സാഹിത്യവാരഫലം
എം കൃഷ്ണൻ നായർ
(കലാകൗമുദി വാരിക, 1998-08-18-ൽ പ്രസിദ്ധീകരിച്ചതു്)

images/AlphabeticalAfrica.jpg

ബക്കറ്റ്, ബോർഹേസ് ഇവരുടെ രചനകൾക്കുള്ള ധർമ്മങ്ങൾ പ്രദർശിപ്പിക്കുന്നു വാൾട്ടർ അബിഷി ന്റെ രചനകളെന്നു നിരൂപകർ അഭിപ്രായപ്പെടുന്നു. ആസ്ട്രിയയിൽ ജനിച്ചു് ചൈനയിൽ വളർന്ന അമേരിക്കൻ സാഹിത്യകാരനാണു് അദ്ദേഹം. പോസ്റ്റ് മോഡേണിസത്തിന്റെ ഉദ്ഘോഷകനായി അബിഷ് അറിയപ്പെടുന്നു. Alphabetical Africa, Minds meet, How German Is It, In the Future Perfect ഇവയാണു് അദ്ദേഹത്തിന്റെ പ്രധാനപ്പെട്ട കൃതികൾ. ഈ ലേഖകൻ ഒടുവിൽപ്പറഞ്ഞ കഥാസമാഹാരം വായിച്ചു. പ്രതിഭാശാലികൾ ഏതു് ‘ഇസം’ കൈകാര്യം ചെയ്താലും അതു ചേതോഹരമായിത്തീരും എന്ന സത്യം മനസ്സിലാക്കുകയും ചെയ്തു. ഈ സമാഹാരഗ്രന്ഥത്തിലെ ഏറ്റവും പ്രധാനപ്പെട്ട കഥ The English Garden എന്നതാണു്. ഒരമേരിക്കൻ എഴുത്തുകാരൻ ജർമ്മനിയിലെ ബ്രുംഹോൾറ്റ്ഷ്റ്റൈൻ നഗരത്തിലെത്തുന്നു. ജർമ്മൻ സാഹിത്യകാരനായ ഔസിനെ ടെലിവിഷനിലൂടെ ഇന്റർവ്യു ചെയ്യുകയാണു് അദ്ദേഹത്തിന്റെ ലക്ഷ്യം. മുൻപു് തടങ്കൽപ്പാളയമായിരുന്ന സ്ഥലത്തു് പുതുതായി ഒരു നഗരം നിർമ്മിച്ചതാണു ബ്രുംഹോൾറ്റ്ഷ്റ്റൈൻ. ഒരു കളറിങ് ബുക്കുമായിട്ടാണു് അമേരിക്കൻ സാഹിത്യകാരന്റെ വരവു്. ചായപ്പെൻസിൽകൊണ്ടു് അതിലെ വിവിധ രൂപങ്ങളിൽ ചായമിട്ടുകഴിഞ്ഞാൽ എല്ലാം ജർമ്മൻ മുഖങ്ങളാകും. അതൊരു ജർമ്മൻ കളറിങ് ബുക്കാണു്. ചായപ്പെൻസിലുകളും ജർമ്മനിയിൽ ഉണ്ടാക്കിയതുതന്നെ. അമേരിക്കയിലോ ഫ്രാൻസിലോ ജപ്പാനിലോ ഉണ്ടാക്കിയ ചായപ്പെൻസിലുകളാണു് അവയെന്നു തോന്നും.

ബ്രുംഹോൾറ്റ്ഷ്റ്റൈൻ പട്ടണത്തിലെത്തിയ അമേരിക്കൻ എഴുത്തുകാരൻ ഔസ് എന്ന ജർമ്മൻ സാഹിത്യകാരനുമായി കൂടിക്കാഴ്ചനടത്തി. അവിടത്തെ ലൈബ്രറിയിൽ ജോലിയുള്ള ഒരു ചെറുപ്പക്കാരിയുമായി അയാൾ പരിചയപ്പെട്ടു. അവളോടുകൂടി ഉറങ്ങി. അവൾ നഗരത്തിന്റെ മേയറുടെയും അയാളുടെ ഭാര്യയുടെയും കൂട്ടുകാരിയാണു്. അമേരിക്കനെഴുത്തുകാരൻ മേയറോടു ചോദിച്ചു: “(ഇവിടെ) ആളുകൾ എപ്പോഴെങ്കിലും അപ്രത്യക്ഷരാകാറുണ്ടോ?” “അപ്രത്യക്ഷരാകുകയോ?” മേയർക്കു് അദ്ഭുതം. അമേരിക്കയിൽ ആളുകൾ കൂടക്കൂടെ അപ്രത്യക്ഷരാകുന്നുണ്ടു്. പുരുഷനോ, സ്ത്രീയോ ഒരു പാക്കറ്റ് സിഗററ്റ് വാങ്ങാൻ പോകുന്നു. പിന്നീടു് ആ ആളിനെ കാണുന്നതേയില്ല. “എന്തുകൊണ്ടു്?” മേയറുടെ ഭാര്യചോദിച്ചു. “ഒരുപക്ഷേ, അവർ നിരാശരായിരിക്കാം” എന്നു ലൈബ്രറിയിലെ യുവതി പറഞ്ഞു.

images/HowGermanIsIt.jpg

കഥയുടെ പര്യവസാനത്തിൽ യുവതിയെയും കാണാതെയാകുന്നു. താൻ കൊണ്ടുവന്ന കളറിങ്ബുക്കും ചായപ്പെൻസില്ലുകളുമായി അമേരിക്കനെഴുത്തുകാരൻ തിരിച്ചുപോകുന്നു. ചായമിടാനുള്ള പുസ്തകവും പെൻസിലുകളും പ്രതിരൂപാത്മകങ്ങളായ വസ്തുക്കളാണു്. പുസ്തകത്തിലുള്ള വർണ്ണരഹിതങ്ങളായ പടങ്ങളിൽ ചായം തേച്ചുകഴിയുമ്പോൾ അവ ജർമ്മനിയിലെ ആളുകളെപ്പോലെയാകുമെന്നാണു് അമേരിക്കക്കാരന്റെ വിശ്വാസം. അങ്ങനെ ജർമ്മനി എന്താണെന്നു മനസ്സിലാക്കാൻ സാധിക്കുമെന്നു് അയാൾ വിചാരിക്കുന്നു. പക്ഷേ, അപരിചിതമായ ആ നാടിനെ മനസ്സിലാക്കാതെ അയാൾ തിരിച്ചു പോകുകയാണു്.

വസ്തുക്കളുടെ സ്വഭാവമന്വേഷിച്ച ഒരു തത്ത്വചിന്തകന്റെ—ബ്രുംഹോൾറ്റിന്റെ—പേരിൽ നിർമ്മിച്ച പട്ടണമാണു് ബ്രുംഹോൾറ്റ്ഷ്റ്റൈൻ. രൂപംകൊണ്ടു് വസ്തുവിനെ മനസ്സിലാക്കാൻ കഴിയുമോ? മറ്റൊരു ബുക്കിലെ മനുഷ്യ രൂപങ്ങളിൽ ചായം തേച്ചാൽ ജർമ്മനിയെ മനസ്സിലാക്കാൻ കഴിയുമോ? ഇല്ല എന്നാണു് അബിഷിന്റെ ഉത്തരം. അപരിചിതമായതു് അപരിചിതമായിത്തന്നെ ഇരിക്കും. ജർമ്മൻ ജനതയുടെ മനസ്സിൽനിന്നു് ജൂതനാശനം മാഞ്ഞുപോയിട്ടില്ലെങ്കിൽ അമേരിക്കൻ ജനതയുടെ മനസ്സിൽനിന്നും അതിനു സദൃശങ്ങളായ നൃശംസതകൾ മാഞ്ഞുപോയിട്ടില്ല. അമേരിക്കയിൽ ആളുകൾ ഒരു കാരണവും കൂടാതെ അപ്രത്യക്ഷരാകുന്നെങ്കിൽ ജർമ്മനിയിലും അതുതന്നെ സംഭവിക്കുന്നു. രൂപത്തിലൂടെ—വാക്കിലൂടെ—വസ്തുവിനെ ഗ്രഹിക്കാൻ പ്രയാസവും. ഇക്കഥ വായിക്കുന്നതു്—അബിഷിന്റെ മറ്റെല്ലാക്കഥകളും വായിക്കുന്നതു്—മഹനീയമായ അനുഭവമാണു്.

അണിയാത്ത ആഭരണം
images/Jorge_Luis_Borges.jpg
ബോർഹേസ്

വാക്കിലൂടെ വസ്തുവിനെ ഗ്രഹിക്കാൻ പ്രയാസമാണെന്നു കുങ്കുമം വാരികയിലെ ‘ഗാഥകൾ പാടുന്ന ആലിലകൾ’ എന്ന ചെറുകഥയും തെളിയിക്കുന്നു. ആഭരണക്കടകളിലെ കണ്ണാടിപ്പെട്ടികളിൽ സ്വർണ്ണാഭരണങ്ങൾ പ്രദർശിപ്പിച്ചിരിക്കുന്നതുപോലെ കുങ്കുമത്തിന്റെ രണ്ടു മൂന്നു പുറങ്ങളിൽ പി. കെ. നന്ദനവർമ്മ കുറെ മനോഹരങ്ങളായ പദങ്ങൾ നിരത്തിവയ്ക്കുന്നു. രാജാവു് അമരനാഥനെ വിളിച്ചു് തന്റെ ജീവിതരഹസ്യങ്ങളാകെ അറിയിച്ചു. അക്കൂട്ടത്തിൽ അമരനാഥന്റെ പ്രേമഭാജനത്തോടു് ബന്ധമുണ്ടെന്ന രഹസ്യവും പകർന്നുകൊടുത്തു. ദുഃഖം സഹിക്കാനാവാതെ അമരനാഥൻ ആത്മഹത്യ ചെയ്തുപോലും. പഴഞ്ചനിൽ പഴഞ്ചനായ ഈ വിഷയം ഒരു സാങ്കല്പികലോകവും പ്രദർശിപ്പിക്കാതെ, ഒരു ഭാവനാത്മകലോകവും ആവിഷ്കരിക്കാതെ നിശ്ചേതനത്വമാർന്നു മലർന്നുകിടക്കുന്നു; പട്ടും കച്ചയും പ്രതീക്ഷിച്ചു്. വാക്കുകളും വസ്തുക്കളും അന്യോന്യം ബന്ധപ്പെട്ടവയാണു്. ഒരു വാക്കെടുത്തിടുമ്പോൾ വസ്തു ചലനംകൊള്ളണം. ചലിക്കുന്ന വസ്തുക്കളെ നമ്മൾ കാണും. ആഭരണക്കടയിലെ നെക്ക്ലസ് എടുത്തു് സുന്ദരി ഗളനാളത്തിൽ ചേർക്കുമ്പോൾ ആ സ്വർണ്ണാഭരണത്തിനു് ‘അർത്ഥ’മുണ്ടാകുന്നു. കാന്തിയുണ്ടാകുന്നു. നന്ദനവർമ്മ എടുത്തു താഴെ വയ്ക്കുന്ന പദങ്ങളാകുന്ന ആഭരണങ്ങൾ കഴുത്തിൽ ചേർക്കാൻ ആരുമില്ല. നിരാശരായി വായനക്കാർ എഴുന്നേറ്റു പോകുമ്പോൾ കഥാകാരൻ അവയെടുത്തു വീണ്ടും കണ്ണാടി അലമാരിക്കുള്ളിൽ വയ്ക്കുന്നു. നിഷ്പ്രയോജനമായ പ്രവർത്തനം. ഈ അലങ്കാരപ്രയോഗം ആശയാവിഷ്കാരത്തിനു് അസമർത്ഥമാണെന്നു വായനക്കാർക്കു തോന്നുന്നുണ്ടോ? എങ്കിൽ വ്യക്തമായിപ്പറയാം. കഥയ്ക്കുവാക്കുകളല്ലാതെ ഭാവശില്പമില്ല. ആശയത്തിന്റെ ചാരുതയില്ല. സാഹിത്യ രചനകളിൽ എപ്പോഴുമുണ്ടായിരിക്കേണ്ട ഇമേജുകൾ ഇല്ല.

വാൾട്ടർ അബിഷ് Minds Meet എന്ന ഫിക്‍ഷനിൽ എഴുതിയ ചില വാക്യങ്ങൾ In the future Perfect എന്ന ഗ്രന്ഥത്തിൽ അവതാരികയെഴുതിയ വിശ്രുത നിരൂപകൻ മൽകം ബ്രഡ്ബറി ഉദ്ധരിക്കുന്നുണ്ടു്:

When a word is not understood, the person using it is obliged to spell it aloud… In the more rural sections of the U. S. people do not resort to spelling difficult words… Instead they plunge a V-shaped knife into the other fella, who moans, “Ohhh” O also happens to be the fifteenth letter in the alphabet. For some reason it is often used by insecure people.

നമ്മുടെ കഥാകാരന്മാർ ഉറപ്പില്ലാത്തവരാണു്.

വായ്പുണ്ണു്

എന്റെ കുട്ടിക്കാലത്തു് ചലച്ചിത്രതാരം അശോക് കുമാർ എന്റെ ആരാദ്ധ്യപുരുഷനായിരുന്നു. മേഘത്തെ നോക്കി “ആരേ ബാദൽ ധീരേ ധീരേ ജാ; മര ബുൽബുൽ സോ രഹാ ഹേ” എന്നു് അദ്ദേഹം പാടുന്നതും മറ്റും ഇന്നും എന്റെ ആന്തരശ്രോത്രം കേൾക്കുന്നു. കാളവണ്ടിയോടിക്കുന്ന അദ്ദേഹം ഒരു വൈയ്ക്കോൽ നാരു കടിച്ചുകൊണ്ടു് പാടുന്നതും ഞാൻ കേൾക്കുന്നു. ഇന്നു് അശോക് കുമാർ വായ്പുണ്ണോടുകൂടി ടെലിവിഷനിൽ പ്രത്യക്ഷനാകുമ്പോൾ—മിക്കവാറും ദിവസങ്ങളിൽ പ്രത്യക്ഷനാകുമ്പോൾ— എനിക്കു വെറുപ്പു് ഉണ്ടാകുന്നു. ഞാൻ ആ ഉപകരണത്തിന്റെ മുൻപിൽനിന്നു് എഴുന്നേറ്റു പോകുന്നു. ഒരു പ്രായമൊക്കെയായാൽ മനുഷ്യർ ഒതുങ്ങണം. സാന്നിദ്ധ്യംകൊണ്ടു് മനുഷ്യരെ ക്ലേശിപ്പിക്കരുതു്. മനോരമ ആഴ്ചപ്പതിപ്പിൽ സണ്ണിമറ്റക്കര എഴുതിയ ‘സ്വപ്നങ്ങളിലെ സ്വർഗ്ഗം’ എന്ന ചെറുകഥ പഴകിയ വായ്പുണ്ണാണു്. അതു് കാണാൻ പ്രയാസം. ദരിദ്രനായിരുന്ന ഒരുത്തൻ ഭാര്യയുടെ ഉപദേശമനുസരിച്ചു് കൈക്കൂലിവാങ്ങി ധനികനാകുന്നു. മനഃസാക്ഷിക്കുത്തുകൊണ്ടു് സ്വപ്നങ്ങൾ കാണുന്നു. ഒടുവിലങ്ങു് ചാകുകയും ചെയ്യുന്നു. ഇമേജുകളില്ലാത്ത വെറും ചിന്തയാണു് ഈ ചെറുകഥ. ഭാവനയാണു് ഇമേജ് സൃഷ്ടിക്കുന്നതു്. റൊമാൻസിനോടു് ബന്ധപ്പെട്ട ഇമേജുകൾ സി. വി. രാമൻപിള്ള യും ചന്തുമേനോനും സൃഷ്ടിച്ചു. യാഥാതഥ്യത്തോടു ബന്ധപ്പെട്ട ഇമേജുകളാണു് തകഴി യുടെയും കേശവദേവി ന്റെയും കൃതികൾ. സണ്ണി മറ്റക്കരയ്ക്കു് ഭാവനയില്ലാത്തതുകൊണ്ടു് ഇമേജ് സൃഷ്ടിക്കു് കഴിയുന്നില്ല. അതുകൊണ്ടു് അദ്ദേഹം ഉപന്യാസം—essay—എഴുതുന്നു.

images/Malcolm-bradbury.jpg
മൽകം ബ്രഡ്ബറി

കോട്ടയം-പെരുമ്പാവൂർ റോഡിൽ വളവുകളും തിരിവുകളും ധാരാളം. അതിൽ ഒരു വളവു് “ഹെയർ പിൻബെൻഡ് ” ആയാൽ ആരും ശ്രദ്ധിച്ചില്ലെന്നു വരും. തിരുവനന്തപുരം-കന്യാകുമാരി റോഡ് ഋജുരേഖപോലെയാണു്. അതിൽ ഹെയർ പിൻ വളവുണ്ടായാൽ എല്ലാവരും അസ്വസ്ഥരാകും. പല വളവുകളുള്ള സ്ത്രീയുടെ ശരീരത്തിൽ മൂക്കിനു കൂടുതൽ വളവുണ്ടായാൽ കാഴ്ചക്കാർ പൊതുവായ വൈരൂപ്യത്തെ അംഗീകരിക്കുന്ന വേളയിൽ ആ നാസികാവൈരുപ്യത്തെയും അംഗീകരിച്ചുകൊള്ളും. എന്നാൽ ഒരതിസുന്ദരിക്കു് മൂക്കുമാത്രം വളവാർന്നതായാൽ ദ്രഷ്ടാക്കൾക്കു് എന്തൊരു വൈഷമ്യമായിരിക്കും! ഇക്കാരണത്താൽ ‘മ’ പ്രസാധനങ്ങളിലെ കഥകൾ എനിക്കിപ്പോൾ ക്ഷോഭം ജനിപ്പിക്കാറില്ല. കാക്കനാടനും മുകുന്ദനും സേതുവും മറ്റും മോശപ്പെട്ട കഥകളെഴുതുമ്പോൾ എനിക്കതു സഹിക്കാനാവുന്നില്ല.

ശിഖണ്ഡിപ്രായം

സൂസൻ ലാംഗർ അന്തരിച്ചു. ധിഷണവികാരത്തിന്റെ ഉത്കൃഷ്ട രൂപമാണെന്നുവാദിച്ച ഫിലോസഫറായിരുന്നു അവർ. ലാംഗറെവിടെ? ഞാനെവിടെ? എങ്കിലും ധിഷണ വികാരത്തിന്റെ രൂപമാണെന്നോ അല്ലെങ്കിൽ രണ്ടും ഒന്നാണെന്നോ വാദിക്കുന്നതു് നമ്മുടെ അനുഭവത്തിനു വിരുദ്ധമാണു്. സാഹിത്യസൃഷ്ടി ആശയപ്രധാനമായിരിക്കുമ്പോൾ അതു് ധിഷണയോടു ബന്ധപ്പെട്ടതായി നമ്മൾ കരുതുന്നു. അതു് വികാര പ്രധാനമായിരിക്കുമ്പോൾ ഹൃദയത്തോടു ബന്ധപ്പെട്ടതായി വിചാരിക്കുന്നു. മലയാളത്തിൽനിന്നു് ഉദാഹരണമെടുക്കുന്നില്ല, വഴക്കിനു വരുന്നവരെ പേടിച്ചു്. ആൽഡസ് ഹക്സിലി യുടെ നോവലുകൾ ധിഷണാപരങ്ങളാണു്.

images/Susanne_Langer.jpg
സൂസൻ ലാംഗർ

എമലി ബ്രോന്റി യുടെ ‘വതറിങ് ഹൈറ്റ്സ് ’ (വുതറിങ് എന്നും) വികാരപ്രധാനമത്രേ. ജീവിതം ധിഷണാത്മകമെന്നതിനെക്കൾ വികാരാത്മകമാണു്. നമ്മൾ ഉണർന്നിരിക്കുന്നസമയത്തിന്റെ 99 ശതമാനവും വൈകാരികമാണു്. അതുകൊണ്ടു് വികാരാത്മകമായ സാഹിത്യമേ ജീവിതസ്പർശിയാകൂ. ആശയപ്രധാനമായ സാഹിത്യ സൃഷ്ടി ജീവിതത്തിന്റെ ഒരു മുഖം മാത്രം കാണിക്കുന്നു. വികാരപ്രധാനമായതു് ജീവിതത്തിന്റെ പല മുഖങ്ങൾ പ്രദർശിപ്പിക്കുന്നു. അതിനാൽ ഹക്സിലിയുടെ ഏതു നോവലും ഒരു തവണമാത്രമേ വായിക്കാൻ പറ്റൂ. വതറിങ് ഹൈറ്റ്സ് എത്ര തവണവേണമെങ്കിലും വായിക്കാം. എൻ. പി. രാജശേഖരൻ മാതൃഭൂമി ആഴ്ചപ്പതിപ്പിലെഴുത്തിയ ‘താശിയുടെ മണം.’ എന്ന ചെറുകഥ ആശയ പ്രധാനമല്ല; വികാര പ്രധാനവുമല്ല. കഥ പറയുന്ന ആൾ ഓടയിൽ നിന്നു് പൊക്കിയെടുത്തുകൊണ്ടുവന്ന പൂച്ചയാണു് താശി. താശി വീട്ടിലെത്തുന്നതുവരെ അവിടെ നിറഞ്ഞുനിന്നതു് കഥ പറയുന്ന ആളിന്റെ മകൾ നിഷയുടെ മണമായിരുന്നു. പൂച്ച വന്നു കഴിഞ്ഞപ്പോൾ അതിന്റെ മണമായി അവിടെ. ദിനങ്ങൾ കഴിഞ്ഞു. പൂച്ചയുടെ ജന്തുസഹജമായ വാസനകൾ പ്രകടമായപ്പോൾ അവരതിനെ നാട്ടിൽ കൊണ്ടാക്കി. അതോടെ നിഷയുടെ മണം ഭവനത്തിൽ പ്രസരിക്കുകയായി. സ്നേഹത്തിന്റെ ഭാജനമായിരുന്ന പൂച്ചയുടെ മണം അതു വീട്ടിലുള്ളിടത്തോളം കാലം സുഖപ്രദം. അതു് അപ്രത്യക്ഷമായപ്പോൾ മകൾ വീണ്ടും സ്നേഹഭാജനമായി ഭവിക്കുന്നു. അതിന്റെ മണം അന്നുതൊട്ടു് ആസ്വാദ്യമാകുന്നു. ചതഞ്ഞരഞ്ഞ മട്ടിലാണു് രാജശേഖരന്റെ ആഖ്യാനം. ആ ആഖ്യാനത്തിൽ ഇമേജുകൾ വിടരുന്നില്ല. അതുപോകട്ടെ. ഹൃദയാവർജ്ജകമായ ഏതെങ്കിലും ആശയം ഇതിലുണ്ടോ? നിഷേധരൂപത്തിലേ അതിനു മറുപടി പറയാനാവൂ. പൂച്ചയുടെ നേർക്കു് സഹതാപമെന്ന വികാരം പ്രവഹിക്കുന്നോ? അതുമില്ല. അതിനാലാണു് ഇക്കഥ ശിഖണ്ഡിപ്രായമായിരിക്കുന്നുവെന്നു പറയുന്നതു്. വല്ല ആശയവും ഇതിലുണ്ടെങ്കിൽ അതു് കഥാകാരന്റെ ചലനാത്മകമായ ധിഷണയുടെ സന്താനമായി പ്രത്യക്ഷമാകുന്നില്ല. വല്ല വികാരവും ഇതിലുണ്ടെങ്കിൽ അതിനു ഊഷ്മളതയുമില്ല. ഇത്തരം നിർജ്ജീവങ്ങളായ കഥകൾ ഭാഷയ്ക്കു ദോഷം സംഭവിപ്പിക്കും.

images/CVRamanpillai.png
സി. വി. രാമൻപിള്ള

എൻ. പി. രാജശേഖരനെ ഉദ്ദേശിച്ചു പറയുകയല്ല; ആശയപ്രധാനങ്ങളായ കഥകൾ രചിക്കുന്നവരെ ലക്ഷ്യമാക്കിയാണു് പ്രസ്താവം. ഇപ്പോഴത്തെ പരിഷ്കാരികൾക്കു പണംവയ്ക്കാൻ പേഴ്സാണു് വേണ്ടതു്. പെണ്ണുങ്ങൾ വാനിറ്റിബാഗ് ഉപയോഗിക്കും അതിനുവേണ്ടി. ധനികർ സാമാന്യം വലിയ ബാഗിനകത്തു നോട്ട്കെട്ടുകൾ വച്ചു കൊണ്ടു നടക്കും. പണ്ടത്തെ കിഴവന്മാർക്കു മടിശ്ശീലയാണു് ഉപകരണം. അതു് മുണ്ടിനിടയിൽ നിന്നു വലിച്ചെടുത്തു് നൂലു ‘ലൂസാക്കി’ പണമെടുത്തു് എണ്ണിക്കൊടുക്കും. വടക്കൻ ദിക്കിൽ മറ്റൊരു രീതി. ‘കോഴിക്കോട്ടേക്കു് ഒരു ഫുള്ളും ഒരു ഹാഫും’ എന്നു കണ്ടക്ടറോടു പറഞ്ഞിട്ടു് ഉടുത്തിരിക്കുന്ന മുണ്ടു് വലിച്ചങ്ങുപൊക്കും. തെക്കൻ ദിക്കിലുള്ളവർ സംഗതി അശ്ലീലമാകുമോ എന്നു ഭയന്നിരിക്കുമ്പോൾ ഒരു കറുത്ത അണ്ടർവെയർ കാണാറാകും. അതിന്റെ പോക്കറ്റിലേക്കു കൈകടത്തി പ്രയാസപ്പെട്ടു വലിച്ചെടുക്കുന്ന കറൻസി നോട്ടുകൾ കണ്ടക്ടറുടെ കൈയിലേക്കു പകരുകയായി. മുണ്ടു് താഴ്ത്തിയിടുന്നതുവരെ നമുക്കു വല്ലായ്മയാണു്. പത്തു പൈസയുടെ ബീഡിവാങ്ങണമെങ്കിൽ, ഒരു ഗ്ലാസ്സ് നാരങ്ങാ വെള്ളം കുടിക്കണമെങ്കിൽ മുണ്ടു് ഉയർന്നേ തീരൂ. കറുത്ത അണ്ടർവെയർ കാഴ്ചക്കാർക്കു വൈക്ലബ്യം വരുത്തിയേ തീരു. കഥയെഴുതണമെന്നു തോന്നിയാലുടനെ മുണ്ടു പൊക്കി അണ്ടർവെയറിന്റെ കീശയിൽനിന്നു് ആശയങ്ങളാകുന്ന നോട്ടുകളോ നാണയങ്ങളോ വലിച്ചെടുക്കുന്ന രീതി ജുഗുപ്സാവഹമാണു്.

മരണത്തിനു ടിക്കറ്റ്

പട്ടാട്ടു കുമാരനെ എനിക്കു പരിചയമുണ്ടു്. അതുകൊണ്ടു് അദ്ദേഹത്തിന്റെ ചെറുകഥ —‘യാത്രയുടെ അവസാനം’ എക്സ്പ്രസ്സ് വാരികയിൽ കണ്ടപ്പോൾ ആഹ്ലാദത്തോടെ ഞാനതു വായിക്കാൻ തുടങ്ങി. തുടങ്ങിയപ്പോൾത്തന്നെ മനസ്സിലായി പൈങ്കിളി രംഗപ്രവേശം ചെയ്യുമെന്നു്. എങ്ങനെ പ്രവേശിക്കും? സാരിയുടുത്താണോ? അതോ സ്കേർട്ട് ധരിച്ചാണോ? അതോ മിനിസ്കേർട്ട് ധരിച്ചാണോ? ഇനി ഒരുപക്ഷേ, അങ്ങനെയൊന്നുമല്ലായിരിക്കും. സെൽവാറും കമ്മീസും ധരിച്ചാവാം (നമ്മൾ കുളിക്കാൻ പോകുമ്പോൾ തോർത്തെടുത്തു് മാലപോലെ കഴുത്തിലിടുകില്ലേ? അതുപോലെ നേർത്ത ഒരുതുണ്ടുതുണി നെഞ്ചിലൂടെ കഴുത്തിലേക്കു കയറ്റിയിട്ടിരിക്കും ഈ പുതിയ വേഷം കെട്ടലിൽ). എന്റെ എല്ലാ പ്രതീക്ഷകളും തെറ്റിപ്പോയി. പൈങ്കിളിക്കു വസ്ത്രമേയില്ല. അവൾ നഗ്നരൂപത്തിൽ “ഇരുന്നുകൊണ്ടു് രംഗപ്രവേശം” ചെയ്തിരിക്കുകയാണു്. ഇത്തരം കഥകളുടെ സംഗ്രഹം നല്കുന്നതുപോലും പാഴ്‌വേലയാണു്. എങ്കിലും നല്കാം. ഒരു വിപ്ലവപ്പാർട്ടിയിൽപ്പെട്ട ചെറുപ്പക്കാരൻ അതേ പാർട്ടിയിൽപ്പെട്ട ചെറുപ്പക്കാരിയെ ബസ്സിൽ വച്ചു പരിചയപ്പെടുന്നു. പരിചയം പ്രേമമായി വികസിക്കുന്നു. പ്രതികൂല സാഹചര്യങ്ങളിൽ ചെന്നുവീണ യുവതി വേറൊരുത്തനെ വിവാഹം കഴിക്കുന്നു. സന്താനത്തോടുകൂടിവന്ന അവളെക്കണ്ട് അയാൾ ദുഃഖിക്കുന്നു. വിമർശനമർഹിക്കാത്തവിധം ക്ഷുദ്രമായ ഇക്കഥയിൽ സാഹിത്യത്തിന്റെ ഗുണമൊന്നുമില്ലെന്നു് എടുത്തുപറയേണ്ടതില്ല. പണ്ടു ഷൊർണ്ണൂർ തീവണ്ടിയാപ്പീസിലെ പ്ളാറ്റ്ഫോമിൽ ഞാൻ അസ്വസ്ഥനായി അങ്ങോട്ടുമിങ്ങോട്ടും നടന്നു. ട്രെയിൻ സമയത്തു് എത്താത്തതുകൊണ്ടാണു് എനിക്കു് അസ്വസ്ഥത ഉണ്ടായതു്. സരസമായ ഒരു നമ്പൂതിരി എന്നോടു ചോദിച്ചു: “ടിക്കറ്റെടുത്തോ വണ്ടിക്ക്.” “എടുത്തു.” “പരിഭ്രമത്തിനുള്ള ടിക്കറ്റും എടുത്തിട്ടുണ്ടു് അല്ലേ?” ടിക്കറ്റ് എടുത്ത വേളയിലാണു് കഥയിലെ നായകനു് നായികയെ പരിചയപ്പെടാൻ ഭാഗ്യമുണ്ടായതു്. ഇത്തരം കഥകൾ പതിവായി വായിക്കുന്ന ഞാൻ പരിഭ്രമത്തിനുള്ള ടിക്കറ്റ് എടുത്തിരിക്കുകയാണു്.

ശ്രീരേഖ
images/Aldous_Huxley.png
ആൽഡസ് ഹക്സിലി

മനസ്സേ തെളിഞ്ഞുവരു. ഇതാ ശ്രീരേഖയുടെ നല്ല കാവ്യം ദേശാഭിമാനി വാരികയിൽ. ശ്രീരേഖയെ ഒന്നു പരിചയപ്പെടു. എന്റെ പരിചയപ്പെടുത്തൽ ഓർമ്മയെ അവലംബിച്ചു കൊണ്ടാണു്. തെറ്റാവുകയില്ലെന്നാണു് വിശ്വാസം. 1950. സങ്കോചത്തോടെ ഞാൻ ആദ്യമായി ക്ലാസ്സിൽ കടന്നുചെല്ലുകയാണു്. പറഞ്ഞതൊക്കെ കുട്ടികളും എഴുതിയെടുക്കുന്നു. ഒരു വിദ്യാർത്ഥി മാത്രം ഒന്നും കുറിച്ചെടുക്കുന്നില്ല. അയാൾ ശ്രദ്ധിച്ചിരിക്കുന്നതേയുള്ളു. എനിക്കു് അയാളോടു നീരസം തോന്നിയതു സ്വാഭാവികം. ഒരു മാസം കഴിഞ്ഞു. ഒരു ദിവസം ആ വിദ്യാർത്ഥി ഒരു നോട്ട്ബുക്ക് എന്നെ കാണിച്ചു. ഞാൻ ഓരോ ക്ലാസ്സിലും പറഞ്ഞതെല്ലാം “വള്ളി പുള്ളി വിസർഗ്ഗം” വിടാതെ അയാൾ നോട്ട്ബുക്കിൽ എഴുതിവച്ചിരിക്കുന്നു. ഇതെങ്ങനെ എന്നു ഞാൻ അദ്ഭുതത്തോടെ ചോദിച്ചപ്പോൾ “താമസിക്കുന്നിടത്തു ചെന്നിട്ടു ഓർമ്മയിൽനിന്നു് എഴുതിയാണു്” എന്നു മറുപടി പറഞ്ഞു. എനിക്കു് അയാളുടെ കഴിവിൽ ബഹുമാനം തോന്നി. ആ വിദ്യാർത്ഥിയോടു സ്നേഹം തോന്നി. “പേരു് ?” “ശ്രീധരൻ.” മാസങ്ങൾ കഴിഞ്ഞു. ശ്രീധരനെ ക്ലാസ്സിൽ കാണാനില്ല. എവിടെപ്പോയെന്നു ഞാൻ അന്വേഷിച്ചപ്പോൾ “പഠിക്കാൻ പണമില്ലാതെ തിരിച്ചു പോയി” എന്നു് ആരോ പറഞ്ഞു. ഞാൻ ദുഃഖിച്ചു. ആ വിദ്യാർത്ഥി എന്നോടൊന്നു സൂചിപ്പിച്ചിരുന്നെങ്കിൽ അയാളുടെ എല്ലാ ചെലവുകളും ഞാൻ ഏറ്റെടുക്കുമായിരുന്നു. അഭിമാനിയായ ശ്രീധരൻ അതു ചെയ്തില്ല. ആ കുട്ടിയാണു് പില്ക്കാലത്തു് ശ്രീരേഖയെന്ന പേരിൽ പ്രസിദ്ധനായിത്തീർന്ന കവി. എന്റെ ഈ അറിവു് ശരിയാണെന്നു തോന്നുന്നു. ഇനി അദ്ദേഹത്തിന്റെ കാവ്യം വായിക്കൂ. “കിങ്കിണിക്കാടിന്റെ കഥ.” നാടുവാഴി പ്രജകളുടെ ദുഃഖമൊക്കെ കേട്ടു് പരിഹാരങ്ങൾ നിർദ്ദേശിക്കുന്നു. ദുഃഖനിവേദനത്തിനു് എത്തിയവരുടെ കൂട്ടത്തിൽ കിങ്കിണിപ്പുഴയ്ക്കു് അക്കരെ താമസിക്കുന്ന ഒരു പാവവുമുണ്ടു്. ചിലർ വനം നശിപ്പിക്കുന്നുവെന്നാണു് അയാളുടെ പരാതി. അതു കേട്ടയുടനെ വനനാശനം നടത്തുന്നവരെ തൂക്കിക്കൊല്ലാൻ നാടുവാഴി കല്പിച്ചു. ഈട്ടികൊണ്ടു തീർത്ത കഴുമരങ്ങൾ സ്ഥാപിച്ചു. അവയിൽ ആ കശ്മലന്മാരെ തൂക്കിക്കൊന്നു. കലാസൗന്ദര്യത്തിനു കിരീടം വയ്ക്കുന്നമട്ടിൽ ശ്രീരേഖ കാവ്യം അവസാനിപ്പിക്കുന്നു:

“ഇന്നുമുണ്ടുപോലാവനത്തിൽ കുറെ

വൻ കഴുക്കളുമസ്ഥികൂടങ്ങളും

നാടുവാഴുന്ന തമ്പുരാന്മാരതിൻ

കീഴിരുന്നിന്നു കാടുവെട്ടുന്നുപോൽ”

‘ഫോൾക്ക് ’ സോങ്ങിനു ചേർന്നമട്ടിലുള്ള സ്പഷ്ടമായ ആഖ്യാനം. ആ ആഖ്യാനത്തിനു ചാരുതയേറുന്ന ഭാവാത്മകത്വം. ഇവയാണു് ഈ കാവ്യത്തിന്റെ മുദ്രകൾ.

വാക്കുകൾ പ്രവാഹങ്ങൾ

ചിലർക്കു് വാക്കുകൾ കല്ലുകൾപോലെയാണു്. അവർ ആഞ്ഞു ചവിട്ടിയാലും അവ അനങ്ങുകയില്ല. മറ്റു ചിലർക്കു പദങ്ങൾ രസബിന്ദുക്കൾപോലെ. ഒന്നു തട്ടിയാൽ സ്ഥാനം മാറും. മാറിയിടത്തു കിടക്കും. വേറെ ചിലർക്കു വാക്കുകൾ പ്രവാഹം പോലെയാണു്. പ്രവാഹത്തിനു ലയമുണ്ടു്. ആ പ്രവാഹം തന്നെ സവിശേഷമായ അന്തരീക്ഷം സൃഷ്ടിക്കും. ആ അന്തരീക്ഷത്തിന്റെ സവിശേഷതയാണു് ജോയിക്കുട്ടി പാലത്തുങ്കൽ കലാകൗമുദിയിലെഴുതിയ “രഹസ്യങ്ങളുടെ പൊരുൾ” എന്ന കഥയ്ക്കുള്ളതു്. രണ്ടു മദ്യപന്മാർ. ഒരാൾ ക്രൂരൻ, പ്രായം കൂടിയവൻ. മറ്റൊരാൾ ക്രൂരനല്ലെന്നു തോന്നിക്കുന്നവൻ. പിന്നീടു് തെളിയുന്നു അവനും നൃശംസതയുടെ പ്രതിരൂപമാണെന്നു്. അവരുടെ വീട്ടിലെത്തിയ അഭിസാരികയെ അവർ മുഖംകരിച്ചു കൊല്ലുന്നു. കാരണമുണ്ടു്. പ്രായം കൂടിയവന്റെ ഭാര്യയെ ഗൾഫ് രാജ്യത്തിലെവിടെയോ അവർ വിറ്റുകളഞ്ഞു പകരം ബന്ധുക്കളെ കാണിക്കാൻ ഒരു ജഡം വേണമെന്നതാണു്. ഒരു സമകാലിക സംഭവത്തെ ‘കോമിക്ക്’ ആയി അവതരിപ്പിക്കുകയാണു് കഥാകാരൻ. വികാരത്തിനും ഇമേജറിക്കും വർണ്ണം കലർത്തി പദങ്ങളെ പ്രവഹിപ്പിക്കുന്ന രീതിയാണു് അദ്ദേഹത്തിന്റേതു്. (മുൻപൊരിക്കൽ ജോയിക്കുട്ടി പാലത്തുങ്കലിന്റെ ഏതോ ഒരു കഥയ്ക്കു പോരായ്മയുണ്ടെന്നു പറഞ്ഞതുകൊണ്ടാവണം അദ്ദേഹം എന്നെ കഥാപാത്രമാക്കി ഒരു കഥ എഴുതിയിരുന്നു. അവഹേളനം നിറഞ്ഞ അക്കഥയിൽ എന്റെ പേരില്ലായിരുന്നു. പക്ഷേ, വായിക്കുന്നവർക്കൊക്കെ അതു് എന്നെ ലക്ഷ്യമാക്കി എഴുതിയതാണെന്നു മനസ്സിലാകുമായിരുന്നു. വ്യക്തി ശത്രുതയെ ചങ്ങലകൊണ്ടു കെട്ടിയിടണം കഥാകാരന്മാർ. സാഹിത്യത്തെ പകപോക്കലിനു വേണ്ടി ഉപയോഗിക്കരുതു്. എനിക്കും കഥയെഴുതാനറിയാം. ഞാനെഴുതിക്കൊടുത്താൽ കേരളത്തിലെ ഏതു പത്രവും ഏതു വാരികയും അതു് അച്ചടിക്കുകയും ചെയ്യും. ജോയിക്കുട്ടിയെ ആക്ഷേപിച്ചു് എനിക്കു് കഥയെഴുതാൻ എളുപ്പമാണു്. പക്ഷേ, ഞാനതു ചെയ്യുകയില്ല. ആ പ്രതികാരവാഞ്ഛ എന്റെ രക്തത്തിലില്ല.)

images/Chandu_Menon.jpg
ചന്തുമേനോൻ

വൃക്ഷങ്ങൾക്കു് അന്യോന്യം ആശയങ്ങൾ പകരാൻ കഴിയുമെന്നു് ശാസ്ത്രജ്ഞന്മാർ കണ്ടുപിടിച്ചതായി ഞാൻ എവിടെയോ വായിച്ചിട്ടുണ്ടു്. ഒരു ജീവി ഏതെങ്കിലും മരത്തെ ആക്രമിച്ചു് വിഷം കൊണ്ടു് അതിനെ നശിപ്പിക്കാൻ തുടങ്ങുകയാണെങ്കിൽ ഉടനെ അതു് ഒരു ഗന്ധം പ്രസരിപ്പിക്കുമത്രേ. അതു പിടിച്ചെടുക്കുന്ന മറ്റൊരു മരം ആ വിഷത്തെ തടയാനുള്ള ദ്രാവകം ഉണ്ടാക്കും. ഈ കാര്യം അടുത്ത മരത്തെ മണം പ്രസരിപ്പിച്ചു് അറിയിക്കുകയും ചെയ്യും. ശരിയായിരിക്കാം “മണത്തു കാര്യങ്ങൾ അറിയുന്നു” എന്നു നമ്മൾ പറയാറുണ്ടല്ലോ. വാരികയിൽ അച്ചടിച്ചുവരുന്ന കഥകൾ നല്ലവയാണോ എന്നറിയാൻ മണം മനുഷ്യനെ സഹായിച്ചെങ്കിൽ! ദൗർഭാഗ്യത്താൽ മരത്തിനുള്ള കഴിവു് മനുഷ്യനില്ല.

നിരീക്ഷണങ്ങൾ

“നീണ്ട ഒരു രാത്രിക്കുശേഷം സ്വാതന്ത്ര്യത്തിന്റെ പൊൻപുലരിയിൽ ഉണർന്ന എന്റെ രാജ്യം വീണ്ടും ഇരുട്ടിലേക്കു വഴുതിപ്പോവുമോ എന്നാണു് എന്റെ ഉത്കണ്ഠ”—ഡോക്ടർ എൻ. എ. കരിമി ന്റെ ഉത്കണ്ഠയാണിതു്. (മനോരാജ്യം, ലക്കം 35) മനോഹരമായ മലയാളഭാഷയിൽ ആശയാവിഷ്കാരം നടത്തുന്ന അദ്ദേഹത്തോടു പറയട്ടെ: Sir that is only an understatement. രാജ്യം ഇരുട്ടിലായിക്കഴിഞ്ഞു. പ്രകാശത്തിലാണെന്നു ഉദ്ഘോഷിക്കുന്നവർ രാഷ്ട്രീയ നേതാക്കൾ മാത്രമാണു്.

“ധനം, പിതൃപുത്രബന്ധത്തെപ്പോലും തട്ടിത്തകർക്കുന്ന കാഴ്ച അപൂർവ്വമല്ല” (മനോരാജ്യം, ലക്കം 36). ഉത്കൃഷ്ടങ്ങളായ ആശയങ്ങൾ ഉള്ള ഈ കൊച്ചു ലേഖനത്തിൽ ഈ വ്യാകരണത്തെറ്റു് വന്നതു നന്നായില്ല. പിതൃപുത്ര ബന്ധം തെറ്റു്; പിതാ പുത്രബന്ധം ശരി എന്നു് സിദ്ധാർത്ഥനെ സവിനയം അറിയിക്കട്ടെ. (പുത്രശബ്ദം പിൻവരുമ്പോൾ പൂർവ്വപദാന്ത്യമായ ഋകാരത്തിനു് ‘ആ’കാരാദേശം.)

ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റിൽ ഇരുന്നു പതിവായി മോഷണം നടത്തിയ ഒരുദ്യോഗസ്ഥൻ മറ്റൊരു ഡിപ്പാർട്ട്മെന്റിൽ വരുമ്പോൾ വെള്ളം മോഷ്ടിക്കാൻ തുടങ്ങുന്നു—തുളസിയുടെ കഥ ജനയുഗം വാരികയിൽ— ഹാസ്യത്തിലൂടെ ‘കറപ്ഷ’നെ വിമർശിക്കുന്നു കഥാകാരൻ.

ജോയിക്കുട്ടി പാലത്തുങ്കൽ കലാകൗമുദിയിലെഴുതിയ കഥയ്ക്കു് നമ്പൂതിരി വരച്ചുചേർത്ത തരുണിയുടെ ചിത്രം ചേതോഹരമായിരിക്കുന്നു. അതിസുന്ദരി. ചിത്രകാരനോടു് ഒരു വാക്കു്. “ഇത്ര സൗന്ദര്യം വരുത്തരുതു് ഒരു സ്ത്രീക്കും. വയസ്സുകാലത്തു് എനിക്കു രാഗമുണ്ടാകും അവളോടു്.”

Colophon

Title: Sāhityavāraphalam (ml: സാഹിത്യവാരഫലം).

Author(s): M Krishnan Nair.

First publication details: Kalakaumudi Weekly; Trivandrum, Kerala; 1998-08-18.

Deafult language: ml, Malayalam.

Keywords: M Krishnan Nair, Sahityavaraphalam, Weekly Lietrary Column, സാഹിത്യവാരഫലം, എം കൃഷ്ണൻ നായർ, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: August 23, 2021.

Credits: The text of the original item is copyrighted to J Vijayamma, author’s inheritor. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-NC-SA 4​.0). Any reuse of the material should credit the Sayahna Foundation, only noncommercial uses of the work are permitted and adoptations must be shared under the same terms.

Production history: Data entry: MS Aswathi; Proofing: Abdul Gafoor; Typesetter: JN Jamuna; Digitizer: KB Sujith; Encoding: LJ Anjana.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.