സാഹിത്യവാരഫലം
എം കൃഷ്ണൻ നായർ
(കലാകൗമുദി വാരിക, 1984-01-29-ൽ പ്രസിദ്ധീകരിച്ചതു്)

images/MadhavikkuttiKathakal.jpg

ഞാനിപ്പോൾ ട്രാൻസ്പോർട്ട് ബസ്സിൽ അങ്ങനെ കയറാറില്ല. ഓട്ടോറിക്ഷാക്കാരോ ടാക്സിക്കാറുകാരോ പണിമുടക്കിയാൽ മാത്രമേ ബസ്സിനെ ശരണം പ്രാപിക്കാറുള്ളൂ. ഒന്നുകിൽ നടക്കും, അല്ലെങ്കിൽ ഓട്ടോറിക്ഷയിൽ കയറും. ഒരു ദിവസം (അന്നു് ഓട്ടോറിക്ഷയും കാറും പണിമുടക്കി കിടക്കുകയായിരുന്നു) ശാസ്തമംഗലത്തു നിന്നു സിറ്റി ബസ്സിൽ കയറി. വെള്ളയമ്പലം, മ്യൂസിയം ജങ്ഷൻ, പാളയം ഈ സ്ഥലങ്ങൾ കടന്നു് ബസ്സ് കിഴക്കേക്കോട്ടയിലേക്കു പോകും. എനിക്കു് ഇറങ്ങേണ്ടതു പാളയത്താണു്. എന്നാൽ ബസ്സ് മ്യൂസിയം ജങ്ഷനിൽ എത്തിയപ്പോൾ ശ്രദ്ധയില്ലാത്ത ഞാൻ അവിടമാണു് പാളയമെന്നു കരുതി ഇറങ്ങിക്കളഞ്ഞു. ‘ഓ! തെറ്റിപ്പോയി’ എന്നു പറഞ്ഞു് വീണ്ടും ബസ്സിൽ കേറാമായിരുന്നു എനിക്കു്. കണ്ടക്ടർ എന്റെ ശിഷ്യൻ രാജശേഖരൻ. എങ്കിലും ഇളിഭ്യനായി തിരിച്ചു കയറാൻ വൈഷമ്യം തോന്നി. അതുകൊണ്ടു് മ്യൂസിയം ജങ്ഷനിൽ നിന്നു പാളയത്തേക്കു് ഞാൻ നടന്നു. മുക്കാൽ മൈലോളം വരും നടത്തം. പ്രയാസപൂർണ്ണമാണെങ്കിലും അഭിമാനസംരക്ഷണത്തെ കരുതി നടന്നു. ഇറങ്ങേണ്ട സ്ഥലത്തു തന്നെ ഇറങ്ങുന്നവനേ ഇന്നുവരെ വിജയം കൈവരിച്ചിട്ടുള്ളു. രാഷ്ട്രീയ പ്രവർത്തകരും സാഹിത്യകാരന്മാരും ജയ പതാകയുമായി മുന്നേറുന്നതു നമ്മൾ കാണുന്നുണ്ടു്. അവർ മ്യൂസിയം ജങ്ഷനിൽ ഇറങ്ങിയവരല്ല. പാളയത്തു തന്നെ ബസ്സിൽ നിന്നു കാലെടുത്തു കുത്തിയവരാണു്. മ്യൂസിയം ജങ്ഷനിൽ ‘ആബ്സന്റ് മൈൻഡഡാ’യി ഇറങ്ങിപ്പോയവർ പലരുണ്ടു് സാഹിത്യത്തിന്റെ സാമ്രാജ്യത്തിൽ. ബോർഹേസ്, ഗ്യുന്തർ ഗ്രാസ്സ്, ഗ്രേയം ഗ്രീൻ, മീലാൻ കൂൻഡേര ഇവർ അക്കൂട്ടരിൽ ചിലർ മാത്രം. ഇറങ്ങേണ്ടിടത്തു തന്നെ ഇറങ്ങിയവരാണു് ചെസ്വാഫ് മീവാഷ്, വില്യം ഗോൾഡിങ്, പേൾ ബക്ക്, സ്റ്റൈൻബക്ക്, സോൾഷെനിറ്റ്സ്യൻ എന്നിവർ. 1980-തൊട്ടുള്ള മൂന്നു വർഷക്കാലത്തെ മലയാളസാഹിത്യം പരിശോധിച്ചാൽ, സർഗ്ഗാത്മകസാഹിത്യം എന്ന സവിശേഷമായ വിഭാഗം നിരീക്ഷണം ചെയ്താൽ ഒറ്റക്കൃതിയേ മയൂഖമാലകൾ വീശിനില്ക്കുന്നതായി ഭാവുകന്മാർ കാണുകയുള്ളു. അതു “മാധവിക്കുട്ടിയുടെ കഥകൾ” മാത്രമാണു് (പ്രസാധനം 1982). പക്ഷേ, മാധവിക്കുട്ടി ഒരു ശ്രദ്ധയുമില്ലാതെ സഞ്ചരിക്കുന്നവരാണു്. എത്തേണ്ടിടത്തു് എത്തുന്നതിനു മുൻപു് അവർ “ശകടാവരോഹം” നടത്തിക്കളയും. മാധവിക്കുട്ടിയെപ്പോലുള്ളവർക്കു പ്രൊഫസർ വി. കെ. ഗോക്കക്കി ന്റെ അനുഗ്രഹം ഉണ്ടാവുകയില്ല. ഇവിടെ ഒരു ചോദ്യം. ബസ്സിൽ സഞ്ചരിക്കാതെ സ്വന്തം കാറിൽ സഞ്ചരിക്കുന്നവരോ? അവർ എത്തേണ്ടിടത്തു് എത്തുകില്ലേ? അവർ എന്നും കാലത്തു് ഷെഡ്ഡിൽ നിന്നു് കാറ് പുറത്തേക്കു് ഇറക്കുന്നതിനു മുൻപു് ‘വീല്’ ഉറച്ചിരിക്കുകയാണോ എന്നു പരിശോധിക്കണം. ഉറച്ചിട്ടില്ലെങ്കിൽ തനിയെ ഉറപ്പിക്കണം. അതിനു് അറിഞ്ഞുകൂടെങ്കിൽ വിദഗ്ദ്ധന്മാരിൽ ആരെയെങ്കിലും വിളിച്ചു് അതു് ഉറപ്പിക്കണം. കാറിൽ കയറി ലക്ഷ്യസ്ഥാനത്തു ചെല്ലുന്നവർ എന്നും ‘വീല്’ സ്വയം ഉറപ്പിക്കുകയോ മറ്റുള്ളവനെക്കൊണ്ടു് ബലപ്പെടുത്തിവയ്ക്കുകയോ ചെയ്യുന്നവരാണു്. അല്ലാത്തവർ മാധവിക്കുട്ടിയെപ്പോലെ കാർ ബ്രേക്ക്ഡൗണായി വഴിയിൽ കിടക്കും.

സുപ്രീം കോർട്ട് ജഡ്ജി ഒരു തീരുമാനത്തിലെത്തിയാൽ അതു മാറ്റാൻ ആർക്കും അധികാരമില്ല. കേരളത്തിലെ ഏറ്റവും വലിയ ഗൈനീക്കോളജിസ്റ്റാണു് ഡോക്ടർ ജി. വേലായുധൻ. അദ്ദേഹം രോഗിണിയെ പരിശോധിച്ചു് ‘ഹിസ്റ്ററക്ടമി’ (ഗർഭാശയം മാറ്റാനുള്ള ശസ്ത്രക്രിയ) വേണമെന്നു പറഞ്ഞാൽ അതു നടത്തുക തന്നെ വേണം. ടോൾസ്റ്റോയി ഇതിഹാസമെഴുതിയാൽ അതു് ഇതിഹാസം തന്നെ. റെയ്ഗൻ ന്യൂക്ലിയർ ആയുധം ഉപയോഗിക്കുമെന്നു പറഞ്ഞാൽ ഉപയോഗിച്ചതു തന്നെ. കാളിദാസൻരഘുവംശ’മെഴുതാൻ തീരുമാനിച്ചാൽ അദ്ദേഹത്തിന്റെ ആ മഹാകാവ്യത്തെക്കാൾ മനോഹരമായ മറ്റൊരു മഹാകാവ്യം ഉണ്ടാവുകയില്ല. വി. കെ. ഗോക്കക്ക് ഒന്നു തീരുമാനിച്ചാൽ അതു് അന്തിമ നിശ്ചയം തന്നെ. ജഡ്ജിയും ഡോക്ടറും നോവലിസ്റ്റും കവിയും ജയിക്കട്ടെ.

തകഴിയും ഇടപ്പള്ളിയും

പ്രതിഭാശാലിയായ ഇടപ്പള്ളി രാഘവൻ പിള്ള യെ ഞാൻ രണ്ടോ മൂന്നോ തവണ കണ്ടിട്ടുണ്ടു്. ഞാനന്നു് കൗമാരം കടന്നിട്ടില്ലാത്തവനായിരുന്നു. എങ്കിലും അദ്ദേഹം സൗജന്യത്തോടെ എന്നോടു സംസാരിച്ചിട്ടുണ്ടു്. തകഴി “ആത്മകഥ—ചില ഇതളുകൾ” എന്നതിൽ എഴുതിയതുപോലെ തന്നെയാണു് ഞാനും രാഘവൻ പിള്ളയെ കണ്ടതു്. അദ്ദേഹം വിഷാദഗ്രസ്തനായിരുന്നില്ല. ചങ്ങമ്പുഴ യെപ്പോലെ ഇടപ്പള്ളി നേരമ്പോക്കു പറയുമായിരുന്നില്ല. ചങ്ങമ്പുഴയെപ്പോലെ വാതോരാതെ സംസാരിക്കുന്ന ആളുമല്ലായിരുന്നു ഇടപ്പള്ളി. പക്ഷേ, അദ്ദേഹം ശോകഭാരവും കൊണ്ടു നടന്ന ആളായിരുന്നുവെന്നു പറയാൻ പ്രയാസമുണ്ടു്. അദ്ദേഹം വിഷാദവും നൈരാശ്യവും ഉള്ളിൽ ഒളിച്ചു വച്ചിരുന്നിരിക്കാം.

സാധാരണമായി നാല്പത്തഞ്ചിനും അമ്പത്തഞ്ചിനും വയസ്സിനിടയ്ക്കുള്ള സ്ത്രീകളും അറുപത്തഞ്ചു വയസ്സു കഴിഞ്ഞ പുരുഷന്മാരും ആത്മഹത്യയ്ക്കു് ആലോചിക്കുന്നു; ചിലർ ആത്മഹത്യ ചെയ്യുന്നു. (സായ്പ് പറഞ്ഞതാണിതു്. നമ്മുടെ നാട്ടിലുള്ളവർക്കു് ഇതു യോജിക്കുമോ എന്നു് അറിഞ്ഞുകൂടാ.) ‘ജീവിതം വ്യർത്ഥമാണെന്നു തോന്നുന്നതു് ഈ കാലയളവിലായിരിക്കാം. യുവാവായിരുന്നു ഇടപ്പള്ളി. വ്യർത്ഥതയുടെ ബോധവും ഏകാന്തതയുടെ വിഷാദവും അന്തരംഗത്തിൽ കൊണ്ടു നടക്കുകയും അവയുടെ പരകോടിയിൽ അദ്ദേഹം ജീവിതം അവസാനിപ്പിക്കുകയും ചെയ്തുവെന്നു വിചാരിക്കാം. അച്ഛന്റെ ജയിൽവാസവും തന്റെ പരീക്ഷയിലുളവായ പരാജയവും ചങ്ങമ്പുഴയുടെ മഹായശസ്സും തന്റെ നിർദ്ധനത്വവും പ്രണയഭംഗവും അവയുടെ ശക്തി കൂട്ടിയിരിക്കാം. ഒരു ദിവസം സന്ധ്യയോടു് അടുപ്പിച്ചു് വഞ്ചിയൂർവച്ചു് (തിരുവനന്തപുരത്തെ ഒരു പ്രദേശം) യാത്ര പറയുന്നതിനു മുൻപു് രാഘവൻ പിള്ള എന്നോടു പറഞ്ഞു: “എന്റെ കവിതയാണു് ചങ്ങമ്പുഴയുടെ കവിതയെക്കാൾ നല്ലതു്. എങ്കിലും ചങ്ങമ്പുഴയ്ക്കാണു് കീർത്തി”. കവി തന്റെ ഉപബോധമനസ്സിനെ പ്രകാശിപ്പിച്ച സന്ദർഭമായിരുന്നു അതു്.

ഇടപ്പള്ളിയെ ‘എക്സിസ്റ്റെൻഷ്യൽ ഔട്ട് സൈഡറാ’യിക്കാണുന്ന നവീനനിരൂപണത്തെ തകഴി കളിയാക്കുന്നു. വെറും കളിയാക്കലല്ല അതു്. സത്യത്തിൽ ഉറച്ചതാണു് ആ അധിക്ഷേപം. ഒരു വാക്കു കൂടി. തകഴിക്കു മാത്രം നല്ലപോലെ അറിയാവുന്ന ഒരു കാലയളവിനെക്കുറിച്ചു്, ഒരു വ്യക്തിയെക്കുറിച്ചു് എഴുതുമ്പോൾ ബഹിർഭാഗസ്ഥമായ പ്രതിപാദനമല്ല വായനക്കാർ പ്രതീക്ഷിക്കുക. തുടർന്നു വരുന്ന ഭാഗങ്ങളിൽ അദ്ദേഹം ഗഹനമായി എഴുതുമോ എന്ന കാര്യം എനിക്കറിഞ്ഞുകൂടാ. 435-ആം ലക്കം കലാകൗമുദിയിലെ ലേഖനം തികച്ചും അപര്യാപ്തമാണു്. ഇടപ്പള്ളി രാഘവൻ പിള്ളയുടെയും അദ്ദേഹം ജീവിച്ചിരുന്ന കാലയളവിന്റെയും ക്ഷോഭങ്ങളെവിടെ? ഉൽകടവികാരങ്ങളെവിടെ? അന്നത്തെ സമുദായത്തിന്റെ ചിത്രങ്ങളെവിടെ? അവ കണ്ടു് തകഴിക്കു് ഏതുവിധത്തിലുള്ള പ്രതികരണമുണ്ടായി? ഇതൊക്കെ അറിയാനായി വായനക്കാർ വാരിക കൈയിലെടുക്കുമ്പോൾ ഇടപ്പള്ളിയുടെ മരണത്തിന്റെ ശൂന്യത തകഴിയുടെ രചനയിലും.

ജീവിതാവബോധം
images/Ramkumarartist.jpg
രാംകുമാർ

സഹ്യപർവ്വതത്തിന്റെ കൊടുമുടികൾ സന്ധ്യാവേളയിൽ ഇരുളുന്നതു് ഞാൻ കണ്ടിട്ടുണ്ടു്. ഞാൻ കണ്ടിട്ടുണ്ടു് രാത്രി കടലു പോലെ ദേവികുളം എന്ന പ്രദേശത്തെ ഗ്രസിക്കുന്നതു്. വൃക്ഷങ്ങൾ അവിടെ നിശ്ചലങ്ങളായി ഭവിക്കുന്നതു് ഞാൻ കണ്ടിട്ടുണ്ടു്. ഞാൻ കണ്ടിട്ടുണ്ടു് അന്ധകാരത്തിന്റെ തരംഗങ്ങൾ അന്ധകാരത്തിന്റെ സാഗരത്തിൽ ഉയരുന്നതു്. നൂറോളം പടികൾ ചവിട്ടിക്കയറി ഞാൻ എന്റെ ഭവനത്തിൽ ചെല്ലുമ്പോൾ ഇരുട്ടിന്റെ കടൽ അതിനകത്തേക്കുമൊഴുകി വൈദ്യുത ദീപങ്ങളെ കെടുത്തിക്കളഞ്ഞതു് ഞാൻ കണ്ടിട്ടുണ്ടു്. അന്തരീക്ഷത്തിൽ ഒരു നക്ഷത്രമെങ്കിലും കാണാൻ കൊതിച്ചു് ഞാൻ ആ വീട്ടിന്റെ വാതില്ക്കൽ വന്നുനിന്നതു് ഇപ്പോഴും ഓർമ്മിക്കുന്നു. വർഷങ്ങൾക്കുമുമ്പുണ്ടായ ആ മാനസിക നില ഇതാവീണ്ടും പ്രത്യാനയിക്കപ്പെടുന്നു. പ്രസിദ്ധനായ ചിത്രകാരൻ രാംകുമാർ കഥാകാരനുമാണു്. അദ്ദേഹം ഹിന്ദിയിലെഴുതിയ ഒരു ചെറുകഥ ജയ്രത്തൻ ഇംഗ്ലീഷിലേക്കു തർജ്ജമ ചെയ്തതു് ഇലസ്റ്റ്ട്രേറ്റഡ് വീക്ക്ലിയുടെ ജനുവരി 1–7 ലക്കത്തിൽ ചേർത്തിരിക്കുന്നു. എഴുപതു വയസ്സായ ഒരമ്മയുടെ മകൻ മനു ആരോടും പറയാതെ അപ്രത്യക്ഷനാകുന്നു. മകനെ പ്രതീക്ഷിച്ചിരിക്കുന്ന അമ്മയുടെ ദുഃഖമാണു് ഇക്കഥയിൽ ഉള്ളതു്. ആഖ്യാനത്തിന്റെ വൈദഗ്ദ്ധ്യം കൊണ്ടു്, സ്വഭാവ ചിത്രീകരണത്തിന്റെ പ്രാഗൽഭ്യം കൊണ്ടു്, കഥയുടെ സാർവ്വജനീനസ്വഭാവം കൊണ്ടു് ഇക്കഥയിലെ മനു നമ്മുടെ സഹോദരനായി മാറുന്നു. അയാളുടെ അമ്മയുടെ ദുഃഖം നമ്മുടെ ദുഃഖം തന്നെ. വല്ലാത്ത ആർദ്രീകരണശക്തിയാണിതിനു്. കഥയുടെ പര്യവസാനം കണ്ടാലും:

“ആ രാത്രി അവർക്കു് ഉറങ്ങാൻ കഴിഞ്ഞില്ല; കിടക്കയിൽ തിരിഞ്ഞും മറിഞ്ഞും കിടന്നു് ഉണർന്നു കിടന്നതേയുള്ളു. താൻ പിന്നിട്ട എഴുപതു വർഷവും അവർക്കു് ഒരു പർവ്വതം പോലെയായിരുന്നു. അതിന്റെ കൊടുമുടിയിൽ കയറി നിന്നു് താഴെയുള്ള തന്റെ പിന്നിലെ ദീർഘമായ കാലടിപ്പാതയിലേക്കു് അവർ നോക്കി. ഈ നീണ്ട പാതയിൽ താനെങ്ങനെ സഞ്ചരിച്ചുവെന്നു് അവർ അദ്ഭുതപ്പെട്ടു. കാലൊന്നു വച്ചാൽ മതി താഴെയുള്ള മലയിടുക്കിൽ അവർ വന്നു വീഴും. പക്ഷേ, ആ കാൽവയ്പിനു ധൈര്യമില്ല അവർക്കു്. എവിടെയോ ഒരു നാഴികമണി ശബ്ദിച്ചു. ഒന്നൊന്നായി അവർ ആ നാദമെണ്ണി. നാഴികമണിയുടെ സൂചികൾ നിറുത്താൻ വയ്യ: അവ മുന്നോട്ടു പൊയ്ക്കൊണ്ടിരുന്നു”.

വയലിന്റെ കരയിലുള്ള വീട്ടിലാണു് എന്റെ താമസം. തവളകളുടെ കരച്ചിൽ കേൾക്കാം. ചീവീടുകളുടെ ശബ്ദവും കേൾക്കാം. വൈദ്യുതി ഇല്ലാത്തതുകൊണ്ടു് എന്റെ കടലാസ്സിലേക്കു വെളിച്ചം പകരുന്നതു് ഒരു മെഴുകുതിരി നാളമാണു്. കിള്ളിയാറ്റിൽ നിന്നു വരുന്ന ചെറിയ കാറ്റിൽ ഇതു ചാഞ്ഞും ചരിഞ്ഞും നിന്നു വിറയ്ക്കുന്നു. കഥയിലെ വൃദ്ധനെപ്പോലെ; എന്റെ ജീവിതം പോലെ. ഈ ജീവിതത്തെക്കുറിച്ചുള്ള അവബോധത്തെ തീക്ഷ്ണമാക്കുന്നു രാം കുമാറിന്റെ കലാശില്പം.

images/DjunaBarnes.jpg
ജൂനാ ബാർനസ്

അതിസുന്ദരിയായിരുന്നു ജൂനാ ബാർനസ് (Djuna Barnes) എന്ന അമേരിക്കൻ എഴുത്തുകാരി. അവരുടെ Nightwood എന്ന നോവലിനു് അവതാരിക എഴുതിയതു് റ്റി. എസ്. എല്യറ്റാണു്. അദ്ദേഹം ആ നോവൽ ‘ഇലിസബീത്തൻ ട്രാജഡി’ പോലെ ഉജ്ജ്വലമാണെന്നു് അഭിപ്രായപ്പെട്ടു. ആ നോവലിൽ Time is a great conference planning our end, and youth is only the past putting a leg forward എന്നെഴുതിയിട്ടുണ്ടു്. ഇതിൽ ആദ്യത്തെ ഭാഗം ശരി. രണ്ടാമത്തെ ഭാഗം തെറ്റു്. നമ്മുടെയും നമ്മുടെ സാഹിത്യത്തിന്റെയും അന്ത്യം പ്ലാൻ ചെയ്തുകൊണ്ടിരിക്കുകയാണു് കാലം. യൗവനം കാലു മുന്നോട്ടു വച്ച ഭൂതകാലമല്ല. അതു വർത്തമാനകാലം തന്നെ. ആ കാലം നമ്മുടെ സാഹിത്യത്തിന്റെ നാശത്തിനു് വേണ്ടതെല്ലാം ചെയ്തു് വലിയ കാലത്തെ സഹായിച്ചുകൊണ്ടിരിക്കുന്നു.

ഗുൽമർ
images/Gulmarg.jpg
ഗുൽമർ

ഗുൽമർ, പവനൻ ജനയുഗം വാരികയിലെഴുതിയ “ഗുൽമർഗിൽ ഒരു ദിവസം” എന്ന ലേഖനം വായിച്ചു് നിന്നെ നേരിട്ടുകാണാൻ എനിക്കു കൊതിയായിരിക്കുന്നു. നർമ്മബോധമുള്ളവരാണു് നിന്റെ ‘ടൂറിസം’ വകുപ്പുകാരെന്നു് ഞാൻ മനസ്സിലാക്കുന്നു. ആപത്തു സംഭവിക്കാനിടയുള്ള പാതയിൽ “ഓമനേ, ഇപ്പോൾ എന്നെ ഉപദ്രവിക്കാതിരിക്കൂ. നമുക്കു് ഈ കടമ്പ കടന്നിട്ടാവാം” എന്ന ബോർഡുണ്ടു്. വേറൊരിടത്തു് “ഇവിടെ വേഗത കൂട്ടുന്നവർ വീട്ടിലുള്ളവരെ നല്ലവണ്ണം ഓർത്തോളൂ” എന്ന ബോർഡ്. ഗുൽമർ, നിന്നെ കാണാനെത്തിയ പവനനും തകഴി ശിവശങ്കരപ്പിള്ളയ്ക്കും വീട്ടിലുള്ളവരെ നല്ല ഓർമ്മയുണ്ടായിരുന്നു; അവരുടെ കൂടെ ഓമനകളുമില്ലായിരുന്നു. അതുകൊണ്ടു് ആപത്തൊന്നും നേരിടാതെ നിന്റെ ഭംഗി കണ്ടു് ആസ്വദിക്കാൻ അവർക്കു കഴിഞ്ഞു. ഗുൽമർ, നിന്റെ മേഘച്ഛന്നമായ ആകാശവും പിന്നീടു് അതിൽ തെളിഞ്ഞു വന്ന സൂര്യനും നിനക്കു പുളകമുണ്ടാക്കിയ മഞ്ഞുമഴയും ഞാൻ പവനന്റെ രചനയിലൂടെ കാണുന്നു. നിന്നെ പിരിഞ്ഞു പോരുമ്പോൾ അദ്ദേഹത്തിനു് ഒരാഗ്രഹമേ ഉണ്ടായിരുന്നുള്ളൂ. നീയാകുന്ന പീഠഭൂമി ഭാരതത്തിന്റെ ഭാഗമായിത്തന്നെ തുടരണം. ഉത്കൃഷ്ടമായ അഭിലാഷം. അതിനു സാഫല്യമുണ്ടാകട്ടെ. എപ്പോഴുമുള്ള ഇഗോയിസം ഒഴിവാക്കി ഹൃദ്യമായ ഒരു ലേഖനമെഴുതാൻ പവനനെ പ്രേരിപ്പിക്കത്തക്ക വിധം മനോഹാരിതയുണ്ടല്ലോ നിനക്കു്. മനുഷ്യനു മാനസാന്തരം വരുത്തുന്ന ഗുൽമർ, നിനക്കു നമോവാകം.

നേരമ്പോക്കു പറഞ്ഞു് ശ്രോതാക്കളെ ചിരിപ്പിക്കുന്നവരിൽ മൂന്നു പേരെ എനിക്കു് ഓർമ്മ വരുന്നു. എൻ. ഗോപാലപിള്ള സ്സാറ്, കാമ്പിശ്ശേരി കരുണാകരൻ, അടൂർ ഭാസി. ഗോപാലപിള്ളസ്സാറ് എന്തു പറഞ്ഞാലും അതിൽ പുതുമ കാണും ഹാസ്യം കാണും. എന്നാൽ ചിലപ്പോൾ ഹാസ്യത്തിന്റെ മട്ടിൽ അദ്ദേഹം പറയുന്നതിൽ ഒരു രസവും കാണില്ല. എങ്കിലും പ്രിൻസിപ്പലായ അദ്ദേഹം പറയുന്നതു കേട്ടു് ലക്ചറർമാരായ ഞങ്ങൾക്കു ചിരിക്കാതിരിക്കാൻ പറ്റുമോ? ഇല്ലാത്ത ചിരി വരുത്തി ഞങ്ങൾ ചിരിക്കും. കാമ്പിശ്ശേരിയോ അടൂർ ഭാസിയോ നേരമ്പോക്കു പറയുമ്പോൾ അതിൽ ചിരിക്കാനൊന്നുമില്ലെങ്കിൽ ചിരിക്കേണ്ടതില്ല. അവർക്കു് അതുകൊണ്ടു് ഒരു വല്ലായ്മയുമില്ല. സാഹിത്യത്തിലുമുണ്ടു് ഈ സ്ഥിതിവിശേഷം. ചിലരെഴുതുന്നതു് എത്ര ‘ട്രാഷാ’യാലും അതൊക്കെ കേമമാണെന്നു ചിലർക്കു പറഞ്ഞേ മതിയാവൂ. പറഞ്ഞില്ലെങ്കിൽ ക്ലിക്കിൽ നിന്നു്, കക്ഷിയിൽ നിന്നു് അവർ ബഹിഷ്കരിക്കപ്പെടും. ശുഷ്കഹാസ്യോത്പാദകമായ ഈ ബലാത്കാര ഹസിതം കുറച്ചൊന്നുമല്ല നമ്മുടെ നിരൂപണത്തെ ജീർണ്ണിപ്പിച്ചിട്ടുള്ളതു്.

ട്രാക്റ്റ്

ഇതെഴുതുന്ന ആൾ ‘അലിഗറി’ എന്ന ടെക്നിക്കിനെ വെറുക്കുന്നു. ഭാവനയുടെ അതിപ്രസരം കൊണ്ടു് കാഫ്ക യെപ്പോലുള്ള സാഹിത്യകാരന്മാർ അലിഗറിയെ ചേതോഹരമാക്കാറുണ്ടെങ്കിലും അതു് (അലിഗറി) അന്തരംഗസ്പർശിയല്ല: ബഹിർഭാഗസ്ഥമാണു്. കല താജ്മഹലാണെങ്കിൽ അലിഗറി ആ ശവകുടീരത്തിന്റെ കേടുപാടുകൾ തീർക്കാനായി വർഷത്തിലൊരിക്കൽ കെട്ടിയുയർത്തുന്ന ‘സ്കാഫോൾഡിങ്’—ചട്ടക്കൂടു—മാത്രമാണു്. കല സഹജാവബോധമാണു്; അലിഗറി ഒരുതരത്തിലുള്ള ധിഷണാവ്യാപാരവും. ഒരിക്കൽ വായിച്ചു കഴിഞ്ഞാൽ അതിന്റെ ആകർഷകത്വം നശിക്കും. കണ്ണു കെട്ടിക്കൊണ്ടു് വാഹന ഗതാഗതവും ജനസഞ്ചാരവും കൂടിയ രാജവീഥിയിൽക്കൂടെ മോട്ടോർ സൈക്കിൾ വേഗത്തിലോടിക്കുന്നവന്റെ സൂത്രം മനസ്സിലാക്കിക്കഴിഞ്ഞാൽ അയാളോടു നമുക്കു പുച്ഛം തോന്നും. അതിനു സദൃശമായ മാനസിക നിലയാണു് അലിഗറിയുടെ പാരായണം ഉളവാക്കുക. (കണ്ണു് എത്ര ഇറുക്കിക്കെട്ടിയാലും കണ്ണിനും മൂക്കിനും ഇടയ്ക്കുള്ള വിടവിലൂടെ മോട്ടോർ സൈക്കിളുകാരനു് റോഡ് കാണാം. ആ വിടവു കൂടെ അടച്ചാൽ കണ്ണു കെട്ടിയ ഒരുത്തനും മോട്ടോർ സൈക്കിൾ ഓടിക്കാൻ പറ്റുകില്ല.)

മണിയൂർ ഇ. ബാലൻ ദേശാഭിമാനി വാരികയിലെഴുതിയ “പശു ഒരു സാധു മൃഗമാകുന്നു” എന്ന കഥ ഇന്ത്യയുടെ പ്രധാനമന്ത്രിയെ പരിഹസിക്കുന്ന ഒരലിഗറിയാണു്. പരിഹാസം ഓർവെല്ലി ന്റെ 1984 പോലെയോ ‘അനിമൽ ഫാം’ പോലെയോ സുശക്തമായാൽ അനുവാചകനു പരാതിയില്ല; അതല്ല ഈ അലിഗറിയുടെ സ്ഥിതി. ഇതു് ധിഷണയുടെ വിലാസം പോലുമില്ലാത്ത വിരസമായ ‘ട്രാക്റ്റാ’ണു്.

അടുത്ത കാലത്തു് ആത്മഹത്യ ചെയ്ത കെസ്ലറെ ക്കുറിച്ചു് ‘ചിന്ത’ വാരികയിൽ വിമർശനപരമായ ലേഖനമുണ്ടായിരുന്നു. ആശയ വിമർശനത്തിന്റെ ആവശ്യകതയിൽ കവിഞ്ഞ ചൂടു് ആ പ്രബന്ധത്തിൽനിന്നു് അനുഭവപ്പെട്ടപ്പോൾ അക്കാര്യം ഞാൻ പി. ഗോവിന്ദപ്പിള്ള യോടു് പറഞ്ഞു. പ്രഭാഷണവേദിയിൽ സുശക്തമായ രീതിയിൽ ആശയങ്ങളെ വിമർശിക്കുന്ന ആളാണു് അദ്ദേഹം. എങ്കിലും സ്വകാര്യ സംഭാഷണത്തിൽ സുജനമര്യാദയെ ലംഘിക്കരുതല്ലോ എന്നു കരുതി അദ്ദേഹം വിനയത്തോടെ മൗനം അവലംബിക്കുകയേയുള്ളൂ. എന്റെ അഭിപ്രായത്തിനെ സംബന്ധിച്ചു് ഗോവിന്ദപ്പിള്ള ഒന്നും പറഞ്ഞില്ല. പുഞ്ചിരി പൊഴിച്ചു നിന്നതേയുള്ളു.

images/ArthurKoestler.jpg
കെസ്ലർ

എന്താണു് കെസ്ലറുടെ പ്രധാനപ്പെട്ട ആശയം? തന്മാത്രകൾ (molecules) ഒരുമിച്ചു ചേർന്നു് ‘ഓർഗനലസ്’ ഉണ്ടാകുന്നു (organelles = cell organ, സവിശേഷമായ കൃത്യം അനുഷ്ഠിക്കുന്ന ‘സെൽ’, ഓർഗനൽ). ഓർഗനലസ് ഒരുമിച്ചു ചേർന്നു സെല്ലുകൾ ഉണ്ടാകുന്നു. സെല്ലുകൾ ചേർന്നു് ടിഷ്യൂ, അവയവങ്ങൾ ഉണ്ടാകുന്നു. ഇവ വൈപുല്യമാർന്ന ദഹനേന്ദ്രിയം, സിരാചക്രം ഇവയായി മാറുന്നു. ഇവയെല്ലാം ചേർന്നു് ജീവനുള്ള പുരുഷനോ സ്ത്രീയോ ഉണ്ടാകുന്നു. വ്യക്തികൾ ചേർന്നു കുടുംബങ്ങൾ, വർഗ്ഗങ്ങൾ, സമുദായങ്ങൾ, രാഷ്ട്രങ്ങൾ ഇവ ഉണ്ടാകുന്നു. ഇവയെയെല്ലാം—തന്മാത്രകൾ തൊട്ടു മനുഷ്യർ വരെയും മനുഷ്യർ തൊട്ടു സമൂഹങ്ങൾ വരെയുള്ള സത്തകളെയെല്ലാം—സാകല്യാവസ്ഥയായി പരിഗണിക്കാം. സാകല്യാവസ്ഥയുടെ ഭാഗങ്ങളായും കരുതാം. സാകല്യാവസ്ഥയിലുള്ളതും ഭാഗാവസ്ഥയിലുള്ളതുമായ ഇവയ്ക്കു് ‘ഹോളോൻസ്’ (holons) എന്നു് കെസ്ലർ പേരിട്ടു. ഓരോ ഹോളോണിനും പരസ്പരവിരുദ്ധങ്ങളായ പ്രവണതകളുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഒന്നു്: സാകല്യാവസ്ഥയോടു ചേർന്നു പ്രവർത്തിക്കാനുള്ള ഭാഗത്തിന്റെ പ്രവണത. രണ്ടു്: വ്യക്തിനിഷ്ഠമായ ‘സ്വയംഭരണാവകാശം’ സൂക്ഷിച്ചു കൊണ്ടു് തന്റേടം കാണിക്കാനുള്ള പ്രവണത. ജീവശാസ്ത്രപരമോ സാമൂഹികമോ ആയ ഘടനകളിൽ ഓരോ ഹോളോണും സ്വന്തം വ്യക്തിത്വം പ്രകടിപ്പിക്കുന്നു. സാകല്യാവസ്ഥയുടെ ആജ്ഞയനുസരിച്ചു് വിധേയത്വം കാണിക്കുന്നു. രണ്ടു പ്രവണതകളും വിരുദ്ധങ്ങളാണു്; പക്ഷേ, പരസ്പരം പൂരകങ്ങളും. അരോഗമായ സമുദായത്തിൽ ഈ വിരുദ്ധപ്രവണതകൾക്കു സമനില (balance) കാണും. (ഈ ആശയസംക്ഷേപത്തിൽ ഒട്ടും മൗലികതയില്ല. The Tao of Physics എന്ന ഗ്രന്ഥമെഴുതി വിശ്വപ്രശസ്തിയാർജ്ജിച്ച ഫ്രിറ്റ്ജോഫ് കേപ്ര യുടെ The Turning Point എന്ന ഉജ്ജ്വലമായ ഗ്രന്ഥത്തിൽ നിന്നു് എടുത്തതാണിതു്. ഈ ഗ്രന്ഥം വായിച്ചുനോക്കാൻ ഞാൻ വായനക്കാരോടു് അപേക്ഷിക്കുന്നു.)

ശ്രീനാരായണൻ
images/NoliniKantaGupta.jpg
നളിനീകാന്ത ഗുപ്ത

ജഗത്സംബന്ധീയമായ ശക്തിവിശേഷം രണ്ടുവിധത്തിലാണു് പ്രത്യക്ഷമാകുന്നതെന്നു് അരവിന്ദ ഘോഷി ന്റെ ശിഷ്യനായ നളിനീകാന്ത ഗുപ്ത പറയുന്നു. (1) ഒരു വ്യക്തിയിൽ (2) പല വ്യക്തികളിലൂടെ അവൈയക്തികമായി. ചിലപ്പോൾ വ്യക്തികളില്ലാതെ അതൊരു Mass movement മാത്രമായിരിക്കും. മനുഷ്യഹൃദയത്തിൽ ഇവർ ഒരു പുതിയ സത്യത്തിന്റെ പ്രാദുർഭാവമുണ്ടാക്കും. ഒരു വ്യക്തിയിൽ ജഗത്തിന്റെ ശക്തിവിശേഷം ആവിർഭവിച്ചപ്പോഴാണു് നമ്മൾ ബുദ്ധൻ, ശ്രീരാമകൃഷ്ണപരമഹംസൻ, രമണമഹർഷി, ശ്രീനാരായണൻ ഈ ആചാര്യന്മാരെ കണ്ടതു്. ജനക്കൂട്ടത്തിൽ ആ ശക്തിവിശേഷത്തിന്റെ പ്രാദുർഭാവം ഉണ്ടായപ്പോൾ അതു് ഫ്രഞ്ച്വിപ്ളവ മായി, റഷ്യൻവിപ്ളവ മായി. ആ വിപ്ളവങ്ങളുടെ കെടുതികൾ നേതാക്കന്മാരുടെയും നന്മകൾ ബഹുജനത്തിന്റേതുമാണു്. ജനഹൃദയത്തിൽ ഒരു നൂതനസത്യം ശ്രീനാരായണൻ പ്രകാശിപ്പിച്ചതുകൊണ്ടാണു് രവീന്ദ്രനാഥ ടാഗോറും മഹാത്മാഗാന്ധി യും വിനോബാഭാവേ യും എസ്. രാധാകൃഷ്ണനും രമണമഹർഷിയും അദ്ദേഹത്തിന്റെ മഹത്ത്വ വിളംബരം ചെയ്തതു് (ദീപിക ആഴ്ചപ്പതിപ്പു്, ലക്കം 40-പുറം 25). മഹാന്മാരുടെ പ്രഭാവം ഏകകേന്ദ്രകവൃത്തങ്ങൾപോലെ ലോകമാകെ വ്യാപിക്കും. ആചാര്യന്മാരുടെ സ്വാധീനം ഒന്നിനൊന്നു വർദ്ധിക്കുന്നതു് അതുകൊണ്ടാണു്. ശ്രീനാരായണനെക്കുറിച്ചു് മറ്റു മഹാന്മാർ പറഞ്ഞതു് വാരികയിലെടുത്തു ചേർത്ത ദീപിക വാരികയുടെ പത്രാധിപർ തന്റെ ഉചിതജ്ഞതയെയാണു് സ്പഷ്ടമാക്കുക.

പുരുഷന്മാർക്കു് വിമൻസ് കോളേജിൽ ജോലി നോക്കാൻ താല്പര്യം. സ്ത്രീകൾക്കു് മെൻസ് കോളേജിൽ ജോലി ചെയ്യാൻ കൊതി. ശിഖണ്ഡി കേരളത്തിൽ അവതരിച്ചാൽ? വിമൻസ് കോളേജ് മതിയെന്നു പറയും. ശിഖണ്ഡിനി വന്നാലോ? പുരുഷന്മാരുടെ കോളേജിൽ ജോലി വേണമെന്നു് വിദ്യാഭ്യാസമന്ത്രിയോടു ശുപാർശ ചെയ്യിക്കും.

ഡബിൾ റോൾ

ഒരുു കാതരാവസ്ഥയാണു് എനിക്കെപ്പോഴും. എന്റെ വിദ്യാർത്ഥികളായിരുന്ന ഐ. എ. എസ്. ഉദ്യോഗസ്ഥന്മാരെ മറ്റുള്ളവരുടെ കാര്യങ്ങൾക്കു വേണ്ടി, ഞാൻ കാണാൻ പോയിട്ടുണ്ടു്. അവർ ഇരിക്കാൻ പറഞ്ഞാലും എനിക്കു പേടിയാണു് ഇരിക്കാൻ. അങ്ങനെയുള്ള ഞാൻ പോസ്റ്റോഫീസിൽ എഴുത്തു തിരഞ്ഞെടുക്കുന്നിടത്തു് ചെന്നു കയറുമോ? ഞാൻ വന്നിട്ടുണ്ടു് എന്നു് അറിയിക്കാനായി, ഓഫീസ് മുറിയുടെ വാതില്ക്കൽ ഒന്നു നിന്നു. ഞാൻ അകത്തു കയറുമെന്നു കരുതി പോസ്റ്റ്മാസ്റ്റർ വന്നു തടഞ്ഞു. “ഞാൻ അകത്തേക്കു പോകാൻ ഭാവിച്ചില്ല” എന്നു പറഞ്ഞിട്ടും അദ്ദേഹത്തിനു് വിശ്വാസമായില്ല. ഇതിനിടയിൽ പോസ്റ്റ്മാൻ രണ്ടെഴുത്തുകൾ കൊണ്ടു തന്നിട്ടു് “സോർട്ടിങ് കഴിഞ്ഞിട്ടില്ല. സാറ് നില്ക്കണം,” എന്നു് എന്നോടു പറഞ്ഞു. ആ രണ്ടെഴുത്തുകൾ പോസ്റ്റുമാസ്റ്ററുടെ മേശപ്പുറത്തു വച്ചിട്ടു് ഞാൻ അദ്ദേഹത്തോടു് പറഞ്ഞു: “തൊട്ടപ്പുറത്തു് മകൾ താമസിക്കുന്നു. അവിടെ പോയിട്ടു് തിരിച്ചു വരാം. അപ്പോൾ സോർട്ടിങ് കഴിയുമല്ലോ”. പോസ്റ്റ്മാസ്റ്റർ ഒന്നും മിണ്ടിയില്ല. അര മണിക്കൂർ കഴിഞ്ഞു് ഞാൻ തിരിച്ചെത്തിയപ്പോൾ പോസ്റ്റ്മാസ്റ്റർ ഓഫീസിന്റെ ഒരു ഭാഗത്തുള്ള വസതിയിലേക്കു പോയിരിക്കുന്നു. എഴുത്തുകൾ കൈയിലെടുത്തു് പോകാൻ ഭാവിച്ചപ്പോൾ ഞാൻ കോളേജിൽ പഠിപ്പിച്ചിരുന്ന ഗോപാലൻ—അപ്പോൾ പോസ്റ്റോഫീസിലെ ക്ലാർക്കു്—എന്നോടു് പറഞ്ഞു. “സാറ് പോകാൻ വരട്ടെ. എന്റെ ഗുരുനാഥനാണു് അങ്ങു്. അങ്ങയെ ഈ വൃത്തികെട്ടവൻ—പോസ്റ്റ്മാസ്റ്റർ—അപമാനിച്ചു. അയാൾ ഇപ്പോൾ വരും. അങ്ങയുടെ മുൻപിൽ വച്ചു് അയാളെ എനിക്കു നാലു ചീത്ത പറയണം”. ‘അതൊന്നും അരുതു്’ എന്നു ഞാൻ അറിയിച്ചു തീരുന്നതിനു മുൻപു് പോസ്റ്റ്മാസ്റ്റർ വസതിയിൽ നിന്നു തിരിച്ചെത്തി കസേരയിൽ ഉപവിഷ്ടനായി. ഗോപാലൻ കോപാകലനായി എന്റെ നേർക്കു് തിരിഞ്ഞു. എന്നിട്ടു് ഒരാക്രോശം: “നിങ്ങൾ എന്റെ മേലുദ്യോഗസ്ഥനായ ഇദ്ദേഹത്തെ അപമാനിച്ചു. പോസ്റ്റ്മാൻ തന്ന രണ്ടെഴുത്തുകൾ എന്റെ മേലാവിന്റെ ചെകിട്ടിൽ അടിക്കുന്ന മാതിരി അദ്ദേഹത്തിന്റെ മേശപ്പുറത്തിട്ടിട്ടു പോയി. നിങ്ങളുടെ ക്ലാസ്സിൽ ഞാൻ രണ്ടു വർഷം ഇരുന്നുപോയതുകൊണ്ടു് ഞാൻ നിങ്ങളെ കൂടുതലൊന്നും പറയുന്നില്ല. പൊയ്ക്കൊള്ളു”. വെൺമണി എഴുതിയതു പോലെ ഞാൻ ‘കുലവെട്ടീടിന കുറ്റിവാഴപോലെ’ നിന്നു പോയി. “പോകാനല്ലേ പറഞ്ഞതു്” എന്നു ശിഷ്യൻ വീണ്ടും ഗർജ്ജിച്ചപ്പോൾ ഞാൻ ഭയന്നു് പോസ്റ്റോഫീസിൽ നിന്നു് ഓടി. ഒട്ടും ഭാവനയില്ല ഇതിൽ. സത്യത്തിൽ സത്യം.

ഈ ‘ഡബിൾ റോൾ’ നമ്മുടെ ജീവിതത്തിലെവിടെയും കാണാം. ശങ്കരക്കുറുപ്പു് മഹാകവിയെന്നു് ഒരിക്കൽ അദ്ദേഹം (വിമർശകൻ) പറയുന്നു. അടുത്ത നിമിഷത്തിൽ ജീ കവിയേയല്ലെന്നു് അദ്ദേഹത്തിന്റെ തന്നെ ഉദീരണം. കടമ്മനിട്ട രാമകൃഷ്ണൻ നല്ല കവിയെന്നു് ഒരിക്കൽ, കവി പോയിട്ടു് പദ്യ കർത്താവു പോലുമല്ലെന്നു് വേറൊരിക്കൽ. രണ്ടും ഒരാളിന്റെ തന്നെ ഉക്തിയത്രേ. മാന്യന്മാരെ പീഡിപ്പിക്കുന്നു കൊച്ചു നേതാവു്. കാലം കഴിയുമ്പോൾ പീഡിപ്പിക്കലിനു് എതിരായി നിയമം നിർമ്മിക്കുന്ന മന്ത്രി അയാൾ തന്നെ. ഈ ഡബിൾ റോളിനെക്കുറിച്ചു് ജോൺസ് ടി. എൻ. നല്ലൊരു കഥയെഴുതിയിരിക്കുന്നു. ഞായറാഴ്ച വാരികയിൽ (നപുംസകങ്ങളുടെ ഗാനം).

പവനന്റെ കത്തു്

പവനൻ എനിക്കയച്ച കത്തു് അതേ രീതിയിൽ താഴെ കൊടുക്കുന്നു. കമന്റില്ല.

“താങ്കൾ കുറെക്കാലമായി എന്നെ മറന്നിരിക്കുകയാണെന്നും ഞാനെഴുതുന്നതൊന്നും വായിക്കാറില്ലെന്നുമാണു് കരുതിയതു്. പക്ഷേ, ‘കലാകൗമുദി’യുടെ 435-ആം ലക്കം കണ്ടപ്പോൾ ആശ്വാസമായി. ഒരു പഴയ സുഹൃത്തു് എന്ന നിലയിൽ ഒരു ഉപദേശം തരട്ടെ: അസൂയപ്പെട്ടിട്ടു കാര്യമില്ല. കുറച്ചു മനുഷ്യത്വം വേണം. പാണ്ഡിത്യം മാത്രമുണ്ടായാൽപോര. മനുഷ്യനോടു മനുഷ്യനെപ്പോലെ പെരുമാറണം. ഉച്ചാരണശുദ്ധി നോക്കി മനുഷ്യന്റെ വില നിശ്ചയിക്കരുതു്. ഞാൻ സാഹിത്യ അക്കാദമി സെക്രട്ടറി ആകുന്നതിനു മുമ്പും തിരക്കുള്ള ആളായിരുന്നു; അല്ലാതായാലും തിരക്കൊഴിയാൻ പോകുന്നില്ല. നിങ്ങൾ വൃത്തികെട്ട മാസികകൾ വായിച്ചു സമയം പാഴാക്കുന്നു. ഞാൻ മനുഷ്യനു് ഉപയോഗപ്രദമായ വല്ലതും ചെയ്യുന്നു. അതുകൊണ്ടു് ആളുകൾ എന്നെ വന്നു കാണും. പൊതുയോഗങ്ങളിൽ പ്രസംഗിക്കാൻ പോകും. സുഹൃത്തുക്കളുമായി സല്ലപിക്കും. നിങ്ങളോ? ഇങ്ങനെയൊക്കെ എഴുതേണ്ടിവരുന്നതിൽ ഖേദമുണ്ടു്. എന്നാലും നിങ്ങൾ നന്നാവാൻ പോകുന്നില്ല”.

ടെലിഫോണിൽ വിളിച്ചു സംസാരിക്കുമ്പോൾ മധുരശബ്ദം. കേട്ടാൽ സ്നേഹം തോന്നും. അങ്ങനെയിരിക്കെ ആളിനെ നേരിട്ടു കണ്ടു. വൈരൂപ്യത്തിനു് ഒരാസ്പദം. വേറൊരാൾ അതിസുന്ദരി. സംസാരിക്കാറില്ല. അങ്ങനെയിരിക്കെ ഇങ്ങോട്ടു സംസാരിച്ചു. ചിലമ്പിയ ശബ്ദം. ചിലമ്പിയ ശബ്ദമുള്ളവൾ നിഷിദ്ധയാണെന്നു കാമശാസ്ത്ര ഗ്രന്ഥങ്ങൾ. ബഹിർഭാഗസ്ഥങ്ങളായ കാര്യങ്ങൾകൊണ്ടു് സത്യം മനസ്സിലാക്കാൻ വയ്യ.

ആധുനികോത്തര ‘ഡിഷ്’

മാതൃഭൂമിയിൽ വിജയലക്ഷ്മി എഴുതിയ “കാലൊച്ച” എന്ന “കാവ്യം” വായിച്ചു. ഭാഷയാകുന്ന കോഴിയുടെ കഴുത്തു ഞെരിക്കൂ. പപ്പും പൂടയും കളയരുതു്. തല കളയരുതു്. കാലുരണ്ടും കളയരുതു്. മുറിച്ചെടുത്തു് കുടലും കരളും കുരവളയും ഒക്കെച്ചേർത്തു പാകപ്പെടുത്തു കുടലിനകത്തുള്ള കറുത്ത വസ്തുപോലും കളയരുതു്. മുളകു്, ഉപ്പു്, മസാല ഇവയെല്ലാം തോന്നിയപോലെ ചേർക്കൂ. അര മണിക്കൂർ വേവിക്കൂ. മാതൃഭൂമിയുടെ പ്ലേറ്റിൽ ചൂടോടെ വിളമ്പൂ. കോഴിയുടെ കണ്ണു രണ്ടും തള്ളിയിരിക്കുന്നോ? സാരമില്ല. വേണ്ടുവോളം കഴിക്കൂ. പഴഞ്ചന്മാർക്കേ ഓക്കാനമുണ്ടാക്കൂ. നവീനന്മാർ സ്വാദോടെ മുഴുവൻ അകത്താക്കും. എന്നിട്ടു് അവർ പാടും:

“ആർത്തനാം സൂര്യൻ—ഉണർവായ്

ഉണർവായി

പ്രാഹ്നം

പിളരുന്നു ജാലകങ്ങൾ

പുകയോടുകൾ

വേലികൾ.”

Colophon

Title: Sāhityavāraphalam (ml: സാഹിത്യവാരഫലം).

Author(s): M Krishnan Nair.

First publication details: Kalakaumudi Weekly; Trivandrum, Kerala; 1984-01-29.

Deafult language: ml, Malayalam.

Keywords: M Krishnan Nair, Sahityavaraphalam, Weekly Lietrary Column, സാഹിത്യവാരഫലം, എം കൃഷ്ണൻ നായർ, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: September 4, 2021.

Credits: The text of the original item is copyrighted to J Vijayamma, author’s inheritor. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-NC-SA 4​.0). Any reuse of the material should credit the Sayahna Foundation, only noncommercial uses of the work are permitted and adoptations must be shared under the same terms.

Production history: Data entry: MS Aswathi; Proofing: Abdul Gafoor; Typesetter: Anupa Ann Joseph; Digitizer: KB Sujith; Encoding: JN Jamuna.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.