സാഹിത്യവാരഫലം
എം കൃഷ്ണൻ നായർ
(കലാകൗമുദി വാരിക, 1984-07-08-ൽ പ്രസിദ്ധീകരിച്ചതു്)

images/Zeno.jpg

ഈറ്റലോ സ്വേവോ രചിച്ച “സീനോയുടെ ഏറ്റു പറച്ചിലുകൾ” എന്ന നോവൽ (Italo Svevo, 1861–1928, Confessions of Zeno) വിശ്വസാഹിത്യത്തിലെ ഒരു മാസ്റ്റർപീസാണു്. നോവലിലെ പ്രധാന കഥാപാത്രമായ സീനോ, ഡോക്ടർ എസ് എന്ന മനോവിശ്ലേഷകന്റെ ചികിത്സയിലായിരുന്നു. അയാൾ മുന്നറിയിപ്പു കൂടാതെ ചികിത്സ മതിയാക്കിയതിലുള്ള പ്രതിഷേധം പ്രകടിപ്പിക്കാനായി അയാളുടെ പാപനിവേദനങ്ങൾ ഡോക്ടർ പ്രസിദ്ധപ്പെടുത്തുന്നു എന്ന രീതിയിലാണു നോവൽ എഴുതിയിട്ടുള്ളതു്. സീനോയുടെ ഏറ്റവും വലിയ ആസക്തി—അഡിൿഷൻ—പുകയില സംബന്ധിച്ചതാണു്. ഓരോ സിഗ്രറ്റ് വലിച്ചു തീർക്കുമ്പോഴും ‘ഇതാണു് എന്റെ അവസാനത്തെ സിഗ്രറ്റ്’ എന്നു് അയാൾ കരുതും. പക്ഷേ, ഒടുവിലത്തെ സിഗ്രറ്റ് എപ്പോഴും തീക്ഷ്ണമായിരിക്കുമല്ലോ. അതുകൊണ്ടു് അയാൾ പിന്നെയും പിന്നെയും പുക വലിക്കും. ഈ അത്യാസക്തിയിൽ നിന്നു് രക്ഷപ്രാപിക്കാനായി സീനോ ഒരു ചികിത്സാലയത്തിൽ ആശ്രയം തേടി. അവിടെ സൗന്ദര്യം ഒട്ടുമില്ലാത്ത ഒരു നേഴ്സുണ്ടു്. സൗന്ദര്യമില്ലെങ്കിലും കാമവികാരം കൂടുതലാണു് അവൾക്കു്. പത്തു സിഗ്രറ്റ് വലിച്ചു കഴിയുമ്പോൾ സ്വയം നിയന്ത്രിക്കാനാവാത്തവിധം താൻ കാമപരവശനായിപ്പോകുമെന്നു് സീനോ അവളോടു പറഞ്ഞു. അതുകൊണ്ടു് ഭാര്യയ്ക്കാണു നിർബ്ബന്ധം സിനോ സിഗ്രറ്റ് വലി നിറുത്തണമെന്നു്. ഇതു കേട്ടയുടനെ നേഴ്സ് അവിടെ നിന്നു പോയി. ഏതാനും നിമിഷങ്ങൾ കഴിഞ്ഞപ്പോൾ ഒരു പ്യാക്കറ്റ് സിഗ്രറ്റ് സീനോ ഇരിക്കുന്ന മുറിയുടെ നടുക്കു വന്നു വീണു. അയാൾ ഉടനെ അതെടുത്തു. അതിൽ പതിനൊന്നു സിഗ്രറ്റ് ഉണ്ടായിരുന്നു. നേഴ്സ് സ്വന്തം മുറിയുടെ വാതിൽ തുറന്നിട്ടു കിടക്കുകയാണു്. എങ്കിലും സീനോ അങ്ങോട്ടു നോക്കുക പോലും ചെയ്യാതെ ആശുപത്രിയിൽ നിന്നു് ഓടി (Confessions of Zeno, pp. 46).

ശ്ലീലവും അശ്ലീലവും വേർതിരിക്കാൻ എളുപ്പമല്ല. സഭ്യതയുടെ നേർത്ത അതിർവരമ്പു് എവിടെയാണു് എന്നു കണ്ടു പിടിക്കുക പ്രയാസം. ഇംഗ്ലീഷിലെ ആ നാലക്ഷരമുള്ള വാക്കു് പ്രയോഗിച്ചിട്ടുള്ള പല നോവലുകളും അശ്ലീലങ്ങളല്ല; പ്രയോഗിക്കാത്തവ അശ്ലീലങ്ങളാണു താനും പലപ്പോഴും. സഭ്യതയിൽ നിന്നു മറുകണ്ടം പാടുന്ന വിഷയമാണു് സ്വേവോ കൈകാര്യം ചെയ്യുന്നതു്. എങ്കിലും വായനക്കാരനു് ഉദ്വേഗം ജനിപ്പിക്കാതെയാണു് അദ്ദേഹം അതു പ്രതിപാദിക്കുന്നതു്. നമ്മുടെ സാഹിത്യകാരന്മാർ അശ്ലീല പ്രതിപാദനത്തിൽ തല്പരരല്ല ഇപ്പോൾ. എങ്കിലും ചിലർ അനാഗതശ്മശ്രുക്കളുടെയും അനാഗതാർത്തവകളുടെയും സിരാപടലങ്ങളിൽ കാമാഗ്നി ജ്വലിപ്പിച്ചു വിടാൻ കൊതിയുള്ളവരാണു്. അവർ ഒരു സിഗ്രറ്റ് എറിയാതെ പതിനൊന്നു സിഗ്രറ്റുകൾ എറിയുന്നു. സീനോയെപ്പോലെ പരിപാകമാർജ്ജിച്ചവർ ഓടുന്നു. കുറച്ചാളുകൾ അവയെടുത്തു വലിക്കുന്നു, സുഖിക്കുന്നു.

images/DHLawrence.jpg
ഡി. എച്ച്. ലോറൻസ്

കഥാപാത്രങ്ങളുടെ ആത്മാവു് അനാവരണം ചെയ്യുന്നതിൽ മാത്രം എഴുത്തുകാർ ഉത്സുകരായിരിക്കുമ്പോൾ രതിവിഷയങ്ങളായ വർണ്ണനകൾ ഉണ്ടായാൽ അവ അസുഖപ്രദങ്ങളായിരിക്കുകയില്ല. “Rippling, rippling, rippling like a flapping overlapping of soft flames, soft as feathers, running to points of brilliance, exquisite, exquisite and melting her all molten inside” എന്നു ഡി. എച്ച്. ലോറൻസ് എഴുതുമ്പോൾ അതു് അശ്ലീലമാണെന്നു് ആരു പറയും? ബഷീറിന്റെശബ്ദങ്ങൾ ” എന്ന കൊച്ചു നോവൽ ചേർത്തലപ്പൂരപ്പാട്ടിനു സദൃശമാണെന്നു പറയുന്നവർ സഹൃദയരല്ല.

നിത്യചൈതന്യയതി

രമണ മഹർഷി ഒരിക്കൽ പറഞ്ഞു: “നിങ്ങൾക്കു് ആത്മജ്ഞാനം ലഭിക്കുന്നതു വരെ സന്ന്യാസിയുടെ അവസ്ഥ എന്തെന്നു് അറിയാൻ സാധിക്കില്ല. ചിലർ ചോദിക്കാറുണ്ടു് ശിവനെന്തിനു് കാട്ടിൽക്കൂടെ നഗ്നനായി നടന്നു് മഹർഷി പത്നികളുടെ ചാരിത്രം ധ്വംസിച്ചുവെന്നു്. ഈ ചാരിത്രധ്വംസനത്തെക്കുറിച്ചു പറയുന്ന പുരാണം തന്നെ ശിവൻ ഹലാഹലം (ഹാലാ ഹലം എന്നും—ലേഖകൻ) ഭക്ഷിച്ചു് പ്രപഞ്ചത്തെയും ദേവന്മാരെയും രക്ഷിച്ചതിനെ വിവരിക്കുന്നു. മാരകമായ വിഷത്തിൽ നിന്നു പ്രപഞ്ചത്തെ രക്ഷിക്കുകയും സന്ന്യാസിമാർക്കു മോക്ഷം നൽകുകയും ചെയ്ത ശിവൻ സ്ത്രീകളുടെ ഇടയിൽക്കൂടെ നഗ്നനായി നടന്നു. സാധാരണ മനുഷ്യർക്കു സന്ന്യാസിയുടെ പ്രവർത്തനത്തിന്റെ പൊരുൾ അറിഞ്ഞു കൂടാ. സന്ന്യാസിയെ അറിയാൻ കൗതുകമുള്ളവൻ സന്ന്യാസിയായിരിക്കണം”. മഹാത്മാഗാന്ധി ആത്മനിയന്ത്രണം പരിശോധിക്കാൻ വേണ്ടി അനുഷ്ഠിച്ച ഒരു കൃത്യത്തെ സ്ഥൂലീകരിച്ചു് പ്രതിപാദിച്ചു് അദ്ദേഹത്തെ അധിക്ഷേപിക്കുന്നവർ രമണ മഹർഷിയുടെ ഈ വാക്കുകൾ ശ്രദ്ധിക്കണം. സന്ന്യാസിയായ ഗാന്ധിജിയെ മറ്റൊരു സന്ന്യാസി മനസ്സിലാക്കുന്നതു കാണണമെന്നുണ്ടോ പ്രിയപ്പെട്ട വായനക്കാർക്കു്? എങ്കിൽ ശ്രീ. നിത്യചൈതന്യയതി മാതൃഭൂമി ആഴ്ചപ്പതിപ്പിൽ എഴുതിയ “എന്റെ ദൈവം” എന്ന ഹൃദ്യമായ ലേഖനം വായിച്ചാലും. ഒരു കാലത്തു മാർക്സിന്റെ സിദ്ധാന്തങ്ങളിൽ വിശ്വസിച്ചിരുന്ന നിത്യചൈതന്യയതി ഗാന്ധിജിയോടു വർഗ്ഗസമരത്തിന്റെ അനിവാര്യതയെക്കുറിച്ചു് ധൈര്യത്തോടെ സംസാരിച്ചു. അന്നു യുവാവായിരുന്ന അദ്ദേഹത്തോടു ഗാന്ധിജി ദേഷ്യപ്പെട്ടില്ല. തനിക്കു സദൃശനായ ഒരാൾ തന്നോടു വാദപ്രതിവാദം ചെയ്യുന്നതായി കരുതിക്കൊണ്ടു് ഗാന്ധിജി സത്യത്തിന്റെ മുഖം എന്താണെന്നു് നിത്യചൈതന്യയതിക്കു കാണിച്ചു കൊടുത്തു. റീയലൈസേഷന്റെ—സത്യസാക്ഷാത്കാരത്തിന്റെ—മുഹൂർത്തമായിരുന്നു അതു്. ആ സന്ദർഭത്തെ ‘ദൈവം’ എന്നു സ്വാമിജി വിളിക്കുന്നു. ഈ ലേഖനം അല്പജ്ഞനായ എന്നെയും ധന്യതയുടെ നിമിഷത്തിലേക്കു് ഉയർത്തുന്നു. നിത്യചൈതന്യയതിക്കു് എന്റെ കൃതജ്ഞത.

images/nityachaithanyayathi.jpg
നിത്യചൈതന്യയതി

നിത്യചൈതന്യയതി ‘മാസ്മരികത’ എന്നൊരു വാക്കു് പ്രയോഗിച്ചിരിക്കുന്നു. അങ്ങനെയൊരു പദമില്ല. മെസ്മറു ടെ ഹിപ്നോട്ടിക് ചികിത്സയെയാണു് മെസ്മെറിസം എന്നു വിളിക്കുന്നതു്. മെസ്മറിൽ നിന്നോ മെസ്മെറിസത്തിൽ നിന്നോ ഉണ്ടായതാണു് മാസ്മരം, മാസ്മരികത ഈ വാക്കുകൾ. സ്വാമിജിയുടെ ഈ പ്രയോഗം ഒരളവിൽ ക്ഷമിക്കത്തക്കതാണു്. ഒരു നാടകത്തിൽ ശ്രീരാമൻ സീതയോടു് “ഭവതിയുടെ മാസ്മരശക്തി” എന്നു പറയുന്നതു കേൾക്കാനിടയായി എനിക്കു്. ശ്രീരാമൻ ആ ജർമ്മൻ ഡോക്ടർക്കു മുൻപു് ജീവിച്ചിരുന്ന ആളാണല്ലോ. അതുകൊണ്ടു് അദ്ദേഹത്തിന്റെ ഭാഷണത്തിൽ ‘മാസ്മരം’ എന്ന പദം തിരുകി വച്ചതു് ഒട്ടും ശരിയായില്ല. അതു ക്ഷമിക്കത്തക്കതുമല്ല.

പനച്ചിപ്പുറവും പുനത്തിലും

അനിയതമായതു് കാലമേറെക്കഴിഞ്ഞാൽ രസാവഹമായിരിക്കും. നോവലിസ്റ്റും കാർട്ടൂണിസ്റ്റുമായ ഒ. വി. വിജയന്റെ തറവാട്ടിലെ ഒരു മുറിയിൽ നടന്ന ഒരു ഭീകരസംഭവം ഇന്നു് അറിയുമ്പോൾ രസാസ്പദമായി ഭവിക്കുന്നു. വിജയന്റെ പ്രപിതാമഹനോ അദ്ദേഹത്തിന്റെ മുൻ തലമുറയിലുള്ള ആരോ ആണു് ഇവിടെ പരാമർശിക്കപ്പെടാൻ പോകുന്ന വ്യക്തി. ആ ഗൃഹനായകൻ ജന്നലിലൂടെ മുറ്റത്തു നോക്കിക്കൊണ്ടിരിക്കുകയായിരുന്നു. നിലം കൊയ്തുകൊണ്ടുവന്നു് കറ്റകൾ മുറ്റത്തിട്ടിരിക്കുന്നു. വേലക്കാരനും ഗൃഹനായികയും കറ്റ മെതിക്കുന്നുണ്ടു്. അപ്പോൾ അദ്ദേഹം ഒരു കാഴ്ച കണ്ടു. സുന്ദരിയായ ഭാര്യയുടെ തലമുടിയിൽ ഉടക്കിയ ഒരു വയ്ക്കോൽത്തുരുമ്പു് യുവാവായ വേലക്കാരൻ മന്ദസ്മിതത്തോടുകൂടി എടുത്തു കൊടുത്തു. മധുരമന്ദസ്മിതം കൊണ്ടു് ഗൃഹനായിക അതിനു നന്ദി പ്രകാശിപ്പിച്ചു. ഇതു കണ്ട അദ്ദേഹത്തിനു സംശയമായി. അറയിൽ നെല്ലിടാനും നെല്ലു് അളക്കാനും വേണ്ടി പോകുന്ന ഭാര്യയെയും ആകാരസൗഷ്ഠവമാർന്ന പരിചാരകനെയും അദ്ദേഹം സൂക്ഷിക്കാൻ തുടങ്ങി. ഒരു ദിവസം അദ്ദേഹത്തിന്റെ സംശയം നിശ്ചയമായി. പിന്നെ അധിക ദിവസം അദ്ദേഹം കാത്തുനിന്നില്ല. ഭാര്യയ്ക്കും വേലക്കാരനും ഉടുക്കാൻ കോടിവസ്ത്രങ്ങൾ അദ്ദേഹം തന്നെ പോയി വാങ്ങിക്കൊണ്ടു വന്നു. സദ്യ ഒരുക്കാൻ ഭാര്യയോടു് ആജ്ഞാപിച്ചു. വിസ്മയാധീനയായി ആ സ്ത്രീ അതൊക്കെ അനുസരിച്ചു. കുളിച്ചെത്തിയ ഭാര്യയോടും വേലക്കാരനോടും കോടി വസ്ത്രങ്ങൾ ധരിക്കാൻ അദ്ദേഹം ആവശ്യപ്പെട്ടു. അതിനുശേഷം സദ്യ. ഊണു കഴിഞ്ഞു് മൂന്നു പേരും പത്തായമിരിക്കുന്ന അറയിൽ എത്തി. എന്നിട്ടു് ഭാര്യയോടു് ഭർത്താവു് ചോദിച്ചു: “എടീ, ഇവിടെ വച്ചല്ലേ നീ എന്റെ വിശുദ്ധമായ ദാമ്പത്യ ജീവിതം തകർത്തതു്?” അദ്ദേഹം ആദ്യം വെട്ടുകത്തിക്കൊണ്ടു് വേലക്കാരന്റെ കഴുത്തു മുറിച്ചു. രണ്ടാമതു് ഭാര്യയുടെയും, രണ്ടു ശരീരങ്ങളിൽ നിന്നും ഉയർന്നു പൊങ്ങിയ രക്തം അറയിലെ തടിച്ചുവരുകളിൽ തെറിച്ചു വീണു. ആ ചോരപ്പാടുകൾ ഇന്നും മാഞ്ഞു പോയിട്ടില്ല. ഗൃഹനായകൻ ചോര പുരണ്ട വെട്ടുകത്തി ഒരു കൈയിലും ശരീരമറ്റ രണ്ടു തലകൾ മറ്റേക്കൈയിലുമെടുത്തു് പൊലീസ് സ്റ്റേഷനിലെത്തി. കുറ്റം ഏറ്റു പറഞ്ഞു. ജീവപര്യന്തം തടവിനാണു് കോടതി അദ്ദേഹത്തെ ശിക്ഷിച്ചതു്. പ്രതി കൊലപാതകിയാണെങ്കിലും മാന്യനും നല്ല സ്വഭാവമുള്ളവനും ആയിരുന്നതിനാൽ സർക്കാർ അദ്ദേഹത്തെ നാലു വർഷത്തിനു ശേഷം ജയിലിൽ നിന്നു മോചിപ്പിച്ചു (എഡ്വേർഡ് ഏഴാമന്റെ ഭരണകാലം). കാരാഗൃഹത്തിൽ നിന്നിറങ്ങിയ ആ മനുഷ്യൻ വലതുകൈ കൂടക്കൂടെ വെട്ടിക്കുമായിരുന്നു. ഭാര്യയുടെ തലയിൽ നിന്നു് വൈക്കോൽത്തുരുമ്പു് വേലക്കാരൻ എടുത്തില്ലേ? അതിനെ സൂചിപ്പിക്കുന്ന ചേഷ്ടയാവാമതു്. കാലം കഴിഞ്ഞ ഈ സന്ദർഭത്തിൽ ഈ സംഭവത്തിനു് ഭീകരതയില്ല. അതിനു് ഒരു റൊമാന്റിക് പരിവേഷം സിദ്ധിച്ചിരിക്കുന്നുവെന്നു് ഒ. വി. വിജയൻ എന്നോടു പറഞ്ഞു.

പിരിലൂസുകളുടെ പ്രവർത്തനങ്ങളും നമ്മെ രസിപ്പിക്കും. ബർണാഡ് ഷാ കിടക്കയിൽ കിടന്നുകൊണ്ടാണത്രേ നാടകങ്ങളെല്ലാം എഴുതിയതു്. കിടക്കയിൽത്തന്നെ ഒരു കൊച്ചു മേശ അദ്ദേഹം ഘടിപ്പിച്ചിരുന്നു. പിന്നെ വിശ്രമിക്കണമെന്നു തോന്നുമ്പോൾ ഷാ കിടക്കയിൽ നിന്നു് എഴുന്നേറ്റു മുറിയിൽ അങ്ങോട്ടുമിങ്ങോട്ടും നടക്കുകയോ നിൽക്കുകയോ ചെയ്യും.

images/NaseralDinShah.jpg
നാസിറുദ്ദീൻ

പേർഷ്യയിലെ ഷാ ആയിരുന്ന നാസിറുദ്ദീൻ (1837–1884) നീളം കൂടിയ മീശയ്ക്കു കുപ്രസിദ്ധനായിരുന്നു. ഇംഗ്ലണ്ടിലെത്തിയ അദ്ദേഹം ജയിലു കാണാൻ പോയി. കഴുമരം കണ്ടിട്ടു് അതു് ഉപയോഗിക്കുന്നതെങ്ങനെയാണെന്നു കണ്ടാൽ കൊള്ളാമെന്നു പറഞ്ഞു. ആരെയും തൂക്കിക്കൊല്ലാനില്ലല്ലോ എന്നു ജയിലധികാരികൾ അറിയിച്ചപ്പോൾ “എന്റെ കൂടെ വന്നവരിൽ ആരെയെങ്കിലും തൂക്കിലേറ്റു” എന്നു ഷാ പറഞ്ഞു പോലും.

അമേരിക്കൻ സി. ഐ. എ.-യുടെ പ്രേരണയാൽ 1973-ൽ വധിക്കപ്പെട്ട ചില്ലിയിലെ പ്രസിഡന്റ് സാൽവാതോർ ആയേന്ദേ (Salvador Allende) പ്രസിഡന്റാകുന്നതിനു് അല്പം മുമ്പു് ഇംഗ്ലണ്ടിലെ ഫിലിപ്പ് രാജകുമാരനെ ബഹുമാനിക്കാൻ നടത്തിയ സ്റ്റേറ്റ് ബാൻക്വിറ്റിൽ പങ്കുകൊള്ളാനെത്തി. സാധാരണക്കാരന്റെ വേഷം ധരിച്ചെത്തിയ അദ്ദേഹത്തോടു് രാജകുമാരൻ ചോദിച്ചു: “എന്താ ഈ വേഷം?” അദ്ദേഹം മറുപടി പറഞ്ഞു. “എന്റെ പാർട്ടിക്കു പണമില്ല. പാവങ്ങളുടെ പാർട്ടിയാണതു്”. ഫിലിപ്പ് വീണ്ടും ചോദിച്ചു: “നീന്തൽ വേഷം ധരിച്ചു വരാൻ പാർട്ടി ആവശ്യപ്പെട്ടാൽ താങ്കൾ അങ്ങനെ തന്നെ വരുമോ?” ആയേന്ദേ പറഞ്ഞു: “ഒരിക്കലുമില്ല സർ, എന്റെ പാർട്ടി ഗൗരവമുള്ള പാർട്ടിയാണു്”.

images/SalvadorAllende.jpg
സാൽവാതോർ ആയേന്ദേ

ഈ അനിയതത്വമോ വിചിത്ര സ്വഭാവമോ ആണു് ജോസ് പനച്ചിപ്പുറ ത്തിന്റെ “ഒരേയൊരു മരം” എന്ന കഥയിലുള്ളതു്. ഇന്റർവ്യൂ നടത്തുന്ന മനഃശാസ്ത്രജ്ഞൻ ഉദ്യോഗാർത്ഥിയോടു മരത്തിന്റെ പടം വരയ്ക്കാൻ ആവശ്യപ്പെടുന്നു. മനഃശാസ്ത്രജ്ഞൻ മരത്തിൽ കെട്ടിയ കയറിൽ തൂങ്ങുന്നതായി അയാൾ ചിത്രം വരയ്ക്കുന്നു. വിശേഷിച്ചൊരു പോയിന്റുമില്ലെങ്കിലും ആഖ്യാനപാടവം പ്രദർശിപ്പിക്കുന്ന കഥയാണിതു്. “എനിക്കു വേണ്ടതു മാജിക്. ഞാൻ സത്യം പറയുകയല്ല. സത്യമാകേണ്ടതു് എന്താണോ അതാവിഷ്കരിക്കുകയാണു്” എന്നു് അമേരിക്കൻ നാടകകർത്താവായ ടെനസ്സി വില്യംസ് പറഞ്ഞു. ഡോക്ടർ പുനത്തിൽ കുഞ്ഞബ്ദുള്ള സ്വപ്നത്തിലൂടെ, മാജിക്കിലൂടെ സത്യമാകേണ്ടതു് ഭംഗിയായി ആലേഖനം ചെയ്യുന്നു (മനോരമ ആഴ്ചപ്പതിപ്പിലെ “ആർ. കെ. മലയത്തു്” എന്ന ചെറുകഥ). കഥയുടെ സംഗ്രഹം നല്കിയാൽ വായനക്കാരനു രസഭംഗമുണ്ടാകും. അതുകൊണ്ടു് സംക്ഷേപണം ഒഴിവാക്കട്ടെ.

നെട്ടോട്ടം

തന്റെ ധർമ്മരോഷത്തെ ജ്വലിപ്പിച്ചു വിടുന്ന അനീതികളെ ഏതൊരു എഴുത്തുകാരനും പരിഹാസപരമായോ ഗൗരവപൂർണ്ണമായോ പ്രതിപാദിക്കാനുള്ള അധികാരമുണ്ടു്. ആരും അതു ചോദ്യം ചെയ്യുകയില്ല. രാഷ്ട്രവ്യവഹാരത്തിന്റെ മണ്ഡലത്തിൽ ഇന്നു സ്ട്രിപ്പ് ഡാൻസ് നടത്തുന്ന കുത്സിതത്വങ്ങളെ അശോകൻ ചരുവിലി നോടൊപ്പം ഞാനും നിന്ദിക്കുന്നു. പക്ഷേ, നിന്ദനം ചെറുകഥയിലൂടെയാവുമ്പോൾ അതു കലാപരമായിരിക്കണം. അതിനു കഴിഞ്ഞില്ലെങ്കിൽ കഥയെഴുതണമെന്നില്ല. ലഘുലേഖ അച്ചടിച്ചു വിതരണം ചെയ്താൽ മതി.

images/TheWeaversbyGerhartHauptmann.jpg

കോൺഗ്രസ്സുകാരനായ (ഖദർധാരിയെന്നു മാത്രമേ അശോകൻ പറയുന്നുള്ളു) ഒരു രവികുമാരൻ പിള്ളയുടെ ദുഷിച്ചതും വികൃതവുമായ രാഷ്ട്രീയജീവിതവും സ്വകാര്യജീവിതവുമാണു് കഥാകാരന്റെ ഉപാലംഭങ്ങൾക്കു ഹേതുക്കളാവുന്നതു്. രവികുമാരൻ പിള്ള വിദ്യാർത്ഥി നേതാവായിരുന്ന കാലത്തു് ആരോ ചുമരിൽ ‘രവികുമാരൻ പിള്ള നമ്മെ നയിക്കും’ എന്നെഴുതിവച്ചു. ‘നയിക്കും’ എന്നതിലെ ‘യി’ മാറ്റി ‘നക്കും’ എന്നാക്കി വേറൊരാൾ. അന്നത്തെ ആ ഭാവികഥനം ശരിയായി. രവികുമാരൻ പിള്ള പണത്തിനു വേണ്ടി, പെണ്ണിനു വേണ്ടി, മദ്യത്തിനു വേണ്ടി നക്കാൻ തുടങ്ങി. ഇയാളെപ്പോലുള്ള പലരെയും ഞാൻ നേരിട്ടു കണ്ടിട്ടുണ്ടു്. പക്ഷേ, അശോകൻ ചരുവിലിന്റെ കഥയ്ക്ക് സാഹിത്യത്തിന്റെ മണ്ഡലത്തിൽ പ്രവേശമില്ല. എഴുത്തുകാരന്റെ കലാപരങ്ങളായ മാർഗ്ഗങ്ങൾക്കു സമ്പൂർണ്ണമായ വ്യാപ്തി ഉണ്ടാകുമ്പോഴാണു് കഥ സാഹിത്യത്തിന്റെ ലോകത്തു ചെന്നു ചേരുന്നതു്. അശോകൻ ചരുവിലിനു് ആ മാർഗ്ഗങ്ങളില്ല, അവയ്ക്കു വ്യാപ്തിയുമില്ല. ആകെയുള്ളതു് നിന്ദനമെന്ന ഫോർമ്യൂല മാത്രം. ഉൾക്കാഴ്ചയില്ലാതെ, പ്രതിപാദ്യവിഷയത്തിന്റെ സാരാംശം ഗ്രഹിക്കാതെ ‘ആൾജിബ്രേയിക് സിംബലുകൾ’ കൊണ്ടു് തത്ത്വമാവിഷ്കരിച്ചാൽ കലയാവുമോ? ബൂർഷ്വാ നാടകകർത്താവായ ഗർഹാർട്ട് ഹൗപ്റ്റ്മാൻവീവേഴ്സ് ’ എന്ന നാടകമെഴുതി ജർമ്മൻ കൈസറെ പേടിപ്പിച്ചു. ബ്രിഹ്റ്റ് ചുവപ്പു തുണിയില്ലാതെ, ചുവപ്പു നൂലു പോലും ഇല്ലാതെ വിപ്ലവാത്മകങ്ങളായ നാടകങ്ങൾ രചിച്ചു. ഇക്വേറ്റ് ചെയ്യുകയല്ല ഞാൻ. അശോകൻ ചരുവിൽ ചുവന്ന കൊടി വീശിക്കൊണ്ടു് വ്യർത്ഥമായി നെട്ടോട്ടം ഓടുന്നു.

എബ്രഹാം ലിങ്കൺ ന്റെ ഒരു നേരമ്പോക്കു് ഓർമ്മയിലെത്തുന്നു. എത്ര കണ്ടു് യുക്തിയുക്തമായി സംസാരിച്ചിട്ടും പ്രതിയോഗി വഴങ്ങുന്നില്ലെന്നു കണ്ടു് ലിങ്കൺ അയാളോടു ചോദിച്ചു: “പശുവിനു് എത്ര കാലുണ്ടു്?”

“നാലു് ”.

“അതിന്റെ വാലിനെക്കൂടി കാലായിക്കരുതിയാൽ എത്ര കാലു്?”

പ്രതിയോഗിയുടെ മറുപടി: “അഞ്ചു്”.

ലിങ്കൺ: “അവിടെയാണു നിങ്ങൾക്കു തെറ്റു പറ്റുന്നതു്. പശുവിന്റെ വാലിനെ കാലെന്നു വിളിച്ചാൽ അതു കാലാവുമോ?”

പ്രചാരണ സ്വഭാവമുള്ള രചനകളെ കഥകളെന്നു വിളിച്ചാൽ അവ കഥകളാവുമോ?

പൂച്ചമല്ലന്റെ പ്രയോഗം

പണ്ടു്—എന്നു പറഞ്ഞാൽ വളരെപ്പണ്ടല്ല—ഒരു നാട്ടുരാജാവിനു പട്ടാളം കമൻഡാന്റിന്റെ ഭാര്യയുമായി ലൈംഗികബന്ധമുണ്ടായിരുന്നു. കമൻഡാന്റില്ലാത്ത സമയം നോക്കി രാജാവു് അയാളുടെ ഭാര്യ മദാമ്മയെ പ്രാപിക്കാൻ ചെല്ലും. അങ്ങനെ പ്രാപിച്ചുകൊണ്ടിരുന്ന ഒരു സന്ദർഭത്തിൽ സായ്പ് വന്നു വാതിലിൽ തട്ടി. മദാമ്മയും രാജാവും പരിഭ്രമിച്ചു. എങ്കിലും ഇങ്ങനെയുള്ള സന്ദർഭങ്ങളിൽ സ്ത്രീകൾ ധൈര്യം കാണിക്കാറുണ്ടു്. മദാമ്മ മറുവശത്തെ വാതിൽ തുറന്നു്, കോണിപ്പടിയിലൂടെ ഇറങ്ങിപ്പോകാൻ തിരുമേനിയോടു് ആംഗ്യം കാണിച്ചു. എന്നിട്ടു് തട്ടുകേട്ട വാതിൽ തുറന്നു. സായ്പ് സംശയിച്ചു് എത്തിയവനാണു്. അയാൾ ഓടി മറുവശത്തെ വാതിൽക്കൽ വന്നു നോക്കി. രാജാവല്ലേ. വെണ്ണയും പാലും കഴിച്ചു് ജീവിക്കുന്നയാൾ. ഓരോ പടിയും ഇറങ്ങുന്നതു് പതുക്കെപ്പതുക്കെ. സായ്പിന്റെ കൈയിൽ തോക്കില്ലായിരുന്നു. പെട്ടെന്നു നോക്കിയപ്പോൾ മേശപ്പുറത്തു് ഒരു വലിയ റൂൾത്തടി ഇരിക്കുന്നു. അതെടുത്തു് അയാൾ തിരുമേനിയെ എറിഞ്ഞു. റൂൾത്തടി മുതുകിലേറ്റ രാജാവു് താഴെ വീണു. അക്കാലത്തു് കാറും പൈലറ്റ് കാറും ഒന്നുമില്ലായിരുന്നു. കുതിര വണ്ടിയിലാണു് തിരുമേനി വ്യഭിചരിക്കാൻ എത്തിയതു്. രാജഭക്തനായ വണ്ടിക്കാരൻ ഏറു കൊണ്ടു വീണ രാജാവിനെ എടുത്തു് വണ്ടിയിൽ കിടത്തി കൊട്ടാരത്തിലേക്കു പോയി. അവിടെച്ചെന്നയുടനെ തിരുമേനി …ക്കുളങ്ങരെയുള്ള ചട്ടമ്പി പൂച്ചമല്ലനെയും കൂട്ടുകാരെയും വരുത്തി. കല്പനയായി. “മല്ലാ, മറ്റന്നാൾ വൈകുന്നേരം പട്ടാളം കമൻഡാന്റ് കടപ്പുറത്തു് കാറ്റു കൊള്ളാൻ വരും. നീയും കൂട്ടുകാരും അയാളെപ്പിടിച്ചു് അയാളുടെ മീശയിലെ ഓരോ രോമവും പിഴുതെടുക്കണം. ആ സമയത്തു് ഞാൻ അവിടെ വന്നു് നിങ്ങളെ പൊലീസിനെക്കൊണ്ടു പിടിപ്പിക്കും. പിന്നീടു് നിങ്ങളെ സ്വർണ്ണവും തന്നു വിട്ടയയ്ക്കും. മനസ്സിലായോ?”

“അടിയൻ, കല്പന പോലെ”.

പറഞ്ഞതു പോലെ സംഭവിച്ചു. പൂച്ചമല്ലനും കൂട്ടുകാരും സായ്പിന്റെ മീശ ഓരോ രോമമായി പിഴുതെടുത്തു. ചോര പൊടിയുന്ന മേൽച്ചുണ്ടിന്റെ മേൽഭാഗവുമായി സായ്പ് പിടഞ്ഞു. നിലവിളിച്ചു. മീശ മിക്കവാറും തീർന്നപ്പോൾ രാജാവു് ചെന്നു് സായ്പിനെ രക്ഷപ്പെടുത്തി.

കഥയാണെന്നു തോന്നുന്നുണ്ടാവും വായനക്കാർക്കു്. കഥയല്ല, സത്യം തന്നെ. പോയിന്റ് അതല്ല. സായ്പിനു മീശ ഇല്ലായിരുന്നെങ്കിലോ? മല്ലൻ എന്തുചെയ്യും? തലമുടി ഓരോ നാരായി പിഴുതെടുക്കുമായിരിക്കും. അതത്ര വേദന ഉണ്ടാക്കുകയുമില്ല. തലമുടി ഒട്ടുമില്ലാത്ത മുഴുക്കഷണ്ടിക്കാരനാണു് സായ്പെങ്കിലോ? എനിക്കറിഞ്ഞുകൂടാ. റൂൾത്തടികൊണ്ടുള്ള ഏറു കൊണ്ട രാജാവിനേ മാർഗ്ഗം തോന്നൂ. എനിക്കു തോന്നുന്നില്ല. സ്ത്രീകളുടെ ചെറുകഥകൾ മീശയില്ലാത്ത, മുഴുക്കഷണ്ടിയുള്ള, പട്ടാളം കമൻഡാന്റുകളാണു്. എനിക്കു് പിഴുതെടുക്കാൻ ഒന്നുമില്ല. ഉഷ റ്റി. സാവിത്രി എഴുതിയ ‘അഹല്യ’ എന്ന കഥ ദീപിക വാരികയിൽ “അച്ചുക്കൂടക്കാരന്റെ അഭിമർദ്ദ പീഡയേറ്റു്” വന്നിരിക്കുന്നു. വേണു ഭാര്യയെ സ്നേഹിക്കുന്നില്ല. വേണുവിന്റെ അനിയൻ അവളെ സ്നേഹിക്കുന്നു. താൻ അഹല്യയാണെന്നും തന്റെ ശ്രീരാമനായ വേണു മോക്ഷം നല്കാൻ എത്തുമെന്നും ഉദ്ഘോഷിച്ചുകൊണ്ടു് അയാളുടെ പ്രണയാഭ്യർത്ഥന അവൾ തിരസ്കരിക്കുന്നു. മേൽമീശയില്ലാത്ത, തലമുടിയില്ലാത്ത സായ്പ്. പീഡിപ്പിക്കാൻ വയ്യാതെ, സ്വർണ്ണം തൃക്കൈയിൽ നിന്നു വാങ്ങാതെ ഞാൻ നിഷ്ക്രമിക്കട്ടെ.

ഭയങ്കരത്വവും മറ്റും

പൗരദ്ധ്വനി വാരികയിലെ “നിന്റെ ദുഃഖം എന്റെയും” എന്ന കഥ. എസ്. കെ. കുറ്റിക്കാട്ടു് രചയിതാവു്. ശകുന്തള എന്ന പെൺകുട്ടിയെ ചിലർ പീഡിപ്പിക്കുന്നു. അവൾ ഒരു ഇഞ്ചിനീയറെ ശരണം പ്രാപിക്കുന്നു. എസ്. കെ. കുറ്റിക്കാട്ടിന്റെ തൂലിക ഈ ഭയങ്കരത്വം മാത്രമല്ല ഇനിയും പല ഭയങ്കരത്വങ്ങളും സൃഷ്ടിക്കുമെന്നു് ഞാൻ അറിയുന്നു. കൊല്ലം ശിവകുമാർ കുമാരി വാരികയിൽ എഴുതിയ മരണം എന്ന കാവ്യം. സാമ്പിളിനു മൂന്നു വരികൾ: “കഷ്ടം മഹാകഷ്ടം, കഷ്ടം മഹാകഷ്ടം വർഷങ്ങളായി ചികിത്സയിലൂടുള്ള സമ്പാദ്യങ്ങളെല്ലാം പൊലിഞ്ഞുപോയ്… ” ഭാവനയെക്കൂടി കൊല്ലുന്ന ഈ കാവ്യത്തിന്റെ പേരു് അന്വർത്ഥം തന്നെ. കഥാ മാസികയിൽ ഹൈന്റിഹ് ബോയ്ലി ന്റെ Laughter എന്ന കഥയുടെ ഭാഷാന്തരീകരണം. തർജ്ജമയ്ക്കു ഗുരുത—ഹെവിനെസ്സ്—വന്നിട്ടുണ്ടെങ്കിലും രത്നമാണു് ഈ ചെറുകഥ. ബോയ്ലിന്റെ ആത്മാവു് കലയായി രൂപം കൊള്ളുകയാണിവിടെ. കുങ്കുമംവാരികയിൽ കിടുവത്തു് ഗോപാലൻ എഴുതിയ ‘അദ്ഭുതസൃഷ്ടികൾ’ എന്ന കഥ. സുന്ദരിയായ പെൺകുട്ടിയുടെ മുൻപിൽ യുവാവു് വന്നു നില്ക്കുന്നു. അവൾ പതറുമ്പോൾ അയാൾ പറയുന്നു: “നീ (അമ്പലത്തിൽച്ചെന്നു്) പ്രാർത്ഥിച്ചതു ഞാൻ കേട്ടു. കാമദേവനെപ്പോലെ സുന്ദരനായ ഒരു ചെറുപ്പക്കാരൻ നിന്റെ മുറിയിൽ പ്രത്യക്ഷപ്പെടണമെന്നു് നീ പ്രാർത്ഥിച്ചില്ലേ. ഞാനിതാ പ്രത്യക്ഷപ്പെട്ടിരിക്കുന്നു”. തനിക്കു തെറ്റുപറ്റിയതാണെന്നു പെൺകുട്ടി. വിടർന്നു നില്ക്കുന്ന റോസാപ്പൂവിനെ ചെടിയിൽ നിന്നു് അടർത്തിയെടുക്കാൻ ശ്രമിക്കുമ്പോഴൊക്കെ അതൊന്നു പിറകോട്ടു മാറുമല്ലോ. അതേ പ്രതീതി. (റോസാപ്പൂവിനെക്കുറിച്ചുള്ള ഈ അലങ്കാരപ്രയോഗം യൂഗോ യുടെ പാവങ്ങൾ വായിച്ച ഓർമ്മയിൽ നിന്നാണു്.) ഒരു സ്ത്രീയുടെ ജീവിതദുഃഖമാണു് കൊച്ചമ്മിണി പെരിങ്ങളം എഴുതിയ “വന്ധ്യയുടെ കണ്ണുനീ”രിലുള്ളതു് (വനിത). വായനക്കാർ ബലിമൃഗങ്ങളായി മാറുന്നു ഇവിടെ.

ആരെ ലക്ഷ്യമാക്കി ഹാസ്യം പ്രയോഗിക്കുന്നുവോ അയാളെയും അതു രസിപ്പിച്ചാൽ അതുതന്നെയാണു് ഉത്തമ ഹാസ്യമെന്നു കുട്ടിക്കൃഷ്ണമാരാർ പറഞ്ഞിട്ടുണ്ടു്. തിരുവനന്തപുരത്തെ ടൗൺ ഹാൾ. തോപ്പിൽ ഭാസി യുടെ നാടകം. മുൻവശത്തെ വരിയിൽ ഇടത്തേയറ്റത്തു് ഞാൻ. വലത്തേയറ്റത്തു് എന്റെ മകൾ. വരിയുടെ ഇടതുഭാഗത്തു് ഞാൻ ഉൾപ്പെടെ മൂന്നോ നാലോ പുരുഷന്മാരേയുള്ളു. മറ്റുള്ളവരെല്ലാം പെൺകുട്ടികൾ. എന്റെ നേരെ പിറകിലിരുന്ന ഒരു പെൺകുട്ടി അവളുടെ അമ്മയോടു പറയുന്നതു് ഞാൻ കേട്ടു: “അമ്മാ നമ്മുടെ മുൻപിൽ ഇരിക്കുന്നയാൾ കൃഷ്ണൻ നായർ സാർ. അതാ വലതു ഭാഗത്തു് അറ്റത്തിരിക്കുന്നതു് സാറിന്റെ മകൾ ലേഖ, എന്റെ കൂട്ടുകാരി”. അതുകേട്ടു് അമ്മ ചോദിച്ചു: “അയ്യോ, അച്ഛൻ ഒരറ്റത്തും മകൾ മറ്റേയറ്റത്തും ഇരിക്കുന്നതെന്തിനു്? അടുത്തടുത്തു് ഇരുന്നുകൂടേ?” നർമ്മബോധമുള്ള പെൺകുട്ടി മറുപടി നല്കി: “അയ്യയ്യോ, ഒരറ്റം തൊട്ടു മറ്റേയറ്റം വരെ സാറിന്റെ മക്കൾ തന്നെയാണു് അമ്മാ”. എന്റെ സന്താനസംഖ്യാബലത്തെ പെൺകുട്ടി ഇങ്ങനെ പരിഹസിച്ചു കേട്ടപ്പോൾ ഞാൻ പൊട്ടിച്ചിരിച്ചു. ഉത്തമഹാസ്യം.

പ്രൈമറി സ്കൂളിന്റെ വാർഷികാഘോഷം. പിള്ളേരിരുന്നു് ‘ഈക്കീക്കിത്തമ്പലം’ കളിക്കുന്നു. അവരെ നോക്കി വിരൂപനായ സാഹിത്യകാരൻ സന്താന നിയന്ത്രണത്തിന്റെ ആവശ്യകതയെക്കുറിച്ചു ഘോരഘോരം പ്രസംഗിക്കുന്നു. ഒന്നര മണിക്കൂറായി. നിർത്തുന്നതേയില്ല. സഹികെട്ടു. അദ്ധ്യക്ഷനായ ശൂരനാട്ടു കുഞ്ഞൻ പിള്ള സാറ് എന്റെ കാതിൽ: “കൃഷ്ണൻ നായരേ എന്തിനു് ഈ പ്രസംഗം. ഇയാൾ ഏതു സ്ത്രീയുടെ മുൻപിൽച്ചെന്നു നിന്നാലും അവൾക്കു സന്താനനിയന്ത്രണത്തിനുള്ള ആഗ്രഹം ഉണ്ടാകുമല്ലോ”. ഫലിതം കൊള്ളാം. എങ്കിലും സാഹിത്യകാരൻ അതു കേൾക്കാനിടയായാൽ രസിക്കുമോ?

സാന്തായാനായും കുറ്റിപ്പുഴയും
images/GeorgeSantayana.jpg
സാന്തായാനാ

ബസ്സ് റ്റേർമിനസ്സിൽ വന്നു നിന്നു. യാത്രക്കാർ തിരക്കോടെ, തള്ളിയും ഉന്തിയും പുറത്തേക്കു് ഇറങ്ങുന്നു. ഒരാൾ മാത്രം ഇരിപ്പിടത്തിൽ നിന്നു് അനങ്ങുന്നില്ല. എല്ലാവരും ബസ്സിൽ നിന്നിറങ്ങിക്കഴിഞ്ഞപ്പോൾ അദ്ദേഹം എഴുന്നേറ്റു. പതുക്കെ ബസ്സിൽ നിന്നിറങ്ങി. ആരാണദ്ദേഹം? വിശ്വവിഖ്യാതനായ ദാർശനികൻ സാന്തായാനാ. താൻ ഉൾക്കൊണ്ട തത്ത്വചിന്തയ്ക്കു യോജിച്ച പ്രശാന്തത.

മുണ്ടശ്ശേരി യുടെ ഷഷ്ടിപൂർത്തി ആഘോഷിക്കുകയാണു്. കുട്ടിക്കൃഷ്ണ മാരാർ പ്രസംഗിക്കുന്നു. പ്രഭാഷണത്തിനിടയിൽ, ഒരെഴുത്തുകാരൻ പണ്ടു ഗാന്ധിജി യെ നിന്ദിച്ചതിനെക്കുറിച്ചു് അദ്ദേഹം വേദനയോടെ പരാമർശിച്ചു. ആ ‘ഒരെഴുത്തുകാരൻ’ താനാണെന്നു മനസ്സിലാക്കിയ കുറ്റിപ്പുഴ കൃഷ്ണപിള്ള ചാടിയെഴുന്നേറ്റു് മര്യാദ ലംഘിക്കുന്ന രീതിയിൽ മാരാർക്കു മറുപടി നല്കി. കുട്ടിക്കൃഷ്ണ മാരാരല്ലേ? ചങ്കിൽ തറയ്ക്കുന്ന ചില വാക്യങ്ങൾ അദ്ദേഹത്തിൽ നിന്നുണ്ടായി. കുറ്റിപ്പുഴയെ ആരോ പിടിച്ചിരുത്തി. ഇല്ലെങ്കിൽ ബഹളം ഉണ്ടായേനെ. ഈ സംഭവം ഓർമ്മയിലെത്തിയതു് തകഴി യുടെ ആത്മകഥാപരമായ ലേഖനം വായിച്ചതുകൊണ്ടാണു് (കലാകൗമുദി). സ്കൂൾ വിട്ടു് ചിത്രശലഭങ്ങളെപ്പോലെ പെൺകുട്ടികൾ ഓടിപ്പോകുന്നതു കണ്ടു് കുറ്റിപ്പുഴ പറഞ്ഞു: “അയ്യോ ഇവറ്റകളെല്ലാം പെറാൻ തുടങ്ങിയാൽ ഈ ലോകത്തു നിന്നു തിരിയാനൊക്കുമോ?” തത്ത്വചിന്ത പലർക്കും മുഖാവരണമാണു്. സാന്തായാനായെപ്പോലുള്ള ചിലർക്കേ അതു് ആത്മാവിന്റെ ഒരംശമായി ഭവിച്ചിട്ടുള്ളു.

Colophon

Title: Sāhityavāraphalam (ml: സാഹിത്യവാരഫലം).

Author(s): M Krishnan Nair.

First publication details: Kalakaumudi Weekly; Trivandrum, Kerala; 1984-07-08.

Deafult language: ml, Malayalam.

Keywords: M Krishnan Nair, Sahityavaraphalam, Weekly Lietrary Column, സാഹിത്യവാരഫലം, എം കൃഷ്ണൻ നായർ, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: September 3, 2021.

Credits: The text of the original item is copyrighted to J Vijayamma, author’s inheritor. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-NC-SA 4​.0). Any reuse of the material should credit the Sayahna Foundation, only noncommercial uses of the work are permitted and adoptations must be shared under the same terms.

Production history: Data entry: MS Aswathi; Proofing: Abdul Gafoor; Typesetter: Anupa Ann Joseph; Digitizer: KB Sujith; Encoding: LJ Anjana.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.