“ഉറക്കം മതി ചങ്ങാതി;
ഉത്ഥാനം ചെയ്തിടാമിനി”

എന്തൊരു പണ്ഡിതോചിതമായ കോഴികൂവൽ! ഉള്ളൂർ ജന്മശതാബ്ദിയുടെ കാലത്തു ഈ തുയിലുണർത്തു് തന്നെയല്ലേ, അസ്മാദൃശന്മാർക്കു് പേർത്തും പേർത്തും അനുസ്മരിപ്പാനുള്ളതു്?
എങ്കിലും ചങ്ങാതിയോടൊരു ചോദ്യം—ഉറക്കം “മതിയായിട്ടു” തന്നെയാണോ താങ്കൾ ഉത്ഥാനം ചെയ്യാൻ തുടങ്ങുന്നതു് ?
കാരണമെന്താണെന്നല്ലേ: മനുഷ്യൻ മതിവരുംവരെ ഉറങ്ങേണ്ടതാകുന്നു.
ഇതിത്ര പറയാനുണ്ടോ എന്നാണു് ചില ബുദ്ധിജീവികളുടെ ചോദ്യം.
പൂർവ്വസൂരികളിൽ എത്രയെങ്കിലും പേർ ഉറക്കം എന്ന സംഗതിയെ ആക്ഷേപിച്ചുസംസാരിക്കുന്നു എന്നതു് ബുദ്ധിയുള്ളവരും അല്ലാത്തവരുമായ ജീവികൾ ശ്രദ്ധിക്കേണ്ടതാണു് കാവ്യശാസ്ത്രങ്ങളിൽ വിനോദിച്ചു് ബുദ്ധിമാന്മാർ കാലം പോക്കുന്നു എന്നു കരുതിയ മഹാൻ അടുത്ത വരിയിൽ പാടിയതെന്താണൊന്നോ. ദുഷ്ടന്മാർ ഉറങ്ങിയും കലഹിച്ചും ആയുസ്സുകളയുന്നു എന്നു്!
കലഹംപോലെ ആയുസ്സുകളയുന്ന ഒരു ചീത്തക്കാര്യമാണെന്നോ ഉറക്കം?
അല്ലെന്നതിനു തെളിവുകൾ എത്രയെങ്കിലുമുണ്ടു്. അതിലൊന്നു് ഉറക്കത്തിന്നുമാത്രം. സമ്മാനിക്കാൻ കഴിയുന്ന സ്വപ്നം എന്ന അനശ്വരസത്യമാകുന്നു. സ്വപ്നമില്ലാതെ നമുക്കു് ജീവിക്കാൻ കഴിയുമോ? ചിലരൊക്കെ ജീവിക്കുന്നതുതന്നെ സ്വപ്നത്തിലാണു്. ഉണർന്നിരിക്കുമ്പോൾ ചിലർ സ്വപ്നം കാണാറുണ്ടെന്നതു് നേരു് തന്നെ. പക്ഷേ, അതു ഉറക്കത്തിലെ സ്വപ്നത്തിന്റെ ചെറിയൊരനുകരണം മാത്രമാകുന്നു.
ഉറക്കത്തിലെ സ്വപ്നം ആ സമയത്തു് അനുഭവം തന്നെയാണു്. ചിലർക്കു് ടിക്കറ്റു വാങ്ങാതെയുള്ള ചലച്ചിത്രദർശനമാണതു്. ചിലർക്കു് ഒരിക്കലും സാധിക്കാത്ത അഭീഷ്ടങ്ങൾ സാധിക്കാനുള്ള അപൂർവ്വ സന്ദർഭമാണതു്. ചിലർക്കു് വരും കാര്യങ്ങൾ സങ്കല്പിച്ചു് വേവലാതികൊള്ളാനുള്ള വേദിയാണതു്. അങ്ങനെ എന്തെല്ലാം, എന്തെല്ലാം?
വടക്കൻപാട്ടിലെ വീരനായിക സ്വപ്നം കണ്ടു് ആവേശം കൊണ്ടാണു് ഇറങ്ങിത്തിരിക്കുന്നതു്!
“ഉറക്കത്തിൽ സ്വപ്നവും കണ്ടു പെണ്ണു്”
ഇന്നത്തെ കോളേജ്കുമാരികളേയും ഹൈസ്കൂൾകുമാരികളേയും ഒക്കെ ഇവിടെ “ചേർത്തുവെച്ചു്” ആലോചിച്ചുനോക്കുക. സ്വപ്നമില്ലെങ്കിൽ അവരനുഭവിക്കാനിടയുള്ള കഷ്ടം വിവരിക്കുവാൻ സാക്ഷാൽ കാളിദാസ കവീന്ദ്രനു് സാധിക്കുമോ?
സ്വപ്നത്തിലുള്ള മഹത്ത്വം അതു് ഉള്ളവനോടും ഇല്ലാത്തവനോടും ആണിനോടും പെണ്ണിനോടും എല്ലാം തുല്യമായി പെരുമാറുന്നു എന്നതാണു്. ആർക്കും എന്തും എങ്ങനെയും സ്വപ്നം കാണാം. ആരുടെയും സമ്മതം വേണ്ട. ആരും പരാതിപ്പെടില്ല.
ഉറക്കവും അങ്ങനെത്തന്നെ ഉള്ളവനും ഇല്ലാത്തവനും ഭക്ഷണം കഴിക്കുന്നതിൽ വ്യത്യാസമുണ്ടാകാം. പക്ഷേ, അവർ ഉറങ്ങുന്നത് ഒരുപോലെയാകുന്നു. രാജാവും ഭൃത്യനും ഉറക്കത്തിന്റെ മടിയിൽ ശുദ്ധതുല്യം! എന്തൊരു മധുരമനോഹരമായ സോഷ്യലിസ്റ്റു വ്യവസ്ഥിതി!
മാനസികമായ സ്വാസ്ഥ്യത്തിന്റെ ഏറ്റവും വലിയ ഉദാഹരണമാണു് ഉറക്കം. സ്വസ്ഥതയുള്ളവൻ വേഗം ഉറങ്ങുന്നു. കൂടുതൽ ഉറങ്ങുന്നു. കൊച്ചു കുട്ടികളുടെ ഉറക്കം കണ്ടിട്ടില്ലേ, അതുപോലെ അസ്വാസ്ഥ്യത്തിന്റെ പ്രത്യക്ഷീകരണം ഉറക്കമില്ലായ്മയാണു്. “ഉറക്കം വരാത്ത രാവുകൾ” എന്നും മറ്റും നോവലുകളിൽ ചില അദ്ധ്യായങ്ങൾ കണ്ടിട്ടുള്ളതു് ഇത്തരുണത്തിൽ ഓർക്കുക.
മനോവിഷമം മാറ്റാൻ കള്ളു്, കഞ്ചാവു്, കറുപ്പു് ആദി വസ്തുക്കൾ അകത്താക്കുന്ന ആളുകൾ അടുത്ത ഒന്നോ ഒന്നരയോ മണിക്കൂറിനകം സുഖമായി ഉറങ്ങുകയാണു് ചെയ്യുന്നതു്. ആ മനുഷ്യർക്ക് വേണ്ടതു് ഉറക്കമാണു്. ഉറക്കം മാത്രം!
മാനസികമായ ആയാസത്തിനെന്നപോലെ ശാരീരികമായ ഉണർവ്വിനും ഉറക്കം ഒരു സിദ്ധൗഷധമാകുന്നു. തടിയനക്കി പണിയെടുത്തവർക്കറിയാം, ഉറക്കത്തിന്റെ സുഖം. ശരീരത്തിന്റെ ദഹനക്രിയയെ സഹായിക്കുന്നതിൽ ഉറക്കത്തിന്നു വലിയ പങ്കുണ്ടു്. ഉറങ്ങിയെണീറ്റുവരുന്ന ആൾ പുതിയ മനുഷ്യനാണു്. കഴിഞ്ഞുപോയ അഞ്ചോ ആറോ മണിക്കൂർ ഈ ദുനിയാവിലെ പ്രശ്നങ്ങളൊന്നും അയാളെ സ്പർശിച്ചിരുന്നതുപോലുമില്ല.
മരണം ജീവിതത്തിന്റെ അനിവാര്യതയാണെന്നു് ആരും സമ്മതിക്കും. അതിനുള്ള പരിശീലനമാണു് ഉറക്കം. ഒരിക്കലും ഉണരാത്ത ഉറക്കമായി കവികൾ മരണത്തെ വിശേഷിപ്പിക്കാറുണ്ടു്.
ലോകത്തിലെ ബോറിൽനിന്നു് രക്ഷപ്പെടാനുള്ള വഴി കലകളും വിജ്ഞാനവുമാണെന്നു് വിവരമുള്ളവർ പറയാറുണ്ടു്. ബോറിൽനിന്നു് രക്ഷപ്പെടാൻ മറ്റൊരു സൂത്രം കൂടിയുണ്ടു്—ഉറക്കം. സിനിമാഹാളുകളിലും മറ്റും സഹൃദയന്മാർ ഉറക്കത്തെ ശരണം പ്രാപിക്കുന്നതു കണ്ടിട്ടില്ലേ? ബോറടിക്കുന്ന ഭാര്യ കുഞ്ഞുകുട്ടിപരാതീനങ്ങൾ, സുഹൃത്തുക്കൾ ആദികളിൽനിന്നും ഇപ്രകാരം രക്ഷപ്പെടാം.
അതെ. ബോറിനെ പ്രതിരോധിക്കുന്ന കലാവിദ്യയുമാകുന്നു ഉറക്കം!
ഉറക്കത്തിന്റെ ഏറ്റവും വലിയ മൂർത്തി കുംഭകർണ്ണനാണല്ലോ. അദ്ദേഹത്തെ കൊള്ളരുതാത്ത ഒരാളായി ആദികവി ചിത്രീകരിച്ചിട്ടില്ലെന്നതു ശ്രദ്ധിക്കണം. കുംഭകർണ്ണൻ ഊണു് ആറുമാസം, ഉറക്കം ആറുമാസക്കാരനാണെന്നതു് നേരുതന്നെ. പക്ഷേ, ആ ‘ഉറക്കത്തിൽനിന്നുണർന്നപ്പോൾ രാജ്യം ആക്രമിക്കനെത്തിയ ശത്രുവിനെ കണ്ടു. സ്വന്തം ജ്യേഷ്ഠനായ രാവണന്റെ ശത്രുവിനെ സ്വന്തം ശത്രുവായി മനസ്സിലാക്കി. ആ ശത്രു അവതാരമാണെന്നു് ആലോചിക്കാൻ നിന്നില്ല. സ്വജനങ്ങളോടൊപ്പം നിന്നു. അവർക്കു് വേണ്ടി പോർക്കളത്തിൽ പൊരുതി. അവരോടോപ്പം മരിച്ചുവീണു. ഉറക്കക്കാരനായിരുന്നു എന്നതുകൊണ്ടു് ആ കഥാപാത്രത്തിനു് ഒരു താഴ്ചയും വന്നുപോയിട്ടില്ല!
ഉറക്കത്തിൽ സ്വപ്നരൂപത്തിൽ പ്രവാചകന്മാർക്കു് ദിവ്യവെളിപാടുണ്ടാകുന്നുവെന്നും ദൈവം പ്രവാചകന്മാരോടു് സംസാരിക്കുന്നുവെന്നും ഒക്കെ അനേകം മതാനുയായികൾ വിശ്വസിക്കുന്നു.
ഉറങ്ങാതെ സ്വപ്നം കാണുന്നതെങ്ങനെ?
എല്ലാ ദിവസവും എല്ലാ പ്രവൃത്തിയും ഉറക്കിൽ ചെന്നുചേരുന്നു. എല്ലാം അതിൽനിന്നും ഉണർന്നെണീറ്റു വരുന്നു.
എങ്കിലും, ഒരു കാര്യം കൂടി പറഞ്ഞു്, നിർത്താം.
ഉറക്കത്തിൽ സുഖം ഉറങ്ങുമ്പോഴല്ല, ഉണർന്നെണീക്കുമ്പോഴാണു്. മരണത്തിനുള്ള ദുഃഖവും അതാകുന്നു—നമുക്കു അതിൽനിന്നു് ഉണർന്നെണീക്കാൻ കഴിയില്ല!
നിറമാല മാസിക: ഫെബ്രുവരി 1978.

മുഴുവൻ പേരു്: മുഹ്യുദ്ദീൻ നടുക്കണ്ടിയിൽ. കോഴിക്കോട് ജില്ലയിലെ കാരശ്ശേരി എന്ന ഗ്രാമത്തിൽ 1951 ജൂലായ് 2-നു് ജനിച്ചു. പിതാവു്: പരേതനായ എൻ. സി. മുഹമ്മദ് ഹാജി. മാതാവു്: കെ. സി. ആയിശക്കുട്ടി. കാരശ്ശേരി ഹിദായത്തുസ്സിബിയാൻ മദ്രസ്സ, ഐ. ഐ. എ. യു. പി. സ്ക്കൂൾ, ചേന്ദമംഗല്ലൂർ ഹൈസ്ക്കൂൾ, കോഴിക്കോട് ഗുരുവായൂരപ്പൻ കോളേജ്, കാലിക്കറ്റ് സർവ്വകലാശാലാ മലയാളവിഭാഗം എന്നിവിടങ്ങളിൽ പഠിച്ചു. സോഷ്യോളജി-മലയാളം ബി. എ., മലയാളം എം. എ., മലയാളം എം. ഫിൽ. പരീക്ഷകൾ പാസ്സായി. 1993-ൽ കാലിക്കറ്റ് സർവ്വകലാശാലയിൽ നിന്നു് ഡോക്ടറേറ്റ്. 1976–78 കാലത്തു് കോഴിക്കോട്ടു് മാതൃഭൂമിയിൽ സഹപത്രാധിപരായിരുന്നു. പിന്നെ അധ്യാപകനായി. കോഴിക്കോട് ഗവ. ആർട്സ് ആന്റ് സയൻസ് കോളേജ്, കോടഞ്ചേരി ഗവ. കോളേജ്, കോഴിക്കോട് ഗവ: ഈവനിങ്ങ് കോളേജ് എന്നിവിടങ്ങളിൽ ജോലി നോക്കി. 1986-മുതൽ കാലിക്കറ്റ് സർവ്വകലാശാലാ മലയാളവിഭാഗത്തിൽ.
പുസ്തകങ്ങൾ: പുലിക്കോട്ടിൽകൃതികൾ (1979), വിശകലനം (1981), തിരുമൊഴികൾ (1981), മുല്ലാനാസറുദ്ദീന്റെ പൊടിക്കൈകൾ (1982), മക്കയിലേക്കുള്ള പാത (1983), ഹുസ്നുൽ ജമാൽ (1987), കുറിമാനം (1987), തിരുവരുൾ (1988), നവതാളം (1991), ആലോചന (1995), ഒന്നിന്റെ ദർശനം (1996), കാഴ്ചവട്ടം (1997) തുടങ്ങി എൺപതിലേറെ കൃതികൾ.
ഭാര്യ: വി. പി. ഖദീജ, മക്കൾ: നിശ, ആഷ്ലി, മുഹമ്മദ് ഹാരിസ്.