നല്ലവനാകുക എളുപ്പമല്ല. അതുകൊണ്ടുതന്നെയാകണം അതൊരു ‘നല്ല’കാര്യമാണെന്നു് കാലദേശഭേദമില്ലാതെ ആളുകൾ പറഞ്ഞുപോരുന്നതു്.
എന്താണു് നന്മ? ആരാണു് നല്ലവൻ? തുടങ്ങിയ ചോദ്യങ്ങൾ സ്വാഭാവികമായും ഈ സമയത്തു് ഉയർന്നു വരികയായി.
ഇതൊക്കെ നിർവ്വചിച്ചുവെക്കുക എളുപ്പമല്ല. ഇനിയങ്ങനെ നിർവ്വചിച്ചുകളയാം എന്നു വിചാരിച്ചാലോ, മറ്റുള്ളവരെക്കൊണ്ടു് അംഗീകരിപ്പിക്കാൻ പണി. എന്തിനു വെറുതെ മെനക്കെടുന്നു?
ഈ ലേഖനം അത്തരമൊരു മെനക്കേടിനു തുനിയുന്നില്ല. മറിച്ചു് നല്ലവരുമായി ബന്ധപ്പെടുന്ന അത്ര നല്ലതല്ലാത്ത ഒരു കാര്യം ഒന്നു ചൂണ്ടിക്കാട്ടുകമാത്രമേ ചെയ്യുന്നുള്ളൂ.
നന്മ എന്നതിന്റെ നിർവ്വചനം എന്തുതന്നെയാകട്ടെ, അതു ജീവിതത്തിൽ അടിമുടി പുലർത്തുക വിഷമകരമാണെന്നു് ആരും സമ്മതിക്കും. ഇതിന്റെ കൂടെ അതിനേക്കാൾ വിഷമകരമായൊരു കാര്യം ഉണ്ടെന്നു് കാണാം. ആ ചെയ്തതു് നന്മയാണെന്നു് മറ്റുള്ളവർ അംഗീകരിച്ചുകിട്ടുക എന്നതാണതു്.
നന്മ കണ്ടാൽ തിരിച്ചറിയാനും നല്ല ‘നന്മ’വേണം. അതു് അംഗീകരിക്കാൻ അതിലും കൂടുതൽ ‘നന്മ’ വേണം. അതു് തുറന്നഭിനന്ദിക്കാനും അറിഞ്ഞാദരിക്കാനും ഒരു സുമനസ്സിനു് മാത്രമേ സാധിക്കൂ. ഇക്കാര്യം നല്ല നിശ്ചയമുണ്ടയിട്ടുതന്നെയാണു് ‘ചങ്കെടുത്തു കാണിച്ചാൽ ചെമ്പരത്തിപ്പൂവാണെന്നു’ ആക്ഷേപിക്കുന്ന ചിലരെക്കുറിച്ചു് പഴമൊഴിക്കാർ സങ്കടപ്പെട്ടതു്.
ലോകസാധാരണമായൊരു കാര്യം മാത്രമാണിതു്. പക്ഷേ, നല്ലവനെന്നു നാലാളെക്കൊണ്ടു് പറയിക്കണം എന്നു് വാശിയുള്ള ‘നല്ലവരെ’പ്പറ്റിയാണു് ഇവിടെ വിശദീകരിക്കാനുള്ളതു്.
ഉള്ളതു് പറയണമല്ലോ. ഇക്കൂട്ടർ നല്ലവർ തന്നെയാണു്. നല്ലതു പറയിക്കണം എന്നതിലപ്പുറം അവർക്കു വലിയ സ്വാർത്ഥമൊന്നും കാണാറില്ല. പരോപകാരമനസ്ഥിതി, ത്യാഗബുദ്ധി തുടങ്ങിയ കാര്യങ്ങളിലൊന്നും ആരും അവരെ മുൻകടക്കുകയില്ല.
നല്ലതു പറയിക്കണം എന്ന വിചാരവും ചീത്തയോ?
ആ വിചാരം ചീത്തയല്ലായിരിക്കാം. പക്ഷേ, അതുകൊണ്ടു വന്നുകൂടാറുള്ള കഷ്ടനഷ്ടങ്ങൾ ചില്ലറയല്ല.
ഈ കൂട്ടർക്കു് നല്ലതു ചെയ്യാൻ ആവേശമാണു്. പ്രശ്നങ്ങൾ അവർ അങ്ങോട്ടുചെന്നു് കയ്യേറ്റുകളയും. ഇങ്ങോട്ടുവന്നു് അർത്ഥിക്കുന്ന പ്രശ്നങ്ങളുടെ കാര്യം പറയാനുമില്ല. സമയവും മറ്റു പരിമിതികളും അനുവദിക്കുന്നതിലപ്പുറം ആർക്കെങ്കിലും വല്ലതും ചെയ്യാനൊക്കുമോ? അതൊക്കെ ഓർക്കാൻ നേരമമെവിടെ? ‘ഈ വന്ന കക്ഷി നമ്മെപ്പറ്റി എന്തു വിചാരിക്കും? എന്ന ഒറ്റ ബേജാറു മാത്രമേ ആ സമയത്തുള്ളൂ. പത്തുപേർക്കു വേണ്ടി സമയം, അദ്ധ്വാനം, ധനം തുടങ്ങിയവ വിഭജിച്ചുപോയതുകൊണ്ടു് പറ്റിയതാണു് ഇതു്.
ഈ എട്ടുപേരും സ്വാഭാവികമായും ഇയാളെപ്പറ്റി അസന്തുഷ്ടരാകുന്നു. ആ അസന്തുഷ്ടി കുറ്റംപറച്ചിലിലേക്കു് വളരുന്നു. ഉടനെ ഇയാൾ പരാതിപ്പെട്ടുതുടങ്ങുകയായി—ലോകത്തിന്റെ സ്വാർത്ഥം നോക്കൂ. എന്റെ സഹായശീലം കാണാൻ ആർക്കും കണ്ണില്ല. ഞാൻ ഉത്സാഹിക്കാഞ്ഞിട്ടാണോ അതൊക്കെ നടക്കാതെ പോയതു് ?
അതൊക്കെ കയറി ഏറ്റതെന്തിനു് എന്നു ചോദിച്ചാലും ഇയാൾക്കു് ഉത്തരമുണ്ടാകും. എന്നെ ഏൽപിച്ചതെന്തിനു്? ഒരാൾ കാര്യം വന്നുപറഞ്ഞാൽ ഒറ്റയടിക്കു് പറ്റില്ലെന്നു പറയാൻമാത്രം ഞാൻ ഹൃദയശൂന്യനല്ല.
അതു് ഇയാൾ ഏറ്റില്ലായിരുന്നുവെങ്കിൽ മറ്റു വല്ലവരോടും പറഞ്ഞു നോക്കാമായിരുന്നല്ലോ എന്നാണു് അടുത്ത ചോദ്യമെങ്കിൽ നമ്മുടെ കക്ഷി പിണങ്ങും—എന്നാൽപിന്നെ ആ ആളെ നേരത്തെ അങ്ങേല്പിച്ചാൽ പോരായിരുന്നോ?
നോക്കണേ, ഇയാളുടെ സഹായശീലത്തിനു പരിചയക്കാരെല്ലാം ‘ഇര’യായിക്കൊടുക്കണമെന്നു്!
ചില ആളുകൾ പരിചയക്കാരുടെ വ്യക്തിപരവും കുടുംബപരവുമായ കാര്യങ്ങളൊക്കെ കേറിയങ്ങു നിർവ്വഹിച്ചുകളയും! അതിൽ അയാളുടെ ഇഷ്ടാനിഷ്ടങ്ങളൊന്നും നോക്കുകയില്ല. തന്റെ ഈ ‘മുടിഞ്ഞ’ സഹായംകൊണ്ടു് അയാൾക്കു് ഗുണത്തേക്കാളേറെ പൊറുതിക്കേടു് ഉണ്ടായിപ്പോവുന്നുണ്ടോ എന്നു് യാതൊരാശങ്കയുമില്ല.
ഇതേപ്പറ്റി ആരെങ്കിലും ചോദിച്ചാൽ ആൾ വാചാലനാകും. എന്റെ ഇഷ്ടാനിഷ്ടത്തിനു് അപ്പുറം എന്റെ സുഹൃത്തുക്കൾക്കാർക്കും ഇഷ്ടാനിഷ്ടങ്ങളൊന്നുമില്ല. കഴിഞ്ഞാഴ്ചതന്നെ…
നാം തടി രക്ഷപ്പെടുത്തേണ്ട നേരം ഇതാകുന്നു!
മറ്റൊരു കൂട്ടം, ചെയ്ത സഹായങ്ങളൊക്കെ നാലാൾ കൂടുന്നേടത്തു് പറഞ്ഞുകളയും. ഇവരുടെ സഹായം വേണ്ടിയിരുന്നില്ല എന്നു് സഹായം കിട്ടിയവനു് മാത്രമല്ല, ആ കഥ കേൾക്കേണ്ടിവന്നവനും തോന്നും. ഇതിന്റെയൊക്കെ പിന്നിൽ ആ പാവത്തിനു് ആകെക്കൂടി ഒറ്റ സദുദ്ദേശ്യമേയുള്ളൂ. താൻ നല്ലവനാണെന്നു് നാലാളെക്കൊണ്ടു് പറയിക്കുക!
ഇത്തരം സംഭാഷണങ്ങളിൽ പലതും ഇവരറിയാതെതന്നെ തികഞ്ഞ പരദൂഷണമായും പരനിന്ദയായും തീരുന്നു. അത്ര ‘നല്ലതല്ലാത്ത’ ആ കൂട്ടം ഇതു് പ്രചരിപ്പിക്കാൻ എളുപ്പമുണ്ടു്. സഹായം കിട്ടിയ കഥാപാത്രം ഇതറിയുന്നതോടെ ‘നല്ലവന്റെ’ ശത്രുവായിത്തീരുന്നു. ആ സദസ്സിനുമുമ്പിൽ നല്ലവൻ ‘നല്ല ബഡായിക്കാരനു’മായി. ഒരു നല്ല കാര്യം ചെയ്തതിന്റെ ഫലം എന്തായെന്നു നോക്കൂ!
ഇതിലൊന്നും മറ്റുള്ളവരുടെ കുറ്റമില്ലേ എന്നുചോദിക്കാം. ഉണ്ടാകാം, ഉണ്ടു്. പക്ഷേ, അതിനൊക്കെ ഇട കൊടുത്തതു് ആരു്?
നല്ലതു് ചെയ്യാനല്ലാതെ ആ ചെയ്തതു് നല്ലതാണെന്നു് വല്ലവരെക്കൊണ്ടും പറയിക്കാൻ നമുക്കാർക്കും ഒരു ബാദ്ധ്യതയുമില്ല. അതൊട്ടും എളുപ്പവുമല്ല. മറ്റുള്ളവർ എന്തു പറയുന്നു എന്നു നോക്കി നടക്കുന്നവൻ ആത്മവത്തയെത്തന്നെയാണു് നിഷേധിക്കുന്നതു്. അവനവൻ ചെയ്തതും ചെയ്യുന്നതും നല്ലതാണെന്നു ബോദ്ധ്യമുണ്ടെങ്കിൽ പിന്നെ പരിഭ്രമമെന്തിനു്? മറ്റുള്ളവരുടെ വിചാരഗതിയുടെ ചെരിപ്പിന്നനുസരിച്ചു് സ്വന്തം ‘നന്മ’യുടെ കാലു് മുറിക്കാൻ നിൽക്കുന്നതിലപ്പുറമൊരു വിഡ്ഢിത്തമില്ല. ആളുകൾ ലോകത്തിലെ നന്മയും തിന്മയും തീരുമാനിക്കുന്നതു് അവനവന്റെ ഉള്ളിലെ നന്മക്കും തിന്മക്കും അനുസരിച്ചാണു്. നാം നമ്മുടെ ഉള്ളിലെ നന്മതിന്മകൾ അനുസരിച്ചു് ലോകത്തെ കാണുന്നു. ആ അളവുകോലിന്നനുസരിച്ചു് ആത്മാർത്ഥതയോടെ പ്രവർത്തിക്കേണ്ട ചുമതലയേ നമുക്കുള്ളൂ. നമ്മുടെ നന്മയുടെ മാനദണ്ഡം വല്ലവന്റേയും നാക്കല്ല, നമ്മുടെ മനസാക്ഷിയാണു്.
ഇതൊക്കെ കണ്ടറിഞ്ഞിട്ടാണു് പഴമക്കാർ “ആയിരം കുടത്തിന്റെ വായ മൂടിക്കെട്ടാം, ഒരു മനുഷ്യന്റെ വാ മൂടിക്കെട്ടാനാവില്ലെന്നു്” പറഞ്ഞുവെച്ചതു്. മനഃപൂർവ്വമുള്ള കുറ്റംപറച്ചിലുകളെ കാര്യമാക്കാനില്ലെന്നു്. അതേ ശ്വാസത്തിൽ പറയേണ്ട ഒരു കാര്യമാണു് ആളുകളുടെ ഈ ‘നന്മ പറച്ചിലുകളെ’ ഗണ്യമാക്കേണ്ടതില്ലെന്നതു്.
ഈ ‘സഹായശീലന്മരോ’ടു് ഈ ലേഖനം വ്യക്തമായി അഭ്യർത്ഥിക്കുന്നു:
സർ, നിങ്ങൾ ജനിക്കുംമുമ്പു് ഈ ദുനിയാവു് ഉണ്ടായിരുന്നു. നിങ്ങൾ മരിച്ചുപോയാലും ഈ ദുനിയാവു് ബാക്കി കാണും. ഇവിടത്തെ കാര്യങ്ങളൊക്കെ നിങ്ങളൊരാളില്ലെങ്കിൽ കുളംകോരിപ്പോവുമെന്നു് ദയവുചെയ്തു് വിചാരിക്കരുതു് ! ദുനിയാവിന്റെ “നടുമദ്ധ്യം” എവിടെയാണെന്ന് നിശ്ചയമില്ല; പക്ഷേ, അതു നിങ്ങളാണെന്നു് തീരെ തോന്നുന്നില്ല.
പറഞ്ഞുനിർത്തുമ്പോൾ ഊന്നേണ്ട കാര്യം ഇതത്രെ:
നന്മ ത്യാഗമാണു്. നാലാളെക്കൊണ്ടു നല്ലവനെന്നു പറയിക്കണമെന്ന വിചാരത്തോടെ നന്മ ചെയ്യുമ്പോൾ ഒരാൾ നന്മയെ പങ്കിലമാക്കുന്നു. അതിന്മേൽ സ്വാർത്ഥത്തിന്റെ കാളിമ പടർത്തുന്നു.
നല്ലവരായ നല്ലവരും നല്ലവരാകാൻ നടക്കുന്ന നല്ലവരും തമ്മിലുള്ള വ്യത്യാസവും ഇവിടെത്തന്നെ.
യുവസാഹിതി കോഴിക്കോടു് ജില്ലാ സമ്മേളനസുവനീർ: 1977.

മുഴുവൻ പേരു്: മുഹ്യുദ്ദീൻ നടുക്കണ്ടിയിൽ. കോഴിക്കോട് ജില്ലയിലെ കാരശ്ശേരി എന്ന ഗ്രാമത്തിൽ 1951 ജൂലായ് 2-നു് ജനിച്ചു. പിതാവു്: പരേതനായ എൻ. സി. മുഹമ്മദ് ഹാജി. മാതാവു്: കെ. സി. ആയിശക്കുട്ടി. കാരശ്ശേരി ഹിദായത്തുസ്സിബിയാൻ മദ്രസ്സ, ഐ. ഐ. എ. യു. പി. സ്ക്കൂൾ, ചേന്ദമംഗല്ലൂർ ഹൈസ്ക്കൂൾ, കോഴിക്കോട് ഗുരുവായൂരപ്പൻ കോളേജ്, കാലിക്കറ്റ് സർവ്വകലാശാലാ മലയാളവിഭാഗം എന്നിവിടങ്ങളിൽ പഠിച്ചു. സോഷ്യോളജി-മലയാളം ബി. എ., മലയാളം എം. എ., മലയാളം എം. ഫിൽ. പരീക്ഷകൾ പാസ്സായി. 1993-ൽ കാലിക്കറ്റ് സർവ്വകലാശാലയിൽ നിന്നു് ഡോക്ടറേറ്റ്. 1976–78 കാലത്തു് കോഴിക്കോട്ടു് മാതൃഭൂമിയിൽ സഹപത്രാധിപരായിരുന്നു. പിന്നെ അധ്യാപകനായി. കോഴിക്കോട് ഗവ. ആർട്സ് ആന്റ് സയൻസ് കോളേജ്, കോടഞ്ചേരി ഗവ. കോളേജ്, കോഴിക്കോട് ഗവ: ഈവനിങ്ങ് കോളേജ് എന്നിവിടങ്ങളിൽ ജോലി നോക്കി. 1986-മുതൽ കാലിക്കറ്റ് സർവ്വകലാശാലാ മലയാളവിഭാഗത്തിൽ.
പുസ്തകങ്ങൾ: പുലിക്കോട്ടിൽകൃതികൾ (1979), വിശകലനം (1981), തിരുമൊഴികൾ (1981), മുല്ലാനാസറുദ്ദീന്റെ പൊടിക്കൈകൾ (1982), മക്കയിലേക്കുള്ള പാത (1983), ഹുസ്നുൽ ജമാൽ (1987), കുറിമാനം (1987), തിരുവരുൾ (1988), നവതാളം (1991), ആലോചന (1995), ഒന്നിന്റെ ദർശനം (1996), കാഴ്ചവട്ടം (1997) തുടങ്ങി എൺപതിലേറെ കൃതികൾ.
ഭാര്യ: വി. പി. ഖദീജ, മക്കൾ: നിശ, ആഷ്ലി, മുഹമ്മദ് ഹാരിസ്.