എല്ലാ പുസ്തകങ്ങളും ആത്മകഥകളാണു് എന്നു് പറയാറുണ്ടു്—ആത്മകഥാംശമില്ലാത്ത ഒരു പുസ്തകവുമില്ല എന്നർത്ഥം. ഈ പറച്ചിൽ മലയാളത്തിൽ ഏറ്റവുമധികം സത്യമായിരിക്കുന്നതു് ബഷീറി ന്റെ കാര്യത്തിലാണു്. സ്വന്തം കഥയും സ്വന്തക്കാരുടെ കഥകളും കാര്യമായ മാറ്റിത്തിരുത്തലുകളൊന്നുമില്ലാതെ, പച്ചയ്ക്കു് എഴുതുന്ന ആളാണദ്ദേഹം. ‘ഞാൻ’ എന്ന പദം ഇത്രയധികം മറ്റൊരു മലയാളസാഹിത്യകാരന്റെ രചനകളിലും കാണുകയില്ല. ഈ മനോഭാവത്തിന്റെ മുന്തിയ ഉദാഹരണമാണു് പാത്തുമ്മയുടെ ആടു്. വെറും വീട്ടുവർത്തമാനങ്ങൾ! മതിലുകൾ, മരണത്തിന്റെ നിഴലിൽ, മാന്ത്രികപ്പൂച്ച, അനുരാഗത്തിന്റെ ദിനങ്ങൾ എന്നീ നോവലുകളിലും ‘അമ്മ’, ‘ജന്മദിനം’, ‘ഒരു മനുഷ്യൻ’ തുടങ്ങി എത്രയോ ചെറുകഥകളിലും ‘ഞാൻ’ തന്നെയാണു് കഥാപാത്രം.
ഈ മട്ടിൽ ആത്മകഥാനിഷ്ഠമായി ലോകത്തെ കാണുകയും എഴുതുകയും ചെയ്യുന്ന ഒരെഴുത്തുകാരൻ വേറിട്ടൊരു ‘ആത്മകഥ’ എഴുതും എന്നു് പ്രതീക്ഷിക്കാൻ വയ്യ. പക്ഷേ, ബഷീർ ജീവിതസായാഹ്നത്തിൽ കോഴിക്കോട്ടുനിന്നു് പുറപ്പെടുന്ന ചന്ദ്രിക ആഴ്ചപ്പതിപ്പിന്നുവേണ്ടി അങ്ങനെയൊന്നെഴുതി—‘ഓർമ്മയുടെ അറകൾ’ (1973).
ബേപ്പൂരിലെ വീട്ടുമുറ്റത്തിരുന്നു് സുഹൃത്തുക്കളായ പത്രപ്രവർത്തകരോടു് വർത്തമാനം പറയുന്ന രീതിയിൽ, പലരും ചേർന്നു് അദ്ദേഹവുമായി അഭിമുഖസംഭാഷണം നടത്തുന്നതിന്റെ രേഖ എന്ന മട്ടിൽ എഴുതപ്പെട്ട ആത്മകഥയിലെ പ്രധാനപ്പെട്ട ചർച്ചാവിഷയങ്ങളിൽ ഒന്നു് ദൈവമാണു്—ദൈവം ഉണ്ടോ, ഉണ്ടെങ്കിൽ ഏതു് രൂപത്തിൽ, മതത്തിന്റെ ആവശ്യമെന്തു്, മതം രാഷ്ട്രീയത്തിൽ ചെലുത്തുന്ന അപകടകരമായ സ്വാധീനമെന്തു് തുടങ്ങിയ പ്രമേയങ്ങൾ. അത്തരം ആലോചനകൾ ആവശ്യപ്പെടുന്ന ദാർശനികതയുടെ സങ്കീർണ്ണതലങ്ങളിലേയ്ക്കു് എത്തിനോക്കുന്ന സന്ദർഭങ്ങൾ അത്യപൂർവ്വം. ബഷീർ അല്ലാഹുവിലും മുഹമ്മദ് നബിയിലും വിശുദ്ധഖുർആനിലും ഇസ്ലാം മതത്തിലും വിശ്വസിക്കുന്നു എന്നു് ഈ കൃതി തെളിച്ചെഴുതുന്നുണ്ടു്. മുസ്ലീംകളുടെ സമകാലികജീവിതത്തിൽ പുലരുന്ന യാഥാസ്ഥിതികതയെയും അന്ധവിശ്വാസത്തെയും ആലസ്യത്തെയും അദ്ദേഹം വിമർശിക്കുന്നു.
ഗാന്ധിശിഷ്യനായി ദേശീയപ്രസ്ഥാനത്തിലെത്തിയ ഈ മതേതരവാദി മുസ്ലീംകൾക്കും ഹിന്ദുക്കൾക്കും ഇടയിൽ വർഗ്ഗീയമനോഭാവം പടരുന്നതിനെതിരെ രോഷം കൊള്ളുന്നുണ്ടു്. ഇന്ത്യാവിഭജനത്തെ അദ്ദേഹം നിന്ദിക്കുമ്പോൾ ഒരു പത്രപ്രതിനിധി ‘അതു് ചരിത്രപരമായ ഒരാവശ്യമായിരുന്നില്ലേ’ എന്നു് ചോദിക്കുന്നു.
ബഷീറിന്റെ മറുപടി:
‘ഒരു പത്തിരുപതു് ധനികകുടുംബക്കാർക്കു് ഭരിച്ചു് സുഖിക്കാൻ പാക്കിസ്ഥാനുണ്ടായി. അതു പോകട്ടെ. മോഹൻദാസ് കരംചന്ദ് ഗാന്ധി യെ കൊന്നതു് ചരിത്രപരമായ ഒരാവശ്യം ആയിരുന്നോ? ഗാന്ധിജി മുസ്ലീമീങ്ങൾക്കുവേണ്ടി രക്തസാക്ഷിത്വം വരിച്ചു. ഇതു് നിങ്ങൾ ഓർക്കുമോ എന്തോ!’ (സമ്പൂർണകൃതികൾ, ഒന്നാം വാല്യം, 1992, പു. 1525)
മറ്റൊരു സന്ദർഭത്തിൽ കാണാം:
‘വിഭജനസമയത്തു് മുഹമ്മദ് നബി ഇന്ത്യയിൽ ജീവിച്ചിരുന്നെങ്കിൽ ഒരിക്കലും ഇന്ത്യ വിഭജിക്കപ്പെടുമായിരുന്നില്ല!’ (അതേ പുസ്തകം, പു. 1547–8).
സുഹൃത്തുക്കളും അയൽക്കാരും കുടുംബാംഗങ്ങളും ഏതുനേരത്തും കടന്നുവരാവുന്ന ഈ പുസ്തകത്തിൽ ഗ്രന്ഥകാരന്റെ കുട്ടിക്കാലത്തെ പല വിക്രസ്സുകളും നർമ്മമധുരമായി വർണ്ണിക്കുന്നുണ്ടു്—നീർക്കോലിയെപ്പിടിച്ചതു്, കാലിൽ പാമ്പുചുറ്റിയതു്, പ്രസവം കാണാൻവേണ്ടി മച്ചിൻപുറത്തു് ഒളിച്ചിരുന്നതു്, കൂട്ടുകാരനുമായി തല്ലുണ്ടാക്കിയതു്, ബാപ്പ പാടത്തു് മറിഞ്ഞുവീണതു്… അത്തരം പലതും. കൂട്ടത്തിൽ യൗവ്വനകാലത്തെ ചില സാഹസികാനുഭവങ്ങളും അന്യനാടുകളിലെ യാത്രയിലെ ചില രസങ്ങളും. മറ്റെപ്പോഴും എന്ന പോലെ ഇവിടെയും ആഖ്യാനത്തിനു് കാലക്രമമില്ല—കൊച്ചുവർത്തമാനത്തിന്റെ രൂപത്തിൽ പലതും അങ്ങനെ പറഞ്ഞുപോവുകയാണു്. കുട്ടിക്കാലവുമായി ബന്ധപ്പെട്ട ഓർമ്മകളിൽ തെളിയുന്ന ആ ഗ്രാമപ്രദേശത്തു് പുലർന്നിരുന്ന സമുദായസൗഹാർദ്ദത്തിന്റെ ചിത്രങ്ങൾ പകരുന്ന ഊഷ്മളതയാണു് ഈ പുസ്തകത്തിന്റെ എടുത്തുപറയാവുന്ന നേട്ടം.
ബഷീറിന്റെ വ്യക്തിജീവിതത്തിലേക്കോ, സാഹിത്യത്തിലേക്കോ, ഉൾക്കാഴ്ച നൽകുന്ന അനുഭവങ്ങൾ പ്രതീക്ഷിക്കുന്ന വായനക്കാരനെ നിരാശനാക്കുവാനിടയുള്ള ഈ ആത്മകഥ മതവർഗ്ഗീയത ഇന്ത്യൻ ജനാധിപത്യത്തെ അപകടപ്പെടുത്താൻ പോവുകയാണു് എന്ന തിരിച്ചറിവിൽ നിന്നു് ഉരുവംകൊള്ളുന്ന ആധിയുടെ രേഖയാകുന്നു.
മുഴുവൻ പേരു്: മുഹ്യുദ്ദീൻ നടുക്കണ്ടിയിൽ. കോഴിക്കോട് ജില്ലയിലെ കാരശ്ശേരി എന്ന ഗ്രാമത്തിൽ 1951 ജൂലായ് 2-നു് ജനിച്ചു. പിതാവു്: പരേതനായ എൻ. സി. മുഹമ്മദ് ഹാജി. മാതാവു്: കെ. സി. ആയിശക്കുട്ടി. കാരശ്ശേരി ഹിദായത്തുസ്സിബിയാൻ മദ്രസ്സ, ഐ. ഐ. എ. യു. പി. സ്ക്കൂൾ, ചേന്ദമംഗല്ലൂർ ഹൈസ്ക്കൂൾ, കോഴിക്കോട് ഗുരുവായൂരപ്പൻ കോളേജ്, കാലിക്കറ്റ് സർവ്വകലാശാലാ മലയാളവിഭാഗം എന്നിവിടങ്ങളിൽ പഠിച്ചു. സോഷ്യോളജി-മലയാളം ബി. എ., മലയാളം എം. എ., മലയാളം എം. ഫിൽ. പരീക്ഷകൾ പാസ്സായി. 1993-ൽ കാലിക്കറ്റ് സർവ്വകലാശാലയിൽ നിന്നു് ഡോക്ടറേറ്റ്. 1976–78 കാലത്തു് കോഴിക്കോട്ടു് മാതൃഭൂമിയിൽ സഹപത്രാധിപരായിരുന്നു. പിന്നെ അധ്യാപകനായി. കോഴിക്കോട് ഗവ. ആർട്സ് ആന്റ് സയൻസ് കോളേജ്, കോടഞ്ചേരി ഗവ. കോളേജ്, കോഴിക്കോട് ഗവ: ഈവനിങ്ങ് കോളേജ് എന്നിവിടങ്ങളിൽ ജോലി നോക്കി. 1986-മുതൽ കാലിക്കറ്റ് സർവ്വകലാശാലാ മലയാളവിഭാഗത്തിൽ.
പുസ്തകങ്ങൾ: പുലിക്കോട്ടിൽകൃതികൾ (1979), വിശകലനം (1981), തിരുമൊഴികൾ (1981), മുല്ലാനാസറുദ്ദീന്റെ പൊടിക്കൈകൾ (1982), മക്കയിലേക്കുള്ള പാത (1983), ഹുസ്നുൽ ജമാൽ (1987), കുറിമാനം (1987), തിരുവരുൾ (1988), നവതാളം (1991), ആലോചന (1995), ഒന്നിന്റെ ദർശനം (1996), കാഴ്ചവട്ടം (1997) തുടങ്ങി എൺപതിലേറെ കൃതികൾ.
ഭാര്യ: വി. പി. ഖദീജ, മക്കൾ: നിശ, ആഷ്ലി, മുഹമ്മദ് ഹാരിസ്.