സാഹിത്യവാരഫലം
എം കൃഷ്ണൻ നായർ
(കലാകൗമുദി വാരിക, 1985-10-20-ൽ പ്രസിദ്ധീകരിച്ചതു്)

images/Colette.jpg
കോലെത്

രാപ്പാടി പാടാൻ തുടങ്ങിയതെങ്ങനെയെന്നു വ്യക്തമാക്കുന്ന ഒരു കഥ ഫ്രഞ്ചെഴുത്തുകാരി കോലെത് പറഞ്ഞതു ചിലർക്കെങ്കിലും അറിയാമായിരിക്കണം. പണ്ടു് ആ പക്ഷി പാടാറില്ലായിരുന്നു. രാത്രി അതുറങ്ങാൻ പോകും. പ്രഭാതത്തിൽ കിഴക്കുദിക്കു ചുവക്കുന്നതുവരെ അതുറങ്ങും. വസന്തകാലത്തു് ഒരു രാത്രിയിൽ രാപ്പാടി മുന്തിരിവള്ളികളിലിരുന്നു് ഉറങ്ങി. മുന്തിരിയുടെ ലതാതന്തു (tendril) വളരെവേഗം വളരുന്നതാണു്. ഉറങ്ങുന്ന പക്ഷിയുടെ കാലിൽ അതു ചുറ്റി. നേരം വെളുത്തപ്പോൾ തനിക്ക് അനങ്ങാൻവയ്യാത്ത അവസ്ഥയാണെന്നു രാപ്പാടി മനസ്സിലാക്കി. ചിറകുകളിലും ലതാതന്തു ചുറ്റിയിരുന്നു. വളരെ പ്രയാസപ്പെട്ടാണു് പക്ഷി ആ ബന്ധനത്തിൽനിന്നു മോചനം നേടിയതു്. ഉറങ്ങിയതുകൊണ്ടാണല്ലോ ലതാതന്തു ശരീരത്തിൽ ചുറ്റിയതു്. ഇനി ഉറങ്ങാതിരുന്നുകളയാം എന്നു് അതു തീരുമാനിച്ചു. ഉറക്കം വരാതിരിക്കാൻ വേണ്ടി പക്ഷി പാടിത്തുടങ്ങി. ആദ്യമാദ്യം നൂലുപോലെ നേർത്തിരുന്ന ശബ്ദം പിന്നെപ്പിന്നെ സുവർണ്ണനാദമായിത്തീർന്നു. മുന്തിരിയും മരങ്ങളും മറ്റു പക്ഷികളും മനുഷ്യരും അതുകേട്ടു് ആഹ്ലാദിച്ചു. കലാകാരൻ രാപ്പാടിയാണു്. ഉറങ്ങിയാൽ ലൗകികദുഖഃത്തിന്റെ ലതാതന്തുക്കൾ അയാളെ ബന്ധനത്തിലാക്കിയേക്കും. അതുകൊണ്ടു് അയാൾ ഉണർന്നിരിക്കുന്നു. പാടുന്നു. ആ ഗാനമാണു് നമ്മെ കോൾമയിർക്കൊള്ളിക്കുന്നതു്. കലാകാരന്മാരേ, കവികളേ, ഉറങ്ങാതിരുന്നു പാടൂ. മാധുര്യമാർന്ന രാത്രിയിൽ നിങ്ങളുടെ മധുരശബ്ദം ഉയർന്നില്ലെങ്കിൽ ആ രാത്രിക്കു് എന്തു ഭംഗിയാണുള്ളതു?

ഹന്ത! പൊങ്ങച്ചമേ!…

പ്രിയപ്പെട്ട വായനക്കാരേ, നിങ്ങളുടെ നിശ്ശബ്ദതയിൽ രാപ്പാടിയുടെ കഥയെന്ന ഒരു റോസാദലമെടുത്തിട്ട ഞാൻ ഇനി ഒരു കല്ലെടുത്തെറിയുകയാണു്. കൊച്ചു കല്ലല്ല. പാരുഷ്യമാർന്ന കരിങ്കൽക്കഷണം തന്നെ. എന്താണു് കോപകാരണമെന്നല്ലേ? വിമാനത്തിലിരുന്നു കൂട്ടുകാരനോടു വാതോരാതെ സംസാരിച്ച ഡി. സി. കിഴക്കേമുറി യോടു് അദ്ദേഹത്തിന്റെ അടുത്തിരുന്ന മാന്യൻ “മനുഷ്യനായാൽ കുറച്ചു മര്യാദ വേണ്ടേ? എത്ര നേരമായി നിങ്ങളിങ്ങനെ സംസാരിക്കുന്നു. മറ്റുള്ളവർക്കു് അസഹ്യമാവുമെന്നു് മനസ്സിലാക്കണ്ടേ?” എന്നു ചോദിച്ചു. ആ ചോദ്യം അമാന്യമായ ചോദ്യമാണെന്നു സൂചിപ്പിക്കാനായി അദ്ദേഹത്തെ മാന്യൻ എന്നു വിശേഷിപ്പിച്ചിട്ടു് ആ വാക്കിനെ ഉദ്ധരണചിഹ്നങ്ങളുടെ അകത്താക്കിയിരിക്കുന്നു ഡി. സി. (കുങ്കുമം വാരിക). അദ്ദേഹത്തെ കൊച്ചിയിൽനിന്നു് കോട്ടയം വരെ തന്റെ കാറിൽ കൂട്ടിക്കൊണ്ടുവന്ന ഡി. സി. കോട്ടയത്തുനിന്നു തിരുവല്ലയ്ക്കു പോകാൻ അദ്ദേഹത്തിനു ടാക്സിക്കാർ ഏർപ്പാടുചെയ്തുകൊടുത്തുവെന്നു പ്രസ്താവിച്ച് പരാതി പറഞ്ഞ ആളിന്റെ അമാന്യതയേയും സ്വന്തം മാന്യതയേയും ഒന്നുകൂടി സ്പഷ്ടമാക്കിയിട്ടുണ്ടു്. കുവൈറ്റിൽ നിന്നുവന്ന മിസ്റ്റർ ജോർജ്ജായിരുന്നു ഡി. സി.യുടെ “മാന്യൻ”. തന്നെ കാറിൽ കൊണ്ടുവരികയും ടാക്സിക്കാർ കണ്ടുപിടിച്ച് അതിൽ കയറ്റി അയയ്ക്കുകയും ചെയ്ത ഡി. സി.യോടു് താൻ പറഞ്ഞ പരുഷപദങ്ങൾ അസ്ഥാനസ്ഥിതങ്ങളായിപ്പോയിയെന്നു പിന്നീടു തീർച്ചയായും വിചാരിച്ചിരിക്കാവുന്ന ജോർജ്ജ് കുങ്കുമം വാരികയിലെ ഈ ലേഖനം വായിക്കുമ്പോൾ ഡി. സി.യെക്കുറിച്ച് എന്തു വിചാരിക്കും? അദ്ദേഹത്തിന്റെ വിനയവും നന്മയും ആർജ്ജവമില്ലാത്തവയായിരുന്നു എന്നു കരുതുകയില്ലേ? അതെന്തുമാകട്ടെ. അനേകമാളുകൾ സഞ്ചരിക്കുന്ന വിമാനത്തിലോ തീവണ്ടിയിലോ ബസ്സിലോ രണ്ടുപേർ ഇടവിടാതെ ഉറക്കെ സംസാരിക്കുന്നതു് തികഞ്ഞ മര്യാദകേടുതന്നെയാണു്. ഈ ലോകത്തു് എല്ലാവരും തുല്ല്യരാണു്. ഒരാൾക്കു് ഒരു കഴിവുണ്ടെങ്കിൽ മറ്റൊരാൾക്കു വേറൊരു കഴിവുണ്ടു്. രാഷ്ട്രതന്ത്രജ്ഞൻ രാഷ്ട്രവ്യവഹാരത്തിൽ കാണിക്കുന്ന പ്രാഗൽഭ്യം കൃഷിക്കാരൻ കൃഷിപ്പണിയിൽ കാണിക്കും. അവയിൽ ഒന്നു മറ്റൊന്നിനേക്കാൾ മെച്ചമെന്നു പറയാനാവില്ല. മനുഷ്യരെല്ലാവരും തുല്ല്യരായതുകൊണ്ടു് അടുത്തിരിക്കുന്ന ആളിന്റെ സ്വസ്ഥതയെ ഉറക്കെസ്സംസാരിച്ചോ അനുസ്യൂതമായി പതുക്കെസ്സംസാരിച്ചോ നശിപ്പിക്കാൻ ആർക്കും അവകാശമില്ല. വിശേഷിച്ചും പൊതുവായ വാഹനങ്ങളിൽ. സിറ്റി സർവീസ് ബസ്സിൽ പതിവായി കേൾക്കാം:

“ഹെഡ് ഒഫ് ദ് ഡിപ്പാർട്ട്മെന്റിന്റെ റെക്കമെൻഡേഷൻ വന്നു. ഞാൻ ഒരു നോട്ട് പുട്ടപ്പ് ചെയ്തു. അണ്ടർ സെക്രട്ടറിക്കും അഡിഷനൽ സെക്രട്ടറിക്കും ആ റെക്കമെൻഡേഷൻ സാങ്ഷൻ ചെയ്യണമെന്നുണ്ടായിരുന്നു. എന്റെ നോട്ട് കണ്ടു രണ്ടുപേരും കറങ്ങിപ്പോയി” ഇതു സത്യമാവട്ടെ. എന്നാലും ക്ലാർക്കിനു് ഇതു് നമ്മൾ കേൾക്കെ ബസ്സിൽ ഇരുന്നു പറയാൻ അവകാശമില്ല. അന്യന്റെ ബോധമണ്ഡലത്തെക്കുറിച്ചു് അല്പമെങ്കിലും വിവരമുള്ളവൻ ബസ്സിലിരുന്നു്, തീവണ്ടിയിലിരുന്നു്, വിമാനത്തിലിരുന്നു് വാതോരാതെ സംസാരിക്കില്ല. സംസാരിച്ചാൽ ജോർജ്ജിനെപ്പോലെ സംസാരിക്കുന്ന ആളിനോടു ‘ഷട്ടപ്പ്’ എന്നു പറയണം. മനുഷ്യന്റെ ബോധമണ്ഡലത്തിനു പല അവസ്ഥകളുണ്ടു്. യഥാർത്ഥം, അയഥാർത്ഥം, മതിവിഭ്രമപരം, ആത്മകൃതം. ആത്മകൃതം അല്ലെങ്കിൽ സ്വജനിതം എന്ന അവസ്ഥ വരുമ്പോഴാണു് നാടൻ ഭാഷയിൽ പൊങ്ങച്ചം എന്നു വിളിക്കുന്നതു്. യഥാർത്ഥമായ ബോധമണ്ഡലത്തോടുകൂടി ഇരിക്കാൻ നമുക്കൊക്കെ കഴിഞ്ഞെങ്കിൽ! ഇതെഴുതുന്ന ആളിനും അതിനു കഴിവില്ലെന്നു പറഞ്ഞുകൊള്ളട്ടെ.

ഉറൂബ് പറഞ്ഞ ഒരു നേരമ്പോക്ക് കുങ്കുമം വാരികയിലെ ‘വില്ലും ശരവും’ എന്ന പംക്തിയിൽ എടുത്തുകൊടുത്തിട്ടുണ്ടു്. മുസ്ലീം അദ്ധ്യാപകൻ “പാഠം നാലു്, പുസ്പം” എന്നു വായിച്ചു. അതുകേട്ടു് ഒരു പയ്യൻ ചോദിച്ചു: “മാഷേ പുഷ്പം എന്നല്ലേ?” അദ്ധ്യാപകൻ പിന്നെയും: “പാഠം നാലു്, പുസ്പം. പിന്നെ ആ നായരുട്ടി പറഞ്ഞതുപോലെയും പറയാം.” ഉറൂബ് സരസനായിരുന്നു. എന്നോടു് അദ്ദേഹം പല നേരമ്പോക്കുകളും പറഞ്ഞിട്ടുണ്ടു്. ഷണ്ഡനു സുന്ദരിയായ ചെറുപ്പക്കാരിയെ കിട്ടിയാൽ എങ്ങനെ പെരുമാറും അയാൾ? ഒന്നിനും കഴിയാതെ ങ്ഹാ ങ്ഹാ എന്നു മൂളിക്കൊണ്ടു് അവളുടെ ശിരസ്സുതൊട്ടു പാദം വരെ ഒന്നു തലോടും. അതുപോലെയാണത്രെ നമ്മുടെ ഒരു നിരൂപകൻ സാഹിത്യകൃതി കൈയിൽ കിട്ടിയാൽ പ്രവർത്തിക്കുക. മറ്റൊരു ഫലിതം മലബാർ കെ. സുകുമാരന്റേതാണു്. ശിരസ്തദാരായിരുന്നു സുകുമാരൻ. ഹർജികളിൽ പത്തു് ഉറുപ്പിക സ്റ്റാമ്പ് ഒട്ടിക്കണമെങ്കിൽ രണ്ടു് അഞ്ചു രൂപ സ്റ്റാമ്പ് ഒട്ടിച്ചാൽ അദ്ദേഹം സമ്മതിക്കില്ല. Higher denomination സ്റ്റാമ്പ് ചെലവാക്കാനുള്ള സർക്കാരിന്റെ നിർദേശമായിരുന്നു അതു്. ഒരു ദിവസം ഒരു ചെറുപ്പക്കാരൻ പ്രതിഷേധിച്ചു. എന്താ അഞ്ചുറുപ്പികയുടെ രണ്ടു് സ്റ്റാമ്പൊട്ടിച്ചാൽ? എന്നായി അയാളുടെ ചോദ്യം. സുകുമാരൻ അയാളോടു ചോദിച്ചു: “വിവാഹം കഴിച്ചിട്ടുണ്ടോ?” “ഇല്ല” എന്നു് ഉത്തരം. “കഴിക്കുന്നുണ്ടല്ലോ. അപ്പോൾ പെണ്ണിനു് എത്ര വയസ്സുണ്ടായിരിക്കണം?” ചെറുപ്പക്കാരൻ: പതിനെട്ടു്. സുകുമാരൻ: എന്നാലേ ഒൻപതു വയസ്സുവീതമുള്ള രണ്ടു പെൺകുട്ടികളെ വിവാഹം കഴിച്ചു തന്നാൽ മതിയോ തനിക്ക്?

കാരുണ്യം നഷ്ടപ്പെടുമ്പോൾ

ഉറൂബു സരസനായിരുന്നു. എന്നോടു് അദ്ദേഹം പല നേരമ്പോക്കുകളും പറഞ്ഞിടുണ്ടു്. ഷണ്ഡനു് സുന്ദരിയായ ചെറുപ്പക്കാരിയെ കിട്ടിയാൽ എങ്ങനെ പെരുമാറും അയാൾ? ഒന്നിനും കഴിയാതെ ങ്ഹാ, ങ്ഹാ എന്നുമൂളിക്കൊണ്ടു് അവളുടെ ശിരസ്സുതൊട്ട്പാദംവരെ ഒന്നുതലോടും. അതുപോലെയാണത്രേ നമ്മുടെ ഒരു നിരൂപകൻ സാഹിത്യകൃതി കൈയിൽ കിട്ടിയാൽ പ്രവർത്തിക്കുക.

അനീതി, അസാന്മാർഗികത്വം, ഇവയുടെ പേരിൽ ധർമ്മരോഷം പ്രകടിപ്പിക്കുമ്പോഴെല്ലാം കാരുണ്യം നഷ്ടപ്പെട്ടു പോകുന്നു എന്നതു് ആരും ഓർമ്മിക്കാറില്ല. ഉദാഹരണം കാബറെ നർത്തകികൾ തന്നെ. ഈ ലോകത്തുള്ള ഒരു സ്ത്രീക്കും—വേശ്യയ്ക്കുപോലും—സ്വന്തം ശരീരം നഗ്നമാക്കിക്കാണിക്കാൻ ഇഷ്ടമില്ല. പിന്നെ ചിലർ പൊക്കിക്കാണിക്കുന്നതു് ഒരു ചാൺ വയറിനുവേണ്ടിയാണു്. അതുപോലെ വിശപ്പുള്ള വയറുകൾ വേറെ പലതും വീട്ടിൽ കാണും. രോഗമുള്ള അച്ഛനമ്മമാർ കാണും. അവർക്കു മരുന്നുവാങ്ങിക്കൊടുക്കാൻ പണമില്ലായിരിക്കും. വ്യഭിചരിക്കാൻ മടിച്ചു് അവർ കാബറേ നൃത്തമാടുന്നു. ഈ നർത്തകികളുടെ ദയനീവസ്ഥയിൽ മനമുരുകാത്തവരാണു് കാബറെ നൃത്തത്തിന്റെ വിരോധികൾ. അവരുടെ ധർമ്മരോഷം ജ്വലിച്ചുയരുമ്പോൾ ബലിയാടുകളായ നർത്തകികളുടെ കഷ്ടപ്പാടിലുണ്ടാകേണ്ട കാരുണ്യം ഉണ്ടാകുന്നതേയില്ല.

images/SigmundFreud.jpg
ഫ്രായിറ്റ്

ഭയജനകങ്ങളായ പലതും ഇവിടെ നടക്കുന്നുണ്ടു്. സ്ത്രീധനം കിട്ടാത്തതിന്റെ പേരിൽ പാവപ്പെട്ട പെണ്ണിനെ ചുട്ടുകരിക്കൽ, കണ്ണുകുത്തിപ്പൊട്ടിക്കൽ, രാഷ്ട്രീയ ലക്ഷ്യംവച്ചുകൊണ്ടുള്ള വധങ്ങൾ, വിമാനം റാഞ്ചിക്കൊണ്ടുപോകലും പിന്നീടുള്ള കൊലപാതകങ്ങളും. ഇവ ഓരോന്നും നമ്മൾ അറിയുമ്പോൾ നമുക്കു് എന്തെന്നില്ലാത്ത ദുഃഖവും രോഷവുമാണു്. എന്നാൽ താരതമ്യേന നിസ്സാരമായ കാബറേ നൃത്തത്തിനെതിരായി അതേ മട്ടിൽ ധർമ്മരോഷം ജ്വലിപ്പിച്ചുവിടുമ്പോൾ അതു് ആർജ്ജവമുള്ള (Sincerity) പ്രവർത്തനമായി ആരും കരുതുകയില്ല. ഇവിടെ കാബറേ നർത്തകികളുടെ നേർക്കു ചന്ദ്രഹാസം വീശുന്നവരെ മാനസികാപഗ്രഥന സിദ്ധാന്തത്തിലൂടെ വീക്ഷിക്കാൻ എനിക്കു കൗതുകമില്ല. ആ സിദ്ധാന്തത്തെ അവലംബിച്ചു് അവരുടെ പ്രവർത്തനങ്ങളെ വിലയിരുത്തുന്നുമില്ല. ഈ പംക്തി ജ്ഞാനശകലങ്ങൾ പകർന്നുകൊടുക്കാൻകൂടിയുള്ളതാണു്. അതുകൊണ്ടു് അതിരുകടന്ന ധർമ്മരോഷത്തെ മാനസികാപഗ്രഥനക്കാർ എങ്ങനെ വ്യാഖ്യാനിക്കുന്നു എന്നതു വ്യക്തമാക്കട്ടെ. താൻ ഏതിനെ നിന്ദിക്കുന്നുവോ അതുതന്നെ സ്വയം ചെയ്യാനുള്ള അബോധാത്മകമായ ആഗ്രഹത്തിന്റെ ഫലമാണെന്നു ഫ്രായിറ്റും കൂട്ടുകാരും പ്രസ്താവിക്കുന്നു. അങ്ങനെ മനഃസാക്ഷിയുടെ ആക്രമണവാഞ്ചയെ അയാൾ ഇളക്കിവിടുന്നു. അപ്പോഴുണ്ടാകുന്ന പിരിമുറുക്കത്തിനു അയവു വരുത്താൻവേണ്ടി സ്വന്തം ആക്രമണോത്സുകതയെ കുറ്റം ചെയ്യുന്നവനിൽ (കുറ്റം ചെയ്യുന്നവളിൽ) ആരോപിക്കുന്നു.

ഇ. വി. ശ്രീധരൻ കലാകൗമുദിയിലെഴുതിയ ‘കാരുണ്യം നഷ്ടപ്പെടുമ്പോൾ’ എന്ന നല്ല ലേഖനത്തിന്റെ അവിദഗ്ദ്ധമായ വികൃതിയായി മാത്രം എന്റെ ഈ നിരീക്ഷണങ്ങളെ കരുതിയാൽ മതി.

The lady doth protest too much, methinks (Shakespeare: Hamlet III-ii)

വാഹസഗ്രാസം

ജവഹർലാൽ നെഹ്റു വിന്റെ കഴുത്തിൽ പാമ്പാട്ടി പാമ്പിനെയെടുത്തിടുമ്പോൾ ഇന്ദിരാഗാന്ധി പേടിയോടെ നോക്കിക്കൊണ്ടു നിൽക്കുന്ന ഒരു ചിത്രം ഞാൻ കണ്ടിട്ടുണ്ടു്. തകഴി ശിവശങ്കരപിള്ള യെ ബഹുമാനിക്കാൻ ചേർന്ന ഒരു സമ്മേളനത്തിൽ ഒരാൾ പാമ്പിനെ അദ്ദേഹത്തിന്റെ കഴുത്തിൽ ചാർത്തുമ്പോൾ അദ്ദേഹത്തിന്റെ സഹധർമ്മിണി ഭയന്നു് അതു നോക്കി നിൽക്കുന്ന ചിത്രവും അടുത്തകാലത്തു കണ്ടു. തകഴി ചിരിക്കുന്നു. എനിക്കു് ഇതു അദ്ഭുതം ജനിപ്പിക്കുന്നു. പാമ്പിനെ സ്പർശിക്കാൻ വയ്യ എന്നു മാത്രമല്ല അതിനെ കാണുന്നതു പോലും എനിക്കു സഹിക്കാനാവാത്ത കൃത്യമാണു്. തിരുവനന്തപുരത്തെ മ്യൂസിയത്തിലുള്ള സ്നേക്ക്ഹൗസിൽ വർഷങ്ങൾക്കു മുൻപു് ഞാനൊന്നു കയറി. പിന്നീടു് അവിടെ പോയിട്ടില്ല. ഇനി പോകുകയുമില്ല. പെരുമ്പാമ്പു്, മൂർഖൻ, അണലി, രാജവെമ്പാല ഇവയെല്ലാം അവിടെ കണ്ടു. എലിയെ വിഴുങ്ങാൻ ശ്രമിക്കുന്ന അണലി. മുയലിനെ ഉള്ളിലാക്കാൻ യത്നിക്കുന്ന പെരുമ്പാമ്പു്. ഈ ദൃശ്യങ്ങൾ എന്നെ തളർത്തിക്കളഞ്ഞു. ഞാൻ പുറത്തേയ്ക്കു ഓടി.

വാരികകളിൽ വരുന്ന മിനി വി. ശാന്താറാംക്കഥകൾ പേരു സൂചിപ്പിക്കുന്നതു പോലെ കൊച്ചു കഥകളാണു്. പക്ഷേ, ഓരോ മിനിക്കഥയ്ക്കും പെരുമ്പാമ്പിന്റെ ഭാരമുണ്ടു്; മുന്നൂറു റാത്തൽ ഭാരം. വൈരൂപ്യം പെരുമ്പാമ്പിനുള്ളതിനേക്കാൾ കൂടുതലും. ഇതുപോലെ ഒരെണ്ണം കലൂർ ഉണ്ണികൃഷ്ണൻ മനോരമ ആഴ്ചപ്പതിപ്പിന്റെ മുപ്പത്തൊമ്പതാം പുറത്തു കിടത്തിയിരിക്കുന്നു. ഫ്രിജ്ജ് വിൽക്കാനുണ്ടെന്ന പരസ്യം കണ്ടു് ഒരുത്തൻ വിൽപ്പനക്കാരനെ ഫോണിൽ വിളിക്കുന്നു. രണ്ടു പേരുടെയും സംസാരം ശണ്ഠയോളമെത്തിയപ്പോൾ വില്പനക്കാരൻ പറഞ്ഞുപോലും: “നിങ്ങളുടെ മേൽവിലാസം തരൂ. ഞാൻ തന്നെ റെഫ്രിജിറേറ്റർ നിങ്ങളുടെ സ്ഥലത്തു കൊണ്ടുവന്നു തരാം. ഇനിയൊരിക്കലും നിങ്ങളെന്നെ ഫോണിൽ വിളിക്കുകയില്ല എന്ന വ്യവസ്ഥയിൽ”. പെരുമ്പാമ്പിനു മുയലിനെ വിഴുങ്ങണമെന്ന ഉദ്ദേശ്യമെങ്കിലുമുണ്ടു്. ഈ കഥാവാഹസഗ്രാസം ഒരുദ്ദേശ്യവുമില്ലാതെ അങ്ങു ചുരുണ്ടുകിടക്കുന്നു. അതിന്റെ വാലു് തെല്ലൊന്നുയർത്തിയിരിക്കുന്നു. മാറി നിൽക്കൂ വായനക്കാരാ. അതു താങ്കളുടെ ദേഹത്തു് തട്ടും. വാലു തട്ടിയാലും ദോഷമുണ്ടു്. (കഥാവാഹസഗ്രാസം = കഥയാകുന്ന പെരുമ്പാമ്പിന്റെ ഉരുള).

പ്രമീളാ നായർ
images/VShantaram.jpg
വി. ശാന്താറാം

ഇവിടെയെങ്ങുമല്ല, അങ്ങു ദൂരെ ഒരു പണ്ഡിതനുണ്ടു്. വൈകുന്നേരമാകുമ്പോൾ കുറേ ആരാധകർ അദ്ദേഹത്തിന്റെ ചുറ്റും കൂടണം. “അങ്ങോ, അങ്ങല്ലേ മഹാപണ്ഡിതൻ” എന്നു അവർ പറയണം. അതു കേട്ടാലേ അദ്ദേഹത്തിനു് ഉറക്കം സുഖമാവൂ. നേരേ മറിച്ചായിരുന്നു വള്ളത്തോളി ന്റെ മാനസികാവസ്ഥ. താൻ വലിയ കവിയാണെന്നു് അദ്ദേഹത്തിനറിയാമായിരുന്നു. അതുകൊണ്ടു് ആരു സ്തുതിച്ചാലും ആരു നിന്ദിച്ചാലും അദ്ദേഹം അതു കാര്യമായി എടുത്തിരുന്നില്ല. നേരത്തേ പറഞ്ഞ പണ്ഡിതന്റെ നിലയാണു് വിവാഹിതകളിൽ പലർക്കും. ദിവസം നാലു തവണയെങ്കിലും ഭർത്താവു പറയണം “എനിക്കു നിന്നെ സ്നേഹ”മാണെന്നു്. ഈ ലോകത്തു ഏതെങ്കിലും ഭർത്താവിനു് ഭാര്യയെ സ്ഥിരമായി സ്നേഹിച്ചുകൊണ്ടിരിക്കാൻ പറ്റുമോ? സാദ്ധ്യമല്ല. പിന്നെ എടുത്ത ഭാരം കൊണ്ടിറക്കണമല്ലോ എന്നു കരുതി മിണ്ടാതെ ജീവിക്കും. ആ മൗനത്തിന്റെ അർത്ഥം മനസ്സിലാക്കാൻ കഴിവില്ലാതെ “എന്നോടു് ഒട്ടും സ്നേഹമില്ല” എന്നു ഭാര്യ പരാതി പറയും. ഇതു ചെവിയിൽ വന്നു വീഴുമ്പോഴെല്ലാം അയാൾ ഓഫീസിലെ സുന്ദരിയായ, ചെറുപ്പക്കാരിയായ ടൈപ്പിസ്റ്റിനെ മനക്കണ്ണുകൊണ്ടു കാണുകയായിരിക്കും. അയാൾ കാപ്പി കുടിക്കാൻ വന്നിരിക്കുമ്പോൾ, ഉണ്ണാൻ വന്നിരിക്കുമ്പോൾ അവൾക്കു കണ്ണീർ. അതു കണ്ടാലും അയാൾക്കു് ഒരു കുലുക്കവുമില്ല. ജീവിതം കുറേയങ്ങു കടന്നു പോകുമ്പോൾ ഏതും സഹിക്കാനുള്ള കരുത്തുണ്ടാകും മനുഷ്യനു്. ഒരുകാലത്തു് ശാന്താറാമി ന്റെ ചലച്ചിത്രങ്ങൾ കണ്ടു് ആഹ്ലാദിച്ചിരുന്നു ഞാൻ. അക്കാലത്തു് എം. കെ. ത്യാഗരാജഭാഗവതരോ എസ്. ഡി. സുബ്ബുലക്ഷ്മി യോ എൻ. എസ്. കൃഷ്ണനോ റ്റി. എ. മധുര മോ അഭിനയിച്ച ഏതെങ്കിലും സിനിമ അബദ്ധത്തിൽ കാണാനിടവന്നാൽ ഞാൻ തിയറ്ററിൽ നിന്നു് പടം തീരുന്നതിനു മുൻപു് ദേഷ്യപ്പെട്ടു് ഇറങ്ങിപ്പോകുമായിരുന്നു. അതല്ല ഇന്നത്തെ സ്ഥിതി. ഏതു പൈങ്കിളി സിനിമയും അവസാനം വരെയും കണ്ടുകൊണ്ടിരിക്കാൻ എനിക്കു കഴിയും. പ്രായം നൽകുന്ന പരിപാകമാണിതിനു കാരണം.

images/Copperfieldcover.jpg

പ്രമീളാ നായർ എന്ന വ്യക്തിയെക്കുറിച്ച് ഞാനൊരക്ഷരം എതിർത്തു പറയുകയില്ല. എനിക്കു് അതിനു അധികാരമില്ല. അങ്ങനെ പറയുന്നതു തെറ്റുമാണു്. എന്നാൽ പ്രമീളാ നായരിലുള്ള കഥാകാരിയെക്കുറിച്ചു് എനിക്കു പറയാം. ആ കഥാകാരിക്കു വേണ്ടിടത്തോളം പരിപാകമില്ല. പുരുഷനെ നിന്ദിക്കാൻ അവർക്കു് (കഥാകാരിക്കു്) അവകാശമുണ്ടു്. പക്ഷേ ഉപാലംഭം അല്ലെങ്കിൽ ഭർത്സനം കലാപരമായ ആവശ്യകതയ്ക്കു് അതീതമായി വരരുതു്. ശ്രീമതി ‘ഗൃഹലക്ഷ്മി’ മാസികയിലെഴുതിയ ‘വേട്ടമൃഗം’ എന്ന ചെറുകഥ നോക്കൂ. കഥയെഴുത്തുകാരിയുടെ നിസ്സംഗത അതിലില്ല. കഥാപാത്രം വൈധവ്യത്തിന്റെ ദുഃഖം അനുഭവിക്കുന്നവൾ. മനസ്സിനിണങ്ങിയ പുരുഷനുമൊത്തു് അവൾ മദ്രാസിലേക്കു പോകുമ്പോൾ പലരും ‘തനിച്ചേയുള്ളോ’ എന്നു ചോദിച്ചു് അസഹ്യത ഉളവാക്കുന്നു. ഹോട്ടലിൽ എത്തിയപ്പോൾ കൂടെയുള്ള പുരുഷനുമായി എന്തു ബന്ധം എന്നു ഒരാൾ ചോദിക്കുന്നു. മറുപടി അസ്സലായി. “ഓ അതോ! ലോകത്തിൽ വച്ചു് ഏറ്റവും പഴക്കമുള്ളതും ഏറ്റവും മനോഹരവും സുന്ദരവുമായ ബന്ധം. ഹി ഇസ് എ മാൻ ആൻഡ് ഐ ആം എ വുമൺ… ” താൻ വേട്ടയാടപ്പെടുന്നു എന്നാണു് കഥാപാത്രത്തിന്റെ മട്ടു്. വിധവ; അവളുടെ മകൻ അമേരിക്കയിൽ കാമുകിയുമായി സല്ലപിക്കുന്നു. അങ്ങനെയുള്ള ഒരു സ്ത്രീ ലൈംഗിക വേഴ്ചയ്ക്കായി മദ്രാസിലെ ഹോട്ടലിലെത്തിയാൽ ജയന്റിന്റെ ശക്തിയുള്ള സമുദായം അതിലെ വ്യക്തികളെക്കൊണ്ടു ചോദ്യങ്ങൾ ചോദിപ്പിക്കും. കൂടെ വന്ന പുരുഷൻ ഭർത്താവാണെങ്കിൽ ചോദ്യങ്ങൾ ഉണ്ടാകുകയുമില്ല. അതിനാൽ കഥാപാത്രത്തിന്റെ മറുപടിയുടെ ശക്തിയും ഭംഗിയും നീതിമത്കരിക്കാനാവാത്ത ഭർത്സനത്തിൽ മുങ്ങിപ്പോകുന്നു. കഥ പരാജയപ്പെടുകയും ചെയ്യുന്നു.

നിർവ്വചനങ്ങൾ, നിരീക്ഷണങ്ങൾ
കള്ളം:
കള്ളം പറയുന്നവൻ ആ കള്ളത്തിൽ വിശ്വസിക്കുകയും അതിനാൽ സത്യം കണ്ടറിയാൻ കഴിയാത്തവനായിത്തീരുകയും ചെയ്യുമെന്നു് ‘കാരമാസോവ് സഹോദര’ന്മാരി ലെ ഒരു കഥാപാത്രം പറയുന്നു. ആവർത്തിച്ചു കള്ളം പറഞ്ഞാൽ അതു സത്യമായിത്തോന്നും. കഴിഞ്ഞ രണ്ടുമാസക്കാലമായി വാരികകളിൽ വരുന്ന നിരൂപണങ്ങൾ വായിച്ചാൽ ഇപ്പറഞ്ഞതിന്റെ പരമാർത്ഥം ബോധ്യപ്പെടും.
ചങ്ങമ്പുഴ:
ഈ വീട്ടുപേരില്ലായിരുന്നെങ്കിൽ കൃഷ്ണപിള്ള എന്ന കവി ഇത്രത്തോളം യശസ്സാർജ്ജിക്കുമായിരുന്നില്ല.
തൊണ്ടിപ്പഴം:
പെണ്ണുങ്ങളുടെ ചുണ്ടിനോടു കവികൾ ഉപമിക്കുന്നതിനാൽ പേരു കേട്ടതു്. നേരിട്ടു കണ്ടാൽ വെറുപ്പു തോന്നിക്കുന്ന ഒരു കായ്.
പടിഞ്ഞാറൻ ജർമ്മനി:
അടുത്ത ലോക മലയാള സമ്മേളനത്താൽ പങ്കിലമാകാൻ പോകുന്ന ഒരു രാജ്യം.
ഒലീവ് ഓയ്ൽ:
സുന്ദരികളാകാൻ കൊതിക്കുന്ന ചെറുപ്പക്കാരികൾ അറുപതു രൂപ കൊടുത്തു വാങ്ങുന്ന പുന്നയ്ക്ക എണ്ണ. അവരതു തേക്കുകയും ചൊറി വരുത്തുകയും ചെയ്യുന്നു.
കവികൾ:
അവരെ കാണാതെ കവിത ആസ്വദിച്ചു കൊള്ളണം. നേരിട്ടു കണ്ടാൽ മോഹഭംഗം ഫലം.
മോഡേൺ സ്റ്റുഡന്റ്:
ഡിക്കൻസി ന്റെ ഡേവിഡ് കോപർഫീൽഡ് വായിക്കാതെ കമ്യൂ വിന്റെ പ്ലേഗ് വായിക്കുന്നുവെന്നു ഭാവിക്കുന്നയാൾ.
തകഴിയും വിമർശകരും

തകഴി ശിവശങ്കരപ്പിള്ള എന്ന വ്യക്തിയോടു് എനിക്ക് സ്നേഹവും ബഹുമാനവുമുണ്ടു്. തികഞ്ഞ മാന്യത പുലർത്തുന്ന നല്ലയാളാണു് അദ്ദേഹം. ആത്മകഥ എഴുതുന്നതിനെക്കുറിച്ച് അദ്ദേഹം ഒരിക്കൽ എന്നോടു സംസാരിച്ചു. ഈ. വി. കൃഷ്ണപിള്ള ചെയ്തതുപോലെ എല്ലാം തുറന്നെഴുതണമെന്നു് അദ്ദേഹത്തോടു് ഞാൻ പറഞ്ഞപ്പോൾ, അതു മറ്റുള്ളവരെ വേദനിപ്പിക്കുമെന്നതുകൊണ്ടു് ഒരിക്കലും പാടില്ലാത്തതാണെന്നു് അദ്ദേഹം മറുപടി നൽകി.

തകഴി ശിവശങ്കരപ്പിള്ള എന്ന വ്യക്തിയോടു് എനിക്കു സ്നേഹവും ബഹുമാനവുമുണ്ടു്. തികഞ്ഞ മാന്യത പുലർത്തുന്ന നല്ലയാളാണു് അദ്ദേഹം. ആത്മകഥ എഴുതുന്നതിനെക്കുറിച്ച് അദ്ദേഹം ഒരിക്കൽ എന്നോടു സംസാരിച്ചു. ഈ. വി. കൃഷ്ണപിള്ള ചെയ്തതുപോലെ എല്ലാം തുറന്നെഴുതണമെന്നു് അദ്ദേഹത്തോടു ഞാൻ പറഞ്ഞപ്പോൾ അതു മറ്റുള്ളവരെ വേദനിപ്പിക്കുമെന്നതുകൊണ്ടു് ഒരിക്കലും പാടില്ലാത്തതാണെന്നു് അദ്ദേഹം മറുപടി നല്കി. ആത്മകഥ നോക്കൂ. ഒരു മനുഷ്യനെയും അദ്ദേഹം വേദനിപ്പിച്ചില്ല. വിമർശിക്കുന്നവരെ അദ്ദേഹം ചീത്ത വാക്കുകൾ പറയാറുമില്ല. സംസ്കാരസമ്പന്നനായ ഈ എഴുത്തുകാരന്റെ കൃതികളെ വിമർശിക്കാൻ എനിക്കു മടിയില്ലാതില്ല. എങ്കിലും പ്രശംസാപ്രവാഹം കുലംകുത്തിയൊഴുകുന്ന ഈ കാലത്തു് സത്യമെന്നു് എനിക്കു തോന്നുന്നതു് പറയാതിരിക്കുന്നതെങ്ങനെ?

images/Thakazhi_1.jpg
തകഴി ശിവശങ്കരപ്പിള്ള

ലോകസാഹിത്യത്തിലെ ഉത്കൃഷ്ടങ്ങളായ നോവലുകൾ വായിക്കുമ്പോൾ അനന്തത കണ്ടുള്ള കലാകാരന്റെ അത്ഭുതം നമുക്കും അനുഭവിക്കാൻ കഴിയും. രാഷ്ട്രവ്യവഹാരത്തിന്റെ നാടകം, ചരിത്രത്തിന്റെ നാടകം ഇവയൊക്കെ നമ്മെ പ്രകമ്പനം കൊള്ളിക്കും. ഇവയെല്ലാം ഉദ്ഗ്രഥിതമായ ഭാവനാശക്തികൊണ്ടു് ആവിഷ്കരിക്കുമ്പോൾ നമുക്ക് പ്രശാന്തതയുണ്ടാകും. വിശ്വസാഹിത്യത്തിലെ മാസ്റ്റർ പീസുകളോടു് താരതമ്യപ്പെടുത്തുമ്പോൾ അത്ര കേമമായിട്ടൊന്നും തോന്നാത്ത ‘ആരോഗ്യ നികേതന’മെന്ന നോവൽ പോലും ഈ അനുഭൂതി ജനിപ്പിക്കുന്നു. പക്ഷേ തകഴിയുടെ ഒരു കൃതിക്കും ഇതുളവാക്കാൻ ശക്തിയില്ല. പരിണാമത്തിന്റെ മേലേക്കിടയിൽ എത്തിയ മനുഷ്യനിൽ വിരിഞ്ഞു നിൽക്കുന്ന ചേതോഹരമായ പുഷ്പമാണു് ആധ്യാത്മികത്വം (ആധ്യാത്മികത്വമെന്ന വാക്ക് മതത്തോടു ബന്ധപ്പെടുത്തിയല്ല ഞാൻ പ്രയോഗിക്കുന്നതു്) ഈ വിശിഷ്ട പുഷ്പത്തിന്റെ പരിമളം തകഴിയുടെ ഒരു കൃതിയിൽ നിന്നും പ്രസരിക്കുന്നില്ല. ജന്മവാസനാപരവും മൃഗീയവുമായ മനുഷ്യനിൽ എന്തുണ്ടോ അതിനെ മിനിയേച്ചറിസ്റ്റിന്റെ മട്ടിൽ ചിത്രീകരിക്കാനെ അദ്ദേഹത്തിനു കഴിഞ്ഞിട്ടുള്ളൂ. ചെറിയ തോതിൽ ഏതും ചിത്രീകരിക്കുന്ന ആളാണു് മിനിയേച്ചറിസ്റ്റ്. ആ ഹ്രസ്വചിത്രങ്ങളെ ‘കയറി’ൽ സമാഹരിച്ചു വയ്ക്കുമ്പോൾ കൊച്ചു കൊച്ചു പടങ്ങൾ കാണുന്ന പ്രതീതി ജനിക്കും. ഇംഗ്ലീഷിൽ എപ്പിക് ഫീലിങ് എന്നു വിളിക്കുന്ന വികാരം ഉളവാകുകയില്ല. സമുദായത്തിന്റെ ഗ്ര്യാമ്യവും ഭൗതികവുമായ ഹ്രസ്വചിത്രങ്ങൾ അദ്ദേഹം നല്കിയിട്ടുണ്ടു്.

അങ്ങനെ കുട്ടനാട്ടുകാരനെ തൊഴിലാളിയായോ കൃഷിക്കാരനായോ അദ്ദേഹം വെട്ടിച്ചുരുക്കുന്നു. ഈ പ്രക്രിയയിൽ മനുഷ്യന്റെ സാകല്യാവസ്ഥയും സാർവലൗകികാവസ്ഥയും നഷ്ടപ്പെട്ടു പോകുന്നു. ഇക്കാര്യം തന്നെയാണു് ഡോക്ടർ പി. വി. വേലായുധൻപിള്ള വിശ്വാസജനകമായി, പ്രഗൽഭമായി പറഞ്ഞിട്ടുളതു്. “കുട്ടനാടൻ പ്രാദേശികതയുടെ വക്താവാണു് തകഴി—വിശേഷത്തിൽ നിന്നു സാമാന്യത്തിലേക്ക് അദ്ദേഹത്തിന്റെ പ്രതിഭ പറന്നുയർന്നിട്ടില്ല. കലാബദ്ധത തകഴിയെ പരിമിതവിഭവനാക്കി… കലാബോധം കഷ്ടിയാണു് തകഴിക്ക്” (ഭാഷാപോഷിണി, ഏപ്രിൽ—മേ ലക്കം, പുറം 79). പ്രതിപദം പ്രത്യക്ഷരം സത്യമാണിതു്. ഡോക്ടർ എം. എം. ബഷീറും ഇതുതന്നെ മറ്റൊരു രീതിയിൽ പറയുന്നു. “…എന്നാൽ ചരിത്രത്തിലും ഭൂമിശാസ്ത്രത്തിലും സാമൂഹ്യശാസ്ത്രത്തിലും മറ്റും താല്പര്യമില്ലാത്ത ശുദ്ധസാഹിത്യാസ്വാദകർക്കു ‘കയർ’ വേണ്ടത്ര രുചിക്കുമെന്നു് തോന്നുന്നില്ല” (ചന്ദ്രിക ആഴ്ചപ്പതിപ്പു്). ഇരുപത്തഞ്ചു കൊല്ലം കൂടി കഴിയുമ്പോൾ സാഹിത്യചരിത്രമെഴുതുന്ന ആൾ തകഴിയുടെ സേവനങ്ങളെക്കുറിച്ച് ഒന്നോ രണ്ടോ ഖണ്ഡിക എഴുതിയെന്നു വരും. പക്ഷേ ആളുകൾ അദ്ദേഹത്തെ വിസ്മരിച്ചിരിക്കും. കലയെ ജർണ്ണലിസത്തിന്റെ നിഷ്ഠുരത കൊണ്ടു് അടിച്ചമർത്തുന്നവരെ ലോകം നെഞ്ചേറ്റി ലാളിച്ചതായി നമുക്കറിവില്ല.

കമന്റ്സ്

‘ആക്റ്റീവ് ഫൂൾസ്’ എന്നും ‘ഇനാക്റ്റീവ് ഫൂൾസ്‘ എന്നും മണ്ടന്മാർ രണ്ടുവിധത്തിലാണെന്നാണു് ടോൾസ്റ്റോയിവാർ ആൻഡ് പീസി’ൽ പറഞ്ഞിട്ടുണ്ടു്. അലസമായ മണ്ടത്തരവും അനലസമായ മണ്ടത്തരവും ചെറുകഥകളിൽ കാണാം. ‘സുനന്ദ’ വാരികയിൽ വേണു ആലപ്പുഴ എഴുതിയ ‘അടിക്കല്ലുകൾ’ എന്ന കഥയിൽ അലസമായ ബുദ്ധിശൂന്യതയാണുള്ളതു്.

“കെ. പി. എ. സി.യുടെ വിഷസർപ്പത്തിനു വിളക്കുവയ്ക്കരുതു്” എന്നു ജനയുഗം വാരികയിൽ വേണാട്ടു ശിവൻകുട്ടി. കെ. പി. എ. സി.ക്കു വിഷസർപ്പമുള്ളതായി ഇന്നുവരെ നമ്മളാരും അറിഞ്ഞിട്ടില്ല. “ഗ്രാമസേവികമാർ കാട്ടിയ” എന്നതു് ഒരിക്കൽ ഒരു മാസികയിൽ അച്ചടിച്ചു വന്നപ്പോൾ ആദ്യത്തെ വരിയിൽ ‘ഗ്രാമസേവിക’ എന്നു അവസാനിച്ചു. രണ്ടാമത്തെ വരി ‘മാർ കാട്ടിയ’ എന്നതിൽ തുടങ്ങി. ഗ്രാമസേവികമാർ കാട്ടിയാൽ കാണാൻ ആളുകൾ കൂടും.

തരംഗിണി വാരികയിലെ ‘ലാത്തിയടി’ വായിച്ചു. (ഉണ്ണിമ്പൂരി എഴുതിയതു്) വെറും ലാത്തിയടിയല്ല. മുള്ളുവച്ച ലാത്തികൊണ്ടുള്ള അടിതന്നെയാണതു്. വായനക്കാർ ഇത്രയ്ക്കു പാപം ചെയ്തവരോ?

അമ്മായിയമ്മ—മരുമകൾ പോരാണു് തുളസി കോട്ടുക്കൽ ‘സഖി’ വാരികയിലെഴുതിയ ‘ഇടവഴി നഷ്ടപ്പെട്ടവൻ’ എന്ന കഥയുടെ വിഷയം. ഈ കഥാകാരന്റെ ഒരു കഥയും ഇന്നുവരെ സാഹിത്യത്തിന്റെ മണ്ഡലത്തിൽ പ്രവേശിച്ചിട്ടില്ല. ഇതും അങ്ങനെതന്നെ.

അതിരുകടന്ന ദഃഖം പ്രകടിപ്പിക്കാതെ, ‘ആദർശാത്മകത്വം’ ഒട്ടുമില്ലാതെ, നിരാശതയിൽ വീണുവെന്നു സൂചിപ്പിക്കാതെ, സ്വപ്നദർശനം നടത്താതെ സാവിത്രീ രാജീവൻ ഏകാന്തതയെ ‘ദിവസം’ എന്ന കാവ്യത്തിലൂടെ സ്ഫുടീകരിക്കുന്നു (മാതൃഭൂമി ആഴ്ചപ്പതിപ്പു്). സുന്ദരമായ കാവ്യം.

മനുഷ്യന്റെ ദൗർഭാഗ്യത്തിൽ അന്യനുണ്ടാകുന്ന കാരുണ്യം താൽകാലികമാണു്. ദിവസങ്ങൾ കഴിയുമ്പോൾ ആ ദൗർഭാഗ്യം അയാളും മറ്റുള്ളവരും അംഗീകരിച്ച വസ്തുതയായി മാറും. അച്ഛനു് ഹൃദയസ്തംഭനം വന്നേയ്ക്കുമെന്നു് മക്കൾക്കു മനസ്സിലായാൽ ആദ്യമൊക്കെ അവർക്കു സഹതാപം. രണ്ടു മാസം കഴിയട്ടെ അയാളെ വീട്ടിൽ തനിച്ചാക്കിയിട്ടു് അവർ ഊട്ടിയിലേക്കോ കന്യാകുമാരിയിലേക്കോ ഉല്ലാസയാത്രപോകും. സാഹിത്യത്തെസ്സംബന്ധിച്ചും ഇതുതന്നെയാണു് പറയാനുള്ളതു്. അതിന്റെ ജീർണ്ണത ആദ്യകാലത്തു് ക്ഷോഭജനകം. പിന്നീടു് അംഗീകരിക്കപ്പെട്ട വസ്തുത.

Colophon

Title: Sāhityavāraphalam (ml: സാഹിത്യവാരഫലം).

Author(s): M Krishnan Nair.

First publication details: Kalakaumudi Weekly; Trivandrum, Kerala; 1985-10-20.

Deafult language: ml, Malayalam.

Keywords: M Krishnan Nair, Sahityavaraphalam, Weekly Lietrary Column, സാഹിത്യവാരഫലം, എം കൃഷ്ണൻ നായർ, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: September 3, 2021.

Credits: The text of the original item is copyrighted to J Vijayamma, author’s inheritor. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-NC-SA 4​.0). Any reuse of the material should credit the Sayahna Foundation, only noncommercial uses of the work are permitted and adoptations must be shared under the same terms.

Production history: Data entry: MS Aswathi; Proofing: Abdul Gafoor; Typesetter: Anupa Ann Joseph; Digitizer: KB Sujith; Encoding: JN Jamuna.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.