
മാധവിക്കുട്ടി യുടെ “എന്റെ കഥ ” മലയാളനാടു് വാരികയിൽ പരസ്യപ്പെടുത്തിയിരുന്ന കാലം. അതു വായിച്ചു കോളേജിലെ പെൺകുട്ടികൾ കൈമെയ് മറന്നു നടന്ന കാലം. അക്കാലത്തു് ഈ ലേഖകൻ എറണാകുളത്തു വച്ചു ചേർന്ന ഒരു സമ്മേളനത്തിൽ പ്രസംഗിക്കാൻ പോയി. അദ്ധ്യക്ഷനായിരുന്ന എന്നെ നോക്കി സുന്ദരിയും തരുണിയുമായ ഒരു പ്രാസംഗിക വീറോടെ പറഞ്ഞു: “ഞങ്ങൾ പെൺകുട്ടികൾ മാധവിക്കുട്ടിയുടെ ആത്മകഥ വായിക്കുന്നവരാണു്. ഏതും ഞങ്ങളിനി പച്ചയായി പറയും, എഴുതും. പക്ഷേ, പുരുഷന്മാരായ നിങ്ങളൊന്നു മനസ്സിലാക്കണം. ഞങ്ങളെ നിങ്ങൾക്കു് ഇഷ്ടമുള്ളപ്പോഴെല്ലാം …നു കിട്ടുമെന്നു വിചാരിക്കരുതു്. (മൂന്നക്ഷരമുള്ള സംസ്കൃതപദം. ഇംഗ്ലീഷിൽ നാലക്ഷരമാണതിനു്.) ഞാൻ അക്ഷരാർത്ഥത്തിൽ ഞെട്ടിപ്പോയി. ഞാനും ഇരുപതു വയസ്സുകാരിയായ ആ പ്രാസംഗികയും തമ്മിലുള്ള വയസ്സിന്റെ അന്തരമോർത്തു മാത്രമല്ല ഞെട്ടൽ. പെണ്ണുങ്ങൾ വൾഗറായാൽ ഏതു നിലയിലുള്ള വൾഗാറിറ്റി വരെ ചെല്ലുമെന്നു് ആലോചിച്ചുണ്ടായ ഞെട്ടലും കൂടിയായിരുന്നു അതു്.
ഈ സംഭവത്തിനു ശേഷം ഒരാഴ്ച കഴിഞ്ഞു് തിരുവനന്തപുരത്തുവച്ചുള്ള ഒരു ‘കഥാസായാഹ്ന’ത്തിൽ പങ്കുകൊള്ളേണ്ടതായി വന്നു എനിക്കു്. സ്റ്റ്യുഡെന്റ്സ് സെന്റെറിൽ വച്ചാണു് മീറ്റിങ്. അവിടെ വായിക്കേണ്ട കഥകൾ നേരത്തെ എന്നെ ഏല്പിച്ചിരുന്നു പ്രവർത്തകർ. ഒരു കഥ പെൺകുട്ടി എഴുതിയതാണു്. അതു വായിച്ചപ്പോഴും ഞാൻ വല്ലായ്മയിൽ വീണു. വാക്യങ്ങൾ മറന്നു പോയിരിക്കുന്നു. ആശയം മാത്രം ആവിഷ്കരിക്കാം. “അയാൾ അവളെ ചെയ്ത സമയത്തു് മുണ്ടു് അഴിഞ്ഞു വീണിരുന്നു …നു ശേഷം അയാൾ എഴുന്നേറ്റു് മുണ്ടെടുത്തു് ഉടുത്തുകൊണ്ടു് അങ്ങു നടന്നു പോയി”. പെൺകുട്ടിക്കു് കഥ വായിക്കേണ്ട സമയമായി. ഞാൻ പേരുവിളിച്ചു. ആ ഭാഗം വായിക്കാൻ അവൾ ധൈര്യപ്പെടുകയില്ലെന്നാണു് ഞാൻ വിചാരിച്ചതു്. പക്ഷേ, ഞാനെത്ര ഭോഷൻ! ആ കുട്ടി കഥ മുഴുവനും വായിച്ചു. മേല്പറഞ്ഞ ഭാഗം ഊന്നൽ കൊടുത്തു വായിച്ചു. ആ സമയത്തു് അതിരറ്റ സന്തോഷത്തോടു കൂടിയുള്ള കൈയടി യുവാക്കന്മാരേറെയുള്ള സദസ്സിൽ നിന്നു് ഉണ്ടായി. ഞാൻ ഞെട്ടിക്കൊണ്ടു കസേരയിൽ ഇരുന്നു. പിന്നെ ധർമ്മരോഷത്തിന്റെ പേരിൽ, പെൺകുട്ടിയുടെ ഈ സാഹസിക്യത്തെ ഞാൻ വിമർശിച്ചു പത്രത്തിലെഴുതി. അതിന്റെ ദോഷം അനുഭവിക്കുകയും ചെയ്തു. സദസ്സിൽ കഥ വായിച്ച പെൺകുട്ടിയുടെ അച്ഛൻ… സെക്രട്ടേറിയറ്റിൽ സെക്രട്ടറിയായിരുന്നു. പ്രോവിഡന്റ് ഫണ്ടിൽ നിന്നു് നോൺ റിഫണ്ടബിൾ ലോണിനു് ഞാൻ അപേക്ഷ അയച്ചപ്പോൾ ചികിത്സയ്ക്ക് അത്രയും പണം ആവശ്യമില്ലെന്നു് കല്പന പുറപ്പെടുവിച്ചു് അദ്ദേഹം അതു തള്ളിക്കളഞ്ഞു. എന്റെ ഒരു ബന്ധു അദ്ദേഹത്തെക്കണ്ടു സംസാരിച്ചപ്പോൾ “അയാൾ എന്റെ മകളുടെ കഥ കൊള്ളുകില്ലെന്നു് എഴുതിയവനാണു്. ലോൺ കൊടുക്കുകയില്ല,” എന്നു മറുപടി പറഞ്ഞു. എനിക്കു് അദ്ദേഹം പെൻഷൻ പറ്റുന്നതുവരെ പ്രോവിഡന്റ് ഫണ്ടിൽനിന്നു ലോൺ കിട്ടിയിട്ടുമില്ല.

പോളണ്ടിൽ ജനിച്ച ഇംഗ്ളീഷ് എഴുത്തുകാരൻ ഈസാക്ക് ഡൊയ്ച്ചർ (Issac Deutscher) ട്രൊട്സ്കി യുടെ ജീവചരിത്രമെഴുതിയിട്ടുണ്ടു് (The Prophet Armed, The Prophet Unarmed, The Prophet Outcast). അത്യുജ്ജ്വലമായ ഈ ഗ്രന്ഥത്തിൽ മഹാനായ ട്രൊട്സ്കിയെ വധിച്ചതെങ്ങനെയെന്നു് വിവിരിക്കുന്ന ഭാഗം വായിച്ചാൽ നമ്മൾ ത്രസിച്ചിരുന്നു പോകും. വധകർത്താവു് പലപ്പോഴും താനെഴുതിയ പ്രബന്ധവുമായി അദ്ദേഹത്തെ കാണാൻ വന്നിട്ടുണ്ടു്. അന്നത്തെ ദിവസം ഓവർകോട്ടിനകത്തു് ഒരു ഐസ് ആക്സ് ഒളിച്ചു വച്ചുകൊണ്ടാണു് അയാൾ എത്തിയതു്. ട്രൊട്സ്കി സൗജന്യമാധുര്യത്തോടുകൂടി പ്രബന്ധം വായിക്കാൻ തുടങ്ങി. വധകർത്താവു് ആക്സെടുത്തു് അദ്ദേഹത്തിന്റെ തലയിൽ ആഞ്ഞടിച്ചു. ഹാ ഹാ ഹാ ഹാ… എന്നു വിളിച്ചുകൊണ്ടു് ആ മഹാൻ താഴെ വീണു. ട്രൊട്സ്കിയുടെ നിലവിളി തന്റെ അന്തരംഗത്തെ പിളർന്നുവെന്നും താൻ ഒരിക്കലും അതു മറക്കുകയില്ലെന്നും അയാൾ പിന്നീടു് പൊലീസിനോടു പറഞ്ഞു. ദസ്തെയെവ്സ്കി യുടെ “കുറ്റവും ശിക്ഷയും ” എന്ന നോവലിൽ റസ്കൽ നിക്കഫ് പണം കടം കൊടുക്കുന്ന വൃദ്ധയെ കൊന്നതെങ്ങനെയെന്നു് ഓർമ്മയില്ലേ? ഓവർകോട്ടിനകത്തു് കോടാലി വച്ചുകൊണ്ടു് അയാൾ കിഴവിയെ കാണാനെത്തി. ഒരു തടിക്കഷണം പൊതിഞ്ഞു നൂലുകൊണ്ടു് കെട്ടിക്കൊണ്ടാണു് അയാൾ ചെന്നതു്. വാച്ചാണു് അതെന്നു് അറിയിച്ചു് അയാൾ ആ പൊതി വൃദ്ധയെ ഏല്പിച്ചു. അവർ കെട്ടഴിച്ചുകൊണ്ടിരുന്നപ്പോൾ റസ്കൽ നിക്കഫ് കോടാലിയെടുത്തു് അവരുടെ തലയിലടിച്ചു. ട്രൊട്സ്കിയെ വധിച്ചവൻ പൊതിക്കു പകരം പ്രബന്ധം കൊടുത്തു. അത്രേയുള്ളു വ്യത്യാസം. സാഹിത്യ കൃതികൾ മനുഷ്യനെ നന്മയിലേക്കു മാത്രമല്ല. തിന്മയിലേക്കും നയിക്കുമെന്നു കാണിക്കാനാണു് ഇത്രയും എഴുതിയതു്. ട്രൊട്സ്കിയെ വധിച്ച മനുഷ്യൻ “കുറ്റവും ശിക്ഷ”യും വായിച്ചിരിക്കുമെന്നതിൽ സംശയമില്ല. മാധവിക്കുട്ടിയുടെ “എന്റെ കഥ” വായിച്ചവരാണു് ആ രണ്ടു പെൺകുട്ടികളും.
പതിനേഴാം ശതാബ്ദത്തിലെ വലിയ എഴുത്തുകാരനായിരുന്നല്ലോ ഫ്രാൻസിസ് ബേക്കൺ. ചില പുസ്തകങ്ങൾ രുചിച്ചു നോക്കേണ്ടവയും മറ്റു ചിലതു വിഴുങ്ങേണ്ടവയും വേറെ ചിലതു പതുക്കെ ദഹനക്രിയയ്ക്കു വിഷയമാക്കേണ്ടവയുമാണെന്നു് അദ്ദേഹം ഒരിക്കൽ പറഞ്ഞു. മാനസിക ഭ്രംശം സംഭവിച്ച ഒരു സ്ത്രീ ഇതു് അക്ഷരാർത്ഥത്തിലെടുത്തു് ദിവസവും ഓരോ ‘പേപ്പർ ബാക്ക്’ തിന്നു. ഒടുവിൽ ഇരുമ്പു ഗുളിക കഴിപ്പിച്ചാണു് ഡോക്ടർ അവളെ മരണത്തിൽ നിന്നു രക്ഷിച്ചതു്. മനോരമ ആഴ്ചപ്പതിപ്പിൽ ചുമ്മാർ പൂയപ്പാടം എഴുതിയ “മനസ്സിൽ ഒരു ശവശരീരം” എന്ന ചെറുകഥ വായിക്കാൻ കൊള്ളുകില്ല; ചവച്ചു തിന്നേണ്ടതാണതു്. വിവാഹിതയായ ഒരു സ്ത്രീയുടെ വ്യഭിചാരം കണ്ട ഭർത്താവു് അതു മനസ്സിലാക്കിയിട്ടോ മനസ്സിലാക്കാതെയോ മേലധികാരികളെ കാണാൻ പോകുന്നു പോലും. സംസ്കാരസമ്പന്നനെ കാട്ടാളനായി കാണണമെങ്കിൽ ഭാര്യയെസ്സംബന്ധിച്ചു് അയാൾക്കു ദുശ്ശങ്ക ജനിപ്പിച്ചാൽ മതി. പക്ഷേ, ഈ കഥയിലെ നായകൻ സംസ്കാരസമ്പന്നനായിത്തന്നെ നില്ക്കുന്നു. അയാൾ പുരുഷനല്ലയോ എന്നു നമുക്കു സംശയം. അതെന്തുമാകട്ടെ. ഞാൻ കഥ ചവച്ചരയ്ക്കാൻ ഭാവിക്കുകയാണു്. എവിടെ ഇരുമ്പു ഗുളിക?
മനുഷ്യന്റെ പുരോഗതിയിൽ എനിക്കു വിശ്വാസമുണ്ടു്—മനുഷ്യൻ ഇന്നു കാട്ടാളനായി മാറിയിരിക്കുകയാണെങ്കിലും ശാസ്ത്രത്തിന്റെ പുരോഗതിയിലും ഞാൻ വിശ്വസിക്കുന്നു. പക്ഷേ, കലയുടെ, സാഹിത്യത്തിന്റെ പുരോഗതിയിൽ എങ്ങനെ വിശ്വസിക്കാനാണു്. ഹോമറി ന്റെ ഇലിയഡി നെക്കാൾ വാല്മീകി യുടെ രാമായണ ത്തെക്കാൾ ഉത്കൃഷ്ടമായ കൃതി എവിടെ ഉണ്ടായിട്ടുണ്ടു്? അരവിന്ദ ഘോഷ് പറയുന്ന Supreme poetic utterance-ൽ വാല്മീകിയെ ജയിച്ച മറ്റൊരു കവി എവിടെ? കലയിലെയും സാഹിത്യത്തിലെയും പുരോഗതി എന്ന ആശയം തികഞ്ഞ ബുദ്ധിശൂന്യതയാണെന്നു പറഞ്ഞാൽ കൊള്ളാമെന്നുണ്ടെനിക്കു്. അത്രയും ശക്തിയുള്ള വാക്കു പ്രയോഗിക്കുന്നതെങ്ങനെ?
ഇന്നു ടെലിവിഷൻ സെറ്റ് ആർക്കും വാങ്ങിക്കാമെന്ന നിലയിൽ വില കുറഞ്ഞതായിട്ടുണ്ടു്. എന്നാൽ അതാദ്യമായി പ്രചാരത്തിൽ വന്നപ്പോൾ സമ്പന്നനായ അമേരിക്കൻ പൗരനു പോലും വാങ്ങാൻ വയ്യാത്തവിധം വിലകൂടിയതായിരുന്നു. കാപട്യത്തെ കൂട്ടുപിടിച്ചു ജീവിക്കുന്ന അമേരിക്കക്കാരൻ വിടുമോ? ടെലിവിഷൻ സെറ്റ് വീട്ടിനകത്തു് ഇല്ലാതെതന്നെ അയാൾ വ്യോമതന്തു (ആന്റിന) കെട്ടിടത്തിന്റെ മുകളിൽ ഉറപ്പിച്ചു വയ്ക്കും (ഇതു കണ്ട ഡോക്ടർ കെ. ഭാസ്കരൻ നായർ എഴുതിയ ഒരു ലേഖനം വായിച്ച ഓർമ്മയിൽ നിന്നു്). നമ്മൾ പകിട്ടു കാണിക്കുന്നതു മുഴുവൻ ഈ മനോഭാവത്തോടു കൂടിയാണു്. ഒരുദാഹരണം റെഫ്രിജിറെയ്റ്റർ വാങ്ങുന്നതു തന്നെ. ഐസും തണുത്ത വെള്ളവും എപ്പോഴും ഉപയോഗിക്കുന്നവനു തൊണ്ടയ്ക്കു് അസുഖമുണ്ടാകുമെന്നതിൽ ഒരു സംശയവുമില്ല. ചിലർക്കു് ‘ഇറിറ്റേഷൻ തീയറി ഒഫ് ക്യാൻസർ’ അനുസരിച്ചു ക്യാൻസറുമുണ്ടാകും. (ശ്രീരാമകൃഷ്ണപരമഹംസനു് ഐസ്ക്രീമും കൂൾഡ്രിങ്കും വലിയ ഇഷ്ടമായിരുന്നു. എപ്പോഴും അവ ഉപയോഗിച്ച അദ്ദേഹത്തിനു തൊണ്ടയിൽ ക്യാൻസറുണ്ടായി.) സത്യമിതാണെങ്കിലും വീട്ടിൽ ഫ്രിജ്ജില്ലെങ്കിൽ ഗൃഹനായികയ്ക്ക് അസ്വസ്ഥതയാണു്. തന്നെ പുച്ഛിക്കുന്ന അയൽ വീട്ടിലെ കല്യാണിക്കുട്ടിക്കു ഫ്രിജ്ജ് ഉണ്ടു്. അതുകൊണ്ടു് അവൾ പണം കടം വാങ്ങിച്ചെങ്കിലും റെഫ്രിജിറെയ്റ്റർ “സംഘടിപ്പിക്കുന്നു”. കുറെ മീനെങ്കിലും വാങ്ങി അതിനകത്തു വയ്ക്കുന്നു. പിന്നെ നാലയലത്തുകൂടെ മനുഷ്യനു പോകാൻ വയ്യ. നാറ്റം.
റോഡിൽ വച്ചു് എന്നെക്കണ്ടാൽ കാണാത്ത മട്ടിൽ പോകുന്ന ഒരു മാന്യൻ കാറ് വാങ്ങിച്ചു. അതിൽക്കയറി അദ്ദേഹം പോകുമ്പോൾ ഞാൻ ഫുട്പാത്തിലൂടെ നടക്കുകയായിരിക്കും. അദ്ദേഹം അതിനകത്തിരുന്നു് ആഹ്ലാദാതിരേകത്തോടെ കൈവീശും. നടന്നു പോകുമ്പോൾ മിണ്ടാട്ടമില്ലാത്ത മനുഷ്യനു് കാറിൽ സഞ്ചരിക്കുമ്പോൾ ഈ ആഹ്ലാദമെങ്ങനെവന്നു? “ഞാൻ കാറ് വാങ്ങി. കണ്ടോ?” എന്നാണു് ആ കൈവീശലിന്റെ അർത്ഥം.
ആളുകളെ ഇംപ്രെസ്സ് ചെയ്യാൻ ഇതു പോലെ വാക്കുകൾ വാരിയെറിയുന്നവരുണ്ടു്. അവരിൽപെട്ട ഒരെഴുത്തുകാരനാണു് ഉണ്ണിക്കൃഷ്ണൻ തിരുവാഴിയോടു്. അദ്ദേഹം മാതൃഭൂമി ആഴ്ചപ്പതിപ്പിലെഴുതിയ “മടക്കം” എന്ന മനസ്സിലാക്കാൻ പ്രയാസമുള്ള കഥയിൽ നിന്നു് ചില വാക്യങ്ങൾ: “കാലവർഷത്തിന്റെ സുഗന്ധം പ്രസരിക്കുന്ന അവളുടെ ഇരുണ്ട മുടിയുടെ മൃദുലത എന്റെ വിരൽത്തുമ്പുകളിൽ ഇപ്പോഴും തങ്ങിനില്ക്കുന്നതുപോലെ”, “സമതലത്തിലെത്തിയ പുഴയുടെ ധൃതമല്ലാത്ത ഒഴുക്കിൽ പെട്ടെന്നുരുത്തിരിയുന്ന നീർച്ചുഴി പോലെയുള്ള അവളുടെ നാഭിക്കരികെ ഒരു നീലഞരമ്പു ത്രസിക്കുന്നുണ്ടു്”. (ധൃതത്തിനു് ധരിക്കപ്പെട്ട എന്നാണർത്ഥം. തിടുക്കം, വെമ്പൽ എന്ന അർത്ഥത്തിലാണെന്നു തോന്നുന്നു കഥാകാരൻ അതു പ്രയോഗിച്ചതു്.) സ്യൂഡോപൊയറ്റിക്കായ കുറെ പദങ്ങളെടുത്തങ്ങു പെരുമാറിയാൽ സാഹിത്യമാകും എന്ന തെറ്റിദ്ധാരണയിൽപ്പെട്ടിരിക്കുകയാണു് ഉണ്ണിക്കൃഷ്ണൻ തിരുവാഴിയോടു്. ചെറുപ്പകാലത്തു സുന്ദരനായിരുന്നവൻ അറുപതു വയസ്സു കഴിഞ്ഞിട്ടും പണ്ടത്തെ കാമോത്സുകതയോടെ ചെറുപ്പക്കാരികളെ തുറിച്ചു നോക്കും. യൗവനകാലത്തു തിരിച്ചു കിട്ടിയിരുന്ന കടാക്ഷമാലകൾ അപ്പോൾ കിട്ടുകയില്ല. യുവതികൾ പുച്ഛിച്ചു തലവെട്ടിച്ചു പോകും. ഉണ്ണിക്കൃഷ്ണന്റെ ഈ ‘വൃദ്ധപദക്ഷേപണ’ത്തിൽ സഹൃദയർക്കു പുച്ഛമേയുള്ളു.
ഉത്കൃഷ്ടങ്ങളായ ആശയങ്ങൾ ആവിഷ്കരിക്കുന്ന ഭാഷ എപ്പോഴും ലളിതമായിരിക്കും. “Workers of all Countries unite. You have nothing to lose but your chains. (സർവ്വരാജ്യതൊഴിലാളികളേ സംഘടിക്കുവിൻ. നിങ്ങൾക്കു നഷ്ടപ്പെടാൻ കൈച്ചങ്ങലകളല്ലാതെ മറ്റൊന്നുമില്ല.) Neither do I condemn thee. Go and sin no more. (ഞാനും നിന്നെ കുറ്റപ്പെടുത്തുന്നില്ല. പോകൂ. ഇനി പാപം ചെയ്യാതിരിക്കൂ.)
“അന്തിമമാം മണമർപ്പിച്ചടിവാൻ മലർ
കാക്കില്ലേ ഗന്ധവാഹനെ രഹസ്യമാർക്കറിയാവൂ”.
“ഒന്നിന്നുമില്ലനില, ഉന്നതമായ കുന്നുമെന്നല്ല-
യാഴിയുമൊരിക്കൽ നശിക്കു-മോർത്താൽ”.
വിജാതീയമായ വിവാഹബന്ധത്തിലേർപ്പെട്ടു് വർഷംതോറും പ്രസവിച്ചു ദുഃഖമനുഭവിക്കുന്ന ഒരു സ്ത്രീയെ അവതരിപ്പിക്കാനാണു് സ്നേഹപ്രഭയുടെ ശ്രമം (കുങ്കുമം വാരിക, ‘രണ്ടു സഹോദരികൾ’). അവർ ഗർഭച്ഛിദ്രം നടത്താൻ ഓപ്പറേഷൻ തിയേറ്ററിൽ പ്രവേശിക്കുമ്പോൾ കഥ പര്യവസാനത്തിലെത്തുന്നു. പത്താം തരം കല, പത്താം തരം കഥ. ബഹിർഭാഗസ്ഥമായ ചിത്രീകരണം. സർവ്വസാധാരണങ്ങളായ പ്രയോഗങ്ങൾ, ചിത്രങ്ങൾ, ഈ ആശയദാരിദ്ര്യവും ഭാവനാദാരിദ്ര്യവും വീട്ടുവേലക്കാരികൾക്കു് ഇഷ്ടമാകും. ഫാമിലി പ്ലാനിങ് അധികാരികൾക്കു് ഇക്കഥ അയച്ചു കൊടുത്താൽ സ്നേഹപ്രഭയ്ക്ക് സമ്മാനം കിട്ടും. കലയുടെ പ്രകാശം വീണ, ജീവിതം സ്പന്ദിക്കുന്ന ഒരു കഥയെങ്കിലും വായിക്കാൻ കഴിഞ്ഞെങ്കിൽ!
കുഞ്ഞുങ്ങൾക്കു് കളിപ്പാട്ടം വേണം. ചെറുപ്പക്കാരിക്കു് ചെറുപ്പക്കാരനെ വേണം. രാഷ്ട്രീയക്കാരനു് അലറാൻ പ്ലാറ്റ്ഫോം വേണം. പാങ്ങില്ലാപ്പതിവ്രതയ്ക്ക് കുറ്റപ്പെടുത്താൻ ചെറുപ്പക്കാരികളെ വേണം. വിവരം കുറഞ്ഞ പെൺകുട്ടികൾക്കു് പൈങ്കിളിക്കഥകൾ എഴുതാൻ വാരികകൾ വേണം. ഇനി വേറൊരു വിധത്തിൽ പറയാം.
കുഞ്ഞുങ്ങൾക്കു വടികൊണ്ടുള്ള പ്രയോഗമാണു വേണ്ടതു്. ചെറുപ്പക്കാരി പ്രേമലേഖനമെഴുതാൻ തുടങ്ങുന്നതിനുമുമ്പു് അവളെ കെട്ടിച്ചയയ്ക്കണം. രാഷ്ട്രീയക്കാരനു മൈക്ക് കൊടുക്കരുതു്. പാങ്ങില്ലാപ്പതിവ്രതയോടു് ‘ചെറുപ്പകാലത്തു് നീയും ഇങ്ങനെയായിരുന്നെടീ’ എന്നു പറയണം. പൈങ്കിളിക്കഥകൾ പത്രാധിപന്മാർ ചവറ്റുകുട്ടയിലെറിയണം.
ബൊലൊന്യാ സർവ്വകലാശാല യിലെ (University of Bologna—ബൊലൊന്യാ വടക്കേ ഇറ്റലിയിലെ പട്ടണം.) സീമിയോട്ടിക്സ് പ്രൊഫസറായ ഊമ്പർടോ എച്ചോ (Umberto Eco) എഴുതിയ The Name of the Rose എന്ന നോവൽ വിശ്വവിഖ്യാതമായിത്തീർന്നിരിക്കുന്നു. കോടിക്കണക്കിനു് ആളുകൾ അതു വാങ്ങി വായിക്കുന്നു. മറ്റു ഭാഷകളിലേക്കു് അതു തർജ്ജമ ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്നു. മുപ്പതു കൊല്ലത്തെ മനനത്തിനു ശേഷം രണ്ടരക്കൊല്ലം കൊണ്ടു് എച്ചോ എഴുതിത്തീർത്ത ഈ നോവൽ മദ്ധ്യകാലഘട്ടത്തെക്കുറിച്ചുള്ളതാണു്. ചില സന്ന്യാസിമാർ വധിക്കപ്പെടുമ്പോൾ അതന്വേഷിക്കാൻ സെന്റ് ഫ്രാൻസിസ് പുണ്യാളന്റെ മതസിദ്ധാന്തത്തിൽപ്പെട്ട ഒരാൾ നിയോഗിക്കപ്പെടുന്നു. ആ അന്വേഷണം സീമിയോട്ടിക്സിലൂടെ—പ്രതിരൂപം, ആശയം, സിംബലിസം ഇവയുടെ പഠനത്തിലൂടെ—ദാർശനിക തലത്തിൽ എത്തുന്നതിന്റെ അന്യാദൃശാവസ്ഥയാണു് ഈ കലാശില്പം പ്രദാനം ചെയ്യുന്നതു്. മധ്യകാലഘട്ടത്തെക്കുറിച്ചുള്ളതാണു് ഈ നോവലെങ്കിലും ഇതിനു സമകാലിക പ്രാധാന്യമുണ്ടു്. റോമാസാമ്രാജ്യത്തെ തങ്ങളുടെ ആധിപത്യത്തിൽ കൊണ്ടുവരാൻ എവീന്യോങ്ങി ലെ (Avignon) പോപ്പും മിലാനി ലെ ചക്രവർത്തിയും ശ്രമിക്കുന്നു. ഈ സംഘട്ടനത്തിൽ അമേരിക്കയുടെയും റഷ്യയുടെയും ആധുനിക സംഘട്ടനത്തിൽ നിന്നുണ്ടാകുന്ന സ്ഫുലിംഗങ്ങൾ ദർശിക്കാം. ഗ്രന്ഥകാരൻ പറയുന്നു: “Early Christians experienced the fall of the Roman Empire and all that went with it. At the end of the first millennium they expected the destruction of the wicked world to precede the returning Christ. Today we live in a dread of nuclear war”. ഭൂതകാലത്തിന്റെയും നവീനകാലത്തിന്റെയും സംയോജനമാണു് ഈ നോവലിന്റെ സവിശേഷത.

നോവലിലെ പ്രധാനപ്പെട്ട കഥാപാത്രം ഒരിടത്തു പ്രസ്താവിക്കുന്നു: “But why does the needle always point north? The stone attracts iron… ” സഹൃദയനെന്ന അയസ്കാന്തം ഉത്തരദിക്കിലിരിക്കുന്ന ഈ കലാശില്പത്തിലേക്കു് എപ്പോഴും നോക്കിക്കൊണ്ടിരിക്കുന്നു. “ഞാൻ ആഹ്ലാദിക്കുന്നു; വിദ്യാസമ്പന്നമായ ശേഷം ലോകവും ആഹ്ലാദിക്കുമെന്നു് വിശ്വസിക്കുകയും ചെയ്യുന്നു” എന്നു് മഹായശസ്കനായ ആന്തണി ബർജ്ജിസ് പ്രശംസിച്ച ഈ നോവലിലേക്കു് ഞാൻ വായനക്കാരുടെ ശ്രദ്ധയെ സാദരം ക്ഷണിക്കട്ടെ.
കുമാരി വാരികയുടെ പുറന്താളിൽ സൂര്യ യുടെ ചിത്രം. ദീപിക ആഴ്ചപ്പതിപ്പിന്റെ പുറന്താളിൽ ശ്രീവിദ്യ യുടെ ചിത്രം. രണ്ടുപേരും ചലച്ചിത്രതാരങ്ങൾ; സുന്ദരികൾ. പക്ഷേ, സൂര്യയുടെ ചിത്രം വിരൂപം. ശ്രീവിദ്യയുടെ ചിത്രം മനോഹരവും. അച്ചടിയിൽ വന്ന തകരാറു കൊണ്ടല്ല സുന്ദരിയായ സൂര്യ വൈരൂപ്യമുള്ളവളായതു്. ഏതു സുന്ദരിയും ചില ‘പോസിൽ’ വൈരൂപ്യമുള്ളവളായിത്തോന്നും. സൂര്യയുടെ പോസാണു് അവരെ ഇമ്മട്ടിലാക്കിയതു്. സ്പാനിഷ് സറീയലിസ്റ്റ് കവി ലൂയിസ് തേർനൂദാ (Luis Cernuda) പറഞ്ഞിട്ടുണ്ടു് ‘സുന്ദരമായതേതിനും അതിന്റേതായ നിമിഷമുണ്ടു്; എന്നിട്ടു് അതു മാഞ്ഞു പോകുമെന്നു്.’ (Everything beautiful has its moment and then passes away.) ശരിയാണു്. ശ്രീവിദ്യയുടെയും സൂര്യയുടെയും സൗന്ദര്യം മാഞ്ഞുപോകും. പക്ഷേ, ഇന്നു് അവർ സുന്ദരികൾ. ഒരു സുന്ദരിയെ അസുന്ദരിയാക്കിയിരിക്കുന്നു അവരുടെ പ്രത്യേകമായ പോസ്. അതങ്ങനെയാണു്. ഇരിക്കുന്ന സുന്ദരി നടക്കുന്ന സുന്ദരിയല്ല (Sitting beauties are not always walking beauties—യൂഗോയുടെ “പാവങ്ങൾ” വായിച്ച ഓർമ്മയിൽനിന്നു്). ഏതു സുന്ദരിയും ഓടുമ്പോൾ വൈരൂപ്യത്തിന്റെ പ്രതിരൂപം. (സുന്ദരികൾ ബസ്സ് വന്നു നില്ക്കുമ്പോൾ ഓടിച്ചെല്ലരുതു് അതിൽ കയറാൻ. ചില ഡ്രൈവർമാർ ഓടിക്കുമവരെ. എങ്കിലും ഓടരുതു്.) ഏതു സുന്ദരിയും പരിപൂർണ്ണമായി നഗ്നയാകുമ്പോൾ അതിസുന്ദരി. (നിയമം പിടികൂടിയില്ലെങ്കിൽ ഇങ്ങനെ പലരും അതിസുന്ദരികളായി മാറും എന്ന അനുമാനത്തിലെത്താൻ ചിലരുടെ ഭുജകോടരപ്രദർശനവും നാഭ്യാവർത്തപ്രദർശനവും നമ്മെ സഹായിക്കുന്നുണ്ടു്.) സത്യം ഇതാണെങ്കിലും ഉണ്ണി വാരിയത്തിന്റെ കഥാംഗന എത്ര നഗ്നയായാലും സുന്ദരിയാവുകയില്ല. പൊക്കം കുറഞ്ഞവനും കുടവയറുള്ളവനുമായ ഭർത്താവിനെ ഭാര്യയ്ക്കു വെറുപ്പു്. അടുത്ത വീട്ടിലെ ചെറുപ്പക്കാരൻ കാലത്തു് കായികാഭ്യാസം നടത്തുന്നതു കണ്ടു് അവളുടെ കാമമിളകി. അവർ ഒരുമിച്ചുകൂടി. രതിലീലകളാടി. ഭർത്താവിനെ ഉപേക്ഷിക്കാൻ താൻ തയ്യാറല്ലെന്നു അവൾ പറഞ്ഞപ്പോൾ അയാൾ പിണങ്ങി. പിണങ്ങിപ്പിരിഞ്ഞപ്പോഴാണു് ഭർത്താവു് അവരുടെ വേഴ്ച കണ്ടുപിടിച്ചതു്. കലാകാരൻ കലയുടെ വസ്ത്രമഴിക്കുകയല്ല വേണ്ടതു്. അവളെ സാരിയുടുപ്പിക്കണം. കലാംഗന സാരിയുടുത്തു നില്ക്കുമ്പോഴാണു സുന്ദരി. ഉണ്ണി വാരിയത്തു് വളരെക്കാലമായി വസ്ത്രാക്ഷേപം നടത്തുന്നു. അവൾ കേഴുന്നതൊട്ടു ശ്രീകൃഷ്ണൻ കേൾക്കുന്നതുമില്ല.
സുന്ദരമായതേതിനും അതിന്റേതായ നിമിഷമുണ്ടു്; എന്നിട്ടു് അതു മാഞ്ഞു പോകും—ലൂയിസ് തേർനൂദാ.
ലൈംഗിക വർണ്ണനകൾ വായിച്ചേ തീരൂ എന്നുണ്ടോ? എങ്കിൽ “വാൾട്ട”റുടെ My Secret Life എന്ന പുസ്തകം വായിച്ചാൽ മതി. അതൊരാത്മകഥയാണു്. ഞാനതിന്റെ ഒരു സംഗ്രഹമേവായിച്ചിട്ടുള്ളു. My Secret Life, Panther, Edited with an introduction by Gordon Grimley—ഈ ഗ്രന്ഥത്തിന്റെ ആദ്യത്തെ പ്രസാധനം പതിനൊന്നു വാല്യങ്ങളായിട്ടാണു്. ഒരു പ്രതിക്കു് ഏഴായിരം ഡോളർ കൊടുത്താണു് ആളുകൾ വാങ്ങിയതു്.
പോർനൊഗ്രഫിയിലും പോർനൊഗ്രഫിക്‍ നോവലുകളിലും ഈ ലേഖകനു് താല്പര്യമില്ല. പ്രായക്കൂടുതൽ കൊണ്ടു് ഗ്രന്ഥികൾക്കു ദൗർബല്യം സംഭവിക്കുമ്പോൾ സെക്സിലുള്ള കൗതുകം കുറയും എല്ലാവർക്കും. താല്പര്യമില്ലെങ്കിലും ഇത്തരം ഗ്രന്ഥങ്ങൾ നല്കുന്ന അറിവിനെ ലക്ഷ്യമാക്കി ഞാൻ ഇവ വായിക്കാറുണ്ടു്. ലൈംഗിക പ്രവർത്തനങ്ങൾ, അവ ജനിപ്പിക്കുന്ന ആഹ്ലാദം ഇവയെയെല്ലാം അന്യാദൃശമായി ചിത്രീകരിക്കുന്ന ആത്മകഥയാണു് ഈ ഗ്രന്ഥം. വാൾട്ടർ എന്നതു തുലികാനാമമത്രേ.
എഡിൻബറ സർവകലാശാല യിലെ (എഡൻബറ എന്നും, എഡിൻബറോ എന്ന ഉച്ചാരണം English Pronouncing Dictionary-യിൽ കാണുന്നില്ല) ലിങ്ഗ്വിസ്റ്റിക്സ് പ്രൊഫസ്സറായ ആർ. ഇ. ആഷർ കേരളത്തിലെ ഇന്റെലെക്ച്വൽസിന്റെ ഇടയ്ക്ക് പ്രമാണിയായി ഭവിച്ചിരിക്കുന്നു. ഈ ആഴ്ചത്തെ മാതൃഭൂമി വാരികയിലും കലാകൗമുദിയിലും അദ്ദേഹത്തെക്കുറിച്ചു ലേഖനങ്ങളുണ്ടു്.

കേരളത്തിലെ സാഹിത്യകാരന്മാരുടെ കൃതികൾ കണ്ടു് അദ്ഭുതപരവശനാകുന്ന ആളാണു് ആഷർ. അത്രയ്ക്കു് അദ്ദേഹം പരവശനാകേണ്ടതുണ്ടോ? ഇംഗ്ലീഷ് സാഹിത്യം പഠിച്ച ആഷർക്കു് അദ്ഭുതവികാരം ഉളവാക്കത്തക്കതായി മലയാളത്തിൽ ഒരു നോവലില്ല, ചെറുകഥയില്ല, ഉപന്യാസമില്ല. സംശയമുണ്ടെങ്കിൽ Charles Lamb-ന്റെ Dream Children വായിച്ചു നോക്കു. മലയാളസാഹിത്യം മുഴുവനും ത്രാസ്സിന്റെ ഒരു തട്ടിലിട്ടു മറ്റേത്തട്ടിൽ ലാംബിന്റെ ഉപന്യാസവും ഇടൂ. ഇംഗ്ലീഷുപന്യാസം കിടക്കുന്ന തട്ടു താണുകിടക്കുകയേയുള്ളു. സത്യമിതായതുകൊണ്ടു് രണ്ടു് അനുമാനങ്ങൾക്കേ മാർഗ്ഗമുള്ളൂ. 1. സാഹിത്യത്തിന്റെ സൗന്ദര്യം ആസ്വദിക്കാൻ ആഷർ അപ്രഗല്ഭനാണു്. 2. കേരളത്തിൽ വന്നെത്തിയ ആഷർ ഇവിടെയുള്ള സാഹിത്യകാരന്മാരെ സന്തോഷിപ്പിക്കാനായി ഇല്ലാത്തതു പറയുന്നു. ഈ രണ്ടിൽ ഏതാണു ശരിയെന്നു് എനിക്കു നിർണ്ണയിക്കാൻ വയ്യ. പക്ഷേ, ഏതെങ്കിലും ഒന്നു ശരിയായേ പറ്റൂ.
‘മനുഷ്യൻ എങ്ങനെയായാലും വേണ്ടില്ല, ഉള്ളിലുള്ളതു പ്രകാശിപ്പിച്ചേ മതിയാവൂ’ എന്ന അർത്ഥത്തിൽ ‘ഒഥല്ലോ’ നാടകത്തിൽ ഒരു വാക്യമുള്ളതു് ഇപ്പോൾ ഓർമ്മിക്കുന്നു. മാർക്കസ് ഒറീലിയസി ന്റെ Meditations എന്ന പോലെ ഈ ലേഖകൻ പതിവായി വായിക്കുന്ന ഗ്രന്ഥമാണു് എപിക്റ്റീറ്റസി ന്റെ Discourses എന്ന ഗ്രന്ഥം. അതിലൊരു ഭാഗം: റോമാ ചക്രവർത്തിയായിരുന്ന വെസ്പേഷ്യൻ (Vespasian, AD 9–79) സെനറ്റർ ഹെൽവിഡിയസി നോടു് ആജ്ഞാപിച്ചു സെനറ്റിൽ വരാൻ പാടില്ലെന്നു്. അപ്പോൾ അദ്ദേഹം പറഞ്ഞു: “ഞാൻ സെനറ്ററായിരിക്കാൻ പാടില്ലെന്നു് അങ്ങയ്ക്കു കല്പിക്കാം. പക്ഷേ, സെനറ്ററായിരിക്കുന്ന കാലത്തോളം എനിക്കു് അകത്തോട്ടു വന്നേ തീരൂ”.
“എന്നാൽ വരൂ. വന്നു മിണ്ടാതിരിക്കു.” എന്നു ചക്രവർത്തി.
“ചോദ്യം ചോദിക്കാതിരിക്കൂ. എന്നാൽ ഞാൻ മിണ്ടാതിരിക്കാം”.
“പക്ഷേ, എനിക്കു നിങ്ങളോടു ചോദ്യം ചോദിച്ചേ തീരൂ”.
“അപ്പോൾ എനിക്കു ശരിയെന്നു തോന്നുന്നതു് ഞാൻ പറയുക തന്നെ ചെയ്യും”.
“നിങ്ങളതു പറഞ്ഞാൽ ഞാൻ നിങ്ങളെ കൊല്ലും”.
“മരണമില്ലാത്തവനാണു ഞാനെന്നു് എപ്പോഴാണു് ഞാൻ അങ്ങയെ അറിയിച്ചതു്? അങ്ങു് ചെയ്യേണ്ടതു് അങ്ങു് ചെയ്യും. ഞാൻ എനിക്കു ചെയ്യേണ്ടതും. കൊല്ലുക എന്നതു് അങ്ങയുടെ കൃത്യം, പേടി കൂടാതെ മരിക്കുക എന്നതു് എന്റെ കൃത്യം. എന്നെ ബഹിഷ്കരിക്കുക എന്നതു് അങ്ങയുടേതു്. വിലപിക്കാതെ വിദേശത്തു് പോകുക എന്നതു് എന്റേതും.”
ഈ ഹെൽവിഡിയസാണു് അഭിജാതൻ, അഭിമാനി. അദ്ദേഹം തന്റെ സ്വഭാവത്തിനു യോജിച്ച വിധത്തിൽ സംസാരിച്ചു. ആഷർക്കു മാത്രമല്ല ഞാനുൾപ്പെടെയുള്ള എല്ലാവർക്കും ഉണ്ടായിരിക്കേണ്ട ഗുണമാണിതു്.
തോളെവിടെ അവസാനിക്കുന്നു, മുല എവിടെ തുടങ്ങുന്നു എന്നു കാഴ്ചക്കാർക്കു് നിർണ്ണയിക്കാനാവാത്ത ചില പെണ്ണുങ്ങളുണ്ടു്. അസത്യം എവിടെ അവസാനിക്കുന്നു സത്യം എവിടെ ആരംഭിക്കുന്നു എന്നു തീരുമാനിക്കാൻ വയ്യാത്ത നിരൂപകരുമുണ്ടു്.