ആ ഫോൺ കിട്ടിയപ്പോൾ ഞാൻ ഒന്നമ്പരന്നു—മദിരാശി നഗരത്തിൽ ഞാൻ പ്രസംഗിക്കണം. പത്തിരുപത്തെട്ടു് കൊല്ലം മുമ്പാണു്, കേട്ടോ. അതായതു് 1976 കാലം. ഞാനന്നു് കോഴിക്കോട്ട് മാതൃഭൂമിയിൽ സഹപത്രാധിപരാണു്—വയസ്സു് 25.
മദിരാശിയിലെ ന്യൂ കോളജിൽ ഇംഗ്ലീഷ് അധ്യാപകനും എഴുത്തുകാരനും എന്റെ സുഹൃത്തുമായ ടി. കെ. അബ്ദുൽ മജീദിന്റേതാണു് ഫോൺ. വിഷയം, അവിടെ മലബാറുകാരുടെ ഒരു സംഘടനയുണ്ടു്. ഒരു വെൽഫെയർ അസോസിയേഷൻ. അതിന്റെ വാർഷികം. കെ. വി. അബൂബക്കർ കുട്ടി (മൂപ്പരു് അന്നു് വാലു് മുറിഞ്ഞു് കെ. വി. അബൂട്ടിയായിക്കഴിഞ്ഞിട്ടില്ല) നയിക്കുന്ന മാപ്പിളഗാനമേള. ഉദ്ഘാടകൻ ഞാനാണു്. മദിരാശി നഗരത്തിലെ ‘കലൈവാണർ’ അരംഗം എന്നു പേരായ ബഡാബമ്പൻ ഹാളിലാണു് പരിപാടി. ആ ഹാളിലാണു് പണ്ടു് നിയമസഭ കൂടിയിരുന്നതു്! നിയമസഭാ മന്ദിരം പണിതീർന്നതോടെയാണു് കലൈവാണർ അരംഗത്തിന്റെ പത്രാസു് ഒന്നു് താണതു്. അങ്ങനെ എല്ലാവർക്കും എപ്പോഴും വാടകയ്ക്കു് കിട്ടില്ല. വളരെ സാഹസപ്പെട്ടാണു് ഹാൾ സംഘടിപ്പിച്ചതു്. അവിടെ മലയാളികളുടെ ആദ്യത്തെ പരിപാടിയാവും ഇതു്. നിശ്ചയമായും വരണം.
ഫോൺ വെച്ചപ്പോൾ എനിക്കു് മേലാകെ മധുരിക്കുന്നപോലെ തോന്നി. ഇതിനു് പോകാതിരിക്കുകയോ? ചില്ലറ കാര്യമാണോ? മദിരാശി നഗരത്തിൽ അതിനു മുമ്പും മൂന്നുനാലു് തവണ പോയി വന്നിട്ടുണ്ടു്. എല്ലാം കൂറ കപ്പലിൽ പോയ പോലുള്ള പോക്കു്. ഇതങ്ങനെയല്ലല്ലോ—ഉദ്ഘാടകൻ!
വി. വി. ഐ. പി.!!
മുഖം മുഴുവൻ പരന്ന ചിരി കണ്ടാവണം, തൊട്ട സീറ്റിലിരിക്കുന്ന വി. രവീന്ദ്രനാഥ് ചോദിച്ചു:
‘എന്താടോ, ഇത്ര വലിയ സന്തോഷം?’
അപ്പോഴാണു് സ്വന്തം മുഖഭാവത്തിന്റെ ചേപ്രത്തരം എനിക്കു് തിരിഞ്ഞുകിട്ടിയതു്. ഞാൻ ശ്രമപ്പെട്ടു് ആ ചിരി ഓഫാക്കി കാര്യം പറഞ്ഞു.
ഉടനെ രവി:
“തനിക്കു് വേറെ പണിയില്ലേ? രണ്ടു് മൂന്നു് ലീവ് കളയണം. കാശു് കളയണം. എത്രനേരം വണ്ടിയിൽ കുത്തിയിരിക്കണം? എല്ലാം കൂടി അരമണിക്കൂർ പ്രസംഗത്തിനു്.”
ഞാൻ രവിയോടു് തർക്കിക്കാൻ നിൽക്കാതെ ചിരിച്ചു. രവിക്കെന്തറിയാം? പത്തു പന്ത്രണ്ടു് മണിക്കൂർ അങ്ങോട്ടും പത്തു് പന്ത്രണ്ടു് മണിക്കൂർ ഇങ്ങോട്ടും കുത്തിയിരുന്നാലെന്താ? രണ്ടു മൂന്നു് ലീവ് പോയാലെന്താ? ലീവ്, ലീവ് എന്നൊക്കെപ്പറയുന്നതു് ഇതിനു വേണ്ടിയല്ലയോ? പിന്നെ, പൈസ. അതവരു് തരും. ഞാൻ മദിരാശി കീഴടക്കാൻ പോവുകയാണെന്നു് പാവം രവിക്കറിഞ്ഞുകൂടാ. ഞാൻ മറുനാടൻ മലയാളികളോടു് സ്നേഹാദരങ്ങൾ പ്രകടിപ്പിക്കുവാനും അവരുടെ സ്നേഹാദരങ്ങൾ ഏറ്റുവാങ്ങാനും പോവുകയാണെന്നു് രവിക്കറിഞ്ഞുകൂടാ. രവിക്കെപ്പോഴും പണി, പണി എന്നൊരു വിചാരമേയുള്ളു.
ന്യൂസ് എഡിറ്റർ വിംസീയോടു് ചെന്നു് വിവരം പറഞ്ഞപ്പോഴും സ്ഥിതി ഇതുതന്നെയായിരുന്നു. പണിപ്പിരാന്തിൽ മൂപ്പരു് രവിയുടെ മൂത്താപ്പയാണു്! ഒന്നും പറയണ്ട, എങ്ങനെയൊക്കെയോ ലീവ് സംഘടിപ്പിച്ചു. രവിയോടു് പൈസ കടംവാങ്ങി രണ്ടു ദിവസത്തിനകം തീവണ്ടി ബുക്ക് ചെയ്തിട്ടേ എനിക്കു് സ്വസ്ഥത കിട്ടിയുള്ളു.
സ്വസ്ഥത കിട്ടി എന്നൊക്കെ ഒരു ഭംഗിവാക്കു് പറഞ്ഞതല്ലേ? എവിടെ സ്വസ്ഥത? എന്തു് സ്വസ്ഥത? മദിരാശിയിൽ ഉദ്ഘാടനം ചെയ്യാൻ പോകുന്നതിന്റെ മജ നാലാളോടു് പറഞ്ഞു നടക്കണ്ടേ? പിന്നെ, പ്രസംഗം; ഒരുങ്ങണം. അതു് ജോറാവുമോ? നന്നാക്കാൻ എന്തുവഴി?
സുഹൃത്തുക്കളായ ദയാനന്ദൻ, കാനേഷ് പൂനൂര്, എ. പി. കുഞ്ഞാമു, എൻ. ബി. എസ്. ശ്രീധരൻ മുതൽ പേരോടെല്ലാം വിവരം പറഞ്ഞു.
പിന്നെയാണു് പ്രസംഗത്തിന്റെ ബേജാറു് തുടങ്ങിയതു്. എന്തൊക്കെപ്പറയണം? എത്രനേരം പറയണം? പ്രസംഗിക്കുന്നതു് സൈക്കിള് ചവിട്ടാൻ പഠിക്കുന്നതുപോലെയാണു്. സൈക്കിളിൽ കയറാനല്ല, ഇറങ്ങാനാണു് പ്രയാസം. അതുപോലെ പ്രസംഗം തുടങ്ങാനല്ല, അവസാനിപ്പിക്കാനാണു് പ്രയാസം. പ്രസംഗം നന്നായി അവസാനിപ്പിക്കുന്നവർ കമ്മിയാണു്.
മാപ്പിളഗാനമേളയാണല്ലോ. അപ്പോൾ മാപ്പിളപ്പാട്ടിനെപ്പറ്റി കാര്യമായി ചിലതു് പറയണം. പിന്നെ മറുനാടൻ മലയാളികളെപ്പറ്റി വേണം. 1975 കാലത്തു് ഞാനും ഒരു മറുനാടൻ മലയാളിയായിരുന്നു. ഒരു ട്രാൻസ്പോർട്ട് കമ്പനി മാനേജരായി കുറച്ചുകാലം ഞാൻ ബാംഗ്ലൂരിൽ ജോലി ചെയ്തിട്ടുണ്ടു്. അക്കാലത്തെ ചില അനുഭവങ്ങൾ കാച്ചാം. സ്വന്തം അനുഭവം പറയുമ്പോൾ കേൾവിക്കാരുമായി ഒരടുപ്പം വരും. തീർച്ചയായും ഇക്കാലത്തെ കേരളീയ സംസ്കാരത്തിന്റെ കൊള്ളരുതായ്മകൾ ചിലതു് തോലു് പൊളിച്ചു കാട്ടണം. അപ്പോൾ ഇടശ്ശേരിയുടെ രണ്ടുവരി കാച്ചാം:
“ഇത്തറവാടിത്തഘോഷണത്തെപ്പോലെ
വൃത്തി കെട്ടിട്ടില്ല മറ്റൊന്നുമൂഴിയിൽ”
മോയിൻകുട്ടി വൈദ്യരുടെ നാലു് വരി ഉദ്ധരിക്കാതിരുന്നാൽ മോശമല്ലേ? അതു പറഞ്ഞാൽ മതിയോ? പാടണ്ടേ? ഞാൻ പാടിയാൽ ആളു് കൂവും. കൂവുന്നതു് പാടുന്നതിന്റെ കൊയിന്തം കൊണ്ടാവും.
എന്തു് നിവൃത്തി?
ഇതു് തന്നെയായി, എപ്പോഴും ആലോചന.
പ്രസംഗത്തിനു് വേണ്ടി രാപ്പകൽ ഒരുങ്ങുന്നതിനിടയിൽ സാധനം നീണ്ടുപോയാലുള്ള ആപത്തിനെപ്പറ്റി ഞാൻ സ്വയം ശാസിച്ചു. അപ്പോഴാണു് നാട്ടുകാരനും മുൻ എക്സിക്യൂട്ടീവ് ഓഫീസറും ആയ കെ. അബു പറഞ്ഞ ആ കഥ എനിക്കോർമവന്നതു്.
ഞങ്ങളുടെ അയൽനാടായ കൊടിയത്തൂരിൽ ആലി മമ്മദ് എന്നു പേരായി ഒരു കമ്യൂണിസ്റ്റുകാരനുണ്ടായിരുന്നു. തീപ്പൊരി പ്രസംഗക്കാരൻ. പ്രസംഗിക്കാൻ ചുരുങ്ങിയതു് നാലു് മണിക്കൂർ വേണം. സമയം അതിൽ കുറവാണോ, മൂപ്പരെ നോക്കണ്ട. അതുകൊണ്ടു് അത്രയും സമയം കൊടുക്കാനുള്ളപ്പോഴേ ഈ സഖാവിനെ സ്റ്റേജിൽ കയറ്റൂ.

ഒരിക്കൽ വലിയൊരു പരിപാടിയിൽ മൂപ്പരെക്കൊണ്ടു് ഒരത്യാവശ്യം വന്നു. സംഗതി എന്താണെന്നു് വെച്ചാൽ, സഖാവു് എ. കെ. ജി.-യുടെ ഒരു പ്രസംഗം. കൊടിയത്തൂരിലാണു്. വൈകുന്നേരം ആറു് മണി എന്നാണു് നോട്ടീസിൽ വെച്ചിരിക്കുന്നതു്. അന്നത്തെ വലിയ ധൂർത്തായ ഉച്ചഭാഷിണിയും ഉണ്ണിക്കാമ്പിന്റെ വെളിച്ചവും ഒക്കെയുള്ള ഗംഭീര പരിപാടിയാണു് എന്നോർത്തുകൊള്ളണം. മൂന്നു മണിക്കേ പെട്ടിപ്പാട്ടു് വെച്ചു. അഞ്ചു മണിയോടെ യോഗസ്ഥലം നിറഞ്ഞുകവിഞ്ഞു. ആറുമണിയോടെ ഒരു ദൂതൻ വന്നു—എ. കെ. ജി. വരും. പക്ഷേ, കുറച്ചു വൈകും.
വരുമല്ലോ. മതി. പ്രശ്നമില്ല. ഇവിടെ സഖാവു് ആലി മമ്മദ് റെഡിസ്റ്റോക്കുണ്ടല്ലോ. പെട്ടിപ്പാട്ടു് നിർത്തി കൃത്യം ആറു് മണിക്കു് യോഗം തുടങ്ങി. അധ്യക്ഷൻ എ. കെ. ജി. ഉടനെ വന്നെത്തുമെന്നു് പറഞ്ഞശേഷം “ഈ നാടിന്റെ കണ്ണിലുണ്ണിയും നമുക്കേവർക്കും പ്രിയങ്കരനുമായ” സഖാവു് ആലിമമ്മദിനെ രണ്ടുവാക്കു് പറയുവാൻ ക്ഷണിച്ചു.
രണ്ടു് വാക്കേ! ഏണിയില്ലാതെ കയറുന്ന കുരങ്ങിനു് ഏണിവെച്ചുകൊടുത്തു എന്നു പറഞ്ഞ മാതിരി, ഉച്ചഭാഷിണിയില്ലാതെ നാലു് മണിക്കൂറിൽ ‘ചുരുക്കി’ പ്രസംഗിക്കുന്ന കണ്ണിലുണ്ണിക്കാണു് ഉച്ചഭാഷിണി കൊടുത്തിരിക്കുന്നതു്. മുമ്പിലാണെങ്കിലോ വെളിച്ചത്തിൽ കുളിച്ചുനിൽക്കുന്ന മഹാജനം. മൂപ്പരങ്ങു് തുടങ്ങി. നേരം പോയതു് ആരുമാരും അറിഞ്ഞില്ല. ഒന്നര മണിക്കൂറു കഴിഞ്ഞപ്പോൾ സഖാവു് എ. കെ. ജി. ഹാജർ! ആ നേതാവിനെ കണ്ടിട്ടും പ്രസംഗം നിന്നില്ല. അധ്യക്ഷൻ കുറിപ്പു് കൊടുത്തിട്ടും പ്രസംഗം നിന്നില്ല. ജനങ്ങൾ വിളിച്ചുപറഞ്ഞിട്ടും നിന്നില്ല, പ്രസംഗം.
എ. കെ. ജി. ഒരിളംചിരിയോടെ പ്രസംഗവും കേട്ടുനിൽക്കുകയാണു്. ആലി മമ്മദ് താൻ തന്നെ വിചാരിച്ചാലും പ്രസംഗം നിർത്താനാവുകയില്ലെന്നു് പാവം ജനങ്ങൾക്കറിഞ്ഞുകൂടാ. അധ്യക്ഷൻ ദേഷ്യത്തോടെ രണ്ടാമത്തെ കുറിപ്പു് നീട്ടിയപ്പോൾ നിസ്സഹായനായ പ്രസംഗകനിൽനിന്നും പുറപ്പെട്ട ദയനീയമായ അപേക്ഷ ഉച്ചഭാഷിണിയിലൂടെ എല്ലാവരും കേട്ടു:
“പൊന്നാര സഖാവേ, ന്റെ പ്രസംഗൊന്ന് നിർത്തിക്കൊണ്ടാ.”
അധ്യക്ഷൻ ഉടനെത്തന്നെ ചാടിയെണീറ്റ് “സഖാവു് ആലിമമ്മദിന്റെ പ്രസംഗം ഇവിടെ അവസാനിപ്പിച്ചിരിക്കുന്നു” എന്നു് പ്രഖ്യാപിച്ചു. ആ ശുഭ മുഹൂർത്തത്തിൽ മാനംപൊട്ടുമാറു് ഉയർന്ന മഹാമഹാ കയ്യടിയുടെ പ്രകമ്പനത്തിൽ സഖാവു് എ. കെ. ജി.-ക്കു് നേരിയതായ ഒരു തലകറക്കം അനുഭവപ്പെട്ടു എന്നാണു് ചരിത്രകാരന്മാർ രേഖപ്പെടുത്തിയിട്ടുള്ളതു്.
പണ്ടത്തെ എഴുത്തുകാർ പറയാറുള്ളതുപോലെ, എന്തിനേറെപ്പറയുന്നു, ഒടുവിൽ ആറ്റുനോറ്റിരുന്ന ദിവസം വന്നെത്തി. കെ. വി. അബൂബക്കർ കുട്ടിയുടെ സംഘവും ഞാനും കോഴിക്കോട്ടുനിന്നു് മദിരാശിക്കു് വണ്ടി കയറി. സെൻട്രൽ സ്റ്റേഷനിൽ വണ്ടിയിറങ്ങിയപ്പോൾ ടി. കെ. അബ്ദുൽ മജീദും അസോസിയേഷന്റെ നേതാക്കന്മാരുമൊക്കെ സ്വീകരിക്കാനുണ്ടായിരുന്നു. അവർ ഞങ്ങളെ ഹോട്ടൽ മുറിയിലേക്കു് കൂട്ടിക്കൊണ്ടുപോയി. ഒന്നാം തരം മുറി. കുളിച്ചു് കുപ്പായം മാറ്റി മാന്യന്മാരായി കോഴിയിറച്ചിയും പത്തിരിയും കൂട്ടി ചായ കുടിച്ചു് പള്ള ബാറാക്കിയപ്പോൾ ഞാനോർത്തു—പടച്ച റബ്ബേ! പ്രസംഗം നന്നാവാതെ പോയാൽ…
പ്രസംഗത്തെപ്പറ്റി ബേജാറായാലും കെണിയാണു്. ‘ബേജാർസിംഗു’മാരാണു് സ്റ്റേജിൽ കയറി ഓരോരോ ബ്രഹ്മാണ്ഡ വിഡ്ഢിത്തങ്ങൾ എഴുന്നള്ളിക്കുക. ആ ബുദ്ധിമാൻ എങ്ങനെ ഈ വിഡ്ഢിത്തം പറഞ്ഞു എന്നു് നമ്മൾ അമ്പരന്നുപോകും… കാര്യം: സഭാകമ്പം എന്ന മൂച്ചിപ്പിരാന്തു് കയറിയതാണു്! എന്നാൽ ബുദ്ധിക്കു് വല്ല കുറവും ഉണ്ടോ? അതില്ല. ആ സ്റ്റേജിൽ നിന്നിറങ്ങിയാൽ കലിയടങ്ങും. പിന്നെ പഴയ മാതിരി മഹാബുദ്ധിമാനായാണു് വീട്ടിലേക്കു് പോവുന്നതു്.
സഞ്ജയൻ പറഞ്ഞ തമാശ എനിക്കു് ആ പരിഭ്രമത്തിനിടയിലും തേട്ടി വന്നു.
ഒരു വിദ്വാൻ പ്രസംഗം തുടങ്ങുകയാണു് “മാന്യന്മാരേ, മറ്റുള്ളവരേ…”
അപ്പോൾ ന്യായമായും ഒരു സംശയം. ആരാണീ മറ്റുള്ളവർ? ന്യായമായും ഒരു മറുപടി—ചോദിക്കാനുണ്ടോ? പത്രക്കാർ!
ഇങ്ങനെ വല്ലതും നാക്കബദ്ധം വന്നുപോയാലത്തെ ഹാലെന്താണു്? ഞാൻ പിന്നെയും പിന്നെയും വിവരങ്ങളും ആശയങ്ങളും ഉദ്ധരണികളുമെല്ലാം അയവെട്ടിക്കൊണ്ടിരുന്നു.
“ഇത്തിരി നേരത്തെ പോവാം” എന്നു് മജീദ് പറഞ്ഞതിനാൽ ഏഴു് മണിക്കുള്ള പരിപാടിക്കു് മൂന്നു് മണിക്കു് തന്നെ ഞങ്ങൾ ഹോട്ടലിൽനിന്നു് പുറപ്പെട്ടു. എനിക്കു് ഒരേയൊരു പണി പ്രസംഗത്തെപ്പറ്റി പരിഭ്രമിക്കുകയാണു്. അതു് ഹോട്ടലിൽ ഇരുന്നായാലെന്താ, ഹാളിലിരുന്നായാലെന്താ?
മൂന്നര മണിക്കു് തന്നെ ഞങ്ങൾ ഹാളിലെത്തി. ആ കെട്ടിടം കണ്ടു് ഞാൻ ‘മിഴുങ്ങസ്യ’ എന്നു് നിന്നു. എന്റെ ആദ്യത്തെ മദിരാശി പ്രസംഗം നടന്ന സ്ഥലമായി ചരിത്രത്തിൽ സ്ഥാനം പിടിക്കാൻ പോകുന്ന ആ കൂറ്റൻ കെട്ടിടത്തോടു് എന്തെന്നില്ലാത്ത ഒരു സ്നേഹം തോന്നിപ്പോയി.
മജീദിനെ കാണാൻ അവിടെ ഒരു മദാമ്മ വന്നു. അതോടെ ഞങ്ങൾ ഉഷാറായി. ഏതോ ഇംഗ്ലീഷ് സിനിമാ വാരികക്കു് വേണ്ടി ആ സുന്ദരിയെ ഇന്റർവ്യൂ ചെയ്യുകയാണു് മൂപ്പർ. അവിടെ ഉദ്ഘാടകനായി വന്നെത്തിയ എന്നെ ഒട്ടും ഗൗനിച്ചില്ല. വേണ്ട. പരിപാടി തുടങ്ങട്ടെ. മലയാളത്തിലാണെങ്കിലും ഞാൻ പ്രസംഗിക്കുന്നുണ്ടു്. സദസ്സിന്റെ പ്രതികരണം കണ്ടു് മദാമ്മ വിരളും. ഈ കറുത്തുമെലിഞ്ഞ പയ്യന്റെ തദ്സ്വരൂപം അപ്പോൾ കാണാം!
ചായ വന്നു. സംഘാടകരിൽപ്പെട്ട ചിലരൊക്കെ വന്നു് പരിചയപ്പെട്ടു. ചിരികൾ. വെറും വർത്തമാനം. എനിക്കു് ബോറടിച്ചു. ഏഴു് മണിയായിക്കിട്ടിയെങ്കിൽ… നൊമ്പലം കെട്ടിയ ഗർഭിണിയെപ്പോലെ ഞാൻ പ്രസംഗിക്കാൻ മുട്ടി ഇരിക്കുകയാണു്. മണി ഏഴായി. ഏഴരയായി. ഹാൾ ഇനിയും തുറന്നിട്ടില്ല. ഒരു കുഞ്ഞും ആ വഴിക്കു് വന്നില്ല. മജീദ് പുതുതായി ഒന്നും സംഭവിച്ചിട്ടില്ലാത്ത മാതിരി അപ്പോഴും നാട്ടുവർത്തമാനത്തിലാണു്. റൂമിൽ പോയി തിരിച്ചുവരാം എന്നും പറഞ്ഞു് മദാമ്മ സ്ഥലംവിട്ടിരിക്കുന്നു.
ഞാൻ ശകലം ഈറയോടെ ചോദിച്ചു: “എന്താ മജീദ്, ആരെയും കാണുന്നില്ലല്ലോ?”
“എന്റെ കാരശ്ശേരീ, അടങ്ങിയിരിക്കു്. നമ്മുടെ ആൾക്കാരധികവും ഹോട്ടൽ തൊഴിലാളികളാണു്. പണി കഴിഞ്ഞു് കുളിച്ചു് കുപ്പായം മാറി അവർ വരാൻ അൽപം വൈകും.”
“സാധാരണ എത്ര മണിക്കാണു് നിങ്ങൾ പരിപാടി തുടങ്ങുന്നതു്?”
ഒരു സാധാരണകാര്യം മാതിരി മജീദ് പറഞ്ഞു:
“പത്തു മണിയാവും.”
“പത്തുമണിയോ?” അപ്പോൾ പിന്നെ ഇതു് തീരുന്നതെപ്പഴാ?”
“ശകലം വൈകും. നാളെ അവർക്കൊക്കെ ലീവാ.”
ഞാൻ ദേഷ്യം വരാതെ പിടിച്ചുനിന്നു. ദേഷ്യം വന്നാൽ പ്രസംഗം കുന്തത്തിലാവും. ഉദ്ഘാടനപ്രസംഗമല്ലയോ? അതു കസറേണ്ടയോ?
ഒറ്റയും തെറ്റയുമായി ആളുകൾ വന്നു തുടങ്ങി. നേരം പോയിക്കിട്ടാൻ ഞാൻ ചിലരോടൊക്കെ വർത്തമാനത്തിനു് നിന്നു. വൈകുന്നേരം മൂന്നര മുതൽ അവിടെ കാത്തുകെട്ടിക്കിടക്കുകയാണു് ഉദ്ഘാടകൻ എന്നു് അവരറിഞ്ഞോ എന്തോ. അതിനിടയിലാണു് ആ വർത്തമാനം ഞാനറിഞ്ഞതു്—പരിപാടിക്കു് എതിരുണ്ടു്!
കാര്യമെന്താണെന്നോ: സംഘടനാതെരെഞ്ഞെടുപ്പിനെപ്പറ്റി പരാതികൾ—മെമ്പർഷിപ്പ് കൊടുത്തതിനെപ്പറ്റി, കണക്കുകളെപ്പറ്റി… യോഗം കലക്കും എന്നു് ഒരു കൂട്ടർ പറഞ്ഞിട്ടുണ്ടു്. നേരു് പറയാമല്ലോ, ഞാൻ ശരിക്കും പരിഭ്രമിച്ചു. പടച്ചോനേ! ഇവിടെ വന്നു് കണ്ടവന്റെ തല്ലുകൊണ്ടു് മടങ്ങേണ്ടിവരുമോ?
ഞാൻ ചെന്നു് സംഘാടകരിൽ ചിലരോടു് സംഗതി ചോദിച്ചു. ഓ, അതൊക്കെ അല്ലറചില്ലറ എല്ലായിടത്തും കാണും എന്നു് ജവാബ്.
ആളുകൾ വന്നുകൊണ്ടേയിരുന്നു.
അങ്ങനെ പത്തര മണിക്കു് യോഗം തുടങ്ങി. പുറമേ നിന്നു് കണ്ടതിനേക്കാൾ ഗംഭീരമാണു് ഹാളിന്റെ ഉൾവശം. നല്ല സദസ്സുണ്ടു്. പക്ഷേ, ഒട്ടും അച്ചടക്കമില്ല. യോഗം തുടങ്ങിയാൽ നേരെയായിക്കൊള്ളും എന്ന സമാധാനത്തിൽ ഞാൻ ഘനഗംഭീരമാവാൻ പോകുന്ന എന്റെ പ്രസംഗത്തിലെ പോയന്റുകളും ഉദ്ധരണികളും ഓർത്തിരിക്കുകയാണു്.
സ്വാഗതപ്രസംഗം തുടങ്ങിയ ഉടനെ കൈയടിയും തുടങ്ങി. സൂചന വളരെ ലളിതമായിരുന്നു—പ്രസംഗിക്കാൻ സമ്മതിക്കില്ല. കൈയടിച്ചു് തളർന്നപ്പോൾ കൂക്കിവിളിയായി. അധ്യക്ഷപ്രസംഗത്തിന്റെ ഗതിയും ഇതു തന്നെ. പ്രസംഗിക്കുന്ന താനടക്കം ആരും ഒന്നും കേൾക്കുന്നില്ലെന്നു് ഉറപ്പുണ്ടായിട്ടും അധ്യക്ഷൻ അഞ്ചു മിനിട്ട് പ്രസംഗിച്ചു.
ഉദ്ഘാടനപ്രസംഗത്തിനു് എന്നെ ക്ഷണിച്ചതോടെ സദസ്സു് നിശ്ശബ്ദമായി. എന്നോടു് അവർക്കാർക്കും ഇഷ്ടമോ അനിഷ്ടമോ ഉണ്ടാവേണ്ട കാര്യമില്ല. എന്നാലും കൂവും എന്നു് തീർച്ച!
ഞാൻ മൈക്കിനടുത്തെത്തിയപ്പോൾ സദസ്സിൽനിന്നു് വൻശബ്ദത്തിൽ ‘ങ്ആ’ എന്നൊരു പ്രയോഗം കേട്ടു. ഞാൻ ആ ഭാഗത്തേക്കു് നോക്കി. അനക്കമില്ല. പെട്ടെന്നു് എനിക്കു് ഒരു വാശി തോന്നി. നാട്ടുകാരുടെ കൂവൽ കേട്ടു് ഈ മറുനാട്ടിൽനിന്നു് മടങ്ങിക്കൂടാ. തങ്ങൾക്കറിഞ്ഞുകൂടാത്ത ഒരാൾ എന്തു പറയും എന്നു് ഒരു നിമിഷം അവർ ശ്രദ്ധിച്ചേക്കാം…
സംബോധന പോലുമില്ലാതെ ഞാൻ തുടങ്ങി:
“നാട്ടിൽനിന്നു് എത്രയോ അകലെ ആയിരിക്കുമ്പോഴും മലയാളക്കരയുടെ സംഗീതകലാപാരമ്പര്യങ്ങളോടു് നിങ്ങൾ കാണിക്കുന്ന ഈ താൽപര്യത്തെ അഭിവാദ്യം ചെയ്തുകൊണ്ടു് വേദിയുടെയും സദസ്സിന്റെയും അനുവാദത്തോടെ ഈ പരിപാടി ഉദ്ഘാടനം ചെയ്തതായി ഞാൻ പ്രഖ്യാപിക്കുന്നു.”
അതും പറഞ്ഞു് ഞാൻ ഇരുന്നതും സദസ്സിന്റെ ഉഗ്രൻ കൈയടി. കൂക്കി വിളിക്കാൻ അവർ ആലോചിക്കുമ്പോഴേക്കു് പ്രസംഗം തീർന്നു. ആ വെളവു് അവർക്കു് രസിച്ചിരിക്കണം!
പിന്നെ വന്ന ആശംസക്കാരൊക്കെ രണ്ടുമൂന്നു് വാക്യങ്ങളിൽ പ്രസംഗിച്ചിട്ടും കൂവൽ വാരിക്കെട്ടി. ആ നേരത്തു് ഞാൻ ആലോചിക്കുകയായിരുന്നു: രവി ഇതു് കണ്ടാൽ എന്തു പറയും? ഈ ഒരു വാക്യം പറയാനാണോ താൻ ഇത്ര സമയവും അധ്വാനവും ചെലവാക്കിയതു്? നല്ല കഥ. ആ സദസ്സിന്റെ ‘കൈയടി’ വേറെ മട്ടിലും വന്നേക്കും എന്നു തോന്നിപ്പോയിരുന്നു. അങ്ങനെ വന്നിരുന്നെങ്കിൽ, പണ്ടാരോ പറഞ്ഞ പോലെ, മുഖം കൊണ്ടു് തടുക്കേണ്ടിവന്നേനെ. അഴീക്കോട് മാസ്റ്റർ എം. എ. ക്ലാസ്സിൽ പറഞ്ഞ ഒരു നേരമ്പോക്കു് അപ്പോൾ ഓർമയായി—“ഓരോരുത്തർക്കും ഓരോ അടിസ്ഥാനമുണ്ടു്. ചിലർക്കു് അതു് മുഖമാണു്.”
ലോകത്തിലെ ഏറ്റവും ഹ്രസ്വമായ ഒറ്റവാക്യത്തിലുള്ള ഉദ്ഘാടന പ്രസംഗം ചെയ്തതിന്റെ അന്തസ്സിൽ (ഒരു വാക്യത്തിൽ കുറച്ചു് ആർക്കും പ്രസംഗിക്കാൻ കഴിയില്ലല്ലോ) ഞാൻ അങ്ങനെ ഇരിക്കുമ്പോൾ കെ. വി. അബൂബക്കർ കുട്ടിയും സംഘവും പാട്ടു് തുടങ്ങി:
‘ബദറുൽ ഹുദാ യാസീൻനബി ഖറജായന്നേരം’
സദസ്സിൽ കശപിശ മൂക്കുന്നു. ആളുകൾ തമ്മിൽ ഉന്തും തള്ളും. പാട്ടു് നിരുപാധികം മുന്നേറുന്നു. സദസ്സിൽ കൈയാങ്കളി തുടങ്ങുന്നു. പാട്ടു് തുടരുന്നു. അടിപൊട്ടുന്ന ഒച്ച. വേദിയിൽ സംഗീതവും സദസ്സിൽ ഒന്നാംനമ്പരു് തല്ലും. പോലീസ് കടന്നുവരുന്നു! സദസ്സിലുള്ള ചില മലയാളത്താന്മാരെ പോലീസുകാർ പൊക്കിക്കൊണ്ടുപോവുന്നു…
റബ്ബേ! പോലീസ് പിടിക്കുമോ എന്ന ബേജാറുമായി ഇരുന്ന ഉദ്ഘാടകനെ മജീദും കൂട്ടുകാരും സൂത്രത്തിൽ സ്റ്റേജിന്റെ പിന്നാമ്പുറത്തുകൂടി പുറത്തെത്തിച്ചു. തടി സലാമത്തായതിന്റെ ആശ്വാസത്തിൽ ഞാൻ നിൽക്കുമ്പോൾ പാട്ടു് തുടരുന്നതു് കേട്ടു.
ഗതാഗതത്തിരക്കേറിയ ആ റോഡിന്റെ ഓരത്തുനിന്നു് ഞാൻ ആലോചിച്ചു—ഞാൻ ഇതുവരെ നടത്തിയതിലേക്കു് വെച്ചു് ഏറ്റവും നല്ല പ്രസംഗം ഇന്നത്തേതാണു്. ഞാൻ ഇനി നടത്താൻ പോവുന്ന പ്രസംഗങ്ങളിലേക്കും ഏറ്റവും നല്ലതു് ഇതുതന്നെ!
വാരാദ്യമാധ്യമം: 22 ആഗസ്റ്റ് 2004

മുഴുവൻ പേരു്: മുഹ്യുദ്ദീൻ നടുക്കണ്ടിയിൽ. കോഴിക്കോട് ജില്ലയിലെ കാരശ്ശേരി എന്ന ഗ്രാമത്തിൽ 1951 ജൂലായ് 2-നു് ജനിച്ചു. പിതാവു്: പരേതനായ എൻ. സി. മുഹമ്മദ് ഹാജി. മാതാവു്: കെ. സി. ആയിശക്കുട്ടി. കാരശ്ശേരി ഹിദായത്തുസ്സിബിയാൻ മദ്രസ്സ, ഐ. ഐ. എ. യു. പി. സ്ക്കൂൾ, ചേന്ദമംഗല്ലൂർ ഹൈസ്ക്കൂൾ, കോഴിക്കോട് ഗുരുവായൂരപ്പൻ കോളേജ്, കാലിക്കറ്റ് സർവ്വകലാശാലാ മലയാളവിഭാഗം എന്നിവിടങ്ങളിൽ പഠിച്ചു. സോഷ്യോളജി-മലയാളം ബി. എ., മലയാളം എം. എ., മലയാളം എം. ഫിൽ. പരീക്ഷകൾ പാസ്സായി. 1993-ൽ കാലിക്കറ്റ് സർവ്വകലാശാലയിൽ നിന്നു് ഡോക്ടറേറ്റ്. 1976–78 കാലത്തു് കോഴിക്കോട്ടു് മാതൃഭൂമിയിൽ സഹപത്രാധിപരായിരുന്നു. പിന്നെ അധ്യാപകനായി. കോഴിക്കോട് ഗവ. ആർട്സ് ആന്റ് സയൻസ് കോളേജ്, കോടഞ്ചേരി ഗവ. കോളേജ്, കോഴിക്കോട് ഗവ: ഈവനിങ്ങ് കോളേജ് എന്നിവിടങ്ങളിൽ ജോലി നോക്കി. 1986-മുതൽ കാലിക്കറ്റ് സർവ്വകലാശാലാ മലയാളവിഭാഗത്തിൽ.
പുസ്തകങ്ങൾ: പുലിക്കോട്ടിൽകൃതികൾ (1979), വിശകലനം (1981), തിരുമൊഴികൾ (1981), മുല്ലാനാസറുദ്ദീന്റെ പൊടിക്കൈകൾ (1982), മക്കയിലേക്കുള്ള പാത (1983), ഹുസ്നുൽ ജമാൽ (1987), കുറിമാനം (1987), തിരുവരുൾ (1988), നവതാളം (1991), ആലോചന (1995), ഒന്നിന്റെ ദർശനം (1996), കാഴ്ചവട്ടം (1997) തുടങ്ങി എൺപതിലേറെ കൃതികൾ.
ഭാര്യ: വി. പി. ഖദീജ, മക്കൾ: നിശ, ആഷ്ലി, മുഹമ്മദ് ഹാരിസ്.