തീർച്ചയായും ആലോചനയ്ക്കെടുക്കേണ്ട ഒരു വിഷയമാണതു്—മാപ്പിളപ്പാട്ടിന്റെ ഇക്കാലത്തെ സാധ്യതകൾ എന്തെല്ലാമാണു്?
കാരണമെന്താണന്നല്ലേ: നമ്മുടെ നാടൻ ഗാനസാഹിതിയിൽ മാപ്പിളപ്പാട്ടു് ഒന്നു് മാത്രമേ ഇപ്പോഴും സജീവമായി നിലനിൽക്കുന്നുള്ളൂ. വടക്കൻപാട്ടും തെക്കൻപാട്ടുമെല്ലാം ചരിത്രത്തിന്റെ ഭാഗമായിക്കഴിഞ്ഞു. പുതിയ കാലത്തു് വടക്കൻപാട്ടും തെക്കൻപാട്ടുമില്ല. മാപ്പിളപ്പാട്ടു് ഇപ്പോഴും ഉൽപ്പാദനക്ഷമതയുമായി നിലനിന്നുപോരുന്നു. പണ്ടെന്നപോലെ ഇന്നും ഭാവങ്ങളും വികാരങ്ങളും ആശങ്കകളും സ്വപ്നങ്ങളും ആവിഷ്കരിക്കുവാൻ ആ ഗാനസാഹിതി പ്രാപ്തമാണു്—ദുബായിലേക്കു് അയച്ച ‘കത്തുപാട്ടു്’ ഒരുദാഹരണം മാത്രം.
ഉദാഹരണങ്ങൾ വേറെയുമുണ്ടു്: തെരഞ്ഞെടുപ്പു് കാലത്തു് ഏതാണ്ടു് എല്ലാ പാർട്ടികളും മലബാറിൽ മാപ്പിളപ്പാട്ടുകളിലൂടെ പ്രചാരണം നടത്തുന്നതു കേട്ടിട്ടില്ലേ? മാപ്പിളസമൂഹത്തിൽ എന്നും പതിവുള്ള കക്ഷിവഴക്കുകളുടെ ഭാഗമായി ആശയപ്രചാരണത്തിനും പരിഹാസത്തിനും വിമർശനത്തിനുമൊക്കെ പല ഇശലുകളിൽ ‘പാട്ടുകെട്ടുന്നതു്’ പതിവാണു്.
ഇതിന്റെ സാദ്ധ്യതയെപ്പറ്റി ആളുകൾക്കു് അറിയാം എന്നർത്ഥം. പിന്നെ ഇപ്പോഴത്തെ ഈ ചർച്ചയോ?
ആ സാദ്ധ്യതയുടെ മട്ടും മാതിരിയും എന്താണു്, ആ സാധ്യത ഉപയോഗപ്പെടുത്തുന്നതിനെപ്പറ്റി ഓർത്തുവെയ്ക്കേണ്ട സംഗതികൾ എന്തൊക്കെയാണു് തുടങ്ങിയ വിഷയങ്ങളാണു് ഇവിടെ ആലോചനക്കെടുക്കേണ്ടതു്.

മാപ്പിളപ്പാട്ടിന്റെ സാധ്യത പ്രാഥമികമായി കുടികൊള്ളുന്നതു് അതിന്റെ സംഗീതത്തിലാണു്—ഈണത്തിൽ ആളുകളെ ഇത്രയേറെ സ്പർശിക്കുന്ന മറ്റൊരു ഗാനാവിഷ്കാരവും ഇല്ല. ഭംഗിയായി ആ ഈണം ഉപയോഗിച്ചാൽ സമുദായഭേദമില്ലാതെ അതു് ഹൃദയഹാരിയായിത്തീരും എന്നതിനു വേണ്ടത്ര തെളിവുകളുണ്ടു്. കേരളത്തിൽ ഏറ്റവും പ്രസിദ്ധമായിത്തീർന്ന മാപ്പിളപ്പാട്ടു് ഓർത്തു നോക്കൂ. പി. ഭാസ്ക്കരൻ “നീലക്കുയിൽ ” എന്ന സിനിമക്കു (1954) വേണ്ടി എഴുതിയ “കായലരികത്തു്” എന്നു തുടങ്ങുന്ന പാട്ടാണു് ഞാനുദ്ദേശിക്കുന്നതു്. നമ്മുടെ സിനിമാക്കാർക്കും നാടകക്കാർക്കും ജാഥക്കാർക്കുമൊക്കെ മാപ്പിളപ്പാട്ടിലെ ഈണങ്ങളുടെ അത്ഭുതകരമായ സിദ്ധിവശേഷം അറിയാം. പ്രണയം, യുദ്ധം, ശോകം, ഹാസ്യം തുടങ്ങിയവ ചിത്രീകരിക്കുവാൻ ആ ഈണഭേദങ്ങൾക്കു് നല്ല സാമർത്ഥ്യമുണ്ടു്. അതിലെ ദ്രുതതാളങ്ങൾക്കു് പലതിനും, ആധുനികകാലത്തെ പോപ് സംഗീതത്തെപ്പോലെ, കേൾക്കുന്നവനെ ഒപ്പം കൂട്ടുവാനുള്ള മിടുക്കുണ്ടു്. ഞാൻ ആവർത്തിച്ചു പറയാൻ താൽപര്യപ്പെടുന്നു ആ ഈണമാണു്, താളമാണു് മാപ്പിളപ്പാട്ടിന്റെ ജീവൻ; സാധ്യതയും.
സംഗീതത്തിനു് മതവും ജാതിയും ഇല്ല; അതുപോലുള്ള വകഭേദങ്ങളും ഇല്ല. മാപ്പിള എഴുതിയാലേ, മാപ്പിളപ്പാട്ടാവൂ. മാപ്പിളയുടെ മതവിശ്വാസം പ്രചരിപ്പിക്കുന്ന മട്ടിലായാലേ മാപ്പിളപ്പാട്ടാവൂ തുടങ്ങിയ ധാരണകൾ കയ്യൊഴിച്ചാലേ ആ സാധ്യത ഉപയോഗിക്കാനാവൂ. മാപ്പിളപ്പാട്ടിലെ പല പ്രാചീന കൃതികളെക്കുറിച്ചും “ഇസ്ലാമികവിരുദ്ധം” എന്നു് ആക്ഷേപിക്കുന്നവർ നേരത്തേതന്നെയുണ്ടു്. ഉദാഹരണത്തിനു്, കണ്ടുകിട്ടിയ മാപ്പിളപ്പാട്ടുകൃതികളിലേക്കു ഏറ്റവും പഴക്കമുള്ള ‘മുഹ്യുദ്ദീൻമാല’ (രചയിതാവു്: ഖാസി മുഹമ്മദ്—രചനാവർഷം: എ. ഡി. 1607) തന്നെ മതവിരുദ്ധമാണെന്നു് ചിലർക്കു് പണ്ടേ അഭിപ്രായമുണ്ടു്. ഇത്തരം തർക്കങ്ങൾ കലാവിമർശനവുമായി ഒരു നിലയ്ക്കും ബന്ധപ്പെട്ടതല്ല. അവ വിശ്വാസപരമായ തർക്കങ്ങളാണു്; മതപണ്ഡിതന്മാരുടെ പ്രസംഗവിഷയങ്ങളുമാണു്. അല്ലാതെ, കലാചർച്ചയല്ല.
ഒരു പ്രത്യേക ഈണം ആസ്വദിക്കുക എന്നതാണു് ഇവിടത്തെ കലാസംബന്ധിയായ വിഷയം. ആ ഈണത്തിലൂടെ എന്തു പഠിക്കുന്നു എന്നതു് അത്ര പ്രധാനമല്ല. ഒന്നും പഠിക്കുന്നില്ലായിരിക്കാം. ആസ്വദിക്കുന്നുണ്ടല്ലോ. അതു് മതി.

ഇതുപോലെത്തന്നെ മാപ്പിളപ്പാട്ടിൽ നിരവധി സാഹിത്യരൂപങ്ങൾ (Genres) ഉണ്ടു്. മാലപ്പാട്ടുകൾ, പടപ്പാട്ടുകൾ, കത്തുപാട്ടുകൾ മുതലായവ ഉദാഹരണം. അവയൊക്കെ ഇക്കാലത്തും ഉപയോഗക്ഷമമാണെന്നാണു് എന്റെ പക്ഷം. ദുബായിലായിരിക്കുന്ന ഭർത്താവിനെ തന്റെ സങ്കടം അറിയിക്കുന്ന മാപ്പിളപ്പെണ്ണു് ആ പഴയ ‘കത്തുപാട്ടി’ന്റെ രൂപം ആണു് ഉപയോഗപ്പെടുത്തുന്നതു്. ഇതുപോലെ ഇക്കാലത്തെ ഒരെഴുത്തുകാരനെയോ, നേതാവിനെയോ വാഴ്ത്തിക്കൊണ്ടു് ‘മാലപ്പാട്ടു്’ രചിക്കാവുന്നതാണു്. അപ്പോൾ മാലപ്പാട്ടു് രചിക്കേണ്ടതു് നേർച്ചക്കാരെപ്പറ്റിയാണു്; വിശുദ്ധരെയോ, തങ്ങന്മാരെയോ, ഔലിയാക്കളെയോ മാത്രമേ ആ സാഹിത്യരൂപത്തിൽ പുകഴ്ത്താവൂ എന്നുംപറഞ്ഞു് വരരുതു്. മഹാകവി ഇടശ്ശേരി ഗോവിന്ദൻനായർ മുഹമ്മദ് അബ്ദുറഹിമാൻ മരിച്ചപ്പോൾ (1945) അദ്ദേഹത്തെ സ്തുതിച്ചുകൊണ്ടെഴുതിയ മാപ്പിളപ്പാട്ടു് “താമരപ്പൂങ്കാവനത്തിലു് താമസിക്കുന്നോളെ” എന്ന ഇശലിലായിരുന്നു. അബ്ദുറഹിമാനെ നേരിട്ടു് അഭിസംബോധന ചെയ്യുന്ന രൂപമാണു് ആ പാട്ടിനുള്ളതു്. അദ്ദേഹം മാതൃകയാക്കിയ “താമരപ്പുങ്കാവനത്തിലു്” എന്ന പാട്ടും കാമുകൻ കാമുകിയെ അഭിസംബോധന ചെയ്യുന്ന രൂപത്തിലാണല്ലോ. രൂപങ്ങളുടെ സാധ്യതകൾ കൈപകർന്നു പോകുന്നതിനു് ഒരുദാഹരണം പറഞ്ഞുവെന്നു മാത്രം. ഇതു് മാലപ്പാട്ടു് തുടങ്ങിയ മറ്റു രൂപങ്ങൾക്കും ബാധകമാണു്.

മാപ്പിളപ്പാട്ടിലെ പ്രാസവ്യവസ്ഥ ചർച്ച ചെയ്യേണ്ട മറ്റൊരു പ്രശ്നമാണു്. കമ്പി, കഴുത്തു്, വാൽക്കമ്പി, വാലുമ്മൽകമ്പി തുടങ്ങി പലവിധം പ്രാസദീക്ഷകൾ നൂറ്റാണ്ടുകളായി ആ പാട്ടുകൃതികളിൽ പുലർന്നുവരുന്നുണ്ടു്. ഇവയൊന്നുമില്ലെങ്കിൽ മാപ്പിളാപ്പാട്ടാവില്ലെന്നും ഇന്നത്തെ രചനകളിൽ ഈ പ്രാസവ്യവസ്ഥകൾ ഇല്ലാത്തതുകൊണ്ടു് അവയിൽ പലതും ശരിയായ മാപ്പിളപ്പാട്ടല്ലെന്നും പലരും തൊണ്ട കീറി വാദിക്കുന്നതു് കേട്ടിട്ടുണ്ടു്.
അവർ മനസ്സിലാക്കേണ്ട ചില പ്രധാനപ്പെട്ട വസ്തുതകളുണ്ടു്.
- ഇപ്പറഞ്ഞ പ്രാസവ്യവസ്ഥകളെല്ലാം പഴയ തമിഴ്കൃതികളിലും മലയാളത്തിലെ പാട്ടുസാഹിത്യത്തിലും കണ്ടുവരുന്നവയാണു്. അവയൊന്നും മാപ്പിളപ്പാട്ടുകാരുടെ കണ്ടുപിടിത്തങ്ങളല്ല. ആ കാര്യത്തിൽ മാപ്പിളപ്പാട്ടുകാരുടേതായി പേരു് മാത്രമേയുള്ളു. രാമചരിതത്തിലും രാമകഥപ്പാട്ടിലും കണ്ടുവരുന്നവയാണു് ഈ പ്രാസവ്യവസ്ഥകളത്രയും. അവയിൽ മോന (കമ്പി), എതുക (കഴുത്തു്), അന്ത്യപ്രാസം (വാൽക്കമ്പി), അന്താദി (വാലുമ്മൽകമ്പി) എന്നൊക്കെ പേരു് മാറുമെന്നു് മാത്രം.
- മേൽപറഞ്ഞ പ്രാസവ്യവസ്ഥകളില്ലാത്ത മാപ്പിളപ്പാട്ടുകളും ഉണ്ടു്. ഉദാഹരണത്തിനു് മുഹിയിദ്ദീൻമാല തന്നെ എടുക്കാം. അതിൽ കഴുത്തു്, വാലുമ്മൽകമ്പി എന്നീ രണ്ടെണ്ണം എവിടെയുമില്ല. മിക്ക സ്ഥലത്തും കമ്പിയുണ്ടു്. അതും ചിലേടത്തു് പിഴച്ചു കാണാം. വാൽക്കമ്പി പിഴച്ച സ്ഥലങ്ങളും ഉണ്ടു്. ആ ഒറ്റക്കാരണം കൊണ്ടു് അതു് മാപ്പിളപ്പാട്ടല്ലാതായിട്ടില്ല. ആധുനികകാലത്തെ ‘കായലരികത്തി’ൽ മിക്ക വരികളിലും ഇപ്പറഞ്ഞതൊന്നുമില്ല. അതു ലക്ഷണമൊത്ത പാട്ടല്ല എന്നു നിങ്ങൾക്കു് പറയാം. ആ പറച്ചിൽ കൊണ്ടു് എന്തു പുണ്യം?
‘കമ്പിയും കഴുത്തും’ ഇല്ലാതെ മാപ്പിളപ്പാട്ടാവില്ല എന്നു വാദിക്കുന്ന പലരും ഇപ്പോഴത്തെ രചനകൾക്കു കാണുന്ന ഒരേയൊരു കുറ്റം ‘കമ്പിയും കഴുത്തും ഇല്ല’ എന്നതാണു്. ഞാൻ അതിനെ എതിർക്കുന്നു. ഇപ്പോഴത്തെ രചനകൾക്കു് ഞാൻ കാണുന്ന കുഴപ്പം വേറെ ചിലതാണു്.
- ഒന്നു്:
- അവയുടെ പ്രമേയം വളരെ തുച്ഛമാണു്. ഒരു തരത്തിലും മനുഷ്യനു് വില തോന്നാത്ത അമ്മായിയുടെ അപ്പത്തരങ്ങൾ’ തുടങ്ങിയ വിഷയങ്ങളാണിവയിൽ പ്രതിപാദിക്കപ്പെടുന്നതു്.
- രണ്ടു്:
- മിക്ക രചയിതാക്കൾക്കും വരിയൊപ്പിക്കുവാനല്ലാതെ ഭാവമോ വികാരമോ ആവിഷ്കൃതമാകുന്ന മട്ടിൽ പാട്ടെഴുതുവാനറിഞ്ഞുകൂടാ. പദങ്ങൾ തെരഞ്ഞെടുക്കുവാനോ അന്വയം ശരിപ്പെടുത്തുവാനോ ഉള്ള പ്രാഥമികബോധം പോലും പലർക്കും കമ്മിയാണു്.
- മൂന്നു്:
- അവയിൽ സാഹിത്യമോ സംഗീതമോ ഇല്ല. അവ ഈണഭേദങ്ങളായ ഇശലുകളെ അനുസ്മരിപ്പിക്കുന്ന മട്ടിൽ ഗദ്യം മുറിച്ചെഴുതി വെച്ചു പാടുന്നതു പോലെ തോന്നിപ്പോകുന്നു.
ഭാഷയുടെ കാര്യത്തിൽ ഒരു കാലത്തുണ്ടായിരുന്ന പക്ഷപാതങ്ങൾ ഏതായാലും ഇക്കാലത്തില്ല. അറബി, പേർസ്യൻ, ഹിന്ദുസ്ഥാനി, സംസ്കൃതം, തമിഴ് തുടങ്ങിയ അന്യഭാഷകളിൽ നിന്നു് നിർല്ലോഭം പദങ്ങൾ സ്വീകരിച്ചുകൊണ്ടാണു് മോയിൻകുട്ടിവൈദ്യരും മറ്റും എഴുതിയിരുന്നതു്. ഇത്തരം സങ്കരഭാഷാപ്രയോഗങ്ങളെ ചാക്കീരി മൊയ്തീൻ കുട്ടി തുറന്നെതിർക്കുകയുണ്ടായി. ഇന്നത്തെ മപ്പിളപ്പാട്ടുകളിൽ ഭാഷ വളരെ ലളിതമാണു്. പാട്ടെഴുത്തുകാർക്കു് അന്യഭാഷാപദങ്ങൾ പ്രയോഗിക്കുവാനുള്ള പാണ്ഡിത്യം ഇല്ലെന്നതു് ഒരു നിലക്കു് ഭാഗ്യമാണെന്നു് പറയണം. എങ്കിലും അറബി പദങ്ങൾ ഇടക്കിടെ തിരുകിയാലേ മാപ്പിളപ്പാട്ടാവൂ എന്നു് ചിലർ വാദിക്കുന്നതു് കേട്ടിട്ടുണ്ടു്. ഇതിൽ കഴമ്പൊന്നുമില്ല. അറബിയും മാപ്പിളപ്പാട്ടും തമ്മിൽ അങ്ങനെ ഒഴിവാക്കാനാവാത്ത ബന്ധമൊന്നുമില്ല. പച്ചമലയാളത്തിലെഴുതിയാലും മാപ്പിളപ്പാട്ടാവും. പക്ഷേ, ഒരു കാര്യമുണ്ടു്—മാപ്പിളപ്പാട്ടിന്റെ അന്തരീക്ഷം സൃഷ്ടിക്കാൻ മാപ്പിളവാമൊഴിയിൽ നടപ്പുള്ളതും പ്രയോഗംകൊണ്ടു് മലയാളമായിത്തീർന്നതുമായ അറബിപദങ്ങൾ തന്നെയാണു് നല്ലതു്. ഉദാഹരണത്തിനു് ഹൃദയം എന്ന അർത്ഥത്തിൽ ഖൽബ് എന്ന വാക്കാണു് മാപ്പിളപ്പാട്ടിൽ നല്ലതു്. ഇതുപോലെ ‘സുന്ദരി’യെക്കാൾ ‘ഹൂറി’ നന്നു്—പി. ഭാസ്ക്കരൻ ‘കായലരികത്തു്’ എന്നു തുടങ്ങുന്ന പാട്ടിൽ ഇപ്പറഞ്ഞ രണ്ടു് അറബി വാക്കുകളും ഉപയോഗിച്ചിട്ടുണ്ടു്.
ചുരുക്കത്തിൽ, ആശയാവിഷ്കാരത്തിനും ഭാവാവിഷ്കാരത്തിനും ഏതു നിലക്കും ഇന്നും ഉപയോഗിക്കാവുന്ന മട്ടിൽ അനേകം സാദ്ധ്യതകളുള്ള ഗാനസാഹിതിയാണു് മാപ്പിളപ്പാട്ടു്. അതിനു് ആദ്യം വേണ്ടതു് ഈ വിഷയം ഒരു സാമുദായികകാര്യമല്ല, കലാവിഷ്കാരത്തിന്റെ പ്രശ്നമാണു് എന്നു തിരിച്ചറിയുകയാണു്.
പ്രമേയം, പ്രാസം, ഭാഷ തുടങ്ങിയ കാര്യങ്ങളിലുള്ള പക്ഷപാതങ്ങളും കടുംപിടുത്തങ്ങളും കയ്യൊഴിച്ചു് പുതിയ സാദ്ധ്യതകളിലേക്കു് ചാലുകീറി ഒഴുകുവാനുള്ള മാപ്പിളപ്പാട്ടിന്റെ ശേഷിയെ തടഞ്ഞുവെക്കാതിരിക്കാൻ ബോധപൂർവ്വമായ ശ്രമം വേണം.
ഇപ്പോൾ ഒരു ചോദ്യം വരാം: ഈ തരത്തിലുള്ള പ്രത്യേകതകളൊക്കെ കൈവിട്ടുകഴിഞ്ഞാൽ പിന്നെ അതിനെ മാപ്പിളപ്പാട്ടു് എന്നു് വിളിക്കുവാൻ പറ്റുമോ? തനിമ നിലനിർത്തണ്ടേ?
മാപ്പിളപ്പാട്ടിന്റെ തനിമ എന്നു പറയുന്നതിൽ മുഖ്യഭാഗം അതിന്റെ സംഗീതമാണു്, ഈണമാണു്. അതില്ലാതെ പോയാൽ മാപ്പിളപ്പാട്ടില്ലാതാവും. പിന്നെ നൂറ്റാണ്ടുകൾ പഴക്കമുള്ള ചില പ്രത്യേകതകളിൽ കടിച്ചു തൂങ്ങി അതിന്റെ പുതിയ കാലത്തെ സാദ്ധ്യതകൾ ഉപയോഗിക്കാതിരിക്കുന്നതിനേക്കാൾ നല്ലതു് ആ ഈണഭേദങ്ങളെ സജീവമായി നിലനിർത്തുക തന്നെയാണു്.
ഇപ്പറഞ്ഞതിനു് വേറെ ഒരു ഉദാഹരണം പറയാം: കേരളത്തിലെ ക്ഷേത്രകലകൾ അവയുടെ പല ചിട്ടകളും കയ്യൊഴിച്ചു് ആധുനിക കാലത്തും നിലനിന്നുവരുന്നു. കഥകളിയുടെ കാര്യം നോക്കൂ. അതു ക്ഷേത്രമുറ്റത്തു മാത്രമേ അവതരിപ്പിച്ചുകൂടൂ, പുലരും വരെ വേണം എന്നു തുടങ്ങിയ പിടുത്തങ്ങളൊക്കെപ്പോയി. കഥ ഏതുമാവാം, ഭാഷ എത്രയും ലളിതമാവാം, വേഷങ്ങളിൽ പരിഷ്കരണമാവാം എന്നു തുടങ്ങിയ പല പുതുമകളും വന്നുചേർന്നു. ‘ക്ഷേത്രകലകൾ’ എന്ന പേരു് ആ കലാരൂപങ്ങളുടെ ഉൽപ്പത്തിചരിത്രത്തെ സൂചിപ്പിക്കുന്ന ഒരു പ്രയോഗം മാത്രമാണിന്നു്. ഇതുപോലെ ‘മാപ്പിളപ്പാട്ടു്’ എന്ന പ്രയോഗം ആ ഗാനസാഹിതിയുടെ ഉൽപ്പത്തിയെക്കുറിക്കുന്ന ഒരു സൂചകം മാത്രമായി നിലനിന്നാൽ മതി. അതിനപ്പുറം സാമുദായികബന്ധങ്ങളൊന്നും ആവശ്യമില്ല.
മാപ്പിളപ്പാട്ടു് മുഖ്യമായും സംഗീതമാണു്. സംഗീതത്തിനു്, ഒരു കലയ്ക്കും, സമുദായങ്ങളുടെയോ, മതങ്ങളുടെയോ, വിശ്വാസാചാരങ്ങളുടെയോ, ദേശങ്ങളുടെയോ അതിർവരമ്പുകളെ വിലവെയ്ക്കാനാവുകയില്ല.
കല മനുഷ്യർക്കിടയിലെ അതിർവരമ്പുകളെ ഇല്ലാതാക്കാൻ ഉത്സാഹിക്കുന്നു.
അൽഇർഫാദ് സ്പെഷൽ: സപ്തംബർ 1992.

മുഴുവൻ പേരു്: മുഹ്യുദ്ദീൻ നടുക്കണ്ടിയിൽ. കോഴിക്കോട് ജില്ലയിലെ കാരശ്ശേരി എന്ന ഗ്രാമത്തിൽ 1951 ജൂലായ് 2-നു് ജനിച്ചു. പിതാവു്: പരേതനായ എൻ. സി. മുഹമ്മദ് ഹാജി. മാതാവു്: കെ. സി. ആയിശക്കുട്ടി. കാരശ്ശേരി ഹിദായത്തുസ്സിബിയാൻ മദ്രസ്സ, ഐ. ഐ. എ. യു. പി. സ്ക്കൂൾ, ചേന്ദമംഗല്ലൂർ ഹൈസ്ക്കൂൾ, കോഴിക്കോട് ഗുരുവായൂരപ്പൻ കോളേജ്, കാലിക്കറ്റ് സർവ്വകലാശാലാ മലയാളവിഭാഗം എന്നിവിടങ്ങളിൽ പഠിച്ചു. സോഷ്യോളജി-മലയാളം ബി. എ., മലയാളം എം. എ., മലയാളം എം. ഫിൽ. പരീക്ഷകൾ പാസ്സായി. 1993-ൽ കാലിക്കറ്റ് സർവ്വകലാശാലയിൽ നിന്നു് ഡോക്ടറേറ്റ്. 1976–78 കാലത്തു് കോഴിക്കോട്ടു് മാതൃഭൂമിയിൽ സഹപത്രാധിപരായിരുന്നു. പിന്നെ അധ്യാപകനായി. കോഴിക്കോട് ഗവ. ആർട്സ് ആന്റ് സയൻസ് കോളേജ്, കോടഞ്ചേരി ഗവ. കോളേജ്, കോഴിക്കോട് ഗവ: ഈവനിങ്ങ് കോളേജ് എന്നിവിടങ്ങളിൽ ജോലി നോക്കി. 1986-മുതൽ കാലിക്കറ്റ് സർവ്വകലാശാലാ മലയാളവിഭാഗത്തിൽ.
പുസ്തകങ്ങൾ: പുലിക്കോട്ടിൽകൃതികൾ (1979), വിശകലനം (1981), തിരുമൊഴികൾ (1981), മുല്ലാനാസറുദ്ദീന്റെ പൊടിക്കൈകൾ (1982), മക്കയിലേക്കുള്ള പാത (1983), ഹുസ്നുൽ ജമാൽ (1987), കുറിമാനം (1987), തിരുവരുൾ (1988), നവതാളം (1991), ആലോചന (1995), ഒന്നിന്റെ ദർശനം (1996), കാഴ്ചവട്ടം (1997) തുടങ്ങി എൺപതിലേറെ കൃതികൾ.
ഭാര്യ: വി. പി. ഖദീജ, മക്കൾ: നിശ, ആഷ്ലി, മുഹമ്മദ് ഹാരിസ്.