
ടെയ്പിങ് വിപ്ലവം ചൈനയിലെ മുതലാളിത്ത (ബൂർഷ്വാ ഡെമോക്രാറ്റിക്) വിപ്ലവത്തിന്റെ ഒന്നാമങ്കമാണു്. ചൈനയിലെ മുതലാളിത്തവിപ്ലവം ഏതാണ്ടു് നാനൂറുവർഷങ്ങൾ കൊണ്ടാണു് പര്യവസാനിച്ചതു്. അക്കാലമെല്ലാം മുതലാളിത്തവും ഫ്യൂഡലിസവും ഒന്നു വളർന്നും മറ്റതു നശിച്ചുംകൊണ്ടു നിലനിൽക്കുകയായിരുന്നു. പാശ്ചാത്യരാജ്യങ്ങളെ അപേക്ഷിച്ചു് മുതലാളിത്തവിപ്ലവം ചൈനയിലാരംഭിക്കുവാൻ വളരെ കാലതാമസം വേണ്ടിവന്നു. ഫ്യൂഡലിസംതന്നെ വേണ്ടിടത്തോളം വളർന്നുകഴിഞ്ഞിട്ടില്ലായിരുന്നു എന്നുള്ളതും ഭൂമിശാസ്ത്രപരമായ സാഹചര്യങ്ങൾ മുതലാളിത്തത്തിനു് പ്രതികൂലമായിരുന്നതും ആണു് അതിനുള്ള കാരണങ്ങൾ. മുതലാളിത്തത്തിന്റെ പ്രവേശനമുണ്ടായിട്ടുതന്നെ ഫ്യൂഡൽ നാടുവാഴി വർഗ്ഗത്തിന്റെയും വിദേശസാമ്രാജ്യത്തിന്റെയും ഏകോപിച്ചുള്ള പരിശ്രമംകൊണ്ടു് അതിന്റെ പുരോഗതി തടയപ്പെട്ടു.

കർഷകലഹളയും മുതലാളിത്തശിശുവിന്റെ വളരാനുള്ള പരിശ്രമങ്ങളുമാണു് ബൂർഷ്വാ ഡെമോക്രാറ്റിക് വിപ്ലവത്തിന്റെ പ്രധാനഘടകങ്ങൾ. ഇവ രണ്ടും ഫ്യൂഡൽ നാടുവാഴികളെ അധികാരത്തിൽനിന്നു പുറംതള്ളുന്നതിനും, മുതലാളിത്തരീതിയിലുള്ള ഉല്പാദനത്തെ ത്വരിതപ്പെടുത്തുന്നതിനുള്ള സ്വാതന്ത്ര്യം സമ്പാദിക്കുന്നതിനും സഹായിക്കുന്നു. ടെയ്പിങ് വിപ്ലവത്തിൽ കർഷക മുന്നേറ്റമാണു് പ്രധാന പങ്കുവഹിച്ചതു്. ഒരു ദൈവികച്ഛായയുള്ള രാജാധികാരത്തെ സ്ഥാപിക്കണമെന്നു് അവർ വാദിച്ചതുകൊണ്ടു് അതൊരു ജനാധിപത്യ വിപ്ലവമല്ലാതായി തീരുന്നില്ല. പരിമിത അധികാരങ്ങളോടുകൂടിയ ഒരു രാജാവു് ജനാധിപത്യവിപ്ലവത്തിനു് നിഷിദ്ധമല്ല.

പ്രത്യേകിച്ചും തൊഴിലാളിവർഗ്ഗം വളർന്നിട്ടില്ലാത്ത ഒരു രാജ്യത്തു് കൃഷിക്കാരുടെ നേതൃത്വത്തിൽ നടക്കുന്ന ഒരു വിപ്ലവത്തിൽ രാജാവു് സ്വകാര്യസ്വത്തിന്റെ സിംബലാണു്. മുതലാളിത്തം സ്വത്തുടമയുടെ സമ്പ്രദായം മാറ്റിത്തീർക്കുന്നുണ്ടെങ്കിലും അതിനെ ചോദ്യം ചെയ്യുന്നില്ല. ടെയ്പിങ് വിപ്ലവമാകട്ടെ ഒരു ദേശീയവിമോചനസമരവും കൂടിയായിരുന്നു.

ടെയ്പിങ് വിപ്ലവത്തിന്റെ പ്രധാനസ്വഭാവങ്ങൾ മതതീക്ഷ്ണത, പൗരാണികകമ്മ്യുണിസത്തിലേക്കുള്ള ചായ്വു്. ജന്മിത്വത്തോടുള്ള ശത്രുത, മഞ്ചുരാജവംശ ത്തെപ്പറ്റിയുള്ള വെറുപ്പു്, വിദേശത്തോടുള്ള മമത, വാണിജ്യവ്യവസായപ്രോത്സാഹനം, പൊതുവെ ഉല്പതിഷ്ണു മനോഭാവം എന്നിവയായിരുന്നു. അവരുടെ പരിപാടി സമരമായിരുന്നുവെങ്കിലും ലക്ഷ്യം സമാധാനമായിരുന്നു. അവർ പിടിച്ചടക്കിയ രാജ്യത്തിനു് അവർ നൽകിയ പേർ ശാന്തിയുടെ സ്വർഗ്ഗീയസാമ്രാജ്യം എന്നായിരുന്നു. ശത്രുക്കളോടു് അവർ യാതൊരു കരുണയും കാണിച്ചില്ലെങ്കിലും വിജയത്തിനു ശേഷം അവർ നല്ലഭരണം ഏർപ്പെടുത്തി. ഏതാണ്ടു് ക്രിസ്തുമതത്തിന്റെ രീതിയിൽ ഒരു സഹോദരത്വം അവർ പ്രകടിപ്പിച്ചു. അവർ ഭൂമിയിൽ പൊതുവുടമ സ്ഥാപിച്ചു. കുടിൽവ്യവസായത്തിന്റെ ഉല്പന്നങ്ങൾ ഭരണകൂടംതന്നെയാണു് വിതരണം ചെയ്തതു്. ഉല്പാദനവിതരണങ്ങളുടെ പൊതുതത്ത്വം എല്ലാവർക്കും ന്യായമായ പങ്കു് ലഭിക്കുക എന്നതായിരുന്നു. ജനകീയവിദ്യാലയങ്ങൾ സ്ഥാപിച്ചു് അവർ വിദ്യാഭ്യാസം പ്രചരിപ്പിച്ചു. കറുപ്പുവലി ശിക്ഷായോഗ്യമാക്കിത്തീർത്തു. അടിമത്തം ബഹിഷ്കരിച്ചു. വേശ്യാവൃത്തിയെ നിരോധിക്കുകയും ചെയ്തു മതപരമായി ടെയ്പിങ് പ്രസ്ഥാനം വിഗ്രഹാരാധനയ്ക്കെതിരായിരുന്നു. രാഷ്ട്രീയമായി അതു മഞ്ചുരാജവംശത്തിന്റെ ശത്രുവായിരുന്നു. അതിന്റെ സാമൂഹ്യവശം കമ്മ്യൂണിസ്റ്റുമായിരുന്നു.

ക്വാൻടങ് സംസ്ഥാനത്തു് ഒരു കർഷകകുടുംബത്തിൽ ഒരദ്ധ്യാപകന്റെ മകനായിട്ടാണു് ഹംഗ്സിയുൻസാങ്ങ് ജനിച്ചതു്. സർക്കാർസേവനത്തിന്റെ പരിശീലനത്തിനുവേണ്ടി അയാൾ കാൻടൺ പട്ടണത്തിലേക്കയക്കപ്പെട്ടു. പബ്ലിക് സർവ്വീസ് പരീക്ഷയിലുള്ള പരാജയവും ക്രിസ്ത്യൻ മിഷണറിമാരുമായിട്ടുള്ള പരിചയവും അയാളുടെ ചിന്താഗതിയെ സാരമായി സ്വാധീനപ്പെടുത്തി. പരാജയത്തിൽ കലികൊണ്ടു പ്രഭുവർഗ്ഗത്തോടു് പടവെട്ടുവാൻ തീരുമാനിച്ച അയാൾക്കു് ക്രിസ്തുമതം ഒരു നവദർശനം നൽകി. കൊടുമ്പിരിക്കൊണ്ട വികാരങ്ങളുടെ ഫലമായി ഹംഗ് രോഗിയായിത്തിർന്നു. ജ്വരബാധിതനായപ്പോൾ അയാൾക്കുണ്ടായ വെളിപാടുകളാണു് ടെയ്പിങ് പ്രസ്ഥാനത്തിന്റെ വിശ്വാസപ്രമാണം. ഒരു വൃദ്ധൻ പ്രത്യക്ഷപ്പെട്ടു ജനമർദ്ദകരെ വധിക്കാനുള്ള ഒരു ഖഡ്ഗം സമ്മാനിച്ചതായി അയാൾ സ്വപ്നം കണ്ടു. പക്ഷേ, ഹംഗ് ടെയ്പിങ് പ്രസ്ഥാനത്തിന്റെ സ്രഷ്ടാവായിരുന്നില്ല. അക്കാലത്തു നാടുനീളെ, നീറിപ്പിടിച്ചുകൊണ്ടിരുന്ന കാർഷിക അസംതൃപ്തിയുടെ പ്രചാരകനും സംഘാടകനും ആയിത്തീർന്നുവെന്നതാണു് ഹംഗിന്റെ മഹത്വം. തന്റെ പ്രസ്ഥാനത്തിനു് അനുഭാവികളെ കിട്ടുവാൻ അയാൾക്കു് ക്വാൻങ്ങ്സിവരെ യാത്രചെയ്യേണ്ടിവന്നു. ക്വാൻടംഗ്, ക്വാൻങ്ങ്സി, ഹുണാൻ എന്നീ സംസ്ഥാനങ്ങൾ യോജിക്കുന്ന ഒരു മലമ്പ്രദേശമുണ്ടു് അവിടെ ഏറ്റവും ദരിദ്രരായ ഒരു വർഗ്ഗം ജനങ്ങളും. ആ സ്ഥലത്തു് രണ്ടാമതു് വന്നെത്തിയ ഇക്കൂട്ടരെ വരത്തർ എന്നാണു് വിളിച്ചു വന്നിരുന്നതു്. അവർ കർഷകത്തൊഴിലാളികളായും കൈത്തൊഴിൽക്കാരായും കഴിഞ്ഞു. മോഷണവും പിടിച്ചുപറിയും അവരുടെ പതിവായിരുന്നു. ചിലപ്പോൾ അവർ കടൽക്കള്ളന്മാരാവുകയും ചെയ്യാറുണ്ടായിരുന്നു. ഈ വർഗ്ഗത്തിൽനിന്നാണു് ഹംഗ് ഒരു ചെറിയ സംഘത്തെ ഉണ്ടാക്കിയതു്. 1850-ൽ അവർ ലിയൂച്ചു എന്ന ചെറിയ പട്ടണം പിടിച്ചു. ഹംഗ് ശാന്തിസാമ്രാജ്യത്തിന്റെ ആദ്ധ്യാത്മികവും ഭൗതികവുമായ തലവനായി അവരോധിക്കപ്പെട്ടു. പ്രഭുവർഗ്ഗം ഹംഗിനു് കൂലിവാംങ്ങ് (തൊഴിലാളിരാജാവു്) എന്ന സ്ഥാനപ്പേരു കൽപിച്ചു നൽകുകയും ചെയ്തു. ലഹളക്കാരുടെ ആദ്യത്തെ കർമ്മം ഭൂമി ഉടമയുടെ രേഖകൾ സൂക്ഷിച്ചിരുന്ന ക്ഷേത്രങ്ങളെല്ലാം ചുട്ടുനശിപ്പിക്കുക എന്നതായിരുന്നു. അവരുടെ ആദർശങ്ങളെ ക്രോഡീകരിച്ചുകൊണ്ടു് ഒരു ഗാനം എഴുതി. അതിൽ ചൈനയിലെ മർദ്ദിതജനതയുടെ ശബ്ദം ഉയർന്നുകേൾക്കുന്നുണ്ടു്. ദേശീയത്വവും കഴിഞ്ഞുപോയ സുവർണ്ണയുഗത്തിലേക്കുള്ള ഒരെത്തിനോട്ടവും അതിൽ കാണുവാനുണ്ടു്. മർദ്ദിതജനത കൊള്ളക്കാരല്ലെന്നും ഈശ്വരേച്ഛയുടെ കർമ്മയോഗികളാണെന്നും അതിൽ അവകാശപ്പെടുന്നു. കാർഷികലഹളയുടെ ഈ സമരഗാനം ചൈനയിലെ ബൂർഷ്വാ ഡെമോക്രാറ്റിക് വിപ്ലവത്തിന്റെ പ്രഭാതഭേരിയാണു്.

പ്രസ്ഥാനം കാട്ടുതീപോലെ പടർന്നുപിടിച്ചു. മൂന്നുവർഷത്തിനകം ക്വാൻങ്ങ്സി കൂടാതെ ഹുണാൻ, ഹുപ്പൈ, ആങ്ങ്വി എന്നീ സംസ്ഥാനങ്ങളും അവർ കൈവശപ്പെടുത്തി. ച്യാങ്ങ്ഷാ, വുവാംഗ്, ഹനിയാങ്ങ് മുതലായ പ്രധാനക്രേന്ദ്രങ്ങളും അവർ പിടിച്ചു. സൈന്യം പതിനായിരത്തിൽ നിന്നു് ഒരു ലക്ഷമായി. 1853-ൽ അവർ നാങ്കിംഗ് പിടിച്ചു. അവിടെനിന്നു് പെക്കിംഗ് പിടിക്കുവാൻ പുറപ്പെട്ട സൈന്യം ആറുമാസത്തിനകം റ്റീൻസിനിലെത്തി. അതിനങ്ങോട്ടുള്ള സ്ഥലം പിടിക്കുക ദുഷ്ക്കരമായിരുന്നു. എങ്കിലും, നാംഗിങ്ങിൽ തലസ്ഥാനമായി സ്ഥാപിക്കപ്പെട്ട ശാന്തി സാമ്രാജ്യം ഒമ്പതുസംസ്ഥാനങ്ങളെയും 20 കോടി ജനങ്ങളെയും ഭരിച്ചു. ആ ഭരണകൂടത്തിന്റെ സ്വഭാവം നിർണ്ണയിക്കുവാൻ അവരുടെ നിയമങ്ങളിൽ ഒന്നുമാത്രം മതിയാവും. വയലുകളുള്ളവർ അവയെ യോജിച്ചു കൃഷിചെയ്യട്ടെ; നെല്ലുകിട്ടുമ്പോൾ അവർ യോജിച്ചു ഭക്ഷിക്കട്ടെ; വസ്ത്രത്തിന്റെയും പണത്തിന്റെയും കാര്യവും അങ്ങനെതന്നെ; എല്ലാവനും സമമായി ലഭിക്കുവാനും ഓരോരുത്തനും ഒരുപോലെ ഉണ്ണാനും ഉടുക്കാനുംവേണ്ടി എല്ലാം പൊതുവായി ഉപയോഗിക്കട്ടെ.

വിപ്ലവത്തിന്റെ വിജയത്തോടുകൂടി പുതിയ ചുമതലകൾ വന്നുകൂടി. ഫ്യൂഡൽഘടനയെ തകർത്തു് അതിന്റെ സ്ഥാനത്തു് ഒരു പുതിയ സാമൂഹ്യഘടന പടുത്തുയർത്താൻ അവർ പരിശ്രമിച്ചു. പക്ഷേ, ഈ പരിശ്രമത്തിൽ പൊതുവുടമയെന്ന ആശയം പുറം തള്ളപ്പെട്ടു. അതിനു് ചൈനയ്ക്കു കാലമായിട്ടുണ്ടായിരുന്നില്ല. നേരേമറിച്ചു കുറെക്കൂടി ഉയർന്ന രൂപത്തിലുള്ള ഒരു സ്വകാര്യ ഉടമയാണു് അവർ സ്ഥാപിച്ചതു്. മുതലാളിത്ത വിപ്ലവത്തിന്റെ എല്ലാ ലക്ഷണങ്ങളും ടെയ്പിങ് വിപ്ലവത്തിൽ കണ്ടുതുടങ്ങി. വ്യവസായവാണിജ്യ ജയങ്ങൾ ടെയ്പിങ് തലസ്ഥാനത്തിൽ അഭിവൃദ്ധിപ്പെട്ടു. ചായ, പട്ടു് എന്നിവയുടെ കയറ്റുമതി വർദ്ധിപ്പിച്ചു. ഭൂമിയുടെ ഉല്പാദനശക്തിയും വർദ്ധിച്ചു. ചുങ്കം നിർത്തൽ ചെയ്തു. യുദ്ധത്തിനുവേണ്ടി ഭാരിച്ച നികുതികൾ ചുമത്തേണ്ടിവന്നെങ്കിലും അതു് കഴിവുള്ളവരുടെമേൽ മാത്രമായിരുന്നു. പൊതുവേ പറഞ്ഞാൽ മുതലാളിത്തരീതിയിലുള്ള ഉല്പാദനത്തിനു് ഉദാരമായ പ്രോത്സാഹനമാണു് ലഭിച്ചതു്. യാതൊരുതരത്തിലുള്ള കൊള്ളയും അവരുടെ രാജ്യത്തുണ്ടായിരുന്നില്ല. അവർ പിടിച്ചടക്കുന്ന സ്ഥലങ്ങളിലെ ടാർട്ടാർ ഭടന്മാരെയും മഞ്ചുപ്രഭുക്കന്മാരെയും അവർ കൊന്നൊടുക്കി എന്നതു പരമാർത്ഥമാണു്. പക്ഷേ, പൊതുവെ ജനങ്ങൾക്കു വളരെ സുഖമായിരുന്നു. ചൈനയൊട്ടാകെ ഉള്ള ഒരാശ ഇതായിരുന്നു. “തെക്കുള്ള വിപ്ലവകാരികൾ ഇവിടെയും വന്നിരുന്നെങ്കിൽ.” വിദേശികളോടും അവർ മമത കാണിച്ചു. മഞ്ചുരാജവംശത്തെ സംരക്ഷിക്കുവാൻ യാതൊന്നും ചെയ്യരുതെന്നുമാത്രമേ അവർക്കു നിർബന്ധമുണ്ടായിരുന്നുള്ളു. ഈ നിബന്ധന എത്ര പ്രധാനമായിരുന്നു എന്നു് അനന്തരസംഭവങ്ങൾ തെളിയിച്ചു.

യൂറോപ്പിലെ മുതലാളിത്തരാഷ്ട്രങ്ങൾ ചൈനയിൽ മുതലാളിത്തം വളരുന്നതിനു് ഇഷ്ടപ്പെട്ടിരുന്നില്ല. അവർ മഞ്ചുരാജവംശത്തോടു ചേർന്നു് ടെയ്പിങ് പ്രസ്ഥാനത്തെ നശിപ്പിക്കുകയാണു് ചെയ്തതു്. 1856-ൽ ബ്രിട്ടീഷ് ഫ്രഞ്ചു നാവികസൈന്യങ്ങൾ ക്വാൻടംഗ് നഗരം വെടിവച്ചു തകർത്തു. അവരുടെ ലക്ഷ്യം അധഃപതിച്ച ഫ്യൂഡൽ അധികാരത്തെ താങ്ങിനിറുത്തി അവരിൽനിന്നും പ്രത്യേകാവകാശങ്ങൾ പിടിച്ചുപറിക്കുക എന്നതായിരുന്നു. ചൈനയിലെ സ്ഥിതിഗതികൾ പഠിക്കുവാൻ നിയമിക്കപ്പെട്ട സംഘങ്ങളുടെ റിപ്പോർട്ടിനെ വകവെയ്ക്കാതെതന്നെ അവർ ടെയ്പിങ് പ്രസ്ഥാനത്തിനെതിരായി യുദ്ധം ചെയ്തു. ആദ്യകാലങ്ങളിൽ മഞ്ചുരാജവംശത്തെ അവർ കോടാലിക്കയ്യാക്കി. പക്ഷേ, മഞ്ചുവിനു് നാംഗിങ്ങ് പിടിക്കുവാൻ കഴിഞ്ഞില്ല. എങ്കിലും, ചൈനയിലെ പിന്തിരിപ്പന്മാരും വിദേശശക്തികളും സംഘടിച്ചു് ടെയ്പിങ് വിപ്ലവത്തെ തകർത്തു.
ഡെമോക്രാറ്റ് 25 നവംബർ 1950.
അന്വേഷണങ്ങൾ 2004.