ഒരു നോവലിസ്റ്റ് എന്ന നിലയിൽ പൊറ്റെക്കാട്ടി ന്റെ സർഗ്ഗമണ്ഡലം മൂന്നുകാലഘട്ടങ്ങളായി പരന്നു കിടക്കുന്നു. അദ്ദേഹത്തിന്റെ ആദ്യകാല നോവലുകൾ സാമ്പ്രദായിക രീതിയിൽ എഴുതപ്പെട്ടവയാണു്: ഒരു യുവാവിന്റെയും യുവതിയുടെയും കാല്പനികസമാഗമത്തിൽ നിന്നു് ഉയർന്നു വരുന്ന സംഘർഷങ്ങൾ അനാവരണംചെയ്തുകൊണ്ടു് ഒരു നേർരേഖയിൽ കഥ മുന്നോട്ടു് പോവുന്നു. ‘നാടൻ പ്രേമം’ (1941), ‘പ്രേമശിക്ഷ’ (1945), ‘മൂടുപടം’ (1948) മുതലായവ ഈ ഘട്ടത്തിലെ രചനകളാണു്. രണ്ടാമത്തെ ഘട്ടത്തിൽ വെറുമൊരു പ്രണയേതിവൃത്തം ആവിഷ്ക്കരിക്കുന്നതുകൊണ്ടോ രണ്ടോ മൂന്നോ വ്യക്തികൾക്കിടയിലുള്ള ബന്ധം വിശദീകരിക്കുന്നതു് കൊണ്ടോ അദ്ദേഹം തൃപ്തനാവുന്നില്ല. പകരം സമൂഹത്തിന്റെ വിസ്തൃതദൃശ്യം അനാവരണം ചെയ്യുമാറുള്ള, താരതമ്യേന വലിയ, ഒരു ക്യാൻവാസ് അദ്ദേഹം നമ്മുടെ മുന്നിൽ വിടർത്തിക്കാണിക്കുന്നു. ഇവിടെ കഥനരീതി ഒരു സോഷ്യൽ ഡോക്യുമെന്ററിയെ അനുസ്മരിപ്പിക്കുന്നു. പൊതുവായ താല്പര്യങ്ങളും സമാനമായ പ്രശ്നങ്ങളുംകൊണ്ടു് പരസ്പരം ബദ്ധരായ അംഗങ്ങളുള്ള ഒരു മുഴുസമൂഹത്തെയാണു് അദ്ദേഹം അവതരിപ്പിക്കുന്നതു്. ഇതിവൃത്തത്തിൽ സംഘർഷസാഹചര്യങ്ങൾക്കു് വഴിതെളിയിക്കുന്ന മട്ടിൽ ഈ അംഗങ്ങൾക്കിടയിൽ ഇടക്കു് സംഘട്ടനങ്ങളും ഉണ്ടാവുന്നുണ്ടു്. വിഷകന്യക (1948), ഒരു തെരുവിന്റെ കഥ (1960) എന്നിവയാണു് ഈ കാലഘട്ടത്തിലെ പ്രധാനപ്പെട്ട നോവലുകൾ. മുൻപറഞ്ഞ രണ്ടു ഘട്ടങ്ങളിലേയും രചനാസമ്പ്രാദായങ്ങളെ സമന്വയിപ്പിക്കുന്നതാണു് മൂന്നാമത്തേയും അവസാനത്തേതുമായ ഘട്ടം എന്നുപറയാം. മുഖ്യകഥാപാത്രത്തിനും അയാൾ അംഗമായിരിക്കുന്ന സമൂഹത്തിനും ഒരേ സമയം ഊന്നൽ നൽകുക എന്നതാണു് ഈ രീതി. കേന്ദ്ര കഥാപാത്രത്തിന്റെ ആന്തരലോകം രംഗങ്ങളിലൂടെയും സംഭവങ്ങളിലൂടെയും അരിച്ചെടുക്കപ്പെടുന്നു. അയാളുടെ കഥ അതേ സമയം ഒരു പ്രദേശത്തിന്റെ കൂടി കഥയായി മാറുന്നു. ‘ഒരു ദേശത്തിന്റെ കഥ’ (1971) ഈ ജനുസ്സിനു് ഏറ്റവും നല്ല ഉദാഹരണമാണു്. താരതമ്യേന ലഘുകൃതിയായ ‘കബീന’ (1979) യിലും ഇതേ രചനാതന്ത്രം കാണാം.
പ്രഥമഘട്ടത്തിലെ സമ്പ്രദായത്തിനു് നല്ല മാതൃകയാണു് ‘നാടൻ പ്രേമം’. ബോംബെയിൽ വെച്ചാണു് ഇതെഴുതിയതു്. ഗ്രന്ഥകാരനെ സംബന്ധിച്ചിടത്തോളം ഇതിന്റെ രചന ഗൃഹാതുരത്വത്തോടെ മലബാറിലേക്കു് തിരിഞ്ഞു നോക്കുന്ന ഒരനുഭവം കൂടിയായിരുന്നു. യഥാർത്ഥത്തിൽ ഇതൊരു തിരക്കഥയായി എഴുതാനാണു് ആദ്യം പരിപാടിയിട്ടിരുന്നതു്. എങ്കിലും പിന്നീടു് അതൊരു നോവലായി എഴുതി. ഇതിവൃത്തം രൂപപ്പെടുന്നതിൽ ഇവിടെ ചലച്ചിത്ര സ്വാധീനം വളരെ പ്രകടമാണു്. രംഗങ്ങൾ നാടകീയമായി നഗരത്തിലെ ഹോട്ടൽ മുറികളിൽനിന്നും സമ്പന്ന ഗൃഹാന്തരീക്ഷത്തിൽ നിന്നും നാട്ടിൻപുറത്തെ പച്ചപ്പിലേക്കും പരിശുദ്ധിയിലേക്കും മാറുന്നു. ഈ പകർച്ചകൾക്കു് വലിയ ദൃശ്യസൗഖ്യം നല്കാനാവും.
കോഴിക്കോട്ടുകാരനായ രവീന്ദ്രൻ എന്നൊരു യുവസമ്പന്നനാണു് ഇതിലെ കേന്ദ്രകഥാപാത്രം. അയാൾ ഒരു മാറ്റത്തിനും കുറച്ചു ദിവസത്തെ വിശ്രമത്തിനും വേണ്ടി നഗരത്തിന്റെ പ്രാന്തപ്രദേശമായ മുക്കം എന്ന ഗ്രാമത്തിൽ എത്തിച്ചേരുന്നു. അവിടത്തെ നിഷ്ക്കളങ്കയും ദരിദ്രയുമായ മാളു എന്ന യുവതിയോടു് അയാൾക്കൊരു കമ്പം തോന്നി. രവീന്ദ്രൻ സമ്മാനങ്ങളും മധുരവാഗ്ദാനങ്ങളും കൊണ്ടു് അവളെ പ്രലോഭിപ്പിച്ചു. നദീതീരത്തെ രാവുകളിൽ അവർ പ്രണയം പങ്കുവെച്ചു. ഏതാനും ദിവസം കഴിഞ്ഞു് അയാൾ ഗ്രാമം വിട്ടുപോയി. ഏറെച്ചെല്ലും മുമ്പു് താൻ ഗർഭിണിയായി എന്നു കണ്ടെത്തിയ ആഘാതത്തിൽ മാളു ആത്മഹത്യക്കു് ശ്രമിച്ചു. ആർക്കും എപ്പോഴും എന്തുസഹായവും ചെയ്യാൻ ഒരുക്കമുള്ള ഇക്കോരൻ ആ നിർണ്ണായക നിമിഷത്തിൽ അവിടെ എത്തിപ്പെടുകയും അവളെ ജീവിതത്തിലേക്കു് വലിച്ചടുപ്പിക്കുകയും ചെയ്തു. തന്റെ രക്ഷകനോടു് അവൾ എല്ലാം തുറന്നുപറഞ്ഞു. അയാൾ അവളെ കല്യാണം കഴിക്കാനും അവളുടെ കുഞ്ഞിന്റെ അച്ഛനായിരിക്കാനും സമ്മതിച്ചു.
നോവലിന്റെ രണ്ടാംഭാഗം ആരംഭിക്കുന്നതു് പത്തുവർഷത്തിന്റെ ഇടവേളയ്ക്കു് ശേഷമാണു്. രവീന്ദ്രൻ രണ്ടു തവണ കല്യാണം കഴിച്ചെങ്കിലും സന്താനഭാഗ്യം ഉണ്ടായില്ല. അയാളുടെ ബിസിനസ്സ് മെച്ചപ്പെട്ടു. പക്ഷേ, ഊഷരമായ ദാമ്പത്യജീവിതംമൂലം അയാൾ എന്നും അസന്തുഷ്ടനായിരുന്നു. ഒരു ഇംഗ്ലീഷുകാരൻ തന്റെ എസ്റ്റേറ്റ് രവീന്ദ്രനു് വില്ക്കാം എന്നു പറഞ്ഞതിനാൽ നിരവധി വർഷങ്ങൾക്കു് ശേഷം വീണ്ടും അയാൾ ആ നദീതീരത്തു് എത്തിച്ചേർന്നു. മാളുവുമായി പ്രണയം പങ്കുവെച്ച അതേ നദീതീരം. രവീന്ദ്രൻ യാദൃച്ഛികമായി അവിടെ ഒരാൺകുട്ടിയെ കണ്ടുമുട്ടി. അവൻ തനിക്കു് മാളുവിൽ പിറന്ന കുഞ്ഞാണെന്നു് അയാൾ തിരിച്ചറിഞ്ഞു. അയാൾ കുട്ടിയെ അവകാശപ്പെട്ടുചെന്നെങ്കിലും ഇക്കോരനും മാളുവും അതംഗീകരിച്ചില്ല. ഏതാനും മാസം കഴിഞ്ഞു് രവീന്ദ്രൻ കലശലായി രോഗം ബാധിച്ചു് കിടപ്പായി. അയാൾ അവർക്കു് ആളയച്ചു. ആ അവസ്ഥയിൽ മാളുവും ഇക്കോരനും കൂടുതൽ പരിഗണന കാണിക്കുകയും അയാളുടെ സംരക്ഷണത്തിനായി കുട്ടിയെ വിട്ടുകൊടുക്കുകയും ചെയ്തു. സ്വന്തം ജീവിതത്തിന്റെ അർത്ഥം നഷ്ടപ്പെട്ടതായി തോന്നിയ മാളുവും ഇക്കോരനും ആത്മഹത്യ ചെയ്തു. അവരുടെ ശവകുടീരത്തിന്മേൽ ആ ഇംഗ്ലീഷുകാരൻ ഒരു സ്മാരകം ഉയർത്തി.
അതിനാടകീയത നിറഞ്ഞ സന്ദർഭങ്ങൾ നോവലിൽ നിരവധിയാണു്. സ്വന്തം മാധ്യമം കൈകാര്യം ചെയ്യുന്നതിൽ ഗ്രന്ഥകാരനുള്ള പാകതക്കുറവിന്റെ മുദ്ര പലേടത്തും തെളിഞ്ഞുകാണാം. നോവലിൽ നിഗൂഢാത്മക കഥകൾ രണ്ടെണ്ണമുണ്ടു്. മാളു രവീന്ദ്രനോടു് പറയുന്ന വിചിത്രപക്ഷിയുടെ കഥയും കല്യാണം കഴിഞ്ഞു് ഏതാനും വർഷത്തിനു് ശേഷവും രവീന്ദ്രനെ പിന്തുടർന്നുചെല്ലുന്ന സ്വപ്നവും.
രവീന്ദ്രന്റെ സ്വപ്നം അയാളുടെ പിതൃത്വാഭിലാഷത്തെ കൃത്യമായി അനാവരണം ചെയ്യുന്നുണ്ടു്. സ്വപ്നത്തിൽ കൊച്ചു ബാലന്മാരുടെ അനന്തമായ നിര അയാൾ കാണുന്നു. അവർ പുൽത്തകിടിയിലൂടെ മാർച്ച് ചെയ്തു് തന്റെ ജനാലയ്ക്കു് സമീപം വരികയാണു്. അയാൾ അവരെ ആശ്ലേഷിക്കാനൊരുങ്ങുമ്പോൾ അവർ പെട്ടന്നു് പിൻവാങ്ങി സ്വന്തം രക്ഷിതാക്കളുടെ കരാശ്ലേഷത്തിലേക്കു് വലിഞ്ഞുകളയുന്നു. എന്നാൽ ഒരു കുട്ടി അയാളുടെ മുമ്പിൽ തന്നെ നിൽക്കുകയും അയാളുടെ കഴുത്തു് സ്വന്തം കരവലയത്തിലാക്കി അയാളെ ‘അച്ഛാ’ എന്നു വിളിക്കുകയും ചെയ്യുന്നു.
ആ വിചിത്രപ്പക്ഷിയുടെ കഥ ഒരാൺകുട്ടിക്കു് മേൽ പതിച്ച ദൈവശാപമായിട്ടാണു് മാളു അവതരിപ്പിച്ചതു്. ദൈവം ഒരു പറ്റം പൈക്കളെ നോക്കാൻ ആ കുട്ടിയെ എല്പിച്ചിരുന്നു. ഒരു സായാഹ്നത്തിൽ വെള്ളം നിറച്ച പാത്രത്തിനു് സമീപം കിടന്നു് അവൻ ഉറങ്ങിപ്പോയി. പൈക്കൾക്കു് ദാഹം വളരുകയും അവ മുക്രയിടാൻ തുടങ്ങുകയും ചെയ്തു. ദൈവം അതു കേട്ടു. ബാലൻ കിടന്നുറങ്ങുന്നതു കണ്ടു് കോപിഷ്ടനായിത്തീർന്ന ദൈവം പൈക്കളെ തീറ്റി. ഒഴിഞ്ഞ പാത്രം അവന്റെ തലയിൽ വെക്കുകയും അവനെ ഒരു പക്ഷിയായി കോലം മാറ്റുകയും ചെയ്തു. ഒരിക്കലും അവസാനിക്കാത്ത ദാഹവുമായി മേഘങ്ങൾക്കു് താഴെ ചുറ്റിത്തിരിയട്ടെ എന്നു് ദൈവം ശാപവും കൊടുത്തു. മാളുവിന്റെ കഥ അവളുടെ നിഷ്കളങ്കതയേയും പരിശുദ്ധിയേയും കുറിക്കുന്നു. മാത്രമല്ല ഉൾനാടൻഭാവനയുടെ ലാളിത്യത്തിനും നഗരത്തിലെ കച്ചവടക്കാരുടെ ആസൂത്രണപഥങ്ങൾക്കും തമ്മിലുള്ള വ്യത്യാസവും ഇവിടെ കാണാം.
നാട്ടിൻപുറവും നഗരവും തമ്മിലുള്ള വ്യത്യാസം നോവൽ തീർച്ചയായും എടുത്തുകാണിക്കുന്നുണ്ടു്. രവിയുടേയും മാളുവിന്റെയും പ്രണയകഥ ഒരു ആധുനിക ശാകുന്തളമാണു്. നഗരവാസിയായ രവി എന്തിന്റേയും ഉടമസ്ഥാവകാശം കൊതിക്കുന്ന സ്വാർത്ഥിയാണു്. മാളുവാകട്ടെ, പൂർണ്ണവിശ്വാസത്തിൽ തനിക്കുള്ളതെല്ലാം അയാൾക്കായി സമർപ്പിക്കുന്നു.
‘പ്രേമശിക്ഷ’യും ഒരു പ്രണയകഥ പറയുന്നു. പെട്ടെന്നുള്ള വെളിപ്പെടുത്തലുകളും ഹിംസാരംഗങ്ങളുമാണു് അതിന്റെ സവിശേഷത. ഇതൊക്കെയാണെങ്കിലും ‘നാടൻപ്രേമ’ത്തെക്കാൾ മനഃശാസ്ത്രപരമായ സൂക്ഷ്മത പുലർത്തുന്ന കൃതിയാണതു്.
തന്റെ പീടികയുടെ മുൻവശത്തു് നിരത്തിൽ രോഗിയായി കിടന്ന അപരിചിതനു് പീടിക ഉടമസ്ഥനായ കുഞ്ഞിക്കണ്ണൻ അഭയം നൽകുന്നതോടെയാണു് കഥയാരംഭിക്കുന്നതു്. കൃഷ്ണൻ എന്നു പേരായ ആ അപരിചിതനോടു് അയാൾക്കു് ഒരിഷ്ടം തോന്നി. അയാളെ തന്റെ പീടികയിൽ സഹായിയായി നിർത്തുകയും ചെയ്തു. പൊതുവെ ശാന്തനും വിനീതനുമായ കൃഷ്ണൻ നല്ല പെരുമാറ്റമുള്ള ആളായിരുന്നു. നഗരം മുഴുവൻ അയാളെ പുകഴ്ത്തി. അയാളുടെ സത്യസന്ധതയിൽ മതിപ്പുതോന്നിയ കുഞ്ഞിക്കണ്ണൻ പീടിക നടത്തിപ്പു് പൂർണ്ണമായും അയാൾക്കു് വിട്ടുകൊടുത്തു. ഏതാനും വർഷം കഴിഞ്ഞു് കച്ചവടക്കാരൻ കലശലായി രോഗം ബാധിച്ചു് കിടപ്പായി. തന്റെ മരണശയ്യയിൽ വെച്ചു് അയാൾ കൃഷ്ണനു് ആളയയ്ക്കുകയും തന്റെ ഏകപുത്രിയെ വിവാഹം കഴിക്കണമെന്നു് അഭ്യർത്ഥിക്കുകയും ചെയ്തു. തന്റെ രക്ഷകന്റെ മരണവേളയിലെ അപേക്ഷ തള്ളിക്കളയരുതു് എന്ന വിചാരത്തിൽ കൃഷ്ണൻ കല്യാണത്തിനു് സമ്മതിച്ചു.
വിധി അതിന്റെ ചക്രം ഒരിക്കൽകൂടി തിരിക്കുകയും സംഭവങ്ങൾ ദുരൂഹമാംവിധം ആവർത്തിക്കപ്പെടുകയും ചെയ്തു. കുമാരൻ എന്നു പേരായ ഒരു യുവാവു് മലമ്പനി ബാധിച്ചു് തന്റെ പീടികക്കു് മുമ്പിൽ കിടക്കുന്നതായി കൃഷ്ണൻ കണ്ടെത്തി. അയാൾ യുവാവിനെ വീട്ടിലേക്കു് കൂട്ടിക്കൊണ്ടു പോയി. അപരിചിതനു് രോഗം ഭേദമായപ്പോൾ തന്റെ പീടികയിൽ നിയമിക്കുകയും ചെയ്തു. കുമാരൻ എല്ലാ കാര്യത്തിലും തന്റെ മുതലാളിയിൽ നിന്നും തീർത്തും വ്യത്യസ്തനായിരുന്നു. അയാൾ ഒരു സംഭാഷണചതുരനും ജന്മസിദ്ധിയുള്ള ഗായകനും ആയിരുന്നു. ഭർത്താവിന്റെ വൈകാരികമായ അകൽച്ചയിൽ നിരാശാഭരിതയായിത്തീർന്ന മാണിക്യം അടക്കവയ്യാത്ത അഭിനിവേശത്തോടെ ആ യുവാവിന്റെ നേർക്കു് തിരിഞ്ഞു തുടങ്ങി. അവൾ അയാൾക്കു് കത്തുകൾ എഴുതി; അയാൾ ഒറ്റക്കാവുമ്പോൾ കൂടെക്കൂടെ മുറിയിൽ ചെന്നുകണ്ടു. കുമാരൻ വലിയ ധാർമികസംയമനത്തോടെ അവരെ പിന്തിരിപ്പിക്കാൻ നോക്കി. തന്റെ മുതലാളിയുടെ പെരുമാറ്റത്തിലുടനീളം എന്തോ പന്തികേടു് കുമാരൻ നേരത്തേതന്നെ മണത്തിരുന്നു. കൃഷ്ണൻ ഒറ്റക്കു് നദിയിൽ മീൻപിടിക്കാൻ പോയപ്പോൾ അതു് കണ്ടെത്തണമെന്ന ഗൂഢോദ്ദേശ്യവുമായി കുമാരൻ പിന്നാലെകൂടി. വെള്ളത്തിൽ നിന്നുകൊണ്ടു് വലവീശാൻ ഒരുങ്ങുന്നതിനിടയിൽ കൃഷ്ണൻ ഒളിച്ചുവെച്ചിരുന്ന കഠാരി പുറത്തെടുക്കുന്നതും അതു് അന്തരീക്ഷത്തിലേക്കു് നീട്ടിപ്പിടിക്കുന്നതും അയാൾ കണ്ടു. തെളിഞ്ഞ നിലാവിൽ വെളിപ്പെട്ട അയാളുടെ തുടയിലെ വലിയ മുറിവിന്റെ കല കണ്ടു് കുമാരൻ ആഘാതമേറ്റപോലെ നിന്നു. വർഷങ്ങൾക്കു മുമ്പു് വായിച്ച ഒരു ദിനപത്ര വാർത്തയുമായി അയാൾക്കു് ആ കാഴ്ചയെ ബന്ധിപ്പിക്കാൻ പറ്റി. അയാൾ കൃഷ്ണനല്ലെന്നും ഭാര്യയേയും അവളുടെ കാമുകനേയും കൊന്നു് രക്ഷപ്പെട്ട കുഞ്ഞുണ്ണിനായർ ആകാമെന്നും അയാൾ വിശ്വസിച്ചു. ആ യുവാവു് തന്റെ സംശയം മാണിക്യത്തോടു് തുറന്നുപറയുകയും അവളുടെ പ്രണയാഭ്യർത്ഥനയോടു് ആനുകൂല്യം കണിക്കുകയും ചെയ്തു. കൃഷ്ണന്റെ രഹസ്യം പോലീസിൽ അറിയിക്കാമെന്നും അങ്ങനെ കല്യാണം എളുപ്പമാക്കാമെന്നും അവർ നിശ്ചയിച്ചു. ഇതേ സമയം കൃഷ്ണനു് വലിയ മാറ്റമുണ്ടായി. അയാൾ ഒരു ദിവസം അല്പം മദ്യപിച്ചു് വീട്ടിലെത്തുകയും മാണിക്യത്തോടു് താനാരാണെന്ന വസ്തുത തുറന്നുപറയുകയും അവളുടെ മടിയിൽ തലവെച്ചു് ഉറങ്ങുകയും ചെയ്യുന്നു. ഏതാനും വെളിപ്പെടുത്തലുകളെത്തുടർന്നു് വരുന്ന ഹിംസാരംഗങ്ങളോടെയാണു് നോവൽ അവസാനിക്കുന്നതു്. അയാൾ ആരാണു് എന്ന യാഥാർത്ഥ്യം പോലീസ് കണ്ടെത്തിക്കഴിഞ്ഞു എന്നു കാണിക്കുന്ന ഒരു ഊമക്കത്തു് കൃഷ്ണനു കിട്ടി. ഭീതനും ക്രുദ്ധനുമായി വീട്ടിലെത്തിയ അയാൾ തന്റെ ഭാര്യ കാമുകനെഴുതിയ പ്രണയലേഖനം കണ്ടെത്തുന്നു. ചാരിത്ര്യഭംഗത്തോടൊപ്പം ഭർത്താവിനോടു് അവൾ ചതിയും കാണിച്ചു എന്നു മനസ്സിലാക്കിയ കൃഷ്ണൻ കോപാക്രാന്തനായി അവളെ കൊന്നു. പക്ഷേ, അയാൾക്കു് തെറ്റിപ്പോയിരുന്നു. മറ്റൊരു സംഗതി അപ്പോഴും വെളിപ്പെടാതെ ബാക്കി കിടപ്പുണ്ടായിരുന്നു… തന്റെ ധാർമികത്തകർച്ചയിൽ ഭർത്താവിനോടു് കുറ്റം ഏറ്റുപറഞ്ഞുകൊണ്ടും കാമുകനെക്കൊന്നു് ആത്മഹത്യ ചെയ്യാനുള്ള തന്റെ പദ്ധതി വിവരിച്ചുകൊണ്ടുള്ള മാണിക്യത്തിന്റെ സുദീർഘമായ കത്തു് പിന്നീടാണു് അയാൾക്കു് കിട്ടുന്നതു്. അവളുടെ പശ്ചാത്താപത്തിൽ ചഞ്ചലചിത്തനായിത്തീർന്ന അയാൾ പോലീസിനു മുമ്പിൽ ഹാജരാവാനും തന്റെ എല്ലാ സ്വത്തുകൾക്കും കുമാരനെ അവകാശിയാക്കാനും തീരുമാനിച്ചു.
നോവലിന്റെ അന്ത്യം അതിഭാവുകത്വം നിറഞ്ഞതായി. ഇതിവൃത്തത്തിന്റെ ഭിന്നതന്തുക്കൾ കൂട്ടിയോജിപ്പിക്കുവാൻ നോവലിസ്റ്റ് വല്ലാതെ തിക്കും തിരക്കും കാട്ടിയതുപോലെ തോന്നും. ഏതായാലും നാടൻപ്രേമത്തിലേതിനെ അപേക്ഷിച്ചു് ഇവിടെ കഥാപാത്രങ്ങൾ സങ്കീർണ്ണ സ്വഭാവം ഉള്ളവരാണു്. അവർക്കുള്ളിലെ സംഘർഷങ്ങൾ അതിനിപുണമായി ചിത്രീകരിച്ചിരിക്കുന്നു. നായകന്റെ ഗുപ്തവ്യക്തിത്വം പ്രമേയത്തിനു് ഒരു നിഗൂഢാംശം പ്രദാനം ചെയ്യുന്നു. അയാളുടെ സ്വത്വം വെളിപ്പെടുമ്പോൾ മുൻസാഹചര്യങ്ങളിൽ വൈകാരികമായി അകലം പാലിച്ചുകൊണ്ടു് അയാൾ പെരുമാറിയതെന്തുകൊണ്ടു് എന്നതിന്നു് വിശദീകരണം കിട്ടുന്നു. മീൻപിടിക്കൽ രംഗത്തിന്നു് മറ്റു കഥാഭാഗങ്ങളെ ദ്യോതിപ്പിക്കുവാനുള്ള ശക്തിയുണ്ടു്. പുഴയുടേയും ചെങ്കുത്തായ പാറകളുടേയും ഒഴുകിവീഴുന്ന ചന്ദ്രികയുടേയും പശ്ചാത്തലത്തിൽ തിളങ്ങുന്ന ജലപ്രവാഹത്തിൽ ഭൂതകാലത്തിന്റെ വടു അനാവരണം ചെയ്തുകൊണ്ടു് കുറ്റകൃത്യത്തിന്റെ കഠാരിയുമായി കൃഷ്ണൻ നിൽക്കുമ്പോൾ പൊതുവെ ശാന്തനായ ആ മനുഷ്യന്റെ തീർത്തും വ്യത്യസ്തമായ ഒരു ചിത്രം ഉരുവം കൊള്ളുന്നു. അവസാനഭാഗത്തു കാണുന്ന കൃത്രിമവൈകാരികത, ഒരു മനുഷ്യനും അടിസ്ഥാനപരമായി ചീത്തയല്ല എന്ന തന്റെ വിശ്വാസം എടുത്തു കാണിക്കുവാനുള്ള നോവലിസ്റ്റിന്റെ അത്യാവേശത്തിന്റെ ഫലമാവാം. ആർജ്ജവമുള്ള മനുഷ്യനാണു് കൃഷ്ണൻ. തന്റെ വിശ്വസ്ത സുഹൃത്തുമായി ഭാര്യക്കുള്ള അവിഹിതബന്ധം കണ്ടുപിടിച്ച ശേഷംമാത്രമേ അയാൾ അക്രമാസക്തനാവുന്നുള്ളു. തന്റെ തുടയിലെ വടു ഭാര്യയടക്കം ആരും കണ്ടുപോകരുതു് എന്നു് കൃഷ്ണനു് വിചാരമുണ്ടായിരുന്നതിനാൽ കല്ല്യാണം കഴിഞ്ഞു് രണ്ടുകൊല്ലത്തിനു ശേഷവും മാണിക്യം ലൈംഗിക ദാരിദ്ര്യം അനുഭവിച്ചു. അങ്ങേഅറ്റത്തെ നിസ്സഹായതയിൽ മാത്രമാണു് അവൾ മറ്റൊരു പുരുഷന്റെ സ്നേഹം നേടാൻ ശ്രമിക്കുന്നതു്. കുമാരൻ വളരെ ഉഷാറുള്ളവനും കാൽപനികമനസ്കനുമാണെങ്കിലും അയാളുടെ ധർമ്മബോധം വളരെ ശക്തമാണു്. മാണിക്യം അയാൾക്കു നേരെ ലൈംഗികാവേശവുമായി കടന്നെത്തുമ്പോൾപോലും അയാൾക്കു് ആത്മനിയന്ത്രണം നഷ്ടപ്പെടുന്നില്ല. സാഹചര്യനിഷ്ഠമായി പരിശോധിക്കുമ്പോൾ മനുഷ്യന്റെ വീഴ്ചകളും കളങ്കങ്ങളുമൊക്കെ ക്ഷന്തവ്യമാണു് എന്നൊരു ആശയം എതാണ്ടൊരു ഗവേഷണപ്രബന്ധത്തിലെന്ന പോലെ നോവലിൽ ഉയർത്തിക്കാണിച്ചിട്ടുണ്ടു്.
‘മൂടുപടം’ എന്ന നോവൽ ഒരു ഹിന്ദുബാലനും മുസ്ലീംബാലികയും തമ്മിലുള്ള സ്നേഹബന്ധത്തെ കേന്ദ്രമാക്കി എഴുതപ്പെട്ടതാണു്—അപ്പുക്കുട്ടനും ആമിനയും. ആ പെൺകുട്ടി അവന്റെ അയൽക്കാരിയാണു്. നന്നെ കുട്ടിക്കാലം തൊട്ടേ അവർ കളിക്കൂട്ടുകാരാണു്. മാത്രവുമല്ല, ആമിനയുടെ ആങ്ങള ആലിക്കുട്ടിയും അപ്പുക്കുട്ടനും ഉറ്റ ചങ്ങാതിമാരും. കൂടുതൽ വരുമാനമുള്ള എന്തെങ്കിലും തൊഴിലും പ്രതീക്ഷിച്ചു് ആലിക്കുട്ടി ബോംബെക്കു പോയി. ചിറ്റമ്മയുടെ ഉപദ്രവം സഹിക്കവയ്യാതെ അപ്പുക്കുട്ടനും ഏതാനും മാസം കഴിഞ്ഞു് ബോംബെയിലെത്തി. ആയിടെ നഗരത്തിൽ ഒരു വർഗീയ കലാപം പൊട്ടിപ്പുറപ്പെട്ടു. ഈ സമയത്താണു് അപ്പുക്കുട്ടന്റെ അച്ഛൻ പെട്ടെന്നു മരിച്ചുപോയ വിവരത്തിനു് ആലിക്കുട്ടിക്കു് കമ്പി കിട്ടുന്നതു്. ഈ സന്ദേശവുമായി അയാൾ അപ്പുക്കുട്ടനെ ചെന്നുകണ്ടു. മുറിയിലേക്കു് മടങ്ങുന്നവഴി ഒരു ഹിന്ദുവർഗീയവാദിയുടെ കുത്തേറ്റു മരിക്കുകയും ചെയ്തു. സ്വന്തം ഗ്രാമത്തിൽ മടങ്ങിയെത്തിയ അപ്പുക്കുട്ടൻ തന്റെ വസ്തുവിറ്റുകിട്ടിയ പണത്തിൽ ഒരു ഓഹരി ആമിനയുടെ ഉമ്മയെ ഏല്പിച്ചു. പെങ്ങളുടെ കല്ല്യാണത്തിനു സ്ത്രീധനം കൊടുക്കാൻ വേണ്ടി ആലിക്കുട്ടി സമ്പാദിച്ച പങ്കാണതു് എന്നാണു് അയാൾ ആ ഉമ്മയോടു് പറഞ്ഞതു്. ജീവിതാനുഭവങ്ങളാൽ അപ്പുക്കുട്ടൻ പാകം വന്നിരുന്നു. വർഗീയമായ പകയും ശത്രുതയും പുലരുന്ന ഒരു സമൂഹത്തിൽ ജീവിച്ചുകൊണ്ടു് താൻ ആമിനയെ കല്ല്യാണം കഴിച്ചാൽ അതു് അസന്തുഷ്ടിയും ദുരിതവും മാത്രമേ തിരിച്ചുതരികയുള്ളൂ എന്നു് ഇപ്പോൾ അയാൾക്കു് തിരിച്ചറിയാം. തന്റെ പഴയ സഹപാഠിയും ലോറിഡ്രൈവറുമായ അഹമ്മദുകുട്ടിയെ ആമിനക്കുവേണ്ടി അപ്പുക്കുട്ടൻ കണ്ടെത്തി; അവൾ അതു് സ്വീകരിക്കുകയും ചെയ്തു.
അപ്പുക്കുട്ടൻ, ആലിക്കുട്ടി, ആമിന എന്നീ മൂന്നു കുട്ടികളിൽ ഊന്നിക്കൊണ്ടു് ഒരു കേരളീയഗ്രാമത്തിലെ സാമൂഹ്യജീവിതം ഭാവനാസ്പർശത്തോടുകൂടി നോവൽ ഭംഗിയായി ചിത്രീകരിക്കുന്നുണ്ടു്. ഋതുക്കൾക്കനുസരിച്ചു് മാറിവരുന്ന ഭൂപ്രകൃതി, കൊയ്ത്തുകാലത്തെ ഒളിച്ചുകളി, വിഭവസമൃദ്ധമായി കൊണ്ടാടപ്പെടുന്ന ഓണം, പെരുന്നാൾ തുടങ്ങിയ മതാഘോഷങ്ങൾ, ഹിന്ദുക്കൾക്കും മുസ്ലീംകൾക്കും ഇടയിൽ സാമാന്യമായി പുലരുന്ന ഇണക്കം ഇവയെല്ലാം വളരെ സത്യസന്ധമായി ആവിഷ്ക്കരിക്കപ്പെട്ടിരിക്കുന്നു. നോവലിന്റെ ആദ്യഭാഗത്തു് കുട്ടിയുടെ കാഴ്ചപ്പാടിലൂടെയാണു് സംഭവങ്ങൾ അവതരിപ്പിച്ചിരിക്കുന്നതു്. പ്രകൃതിയുടെ പരിണാമങ്ങൾ കണ്ടുകൊണ്ടും പത്തായപ്പുരക്കുചുറ്റും ഓടിക്കളിച്ചുകൊണ്ടും കിളിയൊച്ചകൾക്കു് കാതോർത്തുകൊണ്ടുമാണു് ആമിനയും അപ്പുക്കുട്ടനും വളരുന്നതു്. ജീവിതത്തിന്റെ ഈ താളവും പ്രകൃതിയുമായുള്ള ഗാഢബന്ധവും അപ്പുക്കുട്ടനും ആലിക്കുട്ടിയും നഗരത്തിൽ എത്തുന്നതോടെ നഷ്ടമാവുന്നു. അവർ താമസിക്കുന്ന ഇടുങ്ങിയ മുറികൾ, വൃത്തികെട്ട ചുറ്റുപാടുകൾ, ആവർത്തനവിരസമായ അവിടത്തെ ജീവിതം—ഇവയെല്ലാം ഗ്രാമത്തിൽ ബാല്യകാലത്തു് അവരനുഭവിച്ച സമാധാനത്തിനും പരിശുദ്ധിക്കും നേർവിപരീതമാണു്. നോവലിന്റെ രണ്ടാംപാതിയിൽ ആകെ ഇരുണ്ട ഒരന്തരീക്ഷം മൂടി നിൽപുണ്ടു്. വർഗീയകലാപത്തെ സംബന്ധിച്ച ഗ്രന്ഥകാരന്റെ വിവരണം പരിഹാസകലുഷമായ നിരീക്ഷണങ്ങൾ നിറഞ്ഞതാണു്. സമൂഹത്തെ ഒരു രോഗം പോലെ ബാധിക്കുന്ന മനുഷ്യന്റെ ഇടുങ്ങിയ വർഗീയമനോഭാവത്തെ അദ്ദേഹം തുറന്നുകാണിക്കുന്നു. നോവലിന്റെ രൂപത്തിനും അതിന്റെ കലാപരമായ തികവിനും എന്നതിലധികം നോവലിസ്റ്റ് പരിഗണന നൽകുന്നതു് ദർശനത്തിനാണു്. ആമിനയോടുള്ള അപ്പുക്കുട്ടന്റെ പ്രണയം വിടരുംമുമ്പെ കൊഴിഞ്ഞുപോയെങ്കിലും, ജാതിയുടെയും ചിന്തയുടെയും മതത്തിന്റെയും മതിൽക്കെട്ടുകളെ അതിവർത്തിച്ചു് സ്നേഹം പുലരുന്ന ഒരു കാലത്തിലേക്കു് ആ യുവാവു് ഉറ്റുനോക്കുന്നുണ്ടു്. ഈ പ്രതീക്ഷാബിന്ദുവിലാണു് നോവൽ അവസാനിക്കുന്നതു്.
പൊറ്റെക്കാട്ടിന്റെ നോവൽരചനാസമ്പ്രദായത്തിൽ ഒരു വ്യത്യാസം കുറിക്കുന്ന കൃതിയാണു് ‘വിഷകന്യക’ (1948). ഇവിടെ യൗവനപ്രണയത്തിന്റെ കാൽപനികാന്തരീക്ഷത്തിൽ നിന്നു് അദ്ദേഹം വളർന്നു കയറുന്നു. പട്ടിണിയും മണ്ണിനോടുള്ള തൊഴിലാളിയുടെ പോരാട്ടവും ഇന്ത്യൻ സാമൂഹിക യാഥാർത്ഥ്യത്തിന്റെ സത്തയായി അംഗീകരിക്കുവാൻ അദ്ദേഹം മുന്നോട്ടു വന്നിരിക്കുന്നു.
1940-കളുടെ തുടക്കത്തിൽ ഉത്തര മലബാറിലെ മലമ്പ്രദേശങ്ങളിൽ കുറച്ചുകാലത്തേക്കു് താമസിക്കുവാൻ അദ്ദേഹത്തിനു സൗകര്യംകിട്ടി. ഇക്കാലത്തു് തിരുവിതാംകൂറിൽ നിന്നെത്തിയ ചില ആദ്യകാല കുടിയേറ്റക്കാരുമായി ബന്ധപ്പെടാനിടയായി. അവരുടെ ക്ലേശഭൂയിഷ്ടമായ കഥകൾ അദ്ദേഹത്തെ അഗാധമായി സ്പർശിച്ചു. വാസ്തവമായ താൽപര്യത്തോടെ അദ്ദേഹം അവരുടെ പ്രശ്നങ്ങൾ പഠിച്ചു. ഇതാണു് ‘വിഷകന്യക’യുടെ രചനയായി പരിണമിച്ചതു്.
ഒരു സമുദായത്തിന്റെ കൂട്ടപലായനത്തിന്റെ കല്പിതരേഖാചിത്രമാണു് ഈ നോവൽ—ഇസ്രായേൽ മക്കളുടെ മോചനത്തിനു വേണ്ടി മോശയുടെ നേതൃത്വത്തിലുണ്ടായ പുറപ്പാടിനെയും ന്യൂ ഇംഗ്ലണ്ടിൽ തീർത്ഥാടക പിതാക്കൾ നടത്തിയ കുടിയേറ്റത്തെയും അനുസ്മരിപ്പിക്കുന്ന ഒരു പുറപ്പാടു്. 1930-കളിൽ അന്നത്തെ തിരുവിതാംകൂർ ദിവാന്റെ പീഡനങ്ങൾക്കു് വിധേയരായവർ, ഉത്തര മലബാറിലെ കുന്നുകളും താഴ്‌വാരങ്ങളും ഉത്സാഹികളായ കൃഷിക്കാർക്കു് വമ്പിച്ച അവസരങ്ങൾ വെച്ചു് നീട്ടുന്നുണ്ടു് എന്ന മിത്തിനാൽ പ്രലോഭിതരായ വലിയൊരു ശതമാനം ക്രിസ്ത്യൻ കുടുംബങ്ങൾ, സ്വയമേവ തിരുവിതാംകൂറിൽനിന്നു് വേരുപറിച്ചു് വടക്കോട്ടു നീങ്ങിത്തുടങ്ങി. തിരയ്ക്കു് പിമ്പെ തിര എന്ന മട്ടിൽ കൊച്ചുകൊച്ചു സംഘങ്ങളായാണു് അവർ വന്നതു്. മിക്കപ്പോഴും സംഭവിക്കാറുള്ളതുപോലെ, കുടിയേറ്റക്കാർക്കിടയിലെ ആദ്യത്തെ തലമുറയ്ക്കാണു് ഏറ്റവും ക്രൂരമായ വെല്ലുവിളികൾ നേരിടേണ്ടിവന്നതു്. അവർ സ്വന്തം സമ്പത്തത്രയും മണ്ണിൽ നിക്ഷേപിച്ചു. അവർക്കു് കുടിലുകൾ നിർമ്മിക്കേണ്ടതുണ്ടായിരുന്നു; കിണറുകൾ കുഴിക്കേണ്ടതുണ്ടായിരുന്നു; അതുവരെ വിളയിറക്കിയിട്ടില്ലാത്ത ഭൂവിഭാഗങ്ങൾ നിരപ്പാക്കേണ്ടതുണ്ടായിരുന്നു. അവരുടെ ജീവിതം കനിവില്ലാത്ത മണ്ണിനോടുള്ള സുദീർഘസമരമായി. പൊറ്റെക്കാട്ട് തന്റെ ഇതിവൃത്തം കുടിയേറ്റക്കാർക്കിടയിലെ ആദ്യതലമുറയിൽ മാത്രമായി കൃത്യമായി ഒതുക്കി. അതുകൊണ്ടുതന്നെ സ്വാഭാവികമായും നോവൽ മുന്നോട്ടു വെയ്ക്കുന്ന ദർശനം ശൂന്യതയുടേതാണു്. കുടിയേറ്റക്കാരിൽ മിക്കവരും കഠിനമായി അദ്ധ്വാനിച്ചു. പക്ഷേ, അതിന്റെ ഫലങ്ങൾ പന്നികളും മുള്ളൻ പന്നികളും തിന്നുതീർത്തു. മലമ്പ്രദേശങ്ങളിലെ ജീവിതത്തിൽ വലിയൊരു പങ്കു് മലമ്പനി കൊണ്ടുപോയി. ബാക്കിയായവർക്കു് സ്വന്തക്കാരും ബന്ധക്കാരും നഷ്ടമായ കൂട്ടത്തിൽ പുതിയ ജീവിതപരിശ്രമങ്ങളിൽ ഏർപ്പെടുവാനുള്ള താൽപര്യവും ഊർജ്ജവും നഷ്ടപ്പെട്ടു. വലിയൊരു കൂട്ടം കുടിയേറ്റക്കാർ നിരാശരും പരാജിതരും ആയി തിരുവിതാംകൂറിലേക്കു് മടങ്ങിപ്പോകുന്നതു് ചിത്രീകരിച്ചു കൊണ്ടാണു് നോവൽ അവസാനിക്കുന്നതു്. വശ്യതയോടെ അവരെ കൈമാടി വിളിച്ച മണ്ണു് അങ്ങനെ ‘വിഷകന്യക’യായി രൂപം മാറി. പുത്തൻപ്രതീക്ഷകളുടേയും ഉൽക്കർഷേച്ഛയുടേയും പുലരിയിൽനിന്നു് കനത്തുവരുന്ന അന്ധകാരത്തിലേക്കു് ഒരു പ്രസ്ഥാനം സഞ്ചരിക്കുന്നതു് ഈ നോവൽ അടയാളപ്പെടുത്തുന്നുണ്ടു്.
‘വിഷകന്യക’ ഒരു പറ്റം കഥാപാത്രങ്ങളെ പരിചയപ്പെടുത്തുന്നു. അവരുടെ പരസ്പരമുള്ള ഇടപഴക്കങ്ങളിലൂടെയാണു് ഇതിവൃത്തം മുന്നോട്ടു നീങ്ങുന്നതു്. അവർക്കിടയിൽ നമ്മുടെ സവിശേഷശ്രദ്ധ പിടിച്ചു പറ്റുന്നവരാണു് മറിയവും അവളുടെ ഭർത്താവു് മാത്തനും; ആന്റണിയും ആനി എന്ന ബാലികയും; കുര്യനും അയാളുടെ ഭാര്യയും; പിന്നെ, വർക്കിയും മാധവിയും. മറിയം പ്രഭാതം മുതൽ പ്രദോഷം വരെ പാടത്തു് പണിയെടുക്കുന്നു. പക്ഷേ, അവരുടെ ഭർത്താവു് മാത്തൻ ഒരു മടിയനാണു്. അവളുടെ എല്ലാ കിനാവുകളും തുടക്കത്തിലേ കരിഞ്ഞുപോവുന്നു. മലമ്പനിമൂലം ഉണ്ടായിത്തീർന്ന ഗർഭച്ഛിദ്രം അവളുടെ ജീവിതത്തിനു് തുടക്കത്തിൽ തന്നെ ശീഘ്രസമാപനം നൽകുന്നു. ഏതാനും ദിവസങ്ങൾക്കകം സ്വന്തം മകളും അവളുടെ സമീപത്തു് തന്നെ മറമാടപ്പെട്ടു. ഏകാകിയും ലക്ഷ്യം നഷ്ടപ്പെട്ടവനും ആയിത്തീർന്ന മാത്തൻ തെക്കോട്ടു് തിരിച്ചുപോയി. ചായക്കച്ചവടം നടത്തുന്ന ചാക്കച്ചനുമായി കുര്യന്റെ ഭാര്യയ്ക്കു് അവിഹിതബന്ധമുണ്ടു്. വിഷദംശനമേറ്റ കുര്യൻ വീട്ടിൽ തിരിച്ചെത്തുമ്പോൾ ഭാര്യയും അവളുടെ കാമുകനും ആലിംഗനബദ്ധരായി കിടക്കുന്നതാണു് കണ്ടതു്. കോപാക്രാന്തനായിത്തീർന്ന അയാൾ കുടിച്ചു മത്തനാവുകയും ആ പ്രദേശത്തു മുഴുവൻ വലിയ കുഴപ്പം സൃഷ്ടിക്കുകയും ചെയ്യുന്നു. ശക്തമായ ധാർമിക അച്ചടക്കമുള്ള ഭക്തനായ ക്രിസ്ത്യൻ യുവാവാണു് ആന്റണി. ആനി എന്ന ബാലികക്കു് അയാളുടെ നേരെ നിഗൂഢാഭിലാഷമുണ്ടു്. അയാൾക്കും അവളോടു് ആഭിമുഖ്യം തോന്നിയിരുന്നു. പക്ഷേ, ഈ വന്യതയിൽ പ്രണയം വളരുകയില്ല. ആനി മലമ്പനി പിടിച്ചു മരിച്ചു.
യുവസമ്പന്നനായ വർക്കി കുടിയിലും ചീട്ടുകളിയിലും സമയം ചെലവഴിക്കുന്ന ആളാണു്. സായാഹ്നത്തിൽ തന്റെ മുമ്പിൽ നീണ്ടു പരന്നു് അനന്തമായിക്കിടക്കുന്ന ഭൂപ്രദേശം. ദൂരദർശിനിയിലൂടെ പരിശോധിക്കുന്നതു് അയാളുടെ ശീലമാണു്. ഒരു ദിവസം കാമാസക്തയായ യുവസുന്ദരി മാധവി നഗ്നയായി കുളിക്കുന്നതു് അയാൾ ദൂരത്തുനിന്നു് കണ്ടു.
നോവലിന്റെ അവസാനത്തിൽ അവൾ ഒരുക്കിയ ലൈംഗികദാഹപ്രചോദിതമായ പ്രതികാരത്തിന്റെ നിഷ്കളങ്ക ഇരയായി ആന്റണി മാറുന്നു. വടക്കേമലബാറിലെ വശ്യത നിറഞ്ഞ ഭൂപ്രകൃതിയുടെ സ്വരൂപമായ മാധവി ഒരു വിഷകന്യകയാണു്. കാമാസക്തികൊണ്ടു് കത്തിയെരിയുന്ന അവൾ ലൊട്ടുലൊടുക്കു് ന്യായങ്ങളുമായി പലപ്പോഴും ആന്റണിയെ ചെന്നുകാണുന്നു. ഒരു രാത്രി മഴയിൽ നനഞ്ഞു കുതിർന്ന അവൾ ആന്റണിയുടെ കുടിലിൽ അഭയം തേടുന്നു. തന്റെ നഗ്നശരീരംകൊണ്ടു് അയാളെ പ്രലോഭിപ്പിച്ച അവൾ ലൈംഗികതയുടെ ലോകം ആദ്യമായി അയാൾക്കു് തുറന്നുകൊടുക്കുന്നതിൽ വിജയിക്കുന്നു. തനിക്കു് സ്വയം രക്ഷിക്കാൻ കഴിയാതെ പോയ ആത്മീയതകർച്ചയായും ധാർമിക പതനമായും ആണു് ആ സംഭവത്തെ ആന്റണി കണ്ടതു്.
എല്ലാ വിമർശകകേന്ദ്രങ്ങളിലും വിഷകന്യക സ്വീകരിക്കപ്പെട്ടു. ഇതിവൃത്തപരവും സാങ്കേതികവുമായ പുതുമയായിരുന്നു കാരണം. പ്രധാനമായും നായകകേന്ദ്രമായ ഒരു സാമ്പ്രദായികനോവലായിരുന്നില്ല അതു്. അതിലെ ഇതിവൃത്തത്തിന്റെ പുരോഗതി സാധാരണമായ ഒരു കഥയുടെ ആദിമധ്യാന്തങ്ങൾ അനുസരിച്ചും ആയിരുന്നില്ല. ഡോക്യുമെന്ററിയും ആഖ്യാനത്തിന്റെ ഭാവനാനിഷ്ഠമായ രീതികളും അതിൽ സമന്വയിപ്പിച്ചിരുന്നു. ഒരു പറ്റം ശകലീകൃതചിത്രങ്ങളിലൂടെയാണു് അതിന്റെ പുരോഗതി. വ്യക്തിപരവും കുടുംബപരവുമായ പലതരം ദുരന്തങ്ങളിൽ നിന്നു് ഉയർന്നുവരുന്ന മൊത്തം ഭാവം ഹൃദയസ്പർശകമാംവിധം ആഖ്യാനം ചെയ്യപ്പെട്ടിരിക്കുന്നു. എല്ലാ കുടിയേറ്റക്കാരേയും ഒരു കൂട്ടായ്മയിൽ ഒറ്റ വ്യക്തിയായും ആ വ്യക്തി നവപ്രതീക്ഷകളോടെ മണ്ണിൽ അദ്ധ്വാനിക്കുന്നതായും സങ്കല്പിക്കാവുന്നതാണു്. പക്ഷേ, കന്യാഭൂമി വശ്യമോഹിനിയായ ഒരു ആഭിചാരക്കാരിയായി നിലകൊള്ളുന്നു. അവൾ അയാളുടെ എല്ലാ സമ്പത്തും എല്ലാ ശക്തിയും കൊള്ളയടിക്കുന്നു. അവസാനം അയാൾ ഭവനരഹിതനും നിസ്വനും ലക്ഷ്യമറ്റവനും ആയിത്തീരുന്നു. തന്റെ പതനത്തിന്റെ നിരന്തരസ്മരണകളാൽ പീഡിതനായി, ആ ഹരിതഗിരികളേയും താഴ്‌വാരങ്ങളേയും തന്റെ ആത്മാവിന്റെ നിഷ്കളങ്കതയെയും കാമാസക്തികൊണ്ടു് നശിപ്പിക്കുകയും കാമവശ്യത കൊണ്ടു് തന്നെ തകർക്കുകയും ചെയ്ത വിഷകന്യകയുടെ രൂപമായിക്കണ്ടു്, ദക്ഷിണദിക്കിലെ തന്റെ മാതൃദേശത്തേക്കു് മടങ്ങിപ്പോവുന്ന ആന്റണി ഈ പറഞ്ഞ അവസ്ഥാവിശേഷത്തിന്റെ പ്രതീകമാണു്.
‘ഒരു തെരുവിന്റെ കഥ’യിൽ പൊറ്റെക്കാട്ട് സ്വന്തം അനുഭവങ്ങളെ ഡോക്യുമെന്ററിയും ഭാവനയും കൂട്ടിക്കലർത്തി അവതരിപ്പിക്കുന്ന രീതി ആവർത്തിക്കുന്നു. പക്ഷേ, ഇവിടത്തെ വിശാലദൃശ്യം ഗ്രാമത്തിന്റേതല്ല, നഗരത്തിന്റേതാണു്. മാത്രവുമല്ല, കഥാപാത്രങ്ങൾ മണ്ണിന്റെ മക്കളല്ല, അവർ പലവിധ ജോലികളും വ്യഗ്രതകളുമുള്ളവരാണു്. സംഭവങ്ങൾ ഒരു തെരുവിൽ അരങ്ങേറുന്നു. ഈ തെരുവിനു് രണ്ടു് മുഖങ്ങളുണ്ടു്. ഒന്നു് എല്ലാവർക്കും പരിചിതം; മറ്റേതു് പാതിര കഴിഞ്ഞെത്തുന്ന മണിക്കൂറുകളിൽ ഉരുവം കൊണ്ടുവരുന്നതു്.
ഇവിടെ നിന്നു് ഉയർന്നുവരുന്ന സമൂഹത്തിന്റെ ചിത്രം തീർത്തും അപ്രസന്നമോ അന്ധകാരനിബിഢമോ അല്ല. വൈകൃതങ്ങളുടെയും അസാധാരണത്വത്തിന്റെയും കിറുക്കുകളുടെയും ഒരു ലോകമാണു് ഈ നോവൽ ഉയർത്തിക്കാണിക്കുന്നതു്.
ചോസറെപ്പറ്റി ഡ്രൈഡൺ പറഞ്ഞതു് ‘ഒരു തെരുവിന്റെ കഥ’യിലെ കഥാപാത്രങ്ങളെക്കുറിച്ചും ശരിയാണു്: “ഇവിടെ ദൈവത്തിന്റെ ധാരാളിത്തം കാണാം.” ഇവിടത്തെ വൈവിധ്യം അമ്പരപ്പിക്കുന്നതാണു്. കുടിച്ചു മത്തനാവുമ്പോൾ ഉറക്കെ ഇംഗ്ലീഷ് പറയാനാരംഭിക്കുന്ന പപ്പൻ, ചളികൊണ്ടും ഡൈ കൊണ്ടും തന്റെ ശരീരം വികൃതമാക്കുന്ന പിച്ചക്കാരൻ റപ്പായി, മുറിവൈദ്യനായ ബാപ്പുവൈദ്യർ, താടിവടിയേയും സിനിമയേയും പരസ്പരം ബന്ധിപ്പിച്ചു മാത്രം മനസ്സിലാക്കുന്ന കൂനനായ കണാരൻ, അണ്ടിക്കകത്തു് ബ്ലെയ്ഡ് ഒളിപ്പിച്ചുവെച്ചു് അതു് ആനയെക്കൊണ്ടു് തീറ്റിച്ചു് സ്വന്തം ആനയെക്കൊന്ന പാപ്പാനായ അപ്പുനായർ, അബു എന്ന യുവാവിനെ സ്നേഹിക്കുന്ന വേശ്യയായ കുഞ്ഞിപ്പാത്തു, വലിയൊരാൾക്കൂട്ടത്തെ ആകർഷിക്കുവാൻ കഴിയുന്ന ജ്യോതിഷകാരൻ—വൈവിധ്യത്തിന്റെ ആ പട്ടിക അങ്ങനെ നീളുന്നു.
സമൂഹത്തിന്റെ അടിത്തട്ടിൽ കിടക്കുന്ന ഈ മനുഷ്യരുടെ മറുഭാഗമായി ആർഭാടങ്ങളിൽ കിടന്നു് പുളയ്ക്കുന്ന ആളുകളേയും ചിത്രീകരിച്ചിട്ടുണ്ടു്. കരിഞ്ഞ റബ്ബറിന്റെ മണംപിടിച്ചാൽ മാത്രം ലൈംഗികത ഉണരുന്ന മേനോനും തെണ്ടികളും തെരുവുപിള്ളേരും ഉറങ്ങിക്കിടക്കുമ്പോൾ അവരറിയാതെ അവരുടെ കീശയിൽ പണം കൊണ്ടുവെയ്ക്കുന്ന സുധാകരനും പാവങ്ങളോടു് വളരെയേറെ സഹതാപമുള്ള രാധാകൃഷ്ണനും അവരിൽ ചിലരാണു്.
വിവിധ സന്ദർഭങ്ങളിൽ കടന്നുവരുന്നവരും വളരെയേറെ കൗതുകം ഉണ്ടാക്കുന്നവരുമായ രണ്ടു കഥാപാത്രങ്ങളാണു് ഓമഞ്ചിയും കൃഷ്ണക്കുറുപ്പും. ഓമഞ്ചി ഒരു സർക്കാരാഫീസിൽ ഗുമസ്തനാണു്. നാല്പതു കഴിഞ്ഞ അവിവാഹിതൻ. സ്ത്രീ അയാളുടെ ദൗർബ്ബല്യമാണു്. ഓമഞ്ചിയുടെ പ്രാതലിന്റെ മുഖ്യഭാഗം ഇലക്കറികളാണു്. പനിനീർപൂന്തോട്ടം വെച്ചു പിടിപ്പിക്കുക എന്നതാണു് മൂപ്പരുടെ ഹരം. ഞായറാഴ്ചകളിൽ ഒരു തേച്ചുകുളിയുണ്ടു്. സവിസ്തരമായ ഏതോ അനുഷ്ഠാനം പോലുള്ള ഈ തേച്ചുകുളി കക്ഷിയുടെ ഏറ്റവും വലിയ ആർഭാടമാണു്. മേലാകെ എണ്ണതേച്ചു് ഉഴിഞ്ഞ ശേഷം അയാൾ പനിനീർത്തോട്ടത്തിന്റെ മധ്യത്തിൽ ഒരു മരക്കട്ടിലിൽ കിടക്കും. അങ്ങകലെ കുളത്തിൽ കുളിക്കുന്ന സ്ത്രീകളെ ദൂരദർശിനിയിലൂടെ നോക്കി രസിച്ചാണു് കിടപ്പു്. തെരുവുപിള്ളേരുമായി അയാൾക്കു് നല്ല അടുപ്പമാണു്. കൃഷ്ണകുറുപ്പിന്റെ മകൾ രാധയിൽ അയാൾ തന്റെ മരിച്ചുപോയ സഹോദരിയെ കാണുന്നു. സഹോദരനിർവിശേഷമായ ഒരു ബന്ധം അയാൾക്കു് അവളോടുണ്ടു്. തന്റെ മരണശയ്യയിൽ വെച്ചു് അയാൾ അവൾക്കു് കുറച്ചു പണം കൊടുത്തയക്കുന്നു. ആ നേരത്തു് രാധ മരിച്ചുപോയ വിവരം ഓമഞ്ചിക്കറിയുമായിരുന്നില്ല.
ദിനപത്രങ്ങൾ വിറ്റാണു് കൃഷ്ണക്കുറുപ്പു് ജീവിക്കുന്നതു്. കൗതുകവാർത്തകളിലേക്കു് ജനശ്രദ്ധ ആകർഷിച്ചു് പത്രവില്പന വർദ്ധിപ്പിക്കുന്നതിൽ അയാൾ മിടുകനാണു്. പത്രങ്ങളിലെ തലക്കെട്ടുകൾ വളച്ചുതിരിച്ചും കൂട്ടിച്ചേർത്തും കേൾവിക്കാരുടെ ജിജ്ഞാസ ഉണർത്തുന്നതിൽ അയാൾക്കു് സവിശേഷമായ കഴിവുണ്ടു്.
ഈ നോവലിന്റെ മട്ടും മാതിരിയും തെരഞ്ഞെടുത്തതിൽ പൊറ്റെക്കാട്ടിന്റെ എല്ലാ സിദ്ധികളും കാണാം—മനുഷ്യരുടെ മുഖലക്ഷണവും ചേഷ്ടകളും സ്വഭാവരീതികളും സൂക്ഷ്മനിരീക്ഷണം നടത്തുന്നതിൽ ശ്രദ്ധാലുവാണു് അദ്ദേഹം. അവ വിവരിക്കുവാൻ ഏറ്റവും ഉചിതമായ രൂപകങ്ങളും അദ്ദേഹം കണ്ടെത്തുന്നു. ഉദാഹരണത്തിനു് ഉറക്കത്തിൽ പുറപ്പെടുവിക്കുന്ന ശബ്ദം കൊണ്ടുമാത്രം തന്റെ സുഹൃത്തുക്കളെ വേർതിരിച്ചറിയാൻ പറങ്ങോടൻ എന്ന തെരുവുജീവിക്കു് മാത്രമേ സാധിക്കൂ എന്നു് അദ്ദേഹം പറയുന്നു. സാന്റോ കുറുപ്പൻ കുർക്കം വലിക്കുന്നതു് പന്നി അമറുന്നതു് പോലെയാണു്. ചന്തുവിന്റെ കൂർക്കംവലി കായ പൊരിക്കുമ്പോൾ ഉയരുന്ന സീൽക്കാരം പോലെയും. കുഞ്ഞിപ്പെരച്ചൻ എന്ന ഗ്രാമീണവൃദ്ധന്റെ കാലുകൾ ചെണ്ടക്കോലുപോലെ എന്നാണു് നോവലിസ്റ്റിന്റെ നിരീക്ഷണം. അയാളുടെ മാറിൽ നരച്ച രോമങ്ങളുടെ ജടയുണ്ടു്. അതു് ഉണങ്ങിയ അടക്കയുടെ നാരു് നിറഞ്ഞ പുറംതോടിനെ ഓർമ്മിപ്പിക്കുന്നു. നോവലിസ്റ്റ് വിസ്തരിച്ചു് പരിചയപ്പെടുത്തുന്ന മറ്റൊരു കഥാപാത്രം ഓമഞ്ചിയാണു്. അയാളുടെ അയഞ്ഞശരീരം അവിടവിടെ പൊത്തും പോടുമുള്ള പിലാത്തടിപോലെയാണത്രെ. അയാളുടെ ഉച്ചത്തിലുള്ള ചിരി ഒരു അൾസേഷ്യൻ നായയുടെ വന്യമായ കുരപോലെയും.
ആളുകൾ വരികയും പോവുകയും ചെയ്യും; പക്ഷേ, തെരുവു് അതേപടി നിലകൊള്ളുന്നു. അന്ത്യത്തിൽ നോവൽ ആവാഹിക്കുന്നതു് അനന്തമായ തുടർച്ചയുടെ, ജീവിതത്തിന്റെ ഇടമുറിയാത്ത ഈ പ്രവാഹമാണു്. രാധ മരിക്കുമ്പോൾ അർത്ഥവും ഉദ്ദേശ്യവുമില്ലാത്തമട്ടിൽ തന്റെ ജീവിതം ശുന്യമായി എന്നു് കൃഷ്ണക്കുറുപ്പിനു് തോന്നുന്നു. പക്ഷേ, ഏതാനും ദിവസങ്ങൾക്കുശേഷം പത്രവില്പന എന്ന തന്റെ പഴയ തൊഴിലിലേക്കു് അയാൾ തിരിച്ചു വരുന്നു. ആദ്യത്തെ ദിവസം തന്നെ വളരെ ഹരമുള്ള ഒരു വാർത്തയുണ്ടു്; വൻ തുകയ്ക്കുള്ള രത്നം കള്ളക്കടത്തു നടത്താനുള്ള ശ്രമത്തിനിടയിൽ മാലിനീമേനോൻ അറസ്റ്റുചെയ്യപ്പെട്ടു. രത്നങ്ങൾ കട്ടുകടത്താൻ കൃത്രിമമായ ബ്രായാണു് അവരുപയോഗിച്ചതു്. മാലിനിയുടെ പേരും അവരുടെ കുറ്റവും വിളിച്ചുപറഞ്ഞാൽ പത്തു് മിനിട്ട് കൊണ്ടു് തന്റെ കയ്യിലുള്ള എല്ലാ പത്രങ്ങളും വിറ്റു തീർക്കാമെന്നു് കൃഷ്ണക്കുറുപ്പിനറിയാം. പക്ഷേ, ഒരിക്കൽ ആ സ്ത്രീ രാധയ്ക്കു് ഒരു ഉടുപ്പും ഒരു സിൽക്ക്റിബ്ബണും മറ്റുചില സാധനങ്ങളും സമ്മാനിച്ചതു് അയാൾക്കോർമ്മ വരുന്നു. രാധ ഇന്നു് ശ്മശാനത്തിലാണു്. മാലിനിയെപ്പറ്റി സങ്കടം തോന്നിയതിനാൽ അവരുടെ പേരേ പരാമർശിക്കാതിരിക്കാൻ അയാൾ തീരുമാനിക്കുന്നു. അയാൾ കൗതുകം വളർത്തുന്ന മറ്റുചില തലക്കെട്ടുകൾ കണ്ടെടുത്തു് വിളിച്ചുപറയുന്നു. അങ്ങനെ തെരുവു് ഒരിക്കൽ കൂടി അയാളുടെ ശബ്ദം കൊണ്ടും ഉദയസൂര്യന്റെ പ്രകാശം കൊണ്ടും സജീവമായിത്തീരുകയാണു്.
പൊറ്റെക്കാട്ടിന്റെ ചില മുൻകാല നോവലുകളും കഥകളും പോലെ ഒരു തെരുവിന്റെ കഥയും മനുഷ്യനു് ജന്മസിദ്ധമായി ഉള്ള സദ്ഗുണങ്ങളിൽ ഊന്നിക്കൊണ്ടു് അവസാനിക്കുന്നു.
മൂന്നു് ദശകക്കാലം കൊണ്ടു് ഒരു നാട്ടിൻപുറത്തിനു് വന്നുചേരുന്ന പരിണാമങ്ങളുടെ വിവരണമാണു് ‘ഒരു ദേശത്തിന്റെ കഥ’ (1971). കേന്ദ്രകഥാപാത്രം ശൈശവത്തിൽനിന്നു് പ്രായപൂർത്തിയിലേക്കും നിഷ്കളങ്കതയിൽ നിന്നു് അനുഭവപരമ്പരകളിലേക്കും വളർന്നെത്തുന്നതിന്റെ കഥ പറയുന്നതിനു് സമാന്തരമായി ഇതു് ചിത്രീകരിച്ചിരിക്കുന്നു. ഈ കൊച്ചു പ്രപഞ്ചത്തിന്റെ കേന്ദ്രം അയാളുടെ ആന്തരലോകമാണു്. നോവലിലെ മിക്ക സംഭവങ്ങളും അയാളുടെ ബോധമണ്ഡലത്തിലൂടെ അരിച്ചിറങ്ങുകയാണു്. അതുകൊണ്ടു് തന്നെ അവ വെറുംസംഭവങ്ങൾ എന്നതിലേറെ അയാളുടെ ജീവിതാവബോധത്തെ വിപുലവും അഗാധവുമാക്കിത്തീർക്കുന്ന അനുഭവങ്ങൾ എന്ന നിലയ്ക്കു് പ്രസക്തമായിത്തീരുന്നു. ഈ കൃതി ഒരേ സമയം ഒരു പ്രദേശത്തിന്റെ സാഗയും ഗ്രന്ഥകാരന്റെ നിറംപിടിപ്പിച്ച ആത്മകഥയും ആണു്. വസ്തുനിഷ്ഠമായ സാമൂഹികയാഥാർത്ഥ്യവും വ്യക്തിനിഷ്ഠമായ മനസ്സിന്റെ പരിപ്രേക്ഷ്യവും തമ്മിലുള്ള സങ്കീർണ്ണമായ പാരസ്പര്യത്തിന്റെ താളവിന്യാസമാണു് കഥനത്തിനുപയോഗിച്ചിരിക്കുന്നതു്.
ഇവിടത്തെ കേന്ദ്രകഥാപാത്രം ശ്രീധരനാണു്. പ്രണയം, ലൈംഗികത, പ്രകൃതി, കവിത, സാമൂഹികയാഥാർത്ഥ്യം മുതലായവയുടെ പൊരുളുകളിലേക്കു് അയാൾ ഉപനയിക്കപ്പെടുന്നതിന്റെ വിശദാംശങ്ങൾ സൂക്ഷ്മമായി നോവലിൽ ചിത്രീകരിച്ചിരിക്കുന്നു. അവൻ അഞ്ചുവയസ്സുള്ള കുട്ടിയായിരുന്നപ്പോൾ അശ്ലീലംനിറഞ്ഞ ഭാഷയിൽ രണ്ടു് അയൽക്കാരികൾ കഠിനമായി ചീത്തപറയുന്നതിനു് സാക്ഷിയാവുന്നു. വർഷങ്ങൾ കഴിഞ്ഞാണു് അവരുപയോഗിച്ച വാക്കുകളുടേയും ആംഗ്യങ്ങളുടേയും അർത്ഥം ശ്രീധരനു് പിടികിട്ടുന്നതു്. ഏതാണ്ടു് പത്തു് വയസ്സായപ്പോൾ ഒരു കാമുകന്റെ സഹായിയും വിശ്വസ്തനുമാവാൻ അവനു് അവസരമുണ്ടായി. മുന്നറിയിപ്പായി ഒച്ചയുണ്ടാക്കാൻ പാകത്തിൽ തീപ്പെട്ടിമരുന്നും ആണിയും ചുറ്റികയും കൊടുത്തു് അവനെ തെങ്ങിൻചുവട്ടിൽ നിർത്തി വാസു എന്ന ജാരൻ വിവാഹിതയായ തിരുമാലയുമായി പ്രണയകേളികൾക്കായി അടുത്തുള്ള കുടിലിലേക്കു് കയറിപ്പോകുന്നു. ഒരു വഴിയാത്രക്കാരൻ ശ്രീധരന്റെ കൈയിൽ നിന്നു് ചുറ്റിക പിടിച്ചെടുത്തു് വെടിയൊച്ചയുണ്ടാക്കുന്നു. കമിതാക്കൾ ബേജാറായി. അഴിഞ്ഞുലഞ്ഞ തലമുടിയുമായി സ്ത്രീ പുറത്തു വന്നു. ഈ സംഭവത്തോടുകൂടി വാസുവിനു് ആ കുട്ടിയെപ്പറ്റി വലിയ അവജ്ഞയായി. നന്നെ കുട്ടിക്കാലത്തു തന്നെ ശ്രീധരന്റെ ഉള്ളിൽ പ്രണയാവേശം ഉറവെടുക്കുന്നു. ഭാവനകൊണ്ടു് അതു കൊഴുക്കുന്നു. അമ്മയുടെ നാട്ടിലാണു് അവൻ മധ്യവേനൽ അവധികാലം ചെലവാക്കുന്നതു്. അന്നു് അവന്റെ മുതിർന്ന കൂട്ടായ അപ്പുവിന്റെ സഹോദരി നാരായണി അവന്റെ ഭാവനാലോകത്തു് മായാമുദ്ര പതിപ്പിക്കുന്നു. അവളുടെ മുഖം വളരെ ഉദാരമധുരമാണു്. ആ ശരീരത്തിനു് കൈതപ്പൂവിന്റെ നിറവും. കുട്ടിക്കാലത്തു് പോളിയോ ബാധിച്ചതിനാൽ അവൾക്കു് നിൽക്കാനോ നടക്കാനോ വയ്യ. മിക്ക സമയത്തും അവൾ മലർന്നുകിടപ്പാണു്. ഏതാണ്ടു് നീന്തുന്നതുപോലെയാണു് അവൾ വല്ലപ്പോഴും അങ്ങോട്ടും ഇങ്ങോട്ടും നീങ്ങുന്നതു്. ശ്രീധരന്റെ ഭാവനയിൽ അവളുടെ രൂപം യക്ഷിക്കഥയിലെ ജലകന്യകയുടേതുമായി കൂടിക്കലർന്നു.
ഒരിക്കൽ നാരായണി അവനു് ഇലഞ്ഞിപ്പൂക്കളുടെ മാല സമ്മാനിച്ചു. ആ രാത്രി തലയണക്കടിയിലെ മാലയിൽ നിന്നു് ഉതിരുന്ന സുഗന്ധത്തോടൊപ്പമാണു് അവൻ ഉറങ്ങാൻ പോയതു്. ഉറക്കത്തിൽ നീലത്തിരമാലകൾക്കു് മുകളിലൂടെ തോണി തുഴഞ്ഞുപോകുന്ന രാജകുമാരനായി താൻ മാറിയെന്നു് ശ്രീധരൻ സ്വപ്നം കണ്ടു. ഒരു ജലകന്യക അവനെ കടലിന്റെ അടിത്തട്ടിലേക്കു് കൂട്ടിക്കൊണ്ടുപോയി. അവൾ അവനുമായി രാഗവേഴ്ച നടത്തുകയും അവളുടെ സ്വർണ്ണഹസ്തങ്ങൾ അവന്റെ കഴുത്തിനുചുറ്റും ചേർക്കുകയും ചെയ്തു. ഒരു പക്ഷിയുടെ കൂജനം ശ്രീധരനെ സ്വപ്നത്തിൽ നിന്നു് ഉണർത്തി. ഉണർന്നപ്പോൾ അവൻ തിരിച്ചറിഞ്ഞു—കഴുത്തിനുചുറ്റും കിടക്കുന്ന ഇലഞ്ഞിമാലയാണു് ജലകന്യകയുടെ കൈകളായി സ്വപ്നത്തിൽ തന്നെ ആശ്ലേഷിച്ചതു്. ഒരു കൊല്ലം കഴിഞ്ഞു് നാരായണി മരിച്ചു. യൗവനാരംഭത്തിൽ മറ്റൊരു സ്കൂളിൽ പഠിക്കുന്ന പെൺകിടാവിൽ ശ്രീധരൻ ആകൃഷ്ടനായി. അവൻ അവൾക്കൊരു പ്രണയലേഖനമെഴുതി. അവളുടെ രക്ഷിതാക്കൾ അതേപ്പറ്റി അറിയാൻ ഇടവരികയും കാമുകൻ മാനക്കേടിലാവുകയും ചെയ്തു. ഏതാനും മാസങ്ങൾക്കു ശേഷം അവൻ ധൈര്യം സംഭരിച്ചു് അയൽപക്കത്തെ മറ്റൊരു പെൺകിടാവിനെ ചുംബിച്ചു. അവൾ ആ നേരത്തു് ചട്ടിണി അരയ്ക്കുകയായിരുന്നു. പേടിച്ചരണ്ട പെൺകിടാവു് കൈകൊണ്ടു് അവനെ തടയുന്നു. ചട്ടിണി അയാളുടെ കണ്ണിലായി. ചുംബനത്തിനു മുമ്പു് അയാൾ പ്രണയാഭിലാഷം കൊണ്ടു് എരിയുകയായിരുന്നു. അതിനു ശേഷമാകട്ടെ, ചട്ടണിയിൽ ചേർത്ത മുളകിന്റെ കടുപ്പം കൊണ്ടും! അയാളോടു് പ്രണയാഭിലാഷവുമായി ബന്ധപ്പെടുന്ന മറ്റു രണ്ടു യുവതികൾ സരസ്വതിയും അമ്മുക്കുട്ടിയുമാണു്. ആദ്യത്തേവൾ ഒരയ്യങ്കാരുടെ വിധവയായ സഹോദരിയാണു്. രണ്ടാമത്തേവൾ ട്രെയിനിങ്ങ് കോളേജ് വിദ്യാർത്ഥിനിയും. സ്വിറ്റ്സർലാന്റിൽ വെച്ചു് എമ്മ എന്ന ജാപ്പനീസ് വനിതയുമായുള്ള കണ്ടുമുട്ടൽ അയാളുടെ പ്രണയാനുഭവങ്ങളുടെ പാരമ്യം കുറിക്കുന്നു. ഈ അവസാനത്തെ സംഭവത്തിൽ സ്ത്രീയാണു് മുൻകൈ എടുക്കുന്നതു്. പുരുഷൻ ഉപായത്തിൽ ഒഴിഞ്ഞുമാറുകയാണു്. അവളുടെ പ്രലോഭനസ്വഭാവമുള്ള പ്രണയത്തിൽ നിന്നു് അയാൾ സ്വയം മുക്തനാവുകയും അങ്ങനെ അവസാനം സ്വതന്ത്രനാവുകയും ചെയ്യുന്നു.
ഒരു നഗരത്തിന്റെ പരിസരപ്രദേശങ്ങളിലാണു് വളർന്നതെങ്കിലും തന്റെ അമ്മയുടെ വശ്യമായ ഗ്രാമത്തിലാണു് ശ്രീധരൻ നീണ്ട ഒഴിവുകാലം മുഴുവൻ കഴിഞ്ഞുകൂടുന്നതു്. നഗരത്തിലെ സാമൂഹ്യജീവിതത്തിന്റെ നീർച്ചുഴികളാൽ പിന്നേയും പിന്നേയും വശീകരിക്കപ്പെടുമ്പോഴും പൂക്കളും മരങ്ങളും ഐതിഹ്യങ്ങളും അന്ധവിശ്വാസങ്ങളും അയാളെ ഗ്രാമത്തിലേയ്ക്കു് മാടിവിളിക്കുന്നു. നഗരത്തിൽ അയാൾ ഒരു നിശാസഞ്ചാരസംഘത്തിൽ അംഗമായി. വിഭവസമൃദ്ധമായ ഒരു ചിക്കൻഡിന്നർ കഴിഞ്ഞു് ഒരു രാത്രി അവർ ചില്ലറ കുരുത്തക്കേടുമായി നഗരം ചുറ്റി—വീടുകളിലെ കലണ്ടറുകളും ചിത്രങ്ങളും പരസ്പരം മാറ്റി വെയ്ക്കുക, വഴിവിളക്കുകളുടെ തിരിക്രമത്തിലധികം നീട്ടിവെക്കുക, പൂന്തോട്ടത്തിലെ ചെടികളുടെ വേരു പിഴുതു വെയ്ക്കുക തുടങ്ങിയ വിദ്യകൾ. നഗരത്തിലെന്നതുപോലെ, ഒരു പക്ഷേ, അതിലധികവും, മാതാവിന്റെ ഗ്രാമത്തിൽ ശ്രീധരൻ സ്വസ്ഥനാണു്. അവിടെ അപ്പു അവനു് പക്ഷികളേയും വൃക്ഷങ്ങളേയും സംബന്ധിച്ച കഥകൾ പറഞ്ഞുകൊടുത്തു; അമ്പും വില്ലും ഉണ്ടാക്കുന്ന കലാവിദ്യ പഠിപ്പിച്ചുകൊടുത്തു; വണ്ണം കുറഞ്ഞ മുളകൊണ്ടു് പാവുട്ടത്തോക്കു് ഉണ്ടാക്കാൻ പഠിപ്പിച്ചു. അങ്ങനെ എന്തെല്ലാം ആകർഷണീയതകൾ. ശ്രീധരൻ പുൽമൈതാനങ്ങളിൽ അലയുമ്പോഴും കുന്നു് കയറുമ്പോഴും നിലാവെളിച്ചത്തിന്റെ ഭ്രമകല്പനകളുടെ മണ്ഡലത്തിൽ ആ ഇളംമനസ്സു് ആടി ഉലയുകയായിരുന്നു.
സർഗധനനായ ഒരെഴുത്തുകാരന്റെ പരിണാമഘട്ടങ്ങൾ ഈ വിഭിന്നമായ അനുഭവങ്ങളാണു്. സംസ്കൃതപണ്ഡിതനും നഗരത്തിലെ ആദരണീയനായ ഒരിംഗ്ലീഷ് അധ്യാപകനുമായ തന്റെ പിതാവു് കൃഷ്ണൻ മാസ്റ്ററിൽ നിന്നു് കവിതാവാസന ശ്രീധരനു് പാരമ്പര്യമായി കിട്ടിയിട്ടുണ്ടു്. യൗവനാരംഭത്തിൽ അയാൾ കവിതകളും കഥകളും എഴുതാനാരംഭിക്കുന്നു. അവ മാസികകളിൽ പ്രസിദ്ധീകരിച്ചുകിട്ടാനുള്ള അയാളുടെ ആദ്യകാല സംരംഭങ്ങൾ വിജയിക്കുന്നില്ല. രണ്ടു് പത്രാധിപന്മാരുമായി അയാൾ പരിചയമായി. പ്രസിദ്ധീകരിക്കാനുള്ള മാനദണ്ഡം മിക്കപ്പോഴും രചനയുടെ സാഹിത്യമേന്മ മാത്രമല്ലെന്നു് മനസ്സിലാക്കുകയും ചെയ്തു. ഒരു ചെറുകഥാകൃത്തുമായി അടുത്തു് പരിചയപ്പെടാൻ ഇടയായതോടെ അയാളോടു് ശ്രീധരനുണ്ടായിരുന്ന ആരാധന മുഴുവൻ അവജ്ഞയായി മാറി. ഭിന്നകൃതികളിൽ നിന്നു് പെറുക്കിയെടുക്കുന്ന രംഗങ്ങളും വിവരണങ്ങളും പുതിയൊരു സമ്പ്രദായത്തിൽ അവതരിപ്പിക്കുക എന്നതായിരുന്നു അയാളുടെ വിദ്യ! ശ്രീധരന്റെ ആദ്യകാലം മാത്രമേ നോവലിൽ ചിത്രീകരിക്കുന്നുള്ളുവെന്നതിനാൽ ഒരു കലാകാരനെന്ന നിലയിൽ അയാൾക്കുണ്ടായ നേട്ടങ്ങളെപ്പറ്റി തീർപ്പുകളിലൊന്നും എത്തിച്ചേരാൻ വായനക്കാരനു് സാധിക്കുന്നില്ല. നായകൻ കവിതാരചനയിലേക്കു് പ്രവേശിക്കുന്നതും ഭാവനാ നിഷ്ഠമായ മനസ്സു് സാമൂഹികയാഥാർത്ഥ്യത്തെ ഉൾക്കൊള്ളാനാരംഭിക്കുന്നതും മാത്രമേ ഗ്രന്ഥകാരൻ ഊന്നിപ്പറയുന്നുള്ളൂ.
നോവലിന്റെ പശ്ചാത്തലഭൂമിയായ അതിരാണിപ്പാടം സമ്പന്നന്മാരുടെ ഒരു ‘ദേശം’ അല്ല. കഥാപാത്രങ്ങളധികവും അദ്ധ്വാനിക്കുന്ന വർഗത്തിൽപ്പെട്ടവരാണു്—കള്ള്ചെത്തുകാർ, ആശാരിമാർ, കൽപ്പണിക്കാർ, ചെറിയ ചായക്കച്ചവടക്കാർ, ഈർച്ചമിൽതൊഴിലാളികൾ മുതലായവർ. താൻ വിവരിക്കുന്ന എന്തും അതിശയോക്തി ചേർത്തുമാത്രം പറയുന്ന ‘കുളൂസ്പറങ്ങോടൻ’ ഒരുദാഹരണം. കിട്ടൻറൈറ്റർ മറ്റൊരു തരക്കാരനാണു്—ഊഴമിട്ടു് ചില വീടുകൾ സന്ദർശിക്കുകയും ചില പരദൂഷണ കഥകൾ കൊണ്ടു് അവരെ രസിപ്പിക്കുകയും അതിഥി എന്ന നിലയിൽ ഊണു് തരമാക്കുകയും ചെയ്യുന്ന സമർത്ഥനാണയാൾ. ശ്രീധരന്റെ തന്നെ സ്വന്തം സഹോദരൻ കുഞ്ഞാപ്പു ബസറയിലെ തന്റെ സൈനികപരാക്രമങ്ങളെക്കുറിച്ചു് നീണ്ട കഥകൾ തട്ടിവിടുന്ന ആളാണു്. കള്ളപ്രമാണങ്ങൾ ഉണ്ടാക്കുന്നതിൽ ആണ്ടിക്കുള്ള വൈദഗ്ദ്ധ്യം എല്ലാവർക്കുമറിയാം. ഒരു യുവതിയോടു് മോശമായി പെരുമാറി എന്ന ആരോപണത്തിന്മേൽ ബാലനു് പോലീസിന്റെ തല്ലു് കിട്ടി. അതിരാണിപ്പാടത്തെ എല്ലാ സംഭവങ്ങളും ഓർത്തുവെച്ചിരിക്കുന്ന ആളാണു് വേലു. ഈ വിശാലമായ കൊച്ചുലോകത്തിന്റെ വൈപുല്യവും വൈവിധ്യവും വർദ്ധിപ്പിക്കുന്ന എണ്ണമറ്റ കഥാപാത്രങ്ങളുടെ ഏതാനും മാതൃകകൾ മാത്രമാണിവർ. അതിരാണിപ്പാടത്തെ സമ്പന്നവ്യക്തിയായ കുഞ്ഞിക്കേളുമേലാന്റെ പാത്രസൃഷ്ടി വളരെ ഹൃദ്യമാംവിധം നിർവഹിച്ചിട്ടുണ്ടു്. അയാളുടെ അതിരുകടന്ന ജീവിതരീതികളാണു് ആ പ്രദേശത്തെ നാടൻകഥകളിൽ നല്ലൊരു ഭാഗം സൃഷ്ടിക്കുന്നതു്. ഒരു നടിയോടുള്ള കമ്പം മൂലം നാടകം തുടങ്ങാൻ അരമണിക്കൂർ നേരം വൈകിച്ചതു് അദ്ദേഹമായിരുന്നു. അന്നേരത്തു് അവളെ തന്റെ കിടപ്പറയിലേക്കു് എടുത്തുകൊണ്ടുവരാൻ അയാൾ ആജ്ഞാപിക്കയുണ്ടായത്രെ. പണത്തിനുനേരെ തനിക്കുള്ള ഉദാസീനത പ്രദർശിപ്പിക്കുവാൻ അയാൾ ഒരു വെപ്പാട്ടിയുടെ സാന്നിദ്ധ്യത്തിൽ നൂറുരൂപ നോട്ട് കത്തിച്ചു് സിഗരറ്റിനു് തീ കൊളുത്തി. അയാൾ സാമ്പത്തികമായി തകർന്നുകൊണ്ടേ ഇരിക്കുകയായിരുന്നു. സുഹൃത്തുക്കളാൽ ഉപേക്ഷിക്കപ്പെട്ട അയാൾ കുടിച്ചു് പലപ്പോഴും നിരത്തുവക്കിൽ കിടക്കുന്നതു് കോളേജ് വിദ്യാർത്ഥിയായിരിക്കെ ശ്രീധരൻ കണ്ടിട്ടുണ്ടു്. മേലാൻ മറ്റുള്ളവരോടു് കാശും കള്ളും ഇരന്നുകൊണ്ടു് ജീവിക്കുന്നതിനു് ശ്രീധരൻ സാക്ഷിയാകുന്നു.
വളരെ വലിയ ജീവിതപശ്ചാത്തലവും പലവിധ വൈവിധ്യങ്ങളുമുള്ള കൃതിയാണു് ‘ഒരു ദേശത്തിന്റെ കഥ.’ ഗ്രന്ഥകാരന്റെ ഭാവാത്മകതയും യാഥാതഥ്യതാൽപര്യവും ഒരുപോലെ മേളിക്കുന്ന നിരവധി രംഗങ്ങൾ ഈ നോവലിലുണ്ടു്. കേന്ദ്രകഥാപാത്രത്തിന്റെ വൈയക്തികാനുഭവങ്ങളും പരിണാമിയായ സാമൂഹികയാഥാർത്ഥ്യങ്ങളും സമന്വയിപ്പിച്ചു് അവതരിപ്പിച്ചേടത്താണു് ഇതിന്റെ വിജയം കിടക്കുന്നതു്. ശ്രീധരന്റെ കഥ അയാളുടെ ദേശത്തിന്റെ കഥയുമായി അവിഭാജ്യമാംവിധം ബന്ധപ്പെട്ടു കിടക്കുന്നു.
ഈ നോവലിസ്റ്റിന്റെ ലഘുകൃതികളിൽ ‘കറാമ്പൂ’, ‘കബീന’, ‘കുരുമുളകു്’ അപൂർണ്ണകൃതിയായ ‘നോർത്ത് അവന്യൂ’ എന്നിവ ഉൾപ്പെടുന്നു. ഇവിടെ അവയെ വെവ്വേറെ ചർച്ച ചെയ്തിട്ടില്ല. കറാമ്പൂ വായനക്കാരനെ ആഫ്രിക്കയിലെ മൊമ്പാസയിലേക്കു് കൂട്ടിക്കൊണ്ടുപോവുന്നു. മൊമ്പാസയുടെ പഴയ ചരിത്രസ്മാരകങ്ങളുടെ പശ്ചാത്തലത്തിലിരുന്നുകൊണ്ടു് ഒരു അപരിചിതൻ ഗ്രന്ഥകാരനോടു് കറാമ്പൂബീഗത്തിന്റെ അമ്പരപ്പിക്കുന്ന പ്രണയകഥ പറയുന്നു. നോവലിന്റെ പകുതിയിലധികം ഭാഗവും ഈ കഥയാണു്. അവസാനത്തിൽ ഗ്രന്ഥകാരനു് ഒരു അത്ഭുതം ഉണ്ടാവുന്നു—കഥ പറച്ചിലുകാരൻ പോലീസ് അന്വേഷിച്ചു കൊണ്ടിരുന്ന ഒരു കള്ളനാണു്.
സാമൂഹ്യരാഷ്ട്രീയതാൽപര്യങ്ങളുള്ള ഒരു കൃതിയാണു് കുരുമുളകു്. ഇതിന്റെ പശ്ചാത്തലം വയനാടാണു്. സംസ്ഥാനനിയമസഭയിലേക്കു് നടക്കുന്ന തെരഞ്ഞെടുപ്പു് കഥാപാത്രങ്ങളുടേയും അവരുടെ വർഗങ്ങളുടേയും ഇടയ്ക്കുള്ള ബന്ധങ്ങൾ സങ്കീർണ്ണമാക്കിത്തീർക്കുന്നു.
കുട്ടികൾക്കുവേണ്ടി എഴുതപ്പെട്ട ‘കബീന’ അന്താരാഷ്ട്രശിശുവർഷത്തിൽ പ്രസിദ്ധീകരിക്കപ്പെട്ടു. ഉന്നത പഠനത്തിനു് വേണ്ടി കേരളത്തിലെത്തുന്ന ഒരു ആഫ്രിക്കൻ ബാലികയാണു് ഇതിലെ കേന്ദ്രകഥാപാത്രം. അവളുടെ ഓർമ്മകളും കേരളവുമായുള്ള സാംസ്കാരിക വിനിമയവും ആണു് ഇതിവൃത്തത്തിനു് അടിസ്ഥാനം.
എടുത്തുപറയാൻ മാത്രമുള്ള പുരോഗതി കൈവരിച്ച ഒരു നോവലിസ്റ്റാണു് പൊറ്റെക്കാട്ട്. അദ്ദേഹത്തിന്റെ ആദ്യകാല നോവലുകൾ ചെറുകഥയുടെ വിപുലീകരണം മാത്രമാണു്. നാടൻപ്രേമം, പ്രേമശിക്ഷ എന്നീ നോവലുകളും പുള്ളിമാൻ, സ്ത്രീ എന്നീ ചെറുകഥകളും ഒപ്പത്തിനൊപ്പം വെച്ചു് നോക്കിയാൽ ഈ വസ്തുത വ്യക്തമാവും. തന്റെ സാഹിത്യ സപര്യയുടെ രണ്ടാംപാതിയിൽ അദ്ദേഹം ഒരു പുതിയ നോവൽരചനാസമ്പ്രദായം കണ്ടെത്തുകയും തന്റെ ജീവിതകഥനത്തിന്റെ വ്യാപ്തി വർദ്ധിപ്പിക്കുകയും സ്വന്തം മാധ്യമത്തിന്റെ സാധ്യത വിപുലീകരിക്കുകയും ചെയ്തു.
സ്വന്തം ചുറ്റുപാടുകളുടേയും സാമൂഹ്യസമ്മർദ്ദത്താൽ നിയന്ത്രിക്കപ്പെടുന്ന പെരുമാറ്റത്തിന്റേയും ഇരയായിട്ടാണു് പൊറ്റെക്കാട്ട് മനുഷ്യനെ കണ്ടതു്. അതുകൊണ്ടു തന്നെ ജീവിതസാഹചര്യത്തിനു് അദ്ദേഹത്തിന്റെ കൃതികളിൽ കവിഞ്ഞ പ്രാധാന്യമുണ്ടു്. ആദ്യകാലനോവലുകളിൽ രണ്ടോ മൂന്നോ വ്യക്തികളുടെ വിധിയിന്മേൽ ചുറ്റിക്കറങ്ങുന്ന ഇതിവൃത്തത്തിനു് അധീനമാണു് സാമൂഹ്യപശ്ചാത്തലം: പിൽക്കാല കൃതികളിൽ കഥാപാത്രങ്ങൾ സാമൂഹ്യദൃശ്യത്തിൽ ആണ്ടുകിടക്കുന്നു. കാലക്രമത്തിൽ അദ്ദേഹത്തിന്റെ ജീവിതവീക്ഷണത്തിൽ സാമൂഹ്യയാഥാർത്ഥ്യത്തിന്റെ പ്രസക്തി പ്രകടമാംവിധം വർദ്ധിച്ചുവന്നു. മാത്രവുമല്ല, കൃതികളെ കാലാനുക്രമത്തിൽ പരിശോധിച്ചാൽ കാല്പനികാഭിരുചിയിൽ നിന്നു് യഥാതഥദർശനത്തിലേക്കു് അദ്ദേഹം സാവകാശം നീങ്ങിയതായി കണ്ടെത്താൻ സാധിക്കും. ‘ഒരു ദേശത്തിന്റെ കഥ’യിൽ ഈ കാല്പനികാംശവും യഥാതഥസമ്പ്രദായവും സങ്കലനം ചെയ്തതായി കാണാം. പ്രസ്തുതകൃതി നോവൽശാഖയിൽ അദ്ദേഹം വരിച്ച നേട്ടങ്ങൾക്കു് മകുടം ചാർത്തുന്നു. ഇവിടെ അദ്ദേഹം സ്വന്തം ലാവണം കണ്ടെത്തുകയും അതിനു പറ്റിയ രൂപവും താളവും വളർത്തിയെടുക്കുകയും ചെയ്തു.
മുഴുവൻ പേരു്: മുഹ്യുദ്ദീൻ നടുക്കണ്ടിയിൽ. കോഴിക്കോട് ജില്ലയിലെ കാരശ്ശേരി എന്ന ഗ്രാമത്തിൽ 1951 ജൂലായ് 2-നു് ജനിച്ചു. പിതാവു്: പരേതനായ എൻ. സി. മുഹമ്മദ് ഹാജി. മാതാവു്: കെ. സി. ആയിശക്കുട്ടി. കാരശ്ശേരി ഹിദായത്തുസ്സിബിയാൻ മദ്രസ്സ, ഐ. ഐ. എ. യു. പി. സ്ക്കൂൾ, ചേന്ദമംഗല്ലൂർ ഹൈസ്ക്കൂൾ, കോഴിക്കോട് ഗുരുവായൂരപ്പൻ കോളേജ്, കാലിക്കറ്റ് സർവ്വകലാശാലാ മലയാളവിഭാഗം എന്നിവിടങ്ങളിൽ പഠിച്ചു. സോഷ്യോളജി-മലയാളം ബി. എ., മലയാളം എം. എ., മലയാളം എം. ഫിൽ. പരീക്ഷകൾ പാസ്സായി. 1993-ൽ കാലിക്കറ്റ് സർവ്വകലാശാലയിൽ നിന്നു് ഡോക്ടറേറ്റ്. 1976–78 കാലത്തു് കോഴിക്കോട്ടു് മാതൃഭൂമിയിൽ സഹപത്രാധിപരായിരുന്നു. പിന്നെ അധ്യാപകനായി. കോഴിക്കോട് ഗവ. ആർട്സ് ആന്റ് സയൻസ് കോളേജ്, കോടഞ്ചേരി ഗവ. കോളേജ്, കോഴിക്കോട് ഗവ: ഈവനിങ്ങ് കോളേജ് എന്നിവിടങ്ങളിൽ ജോലി നോക്കി. 1986-മുതൽ കാലിക്കറ്റ് സർവ്വകലാശാലാ മലയാളവിഭാഗത്തിൽ.
പുസ്തകങ്ങൾ: പുലിക്കോട്ടിൽകൃതികൾ (1979), വിശകലനം (1981), തിരുമൊഴികൾ (1981), മുല്ലാനാസറുദ്ദീന്റെ പൊടിക്കൈകൾ (1982), മക്കയിലേക്കുള്ള പാത (1983), ഹുസ്നുൽ ജമാൽ (1987), കുറിമാനം (1987), തിരുവരുൾ (1988), നവതാളം (1991), ആലോചന (1995), ഒന്നിന്റെ ദർശനം (1996), കാഴ്ചവട്ടം (1997) തുടങ്ങി എൺപതിലേറെ കൃതികൾ.
ഭാര്യ: വി. പി. ഖദീജ, മക്കൾ: നിശ, ആഷ്ലി, മുഹമ്മദ് ഹാരിസ്.