SFNസാ​യാ​ഹ്ന ഫൌ​ണ്ടേ​ഷൻ
സാ​ഹി​ത്യ​വാ​ര​ഫ​ലം
എം കൃ​ഷ്ണൻ നായർ
(കലാ​കൗ​മു​ദി വാരിക, 1984-09-16-ൽ പ്ര​സി​ദ്ധീ​ക​രി​ച്ച​തു്)

പണ്ടു് ഒരു ബു​ദ്ധ​വി​ഹാ​ര​ത്തിൽ ഒരു വി​ശു​ദ്ധ​നായ സന്ന്യാ​സി​യു​ണ്ടാ​യി​രു​ന്നു. വി​ഹാ​ര​ത്തി​ന​ടു​ത്തു​ള്ള ഗ്രാ​മ​ത്തിൽ അവി​വാ​ഹി​ത​യും അതി സു​ന്ദ​രി​യു​മായ യു​വ​തി​യും. അവൾ ഗർ​ഭി​ണി​യാ​യി. കു​ഞ്ഞി​ന്റെ അച്ഛ​നാ​രെ​ന്നു് ആ ചെ​റു​പ്പ​ക്കാ​രി പറ​ഞ്ഞ​തേ​യി​ല്ല. ആളു​ക​ളു​ടെ നിർ​ബ്ബ​ന്ധം കൂ​ടി​വ​ന്ന​പ്പോൾ ആ സന്ന്യാ​സി​ത​ന്നെ​യാ​ണു് അതി​ന്റെ ജന​യി​താ​വെ​ന്നു് അവൾ കള്ളം പറ​ഞ്ഞു. ഗ്രാ​മ​വാ​സി​ക​ളാ​കെ കോ​പി​ച്ചു. സന്ന്യാ​സി ശി​ശു​വി​നെ രക്ഷി​ച്ചു​കൊ​ള്ള​ണ​മെ​ന്നു് അവർ ആവ​ശ്യ​പ്പെ​ട്ടു. മറ്റു സന്ന്യാ​സി​മാർ അദ്ദേ​ഹം മഠം​വി​ട്ടു പോ​ക​ണ​മെ​ന്നും ഉറ​പ്പി​ച്ചു പറ​ഞ്ഞു. അതെ​ല്ലാം കേ​ട്ടു് വി​ശു​ദ്ധ​രിൽ വി​ശു​ദ്ധ​നായ അദ്ദേ​ഹം “അങ്ങ​നെ​യോ? എന്നാൽ കു​ഞ്ഞി​നെ ഇങ്ങു​ത​രൂ” എന്നു് നിർ​ദ്ദേ​ശി​ച്ചു. ശി​ശു​വി​നെ കൈ​യി​ലെ​ടു​ത്തു​കൊ​ണ്ടു് അദ്ദേ​ഹം ഭി​ക്ഷ​യാ​ചി​ച്ചു നട​ന്നു. സം​വ​ത്സ​ര​ങ്ങൾ കഴി​ഞ്ഞു. ഒരു ദിവസം അദ്ദേ​ഹം ആ ഗ്രാ​മ​ത്തിൽ​ത്ത​ന്നെ എത്തി. അപ്പോ​ഴേ​ക്കും ഗ്രാ​മ​വാ​സി​ക​ളും മറ്റു സന്ന്യാ​സി​മാ​രും കണ്ണീ​രൊ​ഴു​ക്കി​ക്കൊ​ണ്ടു് അദ്ദേ​ഹ​ത്തി​ന്റെ അടു​ക്ക​ലെ​ത്തി. അവർ മാ​പ്പു​ചോ​ദി​ച്ചു. കു​ഞ്ഞി​ന്റെ അമ്മ സത്യ​മ​റി​യി​ച്ചു. ശിശു സന്ന്യാ​സി​യു​ടേ​ത​ല്ല. അത​റി​ഞ്ഞ നാൾ മുതൽ അവർ അദ്ദേ​ഹ​ത്തെ അന്വേ​ഷി​ക്കു​ക​യാ​യി​രു​ന്നു. ഭാ​വ​വ്യ​ത്യാ​സം ഒട്ടു​മി​ല്ലാ​തെ നിന്ന സന്ന്യാ​സി “അങ്ങ​നെ​യോ” എന്നു ചോ​ദി​ച്ചു​കൊ​ണ്ടു്, മാ​പ്പു് അപേ​ക്ഷി​ച്ചു​നി​ന്ന അമ്മ​യു​ടെ കൈയിൽ കു​ട്ടി​യെ കൊ​ടു​ത്തു. എന്നി​ട്ടു് തി​രി​ഞ്ഞു​ന​ട​ന്നു​പോ​യി. ആ വി​ഹാ​ര​വും ആ ഗ്രാ​മ​വും പി​ന്നീ​ടു് അദ്ദേ​ഹം കണ്ട​തേ​യി​ല്ല. ഈ ബു​ദ്ധ​സ​ന്ന്യാ​സി​യു​ടെ മാ​ന​സിക നില വളർ​ത്തി​യെ​ടു​ക്കാ​മോ? എങ്കിൽ ജീ​വി​തം സു​ഖ​പ്ര​ദ​മാ​യി​രി​ക്കും. ആരു് എന്തെ​ല്ലാം അപ​വാ​ദ​ങ്ങൾ പ്ര​ച​രി​പ്പി​ച്ചാ​ലും ആരു് എന്തെ​ല്ലാം തെറി നേ​രി​ട്ടു​വി​ളി​ച്ചാ​ലും നമു​ക്കു് ഒരു ക്ലേ​ശ​വു​മു​ണ്ടാ​കു​ക​യി​ല്ല. ഇതു സി​ദ്ധാ​ന്ത​ത​ല​ത്തിൽ മാ​ത്രം ശരി, പ്രാ​യോ​ഗി​ക​ത​ല​ത്തിൽ പ്ര​യാ​സ​പൂർ​ണ്ണം എന്നു ഞാ​ന​റി​യു​ന്നു​ണ്ടു്. എങ്കി​ലും ഞാ​ന​തി​നു യത്നി​ക്കു​ക​യാ​ണു്. പ്രി​യ​പ്പെ​ട്ട വാ​യ​ന​ക്കാ​രും യത്നി​ക്കു​മോ?

വിഗത ചേ​ത​ന​ത്വം

Every street lamp that I pass

Beats like a fatalistic drum,

And through the spaces of the dark

Midnight shakes the memory

As a madman shakes a dead geranium

images/TSEliot.jpg
ടി. എസ്. എൽ​യ​റ്റ്

എന്നു ടി. എസ്. എൽ​യ​റ്റ് ഒരു കാ​വ്യ​ത്തിൽ. കവി കട​ന്നു​പോ​കു​ന്ന ഓരോ തെ​രു​വു​വി​ള​ക്കും ഭവ്യ​ത​യു​ടെ ദു​ന്ദു​ഭി​പോ​ലെ താ​ളം​കൊ​ട്ടു​ന്നു. (കാ​ല​ത്തി​ന്റെ പ്ര​വാ​ഹ​ത്തെ തെ​രു​വി​ള​ക്കു് അള​ന്നു കാ​ണി​ക്കു​ന്നു എന്നാ​വാം അർ​ത്ഥം—ലേഖകൻ.) അന്ധ​കാ​ര​ത്തി​ന്റെ ശൂ​ന്യ​സ്ഥ​ല​ങ്ങ​ളി​ലൂ​ടെ അർ​ദ്ധ​രാ​ത്രി സ്മ​ര​ണ​യെ പി​ടി​ച്ചു കു​ലു​ക്കു​ന്നു; ഭ്രാ​ന്തൻ പട്ടു​പോയ ജെ​റേ​നി​യം ചെ​ടി​യെ പി​ടി​ച്ചു കു​ലു​ക്കു​ന്ന​തു​പോ​ലെ. എൽ​യ​റ്റ് വർ​ണ്ണി​ക്കു​ന്ന​തു​പോ​ലെ​യു​ള്ള ഒരു രാ​ത്രി​യി​ലാ​ണു് ഞാൻ ഈ വരികൾ കു​റി​ക്കു​ന്ന​തു്. ആ ഓർ​മ്മ​കൾ ഏതു രീ​തി​യി​ലു​ള്ള​വ​യാ​ണെ​ന്നു് ഇവിടെ സ്പ​ഷ്ട​മാ​ക്കേ​ണ്ട​തി​ല്ല. എന്നാൽ ആ സ്മ​ര​ണ​ക​ളെ​യാ​കെ വിഗത ചേ​ത​ന​ത്വ​ത്തി​ലേ​ക്കു നയി​ക്കു​ന്നു മു​ണ്ടൂർ സേ​തു​മാ​ധ​വ​ന്റെ “മഴ, മഴ” എന്ന ചെ​റു​കഥ. (മാ​തൃ​ഭൂ​മി) മഴ​പെ​യ്യാൻ അഭി​ല​ഷി​ക്കു​ന്ന വൃ​ദ്ധ​നായ പി​താ​വു്; നി​സ്സം​ഗ​നായ മകൻ. മഴ പെ​യ്യു​ന്നു. പെ​രു​വെ​ള്ള​പ്പാ​ച്ചിൽ. അതിൽ അച്ഛൻ അപ്ര​ത്യ​ക്ഷ​നാ​കു​ന്നു. എന്തോ സിം​ബ​ലി​സ​മാ​ണു് ഇക്കഥ. സത്യ​ത്തെ ഇമ്മ​ട്ടിൽ ആബ്സ്ട്രാ​ക്ഷ​നാ​യി—വി​ഗ​ത​ചേ​ത​ന​ത്വ സ്വ​ഭാ​വ​മാർ​ന്ന​താ​യി—ആവി​ഷ്ക​രി​ക്കു​മ്പോൾ എന്റെ ചൈ​ത​ന്യ​വും കെ​ട്ട​ട​ങ്ങു​ന്നു. വി​കാ​ര​ത്തി​ലൂ​ടെ സത്യ​മാ​വി​ഷ്ക​രി​ക്കു​ന്ന കഥാ​കാ​ര​ന്മാ​രെ​യാ​ണു് എനി​ക്കി​ഷ്ടം. ആ ആവി​ഷ്കാ​ര​മു​ണ്ടാ​കു​മ്പോൾ ആശ​യ​വും ധ്വ​നി​ച്ചു​കൊ​ള്ളും. സേ​തു​മാ​ധ​വ​ന്റെ ഈ മാർ​ഗ്ഗം ക്ലേ​ശ​മു​ള​വാ​ക്കു​ന്നു; ആസ്വാ​ദ​ന​ത്തി​നു തട​സ്സ​മു​ണ്ടാ​ക്കു​ന്നു.

ഓം ശാ​ന്തിഃ ശാ​ന്തിഃ ശാ​ന്തിഃ

പ്രാ​യോ​ഗി​ക​ത​ലം, സി​ദ്ധാ​ന്ത​ത​ലം എന്നു രണ്ടു തല​ങ്ങ​ളെ​ക്കു​റി​ച്ചു് ഈ ലേ​ഖ​ന​ത്തി​ന്റെ തു​ട​ക്ക​ത്തിൽ പറ​ഞ്ഞ​ല്ലോ. സി​ദ്ധാ​ന്ത​ങ്ങ​ളെ പ്രാ​യോ​ഗി​ക​ങ്ങ​ളാ​ക്കാൻ വല്ലാ​ത്ത പ്ര​യാ​സ​മാ​ണു്. ഇക്കാ​ണു​ന്ന​തൊ​ക്കെ ബ്ര​ഹ്മം എന്നു് എളു​പ്പ​ത്തിൽ ആർ​ക്കും മൊ​ഴി​യാം. പക്ഷേ, റോ​ഡിൽ​ക്കൂ​ടെ ആപ​ത്തി​നെ​ക്കു​റി​ച്ചു് ഒരു സം​ശ​യ​വു​മി​ല്ലാ​തെ നട​ന്നു​പോ​കു​ന്ന​വ​ന്റെ മു​തു​കിൽ വർ​ഗ്ഗീയ വി​ദ്വേ​ഷം​കൊ​ണ്ടു് ഒരു​ത്തൻ കത്തി കു​ത്തി​യി​റ​ക്കു​ക​യും അയാ​ളു​ടെ കഥ അങ്ങ​നെ അവ​സാ​നി​പ്പി​ക്കു​ക​യും ചെ​യ്യു​മ്പോൾ “ബ്ര​ഹ്മം ബ്ര​ഹ്മ​ത്തെ കു​ത്തി. എന്നാ​ലെ​ന്തു്? ആയു​ധ​ങ്ങൾ അതിനെ മു​റി​വേ​ല്പി​ക്കു​ന്നി​ല്ല. അഗ്നി അതിനെ ദഹി​പ്പി​ക്കു​ന്നി​ല്ല” എന്നു് ഉദീ​ര​ണം ചെ​യ്താൽ എന്തു​പ്ര​യോ​ജ​നം? ഇവിടെ പു​സ്ത​ക​ത്തിൽ​നി​ന്നു കി​ട്ടി​യ​തും അന്യൻ പറ​ഞ്ഞു​കൊ​ടു​ത്ത​തും ആയ ആശ​യ​ങ്ങൾ ആവർ​ത്തി​ക്കാ​നു​ള്ള കൗ​തു​ക​മേ​യു​ള്ളു. എന്നാൽ സനാതന മത​ത്തി​ന്റെ ഉദ്ഘോ​ഷ​ക​നാ​യി നട​ന്നു​കൊ​ണ്ടു് പണം സമ്പാ​ദി​ക്കു​ന്ന​വ​രെ​ക്കു​റി​ച്ചു നമ്മ​ളെ​ന്തു​വി​ചാ​രി​ക്ക​ണം? ഞാനും അങ്ങ​നെ​യൊ​രാ​ളും കൂടി ഒരു സമ്മേ​ള​ന​ത്തിൽ പ്ര​സം​ഗി​ക്കാൻ പോയി. പ്ര​വർ​ത്ത​കർ ഞങ്ങ​ളെ കൊ​ണ്ടു​ചെ​ന്ന​തു വി​വാ​ഹം നട​ക്കു​ന്ന ഒരു വീ​ട്ടി​ലാ​ണു്. അവി​ട​ത്തെ സദ്യ​യിൽ പങ്കു​കൊ​ള്ളാൻ ഞങ്ങൾ നിർ​ബ്ബ​ദ്ധ​രാ​യി. വയ്യെ​ന്നു​പ​റ​ഞ്ഞാൽ ഉച്ച​യ്ക്കു് ഊണു​കി​ട്ടി​ല്ല. സദ്യ ഞാൻ വെ​റു​ക്കു​ന്ന​തു കൊ​ണ്ടും ക്ഷ​ണി​ക്കാ​തെ ചെ​ന്നു കയ​റി​യ​തു​കൊ​ണ്ടും ഞാൻ ഇല​യു​ടെ മുൻ​പിൽ വെ​റു​തെ ഇരു​ന്ന​തേ​യു​ള്ളു. മീ​റ്റി​ങ് തു​ട​ങ്ങു​ന്ന​തി​നു് സ്വ​ല്പം മുൻ​പു് സനാ​ത​ന​മ​ത​ത്തി​ന്റെ ഉദ്ഘോ​ഷ​കൻ ചോ​ദി​ച്ചു: “എന്താ വല്ലാ​തി​രി​ക്കു​ന്ന​തു്?” എന്റെ മറു​പ​ടി; “ഞാൻ ഉണ്ട​തേ​യി​ല്ല. വി​ശ​ക്കു​ന്നു.” ഉടനെ അദ്ദേ​ഹം പറ​ഞ്ഞു: “മാ​ത്രാ സ്പർ​ശ​സ്തു കൗ​ന്തേയ ശീ​തോ​ഷ്ണ സു​ഖ​ദുഃ​ഖ​ദാഃ ആഗ​മാ​പാ​യി​നോ നി​ത്യാഃ താം സ്തി​തി​ക്ഷ​സ്വ ഭാരത” (ഇന്ദ്രി​യ​ങ്ങൾ​ക്കു് അവ​യു​ടെ വസ്തു​ക്ക​ളു​മാ​യി സ്പർ​ശ​മു​ണ്ടാ​ക്കു​മ്പോൾ ചൂടും തണു​പ്പും വേ​ദ​ന​യും ആഹ്ലാ​ദ​വും ഉണ്ടാ​കും. അവ വരും, പോകും, ക്ഷ​ണി​ക​ങ്ങ​ളാ​ണു് അവ. അർ​ജ്ജുന, അവയെ ക്ഷ​മ​യോ​ടു​കൂ​ടി സഹി​ച്ചാ​ലും) ഇതു​കേ​ട്ടു് ഞാൻ അദ്ദേ​ഹ​ത്തെ അറി​യി​ച്ചു: “സാറ് പറ​യു​ന്ന​തു് തത്ത്വ​ചി​ന്ത​യു​ടെ വീ​ക്ഷ​ണ​ഗ​തി​യിൽ ശരി. പ്രാ​യോ​ഗിക തല​ത്തിൽ അതു ശരി​യാ​കു​ന്ന​തെ​ങ്ങ​നെ?” “ഏതു ഭാ​ര​തീയ തത്ത്വ​ചി​ന്ത​യും പ്രാ​യോ​ഗിക തല​ത്തിൽ ശരി​യാ​ണു്”, എന്നു് അദ്ദേ​ഹ​ത്തി​ന്റെ മറു​പ​ടി. മീ​റ്റി​ങ്ങ് തു​ട​ങ്ങി. തളർ​ന്നി​രി​ക്കു​ന്ന എന്നെ നോ​ക്കി​ക്കൊ​ണ്ടു് അദ്ദേ​ഹം പറ​ഞ്ഞു: “കൃ​ഷ്ണൻ​നാ​യർ​സ്സാ​റി​നു് ഊണു ശരി​പ്പെ​ട്ടി​ല്ലെ​ന്നു പരാതി. എന്തർ​ത്ഥ​മി​രി​ക്കു​ന്നു അതിൽ? ചോറു് ബ്ര​ഹ്മ​മ​ല്ലേ? എന്റെ മുൻ​പി​ലി​രി​ക്കു​ന്ന ഈ മൈ​ക്ക് ബ്ര​ഹ്മ​മ​ല്ലേ? ഇതാ ഈ പൂ​ച്ചെ​ണ്ടു് ബ്ര​ഹ്മ​മ​ല്ലേ?” പ്ര​സി​ദ്ധ​നായ ആ സന്ന്യാ​സി​യു​ടെ പ്ര​സം​ഗം അങ്ങ​നെ കൊ​ഴു​ത്തു​വ​ന്നു. ഇട​യ്ക്കു ഗീ​താ​സം​സ്കൃ​ത​ശ്ലോ​കം അടി​ച്ചു​തി​രു​കും സന്ന്യാ​സി. ഇട​യ്ക്കു സം​സ്കൃത ഡി​ണ്ഡി​മ​ശ​ബ്ദം തൊ​ടു​ത്തു​വി​ട്ടു സന്ന്യാ​സി. അങ്ങ​നെ തകർ​പ്പൻ പ്ര​സം​ഗം നട​ക്കു​ന്ന​തി​ന്നി​ട​യിൽ അദ്ദേ​ഹം പറ​ഞ്ഞു: “പി​ന്നെ ശങ്ക​രാ​ചാ​ര്യർ ക്കു​പ​റ്റിയ തെ​റ്റു​കൾ തി​രു​ത്തി ഞാൻ ഈശാ​വാ​സ്യോ​പ​നി​ഷ​ത്തും കഠോ​പ​നി​ഷ​ത്തും പു​തു​താ​യി വ്യാ​ഖ്യാ​നി​ച്ചു​കൊ​ണ്ടു വന്നി​ട്ടു​ണ്ടു്. ഈശാ​വാ​സ്യോ​പ​നി​ഷ​ത്തി​നു് പതി​നെ​ട്ടു​രൂ​പ​യും കഠോ​പ​നി​ഷ​ത്തി​നു് പതി​ന്നാ​ലു​രൂ​പ​യും വി​ല​യാ​ണു്. മീ​റ്റി​ങ്ങി​നു​ശേ​ഷം രൊ​ക്കം വി​ല​ത​ന്നു് ആർ​ക്കും അവ വാ​ങ്ങാം. കു​റ​ച്ചു കോ​പ്പി​ക​ളേ​യു​ള്ളൂ. “ഈശാ​വാ​സ്യ​മി​ദം സർ​വ്വം യത്കി​ഞ്ച ജഗ​ത്യാം ജഗതു് തേന ത്യ​ക്തേന ഭു​ഞ്ജീ​ഥാ മാ ഗൃധഃ കസ്യ​സ്വി​ദ്ധ​നം” ആരു​ടെ​യും ധനം മോ​ഹി​ക്ക​രു​തു്. ആ നി​സ്സം​ഗ​ത​യി​ലൂ​ടെ ആത്മാ​വി​നെ രക്ഷി​ക്കൂ… പി​ന്നെ ഈശാ​വാ​സ്യ​ത്തി​നു് പതി​നെ​ട്ടു​രൂ​പ​യും കഠ​ത്തി​നു് പതി​ന്നാ​ലു​രൂ​പ​യും മാ​ത്ര​മേ​യു​ള്ളൂ. തു​ച്ഛ​മായ വില. കു​റ​ച്ചു കോ​പ്പി​കൾ മാ​ത്രം… “ഓം പൂർ​ണ്ണ​മ​ദഃ പൂർ​ണ്ണ​മി​ദം പൂർ​ണ്ണാ​തു് പൂർ​ണ്ണ​മു​ദ​ച്യ​തേ. പൂർ​ണ്ണ​സ്യ​പൂർ​ണ്ണ​മാ​ദായ പൂർ​ണ്ണ​മേ​വാ​വ​ശി​ഷ്യ​തേ. ഓം ശാ​ന്തിഃ ശാ​ന്തിഃ ശാ​ന്തിഃ… പര​ബ്ര​ഹ്മ​വും വ്യ​വ​സ്ഥീ​കൃത ബ്ര​ഹ്മ​വും അനാ​ദ്യ​ന്തം. വ്യ​വ​സ്ഥീ​കൃ​ത​ബ്ര​ഹ്മം പര​ബ്ര​ഹ്മ​ത്തിൽ നി​ന്നു് ഉണ്ടാ​കു​ന്നു… പി​ന്നെ ഈശാ​വാ​സ്യോ​പ​നി​ഷ​ത്തി​നു പതി​നെ​ട്ടു​രൂ​പ​യും കഠോ​പ​നി​ഷ​ത്തി​നു പതി​ന്നാ​ലു​രൂ​പ​യും. രൊ​ക്കം വി​ല​ത​ന്നു് ആർ​ക്കും വാ​ങ്ങാം. കു​റ​ച്ചു കോ​പ്പി​കൾ മാ​ത്രം… ഓം ശാ​ന്തിഃ ശാ​ന്തിഃ ശാ​ന്തിഃ” മീ​റ്റി​ങ്ങ് കഴി​ഞ്ഞു. എല്ലാ കോ​പ്പി​ക​ളും വി​റ്റു. നോ​ട്ടു​കൾ സന്ന്യാ​സി​യു​ടെ പോ​ക്ക​റ്റിൽ കൊ​ള്ളാ​തെ പു​റ​ത്തേ​ക്കു ചാടി നി​ല്ക്കു​ന്നു… മട​ക്ക​യാ​ത്ര. സന്ന്യാ​സി “നൈനം ഛി​ന്ദ​ന്തി ശസ്ത്രാ​ണി നൈനം ദഹതി പാവകഃ” എന്നു ഉരു​വി​ട്ടു​കൊ​ണ്ടേ​യി​രു​ന്നു. അദ്ദേ​ഹ​ത്തി​ന്റെ വീ​ടെ​ത്തി. രണ്ടു​നി​ല​ക്കെ​ട്ടി​ടം എല്ലാ സൗ​ക​ര്യ​ങ്ങ​ളു​മു​ണ്ടു്. ടെ​ല​ഫോൺ, കളർ ടെ​ലി​വി​ഷൻ. അദ്ദേ​ഹം കാറിൽ നി​ന്നി​റ​ങ്ങി. മു​ണ്ടു മട​ക്കി​ക്കു​ത്തി. പു​ഞ്ചി​രി​യോ​ടെ ഒരു സൈ​ഡി​ലേ​ക്കു നോ​ക്കി​ക്കൊ​ണ്ടു കോ​ണി​പ്പ​ടി​കൾ കയറി രണ്ടാ​മ​ത്തെ നി​ല​യി​ലേ​ക്കു പോയി. സനാ​ത​ന​മ​ത​ക്കാ​ര​ന​ല്ലാ​ത്ത, ഗീത വാ​യി​ച്ചി​ട്ടി​ല്ലാ​ത്ത, ഈശാ​വാ​സ്യോ​പ​നി​ഷ​ത്തു് വ്യാ​ഖ്യാ​നി​ച്ചി​ട്ടി​ല്ലാ​ത്ത, ശങ്ക​രാ​ചാ​ര്യ​രു​ടെ തെ​റ്റു തി​രു​ത്തി​യി​ട്ടി​ല്ലാ​ത്ത, അകി​ഞ്ച​ന​നായ ഞാൻ ഡ്രൈ​വ​റോ​ടു ഗൗരവം വി​ടാ​തെ പറ​ഞ്ഞു: “സാ​ക്കീർ ഒരു വിൽസ് സി​ഗ്റ​റ്റ് വാ​ങ്ങു. എന്റെ​കൈ​യിൽ ചി​ല്ല​റ​യി​ല്ല”. ആ മനു​ഷ്യൻ വാ​ങ്ങി​ത്ത​ന്ന സി​ഗ്റ​റ്റ് വലി​ച്ചു തീർ​ന്ന​പ്പോൾ ഞാനും വീ​ട്ടി​ന്റെ പടി​ക്ക​ലെ​ത്തി. ഓം ശാ​ന്തിഃ ശാ​ന്തിഃ ശാ​ന്തിഃ

ഇ. വി. ശ്രീ​ധ​രൻ
images/Cavafy.jpg
കാ​വാ​ഫി

ചി​ല​പ്പോൾ മനു​ഷ്യ​ന്റെ ബോ​ധ​മ​ണ്ഡ​ലം മു​ഴു​വൻ ചി​ന്ത​കൾ നി​റ​ഞ്ഞ​താ​യി​രി​ക്കും. വേറെ സന്ദർ​ഭ​ങ്ങ​ളിൽ അതു തി​ക​ച്ചും വൈ​കാ​രി​ക​മാ​യി​രി​ക്കും. സമ​കാ​ലിക ജീ​വി​ത​ത്തി​ലെ കഷ്ട​പ്പാ​ടു​കൾ കണ്ടു ശോ​കാ​കു​ല​മാ​യി ഭവി​ച്ച ഒരു ബോ​ധ​മ​ണ്ഡ​ല​ത്തെ വാ​ക്കു​കൾ​കൊ​ണ്ടു് അനാ​യാ​സ​മാ​യി പി​ടി​ച്ചെ​ടു​ക്കു​ക​യാ​ണു് കലാ​കൗ​മു​ദി​യിൽ “645 രൂ​പ​യു​ടെ കളി” എന്ന ചെ​റു​കഥ എഴു​തിയ ഇ. വി ശ്രീ​ധ​രൻ. പ്ര​തി​മാസ ശം​ബ​ള​മായ 645 രൂ​പ​കൊ​ണ്ടു മദ്യ​പി​ക്കു​ക​യും വ്യ​ഭി​ച​രി​ക്കു​ക​യും ചെ​യ്യു​ന്ന യു​വാ​വു്. അയാൾ​ക്കു് അമ്മ​യ്ക്കു പണം അയ​ച്ചു​കൊ​ടു​ക്ക​ണ​മെ​ന്നു​ണ്ടു്. പക്ഷേ ജീ​വി​ത​ത്തി​ന്റെ വൈ​ര​സ്യ​ത്തിൽ​നി​ന്നു രക്ഷ പ്രാ​പി​ക്കാ​നാ​യി അയാൾ നി​ഷി​ദ്ധ​ങ്ങ​ളായ കൃ​ത്യ​ങ്ങ​ളിൽ വിലയം കൊ​ള്ളു​ന്നു. അമ്മ​യ്ക്ക് അയ​ച്ചു കൊ​ടു​ക്കാ​നാ​യി കരു​തി​വ​യ്ക്കു​ന്ന 150 രൂപ വ്യ​ഭി​ച​രി​ച്ചു തീർ​ക്കു​ന്നു. അടു​ത്ത മാ​സ​ത്തി​ലും ഇതു​ത​ന്നെ സം​ഭ​വി​ക്കു​മെ​ന്നു് സൂ​ചി​പ്പി​ച്ചു​കൊ​ണ്ടു് കഥാ​കാ​രൻ കഥ അവ​സാ​നി​പ്പി​ക്കു​ന്നു. വി​കാ​രം കഥ​യു​ടെ അനു​പേ​ക്ഷ​ണീ​യ​ഘ​ട​ക​മാ​ണു്. ആ വി​കാ​രം സാ​ന്ദ്രത ആവ​ഹി​ക്കു​ന്ന​തും​ന​ന്നു്. പക്ഷേ, ആ സാ​ന്ദ്രത ഒരു പരിധി ലം​ഘി​ച്ചാൽ അതി​ഭാ​വു​ക​ത്വ​മാ​യി മാറും. അതി​ഭാ​വു​ക​ത്വം കല​യു​ടെ ശത്രു​വാ​ണു്. ആർ​ജ്ജ​വ​ത്തി​ന്റെ ശത്രു​വാ​ണു്. കഥാ​കാ​രൻ അതു മന​സ്സി​ലാ​ക്കി സാ​ന്ദ്ര​ത​യാർ​ന്ന വി​കാ​ര​ത്തെ പ്ര​ഗ​ല്ഭ​മാ​യി ചി​ത്രീ​ക​രി​ക്കു​ന്നു. സമ​കാ​ലിക ജീ​വി​ത​ത്തി​ന്റെ ഹൃ​ദ​യ​സ്പർ​ശി​യായ ചി​ത്ര​മാ​യി​ട്ടു​ണ്ടു് ശ്രീ​ധ​ര​ന്റെ ഈ ചെ​റു​കഥ.

images/Oblomov.jpg

ജീ​വി​ത​വൈ​ര​സ്യ​ത്തി​ന്റെ കലാ​ത്മ​ക​മായ സ്ഫു​ടീ​ക​ര​ണ​മാ​ണു് ഇവാൻ ഗൊൺ​ചാ​റോ​ഫി​ന്റെ Oblomov എന്ന നോവൽ. മേ​ശ​യിൽ കൈ​മു​ട്ടു് ഊന്നി വാ​യി​ക്കാ​നെ​ടു​ത്ത പു​സ്ത​ക​ത്തിൽ തല​ചാ​രി ഇരി​ക്കു​ന്ന കഥാ​പാ​ത്ര​ത്തി​ന്റെ ചി​ത്രം നമ്മു​ടെ ആത്മാ​വി​നെ പി​ടി​ച്ചു കു​ലു​ക്കും. കാ​വാ​ഫി യുടെ ചേ​തോ​ഹ​ര​ങ്ങ​ളായ കാ​വ്യ​ങ്ങൾ​ക്കും ഈ ശക്തി​യു​ണ്ടു്.

Easy to guess what lies ahead:

all of yesterday’s boredom.

And tomorrow ends up no longer like tomorrow.

(C. P. Cavafy—Collected Poems, Monotony. Translated by E. Keeley and P. Sherrard. PP. 31–50)

കൃ​ത്രി​മ​ത്വം

ഇന്ദ്രി​യ​ങ്ങൾ നൽ​കു​ന്ന ഹർ​ഷോ​ന്മാ​ദ​ത്തി​നു​വേ​ണ്ടി ഭർ​ത്താ​വി​നെ സമീ​പി​ക്കു​ന്ന ഭാ​ര്യ​യ്ക്കു് നൈ​രാ​ശ്യ​മാ​യി​രി​ക്കും ഉണ്ടാ​വുക. കാരണം വി​വാ​ഹം കഴി​ഞ്ഞു് മൂ​ന്നോ നാലോ ദി​വ​സ​മേ അയാൾ​ക്കു് ആ ഹർ​ഷോ​ന്മാ​ദം ഉള​വാ​ക്കാൻ കഴി​യു​ക​യു​ള്ളു എന്ന​താ​ണു്. ജീ​വി​തം നി​രാ​ശ​താ ജന​ക​വും വൈ​ര​സ്യ​പൂർ​ണ്ണ​വു​മാ​ണെ​ന്നു കണ്ടു് അവൾ പല മാർ​ഗ്ഗ​ങ്ങൾ അം​ഗീ​ക​രി​ക്കു​ന്നു. (1) പതി​വാ​യി സി​നി​മ​യ്ക്കു പോകും. (2) ഒരു കൂ​ട്ടു​കാ​രി​യെ തേ​ടി​യെ​ടു​ത്തു് അവ​ളോ​ടൊ​രു​മി​ച്ചു് മണി​ക്കൂ​റു​കൾ കഴി​ച്ചു​കൂ​ട്ടും. (3) കു​ഞ്ഞു​ങ്ങ​ളു​ണ്ടെ​ങ്കിൽ അവരെ പഠി​പ്പി​ക്കു​ന്ന​തിൽ മാ​ത്രം വ്യാ​പൃ​ത​രാ​കും. (4) അടു​ത്ത വീ​ട്ടിൽ​ച്ചെ​ന്നു് വർ​ത്ത​മാ​നം പറ​ഞ്ഞു​കൊ​ണ്ടി​രി​ക്കും. (5) അവൾ മദ്ധ്യ​വ​യ​സ്ക​യാ​യാൽ, പേ​ര​ക്കു​ട്ടി​യെ താ​ലോ​ലി​ച്ചു​കൊ​ണ്ടു് ആഹ്ലാ​ദി​ക്കും. (6) പ്ര​സം​ഗി​ക്കാൻ കഴി​വു​ള്ള​വ​ളാ​ണെ​ങ്കിൽ എന്നും വൈ​കി​ട്ടു സമ്മേ​ള​ന​ങ്ങ​ളിൽ പങ്കു​കൊ​ള്ളാൻ പോകും. (ഇക്കൂ​ട്ട​രെ പു​രു​ഷ​ന്മാർ ഭയ​പ്പെ​ട​ണം. ജീവിത നൈ​രാ​ശ്യം കൊ​ണ്ടും ഭർ​ത്താ​വി​നോ​ടു​ള്ള ദേ​ഷ്യം​കൊ​ണ്ടു​മാ​ണു് ഇവർ പ്ര​സം​ഗി​ക്കാൻ ഇറ​ങ്ങു​ന്ന​തു്. അതു​കൊ​ണ്ടു് കൂടെ പ്ര​സം​ഗി​ക്കു​ന്ന പു​രു​ഷ​ന്മാ​രെ എതിർ​ത്തും പു​ല​ഭ്യം പറ​ഞ്ഞും ഇവർ ഭർ​ത്താ​വി​നോ​ടു തോ​ന്നു​ന്ന ദേ​ഷ്യ​ത്തി​നു ശമനം നല്കും.) രാജി എസ്. സി​ന്ധു മനോ​രാ​ജ്യം വാ​രി​ക​യി​ലെ​ഴു​തിയ “പാ​വ​ക്കു​ട്ടി” എന്ന കഥയിൽ ഈ വി​ഭാ​ഗ​ത്തി​ലൊ​ന്നും പെ​ടാ​ത്ത ഒരു ഭാ​ര്യ​യെ​യാ​ണു് നമ്മൾ കാണുക. ഭർ​ത്താ​വു് അവ​ളു​ടെ വ്യ​ക്തി​ത്വം നശി​പ്പി​ക്കു​ന്നു. അച്ഛ​ന​മ്മ​മാർ അയാ​ളു​ടെ വശം​ചേർ​ന്നു​നി​ല്ക്കു​ന്നു. പെ​ണ്ണു​ത​കർ​ന്നു​പോ​കു​ന്ന​തി​ന്റെ ചി​ത്രം വര​യ്ക്കാ​നാ​ണു് രാജി എസ്. സി​ന്ധു​വി​ന്റെ ശ്രമം. ഇമേ​ജ​സി​ലൂ​ടെ ആ തകർ​ച്ച​യെ ആലേ​ഖ​നം​ചെ​യ്യാ​തെ വി​വ​ര​ണ​ത്തിൽ അഭി​ര​മി​ക്കു​ക​യാ​ണു് അവർ. അവ​രു​ടെ വാ​ക്യ​ങ്ങ​ളും കൃ​ത്രി​മ​ങ്ങ​ളാ​ണു്: “ഭർ​ത്താ​വി​ന്റെ പ്ര​താ​പം വാ​ങ്ങി​ക്കൊ​ടു​ത്ത കു​ളിർ​മ്മ കി​ട​പ്പു​മു​റി​യെ പൊ​തി​ഞ്ഞി​രു​ന്ന​തി​നാൽ, വെ​ളി​യിൽ തി​ള​യ്ക്കു​ന്ന വെ​യി​ലി​ന്റെ കര​ങ്ങൾ​ക്കു് അവളെ സമീ​പി​ക്കാൻ കഴി​ഞ്ഞി​രു​ന്നി​ല്ല.” എന്ന​തു് ഒരു വാ​ക്യം. ഏയർ​ക​ണ്ടി​ഷൻ ചെയ്ത മു​റി​യിൽ ചൂ​ടു​തോ​ന്നി​യി​ല്ല എന്നാ​ണു് രാജി എസ്. സി​ന്ധു​വി​നു പറ​യാ​നു​ള്ള​തു്. അതി​നാ​ണു് ഈ വക്ര​ത​യെ​ല്ലാം Literary expression വേ​ണ​മെ​ങ്കിൽ വള​ച്ചു​കെ​ട്ടി​യാൽ അതു​ണ്ടാ​വു​മോ? ‘അവൾ വീ​ണ​വാ​യി​ച്ച​തു ഞാൻ കേ​ട്ടു’ എന്നു് എനി​ക്കു പറയാം. അതി​നു​പ​ക​ര​മാ​യി ‘കമ്പി​യു​ടെ പര​മാ​ണു​ക്ക​ളും വി​ര​ലി​ലെ പര​മാ​ണു​ക്ക​ളും തമ്മിൽ ആകർ​ഷ​ണ​വും വി​കർ​ഷ​ണ​വും ഉണ്ടാ​യി ചില ശബ്ദ​ത​രം​ഗ​ങ്ങൾ വാ​യു​വിൽ വ്യാ​പി​ക്കു​ക​യും അതു് എന്റെ ബാ​ഹ്യ​ശ്രോ​ത്ര​ത്തി​ലൂ​ടെ കട​ന്നു് ആന്തര ശ്രോ​ത്ര​ത്തി​ലെ​ത്തു​ക​യും കോ​ക്ലി​യ​യെ ചലി​പ്പി​ക്കു​ക​യും സിലീയ എന്ന മൃ​ദു​രോ​മ​ങ്ങ​ളെ സ്പ​ന്ദി​പ്പി​ക്കു​ക​യും ചെ​യ്തു​കൊ​ണ്ടു് സ്നാ​യു​ക്ക​ളി​ലൂ​ടെ സഞ്ച​രി​ച്ചു് മസ്തി​ഷ്ക​ത്തിൽ എത്തു​മ്പോൾ ഹാ എന്തൊ​രു ആന​ന്ദാ​നു​ഭൂ​തി!” എന്നു പറ​ഞ്ഞ​ലോ? ഈ വി​ല​ക്ഷ​ണ​വാ​ക്യം സാ​ഹി​ത്യ​മാ​യി ഭവി​ക്കു​മോ? ഭവി​ക്കും എന്നാ​ണു് നമ്മു​ടെ കഥ​യെ​ഴു​ത്തു​കാ​രു​ടെ തെ​റ്റി​ദ്ധാ​രണ.

പി. ടി. ഉഷ

ചു​ട്ടു​പ​ഴു​ത്ത ഒരു ഇരു​മ്പു​ക​ഷ​ണം കൊ​ടി​ലു​കൊ​ണ്ടെ​ടു​ത്തു് ഉയർ​ത്തി​പ്പി​ടി​ക്കു​ന്നു​വെ​ന്നു കരുതു. നേരം കഴി​യു​മ്പോൾ അതി​ന്റെ ഉത്ത​പ്താ​വ​സ്ഥ മാ​റു​ന്നു. വലിയ ചൂടു്, ചെ​റി​യ​ചൂ​ടു്, ചൂ​ടി​ല്ലാ​ത്ത അവസ്ഥ എന്ന അവ​സ്ഥ​കൾ അതിനു ക്ര​മാ​നു​ഗ​ത​മാ​യി ഉണ്ടാ​കു​ന്നു. ഒടു​വിൽ ഇരു​മ്പു​ക​ഷ​ണം നമു​ക്കു തൊ​ടാ​മെ​ന്നു മാ​ത്ര​മ​ല്ല തണു​പ്പു് അനു​ഭ​വ​പ്പെ​ടു​ക​യും ചെ​യ്യും. അതേ സമയം അന്ത​രീ​ക്ഷ​ത്തി​നു ചൂ​ടേ​റും. ഇരു​മ്പു​ക​ഷ​ണ​ത്തി​ന്റെ ഊർ​ജ്ജം അന്ത​രീ​ക്ഷ​ത്തി​നു പകർ​ന്നു കി​ട്ടി​യ​തു​കൊ​ണ്ടാ​ണു് ഇതു സം​ഭ​വി​ക്കു​ന്ന​തു്. വീ​ണ്ടും ഇരു​മ്പു​ക​ഷ​ണം പഴു​പ്പി​ക്കാം. ചു​ട്ടു​പ​ഴു​ത്ത അവസ്ഥ, ധവ​ളോ​ജ്ജ്വ​ലാ​വ​സ്ഥ ഇവ​യെ​ല്ലാം അതിനു നല്കാം. ഇരു​മ്പു​ക​ഷ​ണ​ത്തി​ന്റെ ഊർ​ജ്ജ​ത്തി​ന്റെ അള​വ​നു​സ​രി​ച്ചു് അന്ത​രീ​ക്ഷ​ത്തി​നും ഊർ​ജ്ജം ലഭി​ക്കും. പി. ടി. ഉഷ എന്ന ഓട്ട​ക്കാ​രി ഊർ​ജ്ജം എത്ര​ക​ണ്ടു സം​ഭ​രി​ച്ചു് ഓടു​ന്നു​വോ അത്ര​ക​ണ്ടു് പ്രേ​ക്ഷ​കർ ആഹ്ലാ​ദി​ക്കു​ന്നു. ആ യുവതി പ്ര​സ​രി​പ്പി​ക്കു​ന്ന ഊർ​ജ്ജം പകർ​ന്നു​കി​ട്ടു​ന്ന ജന​ങ്ങൾ ഇള​കി​മ​റി​യു​ന്നു. അതേ​സ​മ​യം വ്യ​ക്തി​യെ​ന്ന നി​ല​യിൽ ആ ചെ​റു​പ്പ​ക്കാ​രി നശി​ക്കു​ക​യാ​ണു്. ഒരു ഇരു​മ്പു​ക​ഷ​ണ​ത്തെ എത്ര​കാ​ലം വൈ​റ്റ്ഹോ​ട്ട് ആക്കാം? അല്ലെ​ങ്കിൽ റെ​ഡ്ഹോ​ട്ട് ആക്കാം? കു​റെ​ക്ക​ഴി​യു​മ്പോൾ പര​മാ​ണു​ക്കൾ തക​രു​ക​യി​ല്ലേ? സങ്കീർ​ണ്ണ​വും ചൈ​ത​ന്യാ​ത്മ​ക​വു​മായ മനു​ഷ്യ​ശ​രീ​രം ഇതി​നെ​ക്കാ​ളൊ​ക്കെ വളരെ വേഗം തകർ​ന്നു​പോ​കും. പി. ടി. ഉഷ​യ്ക്കു് സ്വർ​ണ്ണ​മെ​ഡൽ കി​ട്ടാ​ത്ത​തിൽ കണ്ണീ​രൊ​ഴു​ക്കി​യ​വർ ധാ​രാ​ളം. ആ യുവതി സ്ത്രീ​ത്വം നശി​പ്പി​ച്ചു് തകർ​ന്നി​ടി​യു​ന്ന​തിൽ എനി​ക്കു വല്ലാ​യ്മ. മലയാള മനോരമ ആഴ്ച​പ്പ​തി​പ്പിൽ ഉഷ​യു​ടെ ചി​ത്രം കവർ​പേ​ജിൽ കണ്ട​പ്പോൾ ഇത്ര​യും കു​റി​ക്ക​ണ​മെ​ന്നു തോ​ന്നി. സ്പോർ​ട്സിൽ “സ്വർ​ണ്ണം കൊ​യ്യു​ന്ന​തും” മറ്റും വലിയ കാ​ര്യ​മ​ല്ല. അതു് അഭി​മാ​ന​മ​ല്ല, ദു​ര​ഭി​മാ​ന​മാ​ണു്. എത്ര​യെ​ത്ര​പേർ ഇതി​ന​കം സ്വർ​ണ്ണം​കൊ​യ്തു? അവ​രു​ടെ പേ​രു​കൾ പോലും നമ്മൾ ഓർ​മ്മി​ക്കു​ന്നി​ല്ല. പ്ര​കൃ​തി നല്കിയ ശരീ​ര​ത്തെ പരി​ര​ക്ഷി​ച്ചു്, സ്ത്രീ​ത്വം നശി​പ്പി​ക്കാ​തെ ജീ​വി​ക്കു​ന്ന​താ​ണു് ഉത്കൃ​ഷ്ട​മാ​യി​ട്ടു​ള്ള​തു്. മദ്വ​ച​ന​ങ്ങൾ​ക്കു മാർ​ദ്ദ​വ​മി​ല്ലെ​ങ്കിൽ ഉദ്ദേ​ശ്യ ശു​ദ്ധി​യാൽ മാ​പ്പു് നല്കിൻ.

ഈ ലോ​ക​ത്തു് ഞാ​നേ​റ്റ​വും വെ​റു​ക്കു​ന്ന​തു് പെർ​ഫ്യൂ​മാ​ണു്. ദു​ബാ​യി​യിൽ നി​ന്നു വന്ന ഒരു സ്നേ​ഹി​തൻ ഒരു കു​പ്പി ‘സെ​ന്റ് ’ കൊ​ണ്ടു​ത​ന്നു. സ്നേ​ഹി​ത​നെ വേ​ദ​നി​പ്പി​ക്ക​രു​ത​ല്ലോ എന്നു കരുതി ഞാനതു സ്വീ​ക​രി​ച്ചു. മേ​ശ​പ്പു​റ​ത്തു​വ​ച്ചി​രു​ന്ന ആ സെ​ന്റ് കു​പ്പി ആരോ തു​റ​ന്നു വച്ചു. വീ​ടാ​കെ മണം. തൽ​ക്കാ​ല​ത്തേ​ക്കു വൈ​ഷ​മ്യ​വും തല​വേ​ദ​ന​യും, കു​റെ​ക്ക​ഴി​ഞ്ഞ​പ്പോൾ സൗ​ര​ഭ്യം ഇല്ലാ​താ​യി. കു​പ്പി മണ​പ്പി​ച്ചു നോ​ക്കി​യ​പ്പോൾ അതി​ന​ക​ത്തെ ദ്രാ​വ​ക​ത്തി​നും മണ​മി​ല്ല. പ്ര​കൃ​തി​നി​യ​മം!

സ്വാ​ഭാ​വിക പരി​ണാ​മം
images/MikhailSholokhov.jpg
മി​ഹാ​യീൽ ഷൊ​ലൊ​ഹോ​ഫ്

മി​ഹാ​യീൽ ഷൊ​ലൊ​ഹോ​ഫി​ന്റെ (Mikhail Sholokhov) ചേ​തോ​ഹ​ര​മായ കഥ​യാ​ണു് Fate of Man. ജർ​മ്മൻ പട്ടാ​ള​ക്കാ​രു​ടെ തട​വു​കാ​ര​നാ​യി​രു​ന്ന അയാൾ രക്ഷ​പ്പെ​ട്ടു നാ​ട്ടി​ലെ​ത്തു​ന്നു. വഴി​ക്കു​വ​ച്ചു് അച്ഛ​നും അമ്മ​യും ഇല്ലാ​ത്ത ഒരു കൊ​ച്ചു​കു​ട്ടി​യെ അയാൾ കണ്ടു. അയാൾ അവനെ കൂ​ട്ടി​ക്കൊ​ണ്ടു​പോ​ന്നു. അടു​ത്ത​ദി​വ​സം ചി​ന്താ​മ​ഗ്ന​നാ​യി​രു​ന്ന ആ കൊ​ച്ചു​കു​ട്ടി​യോ​ടു് അയാൾ ചോ​ദി​ച്ചു: “മോനേ നീ എന്താ​ണു വി​ചാ​രി​ക്കു​ന്ന​തു് ?” കു​ട്ടി: “അച്ഛ​ന്റെ ലതർ​കോ​ട്ട് എവിടെ?” ജീ​വി​ത​ത്തി​ലൊ​രി​ക്ക​ലും അയാൾ​ക്കു ലതർ കോ​ട്ട് ഉണ്ടാ​യി​രു​ന്നി​ല്ല. കു​ട്ടി​യു​ടെ അച്ഛ​നു് – ജർ​മ്മൻ​കാർ കൊ​ന്നു​ക​ള​ഞ്ഞ അച്ഛ​നു് – അതു​ണ്ടാ​യി​രു​ന്നു. അതു മന​സ്സി​ലാ​ക്കി അയാൾ പറ​ഞ്ഞു: “ഞാൻ അതു വേ​റോ​ണി​ഷ് പട്ട​ണ​ത്തി​ലെ​വി​ടെ​യോ കള​ഞ്ഞു മോനേ”. കു​ട്ടി വീ​ണ്ടും ചോ​ദി​ച്ചു. അച്ഛൻ എന്നെ കണ്ടു​പി​ടി​ക്കാൻ ഇത്ര​യും വൈ​കി​യ​തെ​ന്തു്?” അയാൾ: “മോനേ നി​ന്നെ ഞാൻ ജർ​മ്മ​നി​യി​ലും പോ​ള​ണ്ടി​ലും ബൈലോ റഷ്യ​യി​ലും നോ​ക്കി. കണ്ടു​കി​ട്ടി​യ​തു് യൂ​റി​യൂ​പിൻ​സ്കിൽ വച്ചു്”. അന്യ​ന്റെ കു​ഞ്ഞി​നെ തന്റെ കു​ഞ്ഞാ​യി​ക്ക​രു​തി​യു​ള്ള ഈ പ്ര​സ്താ​വം തി​ക​ച്ചും സ്വാ​ഭാ​വി​ക​മാ​യി​രി​ക്കു​ന്നു. ഈ പര​കോ​ടി​യിൽ ചെ​ന്നു് ചേ​ര​ത്ത​ക്ക​വി​ധ​ത്തിൽ ഷൊ​ലൊ​ഹോ​ഫ് കഥ പറ​ഞ്ഞി​രി​ക്കു​ന്നു.

images/SamuelTaylorColeridge.jpg
കോൾ​റി​ജ്ജ്

ഗൾഫ് രാ​ജ്യ​ത്തു​പോയ അല​ക്കു​കാ​രൻ രാ​ജു​വി​നെ കാ​ണു​ന്നി​ല്ല. അങ്ങോ​ട്ടേ​ക്കു പോ​കു​ന്ന ഓരോ വ്യ​ക്തി​യോ​ടും അയാളെ കണ്ടു​പി​ടി​ക്കാൻ ഒരു​ത്തൻ അപേ​ക്ഷി​ക്കു​ന്നു. രാ​ജു​വി​ന്റെ അമ്മ മര​ണ​ശ​യ്യ​യി​ലാ​ണു്. ഈ അഭ്യർ​ത്ഥന കേ​ട്ടു ഒരു യാ​ത്ര​ക്കാ​ര​ന്റെ മന​സ്സ​ലി​യു​ന്നു. രാ​ജു​വി​ന്റെ അമ്മ​യെ സമാ​ശ്വ​സി​പ്പി​ക്കാ​നാ​യി അയാൾ പോകാൻ സന്ന​ദ്ധ​നാ​കു​ന്നു. “ഞാ​നാ​ണു രാജു. നി​ങ്ങ​ളാ​ണു രാജു” എന്നാ​ണു് അയാൾ പറയുക. ഗൾഫ് രാ​ജ്യ​ത്തു​പോ​കു​ന്ന പല​രെ​യും കാ​ണാ​തെ​യാ​കു​ന്നു. അവ​രു​ടെ​യെ​ല്ലാം പ്ര​തി​നി​ധി​യാ​ണു് രാജു. അഭ്യർ​ത്ഥന കേൾ​ക്കു​ന്ന​വൻ രാ​ജു​വാ​യി മാ​റു​ന്ന​തു് മരി​ക്കാൻ​കി​ട​ക്കു​ന്ന അമ്മ​യെ ആശ്വ​സി​പ്പി​ക്കാ​നാ​ണു്. ഈ മാ​റ്റം അസ്വാ​ഭാ​വി​ക​മാ​യി​രി​ക്കു​ന്ന​തി​നു ഹേതു കഥാ​കാ​ര​നായ നൂറൂൽ അമീ​നു് കഥ​യെ​ഴു​താൻ അറി​ഞ്ഞു​കൂ​ടാ എന്ന​തു​ത​ന്നെ (കു​ങ്കു​മ​ത്തി​ലെ ‘നി​ന്നെ​യും തേടി’ എന്ന കഥ). കഴി​ഞ്ഞ സം​ഭ​വ​ങ്ങ​ളു​ടെ​യെ​ല്ലാം സ്വാ​ഭാ​വി​ക​പ​രി​ണാ​മ​മാ​ണു് ഷൊ​ലൊ​ഹോ​ഫി​ന്റെ കഥ​യി​ലു​ള്ള​തു്. നൂറൂൽ അമീ​ന്റെ കഥയിൽ ആ സ്വാ​ഭാ​വി​ക​പ​രി​ണാ​മ​മി​ല്ല. അതി​നാൽ അതൊരു പരാ​ജ​യം മാ​ത്രം.

അര​യ​ന്ന​ങ്ങൾ മരി​ക്കു​ന്ന​തി​നു മുൻപു പാ​ടു​ന്നു. ചി​ല​യാ​ളു​കൾ പാ​ടു​ന്ന​തി​നു മുൻപു മരി​ച്ചാൽ അതു ചീ​ത്ത​ക്കാ​ര്യ​മാ​യി​രി​ക്കി​ല്ല—കോൾ​റി​ജ്ജ്.

കണ്ടി​ഷൻ​ഡ് റി​ഫ്ളെ​ക്സ്

സർ. സി. പി. രാ​മ​സ്വാ​മി അയ്യ​രു​ടെ കി​രാ​ത​ഭ​ര​ണം തി​രു​വി​താം​കൂ​റിൽ നട​ക്കു​ന്ന കാലം. ജന​ങ്ങൾ ഒറ്റ​ക്കെ​ട്ടാ​യി അദ്ദേ​ഹ​ത്തെ എതിർ​ത്തു. പക്ഷേ സത്യ​നേ​ശൻ എന്നൊ​രു​മാ​ന്യൻ സി. പി.യെ അനു​കൂ​ലി​ച്ചു​കൊ​ണ്ടു് ഒരു പത്രം പ്ര​സി​ദ്ധ​പ്പെ​ടു​ത്തി​യി​രു​ന്നു. ജന​രോ​ഷം ആളി​ക്ക​ത്തു​ക​യാ​ണു്. എങ്കി​ലും ധീ​ര​നായ സത്യ​നേ​ശൻ ആരെ​യും വക​വ​ച്ചി​രു​ന്നി​ല്ല. സ്ഥൂല ഗാ​ത്ര​മു​ള്ള അദ്ദേ​ഹം ഒരു പേ​ടി​യും​കൂ​ടാ​തെ റോ​ഡി​ലൂ​ടെ നട​ക്കും. ആരു ഭർ​ത്സി​ച്ചാ​ലും ക്ഷോ​ഭി​ക്കി​ല്ല. സി. പി. രാ​മ​സ്വാ​മി അയ്യർ പരാ​ജ​യ​പ്പെ​ട്ടി​ട്ടും സത്യ​നേ​ശൻ ആദ്യ​കാ​ല​ത്തെ വി​ശ്വാ​സ​ങ്ങ​ളിൽ ഉറ​ച്ചു​നി​ന്നു. എനി​ക്കു് അദ്ദേ​ഹ​ത്തെ ബഹു​മാ​ന​മാ​ണു്. ഇ. എം. ശങ്ക​രൻ​ന​മ്പൂ​തി​രി​പ്പാ​ടു് മു​ഖ്യ​മ​ന്ത്രി​യാ​യി​രി​ക്കു​മ്പോൾ മാർ​ക്സി​സ്റ്റാ​യും അച്ചു​ത​മേ​നോൻ മു​ഖ്യ​മ​ന്ത്രി​യാ​യി​രി​ക്കു​മ്പോൾ വല​തു​പ​ക്ഷ കമ്മ്യൂ​ണി​സ്റ്റാ​യും കരു​ണാ​ക​രൻ മു​ഖ്യ​മ​ന്ത്രി​യാ​യി​രി​ക്കു​മ്പോൾ കോൺ​ഗ്ര​സ്സു​കാ​ര​നാ​യും ഭാ​വി​ക്കു​ന്ന ഒരു വ്യ​ക്തി​യോ​ടു താ​ര​ത​മ്യ​പ്പെ​ടു​ത്തി​യാൽ സത്യ​നേ​ശൻ പു​രു​ഷ​ര​ത്ന​മാ​ണു്. സവി​ശേ​ഷ​ത​യാർ​ന്ന രാ​ഷ്ട്രീയ സി​ദ്ധാ​ന്ത​ങ്ങ​ളാൽ ‘പ്രീ കണ്ടി​ഷൻ’ ചെ​യ്യ​പ്പെ​ട്ട ആളാ​യി​രു​ന്നു അദ്ദേ​ഹം. സാ​ഹി​ത്യ​ത്തി​ലു​മു​ണ്ടു് ഈ പ്രീ കണ്ടി​ഷ​നി​ങ്. വി​ശ്വ​സാ​ഹി​ത്യം വാ​യി​ച്ചു വാ​യി​ച്ചു് ഞാൻ ആ വി​ധ​ത്തിൽ ‘കണ്ടി​ഷൻ​ഡ്’ ആയി​പ്പോ​യി—വ്യ​വ​സ്ഥീ​കൃത സ്വാ​ഭാ​വ​മു​ള്ള​വ​നാ​യി​പ്പോ​യി. കാ​ളി​ദാസ ന്റെ​യും മാ​ഘ​ന്റെ യും കൃ​തി​കൾ​മാ​ത്രം വാ​യി​ക്കു​ന്ന സം​സ്കൃ​ത​ക്കാ​ര​നു​മു​ണ്ടു്. ഈ വി​ധ​ത്തിൽ ഒരു കണ്ടി​ഷ​നി​ങ് മാ​തൃ​ഭൂ​മി​വാ​രി​ക​യി​ലും കലാ​കൗ​മു​ദി​യി​ലും ദീപിക ആഴ്ച​പ്പ​തി​പ്പി​ലും മനോരമ ആഴ്ച​പ്പ​തി​ലും എഴു​തു​ന്ന​വർ​ക്കു് വ്യ​ത്യ​സ്ത​ങ്ങ​ളായ ‘കണ്ടി​ഷ​നി​ങ് ’ ഉണ്ടാ​കും. ദേ​ശാ​ഭി​മാ​നി വാ​രി​ക​യിൽ എഴു​തു​ന്ന​വർ​ക്കു് ഇവയിൽ നി​ന്നെ​ല്ലാം വി​ഭി​ന്ന​മായ കണ്ടി​ഷ​നി​ങ് ആണു​ള്ള​തു്. എൻ. കെ. ദേശം ദേ​ശാ​ഭി​മാ​നി വാ​രി​ക​യി​ലെ​ഴു​തിയ “സഹ​സ്ര​ക​വ​ചൻ” എന്ന കാ​വ്യ​ത്തിൽ നി​ന്നു് ഒരു​ഭാ​ഗം ഉദ്ധ​രി​ക്ക​ട്ടെ:

“അവാർ​ഡു തു​ണ്ടി​നാൽ, കു​ര​യ്ക്കും വി​പ്ലവ

കവി​ക​ളെ​യ​വൻ വി​ല​യ്ക്കു​വാ​ങ്ങു​ന്നു;

മദം​പൊ​ട്ടു​മു​ച്ഛൃം​ഖല ബല​ങ്ങ​ളെ

മയ​ക്കു​ന്നു വശ്യ​മ​രു​ന്നിൻ വീ​ര്യ​ത്താൽ;

അടി​പ്പെ​ടാ​ത്ത ധിക്കൃതികളെയടി-​

ച്ചൊ​തു​ക്കു​വാൻ കൂ​ലി​പ്പ​ട​യെ​പ്പോ​റ്റു​ന്നു.

നി​രോ​ധ​നാ​ജ്ഞ​യാ​യ്, നി​കു​തി​യാ​യ്ക്ക​രി

നി​യ​മ​മാ​യ്, ഹിം​സാ​നി​ര​ത​നീ​തി​യാ​യ്,

കഴു​മ​ര​ങ്ങ​ളാ​യ്, പ്പു​രോ​ഗ​തി​യു​ടെ

വഴി​യ​ട​ച്ച​വൻ വളർ​ന്നു​നി​ല്ക്കു​ന്നു.

തി​രു​ത്തി​മാർ​ക്കു​കൾ പെ​രു​ക്കി, പ്പു​ത്ര​നെ

മെ​ഡി​ക്കൽ​കോ​ളേ​ജി​ല​യ​യ്ക്കു​ന്നു:”

ഇതിലെ ഓരോ പ്ര​സ്താ​വ​വും സത്യ​ത്തിൽ സത്യം. അതു​കൊ​ണ്ടു് ഞാൻ എൻ. കെ. ദേ​ശ​ത്തെ സവി​ന​യം അഭി​ന​ന്ദി​ക്കു​ന്നു. പക്ഷേ ഒന്നു​മാ​ത്രം ഇതി​നി​ല്ല; കവിത. പ്രീ കണ്ടി​ഷ​നി​ങ്ങി​ന്റെ ഫല​മാ​ണു് മേ​ശ​പ്പു​റ​ത്തു​ക​യ​റി​നി​ന്നു​ള്ള ഈ മൈ​താ​ന​പ്ര​സം​ഗം. ഇടി​വെ​ട്ടു​മ്പോൾ അച്ഛൻ പേ​ടി​ച്ചാൽ കൊ​ച്ചു​മ​ക​നും പേ​ടി​ക്കും. അച്ഛൻ ധീ​ര​നാ​യി​നി​ന്നാൽ കൊ​ച്ചു​മ​ക​നും ധീ​ര​നാ​യി നി​ല്ക്കും. അതാ​ണു് കണ്ടി​ഷ​നി​ങ്. തങ്ങൾ എഴു​തു​ന്ന വാ​രി​ക​യു​ടെ പോ​ളി​സി​ക്കു​ചേർ​ന്ന മട്ടിൽ കവികൾ കണ്ടി​ഷൻ​ഡ് ആയി​പ്പോ​യാൽ ഇങ്ങ​നെ മാ​ത്ര​മേ എഴു​താൻ പറ്റൂ.

ഈ ലേ​ഖ​ന​മെ​ഴു​തു​ന്ന ആൾ കമ്മ്യൂ​ണി​സ്റ്റ് വി​രു​ദ്ധ​ന​ല്ല. എങ്കി​ലും കണ്ടി​ഷ​നി​ങ്ങി​ന്റെ സ്വ​ഭാ​വം വ്യ​ക്ത​മാ​ക്കാൻ ഒരു നേ​ര​മ്പോ​ക്കു് എടു​ത്തെ​ഴു​തു​ന്നു. പലരും കേ​ട്ടി​രി​ക്കാ​നി​ട​യു​ള്ള ഒരു നേ​ര​മ്പോ​ക്കു്. അമേ​രി​ക്ക​യി​ലെ ഒരു പട്ട​ണ​ത്തിൽ വച്ചു് അവി​ട​ത്തെ ഒരു ശ്വാ​നൻ റഷ്യ​യിൽ​നി​ന്നു് എത്തിയ മറ്റൊ​രു ശ്വാ​ന​നെ കണ്ടു.

അമേ​രി​ക്കൻ​പ​ട്ടി ചോ​ദി​ച്ചു: “അമേ​രി​ക്ക ഇഷ്ട​പ്പെ​ട്ടോ?” റഷ്യൻ​പ​ട്ടി മറു​പ​ടി നല്കി:

“റഷ്യ​യിൽ വൊ​ഡ്ക​യിൽ മു​ക്കിയ എല്ലിൻ​ക​ഷ​ണ​ങ്ങ​ളാ​ണു് ഞാൻ തി​ന്നു​ന്ന​തു്. കമ്പി​ളി​വി​രി​ച്ച ശ്വാ​ന​ഭ​വ​ന​മു​ണ്ടെ​നി​ക്കു്. സൈ​ബീ​രി​യ​യി​ലെ തടി​കൊ​ണ്ടാ​ണു് എന്റെ ഭവനം ഉണ്ടാ​ക്കി​യി​ട്ടു​ള്ള​തു്.”

അമേ​രി​ക്കൻ​പ​ട്ടി: പി​ന്നെ താ​ങ്ക​ളെ​ന്തി​നു് ഇവിടെ വന്നു?

റഷ്യൻ​പ​ട്ടി: വല്ല​പ്പോ​ഴും എനി​ക്കൊ​ന്നു കു​ര​യ്ക്ക​ണം.

മരണം
images/HugovonHofmannsthal.jpg
ഹൂഗോ ഹൊ​ഫ്മാൻ​സ്താൽ

ആസ്ട്രി​യൻ കവി​യും നാ​ട​ക​കർ​ത്താ​വു​മായ ഹൂഗോ ഹൊ​ഫ്മാൻ​സ്താ​ലി​ന്റെ Hugo Von Hofmannsthal, 1874–1929) Death and the Fool എന്ന നാടകം വി​ഖ്യാ​ത​മാ​ണു്. ജീ​വി​ത​ത്തി​ന്റെ ശൂ​ന്യത മര​ണ​ത്തിൽ​നി​ന്നു​ത​ന്നെ ക്ലോ​ഡി​യോ എന്ന പ്രഭു മന​സ്സി​ലാ​ക്കു​ന്ന​താ​ണു് ഈ നാ​ട​ക​ത്തി​ലെ പ്ര​മേ​യം. അർത്ഥ ശൂ​ന്യ​മായ കലാ​സ​പ​ര്യ​യിൽ മു​ഴു​കി ജീ​വി​തം വ്യർ​ത്ഥ​മാ​ക്കിയ ക്ലോ​ഡി​യോ​ക്കു് ജീ​വി​ത​മെ​ന്താ​ണെ​ന്നു മരണം (മരണം കഥാ​പാ​ത്ര​മാ​ണു് ഈ നാ​ട​ക​ത്തിൽ) പഠി​പ്പി​ച്ചു​കൊ​ടു​ക്കു​ന്നു.

So from the dream of life I now may wake

Cloyed with emotion, to death’s wakefulness

എന്നു പറ​ഞ്ഞു​കൊ​ണ്ടു് അയാൾ മര​ണ​ത്തി​ന്റെ കാ​ല്ക്കൽ മരി​ച്ചു​വീ​ഴു​ന്നു. (Death & the Fool. Translated by Michael Hamburger, Page 166. Masters of Modern Drama, A Random House Book, $ 19.95.)

കെ. പി. അബൂ​ബ​ക്കർ മര​ണ​ത്തെ പ്ര​തി​പാ​ദ്യ​വി​ഷ​യ​മാ​യി സ്വീ​ക​രി​ച്ചു രചി​ച്ച “ജീ​വി​ച്ചി​രി​ക്കു​ന്ന​വ​ന്റെ ശവ​പ്പെ​ട്ടി” എന്ന കഥ (ചന്ദ്രിക ആഴ്ച​പ്പ​തി​പ്പു്) മര​ണ​ത്തി​ലേ​ക്കു​ന​ട​ന്നു് അടു​ക്കു​ന്ന മനു​ഷ്യ​ന്റെ നി​സ്സ​ഹാ​യാ​വ​സ്ഥ​യെ അഭി​ന​ന്ദ​നാർ​ഹ​മാ​യി ചി​ത്രീ​ക​രി​ക്കു​ന്നു. മര​ണ​ത്തെ​ക്കു​റി​ച്ചു മറ്റൊ​രു സങ്ക​ല്പം.

കു​ട്ടി​ക്കൃ​ഷ്ണ​മാ​രാർ ഒരി​ക്കൽ എന്നോ​ടു ചോ​ദി​ച്ചു: “തി​രു​വി​താം​കൂ​റി​ലു​ള്ള​വർ​ക്കു് നി​രാ​ശ​യ​ല്ലേ​ഉ​ള്ളു നി​രാ​ശ​ത​യി​ല്ല​ല്ലോ?” എന്റെ മറു​പ​ടി: “അതേ കഴി​യു​ന്നി​ട​ത്തോ​ളം അക്ഷ​ര​ങ്ങൾ കു​റ​യ്ക്ക​ണ​മെ​ന്നു് അങ്ങു​ത​ന്നെ ‘മലയാള ശൈലി’യിൽ എഴു​തി​യി​ട്ടി​ല്ലേ?” ഞാ​ന​ങ്ങ​നെ പറ​ഞ്ഞെ​ങ്കി​ലും കു​ട്ടി​ക്കൃ​ഷ്ണ​മാ​രാ​രു​ടെ പരി​ഹാ​സ​ത്തിൽ അർ​ത്ഥ​മു​ണ്ടു്. നി​രാ​ശൻ = ആശ​യ​റ്റ​വൻ; നി​രാ​ശാ = ആശ​യ​റ്റ​വൾ; അവ​രു​ടെ ഭാവം നി​രാ​ശത അല്ലെ​ങ്കിൽ നൈ​രാ​ശ്യം (തട​സ്ഥം നൈ​രാ​ശ്യാ​ദ​പി ചക​ലു​ഷം… ഉത്ത​ര​രാ​മ​ച​രി​ത്രം 3–13).

Colophon

Title: Sāhityavāraphalam (ml: സാ​ഹി​ത്യ​വാ​ര​ഫ​ലം).

Author(s): M Krishnan Nair.

First publication details: Kalakaumudi Weekly; Trivandrum, Kerala; 1984-09-16.

Deafult language: ml, Malayalam.

Keywords: M Krishnan Nair, Sahityavaraphalam, Weekly Lietrary Column, സാ​ഹി​ത്യ​വാ​ര​ഫ​ലം, എം കൃ​ഷ്ണൻ നായർ, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: September 1, 2021.

Credits: The text of the original item is copyrighted to J Vijayamma, author’s inheritor. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-​NC-SA 4​.0). Any reuse of the material should credit the Sayahna Foundation, only noncommercial uses of the work are permitted and adoptations must be shared under the same terms.

Production history: Data entry: MS Aswathi; Proofing: Abdul Gafoor; Typesetter: Anupa Ann Joseph; Digitizer: KB Sujith; Encoding: LJ Anjana.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-​tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.