കേരളത്തിന്റെ വടക്കൻ ഭാഗങ്ങളിൽ കലാപം ഒരു തുടർക്കഥയാവുകയാണു്. കോഴിക്കോട് ജില്ലയിലെ നാദാപുരത്തു് വീണ്ടും പൊട്ടിപ്പുറപ്പെട്ട കലഹം കണ്ണൂർ പ്രദേശങ്ങളിൽ പതിവായിക്കഴിഞ്ഞ രാഷ്ട്രീയ കൊലപാതകങ്ങളിൽനിന്നകന്നു് വർഗീയനിറം കൈവരിക്കുന്നുണ്ടോ എന്ന ആധി പരന്നു കഴിഞ്ഞു. മലയാളി സമൂഹത്തിൽ പിന്നെപ്പിന്നെ മുതിർന്നു വരുന്ന ഹിംസാപ്രവണത തലമുറകളിലേക്കു് നീണ്ടു ചെല്ലുന്ന കുടിപ്പകയുടെ ചരിത്രം വരയുവാൻ ഒരുങ്ങുകയാവാം. രാഷ്ട്രീയകലഹത്തേക്കാൾ മാരകമാണു് വർഗീയകലഹം. കാരണം വർഗീയ കലഹത്തിന്റെ മുറിവുകൾ ഉണങ്ങുവാൻ കുറച്ചുകാലമൊന്നും പോരാ. 1971-ൽ നിർഭാഗ്യവശാൽ തലശ്ശേരിയിലുണ്ടായ വർഗീയ കലാപത്തിന്റെ കയ്പേറിയ ഓർമകൾ മൂന്നു പതിറ്റാണ്ടായിട്ടും വേണ്ടമാതിരി ഉണങ്ങിയിട്ടില്ല.
മാർക്സിസ്റ്റ്–മുസ്ലിംലീഗ് സംഘട്ടനം എന്നറിയപ്പെടുന്ന ഇപ്പോഴത്തെ നാദാപുരം കുഴപ്പം സത്യത്തിൽ വർഗീയകലാപമാണു് എന്നു് പറയുന്നതു് വല്ലവരുമല്ല—കേരളം ഭരിക്കുന്ന, ആഭ്യന്തര വകുപ്പു് കൈകാര്യം ചെയ്യുന്ന മാർക്സിസ്റ്റ് പാർട്ടി തന്നെയാണു്!
ഓർത്തു നോക്കിയാൽ കഷ്ടമാണു്. കേന്ദ്രത്തിൽ ആഭ്യന്തര വകുപ്പു് കൈകാര്യം ചെയ്യുന്ന ബി. ജെ. പി.-യുടെയും കേരളത്തിൽ ആഭ്യന്തരവകുപ്പു് കൈകാര്യം ചെയ്യുന്ന സി. പി. എമ്മിന്റെയും അണികളാണു് കണ്ണൂർപ്രദേശത്തു് കൊലപാതകത്തിനും കൊള്ളയ്ക്കും കൊള്ളിവെപ്പിനും ഇറങ്ങിത്തിരിച്ചതു്.
അത്തരം എന്തെങ്കിലും കുഴപ്പമുണ്ടായാൽ പോലീസിനെയും പട്ടാളത്തെയും വിളിക്കാൻ അധികാരമുള്ളവർ. അല്ല, ഉത്തരവാദിത്തമുള്ളവർ. പിന്നെന്തിനാണു് നാട്ടിൽ പോലീസും പട്ടാളവും? അതു് കലാപബാധിതപ്രദേശങ്ങളിലെ ബി. ജെ. പി.-ക്കാർക്കും സി. പി. എമ്മുകാർക്കും തന്നെ തോന്നി. അവരുടെയെല്ലാം അക്രമങ്ങളിലും ഒരു ഇര പോലീസ് ആണു്. പോലീസിനെ അവർക്കു് പേടിയില്ല. അതിനേക്കാൾ പ്രധാനം പോലിസിനെ അവർക്കിപ്പോൾ വിലയില്ല. നീതിബോധവും ഉത്തരവാദിത്തവും ഇല്ലാത്ത പോലീസിനെ ആരെന്തിനു് വില വെയ്ക്കണം?
പോലീസിനെ ഇങ്ങനെ വീര്യം കെടുത്തിയതിന്റെ ഉത്തരവാദിത്തം തീർച്ചയായും സി. പി. എമ്മിനാണു്. അവരാണു് നാടു് ഭരിക്കുന്നതു്. ആവർത്തിച്ചു പറയണം, അവരുടെ മുഖ്യമന്ത്രിയാണു് പോലീസ് മന്ത്രി. ബി. ജെ. പി.-ക്കാർ അക്രമം കാണിച്ചെങ്കിൽ അതു് നിയന്ത്രിക്കാൻ പോലീസുണ്ടു്; ഉണ്ടാവണം. ആ പോലീസിനെ കാഴ്ചക്കാരായി മാറ്റിനിർത്താൻ സഖാക്കൾ നിയമം കയ്യിലെടുക്കുന്നതു് എന്തിനാണു്? അനീതിയും അക്രമവും തടയാൻ പോലീസിനു് കഴിയില്ല എന്നാണു് അവരുടെ വിശ്വാസമെങ്കിൽ പിന്നെ അവർ പോലീസ് വകുപ്പു് ഭരിക്കുന്നതെന്തിനാണു്? ഭരിക്കുന്നതു തന്നെ എന്തിനാണു്? ഭരണകക്ഷിക്കാരുടെപോലും ജീവനും സ്വത്തും സുരക്ഷിതമല്ല എന്നും ഓരോരുത്തനും വാളെടുത്താലേ ജീവിക്കാൻ കഴിയൂ എന്നും അല്ലേ ഇതിനർത്ഥം? തല്ലാനും കൊല്ലാനും തയ്യാറെടുത്തു് ഓരോരുത്തനും സ്വയം പോലീസായി, അവനവനെ കാക്കാൻ ഒരുങ്ങേണ്ട സ്ഥിതിയായി എന്നുണ്ടോ?
തമിഴ്ഭാഷയിൽ പോലീസ് എന്നതിനുള്ള വാക്കു് ‘കാവൽ’ എന്നാണു്. മലയാളനാട്ടിൽ പോലീസ് നമ്മളെ കാക്കുന്നില്ല. അവർക്കു് സ്വന്തം തടി കാക്കേണ്ട പണി വന്നുചേർന്നിരിക്കുന്നു!
ഈ സ്ഥിതിവിശേഷത്തിന്റെ ഒന്നാമത്തെ ഉത്തരവാദി, പ്രധാന കുറ്റവാളി, സി. പി. എം. ആണു്. കാരണം ഭരണകക്ഷി അവരാണു്. ഈ സന്ദർഭത്തിൽ സി. പി. എമ്മുകാർ ഒരു കാര്യം കൂടി ഓർക്കുന്നതു് നന്നു്. ഇങ്ങനെ തച്ചൊതുക്കാവുന്നതോ കൊന്നുതീർക്കാവുന്നതോ ആയി ലോകത്തു് ഒരു ആശയവുമില്ല. ബി. ജെ. പി.-യെ എന്നല്ല ഒരു രാഷ്ട്രീയവിശ്വാസത്തെയും ഈ മട്ടിൽ കൈകാര്യം ചെയ്ത് അവസാനിപ്പിക്കുവാൻ സാധിക്കില്ല. മറിച്ചു് ഇത്തരം സമീപനം ഏതു പ്രസ്ഥാനത്തിന്റെയും വളർച്ചക്കേ സഹായിക്കൂ. വിശ്വാസപ്രമാണങ്ങളുടെ സ്വഭാവമാണതു്. അടിച്ചൊതുക്കാൻ നോക്കുംതോറും അതു കുതിച്ചുയർന്നുവരും. തെളിവു് കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനം തന്നെ. നാട്ടിലെ സർക്കാരും പണക്കാരും ജന്മിമാരും ചില കോൺഗ്രസുകാരും 1940-കളിലും 1950-കളിലും കമ്മ്യൂണിസ്റ്റുകാരെ ഉന്മൂലനാശം വരുത്താൻ സംഘം ചേർന്നു് ഹിംസ നടത്തി. അവർ നശിക്കുകയല്ല, പൂർവാധികം തെഴുക്കുകയാണുണ്ടായതു്.
ഈ സ്ഥിതിയിൽ കണ്ണൂർ പ്രദേശത്തു് പണ്ടു് കമ്യൂണിസം വളർന്നതുപോലെ ഇന്നു് ഇവിടെ കമ്യൂണലിസം വളർന്നുകയറും. ആ ചരിത്രപാഠത്തിലേക്കു് നിർഭാഗ്യവശാൽ, ഒരു സഖാവിന്റെയും കണ്ണു ചെല്ലുന്നില്ല: ‘ചരിത്രത്തിൽനിന്നു് നാം ഒന്നും പഠിക്കുന്നില്ല—ചരിത്രത്തിൽനിന്നു് നാം ഒന്നും പഠിക്കുന്നില്ല എന്ന പാഠമൊഴിച്ചു്’.
മലയാളം ന്യൂസ്: 28 ജനുവരി 2007.
മുഴുവൻ പേരു്: മുഹ്യുദ്ദീൻ നടുക്കണ്ടിയിൽ. കോഴിക്കോട് ജില്ലയിലെ കാരശ്ശേരി എന്ന ഗ്രാമത്തിൽ 1951 ജൂലായ് 2-നു് ജനിച്ചു. പിതാവു്: പരേതനായ എൻ. സി. മുഹമ്മദ് ഹാജി. മാതാവു്: കെ. സി. ആയിശക്കുട്ടി. കാരശ്ശേരി ഹിദായത്തുസ്സിബിയാൻ മദ്രസ്സ, ഐ. ഐ. എ. യു. പി. സ്ക്കൂൾ, ചേന്ദമംഗല്ലൂർ ഹൈസ്ക്കൂൾ, കോഴിക്കോട് ഗുരുവായൂരപ്പൻ കോളേജ്, കാലിക്കറ്റ് സർവ്വകലാശാലാ മലയാളവിഭാഗം എന്നിവിടങ്ങളിൽ പഠിച്ചു. സോഷ്യോളജി-മലയാളം ബി. എ., മലയാളം എം. എ., മലയാളം എം. ഫിൽ. പരീക്ഷകൾ പാസ്സായി. 1993-ൽ കാലിക്കറ്റ് സർവ്വകലാശാലയിൽ നിന്നു് ഡോക്ടറേറ്റ്. 1976–78 കാലത്തു് കോഴിക്കോട്ടു് മാതൃഭൂമിയിൽ സഹപത്രാധിപരായിരുന്നു. പിന്നെ അധ്യാപകനായി. കോഴിക്കോട് ഗവ. ആർട്സ് ആന്റ് സയൻസ് കോളേജ്, കോടഞ്ചേരി ഗവ. കോളേജ്, കോഴിക്കോട് ഗവ: ഈവനിങ്ങ് കോളേജ് എന്നിവിടങ്ങളിൽ ജോലി നോക്കി. 1986-മുതൽ കാലിക്കറ്റ് സർവ്വകലാശാലാ മലയാളവിഭാഗത്തിൽ.
പുസ്തകങ്ങൾ: പുലിക്കോട്ടിൽകൃതികൾ (1979), വിശകലനം (1981), തിരുമൊഴികൾ (1981), മുല്ലാനാസറുദ്ദീന്റെ പൊടിക്കൈകൾ (1982), മക്കയിലേക്കുള്ള പാത (1983), ഹുസ്നുൽ ജമാൽ (1987), കുറിമാനം (1987), തിരുവരുൾ (1988), നവതാളം (1991), ആലോചന (1995), ഒന്നിന്റെ ദർശനം (1996), കാഴ്ചവട്ടം (1997) തുടങ്ങി എൺപതിലേറെ കൃതികൾ.
ഭാര്യ: വി. പി. ഖദീജ, മക്കൾ: നിശ, ആഷ്ലി, മുഹമ്മദ് ഹാരിസ്.