
ബേപ്പൂർ കൊട്ടാരത്തിൽ സുൽത്താനും കൊച്ചുകുടുംബവും മാത്രമേയുള്ളൂ. പ്രജകളിലാരുടേയും ബഹളമില്ലാത്ത ‘വൈലാലിൽ’ എന്ന രാജകീയഗൃഹത്തിന്റെ പ്രശാന്തി ആരെയും ആകർഷിക്കും. കോഴിക്കോടു് നിന്നു് ബേപ്പൂരിലേക്കു പോകുന്ന നിരത്തിന്റെ ഓരത്തു് തെങ്ങു കവുങ്ങും പുളിയും പിലാവും തഴച്ചു നില്ക്കുന്ന രണ്ടേക്കർ പറമ്പു്. നടുക്കു് ഇരുപതു കൊല്ലം മുമ്പു് വാങ്ങി റിപ്പയർ ചെയ്തു് നേരെയാക്കിയ വീടു്. വീടിന്റെ കോലായിൽ ചാരുകസേരയിൽ സ്റ്റൈലായി ബീഡിയും വലിച്ചിരിക്കുന്ന ബേപ്പൂർ നവാബ് വൈക്കം മുഹമ്മദ് ബഷീർ.
മുറ്റത്തു കഞ്ഞിവെള്ളം കുടിക്കുന്ന ആടു്. ചിക്കിപ്പെറുക്കുന്ന പൂവൻകോഴിയും അവന്റെ ഭാര്യമാരായ പിടകളും. ആ ഗാർഹികാന്തരീക്ഷത്തിന്റെ അദ്ധ്യക്ഷയെപ്പോലെ അകത്തു നിന്നു് കടന്നു വരുന്ന ഫാബി തിരിഞ്ഞു് വാതിൽപ്പാളികൾക്കപ്പുറത്തേക്കു് മകൾക്കു് എന്തോ കല്പന കൊടുക്കുന്നു.
ചൂടു കുറഞ്ഞ പോക്കുവെയിൽ നിലാവുപോലെ മുറ്റത്തു് വീണു കിടന്നു. വെയിൽ മുറ്റത്തിനണിയിക്കുന്ന പുള്ളിക്കുപ്പായം നോക്കി നവാബ് അങ്ങനെ ഇരിക്കുകയാണു്. അടുത്ത കണ്ടത്തിലെവിടെയോ പയ്യ് അമറി. സ്ക്കുൾ വിട്ടു് ഓടിവരുന്ന മകനിലേക്കു് ബഷീറിന്റെ ശ്രദ്ധ തിരിഞ്ഞൊഴുകുന്നു.
പ്രശാന്തവും സംതൃപ്തവുമായ കുടുംബജീവിതം. ബഷീർ വിശ്രമിക്കുകയാണു്. രണ്ടു ദശകത്തിലേറെയായി തുടരുന്ന വിശ്രമം. ജീവിതാരംഭത്തിലെ പതിറ്റാണ്ടുകളുടെ അലച്ചിലിനും സുദീർഘയാത്രയ്ക്കും ശേഷം കൈവന്ന വിശ്രമം.
ജീവിതത്തിന്റെ പൊരുളന്വേഷിച്ചുപോയ ഒരവധൂതനായിരുന്നു ബഷീർ. ദശകങ്ങൾ നീണ്ടുനിന്ന അനന്തമായ യാത്ര. നമ്മുടെ നാട്ടിലെ ഒരു സാധാരണ മനുഷ്യൻ അസാധാരണ മട്ടിൽ സൂഫിയായി ജീവിതം രുചിച്ച കഥയായിരുന്നു അതു്. അയാൾ ആദ്യം കോൺഗ്രസ്സുകാരനായിരുന്നു; ഗാന്ധിഭക്തനായിരുന്നു; സ്വാതന്ത്ര്യസമരഭടനായിരുന്നു. പോലീസിന്റെ തല്ലു് ലോഭമില്ലാതെ കൊണ്ടു. ജയിലിൽ കിടന്നു. പിന്നെ ഭഗത്സിങ്ങിന്റെ ഭക്തനായി. ഭീകരപ്രസ്ഥാനക്കാരനായി; പത്രം നടത്തി; പോലീസിന്റെ നോട്ടപ്പുള്ളിയായി; നാടുവിട്ടു. ഇന്ത്യ മുഴുവൻ ചുറ്റി. അസ്വതന്ത്രയായ മാതൃഭൂമിയെ കാണാനും അറിയാനുമുള്ള സുദീർഘമായ യാത്ര!
ആ യാത്ര ഏഴെട്ടുകൊല്ലം നീണ്ടുനിന്നു. അതിനിടയിൽ ഇന്ത്യയിലെ മിക്ക നഗരങ്ങളിലും ഗ്രാമങ്ങളിലും ബഷീർ താമസിച്ചിട്ടുണ്ടു്. ആ അലച്ചിലിനെക്കുറിച്ചു് ബഷീർ പറയുന്നു.
“അവൻ ആരെയോ അന്വേഷിക്കുകയാണു്. ആളിക്കത്തുന്ന തീജ്വാലപോലെ അന്വേഷണം. വിങ്ങുന്ന ഹൃദയത്തോടുകൂടിയ അന്വേഷണം. നിഴലുകളെ പുൽകാൻ വെമ്പുന്ന ഭ്രാന്തൻ… അലഞ്ഞലഞ്ഞുള്ള ഒരന്വേഷണമാണു് അവനു ജീവിതം.” (ജീവിതം—അനർഘനിമിഷം)
ഒടുക്കം ബഷീർ മടങ്ങി. “ഇന്ത്യ തീർന്നു പോയി”—ന്യായം അതായിരുന്നു. യാത്രകളുടെ നാളുകളിലൊരിക്കലും ബഷീർ ഒരെഴുത്തുകാരനായിരുന്നില്ല. ഓരോ നാട്ടിലെത്തുമ്പോഴും ആ പ്രദേശത്തെപ്പറ്റി വിശദമായ കുറിപ്പുകളെടുക്കുമായിരുന്നു—ഇംഗ്ലീഷിലാണു്. ഈ കുറിപ്പുകളത്രയും നാട്ടിൽ എത്തിയപ്പോൾ ഒരു സുഹൃത്തിനു സമ്മാനിച്ചു. അത്ര തന്നെ!
അടിവരയിട്ടു മനസ്സിലാക്കണം. ഇത്രയേറെകാലം ഇന്ത്യ മുഴുവൻ ചുറ്റിയടിച്ചുകണ്ട ബഷീർ ഒരൊറ്റ സഞ്ചാരകഥയും എഴുതിയിട്ടില്ല; ഒരു യാത്രാവിവരണവും പ്രസിദ്ധീകരിച്ചിട്ടില്ല!
ബഷീർ തിരിച്ചെത്തിയിട്ടു നിരവധി വർഷങ്ങളായി. 1958-ൽ അദ്ദേഹം വിവാഹിതനായി. പിന്നെ, വീടുവാങ്ങി ബേപ്പൂരിൽ സ്ഥിരതാമസമാക്കി. സന്യാസത്തിൽ നിന്നു് വാനപ്രസ്ഥത്തിലേക്കും അവിടെ നിന്നു് ഗാർഹസ്ഥ്യത്തിലേക്കും അദ്ദേഹം തിരിച്ചുനടന്നു എന്നർത്ഥം.
ഇരുപത്തഞ്ചു വർഷമായി അദ്ദേഹം സ്വസ്ഥനായിരിക്കുന്നു. ഇപ്പോൾ യാത്ര തീരെയില്ല. ഉമ്മ മരിച്ചതിനുശേഷം വൈക്കത്തുകൂടി പോകാറില്ല. എന്നാലും പണ്ടെന്നപോലെ ഇന്നും അദ്ദേഹം ശുഷ്കാന്തിയോടെ യാത്രാവിവരണങ്ങൾ വായിക്കുന്നു. ഇംഗ്ലീഷിലും മലയാളത്തിലുമുള്ള ഒരുപാടു് യാത്രാവിവരണങ്ങൾ അദ്ദേഹം വായിച്ചിട്ടുണ്ടു്.
ബഷീർ വലിയ വായനക്കാരനാണു് എന്നു് വിചാരിക്കുരുതു്. യാത്രാവിവരണത്തിലുള്ള കമ്പം അദ്ദേഹത്തിനു മറ്റൊരു സാഹിത്യശാഖയിലുമില്ല. ഇപ്പോഴെന്നല്ല, പണ്ടും. അദ്ദേഹം കഥകളും നോവലുകളും അങ്ങനെ വായിക്കാറില്ല. മലയാളത്തിലെ കഥാസഹിത്യം തീരെ വായിച്ചിട്ടില്ലെന്നു പറയാം. കേട്ടാൽ ബേജാറ് തോന്നും, ‘ചെമ്മീനും’ ‘ഓടയിൽ നിന്നും’ വൈക്കം മുഹമ്മദ് ബഷീർ വായിച്ചിട്ടില്ല! ആ ബഷീറാണു്, മലയാളത്തിലെ ഓരോ യാത്രാവിവരണവും തേടിപ്പിടിച്ചു വായിക്കുന്നതു്!
അദ്ദേഹത്തിന്റെ മനസ്സ് ഇന്നും അലഞ്ഞു നടക്കുകയാണു്. യാത്രാ വിവരണങ്ങളിലൂടെ സഞ്ചരിച്ചു് ബഷീർ ആ പഴയകാലം പുനഃസൃഷ്ടിക്കുകയായിരിക്കുമോ?
വിചിത്രമായ പല ദർശനങ്ങളും ബഷീറിനു ഉണ്ടാവാറുണ്ടു്. അദ്ദേഹത്തിന്റെ സാഹിത്യത്തിൽ കാണുന്ന അഭൗമതലം ആ ദർശനങ്ങളുടെ ആവിഷ്ക്കാരം മാത്രം. ദൈവത്തിൽ മാത്രമല്ല, പിശാചിലും അദ്ദേഹത്തിനു വിശ്വാസമുണ്ടു്. ‘അദൃശ്യജീവികൾ’ എന്നു് നാം പറയുന്ന പലരെയും അദ്ദേഹം നേരിൽ കണ്ടിട്ടുണ്ടത്രെ! നീലവെളിച്ചം, ‘നിലാവു കാണുമ്പോൾ’, ‘നിലാവു നിറഞ്ഞ പെരുവഴിയിൽ’, ‘പൂനിലാവിൽ’ എന്നീ കഥകളിൽ കാണുന്ന പ്രേതദർശനം വാസ്തവമാണെന്നു് അദ്ദേഹം പറയുന്നു. കഴിഞ്ഞാഴ്ച കൂടി ഒരു യക്ഷിയെ കണ്ടുവത്രെ. തമാശയല്ല, നേരായ കാര്യം—ആ അനുഭവം അദ്ദേഹം വിവരിക്കുന്നു:
“ഞാൻ ഈ ഈസിചെയറിൽ ഏതോ ഒരു യാത്രാവിവരണം വായിച്ചു് കിടക്കുകയാണു്. തൊട്ടുടുത്തു് ഒരു വെളുപ്പു നിറം പ്രത്യക്ഷപ്പെട്ടപ്പോൾ തലപൊന്തിച്ചു നോക്കി. യക്ഷിയാണു്. സാമാന്യം സുന്ദരി. ഒന്നരയാളുടെ പൊക്കമുണ്ടു്. മെലിഞ്ഞുനീണ്ട പെണ്ണു്. തൂവെള്ളയായ സാരി പുതച്ചിരിക്കുന്നു. സാമാന്യത്തിലധികം നീളമുള്ള കണ്ണുകൾ. ഞാൻ നോക്കി. അവൾ എന്നെയും നോക്കി. പത്തു മിനിട്ടോളം നോക്കിക്കാണും. എനിക്കൊന്നും മിണ്ടണമെന്നു തോന്നിയില്ല. അവളും ഒന്നും മിണ്ടിയില്ല. കുറച്ചു് കഴിഞ്ഞു് അവൾ മുറ്റത്തിറങ്ങി. പിന്നെ ദാ, അക്കാണുന്ന തെങ്ങിന്റെ മുകളിലൂടെ പറന്നുപോയി.”
“പ്രേതവും പിശാചും ഉണ്ടെന്നു താങ്കൾ സത്യമായും വിശ്വസിക്കുന്നുണ്ടോ?”
“ഉണ്ടു്. അല്ലാഹുവിന്റെ സൃഷ്ടികളാണവ എന്റെ കണ്ണുകൊണ്ടു് ഞാൻ കണ്ടിട്ടുണ്ടു്.”
സൂഫിസത്തിന്റെയും അപൂർവദർശനങ്ങളുടേയും കലർപ്പു് ബഷീറിന്റെ എഴുത്തിലും ചിന്തയിലും എന്നും കാണാം. അദ്ദേഹം എന്നും ഈശ്വരവിശ്വസിയായിരുന്നു. മലബാറിലെ ഒരു സാധാരണ മുസ്ലിം കുടുംബത്തെപ്പോലെയാണു് അദ്ദേഹത്തിന്റെ കുടുംബവും കഴിഞ്ഞുപോരുന്നതു്.
മുസ്ലിംകൾക്കിടയിലെ അജ്ഞതയെപ്പറ്റിയും അന്ധവിശ്വാസത്തെപ്പറ്റിയും അദ്ദേഹം വളരെയേറെ എഴുതിയിട്ടുണ്ടു്. പരിഷ്കരണപ്രവണമായിരുന്നു അദ്ദേഹത്തിന്റെ എഴുത്തു്. അത്തരം കഥകളും നോവലുകളും വല്ല ഗുണവും ചെയ്തിട്ടുണ്ടോ എന്നു ചോദിച്ചപ്പോൾ ബഷീർ പറഞ്ഞു:
“ഇല്ല. ഒരെഴുത്തുകാരൻ വിചാരിച്ചാൽ മാറ്റാവുന്ന സാധനമല്ല ജനങ്ങൾ എന്നു എനിക്കു് ബോധ്യമായിരിക്കുന്നു. അവരെ മാറ്റാൻ ഭരണാധികാരിക്കേ സാധിക്കൂ. പിന്നെ, എന്റെ എഴുത്തു തീരെ നിഷ്പ്രയോജനമായിരുന്നു എന്നും പറഞ്ഞുകൂടാ. എനിക്കു് വായനക്കാരെ കുറെയൊക്കെ സ്വാധീനിക്കാൻ കഴിഞ്ഞിട്ടുണ്ടു്. അതിന്റെ ഗുണവും കാണും.”
“ആ സ്വാധീനത്തിനു വല്ല ഉദാഹരണവും?”
“അധികം ഉദാഹരണമൊന്നും വേണ്ട. ബഷീർ എന്ന പേരു തന്നെ നോക്കൂ. എനിക്കു മുമ്പു കേരളത്തിലെ മുസ്ലീംകൾക്കിടയിൽ അത്ര സാധാരണാമായിരുന്നില്ല അതു്. ഇന്നു് തിരുവിതാംകൂറിലും മലബാറിലും മിക്ക വീട്ടിലും ബഷീറുണ്ടു്. അതു പോലെ മജീദും സുഹ്രയും നിസാർ അഹമ്മദുമൊക്കെ പെരുത്തിരിക്കുന്നു. ഇതു് കാണിക്കുന്നതു് എന്റെ ചില ആശയങ്ങളുടെ പ്രചാരമല്ലേ?”
“മുസ്ലിം സമുദായത്തിലെ വൃത്തികേടുകളെ വിമർശിച്ചതിനു വല്ല കഷ്ടവും അനുഭവിക്കേണ്ടി വന്നിട്ടുണ്ടോ?”

“ഇല്ല. ചില ആളുകൾക്കു് എന്നെ ഇഷ്ടമില്ല എന്നേയുള്ളൂ. അക്ഷരാഭ്യാസം കുറവു്. അതാണു് സംഗതി. ‘ന്റുപ്പുപ്പാക്കൊരാനേണ്ടാർന്നു’ എന്ന നോവലിൽ മെതിയടിയെപ്പറ്റി ഞാൻ എഴുതിയിട്ടുണ്ടു്. ഏതോ ഒരു മീറ്റിംഗിൽ ഒരു ജ്ഞാനി പ്രസംഗിച്ചു. മെതിയടി നിസ്ക്കാരവുമായി ബന്ധപ്പെട്ടതാണെന്നും അതെഴുതിയതു് മുസ്ലിംകളെ ആക്ഷേപിക്കാനെന്നും. ആ യോഗത്തിൽ സി. എച്ച്. മുഹമ്മദ്കോയ ഒരു പ്രസംഗക്കാരനായിരുന്നു. ലീഗുകാർ മുമ്പൊക്കെ എന്നെ ചീത്ത പറയുമായിരുന്നു എന്നോർക്കണം. സി. എച്ച്. ആ യോഗ്യനെ വേണ്ടമാതിരി കൈകാര്യം ചെയ്തു. ഞാൻ അതുകേട്ട് ചിരിച്ചു. ശ്രീരാമന്റെ പട്ടാഭിഷേകവുമായി ബന്ധപ്പെടുത്തിയാണു് ഇന്ത്യയിൽ പണ്ടുപണ്ടേമെതിയടിയെപ്പറ്റി പറഞ്ഞുവരാറുള്ളതു്. അതു നിസ്ക്കരിക്കാനാണോ?”
“മതം കൊണ്ടു് ചില അനർത്ഥങ്ങളും രാഷ്ട്രീയസാമൂഹ്യരംഗങ്ങളിൽ വന്നുപെടുന്നുണ്ടല്ലോ. ഇപ്പോഴും താങ്കൾ ഒരുറച്ച മതവിശ്വാസിയായിരിക്കുന്നതെന്തു്?”
“അത്തരം അനർത്ഥം മതത്തിന്റെ കുറ്റമല്ല. ഒരു മതവും അത്തരം കുറ്റം ചെയ്യുന്നില്ല. അധികാരത്തിനും പണത്തിനും വേണ്ടി മനുഷ്യനാണു് കുറ്റം ചെയ്യുന്നതു്. മതത്തിന്റെ പേരിലെന്നപോലെ മറ്റു പലതിന്റെ പേരിലും അക്രമം നടക്കുന്നുണ്ടു്. ഞാൻ ഒരു മുസ്ലിമാണു്. അതുകൊണ്ടു തന്നെ ഞാൻ എല്ലാ മതങ്ങളെയും വിലമതിക്കുന്നു. ഇവിടെ എല്ലാ ജാതിക്കാരും പിച്ച തെണ്ടിവരും. ഞങ്ങൾ എല്ലാവർക്കും അരിയോ കാശോ കൊടുക്കും. അടുത്തുള്ള ഏതു ജാതിക്കാരന്റെ കല്ല്യാണത്തിനും ഞാൻ പോകാറുണ്ടു്. ചുറ്റുമുള്ള പള്ളികൾക്കും അമ്പലങ്ങൾക്കുമൊക്കെ സംഭാവന കൊടുക്കാറുണ്ടു്. എനിക്കു അതിലൊന്നും ഒരു വ്യത്യാസവുമില്ല.”
ജീവിതാംരംഭത്തിലെ ആ തീവ്രാന്വേഷണം ഇക്കാര്യത്തിൽ ഇത്തരമൊരു സ്വാസ്ഥ്യത്തിലാണു് ബഷീറിനെ കൊണ്ടുചെന്നെത്തിച്ചതു്. മതത്തിന്റെ പൊരുളു് തേടിയലഞ്ഞ ആ സൂഫി ഇന്നു് എല്ലാവർക്കും കയ്യയച്ചു് സംഭാവന നല്ക്കുന്ന സുൽത്താനാണു്.
സുൽത്താൻ ജീവിതത്തിൽ ഒരുദ്യോഗവും നോക്കിയിട്ടില്ല. അലഞ്ഞുതിരിഞ്ഞ കാലത്തു് ചെയ്യാത്ത പണികളൊന്നും ഇല്ലാതാനും. എങ്കിലും സാധാരണമായ അർത്ഥത്തിൽ അദ്ദേഹം എഴുതുന്നതിനപ്പുറം ജോലികളൊന്നും ചെയ്തിട്ടില്ല. ഇതൊക്കെയാണെങ്കിലും അദ്ദേഹം ഇന്നു് സാമ്പത്തികമായും സ്വസ്ഥനാണു്.
വൈക്കത്തെ തന്റെ ‘കഥാപാത്രങ്ങൾ’ക്കു് അദ്ദേഹം ഇപ്പോഴും കാശയച്ചു കൊടുക്കാറുണ്ടു്. കഥകളിലെ വരുമാനത്തിൽ നിന്നു് ഒരു പങ്കു് കഥാപാത്രങ്ങൾക്കു് കൊടുക്കുന്നു ഈ കാഥികൻ.
“പാത്തുമ്മയുടെ ആടിന്റെ സ്ഥിതിയെന്തു്?”
“ങ്ഹാ! അതു് ആഹാരമായിപ്പോയി. പാത്തുമ്മക്കു ഇപ്പോഴും ആടുകളുണ്ടു്. എന്റെ കഥാപാത്രമായ അജസുന്ദരിയുടെ സന്തതീപരമ്പരകൾ.”
“മറ്റു കഥാപാത്രങ്ങളുടെ കഥയോ?”
“പറഞ്ഞില്ലേ, ഉമ്മാ മരിച്ചു. പാത്തുമ്മയുടെ കെട്ടിയോൻ കൊച്ചുണ്ണിയും മരിച്ചു. അനുജൻ അബ്ദുൽഖാദര് മാസ്റ്റർപ്പണി രാജിവെച്ചു് കച്ചവടം തുടങ്ങി. ഇസ്ലാമിനു പറഞ്ഞിട്ടുള്ളതു് കച്ചവടമാണല്ലോ. വെച്ചടി വെച്ചടി കയറ്റമായിരുന്നു. ഇപ്പോൾ അവൻ മുതലാളിയാണു്. പിന്നെ കുട്ടികളൊക്കെ വളർന്നു.”
“വീട്ടിലെ കഥകൾ എഴുതിയതുകൊണ്ടു് അവർക്കാർക്കും ഇഷ്ടക്കേടു് തോന്നിയിട്ടില്ലേ?”
“ഇല്ല. ഇഷ്ടമായിരുന്നു. പണ്ടേ എല്ലാവർക്കും എന്നെ വലിയകാര്യമാണു്. എല്ലാവരും എന്നോടു കാശു ചോദിക്കും. ഞാൻ കൊടുക്കും. കാശ് ചോദിച്ചുകൊണ്ടു് ഇപ്പോഴും ഇവിടേക്കു് കത്തു് വരാറുണ്ടു്. ഞാൻ പണം അയച്ചുകൊടുക്കും. ഒരു സ്വകാര്യം പറയാം. അവരുടെ വിചാരം വലിയ ഇക്കാക്കാ വലിയ മുതലാളിയാണെന്നാണു്.”
ഇത്രയൊക്കെ പണം എവിടെനിന്നാണെന്നല്ലേ: റോയൽറ്റി വകയിൽ ബഷീറിനു് നല്ല വരുമാനമുണ്ടു്. മാസാമാസം അഞ്ഞൂറ് ഉറുപ്പിക ഡി. സി. ബുക്സ് അയച്ചുകൊടുക്കും. മറ്റു പ്രസാധകരിൽ നിന്നുള്ള വരായ വേറെയും. കേന്ദ്രഗവൺമെണ്ടും കേരള ഗവൺമെണ്ടും ബഷീറിനു സ്വാതന്ത്ര്യസമരപെൻഷൻ കൊടുത്തിരുന്നു. വരുമാനം കൂടുതലുണ്ടു് എന്നതുകൊണ്ടു് ഇപ്പോൾ അതു് രണ്ടും നിന്നു.
സുൽത്താനു സുഖമാണു്. മകൾ ഷാഹിനയെ നിക്കാഹ് കഴിച്ചു് കൊടുത്തു. പുതിയാപ്പിള സൗദി അറേബ്യയിലാണു്. മകൻ അനീസ് ബഷീർ നാലാം തരത്തിൽ പഠിക്കുന്നു. ഈ വീടും പറമ്പും സ്വന്തമാണു്. സാധാരണനിലയിൽ ബേജാറൊന്നുമില്ല. ജീവിതം ബഹുത്ത് ജോർ! സ്റ്റൈൽ!
തമാശ അതല്ല. പലരുടേയും ധാരണ ബഷീറിനു വളരെ മുട്ടാണെന്നാണു്. ചില അനുഭവങ്ങൾ അദ്ദേഹം ഓർമ്മിക്കുന്നു:
“ഈയിടെ മലപ്പുറം ജില്ലയിലെ ഒരദ്ധ്യാപകൻ ഇവിടെ വന്നു. സാധു മനുഷ്യൻ. നായരാണു്. എന്റെ ഒരാരാധകൻ. കുറേ നേരം വർത്തമാനം പറഞ്ഞു. ഞാൻ ചായ കൊടുത്തു. പോവാൻ നേരത്തു് അയാൾ എനിക്കു് കുറേ രൂപാ വെച്ചുനീട്ടി. ഞാൻ ദേഷ്യപ്പെട്ടില്ല. കാര്യം പറഞ്ഞു മനസ്സിലാക്കി അയാളെ മടക്കി അയച്ചു. പിന്നെ, ഞാൻ പുറത്തുപോയ നേരത്തു് അയാൾ കുറേ ഹലുവയും പലഹാരവുമൊക്കെ ഇവിടെ വാങ്ങിക്കൊടുത്തു പോയി.”
“മറ്റൊരു സാഹിത്യകാരനുവേണ്ടി ഫണ്ടുപിരിച്ച കേരളത്തിലെ ഒരു വാരിക എനിക്കുവേണ്ടി ഫണ്ടു പിരിക്കാനാലോചിച്ചു. അതു് ആരോ പറഞ്ഞുകേട്ട ഉടനെ ഞാനവർക്കു് എഴുതി: ‘ദയവു ചെയ്തു ഉപദ്രവിക്കരുതേ.’”
“ഗൾഫിൽ നിന്നു് ചിലർ പണം അയയ്ക്കട്ടെ എന്നു് ചോദിച്ചു് എഴുതാറുണ്ടു്. ഞാൻ എല്ലാവർക്കും ഒരേ മറുപടി എഴുതും: ‘കുഞ്ഞുങ്ങളേ! പടച്ചവന്റെ തൗഫീഖ് കൊണ്ടു് ഞാനും കുടുംബവും സുഖമായിരിക്കുന്നു. ഇപ്പോൾ ഒന്നും ആവശ്യമില്ല. നല്ല മനസ്സിനു നന്ദി.’”
“നമ്മുടെ നാട്ടിൽ എഴുത്തുകാർക്കു് നല്ല വരുമാനമുണ്ടു്. ബംഗ്ലാവും കാറും ഫോണും ഒക്കെയായിട്ടാണു് ബുദ്ധിമുട്ടു്. എനിക്കു് ഫോണനുവദിച്ചു. ഞാൻ ഓർത്തുനോക്കി എനിക്കെന്തിനാണു ഫോൺ? ആരോടു് വർത്തമാനം പറയാൻ? ഞാനതു വേണ്ടെന്നുപറഞ്ഞു. ആവശ്യമുള്ള പത്രാസ് മതി. സുഖമായി ജീവിക്കാം.”
“ആരോഗ്യസ്ഥിതി എങ്ങനെ?”
“മോശമാണു്. വയസ്സായില്ലേ? എത്ര വയസ്സായെന്നു ചോദിച്ചാൽ അറിഞ്ഞുകൂടാ. പത്തെഴുപതു് ആയിക്കാണും. വയറുവേദനയുണ്ടു്. ആസ്ത്മയുണ്ടു്. ഇവന്റെയൊക്കെ അകമ്പടിക്കാരായി വേറേയും രോഗങ്ങൾ. മരുന്നാണു് ഇപ്പോൾ പ്രധാനഭക്ഷണം. ആഹാരത്തിനു് രുചിയില്ല. ആകെ എടുക്കുന്ന പണി കത്തുകൾക്കു് മറുപടി എഴുതുകയാണു്. ആഴ്ചയിൽ പത്തുമുപ്പതു് കത്തെങ്കിലും വരും. എല്ലാറ്റിനും മറുപടി എഴുതും. ഉറക്കം പണ്ടേ കുറവു്. അല്പസ്വല്പം വായിക്കും. പിന്നെ വീട്ടുകാര്യങ്ങൾ നോക്കുന്നു. പുറത്തുപോകൽ കമ്മിയാണു്. സാഹിത്യ അക്കാദമി മീറ്റിംഗുകൾക്കു പോലും പോകാറില്ല.”
“ഈയിടെയായി ഒന്നും എഴുതാത്തതെന്തു്?”
“ഞാൻ ഒരു കാലത്തും തുടർച്ചയായി എഴുതിയിരുന്നില്ല. രണ്ടും മൂന്നും കൊല്ലം മിണ്ടാതിരുന്നിട്ടാണു് വല്ലതും എഴുതുക. പുതുതായി ഒരു നോവലെഴുതുന്നുണ്ടു്.”
“എന്താണു് പ്രശ്നം?”
“അതു് പറയില്ല. പറഞ്ഞാൽ പിന്നെ ഞാൻ എഴുതലുണ്ടാവില്ല.”
എഴുത്തു് ബഷീറിനു് ജീവിതമായിരുന്നു. വിശ്വാസവും എഴുത്തും തമ്മിലുള്ള ഗാഢബന്ധം അദ്ദേഹത്തിന്റെ രചനകളിൽ കാണാം. സ്വാതന്ത്ര്യത്തിനുവേണ്ടി എഴുതുകയും പ്രവർത്തിക്കുകയും ചെയ്ത ബഷീറിന്റെ സേവനങ്ങളെ താമ്രപത്രം നല്കി സർക്കാർ ആദരിച്ചിട്ടുണ്ടു്.
കേന്ദ്രസാഹിത്യ അക്കാദമി ഫെല്ലോഷിപ്പ് നല്കി ബഷീറിന്റെ സാഹിത്യസംഭാവനകളെ ബഹുമാനിച്ചു. അക്കാദമിയുടെ ഒമ്പതാമത്തെ ഫെല്ലോ ആയി തെരഞ്ഞെടുക്കപ്പെട്ട ബഷീർ ആ ബഹുമതി നേടുന്ന ആദ്യത്തെ കേരളീയനായിരുന്നു. അക്കാദമി നല്കിയ താമ്രഫലകം ചൂണ്ടിക്കാട്ടി അദ്ദേഹം ചിരിച്ചു:
“കണ്ടോ. ഇന്ത്യയിൽ എനിക്കു് മാത്രമേ രണ്ടു തവണ താമ്രപത്രം കിട്ടിയിട്ടുള്ളൂ.”
മനുഷ്യന്റെ സ്വാതന്ത്ര്യത്തെക്കുറിച്ചെന്നപോലെ പ്രകൃതിയുടെ സ്വാതന്ത്ര്യത്തെക്കുറിച്ചും ബഷീർ ആലോചിച്ചിട്ടുണ്ടു്. അന്തരീക്ഷമലിനീകരണത്തിനെതിരെ ‘ഭൂമി മരിച്ചുകൊണ്ടിരിക്കുകയാണു്’ എന്ന അദ്ദേഹത്തിന്റെ താക്കീതു് പ്രസിദ്ധമാണല്ലോ. സൈലന്റുവാലി പദ്ധതിയെപ്പറ്റി ചോദിച്ചപ്പോൾ അദ്ദേഹം പറഞ്ഞു:
“എന്താ പറയുക? സൈലന്റുവാലിയിലുള്ള തരം കാടു് ഇന്ത്യയിലെങ്ങുമില്ല. അതു നശിപ്പിക്കുന്നതു് കഷ്ടമാണു്. പറഞ്ഞാൽ രാഷ്ട്രീയക്കാർക്കു് മനസ്സിലാവില്ല.”
മരുഭൂമിപോലെയായ കഷണ്ടി തടവിക്കൊണ്ടു് സുൽത്താൻ തുടർന്നു: “നശിപ്പിക്കട്ടെ. പദ്ധതിവരട്ടെ. കേരളം മരുഭൂമിയാകും. മരുഭൂമിയായാൽ എണ്ണ കുഴിച്ചെടുക്കാമല്ലോ. ഇസ്ലാമീങ്ങൾക്കു് കാരക്കയും കിട്ടും. നല്ലതു തന്നെ.”
ഏതു സങ്കടത്തിന്റെ മരുഭൂമിയിലും ചിരിയുടെ മരുപ്പച്ച കണ്ടെത്തുന്ന പഥികനാണല്ലോ ബഷീർ. അദ്ദേഹം പറഞ്ഞു നിർത്തി.
“കുഞ്ഞുങ്ങളേ! മനുഷ്യനു മാത്രമേ നന്മയെപ്പറ്റി ബോധമുള്ളൂ. മറ്റൊരു ജീവിവർഗ്ഗത്തിനുമില്ല. അതു മറന്നു കളയരുതു്. നന്മ മാത്രമേ നിലനിൽക്കൂ.”
ബഷീർ എന്ന വാക്കിനു് സുവിശേഷകൻ എന്നാണർത്ഥം. നന്മയുടെയും ജീവിതസ്നേഹത്തിന്റെയും ഒരു പുതിയ സുവിശേഷവുമായി കടന്നുവന്ന ഈ സൂഫി സ്വയം സുൽത്താൻ എന്നു വിളിച്ചു. സൂഫികളുടെ പതിവു മട്ടിൽ അദ്ദേഹം ചിരിച്ചിരുന്നു; ചിരിപ്പിച്ചിരുന്നു. സ്ഥലത്തെ പ്രധാന ചിരി ഇന്നും അദ്ദേഹത്തിന്റേതു് തന്നെ.

മുഴുവൻ പേരു്: മുഹ്യുദ്ദീൻ നടുക്കണ്ടിയിൽ. കോഴിക്കോട് ജില്ലയിലെ കാരശ്ശേരി എന്ന ഗ്രാമത്തിൽ 1951 ജൂലായ് 2-നു് ജനിച്ചു. പിതാവു്: പരേതനായ എൻ. സി. മുഹമ്മദ് ഹാജി. മാതാവു്: കെ. സി. ആയിശക്കുട്ടി. കാരശ്ശേരി ഹിദായത്തുസ്സിബിയാൻ മദ്രസ്സ, ഐ. ഐ. എ. യു. പി. സ്ക്കൂൾ, ചേന്ദമംഗല്ലൂർ ഹൈസ്ക്കൂൾ, കോഴിക്കോട് ഗുരുവായൂരപ്പൻ കോളേജ്, കാലിക്കറ്റ് സർവ്വകലാശാലാ മലയാളവിഭാഗം എന്നിവിടങ്ങളിൽ പഠിച്ചു. സോഷ്യോളജി-മലയാളം ബി. എ., മലയാളം എം. എ., മലയാളം എം. ഫിൽ. പരീക്ഷകൾ പാസ്സായി. 1993-ൽ കാലിക്കറ്റ് സർവ്വകലാശാലയിൽ നിന്നു് ഡോക്ടറേറ്റ്. 1976–78 കാലത്തു് കോഴിക്കോട്ടു് മാതൃഭൂമിയിൽ സഹപത്രാധിപരായിരുന്നു. പിന്നെ അധ്യാപകനായി. കോഴിക്കോട് ഗവ. ആർട്സ് ആന്റ് സയൻസ് കോളേജ്, കോടഞ്ചേരി ഗവ. കോളേജ്, കോഴിക്കോട് ഗവ: ഈവനിങ്ങ് കോളേജ് എന്നിവിടങ്ങളിൽ ജോലി നോക്കി. 1986-മുതൽ കാലിക്കറ്റ് സർവ്വകലാശാലാ മലയാളവിഭാഗത്തിൽ.
പുസ്തകങ്ങൾ: പുലിക്കോട്ടിൽകൃതികൾ (1979), വിശകലനം (1981), തിരുമൊഴികൾ (1981), മുല്ലാനാസറുദ്ദീന്റെ പൊടിക്കൈകൾ (1982), മക്കയിലേക്കുള്ള പാത (1983), ഹുസ്നുൽ ജമാൽ (1987), കുറിമാനം (1987), തിരുവരുൾ (1988), നവതാളം (1991), ആലോചന (1995), ഒന്നിന്റെ ദർശനം (1996), കാഴ്ചവട്ടം (1997) തുടങ്ങി എൺപതിലേറെ കൃതികൾ.
ഭാര്യ: വി. പി. ഖദീജ, മക്കൾ: നിശ, ആഷ്ലി, മുഹമ്മദ് ഹാരിസ്.