“അങ്ക്ൾ നീല ജീൻസാണു് ഇട്ടിരുന്നതു്. മഞ്ഞനിറത്തിലുള്ള കുർത്തയും. എന്നിട്ടു് മമ്മീ, അങ്ക്ൾ എന്റെ പേരെന്താണെന്നു പറഞ്ഞു.”
അരമണിക്കൂർ മുമ്പു്…
ബസ്സിൽ അടുത്തിരുന്ന പെൺകുട്ടിയുടെ മുഖം അയാൾ ശ്രദ്ധിക്കാൻ തുടങ്ങിയിട്ടു കുറെ സമയമായിരുന്നു. എനിക്കു തെറ്റുപറ്റില്ല. ഈ കണ്ണുകൾ എന്റെ മനസ്സിലുണ്ടു്. പനിനീരിന്റെ ഇതൾപോലുള്ള ഒരു ജോടി നേർത്ത ചുണ്ടുകൾ എന്റെ ഹൃദയത്തിൽ സൂക്ഷിച്ചിട്ടുണ്ടു്. അയാൾ പറഞ്ഞു.
“എനിക്കു കുട്ടീടെ പേരെന്താണെന്നു് അറിയാം.”
സംഗീത ഞെട്ടി. അടുത്തിരുന്ന ആളെ അവൾ ശ്രദ്ധിച്ചിരുന്നില്ല. അവൾ തിരിഞ്ഞു നോക്കി. താടിക്കിടയിലൂടെ അയാൾ ചിരിക്കുന്നതു് അവൾ കണ്ടു. സംഗീത മറുപടിയൊന്നും പറഞ്ഞില്ല. ബസ്സിൽ നിന്നോ വഴിയിൽനിന്നോ ആരെങ്കിലും സംസാരിച്ചാൽ അതു ശ്രദ്ധിക്കണ്ടെന്നാണു് അമ്മ പറഞ്ഞിട്ടുള്ളതു്. പക്ഷേ, ഒരപരിചിതനു തന്റെ പേരറിയാമെന്നതു് അത്ഭുതപ്പെടുത്തുന്നതാണു്. അവൾ ഇടംകണ്ണിട്ടു് അയാളെ പഠിച്ചു.
കുട്ടി എത്രാം ക്ലാസ്സിലാണു് പഠിക്കുന്നതെന്നും എനിക്കറിയാം.
ഓ, അതു വളരെ കേമമായി. അവൾ വിചാരിച്ചു. മടിയിൽവച്ച അലുമിനിയപ്പുസ്തകപ്പെട്ടിമേൽ സെക്കന്റ് സ്റ്റാൻഡേർഡ് എന്നു വലുതായി എഴുതിവച്ചിരുന്നു. പക്ഷേ, പേരെങ്ങനെ മനസ്സിലായി? ഒരു പക്ഷേ, ഈ അങ്ക്ൾ ബ്ലഫ് ചെയ്യുകയായിരിക്കും.
“സംഗീത എന്നല്ലെ പേരു്?”
അവൾക്കു പരാജയം സമ്മതിക്കേണ്ടിവന്നു. അതവളുടെ ഗൗരവത്തിനു് അയവുവരുത്തി. അവൾ ചോദിച്ചു.
“അങ്ക്ളിനെങ്ങനെ മനസ്സിലായി?”
അയാൾ ഉറക്കെ ചിരിക്കാൻ തുടങ്ങി. ചിരിയുടെ അവസാനത്തിൽ അവളുടെ ചെവിയിലേക്കു തലതാഴ്ത്തി സ്വകാര്യമായി പറഞ്ഞു.
“ഭയങ്കര രഹസ്യാണു്. അങ്ക്ൾ ഹിമാലയത്തിൽ ഒരു ഗുഹയിൽ നൂറുകൊല്ലം തപസ്സിരുന്നു കിട്ടിയ ഒരു കഴിവാണു്. സംഗീതയുടെ മമ്മിയുടെ പേർ കൂടി പറഞ്ഞു തരട്ടെ?”
ഒരിക്കൽകൂടി പരീക്ഷിക്കാമെന്നു കരുതി അവൾ മൂളി.
“സുധ എന്നല്ലെ?”
“അങ്ക്ൾ എവിടെയാണു താമസിക്കുന്നതു്?”
“കൽക്കത്തയിൽ.”
“കൽക്കത്തയിൽനിന്നു വര്വാണോ?”
“അതെ. അരമണിക്കൂർമുമ്പു് കല്ക്കത്തയിലായിരുന്നു. ബോംബെയ്ക്കു വരണമെന്നു തോന്നിയപ്പോൾ ഒരു മന്ത്രം ജപിച്ചു. ബോംബെയിലുമെത്തി. ഇതും ഹിമാലയത്തിൽ നിന്നു കിട്ടിയ കഴിവുതന്നെ.”
അവൾ ശരിക്കും അത്ഭുതപ്പെട്ടിരുന്നു.
“അങ്ക്ളിന്റെ പേരെന്താ?”
“അങ്ക്ൾ.” അയാൾ പറഞ്ഞു.
അവൾ ആശയക്കുഴപ്പത്തിലായി. അങ്ക്ൾ എന്നു പേരുള്ള, ഇതുവരെ കണ്ടിട്ടില്ലാത്ത ആൾ അവളെപ്പറ്റി എല്ലാം പറയുന്നു. കല്ക്കത്തയിൽനിന്നു് ഒരു നിമിഷം കൊണ്ടു് ബോംബെയിൽ എത്തുന്നു. ഹിമാലയത്തിൽ നൂറുകൊല്ലം തപസ്സിരുന്നിട്ടുണ്ടു്. തലമുടിയാണെങ്കിൽ നരച്ചിട്ടുമില്ല. അവൾ ആലോചിച്ചിരുന്നു. അവളുടെ ചുണ്ടുകൾ അല്പം പിളർന്നിരുന്നു. അലക്ഷ്യമായി പുറത്തേക്കു നോക്കുന്ന കണ്ണുകൾ. തന്നെ തടവുകാരനാക്കിയ മനോജ്ഞമായ ഒരു ജോടി കണ്ണുകൾ, അയാൾ ഓർത്തു. കുനിഞ്ഞു് ആ കൊച്ചുസുന്ദരിയുടെ കവിളിൽ ഉമ്മകൊടുക്കാൻ അയാൾക്കു തോന്നി. പക്ഷേ, അതുചെയ്യാതെ അയാൾ പറഞ്ഞു.
“സംഗീതയ്ക്കിറങ്ങേണ്ട സ്ഥലമായില്ലെ? വില്ലെ പാർലെ സ്റ്റോപ്പായി.”
അവൾ ഞെട്ടിയുണർന്നു.
“അങ്ക്ളിനു ഞാൻ താമസിക്കുന്നതു് എവിടെയാണെന്നും അറിയ്വോ?”
“അറിയും.”
അവൾ പുസ്തകപ്പെട്ടിയും തൂക്കി ഇറങ്ങി. ബസ്സ് നീങ്ങിയപ്പോൾ അങ്ക്ളും ഇറങ്ങുന്നുണ്ടോ എന്നു് അവൾ നോക്കി. ഇല്ല. അയാൾ സീറ്റിന്റെ അരികിലേക്കു നീങ്ങിയിരുന്നു് അവളെ കൈവീശിക്കാണിച്ചു. അവളും കൈ വീശി. അങ്ക്ൾ ഒപ്പം ഇറങ്ങിയെങ്കിലെന്നു് അവൾ ആശിച്ചു.
സംഗീതയ്ക്കു് വീട്ടിലെത്താൻ ധൃതിയായി. ഇങ്ങനെ ഒരത്ഭുതമനുഷ്യനെ കണ്ട വിവരം അമ്മയോടു പറയണം. പക്ഷേ, ബെല്ലടിച്ചപ്പോൾ ഉറക്കച്ചടവോടെ എഴുന്നേറ്റു വന്ന അമ്മയിൽ ആ വാർത്ത ഒരത്ഭുതവും ഉളവാക്കിയില്ല.
“ഹിമാലയത്തിൽ നൂറുകൊല്ലം തപസ്സുചെയ്യ്യേ? എന്തൊക്കെ വിഡ്ഢിത്താണു് നീ പറയുന്നതു്?”
“എന്താ മമ്മീ, തപസ്സുചെയ്യാൻ പറ്റില്ലേ?”
“ഇല്ല, മോളെ. ഒന്നാമതു ഹിമാലയത്തിൽ ഭയങ്കര തണുപ്പാണു്, രണ്ടാമതു് നൂറുകൊല്ലം തപസ്സുചെയ്താൽ ഒരാൾ വളരെ കിഴവനാവും. ഹിമാലയത്തിൽനിന്നു ബോംബെയ്ക്കു വരാനൊന്നും പറ്റില്ല.”
“ഈ അങ്ക്ളിന്നു് അത്ര വയസ്സൊന്നുമായിട്ടില്ല.”
“എന്നാൽ അയാൾ ഹിമാലയത്തിലൊന്നും പോയിട്ടുണ്ടാവില്ല. ആട്ടെ, നീ എവിടുന്നാണു കണ്ടതു്?”
“ബസ്സിൽ എന്റെ അടുത്താണു് ഇരുന്നതു്.”
“ഓ, ഞാൻ വിചാരിച്ചു വല്ല ആൽമരത്തിന്റെ ചുവട്ടിലുമായിരിക്കുമെന്നു്.”
“അമ്മ അവൾക്കു വേണ്ടി പ്രത്യേകമുണ്ടാക്കിയ ആപ്പ്ൾ പൈ മേശപ്പുറത്തുവെച്ചു.”
സംഗീത ആകെ നിരുത്സാഹപ്പെട്ടു. ഇത്രയും അത്ഭുതകരമായ ഒരു കാര്യം അമ്മ ഇത്ര ലാഘവത്തോടെ എടുത്തതു് അവൾക്കിഷ്ടപ്പെട്ടില്ല. അവൾ പറഞ്ഞു.
“അങ്ക്ളിന്നു് എന്റെ പേരറിയാം. മമ്മിയുടെയും പേരറിയാം. നമ്മുടെ വീടു് എവിടെയാണെന്നറിയാം. കൽക്കത്തയിൽ നിന്നു് ബോംബെയ്ക്കു് ഒരു മിനിറ്റുകൊണ്ടു് എത്താം.”
“കൽക്കത്തയിൽ നിന്നോ?”
അത്ഭുതപ്പെടേണ്ട ഭാഗം അമ്മ ഏറ്റെടുത്തു.
“അതെ. എന്താണു് അങ്ക്ളിന്റെ പേരു്?”
“അങ്ക്ൾ! പിന്നെ അങ്ക്ൾ നീല ജീൻസാണു് ഇട്ടിരുന്നതു്. മഞ്ഞ കുർത്തയും. ഹിമാലയത്തിൽ ഒരു ഗുഹയിൽ തപസ്സിരുന്നപ്പോൾ നീണ്ടതാണത്രെ തലമുടിയും താടിയും.”
സുധ നിശ്ശബ്ദയായി. സംഗീത ഇടത്തെ കൈകൊണ്ടു കവിളുംതാങ്ങി ആപ്പ്ൾ പൈ കടിച്ചു തിന്നുന്നതു നോക്കി നിന്നു. അവൾ എന്തോ ആലോചിക്കുകയായിരുന്നു. അലക്ഷ്യമായ കണ്ണുകൾ. പിന്നെ എന്തോ പറയാൻ ശ്രമിച്ചു. വാക്കുകൾ കിട്ടാതെ അവൾ തപ്പിത്തടഞ്ഞു പറഞ്ഞു:
“അങ്ക്ളിനെ കാണാൻ നല്ല ഭംഗിയുണ്ടു്.”
അവൾ അതായിരുന്നില്ല ഉദ്ദേശിച്ചതു്. അതിലും കൂടുതലായി ചിലതു്. പക്ഷേ, അവളുടെ വാക്കുകൾക്കു പരിമിതിയുണ്ടായിരുന്നു.
സുധയ്ക്കു് അതു മനസ്സിലായി. അവൾ നിശ്ശബ്ദയായി സംഗീതയെ നോക്കുകമാത്രം ചെയ്തു. അവസാനം നീ വന്നു. അവൾ സ്വയം പറഞ്ഞു. നീ തന്നെയാണോ?
കണ്ണാടിയിൽ അവൾ സ്വയം പരിശോധിച്ചു. ഔ, എന്റെ മുഖം! പകലുറക്കത്തിന്റെ ആലസ്യം മുഖത്തുണ്ടായിരുന്നു. മുഖം രണ്ടുകൈകൊണ്ടും തലോടി അവൾ പറഞ്ഞു.
“ഞാൻ കുളിക്കട്ടെ.”
കുളിമുറിയിൽ കയറി വാതിലടച്ചപ്പോൾ അവൾ ഭയപ്പെട്ടു. ബാസുദേവ് വരുമോ? ഇത്ര കാലത്തിനുശേഷം അയാളെ കണ്ടാൽ നിയന്ത്രണങ്ങളെല്ലാം വിട്ടുപോകുമെന്നു് അവൾ ശരിക്കും ഭയപ്പെട്ടു. പഴയ സ്നേഹിതന്മാരെപ്പോലെ പെരുമാറിക്കൂടെ? പഴയ സ്നേഹിതന്മാർ മാത്രമായിരുന്നെങ്കിൽ പറ്റുമായിരുന്നു.
ഇനി അയാൾ വന്നില്ലെങ്കിലോ? ആ വിചാരം കൂടുതൽ ഭയപ്പെടുത്തുന്നതായിരുന്നു. പെട്ടെന്നു് ഈ രണ്ടു വിചാരങ്ങളും അവൾക്കു ചുറ്റും തത്തിക്കളിച്ചു, തളം കെട്ടി നില്ക്കുന്ന വെള്ളത്തിൽ മഴത്തുള്ളികൾ വീഴും പോലെ. അവസാനം അതൊരു സംഗീതമായി മാറി. അയാൾ വരാതിരിക്കില്ല. അവൾ ആനന്ദിച്ചു. അവൾ ചിരിച്ചു. ഷവറിന്റെ ചുവട്ടിൽനിന്നു മാറാൻ തോന്നിയില്ല. തണുപ്പു് ഉള്ളിലേക്കു കൂടുതൽ കൂടുതൽ വലിച്ചെടുക്കട്ടെ. അവളുടെ ഉള്ളിൽ സംഗീതമായിരുന്നു.
ദേവാലയത്തിലെ മണിപോലെയുള്ള ബെല്ലടിച്ചപ്പോൾ വാതിൽ തുറന്നതു് സംഗീതയായിരുന്നു.
“അങ്ക്ൾ!.”
ഒരു കൈയിൽ റോസ്പൂക്കൾ. നീട്ടിയ മറ്റെ കൈയിൽ ചോക്ലേറ്റ്സ്.
“ഇതു സംഗീതയ്ക്കാണു്. ഈ പൂക്കൾ മമ്മിക്കും.”
സംഗീത അകത്തേക്കോടി.
“മമ്മീ, അങ്ക്ൾ വന്നു!.”
സുധ പെട്ടെന്നു മരവിച്ചുപോയി. തയ്യാറെടുക്കുകയായിരുന്നെങ്കിൽക്കൂടി അപ്രതീക്ഷിതമായ പോലെ. ശ്രമപ്പെട്ടു് എഴുന്നേല്ക്കാൻ തുടങ്ങുമ്പോൾ മുമ്പിൽ ബാസുദേവ്. പൂക്കൾ അവളുടെ കൈയിൽ കൊടുത്തു കൊണ്ടു് ഒരു താളത്തോടെ തല ഇടത്തോട്ടും വലത്തോട്ടും ആട്ടിക്കൊണ്ടു് അയാൾ പറഞ്ഞു.
“ഹായ് മമ്മീ, ഹിയറയാം!.”
എട്ടുകൊല്ലമായി ശബ്ദത്തിനും രൂപത്തിനും മാറ്റം വന്നിട്ടില്ല. അവൾക്കു വർഷങ്ങൾക്കു മുമ്പു് അവസാനിക്കില്ലെന്നു തോന്നിക്കുന്ന സായാഹ്നങ്ങളിലെ കാത്തിരിപ്പുകൾ ഓർത്തു. കാത്തിരുന്നു ദേഷ്യം പിടിക്കുമ്പോൾ എവിടെനിന്നെന്നറിയാതെ മുമ്പിൽ ചാടിവീണു പറയുന്നു.
“ഹായ്! ഗാഡസ്സ്, ഹിയറയാം.”
“അങ്ക്ൾ ഹിമാലയത്തിൽ തപസ്സിരുന്നിട്ടില്ല അല്ലേ?”
“ആരു പറഞ്ഞു?”
“മമ്മി പറയുകയാണു് ഹിമാലയത്തിൽ നൂറുകൊല്ലം തപസ്സിരുന്നാൽ ഒരാൾ വളരെ വയസ്സനാവില്ലെ? പിന്നെ ഇങ്ങനെ നടക്കാൻ പറ്റുകയില്ലല്ലൊ.”
“ഞാൻ ഹിമാലയത്തിൽ പോയിട്ടില്ല മോളെ.”
കിടപ്പറയുടെ മൂലയിൽ ഉയർന്ന സ്റ്റാന്റിൽവെച്ച ഫ്ളവർവേസിലെ പഴയ പൂക്കൾ മാറ്റി സുധ റോസ് പൂക്കൾ വെയ്ക്കുന്നതു നോക്കി അയാൾ പറഞ്ഞു.
ഞാൻ കൽക്കത്തയിൽ ഒരു ഗുഹയിൽ തപസ്സിരിക്കയായിരുന്നു. നൂറുകൊല്ലമല്ല, എണ്ണൂറുകൊല്ലം.
സുധ അയാളെ നോക്കി. അവളുടെ കൺകോണിലെ നനവു് അയാൾ കണ്ടു. അവളുടെ തുടുത്ത മുഖം അയാൾ കണ്ടു.
സംഗീത വീണ്ടും ആശയകുഴപ്പത്തിലായി. എണ്ണൂറു നൂറിനേക്കാൾ വലുതാണെന്നു് അവൾക്കറിയാം. ഒരാൾക്കു് നൂറുകൊല്ലംകൂടി തപസ്സിരിക്കാൻ കഴിയില്ലെന്നു മനസ്സിലാക്കിയതായിരുന്നു. ഇപ്പോൾ ഇതാ അങ്ക്ൾ പറയുന്നു എണ്ണൂറുകൊല്ലം തപസ്സിരുന്നെന്നു്!.
“സ്വയം ഉണ്ടാക്കിയ ദണ്ഡനമല്ലേ?” സുധ പറഞ്ഞു. “ആരും ആവശ്യപ്പെടാത്ത ശിക്ഷ. അന്നു സ്വയം ശിക്ഷിക്കപ്പെടുന്നതിൽ സുഖം തോന്നി. അതു് മറ്റുള്ളവരെ എങ്ങനെ ബാധിക്കുമെന്നാലോചിച്ചില്ല, അല്ലേ?”
അയാൾ ഒന്നും പറഞ്ഞില്ല. അയാൾ അസ്വസ്ഥനായി കുട്ടിയുടെ നേരെ നോക്കി. നിഷ്കളങ്കമായ മുഖം. അവൾക്കു് ഒന്നും മനസ്സിലാവുന്നുണ്ടായിരുന്നില്ല.
“മോളു് പോയി കളിച്ചോ,” സുധ പറഞ്ഞു.
സംഗീതയ്ക്കു് അതൊരു അനുഗ്രഹമായി തോന്നി. ഒന്നാമതായി വലിയവർ സംസാരിക്കുന്നതു കേട്ടുനില്ക്കാൻ അവൾ ഇഷ്ടപ്പെട്ടില്ല. പിന്നെ പുതുതായി വന്ന അങ്ക്ളിനെ അമ്മ എന്തു ഭാവത്തിലാണു സ്വീകരിക്കുന്നതെന്നു് അവൾക്കു് ഒട്ടും മനസ്സിലായില്ല. അമ്മയുടെ മുഖത്തു സ്നേഹമാണോ അതോ വിരോധമാണോ? അതു മനസ്സിലാക്കാൻ മാത്രം അവൾ മുതിർന്നിട്ടുണ്ടായിരുന്നില്ല. അവരുടെ ഒപ്പം നില്ക്കുന്നതിനെക്കാൾ ലാഭകരമായി സമയം കളയാം, മുകളിലെ ഫ്ളാറ്റിലെ ഡിംബിളിന്റെ ഒപ്പം കളിച്ചാൽ. ചോക്ലേറ്റ്സുമായി അവൾ പുറത്തിറങ്ങി.
“സംഗീതയെ എങ്ങനെ മനസ്സിലായി?” സുധ അന്വേഷിച്ചു. “നീ അവളെ കണ്ടിട്ടു കൂടിയില്ലല്ലോ!.
“മനോജ്ഞമായ ഒരു ജോടി കണ്ണുകളുടെയും ഓർമ്മയിൽ സ്നേഹം പകർന്നുതന്ന ചുണ്ടുകളുടെയും റെപ്ലിക്ക.”
“ഓ, ബാസുദേവ്, നീ ഇപ്പോഴും പണ്ടത്തെപ്പോലെ റൊമാന്റിക്കാണു്.”
പക്ഷേ, അയാൾ അസ്വസ്ഥനായിരുന്നു. സ്വയം ദണ്ഡനമേല്പിക്കുമ്പോൾ മറ്റുള്ളവരെ മുറിവേല്പ്പിക്കുകയായിരുന്നെന്നു് സുധ പറഞ്ഞതു് അയാളുടെ മനസ്സിൽ നിന്നു വിട്ടുപോയില്ല.
“ഞാൻ ഇവിടെനിന്നു വിട്ടുപോകാൻ കാരണം സുധയ്ക്കു മനസ്സിലായെന്നാണു് ഞാൻ കരുതിയതു്.”
ഷോക്കേസിന്നു മുകളിലെ, തത്തയാടിക്കളിക്കുന്ന കൊച്ചു ടൈംപീസ് താലോലിച്ചുകൊണ്ടു് അയാൾ ചഞ്ചലനായി നിന്നു. പെട്ടെന്നു് അവർ തമ്മിലുള്ള ദൂരം എന്നെത്തേക്കാൾ കൂടിയതായി അയാൾക്കു തോന്നി.
“എനിക്കെത്ര ആലോചിച്ചിട്ടും മനസ്സിലാക്കാൻ കഴിയാത്തതാണതു്.” സുധ സംസാരിച്ചു. “നീ ഇനി എത്ര വിവരിച്ചാലും എനിക്കു മനസ്സിലാവില്ല. ഓരാൾക്കു് തന്റെ ആസ്പിറേഷൻ മാത്രമല്ല, പ്രേമവും ഒപ്പം കൊണ്ടു നടത്താമെന്നാണു് ഞാൻ കരുതുന്നതു്. എന്നെ സ്നേഹിച്ചു കൊണ്ടുതന്നെ നിനക്കു തിയേറ്ററിലും വിജയിക്കാമെന്നു് എനിക്കു് പൂർണ്ണ വിശ്വാസമുണ്ടായിരുന്നു.”
“അതു സാധ്യമായിരുന്നില്ല.”
പെട്ടെന്നു് എല്ലാം ആദ്യം തുടങ്ങേണ്ടിവന്നതിൽ അയാൾക്കു വിഷമം തോന്നി.
“എനിക്കു് രണ്ടും ഭ്രമമായിരുന്നു. നീ, അതുപോലെ തിയേറ്റർ. അതിൽ എന്റെ ആദ്യത്തെ തിരഞ്ഞെടുക്കൽ നിന്നെത്തന്നെയായിരുന്നു. തിയേറ്ററിനെ എനിക്കു പിച്ചിച്ചീന്തി വലിച്ചെറിയാമായിരുന്നു. പക്ഷേ, നിന്നെ സ്വീകരിക്കുന്നതിൽ കൂടുതൽ വിഷമങ്ങളുണ്ടായിരുന്നു. എനിക്കു നിന്നെ എന്നും സന്തോഷിപ്പിച്ചുകൊണ്ടേ ഇരിക്കാൻ കഴിയുമായിരുന്നില്ല. എന്നെ കല്യാണം കഴിച്ചിരുന്നെങ്കിൽ അതൊരു വലിയ വങ്കത്തമായി നിനക്കു പിന്നീടു തോന്നുമായിരുന്നു. ജീവിതമെന്നാൽ കുറെ കവിതയും സംഗീതവും മാത്രമല്ല, സുധാ, അതിൽക്കുടുതൽ പലതുമാണു്. അതൊന്നും തരാൻ എനിക്കു കഴിഞ്ഞെന്നുവരില്ല.”
“നീ എനിക്കു് അളവറ്റ സ്നേഹം തന്നു. ഞാൻ സംതൃപ്തയായിരുന്നില്ലെ?”
“നീ ഒരു കാമുകിയാവുവോളം. മറിച്ചു നീ ഒരു ഭാര്യയും അമ്മയുമായിക്കഴിഞ്ഞാൽ ആ തുച്ഛമായ സംതൃപ്തിയിൽ നിന്നെ തളച്ചിടാൻ കഴിയില്ല. എന്റെ വ്യവസ്ഥയില്ലാത്ത ജീവിതം തന്നെ നിനക്കു് ഒരു ഭാരമായി തോന്നുമായിരുന്നു.”
അവൾ ഒന്നും പറഞ്ഞില്ല. ഓരാശ്വാസത്തോടെ തനിക്കിനിയൊന്നും പറയാനില്ലെന്നു് ബാസുദേവ് ഓർത്തു.
അയാൾക്കു ചുറ്റും സമൃദ്ധിയുടെയും സംതൃപ്തിയുടെയും ലോകമായിരുന്നു. ചുവരിൽ തൂക്കിയ ഓയിൽ പെയ്ന്റിംഗ്, ഷോകേസിൽ നിറയെ അപൂർവ്വവസ്തുക്കൾ. ജാപ്പനീസ് പാവകൾ, ദില്ലിയിൽ നിന്നു വന്ന ചിത്രപ്പണികളുള്ള പിച്ചളത്താലങ്ങൾ, കേരളത്തിലെ ഓട്ടുവിളക്കുകൾ, നാഗലാന്റിലെ സ്ത്രീകളുടെ വീതിയുള്ള മുത്തുമാലകൾ.
“ഞാൻ ചായയുണ്ടാക്കാം,” സുധ പറഞ്ഞു.
“നിൽക്കൂ,” അവളെ തടുത്തു കൈകൾക്കുള്ളിലാക്കി അയാൾ ചോദിച്ചു. “നീ എന്നുമുതല്ക്കാണു് എന്നെ വെറുക്കാൻ തുടങ്ങിയതു്?”
“എനിക്കു വെറുക്കാൻ കഴിഞ്ഞെങ്കിൽ? എങ്കിൽ ഞാൻ ഇത്ര വേദനിക്കേണ്ടി വരില്ലായിരുന്നു.”
തള്ളിവരുന്ന കണ്ണീർ മറയ്ക്കുവാനായി അവൾ അയാളുടെ മാറിൽ മുഖം അമർത്തി.
“ഞാനെടുത്ത തീരുമാനം എന്നെ എത്ര വേദനിപ്പിച്ചുവെന്നു് അറിയാമോ? സ്നേഹം തന്നെയാണു വലുതെന്നു് എനിക്കറിയാം. പക്ഷേ, ആ സ്നേഹം ഒരു പെൺകുട്ടിയെ നശിപ്പിക്കുന്നതു് എനിക്കിഷ്ടമായിരുന്നില്ല.”
അവർ കിടക്കയിൽ അന്യോന്യം കരവലയത്തിൽ കിടക്കുകയായിരുന്നു. ഒരു ദീർഘചുംബനത്തിൽ നിന്നു മോചിതയായപ്പോൾ അവൾ ചോദിച്ചു. “നീ ഇപ്പോൾ സന്തോഷവാനാണോ? നിന്റെ നാടകങ്ങൾ വിജയകരമായിരുന്നോ?”
“ഞാൻ സന്തോഷവാനാണോ എന്നെനിക്കറിയില്ല. എന്റെ നാടകങ്ങൾ വിജയകരമാണു്. ആദ്യത്തെ നാടകം അത്ര വിജയിച്ചില്ല. അതിന്റെ തീം വളരെ അബ്സ്ട്രാക്ടായി. ആരും ആസ്വദിച്ചുകണ്ടില്ല. സംഗീതവും മോശമായിരുന്നു. കഴിഞ്ഞ രണ്ടു നാടകങ്ങളുടെയും സംഗീതവും ഞാൻ തന്നെ ഏറ്റെടുത്തു. എന്റെ തീം മനസ്സിലാക്കാൻ കഴിയാത്ത ഒരുപറ്റം സംഗീതജ്ഞന്മാരെക്കൊണ്ടു തോറ്റിരിക്കയായിരുന്നു. ആദ്യത്തെ നാടകം ഫ്ളോപ്പായതു് അതിന്റെ തീം കാരണമാണോ, അതിന്റെ സംഗീതത്തിന്റെ പോരായ്മയാണോ എന്നറിയില്ല. ബംഗാളികൾക്കു് നല്ല സംഗീതവും ചീത്ത സംഗീതവും തിരിച്ചറിയാൻ കഴിയും. ദേ ഹാവ് ആനിയർ ഫോർ മ്യൂസിക്. ഞാൻ ഇവിടെയുള്ളപ്പോൾ ചെയ്ത അപൂർണ്ണ കോംപൊസിഷൻ ഇല്ലേ? കടലിനെപ്പറ്റിയുണ്ടാക്കിയതു്? അതാണു ഞാൻ ചേർത്തതു്. നിനക്കോർമ്മയില്ലേ അതു്?”
അവൾക്കു് ഓർമ്മയുണ്ടായിരുന്നു. അവൾ എല്ലാം ഓർത്തിരുന്നു. ഇരമ്പുന്ന കടലിന്നരികിലൂടെ മണലിൽ സ്വയം മറന്നു കൈകോർത്തു നടന്നതു്. സായാഹ്നം കുങ്കുമം വിതറിയ വഴിത്താരകൾ കടലിലേക്കു നയിക്കുന്നതു്. മണലിൽ ഇരുന്നു് വയലിനിൽ കടലിന്റെ ഇരമ്പത്തിന്റെ പശ്ചാത്തലത്തിലൊഴുകുന്ന ശബ്ദങ്ങൾ അവളെ മാസ്മരലോകത്തിലേക്കു നയിച്ചതു്. പിന്നെ സൂര്യൻ യാത്രയായപ്പോൾ, സംഗീതത്തേക്കാൾ ശക്തിയായ പ്രേരണ തങ്ങളിൽ വന്നു നിറഞ്ഞപ്പോൾ മണലിൽ കിടന്നു ചുംബിച്ചതു്. എല്ലാം അവൾ ഓർത്തിരുന്നു.
“ജയൻ നല്ല ഭർത്താവല്ലേ? നീ സന്തോഷവതിയല്ലേ!.”
പെട്ടെന്നായിരുന്നു ആ ചോദ്യം.
“അതെ, ജയൻ നല്ല ഭർത്താവാണു്.”
അവൾ ആലോചിച്ചു: ഞാൻ തികച്ചും സന്തോഷവതിയാവേണ്ടതാണു്. പക്ഷേ, ഒരു ഭാര്യ, അമ്മ എന്നതിൽ കവിഞ്ഞു് അവൾ ഇപ്പോഴും ഒരു കാമുകികൂടിയാണെന്നു് അവൾ അത്ഭുതത്തോടെ മനസ്സിലാക്കി. കുറെക്കാലമായി സംതൃപ്തി കിട്ടാതിരുന്ന ഒരു റോൾ.
ലുഡോവിൽ കള്ളത്തരം കാണിക്കുന്നതു് സംഗീതയ്ക്കിഷ്ടമല്ല. അതുകൊണ്ടു രണ്ടാമത്തെ പ്രാവശ്യവും ഡിംബ്ൾ കള്ളം കാണിച്ചപ്പോൾ സംഗീത പറഞ്ഞു, ഞാനില്ല കളിക്കാൻ. ഇതിൽ ഭേദം വീട്ടിൽ പോയി വല്ലതും വായിക്കുകയാണു്.
അവൾ കോണിയിറങ്ങി താഴെ വന്നു ചാരിയ വാതിൽ തുറന്നു് അകത്തു കയറി. അപ്പോഴാണു് പുതുതായി വന്ന അങ്ക്ളിനെ ഓർമ്മവന്നതു്. അങ്ക്ളുമായി സംസാരിക്കാമെന്നു കരുതി കിടപ്പു മുറിയിലേക്കു നടന്നു. അവിടെ എത്തിയപ്പോഴാണു്, അടഞ്ഞുകിടക്കുന്ന വാതിൽ കണ്ടതു്. അതിൽ അസാധാരണമായൊന്നും അവൾക്കു തോന്നിയില്ല. പക്ഷേ അങ്ക്ളുമായി സംസാരിക്കാമെന്ന തന്റെ പരിപാടി തകിടം മറിഞ്ഞിരിക്കുന്നു. ഇനി? ഡാഡി ഇന്നലെ കൊണ്ടു വന്ന കോമിക് പുസ്തകം ഓർമ്മവന്നു. അവൾ കോമിക് പുസ്തകവും കൊണ്ടു് ഹാളിലെ കാർപ്പെറ്റിൽ പോയിരുന്നു. അവൾക്കു് ഒന്നും മനസ്സിലായില്ല. ഡാഡി ഇന്നു് ഓഫീസിൽ നിന്നു വന്നാൽ പറഞ്ഞു തരാമെന്നു പറഞ്ഞതാണു്. അവൾ ചിത്രങ്ങൾ വെറുതെ മറിച്ചുനോക്കി. ചിത്രങ്ങൾ കണ്ടിട്ടു് നല്ല കഥയായിരിക്കുമെന്നു തോന്നുന്നു.
അവൾക്കു വേറൊരു ഐഡിയാ തോന്നി. മുകളിൽപ്പോയി ഡിംബിളിന്റെ ഒപ്പം ഡ്രാട്ടു കളിച്ചാലോ ഡ്രാട്ടിൽ കള്ളത്തരം കാണിക്കാൻ പറ്റില്ല. അവൾ പുസ്തകവും അടച്ചുവെച്ചു് വീണ്ടും മുകളിലേക്കു പോയി.
കിടപ്പറയിൽ അന്യോന്യം കരവലയത്തിൽ കിടക്കുമ്പോൾ തങ്ങൾ സ്വയം വഞ്ചിക്കുകയായിരുന്നെന്നു രണ്ടുപേർക്കും തോന്നി. കലയാണു് ആത്മസാക്ഷാൽക്കാരമെന്നു് അയാൾ വ്യാമോഹിച്ചു. അതിൽ സ്വയം തൃപ്തനാണെന്നു് അയാൾ കരുതി.
ഭർത്താവിനു കൊടുക്കാൻ കഴിയുന്ന സ്നേഹമെല്ലം കൊടുത്തു താൻ സന്തോഷവതിയാണെന്നവൾ കരുതി. പക്ഷേ, വർഷങ്ങൾക്കു ശേഷം അവർ കണ്ടുമുട്ടിയപ്പോഴുണ്ടായ പ്രകാശത്തിൽ ഇരുണ്ട ഗുഹയിൽ ആരാധിച്ചിരുന്ന ബിംബങ്ങളുടെയെല്ലാം നിറം മങ്ങി അനാകർഷകമായി അവർ കണ്ടു. വഞ്ചിതരായെന്നു് അവർക്കു ബോദ്ധ്യമായി.
ആ മനസ്സിലാക്കൽ ഒരു പുതിയ ആവേശത്തള്ളിച്ചയ്ക്കു വഴിവെച്ചു. മനസ്സിലായ പോലെ അവർ ചിരിച്ചു. അവൾ അയാളുടെ കൈകളിലായിരുന്നു. പിന്നെ സാവധാനത്തിൽ അവരുടെ ഇടയിലുണ്ടായിരുന്ന ലോലമായ മൂടുപടം താനെ അഴിഞ്ഞു പോയി.
ഡിംബ്ളുമായുള്ള ഡ്രാട്ടുകളിയും അത്ര വിജയകരമായിരുന്നില്ല. രണ്ടുതവണ തോറ്റപ്പോൾ ഡിംബ്ൾ പറഞ്ഞു, നമുക്കു ലുഡോ കളിക്കാം. അല്ലെങ്കിൽ പാമ്പും കോണിയും. ലുഡോവിൽ ഡിംബ്ൾ വീണ്ടും കള്ളത്തരം കാണിക്കുമെന്നു് സംഗീതയ്ക്കറിയാം. പിന്നെ പാമ്പും കോണിയും. കോണികയറി മുകളിൽ പോയ തന്റെ കരുക്കൾ പാമ്പുകൾ കൊത്തി വിഴുങ്ങി വീണ്ടും താഴെ കള്ളികളിലെത്തുന്നതു് സംഗീതയ്ക്കിഷ്ടപ്പെട്ടില്ല. അവൾ പറഞ്ഞു, ഞാൻ പോകുന്നു.
താഴെ കിടപ്പുമുറിയുടെ വാതിൽ അപ്പോഴും അടഞ്ഞു കിടന്നു. അവൾക്കു് നിരാശയായി. കോമിക്പുസ്തകം എടുത്തു നിവർത്തി കാർപ്പെറ്റിൽ വന്നു കമിഴ്‌ന്നു കിടന്നു. ഡാഡിക്കു് ഇതു് ഇന്നലെത്തന്നെ പറഞ്ഞുതന്നാൽ മതിയായിരുന്നു. അവൾ കുറച്ചുനേരം പുസ്തകം മറിച്ചു നോക്കി. പിന്നെ, സാവധാനത്തിൽ അവളുടെ കണ്ണുകൾ അടഞ്ഞു.
ഉറക്കത്തിൽ ചെന്നായ, ചുവന്ന വെള്ളം ഇറ്റുവീഴുന്ന നാവും തൂക്കി മുയലിന്റെ പിന്നാലെ ഓടുന്നതു് അവൾ കണ്ടു. മുയൽ സമർത്ഥനായിരുന്നു. ഒരു സ്പ്രിങ് വാതിലിന്റെ ഉള്ളിലേക്കു് മുയൽ ചാടി. പിന്നാലെ വന്ന ചെന്നായ വാതിലിന്നിടയിൽ കുടുങ്ങി. ഹെല്പ്!.
തന്റെ കൈയിൽ തളർന്നുറങ്ങുന്ന സുധയെ ബാസുദേവ് ചുംബിച്ചു. കുറെ നേരമായി ആ ഉറങ്ങും സുന്ദരിയെ അയാൾ നോക്കുന്നു. ഇനി അവളെ ഉണർത്തണം. തനിക്കു പോകണം. ഒരു നീണ്ട നിദ്രയിൽ നിന്നുണർന്നപോലെ ഉറക്കച്ചടവോടെ അവൾ കണ്ണുതുറന്നപ്പോൾ അവളെ വീണ്ടും തന്നിലേക്കടുപ്പിച്ചു് അയാൾ ചെവിയിൽ മന്ത്രിച്ചു: “സുന്ദരീ, എനിക്കു പോകണം.”
അതിനു മറുപടിയായി അവൾ പറഞ്ഞു:
“ഞാൻ എത്ര സന്തോഷവതിയാണു്!, ഐ ആം സോ ഹാപ്പി!.”
അവർ വസ്ത്രം ധരിച്ചു് പുറത്തു കടന്നു. സംഗീത കാർപ്പെറ്റിൽ കോമിക് പുസ്തകത്തിൽ മുഖവും വെച്ചു കിടന്നുറങ്ങുന്നതു് അവർ നോക്കിനിന്നു.
“പാവം മോൾ!” സുധ പറഞ്ഞു. “ഞാൻ ചായയുണ്ടാക്കട്ടെ”.
ബാസുദേവ് സംഗീതയെ നിലത്തുനിന്നെടുത്തു് അവളുടെ മാർദ്ദവമുള്ള കവിളിൽ ഉമ്മവെച്ചു. സംഗീത കണ്ണു തുറന്നു് അത്ഭുതത്തോടെ നോക്കി. അവൾ വാസ്തവത്തിൽ അങ്ക്ളിനെ സ്വപ്നം കാണുകയായിരുന്നു. അങ്ക്ൾ അവളെയുമെടുത്തു് കാഴ്ചബംഗ്ലാവിലൂടെ നടക്കുന്നു. അയാളുടെ താടിപിടിച്ചു് അവളുടെ നേരെ തിരിച്ചു് അവൾ ചോദിച്ചു:
“അങ്ക്ളിന്നു് മറ്റുള്ളോരടെ സ്വപ്നങ്ങളിൽ വരാൻ പറ്റുമോ?”
അയാൾ ആലോചിച്ചു.
“ഇല്ല, വരാൻ പറ്റില്ല. പക്ഷേ, മറ്റുള്ളവരുടെ സ്വപ്നങ്ങൾ തകർക്കാൻ കഴിയും.”
എന്തോ തമാശ കേട്ടപോലെ അവൾ പൊട്ടിച്ചിരിച്ചു. അവൾ ചോദിച്ചു:
“അങ്ക്ൾ എനിക്കീ കോമിക്കിലെ കഥ പറഞ്ഞു തരുമോ?”
“ശ്രമിക്കാം.”
ചിത്രപുസ്തകത്തിൽ നിന്നു് വർണ്ണപ്പകിട്ടുള്ള മൃഗങ്ങൾ പുറത്തിറങ്ങി. തുന്നിക്കൂട്ടിയ കോട്ടിട്ട, പോക്കറ്റു വാച്ചു ധരിച്ച ചെന്നായ, ബനിയനിട്ട മുയലിന്റെ പിന്നാലെ ഓടിത്തുടങ്ങി.
പെട്ടെന്നു് എന്തോ ഓർത്തു് സംഗീത ചോദിച്ചു.
“അങ്ക്ൾ, ലുഡോവിൽ കള്ളത്തരം കാണിക്കുന്നതു് ചീത്തയല്ലെ? ഡിംബ്ൾ എപ്പോഴും കള്ളത്തരം കാണിക്കാറുണ്ടു്.”
“കളിയിലെന്നല്ല, ഒന്നിലും കള്ളത്തരം കാണിക്കരുതു മോളെ. പ്രത്യേകിച്ചും ജീവിതത്തിൽ. ഞങ്ങൾ മുതിർന്നവർ അതാണു ചെയ്യുന്നതു്. ഞങ്ങൾ ജീവിതത്തിൽ കള്ളത്തരം കാണിക്കുന്നു.”
അതു് ഡിംബ്ളിന്നനുകൂലമായ ഒരു പ്രതിഭാഗം പറയലാണോ എന്നു് അവൾ ഒരുനിമിഷം സംശയിച്ചു. പിന്നെ തന്റെ ചോദ്യത്തിനു് ഉത്തരം കിട്ടിയപോലെ മിണ്ടാതിരിക്കുകയും ചെയ്തു.
അങ്ക്ൾ അമ്മ കൊണ്ടുവന്ന ചായ കുടിക്കുകയായിരുന്നു. അമ്മയുടെ മുഖം പ്രസന്നമാണെന്നു് അവൾ കണ്ടു. അതുകൊണ്ടു് അങ്ക്ൾ പോയപ്പോൾ അയാൾ സംസാരിച്ചതൊന്നും മനസ്സിലായിരുന്നില്ലെങ്കിൽക്കൂടി, സംഗീത അയാളെ ഇഷ്ടപ്പെട്ടു.
സൂര്യൻ പുറത്തു് തെരുവിൽ കുങ്കുമം വിതറുകയും, സന്ധ്യ വഴിവിളക്കുകളെ ഓരോന്നോരോന്നായി കൊളുത്തുകയും ചെയ്തപ്പോൾ, സംഗീത ഡാഡിയുടെ കാറിന്റെ ശബ്ദം കേട്ടു. സോഫയിൽ ഒരു വലിയ ടെഡ്ഡി ബിയറുമായി സംസാരിച്ചിരുന്ന അവൾ ചാടിയെഴുന്നേറ്റു.
“മമ്മീ, ഡാഡി വന്നു.”
ഡാഡി വരേണ്ട താമസമില്ല. അവൾ അയാളുടെ മേൽ ചാടിക്കയറി. അയാൾ അവൾക്കു് ഉമ്മകൊടുത്തു.
“ഡാഡീ,” അവൾ പറഞ്ഞു, “ഇന്നു് ഇവിടെ ഒരു അങ്ക്ൾ വന്നു. ഇത്ര തലമുടീം, താടിയുമുള്ള ഒരു അങ്ക്ൾ. കൽക്കത്തയിൽ ഒരു ഗുഹയിൽ തപസ്സുചെയ്തിട്ടുണ്ടത്രെ. ഡാഡീ, കൽക്കത്തയിൽ ഗുഹകളുണ്ടോ?”
“അറിയില്ല,” അയാൾ പറഞ്ഞു: “പിന്നെ നിന്റെ അങ്ക്ൾ നല്ല അങ്കിളാണോ?”
“അതെ ഡാഡി. ഇന്നലെ ഡാഡി കൊണ്ടുവന്ന കോമിക്കിലെ കഥ മുഴുവൻ പറഞ്ഞുതന്നു. പിന്നെ എനിക്കു് ചോക്ലേറ്റ്സ് തന്നു.”
സുധ കൊണ്ടുവന്ന ചായമൊത്തിക്കുടിച്ചുകൊണ്ടു അയാൾ ചോദിച്ചു:
“എന്തുപറയുന്നു മമ്മീ, അങ്ക്ൾ നല്ല ആളാണോ?”
അയാളുടെ കൺകോണിൽ കുസൃതിയുണ്ടായിരുന്നു. സുധ ചിരിച്ചു.
“മോളെ, അങ്ക്ൾ കൊണ്ടുവന്ന ചോക്ലേറ്റ്സ് ഡാഡിക്കെടുത്തു വെച്ചില്ല അല്ലേ? ആട്ടെ, അങ്ക്ൾ കൊണ്ടുവന്ന റോസാപ്പൂക്കൾ എനിക്കു കാണിച്ചുതരില്ലെ?”
“തീർച്ചയായും. അവൾ ചാടിയെഴുന്നേറ്റ് കിടപ്പറയിലേക്കോടി.” കിടപ്പറയിലെത്തിയപ്പോൾ അവൾ പെട്ടെന്നു നിന്നു.
“അങ്ക്ൾ റോസ്പൂക്കൾ കൊണ്ടുവന്നതു് ഡാഡിക്കെങ്ങനെ മനസ്സിലായി?”
അടഞ്ഞുകിടന്ന ഒരു വാതിൽ അവളുടെ ഓർമ്മയിലെത്തി. അവളുടെ കൊച്ചുമനസ്സിൽ പതഞ്ഞുവരുന്ന സാന്ദ്രത അവൾ അറിഞ്ഞു. അതുയർന്നുവരാൻ തുടങ്ങിയിട്ടു് കുറെനേരമായെന്നു് പക്ഷേ, അവൾ അറിഞ്ഞില്ല. ഫ്ളവർവേസിൽ വിരിഞ്ഞുനില്ക്കുന്ന പൂക്കൾ അവളെ ശത്രുതയോടെ നോക്കി. വൈകുന്നേരം സ്കൂൾ വിട്ടു് കൂട്ടുകാരികളെല്ലാം പോയി ഒറ്റയ്ക്കു ബസ്സു കാത്തു നില്ക്കുമ്പോൾ ഉണ്ടാകാറുള്ള ഏകാന്തത അവൾക്കു വീണ്ടും അനുഭവപ്പെട്ടു. വേലിയേറ്റത്തിൽ ഉയർന്നുവരുന്ന ഒരു വലിയ തിരപോലെ തേങ്ങലുകൾ അവളുടെ ഹൃദയത്തിൽ ഉരുണ്ടുകയറി. ഒരു നിമിഷത്തിൽ നിയന്ത്രിക്കാൻ വയ്യാതായപ്പോൾ അവൾ കട്ടിലിൽ തലയിണയിൽ മുഖമമർത്തി തേങ്ങിത്തേങ്ങി കരഞ്ഞു.
അച്ഛന്റെ സാന്ത്വനങ്ങളോ, അമ്മയുടെ എന്തേ ഉണ്ടായതു് എന്ന അന്വേഷണങ്ങളോ തീരെ സഹായകമാവുമായിരുന്നില്ല. അവൾക്കുണ്ടായ നഷ്ടം അപാരമായിരുന്നു.