സാ​ഹി​ത്യ​വാ​ര​ഫ​ലം
എം കൃ​ഷ്ണൻ നായർ
(കലാ​കൗ​മു​ദി വാരിക, 1985-05-05-ൽ പ്ര​സി​ദ്ധീ​ക​രി​ച്ച​തു്)

​ ​​​

images/Shakuntala.jpg

കു​യിൽ​നാ​ദം വേ​ലു​നാ​യർ, സെ​ബാ​സ്റ്റിൻ കു​ഞ്ഞു​കു​ഞ്ഞു​ഭാ​ഗ​വ​തർ, ശി​വ​പ്ര​സാ​ദ് വേ​ലു​ക്കു​ട്ടി, എം. കെ. ത്യാ​ഗ​രാ​ജ​ഭാ​ഗ​വ​തർ, എസ്. ഡി. സു​ബ്ബു​ല​ക്ഷ്മി ഇവ​രൊ​ക്കെ പഴ​യ​കാ​ല​ത്തെ അഭി​നേ​താ​ക്ക​ളാ​യി​രു​ന്നു. ഇവരിൽ വേ​ലു​നാ​യ​രൊ​ഴി​ച്ചു​ള്ള​വ​രു​ടെ അര​ങ്ങു തകർ​ക്കു​ന്ന അഭി​ന​യം ഞാൻ കണ്ടി​ട്ടു​ണ്ടു്. ആല​പ്പുഴ കി​ട​ങ്ങാം​പ​റ​മ്പു മൈ​താ​ന​ത്തു​ണ്ടാ​യി​രു​ന്ന ഒരു കൊ​ട്ട​ക​യിൽ കു​യിൽ​നാ​ദം രാ​ജാ​പ്പാർ​ട്ട് കെ​ട്ടി ‘നാ​ട​ക​മാ​ടി’യതും ഞാൻ കണ്ടു എന്നാ​ണു് ഓർമ്മ. നല്ല ഉറ​പ്പി​ല്ലാ​ത്ത​തു​കൊ​ണ്ടു് അങ്ങ​നെ വി​ട്ടു​ക​ള​ഞ്ഞ​താ​ണു്. ഇതി​നെ​ല്ലാം മുൻ​പു് തി​രു​വ​ന​ന്ത​പു​ര​ത്തെ​യും ആല​പ്പു​ഴ​യി​ലെ​യും ‘ലോ​ക്കൽ ആക്ടേ​ഴ്സ്’ ‘ശാ​കു​ന്ത​ളം’, ‘നല്ല​ത​ങ്ക’, ‘കണ്ണ​കി’ എന്നീ നാ​ട​ക​ങ്ങൾ അഭി​ന​യി​ക്കു​ന്ന​തു കാ​ണാ​നും എനി​ക്കു് ദൗർ​ഭാ​ഗ്യ​മു​ണ്ടാ​യി​ട്ടു​ണ്ടു്. അക്കാ​ല​ത്തു് സ്ത്രീ​കൾ വേഷം കെ​ട്ടി​യി​രു​ന്നി​ല്ല. കഠോ​രാ​കൃ​തി​യാർ​ന്ന പു​രു​ഷ​ന്മാ​രാ​ണു് ശകു​ന്ത​ള​യാ​യി നാ​ട​ക​വേ​ദി​യിൽ പ്ര​ത്യ​ക്ഷ​പ്പെ​ട്ടി​രു​ന്ന​തു്. കാ​ളി​ദാ​സൻ ‘ക്ഷാ​മ​ക്ഷാമ കപോല’മെ​ന്നും തർ​ജ്ജ​മ​ക്കാ​രൻ ‘ഒട്ടീ ഹന്ത കവിൾ​ത്തട’മെ​ന്നു​മാ​ണ​ല്ലോ പ്രേ​മ​പ​ര​വ​ശ​യായ ശകു​ന്ത​ള​യെ വർ​ണ്ണി​ച്ച​തു്. നാ​ട​ക​വേ​ദി​യി​ലെ​ത്തു​ന്ന പു​രു​ഷ​ശ​കു​ന്ത​ള​യ്ക്കു് മേ​ക്ക​പ്പ് വേ​ണ്ടാ​യി​രു​ന്നു കവി​ളൊ​ട്ടി​പ്പോ​യി​യെ​ന്നു കാ​ണി​ക്കാൻ. ജന്മ​നാ കവി​ളൊ​ട്ടി​യ​വ​രാ​യി​രു​ന്നു ആ അഭി​നേ​താ​ക്കൾ. തള്ളി​നിൽ​ക്കു​ന്ന താ​ടി​യെ​ല്ലും പൗഡർ വാ​രി​ക്കോ​രി​തേ​ച്ചി​ട്ടും എഴു​ന്നു​നിൽ​ക്കു​ന്ന നീ​ല​ഞ​ര​മ്പു​ക​ളും ജു​ഗു​പ്സാ​വ​ഹ​മായ തൊ​ണ്ട​മു​ഴ​യും അന്ന​ത്തെ ശകു​ന്തള നിർ​ല്ല​ജ്ജം കാ​ണി​ച്ചി​രു​ന്നു. കേ​ര​വൃ​ക്ഷ​സ​മൃ​ദ്ധി​യാർ​ന്ന സ്ഥലം കേരളം. അതു​കൊ​ണ്ടു് അവ​യ​വ​ങ്ങ​ളെ വലു​താ​ക്കു​ന്ന യൗ​വ​ന​ത്തെ കു​റ്റ​പ്പെ​ടു​ത്താൻ അന​സൂ​യ​യ്ക്കും പ്രി​യം​വ​ദ​യ്ക്കും കഴി​ഞ്ഞു. കച്ച​ത്തോർ​ത്തു​കൾ ജവു​ളി​ക്ക​ട​യിൽ​നി​ന്നും ധാ​രാ​ളം വാ​ങ്ങാ​മാ​യി​രു​ന്നു. അതി​നാൽ ‘മു​ന്നി​ട​മ​ഭ്യു​ന്ന​ത​മാ​യ് സന്ന​ത​മാ​യ് പി​ന്നി​ടം ജഘ​ന​ഭ​രാൽ പെ​ണ്മ​ണി​യു​ടെ ചു​വ​ടു്’ നന്മ​ണ​ലിൽ കണ്ടു​ര​സി​ക്കാൻ ദു​ഷ്യ​ന്ത​നു് ഭാ​ഗ്യ​മു​ണ്ടാ​യി. കാലം കഴി​ഞ്ഞു. കൈ​നി​ക്കര പദ്മ​നാ​ഭ​പി​ള്ള യും കൈ​നി​ക്കര കു​മാ​ര​പി​ള്ള യും ടി. ആർ. സു​കു​മാ​രൻ​നാ​യ​രും പി. കെ. വി​ക്ര​മൻ​നാ​യ​രും വീ​ര​രാ​ഘ​വൻ നാ​യ​രും എസ്. ഗു​പ്തൻ നാ​യ​രും ഭാ​വ​പ്ര​ധാ​ന​മാ​യി അഭി​ന​യി​ക്കു​ന്ന​തു​ക​ണ്ടു് ഞാൻ ആഹ്ലാ​ദി​ച്ചു. കെ.വി. നീ​ല​ക​ണ്ഠൻ നാ​യ​രു​ടെ ജീ​ഡി​തു് (കാൽ​വ​രി​യി​ലെ കല്പാ​ദ​പം) ‘നാ​യ​ക​ന​ങ്ങു​പോ​യ് തോഴീ’ എന്നു പാ​ടി​ക്കൊ​ണ്ടു് എന്റെ അന്തർ നേ​ത്ര​ത്തി​നു മുൻ​പിൽ ഇപ്പോ​ഴും ഇരി​ക്കു​ന്നു. ഇപ്പോ​ഴ​ത്തെ നാ​ട​ക​ങ്ങ​ളും ഞാൻ കാ​ണു​ന്നു​ണ്ടു്. ഈ നവീന നാ​ട​ക​ത്തിൽ രാധ (ഭഗ്ന​ഭ​വ​ന​ത്തി​ലെ കഥാ​പാ​ത്രം) ‘അയ്യോ ഇതാ​രു്?’ എന്ന​ല്ല ചോ​ദി​ക്കുക. ഒരു നീണ്ട ശബ്ദ​മാ​ണു് അതിനു പകരം ഉണ്ടാ​ക്കു​ന്ന​തു്. അതു് എഴു​തി​ക്കാ​ണി​ക്കാൻ പ്ര​യാ​സം. എങ്കി​ലും ശ്ര​മി​ക്ക​ട്ടെ. ‘അ അ അ…യ്യോ യ്യോ യ്യോ…ഇ ഇ ഇ…താ താ താ…രു് രു് ര്…’ ഇങ്ങ​നെ പോ​യി​പ്പോ​യി നാ​ട​ക​ത്തിൽ സം​ഭാ​ഷ​ണം തന്നെ ഇല്ലാ​താ​കും. കഥാ​പാ​ത്ര​ങ്ങൾ വി​കാ​രം സൂ​ചി​പ്പി​ക്കാ​നാ​യി ചില ചി​ഹ്ന​ങ്ങ​ളു​ടെ മട്ടിൽ വള​ഞ്ഞും തി​രി​ഞ്ഞും നി​ന്നാൽ മതി​യെ​ന്നാ​വും. അതു് ഇപ്ര​കാ​രം

രാധ:
?????
ഹരി:
— —
രാധ:
!!!!!
ഹരി:
?! ?! ?! ?!

(ഇതി​ന്റെ അർ​ത്ഥം ? = അയ്യോ ഇതാ​രു്. — = ആ ബന്ധ​വും ഉട​മ​യും വി​ട്ടേ​ക്ക്. ! = ചേ​ട്ട​നി​പ്പോൾ എങ്ങ​നെ​യി​രി​ക്കും. ?! = എങ്ങ​നെ​യി​രി​ക്കു​മെ​ന്നോ, ഉടഞ്ഞ കപ്പൽ പോലെ തകർ​ന്ന സ്വ​പ്നം പോലെ) നാ​ട​ക​മേ നിൻ പേരു കേ​ട്ടാൽ പേ​ടി​യാം.

ഭാവന വി​ക​സി​ക്ക​ട്ടെ

ലൈം​ഗി​ക​സ്വാ​ത​ന്ത്ര്യം കൂ​ടി​ക്കൂ​ടി സമു​ദാ​യ​ത്തി​ന്റെ അടി​ത്തറ തകർ​ന്നു തു​ട​ങ്ങി​യി​രി​ക്കു​ന്നു. പു​റ​ത്തു പറയാൻ ആളുകൾ മടി​ച്ചി​രു​ന്ന കാ​ര്യ​ങ്ങൾ പു​ര​പ്പു​റ​ത്തു കയറി നി​ന്നു് ചിലർ പറ​ഞ്ഞു തു​ട​ങ്ങി​യി​രി​ക്കു​ന്നു.

ഈ ലോ​ക​ത്തു് എത്ര വേ​ഗ​ത്തി​ലാ​ണു് കാ​ര്യ​ങ്ങൽ നട​ക്കുക! ഇന്ന​ലെ രാ​ത്രി പത്തു മണി​ക്കു് ഉറ​ങ്ങാൻ കി​ട​ന്ന​താ​ണു്. ഒരു മി​നി​റ്റ് കഴി​ഞ്ഞെ​ന്നേ തോ​ന്നു​ന്നു​ള്ളൂ. കണ്ണു തു​റ​ന്ന​പ്പോൾ നേരം വെ​ളു​ത്തി​രി​ക്കു​ന്നു. ഒരു മി​നി​റ്റ് കൂ​ടി​ക്ക​ഴി​ഞ്ഞു. ഇപ്പോൾ ഉച്ച​സ​മ​യ​മാ​ണു്. ഇന്ന​ലെ​യോ അതി​ന്റെ തലേ​ദി​വ​സ​മോ നഴ്സ​റി സ്കൂ​ളിൽ പോയ കൊ​ച്ചു​കു​ട്ടി​യാ​ണു്; ഇന്നു് അവ​ളു​ടെ വി​വാ​ഹ​മാ​ണെ​ന്നു് ഞാ​ന​റി​യു​ന്നു. ഇനി നാളെ അവളെ ചു​ക്കി​ച്ചു​ളി​ഞ്ഞ മു​ഖ​ത്തോ​ടെ ഞാൻ കാണും. എന്തൊ​രു വേഗം! രാ​ത്രി പക​ലാ​യി മാ​റു​ക​യ​ല്ല. ക്ര​മാ​നു​ഗ​ത​മായ വി​കാ​സ​മ​ല്ല ഉള്ള​തു്. ചക്ര​വാ​ള​ത്തി​ന​പ്പു​റ​ത്തു് പകൽ ഒളി​ച്ചി​രി​ക്കു​ക​യാ​ണു്. രാ​ത്രി വന്നെ​ന്നു കാ​ണു​മ്പോൾ പകൽ അവിടെ നി​ന്നു് പാ​ഞ്ഞെ​ത്തി രാ​ത്രി​യെ കീ​ഴ​ട​ക്കു​ക​യാ​ണു്. പേ​ടി​ച്ചോ​ടു​ന്ന രാ​ത്രി ചക്ര​വാ​ള​ത്തിൽ ഒളി​ച്ചി​രി​ക്കും. പക​ലി​ന്റെ ആധി​പ​ത്യം കാ​ണു​മ്പോൾ അതി​റ​ങ്ങി​വ​ന്നു് പക​ലി​നെ പലാ​യ​നം ചെ​യ്യി​ക്കും.

ഇന്നു് അവ​രു​ടെ വി​വാ​ഹം. രണ്ടു​പേർ​ക്കും തമ്മിൽ​ത്ത​മ്മിൽ എന്തൊ​രു സ്നേ​ഹം! പക്ഷേ, നാളെ ചി​ര​വ​യെ​ടു​ത്തു് അയാൾ അവളെ അടി​ക്കും. അവൾ അയാ​ളു​ടെ നെ​ഞ്ചു് മാ​ന്തി​പ്പൊ​ളി​ക്കും. അയാൾ— സു​ന്ദ​ര​ക്കു​ട്ട​പ്പ​നാ​യി നടന്ന അയാൾ—താ​ടി​വ​ളർ​ത്തി മു​ഷി​ഞ്ഞ​വേ​ഷം ധരി​ച്ചു് ചാ​രാ​യ​ഷാ​പ്പിൽ നി​ന്നി​റ​ങ്ങി വരു​ന്നു. മറ്റു പെ​ണ്ണു​ങ്ങ​ളു​ടെ പിറകേ പോ​കു​ന്നു. ദാ​മ്പ​ത്യ​ജീ​വി​ത​ത്തി​ന്റെ ഈ അസ​ത്യാ​ത്മ​ക​ത​യേ​യും പ്രേ​മ​ത്തി​ന്റെ ചഞ്ചല സ്വ​ഭാ​വ​ത്തെ​യും ശ്രീ​ദേ​വി എസ്. ചേർ​ത്തല “ഇരുൾ പൂകും നി​ഴ​ലു​കൾ” എന്ന ചെ​റു​ക​ഥ​യി​ലൂ​ടെ വ്യ​ക്ത​മാ​ക്കി​ത്ത​രു​ന്നു. പൈ​ങ്കി​ളി​ക്കഥ എന്ന വി​ഭാ​ഗ​ത്തിൽ പെ​ടു​ന്ന​താ​ണു് ഇതു്. ശ്രീ​ദേ​വി​ക്കു് കഥ പറ​യാ​ന​റി​യാം. വേ​ണ​മെ​ങ്കിൽ അതി​ഭാ​വു​ക​ത്വ​വും ക്ഷു​ദ്ര​ത്വ​വും അവർ​ക്കു് ഒഴി​വാ​ക്കാം. ഈ കഥയിൽ അങ്കു​രാ​വ​സ്ഥ​യിൽ പ്ര​ത്യ​ക്ഷ​പ്പെ​ടു​ന്ന ഭാവന വി​കാ​സം പ്രാ​പി​ക്ക​ട്ടെ (കഥ മനോ​രാ​ജ്യ​ത്തിൽ).

പ്രി​യ​പ്പെ​ട്ട വാ​യ​ന​ക്കാ​രോ​ട്

ലൈം​ഗി​ക​സ്വാ​ത​ന്ത്ര്യം കൂ​ടി​ക്കൂ​ടി സമു​ദാ​യ​ത്തി​ന്റെ അടി​ത്തറ തകർ​ന്നു തു​ട​ങ്ങി​യി​രി​ക്കു​ന്നു. പു​റ​ത്തു​പ​റ​യാൻ ആളുകൾ മടി​ച്ചി​രു​ന്ന കാ​ര്യ​ങ്ങൾ പു​ര​പ്പു​റ​ത്തു കയറി നി​ന്നു് ചിലർ പറ​ഞ്ഞു തു​ട​ങ്ങി​യി​രി​ക്കു​ന്നു. മനു​ഷ്യ​ത്വ​ത്തി​ന​ല്ല, മൃ​ഗീ​യ​ത​യ്ക്കാ​ണു് പ്രാ​ധാ​ന്യ​വും ബഹു​മാ​ന​വും.

images/NVKrishnaWarrier.jpg
എൻ. വി. കൃ​ഷ്ണ​വാ​രി​യർ

ശരീ​ര​വും മന​സ്സും സമനില പാ​ലി​ച്ചി​രു​ന്നു പണ്ടു്. ഇന്നു് ശരീ​ര​ത്തി​നാ​ണു് പ്രാ​ധാ​ന്യം. അതി​നാൽ പി. ടി. ഉഷ യ്ക്കു് കി​ട്ടു​ന്ന ആദരം എൻ. വി. കൃ​ഷ്ണ​വാ​രി​യർ ക്കു് കി​ട്ടു​ന്നി​ല്ല. സത്യം മാ​ത്രം പറ​ഞ്ഞി​രു​ന്നു ഗാ​ന്ധി​ജി. ഇന്നു് അദ്ദേ​ഹ​ത്തി​ന്റെ ശി​ഷ്യ​ന്മാർ കള്ളം മാ​ത്ര​മേ പറ​യു​ന്നു​ള്ളൂ.

images/PalaNarayananNair.jpg
പാലാ നാ​രാ​യ​ണൻ നായർ

ഒരു തു​ണ്ടു ഭൂ​മി​ക്കു് ലക്ഷ​ക്ക​ണ​ക്കി​നു് രൂപ കൊ​ടു​ക്കേ​ണ്ടി​യി​രി​ക്കു​ന്നു. അവിടെ ഒരു കൊ​ച്ചു​വീ​ടു വെ​ക്കാൻ കു​റ​ഞ്ഞ​തു് രണ്ടു ലക്ഷം രൂ​പ​യെ​ങ്കി​ലും വേണം. എങ്ങ​നെ​യെ​ങ്കി​ലും വീ​ടു​വ​ച്ചു താ​മ​സ​മാ​യാൽ വാ​യു​മ​ലി​നീ​ക​ര​ണ​വും ശബ്ദ​മ​ലി​നീ​ക​ര​ണ​വും കൊ​ണ്ടു് കഴി​ഞ്ഞു​കൂ​ടാൻ വയ്യ. പി​രി​വു​കാർ എന്നും വന്നു രൂപ ചോ​ദി​ക്കു​ന്നു. സമീ​പ​ത്തു് ഒര​മ്പ​ല​മു​ണ്ടെ​ങ്കിൽ ഉച്ച​ഭാ​ഷി​ണി​യി​ലൂ​ടെ വരു​ന്ന ചല​ച്ചി​ത്ര​ഗാ​ന​ങ്ങൾ നി​മി​ത്തം ഉറ​ങ്ങാൻ പറ്റി​ല്ല.

images/StefanZweig.jpg
ഷ്ടെ​ഫാൻ സ്വൈ​ഗ്

സാ​ഹി​ത്യ​ത്തി​ന്റെ ഭംഗി പോയി. അതി​ന്റെ ചി​ന്തോ​ദ്ദീ​പ​ക​ശ​ക്തി നശി​ച്ചു. വി​ശ​പ്പു മാ​റ്റാൻ സാ​ഹി​ത്യ​വും ചി​ത്ര​ക​ല​യും പ്ര​യോ​ജ​ന​പ്പെ​ട​ണ​മെ​ന്നു് ആളുകൾ വാ​ദി​ക്കു​ന്നു. ശാ​സ്ത്രം മനു​ഷ്യ​നെ സഹാ​യി​ക്കു​ന്നി​ല്ല. നശി​പ്പി​ക്കു​ക​യാ​ണു്. അക്ര​മം ഒരു സാ​ധാ​രണ സം​ഭ​വ​മാ​യി മാ​റി​യി​രി​ക്കു​ന്നു. ദി​വ​സ​ന്തോ​റും ആയി​ര​ക്ക​ണ​ക്കി​നു് ആളു​ക​ളെ പ്ര​തി​യോ​ഗി​കൾ കു​ത്തി​ക്കൊ​ല്ലു​ന്നു. വെ​ടി​വ​ച്ചു കൊ​ല്ലു​ന്നു. രാ​ഷ്ട്ര​വ്യ​വ​ഹാ​ര​ത്തി​ന്റെ അതി​പ്ര​സ​ര​വും കു​ത്സിത ജന​നാ​യ​ക​ത്വ​വും സമൂ​ഹ​ത്തെ ശാ​ശ്വ​ത​വേ​ദ​ന​യി​ലേ​ക്കു് തള്ളി​യി​ട്ടി​രി​ക്കു​ന്നു. പണ്ടു് ഞാൻ ഉത്ത​രേ​ന്ത്യ​യിൽ നി​ന്നു് തി​രി​ച്ചു വരു​മ്പോൾ നാ​ഗ​പ്പൂ​രിൽ നി​ന്നു് ഒരു കൂ​ട​യിൽ നൂറു് ഓറ​ഞ്ച് ഒന്നര രൂ​പ​യ്ക്കു വാ​ങ്ങി. ഇന്ന​ലെ പാളയം എന്ന സ്ഥ​ല​ത്തു നി​ന്നു് മൂ​ന്നു രൂപ കൊ​ടു​ത്തു് ഒരു ഓറ​ഞ്ച് വാ​ങ്ങി. വീ​ട്ടിൽ കൊ​ണ്ടു​വ​ന്നു് രോഗം പി​ടി​ച്ച കൊ​ച്ചു കു​ട്ടി​ക്കു കൊ​ടു​ക്കാ​നാ​യി അതി​ന്റെ പു​റ​ന്തോ​ടു് പൊ​ളി​ച്ച​പ്പോൾ അക​ത്തു മു​ഴു​വൻ പു​ഴു​ക്കൾ. എല്ലാ വി​ധ​ത്തി​ലും ജീ​വി​തം ദു​സ്സ​ഹ​മാ​യി​രി​ക്കു​ന്നു. പണ്ടു് സ്വ​കീ​യ​ങ്ങ​ളായ വേ​ദ​ന​കൾ കൊ​ണ്ടു് ആത്മ​ഹ​ത്യ ചെ​യ്യ​ണ​മെ​ന്നു് എനി​ക്കു തോ​ന്നി​യി​രു​ന്നു. ഇന്നു് സമൂ​ഹ​ത്തി​ന്റെ ജീർ​ണ്ണത കണ്ടു് എനി​ക്കു് ജീ​വി​തം അവ​സാ​നി​പ്പി​ക്കാൻ കൊതി. ഷ്ടെ​ഫാൻ സ്വൈ​ഗ് എന്ന വി​ശ്വ​സാ​ഹി​ത്യ​കാ​രൻ സമു​ദാ​യ​ത്തി​ന്റെ കൊ​ള്ള​രു​താ​യ്മ​ക​ണ്ടു് യാതന അനു​ഭ​വി​ച്ചു് ആത്മ​ഹ​ത്യ ചെ​യ്തു. ഭീ​രു​വായ ഞാൻ ജീ​വി​ച്ചി​രി​ക്കു​ന്നു. ഈ ചി​ന്ത​ക​ളൊ​ക്കെ എനി​ക്കു​ണ്ടാ​യ​തു് പാലാ നാ​രാ​യ​ണൻ നായർ മനോ​രാ​ജ്യ​ത്തി​ലെ​ഴു​തിയ “കണ്ണു​പൊ​ത്തി​ക്ക​ളി” എന്ന ലേഖനം വാ​യി​ച്ച​പ്പോ​ഴാ​ണു്. പ്രി​യ​പ്പെ​ട്ട വാ​യ​ന​ക്കാ​രാ, അതു വാ​യി​ക്കൂ. നമ്മു​ടെ ഭാരതം എത്ര​മാ​ത്രം അധഃ​പ​തി​ച്ചി​രി​ക്കു​ന്നു എന്നു മന​സ്സി​ലാ​ക്കൂ.

സാ​ധാ​ര​ണ​മായ കഥ
images/DenisDiderot.jpg
ദനീ ദീദറോ

ദനീ ദീദറോ (Denis Diderot) പ്ര​ശ​സ്ത​നായ ഫ്ര​ഞ്ച് ദാർ​ശ​നി​ക​നാ​ണു്. അദ്ദേ​ഹ​ത്തി​ന്റെ വി​ഖ്യാ​ത​മായ നോ​വ​ലാ​ണു് ല റലീ​ഷ്യോ​സ് (La Religieuse). കൈ​നി​ക്കര കു​മാ​ര​പി​ള്ള ഒരി​ക്കൽ ഈ പു​സ്ത​ക​ത്തെ​ക്കു​റി​ച്ചു പറ​യു​ന്ന​തു് ഞാൻ കേൾ​ക്കാ​നി​ട​യാ​യി. അങ്ങ​നെ​യാ​ണു് ഞാ​നി​തു വാ​യി​ച്ച​തു്. വീ​ട്ടു​കാ​രു​ടെ നിർ​ബ്ബ​ന്ധം കൊ​ണ്ടു് കന്യാ​സ്ത്രീ​യാ​കേ​ണ്ടി​വ​ന്ന സൂ​സ​ന്റെ കഥ പറ​യു​ക​യാ​ണു് ദീദറോ. അവൾ പല കോൺ​വെ​ന്റു​ക​ളി​ലും മാ​റി​മാ​റി താ​മ​സി​ക്കു​ന്നു. ഓരോ സ്ഥ​ല​ത്തും അവൾ അപ​മാ​നി​ക്ക​പ്പെ​ടു​ന്നു. ഒരി​ട​ത്തു് മദർ സു​പ്പീ​രി​യർ സ്വ​വർ​ഗ്ഗാ​നു​രാ​ഗ​ത്താൽ അന്ധ​യാ​യി സൂസനെ രതി​ക്രീ​ഢ​കൊ​ണ്ടു് പീ​ഢി​പ്പി​ക്കു​ന്നു. അവർ ഓർ​ഗാ​സം അനു​ഭ​വി​ക്കു​ക​യും ചെ​യ്യു​ന്നു. വേ​റൊ​രു സ്ഥ​ല​ത്തു് അവളെ പീ​ഢി​പ്പി​ക്കു​ന്ന​തു് ഒരു പാ​തി​രി​യാ​ണു്. ഓടി​പ്പോ​യി വേ​ശ്യാ​ല​യ​ത്തി​ലെ​ത്തിയ സൂസനെ മറ്റൊ​രു പാ​തി​രി ലൈം​ഗി​ക​വേ​ഴ്ച​യ്ക്കു വി​ധേ​യ​നാ​ക്കു​ന്നു. മനഃ​ശാ​സ്ത്ര​ത്തോ​ടു ബന്ധ​പ്പെ​ട്ട ഉൾ​ക്കാ​ഴ്ച കാ​ണി​ക്കു​ന്ന ഈ നോവൽ വാ​യി​ച്ചി​ട്ടു​ള്ള​വർ​ക്കു് ജയ​കാ​ന്ത​ന്റെ ‘കു​രി​ശ്’ എന്ന കഥയിൽ ഒരു പു​തു​മ​യും തോ​ന്നു​ക​യി​ല്ല. കന്യാ​സ്ത്രീ​യാ​കാൻ നിർ​ബ്ബ​ദ്ധ​യായ ഒരു ചെ​റു​പ്പ​ക്കാ​രി​യു​ടെ കഥ​യാ​ണു് ജയ​കാ​ന്ത​നു് പറ​യാ​നു​ള്ള​തു്. അവൾ ബസ്സി​ലി​രി​ക്കു​ന്ന യു​വാ​വി​നെ​ക്ക​ണ്ടു് ചാ​ഞ്ച​ല്യ​മു​ള്ള​വ​ളാ​യി​ത്തീ​രു​ന്നു. കന്യാ​സ്ത്രീ​യാ​യ​താ​ണു് തന്റെ കു​രി​ശെ​ന്നു് അവൾ മന​സ്സി​ലാ​ക്കു​മ്പോൾ കഥ അവ​സാ​നി​ക്കു​ന്നു. നൂ​ത​ന​മായ ഉൾ​ക്കാ​ഴ്ച​യി​ല്ലാ​ത്ത സാ​ധാ​ര​ണ​മായ ഒരു കഥ (കലാ​കൗ​മു​ദി). ​​​​

images/LukacsGyorgy.jpg
ലു​ക്കാ​ച്ച്

തങ്ങൾ ഉല്പാ​ദി​പ്പി​ച്ച​വ​യോ​ടു മനു​ഷ്യർ​ക്കു​ണ്ടാ​കു​ന്ന അന്യ​വ​ത്ക​രണ മനോ​ഭാ​വ​ത്തെ ലു​ക്കാ​ച്ച് റീ​യി​ഫി​ക്കേ​ഷൻ—reification —എന്നു വി​ളി​ച്ചു. മനു​ഷ്യൻ നിർ​മ്മി​ക്കു​ന്ന വസ്തു​ക്കൾ മാ​ത്ര​മ​ല്ല, കു​ഞ്ഞു​ങ്ങ​ളും അവനിൽ നി​ന്നു് അക​ന്നു നിൽ​ക്കു​ന്നു​വെ​ന്നാ​ണു് അദ്ദേ​ഹ​ത്തി​ന്റെ വാദം (History and class consciousness എന്ന ഗ്ര​ന്ഥം വാ​യി​ച്ച ഓർ​മ്മ​യിൽ നി​ന്നു്). നമ്മു​ടെ ജീ​വി​ത​ത്തോ​ടു ബന്ധ​മി​ല്ലാ​ത്ത​വ​യും പരകീയ സ്വ​ഭാ​വ​മാർ​ന്ന​വ​യും ആയ കഥകൾ വാ​യി​ക്കു​മ്പോൾ ഈ അന്യ​വ​ത്ക​ര​ണം ഇര​ട്ടി​യാ​യി​ത്തീ​രു​ന്നു.

എന്തി​നു് പീ​ഢി​പ്പി​ക്കു​ന്നു?

“എന്റെ തല​മു​ടി ദിവസം തോറും കൊ​ഴി​ഞ്ഞു​കൊ​ണ്ടി​രി​ക്കു​ന്നു​വെ​ന്നു് എന്നോ​ടു പറ​യേ​ണ്ട​തി​ല്ല. എന്റെ പൗ​ത്ര​ന്മാ​രു​ടെ താ​ടി​രോ​മം എങ്ങ​നെ വള​രു​ന്നു​വെ​ന്നു നോ​ക്കി​യാൽ മാ​ത്രം മതി.” എന്നു് ഒരു ജാ​പ്പാ​നീ​സ് കവി പറ​ഞ്ഞി​ട്ടു​ണ്ടു്. ‘എക്സ്പ്ര​സ്സ്’ ആഴ്ച​പ്പ​തി​പ്പിൽ “കണി​കാ​ണു​ന്നേ​രം” എന്ന കാ​വ്യ​മെ​ഴു​തിയ തൃ​ക്കൊ​ടി​ത്താ​നം ഗോ​പി​നാ​ഥൻ നാ​യ​രോ​ടു് അദ്ദേ​ഹ​ത്തി​ന്റെ കവ​ന​ക​ലാ​വൈ​ദ​ഗ്ദ്ധ്യം കഷ​ണ്ടി​ക്കു് തു​ല്യ​മാ​ണെ​ന്നു് പറ​യേ​ണ്ട കാ​ര്യ​മി​ല്ല. ഇന്ന​ത്തെ കൊ​ച്ചു​പി​ള്ളേ​രെ​ഴു​തു​ന്ന കാ​വ്യ​ങ്ങ​ളി​ലേ​ക്കു മാ​ത്രം കണ്ണോ​ടി​ച്ചാൽ മതി. ടാഗോർ ജനി​ച്ച​തെ​ന്തി​നു് ? ‘ഗീ​താ​ഞ്ജ​ലി’ എഴു​താൻ. വൈ​ലോ​പ്പി​ള്ളി ജനി​ച്ച​തെ​ന്തി​നു് ? ‘കു​ടി​യൊ​ഴി​ക്കൽ’ എഴു​താൻ. ചങ്ങ​മ്പുഴ ജനി​ച്ച​തെ​ന്തി​നു് ? ‘കാ​വ്യ​നർ​ത്ത​കി’യും ‘മന​സ്വി​നി’യു​മെ​ഴു​താൻ. തൃ​ക്കൊ​ടി​ത്താ​നം ഗോ​പി​നാ​ഥൻ നായർ ഭൂ​ജാ​ത​നാ​യ​തെ​ന്തി​നു്? എനി​ക്ക​റി​ഞ്ഞു​കൂ​ടാ. തീർ​ച്ച​യാ​യും കവി​ത​യെ​ഴു​താ​ന​ല്ല.

കണി​കാ​ണു​ന്നേ​രം കര​ളി​ലാ​യി​രം

കന​ക​ഭാ​വന വി​രി​യു​മ്പോൾ

എന്ന​മ​ട്ടിൽ ക്ലീ​ഷേ കൊ​ണ്ടു​ള്ള ഈ ബഫൂൺ​ക​ളി നട​ത്തി അദ്ദേ​ഹ​മെ​ന്തി​നാ​ണു് വാ​യ​ന​ക്കാ​രെ പീ​ഢി​പ്പി​ക്കു​ന്ന​തു?

ഫെ​യ്ഡ് ഔട്ട്

അന്ത​രീ​ക്ഷ​സൃ​ഷ്ടി​കൊ​ണ്ടു് ചില നി​മി​ഷ​ങ്ങൾ​ക്കു് സവി​ശേ​ഷത കൈ​വ​രു​ത്താൻ മു​ണ്ടൂർ സേ​തു​മാ​ധ​വ​നു പ്രാ​ഗൽ​ഭ്യ​മു​ണ്ടു്. ആ നി​മി​ഷ​ങ്ങ​ളിൽ വന്നു​നിൽ​ക്കു​ന്ന കഥാ​പാ​ത്ര​ങ്ങ​ളെ​ക്ക​ണ്ടു് വാ​യ​ന​ക്കാ​രൻ ചി​ല​പ്പോൾ അദ്ഭു​ത​പ്പെ​ടും. ചി​ല​പ്പോൾ പേ​ടി​ക്കും. അങ്ങ​നെ അദ്ഭു​ത​പ്പെ​ട്ടു​കൊ​ണ്ടി​രി​ക്കു​മ്പോൾ, പേ​ടി​ച്ചു​കൊ​ണ്ടി​രി​ക്കു​മ്പോൾ ചല​ച്ചി​ത്ര​ത്തി​ലെ രം​ഗ​ങ്ങൾ ഫെ​യ്ഡ് ഔട്ടാ​കു​ന്ന​തു​പോ​ലെ നി​മി​ഷ​ങ്ങൾ അപ്ര​ത്യ​ക്ഷ​ങ്ങ​ളാ​കു​ന്നു. ഫലം വാ​യ​ന​ക്കാ​ര​നു നി​രാ​ശത. മാ​തൃ​ഭൂ​മി​യിൽ അദ്ദേ​ഹ​മെ​ഴു​തിയ ‘കൃ​ഷ്ണൻ നാ​യ​രു​ടെ മകൻ’ എന്ന ചെ​റു​ക​ഥ​യ്ക്കു​ള്ള മേ​ന്മ​യും ന്യൂ​ന​ത​യും ഇതു​ത​ന്നെ​യാ​ണു്. വൃ​ക്ഷ​ങ്ങൾ വളർ​ന്നു് ഇല​പ്പ​ടർ​പ്പു​കൾ തമ്മി​ലി​ട​ഞ്ഞു നിൽ​ക്കു​ന്ന വനം. സൂ​ര്യ​ര​ശ്മി​കൾ കട​ന്നു വരാ​ത്ത​തി​നാൽ അർ​ദ്ധാ​ന്ധ​കാ​രം. സൂ​ക്ഷി​ച്ചു നട​ന്നി​ല്ലെ​ങ്കിൽ വേ​രു​ക​ളിൽ തട്ടി വീ​ണെ​ന്നു വരും. ഈ കാ​ന​ന​ത്തിൽ പ്ര​വേ​ശി​ച്ച പ്ര​തീ​തി​യാ​ണു് കഥാ​പാ​രാ​യ​ണം എനി​ക്കു​ള​വാ​ക്കി​യ​തു്. ശു​ദ്ധ​ദ്രാ​വി​ഡ​പ​ദ​ങ്ങ​ളും ഗ്രാ​മീണ ശൈ​ലി​യും നാടൻ അല​ങ്കാ​ര​ങ്ങ​ളും കൊ​ണ്ടു് സേ​തു​മാ​ധ​വൻ മെ​ന​ഞ്ഞെ​ടു​ത്ത ഈ ശി​ല്പം ത്ര​സി​ച്ച ഹൃ​ദ​യ​ത്തോ​ടെ ഞാൻ കണ്ടു. കണ്ടു​ക​ണ്ടു് ഇരി​ക്കു​മ്പോൾ അതാ ഫെ​യ്ഡ് ഔട്ട്. എന്തൊ​രു നൈ​രാ​ശ്യം. പരി​ണാ​മ​ര​മ​ണീ​യ​മ​ല്ലാ​ത്ത കഥ​യ്ക്കു നി​ല​നിൽ​പ്പി​ല്ല.

ഇരു​ട്ടിൽ നല്ല ഫ്ലാ​ഷ് ലൈ​റ്റു​കൊ​ണ്ടു് പ്ര​കാ​ശം വീ​ഴ്ത്തു​ന്ന​വ​നാ​ണു് സാ​ഹി​ത്യ​കാ​രൻ. അയാൾ ശക്തി കു​റ​ഞ്ഞ ബാ​റ്റ​റി​യി​ട്ട ടോർ​ച്ചു​മാ​യി നട​ക്ക​രു​തു്. നട​ന്നാൽ വേ​ണ്ടി​ട​ത്തോ​ളം ഇരു​ട്ടി​ല്ല എന്നു പറ​യ​രു​തു്.

പേ​രെ​ഴു​താൻ മടി​യു​ണ്ടു്. നമ്മു​ടെ ഒരു കവി ഇരു​ട്ടു വീണ സമ​യ​ത്തു് തീ​രെ​ച്ചെ​റിയ ‘ടോർ​ച്ച് ലൈ​റ്റു’മായി റോ​ഡി​ലേ​ക്കി​റ​ങ്ങി. അദ്ദേ​ഹ​ത്തി​നെ​തി​രെ ചെന്ന ഒരു നവീ​ന​ക​വി “സാ​റെ​ന്താ ഇത്ര ചെറിയ ടോർ​ച്ചു​മാ​യി പോ​കു​ന്ന​തു?” എന്നു ചോ​ദി​ച്ചു. മറു​പ​ടി: “ചെ​റു​തെ​ങ്കി​ലും നല്ല പ്ര​കാ​ശ​മാ​ണു്. നോ​ക്കൂ”. കവി സ്വി​ച്ച് അമർ​ത്തി, ഒട്ടും വെ​ളി​ച്ച​മി​ല്ല. നവീ​ന​ക​വി പറ​ഞ്ഞു: “തീരെ വെ​ളി​ച്ച​മി​ല്ല​ല്ലോ” അതു​കേ​ട്ടു് പഴയ കവി​യു​ടെ ഉത്ത​രം: “പ്ര​കാ​ശ​മി​ല്ലാ​ഞ്ഞി​ട്ട​ല്ല. ഇരു​ട്ടു​പോ​രാ”.

ഇരു​ട്ടിൽ നല്ല ഫ്ലാ​ഷ്ലൈ​റ്റു​കൊ​ണ്ടു് പ്ര​കാ​ശം വീ​ഴ്ത്തു​ന്ന​വ​നാ​ണു് സാ​ഹി​ത്യ​കാ​രൻ. അയാൾ ശക്തി​കു​റ​ഞ്ഞ ബാ​റ്റ​റി​യി​ട്ട ടോർ​ച്ചു​മാ​യി നട​ക്ക​രു​തു്. നട​ന്നാൽ വേ​ണ്ടി​ട​ത്തോ​ളം ഇരു​ട്ടി​ല്ല എന്നു പറ​യ​രു​തു്.

വെ​ള്ള​ത്തി​നും കരം
images/CalvinCoolidge.jpg
Calvin Coolidge

പുതിയ ബഡ്ജ​റ്റ് (ബജി​റ്റ് എന്നു ശരി​യായ ഉച്ചാ​ര​ണം) കൊ​ണ്ടു​വ​ന്ന വി​ല​ക്ക​യ​റ്റ​ത്തെ “കു​മാ​രി”യിലെ ഹരി എത്ര ഭം​ഗി​യാ​യി പരി​ഹ​സി​ക്കു​ന്നു! പാ​ഠ​മെ​ഴു​താ​തെ വന്ന കു​ട്ടി​യെ ടീ​ച്ചർ കു​റ്റ​പ്പെ​ടു​ത്തു​മ്പോൾ കട​ലാ​സ്സി​നു വി​ല​കൂ​ടി എന്നാ​ണു് അവ​ന്റെ ഉത്ത​രം. തു​ണി​ക്കു വില വർ​ദ്ധി​ച്ച​തി​നാൽ “മലയാള സിനിമ ഇനി​യും വഷ​ളാ​കു​മെ​ന്നു പറ” എന്നു് ഒരാ​ളു​ടെ നി​രീ​ക്ഷ​ണം. ഇങ്ങ​നെ ഓരോ​ന്നി​ന്റെ​യും വി​ല​വർ​ദ്ധ​ന​യെ​ക്കു​റി​ച്ചു പറ​ഞ്ഞി​ട്ടു് “കൂ​ടു​തൽ ഈടാ​ക്കാ​ത്ത​തു് വല്ല​തു​മു​ണ്ടോ?” എന്നു ചോ​ദി​ക്കു​ന്നു. വഴി​വ​ക്കി​ലെ വാ​ട്ടർ​ടാ​പ്പ് (വാ​റ്റർ എന്നു ശരി​യായ ഉച്ചാ​ര​ണം) ചൂ​ണ്ടി​ക്കാ​ണി​ച്ചു​കൊ​ണ്ടു് ‘ദേ അവിടെ കി​ട്ടും, ഭാ​ഗ്യ​മു​ണ്ടെ​ങ്കിൽ മാ​ത്രം’ എന്നു ഉത്ത​രം. വെ​ള്ളം കി​ട്ടാ​റി​ല്ലെ​ന്ന സൂചന ശരി. പക്ഷേ, അതി​നു് കരം കൂ​ട്ടി​യെ​ന്നു ഹരി അറി​ഞ്ഞി​ട്ടി​ല്ലേ? റഷ്യ​യിൽ ആളു​കൾ​ക്കു് റൊ​ട്ടി വെ​റു​തെ കൊ​ടു​ക്കു​ന്നു. ഓസ്ട്രേ​ലി​യ​യിൽ എല്ലാ​വർ​ക്കും പാൽ വെ​റു​തേ കൊ​ടു​ക്കു​ന്നു. വെ​ള്ള​ത്തി​ന്റെ നാടായ നമ്മു​ടെ കേ​ര​ള​ത്തിൽ അതി​നും കരം. Collecting more taxes than is absolutely necessary is legalized robbery—Calvin Coolidge.

സി​ഞ്ജൻ പഴ്സ്
images/Saint-JohnPerse.jpg
സി​ഞ്ജൻ പഴ്സ്

ഇതെ​ഴു​തു​ന്ന ആളി​നു് ഏറെ ഇഷ്ട​മു​ള്ള ഫ്ര​ഞ്ച് കവി​യാ​ണു് 1960-ൽ നോബൽ സമ്മാ​നം നേടിയ സി​ഞ്ജൻ പഴ്സ് (St-​John Perse). “എന്റെ മകൾ കറു​ത്ത നി​റ​മാർ​ന്ന സ്ത്രീ​ക​ളോ​ടു് ആജ്ഞാ​പി​ക്കു​മ്പോൾ അവൾ അതി​സു​ന്ദ​രി​യാ​യി​രി​ക്ക​ണം എന്ന​തി​നാ​ലാ​ണു് എന്റെ അഭി​മാ​നം.

അവൾ കറു​ത്ത കോ​ഴി​കൾ​ക്കി​ട​യിൽ വളരെ വെ​ളു​ത്ത കൈ കാ​ണി​ക്കു​മ്പോ​ഴാ​ണു് എനി​ക്കു് ആഹ്ലാ​ദം.

ചെ​ളി​കൊ​ണ്ടു മൂടി ഞാൻ വീ​ട്ടി​ലെ​ത്തു​മ്പോൾ രോ​മാ​വൃ​ത​മായ എന്റെ പരു​ക്കൻ കവി​ളു​ക​ണ്ടു് അവൾ​ക്കു് ലജ്ജ തോ​ന്ന​രു​തു് എന്ന​തി​നാ​ലാ​ണു് എന്റെ സന്തോ​ഷ​മി​രി​ക്കു​ന്ന​തു്. പു​രു​ഷൻ പാ​രു​ഷ്യ​മു​ള്ള​വ​നാ​ണു്. അവ​ന്റെ മകൾ കരു​ണാർ​ദ്ര​യും.”

ഇതു് ഒരു ബാ​ല്യ​കാല കവി​ത​യിൽ നി​ന്നാ​ണു്. ഇവി​ടെ​പ്പോ​ലും സി​ഞ്ജൻ പഴ്സി​ന്റെ മൗ​ലി​ക​പ്ര​തിഭ ദൃ​ശ്യ​മാ​ണു്. അദ്ദേ​ഹ​ത്തി​ന്റെ Anabasis ഇരു​പ​താം ശതാ​ബ്ദ​ത്തി​ലെ സമു​ജ്ജ്വല കാ​വ്യ​മാ​ണെ​ന്നു് നി​രൂ​പ​കർ പറ​യു​ന്നു. റ്റി. എസ്. എല്യ​റ്റ് അതു് ഇം​ഗ്ലീ​ഷി​ലേ​ക്കു് തർ​ജ്ജമ ചെ​യ്തി​ട്ടു​ണ്ടു്. ഈ മഹാ​ക​വി​യു​ടെ ചേ​തോ​ഹ​ര​വും ഉദാ​ത്ത​വു​മായ വേ​റൊ​രു​കാ​വ്യ​മാ​ണു് Seamarks. അതിൽ നി​ന്നു് രണ്ടു വാ​ക്യ​ങ്ങൾ: And my lip is salty with the salt of your birth, and your body is salty with the salt of my birth…You are here, my love and I have no place save in you. കവേ, അങ്ങ​യു​ടെ കവി​ത​യി​ല​ല്ലാ​തെ എനി​ക്കു് വേ​റൊ​രു ഇരി​പ്പി​ട​മി​ല്ല.

ഖൊ​മൈ​നി, സിയ

കെ. ബാ​ല​കൃ​ഷ്ണൻ കൗ​മു​ദി വാരിക പ്ര​സി​ദ്ധീ​ക​രി​ച്ചു​കൊ​ണ്ടി​രു​ന്ന കാ​ല​ത്തു് അതി​ലൊ​രു സി​നി​മാ നി​രൂ​പ​ണം എഴുതി. അശ്ലീ​ലം നി​റ​ഞ്ഞ ആ ചല​ച്ചി​ത്ര​ത്തെ ഭർ​ത്സി​ക്കു​ന്ന​തി​നി​ട​യിൽ അദ്ദേ​ഹം എഴു​തിയ ഒരു വാ​ക്യം ഇവിടെ അച്ച​ടി​ക്കാൻ വയ്യ. “സാരി…ഒഴി​ച്ചു് ബാ​ക്കി​യെ​ല്ലാം ഈ ചല​ച്ചി​ത്ര​ത്തി​ലു​ണ്ടു്” എന്നു് ആ വാ​ക്യം കു​ത്തി​ട്ടു് ഞാൻ എടു​ത്തെ​ഴു​തു​ന്നു. അതിനു മുൻപോ പിൻപോ ഇമ്മ​ട്ടി​ലൊ​രു വാ​ക്യം ഒരി​ട​ത്തും ഞാൻ അച്ച​ടി​ച്ചു കണ്ടി​ട്ടി​ല്ല. പക്ഷേ, ഇപ്പോൾ അതു സം​ഭ​വി​ച്ചി​രി​ക്കു​ന്നു. സീ​ന​ത്തു് കു​ങ്കു​മം വാ​രി​ക​യി​ലെ​ഴു​തിയ “പി​ന്നെ​യും പൂ​വർ​ഷം” എന്ന കഥയിൽ ഇങ്ങ​നെ കാ​ണു​ന്നു: “അതു പറ​ഞ്ഞു തീ​രു​മ്പോ​ഴേ​ക്കും ഞാ​ന​വ​ളെ കട​ന്നു പി​ടി​ച്ചു. തല്ലാ​ന​ല്ല. മർ​മ്മ​ത്തി​ലൊ​രു​മ്മ നൽകാൻ. അവൾ ചൂളി.” ഈ പ്ര​യോ​ഗം കൊ​ണ്ടു് കഥ​യു​ടെ ശേഷം ഭാ​ഗ​ത്തി​ന്റെ സ്വ​ഭാ​വം വാ​യ​ന​ക്കാർ​ക്കു് ഊഹി​ക്കാ​വു​ന്ന​തേ​യു​ള്ളൂ. ഖൊ​മൈ​നി യു​ടെ​യോ സിയാ ഉൾ ഹക്കി ന്റെ​യോ നാ​ട്ടി​ലാ​ണെ​ങ്കിൽ സീ​ന​ത്തി​നു് എന്തു സം​ഭ​വി​ക്കു​മാ​യി​രു​ന്നു? “മർ​മ്മ​ത്തി​ലൊ​രു​മ്മ നൽകാൻ” എന്ന പ്ര​യോ​ഗം എടു​ത്തെ​ഴു​തിയ എന്നെ​ത്ത​ന്നെ മു​ക്കാ​ലി​യിൽ കെ​ട്ടി ആ “ജനാ​ധി​പ​ത്യ​വാ​ദി​കൾ” അടി​ക്കു​ക​യി​ല്ലാ​യി​രു​ന്നോ? ​​ അച്ഛൻ മക​നോ​ടു്: മോനേ എല്ലാ​വ​രോ​ടും വി​ന​യ​ത്തോ​ടെ മാ​ത്ര​മേ പെ​രു​മാ​റാ​വൂ. അവ​രെ​ല്ലാം മാ​ന്യ​ന്മാ​രാ​യ​തു​കൊ​ണ്ട​ല്ല. നീ മാ​ന്യ​നാ​യ​തു​കൊ​ണ്ടാ​ണു്. ഇതു് നി​ത്യ​ജീ​വി​ത​ത്തിൽ അം​ഗീ​ക​രി​ക്കാ​നാ​വു​ന്ന തത്ത്വ​മാ​ണു്. പക്ഷേ, സാ​ഹി​ത്യ​ത്തി​ല​ല്ല. അധ​മ​സാ​ഹി​ത്യം സമൂ​ഹ​ത്തി​നു ദോഷം ചെ​യ്യും. അതു​കൊ​ണ്ടു് അശ്ലീ​ല​ര​ച​ന​യെ എതിർ​ക്ക​ണം. അതിൽ പ്ര​തി​ഷേ​ധി​ക്ക​ണം.

കോ​ങ്ക​ണ്ണ്

പൈ​ങ്കി​ളി​ക്ക​ഥ​കൾ ജു​ഗു​പ്സാ​വ​ഹ​ങ്ങ​ളാ​ണെ​ന്നു് പറ​ഞ്ഞു പറ​ഞ്ഞ് തളർ​ന്നു. എന്നെ​ക്കാ​ളേ​റെ വാ​യ​ന​ക്കാ​രും തളർ​ന്നി​രി​ക്കും, ഇതു​കേ​ട്ടു്. ഇനി​യും ഞാനതു പറ​ഞ്ഞാൽ എന്റെ ലേ​ഖ​ന​ങ്ങൾ വാ​യി​ക്കാ​തെ​യാ​വും വാ​യ​ന​ക്കാർ. എങ്കി​ലും പ്ര​ചാ​ര​മു​ള്ള ഒരു വാ​രി​ക​യെ അവ​ഗ​ണി​ക്കു​ന്ന​തെ​ങ്ങ​നെ? മാ​പ്പു ചോ​ദി​ച്ചു​കൊ​ണ്ടു് എഴു​ത​ട്ടെ. ഏനാ​ത്തു് മാ​ത്യൂ​സ് സൈമൺ മനോരമ ആഴ്ച​പ്പ​തി​പ്പി​ലെ​ഴു​തിയ “ചി​റ​കു​കൾ നഷ്ട​പ്പെ​ട്ട പെൺ​കു​ട്ടി”—കാ​മു​ക​നെ സ്നേ​ഹി​ക്കു​ക​യും ഭർ​ത്താ​വി​നെ വെ​റു​ക്കു​ക​യും ചെ​യ്യു​ന്ന ഒരു പെ​ണ്ണി​ന്റെ കഥ​യാ​ണി​തു്—അയ​ഥാർ​ത്ഥ​മാ​ണു്; തെ​റ്റായ വീ​ക്ഷ​ണ​മാ​ണു്. ഇം​ഗ്ലീ​ഷിൽ പറ​ഞ്ഞാൽ ഇതു് Evil eye ആണു്— കരി​ങ്ക​ണ്ണാ​ണു്. കരി​ങ്ക​ണ്ണി​നെ എല്ലാ​വർ​ക്കും പേ​ടി​യാ​ണു്. ഞാനും പേ​ടി​ക്കു​ന്നു. ​​ കണ്ണി​നെ​ക്കു​റി​ച്ചു​ള്ള ഈ പ്ര​സ്താ​വം വാർ​ദ്ധ​ക്യ​കാ​ല​ത്തു് എന്തു​കൊ​ണ്ടു കണ്ണാ​ടി ഉപേ​ക്ഷി​ക്കാൻ കഴി​യു​ന്നു എന്ന ചി​ന്ത​യി​ലേ​ക്കു് എന്നെ കൊ​ണ്ടു​ചെ​ല്ലു​ന്നു. എഴു​പ​തു കഴി​ഞ്ഞാൽ വെ​ള്ളെ​ഴു​ത്തു കണ്ണാ​ടി പലർ​ക്കും വേണ്ട. കാ​ര​ണ​മു​ണ്ടു്. പ്രാ​യം കൂ​ടു​മ്പോൾ നേ​ത്ര​കാ​ചം (Lens) കൂ​ടു​തൽ കട്ടി​യാ​കും. അപ്പോൾ ‘റി​ഫ്രാ​ക്ഷൻ ഇൻ​ഡെ​ക്സ് കൂടും. അതി​ന്റെ ഫല​മാ​യി നേ​ത്ര​കാ​ചം തന്നെ ഒരു വി​പു​ലീ​ക​രണ കാ​ച​ത്തി​ന്റെ ഫലം ചെ​യ്യും. അപ്പോൾ വി​പു​ലീ​ക​ര​ണ​കാ​ച​മായ വെ​ള്ളെ​ഴു​ത്തു കണ്ണാ​ടി ഉപേ​ക്ഷി​ക്കാം.

പലരും പലതും

ഡോ​ക്ടർ എം. എം. ബഷീർ ‘ചന്ദ്രിക’ വാ​രി​ക​യിൽ എഴു​തു​ന്നു:

കർ​ട്ട് വോ​ണി​ഗ​ട്ട് എന്ന പ്ര​ശ​സ്ത നോ​വ​ലി​സ്റ്റി​ന്റെ Slaughter house five എന്ന നോവൽ നോർ​ത്തു് ഡക്കോ​ട്ട​യി​ലെ ഡ്രേ​ക്ക് എന്ന സ്ഥ​ല​ത്തെ സ്കൂ​ളിൽ 1973-ൽ അഗ്നി​ക്കി​ര​യാ​ക്കി നശി​പ്പി​ക്കു​ക​യു​ണ്ടാ​യി. സ്കൂൾ ചെ​യർ​മാ​നു് വോ​ണീ​ഗ​ട്ട് ഒരു കത്തു് എഴു​തി​യി​രു​ന്നു. അദ്ദേ​ഹ​ത്തി​ന്റെ പുതിയ Palm Sunday (Delacorte Press, 1981) എന്ന നോ​വ​ലിൽ ആ കത്തു് ചേർ​ത്തി​രി​ക്കു​ന്നു, ഏഴു വർ​ഷ​ത്തി​നു ശേഷം.”

കർ​ട്ട് വോ​ണീ​ഗ​ട്ടി​ന്റെ ആത്മ​ക​ഥ​യാ​ണു് Palm Sunday. Palm Sunday—An Autobiographical Collage എന്നു വെ​ണ്ട​യ്ക്ക അക്ഷ​ര​ത്തിൽ പു​സ്ത​ക​ത്തിൽ അച്ച​ടി​ച്ചു വച്ചി​ട്ടു​ണ്ടു്. “ആന​യെ​ക്കാ​ണാ​നും വെ​ള്ളെ​ഴു​ത്തോ?”

‘കള്ളെ​ഴു​ത്തു് ’ എന്നു് മല​യാ​റ്റൂർ രാ​മ​കൃ​ഷ്ണ​ന്റെ പ്ര​യോ​ഗം, ജന​യു​ഗം വാ​രി​ക​യിൽ. അന്ത്യ​സ്വ​രം ബഹു​ല​മാ​യി ലോ​പി​ക്കും. അതു​കൊ​ണ്ടു് കള്ളെ​ഴു​ത്തിൽ തെ​റ്റി​ല്ല. എങ്കി​ലും കള്ള​യെ​ഴു​ത്താ​യാൽ കള്ളി​ന്റെ പ്ര​തീ​തി ഒഴി​വാ​ക്കാം.

“ഈ പഥ​മാ​കെ ഞാ​നി​ഴ​യു​ന്നു” എന്നു് രാജൻ ചാ​ത്ത​നൂർ മാ​മാ​ങ്കം വാ​രി​ക​യിൽ. പഥ​ത്തി​നു വഴി എന്ന അർ​ത്ഥ​മു​ണ്ടെ​ങ്കി​ലും അതു് ഒറ്റ​യ്ക്കു് നിൽ​ക്കാ​റി​ല്ല. സമാ​സ​ത്തി​ലെ പ്ര​യോ​ഗ​മേ​യു​ള്ളൂ. സാ​ഹി​ത്യ​പ​ഥം, താ​രാ​പ​ഥം, മു​ഖ്യ​പ​ഥം.

“അഭി​മു​ഖം—ഫെ​ഡ​റി​ക്കോ ഫെ​ല്ലി​നി” എന്നു മുഖം മാ​സി​ക​യിൽ. ഫേ​ഡേ​റീ​ക്കോ ഫേൽ​ലീ​നീ എന്നു ശരി​യായ ഉച്ചാ​ര​ണം.

“വലിയ ഭാരം ചു​മ​ന്നു നി​ന്റെ ശരീരം വളയും. എപ്പോ​ഴും നി​ന​ക്കു് അടി​കി​ട്ടും” എന്നു് കഴു​ത​യെ പണ്ടാ​രോ ശപി​ച്ചു. ഞാൻ കഴു​ത​യാ​ണു്. കോ​ട്ട​യ്ക്കൽ രഘു​നാ​ഥ് പൗ​ര​ധ്വ​നി വാ​രി​ക​യി​ലെ​ഴു​തിയ “ചി​റ​ക​റ്റ പക്ഷി” എന്ന കഥ —ആശി​ച്ച പെ​ണ്ണി​നെ കി​ട്ടാ​തെ കേ​ഴു​ന്ന ഒരു​ത്ത​ന്റെ കഥ—എന്റെ മു​തു​കി​ലെ ഭാ​ര​മാ​ണു്. രഘു​നാ​ഥ് എന്നെ അടി​ക്കു​ന്നു. ​​ ശങ്ക​രാ​ചാ​ര്യർ ക്കു് മാ​റാ​ത്ത പല്ലു​വേ​ദ​ന​യു​ണ്ടാ​യി​രു​ന്നെ​ങ്കിൽ? അദ്ദേ​ഹം അദ്വൈ​ത​സി​ദ്ധാ​ന്തം ആവി​ഷ്ക​രി​ക്കു​മാ​യി​രു​ന്നി​ല്ല. മണ്ട​നാ​യി മാ​റു​മാ​യി​രു​ന്നു. സിം​ഹ​ത്തി​നു രോഗം വന്നാൽ അവൻ മു​യ​ലി​നെ​പ്പോ​ലെ പേ​ടി​ച്ച​വ​നാ​യി മാറും. ഇക്വേ​റ്റ് ചെ​യ്തു് പറ​യു​ക​യ​ല്ല. കേ​ര​ള​ത്തി​ലെ കു​ത്സി​ത​സാ​ഹി​ത്യം വാ​യി​ച്ചു വാ​യി​ച്ചു് ഞാൻ ബു​ദ്ധി​ശൂ​ന്യ​നാ​യി മാ​റി​ക്കൊ​ണ്ടി​രി​ക്കു​ന്നു.

Colophon

Title: Sāhityavāraphalam (ml: സാ​ഹി​ത്യ​വാ​ര​ഫ​ലം).

Author(s): M Krishnan Nair.

First publication details: Kalakaumudi Weekly; Trivandrum, Kerala; 1985-05-05.

Deafult language: ml, Malayalam.

Keywords: M Krishnan Nair, Sahityavaraphalam, Weekly Lietrary Column, സാ​ഹി​ത്യ​വാ​ര​ഫ​ലം, എം കൃ​ഷ്ണൻ നായർ, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: August 27, 2021.

Credits: The text of the original item is copyrighted to J Vijayamma, author’s inheritor. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-​NC-SA 4​.0). Any reuse of the material should credit the Sayahna Foundation, only noncommercial uses of the work are permitted and adoptations must be shared under the same terms.

Production history: Data entry: MS Aswathi; Proofing: Abdul Gafoor; Typesetter: Anupa Ann Joseph; Digitizer: KB Sujith; Encoding: JN Jamuna.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-​tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.