സാഹിത്യവാരഫലം
എം കൃഷ്ണൻ നായർ
(കലാകൗമുദി വാരിക, 1984-01-22-ൽ പ്രസിദ്ധീകരിച്ചതു്)

സ്ത്രീ നല്ല ചായയുണ്ടാക്കുന്നതു് ഭർത്താവിന്റെയോ അതിഥിയുടെയോ അഭിനന്ദനം നേടാനാണു്. ഏതു് ‘ഓടവെള്ള’വും ചായയാണെന്നു സങ്കല്പിച്ചുകൊണ്ടു കുടിക്കാൻ അവൾക്കു പ്രയാസമില്ല. എന്നാൽ വേറൊരാളിനു നല്കുന്ന ചായ നന്നായിരിക്കണമെന്നു് അവൾക്കു നിർബ്ബന്ധമുണ്ടു്. പുരുഷനോ? അയാൾ ചായ കൂട്ടുന്നതു് അന്യന്റെ അഭിനന്ദനത്തിനു വേണ്ടിയല്ല. കല കലയ്ക്കുവേണ്ടി എന്നു പറയുന്നതുപോലെ ചായ ചായയ്ക്കു വേണ്ടി എന്നാണു് അയാളുടെ മുദ്രാവാക്യം. മറ്റൊരുത്തൻ പ്രശംസിച്ചാലെന്തു്, ഇല്ലെങ്കിലെന്തു്? എന്നേ അയാൾ വിചാരിക്കു. സ്ത്രീ അങ്ങനെയല്ല. അവൾ ഉണ്ടാക്കുന്ന മോശമായ ചായയും നല്ലതാണെന്നു ഭർത്താവു പറഞ്ഞുകൊള്ളണം. ഇല്ലെങ്കിൽ ദേഷ്യപ്പെടും. ‘കംപൽസറി’യായ അഭിനന്ദനം ‘ഡിമാൻഡ്’ ചെയ്യുന്നവളാണു് സ്ത്രീ. അക്കാര്യത്തിൽ അവളൊരു ട്രേഡ് യൂണിയൻ പ്രവർത്തകയാണു്. സ്ത്രീയുടെ സാമാന്യസ്വഭാവം ഇതായതുകൊണ്ടു് സാഹിത്യ നിരൂപണത്തിലും വിഭിന്നമായ നില ആരും പ്രതീക്ഷിക്കേണ്ടതില്ല. പുരുഷന്റെ കഥയോ കവിതയോ പോരായ്മയുള്ളതാണെന്നു പറയുന്ന നിരൂപകനു് ആ സംസ്ക്കാര ശൂന്യൻ പേരുവയ്ക്കാതെ തെറിക്കത്തയയ്ക്കും. ആ കത്തിനെക്കാൾ അസഹനീയമാണു് സ്ത്രീ പേരു വച്ചു് അയയ്ക്കുന്ന കത്തു്. പാരുഷ്യമാർന്ന, ഹൃദയം തുളയ്ക്കുന്ന വാക്യങ്ങൾ അതിലേറെയുണ്ടാവും. പുരുഷന്റെ തെറിക്കത്തു വായിച്ചാൽ നിരൂപകനു വൈഷമ്യമില്ല. എന്നാൽ സ്ത്രീയുടെ നിർമ്മര്യാദങ്ങളായ വാക്യങ്ങൾ വായിച്ചു് അയാൾ തളരും. അങ്ങനെ പലപ്പോഴും തളർന്നിട്ടുള്ള ആളാണു് ഈ ലേഖനമെഴുതുന്നതു്. അതിരിക്കട്ടെ. സ്ത്രീക്കു പുരുഷനോടു തോന്നുന്ന സ്നേഹത്തിലും ഈ അഭിനന്ദനവാഞ്ഛിയുടെ ഒരംശം മറഞ്ഞിരിക്കുന്നില്ലേ? ഉണ്ടെന്നാണു് എന്റെ വിചാരം. പാറുക്കുട്ടി സുന്ദരിയല്ലെന്നു് അനന്തപദ്മനാഭൻ പറഞ്ഞാൽ അവൾക്കിഷ്ടമാവുമോ? കറുത്തമ്മ ആഹ്ലാദത്തിന്റെ പരകോടിയിലെത്തിയതു് പാരീക്കുട്ടി അവളുടെ സൗന്ദര്യം അംഗീകരിച്ചതുകൊണ്ടുമാണു്. ബാങ് ഷാ മങ് കോങ്സ്റ്റാങ്ങി ന്റെ (Benjamin Constant) ‘അഡോൾഫ് ’ എന്ന നോവലിലെ നായിക ദുഃഖംകൊണ്ടു മരിക്കുന്നതു് ഈ അംഗീകാരത്തിന്റെ അഭാവത്താലാണു്. ഏമിൽ സൊല യുടെ (Emile Zola) ‘തേറിസ്കോങ് ’ (Therese Requin) ടോൾസ്റ്റേയി യുടെ ‘ആനാ കാരേനിനാ’, ആങ്ദ്രേ ഷീദി ന്റെ (Andre Gide) ല പോർട് ഏത്ര വാട്, (La Porte E. Troite/Strait is the Gate) ഹാർഡി യുടെ ‘ടെസ്സ് ’ ഇവയിലെ നായികകളും വിഭിന്ന സ്വഭാവമുള്ളവരല്ല. ഷീദിന്റെ നോവലിൽ വൈഷയികത്വമാർന്ന സ്നേഹത്തെ നിരാകരിച്ചിട്ടുള്ളതു മറന്നുകൊണ്ടല്ല ഞാനിതെഴുതുന്നതു്. “മണ്ടന്മാർ അഭിനന്ദിക്കുന്നു. വിവേകമാർന്നവർ അംഗീകരിക്കുന്നു” എന്നു് പോപ്പ് (കവി) പറഞ്ഞതു ശരിയാവാം. എങ്കിലും സ്ത്രീക്കു് ആ അഭിനന്ദനം കൂടിയേ തീരൂ.

സാറാ തോമസ് കലാകൗമുദിയിലെഴുതിയ (ലക്കം 434) “കാത്തിരിപ്പു്” എന്ന ചെറുകഥ വായിക്കുക. അതി സുന്ദരിയായ മാധവിയുടെ ഭർത്താവു് കുട്ടപ്പനെ അവരുടെ വിവാഹം കഴിഞ്ഞതിന്റെ നാലാമത്തെ ദിവസം പൊലീസ് പിടിച്ചു കൊണ്ടുപോയി. കൊലക്കുറ്റം. കുട്ടപ്പൻ ‘ജീവപര്യന്തം’ തടവിനുശേഷം പിന്നെയും അഞ്ചു കൊല്ലം കാരാഗൃഹത്തിൽ കിടന്നു. അയാൾ മോചനം നേടി വീട്ടിലെത്തിയപ്പോൾ മാധവി വൈരൂപ്യത്തിന്റെ ഉടലാർന്ന രൂപം. അയാൾക്കു് അവളെ ഭാര്യയായി അംഗീകരിക്കാൻ വയ്യ. താൻ പ്രതീക്ഷിച്ച സ്നേഹവും ശ്ലാഘയും അവൾക്കു ലഭിച്ചില്ല. കുട്ടപ്പൻ നടന്നകന്നു. അവൾ തകർന്നു വീണു. വൈഷയികമായ ഹർഷോന്മാദവും അതിൽ നിന്നു ജനിക്കുന്ന അഭിനന്ദനവുമില്ലെങ്കിൽ ദാമ്പത്യജീവിതത്തിനു് എന്തു പ്രകരണയോഗ്യതയിരിക്കുന്നു!

ഇതിനോടു സദൃശമല്ലെങ്കിലും ഇതിന്റെ മറുപുറം കാണിക്കുന്ന വേറൊരു കഥ (അതോ യഥാർത്ഥസംഭവമോ) എനിക്കറിയാം. മൂന്നരക്കൊല്ലത്തെ ജയിൽവാസത്തിനു ശേഷം വിങ്കോ ബസ്സിൽ കയറി യാത്ര ആരംഭിച്ചു. അയാളുടെ മൗനവും വിഷാദവും കണ്ടു് ബസ്സിൽ അയാളോടൊപ്പം യാത്രചെയ്യുന്ന ഒരു പെൺകുട്ടി കാരണം അന്വേഷിച്ചു. അയാൾ പറഞ്ഞു: “അവൾക്കു വേദനയില്ലെങ്കിൽ, കുട്ടികൾ അച്ഛന്റെ കാരാഗൃഹവാസത്തെക്കുറിച്ചു് ചോദ്യങ്ങൾ ചോദിക്കുന്നില്ലെങ്കിൽ, ഞാൻ തിരിച്ചു ചെല്ലുന്നതിൽ അവൾക്കു വൈഷമ്യമില്ലെങ്കിൽ വീട്ടിനു മുൻപുള്ള വലിയ മരത്തിൽ ഒരു മഞ്ഞക്കൈലേസ് കെട്ടിയിരിക്കണം എന്നു് ഞാൻ അറിയിച്ചിട്ടുണ്ടു്. അവൾക്കു് ഇഷ്ടമില്ലെങ്കിൽ കൈലേസ് കെട്ടേണ്ടതില്ല. ഞാൻ ബസ്സിൽ നിന്നു് ഇറങ്ങാതെ അങ്ങു പോകും”. ഇത്രയും പറഞ്ഞിട്ടു അയാൾ വീണ്ടും മൗനം അവലംബിച്ചു. ബസ്സ് വീട്ടിനടുത്തെത്തി. മരം നോക്കി വിങ്കോ ബോധം കെട്ടുപോയിയെന്നുതന്നെ പറയാം. ഇരുപതല്ല, മുപ്പതല്ല, നൂറു മഞ്ഞക്കൈലേസുകൾ അതിൽ കെട്ടിയിരിക്കുന്നു. സ്വാഗതത്തിന്റെ പതാക പോലുള്ള മാമരം. ഭാര്യയ്ക്കു ഭർത്താവിനോടുള്ള സ്നേഹത്തെ ഇതിനെക്കാൾ ഭംഗിയായി ചിത്രീകരിക്കുന്നതെങ്ങനെ?

images/ExecutionersSong.jpg

ദസ്തെയെവ്സ്കി യുടെ Crime and Punishment എന്ന നോവലിനു തുല്യമെന്നു് വാഴ്ത്തപ്പെടുന്ന നോർമൻ മേലേറു ടെ The Executioner’s Song എന്ന നോവലിന്റെ ആരംഭത്തിലും ജെയിൽ മോചനം നേടിയ ഗാമി ഭാര്യയുടെ അടുക്കലെത്തുന്നതിന്റെ ഹൃദ്യമായ ചിത്രമുണ്ടു്. ഇവ രണ്ടും ഞാനെടുത്തു പറഞ്ഞതു് സാറാ തോമസിന്റെ ചെറുകഥയ്ക്കുള്ള ‘കോമേർസ്യൽ’ സ്വഭാവം വ്യക്തമാക്കാനാണു്. ചെറുകഥ അനുധ്യാനത്തിന്റെ പ്രശാന്തതയിലേക്കു നമ്മളെ നയിക്കുമ്പോൾ അതു് ഉത്കൃഷ്ടമായ സാഹിത്യം. വായിച്ചു, ഇനി അതു് ആവശ്യമില്ല എന്നു കരുതി ഉടനെ വിസ്മരിക്കപ്പെടുന്നതു് കോമേർസ്യൽ സാഹിത്യം. രണ്ടാമത്തെ വിഭാഗത്തിലേ സാറാ തോമസിനു ചെന്നു നില്ക്കാനുള്ള അർഹതയുള്ളു. ആവർത്തിച്ചു വായിക്കുന്തോറും സമ്പന്നത കൂടുതൽ കൂടുതൽ അനുഭവപ്പെടുന്നതു് ഉത്കൃഷ്ട സാഹിത്യം. ഉദാഹരണം റ്റോമാസ് മാൻ എഴുതിയ Magic Mountain എന്ന നോവൽ. ഒരു തവണ തന്നെ പ്രയാസപ്പെട്ടു വായിച്ചു തീർക്കുന്നതു് കോമേർസ്യൽ സാഹിത്യം. ജാക്കി കോളിൻസി ന്റെ Holly wood Wives ഉദാഹരണം.

ആ സ്ത്രീ എനിക്കു കാപ്പി കൊണ്ടുവന്നു ‘റ്റീപോയ്’യിൽ വച്ചപ്പോൾ അവരുടെ അഴുക്കു പുരണ്ട സാരിയുടെ തുമ്പു് ചായയിൽ വീണു കിടക്കുകയായിരുന്നു. അവരതു കണ്ടില്ല. ഞാൻ കണ്ടു. “എന്തേ ചായ കുടിക്കാഞ്ഞതു്?” എന്നു് അവർ വീണ്ടും വീണ്ടും ചോദിച്ചിട്ടും എനിക്കൊന്നും പറയാൻ തോന്നിയില്ല. കോമേർസ്യൽ ചെറുകഥയും നോവലും മലിനമായ സാരിത്തുമ്പു വീണ ചായ പോലെയാണു്. കുടിക്കാൻ വയ്യ. കുടിക്കില്ലെന്നു പറയാനും വയ്യ.

അനുഗൃഹീതൻ
images/RKLAKSHMAN.jpg
ആർ. കെ. ലക്ഷ്മൺ

ഹാസ്യചിത്രങ്ങൾക്കു് പലപ്പോഴും സമകാലികപ്രാധാന്യമേ കാണൂ. ഇന്നു നാം അവ കണ്ടു ചിരിക്കും. നാളെ—പരിതഃസ്ഥിതികൾ മാറുമ്പോൾ—ചിരിച്ചില്ലെന്നു വരും. ഇലസ്ട്രേറ്റഡ് വീക്ക്ലി യുടെ (ഡിസംബർ 25–31) 17-ആം പുറത്തിൽ ആർ. കെ. ലക്ഷ്മൺ വരച്ച Following Gandhi എന്ന ഹാസ്യചിത്രം നോക്കുക. ചെരിപ്പിട്ട ഒരു കാലു മുന്നോട്ടു നീങ്ങുന്നു! ഗാന്ധിജി യാണെന്നു സ്പഷ്ടം! കോൺഗ്രസ് എന്ന നവയുവാവു് നെഞ്ചു തള്ളി, പുഞ്ചിരിയോടെ, കൈരണ്ടും വീശി നടക്കുന്നു. ബഹുജനത്തിന്റെ പ്രതിനിധിയായ ഒരാൾ ആരോദ്ഭുതങ്ങളോടെ അവരെ നോക്കി നില്ക്കുന്നു. ഇത്രയും പഴയ കാലത്തെ കാര്യം. ഇന്നത്തെ അവസ്ഥയാണു് രണ്ടാമത്തെ ചിത്രത്തിൽ. ഒരു സ്ത്രീയുടെ പിൻഭാഗം മാത്രം കാണാം. അവർ നടക്കുകയാണു്. കോൺഗ്രസ്സെന്ന വൃദ്ധൻ കൈരണ്ടും കൂട്ടിപ്പിടിച്ചു്, കൂനിപ്പിടിച്ചു് ദാസ്യഭാവം പ്രകടമാക്കി നീങ്ങുന്നു. ബഹുജനത്തിന്റെ പ്രതിനിധിയുടെ മുഖത്തു് അദ്ഭുതവും കോപവും കലർന്ന വികാരം. സ്ത്രീ ഇന്ദിരാ ഗാന്ധി യാണെന്നു് നമ്മൾ മനസ്സിലാക്കുന്നു. ഭാവികാലത്തെ സംഭവമാണു് മൂന്നാമത്തെ ചിത്രത്തിൽ. യുവാവായ ഒരാളിന്റെ പിൻഭാഗം. അയാൾ നടന്നു നീങ്ങുന്നു. കോൺഗ്രസ് വൃദ്ധന്റെ പൊക്കം വളരെ കുറഞ്ഞു പോയി. അയാൾ കരയുന്നുണ്ടു്. ബഹുജനത്തിന്റെ പ്രതിനിധിക്കു കൂടുതൽ അദ്ഭുതവും ദേഷ്യവും നടക്കുന്ന യുവാവു് രാജീവ് ഗാന്ധി യാണെന്നതു് എടുത്തു പറയേണ്ട കാര്യമല്ല. ഒന്നാംതരം കാർട്ടൂൺ. രാഷ്ട്രവ്യവഹാരത്തോടു ബന്ധപ്പെട്ട സംഭവങ്ങളിൽ ബഹുജനത്തിനുണ്ടാകുന്ന പ്രതികരണങ്ങളെ വിദഗ്ദ്ധമായി രേഖകൾകൊണ്ടു് ആവിഷ്കരിക്കുന്നു എന്നതിലാണു് ഈ ചിത്രത്തിന്റെ ചാരുതയിരിക്കുന്നതു്. നാളെ ഇതിലെ ‘പ്രോഫിസി’—ദീർഘദർശനം—തെറ്റായി വന്നേക്കാം. എങ്കിലും ഇന്നു് അതു് ആളുകളെ ചിരിപ്പിക്കുന്നു; ഒരളവിൽ ചിന്തിപ്പിക്കുകയും ചെയ്യുന്നു. പ്രഖ്യാതങ്ങളായ സംഭവങ്ങളെ ഒട്ടും സ്ഥൂലീകരിക്കാതെ ഷോർട്ട്ഹാന്റിന്റെ മട്ടിൽ ആലേഖനം ചെയ്യുന്ന ഈ ഹാസ്യ ചിത്രകാരൻ പ്രഗൽഭനാണെന്നതിൽ ഒരു സംശയവുമില്ല.

ഞാൻ തീവണ്ടിയിൽ തിരുവനന്തപുരത്തേയ്ക്കു വരുമ്പോൾ സുന്ദരിയായ ഒരു പെൺകുട്ടി നാഗപ്പൂരിൽ നിന്നു് ഞാനിരിക്കുന്ന കംപാർട്ട്മെന്റിലേക്കു കയറി. അവൾ ചുറ്റും കൂടിയ യുവാക്കന്മാരോടു വാതോരാതെ സംസാരിച്ചു; ചങ്ങമ്പുഴക്കവിത പോലെ. പ്രായം കൂടിയ എനിക്കു് ആ ചെറുപ്പക്കാരോടു് അസൂയ തോന്നി; എന്റെ ചില കൂട്ടുകാർക്കു്—കവികൾക്കു്—ചങ്ങമ്പുഴക്കവിതയുടെ നേർക്കുള്ള അസൂയപോലെ. തീവണ്ടി റണിഗുണ്ടയിലെത്തിയപ്പോൾ സിൽക്ക് പൈജാമയണിഞ്ഞ കാലുകളിൽ കൈകൾ കെട്ടി അവൾ സീറ്റിലിരുന്നു് ഉറങ്ങുകയായിരുന്നു. ആ നനുത്ത കൺപോളകളിൽ നാഗപ്പൂരിലെ സ്വപ്നങ്ങൾ തങ്ങിനില്ക്കുന്നു; ഇടപ്പള്ളി രാഘവൻ പിള്ള യുടെ കവിത പോലെ. ചെറുപ്പക്കാർ ഓരോരോ തീവണ്ടിയാപ്പീസുകളിൽ ഇറങ്ങിപ്പോയപ്പോൾ അവൾ വിൻഡോ സീറ്റിൽ ഒറ്റയ്ക്കിരുന്നു മന്ദസ്മിതം പൊഴിച്ചു; പി. കുഞ്ഞിരാമൻ നായരുടെ കവിത പോലെ. തീവണ്ടിയിലെ ഹിഗിൻബോത്തംസ് ബുക്ക്സ്റ്റാളിൽ നല്ല പുസ്തകമുണ്ടോ എന്നറിയാൻ വേണ്ടി ഞാൻ എഴുന്നേറ്റു നടന്നപ്പോൾ അവൾ ബഹുമാനം ഭാവിച്ചു് വടി പോലെ എഴുന്നേറ്റു നിന്നു; ഉള്ളൂർ പരമേശ്വരയ്യരു ടെ കവിത പോലെ. “കുട്ടി എവിടെ പഠിക്കുന്നു? എന്നെ അറിയാമോ? എന്താ പേരു്? എവിടെ പോകുന്നു?” എന്റെ ചോദ്യങ്ങൾ. “നാഗപ്പൂരിൽ കോമേഴ്സിനു പഠിക്കുന്നു. സാറിനെ ഇപ്പോൾ മനസ്സിലാക്കി ഇവിടെയിരുന്ന ഒരു ആൺകുട്ടി പറഞ്ഞു്. പേരു ജയലക്ഷ്മി. ആലുവയിലേക്കു പോകുന്നു. നാളെ എറണാകുളം മഹാരാജാസ് കോളേജിൽ വച്ചൊരു പരീക്ഷയുണ്ടു്”. എന്നു ഉത്തരം. എന്റെ ഒരു സ്നേഹിതന്റെ ധ്വനി പ്രധാനമല്ലാത്ത—വെറും വാച്യമായ—കവിത പോലെ. തീവണ്ടി ആലുവയിലെത്തിയപ്പോൾ കനത്ത ബാഗെടുത്തു തോളിൽ തൂക്കി എന്നോടു യാത്ര പറയാതെ ഇറങ്ങിയൊരു നടത്തം. തെല്ലൊരഹങ്കാരം, മനസ്സിലാകായ്ക; നവീന കവിത പോലെ.

പാപ്പരത്തം

ബ്യൂറോക്രസി നിലവിലിരിക്കുമ്പോൾ, അതു സമൂഹത്തെ നിയന്ത്രിക്കുമ്പോൾ തൊഴിലാളി സ്ത്രീകൾക്കു പ്രസവസമയത്തു ഡോക്ടറുടെ സഹായം ലഭിക്കാതെ മരിക്കേണ്ടി വരുമെന്നു് ഇരിങ്ങൾ കൃഷ്ണൻ “പിറന്നാൾ” എന്ന ചെറുകഥയിലൂടെ ഉദ്ഘോഷിക്കുന്നു (ദേശാഭിമാനി വാരിക, ലക്കം 27). നാണിക്കു പ്രസവവേദന തുടങ്ങിയപ്പോൾ അവളുടെ ഭർത്താവു് ഡോക്ടറുടെ അടുത്തേക്കു് ഓടി. ബൂർഷ്വാ വിഭാഗത്തിൽപെട്ടവർ കൊണ്ടുവന്നു കൊടുക്കുന്ന ക്രിസ്സ്മസ്സ് സമ്മാനങ്ങൾ വാങ്ങാനേ ഡോക്ടർക്കു സമയമുള്ളൂ. അയാൾ നാണിയെ നോക്കാൻ വന്നില്ല. അവൾ പ്രസവത്തോടു ബന്ധപ്പെട്ട രക്തസ്രാവത്താൽ മരണമടഞ്ഞു. ഇത്തരം കഥകളിലുള്ള കലയുടെ പാപ്പരത്തം ഞാൻ പറഞ്ഞിട്ടു വേണ്ട വായനക്കാർക്കു മനസ്സിലാക്കാൻ. വന്ധ്യത്വത്തിൽ നിന്നു് മാർക്സിസ്റ്റ് സാംസ്കാരിക നിരൂപണത്തെ രക്ഷിക്കാൻ ശ്രമിച്ച ഫ്രാങ്ക് ഫുർട്ട് സ്കൂളിലെ പ്രധാനന്മാരായിരുന്നു മാക്സ് ഹോർഹൈമറും വൊൾട്ടർ ബൻയമിനും റ്റേയോഡർ അഡോർനോയും ഹെർബർട്ട് മാർക്കൂസും. ഇവരിൽ ആദ്യത്തെയാൾ എഴുതിയ Art and Mass Culture എന്ന പ്രബന്ധത്തിൽ എല്ലാ മനുഷ്യരെയും ഒന്നുപോലെയാക്കുന്ന സമ്പദ്വ്യവസ്ഥയുടെ ‘പ്ലാസ്റ്റിക് സർജറി’യെ അധിക്ഷേപിച്ചിട്ടുണ്ടു്.

images/AdornoHorkheimer.jpg
ഹോർഹൈമറും അഡോർനോയും

ബ്യൂറോക്രസിയുടെ ആധിപത്യമുള്ളപ്പോൾ തൊഴിലാളികൾ മാത്രമല്ല ഇടത്തരക്കാരും ഡോക്ടറുടെ സഹായം കിട്ടാതെ മരിക്കും. സ്കൂട്ടറിൽ നിന്നു തെറിച്ചുവീണു ബോധംകെട്ട എന്റെ മകനെ ആശുപത്രിയിൽ എത്തിച്ചപ്പോൾ ഡ്യൂട്ടി ഡോക്ടർ വന്നൊന്നു നോക്കാനും “എക്സ്റേ” എന്നു എഴുതാനും അര മണിക്കൂർ. എക്സ്റേ എടുക്കുന്ന മുറിയിൽച്ചെന്നു് അടച്ചിട്ട വാതിലിനു് പത്തു മിനിറ്റ് ഇടികൊടുത്തതിനു ശേഷമേ ഉറക്കച്ചടവോടുകൂടി ഒരു സ്ത്രീ അതു തുറന്നുള്ളൂ. ഫോട്ടോ കിട്ടി അതിലൊന്നു കണ്ണോടിച്ചതിനു ശേഷം വാർഡ് നമ്പർ… എന്നെഴുതിയിടാൻ ഡോക്ടർക്കു് പിന്നെയും വേണ്ടി വന്നു പത്തു മിനിറ്റ്. “സീരിയസ്സാണോ ഡോക്ടർ?” എന്ന എന്റെ ചോദ്യത്തിനു് വാർഡ് നമ്പർ… ലേക്കു കൊണ്ടുപോകൂ എന്നു ദയാശൂന്യമായ മറുപടി. ലിഫ്റ്റിൽ കയറ്റി അവിടെ കൊണ്ടു ചെന്നു. മൂന്നു മണിക്കൂറോളം മകൻ ആരും നോക്കാതെ അവിടെക്കിടന്നു. എന്തുചെയ്യേണ്ടു എന്നറിയാതെ ഞാൻ അങ്ങോട്ടുമിങ്ങോട്ടും ഓടി. നൈറ്റ്ഡ്യൂട്ടി ഡോക്ടറെ വീട്ടിൽ നിന്നു് ആരോ വിളിച്ചുകൊണ്ടു വന്നപ്പോൾ എന്റെ മകൻ മരണത്തെ സമീപിച്ചു കഴിഞ്ഞു. പിന്നെ ഫലമില്ലാത്ത ശസ്ത്രക്രിയ. മരണം. ഇരിങ്ങൽ കൃഷ്ണൻ, ആശയത്തെ സംബന്ധിച്ചു് എനിക്കു താങ്കളോടു് യോജിപ്പുണ്ടു്. എന്നാൽ കലയുടെ കാര്യത്തിൽ നമ്മൾക്കു തമ്മിൽ യോജിപ്പില്ല.

സി. ഒ. കരുണാകര നോടൊരുമിച്ചു് ഒരു മീറ്റിങ്ങിനു ഞാൻ പോയപ്പോൾ കൂടെ പേരുകേട്ട ഒരു കവിയുമുണ്ടായിരുന്നു. അക്കാലത്തു് കരുണാകരനും എൻ. ഗോപാലപിള്ള യുമായി ഉണ്ടായ ഒരു വാദപ്രതിവാദത്തെക്കുറിച്ചു് കവി സംസാരിക്കാൻ തുടങ്ങി. കരുണാകരന്റെ വാദങ്ങൾ തെറ്റാണെന്നു് അദ്ദേഹം തുറന്നു പറഞ്ഞു. കരുണാകരൻ കോപിച്ചു. കാറിന്റെ നാലു വശവുമടഞ്ഞ സ്ഥലത്തിരിക്കുന്നവർ സമന്മാരാണെന്നു കവി തെറ്റിദ്ധരിച്ചു. അങ്ങനെയല്ലെന്നു സി. ഒ. കരുണാകരൻ കോപത്തിലൂടെ വ്യക്തമാക്കി. ചെറുകഥ സമ്മേളനമെന്ന ലക്ഷ്യത്തിലേക്കു കുതിക്കുന്ന മോട്ടോർ കാറാണു്. അതിലിരിക്കുന്ന കഥാകാരനും വായനക്കാരും ഒന്നുപോലെയാണെന്നു് വായനക്കാർക്കു തോന്നണം.

ഹാസ്യകഥ
images/Mikes.jpg
ജോർജ്ജ് മൈക്ക്സ്

“പ്ലേബോയ് ജോക്കു”കളെ കഥയായും കവിതയായും മലയാളത്തിന്റെ മണ്ണിൽ കൊണ്ടു നേടുന്നവർ ധാരാളം. ഹാസ്യകഥയോ ഹാസ്യകാവ്യമോ എഴുതാത്ത എനിക്കതിന്റെ അവശ്യമില്ല. ഒരിക്കലോ, മറ്റോ ജോർജ്ജ് മൈക്ക്സി ന്റെ ഒരു ഹാസ്യകഥയെ കേരളത്തിന്റെ അന്തരീക്ഷം നല്കി സാഹിത്യവാരഫലത്തിൽ ഞാൻ കൊണ്ടുവന്നിട്ടുണ്ടു്. ആ കടപ്പാടു് ഞാനതിൽ വ്യക്തമാക്കിയിരുന്നു താനും. ഇപ്പോഴും ഒരു ‘പ്ലേബോയ്’ നേരമ്പോക്കു മലയാളത്തിലേക്കു കൊണ്ടുവരുന്നു.

ഒരുത്തൻ പറഞ്ഞു: “എന്റെ ലൈംഗികജീവിതത്തിന്റെ തകരാറുകൾ എനിക്കും ഭാര്യയ്ക്കും രാത്രി കിടക്കാൻ രണ്ടു കിടക്കൾ ഒരുക്കിയതോടെ പരിഹരിക്കപ്പെട്ടിരിക്കുന്നു”. ഇതുകേട്ട അയാളുടെ കൂട്ടുകാരൻ ചോദിച്ചു: “അതെങ്ങനെ?” അയാൾ മറുപടി പറഞ്ഞു: “ഭാര്യ നെടുമങ്ങാട്ടുള്ള അവളുടെ കിടപ്പു മുറിയിൽ ഉറങ്ങുന്നു; ഞാൻ തിരുവനന്തപുരത്തുള്ള ലോഡ്ജിലെ മുറിയിലും ഉറങ്ങുന്നു”.

images/VeloorKrishnankutty.jpg
വേളൂർ കൃഷ്ണൻകുട്ടി

ദാമ്പത്യജീവിതത്തിന്റെ വൈരസ്യത്തെ ഈ നേരമ്പോക്കു ചിരി കലർത്തി ആവിഷ്കരിക്കുന്നു. മധുവിധു കഴിഞ്ഞാൽ ഭാര്യയ്ക്കും ഭർത്താവിനും തമ്മിൽ അകൽച്ചയായി. നിരാകരണം, ആശ്രിതത്വം, പാരതന്ത്ര്യം, ദുശ്ശങ്ക, അസൂയ ഇവയാണു് ദാമ്പത്യജീവിതത്തെ തകർക്കുന്നതു്. ദുശ്ശങ്കയ്ക്കാണു് ഇവയിൽ പ്രധാന സ്ഥാനം. ഉറച്ച “ആത്മബോധ”ത്തിന്റെ കുറവാണു് ദുശ്ശങ്കയ്ക്കു ഹേതു. സ്ത്രീ (പുരുഷനും) ഇല്ലാത്ത ദുർഭൂതത്തെ സൃഷ്ടിച്ചു വയ്ക്കുന്നു. അയാൾ ആകാശത്തേയ്ക്കു നോക്കിയതു് അടുത്ത വീട്ടിലെ രണ്ടാമത്തെ നിലയിൽ നില്ക്കുന്ന അതിസുന്ദരിയെ കാണാനാണെന്നു് അവൾ തീരുമാനിക്കുന്നു. അതോടെ അസ്വസ്ഥതയായി, വഴക്കായി അതിസുന്ദരി ദുർഭൂതമായി മാറുകയാണിവിടെ. വേളൂർ കൃഷ്ണൻകുട്ടി യുടെ സുന്ദരമായ ‘വാലില്ലാത്ത നക്ഷത്രം’ എന്ന ഹാസ്യകഥയിൽ (മനോരമ ആഴ്ചപ്പതിപ്പു്) ദുശ്ശങ്കയ്ക്കു—ജലസിക്കു്—ഏതു പരിധി വരെ ചെല്ലാനാവുമെന്നു് സ്പഷ്ടമാക്കിയിരിക്കുന്നു. സ്ഥൂലീകരണമില്ലാത്ത, അത്യുക്തിയില്ലാത്ത സ്വാഭാവികതയാർന്ന ഹാസ്യകഥയാണിതു്. വക്രോക്തികൊണ്ടും വലിച്ചിഴച്ചു കൊണ്ടു വരുന്ന അലങ്കാരങ്ങൾ കൊണ്ടും ഹാസ്യം ജനിപ്പിക്കാൻ കൃഷ്ണൻകുട്ടിക്കു് മുമ്പുണ്ടായിരുന്ന പ്രവണത വളരെ കുറഞ്ഞിരിക്കുന്നു എന്നതിനും ഇക്കഥ നിദർശകമാണു്. ഒരു കാര്യം കൂടി. വേളൂർ കൃഷ്ണൻകുട്ടിക്കു് ഹാസ്യകഥകളെഴുതാൻ പ്ലേബോയ് ജോക്കകളെ അവലംബിക്കേണ്ട ആവശ്യമില്ല. തികച്ചും കേരളീയമാണു് അദ്ദേഹത്തിന്റെ ഹാസ്യം.

ടാഗോർ വലിയ പിശുക്കനായിരുന്നു. തീവണ്ടി ഒരു സ്റ്റേഷനിൽ വന്നുനിന്നപ്പോൾ ഒരു യാചകൻ അദ്ദേഹത്തിന്റെ നേർക്കു കൈനീട്ടി. ടാഗോർ തന്റെ നീണ്ടയുടുപ്പിന്റെ കിണറു പോലുള്ള കീശയിൽ കൈയിട്ടു നാണയം തപ്പിത്തുടങ്ങി. തീവണ്ടി ചൂളം വിളിച്ചു നീങ്ങിയിട്ടും അദ്ദേഹത്തിന്റെ കൈയിൽ നാണയം കിട്ടിയില്ല. ഇതുകണ്ടു് അദ്ദേഹത്തിന്റെ ബന്ധുവായ ഒരു സ്ത്രീ നാണയം സ്വന്തം പേഴ്സിൽ നിന്നെടുത്തു് യാചകന്റെ കൈയിൽ ഇട്ടുകൊടുത്തു. ടാഗോർ ചിരിച്ചുകൊണ്ടു് പറഞ്ഞു: “ഇതാണു് വിദ്യ. തീവണ്ടി നീങ്ങുന്നതുവരെ കീശയുടെ ആഴത്തിൽ നാണയം തപ്പിക്കൊണ്ടിരിക്കണം. വീണ്ടും വീണ്ടും തപ്പണം. അപ്പോഴേക്കും തീവണ്ടി നീങ്ങിത്തുടങ്ങും”.

കാപ്പികുടി കഴിഞ്ഞു് ചിലർ ട്രൗസർ പോക്കറ്റിന്റെ അഗാധതയിൽ നിന്നു് കർചീഫ് വലിച്ചെടുത്തു് ചിറി തുടയ്ക്കുന്നതു ഞാൻ കണ്ടിട്ടുണ്ടു്. ഹാസ്യം ഇതുപോലെ വലിച്ചെടുക്കുന്നതു് ആവരുതു്. നെഹ്റു വിന്റെ കോട്ടിലെ പനിനീർപ്പൂ പോലെ അതു് ഉപരിതലത്തിൽ തിളങ്ങണം. ഒരു നിമിഷംകൊണ്ടു് അതു് അവിടെ നിന്നു വേർപെടുത്തിയെടുക്കാൻ കഴിയുന്നതാവണം.

ഗർഭം, പ്രസവം
images/Mundassery.jpg
ജോസഫ് മുണ്ടശ്ശേരി

ഏതാനും വർഷം മുൻപു് ഞാൻ കൊച്ചിയിൽ വച്ചു് ഒരു മദാമ്മ യുവതിയെ പരിചയപ്പെട്ടു. കേരളത്തിലെ പേരുകേട്ട ഒരു നൃത്തവിദ്യാലയത്തിൽ നൃത്തം പഠിക്കുകയായിരുന്നു അവർ. ഞങ്ങൾ രണ്ടു പേരും പിന്നെ വേറെ ചിലരും ഒരു മീറ്റിങ്ങിനു് ഒരുമിച്ചു കൂടിയവരാണു്. എനിക്കു പ്രഭാഷണം: മദാമ്മയ്ക്കു് നവരസാഭിനയം. എന്റെ പ്രഭാഷണം കഴിഞ്ഞു ആംഗല വനിതയ്ക്കു് ഒന്നും മനസ്സിലായിരിക്കില്ല. എങ്കിലും ഇംഗ്ലീഷുകാരുടെ കപട സംസ്കാരത്തിന്റെ പേരിൽ എന്തെങ്കിലും അഭിനന്ദനസൂചകമായി പറയണമല്ലോ അവർക്കു്. അതുകൊണ്ടു് അവർ എന്റെ പരുഷമായ ശബ്ദത്തെ വാഴ്ത്തി. “Mr. Krishnan Nair. Your voice is wonderful”. അതുകേട്ടു് എന്റെ ശിഷ്യനും കൊച്ചിയിലെ ഒരു കോളേജിലെ പ്രിൻസിപ്പലുമായ മാന്യൻ പുഞ്ചിരിതൂകി. ‘Thank you madam’ എന്നു ഞാൻ. ഉടനെ സുന്ദരിയായ—അതി സുന്ദരിയായ—മദാമ്മ “Mr. Krishnan Nair, don’t call me madam: call me Jane” (പേരു മാറ്റി എഴുതിയിരിക്കുന്നു) എന്നു പറഞ്ഞു. ഇതിനു ശേഷം അവരുടെ നവരസാഭിനയം. കരുണം അഭിനയിച്ചപ്പോൾ ഹാസ്യമായിത്തോന്നി എനിക്കു്. വീരം ശാന്തമായി. ശൃംഗാരം ബീഭത്സവും. പടിഞ്ഞാറൻ വനിതകളും യുവാക്കന്മാരും കേരളത്തിലെത്തി ഇവിടത്തെ കലയും സാഹിത്യവും പഠിക്കാൻ തുടങ്ങുമ്പോഴെല്ലാം ഈ നപുംസകത്വം സംഭവിക്കാറുണ്ടു്. ഇതിനെ ഒന്നു പരിഹസിക്കുകയാണു് കുങ്കുമം വാരികയിൽ ‘മൂഷികന്റെ വാലും മുരുകന്റെ വേലും’ എന്ന കഥയെഴുതിയ എസ്. ഹരികൃഷ്ണൻ, മെഡിക്കൽ കോളേജിലെ കുട്ടികൾ ശവം കീറി കുടലെടുത്തു വെളിയിലിട്ടു നോക്കി പഠിക്കുന്നു. നല്ല ഉദ്ദേശ്യമാണവർക്കു്. പടിഞ്ഞാറു നിന്നു സായ്പന്മാരും മദാമ്മമാരും ഇവിടെ വന്നു് കലയുടെ വയറു കീറി കുടലെടുത്തു വെളിയിലിടുന്നു. അവരുടെ ‘കൺസെപ്ഷൻ’ കൊള്ളാം. ‘എക്സിക്യൂഷൻ’ കൊള്ളുകില്ല. ഹരികൃഷ്ണന്റെ കൺസെപ്ഷനും ഡലിവറിയും നന്നായിട്ടുണ്ടു്.

മാനിഫെസ്റ്റോ
  1. ആധുനികോത്തരന്മാരുടെയും ആധുനികോത്തരോത്തരന്മാരുടെയും സംഘടനയാണിതു്. യുവാക്കന്മാർക്കു് ഈ സംഘടനയിൽ അംഗങ്ങളാവാം. പുനർജ്ജനി, ആർത്തവരക്തം, രതിസുഖ മദാലസ്യം എന്നീ വാക്കുകൾ ആവർത്തനത്തോടും അർത്ഥരാഹിത്യത്തോടും അവർ രചനകളിൽ പ്രയോഗിച്ചിരിക്കണമെന്നേയുള്ളു. യുവാക്കന്മാർക്കാണു് പ്രവേശമെങ്കിലും കോവിലനെ പ്പോലുള്ള പ്രായം കൂടിയ ‘ഒബ്സ്കുറാന്റിസ്റ്റുകൾ’ക്കും (Obscurantist) പ്രവേശമുണ്ടു്.
  2. അംഗങ്ങൾ ജോസഫ് മുണ്ടശ്ശേരി, ഡോക്ടർ കെ. ഭാസ്കരൻ നായർ എന്നീ വലിയ ആളുകളെയും ലിറ്റററി ആസ്ട്രോളജറായി നടക്കുന്ന അല്പജ്ഞനായ ആ പഴയ വാദ്ധ്യാരെയും അറുപഴഞ്ചന്മാരായിക്കരുതി രചനകളിലൂടെയും സായാഹ്നവേളകളിലെ സംഭാഷണങ്ങളിലൂടെയും തേജോവധം ചെയ്യണം. വേണ്ടി വന്നാൽ ദുഷ്പ്രവാദവും ആകാം. കുട്ടിക്കൃഷ്ണമാരാരെ പൊക്കണം. അതൊരു ഡക്ക് വേലയാണു്.
  3. അറുപഴഞ്ചന്മാർക്കു് ആധുനികോത്തരന്മാരോടു വ്യക്തിനിഷ്ഠമായ ശത്രുതയില്ലെങ്കിലും ഈ സംഘടനയിലെ അംഗങ്ങൾ ആ അറുപഴഞ്ചന്മാരോടു ശത്രുതയുള്ളവരായിരിക്കണം. സംഘടനയുടെ ആശയസംഹിതയെ എതിർക്കുന്ന അവരെക്കുറിച്ചു് ഏതു ആഭാസകഥയും പ്രചരിപ്പിക്കാം. പ്രചരിപ്പിക്കണം.
  4. സംഘടനയുടെ വകയായി ഒരു വാരിക തുടങ്ങണം. അതിനു ‘രതിസുഖസുതാര്യം’ എന്നായിരിക്കണം പേരു്.
  5. അംഗങ്ങൾ തെറ്റു കൂടാതെയോ ദുർഗ്രഹത ഇല്ലാതെയോ ഏതെങ്കിലും എഴുതിയാൽ സംഘടനയുടെ എക്സിക്യൂട്ടീവ് കൗൺസിൽ യോഗം ചേർന്നു് അവരെ ശിക്ഷിക്കാനുള്ള നടപടിയെടുക്കണം.
  6. പ്രവേശനഫീസ് ഇല്ല. എങ്കിലും ഒബ്സ്കുറാന്റിസത്തിലൂടെ യോഗ്യത തെളിയിച്ചാലേ അംഗത്വം നല്കപ്പെടുകയുള്ളു. “ജയ് പുനർജനി” “ജയ് ആർത്തവം” “ജയ് രതിമൂർച്ഛ” ഇതായിരിക്കണം സംഘടനാംഗങ്ങൾ ജാഥ നയിക്കുമ്പോഴുള്ള മുദ്രാവാക്യങ്ങൾ.
ഡോക്ടർ കെ. ഭാസ്കരൻ നായർ
images/BhaskarannairDrK.jpg
ഡോ. കെ. ഭാസ്കരൻ നായർ

ഡോക്ടർ കെ. ഭാസ്കരൻ നായരുടെ “ആധുനികശാസ്ത്രവും ആത്മജ്ഞാനവും” എന്ന ഗ്രന്ഥം വിമർശിക്കുന്ന നിത്യചൈതന്യയതി എഴുതുന്നു: “വളരെ ആഴത്തിൽ ചിന്തിക്കുകയും അതിലും അധികമായി വൈചാരികവും വൈകാരികവുമായി ഈ രാജ്യത്തെ ഉൽകടമായി സ്നേഹിച്ചുകൊണ്ടു് അതിന്റെ നന്മയ്ക്കുവേണ്ടി ജീവിക്കുകയും ചെയ്ത ഈ പണ്ഡിതവരേണ്യന്റെ ചിന്താശകലങ്ങൾ സൂക്ഷിക്കത്തക്കവിധം പുസ്തകത്തിൽ ലഭിച്ചതു ഭാഗ്യം തന്നെ” (മാതൃഭൂമി, ലക്കം 43). നിത്യചൈതന്യയതിയുടെ ഈ നിരീക്ഷണം പ്രതിപദം പ്രത്യക്ഷരം ശരിയാണു്. എനിക്കു മറ്റൊരാളെപ്പോലെയാകണം ആ മനുഷ്യന്റെ ഉത്കൃഷ്ടങ്ങളായ ഗുണങ്ങൾ എനിക്കും ഉണ്ടാകണം എന്നു ഞാൻ വിചാരിക്കുമ്പോൾ ആ ആളിനെ ഞാൻ ആരാധിക്കുന്നു എന്നു് അർത്ഥം. ഡോക്ടർ കെ. ഭാസ്കരൻ നായർ എന്നെ സുവോളജി പഠിപ്പിച്ചപ്പോൾ എനിക്കു് അദ്ദേഹത്തെപ്പോലെ കഴിവുള്ള അദ്ധ്യാപകനാകണമെന്നു തോന്നി. നീതിതല്പരനായ അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ കണ്ടപ്പോൾ എനിക്കും അദ്ദേഹത്തെപ്പോലെ നീതിതല്പരനാകണമെന്നു തോന്നി. ഡോക്ടർ ഭാസ്കരൻ നായരുടെ ഗ്രന്ഥങ്ങൾ വായിച്ചു് അവയിലെ ശൈലീവിശേഷത്തിന്റെ ലഹരിയിൽ മുഴുകിയപ്പോൾ എനിക്കും അദ്ദേഹത്തെപ്പോലെ പ്രഗൽഭനായ എഴുത്തുകാരൻ ആകണമെന്നു തോന്നി. ആഗ്രഹങ്ങൾ കുതിരകളായിരുന്നെങ്കിൽ യാചകർ കുതിരസ്സവാരി ചെയ്യുമായിരുന്നു. എന്റെ ഒരഭിലാഷവും സഫലീഭവിച്ചില്ല. ഭാസ്കരൻ നായർ സാർ എന്നെ തിരുവനന്തപുരത്തു നിന്നു ചിറ്റൂരേക്കു മാറ്റി കഷ്ടപ്പെടുത്തിയതേയുള്ളൂ. എന്റെ ആരോഗ്യവും സ്വല്പമായ പണവും നഷ്ടപ്പെടുത്തിയതു് ആ സ്ഥലം മാറ്റമാണു്. എങ്കിലും മഹാനായ എന്റെ ഗുരുനാഥനെ ഞാനിപ്പോഴും സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നു. അദ്ദേഹം ഇന്നില്ലാത്തതിൽ ഞാൻ ദുഃഖിക്കുകയും ചെയ്യുന്നു. ഡോക്ടർ ഭാസ്കരൻ നായരെക്കുറിച്ചു് സത്യം മാത്രം എഴുതിയ നിത്യ ചൈതന്യയതിക്കു് എന്റെ പ്രണാമം.

സർക്കാരിനു് എതിരായുള്ള ജാഥ. മുദ്രാവാക്യങ്ങൾ അന്തരീക്ഷത്തെ കിടിലം കൊള്ളിക്കുന്നു. ജാഥയിലെ ഒരാൾ ബീഡി വലിച്ചുകൊണ്ടു നടക്കുകയാണു്. ജാഥയുടെ പാവനത്വം തകർന്നു. മദ്ധ്യപ്രദേശത്തു് ഒരിടത്തു കണ്ടതാണു്. ഒരു വൈദികന്റെ മൃതദേഹം എല്ലാ ബഹുമതികളോടുംകൂടി കൊണ്ടുപോകുന്നു. ഒരു നായ് ദണ്ഡയാത്രയുടെ മുൻപിൽ, ഒരു മരച്ചുവട്ടിൽ വന്നു നിന്നു് ഒരു കാലു് പൊക്കുന്നു. മണ്ണു നനയുന്നു. ആ ‘പ്രൊസഷന്റെ’ പാവനത്വം തകർന്നു. സംസ്കൃതം അറിയാവുന്ന ഒരാൾ എഴുതിയ ലേഖനത്തിൽ ‘അദ്ഭുതം’ എന്ന അർത്ഥത്തിൽ ‘അതിശയം’ എന്നെഴുതിയിരിക്കുന്നു. ആ പ്രബന്ധവും തകർന്നു.

Colophon

Title: Sāhityavāraphalam (ml: സാഹിത്യവാരഫലം).

Author(s): M Krishnan Nair.

First publication details: Kalakaumudi Weekly; Trivandrum, Kerala; 1984-01-22.

Deafult language: ml, Malayalam.

Keywords: M Krishnan Nair, Sahityavaraphalam, Weekly Lietrary Column, സാഹിത്യവാരഫലം, എം കൃഷ്ണൻ നായർ, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: September 4, 2021.

Credits: The text of the original item is copyrighted to J Vijayamma, author’s inheritor. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-NC-SA 4​.0). Any reuse of the material should credit the Sayahna Foundation, only noncommercial uses of the work are permitted and adoptations must be shared under the same terms.

Production history: Data entry: MS Aswathi; Proofing: Abdul Gafoor; Typesetter: Anupa Ann Joseph; Digitizer: KB Sujith; Encoding: JN Jamuna.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.