
“കുഞ്ഞി… അതിലൊന്നും ചവിട്ടാതെ ഇങ്ങോട്ടു വന്നേ… ” ഉമ്മുന്റെ കാറപള്ള് ചെവിയിലടിച്ചതും പൌരാണിക കടൽ വലിവിന്റെ മുദ്രകൾ പതിഞ്ഞ നിലത്തെ മണൽ കൂനയിൽ നിന്നു് ഞെട്ടിത്തരിച്ചു് കാൽവിരലുകൾ എടുത്തു. തെല്ലു പൊട്ടിയ മണൽക്കൂനയിൽ നിന്നു് ദുർമന്നലുകൾ മൂക്കിലേയ്ക്കു് തള്ളികയറുന്നതിനാൽ മൂക്കുപൊത്തി തിരിഞ്ഞതും ഉമ്മു ചെവി കിഴുത്തു് ഉമ്മറപൈപ്പിൽനിന്നു് കാലുകൾ കഴുകിതന്നു് വരാന്തയിലിട്ടു. മുറ്റത്തായി ഒന്നു് രണ്ടു് കൂനകൾ കൂടിയുണ്ടു്. അവയിലെല്ലാം പൂച്ചക്കാഷ്ടം തന്നെയാവോ എന്നറിയാൻ കുഞ്ഞുരലിൽ ചെറുള്ളി ചതച്ചു കൊണ്ടിരിക്കുന്ന ആറ്റുമ്മയോടു് ചോദിച്ചു. “ആറ്റുമ്മാ… അതിലൊക്കെ പൂച്ചത്തീട്ടം തന്നെ… ആറ്റുമ്മാ… ”

“ആന്ന്… ” രണ്ടക്ഷത്തിൽ ഉത്തരം തന്നു് കോന്തലയിൽ നിന്നു് ഒരു വെറ്റില ചുരുട്ടെടുത്തു് ആറ്റുമ്മ ചവക്കാൻ തുടങ്ങി. താമ്പൂലക്കറ പൂണ്ട ലാലാസ്രവം എന്റെ മുഖത്തു് ഒന്നു രണ്ടു് പുള്ളികൾ തീർത്തെങ്കിലും ഞാൻ ആറ്റുമ്മയോടു് കൂടുതൽ ചാരി തന്നെ ഇരുന്നു. ആറ്റുമ്മ എന്തു പറഞ്ഞാലും ഒരു പഴങ്കഥ മേമ്പൊടിയായി പറയും. കുഞ്ഞുരലിൽ നിന്നു് കണ്ണെടുക്കാതെ ആറ്റുമ്മ പറയാൻ തുടങ്ങി. “കുഞ്ഞീ… പൂച്ച വെളിക്കിരുന്ന ശേഷം അതിനു മേലെ കുന്നുകൂട്ടുന്നതു് എന്തിനെന്നു് അറിയോ…?” എന്റെ ആകാംക്ഷ ത്രസിച്ചു… “ഇല്ല… ആറ്റുമ്മ പറയീ”
“ന്നാ കുഞ്ഞി കേട്ടോ… പണ്ടു് ഫിറോന്റെ ആൾക്കാര് മരിച്ചാ… അവരെടെ കബറിനു് മേലെ വല്ല്യ കല്ലുകെട്ടി ഉണ്ടാക്കും. ഈ ദുനിയാവിലെ ആദ്യത്തെ പൂച്ച പിറന്നതു് ഓലെ നാട്ടിലാ… ആ പൂച്ച വല്യാപ്പ ചത്തപ്പോളും പൂച്ച മക്കൾ അതേപോലെ വല്യ കെട്ടുണ്ടാക്കി… വല്ല്യകുന്നു്… അന്നു് ഇന്നത്തെപ്പോലെ ചെറിയ പൂച്ച അല്ലല്ലോ വല്ല്യ പൂച്ചോൾ അല്ലേ… കാലം കഴിഞ്ഞു പൂച്ച ചെറുതായി, അവറ്റകൾ ചത്താൽ മനുഷ്യന്മാർ മറെയ്യാനും തുടങ്ങി. അപ്പൊ പൂച്ചോള് പൂച്ച വല്ല്യപ്പാന്റെ ഓർമ്മക്കു് വെളിക്കിരുന്നു നീക്കുമ്പോൾ കുന്നുണ്ടാക്കാനും തുടങ്ങി… ” മറ്റു ചോദ്യങ്ങൾക്കു് അവസരം തരാതെ ആറ്റുമ്മ മുറ്റത്തേക്കു് നീട്ടിത്തുപ്പിയശേഷം മോന്തായം വിട്ടു. മുറ്റത്തൂടെ ഒന്നു് രണ്ടു് പശുക്കൾ ആ സമയം കൊണ്ടു് അലഞ്ഞു പോയി. മുറ്റവക്കിലെ കുന്നു് തുളച്ച മൺപടികളിലൂടെ സൈഫുത്ത ഇറങ്ങി വരുന്നതു് കണ്ടപ്പോൾ സന്തോഷത്താൽ എണീറ്റു നിന്നു. സൈഫുത്തയാണു് എനിക്കു് ചോറു് തരാറു്. അടിയില്ല, നുള്ളില്ല… പകരം കഥ പറഞ്ഞു് ചോറു് വാരിത്തരും. ചോറു് കഥ ചേർത്തങ്ങനെ വിഴുങ്ങും… സൈഫുത്തയുടെ കൈ വിസ്താരം കുറഞ്ഞതിനാൽ ചെറുരുളകൾ വേഗത്തിൽ ഇറക്കാനും കഴിയും.
സൈഫുത്ത കവിളിൽ മുത്തം തന്നു് അകത്തേക്കു് പോയി. തണുത്തു വിണ്ട ചുണ്ടുകൊണ്ടുള്ള കവിളുരസലിൽ ഉള്ളം ഇക്കിളിപ്പെട്ടു. സൈഫുത്ത ഉമ്മുവിനോടു് സൊറ പറയാൻ വന്നതാണു്. ഇടയ്ക്കു് സൈഫുത്തയുടെ കൂടെ കദീസുമ്മയും സൊറ പറയാൻ വേണ്ടി ചമഞ്ഞിരിക്കും. “സൈഫുനെ കെട്ടിക്കണ്ടേ…?” ഉമ്മുവിന്റെ കദീസുമ്മയോടുള്ള ചോദ്യം കേൾക്കേണ്ട താമസം സൈഫുത്ത എന്നെയും എടുത്തോണ്ടു് മുറ്റത്തിറങ്ങും. കെട്ടിക്കൽ എന്നാൽ സൈഫുത്തയെ വേറെ വീട്ടിലേയ്ക്കു് പറഞ്ഞയക്കലാണെന്നു് അറിഞ്ഞതു മുതൽ അവരുടെ സൊറപ്പേച്ചുകളിൽ കെട്ടിക്കൽ സംസാരം കടന്നുവരുമ്പോൾ എനിക്കു് നീരസം പിടിക്കും. കുറുമ്പു് പുക്കും. എല്ലാവരും എന്റെ കുറുമ്പു് കണ്ടു പൊട്ടി ചിരിക്കുമ്പോഴും സൈഫുത്ത എന്നെ എടുത്തോണ്ടു് മുറ്റത്തേക്കിറങ്ങി കവിളിൽ തുരുതുരാ മുത്തങ്ങൾ തരും. അന്നേരം എനിക്കിഷ്ടം പെരുക്കും. അളവില്ലാതെ എന്റെ കുഞ്ഞു ചുണ്ടുകളിൽ മുത്തങ്ങൾ വിരിയും. പലപ്പോഴും മൺപടികയറി നിന്നു് സൈഫുത്ത എന്നെ വീട്ടിലേയ്ക്കു് വിളിക്കാറുണ്ടു്. പക്ഷേ, ഞാൻ പോകാറില്ല. എന്തുകൊണ്ടോ എനിക്കു് പോകാൻ തോന്നാറില്ല.
മുണ്ടുകൊണ്ടു് അരക്കെട്ടുവരെ മറച്ചു്, അരക്കു താഴേ ഒരു മൽമുണ്ടും ചുറ്റി കയ്യിൽ ക്ഷാരകത്തിയുമായി ഉമ്മൂന്റെ “ഇങ്ങൾ” മുറ്റത്തേക്കിറങ്ങി. ശേഷം വിറകുപുരയുടെ ചായ്പ്പിലായി ആണിയടിച്ചുകയറ്റിയ കണ്ണാടിക്കു് മുമ്പിൽ നിന്നു് പതിയെ പതിയെ കറുത്ത താടി കത്രിക്കാൻ തുടങ്ങി. “ഇങ്ങള്” വെള്ളയുടുത്തു് കയ്യിൽ ഒരു ബാഗുമായി രാവിലെ വീടു വിട്ടിറങ്ങാറുണ്ടു്.
മുറ്റത്തുനിന്നു് ഉമ്മുവിനോടു് “ഞാൻ സ്കൂളിൽ പോണ്” എന്നു് വിളിച്ചു പറയുകയും ചെയ്യും. പിന്നെ വൈകീട്ടാണു് വരവു്. “ഇങ്ങളെ” കൂടെ ഭക്ഷണം കഴിക്കാൻ ഇരിക്കുമ്പോൾ ശ്രദ്ധിക്കണം. കൈ കഴുകാതെ ഇരുന്നാൽ നല്ല പെട കിട്ടും. ചില ദിവസം എങ്ങോട്ടും പോകില്ല. വീട്ടിലെ മരമേശക്കു മുന്നിൽ പുസ്തകം പിടിച്ചിരിക്കും. അക്ഷരങ്ങളിലൂടെ കണ്ണരിച്ചങ്ങനെ ദീർഘനേരം…
വരാന്തയിൽ നിന്നു് വിറകുപുരയുടെ ചായ്പ്പിലേയ്ക്കു് കണ്ണെറിഞ്ഞു് ഉമ്മു ഉറക്കെ ചോദിച്ചു. “ഇങ്ങൾക്കു് ചായ എടുത്തു വെക്കട്ടെ… ”
“വേണ്ട… ഞാൻ വരാം… ” പരുക്കൻ മറുപടിയും വാങ്ങി ഉമ്മു വീണ്ടും അടുക്കള കയറി. ആറ്റുമ്മ പത്തായപ്പുറത്തു് നീണ്ടു മലർന്നു കിടക്കുന്നതു് ഉമ്മറച്ചുവരിലെ ജാലകത്തിലൂടെ കാണാം നൂറ്റാണ്ടുകൾക്കിടയിലെ പാലം കണക്കു് വായും തുറന്നങ്ങനെ കിടക്കുന്നു. സൈഫുത്ത പിറകിൽ നിന്നു് എന്നെ റാഞ്ചി എടുത്തു് സാരിക്കെണുപ്പിലായി ഇരുത്തി.
എന്റെ പുറകിലൂടെ സൈഫുത്തയുടെ കൈ വരിഞ്ഞു. അവരുടെ മറുകയ്യിൽ നിന്നു് ആയിരം കണ്ണുള്ള ദോശ എന്നെ അവികാരിതമായി നോക്കുന്നുണ്ടു്. ഭാരം കാരണം ഓലത്തുമ്പു് പോലെ വളഞ്ഞെങ്കിലും പ്രാഞ്ചി പ്രാഞ്ചി സൈഫുത്ത എന്നേയും ചുമന്നു് മുറ്റത്തേക്കിറങ്ങി.
“കുഞ്ഞൂനു് ഒരു ഉടുമ്പിന്റെ കഥ പറഞ്ഞു തരട്ടെ… ദോശ മുഴുവനും തിന്നോ…?” സൈഫുത്ത കണ്ണുകളിലേയ്ക്കു് ഒരു ശങ്ക എറിഞ്ഞു. ഞാൻ തലയാട്ടി മറുപടി കൊടുത്തതും നുണക്കുഴിയിൽ ഉമ്മ നിറഞ്ഞു.
“പണ്ടു് ഒരാൾ ഒരു ഉടുമ്പിനെ പിടിച്ചു് എന്നിട്ടു് കുഞ്ഞൂ… അയാൾ അതിനെയും കൊണ്ടു് വീട്ടിൽ വന്നു. എന്തിനാച്ചാ… ആ ഉടുമ്പിനെ അറുക്കാൻ… കുഞ്ഞി ഉടുംമ്പെറച്ചി തിന്നീനാ…?” ഇടക്കുള്ള ചോദ്യം അത്ര രസിച്ചില്ലേലും തലയാട്ടി ഇല്ലെന്നറിയിച്ചു. പണ്ടു് ബീരാനിക്ക ഉടുമ്പിനെ പിടിച്ചു് ഇറച്ചിയാക്കി കൊണ്ടുവന്നിരുന്നു. പക്ഷേ, ഉമ്മു പാടെ നിരസിച്ചു. ഇറച്ചിയുടെ കടുനിറം ഉമ്മൂനെ അറപ്പിച്ചിരിക്കണം. അന്നു് വരട്ടിയിരുന്നെങ്കിൽ ഒന്നു് അഹങ്കരിക്കാമായിരുന്നു. സൈഫുത്ത കഥ തുടർന്നു.
“എന്നിട്ടു് കുഞ്ഞൂ… വീട്ടിലെത്തിയപ്പോൾ അയാളുടെ കയ്യീന്നു് ഉടുമ്പു് ചാടി. ആ ബട്കൂസിനു് ഉടുമ്പിന്റെ മുൻകാലുകളിൽ വളയം കെട്ടി വളയത്തിലൂടെ അതിന്റെ വാല കടത്തിവിട്ടു് തലയോടുകൂടെ ചുറ്റി കെട്ടുന്നതു് അറിയുലായിർന്ന്. കയ്യീന്നു് തെറിച്ചതും ഉമ്മറത്തുള്ള അയാളുടെ കുട്ടിയുടെ നടുമ്പുറത്തേക്കു് ഒറ്റ കയറ്റം… എന്നിട്ടു് പറ്റിയങ്ങു് നിന്നു. ഉടുമ്പു് പറ്റിയാ പിന്നെ വലിച്ചെടുക്കാൻ പറ്റുമോ…? കുട്ടിയുടെ നടുമ്പുറത്തെ തൊലിചീന്തി പോരൂലേ… ” എന്റെ വാവികാസത്തിലൂടെ ഒന്നു രണ്ടു ദോശ ഉരുളകൾ ഉരുണ്ടിറങ്ങി.
“എന്നിട്ടോ… സൈഫുത്താ…?” അവസാനത്തെ ഒരുരുള കൊണ്ടെന്റെ വായടച്ചു് സൈഫുത്ത കഥ തുടരാൻ ഒരുമ്പെട്ടു. അവസാനം ഒന്നും ചെയ്യാൻ കഴിയാതെ വന്നപ്പോൾ അയാൾ വീടുവിട്ടു് നിലവിളിച്ചു കൊണ്ടു് നടക്കാൻ തുടങ്ങി.

സൈഫുത്ത അടുത്ത വാചകങ്ങൾക്കു് വേണ്ടിയുള്ള ചിന്തയിലാണു്. അഗാധതയിൽ നിന്നു് ചിന്തു് എടുക്കുന്നതു് അവരുടെ ഭ്രൂവടിവുകളിൽ സ്പഷ്ടമാണു്. ഞാൻ ദോശ ചവച്ചു കൊണ്ടിരുന്നു. ആറ്റുമ്മ വീണ്ടും ഉമ്മറത്തെ ചാരുകസേരയിൽ വന്നിരുന്നു. സൈഫുത്തയുടെ അലങ്കാര തട്ടത്തിലെ വെള്ളാരങ്കൽത്തൊത്തുകൾ തുടയിൽ ചുവന്ന കലകൾ പകർത്തിയതു് കണ്ടു് ഞാൻ സൈഫുത്തയുടെ മാറുചേല തുടയിൽ നിന്നുമാറ്റി. ചുവന്ന തുടിപ്പുകളിൽ കൈ വെച്ചതും ഒരു നീറ്റൽ പാദുകം മുതൽ മൂർദാവു് വരെ കയറി. പെട്ടന്നായിരുന്നു എന്താണു് സംഭവിക്കുന്നതെന്നറിയാതെ സൈഫുത്തയുടെ കൈവലയം ഭേദിച്ചു് മണൽത്തിട്ടയിൽ ഞാൻ പുറമടിച്ചു വീണതു്. ആകാശത്തിലെ ചിത്രപ്പണി നോക്കി വാവിട്ടുകരഞ്ഞു. എന്നാലും ആകാശം ചിത്രവേല നിർത്തിയില്ല. മൂടും തട്ടി മുഖം ചുളിച്ചു് പതിയെ എഴുന്നേറ്റു് ഒന്നു് രംഗം വീക്ഷിച്ചു. സൈഫുത്ത മുറ്റത്തെ വിറകുപുരയുടെ ചായ്പ്പിലേയ്ക്കു് നോക്കി വാവിടുന്നു. ഉമ്മു ആർത്തുവിളിച്ചു് ഉമ്മറം ചാടി ഓടുന്നു. ആറ്റുമ്മ ബോധരഹിതയായി ചാരുകസേരയിൽ നിലത്തു കിടക്കുന്നു. കസേരക്കാലുകൾ കുന്തമുന പോലെ എന്റെ കണ്ണിനു നേർ സമാനമായി തുറിച്ചിരിക്കുന്നു. അയൽപക്കക്കാർ ഓരോരുത്തരായി ചായ്പ്പിലേയ്ക്കു് ഓടിയടുക്കുന്നു. പതിയെ വിറകു പുരയിലേയ്ക്കു് അടുത്തു. മഴ വെള്ളം ശേഖരിക്കാനായി ചായ്പ്പിൽ അട്ടിക്കു് വെച്ചിരുന്ന വികലാംഗരായ പാത്രങ്ങൾ ചിന്നിച്ചിതറി കിടക്കുന്നതിനിടയിൽ ഉമ്മൂന്റെ “ഇങ്ങൾ” മലർന്നു കിടക്കുന്നതു് ഞെട്ടലോടെ ഞാൻ കണ്ടു. സൈഫുത്തയുടെ കൈയ്യുഴിയാൻ കാരണം ഈ പാത്രങ്ങളുടെ വീഴുകിലുക്കമാണെന്നു് രണ്ടാം ചിന്തയിൽനിന്നു് ഓർത്തെടുത്തപ്പോൾ മനസ്സിലായി. പെട്ടെന്നുതന്നെ ക്ലീറ്റസങ്കിളിന്റെ വെള്ള അംബാസഡർ കാർ പാഞ്ഞെത്തി. അമാന്തിക്കാതെ “ഇങ്ങളെ”യും കൊണ്ടതു് പരപാഞ്ഞു.
ക്ലീറ്റസങ്കിൾ എല്ലാവർക്കും ഒരു പരോപകാരിയാണു്. ഇടയ്ക്കിടെ ആറ്റുമ്മയുടെ വലിവു് കൂടാറുണ്ടു്. ചത്ത കുറുക്കന്റെ കണ്ണുപോലെ ആറ്റുമ്മയുടെ കണ്ണുകൾ അന്നേരം ഉത്തരം നട്ടിരിക്കും. ഒരു കർക്കിടക രാവിന്റെ ആരംഭം. അന്നു് പകലു മുഴുക്കെ ആകാശം പിഴിഞ്ഞു കൊണ്ടിരുന്നു. കാറ്റില്ലാത്തതുകൊണ്ടു് കടൽ ശാന്തമാണു്. ചില മഴ രാവുകളിൽ കടലു കേറുന്നതും നോക്കി നിൽക്കലാണു് വലിയ പറമ്പ്കാരുടെ ജോലി. വീടു പുകഞ്ഞില്ലേലും ഉള്ളം പുകയുന്ന ഒരു പറ്റം കടൽ ജന്മങ്ങൾ ദൈവസ്മരണയിൽ പേടിച്ചരണ്ടു് എല്ലാ വീടുമ്മറങ്ങളിലും കൂനിക്കൂടി ഇരിപ്പുണ്ടാവും. കടലിൽ നിന്നു് അല്പം വിട്ടാണെങ്കിലും കടപ്പുറവുമായി അഗാധമായ ബന്ധമാണു്. ചാകര വന്നാൽ ഇവിടെ ചോറുകിണ്ണങ്ങളിലും ചാകരയാണു്. കിട്ടുന്നതിന്റ ഒരു പങ്കു അവർ എല്ലാ വീട്ടിലേയ്ക്കും എത്തിക്കും. ദുർവാര കാറ്റുള്ള ദിനങ്ങളിൽ ഉമ്മുവിനു് വിഷമമാണു്. “അവറ്റകളെ കാക്കണെ പടച്ചോനെ… ” എന്നു് സദാ ഉരുവിട്ടുകൊണ്ടിരിക്കും. എന്നാൽ അന്നു് ഒരു ദുർഭാവിയും പ്രതീക്ഷിക്കാത്ത ദിനമായിരുന്നു. ആകാശം കെട്ടിയിട്ട പോത്തിന്റെ അമർഷം കണക്കു് ഇടയ്ക്കിടെ മുരളുന്നു എന്നല്ലാതെ പ്രകൃതി ഭീകരാവസ്ഥയിലല്ല. പക്ഷേ, മഴ ചിനുങ്ങി ചിനുങ്ങി അന്തരീക്ഷം പാടെ തണുത്തിരുന്നു. ഞാനും സൈഫുത്തയും വരാന്തയിൽ തൂവാനങ്ങളേറ്റിരിപ്പാണു്. കഞ്ഞിയും മാങ്ങാ പുമ്മുളുവും എന്റെ വായിലേയ്ക്കു് ഇടയ്ക്കിടെ വെച്ചു നീട്ടി തരും.
കയിൽ കുമ്പിളിലെ കഞ്ഞി പകുതി അകത്താക്കുമ്പോഴേക്കു് സൈഫുത്തയുടെ വിരലഗ്രത്തിലെ മാങ്ങാ പുമ്മുളു നാകുഴികളിലേക്കിറങ്ങിയിരിക്കും… നാക്കും ഊനും പുളിഞ്ഞുകൊട്ടും. ഒട്ടും അമാന്തിക്കാതെ അടുത്ത കുമ്പിൾ സൈഫുത്ത ചുണ്ടിൽ വെക്കും. സന്ധ്യാനേരത്തെ കഞ്ഞികുടി അങ്ങനെ നീണ്ടുപോയി.
കഞ്ഞി എല്ലാം വാരിത്തന്നു് സൈഫുത്ത വീട്ടിൽ പോവാൻ എഴുന്നേൽക്കുമ്പോഴാണു് ഉമ്മറ ജാലകത്തിനപ്പുറത്തു നിന്നും ഞരക്കം കേട്ടതു്. തങ്ങളുപ്പാപ്പ തലയിലൂതും പോലെ ആറ്റുമ്മ ഞെരിപിരികൊണ്ടൂതുന്നു. കണ്ണു് താളംതെറ്റി മറിയുന്നു. സൈഫുത്ത ആർത്തു… “ഉമ്മൂ… ” പിന്നെ കരച്ചിലായി പുക്കാറായി… അതിനിടെ തടിച്ച ഒരു ഖദറുകാരൻ ആറ്റുമ്മയെ കുഞ്ഞെടുത്തം പൊക്കി അംബാസട്ടറിൽ ഇട്ടു. ശേഷം “ഇങ്ങളും” കദറുകാരനും വണ്ടിയിലേറി അകന്നു. ദീനം സുഖപ്പെട്ടു് ആറ്റുമ്മ അമ്പാസട്ടർ കാറിൽ തിരികെ വീട്ടിലെത്തിയപ്പോഴാണു് ആ കദറുകാരൻ ആരാണെന്നു് സൈഫുത്തയോടു് ആരായുന്നതു്. സ്നേഹാർദ്രമായി സൈഫുത്ത മറുപടിയും തന്നു. “അതാണു് നമ്മുടെ ക്ലീറ്റസങ്കിൾ… ”
ക്ലീറ്റസങ്കിൾ അന്നു് മനസ്സിൽ കയറിയതാണു്. പിന്നെ പലയിടങ്ങളിൽ വെച്ചും കണ്ടു എന്നല്ലാതെ മറ്റുള്ളവർ ചെയ്യുന്ന പോലെ എന്റെ തലയുഴിയുകയോ കവിളിൽ നുള്ളുകയോ ഒന്നുംതന്നെ ക്ലീറ്റസങ്കിൾ ചെയ്യാറില്ല.
മുറ്റത്തു്, വീടിന്റെ കറുത്ത നിഴൽ കുറികൾ പൊടി മണലിന്റെ പ്രകാശ തിളക്കത്തിനു് വീടാകൃതിയിൽ ഒരു വരമ്പിട്ടിരിക്കുന്നു. പകൽവെളിച്ചം കെട്ട കർക്കിടക പ്രകൃതിയിൽ ഇടയ്ക്കിടെ വരുന്ന ഈ ഗഗന വെളിച്ചം നവ്യാനുഭൂതിദായകമാണു്. മഴനാരുകൾ നേർത്ത ചില്ലുകണങ്ങളായി വെട്ടിത്തിളങ്ങും. സൈഫുത്ത പറയും “ഇന്നു് കുറുക്കന്റെ കല്യാണമാണെന്നു്… ” മഴക്കാലത്തെ ഇടവെളിച്ചങ്ങളിലാണു് കുറുക്കന്റെ കല്യാണം നടക്കുന്നതത്രെ…
മുറ്റത്തു് വെളിച്ചം കണ്ടുവെങ്കിലും വീട്ടിൽ എല്ലാവരുടെ മുഖത്തും തെളിശുന്യം. സൈഫുത്ത ഒക്കത്തേറ്റുന്നില്ല. ഉമ്മു സ്ത്രീകൾ വലയം ചെയ്ത കട്ടിലിൽ വീണു കിടക്കുന്നു. ആറ്റുമ്മയെ കാണാത്തവിധം പെണ്ണുങ്ങൾ മറഞ്ഞിരിക്കുന്നു. വല്ലപ്പോഴും പൊരികളുമായി വീട്ടിലെത്തുന്ന കൃഷ്ണമ്മയാണു് ചോറു വാരി തന്നതു്. ആ അപരിചിതത്വം കാരണം ഒറ്റയിരിപ്പിനു് തന്നെ ചോറു് അകത്താക്കി. ബഹളങ്ങൾ അസഹ്യമായപ്പോൾ ഉമ്മു തുണിയടിക്കാൻ മാത്രം ചെല്ലാറുള്ള കട്ടിലില്ലാത്ത മുറിയിലേയ്ക്കു് ചെന്നു. അവിടെ ആരുമുണ്ടായിരുന്നില്ല. നിലത്തെ കാവി കാണാത്തവിധം തുണിക്കീറകൾ പരന്നുകിടക്കുന്നു. പടിഞ്ഞിരുന്നാൽ മെത്ത സമാനം. ഇരുന്നപാടെ കിടന്നു. താല്പര്യമില്ലാഞ്ഞിട്ടു് കൂടെ കൺപോളകൾ അടയുന്നുണ്ടു്. പൂർത്തിയാകാത്ത ഉടുമ്പിന്റെ കഥയുടെ ബാക്കി ഭാഗം ചിന്തിച്ചെടുക്കാൻ ശ്രമിച്ചു. എത്ര ഉത്തരങ്ങളിൽ എത്തിയാലും സൈഫുത്ത പറയുമ്പോഴേ മനസ്സാട്ടം നിൽക്കൂ. വീണ്ടും കൺപോളകൾ അടയാൻ തുടങ്ങി. മനസ്സിനു് ഉണർവ്വിനെ ചുമ്മാൻ കഴിയുന്നില്ല. എന്നെ ഉറക്കാനുള്ള താളവെട്ടിലാണു് കൺപോളകൾ. അവസാനം ഓർമ്മക്കു് പോലും ലഭിക്കാത്ത ഏതോ ഒരു നിമിഷം എന്റെ കൺകെട്ടു.
അമ്പാസട്ടർ കാറിന്റെ സ്റ്റിയറിങ്ങിനു അടുത്തായി ഘടിപ്പിച്ച നീല പങ്കയുള്ള കുഞ്ഞു ഫാനാണു് ആദ്യമേ കണ്ണിൽപെട്ടതു്. ഉള്ളിൽ ഒരു ഓമനത്തം തോന്നി. അതിൽ നിന്നുതിരുന്ന തെന്നലുകൾ എന്റെ മുടിയിൽ തട്ടി ചിതറുന്നു. ഉറക്കപ്പശിമയുള്ള ചുണ്ടുകൾ ഉരത്തിലുരച്ചു് മുൻസീറ്റുകളിലേക്കായി നോക്കി. ക്ലീറ്റസങ്കിൾ മൂകനായി വണ്ടിയോടിക്കുന്നുണ്ടു്. മറുസീറ്റിൽ ഇടയ്ക്കിടയ്ക്കു് തോളുകൾ ഇളക്കിത്തേങ്ങി ആപ്പ കൂനിക്കൂടിയിരിപ്പുണ്ടു്.
ഉമ്മു എന്റെ അരികെ ഡോറിൽ തലചായ്ച്ചു് അബോധാവസ്ഥയിൽ കിടക്കുന്നു. എനിക്കെന്തെങ്കിലും പറഞ്ഞാലോ എന്നു് തോന്നിയെങ്കിലും മൂകയാത്രയോടു് അനുസരണക്കേടു് കാണിക്കാനുള്ള ധൈര്യമുണ്ടായില്ല.
തണുപ്പേറ്റു് നാസികാരസം നിറഞ്ഞു തൂവുന്നതറിഞ്ഞു് ഒന്നു് മൂക്കു് വലിച്ചു. മൂക്കിൽ നിന്നു് ഒന്നു് രണ്ടു് പൈകിടാങ്ങൾ അമറി. ക്ലീറ്റസങ്കിൾ ഫാൻ ഓഫ് ചെയ്തു. അങ്ങനെ ആ കടലടങ്ങി. തിരമാലകളില്ലാത്ത ഒരു ശവക്കടൽ പങ്കക്കു പുറകിൽ ഒളിഞ്ഞിരിക്കുന്നതു് അകക്കണ്ണു് കണ്ടു.
ആപ്പ പുറകിലേയ്ക്കു് കൈനീട്ടി എന്നെ എടുത്തു് മടിയിലിരുത്തി മനസ്സിലേയ്ക്കു് ചായ്ച്ചു. ശിരസ്സിലെ കുഞ്ചിരോമങ്ങളിലൂടെ ആപ്പ വിരലോടിക്കാൻ തുടങ്ങി. പ്രായം പരിക്കേൽപ്പിച്ച വിരൽ തെല്ലുകളിൽ ആയിരം തൽപ്പങ്ങൾ വിരിഞ്ഞു. അതിലേതിലോ കിടന്നു് ഞാൻ വീണ്ടും ശയനം പ്രാപിച്ചു.
ചെട്ടിപ്പടി ഐസ് കമ്പനിക്കു് മുന്നിലായി വാഹനം നിന്നു. ഉമ്മു വിശന്നുവലഞ്ഞ അങ്ങാടിത്തെണ്ടിയെ പോലെ തലതാഴ്ത്തി ഐസ് കശീർഷകംമ്പനിക്കു ചാരിയുള്ള മണൽ പാകിയ കൈവഴിയിലൂടെ തേങ്ങി നടക്കാൻ തുടങ്ങിയപ്പോഴേക്കു് ഒരുപാടു് സ്ത്രീകൾ വന്നു് ഉമ്മുവിനെ പാടെ പൊതിഞ്ഞു. ഉമ്മുവിനെ കാണാത്ത വിധം ആ വലയം അങ്ങനെ ചലിക്കാൻ തുടങ്ങി. “എത്രയായി” ആപ്പ ക്ലീറ്റസങ്കിളിലേയ്ക്കു് തലതാഴ്ത്തി കുപ്പായ കീശയിൽ കൈവെച്ചു. മുഖത്തുനോക്കി പൊട്ടിക്കരഞ്ഞു് ക്ലീറ്റസങ്കിൾ വാഹനവുമായി പോയി. മാന്തോപ്പുകൾക്കിടയിലൂടെ വീടു കാണാൻ തുടങ്ങി. ഇടയ്ക്കിടെ ഞാനും, “ഇങ്ങളും”, ഉമ്മുവും, ആറ്റുമ്മയും ഇവിടെ വരാറുണ്ടു്. ഒഴിവുദിനങ്ങളിൽ “ഇങ്ങൾ” ഉമ്മുവിനോടു് പറയും “നമുക്കു് നാളെ ചെട്ടിപ്പടിയിൽ പോകാം… ട്രെയിൻ രാവിലെയാണു്… ” പലപ്പോഴും ആറ്റുമ്മയുടെ നിർബന്ധം കാരണമാണു് “ഇങ്ങൾ” പോകാൻ ഒരുങ്ങാറുള്ളതു്. ഒരുങ്ങുവോളം ആറ്റുമ്മ ചെവിതല തരാതെ ചിലച്ചുകൊണ്ടിരിക്കും.
കേൾക്കേണ്ട താമസം എന്നിൽ സന്തോഷം ഉണരും. നല്ല മധുരമുള്ള മാങ്ങ കഴിക്കാം. ഐസ് കമ്പനിയിൽ പോയി ഐസ് കഴിക്കാം. എന്നെ കാണേണ്ട താമസം ഐസ് കമ്പനിയിലെ കുപ്പായം അണിയാത്ത വൃദ്ധൻ പലനിറങ്ങളിലുള്ള ഐസുകൾ തരും. നുണ മാറുംവരെ കഴിക്കും. തോട്ടത്തിൽ എവിടെയും നടക്കാം. പക്ഷേ, ഒരു സ്ഥലം മാത്രം എനിക്കു് കടക്കാൻ പാടില്ലാത്തതാണു്. അവിടെ മണ്ണിനടിയിലൂടെ കറണ്ടു് പോകുന്നുണ്ടെന്നാണു് എന്നോടു് പറഞ്ഞിട്ടുള്ളതു്. പക്ഷേ, ‘ഠ’ അക്ഷരം പോലെ ഒരു ഇരുമ്പു ദണ്ഡ് പൊന്തി നിൽക്കുന്നതല്ലാതെ ഞാൻ ഒന്നും കാണാറില്ല. പേടി കാരണം ആ സ്ഥലത്തേക്കു് പോകാറുമില്ല. മതിലുകളില്ലാത്ത അയൽവക്കത്തെ കുട്ടികളുമായി കളിക്കാനും പൂർണ്ണ സമ്മതമാണു്. വീടിനോടു് ചാരി ഒരു ഗുഹയുണ്ടു്. വല്യുപ്പ മാങ്ങ പഴുപ്പിക്കാൻ വച്ചിരുന്ന സ്ഥലമാണെന്നു് ഉമ്മു പറയും. ആകാംക്ഷയോടെ പുറമേ നിന്നു നോക്കും. പലപ്പോഴും ഉമ്മുവിന്റെ ഒക്കത്തേറിയാവും ഗുഹ കാണാൻ പോക്കു്. ആ ആകാംക്ഷാതിരേകത്തിൽ എത്ര ഉരുള അകത്താക്കി എന്നുപോലും അറിയാറില്ല. ഒന്നു രണ്ടു് ദിനങ്ങൾക്കു് ശേഷം മടങ്ങുമ്പോൾ മാക്കറയേറ്റു് ചുണ്ടു വിണ്ടിരിക്കും. ഐസ് തണുപ്പേറ്റു് കൊല്ലി വേദനിക്കുന്നുമുണ്ടാവും.
സായാഹ്നങ്ങളിൽ സൈഫുത്തയും ഉമ്മുവും ഉരുവിടാറുള്ള പാട്ടുപോലെ മനോഹരമായ വാചകങ്ങൾ മുഴങ്ങുന്നു. ആപ്പ എന്നെ ഉമ്മറത്തു വെച്ചു് വരാന്തയിലെ മേൽപ്പടിമേൽ ഇരുന്നു് അഞ്ചു വിരലാൽ മുഖം മൂടി കരയാൻ തുടങ്ങി. അവിടെ വരുമ്പോഴെല്ലാം ഞാൻ കാണാറുള്ളവർ എന്നെ എടുക്കാനുള്ള ധൈര്യം ശോഷിച്ചു് വാവിടാൻ ഒരുങ്ങുന്നു. ചിലർ വാ പൊത്തി കരച്ചിൽ വിഴുങ്ങുന്നു. നടുമുറിയിൽ ഏങ്കോണിച്ചു് സ്ഥാപിച്ച ആറ്റുമ്മയുടെ കട്ടിലിൽ ഒരാൾ മൂടിപ്പുതച്ചു് കിടന്നുറങ്ങുന്നുണ്ടു്. കട്ടിലിനു ചുറ്റും ഇരിക്കുന്ന ശുഭ്രവസ്ത്രധാരികളാണു് മനോഹരമായ ഗീതം ഉരുവിടുന്നതു്. പരിചയമില്ലാത്ത കടുഗന്ധം പരിസരമാകെ പരന്നിരിക്കുന്നു. മരക്കോണി കയറി മുകളിലെത്തി ഉമ്മുവിന്റെ റൂമിലേയ്ക്കു് കടന്നതും ആറ്റുമ്മ എന്നെ വാരി പുണർന്നു കരയാൻ തുടങ്ങി. ആറ്റുമ്മയുടെ ഹൃദയസ്വനങ്ങൾ നെല്ലുകുത്തു് ശബ്ദം പോലെ കഠിനമായിരുന്നു. ചുറ്റും കൂടിയ സ്ത്രീകൾ എന്നെ ആറ്റുമ്മയിൽ നിന്നകറ്റി അറിയാത്ത ആരുടെയോ ഒക്കത്തിരുത്തി. ഞാൻ ഈർന്നിറങ്ങി മുറിപ്പുറത്തെ ചുമരിൽ ചാരിയിരുന്നു. ഇരിക്കപ്പൊറുതിയില്ലാതെ മച്ചിലെ പൂമുഖ ജാലകത്തിലേയ്ക്കു് നടന്നു. തുരുമ്പിച്ച അഴിക്കുരുക്കു് അഴിക്കാൻ ഒന്നു കിതക്കേണ്ടി തന്നെ വന്നു. മാവമ്മാവന്മാരുടെ മൂർദ്ധാവിലേയ്ക്കായി ജാലകം തുറന്നു. തോട്ടം നിറയെ മാമ്പഴം വീണിരിപ്പുണ്ടു്. ആരും അതു് എടുത്തിട്ടില്ല. സാധാരണ മൂത്തുമ്മ വലിയ ചാക്കുമായി രാവിലെ ഇറങ്ങി എല്ലാം സ്വരൂപിക്കാറുണ്ടു്. ഞാൻ ഇങ്ങോട്ടു വരുന്ന ദിവസം മൂത്തുമ്മയുടെ വഴിവാലായി മാങ്ങപ്പെറുക്കാൻ കൂടാറുമുണ്ടു്… എത്ര മാമ്പഴങ്ങളാണു് ഇങ്ങനെ അനാഥമായി കിടക്കുന്നതു്. എനിക്കു് സങ്കടം തോന്നി.
പുറത്തുനിന്നു് കൂട്ടുസ്വരം കേൾക്കാൻ തുടങ്ങുന്നേ ഉണ്ടായിരുന്നുള്ളു അകത്തുനിന്നു് പെണ്ണുങ്ങളുടെ ആളിച്ച പരന്നു. മനസ്സു് അസ്വസ്ഥമായി. ആളുകൾ വരിവരിയായി ഉമ്മറത്തു നിന്നു് ചലിക്കാൻ തുടങ്ങിയിട്ടുണ്ടു്. ഐസ് കമ്പനിക്കാരനെയും ആപ്പയേയും മാത്രമാണു് കുട്ടത്തിൽ നിന്നു് തിരിച്ചറിയാൻ കഴിഞ്ഞതു്. പുറകെ കുറച്ചു പേർ പച്ചപുതച്ച ഒരു ഇരുമ്പു കൂടേന്തി വരിയുടെ നടുവിലായി നടന്നുപോയി.
അവസാനത്തെ മനുഷ്യനും കൺമറഞ്ഞതിനുശേഷം ഒരു വലിയ മൂകത തളം കെട്ടി നിന്നു. കരഞ്ഞു തളർന്ന പെണ്ണുങ്ങളുടെ തേങ്ങലുകൾ മാത്രമാണു് ഒരു അപവാദമായി ശേഷിച്ചതു്.
മരക്കോണി വീണ്ടുമിറങ്ങി വരാന്തയിലേയ്ക്കായി പോയി. നടു മുറിയിലെ ആറ്റുമ്മയുടെ കട്ടിൽ കഴുകി വൃത്തിയാക്കി മൂലയിലിട്ടിരിക്കുന്നു.
മുറ്റത്തു് ഒന്നു രണ്ടു് ആളുകൾ ചേർന്നു് അലുവ വെട്ടുന്നുണ്ടു്. നീല ടാർപ്പായയിലൂടെ വെളിച്ചം പരന്ന മുറ്റം ഉജാല നിറം പൂണ്ടിരിക്കുന്നു. ടാർപ്പായക്കപ്പുറം മാവമ്മാവന്മാരുടെ നിഴൽ പ്രേതങ്ങളാലുള്ള തുരുത്തുകൾ കാണാം. ഒറ്റയും തെറ്റയുമായി ആളുകൾ വരുന്നതുവരെ ഓരോന്നു് ചിന്തിച്ചു കൊണ്ടങ്ങനെ നിന്നു. ഉമ്മു, മൂത്താപ്പയാണു്… എളാപ്പയാണു് എന്നൊക്കെ ചൂണ്ടികാണിച്ചു തന്നവർ വരാന്തയിലെ കസേരകളിൽ ആസനസ്ഥരായി. ആപ്പ അവർക്കു് അഭിമുഖമായി ഇരുന്നു.
“ഉമ്മും മക്കളും ഇവിടെ നിന്നോട്ടെ… ” മൂത്താപ്പ നിരുദ്ധകണ്ഠനായി ആപ്പയോടു് പറഞ്ഞു. എളാപ്പ ഒന്നു് മൂളുക മാത്രം ചെയ്തു. ജലാവൃതമായ അവരുടെ രണ്ടുപേരുടെയും കണ്ണുകളിൽ ഒരു ഭയം മെല്ലെ നിഴലിക്കാൻ തുടങ്ങി.
“എന്റെ മോളേയും മക്കളെയും ഞാൻ കൊണ്ടു പൊയ്ക്കൊള്ളാം… ഇവിടെ എനിക്കൊരു സമാധാനം ഉണ്ടാവില്ല… ”
ആപ്പ കരഞ്ഞുകൊണ്ടാണു് പറഞ്ഞതു്. തല്ലു കൊള്ളുമ്പോൾ കുറിഞ്ഞിപ്പൂച്ച പുറപ്പെടുവിക്കാറുള്ള നിസ്സഹായതയുടെ മൂളക്കം പോലെ ആപ്പ പറഞ്ഞു നിർത്തിയപ്പോൾ മൂത്താപ്പയും എളാപ്പയും തലതാഴ്ത്തി. വീണ്ടും പല ഒക്കങ്ങളിലുമേറി ഭക്ഷണം കഴിച്ചു്, തെല്ലൊന്നു് ശുദ്ധിവരുത്തി ഒക്കത്തേറി തന്നെ ഇടവഴിയിലൂടെ വെള്ളക്കാറിന്റെ അടുത്തെത്തി. ആപ്പ എന്നെ മാറോടുചേർത്തു് കാറിൽ കയറി. ഉമ്മു ലൗകിക ചിന്തകളെല്ലാം വിട്ടു് എന്തോ പിറുപിറുത്തു കൊണ്ടു് പുറകിലേ സീറ്റിൽ തളർന്നിരിക്കുന്നതു് എന്നെ പാടെ വിഷണ്ണനാക്കി.
കടലുണ്ടിപ്പുഴയുടെ നീരോത്തു് കേട്ടു് ഊരകം മലയുടെ മാറിൽ ഉറങ്ങുന്ന നെല്ലിപ്പറമ്പിലേയ്ക്കു് കദനഭാരം പേറുന്ന ഹൃദയങ്ങളുമായി വാഹനം ഓടിയെത്തി.
ഗ്രാമപ്പശിമ കലർന്ന ശീകരം മേനിയിൽ അപരിചിതനായ ഒരു അതിഥിയായി അപ്പൊഴേക്കു് ഇരിപ്പുറപ്പിച്ചു കഴിഞ്ഞിരുന്നു. കുഞ്ചിരോമങ്ങളെല്ലാം അതിഥി വന്ദനയിൽ നിരാസനസ്ഥരായ സ്ഥിതിയിലാണു്. കടലിൽനിന്നു് കാറ്റിനു് ദീർഘം കൂടുന്തോറും കടൽക്കൊഴുപ്പു് അകന്നു് കാറ്റു് ശീതളാരോഹിണിയായി മാറും. കൽപ്പാത്തി പാടം കഴിഞ്ഞു് അങ്ങാടി കാണാൻ തുടങ്ങി. മുക്കടകളിലും ഒറ്റയും തെറ്റയുമായി നിൽക്കുന്ന ആളുകൾ വാഹനത്തിനകത്തേക്കു് പാളി നോക്കി വിഷണ്ണരാവുന്നു. ഇടത്തോട്ടു് തിരിഞ്ഞു കുറച്ചു നേരം പോയ ശേഷം വഴിയറ്റത്തായി വാഹനം നിന്നു. നീണ്ടുകിടക്കുന്ന പാറപ്പുറത്തൂടെ ഉമ്മുവും ആപ്പയും നടക്കാൻ തുടങ്ങി. പറങ്കിമാവുകൾക്കിടയിലൂടെയും പന്നച്ചെടികൾക്കു് അരികിലൂടെയും നടന്നു് നടന്നു് ഒടുക്കം എന്റെ പുതു വിലാസത്തിൽ എത്തിച്ചേർന്നു.
മുറ്റവക്കിലെ മൺപടികൾ കയറവേ ഉമ്മുവിന്റെ തോളിൽ നിന്നു് വീടിന്റെ മോന്തായം, മുങ്ങിക്കിടക്കുന്നതിനെ ജലപ്പരപ്പിലേയ്ക്കു് പതിയെ പതിയെ ഉയർത്തുന്നതുപോലെ കാണാൻ തുടങ്ങി. പെണ്ണുങ്ങൾ നിരന്നിരിക്കുന്ന മുറ്റത്തു നിന്നു് കുതൂഹലം മുഴങ്ങി. കുഞ്ഞാമമാർ ഓടിയെത്തി. അമ്മാവൻ എന്നെ നെഞ്ചോടു് പൊതിഞ്ഞു് ചുംബിച്ചു. അപ്പോഴേക്കും അകത്തുനിന്നു് ഉമ്മുമ്മ ദണ്ണപ്പേച്ചു് തുടങ്ങിയിരുന്നു.
“അള്ളാ… ഇന്റെ മക്കൾക്കു് ഇനിയാരാ… ” കേട്ടപാതി ഉമ്മുവിനെയും പൊതിഞ്ഞു് അഞ്ചു കുഞ്ഞാമമാരും തേങ്ങിക്കരഞ്ഞു. ആ രംഗം ഒരു ക്ഷന്തവ്യനെ തേടുന്നുണ്ടായിരുന്നു. പക്ഷേ, ആരുമുണ്ടായിരുന്നില്ല.
പൂച്ചിയുടെ സാരിക്കെണുപ്പിലിരുന്നു് കരി പിടിച്ച ഉറിക്കയറിൽ മെല്ലെ പിടിച്ചതും കൈവെള്ളയിൽ ഒന്നു രണ്ടു് കറുത്ത ന്യൂന ചിഹ്നങ്ങൾ പതിഞ്ഞു. തുടച്ചു മാറ്റാൻ ശ്രമിക്കവെ വെള്ളനിറമുള്ള കുപ്പായത്തിൽ കറുത്ത മേഘങ്ങൾ പടർന്നുപിടിക്കുന്നതു് കൈയ്യെടുത്തപ്പോഴാണു് മനസ്സിലായതു്. പൂച്ചി ചോറു വാരി തരാൻ തുനിയുകയാണു്. എനിക്കു് സൈഫുത്തയെ ഓർമ്മ വന്നു, ആറ്റുമ്മയെ ഓർമ്മവന്നു. എന്നാലും ഉമ്മു പറഞ്ഞു തന്നതു് ഓർമ്മയുണ്ടു്.
“കുഞ്ഞീ… പൂച്ചി കുഞ്ഞാമാനെ മറക്കരുതു് കേട്ടോ… ഇൻക്കു് അസുഖം വന്നപ്പോൾ ഓളാണു് കുഞ്ഞീനെ നോക്കിയതു്. ഓൾ സ്കൂളീന്നു് കുഞ്ഞീനെ കാണാത്തോണ്ടു് കരയും. തരം കിട്ടിയാ സ്കൂളീന്നു് ചാടി വരും. അത്ര സ്നേഹമാണു്… ”

ശരിയാണു് ഞാൻ ഇവിടെ വരുമ്പോഴെല്ലാം പൂച്ചിയും ഇവിടെ വരും. കുഞ്ഞാമമാരിൽ ഒരാൾ മാത്രമേ കല്യാണം കഴിക്കാത്തതായുള്ളു. പൂച്ചിയെ മിന്നുകെട്ടി പറഞ്ഞയച്ചതു് അടുത്ത സ്ഥലത്തേക്കായതിനാൽ എപ്പോഴും വീട്ടിലേയ്ക്കു് വരാം പ്രത്യേകിച്ചു് ഞാൻ ഉണ്ടാവുമ്പോൾ. പൂച്ചിയാണു് ആദ്യമായി വീടും നാടും പരിചയപ്പെടുത്തിയതു്. കഞ്ഞിപ്പാത്രത്തിൽ വിരലാൽ വരച്ചു് എനിക്കു് ക്ലാസെടുക്കും. വരാന്തയിലേയ്ക്കു് ചൂണ്ടി പറയും. ഇതാണു് “കോലായി”. ഭക്ഷണമുറി ചൂണ്ടി പറയും ഇതാണു് “കേകോർത്തു്”. അമ്മാവന്റെ റൂമിനെ ചൂണ്ടി പറയും ഇതാണു് “മഞ്ജുട്രി”. അടുക്കളയിലേക്കുള്ള വഴി “എട്ച്ചേപ്പു്”. അടുക്കളയോ “ബട്ക്കിണി”. പാറപ്പുറവും തറവാടും ചേർന്ന കുഞ്ഞുസ്ഥലത്തിനു് “പട്ടായി” എന്ന ഒരു വിളിപ്പേരുള്ളതും പൂച്ചിയാണു് പറഞ്ഞുതന്നതു്.
കോലായിൽ ആരൊക്കെ വന്നു പോകുന്നുണ്ടെന്നു് നേരിയ സംസാരങ്ങൾ കേൾക്കുമ്പോൾ അറിയാം. സന്ധ്യാംശുക്കൾ അടുക്കളച്ചുമരിലെ കരിപൂണ്ട അരാതിലിന്റെ പൂത്തുളകളിലൂടെ തിണ്ടിനെ സ്വർണ്ണ വളകൾ അണിയിച്ചിരിക്കുന്നു. പതിയെ പതിയെ അവകളെയെല്ലാം നിലാവിന്റെ കറുത്ത മണവാട്ടികൾ അപഹരിച്ചു കൊണ്ടു് പോയി. അടുക്കളച്ചായ്പ്പിലെ ബിടാവിൽ നിന്നുള്ള പരലിളക്കം ശ്രദ്ധിക്കാൻ തുടങ്ങിയപ്പോഴാണു് ചോല ഓർമ്മ വന്നതു്. പെരുന്നാൾ തലേന്നു് രാത്രി കുഞ്ഞാമമാരെല്ലാം തറവാട്ടിൽ എത്താറുണ്ടു്. എല്ലാവരും ഒത്തുചേർന്നു് ചോല വക്കിലേക്കു് പോകും. പൂച്ചി എന്നെയും പേറിയാണു് നടക്കുക. ചോല വക്കിലെ പാറയിൽ എന്നെ ഇരുത്തിയ ശേഷം അവരെല്ലാം ചോലയിലിറങ്ങി അലക്കാൻ തുടങ്ങും. ചന്ദ്രികരാവിൽ അലക്കുപത പരന്ന ചോലനീർ കണ്ണിൽ വെട്ടിതിളങ്ങും. അലക്കിയ ശേഷം പൂച്ചി എന്നെയും ചോലയിലിറക്കും. വെള്ളത്തിൽ പാദം പതിയുമ്പോൾ തോൾവലിയും. പൂച്ചി കൈകിണറിലെ ചോല നീരുകൊണ്ടു് മുഖം കഴുകുമ്പോൾ കശേരുക്കൾക്കു് അപസ്മാരം പിടിക്കും. ഞാനൊന്നു് കൊട്ടിപ്പിടയും. എത്ര ഉല്ലാസ രംഗമാണെങ്കിലും ചോലറമ്പിലെ കൈതക്കാടു് പന്നക്കുന്തൽകാരി യക്ഷിയെ ഓർമിപ്പിക്കും വിധം ആകാരത്തോടെ നിൽപ്പുണ്ടു്.
ഒരിക്കൽ കൈതക്കാട്ടിൽ നിന്നു് ഒരു പോക്കാൻ തവള ചാടിയതും പേടിച്ചരണ്ടു് നിലവിളിച്ചു കൊണ്ടു് കൂത്തക്കം മറിഞ്ഞു് പൂച്ചിയുടെ മേലെ ഉടുമ്പിനെ പോലെ പറ്റി നിന്നതും ഓർമ്മയുണ്ടു്. അന്നു് പൂച്ചിക്കു് കുളിയില്ല, അലക്കില്ല പോയ വഴിയേ പൂച്ചി എന്നേയും തോളിലേറ്റി തറവാടു് ചേർന്നു. ചോലവെള്ളത്തിൽ സദാ വാലാട്ടി നന്ദി ചൊല്ലുന്ന പരലുകളെ കാണാം. ഞാൻ വിസ്മയിച്ചു് അതിനെ നോക്കിയങ്ങനെ നിൽക്കുമായിരുന്നു.
പൂച്ചി ഒരു പിഞ്ഞാണത്തിൽ അല്പം കഞ്ഞി കൊണ്ടുവന്നു. ഞാൻ മൊത്തിക്കുടിക്കാൻ തുടങ്ങി. ശരിക്കും എനിക്കു് നന്നേ വിശന്നിരുന്നു. പൂച്ചി ഇടക്കിടെ ഏങ്ങിക്കരഞ്ഞു് എന്നെ മാറോടു് ചേർക്കും. ബട്ക്കെണിയുടെ പുറത്തേ ചായ്പ്പിലായി ഒരു മഞ്ചയുണ്ടു്. ഉമ്മൂമ പഴകിയ സാധനസാമഗ്രികൾ നിധിപോലെ സംരക്ഷിക്കുന്ന ഒരു മഞ്ച. മഞ്ചപ്പുറത്തു് എന്നെ നിർത്തിയശേഷം കൈപ്പാട്ടയിൽ അല്പം വെള്ളം കൊണ്ടുവന്നു് പൂച്ചി കൈ കഴുകി തന്നു ചിറി വെള്ളം കൊണ്ടു് തുടച്ചു.
പൂച്ചി എന്റെ മുഖത്തോട്ടു് നോക്കുന്നതു് കണ്ടു് ഞാൻ മനംനിറഞ്ഞു് ചിരിച്ചു. അന്നേരം മനസ്സിൽ ഒരാളിച്ച പടർന്നു പിടിച്ച പോലെ അവരുടെ മുഖം വിവർണ്ണമായി. പൂച്ചിയുടെ മുഖത്തൂടെ സങ്കടചാലുകൾ ഒഴുകി. “എന്റെ കുട്ടി യത്തീം ആയല്ലോ… ” എന്റെ കാതുകളിലേയ്ക്കു് മാത്രമായി പൂച്ചി നിലവിളിച്ചു. ആദ്യമായാണു് അങ്ങനെ വിളിക്കുന്നതു്, സാധാരണ എല്ലാവരും കുഞ്ഞീ എന്നാണു് വിളിക്കാറു്. ഇപ്പോഴിതാ പുതിയ ഒരു പേര് വീണിരിക്കുന്നു. “യത്തീം” രണ്ടുദിവസമായി പല പരിചയ ഭാവങ്ങളിലും അപരിചിതത്വം തെളിയാൻ തുടങ്ങിയിട്ടു്. എന്നെ കണ്ട മാത്രയിൽ സന്തോഷിച്ചിരുന്നവരെല്ലാം കണ്ട പക്കം വേദനിക്കുന്നു. മുഖങ്ങളിൽ മൌനം ഒഴിഞ്ഞാൽ കരച്ചിൽ… കരച്ചിൽ ഒഴിഞ്ഞാൽ മൌനം… ഞാൻ കാറച്ചാലിലേയ്ക്കു് കൊപ്പിച്ചു തുപ്പി. ആകാശത്തുനിന്നു് ധവളിമയിലൂടെ ഇരുട്ടു് ഒലിച്ചിറങ്ങി പരന്നിരിക്കുന്നു. ആകാശം ശവപ്പറമ്പു് പോലെ നിർജ്ജീവമാണു്. സർവ്വതിളക്കങ്ങളേയും കർക്കിടക മേഘങ്ങൾ കബറിലാക്കിയിരിക്കുന്നു. മനുഷ്യരിലും പ്രകൃതിയിലും മൂകത മാത്രം. ഭൂമിയുടെ മീസാൻ കല്ലായി എഴുന്നു നിന്ന എന്നെ വകഞ്ഞു് ഒരു ചാരുവാസി പോയി. അവരിലും വികാരാധീനമായ ആ വിളിയാളം ഞാൻ കേട്ടു. സഹാനുഭൂതിയുടെയും ഓശാരത്തിന്റേയും കാന്തികവലയങ്ങൾ കൈ നീട്ടുന്ന ആ വിളിയാളം “യത്തീം”. കാലത്തിന്റെ അർത്ഥങ്ങൾ ഒന്നും മനസ്സിലാകുന്നില്ല. എല്ലാ ജലദീപങ്ങളും അണഞ്ഞപ്പോൾ ഞാൻ പൂച്ചിയുടെ ഈരപ്പടവുകൾ വീണ്ടും കയറി. എടുച്ചേപ്പിലൂടെ മഞ്ജുട്രി ലാക്കാക്കി പൂച്ചി മെല്ലേ നടന്നു. മഞ്ജുട്രിയിലെ മരക്കട്ടിലിൽ എന്നെ കിടത്തി പൂച്ചി അരികിലിരുന്നു് തല തടവാൻ തുടങ്ങി. പൂച്ചിയുടെ വിരലുകൾ താരാട്ടുപാടുന്നുണ്ടെങ്കിലും അവയെല്ലാം നിരസിച്ചു് ഞാൻ കട്ടിലിൽ കുത്തിയിരുന്നു. പൂച്ചി കണ്ണുകളിലേയ്ക്കു് തന്നെ നോക്കി നിൽക്കുകയാണു്. “കുഞ്ഞാമാ… എനിക്കു് ഉമ്മുന്റെ അടുത്തു് കിടക്കണം.” പൂച്ചി എന്നെ നെഞ്ചോടു് ചേർത്തു നടന്നു. ചുവരിലെ പല്ലി കണക്കു് ഞാൻ പറ്റി നിന്നു. ഉമ്മുവിന്റെ കൈവലയങ്ങൾക്കുള്ളിൽ ഗർഭപാത്രത്തിന്റെ ചൂടേറ്റു് കിടക്കുമ്പോൾ നിദ്രാമണികൾ തലോടുന്നുണ്ടായിരുന്നു. അവകൾ വന്നും വരാതെയും കളിപ്പിക്കാൻ തുടങ്ങി. ഉന്നിദ്രമായ മനസ്സു് അസ്വസ്ഥതയിലാണു്. വേവലാതി മാറ്റാൻ എന്തിനും അവസാനമായി എനിക്കു് ഉത്തരം നൽകാറുള്ള ഉമ്മുവിനോടു് തന്നെ ചോദിച്ചു. “ഉമ്മു ഈ യത്തീമെന്നാൽ എന്താ…?” ഉമ്മുവിന്റെ ഹൃദയം എന്റെ നഗ്നമായ പുറത്തു് അനിയന്ത്രിതമായി മിടിക്കാൻ തുടങ്ങി. ഉമ്മു ഉറക്കെ കരഞ്ഞു. ആ കരച്ചിൽ അറ്റമില്ലാത്ത ഭാവിയിലേയ്ക്കു് ഒഴുകിപ്പോയി. ക്ഷണം പ്രകൃതിയിൽ കർക്കിടകം പൊട്ടി. പിന്നെ എങ്ങും മഴത്താളം മാത്രം…

മലപ്പുറം ജില്ലയിലെ വേങ്ങര ഊരകം സ്വദേശി. കാളികാവു് പിജി ക്യാമ്പസ് വിദ്യാർത്ഥി. ആനുകാലികങ്ങളിൽ നിരന്തരമായി എഴുതുന്നു. മൈസൂർ യാത്ര വിവരണം “ഡിസ്ക്റൈറ്റ്” പ്രധാന കൃതി.
കലിഗ്രഫി: എൻ. ഭട്ടതിരി
ചിത്രീകരണം: വി. പി. സുനിൽകുമാർ