മനുഷ്യൻ ഛായയിൽ രമിക്കുന്നു. ഛായ താൻ തന്നെയാണു് എന്നു് അവനു് തോന്നിപ്പോവുന്നു. നാർസിസസ്സിനു്, പണ്ടു് അതു് വേണ്ടയളവിൽ മനസ്സിലായിരുന്നില്ല. ജലത്തിൽ കാണായ ആ ചാരുരൂപം തന്റെ തന്നെ പ്രതിച്ഛായയാണു് എന്നു് ആ യവനരാജാവു് വാസ്തവത്തിൽ തിരിച്ചറിയുകയുണ്ടായില്ല. പകരം അതേതോ കാമ്യമോഹന രൂപമാണെന്നു് ധരിച്ചുവശായി; അതിൽ കമ്പം പൂണ്ടു്, ആധി പിടിച്ചു് പ്രാണൻ കളഞ്ഞു. നാർസിസസ് ചിരംജീവിയാകുന്നു; ആത്മരതിയുടെ ആദിരൂപമാകുന്നു. കുറഞ്ഞതോ കൂടിയതോ ആയ അളവിൽ ഓരോ വ്യക്തിയിലും ആ യവനരാജാവു് ഉയിർക്കൊള്ളുന്നു.
വെള്ളത്തിലും കണ്ണാടിയിലും ചിത്രങ്ങളിലും ഇന്നും മനുഷ്യൻ അവനവനെ കണ്ടു രസിക്കുന്നു. അതു് അവനവൻ തന്നെ എന്ന തിരിച്ചറിവിനു് മൂപ്പെത്തിയിട്ടും സംഗതി കുറയുകല്ല, കൂടുകയാണു്. ഗ്രൂപ്പ് ഫോട്ടോയിൽ നാം വീണ്ടും വീണ്ടും കാണുന്നതു് നമ്മുടെ തന്നെ ചിത്രമാണു്. ഗ്രൂപ്പ് ഫോട്ടോയിൽ നാം നമ്മുടെ ചിത്രം മാത്രമേ കാണുന്നുള്ളു എന്നും പറയാം.
പത്രത്തിൽ ചിത്രം അച്ചടിച്ചു വരുന്നതു് എത്ര മേൽ ചാരിതാർത്ഥ്യകരം! വീഡിയോവിൽ സ്വന്തം ചലനങ്ങൾ കണ്ടിരിക്കുന്നതുപോലെ നിർവൃതി എവിടെ കിട്ടാനാണു്? ഫോട്ടോഗ്രാഫർ നമ്മുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട കഥാപാത്രമായിരിക്കുന്നു. ഫോട്ടോ എടുത്തെടുത്തു് തന്റെ മുഖം തേഞ്ഞുപോയി എന്നു് വൈക്കം മുഹമ്മദ് ബഷീർ സങ്കടപ്പെടുന്നു.
നാം കല്ല്യാണം കഴിക്കുന്നതു് അതിന്റെ ഫോട്ടോ എടുക്കാനാണു്; അതിന്റെ വീഡിയോഫിലിം സൂക്ഷിക്കാനാണു്. മാലയിടുമ്പോൾ ഫോട്ടോഗ്രാഫർക്കു് ഒരു ‘സ്നാപ്പ്’ കിട്ടിയില്ലെങ്കിൽ നാം വീണ്ടും മാലയിടും. തന്തയും തള്ളയും കല്യാണവേദിയിൽ ഇല്ലെങ്കിൽ കുഴപ്പമില്ല; ഫോട്ടോഗ്രാഫറും വീഡിയോഗ്രാഫറും വേണം. കല്യാണം കഴിക്കുന്ന മുഹൂർത്തത്തിനു് ആകപ്പാടെയുള്ള പ്രസക്തി പിന്നീടു് കണ്ടു രസിക്കാനുള്ള രംഗം ഷൂട്ട് ചെയ്യാൻ സൗകര്യം തരുന്നു എന്നതു മാത്രമാകുന്നു.
കേരളീയജീവിതത്തിൽ എല്ലാ ചടങ്ങുകളുടെയും ചെലവു് ഏറിയിരിക്കുന്നു. സംഗതി: അതു വീഡിയോവിൽ പകർത്താൻ ആയിരങ്ങൾ വേണം! നമ്മുടെ ഗൾഫ് സഹോദരന്മാർ ജീവിക്കുന്നതു് അനുഭവങ്ങളിലല്ല, ഫോട്ടോകളിലാണു്. ആൽബങ്ങളിലും വീഡിയോകാസറ്റുകളിലുമായി സ്വപ്നങ്ങളും സ്മരണകളും കൊണ്ടുനടക്കുയാണവർ. എത്രമാത്രം പണം, എത്രമാത്രം സമയം ഇതിനായി ചെലവായിപ്പോകുന്നു!
തന്തയുടെയും തള്ളയുടെയും ശവസംസ്കാരത്തിന്റെ വീഡിയോ ഫിലിം സൂക്ഷിക്കുന്നിടത്തോളം കേരളത്തിൽ പൊങ്ങച്ചം വളർന്നെത്തിയിരിക്കുന്നു. അതു വീണ്ടും വീണ്ടും കണ്ടു “രസി”ക്കുന്ന മനസ്സിന്റെ വൈകൃതത്തെപ്പറ്റി ആലോചിക്കുന്ന ആർക്കാണു് ഛർദ്ദി വരാതിരിക്കുക?
പടിഞ്ഞാറൻ നാടുകളിൽ ഒരു പര്യടനം കഴിഞ്ഞു് ഈയിടെ തിരിച്ചെത്തിയ സുഹൃത്തു് പറഞ്ഞ വിവരം: അവിടെ കിടപ്പറ രംഗങ്ങൾ ഓട്ടോമാറ്റിക് യന്ത്രസംവിധാനം ഉപയോഗിച്ചു് വീഡിയോവിൽ പകർത്തും. എന്നിട്ടു് ഭാര്യയും ഭർത്താവും ഒന്നിച്ചിരുന്നു് കണ്ടുരസിക്കും! ആ വീഡിയോഫിലിം കാണുമ്പോഴാവാം ദമ്പതികൾ ശരിയായ ആനന്ദമൂർച്ഛ അനുഭവിക്കുന്നതു് ആർക്കറിയാം? നീലച്ചിത്രങ്ങളുടെ വീഡിയോകാസറ്റ് കണ്ടാലേ രതിഭാവം ഉണരൂ എന്നിടത്തോളം കേരളത്തിലും കാര്യങ്ങൾ വഷളായി വരികയാണു്.
നാം നമ്മുടെ ജീവിതം ജീവിക്കുകയല്ല, അതിന്റെ കാണികളായി മാറി നില്ക്കുകയാണു്. നമ്മുടെ ജീവിതം നമുക്കു് ജീവിക്കാനുള്ളതല്ല, അന്യനായി നിന്നു കണ്ടുരസിക്കുവാനുള്ളതാണു്!
ഇതു് ജീവിതമല്ല, ജീവിതത്തിന്റെ ഛായയാണു്. ഛായകളെപ്പറ്റിയും പ്രതിച്ഛായകളെപ്പറ്റിയും ആണു് രാഷ്ട്രീയത്തിലും സാഹിത്യത്തിലും നമ്മുടെ ബേജാറ്. നമുക്കു് ഒന്നിന്റെയും കാതൽ, ആത്മാവു് ആവശ്യമില്ല; ഛായ മതി. പ്രതിമകളിലും ഫോട്ടോകളിലും ഛായാചിത്രങ്ങളിലും നാം രാഷ്ട്രനേതാക്കളെയും കലാകാരന്മാരേയും ഒതുക്കിയിരിക്കുന്നു.
നമുക്കേറ്റവും പ്രിയംകരം നമ്മുടെ തന്നെ ഛായയാണു്. അങ്ങനെ നമ്മുടെ ആത്മരതി വളർന്നുകേറിക്കൊണ്ടിരിക്കുന്നു. നമുക്കു് മറ്റാരുടെ ഛായ കാണുന്നതിലും കമ്പം നമ്മുടെ ഛായ കാണുന്നതിലാണു്; ഏറ്റവും പ്രിയംകരം സ്വന്തം ശബ്ദം കേൾക്കുന്നതിലാണു്. എല്ലാ സംഭാവനകളുടെ പുറത്തും ഞാൻ എന്റെ പേരു് കൊത്തിയിടുന്നു.
പിന്നെപ്പിന്നെ, കേരളീയരായ നാം ആത്മരതി കൂടുതലുള്ള സമൂഹമായി മാറിക്കൊണ്ടിരിക്കുകയാണു്. ആധുനികമായ ജീവിതസൗകര്യങ്ങൾ, കൂടിവരുന്ന സാമ്പത്തികസൗകര്യങ്ങൾ, ഇവ സൃഷ്ടിക്കുന്ന മാത്സര്യം—എല്ലാം ഈ ആത്മരതിക്കു് വളമായിത്തീരുന്നു. ഈ പുതിയ ജീവിതസാഹചര്യം നമ്മെ തൊട്ടടുത്തുള്ളവനിൽ നിന്നു് അകറ്റികളയുന്നു എന്നർത്ഥം.
ഗൾഫ് പണം നമ്മുടെ മാനസികജീവിതത്തെ ബാധിക്കുന്നതിന്റെ ദാരുണമായ ഉദാഹരണങ്ങളിൽ ഒന്നു് ഈ ആത്മരതിയാകുന്നു. നിങ്ങൾ നിങ്ങളിലേക്കു് ചുരുങ്ങുന്നു. പണവും പണംകൊണ്ടു വിലയ്ക്കുവാങ്ങാവുന്ന പുതിയ യന്ത്രസാമഗ്രികളും ഉണ്ടെങ്കിൽ മറ്റു മനുഷ്യരെ ഒട്ടും ആശ്രയിക്കാതെ നിങ്ങൾക്കു് ജീവിക്കാം. അലക്കാൻ യന്ത്രം, അരയ്ക്കാൻ യന്ത്രം, പൊടിക്കാൻ യന്ത്രം, നിങ്ങൾക്കു് ലോകവാർത്തകൾ പറഞ്ഞു തരാൻ റേഡിയോ. അവ കാണിച്ചുതരാൻ ടി. വി. അങ്ങനെയങ്ങനെ. അവനവന്റെ സ്വീകരണമുറിയിൽ തന്നെ എല്ലാം ലഭ്യമാണു്. മനുഷ്യന്റെ ചൂടും ചൂരും ഏല്ക്കാതെ നിങ്ങൾ ജീവിക്കുന്നു. നിങ്ങൾക്കു് ഏറ്റവും പ്രിയംകരനായ ജീവി നിങ്ങൾതന്നെയായി മാറുന്നു. ഞായറാഴ്ച നിങ്ങൾക്കു് ഒഴിവുദിവസമാണെങ്കിലും ടി. വി.-യിൽ കാര്യമായ പരിപാടികളുള്ള ആ ദിവസം സുഹൃത്തുക്കളോ ബന്ധുക്കളോ വീട്ടിൽ വന്നുകയറുന്നതു് നിങ്ങൾക്കിഷ്ടമല്ല…
വാല്മീകി ഒരു ഛായാഗ്രഹണിയെപ്പറ്റി രാമായണത്തിൽ പറയുന്നുണ്ടു്. അവൾ രാക്ഷസിയാണു് നിങ്ങളുടെ നിഴൽ പിടിക്കുന്നതിലൂടെ നിങ്ങളെ പിടിച്ചു നിർത്തുവാൻ അവൾക്കു കഴിയും! ശതകങ്ങൾ കഴിഞ്ഞു വന്നെത്തുവാനിരിക്കുന്ന ഒരാധുനികസമസ്യ എത്രയോ മനോഹരമായി ഋഷി കവി ആവിഷ്കരിക്കുന്നു: ഒടുക്കം അവളെ സംഹരിക്കുന്നതു് ഹനുമാനാണു്. ലങ്കയിലേക്കു ചാടിയ ഘട്ടത്തിൽ വഴിമധ്യേ, സമുദ്രത്തിൽ വെച്ചു് ആ രാക്ഷസി നിഴൽക്കുത്തു വഴി ഹനുമാനെ തടഞ്ഞുനിർത്തി. സംഗതി മനസ്സിലാക്കിയ മാരുതി ഇടതുകാൽ കൊണ്ടു ചവിട്ടി ഛായാഗ്രഹണിയുടെ കഥ കഴിച്ചു.
പുരാണങ്ങളിലും ‘ഛായ’യെപ്പറ്റി പരാമർശങ്ങളുണ്ടു്—അതും സ്ത്രീ തന്നെ. വിശ്വകർമ്മാവിന്റെ പുത്രിയായ സംജ്ഞയുടെ പ്രതിരൂപം. സംജ്ഞയ്ക്കു ഭർത്താവായ സൂര്യനിൽ നിന്നു് മനു, യമൻ, യമി എന്നു് മൂന്നു് സന്താനങ്ങളുണ്ടായി ഭർത്താവിന്റെ ചൂടു് സഹിക്കാൻ നിവൃത്തിയില്ലാതെ അവൾ സ്വന്തരൂപത്തിൽ ‘ഛായ’ എന്ന മറ്റൊരു സ്ത്രീയെ സൃഷ്ടിച്ചു. ഭർത്താവായ സൂര്യന്റെ പരിചരണത്തിനു ഛായയെ ആക്കിയശേഷം സംജ്ഞ പിതാവിന്റെ അടുക്കലേക്കു പോയി. സൂര്യൻ പോലും ഈ സംഗതി ധരിച്ചില്ല. തന്നെ ശുശ്രൂഷിക്കുന്നതു് സംജ്ഞയാണെന്നുള്ള ധാരണയിൽ സൂര്യനു് ഛായയിൽ ശനി, സൗവർണ്ണമനു, തപതി എന്നു് മൂന്നു് മക്കളുണ്ടായി.
ഛായ താൻ പെറ്റ മക്കളെ കൂടുതൽ സ്നേഹിച്ചു. സംജ്ഞ പെറ്റവരിൽ പെട്ട യമൻ ഇതിൽ കുപിതനായി ഛായയെ ചവിട്ടാൻ കാലോങ്ങി. യമന്റെ കാലു് കൊഴിഞ്ഞുപോകട്ടെ എന്നു് ഛായ ശപിച്ചു. യമൻ അച്ഛനോടു പരാതി പറഞ്ഞു. തന്റെ കൂടെയുള്ളതു് യമനെ പ്രസവിച്ച സംജ്ഞ അല്ലായിരിക്കാം എന്നൊരു ചിന്ത അങ്ങനെയാണു് സൂര്യനു് വരുന്നത്. അമ്മയുടെ ശാപം അനുസരിച്ചു് കാലിന്റെ മാംസം താഴെ വീണു് കൃമികൾക്കു് ആഹാരമായി വരുമെന്നും യമൻ രക്ഷപ്പെടുമെന്നും അച്ഛൻ അനുഗ്രഹിച്ചു. അതിനുശേഷം സൂര്യൻ ഛായയുടെ നേർക്കു തിരിഞ്ഞു. സൂര്യന്റെ ക്രുദ്ധഭാവം കണ്ടു് അവൾ എല്ലാം തുറന്നുപറഞ്ഞു. ഉടനെത്തന്നെ സൂര്യൻ അവളെ ഉപേക്ഷിച്ചു സംജ്ഞയെ തിരികെക്കൊണ്ടുവന്നു.
പ്രകാശത്തിന്റെ അധിദേവനായ സൂര്യഭഗവാനുപോലും ഛായയെ തിരിച്ചറിയാനാവുന്നില്ല; ആ പ്രകാശപ്രഭവത്തിന്റെ കൂടെപ്പോലും ഛായ പൊറുത്തുകളയുന്നു! അതുകൊണ്ടു വന്നുകൂടുന്ന ആപത്തുകളോ? ഛായയെ അവനവനു് ബദലായി സങ്കൽപ്പിക്കുന്ന ഏതു് ആധുനിക മനുഷ്യനും ഉള്ള താക്കീതു് ഈ പുരാണകഥയിൽ അടങ്ങിയിട്ടുണ്ടു് എന്നു വിചാരിക്കണം: മറ്റുള്ളവരിൽ നിന്നു് അന്യനാകുന്നതിലൂടെ നിങ്ങൾ നിങ്ങളിൽ നിന്നു തന്നെ അന്യനാവുകയാണു്; മറ്റുള്ളവരിൽ നിന്നു് അകലുന്ന നിങ്ങൾ നിങ്ങളിൽനിന്നുതന്നെ അകലുകയാണു്; സ്വന്തം ജീവിതത്തിന്റെ ചൂടു താങ്ങാനാവാതെ അക്കാര്യം ഏതെങ്കിലും ഛായയ്ക്കു വിട്ടുകൊടുക്കുന്നതിലൂടെ നിങ്ങൾ ദുരന്തം വിലയ്ക്കു വാങ്ങുകയാണു്.
ഇന്നു് ഏതിനു നേരെയും ഒരു ചോദ്യം മനസ്സിലെങ്കിലും നേരത്തെ ചോദിക്കേണ്ടിവരുന്നു. ഇതു് എന്റെ ജീവിതമോ, അതോ അതിന്റെ ഛായയോ?
നിങ്ങൾക്കു പി. ടി. ഉഷ ഓടുന്നതു് നേരിൽ കാണണമെന്നില്ല, ടി. വി.-യിൽ കണ്ടാൽ മതി; ടി. വി.-യിൽ കാണണമെന്നില്ല, ചിത്രം കണ്ടാൽ മതി; ചിത്രം കാണണമെന്നില്ല, റേഡിയോ വാർത്ത കേട്ടാൽ മതി; വാർത്ത കേൾക്കണമെന്നില്ല, പത്രത്തിൽ വായിച്ചാൽ മതി; പത്രം വായിക്കണമെന്നില്ല, വല്ലവരും വായിക്കുന്നതു് കേട്ടാൽ മതി; വായിച്ചുകേൾക്കണമെന്നില്ല, അതിന്റെ വിശദവിവരം വായിച്ച ആരെങ്കിലും പറഞ്ഞു കേട്ടാൽ മതി; അതും വേണമെന്നില്ല, ഉഷയ്ക്കു എത്രാം സ്ഥാനം എന്ന വിവരം മാത്രം കേട്ടാൽ മതി… നിങ്ങൾ ആ യഥാർത്ഥ്യത്തിൽ നിന്നു് പിന്നെപ്പിന്നെ അകന്നകന്നുപോകുന്ന ദൃശ്യം ഇക്കൂട്ടത്തിൽ ഇതിനേക്കാൾ പ്രധാനമായ കാര്യം: നിങ്ങൾ ഓടുന്നില്ല. ഓടുകയല്ല, ഓടുന്നതിന്റെ ഛായ കാണുകയാണു് നിങ്ങൾക്കു ജീവിതം! ഇനി അബദ്ധത്തിനു നിങ്ങൾ ഒന്നോടി എന്നു വെയ്ക്കുക ആ ഓട്ടം ഓടുമ്പോഴല്ല, ഓടിയതിന്റെ ഛായ പത്രത്തിലും ടി. വി.-യിലും തെളിയുമ്പോഴാണു് നിങ്ങൾ ആഹ്ലാദിക്കുന്നതു്!
ആധുനിക ജീവിതസൗകര്യങ്ങളിലൂടെ കേരളീയരായ നാം മറ്റുള്ളവരിൽ നിന്നു് അകന്നു് പിന്നെപ്പിന്നെ ആത്മരതിക്കാരായി മാറികൊണ്ടിരിക്കുന്നു എന്നു ചുരുക്കം. ആ ആത്മരതിയുടെ നിലവിട്ട വളർച്ച ഇന്നു് നമുക്കു് ചുറ്റും മുറ്റിത്തഴയ്ക്കുന്ന ഛായാവനങ്ങളിൽ കാണാം.
ഛായയുടെ അർത്ഥം അവനവനെ കണ്ടെത്താൻ സഹായിക്കുക എന്നതായിരുന്നു. ആ ഒരു താല്പര്യത്തിൽ നാരായണഗുരു പ്രതിഷ്ഠിച്ച കണ്ണാടി നാം സ്വീകരിച്ചു സ്വന്തം ഛായ കാണുകയും ചെയ്തു. ഛായയിലൂടെ അവനവനെ അന്വേഷിക്കുന്നതിനു പകരം അവനവനിലൂടെ ഛായയെ അന്വേഷിക്കുന്ന വശംതിരിഞ്ഞ ഒരു രീതിയും ഒപ്പം വളർന്നു വന്നു: കണ്ണാടിയിൽ എന്തും വശം തിരിഞ്ഞിരിക്കുമല്ലോ.
അങ്ങനെ നാം വീടുനിറയെ കണ്ണാടികൾ പ്രതിഷ്ഠിക്കുന്നു. ക്ഷൗരക്കടകളിലും ഹോട്ടലുകളിലും റെയിവേസ്റ്റേഷനുകളിലും പൊതുസ്ഥലങ്ങളിലും നാം കണ്ണാടികൾ പ്രതിഷ്ഠിക്കുന്നു. നമ്മുടെ ചുമരും വാതിലും എല്ലാം കണ്ണാടിയായി മാറിക്കഴിഞ്ഞിരിക്കുന്നു.
ബാങ്ക്മെൻസ് ക്ലബ്ബ് സ്മരണിക: 1988.
മുഴുവൻ പേരു്: മുഹ്യുദ്ദീൻ നടുക്കണ്ടിയിൽ. കോഴിക്കോട് ജില്ലയിലെ കാരശ്ശേരി എന്ന ഗ്രാമത്തിൽ 1951 ജൂലായ് 2-നു് ജനിച്ചു. പിതാവു്: പരേതനായ എൻ. സി. മുഹമ്മദ് ഹാജി. മാതാവു്: കെ. സി. ആയിശക്കുട്ടി. കാരശ്ശേരി ഹിദായത്തുസ്സിബിയാൻ മദ്രസ്സ, ഐ. ഐ. എ. യു. പി. സ്ക്കൂൾ, ചേന്ദമംഗല്ലൂർ ഹൈസ്ക്കൂൾ, കോഴിക്കോട് ഗുരുവായൂരപ്പൻ കോളേജ്, കാലിക്കറ്റ് സർവ്വകലാശാലാ മലയാളവിഭാഗം എന്നിവിടങ്ങളിൽ പഠിച്ചു. സോഷ്യോളജി-മലയാളം ബി. എ., മലയാളം എം. എ., മലയാളം എം. ഫിൽ. പരീക്ഷകൾ പാസ്സായി. 1993-ൽ കാലിക്കറ്റ് സർവ്വകലാശാലയിൽ നിന്നു് ഡോക്ടറേറ്റ്. 1976–78 കാലത്തു് കോഴിക്കോട്ടു് മാതൃഭൂമിയിൽ സഹപത്രാധിപരായിരുന്നു. പിന്നെ അധ്യാപകനായി. കോഴിക്കോട് ഗവ. ആർട്സ് ആന്റ് സയൻസ് കോളേജ്, കോടഞ്ചേരി ഗവ. കോളേജ്, കോഴിക്കോട് ഗവ: ഈവനിങ്ങ് കോളേജ് എന്നിവിടങ്ങളിൽ ജോലി നോക്കി. 1986-മുതൽ കാലിക്കറ്റ് സർവ്വകലാശാലാ മലയാളവിഭാഗത്തിൽ.
പുസ്തകങ്ങൾ: പുലിക്കോട്ടിൽകൃതികൾ (1979), വിശകലനം (1981), തിരുമൊഴികൾ (1981), മുല്ലാനാസറുദ്ദീന്റെ പൊടിക്കൈകൾ (1982), മക്കയിലേക്കുള്ള പാത (1983), ഹുസ്നുൽ ജമാൽ (1987), കുറിമാനം (1987), തിരുവരുൾ (1988), നവതാളം (1991), ആലോചന (1995), ഒന്നിന്റെ ദർശനം (1996), കാഴ്ചവട്ടം (1997) തുടങ്ങി എൺപതിലേറെ കൃതികൾ.
ഭാര്യ: വി. പി. ഖദീജ, മക്കൾ: നിശ, ആഷ്ലി, മുഹമ്മദ് ഹാരിസ്.