
ബ്രസീലിലെ മഹാനായ നോവലിസ്റ്റാണു ഷൊർഷി അമാദു (Jorge Amado). അദ്ദേഹത്തിന്റെ ഒരു മനോഹരമായ നോവലിൽ ഒരു പെൺകുട്ടി കുന്നിലേക്ക് ഓടിക്കയറുന്നതിന്റെയും അവളുടെ പിറകെ ഒരു മധ്യവയസ്കൻ പാഞ്ഞു ചെല്ലുന്നതിന്റെയും വർണ്ണനയുണ്ടു്. സൂര്യൻ ജ്വലിക്കുന്നു. കാറ്റു മൂളുന്നു. അവളുടെ പറക്കുന്ന നഗ്നങ്ങളായ കാലുകൾ പിറകെ ഓടുന്ന ശക്തനായ പുരുഷനുമായുള്ള ദൂരം വർദ്ധിപ്പിച്ചുകൊണ്ടിരിക്കുകയാണു്. പാദരക്ഷകൾ മണലിൽ താഴ്‌ന്നിട്ടും സൂര്യരശ്മികൾ റെയ്സർ ബ്ലെയ്ഡു പോലെ കണ്ണുകളെ പിളർന്നിട്ടും അയാൾ കോപത്തോടും ആഗ്രഹത്തോടും പാഞ്ഞു ചെല്ലുകയാണു്. “നിന്നെ ഞാൻ പിടികൂടും, കുറച്ചു സമയത്തിനുള്ളിൽ” എന്നു അയാൾ പറയുന്നുണ്ടു്. തന്റെയും പിറകിൽ പാഞ്ഞു വരുന്നവന്റെയും ഇടയ്ക്കുള്ള ദൂരം കണക്കാക്കാനായി പെൺകുട്ടി തിരിഞ്ഞു നോക്കി. പേടിയും അഭിലാഷവും കൊണ്ടു് അവൾ ഞെട്ടി. “എന്നെ പിടിക്കാൻ അയാളെ അനുവദിച്ചാൽ അയാൾ… (പെൺകുട്ടി പറയുന്നതു് അച്ചടിക്കാൻ വയ്യ— ലേഖകൻ). അയാളെ വളരെ പിറകിലാക്കിയാൽ അയാൾ വേണ്ടെന്നു വയ്ക്കും. അയ്യോ അതു പറ്റില്ല”. കടലിലെ ഉപ്പു്, വിയർപ്പു്, മണൽ, കാറ്റു് ഇവ കൂടി ചേർന്നതിന്റെ സ്വാദു് പുരുഷനുണ്ടെന്നു് അവൾ മനസ്സിലാക്കി. അയാൾ ആ ഇടയപ്പെൺകുട്ടിയെ പിളർന്നപ്പോൾ ആടിനെപ്പോലെ സാഫല്യത്തോടെ വേദനയോടെ അവൾ കരഞ്ഞു.

ഏതു സ്ത്രീയും ബലാത്സംഗം ചെയ്യപ്പെടാൻ ആഗ്രഹിക്കുന്നു എന്നു് അനൈസ് നീൻ എന്ന വിശ്രുതയായ എഴുത്തുകാരി അഭിപ്രായപ്പെട്ടതു് പ്രതിപദം ശരിയാണെന്നു് ഇതു വായിക്കുമ്പോൾ തോന്നാതിരിക്കില്ല. (സൂസൻ ബ്രൗൺ മില്ലർ ബലാത്സംഗത്തെക്കുറിച്ചെഴുതിയതും പെൻഗ്വിൻ ബുക്സ് പ്രസാധനം ചെയ്തതുമായ ഒരു പുസ്തകത്തിൽ അനൈസ് നീൻ ഡയറിയിൽ രേഖപ്പെടുത്തിയ ആ അഭിപ്രായം ഉദ്ധരിച്ചിട്ടുണ്ടു്. സൂസന്റെ പുസ്തക ത്തിന്റെ പേരു് ഓർമ്മയിൽ നിന്നു വിട്ടുപോയിരിക്കുന്നു.) ബലാത്കാരവേഴ്ചയ്ക്ക് വഴങ്ങികൊടുക്കാൻ സ്ത്രീക്ക് അബോധ മനസ്സിലെങ്കിലും ആഗ്രഹമുണ്ടോ? ഉണ്ടാവട്ടെ, ഇല്ലാതിരിക്കട്ടെ. അതല്ല ഇവിടത്തെ കാര്യം. വൈഷയികത്വം ആവഹിക്കുന്ന സംഭവം അസുലഭസിദ്ധികളുള്ള അമാദു എങ്ങനെ ചിത്രീകരിക്കുന്നു എന്നതിനാണു പ്രാധാന്യം. കലാകാരന്മാർ വാക്കുകൾ കൊണ്ടു് ചിത്രമെഴുതുന്നു, ചിത്രകാരന്മാർ ചായം കൊണ്ടു വർണ്ണിക്കുന്നു എന്നു പറയാറുണ്ടു്. നമ്മുടെ പേരുകേട്ട നോവലിസ്റ്റുകൾ വാക്കുകളെടുത്തു് തടിക്കഷ്ണങ്ങളെപ്പോലെ താഴെയിട്ടു് ഏതിനേയും ദാരുമയമാക്കുമ്പോൾ അമാദു അവയെ പ്രാവുകളെപ്പോലെ പറത്തുന്നു. അപ്പോൾ നീലാന്തരീക്ഷത്തിൽ ധവളരേഖപോലെ കലയുടെ രജതപ്രഭമാത്രം.
കലയുടെ രജതത്തെ ദാരുവാക്കി മാറ്റുന്ന പ്രക്രിയ നടത്തുകയാണു് എം. എം. നാരായണൻ. (“കരുണയെക്കുറിച്ചൊരു പുനശ്ചിന്തയ്ക്കൊരു പുനശ്ചിന്ത” എന്ന ലേഖനം—ദേശാഭിമാനി വാരിക). ഡോക്ടർ ഡി. ബഞ്ചമിൻ ‘കരുണ’യെക്കുറിച്ചെഴുതിയ ലേഖനം അബദ്ധപൂർണ്ണമാണെന്നു തീരുമാനിച്ചുകൊണ്ടു് ദോഷരഹിതങ്ങളെന്നു താൻ കരുതുന്ന അനുമാനങ്ങളിലെത്തുകയാണു് നാരായണൻ. ബഞ്ചമിന്റെ ലേഖനം ഞാൻ കണ്ടിട്ടില്ല. എന്നാൽ നാരായണന്റെ ലേഖനത്തിലുള്ള പരാമർശങ്ങൾ കണ്ടാൽ ബഞ്ചമിന്റെ വാദങ്ങളാണു് യുക്തിയുക്തങ്ങളെന്നു് “ഒരുമാതിരിയുള്ളവർക്ക്” തോന്നുകയും ചെയ്യും. ബഞ്ചമിനെ കൂരമ്പുകൊണ്ടും തായാട്ടു ശങ്കരനെ പുഷ്പം കൊണ്ടും എയ്യുന്ന നാരായണന്റെ വിചിത്ര വാദങ്ങളിതാ:
- ‘കരുണ’ ’ദുരവസ്ഥ’യുടെ നിരാസമല്ല, തദനന്തരം ഭവിച്ച വികാസമാണു്.
- ബുദ്ധനെ സൂര്യനായി വാഴ്ത്തുന്ന കവി വേശ്യയുടെ അനുരാഗം സൂര്യകിരണമാണെന്നു പറഞ്ഞപ്പോൾ അതിന്റെ കലാപസ്വഭാവത്തിനു് പൊന്നണിയിക്കുകയാണു് ചെയ്തതു്.
- സ്വധർമ്മം നിധനമാണെങ്കിൽ അതും ശ്രേയസ്സാണെന്നു പഠിപ്പിച്ച ആര്യസൂക്തിക്ക് നവയുഗത്തിന്റെ നീതിബോധം നൽകുന്ന മറുപടിയാണിതു്. ഈ വരികളിൽ മുഴങ്ങുന്നതു ‘കരുണ’യുടെ ജന്മ ലക്ഷ്യമാകുന്നു. (കൊലയും കൊള്ളയും കൂടി—നുണ താൻ നൂനം എന്നതാണു് വരികൾ—ലേഖകൻ).
- ആ മുറതെറ്റിക്കൽ—നിയമനിഷേധം—അഭിനന്ദനീയമായി ഉപഗുപ്തൻ കരുതുന്നു.
- ഉപഗുപ്തൻ ലോകസേവയ്ക്കുഴറിയ കലാപകാരിയായിരുന്നു.
ഹായ്. മതി. ഇനിയും നമ്പരിട്ടു് എഴുതാനുണ്ടു്. എങ്കിലും ഉപഗുപ്തനെ ക്യൂബൻ റവല്യൂഷനിസ്റ്റ് ഏർണ്ണസ്റ്റോ ഗെവാറെ യെപ്പോലെ റെവല്യൂഷനിസ്റ്റാക്കിയപ്പോൾ എനിക്കു ലജ്ജ തോന്നിപ്പോയി. ‘കരുണ’ വിപ്ലവത്തെ പ്രകീർത്തിച്ചുകൊണ്ടു് കായിക്കരയിലെ ഗെവാറെ കുമാരനാശാൻ എഴുതിയ ലഘുലേഖയാണെന്നും അതു ചുവപ്പു മഷിയിലച്ചടിച്ച് എല്ലാ ചുവരുകളിലും ഒട്ടിക്കേണ്ട വിപ്ലവാഹ്വാനമാണെന്നും നാരായണൻ എഴുതിയില്ലല്ലോ എന്നു വിചാരിച്ച് പിന്നീടു് ആശ്വസിക്കുകയും ചെയ്തു. ഒറ്റവാക്കേയുള്ളൂ നാരായണന്റെ ലേഖനത്തെ വിശേഷിപ്പിക്കാൻ. അതു് ‘മൈൽഡാ’യ ഒരു ഇംഗ്ലീഷ് ‘വേഡാ’ണു്—റബിഷ് (rubbish). ‘നളിനി’ വേദാന്തപരമായ കാവ്യമാണു്. ‘കരുണ’ ബുദ്ധമതപരമായ കാവ്യവും. മഹാവാക്യത്വം ഗ്രഹിച്ച് നളിനി മോക്ഷം പ്രാപിക്കുന്നു; ഉപഗുപ്തന്റെ ഉപദേശങ്ങൾ ശ്രവിച്ച് വാസവദത്ത തുഷിതസ്വർഗ്ഗത്തിൽ പ്രവേശിക്കുന്നു. ഇതിലപ്പുറമായി ‘കരുണ’യിൽ ഒന്നുമില്ല. ആനക്കാര്യത്തിനിടയ്ക്ക് ഒരു ചേനക്കാര്യം. “മലയാള വിമർശനം, തലമുറതോറും വായിച്ചതാണു് കുമാരകാവ്യങ്ങൾ” എന്നു നാരായണന്റെ ലേഖനത്തിലെ ആദ്യത്തെ വാക്യം. എന്താണാവോ ആ വാക്യത്തിന്റെ അർത്ഥം? പിന്നെ കുമാരകാവ്യങ്ങൾ എന്നു പറഞ്ഞാൽ കുമാരനാശാന്റെ കാവ്യങ്ങൾ എന്നു് അർത്ഥം കിട്ടുകില്ല. കുട്ടിയുടെ കാവ്യങ്ങൾ എന്നേ അർത്ഥം ലഭിക്കു. ഇങ്ങനെ പല പ്രയോഗങ്ങളുണ്ടു് ഈ ലേഖനത്തിൽ. വികലമായ നിരൂപണം കൊണ്ടു് എം. ടി. വാസുദേവൻനായരെ യും ഒ. വി. വിജയനെ യും മറ്റും ആളുകൾ കഷ്ടപ്പെടുത്തുന്നു. കഷ്ടപ്പെടട്ടെ. അവർ ജീവിച്ചിരിക്കുന്നവരാണല്ലോ. പല്ലനയാറ്റിന്റെ തീരത്തു് ഉറങ്ങുന്ന കുമാരനാശാനെ അസ്വസ്ഥനാക്കാതിരുന്നാൽ നന്നു്.
വികലമായ നിരൂപണംകൊണ്ടു് എം. ടി. വാസുദേവൻനായരെയും ഒ. വി. വിജയനെയും മറ്റും ആളുകൾ കഷ്ടപ്പെടുത്തുന്നു. കഷ്ടപ്പെടട്ടെ. അവർ ജീവിച്ചിരിക്കുന്നവരാണല്ലോ. എന്നാൽ, പല്ലനയാറ്റിന്റെ തീരത്തു് ഉറങ്ങുന്ന കുമാരനാശാനെ എന്തിനിങ്ങനെ ഉരുട്ടിക്കളിക്കണം?
എന്റെ വീട്ടിൽ ഞാനും എന്റെ സഹധർമ്മിണിയും മാത്രമേയുള്ളൂ. രാത്രി പന്ത്രണ്ടുമണിവരെ വായിച്ച് ‘വേലിയം 2’ എന്ന ഗുളിക കഴിച്ച് ഞാൻ കാലത്തു ഏഴുമണിവരെ ഉറങ്ങുന്നു. ഒരു കൊതുകുപോലും കടിക്കാതെ വാതിലും ജനലുകളുമടച്ച് ഉറങ്ങുന്ന ഞാൻ ക്ഷീണത്തോടെ എഴുന്നേറ്റു് ലൈറ്റിട്ടു് എഴുതുന്നു. ദിനകൃത്യങ്ങൾ നടത്തുന്നു. പിന്നെയും എഴുത്തും വായനയും. കുക്കിങ് ഗ്യാസ് തീർന്നോ? വിദ്യുച്ഛക്തി ഇല്ലയോ? അതിന്റെ പണമടയ്ക്കാൻ പോകേണ്ടതുണ്ടോ? എനിക്കിടാൻ ഷർട്ടില്ലേ, ഉടുക്കാൻ മുണ്ടില്ലേ? ഒന്നും ഞാൻ അന്വേഷിക്കുന്നില്ല. എല്ലാം സഹധർമ്മിണി ഒരുക്കിക്കൊള്ളണം. വല്ല വിവാഹത്തിനും ക്ഷണിച്ചാൽ, വല്ല മരണവും അറിഞ്ഞാൽ ഞാൻ പോകാറില്ല. മാസന്തോറും ‘ഇതാ രണ്ടായിരം രൂപ’ എന്നു് പറഞ്ഞു് ആ തുക സഹധർമ്മിണിയെ ഏൽപ്പിക്കുന്നു. എന്റെ ഈ ജീവിതരീതി ശരിയല്ലെന്നു് എനിക്കറിയാം. അതുകൊണ്ടു് ഞാൻ ഉത്കൃഷ്ടപുരുഷനല്ലെന്നും എനിക്കറിയാം. എങ്കിലും ഈ ജീവിതാസ്തമയത്തിൽ ഈ രീതിമാറ്റാൻ എന്നെക്കൊണ്ടു കഴിയുകയില്ല. ഇനി എനിക്കറിയാവുന്ന ഒരു ചെറുപ്പക്കാരിയുടെ കാര്യം. നേരം വെളുത്തു. മുഖം വലിച്ചുകെട്ടിക്കൊണ്ടു് അവൾ നടക്കുന്നു. വേലക്കാരി എല്ലാം തയ്യാറാക്കിവയ്ക്കുന്നു. കാപ്പികുടിയൊക്കെ കഴിഞ്ഞു് വൈരൂപ്യത്തിന്റെ കൂട്ടുകാരിയായ അവൾ വില കൂടിയ സാരിയും മാച്ച് ചെയ്യുന്ന ബ്ലൗസും ധരിച്ചു് കാറിൽ കയറിയിരിക്കുന്നു. ഓഫീസിൽ പോകുന്നു. ഇരുപതുനാഴിക അകലെ ജോലിനോക്കുന്ന ഭർത്താവു് ബസ്സിൽ കയറി ഉന്തും തള്ളുമേറ്റു് യാത്രചെയ്യുന്നു. അയാൾക്ക് കാറ് തൊട്ടുകൂടാ. അവൾ തിരിച്ചു വീട്ടിലെത്തിയാൽ ടെലിവിഷന്റെ മുമ്പിലിരിക്കുന്നു. വീട്ടിൽ അവൾക്കാകെയൊരു ജോലിയുള്ളതു് ഭർത്താവിനെ ‘സൂക്ഷിക്കൽ’ മാത്രമാണു്. അയാൾ ബാത്ത്റൂമിൽ പോകാൻ ഭാവിച്ചാൽ, കാറ്റുകൊള്ളാൻ ടെറസ്സിലേക്കു പോകാൻ തുനിഞ്ഞാൽ അയാൾ അറിഞ്ഞും അറിയാതെയും പിറകെചെല്ലും. വേലക്കാരിയുമായി വല്ല കോൺടാൿറ്റും നടക്കുന്നുണ്ടോ എന്നറിയാൻ. അയാൾ അഞ്ചുവയസ്സായ പെൺകുഞ്ഞിനോടു് സംസാരിച്ചാൽ മതി “അവളോടു് ഇത്തറ വർത്താനം പറയാനെന്തിരിക്കുന്നു?” എന്നു ചോദിക്കും. അഭിമാനത്തിന്റെ പേരിൽ അയാൾ മറുപടി പറയുകയില്ല. ഇവൾ ഉത്തമ സ്ത്രീയാണോ? അല്ലേയല്ല.
ആത്മാവിലും മനസ്സിലും ബാഹ്യശരീരപ്രകൃതിയിലും പുരുഷത്വമുളളവനാണു് യഥാർത്ഥപുരുഷൻ. ഭർത്താവിനെ ശാസിക്കാതെ സ്വന്തം ചൈതന്യം മുഖശ്രീയായി പ്രത്യക്ഷപ്പെടുത്തുന്നവളാണു് യഥാർത്ഥസ്ത്രീ. ദൗർഭാഗ്യംകൊണ്ടു് നമ്മുടെ സമുദായത്തിൽ ഇമ്മട്ടിലുള്ള പുരുഷന്മാരില്ല, സ്ത്രീകളില്ല. പുരുഷത്വംകൊണ്ടു് സ്ത്രീയെ ആഹ്ലാദത്തിലേക്കു നയിക്കുന്നവനേ പുരുഷൻ എന്ന പേരിനു് അർഹനാകുന്നുള്ളൂ. സ്ത്രീത്വത്തിന്റെ ആവിഷ്കാരംകൊണ്ടു് പുരുഷനെ ആഹ്ലാദിപ്പിക്കുന്നവളേ സ്ത്രീയാകുന്നുള്ളൂ. പി. എം. സക്കീനയുടെ ‘നഷ്ടപക്ഷങ്ങൾ’ എന്ന കഥയിൽ സ്ത്രീയെ അത്രയൊന്നും ദോഷപ്പെടുത്താതെ അവളുടെ ഭർത്താവിനെ മോശക്കാരനായി ചിത്രീകരിച്ചിരിക്കുനു. ശാരീരികവും മാനസികവുമായ മണ്ഡലങ്ങളിൽ അയാൾക്കു വികാസമില്ലെന്നു സൂചന. (ശാരീരികമെന്നു പറയുമ്പോൾ അയാൾക്കു ധ്വജഭംഗമുണ്ടു് എന്നല്ല ഞാൻ ഉദ്ദേശിക്കുന്നതു്). പലരും കൈകാര്യം ചെയ്ത ഈ വിഷയം സക്കീന അവിദഗ്ദ്ധമായി പ്രതിപാദിക്കുന്നു. ഭാര്യയുടെ നിസ്സഹായാവസ്ഥ ചിറകരിഞ്ഞ തത്തയിലൂടെ ആവിഷ്കരിക്കുന്നു. വില കുറഞ്ഞ പ്രതിപാദനം, അതിലും വിലകുറഞ്ഞ സിംബലിസം.

കാലത്തുതൊട്ടു് വൈകുന്നേരംവരെയും പാടമുഴുതു് കലപ്പ തോളിലേറ്റി കാളകളെ തെളിച്ചുകൊണ്ടു് കുടിലിലേക്കു നടന്നുപോകുന്ന ഹരിജന യുവാവു് ഇപ്പോൾ ലഷ്ഷക്ക് കോലകോവ്സ്കി യുടെ Main Currents of Marxism എന്ന പുസ്തകം രണ്ടാമത്തെ തവണ വായിക്കുന്ന കൃഷ്ണൻ നായരെക്കാൾ ഉത്കൃഷ്ടനാണു്. പാടത്തെ പണി കഴിഞ്ഞു കുടിലിൽ വന്നു കുളി കഴിഞ്ഞു് ഇരിക്കുന്ന ഭർത്താവിന്റെ മുൻപിൽ ചൂടു കഞ്ഞിയും പുഴുക്കും വച്ചുകൊടുത്തു് അയാളെ ആത്മസംതൃപ്തിയോടെ നോക്കിക്കൊണ്ടിരിക്കുന്ന കറുമ്പിപ്പെണ്ണു് കാറിൽക്കയറി കരിങ്കൽച്ചക്കുപോലിരിക്കുന്ന ആ ടെർമഗന്റിനെക്കാൾ (termagant) എത്രയോ മേലേക്കിടയിലുള്ളവളാണു്.
ബർട്രൻഡ് റസ്സൽ എവിടെയോ എഴുതിയ ഒരു സംഭവം ഓർമ്മയിലെത്തുന്നു. രണ്ടാം ലോകമഹായുദ്ധം കഴിഞ്ഞു് തന്റെ നാടായ ആസ്ട്രിയയുടെ ദുഃസ്ഥിതി കണ്ടു് ഒരു കൃഷിക്കാരൻ മരക്കൊമ്പിൽ തൂങ്ങിച്ചാകാൻ ശ്രമിച്ചു. അതുകണ്ട അയൽക്കാരൻ അയാളെ കയർ അരിഞ്ഞുവീഴ്ത്തി രക്ഷിച്ചു. ആസ്ട്രിയയിലെ അക്കാലത്തെ ജീവിതം ദുസ്സഹമായിരുന്നതുകൊണ്ടു്, തന്നെ രക്ഷിച്ചതു് വേദന കൂട്ടാനാണെന്നു വാദിച്ചു് അയാൾ അയൽക്കാരനെതിരായി കേസ്സ് കൊടുത്തു. കോടതി ആത്മഹത്യ ചെയ്യാൻ പോയവന്റെ വശത്തായിരുന്നു. എങ്കിലും സാങ്കേതികകാരണമെന്തോ പറഞ്ഞു് അയൽക്കാരനെ വെറുതേവിട്ടു. കോടതിക്കു് ആത്മഹനനം നടത്താൻ പോയവനോടു ദയ; അയൽക്കാരനോടും ദയ. കലാകൗമുദിയിൽ “സഹ്യന്റെ മേഘങ്ങൾ കഥയെ കൊണ്ടു പോകട്ടെ” എന്ന ലേഖനമെഴുതിയ എസ്. സുധീഷിനു് ഈ ദയയില്ലെന്നു സാഹിത്യവാരഫലമെഴുതുന്ന ആളിനു പറയാൻ അവകാശമുണ്ടോ? ഉണ്ടെങ്കിലും ഇല്ലെങ്കിലും അതു ഞാൻ പറഞ്ഞുകൊള്ളട്ടെ. സുധീഷ് എഴുതുന്നതിൽ തൊണ്ണൂറു ശതമാനവും ശരിയാണു് പക്ഷേ, കയ്ക്കുന്ന സത്യത്തിൽ കയ്പുകൂട്ടിയാണു് അദ്ദേഹം ആവിഷ്കരിക്കുന്നതു്. “അനിയാ, ഈ കഷായം കുടിക്കൂ” എന്നു മൃദുലമായി പറഞ്ഞാൽ മതിയാവില്ല സുധീഷിനു്. “കുടിയടാ ഈ കഷായം ഇല്ലെങ്കിൽ നിന്റെ കുരവള ഞാൻ അറുക്കും” എന്ന മട്ടാണു് അദ്ദേഹത്തിനു്. കോപാക്രാന്തമായ ആ ആജ്ഞ പുറപ്പെടുവിക്കുന്നതുകൊണ്ടു് അദ്ദേഹത്തിന്റെ സത്യപ്രസ്താവങ്ങൾ ആക്രോശങ്ങളായി മാറുന്നു. ആക്രോശങ്ങളുണ്ടാവുമ്പോൾ വായനക്കാരുടെ ‘സിംപതി’ എതിർക്കപ്പെടുന്നവന്റെ നേർക്കു് ഒഴുകുന്നു. അങ്ങനെ സത്യപ്രസ്താവങ്ങൾ നിഷ്ഫലങ്ങളായി പരിണമിക്കുന്നു. വാക്യങ്ങളുടെ പരസ്പരബന്ധത്തോടു കൂടി, ദുർഗ്രഹത ഒഴിവാക്കി, സൗമ്യമായി പറഞ്ഞാൽ ഇന്നു് അദ്ദേഹം സ്ഫുടീകരിക്കുന്ന സത്യങ്ങൾ രത്നങ്ങളുടെ കാന്തി ചിതറും.

പരീക്ഷ എഴുതുന്ന കുട്ടികളുടെ ഹോളിൽ നിൽക്കുകയായിരുന്നു ഞാൻ. അവസാനത്തെ മണിയടിച്ചപ്പോൾ ഒരു കുട്ടി തിടുക്കത്തിൽ ഉത്തരക്കടലാസ്സുകൾ കൂട്ടിയടുക്കി. പക്ഷേ നൂലുകടത്താൻ തക്ക വിധത്തിൽ ദ്വാരമില്ല കടലാസ്സുകളിൽ. അയാൾ ഉത്തരമെഴുതാൻ ഉപയോഗിച്ച പേനയുടെ അറ്റംകൊണ്ടു്—നിബ്ബ് കൊണ്ടു്—ഒന്നു ശക്തിയായി കുത്തി, ദ്വാരമുണ്ടായി. നൂലുകടത്തി കെട്ടി ഉത്തരക്കടലാസ്സ് എന്നെ ഏൽപ്പിച്ചു. പേന ആ സമയത്തേക്കു പേനയല്ല, ആണിയാണു്. ഭിത്തിയിൽ ഒരാണി തറയ്ക്കണമെനിക്കു്. ചുറ്റികകണ്ടില്ല. പേപ്പർ വെയ്റ്റ് എടുത്തു് പതുക്കെത്തട്ടി. ആണി ചുവരിൽ കയറി. പേപ്പർ വെയ്റ്റ് അപ്പോൾ ചുറ്റികയായി. ഇമ്മട്ടിൽ ഏതിനെയും തെറ്റായ രീതിയിൽ പ്രയോഗിക്കാം. സത്യം പറയാൻ ഭാഷ ഉപയോഗിക്കാം. അസത്യം പറയാനും അതു സഹായിക്കും: പേന ആണിക്കു പകരമായതു പോലെ. ചെക്കോവ് “ഡാർലിങ് ” എഴുതിയപ്പോൾ ഉറൂബ് “രാച്ചിയമ്മ” എഴുതിയപ്പോൾ ഭാഷ കൊണ്ടു സത്യം പറഞ്ഞു. മാതൃഭൂമി ആഴ്ചപ്പതിപ്പിൽ “ശവസംസ്കാരം” എന്ന കഥയെഴുതിയ കെ. പി. രാമനുണ്ണി അസത്യം പറയാനാണു് ഭാഷ ഉപയോഗിക്കുന്നതു്. നാട്ടിൽ നടക്കുന്ന ശവസംസ്കാരങ്ങളുടെയെല്ലാം കാർമ്മികൻ ഗോപാലപ്പണിക്കരാണു്. ഗോപാലപ്പണിക്കരുടെ ഭാര്യ മരിച്ചപ്പോൾ മറ്റാരുടെയും ശവം ദഹിപ്പിക്കുന്ന മട്ടിൽത്തന്നെ അയാൾ ആ ശവവും പട്ടടയിൽ വച്ചു. തീ ആളിക്കത്തിയപ്പോൾ അയാളും അതിൽ ചാടിയത്രേ. കണ്ടു നിന്നവർക്കു ദുഃഖം. അവരുടെ ശവസംസ്കാരം നടത്താൻ ഇനി പണിക്കരില്ലല്ലോ എന്നു്. എന്തൊരു ബാലിശമായ കഥ! എന്തൊരു അസത്യ പ്രസ്താവം!
ചിലർ അസൂയകൊണ്ടോ ജന്മസിദ്ധമായ ക്രൂരത കൊണ്ടു് മനസ്സിന്റെ അശ്ലീല പ്രവണത കൊണ്ടോ മാന്യന്മാരെ ആക്ഷേപിച്ച് എന്തെങ്കിലും പറയും. മാന്യന്മാർ മിണ്ടാതെ പോകും. മാന്യന്മാർക്കു പകരം അമാന്യന്മാരെയാണു് ആക്ഷേപിക്കുന്നതെങ്കിൽ അടികിട്ടും. അതു കിട്ടുമ്പോഴേ അധിക്ഷേപം ചൊരിഞ്ഞവനു് താൻ ചെയ്തതു തെറ്റായിപ്പോയി എന്നു മനസ്സിലാകുകയുള്ളു. വിമർശനം ഒരളവിൽ അമാന്യന്റെ അടിയാണു്. താൻ സാഹിത്യ സൃഷ്ടി എന്ന പേരിൽ അവതരിപ്പിച്ചതു് അതായിരുന്നില്ല എന്നു് സാഹിത്യകാരൻ ഗ്രഹിക്കുന്നതു് ആ ആഘാതത്താലാണല്ലോ. എങ്കിലും മുൻപു് പറഞ്ഞതു് ആവർത്തിക്കാം. കഴിയുന്നതും ആഘാതവും ആക്രോശവും ഒഴിവാക്കണം. എനിക്കും യോജിച്ച സാരസ്വതരഹസ്യം.
ആഘാതം കൂടാതെ ആക്രോശം കൂടാതെ മലയാറ്റൂർ രാമകൃഷ്ണൻ പട്ടം താണു പിള്ള യെ വിമർശിക്കുന്നു. തനിക്ക് 25 വയസ്സായിരുന്ന കാലത്തു് മലയാറ്റൂരിനു് മുൻസിപ്പൽ കമ്മീഷണർ ഉദ്യോഗം കിട്ടി. കമ്മ്യൂണിസ്റ്റാണു് അദ്ദേഹമെന്നു പറഞ്ഞ് പട്ടം താണു പിള്ള ആ ജോലി അദ്ദേഹത്തിനു കൊടുത്തില്ല. അതിനെക്കുറിച്ചാണു് മലയാറ്റൂരിന്റെ വിമർശനം; മാന്യമായ വിമർശനം.
(P. S. C.) സെലക്ഷനിൽ ഒന്നാം റാങ്ക് ആയിരുന്നു എനിക്കു്.
പത്രാധിപർ സുകുമാരനു് ഞാനന്നു തീർത്തും അപരിചിതനാണു്. അദ്ദേഹം പോലീസ് വെരിഫിക്കേഷനെതിരായി പടവെട്ടുന്ന കാലമായിരുന്നു അതു്. ഞാൻ ഒരു “ടിപ്പിക്കൽ കേസോ”, “ഗിനി പിഗ്ഗോ” ആയിരുന്നുവെന്നു മാത്രം.
- കേരളകൗമുദിയുടെ ചോദ്യം:
- “കമ്മ്യൂണിസ്റ്റാണെന്ന കുറ്റം ചുമത്തി പി. എസ്. സി. തിരഞ്ഞെടുത്ത മലയാറ്റൂർ രാമകൃഷ്ണനു മുൻസിപ്പൽ കമ്മീഷണറുദ്യോഗം നിഷേധിക്കുന്നതു് ന്യായമാണോ?
- ദുർവ്വാസാവിന്റെ മറുപടി:
- മലയാറ്റൂർ രാമകൃഷ്ണനല്ല, വൈകുണ്ഠം പരമേശ്വരനായാലും സർക്കാർ സർവ്വീസിൽ പ്രവേശിപ്പിക്കുകയില്ല!
അദ്ദേഹത്തിന്റെ “തീന്മൂർത്തി” വിജ്ഞാനത്തെപ്പറ്റി അന്നാരുമൊന്നും പറഞ്ഞില്ല.
അദ്ദേഹത്തെ ഞാനിനി എന്നും കാണും. പണ്ടേ ഇടുങ്ങിയ വി. ജെ. റ്റി. ഹാൾ സർക്കിളിൽ അദ്ദേഹം സ്ഥിരമായി നിൽക്കാൻ പോവുകയാണു്.
വഴി കൂടുതൽ ഇടുങ്ങിപ്പോകും.
റോഡപകട സാദ്ധ്യതകൾ ഏറെത്തെളിയും.
മഹാഗണികൾ വെട്ടാനും പാടില്ലല്ലോ!
(ജനയുഗം വാരിക)
എന്നാൽ ഇത്ര കണിശക്കാരനായ പട്ടം താണുപിള്ളയുടെ നീതിബോധമോ? സെക്രിട്ടേറിയറ്റിലെ പാവപ്പെട്ട പല ഗുമസ്തന്മാരുടെയും മുകളിൽ അദ്ദേഹം വെറും ബി. എ.ക്കാരനായ ഒരു പാർശ്വവർത്തിയെ വലിയ ശമ്പളം കൊടുത്തു നിയമിച്ചു. അങ്ങനെ പലതും. അവയിൽ പ്രതിഷേധം പ്രകടിപ്പിക്കാൻ റസിഡൻസിയിൽ ചെന്ന ഞങ്ങളെ അദ്ദേഹം ആട്ടിപ്പായിച്ചു. മലയാറ്റൂർ രാമകൃഷ്ണൻ അദ്ദേഹത്തിന്റെ പ്രതിമ ഇനി എന്നും കാണുന്നതു പോലെ ഞാനും കുറച്ചുകാലം അതു കണ്ടേക്കും. കാണുമ്പോഴെല്ലാം, വയസ്സിലും വിദ്യാഭ്യാസ യോഗ്യതയിലും എന്നെക്കാൾ വളരെ താഴ്‌ന്ന ഒരാളെ നിയമിച്ച് അദ്ദേഹത്തെ എന്റെ സുപ്പീരിയർ ഓഫീസറാക്കിയ താണുപ്പിള്ള സാറിന്റെ നീതിബോധത്തെ കുറിച്ചു ഞാൻ ഓർമ്മിക്കും. രാജ്യത്തിനു വേണ്ടി ത്യാഗം ചെയ്ത ഒരു മഹാനെ ഞാൻ നിന്ദിക്കുന്നുവെന്നു് പ്രിയപ്പെട്ട വായനക്കാർ കരുതുന്നുവോ? എങ്കിൽ ക്ഷമിച്ചാലും. ആ ത്യാഗം ഞാൻ മറന്നല്ല ഇത്രയും എഴുതിയതു്.

പട്ടം താണു പിള്ള അടുത്ത കാലത്തു് ജീവിച്ചിരുന്ന ആളായതു കൊണ്ടു് നമ്മൾ അദ്ദേഹത്തെ കുറിച്ചു ചിലതൊക്കെ അറിയുന്നു. എബ്രഹാം ലിങ്കൺ വിശിഷ്ട പുരുഷനെന്നല്ലേ എല്ലാവരും പറയുക? ആരറിഞ്ഞു അദ്ദേഹത്തിന്റെ യഥാർത്ഥ സ്വഭാവം. ഐസക്ക് ബാഷേവിയസ് സിങ്ങറു ടെ ‘ഷോഷ’ എന്ന മനോഹരമായ നോവലിൽ ഇങ്ങനെയൊരു വാക്യം ഉണ്ടു്.
“…But if Trotsky was in power he wouldn’t act any differently from Stalin ” (Penguin Edition, p. 167).
ചിലർ അസൂയ കൊണ്ടോ ജന്മസിദ്ധമായ ക്രൂരത കൊണ്ടോ മനസ്സിന്റെ അശ്ലീല പ്രവണത കൊണ്ടോ മാന്യന്മാരെ ആക്ഷേപിച്ചു എന്തെങ്കിലും പറയും. മാന്യന്മാർ മിണ്ടാതെ പോകും. അമാന്യന്മാരാണെങ്കിലോ അടി കൊടുക്കും.
പരസ്പര വിരുദ്ധങ്ങളായി ഞാൻ എഴുതുന്നു എന്നു് കാലടി ഗോപിനാഥ് പണ്ടു് എനിക്ക് എഴുതി അയച്ചു. ഇന്നലെ കിട്ടിയ ഒരു കഥാകാരിയുടെ കത്തിലുമുണ്ടു് ഈ ആരോപണം. ഡി. സി. കിഴക്കേമുറി യുടെ രചന കൊള്ളാമെന്നു് ഒരിക്കൽ പറഞ്ഞു: കഴിഞ്ഞ ആഴ്ച്ചയിൽ അതു ‘ലോ ലവൽ റൈറ്റിങ്ങാ’ ണെന്നു് എഴുതി. എന്തേ ഈ വൈരുദ്ധ്യം എന്നു് ശ്രീമതി ചോദിക്കുന്നു. ഓരോ രചനയുടെയും ഗുണോൽകർഷമോ ഗുണരാഹിത്യമോ ആണു് ഞാനെടുത്തു കാണിക്കുന്നതു്. സുഗതകുമാരി യുടെ ഒരു കാവ്യം നല്ലതാണെന്നു കണ്ടാൽ അതിനെ വാഴ്ത്തുന്നു. അടുത്തയാഴ്ച്ച മറ്റൊരു കാവ്യം അധമമായി കണ്ടാൽ അതിനെ നിന്ദിക്കുന്നു. അത്രേയുള്ളൂ. ഒരു വൈരുദ്ധ്യവുമില്ല. അതുപോലെ പറയുന്നു ഈ ആഴ്ച്ചത്തെ കുങ്കുമം വാരികയിൽ ഡി. സി. എഴുതിയ “സാഹിത്യകാരന്മാർ കൊല്ലത്തു്” എന്ന ലഘുലേഖനം രസകരമാണെന്നു്. ലേഖനം അവസാനിക്കുന്നതു കേട്ടാലും:
“രാവിലെ ഉണർന്നു് റേഡിയോയുടെ മുമ്പിലിരുന്നപ്പോൾ ഒരദ്ധ്യാപകൻ തന്റെ മകളെ തെരെഞ്ഞെടുപ്പു് കാര്യങ്ങൾ പഠിപ്പിക്കുന്ന രംഗമാണു് കേട്ടതു്. തെരെഞ്ഞെടുപ്പിൽ ‘ബൂരിപക്ഷം’ കിട്ടുന്നവരാണു് ‘ബരിക്കുന്നതു്.’ ‘ബരണകക്ഷി’ കൂടി മന്ത്രിമാരെ നിശ്ചയിക്കുന്നു.” ഇങ്ങനെ പോയി അദ്ദേഹത്തിന്റെ ‘ബഡിപ്പിക്കൽ’. ഇടയ്ക്ക് ‘ദനകാര്യമന്ത്രി’യെ പറ്റിയും പറഞ്ഞു. ‘അതികാരം’ കിട്ടണമെങ്കിൽ ‘ബൂരിപക്ഷം’ വേണമെന്നു് വീണ്ടും അദ്ദേഹം മകൾക്ക് ‘ബറഞ്ഞു’ കൊടുത്തു. സഹികെട്ടപ്പോൾ റേഡിയോ ഓഫ് ചെയ്യാൻ മുതിർന്നു. അപ്പോൾ ഒരു സന്തോഷവർത്തമാനം കേട്ടു. ‘ഇനി നീ പോയി കുളിക്കൂ മോളേ, സ്ക്കൂളിൽ ബോഗാൻ സമയമായില്ലേ, നിന്നെ അയച്ചിട്ടു വേണം എനിക്കു കോളേജിൽ ബോഗാൻ.’ ഗോളേജിൽ ചെന്നാലും ഇതു തന്നെയാവുമല്ലോ ഗദ (കഥ?).
ഇതു വായിച്ചിട്ടു ചിരിക്കാതിരിക്കാൻ ഞാൻ പാഷാണ ഹൃദയനല്ല.

“ഇന്നു നിങ്ങൾക്കു ശരിയെന്നു തോന്നുന്നതു് വെടിയുണ്ടയുടെ കാഠിന്യമാർന്ന വാക്കുകൾ കൊണ്ടു പറയൂ. നാളെ ശരിയെന്നു തോന്നുന്നതു് അതേ രീതിയിൽ കാഠിന്യത്തോടെ ഉദ്ഘോഷിക്കൂ. ഇന്നലെ പറഞ്ഞതിനെല്ലാം അതു വിരുദ്ധമാണെങ്കിലും”—ഓർമ്മയിൽ നിന്നു കുറിക്കുന്ന ഈ വാക്യങ്ങൾ എമേഴ്സ്ന്റെ ഏതോ പ്രബന്ധത്തിലുള്ളതാണു്.
‘ഈയാഴ്ച്ച’ വാരികയിൽ പൊന്നിയെ ആഴ്ച്ചതോറും അവതരിപ്പിക്കുന്ന കൃഷ്ണനോടു് ഒരു വാക്ക്: താങ്കൾ അവളെ ഇത്ര സുന്ദരിയായി എന്റെ മുൻപിൽ കൊണ്ടുവരരുതു്. എന്റെ പ്രായക്കൂടുതലും കഷണ്ടിയും വൈരൂപ്യവും മറന്നു് ഞാൻ അവളെ സ്നേഹിച്ചു തുടങ്ങിയിരിക്കുന്നു. വളരെ വൈകാതെ ഞാൻ പൊന്നിയോടു് അഭ്യർത്ഥിക്കും. ‘പ്രിയേ മുല്ലപ്പൂക്കൾ യാമിനിയിൽ വീഴ്ത്തുന്ന നിലാവു പോലെ നിന്റെ സൗന്ദര്യം എന്റെ കറുത്ത ഹൃദയത്തിൽ പ്രകാശം പരത്തുന്നു. നീ എന്നോടൊരുമിച്ചു ജീവിക്കാൻ പോരുമോ?
“ഹാ, നിന്റെ കുഞ്ഞിനു് എന്തു സൗന്ദര്യം!” എന്നു് ഒരു സ്ത്രീ മറ്റൊരു സ്ത്രീയോടു്. അപ്പോൾ അവൾ “അതു സാരമില്ല. ഇവളുടെ ഫോട്ടോ നീ കാണണം. അതിൽ, ഇതിൽ കൂടുതൽ സൗന്ദര്യമുണ്ടു്”. ഈ നേരമ്പോക്ക് ആധുനിക കാലത്തെ ജീർണ്ണതയെ ചൂണ്ടിക്കാണിച്ചു തരുന്നു. യാഥാർത്ഥ്യത്തെ വിട്ടു് നിഴലിനെ സ്നേഹിക്കുന്നവരായി, ബഹുമാനിക്കുന്നവരായി നമ്മൾ മാറിയിരിക്കുന്നു. “താരാരാധന” എന്ന പേരിൽ സി. പി. നായർ മനോരാജ്യം വാരികയിലെഴുതിയ ലേഖനം ഈ സത്യം ആകർഷകമായി പ്രതിപാദിക്കുന്നു. കീർത്തിയല്ല (fame) ഇന്നു് ബഹുമാനിക്കപ്പെടുന്നതു്; കൊണ്ടാടലാണു് (celebration). ജി. ശങ്കരകുറുപ്പു് കീർത്തിമാനും ടെന്നീസ് താരം കൃഷ്ണൻ സെലിബ്രിറ്റിയുമായിരുന്നു. ശങ്കരകുറുപ്പു് പ്രസംഗിക്കാൻ തിരുവനന്തപുരത്തെത്തിയപ്പോൾ കേൾക്കാൻ ആളില്ലായിരുന്നു. അന്നുണ്ടായിരുന്ന, കൃഷ്ണന്റെ കളി കാണാൻ എല്ലാവരും പോയി. ഇന്നു് ആ കൃഷ്ണനെവിടെ? മനുഷ്യരുടെ സംസ്ക്കാരത്തിന്റെ ചക്രവാളത്തെ വികസിപ്പിക്കുന്ന കവികൾക്കു പത്രങ്ങളിൽ സ്ഥാനമില്ല. ഓടിയിട്ടും ഓട്ടു മെഡലു പോലും കിട്ടാത്ത പെൺകുട്ടിക്ക് വലിയ സ്ഥാനം. രാഷ്ട്രം അധഃപതിക്കാനുള്ള ഹേതുക്കളിൽ ഒന്നാണിതു്. ഞാൻ വിരസമായി പറയുന്ന ഈ സത്യം സരസമായി സി. പി. നായർ പറയുന്നു.
“സ്വപ്നത്തിനു ശേഷം—കൃഷ്ണമണികൾ എത്ര യഥാർത്ഥം!” എന്നു ഒരു ജപ്പാനീസ് കവി. ഞങ്ങളുടെ ഒരു കവിയുടെ കാവ്യങ്ങൾ സ്വപ്നങ്ങളാണു്. ആ സ്വപ്നങ്ങൾ ഈ ലോകം പോലെ സത്യാത്മകവും. ആരാണു് ആ കവി? ചങ്ങമ്പുഴ.