“തീപ്പെട്ടിക്കവിതകൾ”, ഒരാളുടെ ഇന്ദ്രിയജീവിതത്തിന്റെ അനുഭൂതി വിശേഷം എന്നാണു്, തന്റെ ഈ കവിത/ചിത്ര പരമ്പയെ കവിത ബാലകൃഷ്ണൻ ഞങ്ങൾക്കു് പരിചയപ്പെടുത്തിയതു്. അല്ലെങ്കിൽ ഇന്ദ്രിയാനുഭവങ്ങളുടെ ബഹുരൂപിയായ ഒരു മാനിഫെസ്റ്റോ എന്നും. നമ്മുക്കു് ഈ രീതി അത്ര പരിചിതമല്ല. എന്നാൽ, അപരിചിതമല്ലതാനും. മലയാളം ജെർണലുകളിലെ ചിത്രണങ്ങളിലൂടെ, സിനിമാ പോസ്റ്ററുകളിലൂടെ, രാഷ്ട്രീയ പാർട്ടികളുടെ മുദ്രവാക്യങ്ങളിലൂടെ, ഈ സ്വരവും മണവും നമ്മുക്കു് ഒപ്പമുണ്ടു്. എന്നാൽ, അതിനെ ഒരു തിമാറ്റിക്ക് രീതിയിൽ, കവിതയുടെ ഉൾബലത്തോടെ, പ്രദർശിപ്പിക്കുന്നു എന്നാണു് ഈ തീപ്പെട്ടിക്കവിതകളുടെ ഒരു ഭംഗി എന്നു് തോന്നുന്നു. അക്ഷരങ്ങളും വാക്കുകളും ചിഹ്നങ്ങളാണു്, അവ മനുഷ്യരെപ്പോലെയുമാണു്. ചിലപ്പോൾ ആകാരവടിവോടെ നിവർന്നു നിൽക്കുന്നു, ചിലപ്പോൾ ആരുടെയൊക്കെയോ സ്വഭാവചിത്രണം പോലെയുമാകുന്നു എന്നു് കവിത ബാലകൃഷ്ണൻ. ഇനി ആ കവിതകൾ ‘കണ്ടു നോക്കു’:
സായാഹ്ന പ്രവർത്തകർ




































1976-ൽ ഇരിങ്ങാലക്കുടയ്ക്കടുത്തു് നടവരമ്പിൽ ജനനം. 1998-ൽ ബറോഡയിലെ എം. എസ്. യൂണിവേർസിറ്റിയിൽ നിന്നു കലാചരിത്രത്തിലും സൌന്ദര്യശാസ്ത്രത്തിലും ബിരുദാനന്തര ബിരുദം. 2009-ൽ മലയാള ആനുകാലികങ്ങളിലെ ചിത്രീകരണ വ്യവഹാരത്തെ കുറിച്ചു് മഹാത്മാ ഗാന്ധി സർവ്വകലാശാലയുടെ സ്കൂൾ ഓഫ് ലെറ്റേഴ്സിൽ നിന്നു ഡോക്ടറേറ്റ്. 1989-ൽ പതിമൂന്നാം വയസ്സിൽ പെയിന്റിങ്ങിനു സോവിയറ്റ് ലാന്ഡ് നെഹ്രു അവാർഡ് നേടുകയും കരിങ്കടൽ തീരത്തെ മുൻ സോവിയറ്റ് റിപ്പബ്ലിക്കായ ഉക്രെയ്നിലെ ‘അർത്തേക്ക് ഇന്റർനാഷണൽ യങ് പയനിയർ’ ക്യാമ്പിൽ പങ്കെടുക്കുകയും ചെയ്തിട്ടുണ്ടു്. ‘ആർത്തേക് അനുഭവങ്ങൾ’ (വിശ്വദർശൻ ബുക്സ്, 2003) എന്ന സോവിയറ്റ് സന്ദർശന അനുഭവങ്ങളുടെ യാത്രാവിവരണമാണു് ആദ്യപുസ്തകം. ‘അങ്കവാലുള്ള പക്ഷി’ (Rainbow Books, 2004), ‘ഞാൻ ഹാജരുണ്ടു്’ (DC, 2007), ‘കവിതയുടെ കവിതകൾ’ (താമര ബുക്സ്, 2017) എന്നീ കവിതാ സമാഹാരങ്ങൾ. 2007-ലെ മികച്ച പുസ്തകത്തിനുള്ള കേരള ലളിതകലാ അക്കാദമി അവാർഡ് നേടിയ ‘കേരളത്തിലെ ചിത്രകലയുടെ വർത്തമാനം’ (Rainbow Books, 2007), ആധുനിക കേരളത്തിലെ ചിത്രകല (സ്റ്റേറ്റ് ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്, 2007), ഇന്ത്യൻ ചിത്രകാരൻ (എം. എഫ്. ഹുസ്സൈനെ കുറിച്ചുള്ള അക്കാദമിക് ലേഖനങ്ങളുടെ സമാഹാരം, മാതൃഭൂമി ബുക്സ്, 2013), ‘കലയുടെ നവലോകം’ (ഡി. സി. ബുക്സ്, 2017), എന്നീ കലാസംബന്ധമായ കൃതികൾ. ഏറ്റവുമൊടുവിൽ ‘വായനാമനുഷ്യന്റെ കലാചരിത്രം’ എന്ന പേരിൽ കേരള സാഹിത്യ അക്കാദമി പ്രസിദ്ധീകരിച്ച പുസ്തകം മലയാള അച്ചടിച്ചിത്രത്തിന്റെ സംസ്ക്കാരപഠനമാണു്. ദേശീയവും അന്തർദേശീയവുമായ സമകാലിക കലയുടെ പരിണാമങ്ങളിൽ കേരളത്തിന്റെ ചരിത്രപരമായ സ്ഥാനം അടയാളപ്പെടുത്തുന്ന ശ്രദ്ധേയമായ ഈ പുസ്തകങ്ങൾ കൊണ്ടും, ഇംഗ്ലിഷിലും മലയാളത്തിലുമുള്ള ലേഖനങ്ങൾ കൊണ്ടും 2000 മുതൽ കലാചരിത്രരചനയിൽ മൌലിക സംഭാവനകൾ നല്കിക്കൊണ്ടിരിക്കുന്നു. Marg Magazine, Art & Deal, Art Etc, TAKE on Art, ചിത്രവാർത്ത തുടങ്ങിയ രാജ്യത്തെ മികച്ച കലാ പ്രസിദ്ധീകരണങ്ങളിൽ എഴുതിയിട്ടുണ്ടു്. ഇന്ത്യൻ സാക്ഷര-മാധ്യമ സമൂഹങ്ങളിൽ, പ്രത്യേകിച്ചു് കേരളത്തിൽ, ‘ഇലസ്ട്രേഷൻ’ എന്ന വ്യവഹാരം വളർന്നതിന്റെ കലാചരിത്രം അന്താരാഷ്ട്ര ഇലസ്ട്രേഷൻ ഗവേഷകരുടെ ശ്രദ്ധയിൽ എത്തിച്ചതു് ലണ്ടനിലെ Intellect പ്രസിദ്ധീകരിക്കുന്ന ‘Journal of Illustration’ (Vol. 3, Issue. 2)-ൽ കവിത എഴുതിയ പഠനമാണു്. 2015-ൽ ലണ്ടനിലെ മെർസ്ബാൻ (Merzbarn) എന്ന ഉൾനാടൻ ഗ്രാമത്തിലും, കേരളത്തിലെ മതിലകം ഗ്രാമത്തിലും കവികളെയും ചിത്രകാരന്മാരെയും ഏകോപിപ്പിച്ചും സ്വന്തം ചിത്രങ്ങൾ പ്രദർശിപ്പിച്ചും ഗ്രാമീണവും, പാർശ്വവർത്തിതവുമായ സന്ദർഭങ്ങളുടെയും സർഗ്ഗാത്മക സഹവർതിത്വത്തിന്റെയും അന്തർദ്ദേശീയ ബദൽനിലപാടുകൾ ഒരു ചിത്രകാരി എന്ന നിലയിലും കൂടി കവിത പരീക്ഷിക്കുകയും മുന്നോട്ടു് വയ്ക്കുകയും ചെയ്യുന്നു. 2005 ഫെബ്രുവരി മുതൽ തൃശ്ശൂർ ഗവ. കോളേജ് ഓഫ് ഫൈൻ ആർട്സിൽ കലാചരിത്രത്തിന്റെ അധ്യാപികയായി സേവനമനുഷ്ഠിക്കുകയും ചെയ്യുന്നു.