ദൈവമേ, കലികാലം എന്നല്ലാതെ എന്താ പറയുക? വളരെ മിടുക്കന്മാരായ വിദ്യാർത്ഥികൾ നാളിതുവരെ ചെയ്തുപോന്ന ഒരു സത്ക്കർമ്മമാണു് ഉത്തരക്കടലാസ്സിൽ ചോദ്യങ്ങൾ പകർത്തിവെക്കുക എന്നതു്. ന്യായം. അങ്ങനെ പകർത്തിവെച്ചാൽ ആ ഉത്തരക്കടലാസ്സിൽ (!) തെറ്റുണ്ടാവുകയില്ലല്ലോ. ഇപ്പോൾ അതിനും പാങ്ങില്ലാതായിരിക്കുന്നു. ചോദ്യക്കടലാസ് തെറ്റിയാൽ എന്താ നിവൃത്തി?
ഈ ഭൂമിമലയാളത്തിൽ ഉത്തരക്കടലാസ്സല്ലാതെ ചോദ്യക്കടലാസ് ആരും വായിച്ചുനോക്കി മാർക്കിട്ടിരുന്നില്ല. ഇപ്പോഴിതാ, ‘ഉത്തരാ’ധുനിക പരിസരത്തിൽ എൻട്രൻസ് പരീക്ഷയുടെ ചോദ്യക്കടലാസ് വായിച്ചെടുത്തവർ അതിൽ ധാരാളം തെറ്റുകളുണ്ടെന്നു് കണ്ടുപിടിച്ചിരിക്കുന്നു! കേരളത്തിലെ ശാസ്ത്രപ്രതിഭകളുടെ പ്രധാനപ്പെട്ട കണ്ടുപിടിത്തമായി ഇതു് വിളികൊള്ളും എന്നു് തീർച്ച. ഉത്തരം പറയുക എന്നതല്ല, ചോദ്യങ്ങൾ ചോദിക്കുക എന്നതാണു് പ്രധാനം എന്നു് പഴയ കിത്താബുകളിൽ പറഞ്ഞിരിക്കുന്നതു് നിറവടിയായിരിക്കുന്നു.

പക്ഷേ, ചോദ്യക്കടലാസ് തിരുത്തുന്നതു് അപകടംപിടിച്ച പണിയാണെന്നു് എം. എൻ. വിജയൻ ഈയിടെ പ്രസിദ്ധീകരിച്ച ‘സംസ്കാരവും സ്വാതന്ത്ര്യവും’ എന്ന പുസ്തകത്തിൽ കാണുന്നു.
വിജയൻ മാസ്റ്ററുടെ ഒരധ്യാപകൻ ബി. എഡ്. പരീക്ഷയിൽ എട്ടുവട്ടം തോറ്റു. കാരണം ലളിതം: ആ പണ്ഡിതൻ ചോദ്യക്കടലാസെല്ലാം തെറ്റാണെന്നു് ആദ്യം എഴുതിയിട്ടു്, സ്വന്തമായി ചോദ്യക്കടലാസ് ഉണ്ടാക്കി ഉത്തരവും എഴുതി എല്ലാംകൂടി പിൻചെയ്തുകൊടുക്കുകയായിരുന്നുവത്രെ പതിവു്.
ഇമ്മാതിരി ഒരു വിദ്വാൻ എട്ടുവട്ടം എഴുതിയാൽ ന്യായമായും പതിനെട്ടുവട്ടം തോൽക്കേണ്ടതാണു്. ആ ഗുരുനാഥനു് ഉള്ള ഉദ്യോഗം നഷ്ടമായില്ല എന്നു് വിജയൻ മാസ്റ്റർ കൂട്ടിച്ചേർത്തുകാണുന്നു. ഭാഗ്യം!
ചോദ്യം എന്ന വാക്കിനു് ദൈവശിക്ഷ എന്നുകൂടി അർത്ഥമുണ്ടെന്നു ശബ്ദതാരാവലി പറഞ്ഞതിന്റെ കള്ളി ചോദ്യക്കടലാസിലെ തെറ്റിനെ സംബന്ധിച്ച പത്രവാർത്ത കണ്ടപ്പോഴാണു് എനിക്കു് തിരിഞ്ഞുകിട്ടിയതു് ഉത്തരം തെറ്റാം എന്നതു മാറി ചോദ്യം തെറ്റാം എന്നു വരുന്നതു് ദൈവരക്ഷയല്ലാതെ മറ്റെന്താകാനാണു്? അതിനാൽ എൻട്രൻസ് പരീക്ഷയുടെ അന്നു് പുലർച്ചക്കും തലേന്നു് പാതിരക്കും ദൈവങ്ങളായ ദൈവങ്ങളോടൊക്കെ പ്രാർത്ഥിക്കുമ്പോൾ കുട്ടികൾ ‘എന്റെ ഉത്തരം ശരിയാകണേ’ എന്നു് അപേക്ഷിക്കുന്ന കൂട്ടത്തിൽ ‘എനിക്കു് കിട്ടുന്ന ചോദ്യം ശരിയാകണേ’ എന്നുകൂടി നിലവിളിക്കുന്നതു് നന്നായിരിക്കും.
സംസ്കൃതക്കാരുടെ പഴയൊരു ചോദ്യം ‘ഉപ്പിനു് ഉപ്പുണ്ടോ എന്നു് എങ്ങനെ അറിയാം?’ എന്നതാണു്. അപ്പറഞ്ഞപോലെ ചോദ്യം നേരെയാണോ എന്നറിഞ്ഞിട്ടു് വേണം ഉത്തരമെഴുതാൻ. അതുകൊണ്ടു് ഇനി നടക്കാൻ പോകുന്ന ‘എൻട്രൻസ് രണ്ടാമൻ’ പരീക്ഷയിൽ ചോദ്യം ശരിയാണോ എന്നു് പരിശോധിക്കാനും അതു രേഖപ്പെടുത്താനും കുട്ടികൾക്കു് കുറച്ചു് ‘എക്സ്ട്രാ’ സമയം അനുവദിക്കണം. ഇനി പരീക്ഷയാകപ്പാടെ ആ ഒറ്റക്കാര്യത്തിൽ ഒതുക്കുന്നതിലും കുഴപ്പമില്ല. എങ്കിൽ പിന്നെ, ചോദ്യക്കടലാസ് ഒരുക്കാൻ ആരും മതി എന്നുവെക്കാനും ന്യായമുണ്ടു്. നാം ആരോടും, വിശേഷിച്ചു് കുട്ടികളോടു്, അന്യായം ചെയ്തുകൂടല്ലോ.
അങ്ങനെ, നമ്മുടെ ചോദ്യക്കടലാസുകളുടെയെല്ലാം തലവാചകം ‘തെറ്റുണ്ടെങ്കിൽ തിരുത്തുക’ എന്ന സംസ്ക്കാരമധുരമായ അഭ്യർത്ഥനയാക്കി മാറ്റാം. മറ്റുള്ളവർ നമ്മുടെ തെറ്റുകൾ കണ്ടെത്തുന്നതിലും തിരുത്തുന്നതിലും നമുക്കു് പണ്ടേ ആർഷമായ വിനയവും സഹിഷ്ണുതയും ഉണ്ടു് എന്നതിന്റെ തെളിവാണു്, ആ വാക്യം വളരെ മുമ്പേ നമ്മുടെ ചോദ്യക്കടലാസുകളിൽ കണ്ടുപോന്നിരുന്നതു്. അതിന്റെ അർത്ഥം നാം വായിച്ചെടുത്തതു് ഇപ്പോഴാണെന്നു് മാത്രം.
സിലബസ് മാറി ചോദ്യം ചോദിക്കുക, ചോദ്യങ്ങൾ ആവർത്തിക്കുക, മാർക്ക് തെറ്റിച്ചേർക്കുക തുടങ്ങി മറ്റു ചോദ്യക്കടലാസുകളിലെ പതിവു് രോഗങ്ങൾക്കും മേൽപ്പറഞ്ഞ സമയദാനത്തിന്റെ ചികത്സ കൊള്ളാം. കാര്യം: ചോദ്യക്കടലാസ് തയ്യാറാക്കുന്നവർ അതു വീണ്ടും വായിച്ചുനോക്കാൻ ഇടയില്ലാത്ത തരത്തിൽ തിരക്കുള്ള കൂട്ടരാണു്. ഉത്തരം താങ്ങുന്നവർക്കു് അത്ര തിരക്കില്ല.
പിന്നെ വേറൊരു സംഗതി ഉത്തരം കൊടുക്കേണ്ടവർ പറയുന്നതിന്നനുസരിച്ചു് ചോദ്യം മാറ്റാതെ നോക്കണം. ഇല്ലെങ്കിൽ ചിലപ്പോൾ മലബാറിൽ നടപ്പുള്ള ഒരു ഫലിതകഥയിൽ കേസ് തീർന്നതുപോലെ, പരീക്ഷ തന്നെ ഇല്ലാതായിപ്പോകും.
ആ കഥയിതാണു്:
എന്തോ കാര്യത്തിനു് ഭാര്യയോടു് കലികയറി സുലൈമാൻ മുസ്ല്യാരു് സ്വന്തം വീടിനു് തീവെച്ചു. വിവരം കേട്ടു് പോലീസെത്തി.
സബ് ഇൻസ്പെക്ടർ കടുപ്പിച്ചു് ചോദിച്ചു. “എന്തിനാ വീടിനു് തീവെച്ചതു്?”
മുസ്ല്യാരു് ഒരു ഭാവഭേദവും കൂടാതെ പറഞ്ഞു. “അതൊരു് ചോദ്യല്ല.”
ഇൻസ്പെക്ടർ അമ്പരന്നു. “പിന്നെ എന്താണു് ചോദ്യം?”
“ഞമ്മളെ പൊര എന്തിനുണ്ടാക്കീന്നു് ചോയ്ക്കി.”
“ശരി. എന്തിനാണു് വീടു് ഉണ്ടാക്കിയതു്?”
മുസ്ല്യാരു് ഉടനെ പറഞ്ഞു: “ഞമ്മക്കു് തീ കൊടുക്കാൻ.”
മാധ്യമം: 19 സെപ്തംബർ 1999.

മുഴുവൻ പേരു്: മുഹ്യുദ്ദീൻ നടുക്കണ്ടിയിൽ. കോഴിക്കോട് ജില്ലയിലെ കാരശ്ശേരി എന്ന ഗ്രാമത്തിൽ 1951 ജൂലായ് 2-നു് ജനിച്ചു. പിതാവു്: പരേതനായ എൻ. സി. മുഹമ്മദ് ഹാജി. മാതാവു്: കെ. സി. ആയിശക്കുട്ടി. കാരശ്ശേരി ഹിദായത്തുസ്സിബിയാൻ മദ്രസ്സ, ഐ. ഐ. എ. യു. പി. സ്ക്കൂൾ, ചേന്ദമംഗല്ലൂർ ഹൈസ്ക്കൂൾ, കോഴിക്കോട് ഗുരുവായൂരപ്പൻ കോളേജ്, കാലിക്കറ്റ് സർവ്വകലാശാലാ മലയാളവിഭാഗം എന്നിവിടങ്ങളിൽ പഠിച്ചു. സോഷ്യോളജി-മലയാളം ബി. എ., മലയാളം എം. എ., മലയാളം എം. ഫിൽ. പരീക്ഷകൾ പാസ്സായി. 1993-ൽ കാലിക്കറ്റ് സർവ്വകലാശാലയിൽ നിന്നു് ഡോക്ടറേറ്റ്. 1976–78 കാലത്തു് കോഴിക്കോട്ടു് മാതൃഭൂമിയിൽ സഹപത്രാധിപരായിരുന്നു. പിന്നെ അധ്യാപകനായി. കോഴിക്കോട് ഗവ. ആർട്സ് ആന്റ് സയൻസ് കോളേജ്, കോടഞ്ചേരി ഗവ. കോളേജ്, കോഴിക്കോട് ഗവ: ഈവനിങ്ങ് കോളേജ് എന്നിവിടങ്ങളിൽ ജോലി നോക്കി. 1986-മുതൽ കാലിക്കറ്റ് സർവ്വകലാശാലാ മലയാളവിഭാഗത്തിൽ.
പുസ്തകങ്ങൾ: പുലിക്കോട്ടിൽകൃതികൾ (1979), വിശകലനം (1981), തിരുമൊഴികൾ (1981), മുല്ലാനാസറുദ്ദീന്റെ പൊടിക്കൈകൾ (1982), മക്കയിലേക്കുള്ള പാത (1983), ഹുസ്നുൽ ജമാൽ (1987), കുറിമാനം (1987), തിരുവരുൾ (1988), നവതാളം (1991), ആലോചന (1995), ഒന്നിന്റെ ദർശനം (1996), കാഴ്ചവട്ടം (1997) തുടങ്ങി എൺപതിലേറെ കൃതികൾ.
ഭാര്യ: വി. പി. ഖദീജ, മക്കൾ: നിശ, ആഷ്ലി, മുഹമ്മദ് ഹാരിസ്.