സാഹിത്യവാരഫലം
എം കൃഷ്ണൻ നായർ
(കലാകൗമുദി വാരിക, 1985-10-13-ൽ പ്രസിദ്ധീകരിച്ചതു്)

images/Sguptannair.jpg
ഗുപ്തൻനായർ

എട്ടോ ഒൻപതോ കൊല്ലം മുമ്പാണു്. കുലീനത സ്ഫുരിക്കുന്ന മുഖമാർന്ന ഒരു ഭ്രാന്തനായ യാചകൻ തിരുവനന്തപുരത്തെ എം. ജി. റോഡിൽ അങ്ങോട്ടുമിങ്ങോട്ടും നടക്കാറുണ്ടായിരുന്നു. വളരെ വേഗത്തിലാണു് നടത്തം. വേഷം മുണ്ടും തോർത്തും മാത്രം. ആരാണു് ഈ മനുഷ്യൻ എന്നു വിചാരിച്ചു തെല്ലൊരു വിസ്മയത്തോടെ ഞാൻ അയാളെ നോക്കുമായിരുന്നു. ഒരു ദിവസം അയാൾ എന്നെ തടഞ്ഞുനിറുത്തിയിട്ടു് ഉറക്കെപ്പറഞ്ഞു. “സാർ ഇന്നലെ ഗുപ്തൻനായർ സ്സാറിനെക്കണ്ടു. അദ്ദേഹത്തിന്റെ ‘ഇസങ്ങൾക്കപ്പുറം’ എന്ന നല്ല പുസ്തകത്തെക്കുറിച്ചു ഞാൻ സംസാരിച്ചു. ഒരൂണിനുള്ള സംഖ്യ ഞാൻ അദ്ദേഹത്തോടു ചോദിച്ചു. ഗുപ്തൻനായർസാർ അതു തരികയും ചെയ്തു. കൃഷ്ണൻനായർ സാർ എഴുതുന്നതൊക്കെ ഞാൻ വായിക്കാറുണ്ടു്. ജനയുഗം വാരികയിലെ ‘സരസ്വതി ലജ്ജിക്കുന്നു’ എന്ന ലേഖനം ഒന്നാന്തരം. പിന്നെ സാറും ഒരൂണിനുള്ള പണം എനിക്കു തരണം”. ഞാൻ അയാൾക്കു് അഞ്ചു രൂപ കൊടുത്തു. അടുത്ത ദിവസവും അയാളെ റോഡിൽ വച്ചു കണ്ടു. അയാൾ പണം ചോദിച്ചു. മൂന്നു രൂപ നല്കി. മൂന്നാമത്തെ ദിവസം രണ്ടു രൂപ. നാലാമത്തെ ദിവസം ഒരു രൂപ. പിന്നെ ദിവസവും ഓരോ രൂപ. അങ്ങനെ നാളേറെയായപ്പോൾ എനിക്കു നന്നേമുഷിഞ്ഞു. ഒരു രൂപയുടെ ദാനം അമ്പതു പൈസയായി കുറഞ്ഞു. ഒരു ദിവസം ഞാനൊരു ഹോട്ടലിൽ ചായകുടിക്കാൻ കയറിയപ്പോൾ ഞാനറിയാതെ അയാളും കയറിവന്നു. അടുത്തിരുന്നു. ഹോട്ടലുടമസ്ഥൻ ചോദിച്ചു: “സമ്മതിച്ചിട്ടുതന്നെയാണോ ഇയാളും കൂടെ കയറിവന്നതു്?” അതേ എന്നു ഞാൻ മറുപടി പറഞ്ഞു. നാറുന്ന കീറിപ്പറഞ്ഞ മുണ്ടോടുകൂടി എന്റെ അടുത്തിരുന്ന അയാളെ ഞാൻ വെറുത്തു. എങ്കിലും അയാൾക്കു് ആവശ്യമുണ്ടായിരുന്നതു് ഞാൻ വാങ്ങിക്കൊടുത്തു. പിന്നീടു പിന്നീടു് അയാളെക്കൊണ്ടുള്ള ഉപദ്രവം സഹിക്കവയ്യാതെയായി എനിക്കു്. ഞാൻ ഒന്നും അയാൾക്കു കൊടുക്കാതെയായി. ഒന്നും കൊടുക്കുന്നില്ലെന്നു കണ്ടപ്പോൾ ഒരു ദിവസം അയാൾ എന്നെ വഴിയിൽ തടഞ്ഞുനിറുത്തി. പൊലീസിനെ അറിയിക്കുമെന്നു ഞാൻ ഭീഷണിപ്പെടുത്തിയപ്പോൾ അയാൾ എന്നെ ഉറക്കെ തെറിപറഞ്ഞു ഇപ്പോൾ അയാളെ കാണാറില്ല. ഏതെങ്കിലും ഭ്രാന്താലയത്തിൽ കിടക്കുന്നുണ്ടാവാം. അതോ അന്തരിച്ചോ? എം. എ. എം. എഡ്. ജയിച്ച ഒരു ഹൈസ്കൂൾ അദ്ധ്യാപകനായിരുന്നു ആ പാവം. ഞാനിതെഴുതിയതു് ദയ എത്ര ക്ഷണികമായ വികാരമാണെന്നു കാണിക്കാനാണു്. മനുഷ്യന്റെ ദയനീയസ്ഥിതിയിൽ കണ്ണീരൊഴുക്കുന്നവൻതന്നെ ഏതാനും മണിക്കൂർ കഴിയുമ്പോൾ അയാളെ പൊലീസിൽ ഏല്പിക്കും.

ദയ കൂടാതെ ഭിക്ഷ നല്കുന്നവരുണ്ടു്. ചെറുപ്പക്കാരൻ തീവണ്ടിയിൽ സഞ്ചരിക്കുന്നു. കുരുടൻ വന്നു യാചിക്കുന്നു. ഒന്നുമില്ല എന്നു മറുപടി. പക്ഷേ യാചിക്കുന്ന സന്ദർഭത്തിൽ ഒരു പെൺകുട്ടി അടുത്തിരിക്കുന്നുവെങ്കിൽ അയാൾ ഒരു രൂപ നല്കിയെന്നുവരും. പെൺകുട്ടി സൗന്ദര്യമുള്ളവളാണെങ്കിൽ രണ്ടു രൂപയാവും കൊടുക്കുക. അവളുടെ സൗന്ദര്യം കൂടുന്തോറും നല്കുന്ന സംഖ്യയും ഏറിവരും. നമ്മളുടെ സാഹിത്യകാരന്മാരും ഇയാളെപ്പോലെയാണു്. മാർക്സിസം എന്ന സുന്ദരി അടുത്തിരുന്നാൽ കവി. കഥാകാരൻ ആശയം വാരിയെറിയും. വേദാന്തമെന്ന സുന്ദരി. ആദ്ധ്യാത്മികത എന്ന സുന്ദരി ഇവരൊക്കെ തൊട്ടപ്പുറത്തിരുന്നാൽ ആശയങ്ങൾ വാരിവാരി എറിയുന്ന സാഹിത്യകാരന്മാർ എത്രയോ പേരുണ്ടു് ഈ കേരളത്തിൽ. കാരുണ്യം ഉണ്ടെങ്കിൽത്തന്നെ അതു ക്ഷണികം. ആ വികാരം തീരെയില്ലാതെ ‘ഐഡിയോളജി’യെ രസിപ്പിക്കുന്നതിനുവേണ്ടി ഭിക്ഷയെറിഞ്ഞാലോ? അതു് ആരുടേയും അംഗീകാരം നേടുകയില്ല. ഐഡിയോളജിയോടു് ഗാഢസമ്പർക്കം പുലർത്തുന്ന സാഹിത്യത്തിനു സാർവലൗകിക സ്വഭാവം കൈവരികയില്ല.

കൈയില്ലാത്ത ഒരുത്തനെ ഒരാൾ ആദ്യമായി കാണുമ്പോൾ ഉണ്ടാകുന്ന ഞെട്ടലിന്റെ ഫലമായി അയാൾ രണ്ടു പെൻസ് കൊടുത്തെന്നുവരും. എന്നാൽ രണ്ടാമത്തെ തവണ പകതിപ്പെൻസേ കൊടുക്കു. മൂന്നാമത്തെ തവണ അയാളെ കാണാനിടവന്നാൽ വികാരരഹിതനായി ആ വികലാംഗനെ അയാൾ പൊലീസിൽ ഏല്പിക്കും.” ബ്രർടോൽറ്റ് ബ്രഹ്റ്റ് (Three Poem Novel, അദ്ധ്യായം 1 ഖണ്ഡിക 2.)

പ്രദേശം, സ്വത്തു്
images/RobertArdrey.jpg
Robert Ardrey

ലിഫ്റ്റിൽക്കയറി ഒരു സ്ത്രീയും ഒരു പുരുഷനും മുകളിലേക്കു പോകുകയാണെന്നിരിക്കട്ടെ. ലിഫ്റ്റിനകത്തു കുറച്ചു സ്ഥലമേയുള്ളു എങ്കിലും സ്ത്രീയും പുരുഷനും നില്ക്കുന്നതിനിടയ്ക്ക് ഒരു സാങ്കല്പിക രേഖയുണ്ടു്. ആ രേഖയ്ക്കു അപ്പുറത്തായി പുരുഷൻ കാലെടുത്തുവച്ചാൽ സ്ത്രീ കോപിക്കും. വായനക്കാരനും ഒരപരിചിതനും ഹോട്ടലിലെ ഒരു മേശയ്ക്കു് അപ്പുറത്തുമിപ്പുറത്തുമിരുന്നു കാപ്പികുടിക്കുകയാണെന്നു കരുതൂ. ആ മേശയുടെ നടുക്കായി ഒരു സാങ്കല്പിക രേഖയുണ്ടു്. അതിനിപ്പുറം ഒരാളുടേതു്. അപ്പുറം മറ്റേയാളിന്റേതു്. രേഖയെ അതിക്രമിച്ചു് രണ്ടുപേരിൽ ആരെങ്കിലുമൊരാൾ ഗ്ലാസ്സൊന്നു നീക്കിവച്ചാൽ മതി അപരൻ കോപിക്കും. താനിരിക്കുന്ന അല്ലെങ്കിൽ നില്ക്കുന്ന സ്ഥലത്തിനു ചുറ്റുമുള്ള കുറച്ചു സ്ഥലം അയാളുടേതാണു്. ഈ ‘അവകാശ’ത്തെ territorial imperative എന്നു വിളിക്കുന്നു. Robert Ardrey ഇതിനെക്കുറിച്ചു് ഈ പേരിൽത്തന്നെ പുസ്തകമെഴുതിയിട്ടുണ്ടു്. മനുഷ്യൻ വിട്ടുവീഴ്ചയില്ലാതെ പുലർത്തിക്കൊണ്ടുപോരുന്ന ഈ ‘അവകാശം’ (അവകാശത്തിനു സംസ്കൃതത്തിൽ അർത്ഥം വേറെയാണു്) മൃഗങ്ങൾക്കുമുണ്ടു്. ഒരു ദ്വീപിൽ പതിനഞ്ചു ചെന്നായ്ക്കൾ കൂടുതൽ സ്ഥലം സ്വായത്തമാക്കിയിരുന്നു. സംഖ്യാബലം കുറഞ്ഞ ചെന്നായ്ക്കൾ കുറഞ്ഞ സ്ഥലവും. സംഖ്യാബലം കൂടിയ മൃഗങ്ങൾ സംഖ്യാബലം കുറഞ്ഞവയുടെ സ്ഥലത്തേക്കു കടക്കുകയേയില്ല. മറിച്ചും (The Territorial Imperative എന്ന ഗ്രന്ഥത്തിന്റെ ഏഴാമത്തെ അദ്ധ്യായം നോക്കുക) മനുഷ്യനും അവൻ നടക്കുന്ന ഭൂമിയുമായുള്ള ബന്ധം അവന്റെ കൂടെ കിടക്കുന്ന സ്ത്രീയുമായുള്ള ബന്ധത്തെക്കാൾ ദാർഢ്യമാർന്നതാണെന്നും ഈ ഗ്രന്ഥകാരൻ എഴുതുതന്നു. How many men have you known of, in your life time, who died for their country. And how many for a woman എന്നാണു് അദ്ദേഹത്തിന്റെ ചോദ്യം.

images/TerritorialImperativeModernCover.jpg

മൃഗത്തിന്റെ റ്റെറിറ്ററിയും —പ്രദേശവും—മനുഷ്യന്റെ പ്രോപ്പർട്ടിയും—സ്വത്തും—ഒന്നുതന്നെയാണു്. മൃഗത്തിന്റെ റ്റെറിറ്ററി മറ്റൊരു മൃഗം ആക്രമിച്ചു സ്വന്തമാക്കിയാൽ ആ മൃഗത്തിന്റെ കഥ കഴിഞ്ഞു. മനുഷ്യന്റെ സ്വത്തു് മറ്റൊരുത്തൻ കൈയേറിയാൽ അവന്റെയും കഥ കഴിഞ്ഞു. തെങ്ങിൻ പുരയിടത്തിനുവേണ്ടി, കൃഷി സ്ഥലത്തിനുവേണ്ടി, സ്വന്തം വീടിനുവേണ്ടി കൊലപാതകം നടത്തുന്നവനാണു മനുഷ്യൻ ഉല്പാദനമാർഗ്ഗങ്ങൾ സ്റ്റേറ്റിന്റെ ഉടമസ്ഥതയിലാക്കിയാൽ. കൃഷി സമഷ്ടിശതമാക്കിയാൽ പ്രോപ്പർട്ടി എന്ന പ്രശ്നം പരിഹരിക്കപ്പെടുമെന്നു സ്റ്റാലിൻ കരുതി. ശരിയായിരിക്കാം. എങ്കിലും പൊസെഷനു്—കൈവശാവകാശത്തിനു്—മനുഷ്യനു് എപ്പോഴും അഭിവാഞ്ഛയുണ്ടായിരിക്കും. അതു കെട്ടടങ്ങുകയേയില്ല. പൊസെഷൻ കമ്മ്യൂണിസ്റ്റ് രാജ്യങ്ങളിലുമുണ്ടെന്നാണു് എന്റെ അറിവു്. അതുകൊണ്ടു് താൻ താമസിച്ചിരുന്ന വീടു് തന്റെ ചേച്ചിക്കു വിട്ടു കൊടുത്തതിനുശേഷം ദുഃഖിക്കുന്ന അനുജന്റെ വിഷാദത്തിൽ അപാകമൊന്നുമില്ല. (ദേശാഭിമാനിവാരികയിൽ എം. സുധാകരൻ എഴുതിയ ‘വീടു്’ എന്ന ചെറുകഥ നോക്കുക) ആ വിഷാദത്തെ കഥാകാരൻ ഭംഗിയായി ചിത്രീകരിച്ചിട്ടുണ്ടു്.

മന്തു് മറച്ചുകൊണ്ടു്
images/TheKingdomByTheSea.jpg

Paul Theroux എന്ന അമേരിക്കൻ സാഹിത്യകാരന്റെ (ഇംഗ്ലണ്ടിൽ താമസിക്കുന്നു) യാത്രാവിവരണങ്ങൾ അസാധാരണമായ രാമണീയകം ഉള്ളവയാണു്. ഗ്രേറ്റ് ബ്രിട്ടന്റെ തീരപ്രദേശത്തിലൂടെ അദ്ദേഹം നടത്തിയ യാത്രയുടെ ചേതോഹരമായ വിവരണമാണു് The Kingdom by the Sea എന്നതിലുള്ളതു്.

images/PaulTheroux.jpg
പൊൾ തിറോസ്

അതിൽ ഐർലണ്ടുകാരുടെ വിചിത്ര സ്വഭാവത്തെക്കുറിച്ചു് അദ്ദേഹം പറയുന്നുണ്ടു്. അവർ മച്ചിൽ (തട്ടിൽ) വാൾപേപ്പർ ഒട്ടിക്കും. പകുതി വേവിച്ച മുട്ട തണുത്തുപോകാതിരിക്കാൻവേണ്ടി തൊപ്പികൊണ്ടു മൂടിവയ്ക്കും. മുപ്പതു കൊല്ലം അല്ലെങ്കിൽ നാല്പതു കൊല്ലം—ഈ കാലയളവിലേക്കാണു് അവരുടെ സർക്കാർ ഡ്രൈവിങ് ലൈസൻസ് കൊടുക്കുന്നതു്. ഗ്രന്ഥകാരന്റെ ലൈസൻസ് കാലഹരണപ്പെടുന്നതു് എ. ഡി. 2011-ലാണു്. സിഗററ്റ് വാങ്ങുമ്പോൾ തീപ്പെട്ടിയുടെ വിലയും അവർ നമ്മുടെ കൈയിൽനിന്നു വാങ്ങും. നമ്മെ വിസ്മയിപ്പിക്കുന്ന പേരുകളാണു് അവർക്ക്; മിസ്റ്റർ ഈറ്റ്വെൽ, മിസ്. ഇൻക്പെൻ അങ്ങനെ പോകുന്ന പേരുകൾ. എന്നിട്ടു് വിദേശികളെ അവർ ‘ഫണി’ (funny) എന്നു വിളിച്ചു് ആക്ഷേപിക്കുന്നു. കേരളീയരായ നമ്മളും മോശക്കാരല്ല. കാലത്തു പരുന്തിനെക്കണ്ടേ ചിലർ ഭക്ഷണം കഴിക്കു. ബ്രാഹ്മണരുടെ കാലുകഴുകി വെള്ളം കുടിക്കുന്നതു മോക്ഷദായകമാണെന്നു് ചിലർ വിശ്വസിക്കുന്നു (ഇന്ത്യയിലെ ഒരു പ്രമുഖ വ്യക്തി മുൻപു് തിരുവനന്തപുരത്തു വന്നപ്പോൾ ഈ പാവന കൃത്യമനുഷ്ഠിച്ചു ഫൈലേറിയൽ എന്നു പ്രഖ്യാപിച്ച സ്ഥലങ്ങളേറെയുണ്ടു് ഈ തലസ്ഥാനത്തു്. അവിടെനിന്നു് ആരെയെങ്കിലും തിരഞ്ഞെടുക്കുന്നതു് അത്യുത്തമം). ആർത്തവകാലത്തു് മാറിയിരിക്കുന്ന സ്ത്രീയെ തൊട്ടാൽ ചാണകവെള്ളം കുടിക്കുന്നു ശബരിമല അയ്യപ്പന്മാർ. കുമാരി വാരികയിൽ സൂര്യൻ മാവേലിക്കരയെപ്പോലുള്ളവർ എഴുതുന്ന ‘വാടകപ്പെണ്ണുങ്ങൾ’ പോലുള്ള കഥകൾ നമ്മളെഴുതുന്നു. എന്നിട്ടു് സായ്പന്മാരെ ‘ഫണി’ എന്നു വിളിക്കുന്നു.

മഹാന്മാരുടെ നേർക്കു്
  1. ഒടുവിൽകുഞ്ഞുകൃഷ്ണമേനോനോ മറ്റോ എഴുതിയ ലോകം. ‘വിനോദിനി’ എന്നായിരിക്കണം ഖണ്ഡകാവ്യത്തിന്റെ പേരു്.

മുത്തണിസ്തനയുഗം പതിഞ്ഞതിൽ

മെത്തമേലരിയ പാടുകണ്ടു ഞാൻ

ചിത്തമോഹിനി കമിഴ്‌ന്നതിൽക്കിട

ന്നത്തൽപോക്കിയതിനുണ്ടു ലക്ഷണം.

നായികയുടെ സ്തനങ്ങൾ ഇരുമ്പുകൊണ്ടു നിർമ്മിച്ചവയായിരുന്നു എന്നതു സ്പഷ്ടം. ഇല്ലെങ്കിൽ പാടു വീഴുകയില്ല മെത്തയിൽ

അഭ്യുന്നതാ പുരമ്പാവേ ഗാഢാ

ജഘന ഗൗരവാത്പശ്ചാത്

ദ്വരേ സ്യ പാണ്ഡുസികതേ

പറേ അക്തി ദൃശ്യതേ ദിനവാ.

(മുന്നിടമഭ്യുന്നതമായ് സന്നത-

മായ് പിന്നിടും ജഘത്കരാൽ

പെണ്മണിയുടെ ചുവടിവിടെ-

വെണ്മണലിൽ കാണ്മതുണ്ടുനവതാരാൽ)

ശകുന്തളയുടെ ജഘനത്തിന്റെ കനം കൊണ്ടു് ഉപ്പൂറ്റിയുടെ ഭാഗം താണിരുന്നു എന്നു കാളിദാസൻ —മനുഷ്യരെ നിവർന്നുനില്ക്കാൻ സഹായിക്കുന്ന ഗ്ളുട്ടിയൽ മാംസന്തേരികളാണു് പൃഷ്ഠത്തിലുള്ളതു്. അതിൽ കൊഴുപ്പു കൂടിയാൽ അതിനെ സ്റ്റീറ്റോപിജിയ—Steatopygia—എന്നുവിളിക്കും. ശകുന്തളയ്ക്കു് ഈ ‘കണ്ടിഷൻ’ മാത്രമാണുണ്ടായിരുന്നതെങ്കിൽ കാല്പാടിന്റെ പിറകു വശം താണു പോകുമായിരുന്നില്ല. ഹൈഗ്രേഡ് മെഡിക്കൽ സിലിക്കൻ ഉള്ളിൽ കടത്തി സ്തനവൈപുല്യം വരുത്തുന്ന ഏർപ്പാടു് ഇപ്പോഴുണ്ടു്. ഇതു് ടോക്സിക്‍ അല്ല. ക്യാൻസർ ഉണ്ടാക്കുകയുമില്ല. ശകുന്തളയുടെ കാലത്തു് ഈ ശസ്ത്രക്രിയ നിതംബത്തിലും നടത്തിയിരുന്നു എന്നതിനു തെളിവാണു് കാളിദാസന്റെ ശ്ലോകം. Breast augmentation പോലെ Buttock augmentation-ഉം അന്നു നടത്തിയിരിക്കണം. സിലിക്കൻ പ്രൊസ്തിസിസ് (Silicon prosthesis) നിതംബത്തിനകത്തു വച്ചാൽ ഉപ്പൂറ്റിയുടെ ഭാഗം വളരെ താഴും. ഉത്തര മഥുരാപുരിയിലും ഈ ശസ്ത്രക്രിയയുണ്ടായിരുന്നു. നിതംബഗുരുതയാൽ നിലം വിടാൻ കഴിയാതെ വാസവദത്ത ഇരുന്നു പോയിയെന്നാണു് കുമാരനാശാൻ പറഞ്ഞതു്.

കവിതയിലെ അത്യുക്തി അനുവാചകനെ സത്യത്തിൽ കൊണ്ടുചെല്ലുന്നു എന്ന സാരസ്വത രഹസ്യം മറന്നിട്ടു് നിങ്ങൾ മഹാകവികളെ കളിയാക്കുകയാണോ എന്നു് ആരോ ചോദിക്കുന്നു.

അത്യുക്തിക്കും ഒരതിരുണ്ടു്, ആ അതിർ ലംഘിച്ചാൽ സത്യത്തിന്റെ മണ്ഡലത്തിലല്ല എത്തുക, അസത്യത്തിന്റെ മണ്ഡലത്തിലാണു്, എന്നാണു് ഉത്തരം.

സാഹിത്യം രണ്ടു തരത്തിൽ

സമകാലിക മലയാള സാഹിത്യത്തിൽ ധൈഷണികമെന്നും സഹജാവബോധപരമെന്നും രണ്ടു വിഭാഗങ്ങളുണ്ടു്. ധൈഷണിക വിഭാഗത്തിൽ ആവിർഭവിക്കുന്ന സൃഷ്ടികൾ വായനക്കാരന്റെ പ്രജ്ഞയ്ക്ക് ആഹ്ലാദം നൽകും. അതു ജനസമ്മതി നേടും. പക്ഷേ ആ ആഹ്ലാദത്തിനും ജനസമ്മതിക്കും സ്ഥായിത്വമില്ല. താൽക്കാലികമായ അലകൾ സൃഷ്ടിച്ചുകൊണ്ടു് അവ വിരാജിക്കും. എന്നിട്ടു് അപ്രത്യക്ഷമാകും. സത്യത്തിന്റെ ഒരംശം ചൂണ്ടിക്കാണിക്കാനേ അവയ്ക്കു കഴിവുള്ളു. സഹജാവബോധപരമായ വിഭാഗത്തിൽ പെടുന്ന സൃഷ്ടികൾ സത്യത്തിന്റെ സാകല്യാവസ്ഥയിലേക്കു് അനുവാചകരെ കൊണ്ടുചെല്ലും. പ്രചോദനം ഇവയുടെ മുഖ്യഘടകമത്രേ. ധൈഷണിക സാഹിത്യത്തിൽ പ്രചോദനത്തിനു സ്ഥാനമില്ല. പേരു സൂചിപ്പിക്കുന്നതുപോലെ അതു പ്രജ്ഞയിൽ നിന്നുതുടങ്ങി പ്രജ്ഞയിലേക്കു തന്നെ സംക്രമിക്കുന്നു. നളിനി ബേക്കലി ന്റെ രചനകൾ ഞാൻ കണ്ടിടത്തോളം ധൈഷണിക വിഭാഗത്തിൽ പെടുന്നവയാണു്. കലാകൗമുദിയിൽ അവരെഴുതിയ ‘സമതലങ്ങളിലെ കൊതുക്” എന്ന കഥയും ഇതിൽനിന്നു വിഭിന്നമായി വർത്തിക്കുന്നില്ല. പുരുഷന്റെയും കുഞ്ഞിന്റെയും ഇടയിൽ തളർന്നുകിടക്കുന്ന ഒരു സ്ത്രീ ആ കുഞ്ഞിനെ കടിച്ചു രക്തം കുടിക്കുന്ന കൊതുകിനെക്കുറിച്ചു പറയുന്നു. ആ കൊതുകിൽനിന്നു് ശിശുവിനെ മോചിപ്പിക്കുമ്പോൾ അതു പുകപടലത്തിൽ പെട്ടുപോകുന്നു. ബുദ്ധിയുടെ സന്തതിയായ ഈ ലാക്ഷണിക കഥ—അലിഗറി—തികച്ചും ദുർഗ്രഹമാണു്. കഥയെഴുത്തുകാരിയുടെ വാക്യങ്ങൾ ഒരർത്ഥവും ‘കമ്മ്യൂനിക്കേറ്റ്’ ചെയ്യുന്നില്ല. മറ്റൊരു പുകപടലം സൃഷ്ടിച്ച് അതു വായനക്കാരെ ശ്വാസം മുട്ടിക്കുന്നു. ഇതാ കഥയെഴുത്തുകാരിയുടെ ചില വാക്യങ്ങൾ:

“ഒരു കീഴ്മേൽ മറിയലിനുശേഷം വൃക്ഷശാഖകൾക്കു് കീഴേ ഒറ്റ തായ്മരത്തിന്റെ മറവിലേക്കു ഞാൻ മാറിനിന്നു. പിന്നീടു് അല്പം കഴിഞ്ഞു് ഞാൻ മരത്തിന്റെ മറവിൽ നിന്നു് രാജപഥങ്ങളിലേക്കു് എത്തിനോക്കി. അവിടെ എന്റെ സായാഹ്നങ്ങളും വെളുത്ത നിലാവും സമതലങ്ങളും കലാപത്തോടെ പുകയുമായി കൂടിക്കലർന്നു കറുത്ത നിറത്തോടെ ആകാശമുഖത്തിലേക്കുയരുന്നതു് ഞാൻ കണ്ടു.”

സാഹിത്യം പാട്ടാണു്; ഗർജ്ജനമല്ല. അതു സുന്ദരിയുടെ ലാസ്യനൃത്തമാണു്: ഗാമയുടെ ഗുസ്തിപിടിത്തമല്ല. അതു ശരൽക്കാലമാണു്; ശിശിരകാലമല്ല.

പതിനേഴു കൊല്ലമായി ഈ പംക്തി എഴുതുകയാണു്. എല്ലാം ഒരാളിന്റെ മസ്തിഷ്കത്തിൽ നിന്നുവരുന്നു. അതുകൊണ്ടു് ചിലപ്പോൾ ആവർത്തനം വന്നുപോകും. ഇനി പറയുന്ന കാര്യം ഒരിക്കൽ എഴുതിയതാണോ എന്നതു് ഉറപ്പില്ല. ആവർത്തനമാണെങ്കിൽ ക്ഷമിക്കു. ഞാനൊരിക്കൽ മഹാകവി വള്ളത്തോളി നെ കാണാൻ പായി. ഞാനെഴുതിയ കാവ്യങ്ങൾ അദ്ദേഹത്തെ കാണിക്കുക എന്നതായിരുന്നു ഉദ്ദേശ്യം. മഹാകവി എല്ലാം വായിച്ചു. എന്നിട്ടു പറഞ്ഞു: “ഇപ്പോഴത്തെ നിലയ്ക്കു് ഇവ മാറ്റൊലികളാണു്. നിങ്ങൾ ‘കൃഷ്ണഗാഥ’ ഹൃദിസ്ഥമാക്കു. എന്നിട്ടെഴുതൂ.” ഞാൻ കൃഷ്ണഗാഥ ‘കാണാപ്പാഠം’ പഠിച്ചു. പിന്നീടെഴുതിയപ്പോൾ എല്ലാം കൃഷ്ണഗാഥ പോലെയിരുന്നു. ജന്മനാ കവിയല്ലാത്തവർ കാവ്യമെഴുതരുതു് എന്നു മനസ്സിലാക്കി ഞാൻ പിന്മാറി.

പടപ്പക്കരയുടെ പടയ്ക്കൽ

പെൺകിളി ആൺകിളിയെ കണ്ടു. രാഗമായി, അനുരാഗമായി, പ്രേമമായി, പ്രണയമായി. അവയ്ക്കു കുഞ്ഞുങ്ങളുണ്ടായി. കുഞ്ഞുങ്ങൾക്കു തേൻ അന്വേഷിച്ചുപോയ ആൺകിളിയെ കാട്ടുപൂച്ച പിടിച്ചുതിന്നു. പെൺകിളി ഭർത്താവിന്റെ ശേഷിച്ച തൂവലുകൾ കണ്ടിട്ടു ദുഃഖിച്ചു തിരിച്ചു മരത്തിലെത്തിയപ്പോൾ കുഞ്ഞുങ്ങളുമില്ല. അതു മരിച്ചു താഴെവീണു. ക്ലെമന്റ് ജി. പടപ്പക്കര കുങ്കുമം വാരികയിലെഴുതിയ ‘കുരുവി’ എന്ന ചെറുകഥയാണിതു്. ആൺ കിളിക്കുപകരം തോമസ് എന്നും പെൺകിളിക്കുപകരം മേരിയെന്നും പേരുകൾ നൽകൂ. ഇതൊരു പൈങ്കിളിക്കഥയായി മാറും, ഇപ്പോഴത്തെ നിലയ്ക്കു പൈങ്കിളിക്കഥയല്ലെങ്കിൽ ഇമ്മട്ടിലുള്ള വിഷയങ്ങളെ കഴിവുള്ളവർക്കു കലയാക്കിമാറ്റാൻ കഴിയും. വയലാർ രാമവർമ്മ യുടെ ‘മാ നിഷാദ’ എന്ന കാവ്യവും ജി. ശങ്കരക്കുറുപ്പി ന്റെ ‘ചന്ദനക്കട്ടിൽ’ എന്ന കാവ്യവും ക്ലെമന്റ് ജി. പടപ്പക്കര ഒന്നു വായിച്ചുനോക്കിയാൽ മതി. ഏതായാലും വയലാറിന്റെ വരികൾ കേൾക്കുക:

ഒന്നാംകൊമ്പത്തു വന്നിരുന്നന്നൊരു

പുന്നാരക്കിളി ചോദിച്ചു:

‘കൂട്ടിന്നിളംകിളി ചങ്ങാലിപൈങ്കിളീ

കൂടുവിട്ടിങ്ങോട്ടു പോരാമോ?’

അങ്ങേക്കൊമ്പത്തെപ്പൊന്നിലക്കൂട്ടിലെ

ചങ്ങാലിപ്പെണ്ണുമിണ്ടീല്ല.

തൂവൽ ചുണ്ടിനാൽ ചീകിമിനുക്കിയ

പൂവൻ ചങ്ങാലി ചോദിച്ചു:

‘മഞ്ഞും വീഴുന്നു മാമരം കോച്ചുന്നു

നെഞ്ഞത്തെങ്ങാനും ചൂടൊണ്ടോ?”

ഇനി നമ്മുടെ കഥാകാരൻ: (പക്ഷിയുടെ ചോദ്യം)

“ഞാനും വരട്ടേ?…”

അവൻ ഒന്നും മിണ്ടിയില്ല. കുറച്ചുനേരം കഴിഞ്ഞു് അവൾ വീണ്ടും ചോദിച്ചു.

‘എന്താ ഒന്നും മിണ്ടാത്തതു്?’

അവൻ നിറപ്പകിട്ടുള്ള ചിറകു കുടഞ്ഞു് അവളെ നോക്കി. അവളുടെ ചുണ്ടുകൾ തുടുത്തു. അവരുടെ കണ്ണുകൾ ഇടഞ്ഞു.

‘ഞാനടുത്തു വരട്ടെ…?’ ഒരു കള്ളച്ചിരിയോടെ അവൻ ചോദിച്ചു.

സുഖബോധവും നാണവുംകൊണ്ടു് അവളാകെ കോരിത്തരിച്ചുപോയി.

ജി. ശങ്കരക്കുറുപ്പിന്റെ ‘ചന്ദനക്കട്ടിൽ’ എന്ന കാവ്യം. തള്ളപ്പക്ഷി വന്നപ്പോൾ ചന്ദനമരവുമില്ല കുഞ്ഞുമില്ല.

ചിറകെഴുമമ്മ പറന്നുവന്നു

ചിരകാലം ചന്ദനം നിന്ന ദിക്കിൽ

മരമില്ല, കൂടില്ല, കുഞ്ഞുമില്ല

മരവിപ്പു കേറിയതിന്നുടലിൽ

തല ചുറ്റിടും പോലതാമരത്തിൻ

തറയിൽക്കറങ്ങിയിറങ്ങിവന്നു.

നമ്മുടെ കഥാകാരൻ:

“ഇരുട്ടു് അവളുടെ കണ്ണിലേക്ക് ഇരച്ചുകയറി. കാലുകൾ തളർന്നു. അവൾ മരച്ചില്ലയിൽനിന്നും ഇളകിയ മണ്ണിലേക്കു തല കുത്തിവീണു”. സദൃശങ്ങളായ സങ്കല്പങ്ങളെന്ന മട്ടിലല്ല ഞാനിതു് എടുത്തുകാണിക്കുന്നതു്. പ്രതിഭാശാലികൾ ഒരേ വിധത്തിൽ വിചാരിക്കുന്നു എന്നു കാണിക്കാൻ മാത്രം.

ഡെസ്മണ്ട് മോറിസി നെ കേട്ടിട്ടില്ലേ. ഏതു് അസംബന്ധവും ആകർഷകമായി പറയും അദ്ദേഹം. ഒരു പ്രസ്താവം: “നിങ്ങൾ പേരെഴുതി വാതില്ക്കൽ വയ്ക്കുമ്പോഴോ ചിത്രം ഭിത്തിയിൽ തൂക്കുമ്പോഴോ പട്ടിയുടെ മട്ടിൽ കാലുയർത്തി വ്യക്തിനിഷ്ഠമായ അടയാളം അവിടെ ഉളവാക്കുന്നു എന്നേ പറയാനുള്ളു.”

കടമ്മനിട്ട

മനുഷ്യൻ പരതന്ത്രനാണു്. ഭൂമിയാണു് ആ പാരതന്ത്ര്യം ഉളവാക്കുന്നതു്. എങ്കിലും അവനു് ഇവിടം വിട്ടുപോകാൻ സാദ്ധ്യമല്ല. അന്തരീക്ഷത്തിലേക്കു നയനങ്ങൾ വ്യാപരിപ്പിച്ചു് അനന്തതയെ സാക്ഷാത്കരിക്കാൻ അവൻ ശ്രമിക്കുന്നതെല്ലാം വ്യർത്ഥം. ഭൂമി പിടയുന്നു. ഞെട്ടുന്നു. അങ്ങനെയുള്ള ഈ ഭൂമിയിൽ ചെറിയ ചെറിയ സുഖങ്ങൾ അനുഭവിച്ചു് അവൻ നിൽക്കുന്നു. അവയിൽ പങ്കുകൊള്ളാൻ ക്ഷുദ്രജീവികൾപോലും എത്തുന്നു. അവയ്ക്കു നിരാശത; മനുഷ്യനും നിരാശത പക്ഷേ ഭൂമിയോടു ബന്ധപ്പെട്ട മനുഷ്യനു് മറ്റെന്തു മാർഗ്ഗമാണുള്ളതു്? അനന്യങ്ങളിലെത്താൻ കൊതിച്ചുകൊണ്ടു്, ആ അഭിലാഷത്തിനു സാഫല്യമില്ലാതെ, പിടയുന്ന ഭൂമിയിൽത്തന്നെ അവൻ നിൽക്കുന്നു. ഇതാണു് ഇന്നത്തെ മനുഷ്യന്റെ പ്രിഡിക്കമെന്റ് വൈഷമ്യമാർന്ന സ്ഥിതി. ഇതിനെ അനുഗൃഹിതനായ കവി കടമ്മനിട്ട ‘പൊരിക്കടല’ എന്ന കൊച്ചു കാവ്യത്തിൽ ആവിഷ്കരിക്കുന്നു. (മാതൃഭൂമി ആഴ്ചപ്പതിപ്പു്)

“കടലയ്ക്കു കൈനീട്ടിനിൽക്കുമക്കുഞ്ഞിന്റെ

കണ്ണിൽ കടൽപ്പാമ്പിളക്കം

കണ്ണൻ ചിരട്ടയിൽ കാൽതട്ടിവീണെന്റെ

സൂര്യനും താണുപോകുന്നു.

ഇരുളിന്റെ തേറ്റയേറ്റിടറി ഞാൻ വീഴുന്നു

പിടയുന്ന ഭൂമിതൻ നെഞ്ചിൽ,”

പക്ഷേ “ഇവിടെയിപ്പിടയുന്ന ഭൂമിയിലല്ലാതെനിക്കഭയമില്ലാശ്വാസമില്ല.”

മഹാവ്യക്തി
images/PopeJohnPaulII.jpg
പോപ്പ് ജോൺപോൾ

“നിങ്ങളുടെ സഹോദരനു് ഹൃദയപൂർവം മാപ്പുകൊടുക്കു” (മാത്യു, 18–35) എന്നു യേശുദേവൻ പറഞ്ഞു. ഈ നിർദ്ദേശത്തിനു യോജിച്ച രീതിയിൽ പ്രവർത്തിച്ച ഈ ശതാബ്ദത്തിലെ മഹാ പുരുഷനാണു ജോൺപോൾ. അദ്ദേഹം എന്തു ചെയ്തു? റോമിലെ റെബീബിയ കാരാഗൃഹത്തിൽ രണ്ടുവർഷം മുൻപു നടന്ന ഒരു സംഭവത്തിലേക്കു പ്രിയപ്പെട്ട വായനക്കാരുടെ ശ്രദ്ധ ഞാൻ സാദരം ക്ഷണിക്കട്ടെ. തന്റെ നേർക്കു നിറതോക്കൊഴിച്ച മേമുറ്റ് ആലി ആഗ്ക യെ കാണാൻ പോപ്പ് ചെന്നു. അദ്ദേഹം അയാളുടെ കരം ഗ്രഹിച്ചു് പറഞ്ഞു: “എന്നെ കൊല്ലാൻ ശ്രമിച്ച നിങ്ങൾക്കു ഞാൻ മാപ്പു തരുന്നു” മൃദുലമായി, പ്രകടനാത്മകത ഒട്ടുമില്ലാതെ പോപ്പ് അതു പറഞ്ഞപ്പോൾ ആഗ്ക അദ്ദേഹത്തിന്റെ കൈ സ്വന്തം നെറ്റിയിൽ ചേർത്തു ബഹുമാനം പ്രദർശിപ്പിച്ചു. ഇതൊരു മഹാ സംഭവമാണു്. ആ പാപമാർജ്ജനസൂക്തം പോപ്പ് അരുളിയതു് “നീ എന്റെ ശത്രുവല്ല. എന്റെ സഹോദരൻ മാത്രം” എന്ന മട്ടിലാണു്. ഈ സൂക്തം ലോകം ചെവിക്കൊണ്ടാൽ സഹോദരൻ സഹോദരനെ കൊല്ലേണ്ടതായി വരില്ല. അണുബോംബുകൾ വർഷിച്ചു് ലോകത്തെ നശിപ്പിക്കേണ്ടിവരില്ല. ജോൺപോൾ എന്ന ഈ മഹാവ്യക്തിയെക്കുറിച്ചു് സെഡ്. എം. ദീപിക ആഴ്ചപ്പതിപ്പിൽ എഴുതിത്തുടങ്ങിയിരിക്കുന്നു. ഉചിതജ്ഞതയാർന്ന കൃത്യം.

“ഇൻവെസ്റ്റിഗേറ്റീവ് ജർണ്ണലിസത്തിന്റെ വിജയം” എന്നു നിരൂപകർ പ്രശംസിക്കുന്ന Pontiff എന്ന ഗ്രന്ഥം വായിച്ചാൽ ഈ വധശ്രമത്തെക്കുറിച്ചു് എല്ലാം അറിയാം. (ഗ്രന്ഥകാരന്മാർ: Gordon Thomas and Max Morgan-Witts) മേമറ്റ് ആലിയെ റിക്രൂട്ട് ചെയ്തു് ലിബിയയിലും ലബനോണിലും വച്ചു പരിശീലനം നല്കിയതു് പോപ്പിനെ വധിക്കാൻ തന്നെയാണെന്നു് ഈ ഗ്രന്ഥകാരന്മാർ പറഞ്ഞിരിക്കുന്നു.

നിരീക്ഷണങ്ങൾ

അമേരിക്കയിൽവച്ചു് ലോകമലയാള സമ്മേളനം നടത്തിയപ്പോൾ കേരളത്തിലെ എഴുത്തുകാരെ വേണ്ടപോലെ ക്ഷണിച്ചു മാനിക്കാത്തതിനെക്കുറിച്ച് ഡോക്ടർ എം. എം. ബഷീർ ധർമ്മരോഷത്തോടെ ചന്ദ്രിക ആഴ്ചപ്പതിപ്പിൽ എഴുതിയിരിക്കുന്നു. ബഷീറിന്റെ ധർമ്മരോഷത്തിനു സാംഗത്യമുണ്ടു്. എങ്കിലും അതുകൊണ്ടു ഫലമില്ല. ചീഞ്ഞളിയുന്ന ശരീരത്തിൽ ഈച്ചകൾ വന്നിരുന്നു നുണയാതിരിക്കില്ല. എക്കാലത്തും ശവങ്ങളുണ്ടു്. അവ അഴുകുമ്പോൾ ഈച്ചകൾ വരികയും ചെയ്യും. (ഇതു് എന്നെ ക്ഷണിക്കാത്തതു കൊണ്ടാണെന്നു കരുതരുതേ സമ്മേളനത്തിനല്ലെങ്കിലും അമേരിക്കയിലേക്കു ചെല്ലാൻ ഒരു മാന്യ സുഹൃത്തു് എന്നെ ക്ഷണിച്ചു. യൂറോപ്പിലെ പ്രധാനപ്പെട്ട നഗരങ്ങൾ കാണിച്ചിട്ടു് ഇവിടെ തിരിച്ചുകൊണ്ടാക്കാമെന്നും അദ്ദേഹം പറഞ്ഞു. കൃതജ്ഞതയോടെ ഞാൻ ആ ക്ഷണം നിരസിച്ചു. ഒരിടത്തും പോകാനോ ‘ലൈംലൈറ്റിൽ’ നില്ക്കാനോ താല്പര്യമില്ലാത്ത ഒരു അരസികനാണു് ഞാൻ.)

വിവാഹം കഴിക്കണമെന്ന സ്ത്രീയുടെ അഭ്യർത്ഥന പുരുഷൻ നിരസിച്ചു. അവൾ വാശിതീർക്കാൻ മറ്റൊരുത്തനെ വിവാഹം ചെയ്തു. പ്രതികാരബുദ്ധിയോടെ അവൾ ആദ്യത്തെയാളിനെ കത്തയച്ചു വീട്ടിൽ വരുത്തി; താൻ സുഖമായി കഴിയുകയാണെന്നു് അയാളെ ധരിപ്പിക്കാൻ. പക്ഷേ, അവളുടെ ഭർത്താവു് സത്യം എന്താണെന്നു പറഞ്ഞുകൊടുത്തു. വിവാഹം നിരസിച്ച പുരുഷൻ മാറാവ്യാധിക്കാരനായിരുന്നു. പെണ്ണിനെ രക്ഷിക്കാനാണു് അയാൾ ഒഴിഞ്ഞുമാറിയതും അവളുടെ ഭർത്താവിനോടു് അവളെ സ്വീകരിക്കണമെന്നു പറഞ്ഞതും. റഹ്മാൻ പി. തീരുനെല്ലൂർ എക്സ്പ്രസ്സ് വാരികയിലെഴുതിയ കഥയാണിതു്. കഥ എത്ര വഞ്ചനാത്മകമാണെന്നു അതുതന്നെ വ്യക്തമാക്കുന്നില്ലേ? അതുകൊണ്ടു കമന്റ് വേണ്ട.

‘ഇതുശൃംഗാര രസത്താഴ്‌വരയിൽ

മധുരിമയുടെ കുളിർതടിനിയിലൊരുനാൾ

നീരാടാനൊരു സുന്ദരിയെത്തിയ

നാളാണിക്കഥയാരംഭിച്ചു’

എന്നു തുടങ്ങുന്നു പി. നാരായണക്കുറുപ്പു് ‘സുനന്ദ’ വാരികയിലെഴുതിയ ‘പ്രണയഭസ്മം’ എന്ന കാവ്യം. അതിഭാവുകത്വമില്ലാത്ത നല്ല കാവ്യമാണിതു്.

ചങ്ങമ്പുഴ യുടെ “പഞ്ചഭൂതാദിയുക്തമെൻ ഗാത്രം…” എന്നു തുടങ്ങുന്ന കാവ്യം. മഹനീയമായ കവിതയ്ക്കു് ഉദാഹരണമായി ഞാൻ പല സമ്മേളനങ്ങളിലും ചൊല്ലാറുണ്ടു്. അതു ദണ്ഡിപഞ്ചകത്തിലെ അഞ്ചാമത്തെ ശ്ലോകത്തിന്റെ ഭാഷാന്തരീകരണമാണെന്നു കാണിച്ചു് തൃശൂരിൽ നിന്നൊരു പണ്ഡിതൻ എനിക്കെഴുതിയിരിക്കുന്നു. സംസ്കൃത ശ്ലോകവും ചങ്ങമ്പുഴയുടെ കാവ്യവും വിഭിന്നങ്ങളല്ല. കവിത മഹത്ത്വമാർന്നതുതന്നെ. പക്ഷേ അതിന്റെ ക്രെഡിറ്റ് —ബഹുമതി—ഇനിമേലിൽ ദണ്ഡി ക്കാണു്. ചങ്ങമ്പുഴയ്ക്കല്ല.

Colophon

Title: Sāhityavāraphalam (ml: സാഹിത്യവാരഫലം).

Author(s): M Krishnan Nair.

First publication details: Kalakaumudi Weekly; Trivandrum, Kerala; 1985-10-13.

Deafult language: ml, Malayalam.

Keywords: M Krishnan Nair, Sahityavaraphalam, Weekly Lietrary Column, സാഹിത്യവാരഫലം, എം കൃഷ്ണൻ നായർ, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: September 3, 2021.

Credits: The text of the original item is copyrighted to J Vijayamma, author’s inheritor. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-NC-SA 4​.0). Any reuse of the material should credit the Sayahna Foundation, only noncommercial uses of the work are permitted and adoptations must be shared under the same terms.

Production history: Data entry: MS Aswathi; Proofing: Abdul Gafoor; Typesetter: Anupa Ann Joseph; Digitizer: KB Sujith; Encoding: JN Jamuna.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.