അണഞ്ചിയമ്മ ഒരു ചാക്കുസഞ്ചി കക്ഷത്തിറുക്കിക്കൊണ്ടു വന്നു ചേർന്നപ്പോൾ ഞാൻ കോവിൽ മുറ്റത്തെ ഇടിഞ്ഞ തിണ്ണയിലിരുന്നു്പച്ച മാങ്ങ തിന്നുകയായിരുന്നു.
“പിള്ളേ, ഇങ്ങ് നാണിയമ്മ തമ്പ്രാട്ടിടെ വീടു് എങ്ങ്?” എന്നു്അവർ ചോദിച്ചു. അവരാരാണെന്നു് എനിക്കപ്പോൾ അറിയുമായിരുന്നില്ല. നീണ്ട കാതുകൾ തോളിലേക്കു തൂങ്ങിക്കിടന്നു. ഇരു മുലകളും രണ്ടു നീണ്ട സഞ്ചികളായ് ആടി. മുലക്കണ്ണുകൾ കീഴോട്ടു് നിലം നോക്കിക്കിടന്നു. പശുവിന്റെ മുലകൾ പോലെ.
അരയിലൊരു മുണ്ടു മാത്രം ചുറ്റിയിട്ടുണ്ടു്. മുഖം ചിലന്തിവല മാതിരി ചുളിവുകൾ വീണിരുന്നു. നരച്ച കണ്ണുകൾ. വായേ ഇല്ല. ചരടുവലിച്ചു കെട്ടിയ ചുരുക്കു സഞ്ചി പോലെ ചുണ്ടുകൾ ഉൾവലിഞ്ഞിരുന്നു.
“എന്റെ മാമിയാ. ഞാൻ കൂട്ടിക്കൊണ്ടു പോകാം” എന്നു പറഞ്ഞു് ഞാൻ മാങ്ങയണ്ടി വീശിയെറിഞ്ഞു.
ഞാൻ നടന്നപ്പോൾ കിഴവി ആടിയാടി പിറകേ വന്നു. ചുറ്റുമുള്ള കാറ്റിനെ കൈ കൊണ്ടു് വെള്ളം പോലെ തള്ളിത്തള്ളി നടക്കും പോലിരുന്നു.
“പിള്ളേ പിള്ളേ, ഒരു നല്ല നിക്കറ് ഇട്ടൂടെയോ? എലിയല്യോ തുറിച്ചു നോക്കുന്ന്?” എന്നു കൈയ്യാൽ ചൂണ്ടിക്കാട്ടി.
നല്ല ട്രൗസറു തന്നെയാണ്. ഞാൻ കുറച്ചു മുന്നേ മൂത്രമൊഴിക്കാൻ നിന്നപ്പോൾ അതകത്തേയ്ക്കാക്കാൻ മറന്നു പോയതാണ്.ഒതുക്കത്തിൽ അതകത്തേക്കു തള്ളി കുടുക്കിട്ടു. തൊട്ടപ്പൊഴേക്കും പിന്നെയും മൂത്രമൊഴിക്കാൻ മുട്ടും പോലെ തോന്നി.
“അതു ശരി, ഇപ്പം കാറ്റും വെളിച്ചവും തട്ടാതെത്തന്നേണ്ട്. ഇനിയല്ലേ കെടക്കണതു ജോലി… ചില്ലറ ജോലിയാ? പത്തറുപതു കൊല്ലം ഇനി അതല്ലേ കൈ പിടിച്ചു വിളിച്ചോണ്ടു പോവുക” എന്നു പറഞ്ഞു കിഴവി.
“ആര്?” ഞാൻ ചോദിച്ചു.
“പിള്ളെ, കൊക്കു പറക്കണ കണ്ടിട്ടൊണ്ടാ?”
“ഉണ്ട്”.
“അതിനെ അതിന്റെ മൂക്കാ മാനത്തൂടെ വലിച്ചോണ്ടു പോകണത്. അതേ മാതിരിയാ ആമ്പിള്ളേരെ ഈ മൂക്കു വലിച്ചോണ്ടു പോവുക”.
ഞാൻ എന്റെ മൂക്കു തൊട്ടു നോക്കി. കൂർത്തിട്ടല്ല. ഇതാണോ എന്നെ വലിച്ചോടാൻ പോകുന്നത്.
“ആ മൂക്കല്ല പിള്ളേ, കീഴ്മൂക്ക്”.
ഞാൻ “അതെവിടെയാ” എന്നു ചോദിച്ചു.
“ഇപ്പം അതിനെ അതിന്റെ പാട്ടിനു വിടൂ. പിന്നീടു് അതു തന്നെ പിള്ളയോടു പറയും, എന്നെ തൂക്കിയെടുത്തു വെയ്ക്കൂന്ന്… തോണ്ടി വിളിച്ചോണ്ടേ ഇരിക്കുമല്ലോ. കൊച്ചുകുഞ്ഞിനെ മാതിരിയല്യോ ശുശ്രൂഷിക്കേണ്ടത്. കിഴവി തന്നത്താൻ എന്തൊക്കെയോ പറഞ്ഞുകൊണ്ടു വന്നു”. ജ്ഞാനമാർഗ്ഗത്തിലേക്കു കൂട്ടിക്കൊണ്ടു പോകേണ്ട ഗുരുസ്വാമിയല്ലേ അത്? അതിനേ വഴി തെറ്റിയാൽ പിന്നെ രക്ഷയില്ല”.
നാണി മാമിയുടെ വീടിനു മുന്നിൽ സുകു നിന്നിരുന്നു. അവനും തിന്നിരുന്നതു് മാങ്ങതന്നെ. അവന്റെ വീടിനു മുന്നിലെ കല്യാണപ്പന്തൽ അഴിച്ചിട്ടില്ല. തൊടിയോടു ചേർന്നു കെട്ടിയ കലവറച്ചായ്പ്പു മാത്രമേ അഴിച്ചിട്ടുള്ളൂ.
“പിള്ളേ ഇതാണോ വീട്?” എന്നു ചോദിച്ചു കിഴവി.
“അതെ, ഉള്ളിലാണ്”.
“എന്റെ വീട്ടിലേയ്ക്കാ?” എന്നു ചോദിച്ചു സുകു. “എന്റെ വീട്ടിലാ കല്യാണം. വല്യ കല്യാണം”.
“അപ്പി കല്യാണപ്പണ്ടം ഭദ്രമായി എടുത്തു വയ്ക്കണം കേട്ടോ?” എന്നു കിഴവി പറഞ്ഞു. “അണഞ്ചി വന്നിട്ടുണ്ട്ന്നു പോയി പറയണം. പണ്ടുവച്ചി അണഞ്ചീന്നു് പറയണം പിള്ളേ”.
അവൻ “അണഞ്ചി വന്നേ” എന്നകത്തേക്കോടി. ഞാൻ “അവനു ലൂസാ… മാങ്ങാനക്കി”. എന്നു പറഞ്ഞു.
അണഞ്ചി, “എന്റപ്പോ, അണപ്പങ്കോട്ടു ശാസ്താവേ, ദാ കെടക്കുണു” എന്നു പറഞ്ഞു് മുട്ടിന്മേൽ കൈവെച്ചു മേലേക്കു കേറി.
വീട്ടിനു മുന്നിൽ മുളങ്കാൽ നാട്ടി ഓല മേഞ്ഞു താഴ്ത്തിയിറക്കിയ പന്തൽ. തറയിൽ ചാണകം തളിച്ചു മെഴുകിയിരിക്കുന്നു. പന്തലിൽ വലിച്ചുകെട്ടിയിരുന്ന വെള്ളമുണ്ടുകൾ അഴിച്ചുമാറ്റിയിരുന്നു. രാവിലത്തെ വെളിച്ചം പന്തലിന്റെ ഓട്ടകളിലൂടെ തറയിൽ ചില്ലറപോലെ വീണുകിടന്നിരുന്നു. അതിനപ്പുറം വീട്ടുതിണ്ണയും മുഖപ്പും നിഴലായ് കാണപ്പെട്ടു.
പന്തൽകാലിൽ കന്നുകുട്ടിയെ കെട്ടിയിരുന്നു.അതു ചുറ്റിച്ചുറ്റി വന്നു കയറിറുകി മുളങ്കാലിനോടൊട്ടി നിന്നു് നക്കിക്കൊണ്ടിരുന്നു.കിഴവിയെക്കണ്ടതും “മ് മ് മാ” എന്നു വിളിച്ചു. നാക്കു് വാഴപ്പൂ നിറത്തിൽ വളഞ്ഞിരുന്നു.“കാളയാവും… എന്തെങ്കിലും നക്കിക്കൊണ്ടിരിക്കണം… നാക്കാ ഇപ്പം ഏറ്റം കരുത്തുള്ള ഇന്ദ്രിയം” എന്നു പറഞ്ഞു അണഞ്ചി.
പന്തലിൽ ഒരു ബെഞ്ചിൽ താണപ്പൻ അണ്ണൻ തുറന്ന മാറോടെ ലുങ്കിയുടുത്തു് മലർന്നു കിടന്നുറങ്ങിക്കൊണ്ടിരുന്നു. തുറന്ന വായിൽ പല്ലിന്റെ അടിഭാഗത്തെ കറ തെളിഞ്ഞു കാണാം. തൊണ്ടമുഴ ഏറിയിറങ്ങിക്കളിച്ചു.പുതിയ സ്വർണ്ണമാല മാറിൽ പറ്റിക്കിടന്നു.കയ്യിൽ പുതിയ മോതിരം. നെറ്റിയിൽ മഞ്ഞൾക്കളഭക്കുറി.
രാവിലെത്തന്നെ താണപ്പൻ അണ്ണനും ലീല അക്കായും ഇലുപ്പൈയടി യക്ഷിക്കോവിലിൽ പോയി വന്നിരുന്നു. ലീല അക്കായെ താണപ്പൻ അണ്ണൻ കല്യാണം കഴിച്ചിട്ടു്രണ്ടു ദിവസമേ ആയിട്ടുള്ളൂ. നാലുകൂട്ടം പ്രഥമൻ. അട, കടല, പരിപ്പ്, സേമിയ. എനിക്കു് കടല പ്രഥമനാണ് ഇഷ്ടം. താണപ്പൻ അണ്ണനും ലീലാ അക്കായും വർത്തമാനം പറയുമ്പോൾ ലീലാ അക്കാ നാലുപുറവും നോക്കിക്കൊണ്ടു് ഇടക്കിടെ ചിരിച്ചു് തലകുനിച്ചിരിക്കുന്നതു് അവർ ഇന്നലെ കോവിലിൽ പോകുമ്പോൾ ഞാൻ കണ്ടതാണ്. തവളക്കണ്ണൻ “തൊട്ടുവിട തൊട്ടുവിട തൊടരും കൈ പട്ടുവിട പട്ടുവിട മലരും” എന്നു പാടിക്കൊണ്ടു് തെങ്ങിന്മേൽ കേറുന്നുണ്ടായിരുന്നു. ഞാൻ അവനെ നോക്കിയതും അവൻ എന്നെ നോക്കി കണ്ണടിച്ചു.
അണഞ്ചി കുനിഞ്ഞു താണപ്പൻ അണ്ണന്റെ ശരീരം നോക്കി. കൈകൊണ്ടു് മെല്ലെ ലുങ്കി മാറ്റി നോക്കി. ഞാൻ വാ പൊത്തിച്ചിരിച്ചു. “എന്താ ചിരിക്കാൻ? വിത്തുഗുണം നോക്കണല്ലോ”. എന്നു പറഞ്ഞു അണഞ്ചി.
“നല്ല ഉറച്ച ദേഹം… എന്തു ജോലിയാ ചെയ്യുന്നാവോ?”
“അണ്ണൻ പട്ടാളത്തിലാണ്. തോക്കുണ്ട്”. ഞാൻ പറഞ്ഞു.
“അതു തന്നെ ഇപ്പം നോക്കീത്. വല്യ തോക്കൊന്നും അല്ല. സാമാന്യ തോക്കുതന്നെ പിള്ളേ”.
ഞാൻ ബെഞ്ചിൽ ചെന്നിരുന്നു. അങ്ങനെ ഇരിക്കുമ്പോൾ നന്നായി വളർന്നു വലുതായെന്നും വെറ്റിലപ്പാക്കു ചവയ്ക്കാമെന്നും തോന്നും. എന്നാൽ വെറ്റിലത്താലത്തിൽ നുള്ളിയിട്ട തിരികൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഒന്നു രണ്ടെണ്ണമെടുത്തു വായിലിട്ടു ചവച്ചു.
പാതിയിരുട്ടിൽ ചുവരിലെ ഫോട്ടോകളിൽ ആണും പെണ്ണും ജോടിജോടിയായി ഇരിക്കുന്നതു് ഓരോന്നായി നോക്കി. സുകുവിന്റെ അമ്മയുടെ ചെറിയ പ്രായത്തിലെ കല്യാണഫോട്ടോയിൽ അവർ നെറ്റിമേലേക്കു് മുടിയിഴകൾ തൂക്കിയിട്ടു്, കാതോരം ചെറിയ പൂ ചൂടി, കട്ടിയായി പുരികം വരച്ചു്, കൺമഷി മീൻ വാലു പോലെ നീട്ടിവിട്ടു്, തോളത്തു പൂരി പോലെ പൊങ്ങിയ കൈവെച്ച ജാക്കറ്റണിഞ്ഞിരുന്നു. അരികേ നാണിമാമിയുടെ കല്യാണഫോട്ടോ. അതിൽ മാമി നേര്യതും മുണ്ടുമുടുത്തു് തല കുനിച്ചിരുന്നു. മാധവൻ മാമന്റെ കണ്ണുകളിൽ പൂച്ചയുടേതു പോലെ രണ്ടു വെള്ളപ്പുള്ളികൾ. ശാന്താ അക്കായുടെ കല്യാണഫോട്ടോ കളറ്. അതു നരച്ചു് കാവി നിറത്തിലായിരുന്നു. അക്കയുടെ തലമുടി ചാമ്പൽ പൂശിയ പോലിരുന്നു. അക്കയുടെ ഭർത്താവ് അച്ചുതൻ മാമന്റെ മേൽ എന്തോ മറിഞ്ഞു വീണ് ആകെ നാശമായിരുന്നു. എന്നാൽ അക്കയുടെ ഒരു കണ്ണു് തിളങ്ങും പോലെ തോന്നി. ലീല അക്കാ പതിനൊന്നാം ക്ലാസ് പാസായപ്പോൾ എടുത്ത പടത്തിൽ അക്കാ ദാവണിയിട്ടു് കൈയിൽ പുസ്തകം വെച്ചിരിക്കുന്നു.
നാണിമാമി പുറത്തു വന്നു് “വന്നോ അണഞ്ചി…വാടീ…” വിളിച്ചു.
“നിന്നെപ്പറ്റി വണ്ണാത്തി മാധവി പറഞ്ഞു”.
“ഇമ്പിടി കഞ്ഞിവെള്ളം ഉപ്പിട്ടു് എടുക്കണം പിള്ളേ… വല്ലാണ്ടായി”.
“എടുക്കട്ടെ” നാണി മാമി അകത്തു പോയി.
“അതില് കൊറച്ചു നല്ലോണം വറ്റും ഇട്ടേയ്ക്കൂ… കണ്ണിമാങ്ങ ഉണ്ടോ?”
“വെള്ളത്തിലിട്ട മാങ്ങ കാണും”.
“എടുത്തോളൂ… ഒരു പിടി അവിയലോ തോരനോ ഉണ്ടെങ്കിൽ കൊള്ളാം”.
മാങ്ങ ഉടച്ചു ചേർത്തു് അതു തൊട്ടുകൂട്ടി അവിയൽ നുണഞ്ഞു് അണഞ്ചി കഞ്ഞി കുടിച്ചു. “ഇമ്പിടി കൂടി” എന്നു വീണ്ടും. നാണി മാമി പിന്നെയും കൊണ്ടുവന്നൊഴിച്ച കഞ്ഞിയും കുടിച്ചു. ഏമ് എന്നു്ഏമ്പക്കം വിട്ടു് “കഞ്ഞി കുടിച്ചാ ഇമ്പിടി കരുപ്പട്ടി എനിക്കു വേണം… അതൊരു ശീലമായിപ്പോയി, കേട്ടോ”.
പനഞ്ചക്കര വായിലിട്ടു തിന്നപ്പോൾ അവരുടെ കണ്ണുകളിൽ മെല്ലെ മങ്ങൽ പടർന്നു.മുഖമാകെ അലിഞ്ഞു പോയതുപോലെ എന്തോ മാതിരിയിരുന്നു.
ഞാൻ കന്നുകുട്ടിയെ അഴിച്ചുവിട്ടു. അതു വാലു ചുരുട്ടിക്കൊണ്ടു് തുള്ളിപ്പാഞ്ഞു. നാണിമാമി “ടേയ് ടേയ് … അതു പോയി പാലു കുടിക്കും”. എന്നൊച്ചവെച്ചു. “പിടിടേ പിടി പിടി…”
ഞാനതിന്റെ പിന്നാലെ ഓടിപ്പോയി പിടിച്ചു് വീണ്ടും കൊണ്ടുവന്നു കെട്ടി. പശു ’അമ്പേ’ എന്നു്കുട്ടിയെ വിളിച്ചു. “ശവത്തിന് ഒരേ വിചാരം തന്നെ” എന്നു പറഞ്ഞു നാണി മാമി. “വന്നു നോക്കു് അണഞ്ചീ… കുട്ടി കെടന്നു പൊളയുന്നു”.
അണഞ്ചി താണപ്പൻ അണ്ണനെ നോക്കി “നല്ല ഇരുമ്പു സാധനമാ” എന്നു പറഞ്ഞു കൊണ്ടു് എഴുന്നേറ്റു സഞ്ചി തൂക്കി അകത്തേക്കു ചെന്നു.
“നീ പോയി കളിച്ചോ”, നാണിമാമി.
സുകു എന്റെയടുത്തുവന്നു് “അക്കായ്ക്കു് നെഞ്ഞു വേദന” എന്നു പറഞ്ഞു.
“എങ്ങനെ?”
“നെഞ്ഞു വേദന”. ഒന്നും പിടികിട്ടാതെ അവൻ പറഞ്ഞു.
അവന്റെ ദേഹത്തുന്നു പച്ച മാങ്ങാ മണമടിച്ചു. എനിക്കു് രാവിലെ തിന്ന മാങ്ങ ഓർമ്മവന്നു് പല്ലു പുളിച്ചു.
“നിന്റെ വീട്ടിൽ മാമ്പഴമുണ്ടോ?”
“അമ്മ അകത്തെടുത്തു വെച്ചിരിക്കയാ”.
“അകത്താ?”
“എന്നാ വാ” എന്നു് സുകു രഹസ്യമായെന്നെ വിളിച്ചു. ഞങ്ങൾ ശബ്ദമുണ്ടാക്കാതെ അകത്തു ചെന്നു. അണഞ്ചി ഉള്ളിൽ പൊതിയഴിച്ചുകൊണ്ടിരുന്നു. നാണിമാമിയും ശാന്താ അക്കായും അരികേ നിന്നു. ശാന്താ അക്കായുടെ ഒക്കത്തിരുന്നു് ശ്രീധരൻ ജാക്കറ്റ് നീക്കി ഇടയിലൂടെ മുല വെളിയിലേക്കാക്കി വലിച്ചു കുടിച്ചു കൊണ്ടിരുന്നു.
“അയ്യയ്യ… എന്താ ഇതു് അമ്മിണി? പടിച്ച കുട്ടിയല്ലേ നീ? അതിനെത്ര വയസ്സായി?”
“വരുന്ന ആവണിയിൽ മൂന്നാകും”.
“രണ്ടു തെകഞ്ഞു. ഇപ്പഴും വലിച്ചു കുടിയ്ക്കുണു… നിറുത്തരുതോ?”
“നിറുത്തിയാ കേക്കണ്ടേ”.
“വേപ്പെണ്ണ വെച്ചു പൂശണം പിള്ളേ”.
“അതെല്ലാം പൂശി. വേപ്പെണ്ണ, എട്ടിക്കാച്ചാറ്… ഒരു കാര്യവുമില്ല. നക്കി തുപ്പീട്ടു കുടിക്കും…”
“രാത്രിയും അരികത്താണോ കിടപ്പ്?”
“അതെ. അവന്റെയപ്പൻ ഇവിടില്ലല്ലോ”.
“പിള്ളേ ഇതു ശരിയാവില്ല… കട്ടിച്ചെന്നാരം വെച്ചു തേയ്ക്കണം. പതിനഞ്ചു നാൾ നിന്നു കയ്ക്കും. അമ്മയെന്നു പറഞ്ഞാലേ കയ്ക്കും… പെണ്ണിന്റെ കയ്പ് അവനറിയണം. പിന്നെ ഇനിയ്ക്കണമെങ്കിൽ പത്തിരുപതു കൊല്ലമാകും… ഞാൻ തരാം”.
ഞാൻ അവിടെ നിന്നു. സുകു “വായോ” എന്നു വിളിച്ചു. “നീ പോയി എടുത്തിട്ടു വാടേ”.
അണഞ്ചി പൊതിയിൽ നിന്നു വാടിയ ഇലകളും ചില വേരുകളും എടുത്തു.“ഒരു കലം ചൂടുവെള്ളം വേണം… നന്നായി തിളക്കണം”.
“അടുപ്പിലേ വെള്ളം കെടക്കുന്നു”.
“ഇതു കൂടെയിട്ടു തിളപ്പിക്കൂ… എവിടെ എന്റെ പൊന്നു ഉരുപ്പടി?”
“അകത്തുണ്ടു്”, നാണി മാമി. “എടീ വാടീ”. ഉള്ളിൽ നിന്നു് എന്തോ ശബ്ദം കേട്ടു. “എടീ വാടീ… ചുമ്മാ” എന്നു നാണി മാമി പറഞ്ഞു. “അണഞ്ചി മരുന്നിട്ടോട്ടെ”.
ഉള്ളിൽ നിന്നു് ലീല അക്കാ അയഞ്ഞ വസ്ത്രത്തോടെ വന്നു. ഉറങ്ങി എണീറ്റു വരുമ്പോലിരുന്നു മുഖവും കണ്ണും. മേൽമുണ്ടെടുത്തു് മേലേ ഇട്ടിരുന്നു.
“പിള്ള ഷീണിച്ചു പോയി” എന്നു പറഞ്ഞു അണഞ്ചി.
“എന്തു പറയാനാ… പെണ്ണാപ്പിറന്നതിന്റെ രോഗമാണല്ലോ” എന്നു നാണി മാമി.
“പിള്ള ഭയപ്പെടാതെ… നന്നായി മരുന്നിട്ടു തിളപ്പിച്ച വെള്ളം കൊണ്ടു് ആവി പിടിച്ചാ രണ്ടുനാൾ കൊണ്ടു വേദന മാറും”.
ലീലാ അക്കാ മറ്റെവിടേക്കോ ദൃഷ്ടി മാറ്റി. “ഇങ്ങനെയായാൽ എന്താ ചെയ്ക?” നാണി മാമി വീണ്ടും.
“ജയിക്കണം അല്ലേ, ജയിച്ചു കേറണം ല്ലേ? കോട്ടയിൽ കൊടി നാട്ടിയാൽ തന്നെയല്ലേ നെറവ്?”
നാണി മാമി അകത്തു പോയി വന്നു. “വെള്ളം തെളയ്ക്കുണു അണഞ്ചിയേ”.
“ഇവന്മാരൊക്കെ ആരെയാ ജയിക്കുന്നത്?” എന്നു ചോദിച്ചു ശാന്ത അക്കാ.
“പെറ്റ അമ്മയെ. വേറാരെ?”
സുകു വന്നു് “എടുത്തു” എന്നു പറഞ്ഞു. അപ്പൊഴേക്കും ഒരു മാമ്പഴം താഴെവീണു.
ശാന്താ അക്ക തിരിഞ്ഞുനോക്കി.
“എന്നടാ, ടേയ്”.
“ഓടടേ” എന്നു് സുകു ഓടി. ഞാൻ പിന്നാലെ ഓടി. ഞങ്ങൾ വൈക്കോൽതുറുവിനരികേ ചെന്നു് ഒളിച്ചു നിന്നു് മാമ്പഴം ഓരോന്നു വീതം എടുത്തു.
“പച്ചവരിക്കയാ… ചാറ് മാത്രമേ ഉള്ളൂ” സുകു പറഞ്ഞു.
പച്ചവരിക്ക മാമ്പഴത്തിന്റെ തോൽ കട്ടിയുള്ളത്. ഉള്ളിൽ നാരും ചാറും മാത്രം. എന്നാൽ നല്ല മധുരമായിരിക്കും. സുകു മാമ്പഴം കൈകളിൽ വെച്ചു കശക്കി.ഞാനും അതുപോലെ കശക്കി.കശക്കി കശക്കി നന്നായി ഞമങ്ങിയപ്പോൾ തുമ്പത്തു കടിച്ചു് ചെറിയ ഓട്ടയാക്കി. അതിലേ ഉറിഞ്ചിയതും മധുരമുള്ള ചാറു വന്നു. മുഴുവനായ് ഉറുഞ്ചും വരെ ഞങ്ങളതിൽ മുഴുകിയിരുന്നു. അതു വീശിയെറിഞ്ഞപ്പോൾ പിന്നെയും വല്ലാത്തൊരു കൊതി തോന്നി.
“ഒന്നു താഴെ വീണുപോയി” എന്നു സുകു”.
“അതു കൊണ്ടുവന്നിരുന്നാൽ നീയല്ലേ തിന്നുക?”
“അതെ. ഇതു് എന്റെ വീടല്ലേ? എനിക്കു് ഒന്നു കൂടുതൽ വേണ്ടേ?”
“നീ എന്റെ വീട്ടിൽ വന്നപ്പം ഞാൻ നിനക്കു് മാമ്പഴം തന്നില്ലേ?”
“അതിനു മുന്നേ ഞാൻ മൂന്നു മാമ്പഴം നിനക്കു തന്നു”. ഞ്ഞു്
“അതു പുളിപ്പ്”
“നിന്റെ മാമ്പഴത്തിനാ പുളിപ്പ്… പീപ്പുളിപ്പ്… ഥൂ ഥൂ ഥൂ”.
“എനിക്കു മാമ്പഴം തരുന്നില്ല”. അവൻ കരയാറായി.
“ഇന്നാ കെടക്കുന്നു… എടുത്തു തിന്നോ” എന്നു് ഞാൻ താഴെക്കിടക്കുന്ന മാങ്ങയണ്ടി ചൂണ്ടിക്കാട്ടി.
അവൻ ആവേശത്തോടെ എന്നെ അടിച്ചു.ഞാനവനെ തടഞ്ഞുമറിച്ചിട്ടുരുട്ടി അടിച്ചു. ഇരുവരും വൈക്കോലിൽ കിടന്നു് തല്ലു കൂടി. ഞാനവനെ പലതവണ അടിച്ചു. അവൻ കരഞ്ഞുകൊണ്ടു് “ഞാൻ ചത്താ എന്റമ്മ നിന്നെ കൊല്ലും” എന്നു പറഞ്ഞു.
“ഞാൻ നിന്റമ്മയെ കൊല്ലും”.
അവൻ “എന്റമ്മേ” എന്നു വിളിച്ചു കരഞ്ഞു.
“നിന്റപ്പനെയും കൊല്ലും… നിന്റെ പാട്ടിയേയും ഞാൻ കൊല്ലും”.
“ഞങ്ങക്കു് സാമിയുണ്ടു്”.
“എന്റെ സാമി വലിയ സാമി, അറിയാമോ?”
അവൻ കീഴ്ചുണ്ടു മുമ്പോട്ടു തള്ളി മൂക്കിൽ നിന്നു വെള്ളമൊലിപ്പിച്ചുകൊണ്ടു വിക്കിവിക്കി കരഞ്ഞു.
“ഇനി നീ മാങ്ങ കൊണ്ടുവരില്ലേ?”
“കൊണ്ടു വരാം”.
“എത്ര മാങ്ങ?”
“രണ്ടു്”.
ഞാനവനെ വീണ്ടും അടിച്ചു.
“മൂന്നു മാങ്ങാ, മൂന്നു മാങ്ങാ”.
“അതിലെത്ര എണ്ണം നീ തിന്നും?”
അവൻ കണ്ണീരൊലിപ്പിച്ചു് “ഒന്ന്” എന്നു പറഞ്ഞു.
ഞാൻ അവന്റെ ദേഹത്തുനിന്നെണീറ്റു: “നീ നിന്റെ അമ്മയോടു് പറയില്ലേ?”
“പറയില്ല”.
“ശരി, പോ”.
അവൻ വിതുമ്പിക്കൊണ്ടു് പോയി. അവൻ പറയാതിരിക്കില്ല. ശാന്താ അക്ക ഒരിക്കൽ കൂടി ഞങ്ങളെ നോക്കിപ്പോയി. വീട്ടിലേക്കു പോകാം. അതാണ് നല്ലത്.
ഞാൻ വൈക്കോൽതുറു ചുറ്റിക്കൊണ്ടു് ഉരൽപ്പുര വഴിയേ ചെന്നു. അവിടെ താണപ്പൻ അണ്ണൻ ഉരൽപ്പുരച്ചുവരു മറഞ്ഞു നിന്നു് സിഗററ്റ് വലിക്കുന്നുണ്ടായിരുന്നു. ലുങ്കി തുടയ്ക്കുമേൽ ചുരുട്ടി രോമം പടർന്ന തുട തടവിക്കൊണ്ടിരുന്നു.
വേലിക്കപ്പുറത്തു് ഏണിയുമായി വന്ന രായപ്പൻ “എന്തെല്ലാം പുതുമാപ്പിളേ, നുണയുകയാണോ?” എന്നു ചോദിച്ചു.
“നുണയണമല്ലോ?” എന്നു് താണപ്പൻ അണ്ണൻ ചിരിച്ചു കൊണ്ട്.
“അണഞ്ചി വരുന്നതു് കണ്ടല്ലോ? വയല് ഉഴുതുമറിച്ചിട്ടതു പോലെ”. എന്നായി രായപ്പൻ. “പട്ടാളംപിള്ളേ, ആടു് ഉഴുത വയലുമുണ്ട്, ആന ഉഴുത വയലുമുണ്ട്. കേട്ടോ”
“ആനയുടെ കഥയൊക്കെ അണഞ്ചി പറയട്ടെ”. എന്നു് താണപ്പൻ അണ്ണൻ ചിരിച്ചു കൊണ്ടു പറഞ്ഞു.
“നമ്മുടെ പാക്കരൻ കെട്ടിയപ്പ പത്തുനാളേക്കു് ആ തെരുവിലേ കടക്കാൻ വയ്യ. കുട്ടി കെടന്നു് നെലവിളിയാ… രാത്രി അവന്റെ പണി, കാലത്തു് അണഞ്ചിയുടെ പണി…” എന്നു പറഞ്ഞു രായപ്പൻ.
“ദാ, ഇപ്പം അവിടെ കരച്ചിലും വിളിയും അല്ലേ കേക്കുന്നത്?” എന്നു താണപ്പൻ.
“ഹെഹെഹെഹെ” എന്നു ചിരിച്ചു്, “വലിച്ചെങ്കീ അതിന്റെ കുറ്റി തന്നാട്ടെ. പട്ടാളം സിഗററ്റില്ലേ?” എന്നു ചോദിച്ചു രായപ്പൻ.
താണപ്പൻ അണ്ണൻ കൊടുത്ത സിഗററ്റുകുറ്റി വാങ്ങി ആഞ്ഞു വലിച്ചു. “നല്ല സാധനമാ… മുല്ലപ്പൂ മണം”
സിഗററ്റിനു് മുല്ലപ്പൂ മണം ഞാൻ കണ്ടിട്ടില്ല. ഞാൻ കുറച്ചടുത്തു ചെന്നു. അതു് വേറേതോ മണം.
“വരട്ടെ” എന്നു രായപ്പൻ പോകുമ്പോൾ താണപ്പൻ അണ്ണൻ എന്നെ നോക്കി. “എന്തെടാ?”
“അണഞ്ചി വിളിച്ചതാ” അങ്ങനെ പറയാൻ തോന്നിയതെന്തെന്നു് എനിക്കു തന്നെ അറിയില്ല.
“എന്തിനു്?”
“അറിയില്ല”.
“ശരി, വാ” താണപ്പൻ അണ്ണൻ നടന്നു.
“അണ്ണന് പട്ടാളത്തിൽ തോക്കുണ്ടോ?”
“ഉണ്ട്”.
“വലുതാ?”
“അതെ”.
“അതു കൊണ്ടു് വെടിവെക്കാമോ?”
“ഉവ്വെടേ”.
“ഞാനും വെടി വെക്കും… ട്ടോ ട്ടോ ട്ടോ!”ഞ്ഞു്
പന്തലിൽ വീണ്ടും കന്നുകുട്ടി മുളയെ ചുറ്റി തല തൂക്കി നക്കിക്കൊണ്ടിരുന്നു. ചുവരിനപ്പുറം ലീല അക്കാ “അയ്യോ അയ്യോ! എന്റമ്മേ! അയ്യോ!” എന്നു നിലവിളിച്ചുകൊണ്ടിരുന്നു.
“അക്ക കരയുന്നു”.
“അവൾക്കു കൊറച്ചു കരച്ചിൽ കൂടുതലാ” എന്നു പറഞ്ഞു് താണപ്പൻ അണ്ണൻ ഇരുന്നു.
“അക്കായ്ക്കു നോവുന്നു”.
“നൊന്താൽ തന്നെടാ അടങ്ങുള്ളൂ”. എന്നും പറഞ്ഞു് താണപ്പൻ അണ്ണൻ റേഡിയോ എടുത്തു് തിരിച്ചു. അതിൽ ഏതോ ഹിന്ദിപ്പാട്ടു് പാടാൻ തുടങ്ങി. എല്ലാ വരിയും ഹേ ഹേ എന്നു മുഴങ്ങി.
അകത്തുനിന്നു് അണഞ്ചി കുനിഞ്ഞു പുറത്തുവന്നു. “പിള്ളേ, തൈലം ഇവിടെയെവിടെയോ വെച്ചു. കുപ്പി കാണുന്നുണ്ടോന്നു നോക്ക്”.
“ഇവിടെയുണ്ടു്” എന്നു ഞാൻ എടുത്തു കൊടുത്തു.
“വീണു കിടപ്പാണ്” അണഞ്ചി താണപ്പൻ അണ്ണനോടു പറഞ്ഞു. “കൈയൂക്കു നല്ലതാണ്. എന്നാ തേക്കുമരത്തെ വേരോടെ പിഴുതെടുക്കുന്ന ആന പൂവും പറിക്കും… പട്ടാളംപിള്ള കണ്ടിട്ടുണ്ടോ?”
“ഇല്ല”
“ഇരുപ്പു കണ്ടാ ഏതോ രാജ്യം ജയിച്ച മഹാരാജാവു പോലുണ്ട്”. അണഞ്ചി മുട്ടിൽ കൈവെച്ചു് “എന്തെങ്കിലുമൊക്കെ ജയിച്ചോണ്ടിരിക്കണം” എന്നു പറഞ്ഞു കൊണ്ടു് അകത്തേക്കു പോയി.
വീണ്ടും അക്കായുടെ കരച്ചിലും മൂളലും കേട്ടുകൊണ്ടിരുന്നു.
“ഞാൻ പോവുകാ”.
“അപ്പുവണ്ണനുണ്ടോ നിന്റെ വീട്ടില്?”
“ണ്ടു്”.
“ഞാൻ പറഞ്ഞൂന്നു പറ… ഞാൻ തോട്ടത്തിലേക്കു പോകാണ്. സാധനം കയ്യിൽ തന്നെ ഉണ്ട്ന്ന്”.
“സാധനമോ?”
“നീ അതറിയണ്ട. പോയി പറഞ്ഞാൽ മതി”.
“എനിക്കറിയാം, പട്ടാളച്ചാരായം”.
“പോടാ”.
ഞാൻ എണീറ്റു നിന്നു തലയാട്ടി “എനിക്കറിയാം”.
താണപ്പൻ അണ്ണൻ മടിയിൽ നിന്നു് അമ്പതു പൈസയെടുത്തു നീട്ടി “ഇതു വെച്ചോ… മിട്ടായി വാങ്ങിത്തിന്നോ” എന്നു പറഞ്ഞു.
ഞാനതു വാങ്ങി കീശയിലിട്ടു് വീട്ടിലേക്കോടി. അതുകൊണ്ടു ബീഡി വാങ്ങി വലിച്ചു നോക്കിയാലോ എന്നു തോന്നി.
കന്യാകുമാരി ജില്ലയിലെ തിരുവരമ്പിൽ 1962 ഏപ്രിൽ 4-ന് ജനിച്ചു. അച്ഛൻ ബാഹുലേയൻ പിളള, അമ്മ വിശാലാക്ഷിയമ്മ. കോമേഴ്സിൽ ബിരുദമെടുത്തിട്ടുണ്ടു്. നാല് നോവലുകളും മൂന്ന് ചെറുകഥാ സമാഹാരങ്ങളും മൂന്നു് നിരൂപണ സമാഹാരങ്ങളും പ്രസിദ്ധീകരിച്ചു. എം. ഗോവിന്ദൻ മുതൽ ബാലചന്ദ്രൻ ചുളളിക്കാട് വരെയുളള ആധുനിക മലയാള കവികളുടെ കവിതകൾ ‘തർക്കാല മലയാള കവിതകൾ’ എന്ന പേരിൽ തമിഴിൽ പുസ്തകമാക്കിയിട്ടുണ്ടു്. മലയാളത്തിലെ അഞ്ച് യുവകവികളുടെ കവിതകൾ ‘ഇൻറൈയ മലയാളകവിതകൾ’ എന്ന പേരിൽ തമിഴിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 1991-ലെ ചെറുകഥയ്ക്കുളള കഥാപുരസ്കാരം, 1992-ലെ സംസ്കൃതി സമ്മാൻ പുരസ്കാരം എന്നിവ ലഭിച്ചു. ‘ചൊൽപുതിത്’ എന്ന സാഹിത്യ ത്രൈമാസികയുടെ സ്ഥാപകനും കൺവീനറുമാണു്. ‘ഗുരുനിത്യാ ആയ്വരങ്കം’ എന്ന പേരിൽ പ്രവർത്തിക്കുന്ന സ്റ്റഡിസർക്കിളിന്റെ കൺവീനറും. തമിഴ്, മലയാളം, കന്നഡ ഭാഷകളിൽ നിരവധി ചലച്ചിത്രങ്ങൾക്കു് തിരക്കഥ എഴുതിയിട്ടുണ്ടു്.
ഭാര്യ: എസ്. അരുണമൊഴിനാങ്കൈ
- വിഷ്ണുപുരം
- ഇരവ്
- റബ്ബർ
- പിൻ തൊടരും നഴലിൻ കുറൽ
- കൊറ്റവൈ
- കാട്
- നവീന തമിഴ് ഇലക്കിയ അറിമുഖം
- ’നൂറുസിംഹാസനങ്ങൾ’ (മലയാള നോവൽ)
- വെൺമുരശ്
- ആനഡോക്ടർ നോവൽ
- അഖിലൻ സ്മൃതി പുരസ്കാരം (1990)
- കഥാ സമ്മാൻ (1992)
- സംസ്കൃതി സമ്മാൻ (1994)
- പാവലർ വരദരാജൻ അവാർഡ് (2008)
- കന്നട ഇലക്കിയ തോട്ടം അവാർഡ് (2010)
ജയമോഹൻ ഈ ലോക് ഡൗൺ കാലത്ത് എഴുതി തന്റെ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച 69 ചെറുകഥകളിൽ ഒന്നാണ് ഇത്. ദിവസവും ഒരു കഥ വീതം ജയമോഹൻ ഇക്കഴിഞ്ഞ ദിവസം വരെയും വെബ്സൈറ്റിലൂടെ പ്രകാശിപ്പിച്ചിരുന്നു.
വിവരങ്ങൾക്കും ചിത്രത്തിനും വിക്കിപ്പീഡിയയോട് കടപ്പാട്.