ഷൻ ഉത്തരവുകൊടുക്കുന്നു. മഹനീയമായ ഒരു ലക്ഷ്യത്തിനുവേണ്ടി മറ്റൊരുത്തൻ മരിക്കുന്നതു് നല്ലതാണല്ലോ. മുതലാളിത്തം തകർക്കാൻ വേണ്ടി വീരസ്വർഗ്ഗം പ്രാപിക്കണമെന്നു മോസ്കോയും ആഹ്വാനം നൽകുന്നു. ഈ രണ്ടു കൂട്ടർക്കും ഒരു നല്ല സംഖ്യ ശവം കിട്ടിയേ തീരൂ. ഇനി രണ്ടാമത്തെ കൂട്ടർ. ഈ വർഗ്ഗത്തിൽ വളരെ വലിയ ഒരു വിഭാഗം ആദർശശാലികളാണു്. കമ്മ്യൂണിസം നശിപ്പിക്കുക, മതത്തെ ഉന്മൂലനം ചെയ്യുക, സോഷ്യലിസം നടപ്പാക്കുക—അങ്ങനെ പല ആദർശങ്ങളും ജീവനേക്കാളേറെ വിലയുള്ളതാണു്. അതുകൊണ്ട് അതിനുവേണ്ടി മരിക്കാൻ തയ്യാറാകണം. ആവശ്യമോ അനാവശ്യമോ എന്നു തീരുമാനിക്കുന്നതു നേതാവാണു്. ഇക്കൂട്ടർക്കു് ഒരാദർശം കൈയിൽ കിട്ടിയാൽ പിന്നെ മറ്റൊന്നും വേണ്ട. ആ ആദർശത്തിന്റെ മറവിൽ നടത്തുന്ന സകല കൊള്ളയും അവർ വിഴുങ്ങിക്കൊള്ളും. ആവശ്യത്തിന്റെ പേരിൽ അന്ധതയെ നീതീകരിക്കയും ചെയ്യും. അങ്ങനെ മുദ്രാവാക്യത്തിനുവേണ്ടി കുരുതിക്കു തയ്യാറാകുന്നവരാണവർ. പക്ഷേ, ഇവരിൽ എല്ലാവരും ആദർശശാലികളാണെന്നോ, ത്യാഗത്തിനു സന്നദ്ധരാകുന്നതുകൊണ്ടുമാത്രം അവർ ആദർശശാലികളായിത്തീരുന്നെന്നോ ധരിക്കേണ്ടതില്ല. പട്ടാളത്തിൽ ചേരുന്നവനറിയാം, ചിലപ്പോൾ മരിക്കേണ്ടിവരുമെന്നു്. അവിടെ ശമ്പളത്തിൽ കവിഞ്ഞ ആദർശമൊന്നും കാണാനില്ല. ചാരപ്രവൃത്തി ചെയ്യുന്നവരുടെ ജീവിതം ആണു് ലോകത്തിലേറ്റവും അപകടകരമായതു്. എന്നിട്ടും, അതിനു് ആളുണ്ടാവുന്നുണ്ടു്. അതുകൊണ്ടു ശത്രുക്കളിൽ നിന്നുണ്ടാവുന്ന ഏതു മർദ്ദനവും സഹിക്കുവാനുള്ള കഴിവു കൊണ്ടുമാത്രം ഒരു തത്ത്വം നീതീകരിക്കപ്പെടുന്നില്ല. അവർ ജന്മനാവിശ്വാസികളാണു്. എന്നുവെച്ചാൽ മുറുകെ പിടിക്കാൻ ഒരു വിശ്വാസം വേണമെന്നല്ലാതെ എന്തു വിശ്വാസം വേണമെന്നു് അവർക്കു നിർബ്ബന്ധമില്ലെന്നർത്ഥം. സ്വയം ചിന്തിക്കാനുള്ള കഴിവുകുറവോ, മടിയോ ആണു് അവരുടെ അടിസ്ഥാനസ്വഭാവം. യുക്തിയിലുള്ള കുറവിനെ വിശ്വാസതീക്ഷ്ണതകൊണ്ടു നികത്താമെന്നാണവർ ഗണിക്കുന്നതു്. കമ്മ്യൂണിസത്തിനുവേണ്ടി എന്തു കഷ്ടതയും സഹിക്കുന്ന ഒരുവൻ കമ്മ്യൂണിസ്റ്റുനയം എത്ര മറിച്ചിൽ മറിഞ്ഞാലും അതിനെല്ലാം അനുസരിച്ചു വിശ്വാസം മാറ്റിക്കൊള്ളും. ക്രിസ്തുമതത്തിന്റേയും കഥയിതുതന്നെ. പരിണാമസിദ്ധാന്തത്തെ എതിർക്കുമ്പോഴും അംഗീകരിക്കുമ്പോഴും വിശ്വാസി വിശ്വാസിതന്നെ. എന്തിലാണു് വിശ്വസിക്കുന്നതെന്ന ചോദ്യം അപ്രസക്തമാണു്. ആദ്യം വിശ്വസിച്ചതിനു യാതൊരു യുക്തിയും വേണ്ടിയിരുന്നില്ലെങ്കിൽ മറ്റൊരെണ്ണം സ്വീകരിക്കാനും യുക്തി ആവശ്യമില്ലല്ലോ. ഇക്കൂട്ടർ അങ്ങനെ ഓരോ വിശ്വാസത്തിന്റെ അടിമകളായി കഴിയുകയേയുള്ളൂ. അവർ ജീവിച്ചാലും മരിച്ചാലും അവരുടെ ഉടമകൾക്കു പ്രയോജനപ്പെടും.
സ്വയം എന്തു് അപകടത്തേയും നേരിടുന്ന നേതാക്കന്മാർ എന്തുകൊണ്ടങ്ങനെ ചെയ്യുന്നുവെന്നൊരു ചോദ്യമുണ്ടു്. അവരുടെ ആദർശശാലിത്വമാകാം അവരെ പ്രചോദിപ്പിക്കുന്നതു്, കുറെയൊക്കെ വീരസാഹസികത്വവുമുണ്ടാവാം. പക്ഷേ, ഏറ്റവും പ്രധാനമായ കാരണം അധികാരപ്രമത്തതയാണു്. അപകടം നേരിടാതെ യാതൊരു പരാക്രമിയും ചരിത്രത്തിലുണ്ടായിട്ടില്ല. അലക്സാണ്ടർ, ജെങ്കിസ് ഖാൻ, നെപ്പോളിയൻ — അവരെല്ലാം സുഖം ത്യജിച്ചു് അപകടം വരിച്ചു. ആദർശങ്ങൾക്കു വേണ്ടിയാണെന്നു നാം സമ്മതിക്കണമെന്നില്ല, അവരുടെയൊക്കെ അധികാരഭ്രമം ആദർശമല്ലെങ്കിൽ, നെപ്പോളിയൻ പറഞ്ഞതു് സുഖിക്കാൻ അദ്ദേഹത്തിനു സമയമില്ലെന്നാണു്. നെപ്പോളിയൻ രക്തസാക്ഷിയല്ലതാനും.
ഈ പ്രശ്നത്തോടു ബന്ധപ്പെട്ടു്, ഇവയിലെല്ലാം പ്രധാനമായിട്ടൊരു കാര്യമുണ്ടു്. ശവം വളരെ അത്യാവശ്യമായതുകൊണ്ടു്, സാധാരണഗതിയിൽ ഒന്നുണ്ടായില്ലെങ്കിൽ ഒന്നുണ്ടാക്കുക എന്ന സമ്പ്രദായമാണതു്. ചില ദേവതകളുണ്ടു്. മനുഷ്യർക്കു ഏറ്റവും പ്രിയപ്പെട്ട വസ്തുക്കൾ ബലികഴിച്ചാൽ മാത്രം പ്രസാദിക്കുന്നവരായിട്ടു്. പുത്രി ഇഫിജനിയെ ബലികഴിക്കണമെന്നു് ആർത്തെമിസ് ദേവി ആവശ്യപ്പെട്ടു. യഹോവയാണെങ്കിൽ അബ്രഹാമിന്റെ ഏകപുത്രനായ ഇസഹാക്കിനെ കിട്ടണമെന്നു ശഠിച്ചു. ചില തത്ത്വസംഹിതകളുമിങ്ങനെയാണു്. ജീവിതം വൈരുദ്ധ്യാത്മകമാണു്. അതുകൊണ്ടു സംഘട്ടനങ്ങൾ കൂടിയേ കഴിയൂ. എപ്പോഴെങ്കിലും മനുഷ്യൻ മടിയനായി സംഘട്ടനങ്ങളിൽനിന്നു് ഒഴിഞ്ഞുനില്ക്കുകയാണെങ്കിൽ, നേതാവിന്റെ ചുമതലയാണു് കുറെ സംഘട്ടനങ്ങൾ ഉണ്ടാക്കുകയെന്നതു്. അതിനിടയിൽ രണ്ടുപേർ മരിച്ചാലും നഷ്ടമില്ല. ജീവനുള്ള ഒരു ഭടനെക്കാളേറെ വിലയുള്ളതാണു് ത്യാഗമനുഷ്ഠിച്ചു മരിച്ച ശവം. രണ്ടാമത്തേതിനെ പുണ്യവാനാക്കാം. കുറെ രക്തസാക്ഷികളുണ്ടെങ്കിൽ ഒരു തത്ത്വം സ്ഥിരീകൃതവുമായി. ഇനി മറ്റൊന്നുകൂടിയുണ്ടു്. രക്തസാക്ഷികളില്ലാത്ത തത്ത്വങ്ങളെല്ലാം കളവാണു്! പക്ഷേ, ഇതിലും വലിയ കഴമ്പൊന്നുമില്ല. സൂര്യൻ കിഴക്കാണുദിക്കുന്നതു്. പക്ഷേ, ഈ സത്യം സ്ഥാപിക്കാൻവേണ്ടി യാതൊരു മനുഷ്യനും പോലീസുകാരുടെ ഇടികൊണ്ടിട്ടില്ല. അതുകൊണ്ട് അതു കളവാണെന്നു വരുന്നില്ലല്ലോ. ഭക്ത ടാർസൻ എന്ന തമിഴ്ചിത്രം കാണാൻ തിക്കിക്കൂടിയ ജനങ്ങളിൽ മൂന്നുപേർ ഞെങ്ങി മരിക്കുകയും അഞ്ചുപേർ ബോധശൂന്യരാകയും ചെയ്തു എന്നിരിക്കട്ടെ. ആ തമിഴുചിത്രം നല്ലതാണെന്നു് അതുകൊണ്ടു തെളിയുന്നുവെന്നാരും പറയുകയില്ലല്ലോ. ചുരുക്കിപ്പറഞ്ഞാൽ കുറെ ആളുകൾ ഒരു കാര്യത്തിനുവേണ്ടി മരിക്കുന്നതുകൊണ്ടു മറ്റുള്ളവർ അതിനെ ആദരിക്കണമെന്നില്ല. അവർ തെറ്റിദ്ധാരണയുടെ ഇരകളാണെന്നുവരാം. വരാൻ പോകുന്ന ത്യാഗം അവർ അറിഞ്ഞിരുന്നില്ലെന്നുതന്നെയും വരാം. അവരുടെ ആത്മാർത്ഥതയെ ചോദ്യം ചെയ്യാതെ തന്നെ അവരുടെ വിശ്വാസത്തെ നിഷേധിക്കാം.
മാതൃഭൂമി വാരിക 19 ഒക്ടോബർ 1952.
ധിക്കാരിയുടെ കാതൽ 1955.