images/Cassim.jpg
The brother of Ali Baba: “Cassim”, a painting by Maxfield Parrish (1870–1966).
നാല്പത്തെട്ടിലെ വഞ്ചന ആവർത്തിക്കരുതു്
സി. ജെ. തോമസ്

സി. പി. രാമസ്വാമി അയ്യരുടെ വേദനാകരമായ വേർപാടിനുശേഷം സ്വാതന്ത്ര്യത്തിന്റെ പടിവാതുക്കൽ എത്തിനോക്കിക്കൊണ്ടിരുന്ന കേരളീയ ജനതയെ ശപ്പൻനമ്പൂതിരിപ്പാടു മുതൽ തോമാക്കത്തനാർ വരെയുള്ള മനുഷ്യദ്രോഹികളുടെ കയ്യിൽ ഏൽപ്പിച്ചുകൊടുത്ത ഒരു രാഷ്ട്രീയ സംഘടനയാണു് മലയാളം സംസാരിക്കുന്ന ഭാഗത്തുള്ള നമ്മുടെ കോൺഗ്രസ്സ്. അന്നത്തെ ആ വഞ്ചന തുറന്നു സമ്മതിക്കാനോ, നിവർന്നുനിന്നു തിരുത്താനോ കഴിയാതിരുന്നതിന്റെ ഫലമാണു് കമ്മ്യൂണിസമെന്ന രാഷ്ട്രീയ മഹാവ്യാധി നമ്മുടെ രാജ്യത്തെ ബാധിക്കാൻ ഇടയായതു്. അതൊരു വ്യാധിയാണെന്നു് നാട്ടുകാരിൽ ഒരു വിഭാഗം അനുഭവം കൊണ്ടു മനസ്സിലാക്കിക്കഴിഞ്ഞിട്ടുണ്ടു്. എന്നാൽ, ഒരു പൊതുതിരഞ്ഞടുപ്പിൽ ജയിക്കണമെന്നുണ്ടെങ്കിൽ 1948-ൽ കോൺഗ്രസ്സ് ശരീരത്തെ ബാധിച്ച വിഷം പരിപൂർണ്ണമായി കഴുകിക്കളഞ്ഞേ കഴിയൂ.

എന്താണു് 1948-ൽ സംഭവിച്ചതു്? തിരുവിതാംകൂർ ഭാഗത്തു നടന്ന തിരഞ്ഞെടുപ്പിൽ ഒരൊറ്റ സീറ്റൊഴിച്ചുള്ളതെല്ലാം കോൺഗ്രസ്സ് കൈവശപ്പെടുത്തി. പക്ഷേ, എങ്ങിനെ, എന്തിന്റെ അടിസ്ഥാനത്തിൽ എന്നതാണു് സംഗതമായ പ്രശ്നം. ആ ചോദ്യത്തിനു് ഉത്തരം കാണണമെങ്കിൽ തിരുവിതാംകൂർ സ്റ്റേറ്റുകോൺഗ്രസ്സിന്റെ അടിസ്ഥാനപരമായ ഒരു സ്വഭാവം മനസ്സിലാക്കിയിരിക്കണം. മൂന്നു സമുദായങ്ങൾ ചേർന്നുണ്ടാക്കിയ സംയുക്ത പ്രസ്ഥാനത്തിന്റെ തുടർച്ചയായിരുന്നു സ്റ്റേറ്റുകോൺഗ്രസ്സ് എന്നൊരു കണക്കിൽ പറയാം. ഭാഗികമായ സ്വാതന്ത്ര്യബോധത്തിന്റെ ഫലമായി മറ്റു വിഭാഗങ്ങളും കൂടിച്ചേർന്നു് സംയുക്തപ്രസ്ഥാനത്തെ മാറ്റി പകരം ഒരു ദേശീയസ്വാതന്ത്യസംഘടന രൂപീകരിക്കുകയാണുണ്ടായതു്. ആ സംഘടന സമരത്തിലേയ്ക്കിറങ്ങിത്തിരിച്ചപ്പോൾ എല്ലാത്തരം വർഗ്ഗീയവാദികളും അതിനെ എതിർക്കുകയും ദിവാൻ ഭരണത്തെ പിൻതാങ്ങുകയും ചെയ്തു. വർഗ്ഗീയതയുടെ ബലം അറിയണമെങ്കിൽ ഇന്നു് കേരളത്തിൽ കോൺഗ്രസ്സുകാരായിട്ടും, കമ്മ്യൂണിസ്റ്റുകാരായിട്ടും ചമയുന്ന അനേകം ആളുകൾ അന്നു് സി. പി. രാമസ്വാമി അയ്യരുടെ സുഹൃത്തുക്കളായിരുന്നു എന്നോർമ്മിച്ചാൽ മതി. വർഗ്ഗീയതയുടെ ഈ ശക്തി തുടരുകയും ചെയ്തു. ഭാരതത്തിലെ സ്വാതന്ത്ര്യപ്രസ്ഥാനത്തിന്റെ പൊതുവിജയത്തിന്റെ ഭാഗമെന്ന നിലയ്ക്കാണു് കേരളത്തിൽ രാജാധികാരവും വിദേശാധിപത്യവും അവസാനിച്ചതു്. നിർഭാഗ്യവശാൽ അങ്ങിനെ ലഭിച്ച ആ സുവർണ്ണാവസരം നാം പാഴാക്കുകയാണു് ചെയ്തതു്. അതെങ്ങിനെ സംഭവിച്ചു? തിരഞ്ഞെടുപ്പിന്റെ അവസരം വന്നപ്പോൾ, വർഗ്ഗീയതയുടെ അന്തരീക്ഷത്തിൽ വളർന്ന നേതാക്കന്മാർക്കു് സ്വതന്ത്രമായ ഒരു കോൺഗ്രസ്സ് മനോഭാവത്തോടുകൂടി അതിനെ നേരിടാൻ കഴിഞ്ഞില്ല. സ്വാതന്ത്ര്യസമരത്തിന്റെ കാലത്തു് നാടിനുവേണ്ടി ജീവിതം ഉഴിഞ്ഞുവെച്ച ആളുകളുടെ അഭിപ്രായത്തെ മാനിക്കുന്നതിന്നുപകരം വർഗ്ഗീയസ്വാധീനമുള്ളവർക്കു്; കോൺഗ്രസ്സ് വിട്ടുകൊടുക്കുകയാണു് നേതാക്കന്മാർ ചെയ്തതു്. അവരുടെ രാഷ്ട്രീയം മനഃശാസ്ത്രമനുസരിച്ചു നോക്കിയാൽ ഈ നടപടിയിൽ അത്ഭുതത്തിനവകാശമില്ല. അവർ വളർന്ന അന്തരീക്ഷം വർഗ്ഗീയതയുടേതാണു്. ദേശീയസ്വാതന്ത്ര്യമെന്ന ആശയത്തോടൊപ്പം പ്രാധാന്യം ജനാധിപത്യത്തിനു് കൊടുക്കുവാൻ അവർ പരിചയിച്ചിട്ടുണ്ടായിരുന്നില്ല. താൽക്കാലിക വിജയത്തിനു വേണ്ടി അനുവർത്തിക്കുന്ന അവസരസേവകത്വം ഭാവിയിൽ എത്ര ഗുരുതരമായ അനർത്ഥമായിത്തീരുമെന്നു് മനസ്സിലാക്കാനുള്ള ഭാവനയും അവർക്കുണ്ടായിരുന്നില്ല. ഇതിൻഫലമായിട്ടാണു്, അന്നുവരെ ദേശീയസമരത്തെ എതിർത്തുകൊണ്ടിരുന്ന സംഘടനകളേയും നേതാക്കന്മാരേയും കൂട്ടുപിടിച്ച ഈ തെരഞ്ഞെടുപ്പിനെ നേരിടാമെന്നു് അവർ തീരുമാനമെടുത്തതു്. തന്ത്രപരമായി അതൊരു വിജയമായിരുന്നുവെന്നു് തിരഞ്ഞെടുപ്പു ഫലങ്ങൾ തെളിയിച്ചു. പക്ഷേ, ആ വിജയം പൊള്ളയാണെന്നു് തിരഞ്ഞെടുപ്പിന്റെ പിറ്റേദിവസം മുതൽ തെളിയാനും തുടങ്ങി. ഇതിന്റെ ആദ്യത്തെ ഫലം വർഗ്ഗീയത അംഗീകൃതമായ ഒരു രാഷ്ട്രീയാദർശമാണെന്നു്, നേരിട്ടല്ലെങ്കിലും, വരുത്തികൂട്ടുകയായിരുന്നു. അതംഗീകരിക്കാൻ നിവൃത്തിയില്ലാത്ത ആദർശശാലികളിൽ ഒരു വിഭാഗം മറ്റു പാർട്ടികളിലേയ്ക്കു പോയി. അവശേഷിച്ചവർക്കോ, പറയത്തക്ക ശക്തിയും ഉണ്ടായിരുന്നില്ല. ഇങ്ങനെയാണു് ദേശാഭിമാനികൾ കെട്ടിപ്പടുത്ത ഒരു പ്രസ്ഥാനം നിർജ്ജീവമായിത്തീർന്നതു്.

ഇത്രയും പറഞ്ഞതുകൊണ്ടു് കോൺഗ്രസ്സ് ഒരു വർഗ്ഗീയസംഘടനയാണെന്നു വരുന്നില്ല. അങ്ങനെ വാദിക്കുന്ന വർഗ്ഗീയവാദികൾ വളരെയേറെ ഈ രാജ്യത്തുണ്ടു്. യഥാർത്ഥത്തിൽ ആരാണു് വർഗ്ഗീയവാദി എവിടെയാണു് വർഗ്ഗീയത, എന്നു നിർണ്ണയിക്കാൻ മറ്റുചില മാർഗ്ഗങ്ങൾ അന്വേഷിക്കണം. എല്ലാ വർഗ്ഗങ്ങളും തങ്ങളുടെ വർഗ്ഗീയത കുത്തിച്ചെലുത്തി നശിപ്പിക്കാൻ ശ്രമിക്കുന്ന കോൺഗ്രസ്സല്ല വർഗ്ഗീയസംഘടന. ഏതാനും ചില വർഗ്ഗങ്ങളോ, ഒരു വർഗ്ഗം മാത്രമോ, പൊതുതാൽപര്യത്തിനെതിരായി, വർഗ്ഗങ്ങളുടെ പേരിൽ, വ്യക്തിതാൽപ്പര്യങ്ങൾ ഉയർത്തിപ്പിടിക്കുമ്പോൾ അവിടെയാണു് വർഗ്ഗീയത കാണേണ്ടതു്. കോൺഗ്രസ്സിൽ വർഗ്ഗീയ താൽപ്പര്യങ്ങൾക്കു് ക്രമേണ സ്ഥാനം കുറഞ്ഞുവന്നതുകൊണ്ടാണു് വർഗ്ഗീയവാദികളും അവരുടെ സംഘടനകളും കോൺഗ്രസ്സിനെ വിട്ടുപോകാനും അതിനെ എതിർക്കാനും തുടങ്ങിയതു്. അധികാരം പങ്കിടുവാൻ വേണ്ടി 1948-ൽ കോൺഗ്രസ്സിലേയ്ക്കു നുഴഞ്ഞുകയറിയ വർഗ്ഗീയഘടകങ്ങൾ എല്ലാംതന്നെ കോൺഗ്രസ്സ് വിട്ടുപോയി. ചിലർ അവരെ ജനിപ്പിച്ച ചളിക്കുണ്ടിലേയ്ക്കുതന്നെ പുതഞ്ഞു. മറ്റു ചിലർ വിപ്ലവക്കുപ്പായമണിഞ്ഞു് വർഗ്ഗസമരത്തിനു പകരം വർഗ്ഗീയവിദ്വേഷവും കുത്തിപ്പൊക്കി പ്രമാണികളായിത്തീർന്നു. ഇത്തരം വൈകൃതം ബുദ്ധിപൂർവ്വകമായി ചൂഷണം ചെയ്താണു് 1957-ലെ തിരഞ്ഞെടുപ്പിൽ കമ്മ്യൂണിസ്റ്റുകാർ ജയിച്ചതു്. കോൺഗ്രസ്സ് നായരുടേതാണെന്നു പറഞ്ഞു് കൊച്ചിയിലെ ക്രിസ്ത്യാനികളേയും, ക്രിസ്ത്യാനിയുടേതാണെന്നു പറഞ്ഞു കോട്ടയത്തെ നായരേയും, സവർണ്ണ ഹിന്ദുവിന്റേതാണെന്നു പറഞ്ഞു് ഈഴവനേയും കുരുക്കിലാക്കി വർഗ്ഗീയത കൊയ്തു് കമ്മ്യൂണിസം ജയിക്കുകയാണുണ്ടായതു്. രണ്ടരക്കൊല്ലത്തെ ഭരണം ആയപ്പോൾ മാത്രമേ ഈ വർഗ്ഗീയക്കോമരങ്ങൾക്കു് മനസ്സിലായുള്ളൂ, ഓരോ വർഗ്ഗത്തിന്റേയും സുസ്ഥിതി മറ്റു വർഗ്ഗങ്ങളുടെ അധോഗതിയിലല്ല സ്ഥിതിചെയുന്നതെന്ന്. നസ്രാണിയെ തോൽപ്പിക്കാൻ കച്ചകെട്ടിയ നായരും, കോൺഗ്രസ്സിന്റെ വിദ്യാഭ്യാസ പരിഷ്കാരത്തെ എതിർക്കാൻ ഹാലിളകിയ നസ്രാണിയും എല്ലാം ഒരുമിച്ചു വിമോചനക്കൊടി ഉയർത്തിപ്പിടിക്കേണ്ടിവന്നു. അതോടുകൂടി കോൺഗ്രസ്സിൽതന്നെ വിപ്ലവകരമായ ഒരു മാറ്റം സംഭവിച്ചു എന്നും പറയാം. എന്നുവെച്ചാൽ നാട്ടിലെ ദേശീയപ്രസ്ഥാനം ഒരിക്കൽക്കൂടി ശുദ്ധീകരിച്ചെടുക്കാനുള്ള ഒരവസരം നമുക്കു കൈവന്നിരിക്കുന്നു എന്നർത്ഥം. ഇന്നു് വർഗ്ഗീയനേതാക്കന്മാർക്കുള്ളതിന്റെ നൂറിൽ ഒരംശമെങ്കിലും വർഗ്ഗീയത സാധാരണ ജനങ്ങൾക്കില്ല. ദുഷിച്ച പാരമ്പര്യത്തിന്റെ തണുത്ത കനലുകൾ അവരുടെ ഹൃദയത്തിൽ അപൂർവ്വമായി അവശേഷിക്കുന്നുണ്ടാവാം പക്ഷേ, മേൽപ്പടി നേതാക്കന്മാർക്കു് അവരുടെ സ്വന്തം താൽപര്യ സംരക്ഷണത്തിനുവേണ്ടി ഈ പഴയ രോഗത്തെ ഊതി വീർപ്പിക്കാൻ അവസരം കൊടുക്കാതെയിരുന്നാൽ മതി. നമ്മുടെ നേതാക്കന്മാരിൽ ഭൂരിപക്ഷവും തെറ്റിദ്ധരിച്ചിരിക്കുന്ന ഒരു കാര്യമുണ്ടു്. തിരഞ്ഞെടുപ്പുകളിൽ വർഗ്ഗീയാടിസ്ഥാനത്തിൽ സ്ഥാനാർത്ഥി നിർണ്ണയം ചെയ്തില്ലെങ്കിൽ പരാജയപ്പെടും എന്ന മിഥ്യയാണതു്. ഈ മിഥ്യ ജനങ്ങളുമായി സമ്പർക്കമില്ലാത്ത നേതാക്കന്മാർക്കുണ്ടാകുന്നതിൽ അതിശയിക്കാനൊന്നുമില്ലെങ്കിലും അതു് അനാശാസ്യമാണെന്നു പറയാതെ ഗത്യന്തതരമില്ല. എന്നെങ്കിലും ഈ ശാപം തീരണമെന്നവർ ആഗ്രഹിക്കുന്നുണ്ടെങ്കിൽ ഇന്നാണതിനവസരം. ജനങ്ങളിൽ നിന്നു ജനങ്ങളെ രക്ഷിക്കുന്ന സമ്പ്രദായം അവസാനിച്ചേ തീരൂ.

ഒന്നുകിൽ, ശരിയായ ആദർശനത്തിനുവേണ്ടി പരാജയത്തെ ഭയപ്പെടാതെ നിവർന്നു നിൽക്കുക. അല്ലെങ്കിൽ, ജനാധിപത്യത്തിലുള്ള വിശ്വാസം ഉപേക്ഷിച്ചതായി സമ്മതിച്ചു് സൈന്യത്തിനെ ഭരണമേൽപിച്ചു കൊടുക്കുക. ഇതു രണ്ടും ചെയ്യാതെ വർഗ്ഗീയവാദിളുടെ ഭീഷണിക്കു വഴങ്ങാൻ കോൺഗ്രസ്സ് തയ്യാറാകുന്നെങ്കിൽ, വർഗ്ഗീയവാദികളുടേയും ദേശീയവാദികളുടേയും പിൻബലം എക്കാലത്തും നഷ്ടപ്പെടുകയായിരിക്കും ഫലം. ചുരുക്കിപ്പറഞ്ഞാൽ കൂട്ടിക്കെട്ടിയ വർഗ്ഗീയത്തിന്റെ സംയുക്തസമ്മേളനമാക്കി കോൺഗ്രസ്സിനെ അധഃപതിപ്പിക്കുന്ന സമ്പ്രദായം എന്നെന്നേയ്ക്കുമായി അവസാനിക്കണം. നാട്ടുകാർ മുഴുവൻ വർഗ്ഗീയവാദികളാണെന്നു വിശ്വസിപ്പിക്കുകയും പ്രചരിപ്പിക്കയും ചെയ്യുന്നവർ കോൺഗ്രസ്സിനെ സംബന്ധിച്ചിടത്തോളം, കോൺഗ്രസ്സ് കപ്പലിനകത്തെ കള്ളരാണു്. ജാതികണക്കിനു് സ്ഥാനാർത്ഥിത്വവും, സ്ഥാനാർത്ഥിയ്ക്കു വർഗ്ഗീയപിൻബലവും തേടിനടക്കുന്നവർക്കു് സംഘടനയിൽ അംഗത്വംതന്നെ നിഷേധിക്കാൻ കഴിവില്ലെങ്കിൽ കോൺഗ്രസ്സിന്നിവിടെ ഭാവിയില്ല. ക്രിസ്ത്യൻവിരോധം വിറ്റു് അധികാരത്തിലേറിയ കമ്മ്യൂണിസത്തിനു് ഇനിയത്തെ തിരഞ്ഞെടുപ്പിൽ ജയിക്കാൻ കഴിവില്ലെന്നതു് വാസ്തവം തന്നെ. പക്ഷേ, അതു് കോൺഗ്രസ്സിന്റെ വിജയമല്ല, കമ്മ്യൂണിസത്തിന്റെ പരാജയം മാത്രമാണു്. സമത്വസുന്ദരത്തിന്റെ പേരിൽ, വർഗ്ഗീയതയുടെ വിഷവിത്തു പാകിനടക്കുന്ന ദേശദ്രോഹികളുടെ പരാജയമാണു്. ചുവന്ന സാമ്രാജ്യത്തിന്റെ ഒറ്റുവേല നടത്തുന്ന ചാരന്മാരുടെ പരാജയമാണു്. അതു് യഥാർത്ഥത്തിൽ കോൺഗ്രസ്സിന്റെ വിജയമായിത്തീരണമെങ്കിൽ തിരഞ്ഞെടുപ്പിൽ ജയിച്ചതിനു ശേഷം ചെയ്യുന്ന പ്രവൃത്തികൾ കൊണ്ടായിരിക്കണം അതു സാധിക്കുന്നതു്. കാലേക്കൂട്ടിത്തന്നെ അതിനു കരുതൽ നടപടികൾ എടുക്കുകയും വേണം. അതിൽ ഏറ്റവും മുഖ്യമായതു് വർഗ്ഗീയാടിസ്ഥാനത്തിൽ മാത്രം വിശ്വസിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന പ്രമാണിവർഗ്ഗത്തെ കോൺഗ്രസ്സിന്റെ അധികാരസ്ഥാനങ്ങളിൽ നിന്നു് ഒഴിച്ചുനിറുത്തുകയെന്നതാണു്. അതു ചിലപ്പോൾ, ചിലരെ അലോസരപ്പെടുത്തിയേക്കാം. പക്ഷേ, അവർ പോകുന്നെങ്കിൽ പോകട്ടെ, അവരിൽ ഓരോരുത്തരും ഒഴിവാക്കിത്തരുന്ന സ്ഥലം മതി അനേകായിരം ജനാധിപത്യവാദികൾക്കു് കോൺഗ്രസ്സിനുള്ളിലേയ്ക്കു് പ്രവേശിക്കാൻ. ഇന്നു് അവർ ചെയ്യുന്നതു് ആത്മാർത്ഥതയുള്ള ജനാധിപത്യവാദികളെ നിരുത്സാഹപ്പെടുത്തിക്കൊണ്ടു് വർഗ്ഗീയതയെ വളർത്തി വിടുകയാണു്. നേതാക്കന്മാർക്കു് രക്ഷിക്കാൻ കഴിവില്ലാത്ത ഒരു നിലയിലെത്തിയിട്ടുണ്ടു് ഇന്നു് നമ്മുടെ നാടു്. സ്വാർത്ഥതാൽപ്പര്യങ്ങളോ ഭീരുത്വമോ തീണ്ടാത്ത സാധാരണക്കാരൻ ആ കർമ്മം ഏറ്റെടുത്തു് ചെയ്യുകയാണു വേണ്ടതു്. തിരഞ്ഞെടുപ്പിൽ ജയിക്കുക എന്നതു് തുലോം നിസ്സാരമായ കാര്യമാണു്. ജനാധിപത്യം പുലരുക എന്നതാണു് മുഖ്യകർത്തവ്യം. ഈ മനോഭാവത്തോടു കൂടിയായിരിക്കണം കേരളം തിരഞ്ഞെടുപ്പിനെ നേരിടുന്നതു്.

പ്രഭാതം 1960.

സി ജെ തോമസിന്റെ ലഘുജീവചരിത്രം

Colophon

Title: Nalpathettile vanchana avarthikaruthu (ml: നാല്പത്തെട്ടിലെ വഞ്ചന ആവർത്തിക്കരുതു്).

Author(s): CJ Thomas.

First publication details: Sayahna Foundation; Trivandrum, Kerala; 2021-10-06.

Deafult language: ml, Malayalam.

Keywords: Article, CJ Thomas, Nammude yajamananmar, സി. ജെ. തോമസ്, നാല്പത്തെട്ടിലെ വഞ്ചന ആവർത്തിക്കരുതു്, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: October 6, 2021.

Credits: The text of the original item is copyrighted to the author. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-NC-SA 4​.0). Commercial use of the content is prohibited. Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: The brother of Ali Baba: “Cassim”, a painting by Maxfield Parrish (1870–1966). The image is taken from Wikimedia Commons and is gratefully acknowledged.

Production history: Data entry: Aswathy; Proofing: Abdul Gafoor; Typesetter: LJ Anjana; Editor: PK Ashok; Encoding: LJ Anjana.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download PDF.