ഇപ്പോഴത്തെ പ്രശ്നമെന്തെന്നാൽ, സ്വന്തമെന്നു് പറയാൻ ബെഞ്ചമിനു് ആകെയുള്ള മുത്തച്ഛന്റെ സ്വഭാവത്തിൽ ആകെയൊരുമാറ്റം! ഒന്നര മാസമായി ഒരിനം മൗനവ്രതം. അതിനുതക്ക യാതൊരു സംഭവങ്ങളും നടന്നിട്ടില്ലതാനും!
ഇന്നു്, ഒരിക്കലും ഉറക്കമില്ലാത്ത ഈ ചെറുനഗരത്തിന്റെ നനഞ്ഞ വികൃതികളെ കണ്ടിരിക്കുമ്പോൾ ബെഞ്ചമിന്റെ മുഖം എന്റെ വലതു തോളിലാണു്. അവനാകെ ഉലഞ്ഞിരിക്കുന്നു, തീർച്ച.
പോളണ്ടിലെ എന്റെ മൂന്നാമത്തെ മഞ്ഞുകാലമാണിതു്. വിദേശ വിദ്യാർത്ഥികൾക്കായുള്ള സ്റ്റുഡന്റ് അഡ്വൈസർ എന്ന നിലയ്ക്കാണു് ബെഞ്ചമിനെ ആദ്യമായി പരിചയപ്പെടുന്നതു്—ഇംഗ്ലീഷിനും പോളിഷിനുമിടയിലെ പാലമായി. ക്യാമ്പസിനു് അകത്തും പുറത്തുമായി അവിചാരിതമായ എത്രയെത്ര കണ്ടുമുട്ടലുകൾ, പതിയെപ്പതിയെ പദ്ധതിയിട്ട സമാഗമങ്ങൾ… “
ജാൻ… ഗ്രാൻഡ്പയെ ഓർത്തിട്ടു് വല്ലാത്ത അങ്കലാപ്പു്… എന്തു് ചെയ്യണം ഞാൻ? ഒരു ധാരണയുമില്ല.”
ഈ മുത്തച്ഛനെക്കുറിച്ചു് ഞാൻ എത്രയോ കേട്ടിരിക്കുന്നു. ചൊടിയും ചുണയുമുള്ള ആരോഗ്യവാനായ വൃദ്ധൻ. എനർജി ബോംബ് എന്നു് പറയാം. വാരാന്ത്യങ്ങളിൽ കൊച്ചുമോനെ കെട്ടിപ്പിടിച്ചുറങ്ങണമെന്ന വാശിയുള്ള, ബെഞ്ചമിന്റെ സകല രഹസ്യങ്ങളുടെയും കാവൽക്കാരൻ. ഈസ്റ്ററോ ക്രിസ്മസോ പോലുള്ള വിശേഷ അവസരങ്ങളിൽ വിലകൂടിയ വൈനോ ചാരായമോ തയ്യാറാക്കി മെഴുകുതിരിയും കത്തിച്ചു് ബെഞ്ചമിന്റെ രാത്രിവരവിനായി കൊതിയോടെ കാത്തിരിക്കാറുള്ള, ഉച്ചത്തിൽ ചിരിക്കാനിഷ്ടപ്പെടുന്ന ഒരു ശുദ്ധൻ.
എനിക്കു് നന്നേ കൗതുകം തോന്നിയ ഒരു കാര്യമുണ്ടു്.
ഇന്നേവരെ നഗരത്തിന്റെ ഏതാനും വരകൾക്കപ്പുറത്തേക്കു് ആ എഴുപത്തിയാറുകാരൻ സഞ്ചരിച്ചിട്ടേ ഇല്ല! യുവാവായിരിക്കേ, രാജ്യത്തിന്റെ ഒരറ്റത്തു് നിന്നു് മറ്റേ അറ്റത്തേക്കു് സ്വയം പറിച്ചു നട്ട ആളായിട്ടും. എത്ര ആവശ്യപ്പെട്ടാലും ശരി, സ്വയം കല്പിച്ച നഗരാതിർത്തികൾ ലംഘിച്ചു് ഒരു യാത്രയ്ക്കുപോലും കൂട്ടുവരാൻ മുത്തച്ഛൻ ഒരുക്കമല്ല. “
ഈ ചുറ്റുവട്ടം വിട്ടെങ്ങുമില്ല. ഒരിക്കൽ പോപ്പി പുഷ്പങ്ങളുടെ ഉന്മത്തഗന്ധം തീണ്ടി അവശമായിപ്പോയ എന്റെ മനസ്സിനെ കഴുകി വെടിപ്പാക്കാൻ സഹായിച്ചതു് ഈ കുഞ്ഞൻ നഗരമാണു്. കടപ്പാടാണല്ലോ ഏറ്റവും വലിയ പ്രതിഫലം!”, ഓരോ തവണയും അദ്ദേഹം ഇങ്ങനെ പറഞ്ഞൊഴിഞ്ഞു, ഏകദേശം അരനൂറ്റാണ്ടോളം!
ഈയടുത്തു് ഒരു അത്താഴ സമയം. ഏറെ ആസ്വദിച്ചു കഴിക്കാറുള്ള ആവിയിൽ വേവിച്ച സാൽമൺ മത്സ്യം അദ്ദേഹം രുചിച്ചു നോക്കിയതേയില്ല. ലെമൺ ഗ്രാസ്സിട്ടു് തിളപ്പിച്ച വെള്ളം ജാറിൽ നിറയ്ക്കാനും അന്നാദ്യമായി മറന്നു. മത്സ്യത്തിന്റെ വീർത്തു നിൽക്കുന്ന ഉദരഭാഗം കുത്തിയെടുത്തു് ബെഞ്ചമിൻ നീട്ടിയപ്പോൾ ഫോർക്കും കത്തിയും പിഞ്ഞാണപ്പാത്രത്തിൽ സമാന്തരമായി വച്ചിട്ടു് ഒന്നും മിണ്ടാതെ മുത്തച്ഛൻ എഴുന്നേറ്റുപോയി.
രണ്ടു ദിവസം നീണ്ടുനിന്നു ആ മൗനം.
മുത്തച്ഛൻ പരിപാലിച്ചു പോന്നിരുന്ന ബാൽക്കണിയിലെ ചെടിപ്പറ്റങ്ങൾ സാവധാനം കരിഞ്ഞു തുടങ്ങി. അത്താഴശേഷം ഫ്ളാറ്റ് കോമ്പൗണ്ടിലൂടെ താഴോട്ടു് മാത്രം നോക്കിയുള്ള എട്ടു റൗണ്ട് നടത്തം തീർത്തും ഇല്ലാതായി. രാത്രിയാകാശത്തേക്കു് ഏറെനേരം തുറിച്ചുനോക്കുക, ടിവിയിൽ വരുന്ന ചരിത്ര നാടകങ്ങൾ മണിക്കൂറുകളോളം കണ്ടിരിക്കുക, പഴയകാല ലോക നേതാക്കന്മാരുടെ അത്രയൊന്നും പ്രസക്തമല്ലാത്ത വചനങ്ങൾ തേടിപ്പിടിച്ചു് കണ്ണിൽ കാണുന്ന നോട്ട് പുസ്തകങ്ങളിലോ ടിഷ്യു പേപ്പറുകളിലോ കുറിച്ചിടുക, ചോദിക്കുന്നതിനു് വ്യക്തമായ മറുപടി നൽകാതിരിക്കുക… അങ്ങനെ കഴിഞ്ഞ മുപ്പതു് വർഷങ്ങളിലൊരിക്കലും ബെഞ്ചമിൻ കണ്ടിട്ടില്ലാത്ത മട്ടും മാതിരിയും മുത്തച്ഛൻ പതിവാക്കി.
സ്വന്തം തിരക്കുകൾ മാറ്റിവച്ചു് മുത്തച്ഛനായി കൂടുതൽ സമയം നൽകിയിട്ടും കാര്യമുണ്ടായില്ല. സ്വതവേ ചുരുങ്ങിയതായിരുന്ന തന്റെ ഇടങ്ങളെ കൂടുതൽ ഇടുങ്ങിയവയാക്കി അദ്ദേഹം പുനഃക്രമീകരിച്ചു. ഡാൻസ് ബാറിന്റെ പ്രതീതിയുണ്ടായിരുന്ന തന്റെ വീടകം വാഴുന്നതു് ഇപ്പോൾ വിഷാദമൂകതയാണു് എന്നു പറഞ്ഞിട്ടു് ബെഞ്ചമിൻ കെഞ്ചി: “ജാൻ… ഇന്നു് രാത്രി നീ എന്റെ കൂടെയാവണം, പ്ലീസ്… നിനക്കും കാണാമല്ലോ എത്രമാത്രം മാറിപ്പോയി ഗ്രാൻഡ്പാ എന്നു്…”
ഞാൻ വരും. മനുഷ്യ മനസ്സുകളുടെ അശാന്തിതീരങ്ങളെ തേടി നടക്കാൻ കൊതിയേറെയുണ്ടല്ലോ ഈ ജാനകിക്കു്.
ഞാൻ വാക്കുകൊടുത്തു.
കൃത്യം ആറര മണിക്കു് തീൻമേശയിൽ അത്താഴവിഭവങ്ങൾ നിരത്തിയശേഷം മുത്തച്ഛൻ ടിവിക്കു് മുൻപിലേക്കു് നീങ്ങുമ്പോൾ ഞാനും ബെഞ്ചമിനും അതൊന്നും ശ്രദ്ധിക്കാത്തമട്ടിൽ ഞങ്ങളുടെ വൈനുമായി തീന്മേശയ്ക്കരികിലുണ്ടായിരുന്നു. എപ്പഴോ പാതി കണ്ടുതീർത്ത ഡോക്യുമെന്ററിയോ മറ്റോ ടിവിയിൽ വീണ്ടും ചലിക്കാൻ തുടങ്ങി.
സ്ക്രീനിൽ ഇടയ്ക്കിടയ്ക്കു് ആവർത്തിക്കുന്നുണ്ടോ ഒരു രംഗം?
ആൾക്കൂട്ടത്തിന്റെ കല്ലേറിൽ വീണു കിടക്കുന്ന ഒരു സ്ത്രീ.
രക്തം വാർന്നു് നിരത്തിലൂടെ ഇഴയുന്ന അവരെ അട്ടഹാസത്തോടെ തൊഴിക്കുകയും നെഞ്ചിൽ ആഞ്ഞുചവിട്ടാനായി ഊഴം കാത്തു നിൽക്കുകയും ചെയ്യുന്ന പുരുഷന്മാർ. അരുതെന്നു് യാചിച്ച ആ കണ്ണുകൾ പതിയെ അടയുന്നു. സെർബിയൻ വംശീയ കലാപമാണോ? അല്ലാ. കൊസോവോ? ഇറാനാണോ? അല്ല, ഇറാനുമല്ല.
ഒന്നുമാത്രം ഉറപ്പു്. കണ്ണിമ പൂട്ടാതെ ആ ദൃശ്യങ്ങളെ റിമോട്ടിനാൽ പിറകിലേക്കു് വലിച്ചു് പലയാവർത്തി കാണുന്നുണ്ടു് മുത്തച്ഛൻ. ആ ആവർത്തനങ്ങൾ ഞാൻ എണ്ണിയെങ്കിലും ഞാനതൊന്നും ബെഞ്ചമിനോടു് പറയാൻ പോയില്ല.
ഇടയ്ക്കെപ്പഴോ എഴുന്നേറ്റു് മുത്തച്ഛൻ മുറിയിലേയ്ക്കു് കയറി ഒച്ചയില്ലാതെ കതകടച്ചു. “
കണ്ടോ ജാൻ… മുൻപൊക്കെ നിന്നോടു് എന്തുമാത്രം സംസാരിക്കുമായിരുന്നു! നിന്റെ നാടു്, വീടു്, പഠിത്തം. പനങ്കള്ളു്. ഇപ്പോ നോക്കു്… പുറത്തെ യാതൊരു ചലനങ്ങളും അറിയാതെ ഒരു പ്യൂപ്പയ്ക്കകത്തു്… ജീവനുണ്ടെന്നു് പോലും പലപ്പോഴും തോന്നുന്നില്ല… സഹിക്കാൻ വയ്യ… പെട്ടെന്നു് ആരുമില്ലാത്തവനായപോലെ…” ഒറ്റ വലിക്കു് വൈൻ ഗ്ലാസ് കാലിയാക്കി ബെഞ്ചമിൻ.
കതകിലാരോ തട്ടുന്ന ശബ്ദം? ഒന്നല്ല, രണ്ടോ മൂന്നോ തവണ…
ഉരുണ്ട വാതിൽപ്പിടി ഇളകുന്നു. ഞങ്ങൾ അന്യോന്യം നോക്കി.
ബെഞ്ചമിൻ പതിയെ കതകു് തുറന്നു. മുറിയ്ക്കുള്ളിൽ മുത്തച്ഛൻ തലകുനിച്ചു് നിൽക്കുന്നു. നന്നായി വിയർക്കുന്നുണ്ടു്. “ “
ഞാനിന്നും അതേ സ്വപ്നം കണ്ടു മോനേ… അതുതന്നെ… ” മുത്തച്ഛൻ വിറയലോടെ അവന്റെ കയ്യിൽ പിടിച്ചു.
അതു്… അതൊരു പുഴയാണു്… അതിൽ നിറയെ ഉരുകി മറിയുന്ന ലാവ. ചേറിന്റെ നിറമുള്ള കുമിളകൾ. നിറുത്താതെയുള്ള ഗുൾ ഗുൾ ശബ്ദം. ഹോ. കര കവിയാൻ വെമ്പിക്കൊണ്ടു് തിളച്ചുമറിയുന്ന നദി. പിന്നെ… ഇരുഭാഗത്തും നീളത്തിൽ അണിനിരന്നിട്ടുള്ള അപരിചിതമായ വസ്ത്രവിധാനങ്ങളുള്ള സ്ത്രീപുരുഷന്മാർ. പതുക്കെ ഓരോ കുമിളകൾക്കുള്ളിൽ നിന്നും കറുത്ത ചുരുൾമുടിക്കെട്ടുകൾ ജലപ്പരപ്പിലേയ്ക്കു് ഒഴുകിപ്പരക്കാൻ തുടങ്ങും. പായ പോലെ മുടിയൊഴുകുന്ന കറുമ്പൻ നദി…! അതോടെ ഞാൻ ഞെട്ടിയുണരും… ” “
സ്വപ്നമല്ലേ… അതു് സാരമാക്കണ്ട. മുത്തച്ഛൻ ഒടുവിൽ എന്നോടൊന്നു് സംസാരിച്ചല്ലോ, എനിക്കതു മതി,” ഞാൻ അമ്പരന്നു നിൽക്കേ അവന്റെ ഗാഢാലിംഗനത്തിൽ പെട്ടു് ആ വൃദ്ധദേഹം ഉലഞ്ഞു. “
ബെഞ്ചമിൻ… എനിക്കെന്റെ ഗ്രാമം വരെയൊന്നു് പോണം. നീ വേണം കൊണ്ടു പോവാൻ”, മഞ്ഞിന്റെ മന്ദമായ പെയ്ത്തിനെ ചില്ലു ജനാലയിലൂടെ നോക്കി പാതി സ്വയമെന്നോണം മുത്തച്ഛൻ മന്ത്രിച്ചു. “
ജീസസ്! എത്ര നാളായി ഞാൻ കാത്തിരിക്കുന്നു! ഇതിൽപ്പരം സന്തോഷം മറ്റെന്തുണ്ടു്?”, ശരിയല്ലേ എന്ന അർത്ഥത്തിൽ എന്നെ നോക്കിക്കൊണ്ടു് ബെഞ്ചമിൻ പറഞ്ഞു.
ഞാൻ ആ സ്വപ്നത്തെക്കുറിച്ചു് ഓർത്തു നിൽക്കുകയിരുന്നു. സ്വപ്നങ്ങളെ വ്യാഖ്യാനിക്കൽ എന്റെ ഒരു കൊടുംവിനോദങ്ങളിലൊന്നാണെന്ന കാര്യം അന്നേരം അവനു് ഓർമ്മ വരാഞ്ഞതു് ഭാഗ്യം!
കാലപ്പഴക്കം മഞ്ഞനിറം പടർത്തിയ ഒരു കടലാസു് മുത്തച്ഛൻ തീൻ മേശയിൽ നിവർത്തിയിട്ടു.
ഭൂപടം. “
ഇതാ… നീ കണ്ടിട്ടില്ലല്ലോ”, ദേശത്തിന്റെ വിസ്തൃതി ഒടുങ്ങുന്നതിനടുത്തായുള്ള ഒരു ബിന്ദു ചൂണ്ടുവിരൽ മുനകൊണ്ടു് മുത്തച്ഛൻ മറച്ചു: “ഇതാ ഇവിടെയാണു് എന്റെ ഗ്രാമം.”
വർഷങ്ങളായി തേടിയലഞ്ഞ തന്റെ ജീവിതത്തിന്റെ ഉരുവം കണ്ടറിഞ്ഞപ്പോൾ ഒരു കൊച്ചുകുഞ്ഞിനെപ്പോലെ ബെഞ്ചമിൻ ഉല്ലാസവാനായി. പിന്നീടെല്ലാം അതിവേഗത്തിലായിരുന്നു.
മറുത്തെന്തെങ്കിലും പറയുന്നതിനു് മുൻപേ മൊബൈലിൽ മൂന്നു പേർക്കുള്ള വിമാന ടിക്കറ്റിന്റെ തുകയിൽ അവന്റെ ചൂണ്ടുവിരൽ അമർന്നു. മണിക്കൂറുകളോളം യൂണിവേഴ്സിറ്റി ലാബിലിരിക്കൽ നിർബന്ധമായ നാളെയെക്കുറിച്ചു് സൗകര്യപൂർവം ഞാൻ മറന്നു.
വിമാനത്താവളത്തിൽ ഇറങ്ങിയ ഞങ്ങളെ വരവേറ്റതു് കടുത്ത തണുപ്പായിരുന്നു. വേണ്ടതിലധികം കട്ടിവസ്ത്രങ്ങൾ മുത്തച്ഛൻ പുതച്ചിരുന്നു. ആ കൊടുംശൈത്യത്തിലും ലളിതമായതെന്തോ അനുഭവിക്കുന്നവന്റെ കൂസലില്ലായ്മയായിരുന്നു അദ്ദേഹത്തിനു്.
വാടകയ്ക്കെടുത്ത കാറിലെ ജി പി എസ് ഡിവൈസിനെ പിൻപറ്റി ഞങ്ങൾ യാത്ര തുടങ്ങി. “ “
അൻപത്തിയാറു് മിനിറ്റുണ്ടു്. അവിടെ ഗ്രാൻഡ്പയുടെ പഴയകാല സുഹൃത്തുക്കളും ബന്ധുക്കളുമെല്ലാം കാണുമായിരിക്കും അല്ലേ? ഞാൻ വലിയ ത്രില്ലിലാണു്”, സ്റ്റിയറിങ്ങിൽ വലംകൈ കൊണ്ടു് ആഞ്ഞടിച്ചു് ബെഞ്ചമിൻ ഉറക്കെ ചിരിച്ചു.
കൈകൾ കാലിടുക്കിലേക്കു് തിരുകി ഒരക്ഷരംപോലും ഉരിയാടാതെ തല താഴ്ത്തി ഇരുന്നതേയുള്ളു മുത്തച്ഛൻ. തടവറ ജീവിതം അവസാനിച്ചു് തെളിവാർന്ന പുറംവെളിച്ചം കാണുന്ന ഒരാളെപ്പോലെ അദ്ദേഹം ആർത്തുല്ലസിക്കുമെന്ന എന്റെ കണക്കുകൂട്ടൽ അപ്പാടെ തെറ്റി. പിന്നിലേക്കു് കുതിച്ചുമറയുന്ന, രാജ്യത്തിന്റെ ചരിത്രപ്രധാനമായ സ്തൂപങ്ങളും മലനിരകളും വാസ്തുശില്പങ്ങളും അദ്ദേഹത്തിന്റെ ശ്രദ്ധയിൽപ്പെട്ടില്ല.
ഗ്രാമം തീരാനായല്ലോ… എവിടെയാണു്?”, മുത്തച്ഛനെ ഉണർത്തിയതു് അവന്റെ ഒച്ച. “
ഈ ഗ്രാമം ഒരു ദിശാസൂചി മാത്രം. അറ്റം വരെ പോവണം, ഒടുങ്ങുമ്പോഴാണു് തുടക്കം… ”, അദ്ദേഹത്തിന്റെ തീർത്തും അപരിചിതമായ സ്വരം.
ഒടുവിൽ പാതയോരത്തു് നാട്ടിവച്ച ഒരു ഇരുമ്പുബോർഡ് കണ്ടപ്പോൾ കാർ നിർത്താനായി മുത്തച്ഛൻ ബെഞ്ചമിനെ തൊട്ടു. യുനെസ്കോയുടെ ലോക പൈതൃക കേന്ദ്രങ്ങളിലൊന്നായ, ഈ രാജ്യം വിട്ടുപോകും മുന്നേ ഒരിക്കലെങ്കിലും കാണണമെന്നു് ഞാൻ തീർച്ചപ്പെടുത്തിയിട്ടുള്ള ഗ്രാമത്തിന്റെ പേരു് ഇരുമ്പുപലകയിൽ!
അങ്ങിങ്ങായി മഞ്ഞു കൂമ്പാരമുള്ള വൃത്തിയുള്ള ഇടം. പുതിയകാല നിർമ്മിതിയിലെ ഒന്നുരണ്ടു് കടമുറികൾ ഉണ്ടെന്നതൊഴിച്ചാൽ ചുണ്ണാമ്പുകല്ലുകൊണ്ടു് പണിത സാമ്പ്രദായിക രീതിയിലുള്ള പഴഞ്ചൻ വീടുകളുടെ ശേഷിപ്പുകൾ. അല്പം മാറിയെങ്ങോ ഒഴുകുന്ന വെള്ളത്തിന്റെ ഒച്ച. വീതി കുറഞ്ഞ വീഥിയിലെങ്ങും നാനാജാതി ചുവന്ന പൂക്കൾ; മിക്കതും കോൺ പോപ്പിപ്പുഷ്പങ്ങൾ…
മുന്നോട്ടേക്കു് നീങ്ങുംതോറുമുള്ള പല കാഴ്ചകളും എന്റെ ഹൃദയത്തിൽ പതിയുന്നതു് കറുപ്പിലും വെളുപ്പിലും മാത്രമാണു്. കുതിരകളെ പൂട്ടിയ വണ്ടികൾ എനിക്കു് ചാരെയായി ശബ്ദത്തോടെ കുതിക്കുന്നു. അതിനുള്ളിൽ പലവിധ വേഷങ്ങളിൽ ഗമയോടെ ഇരിക്കുന്ന പുരുഷന്മാർ. അവരുടെ ആക്രോശങ്ങൾ. പിറകിലേക്കു് വിരിച്ചിട്ട ഓർഗൻസ ഗൗണുകളണിഞ്ഞ ഇരുണ്ടതും മഞ്ഞച്ചതും തവിട്ടും വെളുപ്പും തൊലി നിറമുള്ള കൗമാരക്കാരികൾ കറുപ്പിനും വെളുപ്പിനുമിടയിലെ നിറഭേദങ്ങളിൽ എന്നെ തൊട്ടോടുന്നു. അവരുടെ നടപ്പിലാകെ നിറഞ്ഞിരുന്നതു് ഭയം.
പുകമഞ്ഞിലൂടെയെന്നോണം സഞ്ചരിച്ചു ഞാൻ. ഒരിക്കലും അറിഞ്ഞിട്ടില്ലാത്ത ഏതോ ഒരു കാലത്തിന്റെ സ്പർശം മനസ്സിനെ നനച്ചു. ആ നനവിൽ തട്ടി സാവകാശം ഞാൻ ചീർത്തു. കാറ്റിനൊപ്പം പാറിപ്പറന്നു് കണ്ണിലേക്കെത്തിയ മഞ്ഞുതുള്ളിയാൽ വീണ്ടും മുൻപിൽ വർണ്ണങ്ങൾ തെളിഞ്ഞു. ദേഹം കിടുകിടാ വിറച്ചു. അന്ധാളിപ്പോടെ ബെഞ്ചമിനെന്നെ അണച്ചു പിടിച്ചു.
ഞങ്ങളെ ശ്രദ്ധിക്കാതെ, മന്ദതയോടെ മുൻപോട്ടു് നടക്കുകയായിരുന്നു മുത്തച്ഛൻ. അനേക വർഷങ്ങൾക്കു് ശേഷം സ്വന്തം മണ്ണിലേക്കുള്ള മടങ്ങിവരവു് ഇത്രയേറെ ഉൾത്തുള്ളലില്ലാതെ സമീപിക്കുന്ന ആ മനുഷ്യൻ എന്നെ വീണ്ടും അത്ഭുതപ്പെടുത്തി. തെരുവിലെത്തിയതും രണ്ടു മരങ്ങൾക്കിടയിലെ മരബെഞ്ചിലെ മഞ്ഞു് തൂത്തുമാറ്റി പതിയെ അദ്ദേഹം ഇരുന്നു. “
ഇവിടെ ആരാണുള്ളതു്? ആൾപ്പാർപ്പില്ലല്ലോ?”, അവന്റെ ചോദ്യം അദ്ദേഹം കേട്ടില്ലെന്നു് തോന്നി. “
അതാ… ആ ഒഴിഞ്ഞ ഇടമില്ലേ… അവിടെയായിരുന്നു അവളുടെ മാമയുടെ കട. അവളും മാമയും ജീവിച്ചിരുന്നയിടം… ”, എതിർ ഭാഗത്തേക്കു് ചൂണ്ടി പറഞ്ഞു തുടങ്ങിയതും വാക്കുകൾ ഇടറി മുത്തച്ഛന്റെ ചുണ്ടുകൾ വിറയ്ക്കാൻ തുടങ്ങി. “
ഞാൻ മാത്രം അവളെ പോപ്പി എന്നു് വിളിച്ചു. ചുമപ്പിന്റെ തേജസ്സുള്ളവൾ; എന്റെ ചെന്താരകം!”
ആ നരച്ച കൺപീലികൾ നനച്ചുകൊണ്ടു് അന്നേരം ഒലിച്ചിറങ്ങിയതിന്റെ ചൂടിനെ തീർത്തും മനസ്സിലായില്ലെങ്കിലും അരികിലിരുന്നു് അദ്ദേഹത്തെ ബെഞ്ചമിൻ തന്റെ നെഞ്ചിലേക്കു് ചേർത്തു.
കഥയ്ക്കായി എന്റെ കാതുകൾ കൂർത്തു.
അമ്പതു് വർഷങ്ങൾക്കപ്പുറത്തെ അതേ തെരുവു്.
രാവിലെകളിൽ കടയ്ക്കു് മുൻപിൽ തിരക്കാണു്. ഔഷധസസ്യങ്ങളിട്ടു് തിളപ്പിച്ച വെള്ളം ചൂടോടെ വിൽക്കുന്ന ഒരേയൊരു കട. ധനികരുടെ വീടുകളിൽ നിന്നുള്ള ഭൃത്യകൾ യജമാനത്തിമാർക്കു് കുളിക്കാനായുള്ള ചൂടുവെള്ളം വാങ്ങാൻ പുലർച്ചേതന്നെ വന്നു് നിരയായി നിൽക്കും. ഒരിക്കലും ആർക്കും തികയാതെ വരില്ല. “
എന്റെ മുതുമുത്തച്ഛന്റെ കാലം മുതൽക്കേയുള്ള ഞങ്ങളുടെ അവകാശമാണു് ഈ ചൂടുവെള്ള വില്പന. ഒരുകാലത്തും അതിനു് മുടക്കം വരില്ല… ”, വലിയ അടുപ്പുകൾക്കു മുകളിലുള്ള അണ്ടാവുകളിൽ കിടന്നു തിളയ്ക്കുന്ന വെള്ളം നീളൻ പിടിയുള്ള ഇനാമൽ കോപ്പയാൽ കോരിയെടുക്കുന്നതിനിടെ പോപ്പിയുടെ മാമ പൊങ്ങച്ചം പറയും. അതു കേൾക്കെ ഇടപാടുകാരായ സ്ത്രീകൾ പരസ്പരം നോക്കി കണ്ണിറുക്കും.
ഒന്നിലും ഇടപെടാതെ ആരെയോ പ്രതീക്ഷിച്ചെന്നപോലെ തൂണും ചാരി അവളുണ്ടാവും. പോപ്പി.
മിഷനറിമാർ ചോളപ്പാടത്തിനോടു് ചേർന്നു് പണിത ചെറിയ ചർച്ചിന്റെ പിറകുവശത്തെ സൈപ്രസ് മരത്തിന്റെ ചുവട്ടിൽ വച്ചാണു് വൈകിയ രാത്രികളിൽ അവനും പോപ്പിയും സന്ധിക്കാറു്. ആരൊക്കെയോ കത്തിച്ചുവെച്ച ഗന്ധത്തിരികളുടെ പല വാസനകൾ അവരുടെ കൊഞ്ചലുകളിൽ കലരും. പുറംതിരിഞ്ഞു് പോപ്പി ഇരിക്കുമ്പോൾ ചുരുളൻ മുടി ഭംഗിയായി മെടഞ്ഞു് അവൻ റിബണിട്ടു് മുറുക്കും. തടിമിടുക്കുള്ള അഞ്ചു ആൺമക്കൾ വേണമെന്നു് അവൾ പറയും. വേണ്ടാ, കുഞ്ഞിച്ചെന്താരകങ്ങൾ പോലെ അഞ്ചു പെണ്മക്കൾ മതിയെന്നു് അവനും. തന്റെ പൊടിമീശ പോപ്പിയുടെ വലതു ചെവിക്കു് താഴെയായി അമർത്താൻ അവൻ തിടുക്കപ്പെടുമ്പോൾ അവൾ കുതറിമാറും. നിലാവിൽ ചലിക്കുന്ന അഴകാർന്ന പെൺകുതിരയെപ്പോലെ അവൾ ഓടിമറയും; അടക്കിപ്പിടിച്ച ചിരിയോടെ പിറകെ അവനും.
മാസത്തിലെ രണ്ടാഴ്ചക്കാലം അവൻ പട്ടണത്തിലായിരിക്കും; തത്ത്വശാസ്ത്രപഠനമാണു്. യാത്ര പുറപ്പെടുന്ന പുലരികളിൽ അവളാകെ ഖിന്നയാകും. മാമയറിയാതെ കൊണ്ടുവന്ന, പഞ്ചസാരപ്പാനിയിൽ മുക്കിയെടുത്തു് ഉണക്കിയ കിവിപ്പഴങ്ങളും തോടു പൊട്ടിച്ച ഒരു പിടി വാൾനട്ടുകളും അവന്റെ തുണിസഞ്ചിയിലേയ്ക്കു് ഭദ്രമായി തിരുകും. മേലങ്കിയുടെ അറ്റം വിരലിൽ ചുറ്റി നിറുത്താതെ കണ്ണീരൊഴുക്കും.
പോപ്പിയെ എഴുതാൻ പഠിപ്പിച്ചതു് അവനാണു്. ഗുരുദക്ഷിണയായി കറുത്ത ചായം മുക്കിയ നീളൻ ബ്രഷിനാൽ വെളുത്ത തുണിയിൽ ദിവസവും അവൾ സന്ദേശങ്ങളെഴുതും. തിരിച്ചു വരുന്ന പ്രണയത്തിനായി ആർത്തിയോടെ കാത്തിരിക്കും.
എല്ലാം മാറ്റമില്ലാതെ തുടർന്നു; മാറ്റത്തിനായുള്ള കാഹളം മുഴങ്ങുന്നതുവരെ.
ഒരു ശൈത്യകാലത്തു് പച്ച നിറത്തിലുള്ള മുഴുക്കയ്യൻ ഷർട്ടും പാന്റ്സും കൈമുട്ടിനു അല്പം മുകളിലായി ചുവന്ന ബാഡ്ജും ധരിച്ചു് ആണും പെണ്ണുമടങ്ങിയ യുവാക്കളുടെ കൂട്ടം നഗരത്തിൽ നിന്നു് ഗ്രാമത്തിലേക്കെത്തി. പച്ചത്തൊപ്പിയിൽ ചുവപ്പൻ അടയാളം. കൈപ്പിടിയിൽ കുഞ്ഞു ചുവപ്പൻ പുസ്തകം. അവനടക്കമുള്ള ഗ്രാമവാസി യുവാക്കൾ അമ്പരന്നു.
തുച്ഛമായ ദിനങ്ങൾ കൊണ്ടു് പച്ചക്കടലായി മാറി ഗ്രാമം.
വംശീയ വേട്ടയാടലും ലോകമഹായുദ്ധവും കഴിഞ്ഞു് ജനങ്ങൾ നടുനിവർത്തി വരുന്ന കാലമാണു്. പണ്ടെങ്ങോ പണയം വെക്കപ്പെട്ട ആത്മാഭിമാനം, അന്തസ്സു്, സന്തോഷം ഒക്കെ തിരിച്ചെടുത്തു തുടങ്ങിയ വിപ്ലവാനന്തരകാലം.
പോകപ്പോകെ വിപ്ലവത്തിന്റെ തീവ്രത കുറഞ്ഞു വരുന്നോ എന്നായി അധികാരികളുടെ സന്ദേഹം. ജന്മികളും മാടമ്പികളും ചിന്തിക്കുന്ന ധിഷണാശാലികളും സംശയച്ചൂടിൽ ഉരുകി. അവിശ്വസിക്കുന്നവരെയും ഒറ്റുകാരെയും മുച്ചൂടും നശിപ്പിക്കാനുള്ള വിളംബരത്തോടെ തെരുവിലേക്കിറങ്ങിയ പടയ്ക്കു് ഗ്രാമം ചെമ്പടയെന്നു് പേരിട്ടു. ചിരിക്കുകയോ നല്ല വാക്കുകൾ പറയുകയോ ചെയ്യാത്ത ആ കൂട്ടത്തെ ദുരാത്മാക്കളാൽ ആവാഹിക്കപ്പെട്ടവർ എന്നവർ സ്വകാര്യമായി പറഞ്ഞു.
മുന്തിയതെന്നു് അവർ തീരുമാനിക്കുന്ന വീടുകൾ കൊള്ളയടിക്കപ്പെട്ടു. അധ്യാപകരുടെ കൈകൾ തല്ലിയൊടിച്ചു. മേദസ്സുള്ള ദേഹമുള്ളവരെ ധനികരെന്നു് മുദ്രകുത്തി മുതുകു് വളച്ചു് കൈകൾ പിറകിലേക്കു് പിണച്ചുകെട്ടി തല കുനിച്ചു നിർത്തി ചാട്ടവാറിനാൽ പ്രഹരിച്ചു.
വിപ്ലവത്തിനായുള്ള ആഹ്വാനം തെറിച്ചു നിൽക്കുന്ന യുവതയുടെ കാല്പനിതയ്ക്കു് വീണ്ടും വീണ്ടും ഇന്ധനം പകർന്നു. യുവാക്കൾ കൂട്ടത്തോടെ ചെമ്പടയിൽ ചേർന്നു. ചുണ്ണാമ്പിനാലും ഇഷ്ടികയാലും കെട്ടിപ്പൊക്കിയ മനോഹര സൗധങ്ങളെല്ലാം അഗ്നി തീണ്ടിയ കറുകറുപ്പൻ കൂമ്പാരങ്ങളായി മാറി. സകല വിശുദ്ധരുടെയും ദൈവങ്ങളുടെയും രൂപങ്ങളും ഭവനങ്ങളും തെരുവിന്റെ മൂലകളില്‍ കിടന്നു് ചവിട്ടുകളേറ്റു വാങ്ങി ചളുങ്ങി.
തെളിവാർന്ന ആകാശത്തെ ചാരം മൂടി.
കുത്തിനാട്ടിയ തീപ്പന്തങ്ങളുമായി രാത്രികളിൽ മൈതാനത്തു് തമ്പടിച്ചു് ചുവപ്പൻ പുസ്തകം നോക്കി വായിച്ചു് ആവേശം കൊള്ളുന്ന ചെമ്പടയിൽ മറ്റു പല ചെറുപ്പക്കാരെയും പോലെ അവനും ആകൃഷ്ടനായി. ഗ്രാമമധ്യത്തിൽ വച്ചു് അവനാദ്യമായി മുഷ്ടി ചുരുട്ടി.
വേവലാതി പൂണ്ട പോപ്പിയുടെ അന്നേ രാത്രിയിലെ ചോദ്യങ്ങൾക്കെല്ലാം അവൻ വ്യക്തമായ ഉത്തരങ്ങൾ നൽകി. നമ്മൾ കഴിയുന്ന അതേ ദാരിദ്ര്യത്തിലേയ്ക്കുതന്നെ കുഞ്ഞിച്ചെന്താരകങ്ങളെയും ജനിപ്പിച്ചിടണോ എന്ന ചോദ്യത്തോടെ അവളുടെ ചെഞ്ചുണ്ടുകളെ അവൻ പാതി പൂട്ടിക്കെട്ടി. കണ്ണും മനസ്സും മുറുക്കിയടച്ച പോപ്പി മാറ്റത്തെ സ്വാഗതം ചെയ്തതായി നടിച്ചു.
നാളുകൾക്കുള്ളിൽ അവന്റെ മുഖത്തെ തേജസ്സു് ഇരുട്ടിലേക്കു് മങ്ങി. കണ്ണുകളിലെ കാരുണ്യം രൗദ്രത്തിലേക്കു് തിളച്ചുപൊങ്ങി. ദണ്ഡും തുകൽ ചാട്ടയുമായി പകൽ മുഴുക്കെ ഒരു വിഭാഗം ജനങ്ങളെ പെടാപ്പാടു് പെടുത്തിയപ്പോഴും പാതിരാ നേരങ്ങളിൽ പോപ്പിയുടെ മൃദുവായ കൈക്കുമ്പിളിൽ മുഖം ചേർത്തു് തണുപ്പു് പറ്റാനും ചുവന്ന മേനിയിലപ്പാടെ ദ്യുതിക്കുന്ന താരകങ്ങളെ പ്രണയത്തോടെ പരതാനും അവൻ മറന്നില്ല.
ചോളപ്പാടത്തിനോടടുത്തു് മുമ്പു് നിലനിന്നിരുന്ന ചർച്ചിനെക്കുറിച്ചു് അവൾ ഒരിക്കലും ചോദിച്ചില്ല. “
സ്ഥിതിഗതികളെല്ലാം ഉടൻ സ്വസ്ഥമാവും ചെന്താരകമേ… തലയുയർത്തിപ്പിച്ചു് നമ്മെപ്പോലുള്ളവർക്കും ഈ രാജ്യത്തു് കഴിയാനാവും. ഹാ, എത്ര നല്ല നാളെകളാണു് നമ്മെയും കാത്തിരിക്കുന്നതു്!”, ആത്മവിശ്വാസത്തിന്റെ ആകാശത്തു് പുഞ്ചിരിയോടെ വട്ടമിട്ടു പറന്നു അവൻ. “
എങ്കിലും… പേടിയാവുന്നു. ഈ വിപ്ലവകാലം കഴിയുമ്പോഴേക്കും എനിക്കു് നിന്നെ… അതു് ഞാൻ സഹിക്കാം. പക്ഷേ, നിനക്കു് നിന്നെത്തന്നെ നഷ്ടപ്പെടുന്നതു് ഞാനെങ്ങനെ സഹിക്കും?”
ഒഴുകിത്തുടങ്ങിയ കണ്ണുകളോടെ പോപ്പി തന്നെ നോക്കിയ രാവുകളിലൊന്നിൽ “വിപ്ലവകാരിയുടെ ചുംബനത്തിനു് നരകത്തീയേക്കാൾ ചൂടുണ്ടു് പ്രിയപ്പെട്ടവളേ” എന്നു പറഞ്ഞു് അവളുടെ ചുണ്ടുകളെ അവൻ പരിപൂർണ്ണമായും പൂട്ടിക്കെട്ടി.
ഗ്രാമത്തിലെങ്ങും ഉടൻ സ്വാസ്ഥ്യം പൊട്ടിമുളയ്ക്കുമെന്ന മനസ്സുറപ്പും പേറി, സൂര്യൻ മറഞ്ഞാൽ മാത്രം അനുഭവേദ്യമാവുന്ന അവന്റെ ദേഹച്ചൂടിൽ വർഷങ്ങളോളം പോപ്പി സമാധാനം കണ്ടെത്തി.
ഒരിക്കൽ, കൂട്ടത്തെ ഒറ്റു കൊടുത്തുവെന്നു് ചെമ്പടയാൽ ആരോപിക്കപ്പെട്ട ഒരാൾ പ്രാണഭയത്താൽ ഓടിക്കയറിയതു് അവരുടെ കടയിലേക്കാണു്. ചൂടില്ലാത്ത അടുപ്പുകൾക്കു് മുകളിൽ വിശ്രമിക്കുന്ന അണ്ടാവുകൾക്കു് പിറകിലായി ആ മനുഷ്യൻ ഒളിച്ചു. കടയിലേക്കു് പാഞ്ഞുകയറിയ പടയുടെ കൂട്ടത്തിലുണ്ടായിരുന്നു അവനും. അയാളെ പിടിച്ചു കെട്ടിയതോടൊപ്പം ഭീമൻ അടുപ്പുകളും ഇനാമൽ കോപ്പകളും വലിയ മൺഭരണികളും ഉടഞ്ഞു നിരന്നു, പിച്ചള കൊണ്ടുള്ള പാത്രങ്ങളുടെ വശങ്ങൾ മടങ്ങി. പേടിച്ചരണ്ട മുഖത്തോടെ മാമയുടെ പിറകിൽ നിന്നു് തന്നെ നോക്കുന്ന പോപ്പിയെ കണ്ടിട്ടും അവന്റെ കണ്ണുകളിൽ കരുണ തെളിഞ്ഞില്ല. കുപിതയായ മാമയുടെ നിസ്സഹായമായ അലർച്ചകളെ സമാധാനിപ്പിക്കാനാവാത്തവണ്ണം അവന്റെ രൗദ്രഭാവം അവളെ അപ്പാടെ ഉലച്ചു കളഞ്ഞു.
എക്കാലത്തും തന്റെ അഭിമാനമായിരുന്ന ഉപജീവനമാർഗ്ഗം തല്ലിത്തകർത്തവരെ പ്രാകിക്കൊണ്ടു് ആ സ്ത്രീ തെരുവിലിരുന്നു. പിന്നെ ഭ്രാന്തിയെപ്പോലെ നടന്നു് ഒരു കെട്ടു് ചുവപ്പൻ പുസ്തകങ്ങൾ സംഘടിപ്പിച്ചു. തകർന്നുപോയ തന്റെ കടയ്ക്കു മുൻപിൽ ഒരു ഭീമൻ അടുപ്പു് കൂട്ടി. നിറയെ വെള്ളമൊഴിച്ച വലിയൊരു അണ്ടാവിലേക്കു് കോൺ പോപ്പി പുഷ്പങ്ങൾ ധാരാളമായി ചൊരിഞ്ഞു.
ചുവപ്പൻ പൂക്കളുടെ വൃഷ്ടി!
ആളുകൾ കൂട്ടം കൂടി. വിറകിനു പകരം ചുവന്ന പുസ്തകങ്ങൾ കൂട്ടിയിട്ടു് അവർ അടുപ്പു് കത്തിച്ചു. ആ കാഴ്ചക്കു് സാക്ഷിയായാൽ പോലും നേരിടേണ്ടി വരുന്ന ഭവിഷ്യത്തുകൾ ഓർത്തു് ആളുകൾ നടുങ്ങി മാറി.
രക്തം തിളച്ചുമറിയുന്ന പോലെ ചുവന്ന വെള്ളം തിളച്ചു. ചുമപ്പൻ ആവി പറന്നു.
മത്തു പിടിപ്പിക്കുന്ന വിപ്ലവഗന്ധം പ്രസരിക്കാൻ തുടങ്ങിയതും ചുറ്റിലുമുള്ള വൃദ്ധന്മാർ ഭയപ്പാടോടെ ചിതറിയോടി.
അതായിരുന്നു തുടക്കവും ഒടുക്കവും.
ദേഹമൊട്ടാകെ വെട്ടേറ്റു് ചോരയിൽ സ്നാനം ചെയ്യപ്പെട്ട പിണമായി അതേ തീ അണയും മുന്നേ ഒടിഞ്ഞുതൂങ്ങി വീണുകഴിഞ്ഞിരുന്നു മാമ. അടുത്ത നിമിഷം പോപ്പിക്കു് വേണ്ടിയായി അവരുടെ വേട്ട. മാമയ്ക്കായി അണ്ടാവു് എടുത്തു കൊടുത്തുവെന്ന കുറ്റമാണു് അവളിൽ ചുമത്തപ്പെട്ടതെന്നു് മൈതാനത്തു് വച്ചുള്ള അന്തിച്ചർച്ചയിൽ നിന്നും അവൻ മനസ്സിലാക്കി.
പകൽ മുഴുവൻ ഒളിച്ചു നടന്നു് പോപ്പി ചെമ്പടയെ വിദഗ്ദ്ധമായി കബളിപ്പിച്ചു. അവനിലെ വിപ്ലവകാരിയുടെ കണ്ണിൽപ്പെടാതെ അവനിലെ പ്രണയിയെത്തേടി പതിവു് സമാഗമസ്ഥലങ്ങളിൽ മുടങ്ങാതെ അവളെത്തി. ചന്ദ്രവെട്ടത്തിൽ തുളുമ്പിവീണ ചെന്താരകത്തെപ്പോലെ നിർമ്മലമായുള്ള പോപ്പിയുടെ നിൽപ്പു് കണ്ടിട്ടും ഒരിക്കൽ പോലും അവൻ അങ്ങോട്ടേക്കു് പോയതേയില്ല.
ഗത്യന്തരമില്ലാതെയാവണം, നദിക്കരയിൽ അവർക്കു് മാത്രമറിയുന്ന സ്ഥലത്തു് വെളുത്ത ചെറിയ പരുത്തിത്തുണികളിൽ അവനായുള്ള ഒരു കൂട്ടം സന്ദേശങ്ങൾ അവൾ സൂക്ഷിച്ചുവച്ചു.
ഒരിക്കലെങ്കിലും എന്റെ അരികിലേക്കു് വരൂ പ്രിയനേ!
അവിചാരിതമായി അവൻ കണ്ട സന്ദേശങ്ങൾക്കെല്ലാം ഒരേ ചുവയായിരുന്നു.
ഇടയ്ക്കെല്ലാം അവളുടെ കൈപ്പത്തിയുടെ ഊഷ്മളതയോർത്തു് അവൻ വല്ലാതെ മോഹിതനാവും. ഒന്നു് കാണാൻ തിടുക്കം തോന്നും. പക്ഷേ, അപ്പോഴെല്ലാം ചുവപ്പൻ പുസ്തകത്തിലേക്കു് മനഃപൂർവ്വം അവൻ കൈകൾ നീട്ടി. “
നീ ആത്മാർത്ഥമായി പോപ്പിയെ പ്രണയിച്ചിരുന്നില്ലേ…?”
അവന്റെയുള്ളിൽ എല്ലാ രാത്രികളിലും ഈ ചോദ്യമുണരും. “
അതെ. അവളെന്റെ സത്യമായ പ്രണയം തന്നെയാണു്. പക്ഷേ, ഒന്നാമത്തെ പ്രണയം രാജ്യത്തോടാണു്.”
എല്ലാ രാവുകളിലും ഒരേയുത്തരം അവൻ സ്വയം നൽകും. “
ബെഞ്ചമിൻ…!”
വിളി കേട്ടതും ഞെട്ടിത്തരിച്ചതു് ഞാനാണു്.
അവൻ മുത്തച്ഛനിലേക്കു് ഒന്നുകൂടെ ചേർന്നിരുന്നു. “
ഒരുപാടു് നാളത്തേക്കൊന്നും എന്റെ ചെന്താരകത്തിനു് ഒളിവു് ജീവിതം സാധ്യമായില്ല. ചർച്ചിന്റെ കൽക്കൂട്ടാവശിഷ്ടങ്ങൾക്കിടയിൽ നിന്നു് കണ്ടെത്തിയ അവളെ മുടിക്കു കുത്തിപ്പിടിച്ചു് തെരുവിന്റെ മധ്യത്തിലേക്കു് അവർ വലിച്ചിഴച്ചിട്ടു. ആർപ്പുവിളികളോടെ പുലഭ്യം പറഞ്ഞു. നിരത്തിൽ പരന്നു കിടന്ന മുടി വാരിയെടുത്തു് അരിവാളിനാൽ അറുത്തെടുത്തു. കൈകൾ പിറകിലേക്കു് പിടിച്ചുകെട്ടി മുട്ടുകുത്തിച്ചു് ഇരുത്തിച്ചു. അങ്ങേയറ്റം നിശ്ശബ്ദയായ പാവം പെണ്ണു്… എന്റെ പോപ്പി; എന്റെ മുഖത്തേക്കു് അവൾ ഒരിക്കൽപ്പോലും നോക്കിയതേയില്ല!”
മുത്തച്ഛൻ പതുക്കെ എഴുന്നേറ്റു. ഓരോ ചവിട്ടടികളും എണ്ണിത്തിട്ടപ്പെടുത്തുന്ന പോലെ മുന്നിലേക്കും വശങ്ങളിലേക്കും നടന്നു.
കൂടെ ഞങ്ങളും. “
ഇതാ, ഇവിടെ ഈ മൈൽക്കുറ്റിക്കിപ്പുറത്താണു് അവളുടെ വിചാരണ നടന്നതു്. കൂട്ടത്തിലൊരുത്തി ചുവപ്പൻ പുസ്തകം വച്ചുനീട്ടി വായിക്കാൻ പറഞ്ഞപ്പോൾ മാത്രം തലയുയർത്തി ഇമപ്പീലികൾ അനക്കാതെ പോപ്പി എന്നെ നോക്കി. ആ നോട്ടത്തിന്റെ തീരാ പൊള്ളലിന്മേലെയാണു് കുഞ്ഞുങ്ങളേ ഇന്നുവരെയുള്ള എന്റെ ഓട്ടം. ആ നോട്ടത്തിന്റെ അന്ത്യം അവളുടെ നീട്ടിയുള്ള ഒരു തുപ്പായിരുന്നു. എന്റെ മുഖത്തേക്കല്ല; പുസ്തകത്തിലേക്കു്… അതോടെ പടയ്ക്കു് പേയിളകി. തുകൽ വാറു കൊണ്ടുള്ള പ്രഹരങ്ങളിലും ചവിട്ടുകളിലും അവരുടെ രോഷം ശമിച്ചില്ല. തറയിലാകെ രക്തച്ചാലുകൾ ഒഴുകി. മുഷ്ടി ചുരുട്ടിപ്പിടുച്ചു് ഞാൻ തിരിഞ്ഞു നടന്നു… ”
മുത്തച്ഛനെ പിൻതുടർന്നു് നദിക്കരയിലേക്കെത്തിയതു് ഞങ്ങൾ അറിഞ്ഞില്ല. “
നിനക്കറിയാമോ ബെഞ്ചമിൻ… ഒന്നു കൊന്നു തരാമോ എന്നവൾ തെളിച്ചമില്ലാത്ത ശബ്ദത്തിൽ പറയുന്നതു് എനിക്കു് മാത്രം കേൾക്കാമായിരുന്നു. ഇരുകാലുകളും കൂട്ടിക്കെട്ടി മൃതസമാനമായ ശരീരത്തെ ചുമലിലേറ്റി അവർ നേരെ നടന്നതു്, ഇതാ, ഈ നദിക്കു് നേരെയാണു്. ദിവസങ്ങളായി പെയ്ത മഴയിൽ ചെളിനിറം പൂണ്ട പുഴയുടെ ഉള്ളറയിലേയ്ക്കു് ആരവം മുഴക്കിക്കൊണ്ടു് അവർ എന്റെ പോപ്പിയെ ആഞ്ഞെറിഞ്ഞപ്പോൾ ടെന്റിനുള്ളിരുന്നു് ചുവപ്പൻ പുസ്തകത്തിലെ വരികൾ ഉറക്കെയുറക്കെ വായിക്കുകയായിരുന്നു ഞാൻ!”
മുത്തച്ഛൻ പറഞ്ഞുനിർത്തിയതും ഏങ്ങലോടെ ബെഞ്ചമിൻ അദ്ദേഹത്തെ ഇറുകെപ്പിടിച്ചു. വാക്കുകളെല്ലാം തീർന്നുപോയ ജഡസമാനമായ മനുഷ്യരായിത്തീർന്നു ഏറെനേരത്തേക്കു് അവരിരുവരും. “
എന്റെ ചെന്താരകം… ”, കുറച്ചു കഴിഞ്ഞു് ഒരു ഞരക്കം പോലെ മുത്തച്ഛന്റെ സ്വരം വീണ്ടുമുയർന്നു. “എനിക്കിവിടെ കാണാനുള്ളതു് അവളെ മാത്രമാണു്. അതിനായി ഈ നദിയിലേക്കു് ഇറങ്ങണം. ഉള്ളിലേക്കുള്ളിലേക്കു് ഇറങ്ങണം.”
ബെഞ്ചമിനായൊരു പുഞ്ചിരി നൽകി, ചവിട്ടടികളെണ്ണി വീണ്ടും മുത്തച്ഛൻ നടക്കാൻ തുടങ്ങി; നദിയ്ക്കു് നേരെ.
തണുത്തുറഞ്ഞൊഴുകുന്ന നദിയിലേക്കു് ഇരുകൈകളും ഉയർത്തി അദ്ദേഹം ഇറങ്ങിത്തുടങ്ങി.
നിലവിളിയോടെ തടയാനൊരുങ്ങിയ ബെഞ്ചമിനെ ഞാൻ വിലക്കി.
പണ്ടെന്നോ ഞെട്ടറ്റുവീണ ഒരു ചെന്താരകത്തെ വിശാലമായ ആ നദിയ്ക്കടിത്തട്ടിലെവിടെയോ മുത്തച്ഛൻ കാണും.
തീർച്ച.
മലപ്പുറം ജില്ലയിലെ വാഴക്കാടു് ജനനം. സൈക്കോളജിയിൽ ബിരുദം. 2009 മുതൽ ചൈനയിൽ പ്രവാസ ജീവിതം; ഇപ്പോൾ താത്കാലികമായി കേരളത്തിൽ താമസം.
2018 മുതൽ മുഖ്യധാരാ ആനുകാലികങ്ങളിൽ ചെറുകഥകൾ എഴുതുന്നു. പ്രസിദ്ധീകരിക്കപ്പെട്ടതു് പത്തു കഥകൾ.
ചിത്രീകരണം: വി. പി. സുനിൽകുമാർ