സൈഗാളിന്റെ സോജാ രാജകുമാരിയോ പങ്കജ് മല്ലിക്കി ന്റെ ഏതെങ്കിലും പാട്ടോ ബേപ്പൂരിലെ ആ ഇടവഴിയിൽനിന്നുതന്നെ നിങ്ങൾ കേട്ടുതുടങ്ങും. കയറിച്ചെല്ലുമ്പോൾ വൈക്കം മുഹമ്മദ് ബഷീർ പാട്ടിൽ ലയിച്ചു്, കണ്ണടച്ചു് വീട്ടുമുറ്റത്തെ മാങ്കോസ്റ്റിന്റെ തണുപ്പിൽ ചാരുകസാലയിൽ കിടപ്പുണ്ടാകും. കഷണ്ടിയിൽ പൊന്നുപൂശിക്കൊണ്ടു് മാങ്കോസ്റ്റിന്റെ മറവിൽ സൂര്യൻ. മുന്നിലെ സ്റ്റൂളിന്മേൽ പത്രമാസികകളും കത്തുകളും ചിതറിക്കിടക്കുന്നു. തൊട്ടടുത്തു് ഫ്ളാസ്കിൽ സുലൈമാനി എന്നു പേരായ കട്ടൻചായ. മടിയിൽ തീപ്പെട്ടിയും ബീഡിയും. നിങ്ങൾ വന്നതറിഞ്ഞു് തലയ്ക്കു പിറകിൽ കസാലയിൽ പിണച്ചുവെച്ച കൈകൾ സ്വതന്ത്രമാക്കി, ആരാധകരും സുഹൃത്തുക്കളും ‘സുൽത്താൻ’ എന്നു വിളിക്കുന്ന ആ മനുഷ്യൻ നിവർന്നിരിക്കുന്നു. ഇപ്പോൾ റേഡിയോഗ്രാമിലെ പാട്ടു് നേർത്തു്, പശ്ചാത്തലസംഗീതം മാത്രമായിത്തീർന്നിട്ടുണ്ടു്.
ആരെന്നു് നോക്കാതെ സൗമ്യമായി പറയുന്നു: ‘ഇരിക്കു്.’
ആരാണെന്നു് ചോദിക്കുമെന്നു് കരുതിയെങ്കിൽ നിങ്ങൾക്കു തെറ്റി.
‘എവിടെനിന്നു് വരുന്നു?’
നിങ്ങൾ സ്ഥലപ്പേരു് പറഞ്ഞു കഴിയുമ്പോൾ പതിവു് ചോദ്യം വരുന്നു: ‘ആഹാരം കഴിച്ചതാണോ?’
—ബഷീർ തന്നെക്കാണാൻ വീട്ടിലെത്തുന്നവരോടു് കാര്യമായി അന്വേഷിക്കുന്ന സംഗതി അതാണു്: വിശക്കുന്നുണ്ടോ? ഏറ്റവും വലിയ ജീവിത യാഥാർത്ഥ്യം എന്ന നിലയിൽ വിശപ്പിനെ അറിഞ്ഞ മനുഷ്യൻ മറ്റെന്തു ചോദിക്കാനാണു് !
എത്രയോ വർഷം, കോഴിക്കോട് നഗരത്തിനു് സമീപമുള്ള ബേപ്പൂരിലെ ‘വൈലാലിൽ’ വീട്ടിലേക്കു് ആളുകൾ ചെന്നുകൊണ്ടിരുന്നു. അക്കൂട്ടത്തിൽ ഭരണാധികാരികളുണ്ടു്, രാഷ്ട്രീയനേതാക്കന്മാരുണ്ടു്, ഉദ്യോഗസ്ഥപ്രമുഖരുണ്ടു്, എഴുത്തുകാരുണ്ടു്, സിനിമാക്കാരുണ്ടു്, തൊഴിലാളികളുണ്ടു്, വ്യവസായികളുണ്ടു്, വിദ്യാർത്ഥികളുണ്ടു്, പിച്ചക്കാരുണ്ടു്, ഭ്രാന്തന്മാരുണ്ടു്, പത്രപ്രവർത്തകരുണ്ടു്, ലൈംഗികത്തൊഴിലാളികളുണ്ടു്, മതപുരോഹിതന്മാരുണ്ടു്… ആണും പെണ്ണും… വിവിധ പ്രായക്കാർ… പല നിലയിലുള്ളവർ… പല നാട്ടുകാർ… പല ഭാഷക്കാർ…
ബഷീർ അവരോടു് വെറുതെ വർത്തമാനം പറയുകയാണു്. അത്ര ഗഹനമായ കാര്യങ്ങളൊന്നുമല്ല. സാധാരണ സംഗതികൾ, വീട്ടുവിശേഷങ്ങൾ, നാട്ടുകാര്യങ്ങൾ പട്ടിണിയെപ്പറ്റി, അനീതികളെപ്പറ്റി, സ്ത്രീകൾ നേരിടുന്ന അന്യായങ്ങളെപ്പറ്റി, ഭരണാധിപന്മാരുടെ കൊള്ളരുതായ്മകളെപ്പറ്റി അങ്ങനെ പറഞ്ഞുപോകും. ആ വകുപ്പിൽ, ആരു് എന്തു പറഞ്ഞാലും കേട്ടിരിക്കും. ധാർമ്മികരോഷം പരിഹാസത്തിൽ മുക്കിയാണു് അവതരിപ്പിക്കുക. സാഹിത്യത്തെപ്പറ്റി അദ്ദേഹം സംസാരിക്കാറില്ല. ആർക്കും അവിടെ ഇരിപ്പിടമുണ്ടു്. സുലൈമാനിയുണ്ടു്. തുല്യമായ പരിഗണനയുണ്ടു്. നിങ്ങളുടെ ഏതു് ബേജാറും അദ്ദേഹം ശ്രദ്ധിക്കും. അദ്ദേഹം അധികാരിയോ, സമ്പന്നനോ ഒന്നുമല്ല; താൻ തന്നെ പറയാറുള്ളതുപോലെ വെറുമൊരു ‘എഴുത്തുതൊഴിലാളി’. അവിടെ നിങ്ങളുടെ പ്രശ്നങ്ങൾക്കു് പ്രായോഗികപരിഹാരങ്ങളൊന്നുമില്ല. എങ്കിലും സ്നേഹസാന്ദ്രമായ ആ അന്തരീക്ഷവും ശ്രദ്ധാപൂർവ്വമായ ആ ശ്രവണവും ആശ്വാസനിർഭരമായ ആ വാക്കുകളും നിങ്ങളെ തണുപ്പിക്കും. നിങ്ങൾ എണീക്കുമ്പോൾ ആ ക്ഷീണിച്ച വലംകൈ അനുഗ്രഹമുദ്രയോടെ ഉയരുന്നു: ‘ലോകാഃ സമസ്താഃ സുഖിനോ ഭവന്തു’ സ്ത്രീകൾക്കുവേണ്ടി നേരുന്നു: ‘ദീർഘസുമംഗലീ ഭവ’. ബഷീറിന്റെ സംസ്കൃതപാണ്ഡിത്യം ഇത്തരം ചില സുവചനങ്ങളിൽ ഒതുങ്ങുന്നു.
ഈ എഴുത്തുകാരന്റെ ഇഷ്ടപ്പെട്ട കല സാഹിത്യമല്ല; സംഗീതമാണു്. അദ്ദേഹം പാട്ടു് എഴുതിയിട്ടില്ല, പാട്ടിനു് സംഗീതം രചിച്ചിട്ടില്ല, പാട്ടു് പാടിയിട്ടില്ല. ഏതെങ്കിലും വാദ്യം വായിച്ചിട്ടും ഇല്ല. വെറും കേൾവിക്കാരനാണു്. എത്രനേരം പാട്ടുകേട്ടിരുന്നാലും മൂപ്പർക്കു മുഷിയില്ല. പാട്ടുകാരെപ്പറ്റി ആവേശത്തോടെ സംസാരിക്കും. അധികവും ഹിന്ദുസ്ഥാനി ഗായകരെപ്പറ്റിയാണു്. സൈഗാൽ, പങ്കജ്മല്ലിക്ക്, ദിലീപ് കുമാർ റോയ്, ബിംഗ് ക്രോസ് ബി, പോൾ റോബ്സൺ, അബ്ദുൾകരീം ഖാൻ, കനാൻദേവി, കുമാരി മജുംദാസ് ഗുപ്ത, ഖുർഷിദ്, ജൂതി കാറേ, എം. എസ്. സുബ്ബലക്ഷ്മി, സി. എച്ച്. ആത്മ തുടങ്ങിയവരിലാണു് കമ്പം. പങ്കജ് ഉഡാസ്, തലത്ത് അസീസ് തുടങ്ങിയ ചെറുപ്പക്കാരോടുപോലും ആരാധന. പഴയ മട്ടിലുള്ള ഗ്രാമഫോണും ഇത്തരം അനവധി റെക്കോർഡുകളും എന്നും മൂപ്പരുടെ കൂടെയുണ്ടായിരുന്നു. അനവധി നാടുകളിൽ തെണ്ടിയലഞ്ഞിട്ടുളള ബഷീർ എന്നും അതൊക്കെ കൂടെ കൊണ്ടുനടന്നു. പുതിയ മട്ടിലുള്ള റേഡിയോഗ്രാമും സ്റ്റീരിയോവും എല്ലാം സ്വന്തം. നിരവധി നാടുകളിൽനിന്നു് നിരവധി ഭാഷകളിലുള്ള മികച്ച ഗായകരുടെ റെക്കോർഡുകൾ മൂപ്പർ സമ്പാദിച്ചിട്ടുണ്ടു്. പുസ്തകങ്ങളല്ല, പാട്ടുകളാണു് അദ്ദേഹം ശേഖരിച്ചിരുന്നതു്. ബഷീറിന്റെ കൈവശം അത്തരം അമൂല്യമായ ഒരു ശേഖരമുണ്ടായിരുന്നു. സാധാരണ സിനിമാപാട്ടുകൾ കാര്യമാക്കിയിരുന്നില്ല. സംഗീതസദസ്സുകൾ കോഴിക്കോട്ട് എപ്പോൾ നടന്നാലും ബഷീർ മുൻനിരയിൽ കാണും. സാഹിത്യസദസ്സുകളിൽ ഈ കഥാകൃത്തിനെ കണ്ടുകിട്ടുകയില്ല.
കഴിഞ്ഞ കാൽനൂറ്റാണ്ടിനിടയ്ക്കു് എത്രയോ തവണ ആ വീട്ടിൽ പോയിട്ടുള്ള ഞാൻ കനപ്പെട്ട എന്തെങ്കിലും പുസ്തകം മൂപ്പർ വായിക്കുന്നതു് കണ്ടിട്ടില്ല. തീരെ ഇല്ലെന്നു് പറഞ്ഞുകൂടാ. ഒരിക്കൽ നീലച്ചട്ടയുള്ള ഒരു തടിയൻ ഇംഗ്ലീഷ് പുസ്തകം കൈയിലിരിക്കുന്നു. ‘മോപ്പസാങ്ങിന്റെ സമ്പൂർണ്ണകഥകൾ’ ആണു് സാധനമെന്നു് ചട്ട കണ്ടു് മനസ്സിലാക്കിയെങ്കിലും ഞാൻ ചോദിച്ചു:
‘ഏതാണു് കിത്താബ്?’
അതിനു് മറുപടി പറയാതെ ‘ഓ’ എന്നു പറഞ്ഞു് അതു് സ്റ്റൂളിൽവെച്ചു് അതിനുമുകളിൽ ഏതോ പത്രം സ്ഥാപിച്ചുകളഞ്ഞു. ഞാൻ വല്ല സാഹിത്യചർച്ചയും നടത്തിക്കളയും എന്നു പേടിച്ചുകാണണം!
ഒന്നു ചൊടിപ്പിച്ചുകളയാം എന്നുവച്ചു് ഞാൻ ചോദിച്ചു: മോപ്പസാങ്ങ് ആണു് അല്ലേ? അദ്ദേഹത്തിന്റെ കഥകളൊക്കെ വായിച്ചിട്ടുണ്ടോ?
‘ചെറുപ്പത്തിൽ ചിലതൊക്കെ വായിച്ചിട്ടുണ്ടു്. നിങ്ങളുടെ വീടുപണി എന്തായി?’
—ചർച്ച വേണ്ട എന്നു ചുരുക്കം.
എഴുത്തിന്റെ കാര്യവും ഇങ്ങനെത്തന്നെ. എഴുതിക്കൊണ്ടിരിക്കുന്നതിനെപ്പറ്റി ഡയലോഗില്ല. ന്യായം: പറഞ്ഞാൽപ്പിന്നെ എഴുതില്ല. എഴുതിക്കൊണ്ടിരിക്കുന്നതു് കണ്ടുകൊണ്ടുചെന്നാൽ അതു് നിർത്തി കടലാസുകൾ പത്രത്തിലേക്കു് പൂഴ്ത്തിവെച്ചു് വർത്തമാനത്തിനിരിക്കും. അതിനെപ്പറ്റി ചോദിക്കരുതേ എന്നു വ്യംഗ്യം.
തനിക്കുനേരെ വരുന്ന വിമർശനങ്ങളെപ്പറ്റി ബഷീർ അങ്ങേയറ്റത്തെ സഹിഷ്ണുത പുലർത്തി എന്നു് പലരും പറയാറുണ്ടു്. അതു് മുഴുവൻ ശരിയല്ല. ഒരു മാതിരിയൊക്കെ വിട്ടുകളയും. അല്ലാത്തതിന്റെ നേരെ ക്ഷോഭിക്കും. പക്ഷേ, അതു് നിമിഷത്തേക്കേ കാണൂ. ആ ഒരു പൊട്ടിത്തെറിയിൽ എല്ലാം തീർന്നു. പകയില്ല, വിരോധമില്ല. അങ്ങനെയൊന്നു് നടന്നു എന്നുപോലും ബഷീർ പിന്നെ ഓർക്കുന്നുണ്ടാവില്ല. കുടുംബാംഗങ്ങളോടു് കഠിനമായി ദേഷ്യപ്പെട്ടാലും സ്ഥിതി ഇതാണെന്നു് ഭാര്യ ഫാബി പറഞ്ഞുകേട്ടിട്ടുണ്ടു്.
വളരെ അലിവുള്ള മനുഷ്യനായിരുന്നു ബഷീർ. ഈ അലിവു് ഏറെയും കണ്ടിരുന്നതു് മറ്റുള്ളവർ നിസ്സാരന്മാരാക്കി തള്ളിക്കളയുന്ന ആളുകളോടുള്ള മനോഭാവത്തിലാണു്. വേശ്യകളോടും കള്ളന്മാരോടുമെല്ലാം തന്റെ പുസ്തകങ്ങൾ കാണിച്ചതിലുമധികം ദയവു് ആ മനുഷ്യൻ കാണിച്ചിട്ടുണ്ടു്. ഒരു കള്ളൻ ബഷീറിനെ വിളിച്ചിരുന്നതു് ‘ഉസ്താദ്’ എന്നാണു്! പല ദിവസവും അയാൾ വൈലാലിൽ വീട്ടിൽ ചെല്ലും. കൈനീട്ടം കിട്ടാനാണു്. ബഷീർ ഒരു രൂപാ നാണയം കൊടുക്കും. ‘സുഖമോഷണ’വും ആശംസിക്കും! കള്ളന്റെ നെറുകയിലേക്കുപോലും ആ അനുഗ്രഹമുദ്ര നീണ്ടുചെല്ലുന്നു… അതിലൂടെ കള്ളനെ സൃഷ്ടിച്ച സമൂഹത്തെ വിമർശിക്കുകയാവാം; മറ്റുപല ‘മാന്യ’മായ പേരുകളിലും സമൂഹത്തിൽ പുലർന്നുപോരുന്ന കള്ളന്മാരെ പരിഹസിക്കുകയാവാം; ആ കള്ളന്റെ ഉള്ളിലും ഒരു മനുഷ്യജീവി കൂടിയിരിക്കുന്നുണ്ടു് എന്നു് മറ്റുള്ളവരെ ഓർമ്മിപ്പിക്കുകയാവാം; സ്നേഹചിഹ്നങ്ങളിലൂടെ ആ കള്ളന്റെ ഉള്ളിലെ മനുഷ്യനെ വീണ്ടെടുക്കുവാൻ ഉത്സാഹിക്കുകയാവാം;സമൂഹം സൃഷ്ടിവെച്ച ശരി–തെറ്റുകളുടെ പൊള്ളത്തരം എടുത്തുകാണിക്കുകയാവാം…
ബഷീറിനു് കാര്യമായി വസ്ത്രം ധരിക്കാൻ ഇഷ്ടമുണ്ടായിരുന്നില്ല. ലളിതവും വിനീതവുമായ സ്വന്തം വീടിന്റെ പരിസരങ്ങളിലെവിടെയും ഒറ്റമുണ്ടും ചുറ്റിയാണു് ഇരിപ്പും നടപ്പും. അദ്ദേഹത്തിന്റെ അനേകായിരം ഫോട്ടോകളിൽ പതിഞ്ഞിട്ടുളള രൂപവും ഇതുതന്നെ. എനിക്കു് ആടയാഭരണങ്ങളിൽ അശേഷം താല്പര്യമില്ല എന്നു് അച്ചുവടിവിൽ വെച്ചുകാച്ചും. ജുബ്ബയിട്ടു് വീട്ടിലിരുന്നു് കണ്ടിട്ടേയില്ല. നഗ്നതയുടുത്തു കഴിയാനായിരുന്നു മോഹം. പിന്നെ മുണ്ടുചുറ്റി അങ്ങനെയിരിക്കും എന്നുമാത്രം. ലോകത്തിന്റെ നാനാ ഭാഗത്തുനിന്നും കത്തുകൾ വരും. ആരാധികമാരായ പെൺകിടാങ്ങളുടെ കത്തുകളെപ്പറ്റി സാധാരണയായിപ്പറയുന്നതു് പ്രേമലേഖനം എന്നാണു്. അക്കൂട്ടത്തിൽ പ്രേമലേഖനങ്ങൾക്കും പഞ്ഞമില്ലായിരുന്നു! എല്ലാം പച്ചയായി, പരസ്യമായി ഭാര്യയും മക്കളും കേൾക്കെ പറയും. ഇതിനൊക്കെ തരംപോലെ മറുപടി അയച്ച കിസ്സയും വിസ്തരിക്കും. ഒന്നും ഒളിക്കാനില്ല. ചെയ്തതും പറഞ്ഞതും വിചാരിച്ചതുമെല്ലാം പരസ്യമാണു്. ഏറ്റവും അടുത്ത ആൾ നിങ്ങളോടു് പറയാൻ ഇഷ്ടപ്പെടാത്ത രഹസ്യംപോലും ബഷീർ നിങ്ങളോടു് പറയും.
ബഷീർ പൊട്ടിച്ചിരിക്കാറില്ല. ഫലിതം പറയുന്നു എന്നു ഭാവിക്കാറില്ല. സത്യത്തിൽ അദ്ദേഹം ഫലിതം പറയുകയല്ല, തന്റെ സവിശേഷമായ രീതിയിൽ കാര്യം പറയുകയാണു്. ആ ശബ്ദത്തിനുതന്നെ വാക്കുകൊണ്ടു വിശദീകരിക്കാൻ കഴിയാത്ത ഏതോ നർമസ്പർശമുണ്ടു്. കൈയാംഗ്യങ്ങളും മുഖഭാവചേഷ്ടകളും ശകലം അഭിനയവും അനുകരണങ്ങളുമെല്ലാം ചേർത്താണു് അവതരണം. ആ മുഖത്തു് അപ്പോൾ ഒരു നേർത്ത പുഞ്ചിരി കാണും. പുതിയ വാക്കുകളും പുതിയ പ്രയോഗരീതികളും പൊടുന്നനെ ഉരുവംകൊള്ളുന്നതു് കാണുമ്പോൾ നിങ്ങൾ ചിരിച്ചുകുഴങ്ങുന്നു.
മൂപ്പർ അപൂർവ്വമായേ യോഗങ്ങൾക്കു് പോകാറുള്ളൂ. ഒരിക്കൽ കോഴിക്കോട്ടെ ഒരു സദസ്സിൽവച്ചു് ഏതോ ഉദ്ഘാടനകർമ്മം നിർവ്വഹിച്ചിട്ടു് പറഞ്ഞു: കരുണാമയനായ അല്ലാഹു എല്ലാവർക്കും ശാന്തിയും സുഖവും പ്രദാനം ചെയ്യട്ടെ. ഞാൻ ഈ സദസ്സിലെ പെണ്ണുങ്ങൾക്കു് കൂടുതൽ സൗന്ദര്യം നേരുന്നു. അടുത്ത നിമിഷം കൂട്ടിച്ചേർത്തു: ആണുങ്ങൾക്കു് ഇപ്പോഴുള്ള സൗന്ദര്യമൊക്കെ മതി!
1985: ഷാബാനുവിവാദകാലം. ശരീഅത്ത്ചർച്ചകൾ എങ്ങും പൊടിപൊടിക്കുന്നു. ശരീഅത്തിന്റെ ദുരുപയോഗത്തെക്കുറിച്ചും ആണുങ്ങൾ കാണിക്കുന്ന അന്യായത്തെക്കുറിച്ചും സംസാരിക്കുന്നതിനിടയ്ക്കു് പറഞ്ഞു: ഇമ്മാതിരി ആണുങ്ങളുടെയൊക്കെ ‘പെണ്ണ്കെട്ട്യന്ത്രം’ മുറിച്ചു് കഴുത്തിൽ കെട്ടിത്തൂക്കണം.
ടി. വി.-ക്കാർക്കുവേണ്ടി നടത്തിയ ഒരു അഭിമുഖത്തിൽ ഫ്രിഡ്ജിനെപ്പറ്റി പറയുന്നതിനിടയിൽ വാഷിങ്മെഷീൻ പരാമർശിക്കേണ്ടിവന്നു: ബഷീർ പറഞ്ഞതു് തിരുമ്പുന്ന ഫ്രിഡ്ജ് എന്നാണു്!
ഫോട്ടോഗ്രാഫർമാരുടെ നിരന്തര ശല്യത്തെപ്പറ്റിയുള്ള കമന്റ്: ഫോട്ടോ എടുത്തെടുത്തു് എന്റെ മുഖം തേഞ്ഞുപോയി.
ഈശ്വരവിശ്വാസിയായിരുന്നു ബഷീർ. ഞാൻ മുസ്ലിമാണു് എന്നു് ഇടയ്ക്കിടയ്ക്കു് പറയും. പക്ഷേ, ഏതെങ്കിലും മതത്തിന്റെ ആചാരാനുഷ്ഠാനങ്ങളിൽ അദ്ദേഹത്തിനു് എന്നെങ്കിലും താത്പര്യമുണ്ടായിരുന്നോ എന്നു് സംശയമാണു്. അദ്ദേഹം ആ മട്ടിൽ എന്തെങ്കിലും അനുഷ്ഠിക്കുന്നതു് കാണുകയോ കേൾക്കുകയോ ചെയ്തിട്ടില്ല. സ്നേഹത്തെപ്പറ്റിയാണു് എപ്പോഴും പറയുക. കരുണാമയനായ അല്ലാഹു എന്നു് ആവർത്തിച്ചുപറയും.
ഏതു സമയത്തും അദ്ദേഹം ഓർമ്മിക്കുന്നതും പറയുന്നതും മരണത്തെപ്പറ്റിയാണു്. അതു് ഇന്നലെയോ മിനിഞ്ഞാന്നോ തുടങ്ങിയതല്ല. പണ്ടേയുണ്ടു്. സ്വന്തം ജീവിതത്തിന്റെയും പ്രപഞ്ചങ്ങളായ സർവ്വപ്രപഞ്ചങ്ങളുടെയും നശ്വരതയെപ്പറ്റി, ആ ശാശ്വതസത്യത്തിന്റെ ദുഃഖത്തെപ്പറ്റി, ബഷീർ എപ്പോഴും ആധികൊണ്ടിരുന്നു. വർത്തമാനങ്ങൾ തുടങ്ങുന്നതു് മിക്കനേരത്തും മരണത്തെപ്പറ്റി പറഞ്ഞുകൊണ്ടാവും. ഇടയ്ക്കിടെ അവിടേക്കു് മടങ്ങിയെത്തും. അദ്ദേഹം നിരന്തരമായി ആവർത്തിക്കുന്നു: ഒന്നുള്ളതു്, സമയമില്ല. ആരു് എപ്പോൾ മരിച്ചുവീഴും എന്നറിഞ്ഞുകൂടാ. കരുണാമയനായ അല്ലാഹുവിന്റെ ഖജനാവിൽ മാത്രമേ അനന്തമായ സമയമുള്ളൂ.
മരണാനന്തരജീവിതത്തിൽ അദ്ദേഹം വിശ്വസിച്ചിരുന്നു. അതിന്റെ വിശദാംശങ്ങൾ ഒരിക്കലും ചർച്ചാവിഷയമാക്കിയിരുന്നില്ല. ‘പ്രലോഭനീയമായ സ്വർഗ്ഗത്തിൽ’ താത്പര്യമുളളതായോ, ‘ഭീഷണമായ നരക’ത്തിൽ പേടിയുള്ളതായോ ബഷീർ പറഞ്ഞുകേട്ടിട്ടില്ല. എന്നും എപ്പോഴും എല്ലാ പരേതാത്മാക്കൾക്കും അദ്ദേഹം ‘ശാന്തി’ ആശംസിച്ചിരുന്നു.
ആ അലിവും സ്നേഹവും മനുഷ്യർക്കു് മാത്രമുള്ളതായിരുന്നില്ല:
ബഷീർ ചായ കുടിച്ചു് ഗ്ലാസ് കമഴ്ത്തിവെക്കുന്നതു് പലപ്പോഴും കണ്ടിട്ടുണ്ടു്. ഒരിക്കൽ ഞാൻ ചോദിച്ചു.
‘എന്തിനാണു് ഗ്ലാസ് തലകുത്തനെ വെക്കുന്നതു്?’
‘വല്ല വിവരവുമുണ്ടോ? പൊന്നുസാറേ, ഈ ഗ്ലാസിൽ ച്ചിരിപ്പിടിയോളം ചായ ബാക്കി കാണും. ഉറുമ്പുകൾ വന്നു വീണു ചാവും. അതൊഴിവാക്കാനാണു്.’
എന്റെ ഓർമ്മയിൽ തെളിഞ്ഞുനില്ക്കുന്ന ഒരു രംഗം: ഞാൻ കയറിച്ചെല്ലുമ്പോൾ ബഷീർ വീട്ടുമുറ്റത്തുനിന്നു് ഭയങ്കരമായി ഒച്ചവെക്കുന്നു. മുമ്പിൽ ഏകപുത്രി ഷാഹിന. മക്കൾ ‘റ്റാറ്റ’ എന്നു വിളിക്കുന്ന ഈ പിതാവിനു് ഇതെന്തുപറ്റി? എന്നെ കണ്ടിട്ടും മൂപ്പർക്കു് ഭാവഭേദമൊന്നുമില്ല. തൊള്ളയും വിളിയും കുറയുന്നുമില്ല. ഞാൻ ചോദിച്ചു:
‘എന്താണു് കേസ്സ്?’
മകൾ ചിരിച്ചുകൊണ്ടു് പറഞ്ഞു:
‘ഞാൻ ഈ റോസാച്ചെടിയിലെ പുഴുവിനെ തട്ടിക്കളഞ്ഞു. അതിനാണു് ലഹള.’
എനിക്കു് മനസ്സിലായില്ല. വീട്ടിലെന്നപോലെ സ്വാതന്ത്ര്യസമരഭടനായി കിടക്കേണ്ടിവന്ന ജയിലുകളിലും മനോരോഗിയായി കിടക്കേണ്ടിവന്ന ഭ്രാന്താശുപത്രിയിലുമെല്ലാം പൂങ്കാവനങ്ങൾ വെച്ചുപിടിപ്പിക്കുന്ന ആളാണു് ബഷീർ. അദ്ദേഹത്തിനു് പ്രിയങ്കരമായ ഒരു പദമാണു് പൂങ്കാവനം. മകൾക്കും ഈ സംഗതിയിൽ നല്ല താത്പര്യമുണ്ടു്.
മകൾ വിശദീകരിച്ചു:
‘റ്റാറ്റ പറയുകയായിരുന്നു, റോസാച്ചെടി നിനക്കു് കാണാനെന്നതു പോലെ പുഴുവിനു് തിന്നാനും ഉള്ളതാണു്. അതിനെ തട്ടിത്തെറിപ്പിക്കാൻ ആരു് നിനക്കു് അധികാരം തന്നു?’
കുറേക്കൊല്ലം മുമ്പാണു്. ഞങ്ങൾ ഒരുമിച്ചു് ബേപ്പൂർ അങ്ങാടിയിൽ പോയി. മീൻ വാങ്ങാനാണു്. വീട്ടിൽ നിന്നിറങ്ങുമ്പോൾ ഞാൻ ഓർമ്മിപ്പിച്ചു: ‘ചെരിപ്പു് ഇട്ടില്ല.’
ഉടനെ വന്നു മറുപടി: ‘എനിക്കു് ചെരിപ്പില്ല.’
അപ്പോഴാണു് ഞാനോർത്തതു്—ഈ മനുഷ്യൻ ചെരിപ്പിട്ടു് കണ്ടിട്ടില്ലല്ലോ.
നിരവധി വർഷങ്ങൾക്കു ശേഷം അതേപ്പറ്റി ഞാൻ ചോദിച്ചു. കുറച്ചു നേരം എന്റെ മുഖത്തേക്കു സൂക്ഷിച്ചുനോക്കിയിരുന്നശേഷം സവിശേഷവും അഗാധവുമായ സ്വരത്തിൽ ബഷീർ മറുപടി പറഞ്ഞു:
‘ഈ ഭൂമിയിൽ ചെരിപ്പിട്ടു് ചവിട്ടാൻ എനിക്കു് പ്രയാസം തോന്നും. എത്രയോ കാലമായി, അതൊന്നുമില്ല.’
കളിയും കാര്യവും വകതിരിക്കാനാവാത്ത വിധമാണു് വർത്തമാനവും പെരുമാറ്റവും.
ഒരു തവണ ഞാൻ ചെന്നപ്പോൾ കുറേ കളർഫോട്ടോകൾ എന്നെക്കാണിച്ചു—ബഷീർ ഭാര്യയ്ക്കും മക്കൾക്കും നോട്ടുകൾ കൊടുക്കുന്ന രംഗങ്ങളാണു്. വിശദീകരണം വന്നു: ‘ആരുടെയെങ്കിലും ഭാര്യയോ മക്കളോ കിട്ടിയ കാശു് മുഴുവൻ കിട്ടി എന്നു് നാളിതുവരെ സമ്മതിച്ചിട്ടുണ്ടോ? ആദിപുരാതീനമായ സംഗതിയാണിതു്. എനിക്കു് തെളിവുണ്ടു്. മനസ്സിലായോ? ചുമ്മാ പോ.’
ഇത്തരം പ്രായോഗികതമാശകൾക്കിടയിൽ വളരെ ഗൗരവമായി അദ്ദേഹം തന്നെക്കാണാനെത്തുന്ന യക്ഷികളെപ്പറ്റി പറയും. യഥാർഥവും അയഥാർഥവുമായ സംഗതികൾക്കിടയിലുള്ള മതിലുകൾ മാഞ്ഞുപോയതുപോലെ. യക്ഷികളുടെ സൗന്ദര്യത്തെപ്പറ്റിയും വർത്തമാനം പറച്ചിലിനെപ്പറ്റിയും കണ്ണിൽ കണ്ടതുപോലെ വിസ്തരിക്കും. സംഗതി സത്യമാണെന്നു് ആണയിടും.
ഒരു തവണ എന്നോടു് പറഞ്ഞതു് മുഹമ്മദ് നബി തന്നെക്കാണാൻ വന്നു എന്നാണു്!
വിശദീകരണം:
‘നബി മാത്രമല്ല, കേട്ടോ. അലിയും കൂടെയുണ്ടായിരുന്നു. അലി ആരാണെന്നറിയാമോ? അദ്ദേഹത്തിന്റെ മകൾ ഫാത്തിമയുടെ പുന്നാരപുതിയാപ്പിളയാണു്. രണ്ടു പേരും കൂടിയാണു് വന്നതു്. കുറേനേരം വർത്തമാനം പറഞ്ഞിരുന്നിട്ടു് അവർ പോയി.’
ഞാൻ ചോദിച്ചു:
‘അവർക്കും സുലൈമാനി കൊടുത്തോ?’
‘കൊടുത്തു.’
‘അവർ വന്നതിനു് വല്ല തെളിവുമുണ്ടോ?’
ഉടനെ അദ്ദേഹം ചാരുകസാലയ്ക്കു് വലതുവശത്തുള്ള പനിനീർച്ചെടികൾ ചൂണ്ടിക്കാട്ടി. രണ്ടെണ്ണമുണ്ടു്. ഒന്നിൽ മനോഹരമായ ഒരു ചുവന്ന പൂവു് വിടർന്നു നില്ക്കുന്നു. മറ്റേത് വാടിക്കരിഞ്ഞുപോയിരിക്കുന്നു.
‘കണ്ടോ, ഇതു് രണ്ടും അവർ നട്ടതാണു്. പൂവുള്ളതാണു് നബി നട്ട തൈ. മറ്റേതു് അലി നട്ടതാണു്. മനസ്സിലായോ സാറേ? ചുമ്മാ പോ!’
ഇത്തരം സംഗതികൾ പറഞ്ഞുവന്ന ഒരു സന്ദർഭത്തിൽ ഞാൻ ചോദിച്ചു:
ബഷീറിനു് ഭ്രാന്ത് ഇപ്പോഴുമുണ്ടോ?
കുറച്ചതും ഉണ്ടെന്നു് വെച്ചോ. പക്ഷേ, ഇപ്പറഞ്ഞതൊക്കെ സത്യമാ. നിങ്ങൾ വിശ്വസിക്കണ്ട. ഞാൻ കണ്ണുകൊണ്ടു കണ്ടതല്ലേ?
അത്യഗാധമായി എന്തോ ആലോചിച്ചുകൊണ്ടു വിദൂരതയിൽ കണ്ണു നട്ടു്, പരിസരം മറന്നു്, ബഷീർ ചാരുകസാലയിൽ കിടക്കുന്നതു് അപൂർവ്വമായി കണ്ടിട്ടുണ്ടു്. പാട്ടു കേട്ടിരിക്കുമ്പോഴും ഇതേ ഭാവമാണു്. പുറംലോകം എന്നൊരു ബോധംകൂടി ഇല്ലെന്നു തോന്നും. ആ ദൃശ്യം കാണുമ്പോഴൊക്കെ ഞാൻ വിചാരിക്കാറുണ്ടു്—ഹിമാലയസാനുക്കളിലും കാശിയിലും കാശ്മീരിലെ ദാൽ തടാകക്കരയിലും ഉത്തരേന്ത്യയിലെ മരുഭൂമികളിലും ‘അഹം ബ്രഹ്മാസ്മി’ (ഞാൻ തന്നെയാണു് ബ്രഹ്മം) എന്നുരുവിട്ടു ജീവിക്കുന്ന സന്യാസിയായും ‘അനൽഹഖ് ’ (ഞാനാണു് സനാതനസത്യം) എന്നുരുവിട്ടു ജീവിക്കുന്നു സൂഫിയായും ചെലവിട്ട ഏകാന്തമായ യൗവനകാലത്തെന്നപോലെ, ഇന്നു് ഗൃഹസ്ഥാശ്രമത്തിലേക്കു് തിരിച്ചുനടന്ന വാർദ്ധ്യകാലത്തും ഈ മനുഷ്യൻ സൂഫിയായിരിക്കാം.
ഞാൻ വിചാരിക്കുന്നു: ലൗകികബന്ധങ്ങളുടെ പൊള്ളത്തരത്തിനു മുകളിലൂടെയാവാം, ഏകാന്തതയുടെ ശോകവും പേറി ബഷീർ നടന്നുപോയതു്. അനന്തതയിലേക്കു് കണ്ണയച്ചു് ശോകരാഗത്തിനു് കാതോർത്തിരുന്ന സാധുവായ ആ മനുഷ്യന്റെ ചിരി സ്നേഹശീലത്തിന്റെ തെളിച്ചം മാത്രമാവാം. അവിടെ നന്മയുടെ കഥകൾ മാത്രം വിരിഞ്ഞതു് സ്വാഭാവികം.
പാതിരാനേരത്തു് ഒപ്പം പാട്ടുകേട്ടിരിക്കെ, പലവട്ടം അദ്ദേഹം എനിക്കു് പറഞ്ഞു തന്നിട്ടുണ്ടു്: ദുഃഖമാണു് കലയായിത്തീരുന്നതു്. ശരിയായ കല സംഗീതമാണു്. അതിനു മാത്രമേ ദുഃഖത്തിന്റെ ശരിപ്പകർപ്പാകാൻ കഴിയൂ. അതാണു് നാദബ്രഹ്മം. സംഗീതമാണു് ഈശ്വരൻ.
ഉള്ളിന്റെയുള്ളിൽ അങ്ങേയറ്റം ഏകാകിയും ദുഃഖിതനും ആയിരുന്നു ബഷീർ. ലോകാലോകങ്ങളുടെ സ്രഷ്ടാവിനെപ്പറ്റിയുള്ള ചിന്ത അദ്ദേഹത്തിനു് ആശ്വാസം നല്കിയിരുന്നിരിക്കണം. പ്രാർത്ഥനയെപ്പറ്റി സംസാരിക്കുമ്പോഴൊക്കെ ആവർത്തിക്കും:
‘ഞാൻ ഒന്നും പ്രാർഥിക്കാറില്ല. എന്താ പ്രാർഥിക്കാനുള്ളതു്? എല്ലാ കഥയും മൂപ്പർക്കറിയാം. അനന്തമായ പ്രാർത്ഥനയാകുന്നു ജീവിതം.’
എല്ലാ സൂഫികളെയും പോലെ ബഷീറും സ്നേഹത്തിന്റെ, സംഗീതത്തിന്റെ, ഫലിതത്തിന്റെ വഴിയിലൂടെ ജീവിതത്തിന്റെ പൊരുളു് തേടിയലഞ്ഞു. ശോകാവിലവും ഏകാന്തവുമായ ആ പാത ലൗകികജീവിതത്തിനു് നടുവിലും നല്ലവനായ ആ മനുഷ്യനു് തെളിഞ്ഞുകിട്ടി എന്നു ഞാൻ വിചാരിക്കുന്നു.
മുഴുവൻ പേരു്: മുഹ്യുദ്ദീൻ നടുക്കണ്ടിയിൽ. കോഴിക്കോട് ജില്ലയിലെ കാരശ്ശേരി എന്ന ഗ്രാമത്തിൽ 1951 ജൂലായ് 2-നു് ജനിച്ചു. പിതാവു്: പരേതനായ എൻ. സി. മുഹമ്മദ് ഹാജി. മാതാവു്: കെ. സി. ആയിശക്കുട്ടി. കാരശ്ശേരി ഹിദായത്തുസ്സിബിയാൻ മദ്രസ്സ, ഐ. ഐ. എ. യു. പി. സ്ക്കൂൾ, ചേന്ദമംഗല്ലൂർ ഹൈസ്ക്കൂൾ, കോഴിക്കോട് ഗുരുവായൂരപ്പൻ കോളേജ്, കാലിക്കറ്റ് സർവ്വകലാശാലാ മലയാളവിഭാഗം എന്നിവിടങ്ങളിൽ പഠിച്ചു. സോഷ്യോളജി-മലയാളം ബി. എ., മലയാളം എം. എ., മലയാളം എം. ഫിൽ. പരീക്ഷകൾ പാസ്സായി. 1993-ൽ കാലിക്കറ്റ് സർവ്വകലാശാലയിൽ നിന്നു് ഡോക്ടറേറ്റ്. 1976–78 കാലത്തു് കോഴിക്കോട്ടു് മാതൃഭൂമിയിൽ സഹപത്രാധിപരായിരുന്നു. പിന്നെ അധ്യാപകനായി. കോഴിക്കോട് ഗവ. ആർട്സ് ആന്റ് സയൻസ് കോളേജ്, കോടഞ്ചേരി ഗവ. കോളേജ്, കോഴിക്കോട് ഗവ: ഈവനിങ്ങ് കോളേജ് എന്നിവിടങ്ങളിൽ ജോലി നോക്കി. 1986-മുതൽ കാലിക്കറ്റ് സർവ്വകലാശാലാ മലയാളവിഭാഗത്തിൽ.
പുസ്തകങ്ങൾ: പുലിക്കോട്ടിൽകൃതികൾ (1979), വിശകലനം (1981), തിരുമൊഴികൾ (1981), മുല്ലാനാസറുദ്ദീന്റെ പൊടിക്കൈകൾ (1982), മക്കയിലേക്കുള്ള പാത (1983), ഹുസ്നുൽ ജമാൽ (1987), കുറിമാനം (1987), തിരുവരുൾ (1988), നവതാളം (1991), ആലോചന (1995), ഒന്നിന്റെ ദർശനം (1996), കാഴ്ചവട്ടം (1997) തുടങ്ങി എൺപതിലേറെ കൃതികൾ.
ഭാര്യ: വി. പി. ഖദീജ, മക്കൾ: നിശ, ആഷ്ലി, മുഹമ്മദ് ഹാരിസ്.