ശ്രീ. ജോസഫ് മുണ്ടശ്ശേരിയുടെ ‘പ്രൊഫസർ എന്ന കൊച്ചു നോവൽ രണ്ടാംപതിപ്പിലെത്തിയിരിക്കുന്നു. മലയാളസാഹിത്യത്തിനു് അഭിമാനിക്കാവുന്ന ഒരു വസ്തുതയാണതു്.
വിമർശകന്മാർക്കു് കലാസൃഷ്ടിചെയ്യാൻ വിഷമമാണെന്നാണു് വെച്ചിരിക്കുന്നതു്—മർമ്മം പഠിച്ചവനു് തല്ലാൻ നിവർത്തിയില്ലാത്തതുപോലെ. പക്ഷേ, ‘പ്രൊഫസർ’ എന്ന കൊച്ചുനോവൽ എഴുതിയപ്പോൾ ശ്രീ. ജോസഫ് മുണ്ടശ്ശേരിയുടെ കൈകൾക്കു് അങ്ങിനെയൊരു വിലങ്ങുണ്ടായിരുന്നതായി വായനക്കാർക്കനുഭവപ്പെടുന്നില്ല. എന്നല്ല, ‘പ്രൊഫസറി’ലെ കലയുടെ ലാളിത്യവും ഒഴുക്കും കണ്ടാൽ സാഹിത്യശാസ്ത്രത്തിന്റെ ഗന്ധം പോലുമില്ലാത്ത ഒരു സാധാരണക്കാരൻ എഴുതിയതാണാ കഥയെന്നു് തോന്നിപ്പോകും. ഈ നോവലിൽ പ്രധാനമായി രണ്ടു പാത്രങ്ങളേ ഉള്ളൂ. ഒരു പ്രിൻസിപ്പാളും ഒരു പ്രൊഫസറും. കഥാവസ്തു പ്രൊഫസറുടെ മരണമാണു്. ആ മരണം എത്ര ഹൃദയസ്പർശിയായി ചിത്രീകരിച്ചിട്ടുണ്ടെന്നു് വിവരിക്കുക സാദ്ധ്യമല്ല. അദ്ദേഹത്തിന്റെ മരണം അപ്രതീക്ഷിത സംഭവമല്ല. എന്നാണയാൾ മരിച്ചതെന്നു് തിട്ടമായി പറയുക സാദ്ധ്യമല്ല. ആവശ്യത്തിനു് തികയാത്ത ശമ്പളവും അർദ്ധപട്ടിണിയുമായി കഴിയുന്ന ലോപ്പസിന്റെ മരണത്തീയതി, ജനനമരണ രജിസ്ട്രാർക്കു് മാത്രം താല്പര്യമുണ്ടാകേണ്ട ഒരു കാര്യമാണു്. യഥാർത്ഥത്തിൽ ലോപ്പസ് മരിച്ചിട്ടില്ല. ജീവിക്കാത്ത മനുഷ്യൻ മരിക്കുക സാദ്ധ്യമല്ല. അയാൾ എങ്ങിനെയോ ജനിച്ചുവെന്നതു് സത്യമാണു്. പക്ഷേ, ഉദ്യോഗജീവിതത്തിൽ മനസ്സിന്റെയും ശരീരത്തിന്റെയും ഭാഗങ്ങൾ അല്പാല്പമായി അനന്തതയിലേക്കു് അലിഞ്ഞുചേർന്നു് അവസാനം അപ്രത്യക്ഷനായ ആ സാധു എന്നു മരിച്ചുവെന്നെങ്ങനെ പറയും. ‘പ്രൊഫസർ’ ഒരു നീണ്ട മരണത്തിന്റെ കഥയാണു്—പത്തിരുപതു വർഷക്കാലം നീണ്ട ഒരു മരണം.
ദയനീയമായ ഈ പര്യവസാനത്തിനു് ആ പ്രിൻസിപ്പാൾ ഉത്തരവാദിയാണെന്നു ധരിക്കേണ്ട. ആ മനുഷ്യൻ നാടകഭാഷയിൽ ഒരു വില്ലനല്ല. ലോപ്പസിന്റെ ആവർത്തിച്ചാവർത്തിച്ചുള്ള അപേക്ഷകളെ അദ്ദേഹം അവഗണിക്കുന്നു. ലോപ്പസിന്റെ ആറേഴു കുട്ടികളുടെ വിശപ്പിനേക്കാൾ മഹത്തായി ആ മനുഷ്യൻ കാണുന്നതു് ‘പ്ലേ ഗ്രൗണ്ടാണു് ’. അതൊക്കെ ശരിതന്നെ. എങ്കിലും, അയാൾ മൃഗമല്ല. ചില മനുഷ്യർ അവരറിയാതെ തന്നെ അങ്ങിനെയായി പോകുന്നുവെന്നു മാത്രം. ഗൃഹസ്ഥാശ്രമത്തിന്റെ ഭാരങ്ങൾ അറിയാതെ, എന്തെങ്കിലും ഒരു സ്ഥാപനത്തിനുവേണ്ടി ദീർഘകാലം ആത്മാർത്ഥമായി ജോലിചെയ്യുന്ന പല മനുഷ്യരും കാലക്രമത്തിൽ അങ്ങിനെ ഹൃദയശൂന്യരായ യന്ത്രങ്ങളായിത്തീരാറുണ്ടു്. അവർക്കു ആദർശമുണ്ടായിരിക്കും. പക്ഷേ, അവ ജീവനില്ലാത്ത കെട്ടിടങ്ങളായിരിക്കുമെന്നു മാത്രം. അവർക്കു് മതമുണ്ടു്. കച്ചവടക്കാരന്റെ മതം. ഒന്നു മാത്രമേ അവർക്കില്ലാതുള്ളു. മനുഷ്യത്വം. സ്വന്തമായ ഒരിക്കലും വിശപ്പറിഞ്ഞിട്ടില്ലാത്ത ഇവർക്കു് മറ്റുള്ളവർക്കു് വിശക്കുന്നു എന്നു കേൾക്കുന്നതു് ഒരു വിരോധാഭാസമായിട്ടേ തോന്നുകയുള്ളൂ. പ്രിൻസിപ്പാളിനു് ലോപ്പസിന്റെമേൽ യാതൊരു കാരുണ്യവും തോന്നുന്നില്ല. ഈ സമയമെല്ലാം ലോപ്പസിന്റെ കുടുംബത്തിലെ ജനസംഖ്യ വർദ്ധിച്ചുകൊണ്ടിരിക്കുകയാണു്. ‘ആകാശത്തിലെ പറവകളെപ്പോലെ വർദ്ധിച്ചു പെരുകുവിൻ’ എന്ന വേദവാക്യം അവിടെ നടപ്പിലായിക്കൊണ്ടിരിയ്ക്കുകയാണു്. അഞ്ചാറുകുട്ടികളുടെ ആവിർഭാവവും ദാരിദ്ര്യത്തിനിടയ്ക്കു് തുടങ്ങിവെച്ച സമ്പാദ്യപദ്ധതിയും പരസ്പരം ഉരസി രണ്ടും നശിച്ചു. അവസാനം ലോപ്പസ് വിമുക്തനായി. ആ ദുസ്സഹമായ ജീവിതത്തിനു് ആശ്വാസകരമായ ഒരു മോചനമാണു് ആ മരണം.
ഇത്രയും കഥ ഗ്രന്ഥകാരൻ പറഞ്ഞൊപ്പിച്ചിരിക്കുന്നതു് വെറും നൂറു് പേജ് കൊണ്ടാണു്. ഇത്രയധികം ഏകാഗ്രതയുള്ള കഥകൾ മലയാളത്തിൽ കുറവാണു്. കഥാരംഭത്തിൽത്തന്നെ അവതരിപ്പിക്കപ്പെടുന്ന ലോപ്പസിന്റെ ജീവിതഭാരം ഓരോനിമിഷവും വർദ്ധിച്ചുവരികയാണു്. ലോപ്പസും മറിയാമ്മയുമായുള്ള സംഭാഷണങ്ങളിലെല്ലാം അവരുടെ ജീവിതഭാരം തെളിഞ്ഞുകാണാം. പ്രേമരംഗങ്ങളിൽപോലും അതു് ഒരു കരിനിഴൽ പോലെ അവരുടെ തലയ്ക്കു് മീതെ തൂങ്ങിനില്ക്കുന്നുണ്ടു്. അതു് ആ ദമ്പതികൾ കണ്ടില്ലെങ്കിലെന്തു്? വായനക്കാരൻ അനന്തര സംഭവങ്ങളുമായി മുൻപരിചയം സിദ്ധിച്ചുകഴിഞ്ഞിട്ടുണ്ടല്ലോ. ലോപ്പസും സ്നേഹിതന്മാരും തമ്മിലുള്ള സംസാരം ഈ കഥതന്നെയാണാവർത്തിക്കുന്നതു്. ഒരു സ്നേഹിതനെ സ്വന്തം വീട്ടിലേയ്ക്കു് ക്ഷണിക്കാൻ കഴിവില്ലാത്ത ഉദ്യോഗത്തിനും ‘പ്രൊഫസർ’ എന്ന പ്രൗഢി നേടിയ പേർ തന്നെ കൊടുക്കണം! ലോപ്പസിന്റെ മകൾ സുന്ദരസ്വപ്നങ്ങൾ കാണുമ്പോഴും വായനക്കാരൻ ചിന്തിക്കുന്നതു് ആ കുടുംബത്തിലെ ദാരിദ്ര്യത്തെപ്പറ്റിയാണു്. പ്രേമത്തിലും ഫലിതത്തിലും എന്നുവേണ്ട പറയുന്നതിലെല്ലാം വേദനയുടെ അന്തരീക്ഷം സൃഷ്ടിക്കുന്ന ഈ നോവൽ കലാപരമായി ഒരു വിജയം തന്നെയാണു്. പ്രമേയാവതരണവും പാത്രസൃഷ്ടിയും ഉപസംഹാരവുമെല്ലാം വളരെ നിഷ്ക്കർഷിച്ചുതന്നെയാണു ചെയ്തിരിക്കുന്നതു്. ശാസ്ത്രീയനിയമങ്ങൾ പരിപാലിച്ചതു് അത്രയധികം കൃത്യമായിട്ടായതുകൊണ്ടു ഗ്രന്ഥകാരനു് അത്തരം നിയമങ്ങളെപ്പറ്റി ഒന്നുമറിഞ്ഞുകൂടെന്നു തോന്നിപ്പോകും. വർണ്ണനയുടെ കാര്യത്തിലും ശ്രീ. മുണ്ടശ്ശേരി വിജയിച്ചിട്ടുണ്ടു്. ലോപ്പസിന്റെ ശവസംസ്കാരയാത്ര വികാരംകൊണ്ടു് തുടിക്കുകയാണു്. വെറും അക്ഷരങ്ങൾകൊണ്ടു പുസ്തകത്തിൽ ഉണ്ടാക്കിയിരിക്കുന്ന ആ നിശ്ശബ്ദത ഏതുവായനക്കാരനെയും സ്വാധീനപ്പെടുത്തും.
രണ്ടുകാര്യങ്ങൾ ‘പ്രൊഫസറിൽ’ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ടു്. ഒന്നു് ആ ചിത്രപ്രശ്നഭ്രാന്തു്. മൂഢന്മാരെ കബളിപ്പിക്കുവാൻ ഇന്നു അധികം പറ്റിയ മറ്റൊരു വഞ്ചന ആരും കണ്ടുപിടിച്ചിട്ടില്ല. ചൂണ്ടപോലെ നീട്ടിക്കാണിക്കുന്ന പതിനേഴായിരത്തിന്റെ പുറകേപോയി നശിച്ച മനുഷ്യരുടെ എണ്ണം കുറച്ചൊന്നുമല്ല. ഇത്തരം ഏർപ്പാടുകൾ കൂടുതലായി വശീകരിക്കുന്നതു പരാജിതരെയാണു്. അവർ പ്രശ്നംവെപ്പിക്കും. ഭാഗ്യക്കുറി ചേരും: ചിത്രപ്രശ്നത്തിനു പണവുമയയ്ക്കും. ഈ നോവലിൽ കാണുന്നതുപോലെ “MAD” എന്ന ഉത്തരം ചിത്രപ്രശ്നക്കാർക്കു് പറ്റിയതാണു്. രണ്ടാമതൊന്നുള്ളതു് ‘പ്രൊഫസറി’ലെ ഭാഷയാണു്. പലയിടങ്ങളിലും ഇംഗ്ലീഷ് വാചകങ്ങളും, ഇംഗ്ലീഷ് പദങ്ങൾ മലയാളത്തിലും കാണാം. അവയൊന്നുംതന്നെ പരിഭാഷപ്പെടുത്താൻ കഴിയാത്തവയാണു്. കോളേജുജീവിതത്തിൽ ഉപയോഗിക്കുന്ന മണിപ്രവാളഭാഷ അതേപടി പ്രയോഗിച്ചില്ലെങ്കിൽ അവയുടെ സ്വാരസ്യം ലഭിയ്ക്കുകയില്ല. ഒരു ഭാഷാദ്ധ്യാപകൻ അങ്ങിനെ ചെയ്യുമ്പോൾ അതു് കഴിവുകേടുകൊണ്ടാണെന്നാരും ആക്ഷേപിക്കുകയുമില്ല. എഴുതുന്നതിന്റെ അർത്ഥത്തിനു് പ്രാധാന്യം കൽപിക്കുന്നിടത്തോളം കാലം ഈ മണിപ്രവാളഭാഷയ്ക്കു് മലയാളസാഹിത്യത്തിൽ പ്രാധാന്യമുണ്ടായിരിക്കും. ഈ പുസ്തകത്തിലെ അന്തരീക്ഷം സൃഷ്ടിക്കുന്നതിൽ ആ ഭാഷാരീതിക്കും അനല്പമായ പങ്കുണ്ടു്.
പ്രൊഫസർ ഒരു ചെറിയ വിഭാഗം മനുഷ്യരുടെ ജീവിതത്തെ മാത്രം പരാമർശിക്കുന്നുള്ളുവെന്നതു് ഒരു കുറ്റമല്ല. കോളേജിലെ അദ്ധ്യാപകന്റെ സ്ഥിതിയിതാണെങ്കിൽ അതിനു് താഴോട്ടുള്ളവരുടെ സ്ഥിതിയെന്താണെന്നു് ഊഹിക്കുകയാണല്ലോ ഭേദം. ഇവരെയെല്ലാം ശാന്തരായ അടിമകളായിവെച്ചുകൊണ്ടിരിക്കാനുള്ള മുദ്രാവാക്യമാണു് അദ്ധ്യയനവൃത്തി പരിപാവനമായ സേവനമാണെന്നതു്. പക്ഷേ, ശ്രീ. മുണ്ടശ്ശേരിക്കു് ഈ സേവനത്തിന്റെ പരിപാവനത്വത്തേക്കാളധികം ഉള്ളിൽ തട്ടിയതു് മറ്റെന്തോ ആണു്. സ്വന്തം ജീവിതാനുഭവങ്ങൾ അദ്ദേഹത്തെ ആ ചിന്താഗതിയിലെത്തിച്ചു. അളവറ്റ ദാരിദ്ര്യത്തെ കോക്രികാട്ടിക്കൊണ്ടു്, അതിനെ മറയ്ക്കുവാൻവേണ്ടി മുമ്പിൽ കുത്തിയിരിക്കുന്ന മാന്യമായ പരസ്യപ്പലകയാണു് ‘പ്രൊഫസർ’ എന്ന സ്ഥാനപ്പേരു്. ഉഗ്രപരിഹാസം ഉൾക്കൊള്ളുന്ന ആ നാമകരണംകൊണ്ടുതന്നെ ഈ നോവലിന്റെ നിറം വെളിവാകുന്നുണ്ടു്.
വിലയിരുത്തൽ 1951.