മനുഷ്യർക്കു് ചില ജന്മവാസനകൾ പ്രകൃതി നല്കിയിട്ടുണ്ടല്ലോ. സ്വസ്ഥമായിരിക്കുവാനും പ്രവൃത്തിയിൽ ഏർപ്പെടുവാനുമുള്ള വാസനകൾ ഇവയിൽ ഉൾപ്പെടുന്നതാണു്. പരസ്പരവിരുദ്ധങ്ങളായ പ്രസ്തുത രണ്ടുവാസനകളിൽ പ്രവൃത്തിവാസന നിവൃത്തിവാസനയെ ജയിച്ചു മനുഷ്യരെ പരിണാമാത്മകങ്ങളായ പ്രവൃത്തികൾ മുഖേന തങ്ങളുടെ നൈസർഗ്ഗികശക്തികളെ പോഷിപ്പിക്കുവാൻ—മറ്റൊരുവിധത്തിൽ പറയുന്നതായാൽ, സൃഷ്ടിപരങ്ങളായ പ്രവൃത്തികളിൽ ഏർപ്പെടുവാൻ—പ്രേരിപ്പിക്കുമ്പോൾ, സംസ്കാരം ജനിച്ചുതുടങ്ങും. “സൃഷ്ടി സകലകലകളുടെയും പ്രാഥമിക പ്രേരകശക്തിയാണെ”ന്നു് ഒരു ചിന്തകൻ അഭിപ്രായപ്പെട്ടിട്ടുള്ളതിനാൽ, ‘കല’ എന്ന പദത്തിന്റെ ഏറ്റവും വ്യാപകമായ അർത്ഥത്തിൽ കലയും സംസ്കാരവും ഒന്നുതന്നെയാണെന്നു പറയാവുന്നതാണു്. പ്രവൃത്തിവാസന നിവൃത്തിവാസനയെ അടക്കിവച്ചിരിക്കുന്നിടത്തോളം കാലം സംസ്കാരം സജീവമായി നിലനില്ക്കും. നിവൃത്തിവാസനയ്ക്കു മറ്റേതിന്റെ മേൽ ജയം കിട്ടുമ്പോൾ, സംസ്കാരം പുരോഗതിയില്ലാതെ ജഡത്വം പ്രാപിക്കുന്നു. പിന്നെയും പ്രവൃത്തിവാസനയ്ക്കു നിവൃത്തിവാസനയുടെ മേൽ മുൻകൈ കിട്ടുമ്പോൾ, വീണ്ടും സംസ്കാരം സജീവമായി ഭവിക്കുന്നു. ഇപ്രകാരം പ്രവൃത്തിയും നിവൃത്തിയും മനുഷ്യരുടെ ഇടയ്ക്കു സദാ മാറിക്കൊണ്ടിരിക്കുന്നതാണു്. നിവൃത്തിവാസനയ്ക്കു ‘യിൻ’ എന്നും പ്രവൃത്തിവാസനയ്ക്കു ‘യാങ്’ എന്നും ചീനർ പേരിട്ടിട്ടുണ്ടു്. ഇടവിട്ടുള്ള പ്രവൃത്തിയും നിവൃത്തിയും കൊണ്ടുണ്ടാകുന്ന ഈ താളം വിശ്വത്തിലും കാണാവുന്നതാണു്. അതു് അതിന്റെ മൗലികഘടകമാണുതാനും. സംസ്കാരങ്ങൾ ജീവികൾ (ഓർഗാനിസം) ആണെന്നു ഹെർബർട്ട് സ്പെൻസറും അവ അതിജീവികളും (സുപ്പർ ഓർഗാനിസം), ബാല്യം, പൗരുഷം, വാർധക്യം എന്നീ ദശകളിലൂടെ കടന്നു മരണമടയുന്നവയുമാണെന്നു് സ്പെംഗ്ലറും അഭിപ്രായപ്പെട്ടിരിക്കുന്നതു ശരിയല്ലെന്നാണു് ഇവയെക്കുറിച്ചു് ചരിത്രപരമായ ഗവേഷണം നടത്തിയിട്ടുള്ള പെട്രി, ജോഡ് മുതലായ പണ്ഡിതന്മാരുടെ മതം. സംസ്കാരങ്ങളുടെ താളാത്മകമായ സ്വഭാവം ചുവടെ ചേർക്കുന്ന പ്രകാരം ഹിബേർട്ട ജേർണലിൽ മാർച്ചന്റ് ചൂണ്ടിക്കാണിച്ചിരിക്കുന്നു: “മനുഷ്യർ വർഗ്ഗം മഹാസമുദ്രവും, കാലത്തിന്റെ ഈ മണൽത്തിട്ടയിൽ ഒന്നിനു പിറകിൽ ഒന്നായി ജനിച്ചുവന്നു തല്ലുന്ന തിരകൾ ആനുക്രമികമായി ഉത്ഭവിച്ചുകൊണ്ടിരിക്കുന്ന സംസ്കാരങ്ങളുമാണു്. ഒരിക്കൽ ഇവയിലൊന്നു പൌരസ്ത്യലോകത്തും, മറ്റൊരിക്കൽ ഇവയിലൊന്നു പാശ്ചാത്യലോകത്തും, ജനിക്കുന്നതുകാണാം. പ്രൊഫസർ ഫ്ലിൻഡേർസ് പെട്രിയുടെ അഭിപ്രായത്തിൽ, ഇവയിലോരോന്നും ശരാശരി 1330 കൊല്ലം നിലനിന്നതിനുശേഷം ചിന്നിച്ചിതറിയ തിരകൾക്കു തുല്യം പ്രത്യക്ഷത്തിൽ അന്തമില്ലാത്ത മനുഷ്യജീവിതക്കടലിൽ തിരിച്ചു വിഴുന്നതാണു്… ബാല്യത്തിൽ തുടങ്ങി വാർദ്ധക്യം വരേയുള്ള ദശകളിലൂടെ സംസ്കാരങ്ങൾക്കു കടന്നുപോകാതെ ഗത്യന്തരമില്ലെന്നുള്ള അഭിപ്രായത്തെ പിന്താങ്ങുന്ന തെളിവുകൾ ഒന്നുമില്ല. പ്രൊഫസർ പെട്രി മുതലായവരുടെ ഗവേഷണങ്ങളിൽ സംസ്കാരങ്ങളുടെ ഇടവിട്ടുള്ള, അഥവാ, താളാത്മകമായ, സ്വഭാവമാണു് പ്രത്യക്ഷപ്പെട്ടിട്ടുള്ളതു്. ഒരുപക്ഷേ, ഈ ചരിത്രസംഭവങ്ങൾക്കുള്ള ഒരു സൂക്ഷ്മമായ ഉദാഹരണം പരിവർത്തിച്ചു കൊണ്ടും, എന്നാൽ സദാ ആവർത്തിച്ചു് ആവിർഭവിച്ചു കൊണ്ടുമിരിക്കുന്ന സംവത്സരത്തിലെ ഋതുക്കളാണെന്നു പറയാം. ഗ്രീഷ്മവും ഹേമന്തവും ശിശിരവും വസന്തവുമുള്ള ‘പരിഷ്കാര’ത്തിന്റെ മഹാവർഷത്തെ—365 ദിവസങ്ങളുള്ളതല്ല, പിന്നെയോ നമ്മുടെ അനേകായിരം വർഷങ്ങൾ അടങ്ങിയ മഹാവർഷത്തെ—കുറിച്ചു പ്രാചീന മനുഷ്യർ പറയുമ്പോൾ, അവർ പരിഷ്കാരത്തിനു പ്രസ്തുത വ്യാഖ്യാനമാണു് നൽകിയിട്ടുള്ളതും.”
സംസ്കാരങ്ങളുടെ താളാത്മകമായ പ്രസ്തുത സ്വഭാവം ഇന്നത്തെ ഒരു പുതിയ കണ്ടുപിടിത്തമല്ല. അതു ചരിത്രാതീതകാലങ്ങളിലെ പശ്ചിമ-ഏഷ്യാനിവാസികളും കണ്ടുപിടിച്ചിരുന്നു. അവരുടെ ഇടയ്ക്കു് ഉത്ഭവിച്ചതും, പാർസിമതകൃതികളിലും ഭാരതീയ പുരാണങ്ങളിലും വിവരിച്ചിട്ടുള്ളതുമായ ബ്രഹ്മകല്പഗണനം അവർ അതു് അറിഞ്ഞിരുന്നു എന്നു കാണിക്കുന്നുണ്ടു്. ഈ ബ്രഹ്മകല്പഗണനത്തെ മാതൃഭൂമി ആഴ്ചപ്പതിപ്പിൽ “കല്പങ്ങളും യുഗങ്ങളും” എന്ന ലേഖനത്തിൽ ഏറെക്കുറെ ശാസ്ത്രീയമാക്കി ഈ ലേഖകൻ വിവരിച്ചിരുന്നു. ബ്രഹ്മാവിന്റെ ഒരു പകൽ, അഥവാ, ആയിരം വർഷം അടങ്ങിയ ഓരോ കല്പം കഴിയുമ്പോൾ ബ്രഹ്മാവിനെ മാത്രം സംബന്ധിക്കുന്ന നൈമിത്തികമെന്ന ഒരു പ്രളയമുണ്ടാകുമെന്നും, അപ്പോൾ ബ്രഹ്മാവു വീണ്ടും സൃഷ്ടിച്ചുതുടങ്ങുമെന്നും, ബ്രഹ്മാവിന്റെ ഒരു രാവും പകലും, അഥവാ, രണ്ടായിരം വർഷം അടങ്ങിയ ഓരോ മഹാകല്പം കഴിയുമ്പോൾ ഉണ്ടാകുന്ന പ്രളയത്തിനു പ്രാകൃതപ്രളയം ബ്രഹ്മാവിനെ സംബന്ധിച്ചതു മാത്രമാണെന്നു പറയായ്കയാലും, അതിന്റെ പ്രാകൃതപ്രളയമെന്ന പേരിൽ നിന്നും, അതു പ്രകൃതിയിലുൾപ്പെടുന്ന മനുഷ്യരെ സംബന്ധിക്കുന്നതാണെന്നു് അനുമാനിക്കാം.
ആയിരം വർഷം നിലനിൽക്കുന്ന സംസ്കാരത്തിന്റെ പ്രവൃത്തിയും, അഥവാ, ഏറ്റവും പിന്നീടു് ആയിരം വർഷം നിലനില്ക്കുന്ന അതിന്റെ നിവൃത്തിയും, അഥവാ, ഇറക്കവും, സദാ ഉണ്ടായിക്കൊണ്ടിരിക്കുന്നതാണെന്നുള്ള ആശയം മഹാകല്പമെന്ന ആശയത്തിൽ കാണാവുന്നതാണു്. ഇതിൽനിന്നു് അതിപ്രാചീനകാലങ്ങളിൽ പശ്ചിമഏഷ്യാനിവാസികൾ പെട്രിയുടെ 1330 കൊല്ലം വീതമല്ല, പിന്നെയോ, 1000 കൊല്ലം വീതം മാത്രമാണു് ഓരോ സംസ്കാരത്തിന്റെയും ഏറ്റത്തിനും ഇറക്കത്തിനും നല്കിയിരുന്നതെന്നു മനസ്സിലാക്കാം. കൂടുതൽ ശാസ്ത്രീയമായ പെട്രിയുടെ കാലമായ 1330 വർഷം വീതം ഓരോ സംസ്കാരത്തിന്റെയും ഏറ്റത്തിനും ഇറക്കത്തിനും നമുക്കു് ഇവിടെ സ്വീകരിക്കാം. ഇതിൽ നിന്നു് കേരളീയ സംസ്കാരത്തിന്റെ ഏറ്റക്കാലവും ഇറക്കക്കാലവും 1330 വർഷം വീതമാണെന്നു സിദ്ധിക്കുന്നുണ്ടല്ലോ. എന്നു മുതൽക്കാണു് കേരളീയ സംസ്കാരത്തിന്റെ ഈ ഏറ്റം തുടങ്ങിയതെന്നു കണ്ടുപിടിക്കാൻ ഇനി നമുക്കു ശ്രമിക്കാം.
ഇന്നത്തെ ഭാരതത്തിലെ നിഷാദ, അഥവാ, ആസ്ത്രേലിയൻ നരവംശക്കാർ ഒഴിച്ചുള്ള നിവാസികളുടെ പൂർവ്വികന്മാർ കല്പാദികാലമായ ബി. സി. 6246-നു സമീപിച്ചു് പുന്ത് എന്നു പ്രാചീന ഈജിപ്തുകാർ പേരിട്ടിരുന്ന കിഴക്കേ അറേബ്യയിൽ തുർക്കികളുടെ പൂർവ്വികരായ സുമേറിയൻമാരുമൊന്നിച്ചു പാർത്തിരുന്നു എന്നും, ഇവർ ക്രമേണ ബാബിലോണിയ, പേർഷ്യ, അഫ്ഗാനിസ്ഥാൻ, ബലൂചിസ്ഥാൻ, ഓക്സസ് തീരങ്ങൾ എന്നീ ദേശങ്ങളിലൂടെ സഞ്ചരിച്ചു ബി. സി. 1000-നു സമീപകാലത്തു ബഹാവൽപ്പുരിൽ കൂടിയൊഴുകിയിരുന്ന വഹിന്ദ് നദിക്കു കിഴക്കുള്ള ഇന്നത്തെ ഭാരതത്തിൽ സ്ഥിരതാമസമുറപ്പിച്ചു എന്നും, ചരിത്രാതീതകാലത്തെ കേരളചരിത്രത്തെയും സംസ്കാരത്തെയും പറ്റി മാതൃഭൂമി ആഴ്ചപ്പതിപ്പിൽ ഈ ലേഖകൻ തുടരെ എഴുതിവന്ന ലേഖനപരമ്പരയിൽ സ്ഥാപിച്ചിട്ടുണ്ടു്. നിഷാദേതരരായ ഭാരതീയരിൽ ശരീരഘടന, മാനസികപ്രകൃതി, പരശുരാമകഥ മുതലായ ഏറ്റവും പ്രാചീനൈതിഹ്യങ്ങൾ എന്നിവയെ ആസ്പദിച്ചു കേരളീയരെയും ആന്ധ്രരെയും, തെക്കൻ ഒറീസക്കാരെയും ഒന്നായി ചേർക്കാമെന്നും, ഇവരുടെ പൂർവ്വികർ അൽപ്പൈൻ നരവംശക്കാരായ സുമേറിയൻമാരോടും, നോർഡിക് നരവംശക്കാരായ ഇറാനിയന്മാരോടും വർണ്ണസങ്കരമുണ്ടാകാത്ത പ്രാചീന ബദുവിൻ സെമൈറ്റ് അറബികളായ മെഡിറ്ററേനിയൻ നരവംശക്കാരാണെന്നും, പ്രാചീന ഈജിപ്തുകാരും ഇവരുടെ സന്താനങ്ങളാണെന്നും, തന്നിമിത്തം പ്രാചീന കേരളീയരുടെയും, പ്രാചീന ആന്ധ്രരുടെയും, ബദൂവിൻ സെമൈറ്റ് അറബികളുടെയും, പ്രാചീന ഈജിപ്തുകാരുടെയും സംസ്കാരങ്ങൾക്കു തമ്മിൽ വളരെയധികം അടുപ്പമുണ്ടെന്നും പ്രസ്തുത ലേഖനപരമ്പരയിൽ ഈ ലേഖകൻ ചൂണ്ടിക്കാണിച്ചിരുന്നു. ഇവരുടെ ഈ പ്രാചീനസംസ്കാരത്തിൽ അതിപരിഷ്കൃതരായിരുന്ന സുമേറിയൻമാരുടെയും, ആദികാലങ്ങളിൽ പേർഷ്യൻ ഉൾക്കടൽവരെയുള്ള ദേശങ്ങളിൽ പാർത്തിരുന്ന പ്രസ്തുത നിഷാദ നരവംശക്കാരുടെയും സംസ്കാരഘടകങ്ങൾ ധാരാളം കടന്നിരുന്നുവെങ്കിലും, ഇവയ്ക്കു് അതിന്റെ സെമൈറ്റ് പ്രകൃതി പാടേ ഭേദപ്പെടുത്തുവാൻ സാധിച്ചിരുന്നില്ല.
ശേഷിച്ച നിഷാദേതരവർഗ്ഗക്കാരിൽ ശരീരഘടനയെ സംബന്ധിച്ചു വടക്കുപടിഞ്ഞാറൻ ഇന്ത്യ, പഞ്ചാബ്, ഉത്തരരാജപുട്ടാണ, പശ്ചിമ യു. പി. എന്നീ ദേശങ്ങളിലെ നിവാസികളെ ഒരുതരം നരവംശക്കാരായും, ബംഗാൾ, ഉത്തര ഒറീസ, ഗുജറാത്ത് മുതൽക്കു് മൈസൂർ വരെയുള്ള ദക്ഷിണാപഥം, തമിഴ്‌നാടു് എന്നീ ദേശങ്ങളിലെ നിവാസികളെ മറ്റൊരുതരം നരവംശമായും വേർതിരിക്കാമെന്നു് പ്രൊഫസർ ബി. സി. ഗുഹൻ അഭിപ്രായപ്പെട്ടിട്ടുണ്ടു്. ഇവരിൽ ആദ്യത്തെ കൂട്ടർ ആര്യന്മാരെന്നു മാക്സ്മുള്ളരും ശിഷ്യരും പേരിട്ടുള്ള നോർഡിക് നരവംശക്കാരും, രണ്ടാമത്തെ കൂട്ടർ സുമേറിയൻ, സെമൈറ്റ്, നിഷാദർ എന്നീ നരവംശക്കാർ തമ്മിലുണ്ടായ വർണ്ണസങ്കരത്തിൽ നിന്നു ജനിച്ചവരുമാണു്. ഈ ഇരുകൂട്ടരും ഒന്നുപോലെ, ഒരു സുമേറിയനും, സപ്തർഷി എന്ന ബിരുദം വഹിച്ചിരുന്നവനുമായ ഓസിറിസ്-ശിവൻ വരുത്തിവച്ച ഭേദഗതികൾ ഉൾക്കൊണ്ടിരുന്നതിനാൽ ആർഷസംസ്കാരമെന്നു ഭാരതീയർ പേരുകൊടുത്തിട്ടുള്ള സുമേറിയൻ സംസ്കാരത്തെ ആദികാലം മുതൽക്കു് അതേപടി സ്വീകരിക്കുകയും ചെയ്തിരുന്നു. ഇവരുടെ ഈ സംസ്കാരത്തിൽ സെമൈറ്റ് സംസ്കാരഘടകങ്ങളും, നിഷാദസംസ്കാരഘടകങ്ങളും ധാരാളം കടന്നുകൂടിയിരുന്നുവെങ്കിലും, ഇവയ്ക്കു് അതിന്റെ മൌലികമായ സുമേറിയൻ പ്രകൃതിയെ ഭേദപ്പെടുത്തുവാൻ കഴിഞ്ഞിരുന്നില്ല. സുമേറിയൻ, സെമൈറ്റ്, നിഷാദ എന്നീ സംസ്കാരങ്ങളുടെ കലർപ്പുകൊണ്ടു് ജനിച്ചിട്ടുള്ള ഇന്നത്തെ ഭാരതീയ സംസ്കാരത്തിന്റെ സെമൈറ്റ് ഘടകങ്ങളെ അധികമായും വിശദമായും കാണിക്കുന്ന പ്രാദേശിക സംസ്കാരമെന്നതിനാൽ കേരളസംസ്കാരപഠനം ഒഴിച്ചുകൂടുവാൻ പാടില്ലാത്തതായി ഭവിച്ചിരിക്കുന്നതു്. ഇന്നു ത്രിവ്യഞ്ജന ധാതുക്കൾ കൊണ്ടുനിറഞ്ഞിരിക്കുന്ന സെമിറ്റിക് ഭാഷ ഒരു കാലത്തു ദ്വിവ്യജ്ഞനധാതുക്കൾ കൊണ്ടുനിറഞ്ഞ ഒന്നായിരുന്നു എന്നും, ഈ ഘട്ടത്തിൽ മൂല ദ്രാവിഡഭാഷയും, പ്രാചീന ഈജിപ്ഷ്യൻ ഭാഷയും, അബിസീനിയൻ ഭാഷകളും അതിൽ നിന്നു ജനിച്ചു എന്നും ഈ ലേഖകനാഭിപ്രായമുണ്ടു്. ഭാരതത്തിലെ മറ്റെല്ലാ പ്രാദേശിക സംസ്കാരങ്ങളെയും അപേക്ഷിച്ചു് കേരളസംസ്കാരത്തിനു സംസ്കാരവീക്ഷണകോടിയെ ആസ്പദിച്ചു് ഒരു പ്രത്യേകസത്തയും, ഏറ്റവും അധികം പ്രാധാന്യമുള്ളതും ഈ സെമൈറ്റ് ഘടകപ്രാചുര്യം നിമിത്തമാകുന്നു.
തമിഴരുടെ പ്രാദേശിക സംസ്കാരത്തിനാണു്, പ്രസ്തുത പ്രത്യേകസത്തയും, പ്രാധാന്യമുള്ളതെന്നുള്ള ഇന്നത്തെ ധാരണ ശരിയല്ല. ബംഗാളികളുടെ പ്രാദേശിക സംസ്കാരത്തിൽ മറ്റെല്ലാ പ്രാദേശികസംസ്കാരങ്ങളെയുംകാൾ അധികം നിഷാദസംസ്കാരഘടകങ്ങൾ പൊന്തിനിൽക്കുന്നതുപോലെ, തമിഴ് സംസ്കാരത്തിൽ കേരളസംസ്കാരമൊഴിച്ചുള്ള മറ്റെല്ലാ പ്രാദേശിക സംസ്കാരങ്ങളെയുംകാൾ അധികം സെമൈറ്റു സംസ്കാരഘടകങ്ങൾ പൊന്തിനിൽക്കുന്നുണ്ടെന്നുള്ളതു വാസ്തവം തന്നെ.
എന്നാൽ കേരളസംസ്കാരത്തിലുള്ളിടത്തോളം മൗലികങ്ങളായ സെമൈറ്റ് ഘടകങ്ങൾ തമിഴ് സംസ്കാരത്തിൽ കാണാവുന്നതല്ല. മാർഗ്ഗത്തിൽ ചെലുത്തുന്ന ശ്രദ്ധയേക്കാൾ അധികം ശ്രദ്ധ ഉദ്ദേശ്യത്തിൽ ചെലുത്തുന്ന മൗലികമായ സെമൈറ്റ് സ്വഭാവഘടകം കേരളീയരുടെ പ്രകൃതിയിലും, ഇതിനു നേരെമറിച്ചുള്ള സുമേറിൻ സ്വഭാവഘടകം തമിഴരുടെ പ്രകൃതിയിലും കാണുന്നതു് ഇതിനു ഒരു മകുടോദാഹരണമാണു്. ആന്ധ്ര സംസ്കാരം ഇന്നു സുമേറിയൻ സംസ്കാരഘടകങ്ങളെ മാത്രമേ പൊന്തിച്ചു കാണിക്കുന്നുള്ളു. തന്നിമിത്തമാണു് അതിനു തന്റെ സോദരിയായ കേരളസംസ്കാരത്തിനുള്ള പ്രത്യേകസത്ത ഇന്നു നഷ്ടപ്പെട്ടിരിക്കുന്നതും.
സല്ല എന്ന പ്രസിദ്ധ പ്രാചീന റോമാവീരന്റെ കാലത്തുള്ള എത്രുസ്ക്കൻ വർഗ്ഗക്കാർ സൃഷ്ടി മുതൽക്കു് അന്നുവരെ എട്ടുയുഗങ്ങൾ കഴിഞ്ഞിരുന്നു എന്നു വിശ്വസിച്ചിരുന്നു എന്നു് പ്ലൂട്ടാർക്ക് സല്ലയുടെ ജീവചരിത്രത്തിൽ പ്രസ്താവിച്ചിട്ടുണ്ടു്. റോമക്കാരുടെ അയൽപക്കക്കാരായ എത്രുസ്ക്കൻമാർ ആദിയിൽ ലിഡിയക്കാരായിരുന്നു എന്നു് ഹെറെഡോട്ടസ് പ്രസ്താവിച്ചിട്ടുള്ളതിനാലും ആദിലിഡിയ പുന്തിലെ ആദിമ ജംബുദ്വീപ്, അഥവാ ആദിഭാരതം ആണെന്നു് ഈ ലേഖകൻ മാതൃഭൂമിയിൽ സ്ഥാപിച്ചിട്ടുള്ളതിനാലും, എത്രുസ്ക്കന്മാരുടെ എട്ടുയുഗങ്ങൾ പുന്തിൽ പ്രചരിച്ചിരുന്ന ബ്രഹ്മകല്പഗണനത്തിലെ എട്ടുകല്പങ്ങളാണെന്നു വിശ്വസിക്കാം. സല്ല ജീവിച്ചിരുന്നതു് ബി. സി. ഒന്നാം ശതകത്തിലാകയാൽ അതിനു ഉദ്ദേശം 83 കല്പങ്ങൾക്കു മുമ്പു പുന്തായ അറേബ്യയിൽ പരിഷ്കാരം ഉദിച്ചു എന്നു് അനുമാനിക്കാം. സുമേറിയൻ സംസ്കാരം ബി. സി. 6246-ൽ കിഴക്കേ അറേബ്യയിലുണ്ടായ പ്രളയം മുതൽക്കു മാത്രമേ ജനിച്ചിരുന്നുള്ളു.
സുമേറിയൻമാരുടെ പ്രാബല്യത്തിനു മുമ്പ് ഉദ്ദേശം രണ്ടു കല്പങ്ങളോളം നിലനിന്ന ഒരു സിതിയൻ പ്രാബല്യകാലം ഏഷ്യയിൽ ഉണ്ടായിരുന്നു എന്നുള്ള പ്രാചീനൈതിഹ്യത്തെയാണു് നിനസിനു (സുമേറിയനായ ശിവ-ഓസിറിസിനു) മുമ്പു പതിനഞ്ചു ശതാബ്ദങ്ങളോളം നിലനിന്ന ഒരു സിതിയൻ പ്രാബല്യം ഏഷ്യയിൽ ഉണ്ടായിരുന്നു എന്നുള്ള ജസ്തിൻ എന്നു പ്രാചീന ഭാരതീയരും, അശ്ഗുഷായ് എന്നു അസ്സീറിയന്മാ രും, അശ്കെനാസ് എന്നു ഹെബ്രായരും പേരിട്ടിരുന്നു എന്നും, സിന്തിയർ എന്നു പേരുണ്ടായിരുന്ന ഇവരുടെ ചരിത്രാതീകാലത്തെ കുടിയേറിപ്പാർപ്പു നിമിത്തമാണു് സിന്ദിനു് അതിന്റെ പേരു ലഭിച്ചതെന്നും മാതൃഭൂമിയിലെ പ്രസ്തുത ലേഖനപരമ്പരയിൽ ഈ ലേഖകൻ സ്ഥാപിക്കുന്നതാണു്. ഇവരുടെ ലേലെഗെസ് എന്ന പേരു ലേലിഹാനം (പാമ്പു) എന്നതിന്റെ ഒരു ഗ്രീക്കുരൂപം മാത്രമാണെന്നും, ഇവരുടെ അശ്ഗുഷായ് എന്ന അസ്സീറിയൻ നാമത്തിൽ അഹി (പാമ്പു) എന്നതിന്റെ അസ് (അശി) എന്ന രൂപം അടക്കിയിരിക്കുന്നു എന്നും ഗരുഡനും സർപ്പങ്ങളുമായുള്ള പോരിനെ പറ്റിയുള്ള പൌരാണികകഥകൾ പക്ഷിവർഗ്ഗക്കാരായ സുമേറിയൻമാരും സർപ്പവർഗ്ഗക്കാരായ സെമൈറ്റുകളും തമ്മിലുണ്ടായ യുദ്ധങ്ങളെയാണു് സൂചിപ്പിക്കുന്നതെന്നും മാത്രമേ ഇവിടെ ചൂണ്ടിക്കാണിക്കുന്നുള്ളു. ആദി കേരളമായ അറേബ്യയിലെ കടാർ ഉപദ്വീപിനെ വാസയോഗ്യമാക്കി അവിടെ സുമേറിയന്മാരായ നമ്പൂതിരികളിൽ ഒരു ഭാഗക്കാരെ സുമേറിയൻ രാജാവായ ആദിപരശുരാമൻ പാർപ്പിച്ചപ്പോൾ, അവർക്കു് ശല്യമുണ്ടാക്കിയതായി ഐതിഹ്യം പറയുന്ന നാഗൻമാർ കേരളീയ പൂർവ്വികരായ പ്രസ്തുത സിതിയന്മാർ, അഥവാ, സെമൈറ്റുകളാണു്. ചരിത്രകാലത്തെ സിതിയൻമാർ സെമൈറ്റുകളും സുമേറിയൻമാരും തമ്മിലുണ്ടായ വർണ്ണസങ്കരത്തിൽ നിന്നു ജനിച്ചവരാണെന്നും, ആദിസിതിയന്മാർ ഉപയോഗിച്ചിരുന്ന സെമൈറ്റ് ഭാഷയ്ക്കുപകരം ഒരു ഇറാനിയൻ ഭാഷയാണു് ഉപയോഗിച്ചിരുന്നതെന്നും ഇവിടെ ഓർക്കേണ്ടതാണു്. ഇപ്രകാരം ബി. സി. 8246 മുതൽക്കു സുമേറിയൻ സംസ്കാരത്തിന്റെ ആരംഭകാലമായ ബി. സി. 6246 വരെ പശ്ചിമേഷ്യയിൽ നിലനിന്നിരുന്ന സംസ്കാരം കേരളീയരുടെ പൂർവ്വികരായ സെമൈറ്റുകളുടെ സംസ്കാരമാണെന്നു സിദ്ധിക്കുന്നു. തന്നിമിത്തം കേരളീയപരിഷ്കാരത്തിന്റെ ഏറ്റക്കാലവും ഇറക്കക്കാലവും കണക്കുകൂട്ടിതുടങ്ങേണ്ടതു് അതിന്റെ ഉത്ഭവകാലമായ ബി. സി. 8246 മുതൽക്കാണെന്നു സ്പഷ്ടമാകുന്നുണ്ടല്ലോ.
മുകളിൽ പ്രസ്താവിച്ച പെട്രിയുടെ 1330 കൊല്ലക്കണക്കു നാം ഇപ്പോൾ കണ്ടുപിടിച്ച കേരളപരിഷ്കാരത്തിന്റെ ഉത്ഭവകാലത്തോടു ചേർത്തു ഉത്ഭവം മുതൽക്കുള്ള കേരളപരിഷ്കാരത്തിന്റെ ഏറ്റക്കാലങ്ങളും ഇറക്കക്കാലങ്ങളും എളുപ്പം കണ്ടുപിടിക്കാവുന്നതാണു്. ഇവയെ ചുവടെ ചേർത്തുകൊള്ളുന്നു: (1) ബി. സി. 8246–6916 ഏറ്റം; (2) ബി. സി. 6916–5586 ഇറക്കം; (3) ബി. സി. 5586–4256 ഏറ്റം; (4) ബിസി. 4256–2926 ഇറക്കം; (5) ബി. സി. 2926–1 596, ഏറ്റം; (6) ബി. സി. 1596–266 ഇറക്കം; (7) ബി. സി. 266–എ. ഡി. 1064 ഏറ്റം; (8) എ. ഡി. 1064–എ. ഡി. 2394 ഇറക്കം. ഈ കാലപട്ടികയിൽ നിന്നു ബി. സി. 2926–1 596 എന്ന കാലം കേരളപരിഷ്കാരത്തിന്റെ ഒരു ഏറ്റകാലമാണെന്നു കാണാമല്ലോ. ഇക്കാലത്തു കേരളീയപൂർവ്വികർ പശ്ചിമബലൂചിസ്ഥാനിലെ ഗുദ്രിനദിതീരത്തിനു സമീപം സർ ഓറെൽസ്റ്റൈയിൽ കണ്ടുപിടിച്ചിട്ടുള്ള ഷാഹിതുംബ് എന്ന താമ്രശിലായുഗ പരിഷ്കാരകേന്ദ്രത്തിനും ചുറ്റും പാർത്തിരുന്നു എന്നും, തന്നിമിത്തം ഇന്നു കണ്ടുപിടിച്ചിട്ടുള്ള ചരിത്രാതീകാലത്തെ സൈന്ധവപരിഷ്കാരത്തിൽ ഇവരും ഭാഗഭാക്കുകളായിരുന്നു എന്നും, ഇവിടെ നിന്നു ബി. സി. 1596 മുതൽക്കു ബി. സി. 266 വരെ നിലനിന്ന ഇറക്കകാലത്താണു് ഇവർ ഇന്നത്തെ ഭാരതത്തിലേക്കു പോന്നതെന്നും മാതൃഭൂമിയിലെ പ്രസ്തുത ലേഖനപരമ്പരയിൽ ഈ ലേഖകൻ സ്ഥാപിക്കുന്നതാണു്.
ഇങ്ങനെ ഇന്നത്തെ ഭാരതത്തിൽ സ്ഥിരതാമസം ഉറച്ചതിനുശേഷം വന്ന ഏറ്റക്കാലമായ ബി. സി. 266–എ. ഡി. 1064 എന്നതിലാണു് യഥാർത്ഥമായ ആധുനിക കേരളീയ പരിഷ്കാരം ജനിച്ചതെന്നു മനസ്സിലാക്കാമല്ലോ. കേരളത്തിലെ പെരുമാക്കന്മാരുടെ വാഴ്ചകാലം ബി. സി. 113-ൽ തുടങ്ങി ഉദ്ദേശം എ. ഡി. 1046-ൽ അവസാനിച്ചു എന്നു മാതൃഭൂമിയിൽ ഈ ലേഖകൻ ചൂണ്ടിക്കാണിച്ചിരുന്നു. അതിനാൽ പെരുമാൾവാഴ്ചക്കാലം ആധുനികകേരളീയ പരിഷ്കാരത്തിന്റെ ഏറ്റക്കാലമാണെന്നു പറയാവുന്നതാണു്. എ. ഡി. 1049-ൽ സാമൂതിരി പോലനോടു പിടിച്ചടക്കിയതോടുകൂടി സാമൂതിരിമാരുടെ പ്രാബല്യകാലമാരംഭിച്ചു. ഇതോടുകൂടി ആധുനിക പരിഷ്കാരത്തിന്റെ ഇറക്കം തുടങ്ങുകയും ചെയ്തു. നാം ജീവിച്ചിരിക്കുന്ന ഇന്നു് എ. ഡി. 1064-ൽ തുടങ്ങിയ ഇറക്കക്കാലമാണെന്നും, ഇതു് അവസാനിക്കുന്നതിനു് ഇനി നാന്നൂറ്റിയമ്പതു കൊല്ലം കൂടി കഴിയണമെന്നും മുകളിൽ ചേർത്തിട്ടുള്ള കാലപട്ടിക കാണിക്കുന്നുണ്ടല്ലോ. ആധുനിക കേരളസംസ്കാരത്തിന്റെ പുഷ്പകാലം പെരുമാൾവാഴ്ച കാലമാകയാൽ, കേരളസംസ്കാരം മനസ്സിലാക്കുവാൻ ആഗ്രഹിക്കുന്നവർ, പെരുമാൾവാഴ്ചക്കാലത്തെ കേരളസംസ്കാരത്തിലാണു് ശ്രദ്ധപതിപ്പിക്കേണ്ടതു്.
സെമിറ്റിക്ക് സംസ്കാരത്തിന്റെ പൂർവ്വദേശശാഖയായി പരിഗണിക്കാവുന്ന കേരളസംസ്കാരത്തിന്റെ പ്രസ്തുത ഏറ്റക്കാലങ്ങളുടെയും ഇറക്കക്കാലങ്ങളുടെയും ചരിത്രങ്ങളെക്കുറിച്ചു നമുക്കുള്ള അറിവു് വളരെ കുറവാണെങ്കിലും, സെമിറ്റിക്ക് സംസ്കാരത്തിന്റെ പശ്ചിമശാഖയായ ബാബിലോണിയൻ, പ്രാചീന ഈജിപ്ഷ്യൻ, അറബി എന്നീ സംസ്കാരങ്ങളുടെ ചരിത്രങ്ങളെക്കുറിച്ചു് ഒരുവിധം സമ്പൂർണ്ണമായ വിവരങ്ങൾ നമുക്കു ലഭിച്ചിട്ടുണ്ടു്. ഈ പശ്ചിമശാഖകളുടെ ഏറ്റക്കാലങ്ങളും ഇറക്കക്കാലങ്ങളും യഥാക്രമം പൂർവ്വശാഖയുടെ ഏറ്റക്കാലങ്ങളോടും ഇറക്കക്കാലങ്ങളോടും യോജിച്ചുവരുന്നതു് പൂർവ്വശാഖയുടെ ഏറ്റങ്ങൾക്കും ഇറക്കങ്ങൾക്കും മുകളിൽ നല്കിയിട്ടുള്ള കാലങ്ങൾ സൂക്ഷ്മമാണെന്നു കാണിക്കുന്നു. ഇതിനു ചില ഉദാഹരണങ്ങൾ പറയാം: ബാബിലോണിയയിലെ സെമിറ്റിക്ക് സംസ്കാരത്തിന്റെ മാതൃകാപ്രതിനിധികൾ അഗാസിലെ സാർഗൻ സ്ഥാപിച്ച രാജവംശത്തിന്റെ വാഴ്ചകാലത്തും, ബാബിലോണിയയിലെ ഹമുറാബി യുടെ രാജവംശത്തിന്റെ വാഴ്ചകാലത്തുമുള്ള സംസ്കാരങ്ങളാണു്.
ഇവ രണ്ടും മുകളിലത്തെ കാലപട്ടികയിലെ ഏറ്റക്കാലമായ ബി. സി. 2926–1 596 എന്നതിലാണു് നിലനിൽക്കുന്നതു്. ഈ കാലഘട്ടത്തിനകത്തുതന്നെയാണു് പ്രാചീന ഈജിപ്ഷ്യൻ പരിഷ്കാരത്തിന്റെ പുഷ്പകാലമായ ഒന്നുമുതൽക്കു പതിമൂന്നു വരെയുള്ള രാജവംശങ്ങളുടെ വാഴ്ചക്കാലവും വരുന്നതും. ബി. സി. 266 എ. ഡി. 1064 എന്ന ഏറ്റക്കാലം അറബി പരിഷ്കാരത്തിന്റെ ഏറ്റക്കാലവുമായിരുന്നു. സുമേറിയൻ സംസ്കാരഘടകങ്ങൾ പൊന്തിച്ചു നില്ക്കുന്ന ഭാരതീയ സംസ്കാരത്തിന്റെയും, സെമിറ്റിക് സംസ്കാരഘടകങ്ങൾ പൊന്തിച്ചുനിൽക്കുന്ന കേരളീയസംസ്കാരത്തിന്റെയും ഏറ്റകാലങ്ങളും ഇറക്കകാലങ്ങളും ഒന്നല്ലെന്നും ഇവിടെ ചൂണ്ടിക്കാണിക്കേണ്ടിയിരിക്കുന്നു. സുമേറിയൻ ഘടകങ്ങൾ അധികമുള്ള ഭാരതീയ സംസ്കാരത്തിന്റെ ഏറ്റക്കാലങ്ങളും ഇറക്കക്കാലങ്ങളും കണ്ടുപിടിക്കേണ്ടതു സുമേറിയൻ പരിഷ്കാരത്തിന്റെ ഉത്ഭവകാലത്തെ ആസ്പദിച്ചുവേണം. ഈ ഉത്ഭവകാലം ബി. സി. 6246 ആണെന്നു മുകളിൽ പ്രസ്താവിച്ചിട്ടുണ്ടല്ലോ. ഇതിൽ തുടങ്ങി 1330 കൊല്ലം ഏറ്റത്തിനും, 1330 കൊല്ലം ഇറക്കത്തിനും നൽകേണ്ടതാണു്. ഇങ്ങനെ ചെയ്യുന്നതായാൽ ഭാരതീയ (സുമേറിയൻ) സംസ്കാരത്തിന്റെ ഏറ്റക്കാലങ്ങളും ഇറക്കക്കാലങ്ങളും ചുവടെ ചേർത്തിരിക്കുന്ന പ്രകാരമായിരിക്കും:
1. ബി. സി 6246–4916, ഏറ്റം 2. ബി. സി. 4916–3586, ഇറക്കം. 3, ബി. സി. 3586–2256, ഏറ്റം. 4. ബി. സി. 2256–926, ഇറക്കം 5. ബി. സി. 926–എ. ഡി. 404, ഏറ്റം, 6. എ. ഡി. 404–എ. ഡി. 1734, ഇറക്കം 7. എ. ഡി. 1734–എ. ഡി 3064, ഏറ്റം ഇതിൽ നിന്നു നാം ജീവിച്ചിരിക്കുന്ന ഇന്നത്തെകാലം ഭാരതീയ സംസ്കാരത്തിന്റെ ഏറ്റക്കാലമാണെന്നു മനസ്സിലാക്കാമല്ലോ. നേരെമറിച്ചു്, ഇന്നത്തെകാലം കേരളീയസംസ്കാരത്തിന്റെ ഇറക്കകാലവുമാണു്.
ഒരു ജനതയുടെ സംസ്കാരത്തിന്റെ രൂപം അതിന്റെ നരവംശീയമായ സ്വഭാവഘടകങ്ങളെയും, ആ ജനതയുമായി അധികം സമ്പർക്കമുണ്ടാകുന്ന അന്യജനതകളുടെ സ്വഭാവഘടകങ്ങളെയും, ആ ജനതയുടെ ഭൂമിശാസ്ത്രപരമായും മറ്റുമുള്ള പരിതഃസ്ഥിതികളെയും ആശ്രയിച്ചിരിക്കുന്നതാണു്. കേരളീയ സംസ്കാരത്തിന്റെ നരവംശഘടകങ്ങളെ ഗ്രഹിക്കുന്നതിനു് അവർ ഒരു ശാഖമാത്രമായിട്ടുള്ള സെമൈറ്റുകളുടെ നരവംശീയ സ്വഭാവഘടകങ്ങളെ വിവരിച്ചു കേംബ്രിഡ്ജ് എൻഷ്യന്റ് ഹിസ്റ്ററി ഒന്നാം വാല്യത്തിൽ ഒരു വിദഗ്ദ്ധൻ എഴുതിയിട്ടുള്ള അദ്ധ്യായത്തിൽ നിന്നു ചില ഭാഗങ്ങൾ പരിഭാഷപ്പെടുത്തി ചുവടെ ചേർത്തുകൊള്ളുന്നു:
“വടക്കു് അരമേയൻമാർ (സുറിയാനികൾ മുതലായവർ) എന്നും, കിഴക്കു ബാബിലോണിയൻമാർ എന്നും, അസ്സാരിയൻമാർ എന്നും, തെക്കു് അറബികളെന്നും, പടിഞ്ഞാറു ഫിനീഷ്യർ, ഹെബ്രായർ, മൊവാബൈറ്റുകൾ മുതലായവയെന്നും പേരുകളുള്ളവരെയാണു് സാധാരണയായി സെമൈറ്റുകളെന്നു വിളിച്ചുവരുന്നതു്. സെമിറ്റിക് ഭാഷകൾ എല്ലാകാലങ്ങളിലും (ആഫ്രിക്കയിലൊഴിച്ചു്) അവയുടെ പ്രത്യേകവിശേഷതകളെവച്ചു പുലർത്തിക്കൊണ്ടു പോന്നിരുന്നു; ഈ മർക്കടമുഷ്ടി മരുഭൂനിവാസികളായ ജനതകളിൽ പ്രത്യേകമായി കാണാവുന്ന ഒരു വിശേഷത്വ ഭാവമാണു്. പ്രസ്തുത സംഗതികൾ, സെമൈറ്റുകളുടെ ജന്മഭൂമി അറേബ്യയാണെന്നും, അറബി (ബദുവിൻ അറബി) മനോഗതി സെമിറ്റിക്ക് ചിന്താഗതിയെ പ്രതിനിധീകരിക്കുന്നു എന്നുമുള്ള വാദത്തെ ജനിപ്പിച്ചിട്ടുണ്ടു്. ഈ വാദത്തെ സെമിറ്റിക് ചരിത്രത്തിന്റെയും സംസ്കാരത്തിന്റെയും വളർച്ചയെ മനസ്സിലാക്കാനുള്ള സൂത്രമായി ഉപയോഗപ്പെടുത്തി വരുന്നതു നിമിത്തം, ഇതു നമ്മുടെ ശ്രദ്ധയിൽ പതിയേണ്ടതാണു്. ഇൻഡോ-യൂറോപ്യൻ നരവംശത്തിന്റെ പരപ്പുപോലെയുള്ളതു് ഒന്നു സെമൈറ്റുകളെ സംബന്ധിച്ചു് ഉണ്ടായിട്ടില്ലെന്നുള്ളതു് വാസ്തവം തന്നെ. ഈ പരപ്പിന്റെ പരമകോടിക്കു് ഒരു ഉദാഹരണം മാത്രമാണു് ഇസ്ലാമിന്റെ പരപ്പ്. ഫിനീഷ്യർ, മെഡിറ്ററേനിയൻ, അറ്റ്ലാന്റിക് എന്നീ കടലുകളുടെ തീരങ്ങളിലുള്ള തങ്ങളുടെ കോളണികളോടു കച്ചവടം നടത്തിവന്നിരുന്നതിന്റെ പ്രാധാന്യം അമേയമത്രേ… വലിയവണിക്കുകളും, ആഫ്രിക്കയും ഇന്ത്യയുമായി ബന്ധങ്ങളുണ്ടായിരുന്നവരുമായ തെക്കൻ അറബികളെക്കുറിച്ചു നമുക്കു് അധികം അറിവില്ല… സുറിയാനികൾ ചീനവരെ കിഴക്കോട്ടു സഞ്ചരിച്ചിരുന്നു… തന്നിമിത്തം സെമൈറ്റ് ലോകം ഇടുങ്ങിയ ഒന്നായിരുന്നില്ല. മിക്കവാറും സാർവ്വദേശീയങ്ങളായ കാലഘട്ടങ്ങൾ അവരുടെ ചരിത്രത്തിൽ അടങ്ങിയിരുന്നു. സെമൈറ്റുകളും, അവരെ ആക്രമിച്ച സുമേറിയന്മാരും തമ്മിൽ മതപരവും, സാഹിത്യപരവും മറ്റുമായ സംസ്കാരഘടകങ്ങൾ കൈമാറുകയുണ്ടായി. ബാഗ്ദാദിലെ അബ്ബസൈസ് ഖലീഫകളുടെ വാഴ്ചക്കാലത്തു സെമൈറ്റുകൾക്കു പാരസികരോടുണ്ടായ കടപ്പാടു് പ്രത്യേകം ദൃശ്യമാണു്; ഇതു് അക്കമനിഡ് പാരസികരാജവംശത്തിന്റെ വാഴ്ചക്കാലത്തും അതിനു മുമ്പും കൂടി കാണാം. മംഗോളിയന്മാർ, തുർക്കികൾ, പാരസികർ, എന്നിവർ സെമൈറ്റുകാരെക്കാൾ അധികം സെമൈറ്റുകളായി ഭവിച്ചിരുന്നു. ഹേത്യർ, കഷൈറ്റുകൾ, മിതന്നിയർ, ഫിലിസ്തൈന്മാർ മറ്റുള്ളവരെപ്പറ്റി പറയുന്നില്ല എന്നിവർ മുഖേന സെമിറ്റിക് ലോകം വിദേശികളുടെ സ്വാധീനശക്തി കൊണ്ടു നിറഞ്ഞിരുന്നു.”
“ശുദ്ധവും, ആരോഗ്യകരവുമായ മണലാരണ്യവായു മാനസിക ശക്തികളെ പോഷിപ്പിക്കുകയും ആരോഗ്യം, ശക്തി എന്നിവയുടെ തീക്ഷ്ണബോധം ജനിപ്പിക്കുകയും ചെയ്യുന്നതാണു്. അതു വീര്യവും, ഉത്സാഹവും, ആക്രമണശീലവും അങ്കുരിപ്പിക്കും. ആക്രമണത്തിൽ ധീരരും ഭയങ്കരരും മരണത്തെ തൃണവൽഗണിക്കുന്നവരുമായ സെമൈറ്റുകൾ ഗെറില്ലായുദ്ധത്തിലാണു്, നീണ്ടുനില്ക്കുന്ന ആക്രമണങ്ങളിലല്ല, സാമർത്ഥ്യം പ്രകടിപ്പിച്ചിരിക്കുന്നതു്. അവർ എളുപ്പത്തിൽ ഉത്സാഹശൂന്യരായി ഭവിച്ചിരുന്നു. തങ്ങൾ പിടിച്ചടക്കിയ അസ്സീറിയായിലും, കാർത്തേജിലുമല്ലാതെ അവർ സംഘടനാസാമർഥ്യം പ്രദർശിപ്പിച്ചിട്ടില്ല. മാർഗ്ഗത്തിൽ ചെലുത്തിയിരുന്ന ശ്രദ്ധയേക്കാൾ അധികം ശ്രദ്ധ അവർ ഉദ്ദേശ്യത്തിൽ ചെലുത്തിയിരുന്നതിനാൽ, അവർക്കു പ്രവർത്തനങ്ങൾക്കു വേണ്ട ഒരു പിന്നണികേന്ദ്രമോ, ഗതാഗതമാർഗ്ഗങ്ങളോ ഉണ്ടായിരുന്നില്ല; വിജയത്തിനുള്ള കുറുക്കുവഴികളെയത്രേ അവർ ആശ്രയിച്ചിരുന്നതും. എന്നാലും, പരാജയവും കഷ്ടപ്പാടും ക്ഷമാപൂർവ്വം നേരിടുവാനും, പഴഞ്ചൊല്ലായി ഭവിച്ചിട്ടുള്ള ഒരു നാല്പതു വർഷം പ്രതികാരത്തിനു കാത്തിരിക്കുവാനും അവർക്കു സാധിച്ചിരുന്നു. പ്രസാദാത്മകത്വത്തിന്റെയും ആത്മവിശ്വാസത്തിന്റെയും പരമകോടികളിൽ നിന്നും അവർ വേഗം വിഷാദാത്മകത്വത്തിന്റെയും നൈരാശ്യത്തിന്റെയും പരകോടികളിലേക്കു കടക്കുകയും ചെയ്തിരുന്നു. അവർ ഉപരിപ്ലവബുദ്ധികളും, അഹംഭാവികളും, പ്രദുമനഃസ്ഥിതിക്കാരും അവമാനബോധത്തിനു് എളുപ്പം വശംവദരാകുന്നവരുമാണെന്നു പറയാറുണ്ടു്.
യോദ്ധാക്കൾക്കു സഹജമായ കുലഭക്തി, ആത്മത്യാഗം, ബലവാന്മാരായ ശത്രുക്കളെ തൃണവൽഗണിക്കുന്ന ശീലം, തങ്ങളുടെ കുലത്തിൽപ്പെട്ട ദുർബലരെ സംരക്ഷിക്കുന്ന സ്വഭാവം എന്നീ വീരഗുണങ്ങൾ അവരിൽ കാണാം. പക്ഷേ, അവരുടെ അന്തരീക്ഷം ഇടുങ്ങിയ ഒന്നുമാത്രമാണു്. അവരുടെ വർഗ്ഗീയമോ വംശീയമോ ആയ അഭിമാനം അവരുടെ പൌരഭക്തിയേയും ജയിച്ചിരുന്നു; ഇതു സഞ്ചാരിവർഗ്ഗക്കാർ സ്ഥിരവാസം തുടങ്ങുമ്പോൾ, ഒരു വിയോജക ഘടകമായി ഭവിക്കുകയും ചെയ്യും. അവരുടെ ഇടയ്ക്കു വ്യക്തിപരമോ, വർഗ്ഗീയമോ ആയ താല്പര്യങ്ങൾക്കു സർവ്വപ്രാധാന്യം സിദ്ധിച്ചിരുന്നു; ഏറ്റവും ധീരമായ കൃത്യങ്ങൾ പലപ്പോഴും ഒറ്റയാനോ സാമുദായിക പ്രാധാന്യശുന്യമായോ നിലകൊള്ളുകയും ചെയ്തിരുന്നു. വ്യക്തികൾ വ്യക്തിപരങ്ങളായ പ്രേരണകൾക്കു് എളുപ്പം വശപ്പെട്ടുപോയിരുന്നു. വികാരമാണു് സകലത്തിന്റെയും പ്രേരകശക്തി. ഒരു സെമൈറ്റിന്റെ ഭാവനയെ എളുപ്പം ഇളക്കിവിടാം; പക്ഷേ, അയാളുടെ ബുദ്ധിശക്തിക്കു മുർച്ചകൂട്ടുവാൻ എളുപ്പം സാധിക്കുകയില്ല. അവരുടെ പ്രവൃത്തിയുടെ പ്രേരകശക്തി വ്യക്തിപരങ്ങളായ വികാരങ്ങളാണു്, പ്രായോഗികബുദ്ധിയോ, മുൻകൂട്ടി നിശ്ചയിച്ച പ്ലാനോ, സന്മാർഗ്ഗബോധമോ അല്ല. വ്യക്തിപരമായ ഒരു അവകാശം അവർ വകവച്ചുകൊടുക്കാറുണ്ടു്. വ്യക്തിപരമായ ശക്തിയേയും ശേഷിയേയും അവയുടെ ധാർമ്മികനിലയേയും ഫലങ്ങളേയും പരിഗണിക്കാതെ അവർ ബഹുമാനിച്ചുവന്നിരുന്നു. നാഥത്വം, ശക്തി, അധികാരം എന്നിവയോടു് അവർക്കു വലുതായ കൌതുകം തോന്നിയിരുന്നു. ഇവിടേയും അവയുടെ ധാർമ്മികവശങ്ങളെ അവർ അപ്രധാനമാക്കുകയാണു് ചെയ്തിരുന്നതും.”
“പ്രാചീന സെമിറ്റിക് ഭാഷകൾ സരളങ്ങളും, വളച്ചുകെട്ടില്ലാത്തവയും, അവ്യവഹിതങ്ങളും, ഇൻഡോ-യുറോപ്യൻ ഭാഷകൾക്കു സുനമ്യത നൽകുന്നവയും വാക്യങ്ങളെ സംയോജിപ്പിക്കുന്നവയുമായിരുന്നു. വാചകത്തിലെ പദമുറ സരളവും, വാചകങ്ങൾ അഗംഗവാക്യങ്ങൾ കുറഞ്ഞവയുമായിരുന്നു. അറബിയും, അരമെയിക്ക് ഭാഷകളും ഇവയേക്കാൾ അധികം സ്വതന്ത്രമായിരുന്നു എന്നും ചൂണ്ടിക്കാണിച്ചുകൊള്ളട്ടെ. സെമിറ്റിക്ക് ആശയങ്ങൾ പരിമിതങ്ങളും അപരിഷ്കൃതങ്ങളുമായിരുന്നിരിക്കാമെങ്കിലും, ഇതിൽനിന്നു് വിചാരിക്കാവുന്നതിലും അധികം വിപുലമായ തോതിൽ സെമിറ്റിക് ഭാഷകൾക്കു് ഒരു പദസമൂഹം ഉണ്ടായിരുന്നു. സാമാന്യാശയങ്ങളെ ദ്യോതിപ്പിക്കുന്ന പദങ്ങൾ കുറഞ്ഞതും, പ്രത്യേക ആശയങ്ങളെയും ഐന്ദ്രിയആശയങ്ങളെയും പ്രകാശിപ്പിക്കുന്ന പദങ്ങൾ വളരെ അധികമുള്ളതുമായ ഒരു ഭാഷയാണു് ഹെബ്രായഭാഷ; ഓരോ ആശയത്തിലും അതിന്റെ ശബ്ദാർത്ഥം മാത്രമേ അടങ്ങിയിരുന്നുള്ളു എന്നു് ഇതിൽനിന്നു് സിദ്ധാന്തിക്കുന്നില്ലെന്നും ചൂണ്ടിക്കാണിച്ചുകൊള്ളട്ടെ. അതിന്റെ വളച്ചുകെട്ടില്ലായ്മയും, പ്രത്യേക ആശയങ്ങളെ ദ്യോതിപ്പിക്കുന്ന പദങ്ങളുടെ ബാഹുല്യവുമാണു് (ബൈബിളിലെ) പഴയനിയമത്തിനു് ഇന്ദ്രിയങ്ങളേയും വികാരങ്ങളേയും സ്പർശിച്ചിളക്കുവാനുള്ള ശക്തി നൽകിയിരിക്കുന്നതും. ഹെബ്രായഭാഷയുടെ മറ്റൊരു പ്രത്യേകത ഒരു വ്യക്തി ഒരു വീക്ഷണകോടിയിൽ അനായാസേന ചാടുന്നതാകുന്നു… പിന്നെയും, ആസന്നമോ, ഭാവിയിൽ സംഭവിക്കുവാൻ പോകുന്നതോ ആയ സംഭവങ്ങളെ ആ ഭാഷയിൽ യഥാർത്ഥമായ വർത്തമാനകാലസംഭവങ്ങളായി വർണ്ണിക്കുവാൻ സാധിക്കും. അതിൽ കാരണങ്ങളെ കാര്യങ്ങളോടു് കൂട്ടിച്ചേർക്കുവാനും, ഒരിക്കൽ (ഏതോ ഒരു ഭൂതകാലത്തെവീക്ഷണകോടിക്കു്) ഒരു ഭാവികാലസംഭവമായിരുന്നതിനെ ഇപ്പോഴും സംഭവിക്കാത്ത ഒന്നായി പരിഗണിക്കുവാനും സാധിക്കുന്നതുമാണു്. ഹെബ്രായ ഭാഷാവ്യാകരണത്തിലെ കാലങ്ങൾ നമ്മുടെ വീക്ഷണകോടിയനുസരിച്ചുള്ള കാലത്തെയല്ല, പിന്നെയോ, വളർച്ചയുടെ ദശകങ്ങളെയാണു് പ്രായേണ പ്രകാശിപ്പിക്കുന്നതു്. സജീവങ്ങളായ ആശയങ്ങളും, ഭാഷ ഉപയോഗിക്കുന്നവന്റെ തീരുമാനങ്ങളും തമ്മിലുള്ള സംഘട്ടനങ്ങളോ, യോജിപ്പുകളോ ആണു് ആ ഭാഷയിൽ പൊന്തിച്ചുനില്ക്കുന്നതും. ഇൻഡോ-യൂറോപ്യൻ ഭാഷകളിലെ ഭൂതം, വർത്തമാനം, ഭാവി എന്നീ മൂന്നു പ്രത്യേക കാലഘട്ടങ്ങൾ അതിലില്ല… ”
“ദൈവത്തെപ്പറ്റിയുള്ള ഭയം സെമൈറ്റുകൾക്കു വിജ്ഞാനത്തിന്റെ പ്രാരംഭമോ, അതിന്റെ മുഴുവൻ ഭാഗമോ ആയിത്തീർന്നിരുന്നു. വൈദികരുടെ നിയന്ത്രണത്തിൻകീഴിലുള്ള ദേവാലയങ്ങൾക്കും മതസ്ഥാപനങ്ങൾക്കും ചുറ്റുമായും, ഇവയിൽ നിന്നും വിദ്യവളർന്നുവന്നിരുന്നു… പ്രാചീനദേവാലയങ്ങൾ പാണ്ടികശാലകളും, ബാങ്കുകളും, കച്ചവടസ്ഥാപനങ്ങളും കൂടിയായിരുന്നതിനാൽ, അവയ്ക്കു വളരെയധികം സ്വാധീനശക്തി ലഭിച്ചിരുന്നു… വാണിജ്യം മതത്തോടു ബന്ധപ്പെട്ടിരുന്നതുകൂടാതെ, ഈ ബന്ധം നിമിത്തം അതിനു മതത്തിൽ അതിന്റെ സ്വാധീനശക്തി ചെലുത്തുവാൻ കൂടി സാധിച്ചിരുന്നു. വാണിജ്യപരമായി വിദേശികളുമായുണ്ടായസമ്പർക്കം മതത്തെ പരത്തുകയും, അതിൽ ഒരുതരം സാർവ്വദേശീയത്വം ജനിപ്പിക്കുന്നതിനു് ഉപകരിക്കുകയും ചെയ്തിരുന്നു.”
മുകളിൽ ഉദ്ധരിച്ച ഭാഗത്തിൽ വിസ്തരിച്ചു വിവരിച്ചിട്ടുള്ള സെമൈറ്റ് സ്വഭാവഘടകങ്ങളോടു സംഗീതനൃത്തകലകളിൽ ബദുവിൻ അറബികൾക്കുള്ള ജന്മവാസനയും ഭ്രമവും കൂടി ചേർക്കുന്നതായാൽ, ആധുനികകേരളസംസ്കാരത്തിന്റെ പുഷ്പകാലമായ പെരുമാൾവാഴ്ചക്കാലത്തെ സംസ്കാരത്തെ ജനിപ്പിച്ച നരവംശീയ ഘടകങ്ങൾ മിക്കവയും നമുക്കു ലഭിക്കുന്നതുമാണു്. ഇവയിൽ ചിലതിനെക്കുറിച്ചു സാമാന്യമായി ചില സംഗതികൾ പ്രസ്താവിക്കുന്നതിനുമാത്രമേ ഇവിടെ സ്ഥലമുള്ളു. സെമൈറ്റുകളുടെ സഞ്ചാരശീലവും, വാണിജ്യതല്പരതയും പെരുമാൾവാഴ്ചക്കാലത്തെ കേരളീയർക്കുമുണ്ടായിരുന്നു എന്നു് അന്നത്തെ ഒരു മഹാകാവ്യമായ മണിമേകലയും കേരളമായ മലയകൂടത്തിന്റെ വാണിജ്യതല്പരതയെപ്പറ്റിയുള്ള ചുവൻചാങ്ങി ന്റെ പ്രസ്താവനയും, സയാമിൽ കണ്ടുപിടിച്ചിട്ടുള്ള ചില ശാസനങ്ങളും, സുമാദ്രയിലെ കരോബടക് വർഗ്ഗത്തിന്റെ ഒരു ശാഖയായ മെർഗശ്യം ബരിങ്ങിന്റെ ഉപശാഖകളിൽ ചോഴർ, പാണ്ഡ്യർ, പല്ലവർ എന്നിവരോടൊപ്പം മലയാളികളും ഉൾപ്പെട്ടിരുന്നതും സ്ഥാപിക്കുന്നുണ്ടു്. കേരളീയരുടെ സ്വന്തമായ ആദിപരശുരാമനും ഗണപതിയും ഒന്നാണെന്നു് ഈ ലേഖകൻ മാതൃഭൂമിയിൽ ചുണ്ടിക്കാണിച്ചിരുന്നു. മറ്റു സകല ഹിന്ദുദേവന്മാരുടെയും ക്ഷേത്രങ്ങളെക്കാൾ അധികം ഗണപതിക്ഷേത്രങ്ങൾ ജാവയിലുണ്ടായിരുന്നു എന്നു് ആലിസ്ഗെറ്റി ചൂണ്ടിക്കാണിച്ചിട്ടുള്ളതു് പെരുമാൾവാഴ്ചക്കാലത്തു കേരളീയർ ജാവയിലും പോയി പാർത്തിരുന്നു എന്നു കാണിക്കുന്നുമുണ്ടു്.
താമ്രശിലായുഗാദിയായ പ്രാചീനയുഗങ്ങളിലെ സംസ്കാരങ്ങൾക്കു് ഒരു സാർവ്വദേശീയ സ്വഭാവമുണ്ടായിരുന്നു എന്നു് ഇന്നത്തെ പുരാതനവസ്ത്വന്വേഷണഖനനങ്ങൾ വെളിപ്പെടുത്തിയിരിക്കുന്നു. താമ്രശിലായുഗത്തിലെ സെമൈറ്റ്, സുമേറിയൻ, നിഷാദ എന്നീ സംസ്കാരഘടകങ്ങൾ കലർന്നുണ്ടായ ഉത്ഭവത്തിൽ നിന്നും, പിന്നീടുണ്ടായ വിദേശീയ സമ്പർക്കത്തിലും വാണിജ്യത്തിലും നിന്നും സെമൈറ്റു സംസ്കാരത്തിനു ലഭിച്ച പ്രസ്തുത സാർവ്വദേശീയ സ്വഭാവം പെരുമാൾവാഴ്ചക്കാലത്തെ കേരളസംസ്കാരത്തിനുമുണ്ടായിരുന്നു എന്നു് പ്രാചീനകേരളീയ ചിത്രരീതിക്കു മാതൃകയെന്നു് ഈ ലേഖകൻ കേരളകൌമുദിയുടെ ഒരു വിശേഷാൽ പ്രതിയിൽ ചൂണ്ടിക്കാണിച്ചിരുന്ന അജന്ത ഗുഹാചിത്രങ്ങളും, പറയിപെറ്റ പന്തിരുകാലത്തെപ്പറ്റിയുള്ള കേരളഐതിഹ്യവും സ്ഥാപിക്കുന്നുണ്ടു്. അജന്തഗുഹകളിലെ ഏറ്റവും പ്രാചീനമായ ആൻമകൻ (പരശുമകൻ) അചലൻ—അതായതു് കേരളത്തിലെ ആദിപെരുമാക്കന്മാരുടെ വംശമായ മൂഷികവംശത്തിന്റെ വടക്കൻശാഖയായ ഗോകർണരാജാക്കന്മാർ ഭരിച്ചിരുന്ന പശുകൊങ്കണം സ്വദേശമായിട്ടുള്ള അചലൻ ആണെന്നും, തന്നിമിത്തം അദ്ദേഹം ഉത്തരകൊങ്കണദേശത്തുള്ള അജന്തയിൽ വരപ്പിച്ചിട്ടുള്ള, ചുമർചിത്രങ്ങളെ സപ്തകൊങ്കണങ്ങളിൽ ഒന്നായ പ്രാചീനകേരളത്തിലെ ചിത്രരീതിക്കു മാതൃകകളായി പരിഗണിക്കാമെന്നും, ചരിത്രപരമായ ഈ കാരണത്തിനു പുറമേ, ഉത്തരേന്ത്യയിൽ അക്കാലത്തു പതിവില്ലാത്ത ബോധിസത്വചിത്രീകരണം, ഗാന്ധാരചിത്രകാരന്മാർക്കു സുപരിചിതമായിരുന്ന ഉജ്ജ്വലതയും ശ്യാമതയുമെന്ന സാങ്കേതികമാർഗ്ഗത്തെപ്പറ്റിയുള്ള അജന്ത ചിത്രകാരന്മാരുടെ അജ്ഞത, വസ്ത്രധാരണരീതി മുതലായ സാങ്കേതികകാരണങ്ങളും ഈ അഭിപ്രായത്തെ പിന്താങ്ങുന്നുണ്ടെന്നുമാണു് കേരളകൗമുദി ലേഖനത്തിൽ ഈ ലേഖകൻ ചൂണ്ടിക്കാണിച്ചിരുന്നതു്.
പ്രസ്തുത അജന്തചിത്രങ്ങളിൽ പ്രാചീനസെമൈറ്റുകളുടെ അർദ്ധ അബ്സ്ട്രാക്ട് അംഗചിത്രരീതിയും പ്രാചീന പാരസീകരുടെ തനി അബ്സ്ട്രാക്ട് ഭൂഭാഗചിത്രരീതിയും കലർന്നിരിക്കുന്നു എന്നു് സ്ത്രിസിഗൌസ്ക്കി എന്ന പ്രസിദ്ധകലാചരിത്രകാരൻ ചൂണ്ടിക്കാണിച്ചിട്ടുള്ളതു് പെരുമാൾവാഴ്ചക്കാലത്തെ കേരളീയ ചിത്രകലയുടെ സാർവ്വദേശീയത്വം സ്ഥാപിക്കുന്നുണ്ടു്. സെമൈറ്റുകളുടെ രജോഗുണപൂർണ്ണമായ ജീവിതമോഹവും അജന്താചിത്രങ്ങൾ സൂചിപ്പിക്കുന്നുണ്ടു്. രാജാക്കന്മാരുടെയും മറ്റുള്ളവരുടെയും ക്ഷോഭസങ്കുലമായ ജീവിതം മുതലായ ഐഹികസുഖാനുഭവചിത്രങ്ങളും, ബോധിസത്വന്മാരുടെ ശാന്തമായ പാരത്രികജീവിതം മുതലായ പരലോകസുഖാനുഭവ ചിത്രങ്ങളും വശത്തോടുവശം വരച്ചു്, അവ തമ്മിൽ താരതമ്യപ്പെടുത്തി ഒടുക്കം പറഞ്ഞതിന്റെ ശ്രേഷ്ഠത കാണിക്കുന്നതാണു് അജന്ത ചിത്രകാരന്മാരുടെ പ്രഖ്യാപിത ഉദ്ദേശ്യമെങ്കിലും, ലൗകികജീവിതസുഖത്തെ കാണിക്കുന്ന ചിത്രരചനയിൽ അവർ കൂടുതൽ താല്പര്യം കാണിച്ചിരിക്കുന്നതു് അവർ രജോഗുണപ്രധാനരായ സെമൈറ്റ് നരവംശക്കാരുടെ സന്തതികളാണെന്നു പ്രസ്പഷ്ടമാക്കുന്നു.
എ. ഡി. ഏഴാം ശതാബ്ദത്തിൽ ജനിച്ചതാണെന്നു മാതൃഭൂമിയിൽ ഈ ലേഖകൻ സ്ഥാപിച്ചിരുന്ന പറയിപെറ്റ പന്തിരുകുല ഐതിഹ്യം പെരുമാൾ വാഴ്ചക്കാലത്തെ സംസ്കാരത്തിന്റെ സാർവ്വദേശീയസ്വഭാവത്തിനു് ഒരു മകുടോദാഹരണമാണു്. നാനാജാതിമതസ്ഥരായ ഈ പന്ത്രണ്ടു പേരിൽപ്പെട്ട ഉളിയന്നൂർ പെരുന്തച്ചൻ ഏഴാംശതാബ്ദാന്ത്യത്തിൽ പശ്ചിമ ഏഷ്യയിൽ നിന്നു സുറിയാനി ക്രിസ്ത്യാനികളെ കേരളത്തിൽ കൊണ്ടുവന്നു കുടിപാർപ്പിച്ച സുപ്രസിദ്ധനായ ക്നായിതൊമ്മൻ ആണെന്നു ഈ ലേഖകൻ കാഞ്ഞിരപ്പള്ളിയിലെ സഹൃദയ്ഗ്രന്ഥശാലക്കാരുടെ പ്രസിദ്ധീകരണമായ സഹൃദയയിലും മറ്റും സ്ഥാപിച്ചിരുന്നു. ക്രിസ്ത്യാനിയായ ഇദ്ദേഹം ഒരു പെരുമാളിന്റെ മന്ത്രിയും, പ്രാചീനകേരളത്തിലെ കലാസൌന്ദര്യം കളിയാടുന്ന പല പ്രധാന ഹിന്ദുക്ഷേത്രങ്ങളുടെയും, കൂത്തമ്പലങ്ങളുടെയും ശില്പിയാണെന്നുമുള്ള സംഗതികളും പ്രസ്തുത സാർവ്വദേശീയത്വത്തെ സ്ഥാപിക്കുന്നുണ്ടു്. മണിമേകലയിലെ വഞ്ചിനഗരവർണ്ണനയും, മൂഷികവംശകാവ്യവും കൂടി ഇതിനു സാക്ഷ്യം വഹിക്കുന്നുണ്ടു്. പെരുമാൾവാഴ്ചക്കാലത്തെ സാഹിത്യത്തിന്റെ റിയലിസ്റ്റിക് സ്വഭാവം കേരളീയനായ സുകുമാരന്റെ ശ്രീകൃഷ്ണവിലാസം കാവ്യത്തിലെ സ്വഭാവോക്ത്യലങ്കാരപൂർണ്ണമായ പല ഭാഗങ്ങളും, തമിഴ്സംഘകാലത്തെ ഒരു തനികേരളീയ ചെന്തമിഴ് കവിയായ അമ്മുവനാരുടെ ഖണ്ഡകാവ്യങ്ങളും പ്രസ്പഷ്ടമാക്കുന്നതാണു്. പെരുമാൾവാഴ്ചക്കാലത്തെ വീരാരാധനയ്ക്കു ചിലപ്പതികാരവും, മാമാങ്കമെന്ന ആഘോഷവും സാക്ഷ്യം വഹിക്കുന്നുണ്ടു്. ഈ മാമാങ്കത്തിനു തുല്യമായ ആചാരം പശ്ചിമസെമൈറ്റുകളായ പ്രാചീന ഈജിപ്തുകാരുടെ “സെഡ്” ആഘോഷത്തിലും പ്രാചീനക്രീറ്റുകാരുടെ ചില ഉത്സവങ്ങളിലും കാണാവുന്നതാണു് എന്നു് ലേഖകൻ മാതൃഭൂമിയിൽ ചൂണ്ടിക്കാണിക്കുകയും ചെയ്തിരുന്നു.
പെരുമാൾവാഴ്ചക്കാലത്തെ കേരളീയരുടെ സംഗീതനൃത്തകലകളിലുള്ള വാസനയും ഭ്രമവും ഒരു കേരളീയനായ ചിലപ്പതികാര കർത്താവു് ഇവയിൽ കാണിച്ചിട്ടുള്ള ഭ്രമത്തിൽ നിന്നു് ഗ്രഹിക്കാവുന്നതാണു്. ദ്രാവിഡ വൃത്തങ്ങളുടെ ഗാനാത്മകത്വവും പെരുമാൾവാഴ്ചക്കാലത്തെ കൂടിയാട്ടവും പിന്നീടു് ജനിച്ച ആട്ടക്കഥകളും, തുള്ളൽക്കഥകളും ഈ രണ്ടുകലകളിലുമുള്ള കേരളീയരുടെ ക്രമത്തിനു സാക്ഷ്യം വഹിക്കുന്നുണ്ടു്. പ്രാചീന കേരളീയരുടെ ഇടയ്ക്കു് ഈ രണ്ടു കലകൾക്കും വളരെയധികം പ്രാധാന്യമുണ്ടായിരുന്നതിൽ നിന്നു ചില സ്മരണീയമായ ഫലങ്ങൾ ജനിക്കുകയും ചെയ്തു. സംഗീതവും നൃത്തവും സകലർക്കും അനായാസേന ആസ്വദിക്കാവുന്നതിനാൽ ഇവയുടെ പ്രാമുഖ്യംമൂലം അന്നത്തെ കേരളീയകലയ്ക്കു് ഒരു ജനകീയ സ്വഭാവം ലഭിക്കുകയുണ്ടായി; വടക്കൻ പാട്ടുകൾ പെരുമാൾവാഴ്ചകാലം കഴിഞ്ഞു ജനിച്ചവയാണെങ്കിലും, അവയും ഈ ജനകീയസ്വഭാവം ഉൾക്കൊണ്ടിരുന്നു. പിന്നെയും നൃത്തത്തിന്റെ മുഖ്യഘടകമായ ആംഗ്യം അപഗ്രഥനം കൊണ്ടു നിറം മാറാത്തതായ ഒരു ജീവിതാനുഭവത്തിന്റെ പ്രകടനമാണെന്നു ഹെപ്പൻസ്റ്റാൽ സ്ഥാപിച്ചിട്ടുണ്ടു്. അപഗ്രഥനം ചിന്തയേയും, തന്നിമിത്തം തത്വജ്ഞാനത്തേയും ഉത്ഭവിപ്പിക്കും. സെമൈറ്റുകളുടെയും പ്രാചീന കേരളീയരുടെയും ഇടയ്ക്കു ചിന്താശൂന്യത കാണിക്കുന്ന ആംഗ്യം മുഖ്യഘടകമായിട്ടുള്ള നൃത്തത്തിനു പ്രാമുഖ്യം ലഭിച്ചിരുന്നതിനും, അവർക്കു് മഹാന്മാരായ ചിന്തകരെയോ, തത്വജ്ഞാനികളെയോ ജനിപ്പിക്കുവാൻ സാധിക്കാതെ വന്നതിനും കാരണം ഒന്നുതന്നെയാണു്. അതായത്, ചിന്താവാസനയുടെ അഭാവം. പെരുമാൾ വാഴ്ചക്കാലത്തെ കേരളീയപണ്ഡിതന്മാരുടെ ശ്രദ്ധ കർമ്മകാണ്ഡമായ പൂർവ്വമീമാംസയിൽ ക്രേന്ദ്രീകരിച്ചിരുന്നതും അവരുടെ ഇടയ്ക്കുള്ള തത്വജ്ഞാനവാസനക്കുറവിനെയാണു് കാണിക്കുന്നതു്. ഈ കർമ്മകാണ്ഡവ്യാപ്തി തന്നെയാണു് സെമൈറ്റുകളുടെ ഒരു പശ്ചിമശാഖയായ പ്രാചീന ഈജിപ്തുകാരും തങ്ങളുടെ സുപ്രസിദ്ധങ്ങളായ പിരമിഡുകൾ കെട്ടുമ്പോൾ പ്രദർശിപ്പിച്ചിരുന്നതും. പിന്നെയും, തത്വജ്ഞാനം പുതിയ ആദർശങ്ങളേയും, പുതിയ പ്രാപ്യസ്ഥാനങ്ങളെയും സൃഷ്ടിക്കുകയും, ഇവയെ സഫലീകരിക്കുവാനും, ഇവയിൽ എത്തിച്ചേരുവാനും മനുഷ്യരെ പ്രേരിപ്പിക്കുകയും ചെയ്യുന്നതാണു്. ഇതിന്റെ അഭാവം പഴയനിലവച്ചു പുലർത്തിക്കൊണ്ടുപോകുവാൻ സഹായിക്കുക മാത്രമേ ചെയ്യുകയുള്ളു. പ്രാചീനരുടെ ഇടയ്ക്കു പ്രത്യേകിച്ചു് ബംഗാളികളുടെ ഇടയ്ക്ക്, തത്വജ്ഞാനം സുലഭമായിരുന്നതിനാൽ അവർ തങ്ങളുടെ പഴയ സംസ്കാരത്തിൽ പല പരിവർത്തനങ്ങളും വരുത്തി വയ്ക്കുകയും ചെയ്തിരുന്നു.
ഒരു ജനതയുടെ സംസ്കാരത്തിനു രൂപം കൊടുക്കുന്ന അതിന്റെ നരവംശീയ ഘടകങ്ങളെപ്പറ്റി മുകളിൽ പ്രസ്താവിച്ചുകഴിഞ്ഞു. ഇനി അതിനു രൂപം നൽകുന്ന ശേഷിച്ച രണ്ടു പ്രേരകശക്തികളെപ്പറ്റി ചിന്തിക്കാം. ഇവയിലൊന്നു് ആ ജനതയുമായി അധികം സമ്പർക്കമുണ്ടാകുന്ന അന്യജനതകളുടെ നരവംശീയ സ്വഭാവങ്ങളാണല്ലോ. പെരുമാൾവാഴ്ചക്കാലത്തും കേരളീയരുമായി അധികം സമ്പർക്കമുണ്ടായിരുന്ന വിദേശികൾ, കേരളീയരുടെ പൂർവ്വികർ, കല്പാദികാലങ്ങളിൽ പാർത്തിരുന്ന അറേബ്യയിലെ നിവാസികളായ മുസ്ലിമീങ്ങൾ, സുറിയാനി ക്രിസ്ത്യാനികൾ, ജൂതന്മാർ എന്നിവരാണു്. കേരളത്തിൽ ക്നായിതൊമ്മൻ കൊണ്ടുവന്നു കുടിപാർപ്പിച്ച സുറിയാനി ക്രിസ്ത്യാനികൾ സിറിയയെന്നു പണ്ടു പേരുണ്ടായിരുന്ന കിഴക്കേ അറേബ്യയിൽ നിന്നു വന്നവരാണെന്നും, ഇന്നു വിചാരിച്ചു വരുന്നതുപോലെ അവർ മെഡിറ്ററേനിയൻ കടൽതീരത്തുള്ള സിറിയയിൽ നിന്നു വന്നവരല്ലെന്നും ഈ ലേഖകൻ മാതൃഭൂമിയിൽ സ്ഥാപിച്ചിരുന്നു. കേരളത്തിലെ ജുതന്മാരും അറേബ്യയിൽ നിന്നു് വന്നവരാണല്ലോ. കിഴക്കേ അറേബ്യയിൽ നിന്നു പുറപ്പെട്ടു് ഒരു മൂവായിരം കൊല്ലം വരുന്ന കാലം കൊണ്ടു പേർസ്യയിലും ബലൂചിസ്ഥാനിലും കൂടി അന്നത്തെ ഭാരതത്തിൽ എത്തിച്ചേർന്ന പ്രാചീന കേരളീയരും, ഇവർ ഇവിടെ എത്തിച്ചേർന്നതിനുശേഷം അതേ ഉൽപ്പത്തിസ്ഥാനത്തു നിന്നു് പുറപ്പെട്ടു് ഇവരുടെ ഇടയ്ക്കു വന്നു കുടിയേറിപ്പാർത്ത സുറിയാനി ക്രിസ്ത്യാനികളും, മുസ്ലീമിങ്ങളും, ജുതന്മാരും, ഒന്നുപോലെ, ഈ ദീർഘകാലത്തിനിടയ്ക്കു മതം മാറുകയുണ്ടായെങ്കിലും, യാഥാസ്ഥിതകത്വം നിമിത്തം തങ്ങളുടെ ഉൽപ്പത്തിസ്ഥാനത്തിലെ സാർവ്വദേശീയത്വാത്മകമായ പ്രാചീന സംസ്കാരത്തെ മൌലികങ്ങളായ ഭേദഗതികൾ കൂടാതെ വച്ചുപുലർത്തിക്കൊണ്ടു പോന്നിരുന്നു. പോർട്ടുഗീസുകാരുടെ ആഗമനകാലത്തു കേരളത്തിലെ ഹിന്ദുക്കൾക്കും, ക്രിസ്ത്യാനികൾക്കും, മുസ്ലീങ്ങൾക്കും, ജൂതന്മാർക്കും തമ്മിൽ സംസ്കാരപരമായും ആചാരപരമായും യാതൊരു വ്യത്യാസവും ഉണ്ടായിരുന്നില്ലെന്നുള്ള സംഗതി ഇതു സ്ഥാപിക്കുന്നുണ്ടു്. ക്നായിതൊമ്മന്റെ വരവിനു ക്രിസ്ത്യൻ ഐതിഹ്യം നൽകിയിട്ടുള്ള കാലവാക്യമായ “ശോവാല” എന്നതു ചരിത്രാതീകാലങ്ങളിൽ പശ്ചിമേഷ്യയിൽ പ്രചരിച്ചിരുന്ന ബ്രഹ്മകാലഗണനത്തിൽ ആസ്പദിച്ചിട്ടുള്ളതാണു്. ഇതും മുകളിൽ പുറപ്പെടുവിച്ച അഭിപ്രായത്തെ പിൻതാങ്ങുകയാണു് ചെയ്യുന്നതു്. ഇതു ഹേതുവായി സുറിയാനി ക്രിസ്ത്യാനികളോടും, മുസ്ലീങ്ങളോടും, ജൂതന്മാരോടും പ്രാചീന കേരളീയർക്കുണ്ടായ ഗാഢസമ്പർക്കം ഇവരുടെ സംസ്കാരത്തിൽ പുതിയ ഘടകങ്ങൾ കൊണ്ടുവരുന്നതിനു കാരണമായി ഭവിച്ചിരുന്നില്ല. സാർവ്വദേശീയത്വം എന്ന പ്രാചീന സംസ്കാരങ്ങളുടെ മൌലികമായ ആശയത്തെ പരിത്യജിച്ചു ദേശീയത്വമെന്നതിന്റെ ബീജങ്ങൾ, വെള്ളത്തൊലിക്കു ചെമന്നതും കറുത്തതുമായ തൊലികളേക്കാൾ അധികം മഹിമയുണ്ടെന്നുള്ള ബോധം, ഭിന്നിപ്പിച്ചു ഭരിക്കുക എന്നുള്ള രാഷ്ട്രീയനയം മുതലായ ഘടകങ്ങൾ അടങ്ങിയ ഒരു വിഭിന്ന സംസ്കാരത്തിന്റെ വാഹകരായ പോർട്ടുഗീസുകാർ സുപ്രസിദ്ധമായ ഉദയംപേരൂർ സുന്നഹദോസിലെ നിശ്ചയങ്ങൾ മുഖേന—കേരളത്തിലെ ഹിന്ദുക്കളേയും, ക്രിസ്ത്യാനികളേയും, മുസ്ലീങ്ങളേയും, ജൂതന്മാരേയും തമ്മിൽതമ്മിൽ വേർതിരിക്കുകയും, അവരിൽ തങ്ങളുടെ ദേശീയത്വത്തിന്റെ ഒരു രൂപഭേദമായ വർഗ്ഗീയത്വമെന്ന ആശയം കുത്തിവയ്ക്കുകയും ചെയ്യുകയുണ്ടായി. ഇതും കൂടിയായപ്പോൾ അവരുടെ ആഗമനകാലത്തു തന്നെ ഇറക്കം തുടങ്ങിയിരുന്ന കേരളീയസംസ്കാരം പൂർവ്വാധികം വേഗത്തിൽ ഇറങ്ങുകയും ചെയ്തു.
പ്രാചീന കേരളീയർക്കു കല്പാദി മുതൽക്കു അവർ ഇന്നത്തെ ഭാരതത്തിൽ വന്നു പാർപ്പുറപ്പിക്കുന്നതുവരെ ഏറെക്കുറെ ഒരേ ഭൂമിശാസ്ത്രപരമായ പരിതഃസ്ഥിതി തന്നെ നേരിടേണ്ടിവന്നിരുന്നു. ഇന്നത്തെ ഭയങ്കരമായ മണലാരണ്യമായിരുന്നില്ല കല്പാദിയിലെ അറേബ്യയുടെ ഭൂരിഭാഗവും. അന്നു് അതു തേനും പാലും ഒഴുകുന്ന ഒരു രാജ്യമായിരുന്നു. ഈ ഫലപുഷ്ടി അവർ പാർത്തിരുന്ന പണ്ടത്തെ പേർഷ്യക്കും, ബലൂചിസ്ഥാനും ഉണ്ടായിരുന്നു. ഇന്നത്തെ ഭാരതത്തിന്റെ പശ്ചിമതീരത്തിന്റെ സ്ഥിതിയും ഇതു തന്നെയാണല്ലോ. അവർ പാർത്തിരുന്ന രാജ്യങ്ങളിലെ മാനുഷികപരിതഃസ്ഥിതിയും ഒന്നുപോലെയായിരുന്നു. ഇവിടെയെല്ലാം അവർക്കു് നിഷാദവംശക്കാരോടും സുമേറിയൻമാരിൽ നിന്നു ജനിച്ച വർഗ്ഗക്കാരോടുമാണു് സമ്പർക്കമുണ്ടായതു്. തന്നിമിത്തം സാരമായ പുതിയ ഘടകങ്ങളൊന്നും പോർട്ടുഗീസുകാരുടെ വരവുവരെ അവരുടെ സംസ്കാരത്തിൽ കടന്നിരുന്നില്ല.