SFNസായാഹ്ന ഫൌണ്ടേഷൻ
സാ​ഹി​ത്യ​വാ​ര​ഫ​ലം
എം കൃ​ഷ്ണൻ നായർ
(കലാ​കൗ​മു​ദി വാരിക, 1983-11-27-ൽ പ്ര​സി​ദ്ധീ​ക​രി​ച്ച​തു്)

images/Hansen.jpg
ജി. എച്ച്. ഹാൻസൻ

തി​രു​വ​ന​ന്ത​പു​ര​ത്തെ മെ​ഡി​ക്കൽ കോ​ളേ​ജാ​ശു​പ​ത്രി​യി​ലെ ത്വ​കു് രോ​ഗ​വി​ഭാ​ഗ​ത്തിൽ ജോ​ലി​യു​ള്ള ഒരു ഡോ​ക്ട​റെ കാണാൻ ഞാൻ കു​റ​ച്ചു​കാ​ലം മുൻ​പു് പോ​യി​രു​ന്നു; എന്റെ മക​ന്റെ കൂ​ട്ടു​കാ​ര​നാ​യി​രു​ന്നു ഡോ​ക്ടർ. അദ്ദേ​ഹ​വു​മാ​യി സം​സാ​രി​ച്ചി​രു​ന്ന​പ്പോൾ സു​ന്ദ​രി​യായ ഒരു ചെ​റു​പ്പ​ക്കാ​രി മറ്റൊ​രു ത്വ​കു് രോ​ഗ​വി​ദ​ഗ്ദ്ധ​നെ കാണാൻ വന്നു. ആ യു​വ​തി​യു​ടെ തൊ​ലി​പ്പു​റം നോ​ക്കി​യി​ട്ടു് അദ്ദേ​ഹം എന്റെ മക​ന്റെ കൂ​ട്ടു​കാ​രൻ ഡോ​ക്ട​റെ അർ​ത്ഥ​വ​ത്താ​യി നോ​ക്കി. എന്നി​ട്ടു് ‘ഹാൻസൻ’ എന്നു് പതു​ക്കെ പറ​ഞ്ഞു. എനി​ക്കു് ഉടനെ കാ​ര്യം മന​സ്സി​ലാ​യി. കു​ഷ്ഠ​രോ​ഗ​മു​ണ്ടാ​ക്കു​ന്ന Mycobacterium leprae കണ്ടു​പി​ടി​ച്ച നോർ​വീ​ജി​യൻ ഡോ​ക്ട​റാ​ണു് ജി. എച്ച്. ഹാൻസൻ. അതു​കൊ​ണ്ടു് കു​ഷ്ഠ​രോ​ഗ​ത്തി​നു് ‘ഹാൻ​സൻ​സ് ഡി​സീ​സ്’ എന്നു പറ​യാ​റു​ണ്ടു്. ചെ​റു​പ്പ​ക്കാ​രി​ക്കു് കു​ഷ്ഠ​രോ​ഗ​മാ​ണെ​ന്നാ​ണു് ഡോ​ക്ടർ സഹ​പ്ര​വർ​ത്ത​ക​നെ അറി​യി​ച്ച​തു്. രോ​ഗി​ണി​ക്കു് അതൊ​ട്ടു മന​സ്സി​ലാ​യ​തു​മി​ല്ല. രോ​ഗി​യു​ടെ കവിളോ രോ​ഗി​ണി​യു​ടെ ഗർ​ഭാ​ശ​യ​മോ നോ​ക്കി​യ​തി​നു ശേഷം ഡോ​ക്ടർ ‘നി​യോ​പ്ലാ​സം’ എന്നു് അടു​ത്തു നിൽ​ക്കു​ന്ന ഡോ​ക്ട​റോ​ടു് പറ​ഞ്ഞാൽ അതു് ‘കാൻ​സ​റാ’ണെ​ന്നു് അദ്ദേ​ഹം മാ​ത്ര​മേ അറിയൂ. രോ​ഗി​യും രോ​ഗി​ണി​യും മന​സ്സി​ലാ​ക്കി​ല്ല. “ഫി​ലി​പ്പീൻ​സി​ലെ ഭര​ണാ​ധി​കാ​രി​യാ​രു്? അല്ലെ​ങ്കിൽ ഇസ്ര​യേ​ലി​ലെ പ്ര​ധാ​ന​മ​ന്ത്രി ഇപ്പോ​ഴും ബഗിൻ തന്നെ​യോ?” എന്നു് ഡോ​ക്ട​റോ​ടു് ചോ​ദി​ച്ചാൽ അദ്ദേ​ഹം കൈ​മ​ലർ​ത്തി​യെ​ന്നു​വ​രും. എന്നാൽ രോ​ഗി​യെ നോ​ക്കി​യി​ട്ടു് “ഹി ഇസ് സഫ​റി​ങ് ഫ്രം മെ​തി​മ​ഗ്ലോ​ബി​നീ​മിയ” (Methemoglobinemia) എന്നു ‘കാ​ച്ചി​ക്ക​ള​യും.’ ഒരി​ക്കൽ ഇതു കേ​ട്ട​താ​ണു് ഞാൻ. കേ​ട്ട​പാ​ടെ ‘പൈ ആൻഡ് കമ്പ​നി’യി​ലേ​ക്കു് ഓടി, മെ​ഡി​ക്കൽ ഡി​ക്ഷ്ണ​റി നോ​ക്കാൻ (വീ​ട്ടിൽ അതി​ല്ല). നോ​ക്കി. മെ​തി​മ​ഗ്ലോ​ബിൻ എന്നു​പ​റ​ഞ്ഞാൽ ഓക്സി​ജ​നും ഹീ​മോ​ഗ്ലോ​ബി​നും (ശ്വേ​താ​ണു) ചേർ​ന്നു് ചാ​ര​നി​റ​മാർ​ന്നു് രക്ത​ത്തി​ലു​ണ്ടാ​കു​ന്ന ഒരു പദാർ​ത്ഥം. ചില മരു​ന്നു​കൾ കഴി​ച്ചാൽ ഇതു​ണ്ടാ​കു​മെ​ന്നു വൈ​ദ്യ​മ​തം. ഇതു് രക്ത​ത്തിൽ വരു​മ്പോ​ഴാ​ണു് മെ​തി​മ​ഗ്ലോ​ബി​നീ​മിയ എന്ന രോ​ഗ​മു​ണ്ടാ​കു​ന്ന​തു്. “അതു് അങ്ങ് എങ്ങ​നെ കണ്ടു​പി​ടി​ച്ചു ഡോ​ക്ടർ?” എന്നു വി​ന​യ​ത്തോ​ടെ നമ്മൾ ചോ​ദി​ച്ചാൽ “ഹി ഹാസ് സയാ​നോ​സി​സ്” എന്നു പറയും. വീ​ണ്ടും പൈ ആൻഡ് കമ്പ​നി​യി​ലേ​ക്കു് ഓടും. തൊ​ലി​ക്കും കണ്ണി​നു​മു​ണ്ടാ​കു​ന്ന നീ​ല​നി​റം സയാ​നോ​സി​സ്, ശരി.

ചി​ല​പ്പോൾ മെ​ഡി​ക്കൽ കോ​ളേ​ജി​ലെ വി​ദ്യാർ​ത്ഥി​കൾ എന്റെ വീ​ട്ടിൽ വരാ​റു​ണ്ടു്. ഒരി​ക്കൽ മൂ​ന്നു് എം. ബി. ബി. എസ്. വി​ദ്യാർ​ത്ഥി​ക​ളോ​ടു് ഞാനും പറ​ഞ്ഞു: ഹി ഈസ് സഫ​റി​ങ് ഫ്രം കോ​ക്ക്സി​ഡി​യി​ഓ​യ്ഡോ​മൈ​ക്കോ​സി​സ്—Coccidioidomycosis. അതു​കേ​ട്ടു് മൂ​ന്നു പേ​രു​ടെ​യും കണ്ണു തള്ളി​പ്പോ​യി. അവരും മെ​ഡി​ക്കൽ കോ​ളേ​ജ് ലൈ​ബ്ര​റി​യി​ലേ​ക്കു് ഓടി​യി​രി​ക്കും. ഈ ഡോ​ക്ടർ​മാ​രെ​പ്പോ​ലെ​യാ​ണു് നവീന നി​രൂ​പ​കർ. “വ്യ​ക്തി​നി​ഷ്ഠ​മായ കലാ​ത്മ​ക​ബോ​ധ​ത്തി​ന്റെ രൂപം ഉരു​ത്തി​രി​ഞ്ഞു​വ​രാൻ വേ​ണ്ടി അസ്തി​ത്വ​വാ​ദ​പ​ര​ങ്ങ​ളായ ആവി​ഷ്കാ​ര​ങ്ങ​ളെ കേ​ന്ദ്രീ​കൃത പരി​പ്രേ​ക്ഷ്യ​ത്തി​ലേ​ക്കു് കൂ​ട്ടി​യി​ണ​ക്കി പദ​ങ്ങ​ളി​ലൂ​ടെ പു​നർ​ജ്ജ​നി​പ്പി​ക്കു​ന്ന പ്ര​ക്രി​യാ​വൈ​ദ​ഗ്ദ്ധ്യ​മാ​ണു് ‘മയ്യ​ഴി​പ്പു​ഴ​യു​ടെ തീ​ര​ങ്ങ’ളിൽ കാ​ണു​ന്ന​തു്.” എങ്ങ​നെ​യി​രി​ക്കു​ന്നു ഈ കോ​ക്ക്സി​ഡി​യി​ഓ​യ്ഡോ​മൈ​ക്കോ​സി​സ്?

ഭാ​വി​ചി​ന്ത
images/Eddington.jpg
എഡി​ങ്ടൺ

കോ​ക്ക്സി​ഡി​യി​ഓ​യ്ഡോ​മൈ​ക്കോ​സി​സ് എന്നു പറ​ഞ്ഞാൽ ശ്വാ​സ​കോ​ശ​ത്തി​ലും തൊ​ലി​പ്പു​റ​ത്തും ഉണ്ടാ​കു​ന്ന രോഗം. കഫം കൂ​ടു​ത​ലു​ണ്ടാ​കും; ചെറിയ മു​ഴ​ക​ളും. കെ. പി. ശൈ​ല​ജ​യ്ക്കാ​ണു് ‘ഗൃ​ഹ​ല​ക്ഷ്മി ചെ​റു​ക​ഥാ​മ​ത്സര’ത്തിൽ ഒന്നാം സമ്മാ​നം കി​ട്ടി​യ​തു്. അവ​രു​ടെ ‘സ്വർ​ണ്ണ​പ്പ​ക്ഷി​യു​ടെ തൂവൽ’ എന്ന അക്കഥ ഗൃ​ഹ​ല​ക്ഷ്മി​യു​ടെ അഞ്ചാം ലക്ക​ത്തിൽ വാ​യി​ക്കാം. പരി​ഷ്കൃ​ത​ജീ​വി​തം നയി​ക്കു​ന്ന അനി​യ​ത്തി​യു​ടെ​യും ലളി​ത​ജീ​വി​തം നയി​ക്കു​ന്ന ഏട​ത്തി​യു​ടെ​യും ചി​ത്ര​ങ്ങൾ വര​ച്ചു് ഏട​ത്തി​യു​ടെ ജീ​വി​തം ധന്യ​മാ​ണു് എന്നു ധ്വ​നി​പ്പി​ക്കു​ന്ന കഥ. വി​ര​സ​മായ നാ​ഗ​രി​ക​ജീ​വി​ത​ത്തിൽ ആധ്യാ​ത്മ​ക​ത​യു​ടെ സ്വർ​ണ്ണ​ത്തൂ​വൽ കി​ട്ടി​യെ​ങ്കിൽ എന്നു് അനി​യ​ത്തി​യു​ടെ ആഗ്ര​ഹം. ഇതു വാ​യി​ച്ച​പ്പോൾ കോൾ​റി​ജ്ജി​ന്റെ ഒരു വാ​ക്യം എന്റെ ഓർ​മ്മ​യി​ലെ​ത്തി. ആശ​യ​മെ​ന്നാൽ ഭാ​വി​ചി​ന്ത​യെ ഉൾ​ക്കൊ​ള്ളു​ന്ന​തു് എന്നർ​ത്ഥം. സ്മൃ​ത​പ്രാ​യ​മായ വാ​ക്യ​ത്തിൽ—എപ്പി​ഗ്രാ​മിൽ—ഭൂ​ത​കാ​ല​ചി​ന്ത​യേ​യു​ള്ളൂ. ഭാ​വി​ചി​ന്ത ഉൾ​ക്കൊ​ള്ളു​ന്ന ആശ​യ​ത്തെ പ്ര​തി​പാ​ദി​ക്കു​ന്നു ശൈലജ. അത്ര​യും നന്നു്. എന്നാൽ ശ്രീ​മ​തി​യു​ടെ കഥ​യ്ക്കു് സാം​ഗോ​പാം​ഗ​ത്വ​മി​ല്ല. അം​ഗ​ങ്ങ​ളും ഉപാം​ഗ​ങ്ങ​ളും ചേർ​ന്നു ജനി​ക്കു​ന്ന ചാ​രു​ത​യി​ല്ല. ഒരാ​ശ​യ​ത്തിൽ നി​ന്നു് മറ്റൊ​രാ​ശ​യ​ത്തി​ലേ​ക്കു് ഹനു​മാ​ഞ്ചാ​ട്ടം ചാ​ടു​ന്നു കഥ​യെ​ഴു​ത്തു​കാ​രി. എന്നാൽ ലങ്ക​യി​ലൊ​ട്ടു ചെ​ല്ലു​ന്നു​മി​ല്ല. ആധ്യാ​ത്മി​ക​ത​യു​ടെ പ്ര​തി​രൂ​പ​മാ​യി കഥയിൽ നി​വേ​ശി​പ്പി​ച്ചി​രി​ക്കു​ന്ന ‘സ്വർ​ണ്ണ​പ്പ​ക്ഷി​യു​ടെ തൂവൽ’ അതി​ന്റെ (കഥ​യു​ടെ) ഒര​വി​ഭാ​ജ്യ​ഘ​ട​ക​മാ​യി ഭവി​ക്കു​ന്നി​ല്ല. ‘ഒരു അമെ​ച്ച ്വ​റി​ഷ്’ കഥ.

കലാ​ജ​ന്യ​മായ ആഹ്ലാ​ദം

‘അമെ​ച്ച ്വ​റി​ഷ്’ എന്നു മു​ക​ളി​ലെ​ഴു​തി​യ​തു് ‘അവി​ദ​ഗ്ദ്ധം’ എന്ന അർ​ത്ഥ​ത്തി​ലാ​ണു്. എന്നാൽ അമെ​ച്ച ്വർ (അമെ​റ്റ്യുർ എന്നും ഉച്ചാ​ര​ണം) എന്ന നാ​മ​ത്തി​നു് ധന​പ​ര​മായ ലക്ഷ്യം കൂ​ടാ​തെ വെറും ആഹ്ലാ​ദ​ത്തി​നു വേ​ണ്ടി കല​യി​ലും വി​നോ​ദ​ത്തി​ലും വ്യാ​പ​രി​ക്കു​ന്ന ആൾ എന്ന നല്ല അർ​ത്ഥ​വു​മു​ണ്ടു്. ഗൃ​ഹ​ല​ക്ഷ്മി​യിൽ ‘മു​ത്തു് അടർ​ന്ന ചി​പ്പി’ എന്ന കാ​വ്യ​മെ​ഴു​തിയ ശ്രീ​മ​തി സരു ധന്വ​ന്ത​രി കവി​ത​യു​ടെ ലോ​ക​ത്തു് അമെ​ച്ച ്വ​റാ​യി​രി​ക്കാം. എന്നാൽ കവി​ത​യെ സം​ബ​ന്ധി​ച്ചു് കൃ​ത​ഹ​സ്ത​ത​യു​ള്ള സ്ത്രീ​യാ​ണു്. കു​ഞ്ഞി​ന്റെ മര​ണ​ത്തിൽ ഖേ​ദി​ക്കു​ന്ന അമ്മ​യു​ടെ തീ​വ്ര​വേ​ദ​ന​യെ ആവി​ഷ്ക​രി​ക്കു​ന്ന ഈ കാ​വ്യം എന്റെ ഹൃ​ദ​യ​ത്തെ ചലി​പ്പി​ക്കു​ക​യും മന​സ്സി​നെ ദ്ര​വി​പ്പി​ക്കു​ക​യും നയ​ന​ങ്ങ​ളെ ആർ​ദ്ര​മാ​ക്കു​ക​യും ചെ​യ്തു.

“ഈറൻ മി​ഴി​യാൽ മനസ്സിന്നകത്തള-​

മാകെ ഞാൻ വീ​ണ്ടും തി​ര​ഞ്ഞി​ടു​മ്പോൾ

കണ്മ​ണി​പൊ​ട്ടി​ച്ചെ​റി​ഞ്ഞ തരിവള-​

ച്ചി​ല്ലു​കൾ വെ​ട്ടി​ത്തി​ള​ങ്ങി​ടു​ന്നൂ.

എൻമകൾ പാ​ടി​യു​റ​ക്കിയ പാവക-

ളി​ന്നും മയ​ങ്ങി​ക്കി​ട​ന്നി​ടു​ന്നു.

പൂ​ക്ക​ളും മണ്ണു​മി​ല​ക​ളും കൊ​ണ്ട​വൾ

തീർ​ത്ത കൊ​ട്ടാ​രം തകർ​ന്നു​പോ​യി,

വീ​ണൊ​രീ കൊട്ടാരവാതിലിൽനിന്നുഞാ-​

നോ​മ​നേ​യൊ​ന്നു​ക​ര​ഞ്ഞി​ട​ട്ടേ.”

ഈ അമ്മ​യോ​ടൊ​പ്പം ഇതെ​ഴു​തു​ന്ന ആളും കര​യു​ന്നു. പക്ഷേ, എന്റെ മി​ഴി​നീർ കലാ​ജ​ന്യ​മായ ആഹ്ലാ​ദ​ത്തി​ന്റെ​താ​ണു്.

അസു​ല​ഭ​മായ അനു​ഭ​വം

ആഹ്ലാ​ദം രണ്ടു തര​ത്തി​ലാ​ണു്. മസ്തി​ഷ്ക​ത്തി​നു കി​ട്ടു​ന്ന ആഹ്ലാ​ദ​വും ഹൃ​ദ​യ​ത്തി​നു കി​ട്ടു​ന്ന ആഹ്ലാ​ദ​വും. രണ്ടാ​മ​ത്തെ​തി​നു് ഉത്കൃ​ഷ്ടത കൂടും. നവീന കലാ​സൃ​ഷ്ടി​ക​ളിൽ ഉത്കൃ​ഷ്ട​ങ്ങ​ളാ​യവ പലതും മസ്തി​ഷ്ക​ത്തി​നു് ആഹ്ലാ​ദ​മ​രു​ളു​ന്ന​വ​യാ​ണു്. അവയിൽ ഒരു നോ​വ​ലാ​ണു് റസ്സൽ മക്കോർ​മി​ക് (Russell McCormmach) എഴു​തിയ Night Thoughts of A Classical Physicist എന്ന​തു് (കിങ് പെൻ​ഗ്വിൻ പ്ര​സാ​ധ​നം). ഇതി​ന്റെ ഉജ്ജ്വ​ലത അന്യാ​ദൃ​ശ​മാ​ണു്. ക്ലാ​സ്സി​ക്കൽ ഫി​സി​ക്സി​ന്റെ ഉദ്ഘോ​ഷ​ക​നും ആരാ​ധ​ക​നു​മാ​ണു് കല്പിത കഥാ​പാ​ത്ര​മായ വി​ക്തോർ യാ​ക്കോ​ബ്. ക്ലാ​സ്സി​ക്കൽ ഫി​സി​ക്സ് ഒരു സത്യ​ത്തെ മാ​ത്ര​മേ അം​ഗീ​ക​രി​ച്ചു​ള്ളൂ. ആ സത്യം ഭൗ​തി​ക​മാ​ണു്. വസ്തു​നി​ഷ്ഠ​മാ​ണു്. യന്ത്ര​മാ​യി പ്ര​പ​ഞ്ച​ത്തെ വീ​ക്ഷി​ക്കാ​നാ​യി​രു​ന്നു ക്ലാ​സ്സി​ക്കൽ ശാ​സ്ത്ര​ജ്ഞ​മാ​രു​ടെ കൗ​തു​കം. എന്നാൽ നവീ​ന​ഭൗ​തി​ക​ശാ​സ്ത്രം ഈ സങ്ക​ല്പ​ങ്ങ​ളെ തകിടം മറി​ച്ചു. The Nature of the Physical world എന്ന ഗ്ര​ന്ഥ​ത്തിൽ എഡി​ങ്ടൺ എഴുതി: “Physical science has limited it’s scope so as to leave a back ground which we are at liberty to, or even invited to fill with a reality of spiritual import”. നവീ​ന​ഭൗ​തി​ക​ശാ​സ്ത്രം തെ​ന്നി​മാ​റു​ന്ന സത്യ​ത്തി​ലേ​ക്കു് കൈ​ചൂ​ണ്ടി​യ​പ്പോൾ ക്ലാ​സ്സി​ക്കൽ ഫി​സി​സ്റ്റു​കൾ ഭയ​ന്നു. ആ രീ​തി​യിൽ ഭയ​ന്നു തകർ​ന്ന​ടി​യു​ന്ന കഥാ​പാ​ത്ര​മാ​ണു് മക്കോർ​മി​ക്കി​ന്റെ യാ​ക്കോ​ബ്. മാ​ക്സ് പ്ലാ​ങ്കി​ന്റെ​യും ഐൻ​സ്റ്റൈ​ന്റെ​യും സി​ദ്ധാ​ന്ത​ങ്ങൾ കണ്ടു് അയാൾ അമ്പ​ര​ന്നു. വർഷം 1918. സ്ഥലം ഒരു ജർ​മ്മൻ നഗരം. ഒന്നാം ലോ​ക​മ​ഹാ​യു​ദ്ധ​ത്തിൽ ജർ​മ്മ​നി തകർ​ന്ന​തു പോലെ യാ​ക്കോ​ബും തകർ​ന്നു. യാ​ക്കോ​ബി​ന്റെ ഈ ദു​ര​ന്ത​ത്തി​നു് എല്ലാ മണ്ഡ​ല​ങ്ങ​ളി​ലും സാം​ഗ​ത്യ​മു​ണ്ടു്. ഉൽ​പ​തി​ഷ്ണു​ത്വ​ത്തി​ന്റെ അടി​യേ​റ്റു് അസ​ത്യാ​ത്മ​ക​മായ യാ​ഥാ​സ്ഥി​തി​ക​ത്വം നിലം പതി​ക്കു​ന്നു എന്ന മട്ടി​ലു​ള്ള സാം​ഗ​ത്യ​മാ​ണു് ഞാൻ ഉദ്ദേ​ശി​ക്കു​ന്ന​തു്. ഈ ഗ്ര​ന്ഥ​ത്തി​ന്റെ പാ​രാ​യ​ണം ഒര​സു​ല​ഭാ​നു​ഭ​വ​മാ​ണു്.

മാ​റ്റം വരാ​ത്ത കഥകൾ

അസു​ല​ഭ​ങ്ങ​ളായ അനു​ഭ​വ​ങ്ങ​ളിൽ ഒന്നാ​ണു് കു​ട്ടി​ക്കാ​ല​ത്തെ ഫോ​ട്ടോ കാ​ണു​ന്ന​തു്. ഇതെ​ഴു​തു​ന്ന ആളി​നു് അഞ്ചു​വ​യ​സ്സാ​യി​രു​ന്ന കാ​ല​ത്തു് എടു​ത്ത ഫോ​ട്ടോ ഇപ്പോ​ഴു​മു​ണ്ടു്. ഒരു കേ​ടു​മി​ല്ലാ​തെ. ‘രാമൻ പിള്ള സ്റ്റു​ഡി​യോ’ എന്നു് റബ്ബർ സ്റ്റാ​മ്പു​കൊ​ണ്ട​ടി​ച്ച രേ​ഖ​യും ഫോ​ട്ടോ​യു​ടെ താഴെ കാണാം. എന്നാൽ കഴി​ഞ്ഞ വർഷം എടു​ത്ത ഒരു ഫോ​ട്ടോ കു​ട്ടി​യു​ടെ രൂ​പ​മ​റി​യാൻ വയ്യാ​ത്ത മട്ടിൽ ആയി​പ്പോ​യി​രി​ക്കു​ന്നു. ആറു കൊ​ല്ലം മുൻ​പു് അച്ച​ടി​ച്ച പു​സ്ത​ക​ങ്ങൾ ഒരു കു​ഴ​പ്പ​വു​മി​ല്ലാ​തെ ഇരി​ക്കു​ന്നു. കഴി​ഞ്ഞ വർഷം വാ​ങ്ങിയ പെൻ​ഗ്വിൻ ബു​ക്കു​ക​ളു​ടെ കട​ലാ​സ്സു് പൊ​ടി​ഞ്ഞു പോയി. കട​ലാ​സ്സിൽ wood fiber കൂ​ടി​യി​രു​ന്നാൽ അതു് ദീർ​ഘ​കാ​ല​മി​രി​ക്കും. മു​ദ്ര​പ്പ​ത്ര​ങ്ങ​ളിൽ wood fiber എഴു​പ​ത്ത​ഞ്ചു ശത​മാ​ന​മെ​ങ്കി​ലും കാണും. അതു​കൊ​ണ്ടാ​ണു് അവ വള​രെ​ക്കാ​ല​മി​രി​ക്കു​ന്ന​തു്. പണ്ടൊ​ക്കെ ചെ​രി​പ്പു വാ​ങ്ങി​യാൽ വള​രെ​ക്കാ​ലം ഇടാം. ഇന്നു് കഷ്ടി​ച്ചു് രണ്ടു മാസം.

images/Classical_Physicist.jpg

ചെ​റു​ക​ഥ​ക​ളും ഇതു​പോ​ലെ​യാ​ണു്. മലബാർ സു​കു​മാ​ര​ന്റെ ‘ആരാ​ന്റെ കു​ട്ടി​യും’, ‘കൂ​നേ​യു​ടെ ചി​കി​ത്സ​യും’ (പേരു് ഇതു​ത​ന്നെ​യോ എന്തോ) ‘ജഡ്ജി​യു​ടെ കോ​ട്ടും’ ഒരു കേ​ടു​പാ​ടു​മി​ല്ലാ​തെ ജീ​വി​ച്ചി​രി​ക്കു​ന്നു. ഇന്ന​ല​ത്തെ പ്ര​ശ​സ്ത​നായ കഥാ​കാ​ര​ന്റെ കഥ ഇന്നി​ല്ല. ആഴ്ച​പ്പ​തി​പ്പു​ക​ളു​ടെ ജീ​വി​ത​കാ​ലം ഒരാ​ഴ്ച​യാ​ണു്. അതു​കൊ​ണ്ടു് അവയിൽ അച്ച​ടി​ച്ചു വരു​ന്ന കഥ​ക​ളും ഒരാ​ഴ്ച​യെ​ങ്കി​ലും ജീ​വി​ക്ക​ണം. അതു​ണ്ടാ​കു​ന്നി​ല്ല. വാ​യ​ന​ക്കാ​രൻ വാ​യി​ച്ചു കഴി​ഞ്ഞാ​ലു​ടൻ അവ മരി​ക്കു​ന്നു. കു​ങ്കു​മം വാ​രി​ക​യിൽ (ലക്കം 10) വസു​മ​തി എഴു​തിയ ‘വി​വാ​ഹ​സ​മ്മാ​നം’ എന്ന കഥ എന്നെ​സ്സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം ഏതാ​നും നി​മി​ഷ​ങ്ങൾ​കൊ​ണ്ടു് മരി​ച്ചു​പോ​യി. സ്നേ​ഹി​ച്ചി​രു​ന്ന സ്ത്രീ മറ്റൊ​രു​വ​ന്റെ​താ​യി​ത്തീ​രു​മ്പോൾ പു​രു​ഷൻ ദുഃഖം മറ​ക്കാൻ വേ​ണ്ടി കു​ടി​ക്കു​ന്ന​താ​ണു് ഇതിലെ കഥ. കേ​ന്ദ്ര​സ്ഥി​ത​മാ​യി​രി​ക്കേ​ണ്ട ഈ വി​ഷ​യ​ത്തോ​ടു ബന്ധ​മി​ല്ലാ​ത്ത പലതും പറ​ഞ്ഞു് “കൊ​ച്ചു​വർ​ത്ത​മാ​ന​ക്കാ​രി”യായി പ്ര​ത്യ​ക്ഷ​യാ​കു​ന്നു കഥ​യെ​ഴു​ത്തു​കാ​രി. ഫൗ​ണ്ടൻ പെൻ നല്ല​താ​ണെ​ങ്കിൽ ശതാ​ബ്ദ​ങ്ങ​ളോ​ള​മി​രി​ക്കും. ഞാൻ ഈ ലേ​ഖ​ന​മെ​ഴു​താൻ ഉപ​യോ​ഗി​ക്കു​ന്ന പേന എന്റെ കൈയിൽ കി​ട്ടി​യി​ട്ടു് അമ്പ​തു വർ​ഷ​ത്തി​ല​ധി​ക​മാ​യി. ഇതു കൊ​ണ്ടെ​ഴു​തി​യാ​ണു് ഞാൻ ഫോർത് ഫോമിൽ കണ​ക്കു പരീ​ക്ഷ​യ്ക്കു തോ​റ്റ​തു്. എം. എ. പരീ​ക്ഷ​യ്ക്കു് ഒന്നാം ക്ലാ​സ്സിൽ ജയി​ക്കാൻ എന്നെ സഹാ​യി​ച്ച​തും ഈ പേന തന്നെ. വസു​മ​തി ഒരേ പേന ഉപ​യോ​ഗി​ച്ചാ​ലും പേന കൂ​ട​ക്കൂ​ടെ മാ​റി​യാ​ലും കഥ​കൾ​ക്കു് മാ​റ്റം വരി​ല്ല.

മാ​റ്റം വരാ​ത്ത​തു് കഥ​കൾ​ക്കു മാ​ത്ര​മ​ല്ല. ഒരു​ദാ​ഹ​ര​ണം മാ​ത്രം നൽകാം. ഓഫീ​സിൽ ജോ​ലി​യു​ള്ള രണ്ടു കൂ​ട്ടു​കാ​രി​കൾ ബസ്സിൽ കയറി. ഒരാൾ നോ​ട്ടെ​ടു​ത്തു് കൈയിൽ വച്ചി​രി​ക്കു​ന്നു. മറ്റേ​യാൾ​ക്കു് ബാഗിൽ നി​ന്നു് പണ​മെ​ടു​ത്തേ പറ്റൂ. ഓടി​ക്കൊ​ണ്ടി​രി​ക്കു​ന്ന ബസ്സിൽ നി​ന്നു കൊ​ണ്ടു് അതെ​ടു​ക്കാൻ വയ്യ. “എന്റെ ടി​ക്ക​റ്റും കൂടി വാ​ങ്ങി​ച്ചേ​ക്കൂ” എന്നു മൊ​ഴി​യാ​ടു​ന്നു. വാ​ങ്ങി​ച്ചു. രണ്ടു​പേർ​ക്കും ഇറ​ങ്ങേ​ണ്ട സ്ഥലം ഒന്നു തന്നെ. ഇറ​ങ്ങി. മറ്റേ സ്ത്രീ ബാഗ് തു​റ​ന്നു് നാ​ല്പ​തു പൈസ എടു​ത്തു് കൊ​ടു​ത്തു അതു​വാ​ങ്ങാൻ തയ്യാ​റാ​യി നിന്ന സ്ത്രീ​യ്ക്കു്. അവരതു വേഗം വാ​ങ്ങി ‘പോ​ട്ടെ’ എന്നു പറ​ഞ്ഞു് നട​ന്നു. കൂ​ട്ടു​കാ​രി​ക്കു വേ​ണ്ടി ചെ​ല​വാ​ക്കിയ തു​ച്ഛ​മായ തുക തി​രി​ച്ചു വാ​ങ്ങാ​ത്ത ഒരു സ്ത്രീ​യും ഇന്നേ​വ​രെ ഉണ്ടാ​യി​ട്ടി​ല്ല; ഇനി ഉണ്ടാ​കു​ക​യു​മി​ല്ല.

കന്യ​കാ​ത്വം. വേ​ശ്യാ​ത്വം

ഗ്രീ​ക്ക് രതി​ദേ​വ​ത​യായ അഫ്രൊ​ഡൈ​റ്റി​യെ​ക്കു​റി​ച്ചു് രണ്ടു കഥ​ക​ളു​ണ്ടു്. ഒന്നു് ഗ്രീ​ക്കു കവി ഹോമർ പറ​ഞ്ഞ​തു്. രണ്ടു് ഗ്രീ​ക്കു കവി ഹീ​സി​യ​ഡ് (Hesiod) പറ​ഞ്ഞ​തു്. ഹീ​സി​യ​ഡ് രേ​ഖ​പ്പെ​ടു​ത്തിയ കഥ ചു​രു​ക്കി​യെ​ഴു​താം. സ്വർ​ഗ്ഗം ഭർ​ത്താ​വു്; ഭൂമി ഭാര്യ. അവ​രു​ടെ മകൻ ക്രോ​ണ​സ്. സ്വർ​ഗ്ഗ​വും ഭൂ​മി​യും രതി​ക്രീ​ഡ​യിൽ ഏർ​പ്പെ​ട്ടി​രു​ന്ന​പ്പോൾ മകനു് ഈർ​ഷ്യ​യു​ണ്ടാ​യി. അവൻ അച്ഛ​ന്റെ ജന​നേ​ന്ദ്രി​യം മു​റി​ച്ചു കള​ഞ്ഞു. അതു് കടലിൽ വന്നു വീ​ണ​പ്പോൾ അതിൽ പറ്റി​യി​രു​ന്ന ഒന്നോ രണ്ടോ തു​ള്ളി രേ​ത​സ്സു് സമു​ദ്ര​ത്തെ ഗർ​ഭി​ണി​യാ​ക്കി. സമു​ദ്രം പ്ര​സ​വി​ച്ച​വ​ളാ​ണു് അഫ്രൊ​ഡൈ​റ്റി. അവൾ അഗ്നി​ദേ​വ​നായ ഹെ​ഫീ​സ്റ്റ​സി​ന്റെ ഭാ​ര്യ​യാ​യി. വി​രൂ​പ​നും മു​ട​ന്ത​നു​മാ​യി​രു​ന്നു അയാൾ. അതു​കൊ​ണ്ടു് അഫ്രൊ​ഡൈ​റ്റി യു​ദ്ധ​ദേ​വ​നായ അറീ​സി​നെ കാ​മു​ക​നാ​യി സ്വീ​ക​രി​ച്ചു. അവ​ളു​ടെ പു​ത്ര​നാ​ണു് കാ​മ​ദേ​വ​നായ ഈറോസ്. ഫി​നീ​ഷ്യൻ രതി​ദേ​വത അസ്റ്റാർ​ട്ടി​യും സു​മേ​റി​യാ​ക്കാ​രു​ടെ ഇനാ​ന്ന​യും ബാ​ബി​ലോ​ണി​യാ​ക്കാ​രു​ടെ ഇഷ്താ​റും ഈജി​പ്റ്റു​കാ​രു​ടെ ഐസീ​സും ഗ്രീ​സി​ലെ അഫ്രൊ​ഡൈ​റ്റി​യിൽ നി​ന്നു് വി​ഭി​ന്ന​ക​ള​ല്ല. ഈ അഞ്ചു പേരും സു​ച​രി​ത​ക​ളാ​ണു്. അതേ​സ​മ​യം വേ​ശ്യ​ക​ളും. കന്യ​കാ​ത്വ​ത്തെ​ക്കു​റി​ച്ചും വേ​ശ്യാ​ത്വ​ത്തെ​ക്കു​റി​ച്ചും സ്ത്രീ​ക്കു​ണ്ടാ​കു​ന്ന ഫാ​ന്റ​സി​ക്കു് യോ​ജി​ച്ച മട്ടി​ലാ​ണു് ഈ ദേ​വ​ത​കൾ​ക്കു് ദ്വ​ന്ദ​ഭാ​വം നൽ​കി​യി​ട്ടു​ള്ള​തു്. ഭാ​ര​ത​ത്തി​ലോ? പാർ​വ​തി​യാ​ണു് ശക്തി​യു​ടെ പ്ര​തി​രൂ​പം. ആ ദേ​വി​യിൽ വേ​ശ്യാ​ത്വ​ത്തി​ന്റെ അംശം ഉണ്ടെ​ന്നു​പ​റ​യാൻ വയ്യ. പ്ര​കാ​ശ​ത്തി​ന്റെ—ശു​ക്ല​പ​ക്ഷ​ത്തി​ന്റെ—ദേ​വ​ത​യാ​ണു് പാർ​വ്വ​തി (താ​ന്ത്രിക സി​ദ്ധാ​ന്ത​മ​നു​സ​രി​ച്ചു്) അന്ധ​കാ​ര​ത്തി​ന്റെ—ശ്യാ​മ​പ​ക്ഷ​ത്തി​ന്റെ—ദേ​വ​ത​യാ​ണു് കാളി. പാർ​വ്വ​തി/കാളി ഈ ദേ​വ​ത​ക​ളിൽ മേ​ല്പ​റ​ഞ്ഞ ദ്വ​ന്ദ്വ​ഭാ​വം ആരോ​പി​ച്ചി​രി​ക്കു​ന്നു താ​ന്ത്രി​കർ. ഏതു ചാ​രി​ത്ര​ശാ​ലി​നി​യി​ലും വേ​ശ്യാ​ത്വം തല​യു​യർ​ത്തും. ഏതു വേ​ശ്യ​യി​ലും വി​ശു​ദ്ധി തല​യു​യർ​ത്തും. അടു​ത്ത വീ​ട്ടി​ലെ പു​രു​ഷൻ തന്നെ നോ​ക്കു​ന്നു​വെ​ന്നു് ഭാര്യ ഭർ​ത്താ​വി​നോ​ടു പറ​യു​മ്പോൾ അതു് ഭാ​ര്യ​യു​ടെ പാ​തി​വ്ര​ത്യ​ത്തെ​യാ​ണു് കാ​ണി​ക്കു​ന്ന​തെ​ന്നു് അയാൾ വി​ശ്വ​സി​ച്ചാൽ ഏഭ്യ​നാ​ണു് ആ മനു​ഷ്യൻ എന്നു മാ​ത്രം കരു​തി​യാൽ മതി. ദ്വ​ന്ദ്വ​ഭാ​വ​ങ്ങ​ളി​ലെ ഒന്നു്—വേ​ശ്യാ​ത്വം—പരാ​തി​യാ​യി പ്ര​ത്യ​ക്ഷ​മാ​കു​ന്നു​വെ​ന്നേ കരു​തേ​ണ്ട​തു​ള്ളൂ. പി. എ. എം. ഹനീഫ് കു​ങ്കു​മം വാ​രി​ക​യി​ലെ​ഴു​തിയ ‘ഉളി’ എന്ന പരമ ബോറൻ കഥയെ അവ​ലം​ബി​ച്ചു് ഇത്ര​യും കാ​ര്യ​ങ്ങൾ എനി​ക്കെ​ഴു​താൻ കഴി​ഞ്ഞ​ല്ലോ. ഹനീ​ഫി​നു് നന്ദി. (അദ്ദേ​ഹ​ത്തി​ന്റെ കഥ​യി​ലെ നായിക അന്യ​പു​രു​ഷ​നെ​ക്കു​റി​ച്ചു് ഭർ​ത്താ​വി​നോ​ടു് പരാതി പറ​യു​ന്ന​വ​ളാ​ണു്.)

ധി​ഷ​ണ​യു​ടെ സ്ഫു​ലിം​ഗം
images/Andre_Malraux.jpg
ആങ്ദ്രേ മാൽറോ

രാ​ഷ്ട്ര​വ്യ​വ​ഹാ​ര​ത്തിൽ കീർ​ത്തി​യാർ​ജ്ജി​ച്ച​വ​രെ​ക്കു​റി​ച്ചു് ബഹു​ജ​ന​ത്തി​നു ബഹു​മാ​ന​മി​ല്ല. എന്നാൽ അവ​രി​ലാ​രെ​ങ്കി​ലും ധി​ഷ​ണ​യു​ടെ വി​ലാ​സം കാ​ണി​ച്ചാൽ അവർ (ജനം) അതി​ര​റ്റ ആദരം പ്ര​ക​ടി​പ്പി​ക്കും. ജവാ​ഹർ​ലാൽ നെ​ഹ്റു​വി​നെ​ക്കാൾ വലിയ രാ​ഷ്ട്ര​ത​ന്ത്ര​ജ്ഞ​ന്മാർ ഭാ​ര​ത​ത്തി​ലു​ണ്ടി​യി​ട്ടു​ണ്ടു്. പക്ഷേ, ആത്മ​ക​ഥ​യും ഡി​സ്ക​വ​റി ഒഫ് ഇന്ത്യ​യും എഴു​തിയ നെ​ഹ്റു​വി​നോ​ടാ​ണു് ഭാ​ര​തീ​യർ​ക്കു ബഹു​മാ​നം. ഫ്രാൻ​സി​ലെ ഇൻ​ഫർ​മേ​ഷൻ മന്ത്രി​യാ​യി​രു​ന്നു ആങ്ദ്രേ മാൽറോ. ‘നി​ശ്ശ​ബ്ദ​ത​യു​ടെ ശബ്ദം’ എന്ന കലാ​വി​മർ​ശന ഗ്ര​ന്ഥ​വും മാ​സ്റ്റർ പീ​സു​ക​ളാ​യി പരി​ഗ​ണി​ക്ക​പ്പെ​ടു​ന്ന നോ​വ​ലു​ക​ളും എഴു​തി​യ​തു​കൊ​ണ്ടാ​ണു് അദ്ദേ​ഹം എന്നും ഓർ​മ്മി​ക്ക​പ്പെ​ടാൻ പോ​കു​ന്ന​തു്. കേ​ര​ള​ത്തി​ലെ പന​മ്പി​ള്ളി ഗോ​വി​ന്ദ​മേ​നോൻ, സി. അച്ചു​ത​മേ​നോൻ, ഇ. എം. എസ്. നമ്പൂ​തി​രി​പ്പാ​ടു്, കെ. ദാ​മോ​ദ​രൻ എന്നി​വർ ആദ​ര​ണീ​യ​രാ​യ​തു് അവ​രു​ടെ ധി​ഷ​ണാ​വൈ​ഭ​വ​ത്താ​ലാ​ണു്. അവ​രു​ടെ രാ​ഷ്ട്ര​ത​ന്ത്ര​ജ്ഞത മറ്റു നേ​താ​ക്ക​ന്മാർ​ക്കും കാ​ണു​മാ​യി​രി​ക്കും. ധി​ഷ​ണാ​വൈ​ഭ​വം വേണ്ട ധി​ഷ​ണ​യു​ടെ സ്ഫു​ലിം​ഗം ഒന്നു പ്ര​സ​രി​പ്പി​ച്ചാൽ മതി ബഹു​ജ​നം നി​ങ്ങ​ളെ സ്നേ​ഹി​ക്കും, മാ​നി​ക്കും. വാ​രി​ക​ക​ളി​ലെ ചോ​ദ്യോ​ത്തര പം​ക്തി​കൾ ഈ ധി​ഷ​ണാ​സ്ഫു​ലിം​ഗ​ങ്ങൾ കൊ​ണ്ടാ​ണു് ആകർ​ഷ​ക​ങ്ങ​ളാ​കു​ന്ന​തു്. ജന​യു​ഗം വാ​രി​ക​യിൽ ‘ആര്യാ​ടു് ഗോ​പി​യോ​ടു ചോ​ദി​ക്കുക’ എന്ന പേരിൽ ആരം​ഭി​ച്ചി​ട്ടു​ള്ള പം​ക്തി​ക്കു പു​തു​മ​യു​ണ്ടു്. അതിൽ ധി​ഷ​ണ​യു​ടെ അഗ്നി​ക​ണ​മു​ണ്ടു്. നേ​ര​മ്പോ​ക്കു​മു​ണ്ടു്. ഉദാ​ഹ​ര​ണം ഗു​രു​വാ​യൂ​ര​പ്പൻ ആര്യാ​ടു് ഗോ​പി​യോ​ടു ചോ​ദി​ക്കു​ന്നു:

കരു​ണാ​ക​രൻ ഇവിടെ ഒന്നാം തീയതി തോറും തൊഴാൻ വരാ​റു​ണ്ടു്. കമ്മ്യൂ​ണി​സ്റ്റു​കാർ ഇവിടെ തൊഴാൻ വരാ​റു​ണ്ടോ?

ഉത്ത​രം:
ഉണ്ട​ല്ലോ? വല്ല​പ്പോ​ഴും മല​യാ​റ്റൂർ രാ​മ​കൃ​ഷ്ണൻ.
ഇതു വാ​യി​ച്ച​പ്പോൾ എനി​ക്കും ഒരു ചോ​ദ്യം വാ​യു​വിൽ​ക്കൂ​ടി കേൾ​ക്കാ​റാ​കു​ന്നു.
വാ​ത്സ്യാ​യ​നൻ:
എ. ഡി. ഒന്നാം ശതാ​ബ്ദ​ത്തി​നും നാലാം ശതാ​ബ്ദ​ത്തി​നും ഇട​യ്ക്കു​ള്ള കാ​ല​ത്തു ജീ​വി​ച്ചി​രു​ന്നു​വെ​ന്നു് മി​ടു​ക്ക​നായ സർദാർ കെ. എം. പണി​ക്കർ പറ​യു​ന്നു. ഞാൻ തി​രു​വ​ന​ന്ത​പു​ര​ത്തു വരു​ന്നു​വെ​ന്നു കരുതി ചില കു​ട്ടി​ക​ളും ചില ഫി​ലോ​സ​ഫി ലക്‍ച​റർ​മാ​രും സെ​ന​റ്റ് ഹാളിൽ എന്നെ കാ​ണാ​നും എന്റെ പ്ര​സം​ഗം കേൾ​ക്കാ​നും കൂ​ടി​യെ​ന്നു പറ​യു​ന്ന​തു ശരി​യാ​ണോ കൃ​ഷ്ണൻ നായരേ?
ഉത്ത​രം:
ശരി​യാ​ണു് കാ​മ​ശാ​സ്ത്ര​മെ​ഴു​തിയ ആള​ല്ലേ. കണ്ടു​ക​ള​യാ​മെ​ന്നു വി​ചാ​രി​ച്ചു കോ​ളേ​ജ് വി​ദ്യാർ​ത്ഥി​കൾ തടി​ച്ചു​കൂ​ടി. ന്യാ​യ​ഭാ​ഷ്യ​ത്തി​ന്റെ കർ​ത്താ​വാ​ണു് താ​ങ്ക​ളെ​ന്നു വി​ചാ​രി​ച്ചു് ചില അദ്ധ്യാ​പ​കർ ഓടി​ച്ചെ​ന്നു. അങ്ങോ​ട്ടു് ചെ​ന്ന​പ്പോ​ഴാ​ണു് രണ്ടു കൂ​ട്ടർ​ക്കും അമളി പറ്റി​യ​തു്. വട​ക്കെ​ങ്ങോ ഉള്ള ഒരു വാ​ത്സ്യാ​യ​നൻ വരാ​മെ​ന്നു് സർ​വ്വ​ക​ലാ​ശാ​ലാ​ധി​കൃ​ത​രോ​ടു് ഏറ്റി​രു​ന്നു. സു​ഖ​ക്കേ​ടു​കൊ​ണ്ടു് ആ മാ​ന്യൻ വന്ന​തു​മി​ല്ല. വന്നെ​ങ്കിൽ കു​ട്ടി​കൾ ഇങ്ങ​നെ ചോ​ദി​ക്കു​മാ​യി​രു​ന്നു: “ശശോ വൃഷോ ശ്വ ഇതി ലിങ്ഗ തോ നായക വി​ശേ​ഷാഃ” എന്നു അങ്ങു് കാ​മ​സൂ​ത്ര​ത്തിൽ എഴു​തി​യ​തൊ​ന്നു വി​ശ​ദീ​ക​രി​ക്കൂ.
അദ്ധ്യാ​പ​കർ ആം​ഗ​ല​വാ​ണി​യിൽ ചോ​ദി​ക്കു​ന്ന​തു ഇങ്ങ​നെ​യാ​വാം: Vatsyayana, you elaborated logicism in the 3rd century A. D. Are we correct? How can truth be apprehended through a norm?
ഷഡ​ക്ഷര സു​ന്ദ​രൻ

എന്റെ ഒരു കാ​ര​ണ​വർ മകനു് ഇരു​പ​ത്തെ​ട്ടു കെ​ട്ടു​മ്പോൾ പേ​രി​ട്ട​തു ഷഡ​ക്ഷര സു​ന്ദ​രൻ നായർ എന്നാ​യി​രു​ന്നു. ശ്രീ​മൂ​ല​വി​ലാ​സം ഇം​ഗ്ലീ​ഷ് സ്കൂ​ളിൽ ഫസ്റ്റ് ഫോമിൽ പഠി​ക്കു​ന്ന കാ​ല​ത്തു് ഞാൻ വട്ടി​യൂർ​ക്കാ​വി​ലു​ള്ള ഈ കാ​ര​ണ​വ​രു​ടെ വീ​ട്ടിൽ പോ​കു​മാ​യി​രു​ന്നു. അപ്പോ​ഴെ​ല്ലാം അദ്ദേ​ഹം വടി​യെ​ടു​ത്തു് ദേ​ഷ്യ​ത്തോ​ടെ “എടാ ഷഡാ​ക്ഷര സു​ന്ദ​രാ ഇവിടെ വാ” എന്നു് ആക്രോ​ശി​ക്കു​ന്ന​തു കേ​ട്ടി​ട്ടു​ണ്ടു്. കാ​ര​ണ​വ​രേ, എന്തി​നാ​ണു് വേ​ണ്ടാ​ത്ത ദീർ​ഘ​മെ​ന്നു് ഞാ​ന​ന്നു ചോ​ദി​ച്ചി​ട്ടി​ല്ല. ഷഡ​ക്ഷ​ര​മെ​ന്നു പോരേ എന്നു സംശയം ഉന്ന​യി​ക്കാൻ എനി​ക്ക​ന്നു് അറി​വി​ല്ലാ​യി​രു​ന്നു. പി​ന്നീ​ടു് ഇ. വി. കൃ​ഷ്ണ​പി​ള്ള പേ​രു​ക​ളെ​ക്കു​റി​ച്ചു നേ​ര​മ്പോ​ക്കാ​യി പല​തു​മെ​ഴു​തി​യ​പ്പോൾ ഷഡ​ക്ഷര സു​ന്ദ​രൻ നായരെ ഞാൻ ഓർ​മ്മി​ച്ചു പോയി. ഇ. വി.-യുടെ കൂ​ട്ടു​കാ​ര​ന്റെ ഭാര്യ പെ​റ്റു, ഇ. വി. ശി​ശു​വി​നെ കാ​ണാൻ​പോ​യി, കു​ഞ്ഞു് ഫൗ​ണ്ടൻ പേ​ന​യോ​ളം വരും. പേ​രെ​ന്താ​ണെ​ന്നു ചോ​ദി​ച്ച​പ്പോൾ മറു​പ​ടി: വേ​ണു​ഗോ​പാല വീ​ണ​ഗീ​ത​രസ ബാ​ല​ഗം​ഗാ​ധ​രൻ. ഇ. വി.-യുടെ ഭാവന ഉദ്ദീ​പ്ത​മാ​കു​ന്നു. തന്ത വയ​സ്സു​കാ​ല​ത്തു് അങ്ക​ണ​ത്തിൽ വീണു മു​ട്ടൊ​ടി​ക്കു​ന്നു. സ്വ​ല്പം ജീ​ര​ക​വെ​ള്ളം വേണം. കിഴവൻ വി​ളി​ക്കു​ന്നു: “എടാ വേ​ണു​ഗോ​പാ​ല​വീ​ണ​ഗീ​ത​രസ ബാ​ല​ഗം​ഗാ​ധ​രോ, ഓടി​വാ​യോ, പി​ടി​ച്ചെ​ഴു​ന്നേ​ല്പി​ക്കോ, ജീ​ര​ക​വെ​ള്ളം കൊ​ണ്ടു​വാ​യോ” ഇതു മു​ഴു​വൻ പറയാൻ പറ്റി​ല്ല. പേരു പൂർ​ണ്ണ​മാ​ക്കു​ന്ന​തി​നു മുൻ​പു​ത​ന്നെ കി​ഴ​വ​ന്റെ പ്രാ​ണൻ പോകും. അത്ര​യ്ക്കു് ദീർ​ഘ​ത​യു​ണ്ടു് പേ​രി​നു്.

ടി. എൻ. ഗോ​പി​നാ​ഥൻ നായർ വേ​റൊ​രു വി​ഷ​യ​മാ​ണു് ഹൃ​ദ്യ​മാ​യി പ്ര​തി​പാ​ദി​ക്കു​ന്ന​തു്. ഓമ​ന​പ്പേ​രു​ക​ളും വട്ട​പ്പേ​രു​ക​ളും (ജന​യു​ഗം). കൊ​ക്കു, കൊക്ക, റിങ്ക, ചിഹ, ബുബു ഇങ്ങ​നെ പോ​കു​ന്നു ഓമ​ന​പ്പേ​രു​കൾ. സാ​ഹി​ത്യ പഞ്ചാ​നൻ ഓമ​ന​പ്പു​ത്ര​നു് ഗോ​പി​നാ​ഥൻ എന്ന പേരു നല്കി. എങ്കി​ലും ‘കോ​ക്ക​നാർ’ എന്നാ​ണു് അദ്ദേ​ഹം മകനെ വി​ളി​ച്ചി​രു​ന്ന​തു്.

തി​രു​വ​ന​ന്ത​പു​ര​ത്തെ പെ​ണ്ണു​ങ്ങൾ ഇപ്പോൾ കണ​വ​ന്മാ​രെ അവ​രു​ടെ പേ​രി​ന്റെ ആദ്യ​ത്തെ അക്ഷ​രം ഓമ​ന​പ്പേ​രാ​ക്കി വി​ളി​ക്കു​ന്നു. ഗോ​പാ​ലൻ നായർ ‘ഗോ’ എന്നാ​കു​ന്നു. നാ​രാ​യ​ണൻ നായർ മധു​ര​മൊ​ഴി​യി​ലൂ​ടെ ‘നാ’ എന്നാ​യി മാ​റു​ന്നു. ശി​വ​ശ​ങ്ക​രൻ നായർ ‘ശ്ശീ’ എന്നു് രൂപം കൊ​ള്ളു​ന്നു. ഓരോ ‘ശ്ശീ’ കേൾ​ക്കു​മ്പോൾ അതു പ്രേ​മ​ത്തി​ന്റെ ശ്ശീ​യാ​ണോ അതോ ദേ​ഷ്യ​ത്തി​ന്റെ ശ്ശീ​യാ​ണോ എന്നു് പാവം ശി​വ​ശ​ങ്ക​രൻ നായർ സം​ശ​യി​ക്കു​ന്നു, ഞെ​ട്ടു​ന്നു.

ശത്രു​ഘ്ന​നും വസ​ന്ത​നും
images/WaitingForTheBarbarians.jpg

ചെ​റു​ക​ഥ​യ്ക്കു് എന്തെ​ല്ലാം വേണം? സം​ഘ​ട്ട​നം, പ്ര​മേ​യം, കഥാ​പാ​ത്ര​സ്വ​ഭാവ ചി​ത്രീ​ക​ര​ണം, കഥാ​കാ​ര​ന്റെ വീ​ക്ഷ​ണ​രീ​തി, ശൈ​ലി​യു​ടെ സവി​ശേ​ഷത, സിം​ബ​ലി​സം. ഇനി​യും പലതും പറയാം. ഇപ്പ​റ​ഞ്ഞ​തൊ​ക്കെ ശത്രു​ഘ്ന​ന്റെ കഥയിൽ കാണും. എപ്പോ​ഴും കാണും. പക്ഷേ, അദ്ദേ​ഹ​ത്തി​ന്റെ കഥകൾ വാ​യ​ന​ക്കാ​ര​നെ സ്പർ​ശി​ക്കാ​റി​ല്ല. മാ​തൃ​ഭൂ​മി ആഴ്ച​പ്പ​തി​പ്പിൽ (ലക്കം 35) അദ്ദേ​ഹ​മെ​ഴു​തിയ “രാ​മ​ല​ക്ഷ്മ​ണ​ന്മാ​രു​ടെ അമ്മ” എന്ന ചെ​റു​കഥ വാ​യി​ച്ചാ​ലും. പത്ര​ഭാ​ഷ​യിൽ വാർ​ദ്ധ​ക്യ​സ​ഹ​ജ​മായ രോഗം കൊ​ണ്ടു് ഒരു വൃദ്ധ മരണം പ്രാ​പി​ക്കു​ന്ന​തു് കഥാ​കാ​രൻ വർ​ണ്ണി​ക്കു​ന്നു. എന്നാൽ സം​ഭ​വ​ങ്ങ​ളി​ലൂ​ടെ​യും ഇമേ​ജ​റി​ലൂ​ടെ​യും വി​കാ​ര​ങ്ങ​ളെ​യും ശി​ല്പ​ത്തെ​യും കൂ​ട്ടി​യി​ണ​ക്കു​ന്ന മാ​ന്ത്രി​ക​വി​ദ്യ ശത്രു​ഘ്ന​നു് അറി​ഞ്ഞു​കൂ​ടാ. അതി​നാൽ അദ്ദേ​ഹ​ത്തി​ന്റെ ഇക്കഥ—എന്ന​ല്ല എല്ലാ​ക്ക​ഥ​ക​ളും—ഉമി​ക്ക​രി ചവച്ച പ്ര​തീ​തി ഉള​വാ​ക്കു​ന്നു. കഥ റൊ​മാ​ന്റി​ക്കോ റീ​യ​ലി​സ്റ്റി​ക്കോ ഡേർ​ട്ടി റീ​യ​ലി​സ്റ്റി​ക്കോ (റേ​മ​ണ്ട് കാർവർ നേ​താ​വാ​യി​ട്ടു​ള്ള പുതിയ പ്ര​സ്ഥാ​നം) ആക​ട്ടെ. മാ​ന്ത്രി​ക​ത്വം—മാ​ജി​ക്–ഇല്ലെ​ങ്കിൽ അതു കലാ​സൃ​ഷ്ടി​യ​ല്ല.

“മു​ന​മ്പി​നെ സമു​ദ്രം വലയം ചെ​യ്തി​രി​ക്കു​ന്ന​തു പോലെ എല്ലാ രാ​ത്രി​ക​ളി​ലും ജീ​വി​ത​ത്തെ വലയം ചെ​യ്യു​ന്ന നി​ദ്ര​യിൽ അതു് (ജീ​വി​തം) കു​തിർ​ന്നി​രി​ക്കു​ന്നു എന്ന​തു ചി​ത്രീ​ക​രി​ക്കാ​തെ ഒരെ​ഴു​ത്തു​കാ​ര​നും മാ​നു​ഷിക ജീ​വി​ത​ത്തെ ശരി​യാ​യി വർ​ണ്ണി​ക്കാൻ സാ​ദ്ധ്യ​മ​ല്ലെ”ന്നു് പ്രൂ​സ്ത് പറ​ഞ്ഞി​ട്ടു​ണ്ടു്. (തർ​ജ്ജ​മ​യു​ടെ വി​ല​ക്ഷ​ണ​ത​യ്ക്കു മാ​പ്പു ചോ​ദി​ക്കു​ന്നു.) നി​ദ്ര​യിൽ കു​തിർ​ന്ന ജീ​വി​ത​ത്തെ ഭാ​വാ​ത്മക ശോ​ഭ​യോ​ടെ വസ​ന്തൻ ആവി​ഷ്ക​രി​ക്കു​ന്നു. (ദേ​ശാ​ഭി​മാ​നി വാരിക, ലക്കം 20. ‘മുൾ​മു​ടി​യും മര​ക്കു​രി​ശും’.) കല​യു​ടെ ചട്ട​ക്കൂ​ട്ടി​ലൊ​തു​ക്കിയ പ്ര​ചാ​ര​ണം. ഞാൻ രണ്ടു തവണ ഈ ഭാ​വ​ദീ​പ്തി കണ്ടു. ആഹ്ലാ​ദി​ക്കു​ക​യും ചി​ന്താ​മ​ഗ്ന​നാ​വു​ക​യും ചെ​യ്തു. അതു് അനു​ധ്യാ​ന​ത്തി​ലേ​ക്കു് എന്നെ കൊ​ണ്ടു​പോ​യി. അതാ​ണു് കല​യു​ടെ കർ​ത്ത​വ്യം.

കെ. സു​രേ​ന്ദ്ര​ന്റെ നേർ​ക്കു്

മനു​ഷ്യ​നെ മൃ​ഗ​ത്തിൽ നി​ന്നു വി​ഭി​ന്ന​നാ​ക്കി നി​റു​ത്തു​ന്ന​തു് ‘ഡി​ഗ്നി​റ്റി’യാണു്—അന്ത​സ്സാ​ണു്. അന്ത​സ്സു് പാ​ലി​ച്ചി​ല്ലെ​ങ്കിൽ മനു​ഷ്യൻ മൃ​ഗ​മാ​യി അധഃ​പ​തി​ക്കും. പെ​രു​മാ​റ്റ​ത്തിൽ, ഭാ​ഷ​യിൽ, അം​ഗ​വി​ക്ഷേ​പ​ത്തിൽ എന്ന​ല്ല എല്ലാ അം​ശ​ങ്ങ​ളി​ലും മനു​ഷ്യ​നു് അന്ത​സ്സു് കൂ​ടി​യേ തീരൂ. അന്ത​സ്സു് നി​ല​നി​റു​ത്താൻ മനു​ഷ്യൻ ചില സങ്കേ​ത​ങ്ങൾ അം​ഗീ​ക​രി​ച്ചി​രി​ക്കു​ന്നു. അവയിൽ ഒരണു തെ​റ്റി​യാൽ ഡി​ഗ്നി​റ്റി തകരും. മീ​നാ​ക്ഷി​യെ​ന്നു് സ്ത്രീ​യു​ടെ പേരു്. അവളെ മീൻ കണ്ണി​യെ​ന്നു വി​ളി​ക്കൂ. വി​ളി​ക്കു​ന്ന​വൻ അന്ത​സ്സു​കെ​ട്ട​വ​നാ​ണു്. ആദ​ര​ണീ​യ​മായ ഈ ഡി​ഗ്നി​റ്റി നമ്മു​ടെ പല സാ​ഹി​ത്യ​കാ​ര​ന്മാർ​ക്കു​മി​ല്ല. ‘മദ്യ​വും പെ​ണ്ണു​മു​ണ്ടെ​ങ്കിൽ അവാർ​ഡു​കാർ​ക്കു മറ്റൊ​ന്നും നോ​ക്കേ​ണ്ട​തി​ല്ല. ഇതൊ​ക്കെ ചെ​യ്യാൻ കഴി​വു​ള്ള ഏതു പട്ടി​ക്കും അവാർ​ഡ് കി​ട്ടും’. എന്നു് ഉദീ​ക​ര​ണം ചെ​യ്ത​തി​നു ശേഷം മു​ട്ട​ത്തു വർ​ക്കി പ്ര​സി​ദ്ധ​നായ സാ​ഹി​ത്യ​കാ​രൻ കെ. സു​രേ​ന്ദ്ര​ന്റെ ബു​ദ്ധി​ശ​ക്തി​യെ ‘കൊ​ട്ടി​ബു​ദ്ധി’ എന്നു വി​ശേ​ഷി​പ്പി​ക്കു​ന്നു (ഞാ​യ​റാ​ഴ്ച വാരിക, ലക്കം 3). ഇതു് വർ​ക്കി പറ​ഞ്ഞ​തു തന്നെ​യാ​ണെ​ങ്കിൽ അദ്ദേ​ഹം സാ​ന്മാർ​ഗ്ഗി​ക​മാ​യി എത്ര താ​ണു​പോ​യി​രി​ക്കു​ന്നു! അന്തർ​മ​ണ്ഡ​ല​ത്തി​ലു​ള്ള സ്വാ​ഭാ​വിക നി​യ​ന്ത്ര​ണ​ങ്ങ​ളെ കെ​ട്ടു​പൊ​ട്ടി​ച്ചു വി​ടു​മ്പോൾ അതു ചെ​യ്യു​ന്ന​വ​രു​ടെ​യും അതു കാ​ണു​ന്ന​വ​രു​ടെ​യും ഡി​ഗ്നി​റ്റി തകർ​ന്നു പോ​കു​ന്നു. പക്ഷേ, അവ​ഹേ​ളി​ക്ക​പ്പെ​ട്ട സു​രേ​ന്ദ്ര​നു് ഒരു താ​ഴ്ച​യു​മി​ല്ല താനും.

കൂ​റ്റ്സേ
images/KSurendran.jpg
കെ. സു​രേ​ന്ദ്രൻ

Waiting for the Barbarians എന്ന ചേ​തോ​ഹ​ര​മായ നോ​വ​ലി​ന്റെ കർ​ത്താ​വായ ജെ. എം. കൂ​റ്റ്സെ​ക്ക് (ദക്ഷി​ണാ​ഫ്രി​ക്കൻ നോ​വ​ലി​സ്റ്റ്) അദ്ദേ​ഹ​ത്തി​ന്റെ ഏറ്റ​വും പുതിയ നോ​വ​ലായ Life and Times of Michael K-യെ അവ​ലം​ബ​മാ​ക്കി ബു​ക്കർ പ്രൈ​സ് നൽ​കി​യ​താ​യി കൗ​മു​ദി ന്യൂ​സ് സർ​വീ​സിൽ നി​ന്നു ഞാൻ മന​സ്സി​ലാ​ക്കു​ന്നു (കലാ​കൗ​മു​ദി ലക്കം 427). മഹാ​നായ ഈ കലാ​കാ​ര​നെ​ക്കു​റി​ച്ചു​ള്ള ലേഖനം ഹ്ര​സ്വ​മാ​ണെ​ങ്കി​ലും അന്ത​രം​ഗ​സ്പർ​ശി​യാ​ണു്. കൂ​റ്റ്സെ​ക്ക് സമ്മാ​നം കി​ട്ടി​യ​താ​യി ഇം​ഗ്ലീ​ഷ് പത്ര​ങ്ങ​ളിൽ​പ്പോ​ലും കണ്ടി​ല്ല. ഇക്കാ​ര്യം അറി​ഞ്ഞു് സന്ദർ​ഭ​ത്തി​നു് ഉചി​ത​മായ വി​ധ​ത്തിൽ ഈ സാ​ഹി​ത്യ​കാ​ര​നെ മല​യാ​ളി​കൾ​ക്കു പരി​ച​യ​പ്പെ​ടു​ത്തിയ കൗ​മു​ദി ന്യൂ​സ് സർ​വീ​സ് ലേഖകൻ അഭി​ന​ന്ദ​നം അർ​ഹി​ക്കു​ന്നു. അപാർ​റ്റ് ഹേ​റ്റി​നു് (Apart theid നീ​ഗ്രോ​ക​ളേ​യും മറ്റു കറു​ത്ത​വർ​ഗ്ഗ​ക്കാ​രേ​യും മാ​റ്റി നി​റു​ത്തു​ക​യും അവ​രോ​ടു വി​വേ​ച​നം കാ​ണി​ക്കു​ക​യും ചെ​യ്യു​ന്ന​തു്) എതി​രാ​യി പൊ​രു​തു​ന്ന ഉജ്ജ്വല പ്ര​തി​ഭാ​ശാ​ലി​യാ​ണു് കൂ​റ്റ്സേ അദ്ദേ​ഹ​ത്തി​ന്റെ Dusklands വേ​റൊ​രു ചേ​തോ​ഹ​ര​മായ കൃ​തി​യാ​ണു്.

നമ്മു​ടെ നാ​ട്ടിൽ മൂ​ന്നു കൊ​ല്ല​ത്തി​ന​ക​ത്തു്, അഞ്ചു കൊ​ല്ല​ത്തി​ന​ക​ത്തു് ഉണ്ടാ​കു​ന്ന നല്ല കൃ​തി​ക്കു് സമ്മാ​നം കൊ​ടു​ക്കു​ന്നു. ആ ഏർ​പ്പാ​ടു നി​റു​ത്തി​യി​ട്ടു അഞ്ചു കൊ​ല്ലം പരി​പൂർ​ണ്ണ​മായ നി​ശ്ശ​ബ്ദത പാ​ലി​ച്ചു് പേന കൈ​കൊ​ണ്ടു തൊ​ടാ​തി​രി​ക്കു​ന്ന​വ​നു് അക്കാ​ഡ​മി​ക​ളും വയലാർ ട്ര​സ്റ്റും സമ്മാ​നം കൊ​ടു​ക്കു​മെ​ന്നു പ്ര​ഖ്യാ​പി​ച്ചാൽ നന്നാ​യി​രി​ക്കും. വളരെ വളരെ നന്നാ​യി​രി​ക്കും.

Colophon

Title: Sāhityavāraphalam (ml: സാ​ഹി​ത്യ​വാ​ര​ഫ​ലം).

Author(s): M Krishnan Nair.

First publication details: Kalakaumudi Weekly; Trivandrum, Kerala; 1983-11-27.

Deafult language: ml, Malayalam.

Keywords: M Krishnan Nair, Sahityavaraphalam, Weekly Lietrary Column, സാ​ഹി​ത്യ​വാ​ര​ഫ​ലം, എം കൃ​ഷ്ണൻ നായർ, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: September 7, 2021.

Credits: The text of the original item is copyrighted to J Vijayamma, author’s inheritor. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-​NC-SA 4​.0). Any reuse of the material should credit the Sayahna Foundation, only noncommercial uses of the work are permitted and adoptations must be shared under the same terms.

Production history: Data entry: MS Aswathi; Proofing: Abdul Gafoor; Typesetter: LJ Anjana; Digitizer: KB Sujith; Encoding: JN Jamuna.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-​tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.