SFNസായാഹ്ന ഫൌണ്ടേഷൻ
സാ​ഹി​ത്യ​വാ​ര​ഫ​ലം
എം കൃ​ഷ്ണൻ നായർ
(കലാ​കൗ​മു​ദി വാരിക, 1984-08-26-ൽ പ്ര​സി​ദ്ധീ​ക​രി​ച്ച​തു്)

എഴു​ത്ത​ച്ഛൻ കു​ടി​യ​നാ​യി​രു​ന്നു​വെ​ന്നു വി​വ​ര​മു​ള്ള​വർ പോലും പറ​യാ​റു​ണ്ടു്. കാ​വ്യ​ത്തിൽ ഒരി​ട​ത്തു് പര​മാ​ന​ന്ദ​ല​ഹ​രി​യെ​ന്നു് അദ്ദേ​ഹം പ്ര​യോ​ഗി​ച്ചു എന്ന​താ​ണു് ഈ അനു​മാ​ന​ത്തി​നു് ആസ്പ​ദം. ചേ​തോ​ഹ​ര​മാ​ണു് ഈ മഹാ​ക​വി​യു​ടെ കവിത. മദ്യം ചെ​ലു​ത്തി​യാ​ലേ അമ്മാ​തി​രി​യു​ള്ള കവിത ജനി​ക്കൂ എന്ന വി​ശ്വാ​സ​വും ഈ ദു​ഷ്പ്ര​വാ​ദ​ത്തി​നു കാ​ര​ണ​മാ​യി ഭവി​ച്ചി​രി​ക്കാം. ആധു​നി​ക​കാ​ല​ത്തെ പല കവി​ക​ളും വാ​രു​ണീ​സേ​വ​യിൽ അഭി​ര​മി​ക്കു​ന്നു​ണ്ടു്. അതി​നാൽ കവി​യായ എഴു​ത്ത​ച്ഛ​നും കു​ടി​യ​നാ​യി​രു​ന്നു എന്ന തീ​രു​മാ​ന​ത്തി​ലെ​ത്തു​ക​യാ​ണു് ഇവർ.

ഞാ​നൊ​രി​ക്കൽ പ്ര​ശ​സ്ത​നായ ഒരു സാ​ഹി​ത്യ​കാ​ര​നോ​ടൊ​രു​മി​ച്ച് ഒരു സമ്മേ​ള​ന​ത്തി​നു പോ​യി​ട്ടു് തി​രി​ച്ചു വരി​ക​യാ​യി​രു​ന്നു. കാറിൽ കരു​തി​വെ​ച്ചി​രു​ന്ന മദ്യ​ക്കു​പ്പി​കൾ ഒഴി​ഞ്ഞ​പ്പോൾ ഒരോ ചാ​രാ​യ​ഷാ​പ്പി​ന്റെ​യും മുൻ​പിൽ കാറ് നി​റു​ത്തി​ച്ച് അദ്ദേ​ഹം കു​ടി​ച്ചു. ഒടു​വിൽ തീരെ കു​ടി​ക്കാൻ വയ്യാ​താ​യി അദ്ദേ​ഹ​ത്തി​നു്. ചാ​രാ​യ​ഷാ​പ്പു് അടു​ക്കു​ക​യും ചെ​യ്തു. സാ​ഹി​ത്യ​കാ​രൻ കാറ് നി​റു​ത്താൻ ആജ്ഞാ​പി​ച്ചു. റോ​ഡ​രു​കിൽ ഇരു​ന്നു. തൊ​ണ്ട​യി​ലേ​ക്കു രണ്ടു വിരൽ കട​ത്തി ഛർ​ദ്ദി​ച്ചു. അതിനു ശേഷം ഷാ​പ്പിൽ കയറി കു​ടി​ച്ചു. “എന്തി​നി​ങ്ങ​നെ?” എന്നു ഞാൻ പി​ന്നീ​ടു് ചോ​ദി​ച്ച​പ്പോൾ “ഇന്നു രാ​ത്രി എനി​ക്കൊ​രു നോ​വ​ലെ​ഴു​തി തു​ട​ങ്ങ​ണം. അതിനു കു​ടി​ച്ചാ​ലേ പറ്റൂ.” എന്നാ​യി​രു​ന്നു അദ്ദേ​ഹ​ത്തി​ന്റെ മറു​പ​ടി. ചങ്ങ​മ്പു​ഴ​യു​ടെ ബന്ധു​ക്ക​ളോ​ടു മാ​പ്പു ചോ​ദി​ച്ചു​കൊ​ണ്ടു് അദ്ദേ​ഹ​ത്തി​ന്റെ സു​ഹൃ​ത്തു​ക്കൾ പറഞ്ഞ ഒരു കാ​ര്യം ഇവിടെ എഴു​തു​ക​യാ​ണു്. ഇതു സത്യ​മാ​ണെ​ങ്കിൽ​ത്ത​ന്നെ​യും അവർ സദയം ക്ഷ​മി​ക്ക​ണം. ഷൂ​സി​ന​ക​ത്തു് കഞ്ചാ​വു​വ​ച്ചു​കൊ​ണ്ടു് രണ്ടു രണ്ടര നാഴിക നട​ന്നു​ചെ​ന്നു് കവി ചാ​രാ​യം കു​ടി​ക്കു​മാ​യി​രു​ന്നു പോലും. എന്നി​ട്ടു്, നട​ത്തം​കൊ​ണ്ടു് അമർ​ന്നു മി​നു​സ​പ്പെ​ട്ടു​കി​ട്ടിയ കഞ്ചാ​വു് ബീ​ഡി​യി​ലേ​ക്ക് പൊ​തി​ഞ്ഞ് വലി​ക്കു​മാ​യി​രു​ന്ന​ത്രേ. പി​ന്നീ​ടു് പറ​മ്പിൽ അങ്ങോ​ട്ടും ഇങ്ങോ​ട്ടും നട​ത്തം. പാ​തി​രാ​ക​ഴി​ഞ്ഞ് കവി​ത​യെ​ഴു​ത്തു തു​ട​ങ്ങു​ന്നു. താ​ന​റി​യാ​തെ കവി “അദ്വൈ​താ​മല ഭാ​വ​സ്പ​ന്ദിത വി​ദ്യു​ന്മേ​ഖല പൂകീ ഞാൻ” എന്ന മട്ടി​ലു​ള്ള വരികൾ എഴു​തു​ന്നു.

എഴു​ത്ത​ച്ഛ​നെ​യും ചങ്ങ​മ്പുഴ യെയും സം​ബ​ന്ധി​ച്ചു​ള്ള ഈ പ്ര​സ്താ​വ​ങ്ങൾ​ക്ക് സത്യാ​ത്മ​ക​ത​യു​ണ്ടോ? ഉണ്ടെ​ങ്കി​ലും ഇല്ല​ങ്കി​ലും കാ​വ്യ​ര​ച​ന​യ്ക്ക് മദ്യം സഹാ​യി​ക്കു​ക​യി​ല്ലെ​ന്നു തീർ​ത്തു പറയാം. മദ്യം അക​ത്തു​ചെ​ല്ലു​മ്പോൾ രണ്ട​നു​ഭ​വ​ങ്ങ​ളാ​ണു് ഉണ്ടാ​വുക. ഒന്നു്: ലോകം മങ്ങ​ലോ​ടു​കൂ​ടി പ്ര​ത്യ​ക്ഷ​പ്പെ​ടു​ന്നു. രണ്ടു്: അല്ലെ​ങ്കിൽ ഏതും സ്ഥൂ​ലീ​ക​രി​ച്ച് കാ​ണു​ന്നു. ഇല വീ​ഴു​ന്ന ശബ്ദം ഇടി​വെ​ട്ടു​ന്ന ശബ്ദ​മാ​യി മാറും. മങ്ങ​ലേ​റ്റ​തോ സ്ഥൂ​ലീ​ക​രി​ക്ക​പ്പെ​ട്ട​തോ ആയ ലോ​ക​ത്തെ വാ​ക്കു​ക​ളി​ലൂ​ടെ ആവി​ഷ്ക​രി​ക്കാ​നാ​വി​ല്ല. ആവി​ഷ്ക​രി​ച്ചാ​ലും അതു് “മല​രൊ​ളി തി​ര​ളും മധു ചന്ദ്രി​ക​യിൽ മഴ​വി​ല്ക്കൊ​ടി​യു​ടെ മു​ന​മു​ക്കി എഴു​താ​നു​ഴ​റീ കല്പന ദി​വ്യ​മൊ​ര​ഴ​കി​നെ​യെ​ന്നെ മറ​ന്നൂ ഞാൻ” എന്ന രീ​തി​യി​ലു​ള്ള വരി​ക​ളാ​യി രൂ​പം​കൊ​ള്ളു​ക​യു​മി​ല്ല.

വാ​യി​ക്കേ​ണ്ട പു​സ്ത​ക​മാ​ണു് വി​ല്യം ജേംസി ന്റെ “The Varieties of Religious Experience ”. അതിൽ ‘The sway of alcohol over mankind is unquestionably due to its power to stimulate mystical faculties of human nature, usually crushed to earth by the cold facts and dry criticisms of the sober hour’ എന്നു പറ​ഞ്ഞി​ട്ടു​ണ്ടു്. വി​ല്യം ജേംസ് എവിടെ? ഞാ​നെ​വി​ടെ? എങ്കി​ലും സാ​യ്പി​ന്റെ ഭം​ഗി​യാർ​ന്ന വാ​ക്യം കള്ളം പറ​യു​ക​യാ​ണു്. ശ്രീ​രാ​മ​കൃ​ഷ്ണ​പ​ര​മ​ഹം​സ​നും രമ​ണ​മ​ഹർ​ഷി​യും ലോകം കണ്ട മി​സ്റ്റി​ക്കു​ക​ളിൽ പ്ര​ധാ​നർ ആയി​രു​ന്നു. അവർ കു​ടി​ച്ചി​ട്ട​ല്ല മി​സ്റ്റി​സി​സ​ത്തി​ലെ​ത്തി​യ​തു്. നല്ല കാ​വ്യം രചി​ക്കാൻ കു​ടി​ക്ക​ണോ? നോൺ​സെൻ​സ്. ജി. ശങ്ക​ര​ക്കു​റു​പ്പ് മദ്യം തൊ​ട്ടി​ട്ടി​ല്ല. തി​ക​ഞ്ഞ സദാ​ചാ​ര​നി​ഷ്ഠ​യു​ള്ള മഹാ​ക​വി​യാ​യി​രു​ന്നു അദ്ദേ​ഹം.

മഹാ​ക​വി ജി.
images/GSankaraKurup01.jpg
ജി. ശങ്ക​ര​ക്കു​റു​പ്പ്

ജി. ശങ്ക​ര​ക്കു​റു​പ്പ് ആകാ​ശ​വാ​ണി​യിൽ ഉദ്യോ​ഗ​സ്ഥ​നാ​യി​രു​ന്ന കാലം. വഴു​ത​യ്ക്കാ​ട്ടു​ള്ള ഒരു വലിയ കെ​ട്ടി​ട​ത്തി​ലാ​യി​രു​ന്നു അദ്ദേ​ഹ​ത്തി​ന്റെ താമസം. ഞാൻ ആദ്യ​മാ​യി അദ്ദേ​ഹ​ത്തെ കാണാൻ ചെ​ന്നു. കു​റ​ച്ചു​നേ​രം കഴി​ഞ്ഞ​പ്പോൾ തി​ക്കു​റു​ശ്ശി സു​കു​മാ​രൻ നാ​യ​രും ഹാ​സ്യ​സാ​ഹി​ത്യ​കാ​രൻ സീ​താ​രാ​മ​നും ചി​റ​യൻ​കീ​ഴു് സു​ധീ​ന്ദ്ര​നും എത്തി. ഗു​പ്തൻ​നാ​യ​രു മു​ണ്ടാ​യി​രു​ന്നു. കൂ​റെ​നേ​രം സം​സാ​രി​ച്ചി​രു​ന്നു. നേരം ഇരു​ളു​ന്ന​തു​ക​ണ്ടു് ഞാൻ യാത്ര ചോ​ദി​ച്ചു. കവി പറ​ഞ്ഞു: “ഞാനും നട​ക്കാൻ വരാം”. തൊ​ട്ട​ടു​ത്തു താ​മ​സി​ച്ചി​രു​ന്ന തി​ക്കു​റി​ശ്ശി വീ​ട്ടി​ലേ​ക്കു പോയി. ഞങ്ങൾ ശാ​സ്താം​കോ​വി​ലി​നു മുൻ​പി​ലെ​ത്തി​യ​പ്പോൾ ദീ​പാ​രാ​ധന. കവി തെ​ല്ലു​നേ​രം കൈ​കൂ​പ്പി​നി​ന്നു: എന്നി​ട്ടു് ഞങ്ങ​ളോ​ടു് പറ​ഞ്ഞു: “എനി​ക്കു വ്യ​ക്തി​ഗ​ത​നായ ഈശ്വ​ര​നി​ലും വി​ഗ്ര​ഹാ​രാ​ധ​ന​യി​ലും വി​ശ്വാ​സ​മി​ല്ല. എങ്കി​ലും താ​മ​സി​ക്കു​ന്ന​തി​ന​ടു​ത്തു് അമ്പ​ല​മു​ണ്ടാ​യി​രി​ക്കു​ന്ന​തു് നന്നു്”. ഞങ്ങൾ വി​മൻ​സ് കോ​ളേ​ജി​ലേ​ക്കു പോ​കു​ന്ന റോഡേ നട​ന്നു. മനോ​ഹ​ര​മായ രാ​ത്രി. ചന്ദ്രി​കാ ചർ​ച്ചി​ത​മായ രാ​ത്രി. പൂർ​ണ്ണ​ച​ന്ദ്രൻ.

“ഏഴി​ല​മ്പാ​ല​പ്പൂ​വിൻ തൂമണം തു​ളു​മ്പു​ന്നു​ണ്ടൂ​ഴി

തൻ നി​ശ്വാ​സ​ത്തി​ലെ​ന്തു മോഹന രാ​ത്രി!”

ചന്ദ്ര​നും നി​ലാ​വി​നും അജ്ഞാ​ത​വും അജ്ഞേ​യ​വു​മായ ഒരു നി​ഗൂ​ഢ​ത​യു​ണ്ടു്. ആ നി​ഗൂ​ഢ​ത​യെ, ഗഹ​ന​ത​യെ തേ​ടു​ക​യും സാ​ക്ഷാ​ത്ക​രി​ക്കു​ക​യും ചെയ്ത കവി​യാ​ണു് എന്റെ​കൂ​ടെ. വി​മൻ​സ് കോ​ളേ​ജി​ന്റെ മുൻ​പി​ലെ​ത്തി​യ​പ്പോൾ അദ്ദേ​ഹം പറ​ഞ്ഞു: “ഇനി ഞാൻ തി​രി​ച്ചു പോ​ക​ട്ടെ. എന്റെ പ്രി​യ​തമ ആ വലിയ വീ​ട്ടിൽ തനി​ച്ചി​രി​ക്കു​ക​യാ​ണു്. പേ​ടി​ക്കു​ക​യാ​ണു്”.

വർ​ഷ​ങ്ങൾ കഴി​ഞ്ഞു. കവി ഹൃ​ദ്രോ​ഗ​ത്താൽ അവ​ശ​നാ​യി തി​രു​വ​ന​ന്ത​പു​ര​ത്തെ മെ​ഡി​ക്കൽ കോ​ളേ​ജാ​ശു​പ​ത്രി​യിൽ കി​ട​ക്കു​ക​യാ​ണു്. എന്നും വൈ​കു​ന്നേ​രം ഞാ​ന​ദ്ദേ​ഹ​ത്തെ കാണാൻ ചെ​ല്ലും. ഭർ​ത്താ​വി​ന്റെ രോഗം ആശ​ങ്കാ​ജ​ന​ക​മാ​യി തോ​ന്നി​യ​തു​കൊ​ണ്ടാ​വ​ണം ഒരു​ദി​വ​സം അദ്ദേ​ഹ​ത്തി​ന്റെ സഹ​ധർ​മ്മി​ണി ദുഃ​ഖ​ത്തോ​ടെ നി​ന്നു. അവ​രു​ടെ ദുഃ​ഖ​വും നീ​ര​സ​വും ഹൃ​ദ്രോ​ഗി​യായ ഭർ​ത്താ​വി​നെ​ക്കൊ​ണ്ടു് സം​സാ​രി​പ്പി​ക്കു​ന്ന സന്ദർ​ശ​ക​ന്റെ ഇട​വി​ടാ​തെ​യു​ള്ള സാ​ന്നി​ദ്ധ്യ​ത്തി​ന്റെ ഫല​മാ​യി​രി​ക്കാ​മെ​ന്നു് അയാൾ (സന്ദർ​ശ​കൻ) തെ​റ്റി​ദ്ധ​രി​ച്ചു. ഞാൻ ആശു​പ​ത്രി​യിൽ പോ​കാ​താ​യി. “കൃ​ഷ്ണൻ​നാ​യ​രെ ഇപ്പോൾ കാ​ണാ​നി​ല്ല” എന്നു കവി അവിടെ ചെ​ല്ലു​ന്ന​വ​രോ​ടെ​ല്ലാം പറ​യു​മാ​യി​രു​ന്നു. രോ​ഗ​മൊ​ക്കെ ഭേ​ദ​മാ​യി അദ്ദേ​ഹം എറ​ണാ​കു​ള​ത്തു ചെ​ന്ന​പ്പോൾ ഞാൻ സന്ദർ​ശ​നം മു​ട​ക്കി​യ​തി​ന്റെ കാരണം എഴുതി അയ​ച്ചു. മര​ണ​ത്തി​ന്റെ വക്കോ​ളം എത്തി​നി​ന്ന ആത്മ​നാ​ഥ​നെ ശു​ശ്രൂ​ഷി​ച്ച് കദ​ന​ത്തി​ന്റെ രൂ​പ​മാർ​ന്നു നിന്ന ഒരു സാ​ധ്വി​യെ​യാ​ണു് ഞാൻ കു​റ്റ​പ്പെ​ടു​ത്തി​യ​തെ​ന്നു് അദ്ദേ​ഹം എനി​ക്കെ​ഴു​തി അയ​ച്ചു. അതു വാ​യി​ച്ച​പ്പോൾ എനി​ക്ക് ശങ്ക​ര​ക്കു​റു​പ്പി​നോ​ടു ബഹു​മാ​നം തോ​ന്നി​യ​തേ​യു​ള്ളു. ദമ്പ​തീ​വി​ഷ​യ​ക​മായ സ്നേ​ഹ​ത്തി​ന്റെ ശാ​ശ്വ​ത​പ്ര​തീ​ക​ങ്ങ​ളാ​ണു ജി.യും അദ്ദേ​ഹ​ത്തി​ന്റെ സഹ​ധർ​മ്മി​ണി​യു​മെ​ന്നു് എനി​ക്കു മന​സ്സി​ലാ​യി. ആ പ്രി​യ​ത​മ​യെ​ക്കു​റി​ച്ച് പറ​ഞ്ഞു​കൊ​ണ്ടാ​ണു് ജി.യുടെ ആത്മ​ക​ഥ​യു​ടെ രണ്ടാം ഭാഗം തു​ട​ങ്ങു​ന്ന​തു് (മാ​തൃ​ഭൂ​മി ആഴ്ച്ച​പ്പ​തി​പ്പു്). ഹൃ​ദ്യ​വും ഹൃ​ദ​യ​സ്പർ​ശ​ക​വു​മായ സമാ​രം​ഭം. ആത്മ​ക​ഥ​യു​ടെ ഇനി​യു​ള്ള ഭാ​ഗ​ങ്ങ​ളും ഇതു​പോ​ലെ​ത​ന്നെ​യാ​യി​രി​ക്ക​ട്ടെ. “പ്രി​യ​തമ ആ വലിയ വീ​ട്ടിൽ തനി​ച്ചി​രി​ക്കു​ന്നു” എന്ന സ്നേഹ സാ​ന്ദ്ര​മായ വാ​ക്കു​കൾ പറ​ഞ്ഞി​ട്ടാ​ണു് കവി വി​മൻ​സ് കോ​ളേ​ജി​ന്റെ മുൻ​വ​ശ​ത്തു​വ​ച്ചു് എന്നെ പി​രി​ഞ്ഞു​പോ​യ​തു്. ഇന്നു് അവർ തനി​ച്ചി​രി​ക്കു​ന്നു. നമ്മു​ടെ ജീ​വി​ത​പ്ര​വാ​ഹ​ത്തെ തട​ഞ്ഞു​നി​റു​ത്തു​ന്ന​തി​നെ​യൊ​ക്കെ നമ്മൾ വി​ധി​യെ​ന്നു വി​ളി​ക്കു​ന്നു. ആ വിധി യദൃ​ശ്ചി​ക​ത്വം മാ​ത്രം. എങ്കി​ലും കണ്ണീ​രൊ​ലി​ക്കു​ന്നു.

വൺ പൗ​ണ്ട് ഒഫ് ഫ്ളെ​ഷ്

ശങ്ക​ര​ക്കു​റു​പ്പി​നെ​പ്പോ​ലു​ള്ള ഉത്കൃ​ഷ്ട പു​രു​ഷ​ന്മാർ അന്ത​രി​ക്കു​മ്പോൾ മാ​ത്ര​മ​ല്ല നമ്മു​ടെ കണ്ണീ​രൊ​ലി​ക്കു​ന്ന​തു്. പട്ട​ണ​ത്തി​ലെ വീ​ട്ടു​ട​മ​സ്ഥ​രു​ടെ “വൺ പൗ​ണ്ട് ഓഫ് ഫ്ളെ​ഷ് ” എന്ന വിളി കേൾ​ക്കു​മ്പോ​ഴാ​ണു്. ഈ ഷൈ​ല​ക്കു​ക​ളെ നി​യ​ന്ത്രി​ക്കാൻ ഒരു സർ​ക്കാ​രി​നും കഴി​യു​ക​യി​ല്ല. നമ്മൾ താ​മ​സ​മാ​യി ആറു മാസം കഴി​യു​ന്ന​തി​നു​മുൻ​പു് വാടക കൂ​ടു​തൽ ചോ​ദി​ക്കും. വീടു ചോ​രു​ന്നു​വെ​ന്നു പറ​ഞ്ഞാൽ ദേ​ഷ്യ​പ്പെ​ടും. താ​ര​ത​മ്യ​പ്പെ​ടു​ത്തി​യാൽ ഇവി​ടെ​യു​ള്ള ഷൈ​ല​ക്കു​കൾ വട​ക്കോ​ട്ടു​ള്ള ഷൈ​ല​ക്കു​ക​ളെ​ക്കാൾ ഭേ​ദ​മാ​ണു്. 1968-ൽ ഞാൻ ചി​റ്റൂ​രെ തത്ത​മം​ഗ​ലം എന്ന സ്ഥ​ല​ത്തു​ള്ള ഒരു വീടു് ദല്ലാ​ളി​ന്റെ സഹാ​യ​ത്തോ​ടെ വാ​ട​ക​യ്ക്കെ​ടു​ത്തു. ഒരു ദിവസം കാ​ല​ത്തു് അമ്പ​തു വയ​സ്സു കഴി​ഞ്ഞ ഒരു സ്ത്രീ​യും പു​രു​ഷ​നും ആ വീ​ട്ടിൽ കയ​റി​വ​ന്നു. വീ​ട്ടു​ട​മ​സ്ഥ​രെ​ന്നു മന​സ്സി​ലാ​ക്കിയ ഞാൻ മര്യാ​ദ​യോ​ടു പെ​രു​മാ​റി. അനു​മ​തി കൂ​ടാ​തെ അവർ കക്കൂ​സ്, കു​ളി​മു​റി ഇവ ഉപ​യോ​ഗി​ച്ചു. കു​ളി​ക​ഴി​ഞ്ഞു വന്ന ഇവർ​ക്കു കാ​പ്പി​കൊ​ടു​ത്തു. ഉച്ച​യാ​യി. ഊണു​ക​ഴി​ഞ്ഞു, അതി​നു​ശേ​ഷം രണ്ടു​പേ​രും കട്ടി​ലു​ക​ളിൽ കയ​റി​ക്കി​ട​ന്നു് ഉറ​ങ്ങി. വൈ​കു​ന്നേ​രം കാ​പ്പി കൊ​ടു​ത്തു. സന്ധ്യ​യാ​യി. രാ​ത്രി​യാ​യി. ഊണു​ന​ല്കി. മണി പത്താ​യി. എന്നി​ട്ടും പോ​കു​ന്നി​ല്ല. “ഇനി ഉറ​ങ്ങേ​ണ്ടേ? നി​ങ്ങൾ​ക്കു പോകാൻ ഇനി ബസ്സ് കി​ട്ടു​മോ?” എന്നു ഞാൻ വി​ന​യ​ത്തോ​ടെ ചോ​ദി​ച്ചു.

“ഞങ്ങൾ പോ​കു​ന്നി​ല്ല” എന്നാ​യി​രു​ന്നു വീ​ട്ടു​ട​മ​സ്ഥ​ന്റെ മറു​പ​ടി. അവരെ കി​ട​ത്താൻ സ്ഥ​ല​മി​ല്ലാ​യി​രു​ന്ന​തു​കൊ​ണ്ടു് ഞാ​ന​വ​രോ​ടു പോകാൻ അഭ്യർ​ത​ഥി​ച്ചു. “ഇവിടെ ഇങ്ങ​നെ​യാ​ണു് പതി​വു്. ഉട​മ​സ്ഥർ​ക്കു് അവ​രു​ടെ വീ​ട്ടിൽ ചെ​ന്നു താ​മ​സി​ക്കാം ഇഷ്ടം​പോ​ലെ” എന്നു് അയാൾ ദേ​ഷ്യ​ത്തോ​ടെ അറി​യി​ച്ച​പ്പോൾ ഞാൻ അടു​ത്ത വീ​ട്ടിൽ വാ​ട​ക​യ്ക്കു​താ​മ​സി​ക്കു​ന്ന കുറെ ചെ​റു​പ്പ​ക്കാ​രെ വി​ളി​ച്ചു​കൊ​ണ്ടു​വ​ന്നു. അവ​രു​ടെ നിർ​ദ്ദേ​ശ​വും പൊ​ലീ​സി​നെ വി​ളി​ക്കു​മെ​ന്ന ഭീ​ഷ​ണി​യും ഫല​പ്പെ​ട്ടു. രണ്ടു​പേ​രും വീ​ട്ടിൽ​നി​ന്നി​റ​ങ്ങി​പ്പോ​യി. ഒരാ​ഴ്ച​യ്ക്കു​കം ഞാൻ കോ​ളേ​ജി​ന​ടു​ത്തു​ള്ള ഓട്ടു​ക​മ്പ​നി​ക്കാ​രു​ടെ ഒരു കെ​ട്ടി​ട​ത്തി​ലേ​ക്കു​മാ​റി.

I am a Jew. Hath not a jew eyes? Hath not a Jew hands, organs dimensions, senses, affections, passions? എന്നാ​ണു് ഷൈ​ല​ക്ക് ചോ​ദി​ച്ച​തൂ്. ശരി​യാ​ണു്. അയാൾ വെറും രാ​ക്ഷ​സ​ന​ല്ല, മനു​ഷ്യ​നാ​യി​രു​ന്നു. മനു​ഷ്യ​ത്വം ഒട്ടു​മി​ല്ലാ​ത്ത വീ​ട്ടു​ട​മ​സ്ഥ​രെ പരി​ഹാ​സ​ച്ഛാ​യ​യോ​ടെ അവ​ത​രി​പ്പി​ക്കു​ന്നു കെ. ആർ. മല്ലിക. (മാ​തൃ​ഭൂ​മി​യി​ലെ “നഗ​ര​ത്തി​ലെ വാ​ട​ക​വീ​ടു​കൾ” എന്ന കഥ.)

images/AldousHuxley.jpg
ആൽഡസ് ഹക്സി​ലി

രത്ന​ങ്ങൾ എന്തു​കൊ​ണ്ടു് അമൂ​ല്യ​ങ്ങ​ളാ​യി​ത്തീ​രു​ന്നു​വെ​ന്നു ആൽഡസ് ഹക്സി​ലി ചോ​ദി​ക്കു​ന്നു. തത്ത്വ​ചി​ന്ത​ക​നായ സാ​ന്താ​യാന അതിനു ഉത്ത​രം നൽ​കി​യ​തും അദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്നു​ണ്ടു്. ഏതും ക്ഷ​ണി​ക​സ്വ​ഭാ​വ​മാർ​ന്ന ഈ ലോ​ക​ത്തു് കു​റ​ച്ചെ​ങ്കി​ലും ശാ​ശ്വ​ത​സ്വ​ഭാ​വ​മാർ​ന്ന​തു രത്ന​ങ്ങ​ളാ​ണു്. അതു​കൊ​ണ്ടാ​ണു് അവ വി​ല​മ​തി​ക്കാൻ പാ​ടി​ല്ലാ​ത്ത​വ​യാ​യി ഭവി​ച്ച​തു്. ഇതു് ഭാ​ഗി​ക​സ​ത്യം മാ​ത്ര​മാ​ണെ​ന്നു് ഹക്സി​ലി എഴു​തു​ന്നു. എന്നാൽ പ്ലോ​ട്ടി​ന​സി ന്റെ മതം കു​റെ​ക്കൂ​ടി സമ്പൂർ​ണ്ണ​സ​ത്യ​ത്തി​ലേ​ക്കു് അടു​ക്കു​ന്നു. പ്ലേ​റ്റോ​ണി​ക് ആശ​യ​ങ്ങ​ള​ട​ങ്ങിയ ലോ​ക​ത്തു് ഏതും പ്ര​കാ​ശി​ക്കു​ന്നു. അതി​നാൽ ഈ ലോ​ക​ത്തു് ഏറ്റ​വും മനോ​ഹ​രം അഗ്നി​യാ​ണു്. രത്ന​ങ്ങ​ളിൽ അഗ്നി​യ​ട​ങ്ങി​യി​രി​ക്കു​ന്നു. അഗ്നി​യു​ള്ള രത്നം അമൂ​ല്യം. കഥ​യി​ലെ ആശയം അഗ്നി​യാ​വു​ന്ന​തു് എഴു​ത്തു​കാ​ര​ന്റെ ഭാ​വ​ന​യു​ടെ പ്ര​കാ​ശം ഏല്ക്കു​മ്പോ​ഴാ​ണു്. ഇക്ക​ഥ​യിൽ അഗ്നി​യി​ല്ല. അതു​കൊ​ണ്ടു ശോ​ഭ​യു​മി​ല്ല.

യോ​സാ​യു​ടെ നോവൽ
images/LaTíaJuliaYEelEscribidor.jpg

അഗ്നി​യും അതി​ന്റെ ശോ​ഭ​യും ഉള്ള നോ​വ​ലാ​ണു് പെ​റൂ​വ്യൻ നോ​വ​ലി​സ്റ്റ് മാ​ര്യോ വാർ​ഗാ​സ് യോസാ യുടെ (Mario Vargas Liosa, 1936—) Aunt Julia and the Scriptwriter. തെ​ക്കേ അമേ​രി​ക്ക​യു​ടെ പടി​ഞ്ഞാ​റു​ഭാ​ഗ​ത്തു​ള്ള റി​പ്പ​ബ്ളി​ക്കാ​ണു് പെറു. അതി​ന്റെ തല​സ്ഥാ​ന​മായ ലീ​മാ​ന​ഗ​ര​ത്തിൽ കഥ നട​ക്കു​ന്നു; ഏതാ​ണ്ടു് മു​പ്പ​ത്തി​ര​ണ്ടു കൊ​ല്ലം മു​മ്പു്. ഇവിടെ പതി​നെ​ട്ടു​വ​യ​സ്സു​ള്ള മാ​ര്യോ കഴി​ഞ്ഞു​കൂ​ടു​ന്നു. സാൻ​മർ​ക​സ് സർ​വ​ക​ലാ​ശാ​ല​യിൽ നിയമം പഠി​ക്കു​ന്ന ആ ബാ​ല​ന്റെ ജോലി ദിന പത്ര​ങ്ങ​ളിൽ വരു​ന്ന വാർ​ത്ത​കൾ വെ​ട്ടി​യെ​ടു​ത്തു് ബ്രോ​ഡ്കാ​സ്റ്റ് ചെ​യ്യുക എന്ന​താ​ണു്. ഒരു മി​നി​റ്റ് നേ​ര​ത്തേ​ക്കു​ള്ള ന്യൂ​സ് ബു​ള്ള​റ്റി​നാ​ണ​തു്. ലീ​മ​യിൽ ബൊ​ലീ​വി​യ​ക്കാ​ര​നായ പേ​ദ്രോ കാ​മാ​ച്ചോ (Pedro Camacho) വരു​ന്നു. റേ​ഡി​യോ​ക്കു​വേ​ണ്ടി ‘സോ​പ്പ് ഓപ്ര’ തയ്യാ​റാ​ക്കു​ന്ന എഴു​ത്തു​കാ​ര​നാ​ണു് അയാൾ (സോ​പ്പ് ഓപ്ര = ഗാർ​ഹിക കാ​ര്യ​ങ്ങൾ തു​ടർ​ച്ച​യാ​യി റേ​ഡി​യോ​യി​ലൂ​ടെ ആവി​ഷ്ക​രി​ക്കു​ന്ന​തു്), പേ​ദ്രോ​യു​ടെ അമ്മാ​യി​യു​ടെ അനു​ജ​ത്തി ഹൂ​ല്യോ​യും (Aunt Julia) ബൊ​ലീ​വി​യ​യിൽ നി​ന്നു ലീ​മ​യിൽ എത്തു​ന്നു. മു​പ്പ​ത്തി​ര​ണ്ടു​വ​യ​സ്സു​ള്ള ഹൂ​ല്യോ ഭർ​ത്താ​വി​നെ ഉപേ​ക്ഷി​ച്ച​വ​ളാ​ണു്. കാരണം അയാ​ളു​ടെ ധ്വ​ജ​ഭം​ഗം. എന്തി​നു​പേ​ക്ഷി​ച്ചു​വെ​ന്നു് അമ്മാ​യി​യ​മ്മ ചോ​ദി​ച്ച​പ്പോൾ ഹൂ​ല്യോ മറു​പ​ടി നൽ​കി​യ​തു് ഇങ്ങ​നെ​യാ​ണു്: Because Senora, the only use to which your son puts that particular piece of equipment that men are endowed with is to make peepee.” (peepee = കു​ഞ്ഞു​ങ്ങൾ മൂ​ത്ര​മൊ​ഴി​ക്കു​ന്ന​തി​നെ പറ​യു​ന്ന വാ​ക്കു്). ഹൂ​ല്യോ ഭർ​ത്താ​വി​നെ തേ​ടി​യാ​ണു് അവിടെ എത്തി​യ​തു്. അവളും മാ​ര്യോ​യും നി​ഷി​ദ്ധ​മായ രീ​തി​യിൽ ബന്ധ​പ്പെ​ട്ടു. The love affair of a baby and an old lady (Page 90) എന്നു ഹൂ​ല്യോ തന്നെ വി​ശേ​ഷി​പ്പി​ക്കു​ന്ന ഈ ബന്ധം നോ​വ​ലി​ന്റെ ഒരു തന്തു. പേ​ദ്രോ കാ​മാ​ച്ചോ​യു​ടെ ഉയർ​ച്ച​യും താ​ഴ്ച്ച​യും മറ്റൊ​രു തന്തു. ഒന്നി​ട​വി​ട്ട അദ്ധ്യാ​യ​ങ്ങ​ളിൽ ചെ​റു​ക​ഥ​കൾ. എല്ലാ കഥ​ക​ളും വാ​യ​ന​ക്കാ​രെ ചലനം കൊ​ള്ളി​ക്കു​ന്നു. ഒരു കഥ ഏതാ​നും വാ​ക്യ​ങ്ങ​ളിൽ പറ​യ​ട്ടെ. ഒരു സു​ന്ദ​രി​യായ പെൺ​കു​ട്ടി​യു​ടെ വി​വാ​ഹം കഴി​ഞ്ഞു. പാ​ട്ടു​ക​ച്ചേ​രി നട​ക്കു​ക​യാ​ണു്. പെ​ട്ടെ​ന്നു് വധു ബോ​ധം​കെ​ട്ടു വീണു. അവ​ളു​ടെ ബന്ധു​വായ ഒരു ഡോ​ക്ടർ മു​റി​യിൽ കൊ​ണ്ടു​പോ​യി പരി​ശോ​ധി​ച്ച​പ്പോൾ അവൾ വയർ ബൽ​റ്റ്കൊ​ണ്ടു് വലി​ച്ചി​റു​ക്കി​ക്കെ​ട്ടി​വ​ച്ചി​രി​ക്കു​ന്ന​തു കണ്ടു. ബോ​ധ​ക്കേ​ടി​നു് ഒരു കാ​ര​ണ​മാ​യി​രു​ന്നു അതു്. നാ​ലു​മാ​സം ഗർഭം. അതു മറ​യ്ക്കാ​നാ​യി​രു​ന്നു അര​പ്പ​ട്ട കൊ​ണ്ടു​ള്ള പ്ര​യോ​ഗം. വധു ഗർ​ഭി​ണി​യാ​ണെ​ന്നു് അറി​ഞ്ഞ​പ്പോൾ വരനു് അദ്ഭു​തം. കൊടും വി​ഷാ​ദം. അപ്പോൾ പെ​ണ്ണി​ന്റെ സഹോ​ദ​രൻ ‘റി​വോൾ​വർ’ അന്വേ​ഷി​ക്കു​ന്ന​തു് ഡോ​ക്ടർ കേ​ട്ടു. എന്തി​നു്? അയാൾ​ക്ക് ആത്മ​ഹ​ത്യ ചെ​യ്യാൻ. അഗ​മ്യ​ഗ​മ​ന​ത്തെ യോസാ പരി​ഹാ​സാ​ത്മ​ക​മാ​യി ചി​ത്രീ​ക​രി​ക്കു​ന്നു. ഇത്ത​രം കഥ​ക​ളെ​യും പ്ര​ധാ​ന​പ്പെ​ട്ട രണ്ടു കഥാ​ത​ന്തു​ക്ക​ളെ​യും വി​ദ​ഗ്ധ​മാ​യി കൂ​ട്ടി​യി​ണ​ക്കി യോസോ ചേ​തോ​ഹ​ര​മായ കലാ​ശി​ല്പം നിർ​മ്മി​ച്ചി​രി​ക്കു​ന്നു. പെ​റൂ​വ്യൻ സമു​ദാ​യ​ത്തി​ന്റെ ചി​ത്രം മു​ഴു​വൻ ഇതി​ലു​ണ്ടു്.

അഴി​മു​ഖം
images/MarioVargasLlosa.jpg
മാ​ര്യോ വാർ​ഗാ​സ് യോസാ

ഈ കലാ​ശി​ല്പ​ത്തി​ന്റെ ഭംഗി കണ്ട​തി​നു ശേ​ഷ​മാ​ണു് കലാ​കൗ​മു​ദി കൈ​യി​ലെ​ടു​ത്ത​തു്; എൻ. പി. രാ​ജ​ശേ​ഖ​ര​ന്റെ “അഴി​മു​ഖം” എന്ന കഥ വാ​യി​ച്ചു തു​ട​ങ്ങി​യ​തു്. കു​റ്റം പറ​യേ​ണ്ട​താ​യി വന്നേ​ക്കു​മോ എന്ന ആശ​ങ്ക​യോ​ടു കൂടി കഥ വാ​യി​ച്ചു തു​ട​ങ്ങി. വാ​യി​ച്ച​വ​സാ​നി​പ്പി​ക്കു​ക​യും ചെ​യ്തു. കു​റ്റം പറ​യാ​നി​ല്ല. ഭേ​ദ​പ്പെ​ട്ട കഥ​യാ​ണി​തു്. ജന​റേ​ഷൻ ഗ്യാ​പ്പാ​ണു്—തല​മു​റ​കൾ തമ്മി​ലു​ള്ള അന്ത​ര​മാ​ണു് —ഇതി​ന്റെ വിഷയം. തൊ​ണ്ണൂ​റു കഴി​ഞ്ഞ മു​ത്ത​ശ്ശി​യോ​ടു ചെ​റു​മ​ക​നു് വെ​റു​പ്പേ കാണൂ. പക്ഷേ, ആ മു​ത്ത​ശ്ശി​യു​ടെ സ്നേ​ഹം അവനെ മറ്റൊ​രാ​ളാ​ക്കി മാ​റ്റു​ന്നു. ‘വയലിൻ വക്കിൽ​ത്താ​വും കൊ​ച്ചു മു​ക്കു​റ്റി​പ്പൂ​വും’ നക്ഷ​ത്ര പ്ര​കാ​ശ​മേ​റ്റു് ‘സ്വ​യ​മു​ദ്യോ​തി​ക്കു​ന്ന നക്ഷ​ത്ര​മാ​യി’ മാ​റു​ന്നു. വി​ഷാ​ദാ​ത്മ​ക​ത്വ​ത്തെ ഗള​ഹ​സ്തം ചെ​യ്തി​ട്ടു് കഥാ​കാ​ര​ന്മാർ പ്ര​സാ​ദാ​ത്മ​ക​ത്വ​ത്തെ സ്വാ​ഗ​തം ചെ​യ്യു​മ്പോൾ അനു​വാ​ച​കർ​ക്ക് എന്തു് ആഹ്ലാ​ദ​മാ​ണെ​ന്നോ? ആ ആഹ്ലാ​ദം ചെ​റി​യൊ​ര​ള​വിൽ ഞാനും അനു​ഭ​വി​ച്ചു. ആഹ്ലാ​ദം പ്ര​വർ​ത്ത​ന​ത്തി​ന്റെ ഉപോ​ല്പ​ന്ന​മാ​ണു്. ഒരു സി​ഗ​റ​റ്റ് വലി​ക്കു ആഹ്ലാ​ദം ഫലം. ആഹ്ലാ​ദ​ത്തി​നു വേ​ണ്ടി ഉടനെ ഒരു സി​ഗ​റ​റ്റു കൂടി വലി​ച്ചാൽ ദുഃഖം. ആഹ്ലാ​ദ​ത്തി​ന്റെ പിറകേ പോയാൽ വി​ഷാ​ദ​മേ ഉണ്ടാ​കൂ. സാ​ഹി​ത്യ​ത്തി​ന്റെ കാ​ര്യ​ത്തിൽ അതു ശരി​യ​ല്ല. നല്ല സാ​ഹി​ത്യം പല പരി​വൃ​ത്തി വാ​യി​ക്കാം. ഓരോ തവ​ണ​യും ആഹ്ലാ​ദാ​നു​ഭൂ​തി ഉണ്ടാ​കും.

കൊ​മ്പ​ന്റെ പിറകേ മോഴ

ആഹ്ലാ​ദ​ത്തിൽ മു​ഴു​കിയ മന​സ്സി​നെ വി​ഷാ​ദ​ത്തി​ലേ​യ്ക്ക് എറി​യും അർ​ത്ഥ​ശൂ​ന്യ​ങ്ങ​ളായ പ്ര​യോ​ഗ​ങ്ങ​ളും വ്യാ​ക​ര​ണ​ത്തെ​റ്റു​ക​ളും. കേരള സർ​ക്കാ​രി​ന്റെ “സാം​സ്ക്കാ​രിക പ്ര​സി​ദ്ധീ​ക​രണ വകു​പ്പു്” മാ​സ​ന്തോ​റും പ്ര​സാ​ധ​നം ചെ​യ്യു​ന്ന “സം​സ്ക്കാര കേരളം” ഞാൻ കാ​ണാ​റു​ണ്ടു്. സം​സ്ക്കാര കേ​ര​ള​മോ? അങ്ങ​നെ​യു​മു​ണ്ടോ ഒരു കേരളം? പണ്ടു് പ്രീ​ഡി​ഗ്രി ക്ലാ​സ്സി​ലെ കു​ട്ടി​കൾ​ക്കു പഠി​ക്കാ​നു​ണ്ടാ​യി​രു​ന്ന ഒരു പു​സ്ത​ക​ത്തി​ന്റെ പേ​രാ​ണു് “കാ​വ്യ​കൈ​ര​ളി” എന്ന​തു്. അതി​ന്റെ അർ​ത്ഥ​മെ​ന്താ​ണെ​ന്നു പ്ര​സാ​ധ​കർ​ക്കേ അറി​ഞ്ഞു കൂടാ. അതു​പോ​ലെ അർ​ത്ഥ​ര​ഹി​ത​മായ പേ​രാ​ണു് “സം​സ്ക്കാര കേരളം”. മധ്യ​മ​പ​ദം ലോ​പി​പ്പി​ച്ചു കർ​മ്മ​ധാ​രയ സമാ​സ​മു​ണ്ടാ​ക്കി​യ​താ​ണു് ‘സം​സ്ക്കാര കേരള’മെ​ന്നു് പത്രാ​ധി​പർ സമാ​ധാ​നം നൽ​കി​യേ​ക്കും. ശാ​ക​ത്തിൽ പ്രി​യ​നായ രാ​ജാ​വി​നെ ശാ​ക​പാർ​ത്ഥി​വഃ എന്നു പറ​യാ​റു​ണ്ട​ല്ലോ. അതു​പോ​ലെ സം​സ്ക്കാ​ര​മു​ള്ള കേ​ര​ള​മെ​ന്നാ​ണു് സം​സ്ക്കാര കേ​ര​ള​ത്തി​ന്റെ അർ​ത്ഥ​മെ​ന്നു് അദ്ദേ​ഹം അഭി​പ്രാ​യ​പ്പെ​ട്ടു​വെ​ന്നു് വരാം. ഏതി​നാ​ണു് സമാ​ധാ​ന​മി​ല്ലാ​ത്ത​തു? ഈ “സം​സ്ക്കാര കേരള”ത്തിൽ “പി​തൃ​പു​ത്ര ബന്ധം” എന്ന പ്ര​യോ​ഗം കാ​ണു​ന്നു (പുറം 44). ‘പുത്ര’ ശബ്ദം പിൻ​വ​രു​മ്പോൾ പൂർ​വ്വ പദാ​ന്ത്യ​മായ ‘ഋ’ കാ​ര​ത്തി​നു് ‘ആ’ കാ​രാ​ദേ​ശം വരും.

പിതൃ + പുത്ര = പിതാ പു​ത്രൗ അതു​കൊ​ണ്ടു് ‘പി​തൃ​പു​ത്ര ബന്ധം’ തെ​റ്റു്. “പി​താ​പു​ത്ര ബന്ധം” ശരി. “സം​സ്ക്കാര കേരള”ത്തി​നു യോ​ജി​ച്ചി​രി​ക്കു​ന്നു “പി​തൃ​പു​ത്ര ബന്ധം” എന്ന പ്ര​യോ​ഗം.

മു​ക​ളി​ലെ​ഴു​തി​യ​തു് സത്യ​മാ​ണെ​ങ്കി​ലും ഞാ​നെ​ന്തി​നു് ഇങ്ങ​നെ ചെ​യ്യ​ണം? തെ​റ്റു കണ്ടാൽ, അതു തി​രു​ത്ത​ണ​മെ​ന്നു് തോ​ന്നി​യാൽ തെ​റ്റു വരു​ത്തിയ ആളി​നു് ഒരു സ്വ​കാ​ര്യ​ക്ക​ത്തു് അയ​യ്ക്കു​ക​യേ പാ​ടു​ള്ളൂ. ശരി​യാ​ണി​തു്. എന്നാ​ലും ഇതിനു മറു​പു​റ​മു​ണ്ടു്. തെ​റ്റു്, പ്ര​ചാ​ര​മു​ള്ള ഒരു മാ​സി​ക​യിൽ വരു​മ്പോൾ ലക്ഷ​ക്ക​ണ​ക്കി​നു​ള്ള ആളു​ക​ളാ​ണു് അതു വാ​യി​ച്ച് വഴി​തെ​റ്റു​ന്ന​തു്. അങ്ങ​നെ വഴി​തെ​റ്റു​ന്ന​വർ​ക്ക് ശരി​യായ മാർ​ഗ്ഗം കാ​ണി​ച്ചു​കൊ​ടു​ക്കേ​ണ്ട​തു നമ്മു​ടെ കർ​ത്ത​വ്യ​മാ​ണു്. പക്ഷേ അതു ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്ന​വൻ തെ​റ്റു വരു​ത്താ​ത്ത​വ​നാ​യി​രി​ക്ക​ണം. ഒരു കണ​ക്കിൽ തനിയെ നന്നാ​യാൽ​മ​തി; മറ്റു​ള്ള​വ​രെ നന്നാ​ക്കേ​ണ്ട​തി​ല്ല. സ്ക്കൂൾ​ക്ലാ​സ്സിൽ പഠി​ക്കു​മ്പോൾ കണ​ക്കി​നു എനി​ക്കു നല്ല മാർ​ക്ക് കി​ട്ടി​യി​രു​ന്നി​ല്ല. ഞാൻ കഥ​യെ​ഴു​തു​ന്ന വി​ദ്യാർ​ത്ഥി​യാ​ണെ​ന്നു മന​സ്സി​ലാ​ക്കി​ക്കൊ​ണ്ടു് എന്റെ ഗു​രു​നാ​ഥൻ പറ​ഞ്ഞു: Krishna, before creating characters you should improve your own character. ആ വാ​ക്യം ഇപ്പോ​ഴും എന്റെ ചെ​വി​യിൽ മു​ഴ​ങ്ങു​ന്നു.

ജ്ഞാ​നി​യാ​യി​ത്തീർ​ന്ന ഒരാൾ പറ​ഞ്ഞു: “യൗ​വ​ന​കാ​ല​ത്തു് ഞാൻ ലോകം മു​ഴു​വൻ നന്നാ​ക്കാൻ ശ്ര​മി​ച്ചു. പ്രാ​യം കൂടി വന്ന​പ്പോൾ ഇതു സാ​ദ്ധ്യ​മ​ല്ലെ​ന്നു ഗ്ര​ഹി​ച്ച ഞാൻ എന്റെ പട്ട​ണ​ത്തി​ലെ ആളു​ക​ളെ നന്നാ​ക്കാൻ യത്നി​ച്ചു. നി​ഷ്ഫ​ലം. പ്രാ​യം കു​റെ​ക്കൂ​ടെ കൂ​ടി​യ​പ്പോൾ എന്റെ കു​ടും​ബം നന്നാ​ക്കി​ക്ക​ള​യാ​മെ​ന്നു​ക​രു​തി. പി​ന്നെ​യും പരാ​ജ​യം. വൃ​ദ്ധ​നാ​യ​പ്പോൾ ഞാൻ മന​സ്സി​ലാ​ക്കി ഞാൻ എന്നെ​ത്ത​ന്നെ നന്നാ​ക്കാൻ ശ്ര​മി​ക്കേ​ണ്ടി​യി​രു​ന്നു​വെ​ന്നു്. അങ്ങ​നെ ചെ​യ്തെ​ങ്കിൽ ഞാ​നി​പ്പോൾ നന്മ​യു​ള്ള​വ​നാ​യേ​നേ”.

പു​രു​ഷൻ മാ​ത്രം ചീത്ത
images/VeloorKrishnankutty.jpg
വേളൂർ കൃ​ഷ്ണൻ​കു​ട്ടി

മല​യാ​ള​മ​നോ​രമ ആഴ്ച​പ്പ​തി​പ്പിൽ വേളൂർ കൃ​ഷ്ണൻ​കു​ട്ടി എഴു​താ​റു​ള്ള ഹാസ്യ നി​ഘ​ണ്ടു​വിൽ ‘ബൊ​ക്കെ’ (ബു​ക്കേ) എന്ന പദ​ത്തി​നു് “സമ്മേ​ള​ന​ങ്ങ​ളി​ലും മറ്റും പ്ര​സം​ഗി​ക്കാൻ വേ​ണ്ടി പു​രു​ഷ​ന്മാ​രോ​ടൊ​പ്പം എത്തു​ന്ന ഉന്ന​ത​ക​ളായ സ്ത്രീ​ക​ളു​ടെ കര​സ്പർ​ശ​ന​ത്തി​നു​വേ​ണ്ടി യോ​ഗ​ഭാ​ര​വാ​ഹി​കൾ കണ്ടു പി​ടി​ച്ചി​ട്ടു​ള്ള ഒരു ഉപാധി” എന്നു് അർ​ത്ഥം നല്കി​യി​രി​ക്കു​ന്നു. ചി​രി​പ്പി​ക്ക​ണ​മെ​ന്നേ വേളൂർ കൃ​ഷ്ണൻ​കു​ട്ടി​ക്ക് ഉദ്ദേ​ശ്യ​മു​ള്ളൂ. അതു മന​സ്സി​ലാ​ക്കി​കൊ​ണ്ടു​ത​ന്നെ ചോ​ദി​ക്ക​ട്ടെ ഇങ്ങ​നെ​യു​ള്ള കാ​ര്യ​ങ്ങ​ളിൽ പു​രു​ഷ​ന്മാ​രെ മാ​ത്രം കു​റ്റ​പ്പെ​ടു​ത്തു​ന്ന​തു ശരി​യാ​ണോ എന്നു്. (കൃ​ഷ്ണൻ​കു​ട്ടി​യു​ടെ അർ​ത്ഥ​പ്ര​ദർ​ശ​ന​ത്തി​ന്റെ വി​മർ​ശ​ന​മ​ല്ല ഇതു് എന്നു് ഒന്നു കൂടെ പറ​യ​ട്ടെ). സ്ത്രീ​യെ തൊടാൻ പു​രു​ഷ​നു് എത്ര കൗ​തു​ക​മു​ണ്ടോ അതി​ലേ​റെ കൗ​തു​ക​മു​ണ്ടു് സ്ത്രീ​ക്ക് പു​രു​ഷ​നെ സ്പർ​ശി​ക്കാൻ. പു​രു​ഷൻ അന്യൻ കണ്ടാ​ലും വേ​ണ്ടി​ല്ല എന്ന മട്ടിൽ സ്പർ​ശ​നം നട​ത്തു​ന്നു. സ്ത്രീ അന്യൻ കാ​ണാ​തെ അതു് നിർ​വ്വ​ഹി​ക്കു​ന്നു. ബസ്സു​ക​ളിൽ കാണാൻ കൊ​ള്ളാ​വു​ന്ന ചെ​റു​പ്പ​ക്കാ​രു​ടെ മു​തു​കിൽ നെ​ഞ്ച​മർ​ത്തു​ന്ന എത്ര​യോ തരു​ണി​ക​ളു​ണ്ടു്. ഇന്ന​ലെ​യും കണ്ടു ഞാൻ അക്കാ​ഴ്ച. രാ​ജേ​ഷ്ഖ​ന്ന യ്ക്കും അമി​താ​ഭ്ബ​ച്ച​നും ചെ​റു​പ്പ​ക്കാ​രി​ക​ളിൽ നി​ന്നു് ഏല്ക്കേ​ണ്ടി​വ​ന്നി​ട്ടു​ള്ള പീ​ഡ​ന​ങ്ങ​ളെ​ക്കു​റി​ച്ച് ഞാൻ പറ​ഞ്ഞി​ട്ടു വേ​ണ്ടേ വാ​യ​ന​ക്കാർ​ക്കു മന​സ്സി​ലാ​ക്കാൻ. യേ​ശു​ദാ​സൻ ഒരു വി​മൻ​സ് കോ​ളേ​ജിൽ ആർ​ട്സ് ക്ല​ബ്ബ് ഉദ്ഘാ​ട​ന​ത്തി​നു ചെ​ന്നു. കാ​പ്പി​കു​ടി​ച്ച സന്ദർ​ഭ​ത്തിൽ അദ്ദേ​ഹം തിന്ന പാ​ള​യ​ന്തോ​ടൻ പഴ​ത്തി​ന്റെ തൊലി അവി​ട​ത്തെ ഒരു പെൺ​കു​ട്ടി എടു​ത്തു​തി​ന്നു​ക​ള​ഞ്ഞു. ആ കു​ട്ടി​യെ എനി​ക്ക് നേ​രി​ട്ട​റി​യാം. അദ്ദേ​ഹ​ത്തി​നു കാ​പ്പി​കൊ​ണ്ടു കൊ​ടു​ത്ത​പ്പോൾ ഒരു പെൺ​കു​ട്ടി​യു​ടെ ചെ​റു​വി​രൽ യേ​ശു​ദാ​സി​ന്റെ വി​രൽ​ത്തു​മ്പിൽ അദ്ദേ​ഹ​മ​റി​യാ​തെ സ്പർ​ശി​ച്ചു. ആ വി​ര​ലും പൊ​ക്കി​ക്കൊ​ണ്ടു് അവൾ പറ​ഞ്ഞു നട​ന്നു: “യേ​ശു​ദാ​സൻ തൊട്ട വിരൽ”. പ്രേം​ന​സീ​റി നെ ഓട്ടോ​ഗ്രാ​ഫി​നു​വേ​ണ്ടി വളഞ്ഞ സു​ന്ദ​രി​കൾ അദ്ദേ​ഹ​ത്തെ തൊടാൻ ശ്ര​മി​ച്ച​തും തൊ​ട്ടി​ട്ടും മതി​യാ​കാ​തെ വീ​ണ്ടും അതിനു ശ്ര​മി​ച്ച​തും സദാ​ചാ​ര​ത​ല്പ​ര​നായ പ്രേം​ന​സീർ ഒഴി​ഞ്ഞു​മാ​റി​യ​തു​മൊ​ക്കെ ഒരു വുമൻ പ്രിൻ​സി​പ്പൽ പറ​ഞ്ഞ് എനി​ക്ക​റി​യാം.

ഞാൻ സ്നേ​ഹി​ക്കു​ക​യും ബഹു​മാ​നി​ക്കു​ക​യും ചെ​യ്യു​ന്ന എ. പി. ഉദ​യ​ഭാ​നു മനോ​രാ​ജ്യം വാ​രി​ക​യി​ലെ​ഴു​തിയ “പ്ര​ച്ഛ​ന്ന​ര​തി​ക്കേ​കൻ പ്രാർ​ത്ഥി​ച്ചാൻ” എന്ന നല്ല ലേ​ഖ​ന​ത്തി​ലും ഭാ​ഗി​ക​വീ​ക്ഷ​ണ​മേ​യു​ള്ളൂ. പു​രു​ഷ​ന്മാർ സ്ത്രീ​ക​ളെ കട​ന്നാ​ക്ര​മി​ക്കു​ന്ന​തി​ന്റെ പേ​രി​ലു​ള്ള ഉപാ​ലം​ഭ​മാ​ണു് ആ പ്ര​ബ​ന്ധം. ഉപാ​ലം​ഭ​ത്തിൽ തെ​റ്റി​ല്ല. പക്ഷേ, പു​രു​ഷ​ന്മാ​രൊ​ക്കെ സാ​പ​രാ​ധർ, സ്ത്രീ​ക​ളൊ​ക്കെ നി​ര​പ​രാ​ധ​കൾ എന്ന വീ​ക്ഷ​ണ​ഗ​തി വി​ക​ല​മ​ത്രേ. സന്ത​ത്യു​ല്പാ​ദ​ന​ത്തി​നു വേ​ണ്ടി പ്ര​കൃ​തി സ്ത്രീ​ക്കും പു​രു​ഷ​നും നൽകിയ വി​കാ​ര​മാ​ണു് രതി. അതു ചി​ല​പ്പോൾ സ്ത്രീ​യിൽ കൂ​ടു​ത​ലാ​യി പ്ര​ത്യ​ക്ഷ​പ്പെ​ടും. അതിനെ നി​ഷേ​ധി​ച്ചി​ട്ടു പു​രു​ഷ​നെ മാ​ത്രം വൃ​ത്തി​കെ​ട്ട​വ​നാ​യി ചി​ത്രീ​ക​രി​ക്ക​രു​തു്.

വി​ശ്വ​വി​ഖ്യാ​ത​നായ ഫ്ര​ഞ്ച് പ്ര​തി​മാ നിർ​മ്മി​താ​വു് റൊഡങി നെ (Rodin) കണ്ട​തി​നെ​ക്കു​റി​ച്ച് മഹാ​യ​ശ​സ്ക​യായ ഇസഡോറ ഡങ്കൻ പറ​യു​ന്നു: “അദ്ദേ​ഹം എന്റെ കഴു​ത്തി​ലും നെ​ഞ്ചി​ലും കൈ​യോ​ടി​ച്ചു. കൈ​ക​ളിൽ തടവി. അര​ക്കെ​ട്ടി​ലും നഗ്ന​ങ്ങ​ളായ കാ​ലു​ക​ളി​ലും കൈ​യോ​ടി​ച്ചു. എന്റെ ശരീരം മു​ഴു​വൻ കളി​മ​ണ്ണെ​ന്ന​പോ​ലെ കശ​ക്കി. അദ്ദേ​ഹ​ത്തിൽ നി​ന്നു് ചൂ​ടു​യർ​ന്നു. അതെ​ന്നെ പൊ​ള്ളി​ക്കു​ക​യും ഉരു​ക്കു​ക​യും ചെ​യ്തു. എന്റെ ആഗ്ര​ഹം മു​ഴു​വൻ എന്റെ സത്ത​യെ അദ്ദേ​ഹ​ത്തി​നു വി​ധേ​യ​മാ​ക്കി​ക്കൊ​ടു​ക്കുക എന്ന​താ​യി​രു​ന്നു. എന്നെ വളർ​ത്തി​ക്കൊ​ണ്ടു​വ​ന്ന​തി​ന്റെ ഭോ​ഷ​ത്ത​മി​ല്ലാ​യി​രു​ന്നെ​ങ്കിൽ ഞാനതു ചെ​യ്യു​മാ​യി​രു​ന്നു. ആ ഭോ​ഷ​ത്തം കൊ​ണ്ടു ഞാൻ പേ​ടി​ച്ചു പി​ന്മാ​റി. അടി​ക്കു​പ്പാ​യ​ത്തി​ന്റെ മേൽ ഡ്ര​സ്സ് വലി​ച്ചി​ട്ടു് അദ്ദേ​ഹ​ത്തെ പേ​ടി​പ്പി​ച്ചു. എത്ര കഷ്ടം! ഈ ബാ​ലി​ശ​മായ തെ​റ്റി​ദ്ധാ​ര​ണ​യിൽ ഞാ​നെ​ത്ര തവണ പശ്ചാ​ത്ത​പി​ച്ചി​ല്ല. കന്യ​കാ​ത്വം നശി​പ്പി​ക്കുക എന്ന ദൈ​വി​ക​മായ സൗ​ക​ര്യം ഞാൻ ഇല്ലാ​താ​ക്കി​യ​ല്ലോ…”

ഇവിടെ പു​രു​ഷ​നാ​ണു് സ്ത്രീ​യെ ആക്ര​മി​ക്കു​ന്ന​തു്. പക്ഷേ, അതി​നേ​ക്കാ​ളേ​റെ ആക്ര​മ​ണോ​ത്സു​കത സ്ത്രീ​ക്കു​ണ്ടു്. പേടി കൊ​ണ്ടു് അവൾ അതു് നി​യ​ന്ത്രി​ച്ചെ​ന്നേ​യു​ള്ളൂ.

രാ​ക്ഷ​സീ​യത

ഭാര്യ നഷ്ട​പ്പെ​ട്ട ഒരു​ത്തൻ കട​പ്പു​റ​ത്തു വന്നി​രി​ക്കു​നു. ഒരു മു​ക്കു​വ​ബാ​ല​ന്റെ ജീ​വി​ത​വൈ​ഷ​മ്യ​ത്തിൽ അലിവു തോ​ന്നു​ന്നു അയാൾ​ക്ക്. മണി കു​ങ്കു​മം വാ​രി​ക​യി​ലെ​ഴു​തിയ “സ്നേ​ഹം” എന്ന കഥ​യു​ടെ സാ​ര​മി​താ​ണു്.—ഭം​ഗി​യു​ള്ള വാ​രി​ക​യാ​ണു് കു​ങ്കു​മം. അതിൽ ഇങ്ങ​നെ​യൊ​രു രാ​ക്ഷ​സീ​യത.

കരുണൻ വി​ല​ങ്ങിറ കു​മാ​രി വാ​രി​ക​യി​ലെ ശകു​നി​യോ​ടു പറ​യു​ന്നു: ഉണ്ണി​മേ​രി അഭി​ന​യി​ച്ച ഒരു ചി​ത്രം ഈയിടെ കണ്ടു. എനി​ക്കു തോ​ന്നു​ന്ന​തു് അവൾ എഴു​പ​ത്ത​ഞ്ചു ശത​മാ​ന​വും ഭം​ഗി​യാ​യി അഭി​ന​യി​ച്ചി​ട്ടു​ണ്ടെ​ന്നാ​ണു്. ഇതിനു ശകു​നി​യു​ടെ പ്ര​തി​ക​ര​ണം: സെൻ​സർ​ബോർ​ഡ് ഇല്ലാ​യി​രു​ന്നെ​ങ്കിൽ അവൾ നൂറു ശത​മാ​ന​വും ഭം​ഗി​യാ​യി അഭി​ന​യി​ച്ചേ​നേ.—ഇതിനു കമ​ന്റി​ല്ല. കാരണം ശകു​നി​ക്കു കഴി​യു​ന്ന​തി​നേ​ക്കാൾ ഭം​ഗി​യാ​യി എന്തെ​ങ്കി​ലും പറയാൻ എനി​ക്കു വൈ​ദ​ഗ്ദ്ധ്യ​മി​ല്ല എന്ന​തു​ത​ന്നെ.

images/Borges.jpg
ബോർ​ഹെ​സ്

ഭാ​ര്യ​യ്ക്ക് ഭർ​ത്താ​വു് എപ്പോ​ഴും അടു​ത്തു​ണ്ടാ​യി​രി​ക്ക​ണം. ഭർ​ത്താ​വി​നു് അതി​ഷ്ട​മ​ല്ല. അയാൾ കരു​തി​ക്കൂ​ട്ടി നാ​ടു​വി​ട്ടു പോയി. ഭാര്യ പ്ര​സ​വ​ത്തി​നാ​യി ആശു​പ​ത്രി​യിൽ പോ​യ​പ്പോൾ അയാൾ​ക്കു പശ്ചാ​ത്താ​പം. തി​രി​ച്ചു വന്നു. തന്റെ കു​ഞ്ഞി​നെ കണ്ട​പ്പോൾ അയാൾ​ക്ക് ആഹ്ലാ​ദം. പരി​ഭ​വ​മൊ​ക്കെ അക​ന്നു. ഇതാ​ണു് തുളസി കോ​ട്ടൂ​ക്കൽ ദീപിക വാ​രി​ക​യി​ലെ​ഴു​തിയ “മഴ​ത്തു​ള്ളി​ക​ളു​ടെ സം​ഗീ​തം” എന്ന കഥ​യു​ടെ സാരം.—വള​രെ​ക്കാ​ലം ഒരു കള്ളം നാം ആവർ​ത്തി​ച്ചു​കൊ​ണ്ടി​രു​ന്നാൽ അതു നമു​ക്കു തന്നെ സത്യ​മാ​യി​ത്തോ​ന്നും. തുളസി കോ​ട്ടു​ക്ക​ലി​നു് തന്റെ കഥകൾ സത്യ​മാ​യി തോ​ന്നു​ന്നു​ണ്ടാ​വും. ലാ​റ്റി​ന​മേ​രി​ക്കൻ സാ​ഹി​ത്യ​കാ​രൻ ബോർ​ഹെ​സ്സി ന്റെ ഒരു കഥ ശര​ത്ച​ന്ദ്രൻ തർ​ജ്ജമ ചെ​യ്തി​രി​ക്കു​ന്നു. (മല​യാ​ള​സാ​ഹി​ത്യം മാസിക).—“കല്ലി​ന്റെ പു​റ​ത്തു് ഒന്നും നിർ​മ്മി​ക്ക​പ്പെ​ടു​ന്നി​ല്ല. എല്ലാം മണ​ലി​ന്റെ പു​റ​ത്താ​ണു് നിർ​മ്മി​ക്കുക. പക്ഷേ, മണ​ലി​നെ കല്ലാ​യി​ക്ക​രു​തി നമ്മൾ നിർ​മ്മാ​ണം നട​ത്ത​ണം” എന്നു ബോർ​ഹെ​സ് തന്നെ പറ​ഞ്ഞി​ട്ടു​ണ്ടു്. കല്ലിൽ തന്നെ നിർ​മ്മി​ച്ച ശി​ല്പ​ങ്ങ​ളാ​ണു് ബോർ​ഹെ​സ്സി​ന്റേ​തു്. ആ ശി​ല്പ​ങ്ങ​ളെ കാ​ണി​ച്ചു​കൊ​ടു​ക്കു​ന്ന​രീ​തി നന്മ​യാർ​ന്ന​താ​ണു്.

പാ​തി​രി കാ​ട്ടിൽ​ക​ഴി​ഞ്ഞു​കൂ​ടു​ന്ന ഒരു​ത്ത​നോ​ടു ചോ​ദി​ച്ചു: “തി​ന്മ​യെ​ന്നാൽ എന്താ​ണു്?” അയാ​ളു​ടെ മറു​പ​ടി: “അന്യൻ എന്റെ കന്നു​കാ​ലി​ക​ളെ​യും എന്റെ ഭാ​ര്യ​യെ​യും മോ​ഷ്ടി​ച്ചാൽ അതു തിന്മ”.

“നന്മ​യോ?” പാ​തി​രി​യു​ടെ ചോ​ദ്യം.

“അന്യ​ന്റെ ഭാ​ര്യ​യെ​യും കന്നു​കാ​ലി​ക​ളെ​യും ഞാൻ മോ​ഷ്ടി​ച്ചാൽ അതു നന്മ”.

നന്മ​യെ നിർ​വ്വ​ചി​ക്കു​ന്ന വാ​ക്യ​ത്തിൽ നി​ന്നു “ഭാ​ര്യ​യെ​യും കന്നു​കാ​ലി​ക​ളെ​യും” എന്ന വാ​ക്കു​കൾ മാ​റ്റി​യി​ട്ടു് അവിടെ ‘സാ​ഹി​ത്യ​സൃ​ഷ്ടി​ക​ളെ’ എന്ന വാ​ക്കു വയ്ക്കു. കേ​ര​ള​ത്തെ സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം ശരി​യാ​യി​രി​ക്കും.

Colophon

Title: Sāhityavāraphalam (ml: സാ​ഹി​ത്യ​വാ​ര​ഫ​ലം).

Author(s): M Krishnan Nair.

First publication details: Kalakaumudi Weekly; Trivandrum, Kerala; 1984-08-26.

Deafult language: ml, Malayalam.

Keywords: M Krishnan Nair, Sahityavaraphalam, Weekly Lietrary Column, സാ​ഹി​ത്യ​വാ​ര​ഫ​ലം, എം കൃ​ഷ്ണൻ നായർ, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: September 1, 2021.

Credits: The text of the original item is copyrighted to J Vijayamma, author’s inheritor. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-​NC-SA 4​.0). Any reuse of the material should credit the Sayahna Foundation, only noncommercial uses of the work are permitted and adoptations must be shared under the same terms.

Production history: Data entry: MS Aswathi; Proofing: Abdul Gafoor; Typesetter: Anupa Ann Joseph; Digitizer: KB Sujith; Encoding: LJ Anjana.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-​tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.