images/Splits_the_Moon.jpg
Mohammed Splits the Moon, a painting by .
മക്കത്തു പോയ ചേരമാൻ പെരുമാൾ
കേസരി ബാലകൃഷ്ണപിള്ള
പ്രതിപാദ്യസംക്ഷേപം

തിരുവഞ്ചിക്കുളത്തിനടുത്തുള്ള കൊടുങ്ങല്ലൂർ മുസ്ലീം പള്ളിയുടെ വിശേഷമായ ശിൽപ്പരീതി അതു് എ. ഡി. ഏഴാം നൂറ്റാണ്ടിൽ നിർമിച്ചതാണെന്നു സൂചിപ്പിക്കുന്നതിൽ നിന്നും, അതിനെ തിരുവഞ്ചിക്കുളം ക്ഷേത്രത്തിലെ ആറാട്ടുഘോഷയാത്ര പ്രദക്ഷിണം ചെയ്യുന്നതിൽ നിന്നും അതിനെ മക്കത്തുപോയ ഒരു ചേരമാൻ പെരുമാളോടു ഘടിപ്പിക്കുന്നതും പ്രസ്തുത പെരുമാൾ അറേബ്യയിൽ ചെന്നു് പരിശുദ്ധനബിയുടെ അമ്പത്തേഴാം വയസ്സിൽ (എ. ഡി. 628-ൽ) അദ്ദേഹത്തെ കണ്ടു എന്നു പ്രസ്താവിക്കുന്നതുമായ കേരളോല്പത്തിയുടെ ഐതിഹ്യത്തിൽ നിന്നും, നബിയുടെ നാലു ശിഷ്യന്മാർ ഇസ്ലാംമത പ്രചരണാർഥം എ. ഡി. 627-നു സമീപിച്ചു കടൽയാത്ര ചെയ്തു ചീനരാജധാനിയിലും ചീനത്തിന്റെ കിഴക്കൻ കടലോരത്തിലുള്ള കാൻടൺ മുതലായ തുറമുഖങ്ങളിലും ചെന്നു് പാർത്തിരുന്നു എന്നും അവിടെ വച്ചു് അവർ മരിച്ചു എന്നും മീൻഷു എന്ന പ്രാചീനഗ്രന്ഥത്തിൽ പ്രസ്താവിച്ചിട്ടുള്ളതിൽ നിന്നും, എ. ഡി. 628-ൽ കേരളത്തിലെ ഒരു ചേരമാൻ പെരുമാൾ ഇസ്ലാംമതം സ്വീകരിച്ചു മക്കത്തുപോയി എന്നുമുള്ള കഥ സംഭവ്യമായ ഒരൈതിഹ്യമാണെന്നു് ‘ഒടുവിലത്തെ ചേരമാൻ പെരുമാൾ’ എന്ന ലേഖനത്തിൽ ഈ ലേഖകൻ ചൂണ്ടിക്കാണിച്ചിരുന്നല്ലോ.

ഇങ്ങനെ ഇസ്ലാംമതം സ്വീകരിച്ചു് എ. ഡി. 628-ൽ അറേബ്യക്കുപോയ ഒരു ചേരമാൻ പെരുമാൾ വാസ്തവത്തിലുള്ള മൂഷികവംശകാവ്യത്തിലെ പാലകൻ ഒന്നാമനും പതിറ്റിപ്പത്തിലെ പൽയാനൈച്ചൽ കെഴുകുട്ടുവനും കേരളമാഹാത്മ്യത്തിലെ നസംശനും തുളുവൈതിഹ്യത്തിൽ സുപ്രസിദ്ധനായ ഭൂതലപാണ്ഡ്യന്റെ മാതുലനും മുൻഗാമിയുമായ ദേവപാണ്ഡ്യനുമാണെന്നും കൂടുതൽ ഗവേഷണം കൊണ്ടു് ഈ ലേഖകൻ കണ്ടുപിടിച്ചിട്ടുള്ളതിനെയാണു് ഇവിടെ വിവരിക്കുവാൻ തുനിയുന്നതു്.

കേരളോല്പത്തിയിലെ ഐതിഹ്യം

ആദ്യമായി കേരളോല്പത്തിയിൽ വിവരിച്ചിട്ടുള്ള ഐതിഹ്യം ചുരുക്കി വിവരിക്കുന്നു. ഒടുവിലത്തെ പെരുമാളുടെ വാർധക്യകാലത്തിൽ അദ്ദേഹം തന്റെ അകമ്പടിക്കാരുടെ തലവനായ പടമലനായരെ വധിക്കുകയുണ്ടായി. പടമലനായരെ കാമിച്ചിരുന്ന പെരുമാളിന്റെ ഭാര്യയ്ക്കു് അദ്ദേഹം കീഴടങ്ങാതെയിരുന്നതിനാൽ, കുപിതയായ ആ സ്ത്രീ പടമലനായർ തന്റെ ചാരിത്രഭംഗത്തിനുദ്യമിച്ചു എന്നു പെരുമാളോടു പറഞ്ഞു കേൾപ്പിച്ചതുകൊണ്ടാണു് അദ്ദേഹം ആ അകമ്പടിക്കാരനെ വധിച്ചതു്. മരിക്കാറായ പടമലനായരെ സ്വർഗ്ഗത്തു കൊണ്ടുപോകുവാൻ വിമാനം വരുന്നതുകണ്ടു്, തന്റെ ഭാര്യയുടെ ചതി മനസ്സിലാക്കിയിരുന്ന പെരുമാൾ തന്റെ പാപത്തിനു പരിഹാരമാർഗ്ഗം എന്തുണ്ടെന്നു പടമലനായരോടു ചോദിച്ചു. ഉടനെ അശുവിങ്കൽ ചതുരപുരത്തു വൈദാഴിയാർ എന്ന ജോനകനെ ചെന്നുകണ്ടു് നാലാംവേദം വിശ്വസിച്ചു് അദ്ദേഹവുമായി അശുവിനു പോയാൽ പാതിമോക്ഷം കിട്ടും എന്നു മറുപടി പറഞ്ഞു കൊണ്ടു പടമലനായർ സ്വർഗ്ഗത്തിലേക്കു പോകുകയും ചെയ്തു. അനന്തരം തന്റെ രാജ്യത്തെ ആശ്രിതന്മാർക്കു് പങ്കിട്ടുകൊടുത്തതിനുശേഷം പെരുമാൾ കൊടുങ്ങല്ലൂർ നിന്നും മക്കത്തേക്കു കപ്പൽ കയറി. വഴിക്കു് കൊയിലാണ്ടിയിലും ധർമപട്ടണത്തും യഥാക്രമം ഒന്നും മൂന്നും ദിവസം ഇറങ്ങി താമസിച്ചതിനുശേഷം ധർമപട്ടണത്തു നിന്നു പെരുമാൾ അറേബ്യയിലേക്കു് കപ്പലോടിച്ചു പോകുകയും കരയ്ക്കിറങ്ങി അന്നു ജിദ്ദയിൽ പാർത്തിരുന്ന നബിയെ ചെന്നുകണ്ടു് ഇസ്ലാംമതം സ്വീകരിച്ചു് താജ്ജുദ്ദീൻ എന്ന പേർ കൈക്കൊണ്ടു. അനന്തരം ഇദ്ദേഹം അറേബ്യൻ രാജാവായ മലിക് ഹബീബ ദീനാറുടെ പെങ്ങളെ കല്യാണം കഴിച്ചു് അഞ്ചുവർഷം അവിടെ പാർത്തതിനുശേഷം തന്റെ സ്യാലനായ പ്രസ്തുതരാജാവിനോടും ഇദ്ദേഹത്തിന്റെ പതിനഞ്ചു മക്കളോടുംകൂടി സെഹർ മുക്കൽഹ എന്ന നാട്ടിൽ തിരിച്ചുവന്നു് ഇവിടെ ഒരു വീടും പള്ളിയും പണികഴിപ്പിച്ചു് പാർത്തു. ഇങ്ങനെ പാർക്കുമ്പോൾ കേരളത്തിൽ ഇസ്ലാംമതപ്രചരണം നടത്തുവാൻ നിശ്ചയിച്ചു് അവിടേക്കു് പോകുന്നതിനും വേണ്ട ഒരുക്കങ്ങൾ ചെയ്തു തുടങ്ങി. എന്നാൽ യാത്ര പുറപ്പെടുന്നതിനു മുമ്പു് പെരുമാൾ പനിപിടിച്ചു് മരിച്ചുപോയി. അദ്ദേഹത്തെ അടക്കിയതു് അദ്ദേഹം അവിടെ പണികഴിപ്പിച്ച പള്ളിയിലായിരുന്നു. പെരുമാളിന്റെ മരണാനന്തരം അദ്ദേഹത്തിന്റെ സ്യാലനായ മാലിക് ഹബിബ ദീനാർ പെരുമാളിന്റെ മുദ്രയും എഴുത്തുകളും എടുത്തു ഭാര്യാപുത്രാദികളോടുകൂടി രണ്ടുകപ്പലുകളിൽ കേറി കേരളത്തിലേക്കു തിരിച്ചു. ഇതിൽ ഒരു കപ്പൽ മധുരയ്ക്കെത്തിയപ്പോൾ മാലിക്ക് ഹബീബദീനാറുടെ ഒരു പുത്രൻ അവിടെ ഇറങ്ങി ഒരു പള്ളിപണിയിച്ചു് അവിടെ കാദിയായി പാർത്തു. മാലിക്ക് ഹബീബദിനാർ മറ്റേ കപ്പലിൽ നിന്നും കൊടുങ്ങല്ലൂരിലിറങ്ങി പെരുമാളിന്റെ എഴുത്തു് അധികാരികൾക്കു കൊടുത്തു രാജസമ്മതത്തോടുകൂടി അവിടെ ഒരു പള്ളി പണിയിച്ചു് നിവസിച്ചു. പിന്നീടു് അദ്ദേഹത്തിന്റെ അനുയായികൾ അദ്ദേഹത്തിന്റെ ആജ്ഞാനുസരണം കൊയിലാണ്ടിക്കു സമീപമുള്ള കൊല്ലത്തും മാടായിലും വാക്കന്നുരും മൈക്കുത്തും കാഞ്ഞിരോടും ശിരവുപട്ടണത്തും (അതായതു് ഇന്നത്തെ ശ്രീകണ്ഠപുരത്തിലും) ധർമപട്ടണത്തും പന്തലായിനിയിലും ചാലിയത്തും ഓരോ പള്ളികൾ പണിയിച്ചു് ആ സ്ഥലങ്ങളിൽ പാർത്തുവന്നു. മാലിക്ക് ഹബീബദീനാർ കുറെക്കാലം കഴിഞ്ഞു് മരിക്കുകയും അദ്ദേഹത്തെ കൊടുങ്ങല്ലൂർ പള്ളിയിൽ അടക്കുകയും ചെയ്തു.

ഇതിന്റെ കാലം എ. ഡി. 628

പെരുമാൾ മക്കത്തുചെന്നു നബിയെ കണ്ടപ്പോൾ നബിക്കു് 57 വയസ്സുണ്ടായിരുന്നു എന്നു കേരളോല്പത്തി പറഞ്ഞിട്ടുള്ളതിനാൽ പെരുമാൾമക്കത്തു പോയതു് എ. ഡി. 628-ലാണെന്നു് സിദ്ധിക്കുന്നു. സെഹർ മുക്കൽഹ എന്ന നാട്ടിൽ പെരുമാൾ തിരിച്ചുവന്നു പള്ളിയും വീടും പണിയിച്ചു് അഞ്ചുവർഷം കഴിഞ്ഞിട്ടാകയാൽ അദ്ദേഹം അവിടെ തിരിച്ചു വന്നതു് എ. ഡി. 684-ലായിരിക്കണം. പള്ളിയും വീടും പണികഴിപ്പിച്ചു് അവിടെ കുറേനാൾ പാർത്തതിനുശേഷമാണു് പെരുമാൾ മരിച്ചതു്. സെഹർ മുക്കൽഹയിൽ തിരിച്ചുവന്നതിനുശേഷം ഒരു മൂന്നുകൊല്ലം കൂടി പെരുമാൾ ജീവിച്ചിരുന്നു എന്നു വിചാരിക്കാം. അപ്പോൾ ഉദ്ദേശം എ. ഡി. 637-നു സമീപിച്ചു് പെരുമാൾ മരിച്ചു എന്നും അതിനടുത്ത കാലത്തുതന്നെ മാലിക്ക് ഹബീബദീനാറും കുടുംബവും കേരളത്തിലേക്കും പോന്നുവെന്നും സിദ്ധിക്കുന്നു.

ഭാസ്കരരവിവർമ പെരുമാളോ പള്ളിബാണപ്പെരുമാളോ അല്ല

കേരളോല്പത്തി ഈ സംഭവങ്ങളെ ഒടുവിലത്തെ പെരുമാളായി വിചാരിച്ചു പോരുന്ന ഭാസ്കരരവിവർമനോടാണു് ഘടിപ്പിച്ചിരിക്കുന്നതെങ്കിലും എ. ഡി. 978 മുതൽ 1036 വരെ നാടുവാണിരുന്ന ഭാസ്കരരവിവർമന്റെ കാലത്തു നടന്നവയല്ല ഈ സംഭവങ്ങൾ എന്നു് ‘ഒടുവിലത്തെ ചേരമാൻ പെരുമാൾ’ എന്ന ലേഖനത്തിൽ ഈ ലേഖകൻ സ്ഥാപിച്ചിരുന്നല്ലോ. പിന്നെയും പള്ളിബാണപ്പെരുമാളിന്റെ ചരിത്രം വിവരിക്കുമ്പോഴും കേരളോല്പത്തിയുടെ കർത്താവു് പള്ളിബാണപ്പെരുമാളും മക്കത്തു പോയി എന്നു പറയുന്നുണ്ടു്. പള്ളിബാണപ്പെരുമാൾ മതം മാറിയെന്നതു ശരിയാണെങ്കിലും, അദ്ദേഹം സ്വീകരിച്ച മതം ജൈനമതമാണെന്നും ലേഖനങ്ങളിൽ ഈ ലേഖകൻ ചൂണ്ടിക്കാണിച്ചിട്ടുണ്ടല്ലോ. പള്ളിബാണപ്പെരുമാൾക്കു് ഏതാനും തലമുറകൾക്കു മുമ്പായി എ. ഡി. 628 വരെ നാടുവാണിരുന്ന പെരുമാളാണു് മക്കത്തുപോയതെന്നു് കേരളോല്പത്തി നൽകുന്നവിവരങ്ങളിൽ നിന്നുതന്നെ അനുമാനിക്കാം.

അറബികൃതിയിലെ ഐതിഹ്യം

കേരളോല്പത്തിയിൽ വിവരിച്ചിട്ടുള്ള പ്രസ്തുത ഐതിഹ്യത്തോടു് ഏറെക്കുറെ സാമ്യമുള്ള ഒരു ഐതിഹ്യം എ. ഡി. 16-ാം ശതാബ്ദത്തിന്റെ ഉത്തരാർധത്തിൽ ബീജപൂർ സുൽത്താന്റെ രാജധാനിയിൽ ജിവിച്ചിരുന്ന ഷെയ്ക്ക് സെയ്നുദ്ദീൻ തന്റെ അറബികൃതിയായ തുഹ്ഫത്തുൽ മുജാഹിദീനിൽ വിവരിച്ചിട്ടുണ്ടു്. അതിന്റെ ചുരുക്കം ചുവടെ ചേർക്കുന്നു: മുസ്ലീങ്ങളുടെ ഒരു പുണ്യസ്ഥലമായ സിലോണിലെ ആഡംസ് പീക്ക് എന്ന മല സ്പർശിക്കുവാൻ പോകുന്നതിനിടയ്ക്കു് കൊടുങ്ങല്ലൂരിലെ കുറെ മുസ്ലീം അറബികളുടെ നായകനായ ഒരു ഷെയ്ക്ക് അന്നത്തെ ചേരമാൻ പെരുമാളെ സന്ദർശിച്ചു് നബിയെപ്പറ്റിയുള്ള വിവരങ്ങൾ അദ്ദേഹത്തെ ധരിപ്പിക്കുകയുണ്ടായി. ഈ വിവരങ്ങളുടെ കൂട്ടത്തിൽ ചന്ദ്രബിംബത്തിന്റെ ഖണ്ഡനം എന്ന നബിയുടെ അത്ഭുതകൃത്യത്തെ പറ്റിയും ഷെയ്ക്ക് പെരുമാളോടു പറഞ്ഞു. അപ്പോൾ നബിയെ കാണണമെന്നു് പെരുമാളിനു് ആഗ്രഹം തോന്നി. തന്നിമിത്തം പെരുമാൾ ഷെയ്ഖിനോടു് സിലോണിലെ തീർഥയാത്ര കഴിഞ്ഞു് അവിടെ തിരിച്ചു ചെല്ലണമെന്നും താനും അവരോടുകൂടി അറേബ്യയിലേക്കു് പോകുവാൻ വിചാരിക്കുന്നു എന്നും എന്നാൽ ഈ വിവരം തന്റെ പ്രജകളിൽ ഒരുത്തനോടും അറിയിച്ചു പോകരുതെന്നും പറഞ്ഞു. ഷെയ്ഖും അനുയായികളും തീർഥയാത്ര കഴിഞ്ഞു് തിരിച്ചു് കൊടുങ്ങല്ലൂരിൽ ചെന്നപ്പോൾ പെരുമാൾ അറേബ്യയിലേക്കു് യാത്രചെയ്യുവാൻ ഒരു കപ്പൽ രഹസ്യമായി ഏർപ്പാടുചെയ്യുവാൻ ഷെയ്ഖിനോടു് ആജ്ഞാപിച്ചു. അനന്തരം പെരുമാൾ ഏഴുദിവസം തന്നെ ആരും സന്ദർശിക്കരുതെന്നു് ഒരു കൽപ്പന പുറപ്പെടുവിച്ചു. അതോടുകൂടിത്തന്നെ അദ്ദേഹം തന്റെ രാജ്യത്തിന്റെ വിവിധഭാഗങ്ങളെ ഭരിക്കുവാൻ നാടുവാഴികളെ നിശ്ചയിച്ചു് എഴുതിവയ്ക്കുകയും ചെയ്തു. അനന്തരം ഒരു രാത്രിയിൽ ഷെയ്ക്ക് ഏർപ്പാടുചെയ്തിരുന്ന ഒരു കപ്പലിൽ രഹസ്യമായി ഷെയ്ക്കിനോടും അനുയായികളോടും കേറി പെരുമാൾ അറേബ്യയിലേക്കു് തിരിച്ചു. പോകുന്ന വഴി പന്തലായിനിയിലും ധർമപട്ടണത്തും ഇറങ്ങി യഥാക്രമം ഒന്നും മൂന്നും ദിവസങ്ങൾ താമസിച്ചതിനുശേഷം പെരുമാൾ ധർമപട്ടണത്തുനിന്നും വീണ്ടും കപ്പലിൽ കയറി അറേബ്യയിലേക്കു് പോവുകയും ചെയ്തു. പെരുമാൾ അവിടെ എത്തിയതിനുശേഷം കുറേക്കാലം അവിടെ താമസിച്ചു. അനന്തരം കേരളത്തിലേക്കു് ഇസ്ലാംമതപ്രചരണാർത്ഥം തിരിച്ചുപോകുവാൻ അദ്ദേഹം വട്ടംക്കൂട്ടി. എന്നാൽ യാത്ര പുറപ്പെടും മുമ്പു് പെട്ടെന്നു് മരിച്ചുപോയി. മരിക്കുന്നതിനുമുമ്പു് അദ്ദേഹം തന്നോടുകൂടി കേരളത്തിലേക്കു് പോകുവാൻ സന്നദ്ധരായിരുന്ന അറേബ്യൻ സ്നേഹിതന്മാരോടു അവർ നിശ്ചയിച്ചിരുന്ന കേരളയാത്ര മുടക്കരുതെന്നു പറഞ്ഞു് അവരുടെ പക്കൽ കേരളത്തിലെ ഭരണാധികാരിക്കുള്ള കുറേ കത്തുകൾ ഏൽപ്പിച്ചിരുന്നു. കൂടാതെ തന്റെ മരണവിവരം കേരളീയരെ ധരിപ്പിക്കരുതെന്നു് അദ്ദേഹം അവരോടുപദേശിച്ചു. പെരുമാളോടുകൂടി കേരളത്തിലേക്കു് പോകുവാൻ സന്നദ്ധരായവർ ശിയുബ് ഇബ്നുമാലിക്കും അലൈം നിവാസിയായ അദ്ദേഹത്തിന്റെ സഹോദരൻ മാലിക്ക് ഇബ്നു ദിനാറും അദ്ദേഹത്തിന്റെ മരുമകനായ മാലിക്ക് ഇബ്നു ഹബീബും മറ്റു ചിലരുമായിരുന്നു.

പെരുമാളിന്റെ മരണാനന്തരം കുറേവർഷം കഴിഞ്ഞതിനുശേഷം ഇബ്നു മാലിക്, മാലിക്ക് ഇബ്നു ദിനാർ, മാലിക്ക് ഇബ്നു ഹബീബ് ഇദ്ദേഹത്തിന്റെ ഭാര്യയും കുടുംബവും ചില ആശ്രിതന്മാരും എന്നിവർ അറേബ്യയിൽ നിന്നു് കപ്പൽ കയറി കൊടുങ്ങല്ലൂരിലേക്കു് പോന്നു. കൊടുങ്ങല്ലൂരിൽ വന്നു് ഇവർ അന്നു് അതിനെ ഭരിച്ചിരുന്ന രാജാവിനു് മക്കത്തുപോയ പെരുമാളുടെ എഴുത്തുകൊടുത്തു. ഉടനെ അദ്ദേഹം അവർക്കവിടെ കുറേ ഭൂമി നൽകി. അതിൽ മാലിക്ക് ഇബ്നു ദീനാർ ഒരു പള്ളി പണിയിച്ചു് അവിടെ കയറി പാർക്കുകയും ചെയ്തു. കുറേനാൾ കഴിഞ്ഞു് അദ്ദേഹത്തിന്റെ മരുമകൻ മാലിക്ക് ഇബ്നു ഹബീബ് കൊല്ലം മാടായി, ബോഗോർ, മംഗലാപുരം, കാഞ്ഞിരോട്ടു്, ശിരവുപട്ടണം, ധർമപട്ടണം, പന്തലായിനി, ചാലിയത്തു് എന്നീ സ്ഥലങ്ങളിൽ പോയി ഓരോ പള്ളിവീതം പണിയിക്കുകയുണ്ടായി. അനന്തരം കുറേക്കാലം കഴിഞ്ഞു് ചില അനുചരന്മാരോടുകൂടി മാലിക്ക് ഇബ്നു ദിനാർ അറേബ്യയിലേക്കു് കപ്പൽ കയറി അവിടെ എത്തി അദ്ദേഹം പെരുമാളിന്റെ ശവകുടീരം സന്ദർശിച്ചു. അനന്തരം അദ്ദേഹം പേർഷ്യയിലെ ഖൊറസാൻ പ്രദേശത്തു് സഞ്ചരിക്കുകയും ഇവിടെവച്ചു് മരണമടയുകയും ചെയ്തു. മാലിക്ക് ഇബ്നു ഹബീബും ഭാര്യയും കൊടുങ്ങല്ലൂരിൽ വച്ചാണു് മരിച്ചതു്. ഈ വിവരങ്ങൾ എല്ലാം നൽകിയതിനുശേഷം ഈ പ്രാചീനൈതിഹ്യമാണു് സാധാരണയായി പ്രചാരമുള്ളതെന്നും, ഇതെല്ലാം സംഭവിച്ച കാലത്തെപ്പറ്റി സൂക്ഷ്മമായ ഒരറിവുമില്ലെന്നും ഇതെല്ലാം നടന്നതു് ഹിജ്റയ്ക്കുശേഷം (എ. ഡി. 622-നുശേഷം) 200 വർഷം കഴിഞ്ഞിട്ടാണെന്നു വിചാരിക്കുവാൻ കാരണമുണ്ടെന്നും, പക്ഷേ, കേരളത്തിലെ മുസ്ലീങ്ങളുടെ ഇടയ്ക്കുള്ള വിശ്വാസം ഇതെല്ലാം നടന്നതു് നബിയുടെ കാലത്താണെന്നും, പെരുമാൾ നബിയെ സന്ദർശിച്ചു എന്നുകൂടി അവർ വിശ്വസിക്കുന്നുവെന്നും ഷെയ്ഖ സെയ്നുദ്ദീൻ പറയുന്നുണ്ടു്. കൂടാതെ പെരുമാളിന്റെ ശവകുടീരം സോഫറിൽ ആണെന്നും തന്റെ കാലത്തും അതിന്റെ മാഹാത്മ്യം നിമിത്തം അതു മുസ്ലീങ്ങൾ സന്ദർശിക്കാറുണ്ടെന്നും അവിടെയുള്ളവർ അതിലടക്കിയിരിക്കുന്ന രാജാവിനെ അസ്-സമുരി എന്നാണു് വിളിച്ചുവരുന്നതെന്നും ഷെയ്ഖ് സെയ്നുദ്ദീൻ അവസാനമായി പ്രസ്താവിച്ചിരിക്കുന്നു.

മൂന്നു് ഐതിഹ്യങ്ങൾക്കു് തമ്മിലുള്ള വ്യത്യാസങ്ങൾ

കേരളോല്പത്തിയുടെ ഐതിഹ്യത്തിനും തുഹ്ഫത്തുൽ മുജാഹിദീനിലെ ഐതിഹ്യത്തിനും തമ്മിൽ വളരെ സാദൃശ്യമുണ്ടെങ്കിലും അവയ്ക്കു് തമ്മിൽ ചില വ്യത്യാസങ്ങളും ഇല്ലാതില്ല. പെരുമാൾ അറേബ്യയിൽ ചെന്നിറങ്ങിയ സ്ഥലത്തിനു് സെയ്നുദ്ദീൻ കൊടുത്ത പേർ ഷുഹൂർ എന്നാകുന്നു. ഈ അറബിവാക്കു് അദർ തുടങ്ങി ഒമൻ വരെയുള്ള അറേബ്യയുടെ തെക്കൻ കടലോരമാണു് സൂചിപ്പിക്കുന്നതെന്നു് സെയ്നുദ്ദീന്റെ കൃതിയെ ഇംഗ്ലീഷിലേക്കു് തർജിമ ചെയ്ത ലെഫ്റ്റണന്റ് റൌലണ്ട്സെൻ (Lt Rowlandson) ചൂണ്ടിക്കാണിച്ചിട്ടുണ്ടു്. നേരേമറിച്ചു് കേരളോല്പത്തിയിൽ പറഞ്ഞിട്ടുള്ളതു്. പെരുമാൾ സെഹർ മുക്കൽ ഹ എന്ന ബന്ധറിൽ ചെന്നിറങ്ങി എന്നാകുന്നു. ഈ സെഹർ അഥവാ സഫർ, അറേബ്യയുടെ തെക്കുപടിഞ്ഞാറു ഭാഗത്തുള്ള യമൻ പ്രദേശത്തു് ചെങ്കടൽക്കരയിലുള്ള ഒരു തുറമുഖമാണു്. മുക്കൽ ഹ എന്നതു് മിഖ്ലാഫ് എന്ന അറബിവാക്കിന്റെ മലയാള രൂപമാകുന്നു. യമനിലെ സംസ്ഥാനങ്ങൾക്കു് മിഖ്ലാഫ് (സംസ്ഥാനം) എന്ന സാമാന്യനാമമുണ്ടു്. അതിനാൽ ബഹർ ബുക്കൽ ഹ എന്നതു് ചെങ്കടൽ തീരത്തുള്ള യമനിലെ ഒരു സംസ്ഥാനത്തിന്റെയും അതിന്റെ ഒരു തുറമുഖത്തിന്റെയും പേരാണെന്നു വിചാരിക്കേണ്ടിയിരിക്കുന്നു. കേരളോല്പത്തി അനുസരിച്ചു് പെരുമാൾ ചെന്നിറങ്ങിയ സെഹർ മുക്കൽ ഹയിൽ വച്ചു തന്നെയാണദ്ദേഹം ചരമമടഞ്ഞതും. അതിനാൽ കേരളീയ ഐതിഹ്യമനുസരിച്ചു് പെരുമാളിന്റെ ശവകുടീരം ചെങ്കടൽ തീരത്താണു് സ്ഥിതിചെയ്യുന്നതു്. ഈ വിശ്വാസം തെറ്റാണെന്നും സൊഫറിലാണു് അതു് സ്ഥിതിചെയ്യുന്നതെന്നും സെയ്നുദ്ദീൻ പറയുന്നു. ഒമാൻ ഉൾക്കടലിൽ ഒമാൻ രാജ്യത്തിന്റെ കിഴക്കുതീരത്തു് സൊഹർ അഥവാ സോഫർ എന്ന തുറമുഖമുണ്ടു്. ഇതായിരിക്കും പെരുമാളുടെ ശവകുടീരസ്ഥലമായി സെയ്നുദ്ദീൻ പറയുന്ന സൊഫർ. ചെങ്കടൽത്തീരത്താണു് പെരുമാളുടെ ശവകുടീരം സ്ഥിതിചെയ്തെന്നുള്ള കേരളീയ ഐതിഹ്യമാണു് കൂടുതൽ വിശ്വാസയോജ്യമായിട്ടുള്ളതു്. പെരുമാൾ നബിയെ സന്ദർശിച്ച ആണ്ടായ എ. ഡി. 628-ൽ യമനിൽ ഇസ്ലാംമതം പ്രചരിച്ചിരുന്നതായി നമുക്കു് അറിയാവുന്നതിനാലും, മക്കത്തിനു സമീപം നിവസിച്ചിരുന്ന നബിയെ സന്ദർശിക്കുവാനായി ഒമാനിലെ തുറമുഖങ്ങളെക്കാൾ യമനിലെ തുറമുഖങ്ങളാണു് കൂടുതൽ സൗകര്യപ്രദം എന്നതിനാലും യമനിലെ സൊഹറിൽ പെരുമാൾ ഇറങ്ങിയെന്നു വിചാരിക്കേണ്ടിയിരിക്കുന്നു. സൊഹറിൽ സാമൂതിരിയുടെ പേർ സമർപ്പിക്കുന്ന അസ്-സമുരി എന്നൊരു കേരളരാജാവിന്റെ ശവകുടീരം ഉണ്ടെന്നു സെയ്നുദ്ദീൻ പറഞ്ഞിട്ടുള്ളതിൽ വാസ്തവമുണ്ടെങ്കിൽ പിൽക്കാലത്തു് ഇസ്ലാംമതം സ്വീകരിച്ച ഒരു കേരളരാജാവായിരിക്കും അസ്-സമുരി. എ. ഡി. 14-ാം ശതാബ്ദത്തിന്റെ പൂർവാർധത്തിൽ കേരളം സന്ദർശിച്ചിരുന്ന പ്രസിദ്ധസഞ്ചാരിയായ ഇബ്നു ബത്തുത്ത വളവടപട്ടണത്തിലെ ഒരു പള്ളി, അന്നത്തെ കോലത്തിരിയുടെ പിതാമഹനും ഇസ്ലാം മതാനുസാരിയുമായ ഒരു രാജാവു് പണിയിച്ചതാണെന്നു പറഞ്ഞിട്ടുള്ളതു് ഇവിടെ സ്മരണീയമാണു്. ഇദ്ദേഹത്തിന്റെ ശവകുടീരത്തെ പറ്റിയായിരിക്കാം സെയിനുദ്ദീൻ പറഞ്ഞിട്ടുള്ളതു്. അന്നത്തെ കേരളത്തിലെ പ്രബലനായ രാജാവു് സാമൂതിരിയാകയാൽ അറേബ്യനിവാസികൾ എല്ലാ കേരളരാജാക്കന്മാരെയും സാമൂതിരി എന്നു വിളിച്ചു വന്നിരിക്കാം. ഇതുനിമിത്തമായിരിക്കാം സൊഫറിലുള്ള ശവകുടീരം അസ്-സമുരിയുടെതാണെന്നു് അറബികൾ പറഞ്ഞുവന്നിരുന്നതും.

പെരുമാൾ മക്കത്തു് പോയതു് എ. ഡി. 9-ാം ശതാബ്ദത്തിലാണെന്നുള്ള ഷെയ്ക്ക് സെയ്നുദ്ദീന്റെ അഭിപ്രായം കേരളീയ ഐതിഹ്യത്തിനു വിരുദ്ധമായിട്ടുള്ളതാണു്. എ. ഡി. 788-ൽ മരിച്ച ഒരു മുസ്ലീം അറബിയായ അലി-ഇബ്നു ഇഫാർമാന്റെ ശവകുടീര സ്മാരകശില പന്തലായിനി കൊല്ലത്തെ മയ്യത്തു് കുന്നിൽ കണ്ടുപിടിച്ചിട്ടുള്ളത്, സെയിനുദ്ദീൻ പറയുന്ന ഒമ്പതാം ശതാബ്ദത്തിനു മുമ്പുതന്നെ മുസ്ലീങ്ങളായ അറബികൾ കേരളത്തിൽ വന്നു പാർത്തിരുന്നു എന്നു കാണിക്കുന്നുണ്ടു്. കേരളോല്പത്തിയിലെ ഐതിഹ്യത്തിനും സെയ്നുദ്ദീൻ പ്രസ്താവിച്ചിട്ടുള്ളതിനും തമ്മിലുള്ള മറ്റൊരു വ്യത്യാസം, പെരുമാളിന്റെ മരണാനന്തരം മതപ്രചരണാർഥം കേരളത്തിലേക്കു പുറപ്പെട്ട അറബിമാന്യന്മാരുടെ പേരുകളെ സംബന്ധിച്ചുള്ളതാകുന്നു. ഈ വ്യത്യാസം സാരമായിട്ടുള്ളതല്ലെന്നും, കേരളോല്പത്തിയിൽ പറയുന്ന മാലിക്ക് ഹബീബ, ദീനാർ എന്ന നാമം സെയ്നുദ്ദീൻ പറയുന്ന മൂന്നു പ്രമാണികളായ (ഗിയൂഫ്) ഇബ്നു മാലിക്ക്, മാലിക്ക് ഇബ്നു ദീനാർ, മാലിക്ക് ഇബ്നു ഹബീബ് എന്നിവരുടെ പേരുകൾ കൂട്ടിച്ചേർത്തതിൽ നിന്നുണ്ടായതു മാത്രമാണെന്നും തോന്നുന്നു. മാലിക്ക് ഇബ്നു ദീനാർ എന്ന നാമത്തിന്റെ യഥാർത്ഥരുപം മാലിക്ക് ഇബ്നു അദീനാർ ആണെങ്കിൽ, നബി ജനിച്ച മക്കത്തെ ഖുറൈശി ഗോത്രത്തിന്റെ മൂലവർഗമായ അദീനാർ വർഗ്ഗത്തിന്റെ നാമം അതു് സൂചിപ്പിക്കുന്നതാണു്. ഇതു ശരിയാണെങ്കിൽ പെരുമാൾ വിവാഹം ചെയ്തതായി പറയുന്ന അറബി വനിതയും അവരുടെ സഹോദരനായ മാലിക്ക് ഇബ്നു ദീനാറും ഖുറൈശി ഗോത്രത്തോടു് ബന്ധുത്വമുള്ള ഒരു ഗോത്രത്തിലെ അംഗങ്ങളായിരുന്നിരിക്കുവാനിടയുണ്ടു്. നബിയുടെ കാലത്തു് അറേബ്യയിലുള്ള ഭരണാധികാരികൾ യെമൻ, ഹീറ, ഗസാൻ മുതലായ പ്രദേശങ്ങളിലെ കിരീടധാരികളായ രാജാക്കന്മാരും കിരീടധാരികളല്ലെങ്കിലും അവരോടു തുല്യമായ അധികാരങ്ങളുള്ള ഗോത്രനായകന്മാരുമായിരുന്നു. കേരളോല്പത്തിയിൽ മാലിക്ക് ഇബ്നു ദീനാർ അരവിലെ രാജാവെന്നു പറഞ്ഞിട്ടുള്ളതു് അദ്ദേഹം മക്കത്തിനു സമീപമുള്ള ഒരറബി ഗോത്രക്കാരനായതുകൊണ്ടായിരിക്കാം.

പിന്നെയും കേരളോല്പത്തിയിൽ പറഞ്ഞിട്ടുള്ള പതിനൊന്നു് പള്ളികൾക്കു പകരം സെയിനുദ്ദീൻ പത്തു പള്ളികൾ മാത്രം പ്രസ്താവിച്ചിട്ടുള്ളതു് മധുരയിലെ പള്ളി കേരളത്തിനു പുറമെ സ്ഥിതിചെയ്തിരുന്നതുകൊണ്ടായിരിക്കണം. കേരളോല്പത്തിയിൽ പറഞ്ഞിട്ടുള്ള വക്കന്നുർ പള്ളിയേയും മൈക്കുളത്തു പള്ളിയേയുമാണു് സെയിനുദ്ദീൻ യഥാക്രമം ബംഗോർ പള്ളിയെന്നും മംഗലാപുരം പള്ളിയെന്നും പേരിട്ടിട്ടുള്ളതു്. വാക്കന്നുർ അഥവാ ബംഗോർപള്ളി തെക്കെ കാനറ ജില്ലയുടെ ഉത്തരഭാഗത്തുള്ള ബാർക്കുർ പള്ളിയാകുന്നു. കേരളോല്പത്തിയിൽ കേരളത്തിലേക്കു വന്ന മൂന്നു് അറബിനായകന്മാരെയും ഒരാളാക്കി പറഞ്ഞിരിക്കുന്നതിനാൽ കൊടുങ്ങല്ലൂർ വച്ചു മരിച്ച നായകൻ മാലിക്ക് ഇബ്നു ഹബീബാണെന്നുള്ള സെയിനുദ്ദീന്റെ വാക്കുകളാണു് വിശ്വാസയോഗ്യമായിട്ടുള്ളതും.

മറ്റു തെളിവുകൾ

കേരളോല്പത്തിയിലും തൊഹ്ഫുതുൽ മുജാഹിദീനിലും പ്രസ്താവിച്ചിട്ടുള്ള പ്രസ്തുത ഐതിഹ്യം വിശ്വാസയോഗ്യമാണെന്നു് കാണിക്കുന്ന മറ്റുതെളിവുകളിലേക്കു കടക്കാം. ഒന്നാമതായി, പെരുമാൾ മക്കത്തേക്കു പോയതായി പറയുന്ന എ. ഡി. 628 ഇസ്ലാംചരിത്രത്തിൽ പ്രധാന്യമുള്ള ഒരാണ്ടാണു്. താൻ സ്ഥാപിച്ച മതത്തിന്റെ പ്രചാരണത്തിനായി നബി അന്നത്തെ പ്രധാന രാജാക്കന്മാരുടെ അടുക്കലേക്കു ദൂതന്മാരെ അയച്ചതു് ആ ആണ്ടിലും അതിനു സമീപിച്ചുമായിരുന്നു. റോമാചക്രവർത്തിയായ ഹെറാക്ലിയസ്, പാരസിക ചക്രവർത്തിയായ കുബ്രു പാർവീസ് ചീനത്തെ ടാങ് വംശജനായ ചക്രവർത്തി, അബിനീസിയായിലെ രാജാവു്, ഈജിപ്തിലെ ഭരണാധികാരി, സിറിയായിലെ ഗസനി രാജാവു്, അറേബ്യയുടെ കിഴക്കൻ തീരത്തുള്ള ബന്ദുഹനീഫ ഗോത്രത്തിന്റെ നായകൻ, അവിടെയുള്ള ബഹ്റയിനിലെ ഭരണാധികാരി എന്നിവർക്കു തന്റെ പുതിയമതം സ്വീകരിക്കുവാൻ ഉപദേശിക്കുന്ന കത്തുകളോടുകൂടി നബി തന്റെ ദൂതന്മാരെ ഈ ആണ്ടിലും അതിനു സമീപിച്ചും അയക്കുകയുണ്ടായി. ഇങ്ങനെ അന്നത്തെ ലോകത്തിലെ പ്രബലരായ ചക്രവർത്തികൾക്കും തന്റെ നാട്ടുകാരായ അറബികൾക്കു കച്ചവടബന്ധങ്ങൾ ഉണ്ടായിരുന്ന രാജ്യത്തിലെ ഭരണാധികാരികൾക്കും സന്ദേശങ്ങൾ അയച്ച നബി പണ്ടേതന്നെ തന്റെ നാട്ടുകാർക്കു കച്ചവടബന്ധമുണ്ടായിരുന്ന സിലോണിലെയും കേരളത്തിലെയും രാജാക്കന്മാർക്കു് സന്ദേശങ്ങൾ അയച്ചിരിക്കുവാൻ ഇടയുണ്ടു്. പോരെങ്കിൽ അദ്ദേഹം ചീനത്തേക്കു് അയച്ച ദൂതന്മാർക്കു് കേരളവും സിലോണും കടന്നുപോകേണ്ടിയുമിരുന്നു. നബിയുടെ ശിഷ്യന്മാർ കേരളത്തിലും സിലോണിലും പോയിരുന്നുവെന്നു് ഷെയ്ക്ക് സെയ്നുദ്ദീൻ പറയുന്നുമുണ്ടു്. നബിയുടെ കാലമായ എ. ഡി. ഏഴാംശതാബ്ദത്തിന്റെ പൂർവാർധം തമിഴ്സംഘത്തിന്റെ പ്രാരംഭകാലമെന്നു് ചിലപ്പതികാരത്തിന്റെ കാലം നിർണയിച്ച ലേഖനത്തിൽ ഈ ലേഖകൻ ചൂണ്ടിക്കാണിച്ചിരുന്നല്ലോ. ചേര-ചോള-പാണ്ഡ്യം എന്നീ രാജ്യങ്ങളുമായി യവനർ അതായതു് ജോനകർ അഥവാ അറബികൾ ധാരാളമായി കച്ചവടം നടത്തിവന്നിരുന്നു എന്നും ഈ യവനരിൽ ചിലരെ ഈ രാജ്യങ്ങളിലെ രാജാക്കന്മാർ തങ്ങളുടെ അകമ്പടിക്കാരായി നിയമിച്ചിരുന്നുവെന്നും തമിഴ് സംഘകാവ്യങ്ങൾ പ്രസ്താവിക്കുന്നുണ്ടു്. മക്കത്തുപോയ പെരുമാളെന്നു് ഈ ലേഖനത്തിൽ സ്ഥാപിക്കുവാൻ പോകുന്ന പൽയാനൈച്ചെൻ കെവുകുടുവൻ എന്ന ചേരരാജാവിന്റെ ജ്യേഷ്ഠനായ ഇമയവരമ്പൻ നെടുംചേരലാതൻ എന്ന രാജാവു് യവനരെ കടലിൽ വച്ചു് തോൽപ്പിച്ചു് അവരുടെ കപ്പലും അതിലുള്ള ധനവും പിടിച്ചടക്കി എന്നു സംഘകാവ്യമായ പതിറ്റിപത്തിൽ നിന്നു മനസ്സിലാക്കാവുന്നതാണു്. നബിക്കു കുറെ ശതാബ്ദങ്ങൾക്കു മുമ്പുതന്നെ അറബികളും പാർസികളും സിലോണിൽ കുടിയേറി പാർത്തിരുന്നു എന്നതിനു് ലക്ഷ്യങ്ങളുണ്ടു്. ഇങ്ങനെ തന്റെ നാട്ടുകാർക്കു് അടുത്ത ബന്ധമുള്ള സിലോണിലേക്കും കേരളത്തിലേക്കും തന്റെ മതസന്ദേശങ്ങളും കൊടുത്തു നബി അയച്ച ദൂതനായിരിക്കാം കേരളോല്പത്തിയിൽ പറഞ്ഞിട്ടുള്ള അശുവിങ്കൻ ചതുരപുരത്തു വേദാഴിയാരും സെയ്നുദ്ദീൻ പ്രസ്താവിക്കുന്ന തീർഥയാത്രക്കാരുടെ തലവനായെക്കും.

പിന്നെയും മാലിക്ക് ഇബിനു ദീനാറും കൂട്ടരും കേരളത്തിൽ വന്നതു് എ. ഡി. 637-നു സമീപിച്ചാണെന്നു കേരളോല്പത്തിയിൽ നിന്നു് ഊഹിക്കാമെന്നു് മുകളിൽ ചൂണ്ടിക്കാണിച്ചിട്ടുണ്ടല്ലോ. മുസ്ലീം അറബികൾ ഭാരതത്തിന്റെ പശ്ചിമതീരങ്ങളെ ഇദംപ്രഥമമായി ആക്രമിച്ചതു രണ്ടാമത്തെ ഖലീഫയായ ഒമറിന്റെ കാലത്തു്, അതായതു്, എ. ഡി. 632-നും 644-നും ഇടയ്ക്കായിരുന്നു. അതുകൊണ്ടു് എ. ഡി. 637-നു സമീപിച്ചു മാലിക്ക് ഇബ്നുദീനാർ മതപ്രചരണാർഥം കേരളത്തിലേക്കു പോന്നു എന്നു കേരളോല്പത്തി സൂചിപ്പിക്കുന്നതിൽ യാതൊരസംഭവ്യതയുമില്ല.

എതിരഭിപ്രായങ്ങളെപ്പറ്റി:

ഒരു ചേരമാൻപെരുമാൾ എ. ഡി. 7-ാം ശതാബ്ദത്തിൽ ഇസ്ലാംമതം സ്വീകരിച്ചു എന്നു് കേരളോല്പത്തി പ്രസ്താവിച്ചിട്ടുള്ളതു് വിശ്വാസയോഗ്യമല്ലെന്നു് ചരിത്രകാരന്മാർ വിചാരിച്ചു വരുന്നതിനു കാരണങ്ങൾ എ. ഡി. 9-ാം ശതാബ്ദത്തിനും 15-ാം ശതാബ്ദത്തിനും ഇടയ്ക്കു് കേരളം സന്ദർശിച്ചിരുന്ന വിദേശസഞ്ചാരികൾ ആ ഐതിഹ്യത്തെപറ്റി ഒന്നും പറയാതെയിരുന്നിട്ടുള്ളതും എ. ഡി. 9-ാം ശതാബ്ദത്തിൽ ജീവിച്ചിരുന്ന സുലൈമാൻ എന്ന അറബി സഞ്ചാരി ഭാരതത്തിലും ചീനത്തും ഒരു നാട്ടുകാരനും ഇസ്ലാംമതം അന്നു സ്വീകരിച്ചിരുന്നില്ല എന്നു പ്രസ്താവിച്ചതുമാകുന്നു. എന്നാൽ ഇന്നത്തെ ഗവേഷണങ്ങളുടെ ഫലമായി എ. ഡി. ഏഴാംശതാബ്ദത്തിൽ ചീനത്തും സിലോണിലും നാട്ടുകാരായ മുസ്ലീങ്ങൾ ഉണ്ടായിരുന്നു എന്നു കണ്ടുപിടിച്ചിട്ടുണ്ടു്. അതിനാൽ ഈ രണ്ടു രാജ്യങ്ങളെയുംപോലെ അറബികൾക്കു കച്ചവടബന്ധമുണ്ടായിരുന്ന കേരളത്തിലും പ്രത്യേകിച്ചു് 7-ാം ശതാബ്ദത്തിൽ മക്കത്തുപോയ ഒരു പെരുമാളുടെ ഐതിഹ്യമുള്ള കേരളത്തിലും, ഏഴാം ശതാബ്ദത്തിൽ നാട്ടുകാരായ മുസ്ലീങ്ങൾ ഉണ്ടായിരുന്നു എന്നു് വിചാരിച്ചേ മതിയാകു. വിദേശ സഞ്ചാരികൾ ഇങ്ങനെ ഒരു ഐതിഹ്യത്തെ പ്രസ്താവിക്കാതെയിരുന്നതുകൊണ്ടു് അങ്ങനെ ഒരൈതിഹ്യം ഉണ്ടായിരുന്നില്ലെന്നു് വരുന്നതല്ലല്ലോ. സുലൈമാൻ പുറപ്പെടുവിച്ചിട്ടുള്ള അഭിപ്രായം സൂക്ഷ്മവിവരങ്ങൾ അറിയാതെ പുറപ്പെടുവിച്ചിട്ടുള്ള ഒന്നാണെന്നുവേണം വിചാരിക്കേണ്ടതു്. എ. ഡി. ഏഴും എട്ടും ശതാബ്ദങ്ങളിൽ അറബിക്കച്ചവടക്കാർ കേരളത്തിൽ ഉണ്ടായിരുന്നുവെന്നും അവരെ കേരളീയർ വളരെ ബഹുമാനിച്ചിരുന്നെന്നും പത്താം ശതാബ്ദത്തിലെ ഒരറബി സഞ്ചാരിയായ മാസുദി പ്രസ്താവിച്ചതു് ഇവിടെ സ്മരണീയമാണു്. ഈ അറബികൾ ചില കേരളീയരെയെങ്കിലും ഇസ്ലാമിലേക്കു് മതപരിവർത്തനം ചെയ്യിച്ചിരുന്നിരിക്കണം.

ചിലപ്പതികാരം, പതിറ്റിപ്പത്തു് എന്നിവയിൽ നിന്നുള്ള തെളിവുകൾ

ഒരു ചേരമാൻ പെരുമാൾ ഏഴാംശതാബ്ദത്തിൽ പൂർവാർധത്തിൽ ഇസ്ലാംമതം സ്വീകരിച്ചു് മക്കത്തുപോയി എന്നുള്ള ഐതിഹ്യം വാസ്തവമാണെന്നുള്ളതിനു് ഏറ്റവും പ്രാചീനവും ഏറ്റവും പ്രബലവുമായ പ്രമാണം, എ. ഡി. ഏഴാം ശതാബ്ദത്തിന്റെ ഉത്തരാർധത്തിൽ രചിച്ചതാണെന്നു് ഈ ലേഖകൻ ചൂണ്ടിക്കാണിച്ചിട്ടുള്ള തമിഴ്സംഘ മഹാകാവ്യമായ ചിലപ്പതികാരമാണു്. ചിലപ്പതികാരത്തിലെ നടുകർകാതൈയിൽ ഉതിയൻചേരലാതന്റെ പുത്രനും ഇമയവരമ്പൻ നെടുംചേരലാതന്റെ അനുജനുമായ പൽയാതൈ ചെൽകെഴുകുട്ടുവൻ എന്ന ചേരരാജാവിന്റെ പരാക്രമങ്ങളെ ചുവടെ ചേർത്തിരിക്കുന്ന രീതിയിൽ വിവരിച്ചിരിക്കുന്നു:

“നാന്മറൈയാളൻ ചെയ്യുടു് കൊണ്ടു്

മേനിലൈയുലകം വിടുത്തേനായിനും

പോറ്റി മഅയിർ മുറൈയിർ കൊൾകെന

കുറ്റുവരൈ നിറുത്ത കൊറ്റവനായിനും

വൻചൊൽ യവനർ വളനാടാമ്പു

പൊൻപട്ടു നെടുവരൈ പുകുന്തേനായിനും

മികർ പെരുന്താനൈയൊടിരുഞ്ചെരുവൊട്ടി

യകല്പവെറിന്ത വരുന്തിലൊയിനും

ഉരുകഴുമരപിനയിരൈ മണ്ണി

രുകടനീരമാടിനോനായിനും

ചിരുക്കല്ലുതറൈ വഞ്ചിയുടുന്തു

മരുക്കൊൾ വെർവി വെട്ടോനായിനും”:

തന്റെ പുരോഹിതന്റെ സ്തവങ്ങൾ മുഖേന സ്വർഗ്ഗം തുറപ്പിച്ചവനും മനുഷ്യരെ ക്രമമായരീതിയിൽ മാത്രമേ മരണം അനുഭവിപ്പിക്കാവൂ എന്നു് യമനോടാജ്ഞാപിച്ചവനും, യവനരുടെ രാജ്യം വാണു് സുമേരു പർവതം (സ്വർഗ്ഗം) പ്രാപിച്ചവനും, ഒരു വലുതായ സൈന്യത്തോടുകൂടി കോട്ടപിടിച്ചടക്കിയവനും, തന്റെ പൂർവ്വികരുടെ ഒരു പുണ്യമലയായ അയിരൈ മല സന്ദർശിച്ചവനും പശ്ചിമസമുദ്രം മുതൽക്കു്… വരെ നീണ്ടുകിടന്നിരുന്ന ഒരു രാജ്യം ഭരിച്ചിരുന്നവനും വഞ്ചി നഗരത്തിന്റെ അതായതു് കൊടുങ്ങല്ലൂരിന്റെ നാലുകൂടും വഴിയിൽ വന്നു് ബൌദ്ധരെ സൽക്കരിച്ചു് മധുകൊണ്ടു് യാഗം കഴിച്ചവനും എന്നാണിതിന്റെ അർഥം. ചിലപ്പതികാരത്തിലെ ഈ ഭാഗം പൽയാനൈചെൽ കെഴുകുട്ടുവനെപ്പറ്റി പറഞ്ഞിട്ടുള്ളതാണെന്നു് അദ്ദേഹത്തെ സ്തുതിക്കുന്ന പതിറ്റിപത്തിലെ മൂന്നാം പത്തിന്റെ മൂന്നാംപതികത്തിൽ അഥവാ അനുബന്ധത്തിൽ നിന്നു മസ്സിലാക്കാം. ഈ ചേരനെപ്പറ്റി ചില കൂടുതൽ വിവരങ്ങൾ നൽകുന്ന ഈ പതികവും ചുവടെ ചേർക്കുന്നു:

“ഇമയവരമ്പന്റമ്പിയ മൈവര

വുമ്പർകാട്ടൈത്തൻ കോ നിരീള

യകപ്പാവെറിന്തു പകറ്റിവേട്ടു

മതിയുഴ്മരപിൻ മുതിയരൈത്തഴീള

കണ്ണകൻ വയ്പിൻ മൺ വകുത്തീത്തു

കരുങ്കളിറ്റിയാനൈപ്പുണർ നീരൈനീട്ടി

യിരുകനീരുമൊരു പകലാടി

യയിരൈ പറരെ ഇയാറ്റൽ ചാൻ മുൻപോ

ടൊടുങ്കാനല്ലി ചൈയുയർന്ത കേൾവി

നെടുമ്പാരതായനാർ മുന്തുറക്കാടുപോന്ത

പൽയാനൈചെൽകഴു കുഴവതൈ

പാലൈ കൗതമനാർ പാടിനാർ പത്തുപ്പാട്ടു്

ഹിമയവരമ്പൻ നെടുംചേരലാതന്റെ അനുജനും, ആനമലയിൽ തന്റെ അധികാരം സ്ഥാപിച്ചവനും കോട്ട പിടിച്ചു ദഹിപ്പിച്ചവനും, തന്റെ കുലത്തിലെ ഗുരുജനങ്ങളെ തടവി സന്തോഷിപ്പിച്ചു് നാടു് വീതിച്ചു കൊടുത്തവനും തന്റെ ഗജസൈന്യത്തെ നിരത്തി നിറുത്തി ഒരു പകലിൽ തന്നെ പൂർവ്വസമുദ്രത്തിലെയും പശ്ചിമസമുദ്രത്തിലെയും ജലം കൊണ്ടുവരുവിച്ചു് അതിൽ കുളിച്ചവനും അയിരൈമല സന്ദർശിച്ചവനും തന്റെ പുരോഹിതനായ നെടും ഭരദ്വാജൻ തനിക്കു് മുമ്പു വാനപ്രസ്ഥനായതു കണ്ടു് താനും അങ്ങനെ ചെയ്തവനുമായ പൽയാനൈച്ചെൽ കെഴുകുട്ടുവനെ (അതായതു് അനേകം ഗജനിരകളുള്ള ചേരരാജാവിനെപ്പറ്റി പാലൈഗൌതമൻ പാടിയ പത്തുപാട്ടു് എന്നാണു് ഇതിന്റെ അർഥം. ഇതിൽ പറഞ്ഞിട്ടുള്ള അയിരൈമല പഴനി താലൂക്കിലുള്ള ഐവർ മലയാണെന്നു് അവിടെയുള്ള ഒരു ശിലാശാസനത്തിൽ നിന്നു് മനസ്സിലാക്കാം. ആനമലയും സമീപപ്രദേശങ്ങളും പിടിച്ചടക്കിയതോടുകൂടി ഇദ്ദേഹം ഇതിനടുത്തുള്ള പഴനിത്താലുക്കും പിടിച്ചടക്കിയിരുന്നിരിക്കണം. ഈ ചേരൻമാർ കൊംഗുദേശം പിടിച്ചടക്കിയെന്നും പതിറ്റിപ്പത്തിൽ പറഞ്ഞിട്ടുണ്ടു്.

ചിലപ്പതികാരത്തിലെയും പതിറ്റിപ്പത്തിലെയും ഈ ഭാഗങ്ങളിൽ നിന്നു്, രാജ്യം പകുത്തുകൊടുത്തതിനുശേഷം അറേബ്യയിൽ പോയി ഇസ്ലാംമതം സ്വീകരിച്ചു മരണമടഞ്ഞതായി കേരളോല്പത്തിയും സെയിനുദ്ദീനും പ്രസ്താവിച്ചിട്ടുള്ള പെരുമാൾ പൽയാനൈച്ചെൽ കെഴുകുട്ടുവനാണെന്നു സ്പഷ്ടമാകുന്നുണ്ടു്. എന്തെന്നാൽ ഇദ്ദേഹം തന്റെ രാജ്യം വീതിച്ചുകൊടുത്തു എന്നു പതിറ്റിപ്പത്തും, ഇദ്ദേഹത്തിന്റെ കാലത്തു കൊടുങ്ങല്ലൂരിൽ വന്ന ബൌദ്ധരെ, അതായതു് മുസ്ലീങ്ങളെ ഇദ്ദേഹം സൽക്കരിച്ചു് ഹിന്ദുധർമപ്രകാരമുള്ള യാഗങ്ങൾക്കുപകരം മധുരപദാർഥങ്ങൾകൊണ്ടു യാഗം കഴിപ്പിച്ചെന്നും, ഇദ്ദേഹം യവനരുടെ നാട്ടിൽ, അതായതു് ജോനകരുടെ, അഥവാ അറബികളുടെ നാട്ടിൽ പോയി വാണു് അവിടവച്ചു് സ്വർഗ്ഗം പ്രാപിച്ചുവെന്നു് ചിലപ്പതികാരവും പറഞ്ഞിരിക്കുന്നു. ചിലപ്പതികാരം രചിച്ചതു് എ. ഡി. 650-നും 700-നും ഇടയ്ക്കാണെന്നു് ഈ ലേഖകൻ ചൂണ്ടിക്കാണിച്ചിരുന്നതു് ഓർക്കുമ്പോൾ, അതിലെ ഈ പ്രസ്താവനകളുടെ അതിയായ പ്രാധാന്യം മനസ്സിലാക്കാവുന്നതാണു്. ഈ പെരുമാൾ അറേബ്യയിലേക്കു പോയ എ. ഡി. 628-നുശേഷം ഒരെഴുപതു വർഷം കഴിയുന്നതിനുമുമ്പു് രചിച്ചതാണു് ചിലപ്പതികാരം. ചിലപ്പതികാര കർത്താവായ ഇളംങ്കോവടികൾ, അറേബ്യയിലേക്കുപോയ പെരുമാളായ പൽയാനൈച്ചെൽ കെഴുകുട്ടുവന്റെ മരുമകനും പിൻഗാമിയുമായ കളങ്കായ് കണ്ണിനാർ മുടിചേരലാത ന്റെ മരുമകനാണെന്ന സംഗതിയും ഇവിടെ സ്മരണീയമാണു്. അതിനാൽ കാലം കൊണ്ടും ബന്ധുത്വം കൊണ്ടും മക്കത്തുപോയ പെരുമാളിനു വളരെ അടുപ്പമുള്ള ഇളംങ്കോവടികളുടെ വാക്കുകൾ വിശ്വാസയോഗ്യമാണെന്നതിനു യാതൊരു സംശയവുമില്ല. പൽയാനൈച്ചെൽ കെഴുകുട്ടുവൻ അറേബ്യയിലേക്കു പോയി അവിടെ വച്ചു മരിച്ചതിനാൽ, അദ്ദേഹം ഇസ്ലാംമതം സ്വീകരിച്ചിരുന്നു എന്നു സിദ്ധാന്തിക്കുന്നു.

മൂഷികവംശത്തിലെ ഏതു രാജാവ്

മൂഷികവംശത്തിലെ ഏതുരാജാവാണു് മക്കത്തുപോയ പെരുമാൾ, അഥവാ പൽയാനൈച്ചെൽ കെഴുകുട്ടുവൻ എന്നു് ഇനി കണ്ടുപിടിക്കുവാൻ ശ്രമിക്കാം. ഇതിനായി ചിലപ്പതികാരത്തിന്റെ കാലത്തെ പറ്റിയുള്ള ലേഖനത്തിൽ ഈ രാജാക്കന്മാർക്കു് നൽകിയിരുന്ന ഉദ്ദേശവാഴ്ചകാലങ്ങൾ യഥാർത്ഥകാലങ്ങളിൽ നിന്നു കുറെയധികം കടന്നുപോയി എന്നു് പിന്നീടുള്ള ഗവേഷണങ്ങളിൽ നിന്നു കണ്ടുപിടിച്ചിട്ടുള്ളതിനാൽ ചുവടെ ചേർത്ത പട്ടികയിൽ ഇവർക്കു് ഇവരുടെ യഥാർത്ഥവാഴ്ചകാലങ്ങളോടു അടുത്തിരിക്കുന്ന ഉദ്ദേശവാഴ്ചകാലങ്ങളാണു് നൽകിയിരിക്കുന്നതു്. മക്കത്തുപോയ പെരുമാളുടെ വാഴ്ചകാലം അവസാനിച്ചതു് എ. ഡി. 628-ലാണെന്നുള്ളതിനെ പ്രധാനമായി ആസ്പദിച്ചാണു് ഈ കാലം ഇവർക്കു് നൽകിയിട്ടുള്ളതും:

കേരളോല്പത്തിയും മൂഷികവംശകാവ്യം

സംഘകാവ്യങ്ങളും

1. കേയപ്പെരുമാൾ 1. ഈശാനവർമ്മൻ I 528–548 എ. ഡി.

2. ചോഴപ്പെരുമാൾ 2. കുഞ്ചിവർമൻ 548–568

3. ഭൂതരായ പാണ്ടിപ്പെരുമാൾ 3. ഈശാനവർമ്മൻ II ഉതിയൻ ചേരലാതൻ 568–588

4. കേരളപെരുമാൾ ഇമയ 4. നൃപരാമൻ അഥവാ വരമ്പൻ നെടുംചേരലാതൻ ചന്ദ്രവർമൻ 588–608

5. ചെങ്ങൽ പാണ്ടിപെരുമാൾ പൽയാനൈച്ചെൽ കെഴുകുട്ടുവൻ 5. പാലകൻ I 608–628

6. ചോഴിയ പെരുമാൾ, കളങ്കായ് 6. വലിധരൻ 628–648 കണ്ണിനാർമുടിച്ചേരലാതൻ

7. കുലശേഖരപാണ്ടിപെരുമാൾ 7. വിക്രമവർമൻ അഥവാ ചെങ്കുട്ടുവൻ രാമവർമൻ വിക്രമാദിത്യൻ 648–668

8. പള്ളിച്ചാണപെരുമാൾ ആട്കോടു് പാടു് ചേരലാതൻ ഇളങ്കോവടികൾ 8. ജനമാനി 668–688

മുകളിൽ ചേർത്തിട്ടുള്ള പട്ടികയിൽ നിന്നു് മക്കത്തുപോയ ചേരമാൻ പെരുമാളായ പൽയാനൈച്ചെൽ കെഴുകുട്ടുവൻ കേരളോല്പത്തിയിലെ ചെങ്ങൽപാണ്ടിപെരുമാളും മൂഷികവംശ കാവ്യത്തിലെ പാലകൻ ഒന്നാമനും ആണെന്നു കാണാവുന്നതാണു്. പാലകൻ ഒന്നാമനെപ്പറ്റി മൂഷികവംശകാവ്യത്തിൽ പ്രസ്താവിച്ചിട്ടുള്ള വരികൾ ചുവടെ ചേർക്കുന്നു. പ്രബലനായ ഒരു രാജാവായിരുന്ന കുഞ്ചിവർമന്റെ മരണാനന്തരം അദ്ദേഹത്തിന്റെ പുത്രിയുടെ പുത്രനായ ഈശാനവർമൻ രണ്ടാമൻ രാജ്യഭാരമേറ്റു. രാജ്യഭൂഷ്ടനായി മൂഷികത്തിൽ വന്നു പാർത്തിരുന്ന ചേദി രാജാവിന്റെ പുത്രിയായ നന്ദിനിയെ ചേദിവർമൻ കല്യാണം കഴിച്ചു. അനന്തരം അദ്ദേഹം ആ ചേദി രാജാവിനു് അദ്ദേഹത്തിന്റെ നഷ്ടമായ രാജ്യം വീണ്ടെടുത്തുകൊടുക്കുകയും തന്റെ സോദരീ ഭർത്താവും കേരളരാജാവുമായ രഘുപതി ജയരാഗനെ തോൽപ്പിച്ചു കീഴടക്കുകയും ചെയ്തു. ചേദിരാജകുമാരിയായ തന്റെ രാജ്ഞി പ്രസവിക്കാതെയിരിക്കുന്നതുകണ്ട ഈശാനവർമൻ ഒരു ചോളരാജകുമാരിയെക്കൂടി വിവാഹം ചെയ്തു. ഈ രണ്ടാമത്തെ രാജ്ഞിയിൽ നൃപരാമൻ എന്നൊരു പുത്രൻ അദ്ദേഹത്തിനു ജനിച്ചു. തന്റെ വന്ധ്യത്വത്തെ കുറിച്ചു ദുഃഖിച്ചു് ദേവീഭജനം കഴിച്ചു നിവസിച്ചിരുന്ന ആദ്യത്തെ രാജ്ഞി ദേവിയുടെ കൃപയാൽ പിന്നീടു് പാലകൻ എന്നൊരു പുത്രനെയും ഒരു പുത്രിയെയും പ്രസവിച്ചു. പാലകന്റെ മാതാവു് ആ ബാലനെ തന്റെ പിതാവായ ചേദിരാജന്റെ അടുക്കലയച്ചു വളർത്തിവന്നു. ഈശാനവർമന്റെ മരണാനന്തരം നൃപരാമൻ രാജാവായി ഭവിച്ചു. പാലകൻ ജ്യേഷ്ഠനോടു കലഹിക്കാതെ പിതാമഹനോടുകൂടി ചേദിയിൽ പാർത്തു വന്നു. നൃപരാമൻ അഥവാ ചന്ദ്രവർമൻ പ്രസിദ്ധനായ ഒരു രാജാവായിരുന്നു. അദ്ദേഹം സന്താനശുന്യമായി മരിച്ചപ്പോൾ നാടുവാഴാൻ രാജാവില്ലാതായിത്തീർന്നു. എന്നാൽ ശത്രുക്കൾ മൂഷികം ആക്രമിച്ചു തുടങ്ങി. ഈ ദുരവസ്ഥ പരിഹരിക്കുവാനായി മന്ത്രിമാർ ചേദിയിലേക്കു ദൂതന്മാരെ അയച്ചു പാലകനെ വരുത്തി. പാലകൻ ശത്രുക്കളെയെല്ലാം തോൽപ്പിച്ചോടിച്ചു. അനന്തരം പാലകനെ മന്ത്രിമാർ മൂഷിക രാജാവായി അഭിഷേകം ചെയ്തു. പാലകന്റെ മരണാനന്തരം അദ്ദേഹത്തിന്റെ മരുമകനായ വലിധരൻ മൂഷികരാജാവായിത്തീർന്നു.

മൂഷികവംശകാവ്യത്തിന്റെ ഒടുവിലത്തെ ഭാഗം തിരുവിതാംകൂർ ആർക്കിയോളജിക്കൽ സീരീസിൽ പരേതനായ മി. ഗോപിനാഥറാവു പ്രസിദ്ധപ്പെടുത്തിയപ്പോൾ, നൃപരാമന്റെ പുത്രനാണു് ചന്ദ്രവർമനെന്നും, ചന്ദ്രവർമൻ മരിച്ചതിനുശേഷമാണു് പാലകൻ രാജാവായതെന്നും മൂഷികവംശകാവ്യത്തിലെ ശ്ലോകങ്ങളെ തെറ്റായി വ്യാഖ്യാനിച്ചു് അദ്ദേഹം അഭിപ്രായപ്പെടുകയുണ്ടായി. മൂഷികവംശകാവ്യത്തിലെ ഈ ഭാഗത്തിൽ ഒന്നുരണ്ടു ശ്ലോകങ്ങൾ നഷ്ടപ്പെട്ടുപോയിട്ടുണ്ടെങ്കിലും, നമുക്കു ലഭിച്ചിട്ടുള്ള ഭാഗത്തുനിന്നു് നൃപരാമന്റെ മറ്റൊരു പേർ മാത്രമാണു് ചന്ദ്രവർമനെന്നു് ഈ ലേഖകൻ വിചാരിക്കുന്നു.

തുളുനാട്ടിൽ നിന്നുള്ള തെളിവുകൾ

മക്കത്തുപോയ പെരുമാളെക്കുറിച്ചു് കൂടുതൽ വിവരങ്ങൾ ഗ്രഹിക്കുന്നതിനു് ഇനി തുളുനാട്ടിലെ ഐതിഹ്യങ്ങളിലേക്കു കടക്കാം. തുളുനാട്ടിലെ ഐതിഹ്യമനുസരിച്ചു് അവിടെ ഇദംപ്രഥമമായി അളിയസന്താനദായക്രമം, അഥവാ, മരുമക്കത്തായം ഏർപ്പെടുത്തിയതു് ഒരു ഭൂതലപാണ്ഡ്യനാകുന്നു. ഭൂതലപാണ്ഡ്യന്റെ കാലം വരെ മക്കത്തായമാണു് തുളുനാട്ടുകാർ അനുസരിച്ചു വന്നിരുന്നതു്. ഭൂതലപാണ്ഡ്യൻ, ദേവപാണ്ഡ്യൻ എന്ന ശക്തനും ധനികനുമായ ഒരു രാജാവിന്റെ മരുമകനും പിൻഗാമിയുമായിരുന്നു. കുറേ കപ്പലുകളെ പുതുതായി പണി കഴിപ്പിച്ചു് അവ നിറച്ചു് കച്ചവടചരക്കുകൾ കേറ്റി അവയെ കടലിൽ ഓടിക്കുവാൻ ദേവപാണ്ഡ്യൻ ഭാവിച്ചപ്പോൾ, ഭൂതനാഥനായ കുണ്ഡോദരൻ തനിക്കു് ഒരു നരബലി വേണമെന്നു് ആ രാജാവിനെ അറിയിച്ചു. തന്റെ പുത്രനെ ബലി കഴിക്കുവാൻ ദേവപാണ്ഡ്യന്റെ രാജ്ഞി അദ്ദേഹത്തെ അനുവദിച്ചില്ല. എന്നാൽ അദ്ദേഹത്തിന്റെ സഹോദരിയായ സത്യവതി തന്റെ പുത്രനായ ജയപാണ്ഡ്യനെ, അഥവാ, ഭൂതലപാണ്ഡ്യനെ കുണ്ഡോദരനു ബലി കഴിക്കുന്നതിനായി സഹോദരന്റെ പക്കൽ ഏൽപ്പിച്ചു. അപ്പോൾ തനിക്കു നരബലി ആവശ്യമില്ലെന്നു പറഞ്ഞു് കുണ്ഡോദരൻ ആ കപ്പലുകളെ വിദേശങ്ങളുമായി കച്ചവടം ചെയ്യുവാൻ പോകുന്നതിനു് അനുവദിച്ചു. അനന്തരം കുണ്ഡോദരൻ ആ ബാലനെ എടുത്തു് അവന്റെ പിതാവായ ജയന്തികരാജ്യത്തിലെ രാജാവിന്റെ പക്കൽ ഏൽപ്പിക്കുകയും ചെയ്തു. അന്നുപോയ കപ്പലുകൾ ചരക്കു വിറ്റു ധാരാളം പണവും കൊണ്ടു തിരിച്ചുവന്നപ്പോൾ, കുണ്ഡോദരൻ ദേവപാണ്ഡ്യനോടു വീണ്ടും നരബലി ആവശ്യപ്പെട്ടു. ഇത്തവണയും ദേവപാണ്ഡ്യന്റെ രാജ്ഞി തന്റെ പുത്രനെ നരബലിക്കു കൊടുത്തില്ല. നേരെ മറിച്ചു് സഹോദരി വീണ്ടും ഭൂതലപാണ്ഡ്യനെ നരബലിക്കായി സഹോദരനെ ഏൽപ്പിച്ചു. കുണ്ഡോദരൻ മുമ്പിലത്തെപോലെ വീണ്ടും നരബലി വേണ്ടെന്നു പറഞ്ഞതിനുശേഷം, ദേവപാണ്ഡ്യൻ തന്റെ അളവറ്റ ധനവും രാജ്യവും മരുമകനായ ഭൂതലപാണ്ഡ്യനു കൊടുത്തു. ഇങ്ങനെ തനിക്കു മാതുലനിൽ നിന്നു ലഭിച്ച രാജ്യമായ തുളുനാട്ടിൽ ഭൂതലപാണ്ഡ്യൻ അളിയസന്താനദായക്രമം ഏർപ്പെടുത്തുകയും ചെയ്തു. ഭൂതലപാണ്ഡ്യനു തുളുവൈതിഹ്യം നൽകുന്ന കാലമായ എ. ഡി. 78 വിശ്വാസയോഗ്യമല്ല. ഈ തുളുവൈതിഹ്യത്തിൽ പറഞ്ഞിരിക്കുന്ന ദേവപാണ്ഡ്യൻ മൂഷികവംശം കാവ്യത്തിലെ പാലകൻ ഒന്നാമനും, അഥവാ, മക്കത്തുപോയ ചെങ്ങൽപ്പാണ്ടി പെരുമാളും, ഇതിൽ പ്രസ്താവിച്ചിരിക്കുന്ന ഭൂതലപാണ്ഡ്യൻ മൂഷികവംശകാവ്യത്തിലെ വലിധരനും, കേരളോല്പത്തിയിലെ ചോഴപ്പെരുമാളും പതിറ്റിപത്തിലെ കളങ്കായ് കണ്ണിനാർ മുടിച്ചേരലാതനുമാണെന്നു വിചാരിക്കുവാൻ കാരണങ്ങളുണ്ടു്. കളങ്കായ് കണ്ണിനാർ മുടിചേരലാതൻ തുളുനാട്ടിലെ ദായക്രമം ഭേദപ്പെടുത്തിയെന്നു് പതിറ്റിപ്പത്തിലെ നാലാംപത്തിലെ ചുവടെ ചേർത്തിരിക്കുന്ന ഭാഗങ്ങൾ സൂചിപ്പിക്കുന്നുണ്ടു്:

“തുളുങ്കുകടി തിരുത്തിയ വലമ്പടു വെന്റിയും”

“വളന്തലൈ മയങ്കിയ പൈതിരിന്തിരുത്തിയ

കളങ്കായ് കണ്ണിനാർ മുടിച്ചേരൽ”.

മൂഷിക രാജാക്കന്മാർ വലിധരന്റെ അതായതു് കളങ്കായ്ക്കണ്ണിനാർ മുടിച്ചേരലാതന്റെ കാലംവരെ മക്കത്തായമാണു് അനുസരിച്ചുവന്നതെന്നും വലിധരനാണു് ഇദംപ്രഥമമായി മരുമക്കത്തായമനുസരിച്ചു് രാജാവായിത്തീർന്നതെന്നും മൂഷികവംശകാവ്യത്തിൽ നിന്നു മനസ്സിലാക്കാവുന്നതാണു്. പ്രസ്തുത തുളുവൈതിഹ്യത്തിൽ ഭൂതലപാണ്ഡ്യന്റെ പിതാവിന്റെ രാജ്യമായി പറഞ്ഞിട്ടുള്ള ജയന്തിക ചേന്ദമംഗലമാണെന്നാണു് ഈ ലേഖകന്റെ അഭിപ്രായം. അന്നത്തെ കേരളനാട്ടിലെ രാജാക്കന്മാർ ചേന്ദമംഗലത്തെ തലസ്ഥാനമാക്കി മൂഷിക, അഥവാ ചേരരാജാക്കന്മാരുടെ സാമന്തരായി കേരളനാടിനെ ഭരിച്ചു വന്നിരുന്നു എന്നു വിചാരിക്കേണ്ടിയിരിക്കുന്നു. എ. ഡി. 52-ൽ സെന്റ് തോമസ് കേരളത്തിൽ വന്നപ്പോൾ അദ്ദേഹം ക്രിസ്തുമതത്തിൽ ചേർത്ത കേരള രാജാവു് ഈ ചേന്ദമംഗലം അഥവാ വിലുവർവട്ടം രാജവംശത്തിലെ ഒരു രാജാവായിരുന്നു. ഈശാനവർമൻ രണ്ടാമന്റെ അഥവാ ഭൂതരായപാണ്ടിപ്പെരുമാളുടെ, അഥവാ, ഉതിയൻ ചേരലാതന്റെ കാലത്തു് അന്നത്തെ ചേന്ദമംഗലം, അഥവാ, കേരളരാജാവായ രഘുപതി ജയരാഗൻ തന്റെ സ്യാലനും മേൽക്കോയ്മയുമായ ഈശാനവർമനോടു പടവെട്ടിയതായി മൂഷിക വംശത്തിൽ വിവരിച്ചിട്ടുള്ളതു മുകളിൽ പ്രസ്താവിച്ചിട്ടുണ്ടല്ലോ. രഘുപതി ജയരാജന്റെ പുത്രനായ ഗോദവർമൻ അഥവാ കേരളകേതുവായിരിക്കും ഭൂതല പാണ്ഡ്യന്റെ പിതാവായി തുളുവൈതിഹ്യം പ്രസ്താവിക്കുന്ന ജയന്തിക രാജ്യത്തിലെ രാജാവു്.

മക്കത്തുപോയ പെരുമാളായ ദേവപാണ്ഡ്യന്റെ കച്ചവടസംരഭങ്ങളെപറ്റി പ്രസ്തുത തുളുവൈതിഹ്യത്തിൽ പറഞ്ഞിട്ടുള്ളതു് ഇവിടെ സ്മരണീയമാണു്. ഇന്ത്യയുടെ പശ്ചിമ ഉത്തരതീരങ്ങളും പേർഷ്യയും അറേബ്യയുമായി ഈ പെരുമാൾ കച്ചവടം നടത്തിയിരുന്നു എന്നും, തൻമൂലം അദ്ദേഹത്തിനു തന്റെ മതപരിവർത്തനത്തിനു മുമ്പുതന്നെ അറബികളുമായി അടുപ്പം ഉണ്ടായിരുന്നു എന്നും ഇതിൽ നിന്നു് അനുമാനിക്കാവുന്നതാണു്. ഭാരതത്തിന്റെ പശ്ചിമ തീരത്തെ കപ്പലുകൾ, പേർസ്യൻ ഉൾക്കടലിലെയും അറേബ്യയിലെ ദക്ഷിണ തീരങ്ങളിലെയും തുറമുഖങ്ങളുമായി കച്ചവടം നടത്തിയിരുന്നു എന്നു് എ. ഡി. രണ്ടാംശതാബ്ദത്തിൽ ജീവിച്ചിരുന്ന ടോളമി പ്രസ്താവിച്ചിട്ടുണ്ടു്. അതിനാൽ ദേവപാണ്ഡ്യന്റെ കാലമായ എ. ഡി. ഏഴാം ശതാബ്ദത്തിലും ഈ പതിവു് നിലനിന്നിരുന്നു എന്നു് അനുമാനിക്കാവുന്നതാണു്.

കേരളമാഹാത്മ്യത്തിലെ ഏതു രാജാവു്?

കേരളമാഹാത്മ്യത്തിൽ മക്കദേശത്തുപോയ നസംഗൻ എന്നൊരു രാജാവിനെപ്പറ്റി പറഞ്ഞിട്ടുണ്ടു്. ഈ നസംഗനും മക്കത്തുപോയ പെരുമാളും ഒന്നാണെന്നു വിചാരിക്കുവാൻ കാരണമുണ്ടു്. പടമലനായരെയും മക്കത്തുപോയ പെരുമാളെയും പറ്റി കേരളോല്പത്തി പറഞ്ഞിട്ടുള്ള കഥപോലെയുള്ള ഒരു കഥ ഒരു ക്രോഡനായകനെയും നസംഗനെയും പറ്റി കേരളമാഹാത്മ്യത്തിൽ പ്രസ്താവിച്ചിട്ടുണ്ടു്. സ്വർഗ്ഗത്തു പോകുവാനായി വിമാനം വന്നപ്പോൾ നസംഗൻ ചോദിച്ച ചോദ്യത്തിനു മറുപടിയായി ലവണസമുദ്രത്തിനു അക്കരെയുള്ള മക്കംദേശത്തു (അതായതു് അറബിക്കടലിനടുത്തുള്ള മക്കത്തു) പോയാൽ മോക്ഷം കിട്ടുമെന്നു് ക്രോഡനായകൻ പറയുന്നു. ഈ ഉപദേശമനുസരിച്ചു് നസംഗൻ മക്കദേശത്തുപോകുകയും ചെയ്യുന്നു. കൊഡകിനു (കൂർഗിനു്) ക്രോഡദേശം എന്നു പുരാണങ്ങളിൽ പേരു കാണുന്നതിനാൽ ക്രോഡനായകൻ കൊഡകിലെ നാടുവാഴിയായിരിക്കാം. കേരളോല്പത്തിയിലെ പടമലനായരായിരിക്കും കേരളമാഹാത്മ്യത്തിലെ ക്രോഡനായകൻ. പണ്ടു കൊഡകും കേരളത്തിന്റെ ഒരു ഭാഗമായിരുന്നുവെന്നു വിചാരിക്കുവാൻ ലക്ഷ്യങ്ങളുണ്ടു്. പിന്നെയും ഉദയൻ, അഥവാ, ഉദയശേഖരൻ എന്ന ലക്ഷ്മിപുരത്തെ (അതായതു് തളിപ്പറമ്പിലെ) ഒരു മൂഷികരാജാവിനു കുലശേഖരൻ എന്നൊരു മരുമകൻ ഉണ്ടായിരുന്നുവെന്നും ഉദയശേഖരന്റെ ഒരു സോദരിയായ ഭംഗി പ്രസവിച്ച പുത്രനു ജൻമനാൽ അംഗവൈകല്യം ഉണ്ടായിരുന്നതിനാൽ, അതിനുപകരം ദുർവാസാവിനു ഏഴിമലയിൽ പാർത്തിരുന്ന മാലി എന്ന ഒരു ബൗദ്ധസ്ത്രീയിൽ ജനിച്ച നസംഗൻ എന്നൊരു ബാലനെ മാറ്റിയെടുത്തു വളർത്തിവന്നു എന്നും കേരളമാഹാത്മ്യത്തിൽ കാണുന്നുണ്ടു്. ഉദയശേഖരന്റെ മരുമക്കളാണു് കുലശേഖരനും നസംഗനും എന്നതും നസംഗൻ ഒരു ബൗദ്ധസ്ത്രീയുടെ പുത്രനും ഭംഗിയുടെ ദത്തുപുത്രനുമാണെന്നുള്ളതും ശരിയല്ല. ഉദയശേഖരൻ ഉതിയൻ ചേരലാതൻ അഥവാ ഭൂതരായപാണ്ടിപ്പെരുമാൾ, അഥവാ ഈശാനവർമൻ ഒന്നാമൻ എന്ന ചേരരാജാവും കുലശേഖരൻ ഇദ്ദേഹത്തിനു ചോളാനവർമൻ രണ്ടാമൻ എന്ന ചേരരാജാവും കുലശേഖരൻ ഇദ്ദേഹത്തിനു ചോളവംശജയായ രാജ്ഞിയിലുണ്ടായ പുത്രനായ നൃപരാമനും, അഥവാ, ചന്ദ്രവർമനും നസംഗൻ ഈശ്വരവർമനു ചേദിവംശജയായ രാജ്ഞിയിൽ ജനിച്ച പുത്രനായ പാലകനുമാകുന്നു. നസംഗന്റെ യഥാർഥ പിതാവു് ദുർവാസാവാണന്നു കേരളമാഹാത്മ്യത്തിൽ പറഞ്ഞിട്ടുള്ളതുതന്നെ അദ്ദേഹവും പാലകനും ഒന്നാണെന്നു സൂചിപ്പിക്കുന്നുമുണ്ടു്. എന്തെന്നാൽ പാലകന്റെ മാതാവിന്റെ ഗോത്രവും ദുർവാസാവിന്റെ ഗോത്രവും ആത്രേയഗോത്രവുമാകുന്നു.

കൊടുങ്ങല്ലൂരിലെ മെതിയടിയും, വെള്ളവും തിരുവഞ്ചിക്കുളത്തെ പ്രതിമകളും

പെട്ടെന്നു തിരോധാനം ചെയ്ത ഒരു പെരുമാളുണ്ടായിരുന്നു എന്നു തന്റെ കാലത്തെ കേരളത്തിലെ ഹിന്ദുക്കളും മാപ്പിളമാരും ഒരുപോലെ വിശ്വസിച്ചുവരുന്നു എന്നും, എന്നാൽ അദ്ദേഹം സ്വർഗ്ഗത്തുപോയി എന്നാണ് ഈ ഹിന്ദുക്കൾ വിശ്വസിക്കുന്നതെന്നും, അദ്ദേഹത്തിന്റെ തിരിച്ചുവരവും പ്രതീക്ഷിച്ചു് ഇവർ കൊടുങ്ങല്ലൂരിൽ മെതിയടിയും വെള്ളവും തയാറാക്കിവച്ചിട്ടുണ്ടെന്നും, അദ്ദേഹത്തിന്റെ സ്മരണയ്ക്കായി അവർ ആണ്ടുതോറും ഒരു രാത്രിയിൽ വിളക്കുകൾ കത്തിച്ചുവച്ചു് ആഘോഷം നടത്താറുണ്ടെന്നും ഷെയ്ക്ക് സെയ്നുദ്ദീൻ തന്റെ തുഹ്ഫത്തുൽ മുജാഹിദീനിൽ പ്രസ്താവിച്ചിരിക്കുന്നു. ഇദ്ദേഹമാണു് മക്കത്തുപോയ പെരുമാളെന്നു് മാപ്പിളമാർ വിശ്വസിക്കുന്നുണ്ടെന്നും സെയ്നുദ്ദീൻ പറയുന്നുണ്ടു്. തിരവഞ്ചിക്കുളം ക്ഷേത്രത്തിൽ ഭാസ്കരരവിവർമന്റെയും അദ്ദേഹത്തിന്റെ ഗുരുവായ സുന്ദരമൂർത്തി നായനാരുടെയും പ്രതിമകൾ സ്ഥാപിച്ചിട്ടുള്ളതായും പറയുന്നുണ്ടല്ലോ. ശൈവൈതിഹ്യങ്ങളിൽ ഒരു ശൈവയോഗിയും സുന്ദരമൂർത്തിനായനാരുടെ ശിഷ്യനുമായ ചേരമാൻ പെരുമാൾ നായനാർക്കു് പെരുമാക്കോത എന്നു മറ്റൊരു പേരുള്ളതിനാൽ, അദ്ദേഹത്തിനു ഗോദവർമനെന്നല്ലാതെ, രവി എന്ന പേരിലവസാനിക്കുന്ന ഭാസ്കരരവി എന്ന പേരുണ്ടായിരുന്നിരിക്കാനിടയില്ലെന്നു മുൻലേഖനങ്ങളിൽ ഈ ലേഖകൻ ചൂണ്ടിക്കാണിച്ചിരുന്നല്ലോ. അതിനാൽ തിരുവഞ്ചിക്കുളം ക്ഷേത്രത്തിൽ സ്ഥാപിച്ചിട്ടുള്ള പ്രതിമകൾ എ. ഡി. എട്ടാം ശതാബ്ദത്തിന്റെ അന്ത്യത്തിൽ ജീവിച്ചിരുന്നതായി വിചാരിക്കാവുന്ന സുന്ദരമൂർത്തിയുടെയും, അദ്ദേഹത്തിന്റെ ശിഷ്യനും, ഗോദവർമനെന്നും ചേരമാൻ പെരുമാൾ നായനാരെന്നും പേരുണ്ടായിരുന്ന ഒരു പെരുമാളിന്റെയും പ്രതിമകളായിരിക്കുവാനേ ഇടയുള്ളു. എ. ഡി. ഏഴാം ശതാബ്ദത്തിൽ ഭാസ്കരരവിവർമൻ എന്ന ഒടുവിലത്തെ പെരുമാൾ നാടുവാണിരുന്നു എന്നു ചിലർ ചില ഐതിഹ്യങ്ങളെ അടിസ്ഥാനപ്പെടുത്തി വിശ്വസിച്ചുവരുന്നുണ്ടു്. എ. ഡി. 978 മുതൽക്കു് 1036 വരെ നാടുവാണിരുന്നവനും തോലന്റെ സമകാലീനനുമായ ഭാസ്കരരവിയല്ല ഈ ഭാസ്കരരവി. രണ്ടു ഭാസ്കരരവിവർമൻമാർ ഉണ്ടായിരുന്നു എന്നും ഇവരിൽ ഒന്നാമത്തെ ഭാസ്കരരവിവർമനാണു് മക്കത്തുപോയ പെരുമാളെന്നും രണ്ടാമത്തെ ഭാസ്കരരവിവർമൻ പത്താം ശതാബ്ദത്തിന്റെ അന്ത്യത്തിൽ നാടുവാണിരുന്നു എന്നും പേരിന്റെ ഐക്യം ഹേതുവാൽ കേരളോല്പത്തി കർത്താവു് രണ്ടു ഭാസ്കരരവിവർമമാരെയും കൂട്ടിക്കുഴച്ചു് വിവരിച്ചു എന്നും വിചാരിക്കേണ്ടിയിരിക്കുന്നു. കൊടുങ്ങല്ലൂരിൽ നിന്നു പെട്ടെന്നു തിരോധാനം ചെയ്തതായും അവിടെ മെതിയടിയും വെള്ളവും വച്ചിട്ടുള്ളതായുമുള്ള വിവരങ്ങൾ സെയ്നുദ്ദീൻ പ്രസ്താവിക്കുന്നതു് മക്കത്തു പോയ ഒന്നാമത്തെ ഭാസ്കരരവിവർമനെപ്പറ്റിയായിരിക്കുവാനേ ഇടയുള്ളൂ.

മുകളിൽ വിവരിച്ചിട്ടുള്ള സംഗതികളിൽ നിന്നു് മക്കത്തുപോയ പെരുമാളിന്റെ കഥ വെറും കെട്ടുകഥയല്ലെന്നും, അതു് യഥാർഥത്തിൽ നടന്ന ഒരു സംഭവമാണെന്നും വിചാരിക്കേണ്ടിയിരിക്കുന്നു. ഭാരതത്തിലെ രാജ്യങ്ങളിൽ വച്ചു് കേരളത്തിലാണു് ഇദംപ്രഥമമായി ഒരു ക്രിസ്ത്യാനിരാജാവും ഒരു മുസ്ലീംരാജാവും ഉണ്ടായതു് എന്നുള്ള സംഗതി പ്രാചീന കേരളീയരുടെ വിശാലമനസ്കതയ്ക്കും മതസഹിഷ്ണുതയ്ക്കും ഉത്തമസാക്ഷ്യം വഹിക്കുന്നുണ്ടു്.

കേസരിയുടെ ലഘുജീവചരിത്രം

Colophon

Title: Makkaththu Poya Cheraman Perumal (ml: മക്കത്തു പോയ ചേരമാൻ പെരുമാൾ).

Author(s): Kesari Balakrishna Pillai.

First publication details: Sayahna Foundation; Trivandrum, Kerala; 2021-01-03.

Deafult language: ml, Malayalam.

Keywords: Article, Kesari Balakrishna Pillai, Makkaththu Poya Cheraman Perumal, കേസരി ബാലകൃഷ്ണപിള്ള, മക്കത്തു പോയ ചേരമാൻ പെരുമാൾ, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: November 24, 2022.

Credits: The text of the original item is copyrighted to the author. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-NC-SA 4​.0). Commercial use of the content is prohibited. Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: Mohammed Splits the Moon, a painting by . The image is taken from Wikimedia Commons and is gratefully acknowledged.

Production history: Data entry: the author; Typesetter: JN Jamuna; Editor: PK Ashok; Encoding: JN Jamuna.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.